Featured Post

Saturday, August 31, 2024

The Memory Police by Yōko Ogawa / Stephen Snyder

 

ഓര്‍മ്മകള്‍ രാജ്യദ്രോഹമാകുമ്പോള്‍




“ഭൂതകാലത്തെ നിയന്ത്രിക്കുന്നവന്‍ ഭാവിയെ നിയന്ത്രിക്കുന്നു: വര്‍ത്തമാനത്തെ നിയന്ത്രിക്കുന്നവന്‍ ഭൂതകാലത്തെ നിയന്ത്രിക്കുന്നു” – 1984, ജോര്‍ജ്ജ് ഓര്‍ വെല്‍.

ഭരണകൂട നിരീക്ഷണത്തെ സംബന്ധിച്ചുള്ള വേട്ടയാടുന്ന ഒരു ഓര്‍വെല്ലിയന്‍ നോവല്‍” എന്ന് വിവരിക്കപ്പെട്ട കൃതിയാണ് മൂലഭാഷയിലെ പ്രസിദ്ധീകരണത്തിനു കാല്‍ നൂറ്റാണ്ടിനു ശേഷം സ്റ്റീഫന്‍ സ്നൈഡരുടെ മികച്ച പരിഭാഷയില്‍ ഇംഗ്ലീഷിലെത്തുകയും തുടര്‍ന്ന് ആ വര്‍ഷത്തെ ഇന്റര്‍നാഷണല്‍ മാന്‍ ബുക്കര്‍ പുരസ്കാര പരിഗണനയില്‍ ഇടം പിടിക്കുകയും ചെയ്ത ജാപ്പനീസ് നോവലിസ്റ്റ് യോക്കോ ഒഗാവയുടെ The Memory Police.  സൈബര്‍ ഇടവും എലെക്ട്രോനിക് മീഡിയയുമൊന്നുമില്ലാത്ത കാലത്ത് എഴുതപ്പെട്ടതെങ്കിലും നോവലിന് കാലാതീതമായ ഭീഷണ പ്രവചന സ്വരം വന്നു ചേരുന്നത് പ്രമേയത്തിന്റെ പ്രത്യേകത കൊണ്ടുതന്നെയാണ്. ഓര്‍മ്മകള്‍ ഉണ്ടായിരിക്കണമെന്നതില്‍ നിന്ന് ഒന്നൊന്നായ സ്മൃതിനാശം മാത്രമാണ് അതിജീവന മാര്‍ഗ്ഗമെന്ന സര്‍വ്വാധിപത്യ സന്ദര്‍ഭമാണ് നോവല്‍ അവതരിപ്പിക്കുന്നത്‌. ഓര്‍മ്മകള്‍ അത് പ്രതിനിധാനം ചെയ്യുന്ന വസ്തുക്കളെ മാത്രമല്ല അവ ധ്വനിപ്പിക്കുന്ന ബന്ധങ്ങളെ കൂടി കൊണ്ടുവരുന്നു. “പക്ഷികള്‍ ആകാശയാനത്തെയും ഭാരമില്ലയ്മയെയും വേഗതയെയും യൌവ്വനത്തെയും പാട്ടുകളേയും പ്രഭാതത്തെയും പ്രദോഷത്തെയും പലായനത്തെയും സൂചിപ്പിക്കുന്നു. അവ കഥകളിലും പെയിന്റിങ്ങുകളിലും രൂപകങ്ങളിലും മിത്തുകളിലും കടന്നുവരുന്നു. തിരോഭവിക്കുന്ന ഓരോ വസ്തുവും അതിനോടൊപ്പം വൈയക്തികവും പൊതുവായതുമായ അറിവുകളുടെ അടരുകളെയും കൊണ്ടുപോകുന്നു.” (Madeleine Thien: The Memory Police by Yōko Ogawa review – profound allegory of loss: theguardian.com).

ഏതോ പൈശാചത്താലെന്നോണം അതിനിഗൂഡമായ രീതിയില്‍, വിശദീകരണമേതുമില്ലാതെ  പലതും അപ്രത്യക്ഷമാകുകയും അവ സംബന്ധിച്ച ഓര്‍മ്മകള്‍ പോലും അതേ പ്രകാരം തിരോഭവിക്കുകയും ചെയ്യുന്ന അനുഭവമുള്ള ഒരു ദ്വീപും ഓര്‍മ്മകള്‍ നിലനില്‍ക്കുന്ന അപൂര്‍വ്വം വ്യക്തികള്‍ ഭരണകൂട വേട്ടക്കു വിധേയരായി അപ്രത്യക്ഷരാകുന്ന സാഹചര്യവുമെന്ന വിചിത്ര സങ്കല്‍പ്പനമാണ് നോവലിന്റെ കാതല്‍. ഒരു സുപ്രഭാതത്തില്‍ കിളികള്‍ എന്നെന്നേക്കുമായി അപ്രത്യക്ഷരാകുമ്പോള്‍ അതത്ര അലോസരപ്പെടുത്തുന്നതായി നോവലിലെ മുഖ്യ കഥാപാത്രത്തിനു തോന്നാത്തത് പക്ഷികളെ കുറിച്ചുള്ള ഓര്‍മ്മകളും കിളിനാദവും വിസ്മൃതമായിരിക്കുന്നു എന്നത് കൊണ്ടാണ്. പൂക്കള്‍ വിടരുന്നതിന്റെഅതിന്റെ സുഗന്ധത്തിന്റെ ഓര്‍മ്മകള്‍, മരിച്ചു പോയ പ്രിയപ്പെട്ടവരുടെ ഓര്‍മ്മകള്‍ എന്നിവയെല്ലാം അതുപോലെ ഓരോരോ ഘട്ടങ്ങളില്‍ പൊടുന്നനെ ഇല്ലാതാവുന്നു. ഫോടോഗ്രാഫുകള്‍ ഒന്നും ഓര്‍മ്മിപ്പിക്കാന്‍ കഴിയാത്ത പാഴ്വസ്തുക്കളാകുന്നു. മൃഗങ്ങള്‍ക്കുംറോസാ പുഷ്പങ്ങള്‍ക്കും പുസ്തകങ്ങള്‍ക്കും കലണ്ടര്‍ താളുകള്‍ക്കും റിബനുകള്‍ക്കും പെര്‍ഫ്യൂമുകള്‍ക്കും ബോട്ടുകള്‍ക്കും ശേഷം അപ്രത്യക്ഷമാകലിന്റെയും ഉപയോഗം മറന്നു പോയതുകൊണ്ടുള്ള പ്രയോജന ശൂന്യതയുടെയും തുടര്‍ച്ച മനുഷ്യന്റെ ഉടലിലേക്കും നീളുന്നതോടെ കൈകാലുകള്‍ പോലും അപ്രത്യക്ഷമായിത്തുടങ്ങുന്നു. അപ്രത്യക്ഷമാകുന്ന എന്തിന്റെയും അസ്തിത്വത്തെ ഓര്‍മ്മിപ്പിക്കുന്ന എല്ലാത്തിനെയും പാടെ തുടച്ചുനീക്കാന്‍ പൗരാവലി നിര്‍ബന്ധിതരാകുന്ന ദേശത്തു അവയുടെ ഓര്‍മ്മകളോ ചിഹ്നങ്ങളോ സൂഷിക്കുന്നവര്‍ ‘മെമ്മറി പോലീസി’ന്റെ വേട്ടക്കു വിധേയരാകുന്നു. സാമൂഹിക സ്മൃതിനാശമെന്ന പ്രതിഭാസത്തിന്റെ നീരാളിപ്പിടുത്തത്തിനെതിരെ പ്രതിരോധശേഷിയുള്ള ചുരുക്കം ചിലര്‍ ഒളിച്ചു കഴിയാന്‍ നിര്‍ബന്ധിതരാകുന്നത് നോവലിനെ ആന്‍ ഫ്രാങ്കിന്റെ ഡയറി പോലുള്ള ക്ലാസിക്കുകളോട് അടുപ്പിക്കുന്നു. ഓര്‍ വെല്ലിന്റെ Thought Policeനെയും നാസി എസ്. എസ്സിനെയും പോലുള്ള സംവിധാനങ്ങളുടെ പകര്‍പ്പായ മെമ്മറി പോലീസ്ഓര്‍മ്മകള്‍ നില നിര്‍ത്തുന്നവരെ സമാനമായ രീതിയില്‍ ‘അപ്രത്യക്ഷമാകലിലേക്ക് നയിക്കുന്നു. 

നാടിന്റെ വിചിത്ര വിധിയെ കുറിച്ചുള്ള നിരീക്ഷണത്തോട് കൂടിയാണ് നോവല്‍ ആരംഭിക്കുന്നത്:

“ഞാനൊരു കുഞ്ഞായിരുന്നപ്പോള്‍ എന്റെ അമ്മ എന്നോട് പറയുമായിരുന്നു: ഏറെ പണ്ട്നീ ജനിക്കുന്നതിനും മുമ്പ്ഇവിടെ വേറെയും കുറെ വസ്തുക്കള്‍ ഉണ്ടായിരുന്നു. സുതാര്യമായവസുഗന്ധമുള്ളവ.. പാറിനടക്കുന്നവ, തിളങ്ങുന്നവ.. നിനക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാനിടയില്ലാത്ത അത്ഭുതകരമായ വസ്തുക്കള്‍ ഇവിടെയുള്ള ആളുകള്‍ക്ക് അവരുടെ മനസ്സിലും ഹൃദയത്തിലും ആ അത്യത്ഭുതകരമായ കാര്യങ്ങളെ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞില്ലെന്നത് ലജ്ജാകരമാണ്, പക്ഷെ ഈ ദ്വീപില്‍ കാര്യങ്ങള്‍ അങ്ങനെയാണ്. വസ്തുക്കള്‍ ഒന്നൊന്നായി അപ്രത്യക്ഷമായിക്കൊണ്ടേയിരിക്കുന്നു. ഇനിയിപ്പോള്‍വൈകാതെ നിനക്ക് നേരിട്ട് തന്നെ കാണാം. നിന്റെ ജീവിതത്തില്‍ നിന്ന് എന്തെങ്കിലുമൊക്കെ അപ്രത്യക്ഷമാകും.” 

തിരോധാനങ്ങളുടെ രീതി പലവുരു നോവലില്‍ കടന്നുവരുന്നുണ്ട്വിശേഷിച്ചും നോവല്‍ ആരംഭത്തില്‍. ഒരു രാത്രി ദ്വീപു വാസികള്‍ക്ക്  എന്തോ ഒന്ന് അപ്രത്യക്ഷമാകാന്‍ പോകുന്നുവെന്ന് വിചിത്രമായ ഒരു തോന്നലുണ്ടാകുന്നു. പിറ്റേന്നു പ്രഭാതത്തില്‍ ചുവന്ന പൂവിതളുകള്‍ പുഴയിലാകെ നിറഞ്ഞിരിക്കുന്നത്‌ അവര്‍ കാണുന്നു: “ഇളം കാറ്റ് അവധാനതയോടെ ചുവന്ന റോസാ ദാലങ്ങളെ മാത്രം തെരഞ്ഞുപിടിച്ചു വിതറിയതായി കാണപ്പെട്ടു” എന്നു നോവലിസ്റ്റ് എഴുതുന്നു. ദ്വീപുവാസികള്‍ ആരും പറയാന്‍ കാത്തുനില്‍ക്കാതെത്തന്നെ റോസാ ചെടികള്‍ പിഴുതെടുക്കാന്‍ തുടങ്ങുന്നു; അവ പുഴയിലെറിയുകയോ ചുട്ടെരിക്കുകയോ ചെയ്യുന്നു. ചിലര്‍ ആ തിരോധാനത്തെ ചെറിയ ചടങ്ങുകളിലൂടെ ആചരിക്കുന്നു. ദിവസങ്ങള്‍ക്കു ശേഷം റോസാ തോട്ടങ്ങള്‍ മാത്രമല്ല റോസ് എന്ന പദം തന്നെ തീര്‍ത്തും വിസ്മൃതിയില്‍ ആണ്ടിരിക്കുന്നു. മെമ്മറി പോലീസ് റോസാ പൂവിനെ കുറിച്ചുള്ള എഴുത്തുകളോ ബിംബങ്ങളോ ബാക്കിയുണ്ടോ എന്ന് കണ്ടെത്താന്‍ സൂക്ഷ്മ പരിശോധന നടത്തുന്നു.

“മെമ്മറി പോലീസിന്റെ പ്രഥമ ദൌത്യം തിരോധാനം അടിച്ചേല്‍പ്പിക്കലാണ്.” 

പക്ഷികള്‍ എന്നെന്നേക്കുമായി പറന്നുപോയതു കൊണ്ട് പക്ഷിനിരീക്ഷണ ശാല നാശോന്മുഖമായിരിക്കുന്നു. തൊപ്പി നിര്‍മ്മണക്കാരും കടത്തുകാരും ബോട്ടു ജോലിക്കാരും മറ്റു തൊഴില്‍ തേടിയിറങ്ങിയിരിക്കുന്നു.   

