Featured Post

Showing posts with label Caribbean Literature. Show all posts
Showing posts with label Caribbean Literature. Show all posts

Friday, September 20, 2024

The Dew Breaker by Edwidge Danticat

 ഭൂതകാലത്തിന്റെ നിഴല്‍പ്പാടുകള്‍



ഹെയ്തിയന്‍ - അമേരിക്കന്‍ കഥാകൃത്തും നോവലിസ്റ്റുമായ എഡ് വീജ് ഡാന്റികാഹ് (Edwidge Danticat)  നന്നേ ചെറുപ്പത്തിലെ ന്യു യോര്‍ക്കിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗമാണെങ്കിലും എന്നും ഹെയ്തിയെ തന്റെ നാടും യു. എസ്സിനെ താമസ സ്ഥലവും ആയി കാണുന്ന എഴുത്തുകാരിയാണ്. ദേശീയ വ്യക്തിത്വവും മാതൃ-പുത്രീ ബന്ധവും പ്രവാസജീവിത രാഷ്ട്രീയവുമാണ് അവരുടെ കൃതികളിലെ ഏറ്റവും മുഖ്യമായ ഉത്കണ്ഠകള്‍ എന്ന് പൊതുവേ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ജന്മനാ ലഭിച്ച ഹെയ്തിയന്‍ ക്രിയോള്‍ഫ്രഞ്ച് ഭാഷകള്‍ കൂടാതെ അവര്‍ ഇംഗ്ലീഷ് സ്വായത്തമാക്കിയത് ആലിസ് വാക്കര്‍ജയിംസ് ബാള്‍ഡ് വിന്‍റിച്ചാര്‍ഡ് റൈറ്റ് തുടങ്ങിയവരുടെ പുസ്തകങ്ങള്‍ വായിച്ചു കൊണ്ടാണ്. ബ്രൌണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഫൈന്‍ ആര്‍ട്സില്‍ മാസ്റ്റര്‍ ബിരുദം നേടിയ ഡാന്റികായുടെ ആദ്യ നോവലായ Breath, Eyes, Memory (1994) ഓപ്രാ ബുക്ക് ക്ലബ് സെലക്ഷന്‍ നേടി ശ്രദ്ധേയമായി. Krik? Krak! (1995) നാഷണല്‍ ബുക്ക് അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടപ്പോള്‍ The Farming of Bones (1998) അമേരിക്കന്‍ ബുക്ക് അവാര്‍ഡ് നേടി. ഡേയ്റ്റന്‍ ബുക്ക് അവാര്‍ഡ്‌ആന്‍ഡ്രൂ കാര്‍നഗീ മെഡല്‍ തുടങ്ങി എഴുത്തില്‍ന്റെ മേഖലയില്‍ അവരെ തേടിയെത്തിയ പുരസ്കാരങ്ങള്‍ ഒട്ടേറെയാണ്. ഡാന്റികായുടെ നോവലുകളില്‍ ഏറ്റവും പ്രശസ്തമായ The Dew Breaker (2004) വിഖ്യാതമായ അനിസ്ഫീല്‍ഡ് ബുക്ക് അവാര്‍ഡ്‌ നേടുകയും വായനക്കാരുടെയും നിരൂപകരുടെയും പ്രശംസ ഒരു പോലെ പിടിച്ചു പറ്റുകയും ചെയ്ത കൃതിയാണ്.

            1957 -ല്‍ ഹെയ്തിയില്‍ തെരഞ്ഞെടുപ്പിലൂടെ പ്രസിഡന്റ് ആയി അധികാരത്തിലേറിയ ഗ്രാമീണ ഡോക്റ്റര്‍ ഫ്രാന്‍സ്വാ ഡുവാലിയര്‍ (‘പപ്പാ ഡോക്) പോസ്റ്റ്‌ കൊളോണിയല്‍ ആഫ്രിക്കന്‍ ചരിത്രത്തിലെ ഏറ്റവും കിരാതനായ ഏകാധിപതികളില്‍ ഒരാളായി മാറിയത് അതിവേഗത്തിലായിരുന്നു. ഹെയ്തിയന്‍ സൈന്യത്തിന്റെയും കാത്തോലിക്ക സഭയുടെയും സ്വാധീനം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ഡുവാലിയര്‍ രൂപം നല്‍കിയ ‘ദേശീയ സുരക്ഷിതത്വ സന്നദ്ധ സേന’ (Volunteers for National Security)’ എന്ന സര്‍വ്വാധികാര സൈനിക വിഭാഗം ‘Tonton Macoutes’ എന്നറിയപ്പെട്ടു. ഇരകളുടെ വീടുകളില്‍ ഇലകളില്‍ മഞ്ഞുത്തുള്ളികള്‍ തങ്ങിനില്‍ക്കും നേരം” അഥവാ പുലരും മുമ്പ് എത്തുന്ന പീഡകന്റെ രീതിയില്‍ നിന്നാണ് അവര്‍ ‘dew breaker’ എന്നറിയപ്പെട്ടത്. ഡുവാലിയര്‍ ഭരണത്തിന്റെ പതിനാലു വര്‍ഷങ്ങള്‍ക്കിടെ മുപ്പതിനായിരത്തോളം പേരുടെ കുരുതികള്‍ക്കും അതിലുമെത്രയോ പേരുടെ പാലായനത്തിനും ഈ കൊലയാളി സംഘം ഉത്തരവാദികളായി. ഡുവാലിയറുടെ കൊട്ടാരത്തിനകത്ത് പോലും ഇരകളുടെ രക്തം തിരിച്ചറിയാനാവാത്ത രീതിയില്‍ പെയിന്റ് ചെയ്യപ്പെട്ട ഒരു പീഡന മുറി ഉണ്ടായിരുന്നുവെന്നു രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അവിടെ മറച്ചു പിടിച്ച പഴുതുകളിലൂടെ ആ രംഗങ്ങള്‍ കണ്ടാസ്വദിക്കുമായിരുന്നു സാമ്രാട്ട് തന്നെ. 1971-ല്‍ പിതാവിന്റെ മരണ ശേഷം പുത്രന്‍ ‘ബേബി ഡോക്’ ഴാങ് ക്ലോദ് ഡുവാലിയര്‍ അധികാരത്തിലെത്തിയപ്പോള്‍ പപ്പയുടെ പീഡനാനന്ദ പാരമ്പര്യം കോട്ടം തട്ടാതെ തുടര്‍ന്നു. പത്ര സ്വാതന്ത്ര്യത്തെയും  പ്രതിപക്ഷത്തെയും ഇല്ലാതാക്കിയ മകന്‍കൊടിയ സാമ്പത്തിക തിരിമറികളിലൂടെ പൊതു ഖജനാവ് കൊള്ളയടിക്കുകയും ചെയ്തു. ഫ്രഞ്ച് സംസാരിക്കുന്ന തീരെ ചെറിയ വരേണ്യ ന്യൂനപക്ഷം രാജ്യത്തെ സമ്പത്തിന്റെ പാതിയും കയ്യടക്കിയെങ്കിലും ക്രിയോള്‍ ജനത അനുഭവിച്ച  അസമത്വത്തെ നേരിടുക ഭരണകൂടത്തിന്റെ അജണ്ടയേ ആയിരുന്നില്ല. ഈ അസംതൃപ്തികളില്‍ സ്വാഭാവികമായി ഉയര്‍ന്നുവന്ന ചെറുത്തുനില്‍പ്പ് എമ്പതുകളില്‍ ശക്തിപ്പെട്ടു. 1983-ല്‍ ഹെയ്തി സന്ദര്‍ശിച്ച പോപ്‌ ജോണ്‍ രണ്ടാമന്‍ മാറ്റം അനിവാര്യമാണെന്ന് ആഹ്വാനം ചെയ്തു. 1986-ല്‍ സ്ഥാനമൊഴിയാന്‍ നിര്‍ബന്ധിതനായ ഡുവാലിയര്‍ ഫ്രാന്‍സില്‍ അഭയം തേടി. രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ 1990-ല്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടി നിലക്കൊണ്ട റോമന്‍ കാതോലിക്ക പുരോഹിതന്‍ ഴാങ് ബര്‍ട്രാണ്ട് അരിസ്റ്റെഡ് 67 ശതമാനം വോട്ടിന്റെ പിന്തുണയോടെ പ്രസിഡന്റ് ആയി എത്തിയതോടെയാണ് ജനാധിപത്യ ക്രമത്തിലേക്കുള്ള ഹെയ്തിയുടെ പരിണാമം യഥാര്‍ഥത്തില്‍ ആരംഭിക്കുന്നത്. 2006-ല്‍ സ്വതന്ത്രവും നീതിപൂര്‍വ്വവുമായ തെരഞ്ഞെടുപ്പിലൂടെ റെനെ പ്രെവാല്‍ പ്രസിഡന്റ് ആയതോടെ, ജനാധിപത്യത്തിന്റെ പുതിയൊരു യുഗം ഹെയ്തിയില്‍ ആരംഭിച്ചു.

