ചരിത്രമായിക്കഴിഞ്ഞ
സഞ്ചിത സാമൂഹികാനുഭവങ്ങളെയോര്‍ത്ത്
ധാര്‍മ്മിക രോഷമോ ദുരന്ത
കാവ്യ നീതിയുടെ വേദനകളോ പങ്കു
വെക്കുകയും പുതിയ കാലത്തിന്റെ
ആര്‍ജ്ജവത്തെ കുറിച്ചും
ജനാധിപത്യ നൈതിക ബോധ്യങ്ങളെ
കുറിച്ചും ആവേശം കൊള്ളുകയും
ചെയ്യുക എന്നത് സുരക്ഷിത
മണ്ഡലങ്ങളിലിരുന്നു സാമൂഹ്യ
പ്രതിബദ്ധത തെളിയിക്കാനുള്ള
എളുപ്പ വഴിയാണ്. ഹിറ്റ്‌ലറും
സ്റ്റാലിനും പോള്‍പോട്ടും
ഇപ്പോഴും വിചാരണചെയ്യപ്പെടുമ്പോള്‍
എതിര്‍പ്പില്ലാതെ
അംഗീകരിക്കപ്പെടുന്നത് അത്
കൊണ്ട് തന്നെ. പുതിയ
കാലത്തോടടുക്കും തോറും നമ്മള്‍
കൂടുതല്‍ ശ്രദ്ധാലുക്കളും
ആത്മ രക്ഷയുടെ കവചങ്ങള്‍
എപ്പോഴും കരുതിവെക്കുന്നവരുമാകും.
അതുമല്ലെങ്കില്‍
ഒട്ടും സമഗ്രമല്ലാത്ത
ഏകപക്ഷീയതയോടെ 'ഞാനും
പ്രതികരിച്ചു'വെന്നു
വരുത്തിവെക്കും.
അമ്പത്തിയാറായിരത്തോളം
അമേരിക്കന്‍ മറീനുകള്‍
കൊല്ലപ്പെട്ടത് കൊണ്ടാണ്,
ഇരുപതു
ലക്ഷം വിയറ്റ്നാംകാര്‍
കൊല്ലപ്പെട്ടത് കൊണ്ടല്ല
ഹോളിവുഡിന് വിയെറ്റ്നാം ഒരു
ദുരന്തമായത്. ചരിത്രം
ക്രൂരമായ/ അസംബന്ധ
പൂര്‍ണ്ണമായ തിരിച്ചു പോക്കില്‍
വേട്ടയാടപ്പെട്ടവനെ
വേട്ടക്കാരനാക്കുന്ന ഫലസ്തീന്‍
യാഥാര്‍ത്ഥ്യത്തിന്റെ
പശ്ചാത്തലത്തിലും ആഷ്‌വിറ്റ്സ്
- ട്രെബ്ലിങ്ക
ഹാംഗ് ഓവറില്‍ നിന്ന്
വിട്ടുപോരാന്‍ സമകാലിക സിനിമ
ഇപ്പോഴും മടിച്ചു നില്‍ക്കുന്നതും
തൊട്ടടുത്തുള്ളതിനെ സത്യസന്ധമായി
തിരിച്ചറിയുന്നതിലുള്ള സ്ഥല
ജല വിഭ്രാന്തി കാരണം തന്നെ.
ഇതേ വൈരുധ്യം
കൊളോണിയലിസത്തെ കുറിച്ചുള്ള
നിലപാടുകളിലും പലപ്പോഴും
മുഴച്ചു നില്‍ക്കും.
പോയ കാലത്തിന്റെ
കൊളോണിയല്‍ ദുരയെ കുറിച്ച്
വാചാലരാവുമ്പോഴും പ്രകൃതിയോടും
താമസ്ക്കരിക്കപ്പെട്ട ജന
വിഭാഗങ്ങളോടും പഴയ കൊളോണിയല്‍
സാമ്രാജ്യത്വ യജമാനന്മാര്‍
പ്രയോഗിച്ചതോ അതിലും കൂടുതല്‍
ചൂഷണ സ്വഭാവമുള്ളതോ ആയ
നിലപാടുകള്‍ സീകരിക്കുന്നതില്‍
ഒരു പ്രയാസവും അനുഭവപ്പെടാത്തതെന്ത്
എന്ന് അധികമാരും ചോദിക്കുകയുമില്ല.
ഐറിഷ്
- സ്കോട്ടിഷ്
പൈതൃകമുള്ള തിരക്കഥാകൃത്ത്
പോള്‍ ലാവേര്‍ടി (Paul
Laverty), സാമ്രാജ്യത്വ
വിരുദ്ധ ആക്ടിവിസ്റ്റും
ചരിത്രകാരനുമായിരുന്ന
ഹോവാര്‍ഡ് സിന്‍ (Howard
Zinn 1922 – 2010) എന്നിവര്‍
ചേര്‍ന്ന്
നിര്‍മ്മിച്ച ടെലിവിഷന്‍
സീരിയലിനെ അടിസ്ഥാനമാക്കി
മാഡ്രിഡ്‌കാരിയായ സുപ്രസിദ്ധ
സംവിധായിക ഇസിയാര്‍ ബോലെയ്ന്‍
സംവിധാനം ചെയ്ത ചിത്രമാണ്
'ഈവന്‍
ദി റെയ്ന്‍' (2010). സീരിയല്‍
ഒരിക്കലും പുറത്തു
വരികയുണ്ടായില്ലെങ്കിലും
ചിത്രം ഒട്ടേറെ രാജ്യാന്തര
ബഹുമതികളോടൊപ്പം നിരൂപകരുടെയും
ചലച്ചിത്ര പ്രേമികളുടെയും
മുക്ത കണ്ഠമായ പ്രശംസയും
നേടിയെടുത്തു. രണ്ടു
കാലഘട്ടങ്ങളിലൂടെ സാമ്രാജ്യത്വ
ചൂഷണത്തിന്റെയും വംശീയ
ഉന്മൂലനത്തിന്റെയും ചെറുത്തു
നില്‍പ്പുകളുടെയും രാഷ്ട്രീയത്തെയും
ഇരകളുടെ ജീവിത പ്രതിസന്ധികളെയും
അടയാളപ്പെടുത്തുകയാണ് ചിത്രം.