മുഖ്യ കഥാപാത്രമായ എത്തുകാരി സര്‍ഗ്ഗ വിമ്മിഷ്ടം (writer’s block) അനുഭവിക്കുന്ന നോവലിസ്റ്റാണ്. തന്നില്‍ നിന്നും വയോധിക സുഹൃത്തില്‍ നിന്നും വ്യത്യസ്തമായിതന്റെ പ്രസാധകന്‍ ഓര്‍മ്മകള്‍ നിലനിര്‍ത്തുകയെന്ന ‘ദേശദ്രോഹം’ ചെയ്തുകൊണ്ടിരിക്കുന്നു എന്നറിയുന്ന യുവ നോവലിസ്റ്റ് അദ്ദേഹത്തെ രഹസ്യമുറിയില്‍ പാര്‍പ്പിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന ഒട്ടും അപ്രവചനീയമല്ലാത്ത സംഭവങ്ങളുമാണ് ഇതിവൃത്ത പ്രധാനമല്ലാത്ത നോവലിന്റെ പുറംഭാഗം. രഹസ്യമറി തിരോഭവിച്ച വസ്തുക്കളുടെ സൂക്ഷിപ്പു കേന്ദ്രം കൂടിയായിത്തീരുന്നത് അപകട സാധ്യത പതിന്മടങ്ങു വര്‍ദ്ധിപ്പിക്കുന്നുണ്ടെങ്കിലും “ഭീകരമായ കാര്യങ്ങള്‍ സംഭവിക്കാന്‍ പോകുകയായിരുന്നുഎങ്കിലും എങ്ങനെയെന്നറിയില്ല, ഞങ്ങള്‍ക്ക് വളരെയേറെ ശാന്തത അനുഭവപ്പെട്ടു” എന്ന് യുവതി നിരീക്ഷിക്കുന്നത് സാഹചര്യങ്ങളുടെ സമ്മിശ്ര ഭാവം പകര്‍ത്തുന്നുണ്ട്. തന്നെ സംബന്ധിച്ച് ഒരോര്‍മ്മയും ജനിപ്പിക്കാത്ത ഫോട്ടോഗ്രാഫുകള്‍ ചുട്ടുകളയാന്‍ ശ്രമിക്കുന്ന ആതിഥേയയോടുള്ള പ്രിതിഷേധത്തില്‍ ആര്‍. പ്രതിനിധാനം ചെയ്യുന്നത് തിരോധാനങ്ങളുടെ എതിര്‍ രാഷ്ട്രീയമാണ്: “സുപ്രധാന കാര്യങ്ങള്‍ സുപ്രധാനമായി തുടരും.. ലോകം എങ്ങനെയൊക്കെ മാറിയാലും ശരി.” തീയിലേക്ക് എറിയപ്പെടുന്ന അവസാനത്തെ പുസ്തകത്തിന്റെ ദിശ ഒരു പക്ഷിയുടെ ചിറകുപോലെ കാണപ്പെടുന്നതും എരിയുന്ന വെട്ടം അസഹ്യമായി അനുഭവപ്പെടുന്നതും യുവ എഴുത്തുകാരി നോക്കിനില്‍ക്കുന്നു. മറു വശത്ത്‌നിത്യ ജീവിതത്തിന്റെ പങ്കപ്പാടുകളില്‍ ഓര്‍മ്മകളുടെ ദാര്‍ശനിക പ്രശ്നങ്ങളൊന്നും അലട്ടാതെആളുകള്‍ ഏതുതരം നിരാസങ്ങളോടും പൊരുത്തപ്പെടുകയും ഒതുങ്ങിക്കഴിയുകയും ചെയ്യുന്ന വിപര്യയം സര്‍വ്വാധിപത്യ ക്രമങ്ങളുടെ പതിവു രീതിയാണ്:

“കഴിയാവുന്നതും ഒട്ടും ബഹളമില്ലാതെ നാമത് കുടഞ്ഞുകളയുന്നുബാക്കിയുള്ളതെന്തോ അതുകൊണ്ട് ജീവിക്കുന്നു. നാം എന്നും ചെയ്തിട്ടുള്ളതു പോലെ.”

മുഖ്യ കഥാപാത്രത്തിന്റെ സഹചാരിയായ വയോധികന്‍ നിരീക്ഷിക്കുന്നതു പോലെമിക്കയാളുകള്‍ക്കും ഓര്‍മ്മകള്‍ ദുര്‍വ്വ്യയവും അനാവശ്യവുമാണ്‌. ഓര്‍മ്മകളും മൊഴിയും വാക്കുകളുമില്ലാതെ തങ്ങളുടെ ഹൃദയങ്ങള്‍ ദാരിദ്രമായിക്കൊണ്ടിരിക്കുന്നതും ആത്മാവുംവ്യക്തിത്വവും സ്വത്വവും ശൂന്യമായിക്കൊണ്ടിരിക്കുന്നതും അവരറിയുന്നുണ്ട്. ഇത്തരമൊരു ഇതിവൃത്തത്തില്‍ ഒഴുക്കിനെതിരെ നീന്താന്‍ ശ്രമിക്കുന്നവരെ സംബന്ധിച്ച് സ്വാഭാവികമായ പിരിമുറുക്കവും ശ്വാസം മുട്ടിക്കുന്ന അന്തരീക്ഷവും തൊട്ടപ്പുറത്ത്, തൊട്ടടുത്ത നിമിഷം ദുരന്തം കാത്തിരിപ്പുണ്ടെന്ന സാധ്യതയുമെല്ലാം നോവലില്‍ ഉണ്ടെങ്കിലുംഅസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യും വിധം ഈ സ്മൃതിനാശം സൃഷ്ടിക്കുന്ന ആത്മീയവൈകാരിക പാപ്പരത്തത്തെയാണ് നോവലിസ്റ്റ് ഊന്നുന്നത്. തൊട്ടപ്പുറത്ത്, തെരുവിന്റെ മറുവശത്തു ഇനിയൊരിക്കലും തിരിച്ചു വരാനിടയില്ലാത്ത രീതിയില്‍ തങ്ങള്‍ക്ക് അഭയം നല്‍കിയവരോടൊപ്പം മെമ്മറി പോലീസ് പിടിച്ചു കൊണ്ടുപോകുന്ന നവയുവാക്കളുടെ കീഴടങ്ങിയ, ഒടിഞ്ഞ ഉടലുകള്‍ കാണാവുന്നുണ്ട്; ചിന്തയും വികാരങ്ങളുമില്ലാത്തആത്മാവ് നഷ്ടപ്പെട്ട ഒരു സമൂഹത്തെ സൃഷ്ടിച്ചെടുക്കുകയെന്നതാണ് ‘മെമ്മറി പോലീസ് പ്രാവര്‍ത്തികമാക്കുന്നത്.

ആര്‍. എന്നു മാത്രം വിളിക്കപ്പെടുന്ന പ്രസാധകനെ മാറ്റി നിര്‍ത്തിയാല്‍മുഖ്യ കഥാപാത്രത്തിന്റെയോഇതര കഥാപാത്രങ്ങളുടെയോ, ദ്വീപിന്റെയോ പേര് പറയാത്തത് കഥക്ക് പ്രതീകാത്മക സാര്‍വ്വ ജനീനത നല്‍കുകയും അതിനൊരു വേട്ടയാടുന്ന ഭാവം പകരുകയും ചെയ്യുന്നു. സ്വന്തം അമ്മയെയും അച്ഛനെയും മെമ്മറി പോലീസിന്റെ ഇടപെടലില്‍ നഷ്ടപ്പെട്ടിട്ടും ഓര്‍മ്മകളും വികാരങ്ങളുമുള്ള മനുഷ്യസ്ത്രീയായി തുടരുന്ന മുഖ്യ കഥാപാത്രത്തിന്റെ മനോവ്യാപാരങ്ങള്‍ ചിത്രീകരിക്കാന്‍ അതിവേഗം കടന്നു പോകുന്ന ശിശിരകാലത്തെതുടര്‍ന്ന് റോസാപൂക്കളെയും ഹരിതാഭയെയും മൂടുന്നസുദീര്‍ഘമായ മഞ്ഞുകാലത്തെ ഒരു രൂപകമായി നോവലിസ്റ്റ് ഉപയോഗിക്കുന്നു. കാവ്യാത്മക ഭാഷയിലുള്ള സംഭാഷണങ്ങളും മുഖ്യ കഥാപാത്രം എഴുതിക്കൊണ്ടിരിക്കുന്ന നോവലില്‍ നിന്നുള്ള സുദീര്‍ഘമായ ഉദ്ധരണികളും ഇതിവൃത്തത്തിനു പകരുന്ന സാഹിതീയമെറ്റാ ഫിക് ഷന്‍ തലവും ഒരര്‍ത്ഥത്തില്‍ സംഗീതവും കഥകളും അപ്രത്യക്ഷമാകുന്ന, അടിച്ചേല്‍പ്പിക്കപ്പെടുന്ന സര്‍ഗ്ഗനിരാസത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പായി കാണാം. കഥകള്‍ പറയപ്പെടുന്നത്‌ ഭൂതകാലത്തെ നിലനിര്‍ത്താന്‍ മാത്രമല്ലഅത് അസ്തിത്വ സ്ഥാപനവും അതിജീവനവും കൂടിയാണ്. നോവലിനുള്ളിലെ നോവല്‍ എന്ന നിലയില്‍ മുഖ്യകഥാപാത്രം നിബന്ധിക്കുന്ന കഥസ്വന്തം ഭാഷ്യം നഷ്ടമാകുന്ന ടൈപ്പിസ്റ്റ് യുവതിയുടെ അസ്തിത്വ പ്രതിസന്ധി സംബന്ധിച്ചാണ് എന്നത് പ്രസക്തമാണ്. ഓര്‍മ്മയും മൊഴിയും നഷ്ടമാകുന്ന ലോകത്ത് ആവിഷ്കാരം സാധ്യമല്ലാതാകുന്നുശാരീരികവും മാനസികവുമായി തടവിലാക്കപ്പെടുന്ന ഇടത്തില്‍ സ്വാതന്ത്ര്യവും. സ്വത്വനിരാസവും ഉടലില്‍ തന്നെ സംഭവിക്കുന്ന ‘അപത്യക്ഷമാകലും മരണത്തിന്റെ മറുവാക്കായി തീരുകയും ചെയ്യുന്നു. 

അതീവ ശബളമായവടിവൊത്ത യൂണിഫോമും വികാര ശൂന്യമായ ഭാവവുമായി യാന്ത്രികമായ കൃത്യതയോടെ കടന്നു വരികയും ഒരു കൊലയന്ത്രമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മെമ്മറി പോലീസിന് മാവോയുടെ ചൈനസ്റ്റാലിന്റെ സോവിയറ്റ് യൂണിയന്‍, പോള്‍പോട്ടിന്റെ കംബോഡിയനാസി ജര്‍മ്മനി തുടങ്ങിയ ആധുനിക ഇരുമ്പുമറകളില്‍ മാത്രമല്ലചരിത്രം ബോധപൂര്‍വ്വമോ അല്ലാതെയോ തമസ്കരിച്ച ഒട്ടേറെ ജനപഥങ്ങളില്‍ പൂര്‍വ്വ മാതൃകകള്‍ ഉണ്ട് എന്നിടത്താണ്ഒഗാവയുടെ രചന സ്ഥല കാല അതിരുകള്‍ ഭേദിക്കുന്നത്. ദുരൂഹതയും അസംബന്ധവും അധികാര സ്വരൂപങ്ങളുടെ ഭീഷണാവസ്ഥയുമെന്ന സങ്കരത്തെ അതിന്റെ വൈശദ്യത്തില്‍ അവതരിപ്പിക്കുകയെന്ന നിഗൂഡതാ നിഷേധം’ (demystification) ഒഴിവാക്കാന്‍ കൂടിയാണ് ‘ദുര്‍ഗ്ഗം (castle) എന്ന പ്രതീകത്തെ കാഫ്ക കണ്ടെടുക്കുന്നത്. പില്‍ക്കാല ലോകസാഹിത്യത്തില്‍ ‘കാഫ്കെയസ്ക്’ എന്ന് വിളിക്കാവുന്ന അവതരണങ്ങള്‍ എണ്ണമറ്റതാണ്. ഏറ്റവുമൊടുവില്‍, പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളില്‍അടിമത്തത്തില്‍ നിന്ന് മോചനം തേടി പാലായനം ചെയ്യുന്ന ആഫ്രിക്കന്‍ അമേരിക്കന്‍ വംശജരുടെ ദുര്‍ഘട യാനത്തിന്റെ സങ്കീര്‍ണ്ണ സംവിധാനങ്ങളെ മുഴുവന്‍ ‘അണ്ടര്‍ഗ്രൌണ്ട് റെയില്‍റോഡ്‌’ എന്ന രൂപകത്തിലേക്ക് ഒതുക്കിയ കോള്‍സന്‍ വൈറ്റ്ഹെഡ് (The Underground Railroad), അഭയാര്‍ഥിത്തത്തിന്റെ ഭൌമ രാഷ്ട്രീയ പ്രതിസന്ധികളെ മുഴുവന്‍ അപര ലോകങ്ങളിലേക്കു തുറക്കുന്ന മാന്ത്രിക വാതിലുകള്‍ എന്ന സങ്കല്‍പ്പനത്തില്‍ ചിത്രീകരിക്കുന്ന മോഹ്സിന്‍ ഹമീദ് (Exit Westഎന്നിവര്‍ വരെ ഈ നിര നീളുന്നു. ‘കാഫ്കെയസ്ക്’ പാരമ്പര്യത്തെ ഭൌമാരാഷ്ട്രീയ പരിതോവസ്ഥയുടെ കാലത്തേക്ക് പറിച്ചു നടുന്ന ഈ നിരയിലേക്കാണ് ‘മെമ്മറി പോലീസി’ലൂടെ യോക്കോ ഒഗാവ കടന്നുചെല്ലുന്നത് എന്നും നിരീക്ഷിക്കാവുന്നതാണ്. എന്നാല്‍സുദീര്‍ഘ ശൈത്യമെന്ന പ്രതീകം ധ്വനിപ്പിക്കുന്ന പാരിസ്ഥിതിക ഉത്കണ്ഠകളെ  നോവലിസ്റ്റ് അത്രകണ്ട് പിന്തുടരുന്നുമില്ല എന്നത് തെല്ലൊരു പരിമിതിയായി അനുഭവപ്പെടുകയും ചെയ്യും. 

read more:

