Featured Post

Wednesday, March 22, 2017

Russian Christu by Venu V. Desom (Malayalam Novel)

ആത്മാവിന്റ ആഴങ്ങളും ദുരന്തങ്ങളിലെ മോക്ഷവും




പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യ ദശകങ്ങളില്‍ അലക്സാണ്ടര്‍പുഷ്കിനില്‍ ശക്തി പ്രാപിച്ചു ലെര്‍മണ്ടോവ്, ഗോഗോള്‍ തുടങ്ങി കുറെയേറെ മികച്ച എഴുത്തുകാരിലൂടെ വളര്‍ന്നു പന്തലിച്ച റഷ്യന്‍ ദേശീയ ഭാഷാ സാഹിതി ടര്‍ജിനെവ്, ടോള്‍സ്റ്റോയ്, ദസ്തയവ്സ്കി എന്നീ ത്രിമൂര്‍ത്തികളിലൂടെ ലോക സാഹിത്യത്തിന്റെ നെറുകയിലെത്തിയതിലൂടെയാണ് റഷ്യന്‍ ഗദ്യസാഹിത്യത്തിന്റെ അപ്രമാദിത്തം സ്ഥാപിതമായത്. 1856 -നും 1880 -നും ഇടക്കുള്ള കാല്‍നൂറ്റാണ്ടിനിടെ ലോക സാഹിത്യത്തിലെ ഏറ്റവും മികച്ച ഒരു ഡസനോളം നോവലുകളാണ് ഈ മൂന്നു മഹാരഥന്മാരുടെതായി പുറത്തുവന്നത്. കോണ്‍സ്റ്റന്‍സ് ഗാര്‍നെറ്റ് എന്ന മഹാനായ പരിഭാഷകനിലൂടെ ഇംഗ്ലീഷ് ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടതോടെ അവ ലോകഭാഷകളിലേക്കും എത്തിച്ചേര്‍ന്നു. 'ബ്രദേഴ്സ് കരമസോവ്' ആ ധാരയില്‍ ഒടുവിലത്തേതും ഒരുപക്ഷെ ഏറ്റവും മഹത്തരവുമായതായിരുന്നു എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യ കുലത്തോടുള്ള അഗാധ സ്നേഹവും ദുരിതമനുഭവിക്കുന്നവരോടുള്ള സഹജ ഭാവവും മൂവരിലും പ്രകടമായ അന്തര്‍ദ്ധാരകളായിരിക്കുമ്പോഴും മൂവരിലും ശക്തമായ വ്യത്യാസങ്ങളും പ്രമേയപരമായ ഉത്കണ്ഠകളും പ്രകടമാണ്. ടോള്‍സ്റ്റോയിയുടെയോ ദസ്തയവ്സ്കിയുടെയോ വിശ്വാസ വഴികളില്‍ ഒരിക്കലും താല്‍പര്യം കാണിച്ചിട്ടില്ലാത്ത ടര്‍ജിനെവ് പരിഷ്കരണ വാദത്തിന്റെ നിഹിലിസ്റ്റിക് ധാരകളെയാണ് പിന്തുടര്‍ന്നത്‌. ടോള്‍സ്റ്റോയ് ഹോമറിന്റെ പാതയില്‍ കുടുംബകഥകളും സാമൂഹികകഥകളും ചരിത്രപരതയോടെ ബ്രഹദാഖ്യാനം ചെയ്യുകയും ഗിരിപ്രഭാഷണത്തിന്റെ ഉത്ബോധനങ്ങളില്‍ തന്റെ വിശ്വാസപരവും റാഡിക്കല്‍ സോഷ്യലിസ്റ്റ് - പാസിഫിസ്റ്റ് ആദര്‍ശ ബദ്ധവുമായ നിലപാടുറപ്പിക്കുകയും ചെയ്യുമ്പോള്‍ ദസ്തയവ്സ്കി വിശാലതയെക്കാളെറെ ആഴങ്ങള്‍ തേടുന്ന സോഫോക്ലിയന്‍ - ഷേക്സ്പിയറിയന്‍ ദുരന്ത - പീഡനാത്മക വഴികളിലാണ് തന്റെ സര്‍ഗ്ഗസപര്യ നകൂരമിടുന്നത് എന്ന് സാമാന്യമായി പറയാം. എക്കാലത്തെയും ഏറ്റവും മികച്ച നോവലിസ്റ്റുകളില്‍ ഒരാള്‍ എന്നു മാത്രമല്ല, മനുഷ്യന്റെ മാനസിക വ്യവഹാര സങ്കീര്‍ണ്ണതളെ ഏറ്റവും തീവ്രമായും വിട്ടുവീഴ്ച്ചയില്ലാതെയും അനാവരണം നടത്തിയ പ്രതിഭ എന്ന നിലയിലും ഒരു പ്രവാചകത്വപദവിയുണ്ട് ദസ്തയവിസ്കിക്ക്. ശരാശരി മാനുഷിക വിനിമയങ്ങളിളല്ല, മറിച്ച് രോഗാതുരവും പീഡാനുഭവ ബദ്ധവുമായ അതി-സാധാരണത്വത്തിലാണ് (abnormality) അദ്ദേഹം താല്പര്യമെടുക്കുന്നത്. ചാള്‍സ് ഡിക്കന്‍സ്  അവസാനിപ്പിക്കുന്നിടത്താണ് ദസ്തയവ്സ്കി തുടങ്ങുന്നത് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.  അനാഥത്വത്തിന്റെയും ക്രൂരരായ മേല്‍നോട്ടക്കാരുടെ ദണ്ഡമുറകളുടെയും ശൈശവങ്ങളെ വേണ്ടുവോളം അടയാളപ്പെടുത്തുന്ന ഡിക്കന്‍സ്, ഒടുവില്‍ എല്ലാം കലങ്ങിത്തെളിയുന്ന ഒരു  'ശേഷകാലം സുഖമായി'യില്‍ കഥയവസാനിപ്പിച്ചു നിര്‍വൃതികൊള്ളുന്നുവെങ്കില്‍ ദസ്തയവ്സ്കിക്ക് അത്തരം കനം കുറഞ്ഞ ശുഭാന്ത്യങ്ങളില്‍ താല്‍പര്യമേയില്ല.

 

ശ്രീ വേണു വി. ദേശം രചിച്ച 'റഷ്യന്‍ ക്രിസ്തു' എന്ന നോവല്‍ ദസ്തയവ്സ്കിയുടെ ജീവിതത്തെയാണ് പ്രമേയമാക്കുന്നത്. മനുഷ്യ മനസ്സിന്റെ നിഗൂഡമായ ആഴങ്ങള്‍ ഗഹനമായും പ്രൌഡമായും അപഗ്രഥിക്കുന്ന ദസ്തയവ്കിയന്‍ രീതി മുഗ്ദരാക്കിയ എഴുത്തുകാരുടെയും ചിന്തകരുടെയും ദാര്‍ശനികരുടെയും നിര എണ്ണമറ്റതാണ്. മനോവിജ്ഞാനീയത്തിന്റെ പിതാവെന്നു കണക്കാക്കുന്ന ഫ്രോയ്ഡ് താന്‍ ദസ്തയവ്സ്കിയില്‍ നിന്ന് ഏറെ പഠിച്ചിട്ടുണ്ട് എന്ന് തുറന്നു പറഞ്ഞിട്ടുണ്ടല്ലോ. ദസ്തയവ്സ്കിയുടെ രചനകളിലെ കഥാഭാഗങ്ങള്‍ താരതമ്യേന ലളിതമായി ചുരുക്കിപ്പറയാനാവുന്നവ തന്നെയാണ്. സങ്കീര്‍ണ്ണതകള്‍ മുഴുവനും ആ അപഗ്രഥനങ്ങളിലാണ് കുടികൊള്ളുന്നത്. അത്രയും ആഴത്തിലുള്ള സങ്കീര്‍ണ്ണതകള്‍ പേറാന്‍ കഴിവുള്ളവരാണോ സമൂഹത്തില്‍ നിന്ദിതരും പീഡിതരുമായി കഴിയുന്ന നിസ്വരായ ആ കഥാപാത്രങ്ങളില്‍ പലരും എന്നൊരു വിമര്‍ശനക്കണ്ണ് അസ്ഥാനത്തല്ല. അതുകൊണ്ട് കൂടിയാവാം ദസ്തയവ്സ്കി വായനക്കാരുടെത് എന്നത് പോലെത്തന്നെയോ ഒരു പക്ഷെ അതില്‍ക്കൂടുതലോ ഒരു  'എഴുത്തുകാരുടെ എഴുത്തുകാരന്‍' ആയി പരിഗണിക്കപ്പെടുന്നതും. പൊള്ളിക്കുന്ന സ്വാനുഭവങ്ങള്‍ വേണ്ടുവോളം ഉണ്ടായിരുന്ന ദസ്തയവ്സ്കി, അവയ്ക്കൊപ്പം ഒരൊന്നാം തരം നിരീക്ഷകനും ആയിരുന്നു എന്ന് ജയിലിലും മറ്റും കൂടെയുണ്ടായിരുന്നവര്‍ 'റഷ്യന്‍ ക്രിസ്തു'വില്‍ സാക്ഷ്യപ്പെടുത്തുന്നുണ്ടല്ലോ. ഒരേ സമയം പങ്കാളിയും സാക്ഷിയുമാവുക എന്നത് എന്നും ശൈശവ തുല്യമായ നിഷ്കളങ്കതയും ഒപ്പം മനുഷ്യാസ്തിത്വത്തിന്റെ സമസ്യകളിലേക്ക് നീണ്ടു ചൊല്ലുന്ന അശാന്തമായ അന്വേഷണ ബുദ്ധിയും സ്വന്തമായുള്ള എഴുത്തുകാരന്റെ ഇരട്ട വ്യക്തിത്വവും ആവാം. ദസ്തയവ്സ്കിയുടെ ജീവിതം പ്രമേയമാക്കി എഴുതപ്പെട്ട ഈ പുസ്തകത്തിലും ഏതാണ്ട് അത്തരമൊരു ദ്വന്ദ്വം ആരോപിക്കാവുന്നതാണ്. ഇതും നേരിട്ടൊരു ദസ്തയവ്സ്കി ജീവിതാഖ്യാനമല്ല. തന്നെയല്ല, ഒരു വേള ഇത് ദസ്തയവ്സ്കി വായനയില്‍ ഒരു തുടക്കക്കാരനുള്ള പുസ്തകമേയല്ല. ഒന്നാമതായി, നോവലിസ്റ്റ് തന്റെ കഥാനായകന്റെ ജീവിതം ഏതെങ്കിലും ഒരു നിയത രീതിയില്‍ ആവിഷ്കരിക്കുന്നേയില്ല. ദസ്തയവ്സ്കിയുടെ ജീവിതവുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടവരോ, ആ തൂലികയില്‍ പിറവിയെടുത്തവരോ ആയ നൂറ്റിയിരുപതോളം ആളുകളുടെ ഹ്രസ്വ സ്മൃതികളിലൂടെയാണ് പുസ്തകം ആഖ്യാനം ചെയ്യുന്നത് എന്ന് മാത്രമല്ല ഇവിടെ സൂചിപ്പിക്കുന്നത്, കഥാനായകന്റെ ജീവിതത്തിലെ ഒരനുഭവവും കഥാഖ്യാന രീതിയില്‍ ആവിഷ്കരിക്കുന്നേയില്ല എന്നതാണ്. മറിച്ച്, അതുമായി ബന്ധപ്പെട്ട ഏതെങ്കിലും കഥാപാത്രം നല്‍കുന്ന ഏറ്റവും ഹ്രസ്വമായ സൂചനകളില്‍ ഏറ്റവും പ്രധാനപ്പെട്ട ജീവിതസന്ദര്‍ഭങ്ങള്‍ പോലും ഒതുങ്ങുന്നു. മറ്റു വാക്കുകളില്‍, ദസ്തയവ്സ്കിയുടെ ജീവിത കഥയും അദ്ദേഹത്തിന്റെ രചനകളും നേരത്തെ പരിചിതമായവര്‍ക്ക് വേണ്ടിയുള്ളതാണ് ഈ പുസ്തകം. അതുകൊണ്ട് ഇതൊരു വായനക്കാരന് എന്നതിലേറെ ഒരു ദസ്തയവ്സ്കി പഠിതാവിനുള്ള പുസ്തകമാണ്.