1492 – ല്‍
'സ്പാനിഷ്
കോണ്‍ക്വിസ്റ്റഡോര്‍സ്
(Spanish Conquistadors)' എന്നറിയപ്പെട്ട
കൊളോണിയല്‍ അധിനിവേശക്കാര്‍
ക്രിസ്റ്റൊഫാര്‍ കൊളംബസിന്റെ
കീഴില്‍ അമേരിക്കയിലെത്തിയത്
മുതല്‍ അയാളും കൂട്ടരും
ചേര്‍ന്ന് തദ്ദേശീയരോട്
നടപ്പാക്കിയ ക്രൂരതകളുടെയും
വംശീയോന്മൂലന പ്രക്രിയകളുടെയും
ചരിത്രത്തെ കുറിച്ച് ഒരു
സിനിമയെടുക്കാന്‍ വേണ്ടി
ബൊളീവിയയിലെ കൊച്ചബാംബയിലെത്തുന്ന
ചലച്ചിത്ര പ്രവര്‍ത്തകരും
അഭിനേതാക്കളും സാങ്കേതിക
പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന
സംഘം അതേ സമയത്ത് അവിടെ നടന്നു
കൊണ്ടിരിക്കുന്ന ഒരു സാമ്രാജ്യത്വ
വിരുദ്ധ സമരത്തിന്റെ
പ്രശ്നങ്ങളുമായി കെട്ടുപിണയാന്‍
ഇടയാവുന്നതും തുടര്‍ന്നുണ്ടാവുന്ന
നൈതിക പ്രതിസന്ധികളുമാണ്
ചിത്രത്തിന്റെ രാഷ്ട്രീയ
പരിപ്രേക്ഷ്യത്തെ നിര്‍ണ്ണയിക്കുന്നത്.
അഞ്ഞൂറ്
വര്‍ഷം മുമ്പ് ക്രിസ്തുമതത്തെ
മറയാക്കി നടന്ന കൊളോണിയലിസ്റ്റ്
തേര്‍വാഴ്ച മഞ്ഞ ലോഹത്തിനും
പ്രകൃതി വിഭവങ്ങള്‍ക്കും
അടിമ വേട്ടയ്ക്കും വേണ്ടിയുള്ള
ആര്‍ത്തിക്കപ്പുറം ഒരു
സാംസ്ക്കാരികവല്‍ക്കരണ
ലക്ഷ്യവും ഉള്ളതായിരുന്നില്ല
എന്ന വസ്തുത അടിവരയിടുമ്പോള്‍
തന്നെ, മറു
വശത്ത് അതൊക്കെ തുറന്നു കാട്ടി
സിനിമയെടുക്കുന്നവരും അതേ
ചൂഷണ രീതി തന്നെയാണ് പിന്‍
തുടരുന്നത് എന്നിടത്താണ്
പരിഷ്കൃത സമൂഹവും ആദിവാസി
വിഭാഗങ്ങളും തമ്മിലുള്ള
വിനിമയത്തിലെ എക്കാലത്തെയും
ക്രൂരമായ വൈരുദ്ധ്യം
വ്യക്തമാവുന്നത്.
ലാറ്റിന്‍
അമേരിക്കയിലെ ഏറ്റവും ദരിദ്രമായ
രാജ്യമായ ബൊളീവിയ ചിത്രീകരണത്തിനായി
തെരഞ്ഞെടുക്കുന്നത് തന്നെയും
സാമ്പത്തിക താല്പര്യങ്ങള്‍
കാരണമാണ്. ചിത്രത്തില്‍
അഭിനയിക്കാനും മറ്റും ആവശ്യമായ
തദ്ദേശീയരെയും അവരുടെ
അദ്ധ്വാനവും ഏറ്റവും കുറഞ്ഞ
വേതനം കൊണ്ട് വിലക്കെടുക്കാന്‍
കഴിയുക അവിടെയാണല്ലോ.
സാങ്കേതിക
പരിജ്ഞാനവും പരിശീലനവും
ലഭിച്ചിട്ടുള്ളവരെക്കൊണ്ട്
മാത്രം ചെയ്യിക്കാന്‍ പാടുള്ള
സെറ്റ് നിര്‍മ്മാണത്തിന്റെയും
മറ്റും ഏറ്റവും അപകടകരമായ
ജോലികള്‍ പോലും തദ്ദേശീയരുടെ
അജ്ഞത മുതലെടുത്ത് സൂത്രത്തില്‍
ചെയ്യിക്കുന്നുണ്ട് നിര്‍മ്മാതാവ്.
എന്നാല്‍,
തദ്ദേശീയരില്‍
നിന്ന് അവര്‍ക്ക് വലിയ ചില
പാഠങ്ങള്‍ പഠിക്കാനുണ്ട്.
പോയ
നൂറ്റാണ്ടിനൊടുവില്‍ ബൊളീവിയയിലെ
കൊച്ചബാംബയില്‍ ഒരു യഥാര്‍ത്ഥ
സാമ്രാജ്യത്വ വിരുദ്ധ ജലയുദ്ധം
നടന്നു. ഒരു
ജലസ്രോതസ്സിനെ അമേരിക്കന്‍
കോര്‍പ്പൊറേറ്റിനു വില്‍ക്കാനുള്ള
സാമ്രാജ്യത്ത്വ വിധേയ ഭരണ
കൂടത്തിന്റെ തീരുമാനത്തിനെതിരില്‍
അന്നാട്ടുകാര്‍ നടത്തിയ രക്ത
രൂക്ഷിതമായ സമരം,
ഇച്ഛാശക്തിയുടെ
മാത്രം ബലത്തില്‍ ആ ജനത നേടിയതും
സാമ്രാജ്യത്വ താല്പര്യം
കെട്ട് കെട്ടേണ്ടി വന്നതും
ചരിത്രം. ഈ
സമരത്തിന്റെ പശ്ചാത്തലത്തിലേക്കാണ്
മെക്സിക്കന്‍ സംവിധായകന്‍
സെബാസ്റ്റ്യന്‍ (ഗെയ്ല്‍
ഗാര്‍ഷ്യ ബെര്‍നാല്‍)
, നിര്‍മ്മാതാവ്
കോസ്റ്റ (ലൂയിസ്
ടോസാര്‍) എന്നിവര്‍
തങ്ങളുടെ സംഘത്തോടൊപ്പം
ചരിത്രസിനിമയെടുക്കാന്‍
എത്തുന്നത്. എപ്പിക്
മാനങ്ങളുള്ള ചിത്രത്തിലേക്ക്
തദ്ദേശീയരായി അഭിനയിക്കാന്‍
അതേ ശരീര ഭാഷയും രൂപവുമുള്ള
ധാരാളം പേരെ ആവശ്യമുണ്ട്.
അഭിമുഖത്തിനായി
പരസ്യപ്പെടുത്തിയത് കണ്ടു
വെറും രണ്ടു ഡോളര്‍ ദിവസക്കൂലിക്ക്
സന്തോഷത്തോടെ പണിയെടുക്കാന്‍
'എക്സ്ട്രാ'കള്‍
ആയി തദ്ദേശീയര്‍ തിക്കിത്തിരക്കുന്നു.