Exit West by Mohsin Hamid

https://alittlesomethings.blogspot.com/2017/10/blog-post_24.html

A Wild Sheep Chase by Haruki Murakami

https://alittlesomethings.blogspot.com/2016/06/blog-post.html

Kafka on the Shore by Haruki Murakami

https://alittlesomethings.blogspot.com/2015/10/blog-post_29.html 

The Translation of Love by Lynne Kutsukake

https://alittlesomethings.blogspot.com/2024/09/the-translation-of-love-by-lynne.html


Tuesday, August 27, 2024

I Want to Live: The Story of Madhubala by Katijia Akbar

 'എനിക്ക് ജീവിക്കണം'- മധുബാലയുടെ കഥ

 


ഇന്ത്യന്‍ സിനിമയുടെ സുവര്‍ണ്ണകാലമെന്ന് നാല്പ്പതുകളെയും അമ്പതുകളെയും വിശേഷിപ്പിക്കുന്നതിന് പിന്നില്‍ സിനിമയുടെ 'ജീവിതത്തെക്കാള്‍ വലിയ സങ്കല്പം  (larger-than- life legends)' മാത്രമായിരുന്നില്ല, അക്കാലത്ത് സിനിമയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും നിറഞ്ഞു നിന്ന പ്രതിഭകളുടെ സാന്നിധ്യം കൂടി ഉണ്ടായിരുന്നു. നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും കുടുംബ വിലക്കുകളെയും സാമൂഹിക ഭ്രഷ്ടിനെയുമെല്ലാം മറികടന്ന് യുവ പ്രതിഭകള്‍ ഒരു കാന്തക്കല്ലിലെക്കെന്നോണം അതിന്റെ മായിക വലയത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. അമിയ ചക്രവര്‍ത്തി, നിതിന്‍ ബോസ്, അനില്‍ ബിശ്വാസ്, കിദര്‍ ശര്‍മ്മ, മെഹബൂബ് ഖാന്‍, കെ. എ. അബ്ബാസ്, കമാല്‍ അംറോഹി, വി. ശാന്താറാം, രാജ് കപൂര്‍, ബിമല്‍ റോയ് തുടങ്ങിയ സംവിധായകര്‍; നൌഷാദ്, ഗുലാം ഹൈദര്‍, എസ്. ഡി. ബര്‍മ്മന്‍, സജ്ജാദ് ഹുസൈന്‍, ഹേമന്ത് കുമാര്‍, ഓ. പി. നയ്യാര്‍, ഖയ്യാം, ശങ്കര്‍ ജയ് കിഷന്‍, സലീല്‍ ചൌധരി, തുടങ്ങിയ സംഗീതകാരന്മാര്‍; ഷംഷാദ് ബീഗം, നൂര്‍ ജഹാന്‍, രാജ് കുമാര്‍, അമീര്‍ ഭായ് കര്‍ണാടകി, സുരയ്യ, ലതാ മങ്കേഷ്കര്‍, മുഹമ്മദ്‌ റാഫി, മുകേഷ്, തലത് മഹ്മൂദ്, ഗീത ദത്ത് തുടങ്ങിയ ഗായകര്‍; സാഹിര്‍ ലുധിയാന്‍വി, ഷകീല്‍ ബദായുനി, കൈഫി ആസ്മി, രാജീന്ദര്‍ കിഷന്‍, റജാ മെഹ്ദി അലി ഖാന്‍, ഖമര്‍ ജലാലാബാദി, മജ്റൂഹ് സുല്‍ത്താന്‍പുരി, പ്രേം ധവാന്‍ തുടങ്ങിയ കവികള്‍ തന്നെയായ ഗാന രചയിതാക്കള്‍... ഹിന്ദി സിനിമ മൗലിക പ്രതിഭകളുടെ കേളീരംഗം തന്നെയായിരുന്നു അക്കാലത്ത്. അഭിനയ രംഗത്താവട്ടെ, ദിലീപ് കുമാര്‍- ദേവ് ആനന്ദ്- രാജ് കപൂര്‍ എന്നീ ത്രിമൂര്‍ത്തികള്‍ അരങ്ങു വാണപ്പോള്‍ അശോക്‌ കുമാര്‍, ഗുരു ദത്ത്, ഷമ്മി കപൂര്‍, സുനില്‍ ദത്ത്, രാജ് കുമാര്‍ തുടങ്ങിയവരും തങ്ങളുടേതായ ഇടങ്ങള്‍ വെട്ടിപ്പിടിച്ചു വിരാജിച്ചവര്‍ തന്നെയായിരുന്നു. നായികമാരിലാവട്ടെ മധുബാല - മീനാ കുമാരി-നര്‍ഗ്ഗീസ് ത്രയം തങ്ങളുടേതായ ശൈലികളില്‍ ഒന്നിനൊന്നു മികച്ചു നിന്നപ്പോള്‍ എക്കാലത്തെയും ഏറ്റവും മികച്ച ഗായികാ- അഭിനേത്രിമാരില്‍ ഒരാളായ സുരയ്യ ആരാധകരുടെ പ്രിയങ്കരിയായിരുന്നു. കാമിനി കൌശല്‍, ബീന റായ്, ഗീതാ ബാലി, വഹീദ റഹ്മാന്‍, നിമ്മി, വൈജയന്തി മാല തുടങ്ങിയ മികച്ചൊരു തുടര്‍നിരയും അക്കാലത്ത് തന്നെ നായികമാരായി നിറഞ്ഞുനിന്നു. ഈ കാലഘട്ടത്തില്‍ ഹിന്ദി സിനിമയുടെ ചക്രവാളത്തില്‍ ഒരപ്സരസ്സാന്നിധ്യമായി ഉദിച്ചുയരുകയും ജ്വലിച്ചു നില്‍ക്കുന്ന ഘട്ടത്തില്‍ത്തന്നെ വിധിയുടെ ബലിക്കല്ലില്‍ ഒടുങ്ങിപ്പോവുകയും ചെയ്ത അപൂര്‍വ്വപ്പിറവിയായിരുന്നു മധുബാലയെന്നു വിളിക്കപ്പെട്ട മുംതാസ് ജഹാന്‍ ദഹ് ലവി എന്ന ഏറ്റവും വൈവിധ്യസിദ്ധിയുള്ള  അഭിനേത്രിയുടെത്. വ്യക്തിജീവിതത്തില്‍ നിലനിര്‍ത്തിപ്പോന്ന കര്‍ശന സ്വകാര്യതകള്‍ കാരണം അധികമൊന്നും അറിയപ്പെടാതെ പോയേക്കാമായിരുന്ന അവരുടെ ചലച്ചിത്ര ജീവിതത്തിന്റെയും വ്യക്തിത്വത്തിന്റെയും ഉള്ളറകളിലേക്ക് ഒരു ജേണലിസ്റ്റിന്റെ അന്വേഷണ ബുദ്ധിയോടൊപ്പം, കറകളഞ്ഞ ഒരാരാധികയുടെ സ്നേഹാദരങ്ങളോടെ കടന്നു ചെല്ലുന്ന പുസ്തകമാണ് ഖദീജ അക് ബര്‍ രചിച്ച I Want to Live' The Story of Madhubala.

പുസ്തകത്തില്‍ ആവിഷ്കരിക്കപ്പെടുന്ന മധുബാലയുടെ ചിത്രം അനന്യ മനോഹരവും ആര്‍ദ്രവുമാണ്. പിതാവിന്റെ തൊഴില്‍ നഷ്ടത്തെ തുടര്‍ന്ന് ഒരു ജംബോ കുടുംബത്തിന്റെ ഉത്തരവാദിത്തം തോളിലെടുക്കേണ്ടിവന്ന ചുറുചുറുക്കും അഭിനയത്തില്‍ നൈസര്‍ഗ്ഗിക വാസനയുമുള്ള ബേബി മുംതാസ് എന്ന എട്ടുവയസ്സുകാരിയുടെ തുടക്കം ഒരു ഗായിക കൂടിയായായിരുന്നു- മേരെ ചോട്ടി സി മാന്‍ മേം എന്ന പാട്ടുമായി ബസന്തി എന്ന ചിത്രത്തില്‍ (1942) രംഗത്ത് വന്ന കൊച്ചു പെണ്‍കുട്ടി ചുവടു വെച്ചത് ഇന്ത്യന്‍ സിനിമയുടെ ഹൃദയത്തിലേക്കായിരുന്നു.  രഞ്ജിത്ത് സ്റ്റുഡിയോയില്‍ ബാലതാരമായി കരാര്‍ ചെയ്യപ്പെട്ട ബേബി മുംതാസ് മറ്റു ബാലതാരങ്ങളെ പോലെ നിഷ്പ്രഭമായി പോകാതിരുന്നത് പഠിക്കാനുള്ള ജിജ്ഞാസ നിലനിര്‍ത്തുകയും താരപ്രഭയില്‍ പെട്ട് അകാലത്തില്‍ മുതിര്‍ന്നവരുടെ മാനറിസങ്ങള്‍ ആഗിരണം ചെയ്ത് കുട്ടിയും മുതിര്‍ന്നവരും അല്ലാതാവുന്ന ചതിയില്‍ പെടാതിരിക്കുകയും ചെയ്തത് കൊണ്ടാണെന്ന നിരീക്ഷണം പ്രസക്തമാണ്. യഥാര്‍ഥത്തില്‍ തന്റെ കരിയറില്‍ ഉടനീളം ഈയൊരു കൌതുക സമീപനവും കൃത്യനിഷ്ഠയും അവര്‍ നിലനിര്‍ത്തിയിരുന്നുവെന്നു ഒട്ടേറെ സ്രോതസ്സുകളില്‍ നിന്നായി പുസ്തകം സമര്‍ഥിക്കുന്നുണ്ട്. പതിനാലാം വയസ്സില്‍ നീല്‍ കമലിലെ (1947) ആദ്യ നായികാ വേഷം ചെയ്യുമ്പോള്‍ത്തന്നെ ഇരുപത്തിരണ്ടുകാരനായിരുന്ന നായകന്‍ രാജ് കപൂറിനെ അഭിനയ സിദ്ധിയില്‍ ബഹുദൂരം പിന്നിലാക്കിയിരുന്നു മധുബാല എന്ന് നിരീക്ഷിക്കപ്പെട്ടിരുന്നു. ആയിടെയാണ് യൂസുഫ് ഖാനെ ദിലീപ് കുമാര്‍ ആക്കിയ അതേ ദേവികാ റാണി തന്നെ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മനോഹരമായ സ്ക്രീന്‍ പേര് മുംതാസിനു നല്‍കിയത്- മധുബാല.  നീല്‍ കമലിനു ശേഷംഒരു ഡസന്‍ ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചു കഴിഞ്ഞാണ്  പില്‍ക്കാലം ഒരു കള്‍ട്ട് സിനിമയായി മാറിയ  മഹല്‍ (1949) സംഭവിക്കുന്നത്‌. ചിത്രം രണ്ടു സൂപ്പര്‍ താരങ്ങളെയാണ് സൃഷ്ടിച്ചത്: അപ്സര സൗന്ദര്യവും നിഗൂഡ പ്രകൃതവുമുള്ള നായികയെ അവതരിപ്പിച്ച മധുബാല, ചിത്രത്തിന്റെ മുഴുനീള ഈണമായി മാറിയ 'ആയേഗാ ആനേ വാലാ..' എന്ന ഗാനം പാടിയ ലതാ മങ്കേഷ്കര്‍. 

അമ്പതുകളില്‍ മധുബാലയുടെ സാന്നിധ്യം വിജയമന്ത്രം തന്നെയായി മാറിയ ഘട്ടമായിരുന്നു. 1951-ല്‍ ആണ് ഇന്ത്യന്‍ സിനിമയില്‍ 'ഓണ്‍ സ്ക്രീന്‍ റോമാന്സിന്റെ എക്കാലത്തെയും മികച്ച മാതൃകയായ തരാന റിലീസ് ചെയ്യപ്പെട്ടത്- മധുബാല, ദിലീപ് കുമാര്‍ പ്രണയം അതോടെ യാഥാര്‍ത്ഥ്യമായി. അഭിനയ കലയുടെ മര്‍മ്മമറിഞ്ഞ ദിലീപ് കുമാറിനോടൊപ്പം അക്ഷരാര്‍ത്ഥത്തില്‍ വിസ്മയിപ്പിച്ച പ്രകടനമായിരുന്നു മധുബാലയുടെത്. അനായാസം കോമഡി  കൈകാര്യം ചെയ്യാന്‍ വേണ്ട അപാരമായ ടൈമിംഗ് അവരുടെ സിദ്ധിയായിരുന്നുവെന്നു ദിലീപ് കുമാര്‍ സാക്ഷ്യപ്പെടുത്തുന്നു. പില്‍ക്കാലം മിസ്റ്റര്‍ ആന്‍ഡ്  മിസ്സിസ് '55, ചല്‍ത്തി കെ നാം ഗാഡി തുടങ്ങിയ ചിത്രങ്ങളില്‍ ഈ സിദ്ധി അതിന്റെ പരമാവധി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ബര്‍സാത് കി ഏക്‌ രാത്, അമര്‍ തുടങ്ങിയ ചിത്രങ്ങളില്‍ ഭാവ സാന്ദ്രതയുള്ള ട്രാജിക് റോളുകളും തനിക്കു ഭംഗിയായി വഴങ്ങുമെന്ന് തെളിയിച്ച മധുബാലയുടെ അഭിനയത്തിലെ റേഞ്ച് അതിന്റെ മുഴുവന്‍ ആഴത്തിലും അളക്കാനാകുക കെ. ആസിഫിന്റെ ബ്രഹ്മാണ്ഡ ചിത്രം മുഗളെ അസമില്‍ (1961) തന്നെയാണ്.