അറുപതുകളുടെ ഏകാധിപത്യ നാളുകള്‍ തൊട്ടു സമാന്തരമായി ആരംഭിക്കുന്ന ഒന്നാണ് യു. എസ്സിലെക്കുള്ള ഹെയ്തിയന്‍ പൗരന്മാരുടെ പലായനത്തിന്റെ പ്രവാസത്തിന്റെയും ചരിത്രം. സമൂഹത്തിലെ എമ്പത്‌ ശതമാനവും ദാരിദ്ര്യ രേഖക്ക് താഴെ കഴിയാന്‍ വിധിക്കപ്പെട്ടവിമത ശബ്ദങ്ങളും അങ്ങനെ ആരോപിക്കപ്പെട്ടവയുമെല്ലാം വിവേചനലേശമെന്യേ കൊലയറകളിലേക്ക് ആട്ടിത്തെളിക്കപ്പെട്ട ലോകത്തിലെ ഏറ്റവും ദരിദ്രമായ രാജ്യത്ത് നിന്ന് നിയമ വിരുദ്ധമായി കുടിയേറിയ ഹെയ്തിയന്‍ ജനത, അവര്‍ നാട് വിടാന്‍ കണ്ടെത്തിയ ഉപാധിയുടെ പേരില്‍ ‘boat people’  എന്ന് വിളിക്കപ്പെട്ടു. സൌത്ത് ഫ്ലോറിഡയിലും മയാമിയിലും വെസ്റ്റ് പാം ബീച്ചിലും തമ്പടിച്ച ഈ ഹതഭാഗ്യരില്‍ ഏതെങ്കിലും രീതിയില്‍ നിയമാനുസൃത അഭയം ലഭിച്ചവരില്‍ പലരും പിന്നീട് യു. എസ്. പൌരന്മാര്‍ ആയിത്തീര്‍ന്നു. ഇവരില്‍ പലരും ബാര്‍ബര്‍ ഷോപ്പുകള്‍, ഹെയ്തിയന്‍ ഭക്ഷണ ശാലകള്‍ തുടങ്ങിയവയില്‍ അതിജീവനോപാധികള്‍ കണ്ടെത്തി. ആദ്യതലമുറ ഹെയ്തിയന്‍ കുടിയേറ്റക്കാരില്‍ ഒട്ടുമുക്കാലും ദാരിദ്രരായിരുന്നെങ്കിലും രണ്ടാം തലമുറയില്‍ ഉന്നത വിദ്യാഭ്യാസത്തിന്റെയും മെച്ചപ്പെട്ട സാമ്പത്തിക നിലയുടെയും ഗുണങ്ങള്‍ ഉണ്ടായി.  

            പരസ്പര ബന്ധിതമായ ഒമ്പത് കഥകളുടെ രൂപത്തിലാണ് നോവലിന്റെ ഘടന. ഡുവാലിയര്‍ ഭരണ കാലത്തെ ഹെയ്തിഅല്ലെങ്കില്‍ ഹെയ്തിയന്‍- അമേരിക്കന്‍ സമൂഹം എന്നിവയാണ് ഓരോ കഥകളുടെയും പശ്ചാത്തലം. തന്റെ പൂര്‍വ്വകാലം പിറകില്‍ ഉപേക്ഷിച്ച് ന്യുയോര്‍ക്കിലെ ഹെയ്ത്തിയന്‍ പ്രവാസി സമൂഹത്തിനിടയില്‍ ഭാര്യയും മകളുമടങ്ങുന്ന കുടുംബത്തോടൊപ്പം നിശ്ശബ്ദം കഴിയാന്‍ ശ്രമിക്കുന്ന ഒരു മുന്‍കാല ഡുവാലിയര്‍ കൊലയാളി സൈനികനാണ് തലക്കെട്ടിലെ കഥാപാത്രം. മറവിയിലൂടെ പാപ ദണ്ഡനം ചെയ്യാന്‍ ശ്രമിക്കുന്ന കഥാപാത്രത്തിലൂടെ പീഡകന്റെ മനസ്സിന്റെ ദുരൂഹ വഴികളും സഹാനുഭൂതിയുടെ പരിധികളും നിരീക്ഷിക്കുകയാണ് നോവലിസ്റ്റ്.

ആദ്യ ഭാഗമായ കാ - യുടെ പുസ്തകം (The Book of Ka) നോവലിലെ മൂന്നു മുഖ്യ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നുണ്ട്. ഹെയ്തിയന്‍ അമേരിക്കന്‍ ടെലിവിഷന്‍ താരവും അപൂര്‍വ്വ വസ്തുക്കള്‍ ശേഖരിക്കുന്ന കമ്പക്കാരനുമായ ഗബ്രിയേല്‍ ഫോണ്ടെനുവിനു ഒരു മഹാഗണി പ്രതിമ വില്‍ക്കാന്‍ പിതാവിനൊപ്പം പോകുന്ന പെണ്‍കുട്ടിയുടെ ജീവിതം ആ യാത്ര നിനച്ചിരിക്കാത്ത ചില വെളിപാടുകള്‍ കൊണ്ട് തകിടം മറിക്കും: പിതാവിന്റെ രൂപം കൊത്തിയ ശില്‍പ്പം പുഴയില്‍ എറിഞ്ഞു കളഞ്ഞെന്ന് ഒരു പകലിന്റെ ദുരൂഹമായ തിരോധാനത്തിനു ശേഷം തിരിച്ചെത്തുമ്പോള്‍ അദ്ദേഹം തന്നെ വെളിപ്പെടുത്തുന്നു. കുപിതയായ പെണ്‍കുട്ടിയോട് അയാളത് വിശദീകരിക്കുക താനതിനു യോഗ്യനല്ല എന്നാണ്. കേട്ടുവളര്‍ന്ന കഥകളില്‍ നിന്ന് വ്യത്യസ്തമായി അയാളൊരിക്കലും ഹെയ്തിയില്‍ തടവിലായിരുന്നില്ല എന്നും മറിച്ച് ഒട്ടേറെ ജയില്‍പുള്ളികളുടെ കൊടും പീഡനത്തിനും കൊലകള്‍ക്കും ഉത്തരവാദിയായിരുന്ന ഭൂതകാലമായിരുന്നു തന്റെത് എന്നും അയാള്‍ മകളോട് കുറ്റസമ്മതം നടത്തുന്നു. എന്നാല്‍ ഇപ്പോള്‍ അതൊന്നും അയാള്‍ ചെയ്യുന്നേയില്ല. പതറിപ്പോകുന്ന പെണ്‍കുട്ടി മമ്മയെ വിളിച്ചു ചോദിക്കുന്നുണ്ട് അവര്‍ക്കെങ്ങനെയാണ് ഇത്തരം ഒരാളെ സ്നേഹിക്കാന്‍ കഴിഞ്ഞതെന്ന്. അമ്മയും മകളുമാണ് അയാളെ മഹാപാപത്തിന്റെ വഴികളില്‍ നിന്ന് രക്ഷിച്ചതെന്നും ഭാവിഭാര്യയെ കണ്ടെത്തിയത് മുതല്‍ അയാള്‍ ആ ജീവിതം ഉപേക്ഷിച്ചുവെന്നും മമ്മ അവളോട്‌ പറയുന്നു. തൊട്ടടുത്ത ദിവസം ഫോണ്ടെനുവിനോട് സംസാരിക്കവേ തന്റെ ജന്മദേശത്തെ കുറിച്ച് അയാള്‍ നുണ പറയുന്നത് തിരിച്ചറിയപ്പെടുക എന്ന സാധ്യതയെ അകറ്റിനിര്‍ത്താനാണ്. അഥവാ, ഭൂതകാലം എന്നത് എപ്പോഴും ഭീഷണമായ ഒന്നായി അയാളെ വേട്ടയാടുന്നുണ്ട്‌.  