കൊളംബസിന്റെയും
കൂട്ടരുടെയും വംശീയോന്മൂലനത്തിന്റെയും
അടിച്ചേല്‍പ്പിക്കുന്ന
അടിമപ്പണിയുടെയും വാഴ്ചക്കെതിരില്‍
കലാപമുയര്‍ത്തുന്ന തദ്ദേശീയരുടെ
നേതാവായ ഓത്തേയ് എന്ന തായിനോ
ഗോത്ര നേതാവിന്റെ റോളിലേക്ക്
ഡാനിയേല്‍ (കാര്‍ലോസ്
അദുവീരി) എന്ന
ഗോത്ര യുവാവിനെയും മറ്റൊരു
മുഖ്യ വേഷത്തിലേക്ക് അയാളുടെ
കൗമാരക്കാരിയായ മകള്‍ ബെലീനെയും
അവര്‍ കണ്ടെത്തുന്നു.
എന്നാല്‍
പിന്നീട് ഡാനിയേലിന്റെ
സ്വത്വം അയാള്‍ അവതരിപ്പിക്കേണ്ട
കഥാപാത്രത്തിന്റെ സ്വത്വവുമായി
എത്രമാത്രം പൊരുത്തപ്പെടുന്നതാണ്
എന്ന അറിവ് അവര്‍ക്ക് വലിയൊരു
തലവേദനയാവും.
അയാളവതരിപ്പിക്കുന്ന
കഥാപാത്രം കൊളോണിയലിസത്തിന്റെ
നീരാളിപ്പിടുത്തത്തിനെതിരെ
തന്റെ ജനതയുടെ സ്വാതന്ത്ര്യവും
നിലനില്‍പ്പും കാക്കാന്‍
പൊരുതിയ പോരാളിയായിരുന്നെങ്കില്‍
ഡാനിയേല്‍ സ്വയം പുതിയ
കാലത്തിന്റെ വെല്ലുവിളികളെ
അതേ ആര്‍ജ്ജവത്തോടെ ചെറുത്തു
നില്‍ക്കുന്ന പോരാളികളുടെ
ആവേശമാണ്. അഭിനേതാക്കളെ
കണ്ടെത്താന്‍ നടത്തിയ
തെരഞ്ഞെടുപ്പിനിടയില്‍
അയാളുടെ കണ്ണില്‍ സെബാസ്റ്റ്യന്‍
വായിച്ചെടുത്ത തീക്ഷ്ണത
വെറുതെയായിരുന്നില്ലെന്നര്‍ത്ഥം.
ജലസ്രോതസ്സിന്റെ
സ്വകാര്യവല്‍ക്കരണത്തിനെതിരായ
സമരത്തിന്റെ നേതാവാണിപ്പോള്‍
അയാള്‍. പോലീസുമായുണ്ടാവുന്ന
ഏറ്റുമുട്ടലില്‍ അയാള്‍ക്ക്
പരിക്കേല്‍ക്കുന്നത് ചിത്രീകരണം
തടസ്സപ്പെടുത്തുമെന്ന
ഘട്ടത്തില്‍ അയാളെ അനുനയിപ്പിക്കാനും
ചിത്രീകരണം കഴിയും വരെ
സമരത്തില്‍ നിന്ന് വിട്ടുനിര്‍ത്താനും
കോസ്റ്റാ ശ്രമിക്കുന്നു.
അതിനു
വേണ്ടി അയാള്‍ മുന്‍കൂര്‍
ആയി നല്‍കുന്ന അയ്യായിരം
ഡോളര്‍ എന്ന ഭീമമായ തുക
ഡാനിയേല്‍ സ്വീകരിക്കുന്നത്
തങ്ങളുടെ സമരത്തിന് ഊര്‍ജ്ജം
പകരാന്‍ പണം ആവശ്യമുള്ളത്
കൊണ്ടാണ്. എന്നാല്‍
അയാള്‍ സമരം തുടരുകയും മാരകമായി
മുറിവേറ്റു ജയിലിലാവുകയും
ചെയ്യുന്നു. പോലീസിനു
കൈക്കൂലി കൊടുത്ത് സ്വന്തം
ഉത്തരവാദിത്വത്തില്‍ കോസ്റ്റാ
ഡാനിയെലിനെ ചിത്രീകരണം
തീരുംവരേയ്ക്കു വിടുവിച്ചെടുക്കുന്നു.
ചിത്രീകരണം
കഴിഞ്ഞാലുടന്‍ ഡാനിയേലിനെ
അറസ്റ്റ് ചെയ്യാന്‍ സഹായിക്കാം
എന്ന വാക്ക് സെബാസ്റ്റ്യന്
സ്വീകാര്യമല്ല: “ഈ
തന്തക്ക് പിറക്കാത്തവര്‍
അയാളെ എന്തും ചെയ്തേക്കും
, കൊല്ലുക
പോലും !” എന്ന്
അയാള്‍ വേവലാതിപ്പെടുന്നു.
ചിത്രം
പൂര്‍ത്തിയാവില്ലെന്ന്
ഭയപ്പെടാന്‍ തുടങ്ങുന്ന
സെബാസ്റ്റ്യനെ കോസ്റ്റാ
സമാശ്വസിപ്പിക്കുന്നു.
അയാള്‍
പഴയൊരു മുഹൂര്‍ത്തം
ഓര്‍മ്മിക്കുകയാണ്.
ഏഴു
വര്‍ഷം മുമ്പൊരു രാത്രിയില്‍
താന്‍ ഏതോ പാര്‍ട്ടിയില്‍
ആയിരുന്ന സമയത്ത് തന്നെ
വിളിച്ച സെബാസ്റ്റ്യന്റെ
ആവേശഭരിതമായ ശബ്ദം.
അയാള്‍
മോണ്ടെസിനോ എന്ന ഡൊമിനിക്കന്‍
പാതിരി കൊളോണിയല്‍ യജമാനന്മാരോട്
ഗോത്ര വിഭാഗങ്ങളുടെ അവകാശങ്ങള്‍
ഉയര്‍ത്തിപ്പിടിച്ചു നടത്തിയ
വികാര നിര്‍ഭരമായ ഒരു
പ്രസംഗത്തിന്റെ ടെക്സ്റ്റ്
വായിച്ച ആവേശത്തിലായിരുന്നു.
അന്നാണ്
ആദ്യമായി തന്റെ പ്രൊജക്റ്റിനെ
കുറിച്ച് അയാള്‍ കോസ്റ്റായോടു
പറയുന്നത്. പിന്നീട്
നീണ്ട ഏഴു വര്‍ഷത്തെ നിരന്തര
ശ്രമങ്ങളും അദ്ധ്വാനവുമായിരുന്നു.