 

ദസ്തയവ്സ്കിയുടെ കൊടുങ്കാറ്റു സമാനമായ ജീവിതാനുഭവങ്ങളെയും മന്ദമാരുതന്റെ കുളിര്‍ സ്പര്‍ശമുള്ള ആത്മതേജസ്സിനെയും കലങ്ങിമറിഞ്ഞ റഷ്യന്‍ കാലഘട്ടത്തിന്റെ പശ്ചാത്തലത്തില്‍ ആറ്റിക്കുറുക്കിയ സൂചനകളിലൂടെ വരച്ചിടാന്‍ ശ്രീ. വേണു നടത്തുന്ന ആഖ്യാതാക്കളുടെ തെരഞ്ഞെടുപ്പിന്റെ സമഗ്രതയാണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ മികവ്. ആ ജീവിതത്തെയും രചനകളെയും ഏറ്റവും ആഴത്തില്‍ അറിഞ്ഞ ഒരാള്‍ക്ക് മാത്രം സാധ്യമാവുന്നതാണ് ഇത്. 1849-ല്‍ പെട്രോഷേവ്സ്കി ഗ്രൂപ്പില്‍ ആകൃഷ്ടനായി സാര്‍ വിരുദ്ധ നാസ്തിക വിപ്ലവ സംഘാംഗം എന്ന നിലയില്‍ അറസ്റ്റ് ചെയ്യപ്പെടുകയും ആ കുപ്രസിദ്ധമായ വധശിക്ഷാ നാടകത്തിനും തുടര്‍ന്ന് സൈബീരിയയിലേക്ക്‌ നാടുകടത്തപ്പെട്ട അനുഭവങ്ങള്‍ക്കും ഇരയാവുകയും ചെയ്തതാണ് ദസ്തയവ്സ്കിയെ മാറ്റിമറിക്കുന്നത്‌. പീനല്‍ കോളനിയിലെ ശിക്ഷക്കുശേഷവും ചങ്ങലയില്‍ ബന്ധിതനായി കഴിയേണ്ടി വന്ന അഞ്ചുവര്‍ഷവും പുതിയ നിയമം എന്ന ഒരേയൊരു പുസ്തകവുമായി കഴിഞ്ഞു കൂടിയ നാളുകള്‍ ദസ്തയവ്സ്കിയുടെ ആത്മീയ ഭൂമിക തീര്‍ത്തും പുതുക്കിപ്പണിയുകയായിരുന്നു. ജീവിതത്തിലെ ആ സൈബീരിയന്‍ കാണ്ഡത്തിനു മുമ്പ് നാസ്തികവും സാമൂഹ്യവിപ്ളവ പ്രചോദിതവുമായിരുന്ന ആ മനസ്സ് ഇപ്പോള്‍ തടവറയില്‍ കണ്ട മനുഷ്യരിലും റഷ്യന്‍ തൊഴിലാളികളിലും ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെ തന്നെ പതിപ്പുകളാണ് കണ്ടത്. എല്ലാം കഴിയുമ്പോള്‍ കുറ്റവാളികള്‍ക്കും മനോ വിഭ്രാന്തിയില്‍ അകപ്പെട്ടവര്‍ക്കും രോഗഗ്രസ്തര്‍ക്കും അംഗഭംഗം സംഭവിച്ചവര്‍ക്കും ഇടയില്‍ വേണ്ടുവോളം പെരുമാറിക്കഴിഞ്ഞിട്ടുണ്ടായിരുന്നു അദ്ദേഹം- ഇനിയൊരായുസ്സു മുഴുവന്‍ എഴുതിയാലും തീരാത്തത്ര ആ അനുഭവങ്ങള്‍ അദ്ദേഹത്തിന്റെ മനസ്സിന്റെ ആഴങ്ങളില്‍ തിടം വെച്ചിരുന്നു. 'മരിച്ച വീട്', 'അധോതലക്കുറിപ്പുകള്‍ ' എന്നിവയില്‍ നേരിട്ടും മറ്റെല്ലാ കൃതികളിലും ഊര്‍ജ്ജമായും ഈ അനുഭവങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ഒരര്‍ഥത്തില്‍ ഭൗതിക തലത്തില്‍ ആഖ്യാതാവിന്റെ ചേക്കയിടമായ ഇരുണ്ട ബേസ്മെന്റ് ഫ്ലാറ്റിനെയും അതേസമയം ഫ്രോയ്ഡിന്റെ 'ഇദ്' സങ്കല്പ്പനത്തിലെന്നോണം അയാളുടെ ആദി ചോദനകളുടെ ഇരണ്ട വശങ്ങളെയും സൂചിപ്പിക്കുന്നുണ്ട് 'അധോതലക്കുറിപ്പുകളി'ലെ അധോതലം. നോവലിന്റെ ആദ്യപകുതി നല്‍കുന്ന കഥാംശ ശൂന്യതയുടെ പ്രതീതി ദസ്തയവ്സ്കിയുടെ പില്‍ക്കാല രചനകളിലും പണിക്കുറ തീര്‍ന്നു കാണാവുന്ന ആഴത്തിലുള്ള മാനസികാവലോകന -introspection-ത്തിനു വഴിമാറുന്നുവെങ്കിലും രണ്ടാം പകുതി ഈ അവലോകനങ്ങള്‍ക്ക് നിദാനമായ മൂന്നു നാലു സംഭവങ്ങള്‍ ആവിഷ്കരിക്കുന്നു. അങ്ങനെ ഒരേസമയം രസച്ചരട് മുറിയാത്ത കഥ, അസാധാരണമായ മനശാസ്ത്ര വിശകലനം, പിടിച്ചിരുത്തുന്ന ദാര്‍ശനികകൃതി എന്നീ മൂന്നുനിലകളിലും നോവല്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. പില്‍ക്കാലം അദ്ദേഹം തന്റെ ഏറ്റവും മികച്ച കൃതികളില്‍ ആഴത്തില്‍ പരിശോധിക്കുന്ന പ്രമേയങ്ങളെല്ലാം ഇവിടെ ബീജരൂപം കൈവരിക്കുന്നുണ്ട്‌ എന്നുപറയാം. കുറ്റവും ശിക്ഷയും, ശുദ്ധാത്മാവ്‌, ഭൂതാവിഷ്ടര്‍, കരമസോവ് സഹോദരന്മാര്‍ തുടങ്ങിയ മാസ്റ്റര്‍പീസുകളില്‍ ദസ്തയവ്സ്കി പ്രതിഭ എന്തുകൊണ്ടാണ് മനുഷ്യമനസ്സിന്റെ ഇരുണ്ടതും ഭ്രാന്തവുമായ നിഗൂഡ രഥ്യകളില്‍ തന്റെ അന്വേഷണങ്ങളെ എന്നും ചേര്‍ത്തുവെച്ചത് എന്ന ചോദ്യത്തിന് നരകങ്ങള്‍ ജീവിച്ചു തീര്‍ത്ത ആ ആയുസ്സിന്റെ പുസ്തകത്തില്‍ തന്നെയാണ് മറുപടികള്‍ കണ്ടെത്താനാവുക.  അന്നയുടെ സ്നേഹഭരിതവും ഊര്‍ജ്ജസ്വലവുമായ യുവത്വമുള്ള കൈകളില്‍ കൂട്ടും അഭയവും രക്ഷാകര്‍തൃത്വവും കണ്ടെത്തുന്നതുവരെ ജീവിതത്തിലെങ്ങും ദുരന്തങ്ങള്‍ വിടാതെ പിന്തുടര്‍ന്നപ്പോഴും കുരിശേറിയ ദൈവപുത്രനെ പോലെ ആരെയും വെറുക്കാന്‍ ശ്രമിക്കാതെ, ഒരുവേള മിഷ്കിന്റെ നിഷ്കളങ്കതയോടെയും അല്യോഷയുടെ അചഞ്ചല വിശ്വാസത്തോടെയും അതേ സമയം കരമസോവ് രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന 'അഡിക് ഷന്‍ ' പ്രവണതയോടെ ചൂതാട്ടത്തിന്റെ സ്വയം നശീകരണ മാനസികാവസ്ഥയോടെയും പരാജയത്തില്‍ നിന്ന് പരാജയത്തിലേക്കും കടക്കെണിയില്‍ നിന്ന് കടക്കെണിയിലേക്കും കൂപ്പു കുത്തിക്കൊണ്ടിരുന്നതാണ് ദസ്തയവ്സ്കിയുടെ ജീവിതം. തലനാരിഴക്ക്‌ മാറിപ്പോയ വധശിക്ഷ നല്‍കിയ മരവിപ്പോളം എത്തിയ ഞെട്ടല്‍ കുട്ടിക്കാലത്ത് ഇടക്കെപ്പോഴെങ്കിലും ഉണ്ടാവുമായിരുന്ന അപസ്മാരത്തെ പതിവിനു വിപരീതമായി പില്‍ക്കാലം വര്‍ദ്ധിപ്പിച്ചു. കഴുകന്‍ കണ്ണുമായി വട്ടമിട്ട പ്രസാധകരും ആരെയും നിഷേധിക്കാനാവാത് മസൃണ മനസ്സിന്റെ ദൗര്‍ബല്യത്തെ മുതലെടുത്ത ബന്ധുക്കളും ചാര്‍ച്ചക്കാരും പരാജയപ്പെട്ട വിവാഹങ്ങളിലെ/ബന്ധങ്ങളിലെ പങ്കാളികളും കലങ്ങിമറിഞ്ഞു കൊണ്ടിരുന്ന ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളും ഒന്നും തന്നെ നല്ലതൊന്നുമല്ല അദ്ദേഹത്തിന്റെ ജീവിതത്തില്‍ വിട്ടുംവെച്ചത്.  സ്വന്തം ആത്മീയാന്വേഷണത്തിന്റെ അശാന്തയാനങ്ങളും കുഞ്ഞു മകളുടെ വിയോഗം പോലെ നേരില്‍ കാണേണ്ടി വന്ന ദുരന്തങ്ങളുടെ ദുരൂഹതകളും മനുഷ്യ ജീവിതം എന്ന മഹാസമസ്യയില്‍ അനായാസ വിശദീകരണങ്ങളില്ലെന്നു ഇയ്യോബിന്റെ പുസ്തകത്തിലേതു പോലെ അദ്ദേഹത്തെ ബോധ്യപ്പെടുത്തി. ഒരര്‍ഥത്തില്‍ 'ഭൂമിയിലെ ജീവിതത്തിന്റെ ദുരന്താത്മകതയാണ് ക്രിസ്തുമതത്തിന്റെ സന്ദേശം' (റഷ്യന്‍ ക്രിസ്തു - പേജ് 51 ) എന്ന കണ്ടെത്തലിലാണ് ദസ്തയവ്സ്കിയുടെ വിശ്വാസ വഴികള്‍ നകൂരമിടുന്നത് എന്നു പറയാം.