പുസ്തകത്തിലെ വിശദമായ ഒരധ്യായം തന്നെയും മുഗളെ അസമിന്റെ ചരിത്രവും ചിത്രത്തിലെ മധുബാലയുടെ പങ്കും പരിശോധിക്കുന്നതാണ്. ഒരു ചിത്രത്തെ സംബന്ധിച്ച എല്ലാ കാര്യങ്ങളും, ചെറുതും വലുതുമായവ, ചരിത്രമാകുക എന്ന അപൂര്‍വ്വതയാണ് മുഗളെ അസം. ചിത്രനിര്‍മ്മാണ ഘട്ടത്തില്‍ ഭ്രാന്തനെന്നും റിലീസിന് ശേഷം ജീനിയസ് എന്നും വിളിക്കപ്പെട്ട കെ. ആസിഫ് നടത്തിയ മുന്നൊരുക്കം,  സെറ്റ്, കോസ്റ്റ്യൂം, ആടയാഭരണങ്ങള്‍, സൈന്യം, ലൊക്കേഷനുകള്‍, സംഗീതം, ഗാനാലാപനം, ഷൂട്ടിംഗ് കാലയളവ്‌, അരങ്ങിലും അണിയറയിലുമായുണ്ടായ പ്രതിഭകളുടെ സംഗമം, അഭിനേതാക്കളുടെ തെരഞ്ഞെടുപ്പ്, അര്‍പ്പണം എന്നുവേണ്ട, ചിത്രവുമായി ബന്ധപ്പെട്ട നുറുങ്ങുകഥകള്‍ വരെ സിനിമ നിര്‍മ്മാണ ചരിത്രത്തിന്റെ സമാനതകളില്ലാത്ത ആവേശവും റെക്കോര്‍ഡുകളും സൃഷ്ടിക്കുകയായിരുന്നു. 1944-  മുതല്‍ കെ. ആസിഫ് ചിത്രത്തിനുള്ള തയ്യാറെടുപ്പുകളില്‍ ആയിരുന്നു. ഒരിക്കല്‍  സപ്രു, ചന്ദ്രമോഹന്‍, നര്‍ഗ്ഗീസ് ടീമിനെ വെച്ച് ചിത്രം പ്ലാന്‍ ചെയ്യപ്പെട്ടെങ്കിലും 1949-ല്‍ ചന്ദ്രമോഹന്‍ മരിച്ചതോടെ പദ്ധതി പാതിവഴിയിലായി. വിഭജനത്തെ തുടര്‍ന്ന് മൂലധനവും പ്രശ്നമായി. അതേ പ്രണയകഥക്ക് ഇതേ കാലയളവില്‍ വന്‍ വിജയമായ ആവിഷ്കാരങ്ങള്‍ വേറെയും ഉണ്ടാവുകയും ചെയ്തു. എന്നാല്‍ ആസിഫ് ഉപേക്ഷിക്കാന്‍ വേണ്ടി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന ആളല്ലായിരുന്നു. ഒരു പെര്‍ഫെക് ഷനിസ്റ്റ് ആയിരുന്ന ആസിഫ് തന്റെ കഥയില്‍ മറ്റാരും ഒരുക്കിയിട്ടില്ലാത്തത് കരുതി വെച്ചിരുന്നു. ചന്ദ്ര മോഹനു പകരം അക്ബര്‍ ചക്രവര്‍ത്തിയായി പ്രഥിരാജ് എത്തിയപ്പോള്‍ ഏറെ ബോധ്യപ്പെടുത്തലുകള്‍ക്ക് ശേഷമാണ് ഒരു ആക്ഷന്‍ ഹീറോ പരിവേഷം ഇല്ലാതിരുന്ന ദിലീപ് കുമാര്‍ സലിം രാജകുമാരന്‍ ആയത്. ഷൂട്ടിംഗ് തുടങ്ങി അമ്പതു ദിവസം കഴിഞ്ഞിട്ടും ചിത്രത്തിന്റെ നെടും തൂണ്‍ കഥാപാത്രമായ അനാര്‍ക്കലിയെ ആരവതരിപ്പിക്കും എന്ന് മാത്രം തീര്‍ച്ചയായിരുന്നില്ല. ഹല്‍ച്ചലിന്റെ സെറ്റില്‍ ഉണ്ടായ പ്രശ്നം ഇനിമുതല്‍ ദിലീപിനോടൊപ്പം അഭിനയിക്കില്ലെന്ന തീരുമാനത്തില്‍ നര്‍ഗ്ഗീസിനെ എത്തിച്ചിരുന്നു. ആസിഫ്, നൂതനെ സമീപിച്ചെങ്കിലും ആ വേഷം നര്‍ഗ്ഗീസോ മധുബാലയോ തന്നെ ചെയ്യണം എന്ന് അവരും നിലപാടെടുത്തു. അങ്ങനെയാണ് വേഷം മധുബാലയില്‍ എത്തിയത്. അതാഉല്ലാ ഖാന്റെ നിബന്ധനകളില്‍ മനം മടുത്ത് മധുബാലയെ ഒഴിവാക്കാന്‍ പോയ ആസിഫിനു അവര്‍ നേരിട്ടിടപെട്ട് പൂര്‍ണ്ണ സഹകരണം ഉറപ്പു കൊടുക്കുകയായിരുന്നു. ഒരു മികച്ച അഭിനേത്രി കൂടിയാണ് താന്‍ എന്ന് തെളിയിക്കാന്‍ കിട്ടിയ അവസരമായി അനാര്‍ക്കലിയെ കണ്ട മധുബാല ഏറെ ആവേശത്തിലായിരുന്നു. മധുബാലയുടെ സൗന്ദര്യം കാണുന്ന തിരക്കില്‍ അവരിലെ കിടയറ്റ അഭിനേത്രിയെ കാണാതെ പോകുന്ന പൊതു സമീപനത്തിനുള്ള മറുപടി കൂടിയായാണ് അവര്‍ ചിത്രത്തെ കണ്ടത്. ചിത്രത്തിന്റെ സെറ്റില്‍ പതിവുരീതിയില്‍ ചിരിക്കുടുക്കയും ഉല്ലാസവതിയുമായെത്തിയ മധുബാലയോട് തന്റെ കഥാപാത്രത്തിലേക്കുള്ള കായപ്രവേശത്തിനു ഈ ഭാവങ്ങള്‍ തികച്ചും മാറ്റെണ്ടതുണ്ടെന്നു ആസിഫ് നിഷ്കര്‍ഷ വെച്ചു. ആദ്യത്തെ അഞ്ചു ദിവസവും അവരെ വെറുതെയിരുത്തിയ ആസിഫ്, ആറാം ദിവസം അടിമുടി ഭാവമാറ്റം ഉള്‍ക്കൊണ്ടു സെറ്റിലെത്തിയ നായികയോട് പറഞ്ഞു: “ഇപ്പോള്‍ നീയെന്റെ അനാര്‍ക്കലിയായി.” തുടര്‍ന്ന് മധുബാല നടത്തിയ കായപ്രവേശം ചരിത്രമാണ്. തുടരെത്തുടരെ പല ആവിഷ്കാരങ്ങളായി ചലച്ചിത്ര രൂപം പ്രാപിച്ച സലിം- അനാര്‍ക്കലി പ്രണയ ദുരന്തത്തിനു ഇനിയൊരു ആവിഷ്കാരം ദുസ്സാധ്യമാകും വിധം മധുബാല ആ കഥാപാത്രത്തെ അനശ്വരമാക്കി. ഇന്ത്യന്‍ സിനിമയിലെ 'ഏറ്റവും എറോട്ടിക് ' എന്ന് വിശേഷിപ്പിക്കപ്പെട്ട ആ തൂവല്‍ സ്പര്‍ശ രംഗം ചിത്രീകരിക്കുമ്പോള്‍ നായകനും നായികയും യഥാര്‍ത്ഥ ജീവിതത്തില്‍ പരസ്പരം മിണ്ടാത്ത അവസ്ഥയായിരുന്നു എന്നത് ഇരുവരുടെയും പ്രോഫഷനലിസത്തിന്റെ തെളിവാണ്. മൂന്നു മാസം നീണ്ടു നിന്ന ഒറ്റയൊരു ഗാന ചിത്രീകരണ രംഗം - പ്യാര്‍ കിയാ തൊ ഡര്‍നാ ക്യാ- ചിത്രീകരിക്കുമ്പോഴും ഭാരിച്ചയഥാര്‍ത്ഥ ചങ്ങലകള്‍ ഉപയോഗിച്ചുള്ള സുദീര്‍ഘ ഷൂട്ടിംഗ്  വേളകളിലും മധുബാല തന്റെ ഹൃദയത്തിന്റെ രോഗാവസ്ഥ അപകടകരമാം വിധം മറച്ചു വെക്കുകയായിരുന്നു എന്ന് പുസ്തകം നിരീക്ഷിക്കുന്നു. ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നായ ഈ  അഭിനയത്തിനു പോലും ഫിലിം ഫെയര്‍ അവാര്‍ഡ് മധുബാലയെ തേടിയെത്തിയില്ല- കാരണം വ്യക്തമായിരുന്നു. ആള്‍ക്കൂട്ടത്തെ അതീവ ഭയമായിരുന്ന അവര്‍ ഒരു അവാര്‍ഡ് നിശയില്‍  എന്നല്ല പാര്‍ട്ടികളില്‍ പോലും പങ്കെടുക്കുമായിരുന്നില്ല. ലൈംലൈറ്റില്‍ നില്‍ക്കുന്നവരെ മാത്രം ക്ഷണിക്കുന്ന പരിപാടികളില്‍ താല്പര്യമില്ലെന്നത് അവരുടെ നിലപാടായിരുന്നു. അനാര്‍ക്കലിയും മധുബാലയുടെ ജീവിതവും തമ്മില്‍ ഒരു പാട് കെട്ടുപിണഞ്ഞു പോയിരുന്നു ദിലിപ് കുമാറുമായുണ്ടായ അകല്‍ച്ചക്ക് ശേഷം. പുറമേക്ക് കാണിച്ചിരുന്നില്ലെങ്കിലും തന്റെ മേക്കപ്പ് റൂമിന്റെ സ്വകാര്യതയില്‍ അവര്‍ വിങ്ങിപ്പൊട്ടുന്നത് പലരുടെയും ശ്രദ്ധയില്‍ പെട്ടിരുന്നു. അതിനു ശേഷവും മധുബാല ജീവിച്ചിരുന്നു കുറെ കാലം - ജീവിതം കൈമോശം വന്നു നാടുകടത്തപ്പെടുന്ന തന്റെ കഥാപാത്രമായ കൊട്ടാര നര്‍ത്തകിയെ പോലെത്തന്നെ. 1960 ആഗസ്റ്റ് അഞ്ചിന് ബോംബെ മറാത്ത മന്ദിറില്‍ പ്രിമിയര്‍ ചെയ്യപ്പെട്ട മുഗളെ അസം ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളില്‍ ഒന്നായിത്തീര്‍ന്നു. 2004- ല്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചെയ്യപ്പെട്ട കളര്‍ പതിപ്പ് തിയേറ്റര്‍ റിലീസിന് വേണ്ടി അങ്ങനെ ചെയ്ത ആദ്യ ചിത്രമായി. അതും ഒരു വന്‍ ഹിറ്റ്‌ ആയിരുന്നു എന്നതിലും പ്രധാന ശ്രദ്ധാ കേന്ദ്രം മധുബാലയായിരുന്നു. മുഗളെ അസം പലതുമാണ് - എന്നാല്‍ ഒടുവില്‍ അത് മധുബാലയുടെ ചിത്രമാണ്.

    ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കയ്യയച്ചു സംഭാവന ചെയ്യുകയും ആപല്‍ ഘട്ടങ്ങളില്‍ സഹായിച്ചവരെ ഒരിക്കലും മറക്കാതിരിക്കുകയും ചെയ്ത മധുബാല പക്ഷെ കര്‍ക്കശക്കാരനും ആളുകളുമായി ഒത്തുപോകുന്നതില്‍ പ്രശ്നക്കരനുമായ പിതാവ് അതാഉല്ലാ ഖാനിന്റെ വിവേചനമില്ലാത്ത തെരഞ്ഞെടുപ്പുകളില്‍ വകക്ക് കൊള്ളാത്ത ചിത്രങ്ങളില്‍ വാരി വലിച്ചു അഭിനയിക്കുന്ന അവസ്ഥയുണ്ടായത് അവരുടെ കഴിവുകളോട് പലപ്പോഴും നീതി പുലര്‍ത്തുകയുണ്ടായില്ല. ഇത്തിരി കൂടുതല്‍ കാലം ജീവിച്ചിരിക്കുകയും ശ്രദ്ധയോടെ ചിത്രങ്ങള്‍ തെരഞ്ഞെടുക്കുകയും ചെയ്തിരുന്നുവെങ്കില്‍ തന്റെ സമകാലികരെയെല്ലാം അതിശയിക്കാന്‍ മധുബാലക്ക് കഴിയുമായിരുന്നു എന്ന് ദിലീപ് കുമാര്‍ ഓര്‍ക്കുന്നു. സത്യത്തില്‍ പുസ്തകത്തിലെ ഒരു അവ്യക്തതയും പിതാവിനോടുള്ള വിധേയത്വത്തെ സംബന്ധിച്ചുള്ളതാണ്: മധുബാല തന്റെ പിതാവിന്റെ മുഴുനിയന്ത്രണത്തില്‍ ആയിരുന്നു എന്ന് പലവുരു ആവര്‍ത്തിക്കപ്പെടുന്നുണ്ട്. ദിലീപ് കുമാറുമായുള്ള ബന്ധം തകരാനിടയായ ആ നയാ ദൌര്‍ കേസും അങ്ങനെയാണ് സംഭവിച്ചത്. രണ്ടു പത്താന്‍ ഈഗോകളുടെ സംഘര്‍ഷമാണ് ബി. ആര്‍. ചോപ്രയുടെ ക്രിമിനല്‍ കേസിനോടൊപ്പം ആ കോടതിമുറിയില്‍ ഏറ്റുമുട്ടിയത്. നഷ്ടം മധുബാലക്ക് മാത്രമായിരുന്നു; തകര്‍ന്നു പോയത് അവരുടെ ജീവിത സ്വപ്നവും. തന്റെ നിര്‍മ്മാതാവിനു വേണ്ടി എല്ലാതരം മൊഴികളും നല്‍കാന്‍ തയ്യാറായ ദിലീപിനെ നോക്കി 'ഇത് തന്നെയാണോ ഞാന്‍ സ്നേഹിച്ചയാള്‍?!' എന്ന് വിങ്ങിപ്പൊട്ടിയ മധുബാലയെ അവരുടെ വക്കീല്‍ ഓര്‍ക്കുന്നു. ജീവിതത്തില്‍ പക്ഷെ അവര്‍ ഹൃദയത്തിലേറ്റിയ ഏക പ്രണയം എല്ലാകാലവും അതായിരുന്നു എന്ന് പുസ്തകം സമര്‍ഥിക്കുന്നു. അതിന്റെ തകര്‍ച്ചയില്‍ തന്നോട് തന്നെ പകപോക്കും പോലെ അവര്‍ കണ്ടെത്തിയ കിഷോര്‍ കുമാറുമായുണ്ടായ വിവാഹം എല്ലാ അര്‍ത്ഥത്തിലും അബദ്ധമായിരുന്നു എന്ന് വിശ്വസിച്ചവരായിരുന്നു അവരുടെ അഭ്യുദയ കാംക്ഷികള്‍ എല്ലാം. അങ്ങേയറ്റം മാന്യനും വിഭാര്യനുമായിരുന്ന ഭരത് ഭൂഷന്‍ നടത്തിയ വിവാഹാഭ്യര്‍ഥന നിരസിച്ചാണ് ആ ഒട്ടും യോജിക്കാത്ത ബന്ധത്തിലേക്ക് അവര്‍ എടുത്തു ചാടിയതെന്നത് നര്‍ഗ്ഗീസിനെ പോലുള്ള സുഹൃത്തുക്കളെ ഏറെ വിഷമിപ്പിച്ചിരുന്നു.