അതൊക്കെയും
ഇട്ടേച്ചു പോവുന്ന കീഴടങ്ങല്‍
മനസ്തിതിക്കാരനല്ല താങ്കളെന്നു
കോസ്റ്റാ അയാളെ ഓര്‍മ്മിപ്പിക്കുന്നു.
എന്തായാലും,
കലാപകാരികളെ
ഒന്നോടെ കുരിശേറ്റി ചുട്ടെരിക്കുന്ന
ക്ലൈമാക്സ് രംഗം ചിത്രീകരിച്ചു
കഴിയുന്നതോടെ ഡാനിയെലിനെ
അറസ്റ്റ് ചെയ്യാനെത്തുന്ന
പോലീസിനെ 'എക്സ്ട്രാ'കളായ
തദ്ദേശീയര്‍ വളയുകയും ഡാനിയേല്‍
രക്ഷപ്പെടുകയും ചെയ്യുന്നു.
ഈ
സന്ദര്‍ഭത്തില്‍ തന്റെ
സുരക്ഷിതത്വം പോലും അവഗണിച്ചു
ഗോത്ര യുവാക്കളെ തോക്കിന്‍
മുനയില്‍ നിന്ന് രക്ഷിക്കുന്നത്
കോസ്റ്റാ ആണ്.
തൊട്ടടുത്തദിവസം
അന്തിമ രംഗങ്ങള്‍ ചിത്രീകരിക്കാനിരിക്കെ,
ടെലിവിഷനില്‍
കൊച്ചബാംബയുടെ തെരുവുകള്‍
യുദ്ധസമാനമായ രീതിയില്‍ കലാപ
ബാധിതമാവുന്നത് കാണാനിടയാവുന്ന
ചിത്രീകരണ സംഘം ഭയചകിതരാവുകയും
തിരിച്ചു പോവാന്‍ മുറവിളി
കൂട്ടുകയും ചെയ്യുന്നു.
ഏറെ പാടുപെട്ടു
അവരെ അനുനയിപ്പിച്ചെങ്കിലും
പിറ്റേന്ന് പ്രഭാതത്തില്‍
ഡാനിയേലിന്റെ ഭാര്യ തെരേസ
കോസ്റ്റായെ തേടിയെത്തുന്നു.
ബലീന്‍
മാരകായി മുറിവേറ്റു മരണത്തോട്
മല്ലിടുകയാണ്. ആശുപത്രിയിലേക്ക്
കൊണ്ട് പോവാന്‍ കോസ്റ്റാ
അവളെ സഹായിക്കണം. കത്തുന്ന
തെരുവിലൂടെ അത് മറ്റാര്‍ക്കും
ചെയ്യാനാവില്ല. ഇതേ
സമയം നാടുവിടാന്‍ തയ്യാറാവുന്ന
ചിത്രീകരണ സംഘത്തോടൊപ്പം
അയാള്‍ക്ക് തിരിച്ചു പോവുകയും
വേണം. തന്റെ
പ്രയാസങ്ങളൊന്നും ഉള്ളെരിയുന്ന
ഒരമ്മയുടെ ചെവിയിലെത്തില്ല
എന്നുറപ്പാവു ന്നതോടെ കോസ്റ്റാ
തന്റെ ജീവിതത്തിലെ ഏറ്റവും
പ്രയാസകരവും നൈതികവുമായ
തെരഞ്ഞെ ടുപ്പ് നടത്തുന്നു:
അയാള്‍ക്ക്
ആ അമ്മയുടെ വിലാപം
കേള്‍ക്കാതിരിക്കാനാവില്ല.
സെബാസ്റ്റ്യന്‍
പോലും പിന്തിരിപ്പിക്കാന്‍
ശ്രമിക്കുന്ന ഘട്ടത്തില്‍
കോസ്റ്റാ പറയുന്നുണ്ട്,
“ആ
കുഞ്ഞിനെന്തെങ്കിലും
സംഭവിച്ചാല്‍ പിന്നീടൊരിക്കലും
എനിക്ക് സ്വയം മാപ്പ്
നല്‍കാനാവില്ല.”
കൊളോണിയലിസം
എങ്ങനെയാണ് ക്രിസ്തു മതത്തെ
നോക്കുകുത്തിയാക്കി മനുഷ്യത്വ
ഹീനമായ വംശ വെറിക്ക്
ഉപാധിയാക്കിയതെന്നു കൊളംബസ്
ദേശവാസികളോട് ചെയ്ത ക്രൂര
കൃത്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ചെറുത്തു
നില്‍പ്പിന്റെ നായകനായ
ഒത്തേയെയും കൂട്ടരെയും
ചുട്ടുകൊല്ലുന്നത് ക്രിസ്തു
മതത്തിലെ ഏറ്റവും സംശുദ്ധമെന്നു
കരുതിപ്പോരുന്ന ഒരു മിത്തിന്റെ
മലീമസമായ ഒരു പാരഡിയിലൂടെയാണ്.
ഒത്തേയോടൊപ്പം
മറ്റു പതിമൂന്നു പോരാളികളെ
കൂടി കുരിശുരൂപങ്ങളില്‍
ബന്ധിതരാക്കുന്നു.
ആത്മാവിനെയെങ്കിലും
രക്ഷിക്കാന്‍ ക്രിസ്തുവിനെ
രക്ഷകനായി സ്വീകരിച്ചു
ജ്ഞാനസ്നാനപ്പെട്ടാല്‍
സ്വര്‍ഗ്ഗലോകവും അല്ലാത്ത
പക്ഷം നരക ശിക്ഷയുമായിരിക്കും
ലഭിക്കുകയെന്ന് അവരോടു
പറയുന്നു. ഇപ്പറയുന്ന
ക്രിസ്ത്യാനികള്‍
സ്വര്‍ഗ്ഗത്തിലാണെങ്കില്‍
തങ്ങള്‍ക്കവിടെ പോവേണ്ടെന്നു
ഒത്തേയ് കാര്‍ക്കിച്ചു
തുപ്പുന്നു. എരിഞ്ഞു
മരിക്കുമ്പോള്‍ അവര്‍
അധിനിവേശക്കാരുടെ ആത്മാവിനെ
ശപിക്കുന്നു. ചുറ്റും
കൂടി നില്‍ക്കുന്ന ദേശ വാസികള്‍
ഒത്തേയുടെ പേര് ഒരാവേശം പോലെ
ഏറ്റു ചൊല്ലുന്നു.
