പലസ്തീനി
കവിത:
ഹനാന്‍ അഷ്റാവി
(Hanan Daoud Mikhael Ashrawi. b : 1946)
നാല് വയസ്സാകാറായ
കുഞ്ഞിന്റെ ഡയറിയിൽ നിന്ന്
നാളെ, ബാന്റെജുകള്‍
അഴിച്ചുമാറ്റും.
എനിക്കറിയില്ല,
ശേഷിക്കുന്ന
ഈ ഒരു കണ്ണുകൊണ്ട്
അരമുറി
ഓറഞ്ചും,
അരമുറി
ആപ്പിളും,
ഉമ്മയുടെ
പകുതി മുഖവുമാണോ
ഞാൻ
കാണാൻ പോകുന്നത്?
ആ
വെടിയുണ്ട ഞാൻ കണ്ടില്ലായിരുന്നു,
പക്ഷേ അതെന്റെ
തലച്ചോറിൽ
പൊട്ടിത്തെറിച്ച
വേദന ഞാനറിഞ്ഞു.
അയാളുടെ
ആ ദൃശ്യം മാഞ്ഞുപോയിരുന്നേയില്ല —
ആ
പടയാളിയുടെ രൂപം.
കയ്യിലെ
വലിയ തോക്ക്, വിറയ്ക്കുന്ന കൈകള്‍,
എനിക്ക്
മനസ്സിലാകാത്ത നോട്ടം.
എനിക്കയാളെ
വ്യക്തമായി കാണാം
കണ്ണുകൾ
അടയ്ക്കുമ്പോഴും;
നഷ്ടപ്പെടുന്ന
കണ്ണുകൾ മാറ്റിവെക്കാൻ
നമ്മുടെയൊക്കെ
തലയ്ക്കുള്ളിൽ
ഓരോ
ജോടി കരുതൽ കണ്ണുകൾ
ഉണ്ടെന്നും
വരാം!
അടുത്ത
മാസം,
എന്റെ ജന്മദിനത്തിൽ,
എനിക്കൊരു
പുതിയ സ്ഫടികക്കണ്ണ് കിട്ടും;
ഒരുപക്ഷേ
വസ്തുക്കളെല്ലാം വട്ടത്തിലും
നടുവിൽ
തടിച്ചുമിരിക്കും കാണാൻ—
എന്റെ
ഗോലികളിലൂടെയെല്ലാം ഞാൻ നോക്കിയിട്ടുണ്ട്,
അവയിലൂടെ
ലോകമാകെ വിചിത്രമായി കാണപ്പെട്ടു.
ഒമ്പത്
മാസം മാത്രം പ്രായമുള്ളൊരു കുഞ്ഞിനും
ഒരു
കണ്ണ് നഷ്ടപ്പെട്ടുവത്രേ!
എന്റെ
പടയാളി തന്നെയാണോ
അവളെയും
വെടിവെച്ചത്? —
തന്റെ
കണ്ണുകളിലേക്ക് നോക്കുന്ന
ചെറിയ
പെൺകുട്ടികളെ
തിരഞ്ഞുനടക്കുന്നൊരു
പടയാളി!
എനിക്ക്
പ്രായമായി, നാല് വയസ്സാകാൻ പോകുന്നു,
ഞാൻ
ജീവിതം അത്യാവശ്യം കണ്ടുകഴിഞ്ഞു,
പക്ഷേ
അവളൊരു പൈതലല്ലേ,
അവൾക്ക്
നല്ലതൊന്നും അറിയില്ലല്ലോ.
Courtesy: https://wordpress.com/post/teluguanuvaadaalu.com/17227
വിവരണം:
മിഖായേൽ അഷ്രാവി (ജനനം: 1946) ബ്രിട്ടീഷ് മാൻഡേറ്റ് പലസ്തീനിലെ നാബ്ലസിൽ, പി.എൽ.ഒ.യുടെ സ്ഥാപക അംഗങ്ങളിലൊരാളായ ഡോ. ദാവൂദ്
മിഖായേലിന്റെ മകളായി ഒരു മധ്യവർഗ്ഗ പലസ്തീനിയൻ ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച അവർ
വളർന്നത് പ്രധാനമായും റമല്ലയിലാണ്.