 

വ്യക്തി ജീവിതത്തില്‍ സ്നേഹമായും പീഡനമായും വന്നുപോയ ഒട്ടേറെ പേര്‍ ആ വ്യക്തിത്വത്തിന്റെ മഴവില്‍ ദീപ്തിയിലേക്കും ആ മനസ്സില്‍ തിളച്ചുമറിഞ്ഞു കൊണ്ടിരുന്ന ആത്മ പീഡകളിലേക്കും നിരീക്ഷണങ്ങളുടെ മിന്നായം തെളിക്കുന്നുണ്ട്. ദസതയവ്സ്കിയുടെ ആത്മസംഘര്‍ഷങ്ങളുടെ തുടക്കമായ പിതാവിനോടുള്ള രാഗ-ദ്വേഷ ബന്ധത്തിലേക്ക് വെളിച്ചം വീശുന്ന പിതാവ് മിഖയേല്‍ ആന്ദ്രയെവിച്ചില്‍ തുടങ്ങുന്ന ആഖ്യാനത്തില്‍ മകനില്‍ റഷ്യന്‍ മൂല്യബോധം നിറച്ച അമ്മ മരിയ ഫയദറോവ്ന, സഹോദരന്‍ എന്നതിലേറെ ആത്മസുഹൃത്തു കൂടിയായിരുന്ന ജ്യേഷ്ടന്‍ മിഖായേല്‍, ജ്യേഷ്ഠപത്നി എമിലി തുടങ്ങിയ കുടുംബാംഗങ്ങള്‍,  സൈബീരിയന്‍ പീനല്‍ കോളനി തടവില്‍ കഴിഞ്ഞ കാലത്ത് പുതിയ നിയമത്തിന്റെ കോപ്പി നല്‍കി പെട്രോഷേവ്സ്കി സംഘംഗത്തിന്റെ ആത്മീയ ഗതിമാറ്റത്തിനു തുടക്കം കുറിച്ച നതാലിയ ദിമിത്രിയെവ്ന, ശുദ്ധാത്മാവായിരുന്ന ദസ്തയവ്സ്കിയെ ചതിവില്‍ പെടുത്തി പുസ്തകങ്ങളുടെ മുഴുവന്‍ അവകാശവും തട്ടിയെടുക്കാന്‍ ശ്രമിച്ച് അന്നയുടെ സന്ദര്‍ഭോചിതമായ ഇടപെടല്‍ ഒന്നുകൊണ്ടു മാത്രം അത് സാധിക്കാന്‍ കഴിയാതെ പോയ സ്റ്റെല്ലോവ്സ്കി, ഗവര്‍ണറെ വെടിവെച്ചു വീഴ്ത്താന്‍ ശ്രമിച്ച വിപ്ലവാകാരിയായിട്ടും തന്റെ ധാര്‍മ്മികതയെ അംഗീകരിച്ചതിന് സ്നേഹാദരങ്ങളോടെ അദ്ദേഹത്തെ ഓര്‍ക്കുന്ന വേര ഇവാനോവ്ന, സൈബീരിയന്‍ കാലം മുതല്‍ പലപ്പോഴായി പലരൂപത്തില്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ കടന്നുവന്ന സ്ത്രീസാന്നിധ്യങ്ങളും നസ്താഷയെ പോലുള്ള മാനസപുത്രിമാരും തുടങ്ങി ഒട്ടേറെ ആഖ്യാതാക്കള്‍ ആ വ്യക്തി ജീവിതത്തിലേക്ക് വെളിച്ചം വീശുന്നു. എഴുത്തുകാരന്‍ എന്ന നിലയില്‍ അദ്ദേഹത്തെ വിലയിരുത്തുന്ന സാഹിത്യ ചരിത്രത്തിലെ ഒട്ടേറെ പ്രതിഭകള്‍ നോവലിലുണ്ട്. ദുരന്ത പര്യവസായികളായ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതില്‍ തന്റെ പാതയിലാണ് ദസ്തയവ്സ്കിയെന്നു കണ്ടെത്തുന്ന ഷേക്സ്പിയര്‍, 'ദൈവത്തെ ചോദ്യം ചെയ്യുമ്പോള്‍ തന്നെ ദൈവത്തെ നാം കണ്ടെത്തേണ്ടിയിരിക്കുന്നു' എന്ന് ദസ്തയവ്സ്കിക്ക് വഴികാട്ടിയ വോള്‍ട്ടയര്‍, “ഞാന്‍ സാമൂഹിക വിമര്‍ശന പരമായും നീതിന്യായ പരിഷ്കരണത്തിന് വേണ്ടിയും വാദിച്ചപ്പോള്‍ അയാള്‍ മന:ശാസ്ത്രത്തിലൂന്നി വ്യക്തിവിവേകത്തെ ചിഹ്നഭിന്നമാക്കുന്നതും സൃഷ്ട്യുന്‍മുഖമാക്കുന്നതുമായ പ്രശ്നങ്ങളില്‍ സഞ്ചരിച്ചു" എന്ന് നിരീക്ഷിക്കുന്ന വിക്റ്റര്‍ ഹ്യൂഗോ, 'എന്നില്‍ നിന്നാണ് പിറവിയെടുത്തത് ' എന്നഭിമാനിക്കുമ്പോഴും ദസ്തയവ്സ്കിയുടെ കഥാപാത്രങ്ങള്‍ക്കുള്ള ആന്തര ലോകം എന്റെ കഥാപാത്രങ്ങല്‍ക്കില്ലേയില്ല' എന്ന് സമ്മതിക്കുന്ന ഗൊഗോള്‍, ആദ്യനോവല്‍ 'പാവപ്പെട്ടവര്‍ ' ഒറ്റ രാത്രികൊണ്ട്‌ വായിച്ചു അതിനെ ഏറെ പുകഴ്ത്തുകയും അങ്ങനെ അതിദ്രുതം എഴുത്തുകാരനെ പ്രശസ്തിയിലേക്ക് ഉയര്‍ത്തുകയും ചെയ്ത അക്കാലത്തെ സാഹിത്യ കുലപതി ബെലിന്‍സ്കി, 'തിന്മയുടെ പ്രശ്നത്തിന് ഒരു റഷ്യന്‍ പ്രതിവിധി നിര്‍ദ്ദേശിച്ചതേയുള്ളൂ ഞാനും ഫയദോറും' എന്ന് അഭ്യസൂയ കൂടാതെ അംഗീകരിക്കുന്ന സാക്ഷാല്‍ ടോള്‍സ്റ്റോയ്, 'അയാളുടെ ശവസംസ്കാരത്തെ ചൊല്ലിപ്പോലും ഞാന്‍ അസൂയപ്പെട്ടു' എന്ന് കുമ്പസാരിക്കുന്ന ടര്‍ജിനെവ്, 'ആധുനിക മനശാസ്ത്രത്തിനു തറക്കല്ലിട്ടത് താനല്ലെന്നും ദസ്തയവ്സ്കി ആണെന്നും നിരീക്ഷിക്കുന്ന ഫ്രോയ്ഡ്, ഇഡിയറ്റ് എന്ന നോവലിന് നല്‍കിയ ചലച്ചിത്ര ഭാഷ്യത്തെ കുറിച്ച് അത് മഹത്തരമായെന്നു ആരാധകര്‍ പറയുമെങ്കിലും നോവലിന്റെ സൗന്ദര്യം അല്‍പ്പമെങ്കിലും പകര്‍ത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഏറ്റുപറയുന്ന കുറൊസാവ , 'റഷ്യക്കാരന്റെ പകയും ദുരയും ആസക്തിയും സ്നേഹ-ദ്വേഷങ്ങളും ദേശീയ ബോധവും പരപീഡനരതിയും സ്വപ്നവും സംഘര്‍ഷവും ചാലിച്ച് അവനെഴുതിയ രചനകള്‍ അവനെ വിശ്വ മഹാകവിയാക്കി' എന്നു നിരീക്ഷിക്കുന്ന പുഷ്കിന്‍, ഉള്ളുകൊണ്ട് ഇഷ്ടപ്പെട്ടപ്പോഴും 'വിശക്കുന്ന ജനകോടികളെ ഒരുതരം രാഷ്ട്രീയ സ്വാതന്ത്ര്യത്തിനും തൃപ്തിപ്പെടുത്താന്‍ കഴിയില്ല' എന്ന ദസ്തയവ്സ്കിയുടെ പ്രഖ്യാപനത്തില്‍ ചകിതനായിപ്പോയ ലെനിന്‍, കമ്മ്യൂണിസത്തെ വെറുത്ത രാജപക്ഷവാദി നേരത്തെ മരിച്ചു പോയതുകൊണ്ട് ഫയറിംഗ് സ്ക്വാഡിന് മുന്നില്‍ നിര്‍ത്തേണ്ടി വന്നില്ലല്ലോ എന്നാശ്വസിക്കുമ്പോഴും കരമസോവ് സഹോദരന്മാര്‍ പലവട്ടം വായിച്ച സ്റ്റാലിന്‍ എന്നിങ്ങനെ ഒട്ടേറെ ചരിത്ര പുരുഷന്മാര്‍ .