എല്ലായിപ്പോഴും
കൊളംബസിന്റെ രീതികളോട്
എതിരിട്ടു നിന്ന മനസ്സാക്ഷിയുടെ
ശബ്ദമായ അന്റോണിയോ മോണ്ടെസിനോ
(റോള്‍
ആരെവാലോ) വനരോദനം
പോലെ അതിന്റെ ഭവിഷ്യത്ത്
ഓര്‍മ്മിപ്പിക്കാന്‍ ശ്രമിച്ചു
കൊണ്ടിരിക്കുന്നു.
അയാള്‍
'രാജ്യദ്രോഹി'യായി
മുദ്രകുത്തപ്പെട്ടു
ശിക്ഷിക്കപ്പെടുന്നു.
കൊളോണിയല്‍
തേര്‍വാഴ്ച്ചയുടെ ചരിത്രത്തിലെ
വ്യതിരിക്തമായ ശബ്ദമാണ്
മോണ്ടെസിനോ, അദ്ദേഹത്തില്‍
നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്
ഗോത്രവിഭാഗ ങ്ങളുടെ അസ്ഥിത്വത്തിനായി
നിലക്കൊണ്ട ലാ കാസാസ്
(ബര്‍ത്തലോമേ
ഡി ലാ കാസാസ് - ചിത്രത്തില്‍
കാര്‍ലോസ് സാന്റോസ് ഉജ്ജ്വലമാക്കിയ
കഥാപാത്രം) എന്നീ
രണ്ടു ഡൊമിനിക്കന്‍ പാതിരിമാരുടെത്.
1951 ഡിസംബര്‍
21-ന്
മോണ്ടെസിനോ നടത്തിയ ചരിത്ര
പ്രസിദ്ധമായ പ്രസംഗം ഒരു
ടെക്സ്റ്റ് ആയിത്തന്നെ
സെബാസ്റ്റ്യന്‍ തന്റെ സിനിമയില്‍
ഉപയോഗിക്കുന്നുണ്ട്.
സിനിമക്കുള്ളിലെ
സിനിമയെന്ന ഘടന പ്രമേയത്തെ
കാലാതിവര്‍ത്തിയായ സത്യമാക്കി
അവതരിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ട്.
കൊളോണിയല്‍
കാലഘട്ടത്തിന്റെ കഥാഭാഗം
സിനിമ ക്കുള്ളിലെ സിനിമയായി
വരുന്നത് ഒട്ടേറെ പാഠങ്ങളാണ്
പുതിയ കാലത്തെ സിനിമക്കാര്‍ക്കും
കൂട്ടര്‍ക്കും നല്‍കുന്നത്.
സ്ക്രിപ്റ്റില്‍
കടത്തിക്കൂട്ടലുകളോ തിരുത്തലുകളോ
അനുവദിക്കാത്ത 'പെര്‍ഫെക്
ഷനിസ്റ്റ്' ആയ
സെബാസ്റ്റ്യന്‍ രേഖപ്പെടുത്തപ്പെട്ട
ചരിത്രത്തെ തന്നെയാണ്
ആശ്രയിക്കുന്നത്.
കീഴടക്കിയ
പ്രദേശത്തെ ജനതയെ അടിമകളായി
കാണുന്ന കൊളംബസും കൂട്ടരും
അവരുടെ സ്വൈര്യ ജീവിതത്തിനു
നിശ്ചയിക്കുന്ന കപ്പം പതിനാലിന്
മേല്‍ പ്രായമുള്ള ഓരോ ഗോത്രവാസിയും
ഒരു ചെപ്പ് നിറയെ സ്വര്‍ണ്ണത്തരികള്‍
നദിയില്‍ നിന്ന് അരിച്ചെടുത്ത്
നല്‍കണം എന്നതാണ്.
അതിനു
കഴിയാത്തവരോ വിസമ്മതിക്കുന്നവരോ
വലിയ വില നല്‍കേണ്ടി വരും:
വെട്ടിമാറ്റുന്ന
കൈകള്‍, അടിമത്തം
അഥവാ ജീവന്‍ തന്നെയും.
അടിമക
ളാക്കി പിടിക്കുന്നവരെ
ഒളിപ്പോരിനു നേതൃത്വം കൊടുത്ത്
മോചിപ്പിക്കുന്ന ഒത്തേയേയും
കൂട്ടരേയും വെട്ടനായ്ക്കള്‍
പിന്തുടരുന്നു. ഓടി
രക്ഷപ്പെടാനാവാത്ത വൃദ്ധയുടെ
നേരെ ചാടിയടുക്കുന്ന വേട്ടനായുടെ
രംഗത്തില്‍ നിന്ന് ക്യാമറ
നേരെ കട്ട് ചെയ്യുന്നത്
സ്ക്രിപ്റ്റില്‍ ആ ഭാഗം
വായിച്ചു സ്വയം നടുങ്ങി
ഞെട്ടിത്തെറിക്കുന്ന
സംവിധായകന്റെ നിറഞ്ഞ
കണ്ണുകളിലേക്കാണ്.
തുടര്‍ന്നുള്ള
രംഗം ചിത്രീകരിക്കുന്നതിനിടെ,
വെള്ളക്കാര്‍
തങ്ങളെ കൊന്നൊടുക്കുന്നത്
ഭയന്ന് ഓടിപ്പോകവേ
പിടിക്കപ്പെടുമെന്നും അങ്ങനെ
സംഭവിച്ചാല്‍ തങ്ങളുടെ
കുഞ്ഞുങ്ങളെ വേട്ടനായ്ക്കള്‍ക്കുള്ള
ഭക്ഷണമാക്കുമെന്നും തിരിച്ചറിയുന്ന
ഘട്ടത്തില്‍ സ്വന്തം കുഞ്ഞുങ്ങളെ
പുഴയില്‍ മുക്കിക്കൊല്ലുന്ന
അമ്മമാരുടെ അവസ്ഥ ചിത്രീകരിക്കാന്‍
ശ്രമിക്കവേ, ഗോത്ര
വിഭാഗക്കാരികളായ അഭിനേത്രികള്‍
അതിനു വിസമ്മതിക്കുന്നു.
കരയുന്ന
കുഞ്ഞുങ്ങള്‍ക്ക് പകരം
പാവകളെയാണ് മുക്കുക എന്നതൊന്നും
അവര്‍ക്ക് പ്രശ്നമല്ല.
അവര്‍ക്ക്
ആ ആശയത്തെ തന്നെ അംഗീകരിക്കാനാവില്ല.