രണ്ടാം കഥ ‘സെവെന്‍’ –ജെ.എഫ്. കെ വിമാനത്താവളത്തില്‍ ഭാര്യയെ കാത്തു നില്‍ക്കുന്ന കുടിയേറ്റക്കാരന്റെ ആഖ്യാനമാണ്. ന്യു യോര്‍ക്കിലെ ഹെയ്തിയന്‍ സമൂഹത്തില്‍ മറ്റൊരു ഹെയ്തിയന്‍ ദമ്പദികളുടെ ബേസ്മെന്റ് എപ്പാര്‍ട്ട്‌മെന്റിലെ വാടകക്കാരന്‍. ഏഴു വര്‍ഷക്കാലം രണ്ടു ഷിഫ്റ്റുകളില്‍ ജോലി ചെയ്താണ് ഭാര്യയെ കൂട്ടിക്കൊണ്ടു വരാന്‍ ആവശ്യമായ ഗ്രീന്‍ കാര്‍ഡ് അയാള്‍ സമ്പാദിക്കുന്നത്. അപ്പാര്‍ട്ട്‌മെന്റിന്റെ ഉടമകള്‍ കാ – യുടെ മാതാപിതാക്കളാണെന്നതാണ് ആദ്യഭാഗത്തോട് രണ്ടാം കഥയെ പ്രകടമായി ബന്ധിപ്പിക്കുന്നത്. എന്നാല്‍പുതുതായി എത്തിപ്പെട്ട ഇടത്തില്‍ ഭര്‍ത്താവ് ജോലിക്ക് പോകുമ്പോള്‍നാട്ടിലേക്കു കത്തുകള്‍ എഴുതിയും റേഡിയോയില്‍ ഹെയ്തിയന്‍ സ്റ്റേഷനുകള്‍ ശ്രവിച്ചും നേരംപോക്കുന്ന യുവതി അനുഭവിക്കുന്ന ഏകാന്തതയും പുറത്തിറങ്ങുന്നതിനെ കുറിച്ചുള്ള അനിശ്ചിതത്വവും കുടിയേറ്റക്കാരുടെ ജീവിതാവസ്ഥ ആവിഷ്കരിക്കുന്നു. ‘വാട്ടര്‍ ചൈല്‍ഡ്’ എന്ന മൂന്നാം ഭാഗംബ്രൂക്ക് ലിന്‍ ഡിപ്പാര്‍ട്ട്മെന്റ് ഹോസ്പിറ്റലില്‍ ഇ എന്‍ ടി വിഭാഗത്തില്‍ നേഴ്സ് ആയ നദീന്‍ എന്ന മുപ്പതുകാരി പ്രവാസിയെ പരിചയപ്പെടുത്തുന്നു. കുടുംബവുമായി അത്ര ഊഷ്മള ബന്ധങ്ങളില്ലാത്ത നദീന്‍ തകര്‍ന്നു പോയ പ്രണയ ബന്ധത്തിന്റെയും ഗര്‍ഭ ഛചിദ്രത്തിന്റെയും വേദന പേറുന്നുണ്ട്. തന്റെ രോഗിയായ മിസ് ഹിന്ദ്സ് ശ്വാസനാള ശസ്ത്രക്രിയക്കു ശേഷം സംസാര ശേഷി നഷ്ടപ്പെട്ട അവസ്ഥയിലാണ്. അവരോടു യാത്ര പറയുന്ന ദിവസത്തിലാണ് ഒരു സര്‍ റിയല്‍ പ്രത്യക്ഷമായി തന്റെ സ്വന്തം വികൃത രൂപം ലിഫ്റ്റിലെ ലോഹപാളിയില്‍ കാണുന്ന നദീന്‍ഈ ആഴ്ചയായിരുന്നു തന്റെ കുഞ്ഞ് പിറക്കെണ്ടിയിരുന്നതെന്ന് വേദനയോടെ ഓര്‍ത്തെടുക്കുന്നത്. ‘സെവെനി’ലെ നല്ല ഭര്‍ത്താവായ എറിക് ആണ് അവളുടെ കഥയിലെ ഉപേക്ഷിച്ചിട്ടു പോയ കാമുകന്‍ എന്നതാണ് ഈ ഭാഗത്തെ മുന്‍ ഭാഗവുമായി ബന്ധിപ്പിക്കുന്നത്. നാലാം ഭാഗമായ അത്ഭുതങ്ങളുടെ പുസ്തകത്തില്‍ (The Book of Miracles) ‘ഡ്യൂ ബ്രേക്ക’റുടെ ഭാര്യ ആന്‍ ആണ് ആഖ്യാതാവ്. കുടുംബത്തില്‍ ദിവ്യാത്ഭുതങ്ങളില്‍ വിശ്വസിക്കുന്ന ഏക അംഗമായ ആന്‍ മൂവരും ഒന്നിച്ചു പള്ളിയില്‍ പോകുന്ന ഏകസന്ദര്‍ഭം എന്ന നിലയില്‍ ക്രിസ്മസ് രാവിന്റെ പ്രാര്‍ത്ഥനയില്‍ ഏറെ ആവേശഭരിതയാണ്. എന്നാല്‍ഹെയ്തിയിലെ ആ കൊലയാളി സൈനികാംഗമായ ഇമ്മാനുവേല്‍ കോണ്‍സ്റ്റന്റിനെ അന്വേഷിക്കുന്ന പടം കാ- യാദൃശ്ചികമായി കാണാന്‍ ഇടയാകുന്നത് ആനിനെ ഭയപ്പെടുത്തുന്നു. നാളെ ആ സ്ഥാനത്ത് ഭര്‍ത്താവിന്റെ പടം വന്നേക്കാം എന്ന ചിന്തഅയാളുടെ ഭൂതകാലത്തെ കുറിച്ച് മകള്‍ അറിയാന്‍ ഇടവരുത്തുമെന്ന ഭയത്തിനു കാരണമാകുന്നു. അതുകൊണ്ട് ഇനിമേല്‍ ഇത്തരം പള്ളിയില്‍ പോക്ക് ഒഴിവാക്കാം എന്ന് അവള്‍ ഉറപ്പിക്കുന്നു. ആദ്യ ഭാഗത്തിനും മുമ്പാണ് ഈ ഭാഗത്തിന്റെ കഥാകാലം എന്ന് വ്യക്തമാണ്. ‘രാത്രി ഭാഷണക്കാര്‍’ (Night Talkers) എന്ന ഭാഗം പീഡകരും ഇരകളും പങ്കുവെക്കുന്ന വിചിത്ര വിധികളുടെ സങ്കീര്‍ണ്ണതകളെ അനുപമമായ കയ്യടക്കത്തോടെ ആവിഷ്കരിക്കുന്നു. ‘സെവെനി’ലെ എറിക്കിന്റെ കൂട്ടാളികളായ മറ്റു രണ്ടു വാടകക്കാരില്‍ ഒരാള്‍ ഡാനിയുടെ കഥയാണ് ഈ ഭാഗം പിന്തുടരുന്നത്. തന്റെ ഹെയ്തിയന്‍ ഗ്രാമത്തില്‍ ഒറ്റമുറി വീട്ടില്‍ കഴിയുന്ന അന്ധയായ എസ്റ്റിന എസ്റ്റെമേ അമ്മായിയെ സന്ദര്‍ശിക്കാന്‍ വരുമ്പോള്‍ യുവാവിനു വലിയൊരു രഹസ്യം അവരോടു പറയാനുണ്ട്. തന്റെ ആറാം വയസ്സില്‍ശപിക്കപ്പെട്ട ഒരു നാളില്‍ തന്റെ അച്ഛനമ്മമാരെ കൊന്നു കളയുകയും അമ്മായിയെ അന്ധയാക്കുകയും ചെയ്ത നരാധമനെ അയാള്‍ കണ്ടെത്തിയിരിക്കുന്നു. ആ കുറ്റവാളിയുടെ വീട്ടില്‍ വാടകക്കാരനാണ് അയാളിപ്പോള്‍. ഒരു രാത്രി അയാളെ വധിക്കാന്‍ പതുങ്ങി ചെന്നതാണ് അയാള്‍. എന്നാല്‍തന്റെ കണ്ടെത്തല്‍ തെറ്റാവാനുള്ള സാധ്യത ഭയന്ന് അയാള്‍ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍വിധി വൈപരീത്യത്തിന്റെ ഒരിടപെടല്‍ കൂടി അയാളുടെ കാര്യത്തില്‍ സംഭവിക്കുന്നു: അയാള്‍ അമ്മായിയോട് കഥ പറയാന്‍ തുടങ്ങുമ്പോഴേക്കും ഒരു സന്ദര്‍ശകന്‍ എത്തുന്നു. അന്ന് രാത്രി ഉറക്കത്തില്‍കഥ കേള്‍ക്കാന്‍ കാത്തുനില്‍ക്കാതെ എസ്റ്റെമ അമ്മായി മരിക്കുന്നു. പ്രതികാരത്തിന്റെ സാധ്യത മാത്രമല്ല അതിന്റെ ആസ്വാദ്യത കൂടിയാണ് നോവലിസ്റ്റ് പ്രശ്നവല്‍ക്കരിക്കുന്നത്. ‘വിവാഹവസ്ത്രക്കാരി’യിലെ (The Bridal Seamstress)  ബിയാട്രിസ്റിട്ടയര്‍ ചെയ്യുന്ന ഘട്ടത്തില്‍ അഭിമുഖത്തിനെത്തുന്ന അലൈന്‍ കജൂസ്റ്റെയെന്ന ജേണലിസ്റ്റിനോട് ഹെയ്തിയില്‍ കഴിഞ്ഞ കാലത്തെ കിരാതമായ ഒരോര്‍മ്മ പങ്കുവെക്കുന്നു. നൃത്തത്തില്‍ പങ്കാളിയാകാന്‍ വിസമ്മതിച്ചതിന് തന്റെ കാല്‍പ്പാദങ്ങള്‍ തല്ലിപ്പൊളിച്ച തടവറ കാവല്‍ക്കാരനെ കുറിച്ചാണ് അത്. അയാളിപ്പോള്‍ തൊട്ടടുത്ത് ഒരു വീട്ടിലുണ്ട്. എന്നാല്‍, അലൈനിന്റെ അന്വേഷണത്തില്‍ ആ വീട് പൂട്ടിയിട്ടിരിക്കയാണ്. ബിയാട്രിസിന് പക്ഷെ സംശയമേതുമില്ല. അയാള്‍ ഒഴിഞ്ഞ വീടുകളിലാണ് താമസംആരും തിരിച്ചറിയാതിരിക്കാനുള്ള അയാളുടെ മുന്‍കരുതലാണ് അത്. ദുരനുഭവങ്ങളുടെ സൃഷ്ടിയായ മനോവിഭ്രാന്തിയായി അലൈന്‍ ആ കഥ തള്ളിക്കളയുന്നു. ‘കുരങ്ങന്റെ വാലുകളിലെ (Monkey Tails) മൈക്കല്‍ഡ്യു ബ്രേക്കറുടെ അപ്പാര്‍ട്ട്മെന്റിലെ മൂന്നാം വാടകക്കരനാണ്. 1986-ലെ ഹെയ്തിയന്‍ ഭീകര നാളുകളിലൊന്നില്‍ അച്ഛനില്ലാത്ത ഒരു പന്ത്രണ്ടുകാരനായി അയാള്‍ സ്വയമോര്‍ക്കുന്നു. ‘ബേബി ഡോക്’ അധികാര ഭ്രഷ്ടനാക്കപ്പെട്ടതിനെ തുടര്‍ന്ന് കൊലയാളി സൈനികരെ ജനം വേട്ടയാടുന്ന ഘട്ടം. അക്കൂട്ടത്തില്‍ പെട്ട റെഗുലാസ് എന്ന കൊലയാളിയുടെ മകന്‍ റൊമെയ്ന്‍ എന്ന സുഹൃത്തില്‍ നിന്ന് തന്റെ പിതാവാരെന്ന സൂചന അവനു കിട്ടുന്നു. അത് താന്‍ സംശയിച്ചത് തന്നെയാണെന്ന് അവനു മനസ്സിലാകുന്നു. താന്‍ നാട് വിടുകയാണെന്ന് റൊമെയ്ന്‍ അവനെ അറിയിക്കുന്നു. എന്നാല്‍ അന്ന് രാത്രി റെഗുലാസ് ആത്മഹത്യ ചെയ്യുന്നതോടെ റൊമെയ്ന്‍ അപ്രത്യക്ഷനാകുന്നു. ‘വിലാപ ഗായിക’ (The Funeral Singer)  എന്ന ഖണ്ഡത്തില്‍ എഴുപതുകളില്‍ ന്യുയോര്‍ക്കിലേക്ക് കുടിയേറുകയും യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് ക്ലാസ്സില്‍ ആകെയുള്ള ഹെയ്തിയന്‍ വിദ്യാര്‍ഥിനികള്‍ എന്ന നിലയില്‍ കൂട്ടുകാരികള്‍ ആയിത്തീരുകയും ചെയ്യുന്ന മൂന്നു പെണ്‍കുട്ടികളുടെ കഥയാണ്‌. മരണചടങ്ങുകളില്‍ വിലാപഗായികയായിരുന്ന ഫ്രെഡ, പിതാവിന്റെ അറസ്റ്റും പീഡനവും പിന്നീടു കടലില്‍ വെച്ചുണ്ടായ അദ്ദേഹത്തിന്റെ ദുരൂഹ തിരോധാനത്തെയും തുടര്‍ന്ന് ഏകാധിപതിയുടെ കൊട്ടാരത്തില്‍ പാടാന്‍ വിസമ്മതിക്കുകയായിരുന്നു. അപകടം മണത്ത അവളുടെ അമ്മയാണ് നാടുവിടാന്‍ അവളെ പ്രേരിപ്പിച്ചത്. മാരിസെല്ലെയുടെ ഭര്‍ത്താവ് വരച്ച പ്രസിഡന്റിന്റെ ചിത്രം അധികൃതര്‍ക്ക് ബോധിക്കാതെ പോയത് അയാളുടെ മരണത്തില്‍ കലാശിച്ചപ്പോള്‍സൈനിക ബലാല്‍ക്കാരമായിരുന്നു റെസിയയുടെ ദുരന്തം. പുതിയ ദേശത്ത്‌ നല്ലൊരു ഭാവി സ്വപ്നം കാണുകയാണ് മൂന്നു പെണ്‍കുട്ടികളും.