    മധുബാലയുടെ സൌന്ദര്യത്തെയും ചുറ്റുമുള്ളവരില്‍ അതുണ്ടാക്കിയ പ്രതികരണങ്ങളെയും പേര്‍ത്തും പേര്‍ത്തും പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. അവരോടൊപ്പം ആദ്യം അഭിനയിക്കുമ്പോള്‍ വെറും രണ്ടു വയസ്സിന്റെ മൂപ്പ് മാത്രം ഉണ്ടായിരുന്ന ഷമ്മികപൂര്‍ സംഭാഷണം മറന്നു പോയതും പ്രണയാസക്തനായി അവരെ വിവാഹം കഴിക്കാന്‍ വീട്ടില്‍ വഴക്കിട്ടതും അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ പുസ്തകം സാക്ഷ്യപ്പെടുത്തുന്നു. ഇക്കഥ ഗീതാ ബാലിക്കും അവരുടെ മരണ ശേഷം അദ്ദേഹം വിവാഹം ചെയ്ത രണ്ടാം ഭാര്യക്കും അറിയാമായിരുന്നെന്നും അദ്ദേഹം പറയുന്നു. ഷൂട്ടിംഗ് സെറ്റില്‍ ആദ്യമായി മധുബാലയെ കണ്ട നിമ്മി ഉറക്കമില്ലാതെ ഒരു രാത്രി കഴിച്ചു കൂട്ടിയതും 'ഈ അപസരസ്സിനോടൊപ്പം ഞാനെന്താണ് ചെയ്യേണ്ടത്” എന്ന് അന്തം വിട്ടതും അവരുടെ വാക്കുകളിലുണ്ട്.  നായികമാരുടെ സൌന്ദര്യത്തെ കുറിച്ച് ഒരു ഘട്ടത്തില്‍ താരങ്ങള്‍ തങ്ങള്‍ക്കിടയില്‍ നടത്തിയ തെരഞ്ഞെടുപ്പില്‍ നര്‍ഗ്ഗീസ്സിനും നളിനി ജയവന്തിനും ബീനാ റായിക്കും പിറകില്‍ നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ട മധുബാല മരണത്തിനിപ്പുറം രണ്ടരപ്പതിറ്റാണ്ട് കഴിഞ്ഞു 1993-ല്‍ ഒരു ഫിലിം മാഗസിന്‍ നടത്തിയ തെരഞ്ഞെടുപ്പില്‍ 58 ശതമാനം വോട്ടോടെ ഒന്നാം സ്ഥാനത്തെത്തിയത് ഖദീജ അക്ബര്‍ ചൂണ്ടിക്കാണിക്കുന്നു. രണ്ടാം സ്ഥാനത്തെത്തിയ നര്‍ഗ്ഗീസിനു കിട്ടിയത് 13 ശതമാനം വോട്ടുകള്‍ ആയിരുന്നു എന്നതും പ്രസക്തമാണ്. ആളുകളോട് നിര്‍ദോഷമായി തമാശകള്‍ ഒപ്പിക്കാന്‍ ഇഷ്ടമായിരുന്ന മധുബാല ചിരിപൊട്ടിയാല്‍ അടക്കി നിര്‍ത്താന്‍ കഴിയാതെ സെറ്റില്‍ രസകരമായ അലോസരങ്ങല്‍ക്കിടയാക്കിയ സന്ദര്‍ഭങ്ങള്‍ വിവരിക്കപ്പെടുന്നുണ്ട്. ഷമ്മി കപൂറിന്റെ തനതു നൃത്ത രീതികള്‍ കണ്ട് ഉറങ്ങിക്കിടക്കുന്ന നായിക കുടുകുടെ ചിരിക്കുന്നത് തോളനക്കമായി റെയില്‍ കാ ഡിബ്ബയില്‍ കാണാം. വ്യക്തിജീവിതത്തില്‍ ഒതുങ്ങിക്കഴിയാനുള്ള അവരുടെ പ്രകൃതം കാരണം ഗ്രേറ്റ ഗാര്‍ബോയുമായി അവരെ താരതമ്യം ചെയ്യാറുണ്ടെങ്കിലും യഥാര്‍ഥത്തില്‍ ഒരു താരതമ്യ സാധ്യതയുള്ളത് മരിലിന്‍ മണ്‍റോയുമായാണ് എന്നാണു ഗ്രന്ഥകാരി കരുതുന്നത്. സൌന്ദര്യത്തിലും അഭിനയത്തിലെ അനായാസതയിലും കോമിക് റോളുകള്‍ ഭംഗിയാക്കാനുള്ള മിടുക്കിലും സര്‍വ്വോപരി രണ്ടുപേരും മുപ്പത്തിയാറാം വയസ്സിലാണ് മരിച്ചത് എന്ന കാര്യത്തിലും അവര്‍ക്കിടയില്‍ സാമ്യങ്ങളുണ്ട്. എന്നാല്‍, മരിലിന്‍ ലൈംലൈറ്റില്‍ നില്‍ക്കാതെ ജീവിക്കാനേ വയ്യാത്ത ആളായിരുന്നെങ്കില്‍ ഇന്ത്യയുടെ വീനസ് ക്വീന്‍ ആള്‍ക്കൂട്ടത്തെയും പാര്‍ട്ടികളെയും എന്ത് വിലകൊടുത്തും അകറ്റി നിര്‍ത്തി. 'ലോകത്തിലെ ഏറ്റവും വലിയ താരം ഇന്ത്യയിലാണ്, അവര്‍ ഇതുവരെ ഹോളിവുഡില്‍ എത്തിയിട്ടുമില്ല' എന്ന ന്യു യോര്‍ക്ക്‌ തിയേറ്റര്‍ ആര്‍ട്സ് മാഗസിന്റെ പരിദേവനത്തിനു പകരം മധുബാലക്ക് ഹോളിവുഡില്‍ ഒരു തുടക്കം നല്‍കാന്‍ തയ്യാറായ ഫ്രാങ്ക് കാപ്രക്കും തടസ്സമായത് തന്റെ ചുറ്റുവട്ടങ്ങളില്‍ ഒതുങ്ങിക്കഴിയുകയെന്ന മധുബാലയുടെ തീരുമാനമാണ്.

    രോഗം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ പിടി കൂടുകയും കിഷോര്‍ കുമാറുമായുള്ള ദാമ്പത്യം സ്വാഭാവിക തകര്‍ച്ചയില്‍ എത്തുകയും ചെയ്ത് ശയ്യാവലംബിയായ അന്ത്യ വര്‍ഷങ്ങളിലെ ഹൃദയ വ്യഥയും ശാരീരിക പീഡയും അവസാന അധ്യായത്തിന്റെ വിഷയമാണ്. പ്രേം നാഥ്‌, ഷമ്മി കപൂര്‍, ഭരത് ഭൂഷന്‍- മൂന്നു പേരും മധുബാലയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. അവര്‍ ആരോടോത്തും സന്തുഷ്ടമായ ഒരു ജീവിതത്തിനു സാധ്യതയുണ്ടായിരുന്നു എന്ന് സുഹൃത്തുക്കള്‍ ഓര്‍ക്കുന്നു. പക്ഷെ ഹൃദയം കൊണ്ടു ജീവിച്ച മധുബാലയുടെ ശിക്ഷയും അതേ ഹൃദയം തന്നെയായിപ്പോയി. അന്ത്യ നാളുകളില്‍ അവരുടെ ആഗ്രഹപ്രകാരം ദിലീപ് കുമാര്‍ അവരെ സന്ദര്‍ശിക്കാറുണ്ടായിരുന്നു എന്ന വെളിപ്പെടുത്തലിലൂടെ പുസ്തകം മറ്റൊരു മിത്തിനെ കൂടി പൊളിക്കുന്നുമുണ്ട്. മധുബാലയുടെ ജീവിതത്തില്‍ ഒരേയൊരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ എന്നും മറ്റുള്ള ബന്ധങ്ങളൊക്കെ നിര്‍ദ്ദോഷ സൌഹൃദങ്ങള്‍ക്കപ്പുറം പോയിരുന്നില്ലെന്നും പുസ്തകം സമര്‍ഥിക്കുന്നു. എന്തായാലും ഒരപ്സരസ്സിന്റെ ഉടല്‍ സാന്നിധ്യവും ഒരു ദുരന്ത നായികയുടെ ഹൃദയഭാരവും സിനിമാ ചരിത്ര കഥാകാരന്മാര്‍ക്കായി ബാക്കിവെച്ചു കാല യവനികക്കുള്ളില്‍ മറയുമ്പോള്‍ 1933 ഫെബ്രുവരി പതിനാലിന് ജനിച്ച ഇന്ത്യന്‍ സിനിമയുടെ മധുബാലക്ക് കൃത്യം മുപ്പത്തിയാറ് വയസ്സും ഒമ്പത് ദിവസവും ആയിരുന്നു പ്രായം.

     തന്റെ നായികയോട് തനിക്കുള്ള ആരാധന ഒരിക്കലും മറച്ചുവെക്കുന്നില്ലെങ്കിലും എല്ലായിപ്പോഴും കുലീനവും സംസ്കാര സമ്പന്നവുമാണ് ജീവചരിത്രകാരിയുടെ സമീപനം എന്നത് എടുത്തു പറയേണ്ടതാണ് -  മധുബാലയുടെ പ്രൊഫഷനല്‍ എതിരാളികളെ  കുറിച്ച് ഒരു ഘട്ടത്തില്‍ പോലും അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തുന്നില്ലെന്ന് മാത്രമല്ല തികഞ്ഞ ബഹുമാനത്തോടെയാണ് അവരെയൊക്കെ പുസ്തകത്തില്‍ അവതരിപ്പിക്കുന്നത്‌. ഇന്ത്യന്‍ സിനിമയുടെ ദുരന്ത നായികയായി ഉയര്‍ന്നുവന്ന മീനാകുമാരി, കൊഹിനൂര്‍ പോലുള്ള ചിത്രങ്ങളില്‍ കാഴ്ചവെച്ച അഭിനയ വൈവിധ്യത്തെ പ്രശംസിക്കുന്നതു പോലെ മധുബാലയും നര്‍ഗ്ഗീസുമായുണ്ടായിരുന്ന ഊഷ്മള ബന്ധവും പരസ്പര ബഹുമാനവും പുസ്തകം എടുത്തു പറയുന്നുണ്ട്. അമറിന്റെ സെറ്റില്‍  നിമ്മി ദിലീപ് കുമാറിനോട് കൂടുതല്‍ അടുക്കുന്നുവോ എന്ന സന്ദേഹം അവരോടു തന്നെ നേരിട്ട് ചോദിച്ചതും തെറ്റിദ്ധാരണകളുടെ അന്ത്യം ഒരു ആജീവനാന്ത സൌഹൃദത്തിന് വഴിമാറിയതും നിമ്മിയുടെ തന്നെ വാക്കുകളില്‍ വായിക്കാം. കൂടാതെ, മധുബാലയുമായുള്ള ബന്ധത്തെ കുറിച്ച് തികഞ്ഞ മൗനം എന്നുമെന്നും പാലിച്ച ദിലീപ് കുമാര്‍ അതു ഭേദിക്കുകയും വിശദമായ അഭിമുഖം നല്‍കുകയും ചെയ്തത് പുസ്തകത്തിനു വളരെ വലിയ മൂല്യമാണ് നല്‍കുന്നതെന്നതും എടുത്തു പറയണം.

 also read:

Smita Patil – A Brief Incandescence by Maithili Rao

https://alittlesomethings.blogspot.com/2024/09/smita-patil-brief-incandescence-by.html

Dilip Kumar: The Substance and the Shadow by Udaya Tara Nayar

https://alittlesomethings.blogspot.com/2018/03/blog-post_4.html

Dark Star: The Loneliness of Being Rajesh Khanna by Gautam Chintamani

https://alittlesomethings.blogspot.com/2024/09/dark-star-loneliness-of-being-rajesh.html