അത്
ചരിത്രത്തില്‍ സംഭവിച്ചതാണെന്നും
താന്‍ കെട്ടിക്കൂട്ടി
ഉണ്ടാക്കിയതല്ലെന്നും ആ രംഗം
കൂടാതെ സിനിമ മുന്നോട്ടു
പോവില്ല എന്നും പറയുന്ന
സെബാസ്റ്റ്യനോട് 'സിനിമയേക്കാള്‍
പ്രധാനമായ കാര്യങ്ങളുണ്ട്
!' എന്ന്
ഡാനിയേല്‍ ഓര്‍മ്മിപ്പിക്കുന്നു.
സ്വാര്‍ത്ഥനും
കൗശലക്കാരനുമായ നിര്‍മ്മാതാവില്‍
നിന്ന് ഗോത്രവിഭാഗക്കാരുടെ
ദൈന്യം തൊട്ടറിഞ്ഞ് ദുരിതങ്ങളിലും
അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന
ചങ്കൂറ്റത്തെയും അഭിമാന
ബോധത്തെയും ഹൃദയപൂര്‍വ്വം
സ്വീകരിച്ച് അവരോടു ഐക്യപ്പെടുന്ന
നീതി ബോധമുള്ള മനുഷ്യ
ഭാവങ്ങളിലേക്ക് വികസിക്കുന്ന
കോസ്റ്റാ തന്നെയാണ് പ്രമേയത്തിന്റെ
കാതലായ മാനവിക മൂല്യങ്ങളുടെ
കണ്ണാടിയാവുന്നത്.
ഒട്ടുമുക്കാലും
സംഘാംഗങ്ങളും വംശീയച്ചുവയുള്ള
പ്രയോഗങ്ങളിലൂടെ ഗോത്ര
വിഭാഗക്കാരെ അപമാനിക്കുന്ന
തരം സംഭാഷണങ്ങളില്‍
ഏര്‍പ്പെടുന്നുണ്ടെങ്കിലും
കോസ്റ്റാ അതില്‍ നിന്നും
ക്രമേണ മുക്തനാവുകയും തന്റെ
മനുഷ്യത്വം മാനവികതയുടെ
പാഠമാക്കി മാറ്റുകയും
ചെയ്യുന്നുണ്ട്. ആ
അര്‍ത്ഥത്തില്‍ വികാസം
പ്രാപിക്കുന്ന പാത്രസൃഷ്ടിയും
അയാളുടേത് തന്നെ.
കൊളംബസിന്റെയും
കൂട്ടരുടെയും തദ്ദേശീയരോടുള്ള
നിലപാടിന്റെ ഗുണപരമായി
മാറ്റമില്ലാത്ത നിലപാട്
തന്നെയാണ് ചിത്രീകരണത്തിലെ
ആദ്യ ഘട്ടങ്ങളില്‍ നിര്‍മ്മാതാവായ
അയാളും തുടരുന്നത്.
ഭീമാകാരമായ
കുരിശ് സെറ്റിലെത്തിക്കുന്നത്
ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ്.
എന്നാല്‍
അത് നാട്ടാന്‍ വിദഗ്ധരെ
ഉപയോഗിക്കുന്നതിന് പകരം
അഞ്ജരായ ഗോത്ര വിഭാഗക്കാരെ
ഉപയോഗിക്കുന്നത് സംവിധായകന്‍
സെബാസ്റ്റ്യനെ പോലും
നടുക്കിക്കളയുന്നുണ്ട്.
ഒരു ഘട്ടത്തില്‍
ഒരു കൂട്ട ദുരന്തം തല നാരിഴക്കാണ്
ഒഴിവായിപ്പോ
വുന്നതും.
ഇക്കാര്യത്തെക്കുറിച്ച്
നടുക്കത്തോടെ പ്രതിഷേധിക്കുന്ന
സെബാസ്റ്റ്യനെ താന്‍ ലാഭിച്ച
പണത്തെക്കുറിച്ച് പറഞ്ഞാണ്
കോസ്റ്റാ നിശ്ശബ്ദനാക്കുന്നത്.
താന്‍ വന്നത്
ഏറ്റവും കുറഞ്ഞ ചെലവില്‍
സിനിമ പിടിച്ചു ലാഭിക്കാന്‍
മാത്രമാണെന്ന നിലപാടാണ്
അയാള്‍ക്കുള്ളത്. അതു
കൊണ്ടാണ്, കൊച്ചബാംബ
കലാപം തെരുവില്‍ യുദ്ധസമാനമായ
അന്തരീക്ഷം സൃഷ്ടിക്കുമ്പോള്‍
അത് ചരിത്രമാകുവാന്‍ പോകുകയാണെന്ന്
തിരിച്ചറിഞ്ഞ് അതേ കുറിച്ച്
ഇപ്പോള്‍ ഒരു ഡോക്കുമെന്ററി
ചെയ്യാം അന്ന് അഭ്യര്‍ത്ഥിക്കുന്ന
സംഘാംഗമായ യുവതിയോട് അയാള്‍
ക്രുദ്ധനാവുന്നത്.
താന്‍ ഒരു
നശിച്ച എന്‍. ജി.
ഒ. അല്ല
എന്നാണയാളുടെ പ്രതികരണം.
മറ്റൊരു
ഘട്ടത്തില്‍ താന്‍ എങ്ങനെയാണ്
ഗോത്രവര്‍ഗ്ഗക്കാരെ സമര്‍ത്ഥമായി
പറ്റിക്കുന്നതെന്ന് ഇംഗ്ലീഷില്‍
ഫോണില്‍ പറഞ്ഞു ചിരിക്കുന്ന
കോസ്റ്റായോട് കുറെ കാലം
സ്റ്റേറ്റ്സില്‍ നിര്‍മ്മാണ
ത്തൊഴിലാളിയായിരുന്ന,
ആ ഭാഷ നന്നായി
കൈകാര്യം ചെയ്യാനറിയാവുന്ന
ഡാനിയേല്‍ മുഖത്തടിച്ചു
മറുപടി പറയുന്നുണ്ട്.
അയാള്‍
സെറ്റില്‍ നിന്ന് മകള്‍
ബെലീനെയും കൂട്ടി ഇറങ്ങിപ്പോവുന്നു:
'എനിക്കറിയാം
ഈ കഥ !' എന്ന്
അയാള്‍ പറയുന്നത്,
കാലാകാലങ്ങളില്‍
തങ്ങളുടെ ജനതയെ എങ്ങിനെയാണ്
അധിനിവേശക്കാര്‍ അപമാനവീകരിച്ചത്
എന്ന സത്യം ഒരു പുതുയുമില്ലാത്ത
ആവര്‍ത്തനം തന്നെയാണ് എന്ന
അര്‍ത്ഥത്തില്‍ തന്നെയാണ്.