ഒടുവിലത്തെ ആഖ്യാനമായാണ് കേന്ദ്ര കഥാപാത്രത്തിന്റെ കഥയിലേക്ക്‌ കടക്കുന്നതെങ്കിലും അതാണ്‌ ഏറ്റവും പഴക്കമേറിയതും. ‘രാത്രി ഭാഷണക്കാ’രിലെ ഡാനിയുടെ കഥ മാറ്റിവെച്ചാല്‍ നോവലിലെ ഏറ്റവും ചടുലവും വൈകാരിക സാന്ദ്രതയിയന്നതുമായ ഭാഗം ‘ദി ഡ്യൂ ബ്രേക്കര്‍’ എന്ന ഈ അവസാന ഖണ്ഡം തന്നെയാണ്. വിധിവൈപരീത്യങ്ങളുടെ വിളയാട്ടവും ഇതിവൃത്ത സങ്കീര്‍ണ്ണതയുടെ കയ്യടക്കവും ഇത്രമേല്‍ സമ്മേളിക്കുന്ന ഫിക് ഷനല്‍ ക്ലൈമാക്സുകള്‍ അപൂര്‍വ്വമാണ്. ‘സന്നദ്ധര്‍’ എന്ന് വിളിക്കപ്പെട്ട സൈനിക വിഭാഗത്തില്‍ അയാള്‍ എത്തിപ്പെട്ട് ഒരു പതിറ്റാണ്ട് പിന്നിട്ട 1967-ലാണ് അത് തുടങ്ങുന്നത്. കാസേര്‍നസ് മിലിട്ടറി ബാരക്കില്‍ ശാരീരികവും മാനസികവുമായ പീഡനങ്ങളെ ആസ്വദിക്കുന്നയാള്‍ എന്ന നിലയില്‍ ഏറെ പ്രസിദ്ധനായിരുന്ന പീഡകന്‍, ഭരണകൂടത്തിന്റെ കണ്ണിലെ കരടായ ഒരു ബാപ്റ്റിസ്റ്റ് പാസ്റ്ററെ വധിക്കാനുള്ള ദൗത്യത്തിലാണ്. അതെ സമയംഅധികൃതരുടെ കൈകളാല്‍ ഭാര്യ കൊല്ലപ്പെട്ട പാസ്റ്റര്‍ തന്റെ വിധിയും ഉടന്‍ നടപ്പിലായേക്കും എന്നറിയുമ്പോഴും നിര്‍ഭയനാണ്. സഭാ മേധാവികളുടെ മുന്നറിയിപ്പ് പോലും അവഗണിച്ച് ചര്‍ച്ചിലേക്ക് പോകുന്ന പാസ്റ്റര്‍ ഡ്യു ബ്രേക്കറുടെയും സംഘത്തിന്റെയും കയ്യില്‍ അകപ്പെടുകയും കൊടിയ പീഡനങ്ങള്‍ക്ക് ഇരയാവുകയും ചെയ്യുന്നു. എന്നാല്‍ പാസ്റ്ററെ ഒരു രക്തസാക്ഷി പരിവേഷത്തിലേക്ക് ഉയര്‍ത്തുന്നത് ഗുണം ചെയ്യില്ലെന്ന് മനസ്സിലാക്കുന്ന അധികൃതര്‍ അയാളെ വിട്ടയക്കാന്‍ ഉത്തരവിടുന്നുവെങ്കിലും ആകസ്മികമായ ചില സംഭവവി കാസങ്ങളെ തുടര്‍ന്ന് ഡ്യു ബ്രേ ക്കറുടെ മുഖത്ത് വലിയ മുറിവേല്‍ക്കാനും അയാളുടെ വെടി കൊണ്ട് പാസ്റ്റര്‍ മരിക്കാനും ഇടയാക്കുന്നു. ഇപ്പോള്‍കല്‍പ്പന ധിക്കരിച്ചതിനു വേട്ടയാടപ്പെടാന്‍ സാധ്യതയുള്ള നിലയില്‍ സ്വയം ഒളിച്ചോടെണ്ട അവസ്ഥ അയാള്‍ക്ക് വന്നു ചേരുന്നു. പാസ്റ്ററുടെ അര്‍ദ്ധസഹോദരി ആന്‍ മുറിവേറ്റ ഡ്യു ബ്രേക്കറെ തടവറയില്‍ നിന്ന് രക്ഷപ്പെട്ട ഇരയായി കാണുകയും അയാളുടെ സംരക്ഷണം ഏറ്റെടുക്കുകയും ചെയ്യുന്നതാണ് ഇരുവരും ഒരുമിച്ചു നാടുവിടുന്നതിലും ന്യു യോര്‍ക്കില്‍ എത്തുന്നതിലും കലാശിക്കുന്നത്. ആ രാത്രിയിലെ സംഭവങ്ങളുടെ യാഥാര്‍ത്ഥ്യം ഇരുവരും മുഴുവനായി ചര്‍ച്ച ചെയ്യുന്നതേയില്ല. അതിനു ശേഷം അയാള്‍ ആരെയും ഉപദ്രവിച്ചിട്ടില്ല എന്ന് മാത്രം. മകള്‍ പിറക്കുമ്പോള്‍ അവളോടുള്ള സ്നേഹം ഇരുവരും ഒരു പാപ മോചനമായി കണ്ടെടുക്കുന്നു. ‘നല്ല മാലാഖ’ എന്നയര്‍ത്ഥത്തില്‍ മകള്‍ക്ക് ‘കാ’ എന്ന് പേരിടുന്നത് തന്നെ ആ വിമോചന ശ്രമത്തിന്റെ പ്രതീകമായാണ്. എന്നാല്‍ അയാളുടെ പാപമോചന ശ്രമം ഒരിക്കലും പൂര്‍ണ്ണ വിജയമാകില്ല എന്നതിന്റെ തെളിവ് അയാളുടെ കയ്യാല്‍ കൊല്ലപ്പെട്ട പാസ്റ്റര്‍ നല്‍കിയ ആഴത്തിലുള്ള മുറിവടയാളത്തിന്റെ രൂപത്തില്‍ ആ മുഖത്തു എന്നും കല്ലിച്ചു കിടക്കും.