 Her Again: Becoming Meryl Streep by Michael Schulman

https://alittlesomethings.blogspot.com/2024/09/her-again-becoming-meryl-streep-by.html

Brigitte Bardot and The Lolita Syndrome by Simone de Beauvoir / Bernard Fretchman

https://alittlesomethings.blogspot.com/2024/09/brigitte-bardot-and-lolita-syndrome-by.html

Brando: Songs My Mother Taught Me by Marlon Brando , Robert Lindsey

https://alittlesomethings.blogspot.com/2017/09/01.html

Romancing with Life by Dev Anand

https://alittlesomethings.blogspot.com/2024/09/romancing-with-life-by-dev-anand.html

 

 

Monday, August 26, 2024

Ancestor Stones by Aminatta Forna

പെണ്‍വിധിയുടെ ശിലാ ലിഖിതങ്ങള്‍





ജീവിച്ചിരിക്കുന്നവരില്‍ പൂര്‍വ്വികരുടെ സാന്നിധ്യമെന്നത് ആഫ്രിക്കന്‍ സാഹിത്യത്തില്‍ നിരന്തരം പരിചരിക്കപ്പെടുന്ന വിഷയമാണ്ആമോസ് ടുടുവോലയുടെ The Palm-Wine Drinkard ലേത് പോലെ നേരിട്ടുള്ള സ്വാധീനമായോ ചിനുവ അച്ചബെയുടെ നോവലുകളിലേത് പോലെ വഴിതെളിക്കുന്ന ഗുരുപരമ്പരയായോ കൂടുതല്‍ സമകാലികരായ ബെന്‍ ഓക്രിയുടെ നോവലുകളിലെ മാജിക്കല്‍ റിയലിസ്റ്റ് സാന്നിധ്യങ്ങളായോ അത് കണ്ടെത്താനാവുംഓര്‍മ്മകളിലെ ജീവിതവും ഓര്‍മ്മ മുറിവുകളും പ്രധാന പ്രമേയങ്ങളായി ആവിഷ്കരിക്കുന്നവരില്‍ മുന്‍ നിരക്കാരിയായ പുതുതലമുറ എഴുത്തുകാരി അമിനാറ്റ ഫോര്‍നയുടെ പ്രഥമ നോവല്‍ Ancestor Stones ല്‍ ആഖ്യാനം തുടങ്ങിവെക്കുന്നത് ഇംഗ്ലണ്ടില്‍ കഴിയുന്ന ആഫ്രിക്കന്‍ വംശജയായ ആബിയെന്ന യുവതിയാണെങ്കിലും ആഖ്യാനത്തിന്റെ സിംഹ ഭാഗവും അവളുടെ മുന്‍ തലമുറയിലെ നാല് സ്ത്രീകളാണ് നടത്തുന്നത്.

പിതാമഹന്റെ മരണത്തെ തുടര്‍ന്ന് അനാഥമാകുന്ന കോഫീ പ്ലാന്റെഷന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ബന്ധുക്കളുടെ ക്ഷണപ്രകാരം വിദ്യാസമ്പന്നയും പരിഷ്കൃതയുമായി ആബി ഇംഗ്ലണ്ടില്‍ നിന്ന് സിയറാലിയോണിലെത്തുന്നുവികസിത ലോകത്തിന്റെ തിരക്കുകളില്‍ നിന്നകന്നു ഒരു വിദൂരസ്ത ഗ്രാമത്തില്‍ അവളുടെ നാല് അമ്മാവിമാര്‍ അവളെ കാത്തിരിക്കുന്നു - ഓരോ ജന്മത്തിന്റെ പുരാവൃത്തങ്ങളുമായി.. ആ പുരാവൃത്തങ്ങളില്‍ അവരുടെ വ്യക്തി ജീവിതങ്ങളുടെയും ബഹു ഭാര്യാസമേതനായി വലിയ കുടുംബവുമായി കഴിഞ്ഞ ഒരു ഗംഭീര പുരുഷാധികാര സ്വരൂപത്തിന്റെയും കഥകള്‍ മാത്രമല്ലകഠിനകാലങ്ങളിലൂടെയും ആകെ കുഴച്ചു മറിക്കുന്ന മാറ്റങ്ങളിലൂടെയും കടന്നു പോയ ഒരു ദേശത്തിന്റെ കഥ കൂടിയാണ്തികച്ചും ന്യൂനോക്തിയിലെങ്കിലും, ആവിഷ്കൃതമാകുന്നത്നാലമ്മാവിമാരും ആ ഗംഭീര പുരുഷന്റെ വ്യത്യസ്ത ഭാര്യമാരില്‍ പിറന്ന അര്‍ദ്ധ സഹോദരങ്ങളാണ്.   അങ്ങനെ ഫലത്തില്‍ പരസ്പരം ബന്ധിതമായ നാല് നീണ്ടകഥകളായി മൂന്നു തലമുറകളിലൂടെഅസാനയുടെ കഥയില്‍ കടന്നു വരുന്ന മുത്തശ്ശിയെ കൂടി കണക്കിലെടുത്താല്‍ നാല് തലമുറയുടെ,   മുക്കാല്‍ നൂറ്റാണ്ടു കാലത്തിന്റെ ഇതിഹാസമായി നോവല്‍ മാറുന്നുഓരോ അദ്ധ്യായങ്ങള്‍ ഓരോ സ്ത്രീകളുടെ അനുഭാവാഖ്യാനങ്ങള്‍ക്ക് എന്ന രീതി അവലംബിക്കുന്നത് കാരണം വിദഗ്ദമായ ഘടനയിലും ഓരോരുത്തരുടേയും അനുഭവങ്ങള്‍ വേണ്ടത്ര ഇഴകോര്‍ക്കുന്ന സമഗ്രത ഇല്ലാതെ പോകുന്നുമുണ്ട്.

 

സിയറാലിയോണിനെ നന്നായി പ്രതിഫലിപ്പിക്കുന്നതാണെങ്കിലും പേര് കൃത്യമായി പറയുന്നില്ലാത്ത ഒരു ദക്ഷിണ ആഫ്രിക്കന്‍ ദേശമാണ് നോവലിന്റെ പശ്ചാത്തലം. ആബിയുടെ വരവിനെ സംബന്ധിച്ച സൂചകങ്ങള്‍ കഴിഞ്ഞ് ഖലീഫ കുടുംബത്തിലെ നാല് സ്ത്രീകളുടെ ആഖ്യാനങ്ങളിലൂടെ വ്യത്യസ്ത അടരുകളുള്ള കഥകള്‍ ആവിഷ്കൃതമാകുന്നു. സമ്പന്നനും ഗംഭീര പുരുഷ പ്രതീകവുമായ കുലപതി ജിബ്രില്‍ ഉമാറു ഖൊലിഫയുടെ നാല് ഭാര്യമാരില്‍ പിറന്ന അസാനമേരി,   ഹവാസേരാ എന്ന നാല് സ്ത്രീ കഥാപാത്രങ്ങളിലൂടെ ഇതിവൃത്തം വികസിക്കുന്നുജിബ്രിലിന്റെ മരണത്തിന്റെ അപാരമായ വൈരുദ്ധ്യത്തെ കുറിച്ച് അസാനയുടെ ആഖ്യാനത്തില്‍ തെളിയുന്നുണ്ട്:

ഞങ്ങളുടെ പിതാവ് നൂറു വയസ്സിനപ്പുറം ജീവിച്ചിരുന്നുപതിനൊന്നു വിവാഹംമൂന്നു ഡസനോളം മക്കള്‍അവരിലേറെയും അദ്ദേഹത്തിന്റേത് തന്നെയെന്നു കരുതപ്പെട്ടു. എന്നാലൊടുവില്‍ അദ്ദേഹം ഏകാകിയായി മരിച്ചുജോലിക്കാരുടെ കുടിലില്‍ചുറ്റിനടന്നു നോക്കാന്‍ പോയ വയലുകള്‍ക്കരികില്‍കാടിനാല്‍ ചുറ്റപ്പെട്ട്അദ്ദേഹത്തിനു അസുഖം തോന്നി അവിടെ കിടന്നതാവാംകാടിന്റെ ജീവികളാണ് ആദ്യം കണ്ടത്എന്റെ അമ്മയാ നമിന സ്ഥലത്തുണ്ടായിരുന്നില്ലയാ ഇസാറ്റയായിരുന്നു നോക്കേണ്ടിയിരുന്നത്എന്നാല്‍ അവര്‍ ഒരു ദുര്‍ബ്ബലയും എല്ലാ ഭാര്യമാരിലും വെച്ച് ഒട്ടും പരിഗണന കിട്ടാത്തവളും ആയിരുന്നുആരും അവരോടു ഒന്നും പറയാന്‍ ശ്രമിക്കാതിരുന്നത് കൊണ്ട് അവര്‍ കരുതി അദ്ദേഹം മറ്റേതോ ഒരുവളുടെ കൂടെ കഴിയാന്‍ പോയിരിക്കുംജഡം ബീഭത്സമായ ഒരവസ്ഥയില്‍ ആയിരുന്നുഅതിനു ചുറ്റുമുള്ള നിശ്ശബ്ദത എല്ലാതരം സന്ദേഹങ്ങളെയും ഉറപ്പിച്ചുഎങ്കിലുംകാരണവന്മാര്‍ തീര്‍ത്തു പറഞ്ഞു പിതാവ് മരിച്ചിട്ട് പന്ത്രണ്ടു മണിക്കൂറില്‍ കൂടുതല്‍ ആയിട്ടില്ലെന്നുംഒരു നല്ല മുസ്ലിം എന്ന നിലയില്‍ അദ്ദേഹത്തെ മരിച്ചയന്നു തന്നെ അടക്കാം എന്നും.”

 

അസാനതലമുറകളുടെ സാക്ഷി

നാല് അര്‍ദ്ധ സഹോദരിമാരില്‍ അസാന അദ്ദേഹത്തിന്റെ ആദ്യഭാര്യ നമിനയില്‍ പിറന്നവളാണ്ബഹുഭാര്യത്വ സമൂഹത്തില്‍ ആദ്യ ഭാര്യയുടെത് തുടര്‍ന്നെത്തുന്നവര്‍ക്ക് മേല്‍ വലിയ അധികാരങ്ങള്‍ ഉള്ളവള്‍ എന്ന നിലയില്‍ ഏറ്റവും സവിശേഷമായ ഒരു സ്ഥാനമാണ്. 1926-ല്‍ പിതാവ് കുടുംബ സമേതം വനാന്തരത്തിലേക്ക് യാത്ര പോകുകയും റൊഫാതേന്‍ എന്ന പേരില്‍ ഗ്രാമം സൃഷ്ടിക്കുകയും അവിടെ ഒരു കോഫി പ്ലാന്റെഷന്‍ സ്ഥാപിക്കുകയും ചെയ്യുന്നതോടെയാണ് അസാനയുടെ കഥ ആരംഭിക്കുന്നത്അവളുടെ പ്രിയപ്പെട്ട സഹോദരന്‍ അലുസാനി പത്താം വയസ്സില്‍ മരിക്കുന്നതോടെ അമ്മ നമിനയുടെ സ്നേഹം മുഴുവന്‍ സ്വന്തമാക്കാം എന്നാഗ്രഹിച്ച അസാന നിരാശയാവുന്നത് സഹോദരന്‍ അവളില്‍ കുടിയേറിയിരിക്കുന്നു എന്നും ബാധ ഒഴിപ്പിക്കേണ്ടത് അനിവാര്യമാണ് എന്ന എന്നും അമ്മ വിട്ടൊഴിവില്ലാതെ ചിന്തിക്കാന്‍ തുടങ്ങുന്നതോടെയാണ്.

ഞാനെന്തു കഥ പറയണംശരിക്കും അതെങ്ങനെയായിരുന്നു എന്ന കഥയോ അതോ നീ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന കഥയോ?” 

അങ്ങനെയാണ് അസാന തന്റെ കഥയാരംഭിക്കുക. ..............