അത് വല്ലാത്തൊരു
തിരിച്ചറിവാണ് കോസ്റ്റാക്ക്
നല്‍കുന്നത്. ആ
നിമിഷം മുതല്‍ അയാള്‍ക്കുള്ളില്‍
സംഭവിച്ചു തുടങ്ങുന്ന
മാറ്റങ്ങളാണ് ഒടുവില്‍ ഏറ്റവും
വലിയ ആ നൈതികമായ തെരഞ്ഞെടുപ്പ്
(moral choice) നടത്താന്‍
കോസ്റ്റായെ പ്രാപ്തനാക്കുന്നത്.
ഗോത്ര ജനതയെ
അങ്ങനെ കേവലമായി എടുക്കേണ്ടതല്ല
എന്ന പാഠം അയാള്‍ പഠിച്ചു
തുടങ്ങുകയാണ്. അയാള്‍
ഡാനിയേലിനോട് പിന്നീട്
അക്കാര്യത്തില്‍ മാപ്പ്
ചോദിക്കുന്നുമുണ്ട്.
പുതിയ
കാലം അധിനിവേശ ചൂഷണത്തെ
ന്യായീകരിക്കാന്‍ പുതിയ
വേദാന്തങ്ങള്‍ ഉപയോഗിക്കുന്നതെങ്ങനെയെന്ന്
വ്യക്തമാക്കുന്ന രംഗമാണ്,
കോര്‍പ്പറേറ്റ്
തലവന്‍ ചലച്ചിത്ര സംഘത്തിന്
നല്‍കുന്ന വിരുന്ന്‍.
സമര
മുഖത്തെത്തുന്ന ദേശ വാസികള്‍ക്കെതിരെ
എല്ലാ കാലത്തും എല്ലാ ഭരണ/
അധികാര
സ്വരൂപങ്ങളും ഉന്നയിക്കുന്ന
ആക്രോശങ്ങള്‍ തന്നെയാണ്
മാന്യവും പതിഞ്ഞ ശബ്ദത്തിലുള്ളതുമായ
അയാളുടെ വാക്കുകള്‍ ഒക്കെയും.
ഇത്രയും
ദരിദ്രരായ ഒരു ജനതയ്ക്ക്
എങ്ങനെയാണ് മുന്നൂറിരട്ടി
വില ജലത്തിനു നല്‍കാനാവുക
എന്ന ചോദ്യത്തെ, വസ്തുതകള്‍
മനസ്സിലാക്കാത്തവരുടെ
കാല്‍പ്പനിക പ്രതികരണമായി
അയാള്‍ ചിരിച്ചു തള്ളുന്നു.
'അവര്‍ ആഗോള
വല്‍ക്കരണത്തിന്റെ നേട്ടങ്ങളൊക്കെയും
ആഗ്രഹിക്കുന്നു, ഒന്നും
അതിനായി നല്‍കാന്‍ തയ്യാറല്ല.'
'ഇളവുകള്‍
നല്‍കാന്‍ തുടങ്ങിയാല്‍
അതിനൊരവസാനമുണ്ടാവില്ല'.
'നിങ്ങള്‍
അവരുടെ ദുരിതങ്ങള്‍ തീര്‍ക്കാന്‍
വേണ്ടിയാണല്ലോ അവര്‍ക്ക്
ദിവസത്തിനു രണ്ടു ഡോളര്‍
വീതം 'എക്സ്ട്രാ'
പണം
നല്‍കുന്നതെ'ന്ന്
കളിയാക്കുന്നുമുണ്ട് അയാള്‍.
അത് ഞങ്ങള്‍
വളരെ കുറഞ്ഞ ബജറ്റ് ഉള്ളവരായത്
കൊണ്ടാണെന്ന് വിക്കുന്ന
സെബാസ്റ്റ്യനോട് ഞങ്ങളും
'ടൈറ്റാണ്'
എന്ന്
കൊര്‍പ്പോറേറ്റ് തലവന്റെ
മറുപടി. 'അവര്‍
നമ്മുടെ മഴക്കും വിലയിട്ടുതുടങ്ങുന്നു;
ഇനിയവര്‍
നമ്മുടെ വായുവിനും വിലയിടും'
എന്ന
ഡാനിയേലിന്റെ നിരീക്ഷണം എത്ര
ശരിയാ ണെന്ന് കോര്‍പ്പറേറ്റ്
തലവന്‍ പ്രകടിപ്പിക്കുന്ന
ധാര്‍ഷ്ട്യം അടിവരയിടുന്നുണ്ട്.
ഡാനിയേലിന്റെ
ആ വാക്കുകള്‍ സിയാറ്റില്‍
മൂപ്പന്റെ പ്രസിദ്ധമായ
വാക്കുകളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്:
എങ്ങിനെയാണ്
ഭൂമിയെ വില്‍ക്കുക?
വെള്ളത്തെ?
വായുവിനെ?
സൂര്യ
പ്രകാശത്തെ? നൈസര്‍ഗ്ഗികമായ
ഈ 'പ്രാകൃത'വിവേകം
തന്നെയാണല്ലോ കൊളംബസിനെയും
കൂട്ടരെയും ഒരു ഘട്ടത്തില്‍
സംശയാലുക്കള്‍ ആക്കിയതും.
'അവര്‍
എന്തെങ്കിലും സ്വന്തമായി
സ്വകാര്യ സ്വത്താക്കിയിട്ടുണ്ടാവാന്‍
ഇടയില്ല' എന്നതാണ്
ഒളിച്ചു വെച്ച സ്വര്‍ണ്ണം
തേടിയിറങ്ങുമ്പോള്‍
അധിനിവേശത്തിന്റെ ആര്‍ത്തിയെ
അലട്ടുന്നത്. അവര്‍
എല്ലാം നല്‍കുന്നവരാണ്,
ഒരു ചെറു
സ്നേഹത്തിന്, നന്ദിക്ക്
ഒക്കെ പകരമായി കയ്യിലുള്ളതെന്തും
നല്‍കുന്നവര്‍, ഒന്നും
സ്വകാര്യമായി പൂഴ്ത്തിവെക്കാനിടയില്ലാത്തവര്‍.
അവരെ
കീഴ്പ്പെടുത്തുക എളുപ്പമാണെന്നും
അങ്ങനെ തന്നെയാണ് അവര്‍
കണ്ടെത്തുന്നതും. 'അമ്പത്
പേര്‍ക്ക് ഒരു ഗോത്രത്തെ
കീഴടക്കാനാവും' എന്ന്
പോലും അവര്‍ കണക്ക് കൂട്ടുന്നുണ്ട്.
ചിത്രാന്ത്യത്തില്‍,
ചരിത്രം
നിരന്തരം ആവര്‍ത്തിക്കുന്ന
അധിനിവേശ ചൂഷണത്തിന്റെ
ഇരകള്‍ക്ക് പരിഷ്കൃത സമൂഹത്തിനു
നല്‍കാനുള്ള ഏറ്റവും വിലപിടിച്ച
പാഠമാണ് വ്യക്തമാവുന്നത്.