നോവലിന്റെ വര്‍ത്തമാന കാലത്ത് ചകിതനും പശ്ചാത്താപ വിവശനുമായി ബ്രൂക്ക് ലിനിലെ ഒരു ബാര്‍ബര്‍ ഷോപ്പില്‍ നിശ്ശബ്ദമായി ജീവിതം പുലര്‍ത്തിക്കഴിയുകയാണ് ഡാന്റികായുടെ ഡ്യു ബ്രേക്കര്‍. ഒളിച്ചു കഴിയുന്ന മുന്‍കാല ഭരണകൂട പീഡകനെ വ്യത്യസ്ത വീക്ഷണ കോണുകളിലൂടെ ആവിഷകരിക്കുന്ന കൃതിയായി നോവലിനെ കാണാം. എത്രയൊക്കെ ഓടിയൊളിക്കാന്‍ ശ്രമിച്ചാലും ഭൂതകാലം മനുഷ്യനെ വേട്ടയാടുക തന്നെ ചെയ്യും; പ്രത്യേകിച്ചും പറഞ്ഞറിയിക്കാനാവാത്ത ക്രൂരതകള്‍ ചെയ്തു കൂട്ടിയവരുടെ കാര്യത്തില്‍. ഹെയ്തി വിട്ടു മുപ്പത്തിയേഴ് വര്‍ഷങ്ങള്‍ക്കിപ്പുറവും കടലുകള്‍ താണ്ടിയുള്ള അന്യദേശത്തു അജ്ഞാതവാസം നയിക്കാന്‍ ശ്രമിക്കുന്ന മുഖ്യ കഥാപാത്രത്തിന് കണ്‍വെട്ടത്തു തന്നെ അയാളുടെ ഭൂതകാലത്തിന്റെ ജീവിച്ചിരിക്കുന്ന സാക്ഷ്യങ്ങളായി ഏറെപ്പേരുണ്ട്‌. അയാളുടെ വാടകക്കാര്‍ മാത്രമല്ലപ്രണയപൂര്‍വ്വം ഒരുമിച്ചു കഴിയുന്ന ഭാര്യ തന്നെയും അക്കൂട്ടത്തിലുണ്ട്. എന്നാല്‍ വൈകാരിക ആഘാതത്തില്‍ നിന്ന് ശ്രദ്ധ വ്യതിചലിപ്പിക്കും വിധം സാവധാനം അനാവരണം ചെയ്യപ്പെടുന്ന നിഗൂഡതകളിലല്ല നോവലിസ്റ്റിന്റെ താല്പര്യം എന്ന് വ്യക്തമാണ്. ഓരോ ഖണ്ഡത്തിലും വ്യത്യസ്ത കഥാപാത്രങ്ങളുടെ ആഖ്യാനങ്ങളിലൂടെ പീഡകനെ കുറിച്ച് കൂടുതല്‍ കൂടുതല്‍ വെളിവാക്കപ്പെടുകയും ഒടുവിലത്തെ ഭാഗത്തിലൂടെ അയാളുടെ ‘പ്രവര്‍ത്തനരീതികളെ തന്നെ നാം നേരില്‍ കാണുകയും ചെയ്യുന്നുണ്ടെങ്കിലും അയാളിലേറെ അയാള്‍ക്ക് ചുറ്റും കഴിയുന്നവരുടെയും അവരുടെ അനുഭവങ്ങളുടെയും അവയുടെ സാമൂഹിക ദേശീയ മാനങ്ങളുടെയും ആവിഷ്കാരത്തിലാണ് നോവലിസ്റ്റ് ഊന്നുന്നത്. ആന്‍ കണ്ടെത്തുന്നത് പോലെപാപ ബോധത്തിനും വിട്ടുവീഴ്ചക്കും ഇടയില്‍ ഒരു പെന്‍ഡുലം പോലെ നോവലിലെ അനുഭവ തലം ചലിക്കുന്നു.

 read more:

Crooked Plow by Itamar Vieira Junior

https://alittlesomethings.blogspot.com/2024/09/crooked-plow-by-itamar-vieira-junior.html

Eve out of Her Ruins by Ananda Devi

https://alittlesomethings.blogspot.com/2024/08/eve-out-of-her-ruins-by-ananda-devi.html

Half Blood Blues by Esi Edugyan

https://alittlesomethings.blogspot.com/2024/08/half-blood-blues-by-esi-edugyan.html

The Last Brother by Nathacha Appanah

https://alittlesomethings.blogspot.com/2024/08/the-last-brother-by-nathacha-appanah.html

Sunday, August 25, 2024

I, Tituba, Black Witch of Salem by Maryse Condé / Richard Philcox

 തിതൂബയുടെ കഥ: ആണ്‍കോയ്മയുടെ മതഭ്രാന്ത്‌

 


ദൌര്‍ഭാഗ്യകരമായ എന്തോ ലൈംഗികാരോപണത്തെ തുടര്‍ന്ന് റദ്ദു ചെയ്യപ്പെട്ട 2018-ലെ സാഹിത്യ നോബേലിന് പകരമായി സംഘടിപ്പിക്കപ്പെട്ട പുരസ്കാരം (New Academy Prize in Literature or the Alternative Nobel Prize) ഒടുവില്‍ നേടിയത് പേരില്‍ കരീബിയന്‍ സാഹിത്യത്തിലെ അഭിവന്ദ്യ സാന്നിധ്യമായ മറീസ് കൊണ്ടെ (1934-2024) ആണ്. മറീസ് കൊണ്ടെക്ക് പുരസ്‌കാരം നല്‍കുമ്പോള്‍ ‘ന്യു അക്കാദമി’ നടത്തിയ നിരീക്ഷണങ്ങള്‍ ഏറെ ശ്രദ്ധേയമാണ്:

“മരീസ് കൊണ്ടെ ഒരു പ്രതാപിയായ കഥാകാരിയാണ്. അവരുടെ രചനാ ലോകം വിശ്വസാഹിത്യത്തിന്റെതാണ്. അവരുടെ കൃതികളില്‍, ഒരേ സമയം കൃത്യതയാര്‍ന്നതും നിമഗ്നമാക്കുന്നതുമായ ഭാഷയില്‍ കൊളോണിയലിസത്തിന്റെയും പോസ്റ്റ്‌കൊളോണിയലിസത്തിന്റെയും കെടുതികള്‍ അവര്‍ ആവിഷ്കരിക്കുന്നു. മാന്ത്രികതയും, സ്വപ്നവും, ഭീകരതയും, പ്രണയം പോലെത്തന്നെ, എപ്പോഴും അതില്‍ സന്നിതമാണ്. ഫിക് ഷനും യാഥാര്‍ത്ഥ്യവും പരസ്പരം ഭേദിക്കുന്നു; ആളുകള്‍ നിലനില്‍ക്കുന്ന വര്‍ത്തമാനത്തില്‍ എന്ന അളവില്‍ത്തന്നെ, സങ്കീര്‍ണ്ണമായ പാരമ്പര്യമുള്ള സാങ്കല്‍പ്പിക ലോകങ്ങളിലും അധിവസിക്കുന്നു. ഹാസ്യാത്മകമായ ബഹുമാനത്തോടെ, ഒപ്പം മാനുഷിക സൗഭ്രാത്രത്തോടെയും ഊഷ്മളതയോടെയും, അവര്‍ പോസ്റ്റ്‌കൊളോണിയല്‍ ഭ്രാന്തിനെയും വിഘടനത്തെയും ദുരാചാരത്തെയും ആഖ്യാനം ചെയ്യുന്നു. അവരുടെ കഥകളില്‍ വര്‍ഗ്ഗവും വംശീയതയും ലിംഗ ഭേദവും നിരന്തരം പുതിയ ലോകക്രമങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന എണ്ണമറ്റ വൈവിധ്യത്തിന്റെ ലോകത്ത് മരിച്ചു പോയവര്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് തൊട്ടരികില്‍ ജീവിക്കുന്നു.”

പതിനാറാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ (1962) മസാചുസെറ്റ്സിലെ സേലം പ്രവിശ്യയില്‍ ഇരുനൂറോളം സ്ത്രീകള്‍ ദുര്‍മ്മന്ത്രവാദിനീ വേട്ടക്കു വിധേയരാക്കപ്പെടുകയും അതില്‍ പത്തൊമ്പതു പേര്‍ തൂക്കിലേറ്റപ്പെടുകയും ചെയ്ത സംഭവത്തില്‍ (Salem Witch Trials) ഉള്‍പെട്ട കറുത്ത വര്‍ഗ്ഗക്കാരിയായ സ്ത്രീയുടെ കഥ ആ ചരിത്രത്തില്‍ പോലും വലിയ തോതില്‍ തമസ്കരിക്കപ്പെട്ട ഒന്നാണ്. നാതനീല്‍ ഹോതോണിന്റെ The Scarlet Letter ഹെസ്റ്റര്‍ പ്രിന്‍ എന്ന ഇരയുടെ വീക്ഷണത്തിലൂടെ പെണ്‍പക്ഷം പിടിച്ചെങ്കിലും വംശീയപ്രശ്നമൊന്നും ഹോതോണിന്റെ വിഷയമായിരുന്നില്ല. ആര്‍തര്‍ മില്ലറുടെ The Crucible വെള്ളക്കാരനായ പുരുഷന്റെ സൃഷ്ടിയെന്ന പരിമിതി മുറിച്ചു കടന്നുമില്ല. മറീസ് കൊണ്ടെയുടെ I, Tituba, Black Witch of Salem എന്ന നോവല്‍ ചരിത്ര നോവലിന്റെ ബാധ്യതകള്‍ ഏറെയൊന്നും ഇല്ലാതെത്തന്നെ ചരിത്രത്തിന്റെ ഈ തമോഗര്‍ത്തത്തെയാണ് അനാവരണം ചെയ്യുന്നത്. വെളുത്തവരുടെ പുരുഷാധിപത്യ, ക്രിസ്ത്യന്‍ മതാധികാര ഘടനയില്‍ മുച്ചൂടും പൂണ്ടുകിടന്ന പ്യൂരിറ്റാനിക്കല്‍ പശ്ചാത്തലത്തില്‍ നടത്തപ്പെട്ട വിചാരണയില്‍ വംശീയവും ലിംഗ പരവുമായ വിവേചനങ്ങള്‍ കൂടി അധികം നേരിടേണ്ടി വന്ന തിതൂബയെന്ന കഥാപാത്രത്തിന്റെ ആത്മീയവും വംശീയവും ലിംഗസ്വത്വപരവുമായ അസ്തിത്വം സ്ഥാപിച്ചെടുക്കാനുള്ള ശ്രമങ്ങളും പരിണാമങ്ങളും അവതരിപ്പിക്കുന്നതിലൂടെ കറുത്ത വര്‍ഗ്ഗക്കാര്‍, സ്ത്രീകള്‍, ഇതര മത വിശ്വാസികള്‍ എന്നിങ്ങനെ നിശ്ശബ്ദരാക്കപ്പെട്ട ന്യൂന പക്ഷങ്ങള്‍ക്ക് ശബ്ദം നല്‍കുകയാണ് മറീസ് കൊണ്ടെ ചെയ്യുന്നത് എന്ന് നോവലിന്റെ ആമുഖത്തില്‍ അമേരിക്കന്‍ ആക്റ്റിവിസ്റ്റ് ഏഞ്ചലാ ഡേവിസ് നിരീക്ഷിക്കുന്നു.

തിതൂബയുടെ പ്രഥമ വ്യക്തിക (first person) ആഖ്യാനത്തിലൂടെ പറയപ്പെടുന്ന കഥ ആരംഭിക്കുന്നത്, ബാര്‍ബഡോസിലേക്കുള്ള ആഫ്രിക്കന്‍ അടിമക്കപ്പലില്‍ വെച്ചു ഇംഗ്ലീഷുകാരനായ നാവികന്റെ ബലാല്‍ക്കാരത്തിനു ഇരയയാകുന്ന അഷാന്റി (Ashanti: ethnic, natives of the Ashanti Region of British Gold Coast which is modern-day Ghana) യുവതി അബീനയെ കുറിച്ചും അങ്ങനെ തന്റെ ജന്മത്തെ കുറിച്ചും പറഞ്ഞുകൊണ്ടാണ്. ബാര്‍ബഡോസിലെത്തുമ്പോള്‍ അവള്‍ ഗര്‍ഭിണിയാണെന്ന് തിരിച്ചറിയുന്ന ഉടമ  അവളെ യാവോ എന്ന അടിമക്കു നല്‍കുന്നു. സ്നേഹ ധനനായ യാവോയോടൊത്തുള്ള ജീവിതം പക്ഷെ യജമാനന അയാളെ മറ്റൊരു പ്ലാന്റര്‍ക്ക് വിറ്റു കളയുന്നതോടെ അവസാനിക്കുന്നു. യാവോയാകട്ടെ, അബീനയുടെ വധത്തിനു ശേഷം സ്വയം അവസാനിപ്പിക്കുകയും ചെയ്യും. തിതൂബയുടെ കുട്ടിക്കാലത്തെ മറ്റൊരു പൊള്ളുന്ന അനുഭവം എഴാം വയസ്സില്‍ സാക്ഷിയാകെണ്ടിവന്ന സ്വന്തം അമ്മയുടെ തൂക്കിക്കൊലയാണ്. വെള്ളക്കാരനായ ഉടമയുടെ ലൈംഗിക അതിക്രമത്തെ ചെറുത്തതിനുള്ള ശിക്ഷ. തുടര്‍ന്ന് പ്രദേശത്തെ പേരുകേട്ട മന്ത്രവാദ ചികിത്സകയും മരിച്ചവരുമായി സംസാരിക്കുന്ന സിദ്ധികള്‍ ഉള്ളവളുമായ മുതിര്‍ന്ന സ്ത്രീ മാമാ യായായുടെ സംരക്ഷണയില്‍ എത്തിച്ചേരുന്ന തിതൂബ അവരില്‍ ആ സിദ്ധികള്‍ സ്വായത്തമാക്കിക്കൊണ്ടാണ് വളരുന്നത്‌. തിതൂബയുടെ പതിനാലാം വയസ്സില്‍ സംഭവിക്കുന്ന മാമാ യായായുടെ മരണ ശേഷം തനിച്ചൊരു ഫാമില്‍ താമസമാക്കുന്ന തിതൂബക്ക് അമ്മയുടെയും യാവോയുടെയും വളര്‍ത്തമ്മയുടെയും ആത്മാക്കളാണ് കൂട്ടും സംരക്ഷണവും. എന്നാല്‍ ഈ ആത്മ സാന്നിധ്യങ്ങളുടെ മുന്നറിയിപ്പു വക വെക്കാതെ സുമുഖനും കൊതിപ്പിക്കുന്നവനുമായ ജോണ്‍ ഇന്ത്യന്‍ എന്ന അടിമ യുവാവുമായി തിതൂബ പ്രണയത്തിലാകുന്നു. അയാളോടൊപ്പം ജീവിക്കാനുള്ള ആഗ്രഹമാണ് ആരുടേയും അടിമയല്ലാത്ത തിതൂബയെ ഫലത്തില്‍ അയാളുടെ ഉടമയായ സുസാന എന്‍ഡിക്കോട്ടിനു വിധേയയാക്കുന്നത്. തന്റെ സ്വാതന്ത്യത്തിന്റെ അന്ത്യം ദുസ്സഹമാകുന്ന ഒരു ഘട്ടത്തില്‍ തന്റെ സിദ്ധികള്‍ ഉപയോഗിച്ച് തനി മാടമ്പി സ്വഭാവമുള്ള സുസാനയെ അപായപ്പെടുത്താന്‍ പോലും ശ്രമിക്കുന്ന തിതൂബക്ക് പക്ഷെ വലിയ തിരിച്ചടി നേരിടേണ്ടി വരുന്നു. ജോണിനെ കടുത്ത മത മൗലികവാദിയായ പാസ്റ്റര്‍ സാമുവേല്‍ പാരീസിനു സുസാന വിറ്റുകളയുന്നതാണ് ഇരുവരെയും മാസച്ചുസെറ്റ്സില്‍ എത്തിക്കുക. മന്ത്രവാദത്തിനും ചികിത്സക്കും തിതൂബയെ ആശ്രയിക്കുമ്പോള്‍ തന്നെ കടുത്ത പ്യൂരിറ്റാനിക്കല്‍ വിശ്വാസികളും അതിലേറെ അന്ധവിശ്വാസികളുമായ നാട്ടുകാര്‍, അവളുടെ ‘ദുര്‍മ്മന്ത്രവാദിനീ പരിവേഷത്തില്‍ അങ്ങേയറ്റം ചകിതരുമാണ്. സാമുവേല്‍ പാരീസിന്റെ അനന്തിരവള്‍ അബിഗേലിന്റെ ഇടപെടല്‍ എന്ന് തിതൂബ ശങ്കിക്കുന്ന കാരണങ്ങളാല്‍ സാത്താന്റെ അനുചരരായ ദുര്‍മ്മന്ത്രവാദിനികളുടെ കൂട്ടത്തില്‍ പെട്ടവള്‍ എന്ന കുറ്റം ചാര്‍ത്തി അറസ്റ്റ് ചെയ്യപ്പെടുന്നതാണ് സേലം വേട്ടയില്‍ അവളെ ഉള്‍പ്പെടുത്തുക. കുറ്റമേല്‍ക്കുന്നതിലൂടെ മാപ്പു ലഭിച്ചേക്കാം എന്ന ജോണിന്റെ ഉപദേശം ചെവിക്കൊള്ളുന്ന തിതൂബയെ കാത്തിരിക്കുന്നത്, സ്വന്തം തടി രക്ഷിക്കാനുള്ള ബദ്ധപ്പാടില്‍ തന്നെ കയ്യൊഴിയുന്ന ഭര്‍ത്താവിന്റെ കൊടുംചതിയാണ്. തടവറയില്‍ വെച്ചു തിതൂബ ഹോതോണിന്റെ ക്ലാസിക്കിലെ വിവാഹേതര ബന്ധത്തില്‍ ഗര്‍ഭിണിയായ കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെടുന്ന ഹെസ്റ്റര്‍ പ്രിന്നിനെ കണ്ടു മുട്ടുന്നുണ്ട്. സ്ത്രീപക്ഷ ചിന്തകളുടെ പ്രാഗ് രൂപമായ സംഭാഷണത്തില്‍ ഹെസ്റ്റര്‍ തന്റെ തെറ്റില്‍ പുരുഷന്റെ പങ്കാളിത്തം അവഗണിച്ചു തനിക്ക് നല്‍കപ്പെട്ട ശിക്ഷയുടെ ഏകപക്ഷീയതക്കെതിരെ രോഷം കൊള്ളുന്നു. വ്യഭിചാരിണി എന്ന നിലയില്‍ ‘A’ എന്ന മുദ്ര ധരിക്കണമെന്ന ശിക്ഷ വിധിക്കപ്പെടുമ്പോള്‍ ആത്മഹത്യ ചെയ്യുന്ന ഹെസ്റ്റര്‍, ഹോതോണിന്റെതല്ല; അവള്‍ മറീസ് കൊണ്ടെയുടെ മാനസ പുത്രി തന്നെയാണ്.

