Featured Post

Showing posts with label ഹൈകു. Show all posts
Showing posts with label ഹൈകു. Show all posts

Thursday, October 4, 2012

ഹൈകു കവിതകള്‍- 3



ഇലയോട് പഠിക്കണം
ഇളകിച്ചിരിക്കാന്‍
മൌനമായ് പൊഴിയാന്‍
 
പുല്‍ച്ചാടി പരല്‍ മീന്‍ തവള
കീടനാശിനിക്ക്.
അടുത്തത് കര്‍ഷകന്‍

ഒരുത്തിക്ക് നൂറു പേര്‍
പ്രണയ ദാസ്യം
തേനിന്റെ സാക്ഷ്യം

പഠിക്കണം
കര്‍മ്മ വേഗം
ചോണനുറുമ്പിനോട്‌

കുറഞ്ഞ വീടിനു
കണ്ടു പഠിക്കണം
പുളിയുറുമ്പിനെ

ദക്ഷിണ വെക്കണം
വാസ്തു ശില്പി
തൂക്കണാം കുരുവിക്ക്

നനയുമ്പോള്‍ കുനിയണം
കുനിഞ്ഞേ നനക്കണം
പുല്‍ നാമ്പു പോലെ

മൂവന്തിച്ചോപ്പിന്‍ പാഠ ഭേദം:
നിലാവായ് വെളുക്കും, 
അമാവാസിയായ് കറുക്കും.

അലസമായ് ഇറങ്ങുന്നോനെ
കുളിര് കൊണ്ട് പുതപ്പിക്കും
ആറ്റുവെള്ളം

ബ്ലൂംന്ന് ചാടിയാല്‍
ആറ്റു വെള്ളം
ചൂടുറവ 

തണല്‍പ്പാതിക്കുളിര്
വെയില്‍പ്പാതിച്ചൂട്
ചിറയിലെ മൂവന്തിക്കുളി

മുതിര്‍ന്നാലും കുഞ്ഞായ് നിനക്കും
ജലത്തിന് അമ്മ മനസ്സ്
ഉച്ചക്കും പുലരിത്തണുപ്പു

കരയൊരു ധൂര്‍ത്തന്‍
കരുതി വെക്കില്ലൊന്നും
ചൂടും തണുപ്പും.




 


Tuesday, August 28, 2012

ഹൈകു കവിതകള്‍- 2

മുങ്ങി മരിച്ച കുഞ്ഞിനു
മൂകമായ അടക്കം
ഒഴുക്കില്‍ ഒരൊറ്റയില
xxxxxxxxxxxx
കത്തുന്ന തെരുവ്
മടിയിലൊരു കുഞ്ഞു ജഡം
രണഭൂവിലെ പിയേത്ത
xxxxxxxxxxxxxxxxx
ജീനുകളുടെ കടലാഴം കടന്നു
മുത്തശ്ശി ചിരിക്കുന്നു
പേരക്കുഞ്ഞിലൂടെ
xxxxxxxxxxxx
നക്ഷത്രങ്ങളുടെ കൂട്ടച്ചിരി
നിഷ്കാസിതന്‍ ചാടി മരിക്കുന്നു
ഭൂമിയിലേക്ക്‌
xxxxxxxxxxxxx

ബന്ധിതനായ ഭ്രാന്തന്
ജനല്‍പ്പടിയിലെ കുരുവി
സ്വാതന്ത്ര്യത്തിന്റെ പക്ഷി
 xxxxxxxxxxxx
 
കാട്ടിലെ കിളിക്ക് കൂടുണ്ട്‌; കൂട്ടും.
കൂട്ടിലെ കിളിക്ക് കാടില്ല; കൂട്ടില്ല

xxxxxxxxxxxxx

ഹൈകു കവിതകള്‍-1

നേരിന്റെ കവലാള്‍ക്ക്
നെറി കെട്ടവരുടെ
ഒടുക്കത്തെ അത്താഴം
xxxxxxxxxx
 
ഒറ്റയ്ക്ക് പൊരുതിയോന്
ഒറ്റുകാര്‍ തീര്‍ത്ത
ഓട്ട സ്മാരകം
xxxxxxxxxxxx
 
വെളിച്ചം തേടിയോന്
ഇടിമിന്നലില്‍
മോഹാലസ്യം
xxxxxxxxxxx

എങ്ങുമെത്തു,മെങ്കിലും
കിഴക്കാണുദയം
വെളിച്ചങ്ങളൊക്കെയും
xxxxxxxxxxxxx

കുരുതിക്കളത്തില്‍
നിഴലുകളെയുള്ളൂ, 
വണിക്കുകളാണ്‌ സത്യം.
("Every misery is an opportunity"- P. Sainath on Mass Media v. Mass Reality- From Farm and Field to Wall Street Deals )
xxxxxxxxxxxx

കൂട്ടിലടക്കാം വെളിച്ചത്തെ
വിലയിട്ടു വില്‍ക്കാം
കുരുടന്
(ചെടികളും പക്ഷികളും സൂര്യപ്രകാശം മോഷ്ടിക്കുകയാണ് എന്ന് മോന്‍സാന്റോയുടെ പരാതി)