ബെലീനെ
രക്ഷപ്പെടുത്തിയത്തിനു
പിറ്റേന്ന് പ്രഭാതത്തില്‍
ഒളിവില്‍ കഴിയുന്ന ഡാനിയേല്‍,
അയാളെ
പലയിടത്തും തെരഞ്ഞു നിരാശനായി
എല്ലാവരും ഉപേക്ഷിച്ചു പോയ
സെറ്റില്‍ ഏകനായി നില്‍ക്കുന്ന
കോസ്റ്റായെ തേടി വരുന്നതോടെയാണ്
അത് സംഭവിക്കുന്നത്.
വാക്കുകളിലൂടെ
അയാള്‍ക്ക് തന്റെ കുഞ്ഞു
മകളെ രക്ഷിച്ചതിനുള്ള നന്ദി
കോസ്റ്റായോട് പ്രകടിപ്പിക്കാനാവില്ല.
അയാള്‍
മറ്റൊരു നിധി കൊണ്ടുവന്നിട്ടുണ്ട്
പ്രതിഫലമായി. അതയാള്‍
ഊഷ്മളമായ ഒരാലിംഗനത്തോടൊപ്പം
കോസ്റ്റായ്ക്ക് കൈമാറുന്നു.
ഇനി നിങ്ങളെന്തു
ചെയ്യാന്‍ പോകുന്നു എന്ന
ചോദ്യത്തിന് ഡാനിയേല്‍ ഇങ്ങനെ
മറുപടി പറയുന്നു:
"അതിജീവിക്കാന്‍
പോവുന്നു. ഞങ്ങളെന്നും
ചെയ്യുന്നത് അതാണല്ലോ !”
. ജല യുദ്ധം
ജയിച്ചതിനെ കുറിച്ചും
അയാള്‍ക്ക് അമിതാവേശമില്ല.
“അതെ,
എപ്പോഴും
അതിനു കനത്ത വില നല്‍കേണ്ടി
വരുന്നു. മറ്റൊരു
വഴിയുണ്ടായിരുന്നെങ്കില്‍
എന്ന് ഞാന്‍ ആശിക്കുന്നു.
പക്ഷെ,
ഇല്ല !”
ജീവിതത്തിലിനിയും
കാത്തിരിക്കുന്ന സമരമുഖങ്ങളെ
കുറിച്ച് ശുഭാപ്തി പ്രകടിപ്പിച്ചു
കൊണ്ട് അയാള്‍ യാത്ര ചോദിക്കുന്നു.
സാധാരണ
ജീവിതത്തിലേക്ക് സാവധാനം
തിരിച്ചു വന്നു കൊണ്ടിരിക്കുന്ന
തെരുവുകളിലൂടെ തനിച്ചു
നാട്ടിലേക്ക് തിരിച്ചു പോകവേ,
ഡാനിയേല്‍
നല്‍കിയ സമ്മാനം തുറന്നു
നോക്കുന്ന കോസ്റ്റാ മുമ്പൊരിക്കല്‍,
ജലയുദ്ധം
കൊടുമ്പിരിക്കൊള്ളുന്ന
ഘട്ടത്തില്‍ ഡാനിയേല്‍ പറഞ്ഞ
വാക്കുകള്‍ ഓര്‍മ്മിക്കുന്നുണ്ടാവും:
"ജലം
ജീവനാണ്., നിങ്ങള്‍ക്കതറിയില്ല
!”. 'യാക്കു'
എന്ന
ഗോത്രഭാഷാപദം ജലത്തെ
സൂചിപ്പിക്കുന്നു. ഒരു
ചെറുകുപ്പിയില്‍ ഡാനിയേല്‍
കോസ്റ്റാക്കായി കരുതി വെച്ചതും
മറ്റൊന്നല്ല. പൊരുതിനേടിയ
ജലത്തില്‍ നിന്നൊരു തുടം:
യാക്കു.
നമ്മുടെ
കാല ഘട്ടം കണ്ട ഏറ്റവും
ആര്‍ജ്ജവമുള്ള ഒരു സാമ്രാജ്യത്വ
വിരുദ്ധ സാമൂഹ്യ പ്രവര്‍ത്തകനും
ചരിത്രകാരനുമായിരുന്നു
ബോസ്റ്റണ്‍ യൂനിവേഴ്സിറ്റി
അധ്യാപകനായിരുന്ന പ്രൊഫ.
ഹോവാര്‍ഡ്
സിന്‍. ആ
മഹാ പുരുഷന് സമര്‍പ്പിച്ച
ചിത്രത്തിന് ചരിത്രത്തിന്റെ
ക്രൂരമായ ആവര്‍ത്തന പര്‍വ്വങ്ങളെ
കുറിച്ച് ഉത്കണ്ഠപ്പെടാതിരിക്കാനോ
ചെറുത്തുനില്‍പ്പുകളുടെ
കനല്‍ വഴികളെ ഹൃദയപൂര്‍വ്വം
സ്വീകരിക്കാതിരിക്കാനോ
കഴിയില്ല. ചലച്ചിത്രം
എന്ന നിലക്കാവട്ടെ,
ചിത്രീകരണത്തിലും
ശബ്ദ വിന്യാസമുള്‍പ്പടെ ഇതര
മേഖലകളിലും സംവിധായിക യും
അവരുടെ മനസ്സറിഞ്ഞു പ്രവര്‍ത്തിച്ച
അലെക്സ് കാറ്റലാന്‍ (ക്യാമറ),
ആല്‍ബര്‍ട്ടോ
ഇഗ്ലേസിയാസ് (സംഗീതം)
തുടങ്ങിയവരും
നല്‍കിയ സംഭാവനയും ചെറുതല്ല.
രണ്ടു
കാലഘട്ടങ്ങളെ സിനിമക്കുള്ളിലെ
സിനിമയും പുറം ലോകവും എന്ന
മട്ടില്‍ കണ്ണി ചേര്‍ക്കുന്നതും
അതീവ സൂക്ഷ്മതയോടെയാണ്.
രണ്ടായിരാമാണ്ടിലെ
കൊച്ചബാംബ ജലയുദ്ധം
കൊടുമ്പിരിക്കൊണ്ട സമയത്തെ
യുദ്ധസമാനമായ തെരുവുകളുടെ
യഥാര്‍ത്ഥ ഫൂട്ടെജുകള്‍
ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നതും
അതിനു ശക്തി പകരുന്നു.
(മലയാളം വാരിക 2015 ഏപ്രില്‍ 3)