ജൂതന്‍ എന്ന നിലയില്‍ അനുഭവിക്കേണ്ടി വന്ന പീഡനങ്ങള്‍ തന്നെയാവാം ബെഞ്ചമിന്‍ കോഹന്‍ ഡാസവേദോ എന്ന വ്യാപാരിയെ തിതൂബയുടെ മോചനം സാധ്യമാക്കാന്‍ പ്രേരിപ്പിക്കുന്നത്. തുടര്‍ന്ന് വിഭാര്യനായ ബെഞ്ചമിന്‍ തന്റെ ഒമ്പത് മക്കളുടെ സംരക്ഷണം കൂടി മുന്നില്‍ കണ്ടു തിതൂബയെ സ്വന്തമാക്കുന്നു. പ്യൂരിറ്റന്‍ സമൂഹത്തില്‍ മതപരവും സാംസ്കാരികവുമായി ഇരുവരും അനുഭവിക്കുന്ന ഒറ്റപ്പെടല്‍ തന്നെയാണ് അവരെ അടുപ്പിക്കുന്നത്. ഇരുവര്‍ക്കും ഇടയില്‍ തീവ്രമായൊരു ലൈംഗിക ബന്ധം ആരംഭിക്കുന്നത് കടുത്ത ജൂതവിരുദ്ധരുടെ ആക്രമണത്തില്‍ അയാളുടെ ബിസിനസ്സ് തകരുകയും കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുകയും ചെയ്യുന്നതിനെ തുടര്‍ന്നാണ്‌ അവസാനിക്കുക. കൂടുതല്‍ സഹിഷ്ണുതയുള്ള ദേശമെന്നു കരുതപ്പെടുന്ന റോഡ്‌ ദ്വീപിലേക്ക് പോകും മുമ്പ് കോഹന്‍ തിതൂബയെ സ്വതന്ത്രയാക്കുകയും അവളുടെ നാടായ ബാര്‍ബഡോസിലേക്ക് തിരികെ അയക്കുകായും ചെയ്യുന്നു. അവിടെ മുന്‍ ആഫ്രിക്കന്‍ അടിമകളുടെ പിന്‍ മുറക്കാരായ മരൂണുകള്‍ക്കും റിബലുകള്‍ക്കും ഇടയില്‍ താനൊരു ഇതിഹാസമായി മാറിയിര്‍ക്കുന്നുവെന്നു തിതൂബ കണ്ടെത്തുന്നു. ആദ്യം അവള്‍ സ്വാഗതം ചെയ്യപ്പെടുന്നു. എന്നാല്‍ അവരുടെ അനിയന്ത്രിതമായ അക്രമ വാസനയുമായി പൊരുത്തപ്പെടാനാവാതെ തിതൂബ തന്റെ ഫാമിലേക്ക് തിരിച്ചു പോകുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറവും വലിയ കേടുപാടുകള്‍ കൂടാതെ ഫാം അവിടെയുണ്ടായിരുന്നു എന്നത് അവള്‍ക്ക് ആശ്വാസകരമായി അനുഭവപ്പെടുന്നുണ്ട്. ലൈംഗികാഭിനിവേശം വേണ്ടുവോളം ഉള്ളവളായിത്തന്നെയാണ് തിതൂബയെ നോവലിസ്റ്റ് ചിത്രീകരിക്കുന്നത് എന്നത് ഇതു ഘട്ടത്തിലും അത്തരം ബന്ധങ്ങളില്‍ ചെന്ന് പെടുന്ന അവളുടെ പ്രകൃതത്തില്‍ വ്യക്തമാണ്. ബാര്‍ബഡോസില്‍ ആദ്യം ക്രിസ്റ്റഫര്‍ എന്ന മരൂണ്‍ വിപ്ലവ നായകനോടുണ്ടാകുന്ന ബന്ധം അതീവ ഹ്രസ്വമായിരിക്കുമെങ്കിലും വൈകാതെ അവള്‍ മറ്റൊരു ബന്ധത്തിലും എത്തിപ്പെടുന്നു. ക്രിസ്റ്റഫറില്‍ നിന്ന് ഗര്‍ഭം ധരിക്കുന്ന തിതൂബ, അയാളുടെ ഒറ്റില്‍തന്നെയാണ് കൊലക്കയറിലേക്ക് എത്തുന്നതും. റിബലുകള്‍ തിതൂബയുടെ അരികിലെത്തിക്കുന്ന മുറിവേറ്റ നവയുവാവ് ഇഫിജീനെയെന്ന ചെറുപ്പക്കാരനുമായുണ്ടാകുന്ന സൗഹൃദം ഒരേസമയം അവള്‍ക്കൊരു മകനെയും കാമുകനെയുമാണ്‌ നല്‍കുന്നത്. അതെ സൗഹൃദം തന്നെയാണ് അവളെ വെള്ളക്കാര്‍ക്കെതിരായ കലാപത്തിന്റെ സഹാകാരിയാക്കുന്നതും. ഇഫിജീനെയുടെയും കൂട്ടരുടെയും പദ്ധതി ഏതാണ്ട് വിജയപ്രതീക്ഷ നല്കിത്തുടങ്ങുന്ന ഘട്ടത്തില്‍ പക്ഷെ, തിതൂബക്ക് അപശകുന സൂചനകള്‍ ലഭിക്കുന്നുണ്ട്. അനിവാര്യമായ ദുരന്തത്തിലേക്ക് തിതൂബയും ഇഫിജീനെയും എത്തിപ്പെടുന്നത് അവളുടെ ഭയപ്പാടുകളുടെ പൂര്‍ത്തീകരണമാണ്..   