തുടര്‍ന്ന് വായിക്കാന്‍:

https://www.fazalrahman.com/essays/article/ancestor-stones-by-aminatta-forna

 Also read:

The Memory of Love by Aminatta Forna

https://alittlesomethings.blogspot.com/2016/10/blog-post_45.html





Sunday, August 25, 2024

I, Tituba, Black Witch of Salem by Maryse Condé / Richard Philcox

 തിതൂബയുടെ കഥ: ആണ്‍കോയ്മയുടെ മതഭ്രാന്ത്‌

 


ദൌര്‍ഭാഗ്യകരമായ എന്തോ ലൈംഗികാരോപണത്തെ തുടര്‍ന്ന് റദ്ദു ചെയ്യപ്പെട്ട 2018-ലെ സാഹിത്യ നോബേലിന് പകരമായി സംഘടിപ്പിക്കപ്പെട്ട പുരസ്കാരം (New Academy Prize in Literature or the Alternative Nobel Prize) ഒടുവില്‍ നേടിയത് പേരില്‍ കരീബിയന്‍ സാഹിത്യത്തിലെ അഭിവന്ദ്യ സാന്നിധ്യമായ മറീസ് കൊണ്ടെ (1934-2024) ആണ്. മറീസ് കൊണ്ടെക്ക് പുരസ്‌കാരം നല്‍കുമ്പോള്‍ ‘ന്യു അക്കാദമി’ നടത്തിയ നിരീക്ഷണങ്ങള്‍ ഏറെ ശ്രദ്ധേയമാണ്:

“മരീസ് കൊണ്ടെ ഒരു പ്രതാപിയായ കഥാകാരിയാണ്. അവരുടെ രചനാ ലോകം വിശ്വസാഹിത്യത്തിന്റെതാണ്. അവരുടെ കൃതികളില്‍, ഒരേ സമയം കൃത്യതയാര്‍ന്നതും നിമഗ്നമാക്കുന്നതുമായ ഭാഷയില്‍ കൊളോണിയലിസത്തിന്റെയും പോസ്റ്റ്‌കൊളോണിയലിസത്തിന്റെയും കെടുതികള്‍ അവര്‍ ആവിഷ്കരിക്കുന്നു. മാന്ത്രികതയും, സ്വപ്നവും, ഭീകരതയും, പ്രണയം പോലെത്തന്നെ, എപ്പോഴും അതില്‍ സന്നിതമാണ്. ഫിക് ഷനും യാഥാര്‍ത്ഥ്യവും പരസ്പരം ഭേദിക്കുന്നു; ആളുകള്‍ നിലനില്‍ക്കുന്ന വര്‍ത്തമാനത്തില്‍ എന്ന അളവില്‍ത്തന്നെ, സങ്കീര്‍ണ്ണമായ പാരമ്പര്യമുള്ള സാങ്കല്‍പ്പിക ലോകങ്ങളിലും അധിവസിക്കുന്നു. ഹാസ്യാത്മകമായ ബഹുമാനത്തോടെ, ഒപ്പം മാനുഷിക സൗഭ്രാത്രത്തോടെയും ഊഷ്മളതയോടെയും, അവര്‍ പോസ്റ്റ്‌കൊളോണിയല്‍ ഭ്രാന്തിനെയും വിഘടനത്തെയും ദുരാചാരത്തെയും ആഖ്യാനം ചെയ്യുന്നു. അവരുടെ കഥകളില്‍ വര്‍ഗ്ഗവും വംശീയതയും ലിംഗ ഭേദവും നിരന്തരം പുതിയ ലോകക്രമങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന എണ്ണമറ്റ വൈവിധ്യത്തിന്റെ ലോകത്ത് മരിച്ചു പോയവര്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് തൊട്ടരികില്‍ ജീവിക്കുന്നു.”

പതിനാറാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ (1962) മസാചുസെറ്റ്സിലെ സേലം പ്രവിശ്യയില്‍ ഇരുനൂറോളം സ്ത്രീകള്‍ ദുര്‍മ്മന്ത്രവാദിനീ വേട്ടക്കു വിധേയരാക്കപ്പെടുകയും അതില്‍ പത്തൊമ്പതു പേര്‍ തൂക്കിലേറ്റപ്പെടുകയും ചെയ്ത സംഭവത്തില്‍ (Salem Witch Trials) ഉള്‍പെട്ട കറുത്ത വര്‍ഗ്ഗക്കാരിയായ സ്ത്രീയുടെ കഥ ആ ചരിത്രത്തില്‍ പോലും വലിയ തോതില്‍ തമസ്കരിക്കപ്പെട്ട ഒന്നാണ്. നാതനീല്‍ ഹോതോണിന്റെ The Scarlet Letter ഹെസ്റ്റര്‍ പ്രിന്‍ എന്ന ഇരയുടെ വീക്ഷണത്തിലൂടെ പെണ്‍പക്ഷം പിടിച്ചെങ്കിലും വംശീയപ്രശ്നമൊന്നും ഹോതോണിന്റെ വിഷയമായിരുന്നില്ല. ആര്‍തര്‍ മില്ലറുടെ The Crucible വെള്ളക്കാരനായ പുരുഷന്റെ സൃഷ്ടിയെന്ന പരിമിതി മുറിച്ചു കടന്നുമില്ല. മറീസ് കൊണ്ടെയുടെ I, Tituba, Black Witch of Salem എന്ന നോവല്‍ ചരിത്ര നോവലിന്റെ ബാധ്യതകള്‍ ഏറെയൊന്നും ഇല്ലാതെത്തന്നെ ചരിത്രത്തിന്റെ ഈ തമോഗര്‍ത്തത്തെയാണ് അനാവരണം ചെയ്യുന്നത്. വെളുത്തവരുടെ പുരുഷാധിപത്യ, ക്രിസ്ത്യന്‍ മതാധികാര ഘടനയില്‍ മുച്ചൂടും പൂണ്ടുകിടന്ന പ്യൂരിറ്റാനിക്കല്‍ പശ്ചാത്തലത്തില്‍ നടത്തപ്പെട്ട വിചാരണയില്‍ വംശീയവും ലിംഗ പരവുമായ വിവേചനങ്ങള്‍ കൂടി അധികം നേരിടേണ്ടി വന്ന തിതൂബയെന്ന കഥാപാത്രത്തിന്റെ ആത്മീയവും വംശീയവും ലിംഗസ്വത്വപരവുമായ അസ്തിത്വം സ്ഥാപിച്ചെടുക്കാനുള്ള ശ്രമങ്ങളും പരിണാമങ്ങളും അവതരിപ്പിക്കുന്നതിലൂടെ കറുത്ത വര്‍ഗ്ഗക്കാര്‍, സ്ത്രീകള്‍, ഇതര മത വിശ്വാസികള്‍ എന്നിങ്ങനെ നിശ്ശബ്ദരാക്കപ്പെട്ട ന്യൂന പക്ഷങ്ങള്‍ക്ക് ശബ്ദം നല്‍കുകയാണ് മറീസ് കൊണ്ടെ ചെയ്യുന്നത് എന്ന് നോവലിന്റെ ആമുഖത്തില്‍ അമേരിക്കന്‍ ആക്റ്റിവിസ്റ്റ് ഏഞ്ചലാ ഡേവിസ് നിരീക്ഷിക്കുന്നു.

തിതൂബയുടെ പ്രഥമ വ്യക്തിക (first person) ആഖ്യാനത്തിലൂടെ പറയപ്പെടുന്ന കഥ ആരംഭിക്കുന്നത്, ബാര്‍ബഡോസിലേക്കുള്ള ആഫ്രിക്കന്‍ അടിമക്കപ്പലില്‍ വെച്ചു ഇംഗ്ലീഷുകാരനായ നാവികന്റെ ബലാല്‍ക്കാരത്തിനു ഇരയയാകുന്ന അഷാന്റി (Ashanti: ethnic, natives of the Ashanti Region of British Gold Coast which is modern-day Ghana) യുവതി അബീനയെ കുറിച്ചും അങ്ങനെ തന്റെ ജന്മത്തെ കുറിച്ചും പറഞ്ഞുകൊണ്ടാണ്. ബാര്‍ബഡോസിലെത്തുമ്പോള്‍ അവള്‍ ഗര്‍ഭിണിയാണെന്ന് തിരിച്ചറിയുന്ന ഉടമ  അവളെ യാവോ എന്ന അടിമക്കു നല്‍കുന്നു. സ്നേഹ ധനനായ യാവോയോടൊത്തുള്ള ജീവിതം പക്ഷെ യജമാനന അയാളെ മറ്റൊരു പ്ലാന്റര്‍ക്ക് വിറ്റു കളയുന്നതോടെ അവസാനിക്കുന്നു. യാവോയാകട്ടെ, അബീനയുടെ വധത്തിനു ശേഷം സ്വയം അവസാനിപ്പിക്കുകയും ചെയ്യും. തിതൂബയുടെ കുട്ടിക്കാലത്തെ മറ്റൊരു പൊള്ളുന്ന അനുഭവം എഴാം വയസ്സില്‍ സാക്ഷിയാകെണ്ടിവന്ന സ്വന്തം അമ്മയുടെ തൂക്കിക്കൊലയാണ്. വെള്ളക്കാരനായ ഉടമയുടെ ലൈംഗിക അതിക്രമത്തെ ചെറുത്തതിനുള്ള ശിക്ഷ. തുടര്‍ന്ന് പ്രദേശത്തെ പേരുകേട്ട മന്ത്രവാദ ചികിത്സകയും മരിച്ചവരുമായി സംസാരിക്കുന്ന സിദ്ധികള്‍ ഉള്ളവളുമായ മുതിര്‍ന്ന സ്ത്രീ മാമാ യായായുടെ സംരക്ഷണയില്‍ എത്തിച്ചേരുന്ന തിതൂബ അവരില്‍ ആ സിദ്ധികള്‍ സ്വായത്തമാക്കിക്കൊണ്ടാണ് വളരുന്നത്‌. തിതൂബയുടെ പതിനാലാം വയസ്സില്‍ സംഭവിക്കുന്ന മാമാ യായായുടെ മരണ ശേഷം തനിച്ചൊരു ഫാമില്‍ താമസമാക്കുന്ന തിതൂബക്ക് അമ്മയുടെയും യാവോയുടെയും വളര്‍ത്തമ്മയുടെയും ആത്മാക്കളാണ് കൂട്ടും സംരക്ഷണവും. എന്നാല്‍ ഈ ആത്മ സാന്നിധ്യങ്ങളുടെ മുന്നറിയിപ്പു വക വെക്കാതെ സുമുഖനും കൊതിപ്പിക്കുന്നവനുമായ ജോണ്‍ ഇന്ത്യന്‍ എന്ന അടിമ യുവാവുമായി തിതൂബ പ്രണയത്തിലാകുന്നു. അയാളോടൊപ്പം ജീവിക്കാനുള്ള ആഗ്രഹമാണ് ആരുടേയും അടിമയല്ലാത്ത തിതൂബയെ ഫലത്തില്‍ അയാളുടെ ഉടമയായ സുസാന എന്‍ഡിക്കോട്ടിനു വിധേയയാക്കുന്നത്. തന്റെ സ്വാതന്ത്യത്തിന്റെ അന്ത്യം ദുസ്സഹമാകുന്ന ഒരു ഘട്ടത്തില്‍ തന്റെ സിദ്ധികള്‍ ഉപയോഗിച്ച് തനി മാടമ്പി സ്വഭാവമുള്ള സുസാനയെ അപായപ്പെടുത്താന്‍ പോലും ശ്രമിക്കുന്ന തിതൂബക്ക് പക്ഷെ വലിയ തിരിച്ചടി നേരിടേണ്ടി വരുന്നു. ജോണിനെ കടുത്ത മത മൗലികവാദിയായ പാസ്റ്റര്‍ സാമുവേല്‍ പാരീസിനു സുസാന വിറ്റുകളയുന്നതാണ് ഇരുവരെയും മാസച്ചുസെറ്റ്സില്‍ എത്തിക്കുക. മന്ത്രവാദത്തിനും ചികിത്സക്കും തിതൂബയെ ആശ്രയിക്കുമ്പോള്‍ തന്നെ കടുത്ത പ്യൂരിറ്റാനിക്കല്‍ വിശ്വാസികളും അതിലേറെ അന്ധവിശ്വാസികളുമായ നാട്ടുകാര്‍, അവളുടെ ‘ദുര്‍മ്മന്ത്രവാദിനീ പരിവേഷത്തില്‍ അങ്ങേയറ്റം ചകിതരുമാണ്. സാമുവേല്‍ പാരീസിന്റെ അനന്തിരവള്‍ അബിഗേലിന്റെ ഇടപെടല്‍ എന്ന് തിതൂബ ശങ്കിക്കുന്ന കാരണങ്ങളാല്‍ സാത്താന്റെ അനുചരരായ ദുര്‍മ്മന്ത്രവാദിനികളുടെ കൂട്ടത്തില്‍ പെട്ടവള്‍ എന്ന കുറ്റം ചാര്‍ത്തി അറസ്റ്റ് ചെയ്യപ്പെടുന്നതാണ് സേലം വേട്ടയില്‍ അവളെ ഉള്‍പ്പെടുത്തുക. കുറ്റമേല്‍ക്കുന്നതിലൂടെ മാപ്പു ലഭിച്ചേക്കാം എന്ന ജോണിന്റെ ഉപദേശം ചെവിക്കൊള്ളുന്ന തിതൂബയെ കാത്തിരിക്കുന്നത്, സ്വന്തം തടി രക്ഷിക്കാനുള്ള ബദ്ധപ്പാടില്‍ തന്നെ കയ്യൊഴിയുന്ന ഭര്‍ത്താവിന്റെ കൊടുംചതിയാണ്. തടവറയില്‍ വെച്ചു തിതൂബ ഹോതോണിന്റെ ക്ലാസിക്കിലെ വിവാഹേതര ബന്ധത്തില്‍ ഗര്‍ഭിണിയായ കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെടുന്ന ഹെസ്റ്റര്‍ പ്രിന്നിനെ കണ്ടു മുട്ടുന്നുണ്ട്. സ്ത്രീപക്ഷ ചിന്തകളുടെ പ്രാഗ് രൂപമായ സംഭാഷണത്തില്‍ ഹെസ്റ്റര്‍ തന്റെ തെറ്റില്‍ പുരുഷന്റെ പങ്കാളിത്തം അവഗണിച്ചു തനിക്ക് നല്‍കപ്പെട്ട ശിക്ഷയുടെ ഏകപക്ഷീയതക്കെതിരെ രോഷം കൊള്ളുന്നു. വ്യഭിചാരിണി എന്ന നിലയില്‍ ‘A’ എന്ന മുദ്ര ധരിക്കണമെന്ന ശിക്ഷ വിധിക്കപ്പെടുമ്പോള്‍ ആത്മഹത്യ ചെയ്യുന്ന ഹെസ്റ്റര്‍, ഹോതോണിന്റെതല്ല; അവള്‍ മറീസ് കൊണ്ടെയുടെ മാനസ പുത്രി തന്നെയാണ്.