 

നുറുങ്ങു സ്മൃതികളുടെ രൂപത്തിലാണ് നോവലിന്റെ ഉടനീള ആഖ്യാനം എന്നത് കൊണ്ട് രൂപപരമായ അന്വേഷണങ്ങങ്ങള്‍ക്കോ ആവിഷ്കാര തന്ത്രങ്ങളെ കുറിച്ചുള്ള പഠനത്തിനോ അധികം ഇടം നോവല്‍ വിട്ടുവെക്കുന്നില്ല. ആഖ്യാതാക്കളുടെ കാലഗണനയിലെ തിരിമറികള്‍ (anachronism),   കഥാപുരുഷന്റെ സ്വഭാവത്തില്‍ നോവലിസ്റ്റ് വെളിച്ചം പകരാന്‍ ഉദ്ദേശിക്കുന്ന വശത്തിലേക്ക് മാത്രമുള്ള മിന്നായങ്ങള്‍ പകരുന്ന തരത്തില്‍ ബോധപൂര്‍വ്വം ചിട്ടപ്പെടുത്തിയതായതുകൊണ്ട് അനിച്ഛാപൂര്‍വ്വമെന്നു (spontaneous) പറയാനാവാത്ത അവരുടെ സ്വഗതാഖ്യാനങ്ങള്‍ എന്നതൊക്കെ ഒരു തരം നാടകീയതയുടെയും ഫാന്റസിയുടെയും തലങ്ങള്‍ നോവലിന് നല്‍കുകയും യഥാതഥത്വം ആവിഷ്ക്കാരത്തിന്റെ പരിധിക്കു പുറത്താണെന്ന് ഉറപ്പിക്കുകയും ചെയ്യുന്നു. ദസ്തയവ്സ്കി പ്രതിഭയുടെ കറകളഞ്ഞ ആരാധകനും അദ്ദേഹത്തിന്റെ മഹത്തായ കൃതികളില്‍ പലതും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തയാളുമായ ശ്രീ. വേണു വി. ദേശം, ആ മഹാപ്രതിഭയുടെ ജീവിതത്തെ കുറിച്ച് ഒരു നോവല്‍ രചിക്കുമ്പോള്‍ അത് സ്വാഭാവികമായും ഒരു സ്നേഹാര്‍ച്ചന ആവാതെ വയ്യ. 'റഷ്യന്‍ ക്രിസ്തു' എന്ന തലക്കെട്ട്‌ ദസ്തയവ്സ്കിയുടെ ജീവിതസത്തയും,   സാഹിത്യത്തില്‍ അദ്ദേഹം ആവിഷ്കരിച്ച ദാര്‍ശനിക ലോകത്തെയും പ്രകാശിപ്പിക്കുന്നുണ്ട്.   ആത്മപീഡനത്തിലൂടെ മോക്ഷം എന്ന ആശയത്തില്‍ വിശ്വസിച്ച, മിഷ്കിനെയും അല്യോഷയെയും ഫാദര്‍ സോസിമയെയും സൃഷ്ടിച്ച എഴുത്തുകാരന് ചേര്‍ന്ന പേര് തീര്‍ച്ചയായും അത് തന്നെ.

(മാധ്യമം വാരിക, മാര്‍ച്ച് 27, 2017 പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പൂര്‍ണ്ണ രൂപം)






Tuesday, March 7, 2017

Allah Is Not Obliged by Ahmadou Kourouma

ദൈവനീതിയുടെ പുസ്തകം - കോമാളിത്തത്തിന്റെയും 



“അരിസ്റ്റോട്ടില്‍ പറയും പോലെ ഇതിവൃത്തം (plot) ട്രാജഡിയുടെ ആത്മാവാണെങ്കില്‍ ആഖ്യാനസ്വരം (voice) സംശയലേശമെന്യേ ആക്ഷേപഹാസ്യത്തിന്റെ (satire) കാതലാണ്. കുറൂമ കൈകാര്യം ചെയ്യുന്ന പ്രമേയത്തിന്റെ ഭാരം അദ്ദേഹത്തിന്റെ സ്പര്‍ശലാളിത്യവുമായി ബലാബലത്തിലാണ്. അദ്ദേഹത്തിന്റെ കൈകളില്‍ ഭയാനകതയും ഹാസ്യാത്മകതയും ഒരേ കിടക്കയില്‍ ഉറങ്ങുന്നവരായിത്തീരുന്നു, അതിന്റെ ഫലമായി ഈ നോവല്‍ .. ഹൃദയ ഭേദകമായിരിക്കുമ്പോള്‍ തന്നെ ചിരിനിറഞ്ഞതും ആയിരിക്കുന്നു.”

-ഇഗോര്‍നി ബെരെറ്റ് (Blackass; Love Is Power, or Something Like That)

ആഫ്രിക്കന്‍ സാഹിത്യത്തിലെ അതികായനായ ഐവോറിയന്‍ (Ivory Coast) നോവലിസ്റ്റ് അഹ്മദൂ കുറൂമ (1927 – 2003) എഴുതിയ അവസാനത്തെ നോവലായ "അല്ലാഹുവിനു ബാധ്യതയില്ല  (Allah Is Not Obliged)”എന്ന കൃതി "ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും കൊണ്ടാടപ്പെട്ട പ്രശസ്തര്‍ "  എന്ന് വിവരിക്കപ്പെട്ട ബാല സൈനികരെ കുറിച്ചുള്ളതാണ്. എന്നാല്‍ പാത്രസൃഷ്ടിയുടെയോ പശ്ചാത്തലത്തിന്റെയോ എന്നതിലേറെ ആഖ്യാന സ്വരത്തിന്റെ പ്രത്യേകതയും നോവലിനെ മുച്ചൂടും ചൂഴ്ന്നു നില്‍ക്കുന്ന സറ്റയറിന്റെയും കറുത്ത ഹാസ്യത്തിന്റെയും വിഗ്രഹ ഭജ്ഞന സ്വഭാവമുള്ള നിലപാടുകളുടെയും സാന്നിധ്യവുമാണ് കൃതിയെ വ്യത്യസ്തമാക്കുന്നത്. 