രണ്ടു ഭാഗങ്ങളായി ആഖ്യാനം ചെയ്യപ്പെടുന്ന നോവലില്‍ ആദ്യഭാഗം തിതൂബയുടെ ജനനം മുതല്‍ അവള്‍ സേലത്ത് എത്തുന്നതു വരെയുള്ള കഥയും രണ്ടാം ഭാഗത്ത് പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ ബാര്‍ബഡോസില്‍ വെച്ച് അവള്‍ തൂക്കിലേറ്റപ്പെടുന്നത് വരെയുള്ള കഥയുമാണ് ആവിഷ്കരിക്കുന്നത്. നോവലിന്റെ ഹ്രസ്വമായ പരിസമാപ്തി അധ്യായത്തില്‍ തിതൂബ മരണാന്തരം നടത്തുന്ന ആഖ്യാനത്തില്‍ ആത്മാവെന്ന നിലയില്‍ തന്റെ നിലനില്‍പ്പ്‌ സംതൃപ്തമാണെന്നു പ്രഖ്യാപിക്കുന്നതോടൊപ്പം കറുത്ത വഗ്ഗക്കാര്‍ക്ക് ശുഭകരമായ ഒരു ഭാവിയിലേക്ക് ഉറ്റുനോക്കുകയും ചെയ്യുന്നു. തുടര്‍ന്ന് യഥാര്‍ത്ഥ തിതൂബയുടെ ചരിത്രത്തെ കുറിച്ചുള്ള ഒരൊറ്റപ്പേജ് വിവരണവും നോവലിസ്റ്റ് നല്‍കുന്നു.

ചരിത്ര നോവല്‍ എന്ന ബാധ്യത അത്രയൊന്നും പേറുന്നില്ലാത്ത നോവലില്‍ പക്ഷെ തിതൂബയെ കൂടാതെ തന്നെ ചില കഥാപാത്രങ്ങള്‍ക്ക് തികഞ്ഞ ചരിത്ര വേരുകളുണ്ട്. ഉദാഹരണത്തിന് സേലം ദുര്‍മ്മന്ത്രവാദിനീ വേട്ടയില്‍ പ്രധാന പ്രതിനായകന്‍ ആയിരുന്ന പ്യൂരിറ്റന്‍ പാസ്റ്റര്‍ സാമുവേല്‍ പാരീസ് അതെ പേരില്‍ നോവലില്‍ കടന്നു വരുന്നുണ്ട്. സേലത്ത് എത്തുന്ന ആദ്യ നാളുകളില്‍ അമിത ആത്മവിശ്വാസത്തോടെ പാസ്റ്ററുടെ ഭാര്യയേയും മകളെയും ചികിത്സിക്കാനും മറ്റും തയ്യാറാകുന്ന തിതൂബയുടെ ചെയ്തികള്‍ യഥാര്‍ഥത്തില്‍ സംഭവിച്ചത് തന്നെയാണ്. വിചാരണ വേലയുടെ ആവിഷ്കാരത്തിലും നോവലിസ്റ്റ് ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ ഏറെ കൃത്യമായി പിന്തുടരുന്നുണ്ട്. യഥാര്‍ത്ഥ  തിതൂബയുടെ സത്യ വാങ്മൂലത്തെ അപ്പടി ഉപയോഗിക്കുകയാണ് ഈ ഭാഗത്ത്. എന്നാല്‍ ജയില്‍ മുറിയില്‍ ഹെസ്റ്റര്‍ പ്രിന്‍ എന്ന ഫിക് ഷനല്‍ കഥാപാത്രത്തോടൊപ്പമാണ് തിതൂബ കഴിയുന്നത്‌. ചരിത്രത്തിന്റെ ഒരു ചട്ടക്കൂട് ഉപയോഗികുന്നതിനപ്പുറം ബാക്കിയെല്ലാം കൃതഹസ്തയായ എഴുത്തുകാരിയുടെ സൃഷ്ടിയാണ് എന്ന് കാണാം. സ്ത്രീയുടെ അടിമത്ത  അനുഭവത്തിന്റെയും സ്വന്തം ലൈംഗികതയും ഔഷധസിദ്ധിയും ഉപയോഗിച്ചു ആരാധനയുടെയും ഒപ്പം ഭയപ്പാടിന്റെയും നിഗൂഡ പാത്രമായിത്തീരുന്നതിന്റെയും സങ്കീര്‍ണ്ണതകള്‍ ആവിഷ്കരിക്കാന്‍ തിതൂബയുടെ കഥ നോവലിസ്റ്റിനു ഒരു കാന്‍വാസ് ആയി മാറുകയാണ്. ആന്‍ പെട്രിയുടെ Tituba of Salem Village, ആര്‍തര്‍ മില്ലറുടെ The Crucible എന്നീ കൃതികളൊക്കെ തന്നെ നിരാശപ്പെടുത്തിയതിനെ കുറിച്ച് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ആന്‍ ആംസ്ട്രോങ്ങ്‌ സ്കാര്‍ബോറോയുമായുള്ള അഭിമുഖത്തില്‍ നോവലിസ്റ്റ് തുറന്നു പറയുന്നുണ്ട്: മില്ലറുടെ വീക്ഷണം വെള്ളക്കാരനായ പുരുഷന് കറുത്ത വര്‍ഗ്ഗസ്ത്രീയെ ശ്രദ്ധിക്കാനാവില്ല എന്ന നിലയില്‍ അവര്‍ വിലയിരുത്തുമ്പോള്‍, ആന്‍ പെട്രിയുടെ കൃതി മടുപ്പിക്കും വിധം പ്രത്യാശാഭാരിതമായിരുന്നു എന്ന്‍ അവര്‍ക്ക് അനുഭവപ്പെട്ടു. “യുവ ജനങ്ങള്‍ക്ക് റോള്‍ മോഡലുകളെ നല്‍കുന്നതില്‍ എനിക്കു താല്പര്യമില്ല.” പകരം തിതൂബക്ക് അവളുടെ ഭൂതകാലവും ഭാവിയും മാത്രമല്ല, കര്‍തൃത്വം തന്നെ തിരികെ നല്‍കുന്നതിലാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ‘ക്രൈസ്റ്റ്, ദി കിംഗ്‌ എന്ന് വിരുദ്ധോക്തിയില്‍ നാമകരണം ചെയ്ത അടിമക്കപ്പലിന്റെ ഡക്കില്‍ വെറുപ്പിന്റെയും കയ്യേറ്റത്തിന്റെയും പ്രവര്‍ത്തിയില്‍ നിന്നാണ് താന്‍ പിറവിയെടുത്തത് എന്ന് നോവലില്‍ ആദ്യമേ തിതൂബ പറഞ്ഞുവെക്കുന്നുണ്ട്. ഒരു മന്ത്രവാദിനി ചികിത്സക ആകുന്നതില്‍ എന്താണ് തെറ്റെന്നു കൊട്ടിഘോഷിക്കപ്പെടുന്ന വേട്ടയെ തിതൂബ ചോദ്യം ചെയ്യുന്നു. “എന്താണ് ഒരു മന്ത്രവാദിനി? .. അദൃശ്യ ലോകത്തോട്‌ ആശയ വിനിമയം സാധിക്കുന്നത്, മരിച്ചവരോട് നിരന്തരം ബന്ധം പുലര്‍ത്തുന്നത്, മറ്റുള്ളവരെ ശുശ്രൂഷിക്കുന്നതും സുഖപ്പെടുത്തുന്നതും, അതൊക്കെ ബഹുമാനവും ആരാധനയും കൃതജ്ഞതയും പ്രചോദിപ്പിക്കുന്ന മഹത്തായ സിദ്ധിയല്ലേ? അതുകൊണ്ടുതന്നെ, മന്ത്രവാദിനി .. ഭയപ്പെടെണ്ടവള്‍ എന്നതിലേറെ മാനിക്കപ്പെടെണ്ടവളല്ലേ?” ബാര്‍ബഡോസില്‍ തിരിച്ചെത്തുമ്പോള്‍ തിതൂബയുടെ സിദ്ധികളെ ഒരു വിമോചന മാര്‍ഗ്ഗമായി കാണുന്ന ഘട്ടത്തെ കുറിച്ച് അഭിമുഖത്തില്‍ അവര്‍ നിരീക്ഷിക്കുന്നത് ഇത്തിരി വൈരുധ്യം നിറഞ്ഞ രീതിയിലാണ്: തിതൂബയെ വല്ലാതങ്ങ് ഗൌരവത്തില്‍ എടുക്കല്ലേ.. തിതൂബയെ മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പാരഡിയുടെ ഘടകം വളരെ പ്രധാനമാണ്.” 

(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 103-109) 

Also read:

The Memory of Love by Aminatta Forna

https://alittlesomethings.blogspot.com/2016/10/blog-post_45.html

 

Ummath: A Novel of Community and Conflict  by Sharmila Seyyid /Gita Subramanian

https://alittlesomethings.blogspot.com/2024/08/ummath-novel-of-community-and-conflict.html