പലസ്തീനിയന്‍ കവിതയില്‍ നക്ബ- പൂര്‍വ്വ (1948) ഘട്ടത്തെയും അനന്തര ഘട്ടത്തെയും ബന്ധിപ്പിക്കുന്ന, പഴയ തലമുറയുടെയും പുതിയ തലമുറയുടെയും ഇടയിലുള്ള പരിവർത്തനത്തിലൂടെ കടന്നുപോയ എഴുത്തുകാർ, ഭാവനാത്മകമായ പ്രതിരോധത്തിൽ നിന്നും അപഗ്രഥനപരവും ആഖ്യാനപരവുമായ രേഖപ്പെടുത്തലുകളിലേക്ക് സാഹിത്യ ചർച്ചകളെ വഴിതിരിച്ചുവിട്ടു. ഇക്കൂട്ടത്തിലെ ഏറ്റവും പ്രായം കൂടിയ ഡോ. ഹനാൻ ദാവൂദ് അഷ്രാവി ഈ ബൗദ്ധിക പാലത്തിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ണിയാണ്. നയതന്ത്രരംഗത്തെ സുപ്രധാനമായ ഔദ്യോഗിക ജീവിതത്തിന് മുമ്പേ എഴുത്തുകാരി എന്ന നിലയില്‍ ശ്രദ്ധേയയായിത്തീര്‍ന്ന അവരുടെ അക്കാദമിക് കൃതിയായ 'Contemporary Palestinian Literature Under Occupation' (1976), പ്രസ്തുത മാറ്റത്തെ സിദ്ധാന്തവൽക്കരിച്ച ഒന്നായിരുന്നു. മഹ്മൂദ് ദാർവിഷിന്റെ സമകാലികയും മികച്ച പണ്ഡിതയുമെന്ന നിലയിൽ പഴയ തലമുറയുടെ റൊമാന്റിക് ദേശീയതയെ അഷ്രാവി ആഴത്തിൽ മനസ്സിലാക്കിയിരുന്നു. എന്നാൽ ഒരു അന്താരാഷ്ട്ര നയതന്ത്രജ്ഞയും ചർച്ചാ പ്രതിനിധിയുമെന്ന നിലയിൽ, രാഷ്ട്രീയ ഉടമ്പടികളും ഉദ്യോഗസ്ഥ ഭരണത്തിന്റെ ഭാഷയും പലസ്തീനികളുടെ ജീവിതത്തെ ശിഥിലമാക്കാന്‍ എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് അവർ നേരിട്ട് കണ്ടു. അവരെ സംബന്ധിച്ച് കവിതയുടെ ആഴം ലളിതമായ മുദ്രാവാക്യങ്ങളിൽ ഒതുങ്ങുന്നതായിരുന്നില്ല; മറിച്ച് അത് തികച്ചും ബൗദ്ധികവും കൃത്യതയാർന്നതും ചോദ്യം ചെയ്യുന്നതുമായിരുന്നു. തന്റെ പൈതൃകത്തിൽ ഉറച്ചുനിൽക്കുമ്പോൾ തന്നെ, അന്താരാഷ്ട്ര ചർച്ചാ മേശകളിൽ നയതന്ത്രം നയിച്ച ഒരാളുടെ മൂർച്ചയോടെയാണ് ഭൗമരാഷ്ട്രീയ വഞ്ചനകൾ വ്യക്തികളുടെ നിയമപരവും മാനുഷികവുമായ സ്വത്വത്തെ എങ്ങനെ ഇല്ലാതാക്കുന്നു എന്ന് അവർ എഴുതിയത്.
അവരുടെ ഏറ്റവും പ്രശസ്തമായ
കവിതയായ "മിന്‍ മുദക്കറാതി തിഫ്ലതിന്‍ ലം തതജാവിസ് അല്‍ റാബി’അ" (നാല് വയസ്സാകാറായ കുഞ്ഞിന്റെ ഡയറിയിൽ നിന്ന്), അധിനിവേശത്തിന്റെ ദാരുണമായ യാഥാർത്ഥ്യത്തെ വെടിയേറ്റ് ഒരു
കണ്ണ് നഷ്ടപ്പെട്ട കൊച്ചു പെണ്‍കുട്ടിയുടെ സവിശേഷമായ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്നു.