 

ചോരക്കളികളും വിശ്വാസഫലിതങ്ങളും

തൊണ്ണൂറുകളില്‍ പടിഞ്ഞാറന്‍ ആഫ്രിക്കയിലെങ്ങും വ്യാപകമായ ആഭ്യന്തര യുദ്ധങ്ങളില്‍ ബാല സൈനികനായാണ് ബിരാഹിമ സ്വയം പരിചയപ്പെടുത്തുന്നത്. കടുത്ത അംഗ വൈകല്യവും ഒരു കാലിലെ അഴുകിത്തുടങ്ങിയ കഠിന വേദനയുള്ള ട്യൂമറുമായി 'ചന്തി'യില്‍ ഇഴഞ്ഞുനീങ്ങി ജീവിതം തള്ളിനീക്കിയ അമ്മയോട് ഇടയ്ക്കിടെ കലഹിക്കുമായിരുന്നെങ്കിലും ഏറെ സ്നേഹമായിരുന്നു അവന്. തനിക്കുവന്ന വിവാഹാലോചന നിരസിച്ചതിന് പ്രതിശ്രുത വരന്റെ അമ്മ ദുര്‍മ്മന്ത്രവാദം നടത്തിയതിന്റെ ഫലമാണ് അമ്മയുടെ അംഗവൈകല്യം. 'ഒരുകാല്‍ ഉയര്‍ത്തിപ്പിടിച്ച്‌ നിരങ്ങിനീങ്ങുന്ന ഞണ്ടിനെ പോലെ' എന്ന് അമ്മയുടെ ചലനത്തെ അവന്‍ കളിയാക്കുന്നുണ്ടെങ്കിലും അമ്മയുടെ മരണം അനാഥനാക്കുന്നതോടെയാണ് ലൈബീരിയയിലുള്ള മാഹാന്‍ അമ്മായിയെ തേടി ഗിനിയന്‍ - ഐവേറിയന്‍ അതിര്‍ത്തിയിലുള്ള തന്റെ ഗ്രാമം വിട്ട് യഥാര്‍ഥത്തില്‍ ഓരോന്നാം തരം തട്ടിപ്പുകാരനും 'നോട്ടിരട്ടിപ്പുകാരന്‍' മോഷ്ടാവുമായ, സ്വയമൊരു കൂടോത്രക്കാരനും ഉറുക്കെഴുത്തുകാരനും സിദ്ധ വൈദ്യനും ആയി നടിക്കുന്ന യൊകൂബയെന്ന തന്റെ അമ്മാവനോടൊപ്പം പന്ത്രണ്ടു വയസ്സുകാരന്‍ (അതോ പത്തോ, തീര്‍ച്ചയില്ല) യാത്ര തുടങ്ങുന്നത്.

“ഞങ്ങളെന്നാല്‍ മുടന്തന്‍ തട്ടിപ്പുകാരനും ഉറുക്കെഴുത്തുകാരനും (grigriman) നോട്ടിരട്ടിപ്പുകാരനുമായ യൊകൂബയും വിനയവാനും കുറ്റമറ്റവനും നിര്‍ഭയനായ തെരുവ് ബാലനുമായ ഞാനും" 

എന്നാണു അവന്റെ വായ്ത്താരി. മുസ്ലിമായാത് കൊണ്ട് ഖുറാന്‍ സൂക്തങ്ങളും അറബ് വാക്യങ്ങളും വെച്ചാണ് യൊകൂബയുടെ പയറ്റെങ്കില്‍ ക്രിസ്തീയവും പരമ്പരാഗത ക്രമങ്ങളും ആയുധമാക്കുന്ന വേറെയും കൂടോത്ര സിദ്ധന്മാര്‍ അയാളോടെറ്റു മുട്ടുന്നുണ്ട്. 'തൈവങ്ങ തമ്മി കടി പണിയാം പഷ്തില്ല ' എന്ന ഖസാഖ് സമാന മുന്‍ കൂര്‍ ജാമ്യത്തില്‍ 'സിദ്ധന്മാര്‍' പരസ്പരം രാജിയാവുകയും തങ്ങളുടെ തടി സംരക്ഷിക്കുകയും ചെയ്യുന്നു. യാത്രാന്ത്യത്തില്‍ തിരിച്ചു വരവിനിടെ സൈനികര്‍ വിവസ്ത്രനാക്കുമ്പോള്‍ ഹെര്‍ണിയ പോലെ അടിവസ്ത്രത്തിന് ചുവടെ കെട്ടിത്തൂക്കിയ അസംഖ്യം മടിശ്ശീലകളില്‍ വിലയേറിയ തട്ടിപ്പ് സമ്പാദ്യങ്ങള്‍ ഏറെയുണ്ട്. കൊല്ലപ്പെട്ടവരുടെ ജടങ്ങളില്‍ നിന്നും, ഒപ്പം മോഷ്ടിച്ച വസ്തുക്കളില്‍ നിന്നും കാത്ത് വെച്ചവ. അത്ര മോശമല്ലാത്ത യുദ്ധമുതലുകള്‍ സമാന രീതിയില്‍ ബിരാഹിമയില്‍ നിന്നും സൈനികര്‍ക്ക് കിട്ടുന്നുണ്ട്.

യുദ്ധപ്രഭുക്കളുടെ കീഴില്‍ ആഭ്യന്തര സംഘര്‍ഷങ്ങള്‍ കൊടുമ്പിരി കൊള്ളുന്ന ലൈബീരിയയില്‍ ഇരുവരെയും ബാല സൈനികര്‍ തടയുമ്പോള്‍ മുതിര്‍ന്നവരുടെ കളികളിലേക്ക് കുതിക്കാന്‍ ശ്രമിക്കുന്ന ബിരാഹിമ ഉല്ലാസത്തോടെ ബാലയോദ്ധാവ് ആയിത്തീരുന്നു. തുടര്‍ന്ന് ലൈബീരിയയിലും സിയറാ ലിയോണിലുമായി മൂന്നു വര്‍ഷങ്ങളോളമുള്ള അവന്റെ അതിജീവനാനുഭവങ്ങളാണ് നോവലിന്റെ ഇതിവൃത്തത്തെ നിര്‍ണ്ണയിക്കുന്നത്. തുടക്കത്തില്‍ ബാല സൈനികരുടെ കൂസലില്ലായ്മയും ധൈര്യപ്രകടവും കലാഷ്നികൊവ് പോലും കളിപ്പാട്ടം പോലെ കൈകാര്യം ചെയ്യാന്‍ കിട്ടുന്നതിലെ ആവേശവും അവനെ ഏറെ ഉന്മത്തനാക്കുകയും അതിവേഗം യുദ്ധപ്രഭു പാപ ലേ ബോണിന്റെ ഭാഗ്യരാശി (mascot) എന്ന അസൂയാര്‍ഹമായ പദവി അവനു കൈവരികയും ചെയ്യുന്നു. പാപ കൊല്ലപ്പെടുമ്പോള്‍ ചിതറിപ്പോവുന്ന ബാല സൈനികര്‍ എവിടെയാണ് കൂടുതല്‍ റേഷന്‍ ലഭ്യമാകുക എന്ന മാനദണ്ഡത്തില്‍ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കു എന്ന നിലയില്‍ സംഘങ്ങള്‍ മാറുന്നു. ഹാഷിഷും കൂടോത്രവും സാത്താനില്‍ നിന്ന് സംരക്ഷണത്തിനുള്ള പ്രാര്‍ത്ഥനകളും കൊല്ലപ്പെടുന്നതില്‍ നിന്ന് സംരക്ഷണം നല്‍കുന്ന ഏലസ്സുകളും സമ്പൂര്‍ണ്ണമായി കീഴടക്കുന്ന അരാചക കൊലയാളിക്കൂട്ടം വൃത്തിഹീനവും കുത്തഴിഞ്ഞ, പ്രായത്തിനിണങ്ങാത്ത ലൈംഗികതയുമായി ഏതു നിമിഷവും കടന്നെത്താവുന്ന മരണവുമായി മല്ലിട്ട് കഴിയുന്നു. ഈ കുട്ടിക്കൊലയാളിക്കൂട്ടങ്ങളാണ് പ്രദേശത്തെ ഏറ്റവും ഹീനമായ കുരുതികളില്‍ പലതും നടത്തിയത് എന്നിരിക്കിലും അവര്‍ക്കും മറ്റു മാര്‍ഗ്ഗമില്ലായിരുന്നു എന്ന നിസ്സഹായതയുമുണ്ട്. കുടുംബങ്ങളില്‍ ഏല്‍ക്കേണ്ടി വരുന്ന പീഡനങ്ങള്‍ തൊട്ട് നിരക്ഷരതയുടെയും അനാഥത്വത്തിന്റെയും വെറും ജീവ ഭയത്തിന്റെയും വരെ കാരണങ്ങളുണ്ട് അവരുടെ വേഷപ്പകര്‍ച്ചക്ക്. കൗമാര നിഷ്കളങ്കതക്കൊന്നും ഇടമില്ലാത്ത അവരുടെ ജീവിതത്തില്‍ സാധ്യതകളും പ്രതീക്ഷകളുമില്ല. ഉപകരണങ്ങള്‍ മാത്രമായ അവര്‍ ബലിമൃഗങ്ങളുമാണ്.  ബിരാഹിമയുടെ ലോകത്തെ ഏറ്റവും 'ഹീറോയിക്' ആയ കാര്യം അതിജീവിക്കുക എന്നത് തന്നെയാണ് എന്നിരിക്കെ, കഥപറയാനായി അവന്‍ ബാക്കിയാവുന്നുണ്ട് എന്നത് തീര്‍ച്ചയായും അവനെ നായകനാക്കുന്നുണ്ട്.

ഓരോ തവണ കൂട്ടാളികള്‍ കൊല്ലപ്പെടുമ്പോഴും ഉറുക്കും ഏലസ്സും ഫലിക്കാതെ പോയത് അവര്‍ നിഷ്ടയിലേതോ തെറ്റിച്ചത് കൊണ്ടാണെന്ന് മന്ത്രവാദി കണ്ടെത്തുന്നു. ഓരോ തവണയും ഓര്‍മ്മിപ്പിക്കപ്പെടുന്നു: അല്ലാഹുവിനു താന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നീതിമാനായിരിക്കാന്‍ ബാധ്യതയില്ല; ഒരു പക്ഷെ അതിലേറെ ഭരണാധികാരിക്കും, ഒപ്പം യുദ്ധപ്രഭുവിനും.