ജൂതന്‍ എന്ന നിലയില്‍ അനുഭവിക്കേണ്ടി വന്ന പീഡനങ്ങള്‍ തന്നെയാവാം ബെഞ്ചമിന്‍ കോഹന്‍ ഡാസവേദോ എന്ന വ്യാപാരിയെ തിതൂബയുടെ മോചനം സാധ്യമാക്കാന്‍ പ്രേരിപ്പിക്കുന്നത്. തുടര്‍ന്ന് വിഭാര്യനായ ബെഞ്ചമിന്‍ തന്റെ ഒമ്പത് മക്കളുടെ സംരക്ഷണം കൂടി മുന്നില്‍ കണ്ടു തിതൂബയെ സ്വന്തമാക്കുന്നു. പ്യൂരിറ്റന്‍ സമൂഹത്തില്‍ മതപരവും സാംസ്കാരികവുമായി ഇരുവരും അനുഭവിക്കുന്ന ഒറ്റപ്പെടല്‍ തന്നെയാണ് അവരെ അടുപ്പിക്കുന്നത്. ഇരുവര്‍ക്കും ഇടയില്‍ തീവ്രമായൊരു ലൈംഗിക ബന്ധം ആരംഭിക്കുന്നത് കടുത്ത ജൂതവിരുദ്ധരുടെ ആക്രമണത്തില്‍ അയാളുടെ ബിസിനസ്സ് തകരുകയും കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുകയും ചെയ്യുന്നതിനെ തുടര്‍ന്നാണ്‌ അവസാനിക്കുക. കൂടുതല്‍ സഹിഷ്ണുതയുള്ള ദേശമെന്നു കരുതപ്പെടുന്ന റോഡ്‌ ദ്വീപിലേക്ക് പോകും മുമ്പ് കോഹന്‍ തിതൂബയെ സ്വതന്ത്രയാക്കുകയും അവളുടെ നാടായ ബാര്‍ബഡോസിലേക്ക് തിരികെ അയക്കുകായും ചെയ്യുന്നു. അവിടെ മുന്‍ ആഫ്രിക്കന്‍ അടിമകളുടെ പിന്‍ മുറക്കാരായ മരൂണുകള്‍ക്കും റിബലുകള്‍ക്കും ഇടയില്‍ താനൊരു ഇതിഹാസമായി മാറിയിര്‍ക്കുന്നുവെന്നു തിതൂബ കണ്ടെത്തുന്നു. ആദ്യം അവള്‍ സ്വാഗതം ചെയ്യപ്പെടുന്നു. എന്നാല്‍ അവരുടെ അനിയന്ത്രിതമായ അക്രമ വാസനയുമായി പൊരുത്തപ്പെടാനാവാതെ തിതൂബ തന്റെ ഫാമിലേക്ക് തിരിച്ചു പോകുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറവും വലിയ കേടുപാടുകള്‍ കൂടാതെ ഫാം അവിടെയുണ്ടായിരുന്നു എന്നത് അവള്‍ക്ക് ആശ്വാസകരമായി അനുഭവപ്പെടുന്നുണ്ട്. ലൈംഗികാഭിനിവേശം വേണ്ടുവോളം ഉള്ളവളായിത്തന്നെയാണ് തിതൂബയെ നോവലിസ്റ്റ് ചിത്രീകരിക്കുന്നത് എന്നത് ഇതു ഘട്ടത്തിലും അത്തരം ബന്ധങ്ങളില്‍ ചെന്ന് പെടുന്ന അവളുടെ പ്രകൃതത്തില്‍ വ്യക്തമാണ്. ബാര്‍ബഡോസില്‍ ആദ്യം ക്രിസ്റ്റഫര്‍ എന്ന മരൂണ്‍ വിപ്ലവ നായകനോടുണ്ടാകുന്ന ബന്ധം അതീവ ഹ്രസ്വമായിരിക്കുമെങ്കിലും വൈകാതെ അവള്‍ മറ്റൊരു ബന്ധത്തിലും എത്തിപ്പെടുന്നു. ക്രിസ്റ്റഫറില്‍ നിന്ന് ഗര്‍ഭം ധരിക്കുന്ന തിതൂബ, അയാളുടെ ഒറ്റില്‍തന്നെയാണ് കൊലക്കയറിലേക്ക് എത്തുന്നതും. റിബലുകള്‍ തിതൂബയുടെ അരികിലെത്തിക്കുന്ന മുറിവേറ്റ നവയുവാവ് ഇഫിജീനെയെന്ന ചെറുപ്പക്കാരനുമായുണ്ടാകുന്ന സൗഹൃദം ഒരേസമയം അവള്‍ക്കൊരു മകനെയും കാമുകനെയുമാണ്‌ നല്‍കുന്നത്. അതെ സൗഹൃദം തന്നെയാണ് അവളെ വെള്ളക്കാര്‍ക്കെതിരായ കലാപത്തിന്റെ സഹാകാരിയാക്കുന്നതും. ഇഫിജീനെയുടെയും കൂട്ടരുടെയും പദ്ധതി ഏതാണ്ട് വിജയപ്രതീക്ഷ നല്കിത്തുടങ്ങുന്ന ഘട്ടത്തില്‍ പക്ഷെ, തിതൂബക്ക് അപശകുന സൂചനകള്‍ ലഭിക്കുന്നുണ്ട്. അനിവാര്യമായ ദുരന്തത്തിലേക്ക് തിതൂബയും ഇഫിജീനെയും എത്തിപ്പെടുന്നത് അവളുടെ ഭയപ്പാടുകളുടെ പൂര്‍ത്തീകരണമാണ്..   

രണ്ടു ഭാഗങ്ങളായി ആഖ്യാനം ചെയ്യപ്പെടുന്ന നോവലില്‍ ആദ്യഭാഗം തിതൂബയുടെ ജനനം മുതല്‍ അവള്‍ സേലത്ത് എത്തുന്നതു വരെയുള്ള കഥയും രണ്ടാം ഭാഗത്ത് പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ ബാര്‍ബഡോസില്‍ വെച്ച് അവള്‍ തൂക്കിലേറ്റപ്പെടുന്നത് വരെയുള്ള കഥയുമാണ് ആവിഷ്കരിക്കുന്നത്. നോവലിന്റെ ഹ്രസ്വമായ പരിസമാപ്തി അധ്യായത്തില്‍ തിതൂബ മരണാന്തരം നടത്തുന്ന ആഖ്യാനത്തില്‍ ആത്മാവെന്ന നിലയില്‍ തന്റെ നിലനില്‍പ്പ്‌ സംതൃപ്തമാണെന്നു പ്രഖ്യാപിക്കുന്നതോടൊപ്പം കറുത്ത വഗ്ഗക്കാര്‍ക്ക് ശുഭകരമായ ഒരു ഭാവിയിലേക്ക് ഉറ്റുനോക്കുകയും ചെയ്യുന്നു. തുടര്‍ന്ന് യഥാര്‍ത്ഥ തിതൂബയുടെ ചരിത്രത്തെ കുറിച്ചുള്ള ഒരൊറ്റപ്പേജ് വിവരണവും നോവലിസ്റ്റ് നല്‍കുന്നു.

ചരിത്ര നോവല്‍ എന്ന ബാധ്യത അത്രയൊന്നും പേറുന്നില്ലാത്ത നോവലില്‍ പക്ഷെ തിതൂബയെ കൂടാതെ തന്നെ ചില കഥാപാത്രങ്ങള്‍ക്ക് തികഞ്ഞ ചരിത്ര വേരുകളുണ്ട്. ഉദാഹരണത്തിന് സേലം ദുര്‍മ്മന്ത്രവാദിനീ വേട്ടയില്‍ പ്രധാന പ്രതിനായകന്‍ ആയിരുന്ന പ്യൂരിറ്റന്‍ പാസ്റ്റര്‍ സാമുവേല്‍ പാരീസ് അതെ പേരില്‍ നോവലില്‍ കടന്നു വരുന്നുണ്ട്. സേലത്ത് എത്തുന്ന ആദ്യ നാളുകളില്‍ അമിത ആത്മവിശ്വാസത്തോടെ പാസ്റ്ററുടെ ഭാര്യയേയും മകളെയും ചികിത്സിക്കാനും മറ്റും തയ്യാറാകുന്ന തിതൂബയുടെ ചെയ്തികള്‍ യഥാര്‍ഥത്തില്‍ സംഭവിച്ചത് തന്നെയാണ്. വിചാരണ വേലയുടെ ആവിഷ്കാരത്തിലും നോവലിസ്റ്റ് ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ ഏറെ കൃത്യമായി പിന്തുടരുന്നുണ്ട്. യഥാര്‍ത്ഥ  തിതൂബയുടെ സത്യ വാങ്മൂലത്തെ അപ്പടി ഉപയോഗിക്കുകയാണ് ഈ ഭാഗത്ത്. എന്നാല്‍ ജയില്‍ മുറിയില്‍ ഹെസ്റ്റര്‍ പ്രിന്‍ എന്ന ഫിക് ഷനല്‍ കഥാപാത്രത്തോടൊപ്പമാണ് തിതൂബ കഴിയുന്നത്‌. ചരിത്രത്തിന്റെ ഒരു ചട്ടക്കൂട് ഉപയോഗികുന്നതിനപ്പുറം ബാക്കിയെല്ലാം കൃതഹസ്തയായ എഴുത്തുകാരിയുടെ സൃഷ്ടിയാണ് എന്ന് കാണാം. സ്ത്രീയുടെ അടിമത്ത  അനുഭവത്തിന്റെയും സ്വന്തം ലൈംഗികതയും ഔഷധസിദ്ധിയും ഉപയോഗിച്ചു ആരാധനയുടെയും ഒപ്പം ഭയപ്പാടിന്റെയും നിഗൂഡ പാത്രമായിത്തീരുന്നതിന്റെയും സങ്കീര്‍ണ്ണതകള്‍ ആവിഷ്കരിക്കാന്‍ തിതൂബയുടെ കഥ നോവലിസ്റ്റിനു ഒരു കാന്‍വാസ് ആയി മാറുകയാണ്. ആന്‍ പെട്രിയുടെ Tituba of Salem Village, ആര്‍തര്‍ മില്ലറുടെ The Crucible എന്നീ കൃതികളൊക്കെ തന്നെ നിരാശപ്പെടുത്തിയതിനെ കുറിച്ച് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ആന്‍ ആംസ്ട്രോങ്ങ്‌ സ്കാര്‍ബോറോയുമായുള്ള അഭിമുഖത്തില്‍ നോവലിസ്റ്റ് തുറന്നു പറയുന്നുണ്ട്: മില്ലറുടെ വീക്ഷണം വെള്ളക്കാരനായ പുരുഷന് കറുത്ത വര്‍ഗ്ഗസ്ത്രീയെ ശ്രദ്ധിക്കാനാവില്ല എന്ന നിലയില്‍ അവര്‍ വിലയിരുത്തുമ്പോള്‍, ആന്‍ പെട്രിയുടെ കൃതി മടുപ്പിക്കും വിധം പ്രത്യാശാഭാരിതമായിരുന്നു എന്ന്‍ അവര്‍ക്ക് അനുഭവപ്പെട്ടു. “യുവ ജനങ്ങള്‍ക്ക് റോള്‍ മോഡലുകളെ നല്‍കുന്നതില്‍ എനിക്കു താല്പര്യമില്ല.” പകരം തിതൂബക്ക് അവളുടെ ഭൂതകാലവും ഭാവിയും മാത്രമല്ല, കര്‍തൃത്വം തന്നെ തിരികെ നല്‍കുന്നതിലാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ‘ക്രൈസ്റ്റ്, ദി കിംഗ്‌ എന്ന് വിരുദ്ധോക്തിയില്‍ നാമകരണം ചെയ്ത അടിമക്കപ്പലിന്റെ ഡക്കില്‍ വെറുപ്പിന്റെയും കയ്യേറ്റത്തിന്റെയും പ്രവര്‍ത്തിയില്‍ നിന്നാണ് താന്‍ പിറവിയെടുത്തത് എന്ന് നോവലില്‍ ആദ്യമേ തിതൂബ പറഞ്ഞുവെക്കുന്നുണ്ട്. ഒരു മന്ത്രവാദിനി ചികിത്സക ആകുന്നതില്‍ എന്താണ് തെറ്റെന്നു കൊട്ടിഘോഷിക്കപ്പെടുന്ന വേട്ടയെ തിതൂബ ചോദ്യം ചെയ്യുന്നു. “എന്താണ് ഒരു മന്ത്രവാദിനി? .. അദൃശ്യ ലോകത്തോട്‌ ആശയ വിനിമയം സാധിക്കുന്നത്, മരിച്ചവരോട് നിരന്തരം ബന്ധം പുലര്‍ത്തുന്നത്, മറ്റുള്ളവരെ ശുശ്രൂഷിക്കുന്നതും സുഖപ്പെടുത്തുന്നതും, അതൊക്കെ ബഹുമാനവും ആരാധനയും കൃതജ്ഞതയും പ്രചോദിപ്പിക്കുന്ന മഹത്തായ സിദ്ധിയല്ലേ? അതുകൊണ്ടുതന്നെ, മന്ത്രവാദിനി .. ഭയപ്പെടെണ്ടവള്‍ എന്നതിലേറെ മാനിക്കപ്പെടെണ്ടവളല്ലേ?” ബാര്‍ബഡോസില്‍ തിരിച്ചെത്തുമ്പോള്‍ തിതൂബയുടെ സിദ്ധികളെ ഒരു വിമോചന മാര്‍ഗ്ഗമായി കാണുന്ന ഘട്ടത്തെ കുറിച്ച് അഭിമുഖത്തില്‍ അവര്‍ നിരീക്ഷിക്കുന്നത് ഇത്തിരി വൈരുധ്യം നിറഞ്ഞ രീതിയിലാണ്: തിതൂബയെ വല്ലാതങ്ങ് ഗൌരവത്തില്‍ എടുക്കല്ലേ.. തിതൂബയെ മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പാരഡിയുടെ ഘടകം വളരെ പ്രധാനമാണ്.” 

(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 103-109) 

Also read:

The Memory of Love by Aminatta Forna

https://alittlesomethings.blogspot.com/2016/10/blog-post_45.html

 

Ummath: A Novel of Community and Conflict  by Sharmila Seyyid /Gita Subramanian

https://alittlesomethings.blogspot.com/2024/08/ummath-novel-of-community-and-conflict.html