അവശേഷിക്കുന്ന ഒരു കണ്ണ് കൊണ്ട് തനിക്ക് ആപ്പിളോ അമ്മയുടെ മുഖമോ ഒക്കെ പകുതി
മാത്രമാണോ കാണാൻ കഴിയുക എന്ന് കുട്ടി അത്ഭുതപ്പെടുന്നു. ഗോലി ഗ്ലാസിലൂടെ
നോക്കുമ്പോൾ ലോകം വികലമായി കാണപ്പെടുന്നത് പോലെയാകും തന്റെ പുതിയ യാഥാർത്ഥ്യമെന്ന്
ഭയന്നുകൊണ്ട് കുട്ടി ആ ട്രോമയെ ഉൾക്കൊള്ളാൻ ശ്രമിക്കുന്നു. കണ്ണ്
അടച്ചുപിടിച്ചാലും തനിക്ക് നേരെ വെടിയുതിർത്ത സൈനികനെ വ്യക്തമായി കാണാൻ കഴിയുന്നു
എന്ന് കുട്ടി ഓർക്കുന്നു. ട്രോമകള്‍ വേട്ടയാടുന്ന ഓർമ്മകളായി എങ്ങനെ
ഉറച്ചുപോകുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഒരു കണ്ണ് നഷ്ടപ്പെട്ട മറ്റൊരു
കുഞ്ഞിനു നേരെയും വെടിവെച്ചത് ഇതേ ആൾ തന്നെയാണോ എന്ന് അവൾ ചിന്തിക്കുന്നു.
കവിതയിലെ കുട്ടിയുടെ അകാല, നിർബന്ധിത മുതിർച്ചയെയും ("എനിക്ക് പ്രായമായി, ഏകദേശം നാല് വയസ്സ്") അതിലും പ്രായം കുറഞ്ഞ ഇരകളുടെ
തികഞ്ഞ നിസ്സഹായതയെയും കവിത ശക്തമായി വിളക്കിച്ചേര്‍ക്കുന്നു, ഇത് നിരപരാധികളായ കുട്ടികളിൽ സംഘർഷങ്ങൾ ഉണ്ടാക്കുന്ന
വിനാശകരമായ ആഘാതത്തെ എടുത്തു കാണിക്കുന്നു.
അഷ്രാവിയുടെ കവിതകൾ ഒരു
ശസ്ത്രക്രിയാ കത്തിയുടെ കൃത്യതയോടെയാണ് പ്രവർത്തിക്കുന്നത്. ഭൂമിയെ ഒരു സുന്ദരിയായ
സ്ത്രീയോട് ഉപമിക്കുന്ന പഴയകാലത്തെ മൃദുവായതും ആശ്വാസം നൽകുന്നതുമായ
രൂപകങ്ങളെയെല്ലാം അവർ പൂർണ്ണമായി നിരസിക്കുന്നു. പകരം, ഭൗമരാഷ്ട്രീയ മാറ്റങ്ങൾ മനുഷ്യരെ വെറും നിയമപരമായ വാദങ്ങളോ (legal arguments)
ഭരണപരമായ പ്രശ്നങ്ങളോ (administrative
issues) മാത്രമായി എങ്ങനെ ചുരുക്കുന്നു എന്ന് അന്വേഷിക്കുന്ന, ആഴത്തിൽ ചോദ്യം ചെയ്യുന്ന ഒന്നായി അവ മാറുന്നു. ഭാഷയോട്
ചെയ്യുന്ന വഞ്ചനയിലാണ് അവരുടെ എഴുത്ത് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
"സമാധാനം", "സുരക്ഷ", "ചർച്ച" തുടങ്ങിയ വാക്കുകൾ വ്യവസ്ഥാപിത അക്രമങ്ങളെ
മൂടിവെക്കാൻ ആഗോള ശക്തികൾ എങ്ങനെയാണ് ആയുധമാക്കുന്നത് എന്ന് അവർ പരിശോധിക്കുന്നു.
ഒരു സൂക്ഷ്മ നിരീക്ഷകന്, അഷ്രാവിയുടെ
വരികൾ തുറന്നുകാട്ടുന്നത്, കർക്കശവും
സഹാനുഭൂതിയില്ലാത്തതുമായ അന്താരാഷ്ട്ര ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് സ്വന്തം
നിലനിൽപ്പിനുള്ള അവകാശത്തിനായി നിരന്തരം വാദിക്കേണ്ടി വരുന്ന ജനതയുടെ കഠിനമായ
മാനസിക അസ്വാസ്ഥ്യങ്ങളെയാണ്. അവരുടെ കാവ്യശൈലി അന്തസ്സുറ്റതും (dignified) ബൗദ്ധികവുമാണ്; ഒപ്പം ഭരണപരമായ ക്രൂരതകളിൽ നിന്ന് കണ്ണുമാറ്റാൻ വിസമ്മതിക്കുന്ന ശാന്തവും
എന്നാൽ വിട്ടുവീഴ്ചയില്ലാത്തതുമായ ഒരു അമർഷത്താൽ അടയാളപ്പെടുത്തപ്പെട്ടതുമാണ്.
No comments:
Post a Comment