“എന്തെങ്കിലും ചെയ്യാന്‍ ആര്‍ക്കും ബാധ്യതയില്ല, കാരണം ലൈബീരിയന്‍ ഗോത്ര യുദ്ധങ്ങളുടെ മുടിഞ്ഞ ചതുര്‍ നക്ഷത്ര ബഹളങ്ങളില്‍ വിമത പോരാളികളെ കള്ള സാക്ഷ്യത്തിന് വിചാരണ ചെയ്യാന്‍ ആര്‍ക്കും സമയമുണ്ടായിരുന്നില്ല.('perjury' എന്നാല്‍ എന്റെ കയ്യിലെ ലാറൂസ്സെ പ്രകാരം 'പ്രതിജ്ഞക്ക് ശേഷം ബോധപൂര്‍വ്വം സമ്മതത്തോടെ തെറ്റായ സാക്ഷ്യം പറയലാണ്.') ” 

പാതിവഴിയില്‍ സ്വന്തം കഥ പറച്ചില്‍ ഉപേക്ഷിച്ച് ഇടയ്ക്കിടെ മറ്റു ബാല യോദ്ധാക്കളുടെ ദുര്‍വ്വിധിയിലേക്കും ബനാന റിപ്പബ്ലിക്കുകളിലെ മലീമസ ഗാംഭീര്യ (shitty grandeur)മുള്ള ഏകാധിപതികളുടെയും വിരേചന സ്തംഭനമുള്ള സേനാ നായകരുടെയും കഥകള്‍ ഉള്‍ച്ചേര്‍ന്ന ദേശ ചരിത്രങ്ങളിലേക്കും തിരിയുന്നതും മറ്റൊരു കൂസലില്ലായ്മയാണ്: ഞാന്‍ എന്റെ കഥ മുഴുവന്‍ പറയാന്‍ ബാധ്യസ്തനല്ല.

ചരിത്രത്തില്‍ മുങ്ങിപ്പോവുന്ന ഫിക് ഷന്‍

എന്നാല്‍ ലൈബീരിയയുടെയും സിയറാ ലിയോണിന്റെയും സമീപകാല ചരിത്രം അവയുടെ എല്ലാ മലീമസ വിശദാംശങ്ങളിലും സജീവമാണ് നോവലിലെങ്ങും. ബിരാഹിമ ഓരോ തവണ ക്യാമ്പുകള്‍ മാറുമ്പോഴും ലഭിക്കുന്ന വ്യത്യസ്ത വീക്ഷണ പരിസരങ്ങളിലൂടെയാണ് ഇത് സാധ്യമാവുന്നത്. പല സന്ദര്‍ഭങ്ങളിലും ആഖ്യാതാവ് കഥാപാത്രത്തിന്റെ ആവശ്യത്തില്‍നിന്നു തെന്നി മാറുകയും സാമാന്യേന വിശദമായിത്തന്നെ സിയറാ ലിയോനിന്റെയും ലൈബീരിയയുടെയും, ആ സംഘര്‍ഷങ്ങളില്‍ ഇടപെട്ട നൈജീരിയയുടെയും കൊംഗോയുടെയും ചരിത്രഖണ്ഡങ്ങളെയും ചരിത്രപുരുഷന്മാരെയും വസ്തുനിഷ്ഠ വിവരണങ്ങളിലേക്ക് പോവുകയും ചെയ്യുന്നു. ഫോഡേ സാങ്കോ, ചാള്‍സ് ടൈലര്‍ , സാമുവേല്‍ ഡോ, പ്രിന്‍സ് ജോണ്‍സണ്‍ തുടങ്ങിയവര്‍ മാത്രമല്ല ജനറല്‍ സാനി അബാച്ചയും നൈജീരിയന്‍ 'സമാധാന സേന'യും നിശിതമായ പരിഹാസത്തിനു ഇരയാവുന്നുണ്ട്.

“CDEAO നൈജീരിയയോട് മാനുഷിക സമാധാന ദൗത്യത്തിന് ആഹ്വാനം ചെയ്തു. (“മാനുഷിക സമാധാന ദൗത്യ''മെന്നാല്‍ ഒരു രാജ്യത്തോട് മറ്റൊരു രാജ്യത്തേക്ക് സൈന്യത്തെ അയച്ചു നിരപരാധികളെ അവരുടെ നാട്ടില്‍ വെച്ച്, അവരുടെ ഗ്രാമത്തില്‍,  അവരുടെ കുടിലില്‍, അവരുടെ പായയില്‍ ഇരിക്കുമ്പോള്‍ തന്നെ കൊല്ലാന്‍ ആവശ്യപ്പെടലാണ്.)”

നോവലില്‍ ചരിത്രം പറയുന്ന രീതി ആകാവുന്നതില്‍ കൂടുതല്‍ നേര്‍ക്കുനേര്‍ ആണെന്നും രാഷ്ട്രീയ ചര്‍ച്ചകളായിത്തീരുന്ന വസ്തുതാപരതയിലുള്ള ഊന്നല്‍ ഒരു ഫിക് ഷന്‍ കൃതിയുടെ സ്വഭാവത്തെ പ്രതികൂലമായി ബാധിക്കുന്നു എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പല ഘട്ടങ്ങളിലും കൌമാരക്കാരനായ ആഖ്യാതാവിന്റെ സാന്നിധ്യം അതോടു ചേര്‍ന്ന് പോകുന്നില്ലെന്നു തോന്നാം. ഇംഗ്ലീഷ് കൊളോണിയല്‍ യജമാനന്മാരും ക്രിയോളുകളും (യൂറോപ്യന്‍- ആഫ്രിക്കന്‍ മിശ്ര വംശജര്‍ ), ആഫ്രിക്കന്‍ - അമേരിക്കന്‍ വംശജരും 'ബ്ലാക്ക് നിഗ്ഗര്‍ ' തദ്ദേശീയരുടെ താല്പര്യങ്ങള്‍ക്കെതിരില്‍ ഫലത്തില്‍ യോജിക്കുന്നുവെന്ന് തുടങ്ങിയ ഗഹനമായ കണ്ടെത്തലുകള്‍ അതിനുദാഹരണമാണ്:

“ബ്ലാക്ക് നിഗ്ഗര്‍ ദേശീയര്‍ കാലികളെ പോലെ പണിയെടുത്തു. സര്‍ക്കാര്‍ ജീവനക്കരുടെയും വാണിജ്യ സ്ഥാപനങ്ങളുടെ മാനേജര്‍മാരുടെയും അവസരങ്ങളൊക്കെ ക്രിയോളുകള്‍ക്ക് കിട്ടി. കൊളോണിയല്‍ ഇംഗ്ലീഷ് കുടിയേറ്റക്കാരും കള്ളന്മാരും ഇരുവശത്തെയും ചതിച്ചുപോന്ന ലബനാന്‍കാരും പണം മുഴുവന്‍ കീശയിലാക്കി.” 

ഫോഡേ സാങ്കോ നിയമവാഴ്ച്ചയെ നോക്കുകുത്തിയാക്കി തെരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിച്ചതിനെ കുറിച്ച് അവന്‍ നിരീക്ഷിക്കുന്നു,

“ഫോഡേ സാങ്കോ ജനാധിപത്യക്കളികളില്‍ വഞ്ചിതനായില്ല. ഇല്ല, സാര്‍. അയാള്‍ക്ക്‌ അതിലൊന്നും ഒരു കാര്യവുമുണ്ടായിരുന്നില്ല, അയാള്‍ക്ക് നാഷണല്‍ കോണ്‍ഫറന്‍സ് വേണ്ടായിരുന്നു, അയാള്‍ക്ക് സ്വതന്ത്രവും നീതിയുക്തവുമായ എലക് ഷനും വേണ്ടായിരുന്നു.  അയാള്‍ക്ക് ഒന്നും വേണ്ട. അയാള്‍ രാജ്യത്തെ ഡയമണ്ട് ശേഖരമുള്ള ഭാഗം നിയന്ത്രിക്കുന്നു;   അയാള്‍ സിയറാലിയോണിന്റെ പ്രയോജനമുള്ള ഭാഗം നിയന്ത്രിക്കുന്നു. അയാള്‍ക്ക് ഒരു .. വും പ്രശ്നമായിരുന്നില്ല.” 

ആളുകള്‍ വോട്ട് ചെയ്യുന്നതും ആ മാര്‍ഗ്ഗത്തില്‍ അധികാരം നഷ്ടമാവുന്നതും തടയാന്‍ സിവിലിയന്മാരുടെ കൈപ്പത്തികള്‍ ഛേദിച്ചു കളയുക എന്ന ബീഭത്സമായ പരിഹാരം സൈനികമായി നടപ്പിലാക്കിയ സിയറാ ലിയോണ്‍ ചരിത്രത്തിന്റെ ഉപജ്ഞാതാവായിരുന്നു ഫോഡേ സാങ്കോ എന്നത് നോവലില്‍ ഓര്‍മ്മിക്കപ്പെടുന്നുണ്ട്. മരിയാത്തു കമാറയുടെ The Bite of the Mango എന്ന ഓര്‍മ്മപ്പുസ്തകം ഈ ദാരുണ ചരിത്രത്തിന്റെ നേര്‍ സാക്ഷ്യം നല്‍കുന്നുണ്ട്.

യുദ്ധപ്രഭുക്കളുടെ കുടിപ്പകകള്‍ നാടിനെ ഉലച്ചു കളയുന്നതിന്റെയും അവസാനമില്ലാത്ത ചോരപ്പുഴകളുടെയും കലാപങ്ങളുടെയും വ്യത്യസ്ത ഗ്രൂപ്പുകളുടെയും വിഭാഗങ്ങളുടെയും അട്ടിമറികളില്‍ നിരന്തരം നടമാടുന്ന ഉദ്ദേശ ശൂന്യമായ അരുംകൊലകളുടെയും നീണ്ട ആഖ്യാനങ്ങള്‍ നോവലില്‍ കേന്ദ്ര സ്ഥാനീയമായിത്തന്നെ അവതരിപ്പിക്കപ്പെടുന്നുണ്ട്. ബിരാഹിമയുടെ നേരിട്ടുള്ള, ഒരിക്കലും വൈകാരികമല്ലാത്ത, ആക്ഷേപഹാസ്യത്തിന്റെയും കറുത്ത ഹാസ്യത്തിന്റെയും ഒപ്പം കടുത്ത അശ്ലീല ഭാഷാപ്രയോഗങ്ങളുടെയും രൂപത്തില്‍ അത് നോവലില്‍ നിറയുന്നു. ആവര്‍ത്തിച്ചു പ്രയോഗിക്കപ്പെടുന്ന 'faforo', 'gnamokode!', 'walahe!' എന്നീ മൂന്നു വാക്കുകള്‍ ആദ്യമേ നോവലിസ്റ്റ് പ്രത്യേകമായി പരിചയപ്പെടുത്തുന്നുണ്ട്.

“faforo! (my father’s cock—or your father’s or somebody’s father’s), gnamokodé! (bastard), walahé! (I swear by Allah).”

സ്ഥാനത്തും അസ്ഥാനത്തും ഈ പ്രയോഗങ്ങള്‍ ഒരു വായ്ത്താരി പോലെ നോവലില്‍ ആവര്‍ത്തിക്കുന്നുമുണ്ട്. എന്നാല്‍ ഹോളിവുഡ് പാരമ്പര്യത്തിലെ വെറും മോടിക്കുള്ള 'ഫോര്‍ ലെറ്റര്‍ വേര്‍ഡ്‌' ഉപയോഗമായി അതൊരിക്കലും തരംതാഴാത്തത് നിശിതമായ ആക്ഷേപഹാസ്യം ഒരു ഘട്ടത്തിലും നോവലില്‍ അസ്ഥാനത്തല്ല എന്നത് കൊണ്ടാണ്.

 

ഭാഷാമാന്യതയുടെ അന്ത്യം

“എന്റെ (തെറി)ക്കഥയുടെ സമ്പൂര്‍ണ്ണമായ, ഒടുവിലത്തെ, മുഴുവനായിട്ടും മുഴുവനായ തലക്കെട്ട്‌ ഇങ്ങനെയാണ്: അല്ലാഹുവിനു അവന്‍ ഈ ഭൂമിയില്‍ ചെയ്യുന്ന എല്ലാ കാര്യത്തിലും നീതിമാനായിരിക്കാന്‍ ബാധ്യതയില്ല. ഓക്കേ. ശരി. ഇനി ഞാന്‍ ചിലതൊക്കെ പറഞ്ഞു തുടങ്ങുന്നതാണ് നല്ലത്.” 

ഇങ്ങനെയാണ് നോവല്‍ തുടങ്ങുന്നത്. കുറൂമയുടെ ശൈലിയെ കുറിച്ച് ഇഗോര്‍നി ബെരെറ്റ് നടത്തുന്ന നിരീക്ഷണം മര്‍മ്മ സ്പര്‍ശിയാണ്. ലജ്ജാലേശമില്ലാത്ത ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നിറഞ്ഞിരിക്കുമ്പോള്‍ത്തന്നെ അതിസരള നിഷ്കളങ്കതയും ചിന്തോദ്ധീപകമാമായിരിക്കുമ്പോള്‍ തന്നെ വാചകമടിയും നിറഞ്ഞതായിത്തീരുന്നതാണ് ആഖ്യാനസ്വഭാവം. 'ഒരു കുറ്റവുമില്ലാത്ത നിര്‍ഭയനായ തെരുവ് ബാലന്‍ ' എന്ന് പേര്‍ത്തും പേര്‍ത്തും സ്വയം വിശേഷിപ്പിക്കുന്നത് പോകെപ്പോകെ ഹാസ്യാത്മകമായിത്തീരുന്നു. വിവര്‍ത്തനം ചെയ്യാനാവാത്ത തെറിപ്രയോഗങ്ങള്‍ വായ്ത്താരികള്‍ പോലെ ആവര്‍ത്തിച്ചു വരുന്നതും ഏറ്റവും വികാരവിക്ഷുബ്ദമായി നീണ്ടുപോകാന്‍ എല്ലാ സാധ്യതയുമുള്ള സന്ദര്‍ഭങ്ങളില്‍ കോമാളിത്തം കലര്‍ന്ന സ്വഗതാഖ്യാനങ്ങള്‍ അത്തരം ഭാവങ്ങളെയല്ലാം ഒറ്റയടിക്ക് ഹൈജാക്ക് ചെയ്യുന്നതും നോവലിലെ നിരന്തര സ്വഭാവമാണ്.  ഇനിയങ്ങോട്ട്‌ ഒന്നും പവിത്രമോ വിലയുള്ളതോ അല്ല എന്ന മട്ടില്‍ ഏറ്റവും തീക്ഷ്ണവും ബീഭത്സവുമായ അനുഭവങ്ങളുടെ നൈരന്തര്യം മടുപ്പിലേക്കും കൂസലില്ലായ്മയിലേക്കും ഒരു വേള എല്ലാത്തിനും നേരെയുള്ള ഉടുമുണ്ടു പൊക്കലിലേക്കും വഴിമാറുന്നു എന്നുവരുന്നതും സ്വാഭാവികമാകാം.  ലാവണ്യയോട് 'പണമോ, ഭോഗമോ?' എന്ന് ഔദ്യോഗിക ഗൗരവത്തോടെ തെരഞ്ഞെടുപ്പ് ആവശ്യപ്പെടുന്ന ധര്‍മ്മപുരാണ സന്ദര്‍ഭങ്ങളുടെ ആവര്‍ത്തനങ്ങളാണ് കുറൂമയുടെ നോവലില്‍ എങ്ങും എന്ന് മലയാളി ചിന്തിച്ചുപോകാവുന്നതാണ്.

ഭാഷ ഒരേസമയം അധിനിവേശത്തിന്റെയും അതിനെതിരായ രൂക്ഷ പരിഹാസത്തിന്റെയും ഉപകരണമാണ് കുറൂമയില്‍. നോവല്‍ ആരംഭത്തില്‍ സ്വയം പരിചയപ്പെടുത്തുന്നിടത്തു തന്നെ ഈ വൈരുധ്യം ശക്തമായി ആവിഷ്കരിക്കപ്പെടുന്നുണ്ട്:

“ഒന്നാമത്, ഒന്നാം കാര്യം ...എന്റെ പേര് ബിരാഹിമ, ഞാനൊരു കൊച്ചു നിഗ്ഗര്‍ ആണ്. ഞാന്‍ കറുത്തവന്‍ ആയതു കൊണ്ടോ കുട്ടി ആയതു കൊണ്ടോ അല്ല. ഞാന്‍ ഒരു കൊച്ചുനിഗ്ഗര്‍ ആയിരിക്കുന്നതിനു കാരണം എനിക്ക് …ഫ്രഞ്ച് സംസാരിക്കാന്‍ ആവില്ല എന്നതാണ്.  അങ്ങനെയാണ് കാര്യങ്ങള്‍. നിങ്ങള്‍ മുതിര്‍ന്നവനാവാം, വൃദ്ധനാവാം, അറബിയാവാം,  ചൈനക്കാരന്‍ ആവാം, വെള്ളക്കാരനാവാം, റഷ്യക്കരനാവാം - അല്ലെങ്കില്‍ അമേരിക്കക്കാരന്‍ പോലുമാവാം - ഫ്രഞ്ച് സംസാരിക്കാന്‍ ആവില്ലെങ്കില്‍ അതിനെയാണ് - കൊച്ചു നിഗ്ഗര്‍ വര്‍ത്തമാനം എന്ന് പറയുക - അപ്പോള്‍ നിങ്ങളും ഒരു കൊച്ചുനിഗ്ഗര്‍ ആവും. അതാണ്‌ നിങ്ങളുടെ കാര്യത്തിലെ ഫ്രഞ്ച് നിയമങ്ങള്‍." 

എന്നാല്‍ ഈ നിയതാവസ്ഥകളെ അവന്‍ പ്രതിരോധിക്കുന്നതും ഭാഷ കൊണ്ടുതന്നെയാണ് എന്നത് സംഗതമാണ്. മലിംഗെ മൊഴിയും സങ്കര പിഡ്ഗിന്‍ മൊഴിയും ബിരാഹിമ ഉപയോഗിക്കുന്നുണ്ട്. മൂന്നു ഡിക് ഷ്ണറികള്‍ അവനെപ്പോഴും കൂടെക്കൊണ്ടു നടക്കുന്നു, നോവലിന്റെ പൊള്ളയായ സംസാര ഭാവം (gossiping, bantering tone) വലിയൊരളവു നിര്‍ണ്ണയിക്കുന്നതും രൂക്ഷഹാസ്യം പലപ്പോഴും ഉരുത്തിരിയുന്നതും ഇടവും കാലവും നോക്കാതെ ഇവ ഉപയോഗപ്പെടുത്തിയുള്ള പ്രയോഗങ്ങളും വന്‍വാക്കുകളും ബോധപൂര്‍വ്വം ഉപയോഗിക്കുന്നതിലൂടെയാണ്. പ്രായത്തിനു നിരക്കാത്ത വന്‍ പ്രയോഗങ്ങള്‍ വലിയൊരളവു സാധൂകരിക്കപ്പെടുന്നതും അങ്ങനെത്തന്നെ.

"എല്ലാ പ്രഭാതങ്ങളിലും അയാള്‍ അമ്പലത്തില്‍ പോയി കാര്‍മ്മികത്വം (officiated) വഹിച്ചു. 'Officiate' ഒരു വലിയ വാക്കാണ്‌, എന്റെ കയ്യിലെ ലറൂസ്സെ പ്രകാരം 'ഒരു മത ചടങ്ങ് നടത്തുക' എന്നാണു അതിനര്‍ത്ഥം.)" 

ചിലപ്പോഴെങ്കിലും ഈ ഡിക് ഷ്ണറി നോട്ടം അതിന്റെ സറ്റയര്‍ ലക്ഷ്യവും കടന്ന് ഇത്തിരി അസ്ഥാനത്തായും അനുഭവപ്പെടുന്നുണ്ട്.

ബാധ്യസ്തനല്ല എന്ന രാഷ്ട്രീയം

കുറൂമയുടെ കൃതികള്‍ മാജിക്കല്‍ റിയലിസത്തിന്റെ കള്ളികളില്‍ വായിക്കപ്പെട്ടിരുന്നു മുമ്പ്. എന്നാല്‍ അദ്ദേഹത്തിന്റെ ലോകം പലപ്പോഴും അസാധാരണവും വിഭ്രാമകവും ആണെങ്കിലും അത് ഞെട്ടിക്കും വിധം യഥാതഥവുമാണ് എന്ന് തിരിച്ചറിയപ്പെട്ടിട്ടുണ്ട്‌. ഏലസ്സുകളിലും മറ്റുമുള്ള വിശ്വാസത്തിന്റെ പാപ്പരത്തമൊക്കെ കൌമാരക്കാരന് പോലും വ്യക്തമാണെങ്കിലും അവയുടെ ചുറ്റുപാടുകളില്‍ അവക്കുള്ള പരിവേഷം അത്ഭുത പ്രവര്‍ത്തികളുടെത് തന്നെയാണ്. മാഹാന്‍ അമ്മായിയുടെ മരണം ഗോത്ര വിധേയത്തങ്ങളുടെ അസംബന്ധം കൂടി തുറന്നു കാണിക്കുന്നുണ്ട്.  എല്‍ ഹാജി കൊറോമയെന്ന മലിംഗെ വംശജരുടെ വിശുദ്ധ രക്ഷകനെ അംഗീകരിക്കാന്‍ കൂട്ടാക്കാത്ത എന്‍. ജി. ഒ. തലവനോടുള്ള പ്രതിഷേധമായി ചികിത്സ സ്വയം നിഷേധിച്ചു മലമ്പനിയുടെ ഇരയായി മരിക്കുകയായിരുന്നു അവര്‍ . അമ്മയുടെ മരണത്തെ കുറിച്ച് പറഞ്ഞപോലെ 'ഒരു നായയെ പോലെ മരിച്ചു' എന്നാണു ബിരാഹിമ നിരീക്ഷിക്കുക. മുമ്പ് കൂട്ടത്തിലുള്ള ബാലസൈനികരില്‍ അടുപ്പമുണ്ടായിരുന്നവരുടെ മരണത്തില്‍ കരയുമായിരുന്ന പോലെ ബിരാഹിമ കരഞ്ഞു. വിഗ്രഹഭജ്ഞക സ്വഭാവമുള്ള തലക്കെട്ടും 'കൊച്ചുവായില്‍ വലിയ വര്‍ത്തമാന'മെന്ന പഴി കേള്‍ക്കാന്‍ സ്വാഭാവികമായും ഇടയുള്ള ആഖ്യാതാവും ആയിരിക്കുമ്പോഴും,  ബാലയോദ്ധാക്കള്‍ എന്ന കരള്‍ നീറ്റുന്ന വിഷയത്തെ സമീപിക്കുന്ന ക്രിസ് അബാനിയുടെ Song for Night, ഉസോദിന്മോ ഇവിയേലയുടെ The Beasts of No Nation, ഇഷ്മയേല്‍ ബിയയുടെ A Long Way Gone: Memoirs of a Boy Soldier; Radiance of Tomorrow, മരിയാത്തു കമാറയുടെ The Bite of the Mango തുടങ്ങിയ കൃതികളില്‍ നിന്ന് കുറൂമയുടെ നോവലിനെ വേറിട്ട്‌ നിര്‍ത്തുന്നതും ഈ 'പോയിത്തുലയട്ടെ! (Devil may care!)' എന്ന ആഖ്യാന സ്വരമാണ് എന്ന് പറയാം. 'ബാധ്യസ്ഥനല്ല' എന്ന പ്രയോഗം നോവലിലെങ്ങും തീക്ഷ്ണമായ ഐറണിയോടെ മുഴങ്ങുന്നുണ്ട്: അല്ലാഹു ഭൂമിയില്‍ എല്ലാത്തിലും നീതിനിഷ്ടനാവാന്‍ ബാധ്യസ്തനല്ല, യുദ്ധ പ്രഭുക്കള്‍ ദുരന്തങ്ങള്‍ ഏറ്റുവാങ്ങുന്ന സൈനികരോട്,  വിശേഷിച്ചും ബാല സൈനികരോട്, ഒന്നിലും ബാധ്യസ്ഥരല്ല, അമിതമയക്കുമരുന്നിനടിപ്പെട്ടു മന്ദരായിരിക്കുന്ന ബാലയോദ്ധാക്കളുടെ നീളന്‍ കൊടുവാളിനു (machete) മുന്നില്‍ സന്തം കൈപ്പത്തികള്‍ മുറിച്ചു മാറ്റപ്പെടാന്‍ വരി നില്‍ക്കുന്ന സിവിലിയന്മാരോട് ദേശത്തെ നിയമമില്ലാ വാഴ്ച ബാധ്യസ്തമല്ല, ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തുന്ന സഹായങ്ങള്‍ അത് കാത്തിരിക്കുന്ന നിസ്സഹായരായ, വിദേശ പത്ര പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പരമാനന്ദം അഭിനയിക്കാന്‍ തോക്കിന്‍ മുനയില്‍ പരിശീലിപ്പിക്കപ്പെട്ട, പരിത്യക്തരോട് വിതരണ കേന്ദ്രം കൊള്ളയടിക്കുന്ന സൈനികര്‍ ബാധ്യസ്ഥരല്ല, പുറം ലോകത്തെ, വിശേഷിച്ചും സൈനിക ഇടപെടലിന് കരുത്തുള്ള പാശ്ചാത്യ ലോകത്തെ ബോധ്യപ്പെടുത്താന്‍ ജനാധിപത്യ നാട്യങ്ങളുടെ ശാലീന നാടകങ്ങള്‍ ഇടയ്ക്കിടെ അരങ്ങേറുന്ന ഏകാധിപതികള്‍ സമ്മതിദായകരോട് ബാധ്യസ്ഥരല്ല, കലാപം പൊട്ടിപ്പുറപ്പെടുമ്പോള്‍ കിട്ടുന്ന ആദ്യ ഹെലികോപ്റ്ററില്‍ തൊട്ടടുത്ത ദേശത്തെ ഏകാധിപതിയുടെ അന്തപുരത്തില്‍ അഭയം തേടുന്ന തെജാന്‍ ഖബ്ബയെ പോലുള്ള പ്രജാപതികള്‍ നിരര്‍ത്ഥകമായി കണ്ണില്‍ കണ്ടവരെയെല്ലാം കൊന്നൊടുക്കുന്ന സൈനികരുടെ ചെയ്തികള്‍ക്ക് ബാധ്യസ്ഥരല്ല,  ഫോഡേ സാങ്കോയെ പോലെ തെരഞ്ഞെടുപ്പുകളില്‍ തോറ്റ ഏകാധിപതികള്‍ ജനഹിതത്തോട് ബാധ്യസ്ഥരല്ല, വലിയ വായില്‍ മാനവിക ദുരന്തത്തിനെതിരെ മുന്നറിയിപ്പ് നല്‍കുന്ന യു. എന്‍.  പോലുള്ള അന്താരാഷ്‌ട്ര ചായസല്ക്കാരങ്ങള്‍ക്ക് പ്രക്ഷേപണത്തോടല്ലാതെ ബാധ്യതയില്ല, സമാധാന ദൗത്യസേനയെ ഇറക്കുമതി ചെയ്യുന്ന സാനി അബാച്ചയെ പോലുള്ള അയല്‍നാട്ടു പ്രജാപതികള്‍ക്കും ecomog-നും തങ്ങളുടെ സൈനികര്‍ കൂട്ട ബലാല്‍ക്കാരം ചെയ്യുന്ന സ്ത്രീത്വത്തോടോ കൊന്നൊടുക്കുന്ന നിരായുധരോടോ ബാധ്യതയില്ല, എന്നിങ്ങനെ തുടങ്ങി സ്വന്തം കഥ പറഞ്ഞു തുടങ്ങുന്ന ബിരാഹിമ അത് മുഴുമിക്കാന്‍ അനുവാചകനോട് ബാധ്യസ്തനല്ല എന്ന് വരെ അത് നീളുന്നു. ഈ 'ബാധ്യസ്ഥതയില്ലായ്മ' തന്നെയാണ് നോവലിന്റെ പ്രമേയം എന്നിരിക്കെ, ബിരാഹിമയോട് വായനക്കാരന് അപ്രിയം തോന്നേണ്ടതുമില്ല.

 

(കലാകൗമുദി. മാര്‍ച്ച് 12, 2017)

(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 39-46)

To purchase, contact ph.no:  8086126024