Featured Post

Saturday, October 17, 2026

Introduction to Kattumullukalum Olive Marangalum by T.T.Sreekumar

ഐക്യദാർഢ്യത്തിന്‍റെ സാംസ്കാരിക സന്ദേശം

ടി. ടി. ശ്രീകുമാര്‍



മഹത്തായ ഒരു സാഹിത്യ പാരമ്പര്യത്തെ മലയാളത്തിന് ആഴത്തില്‍ പരിചയപെടുത്തുകയെന്ന സുപ്രധാന ദൗത്യമാണ് ഫസൽ റഹ്മാന്‍റെ 'കാട്ടുമുള്ളുകളും ഒലിവ് മരങ്ങളും: പലസ്തീൻ നോവൽ പഠനങ്ങൾ' എന്ന പുസ്തകം നിര്‍വഹിക്കുന്നത്. മണ്ണും സ്വാതന്ത്ര്യവും ചരിത്രപരമായ അംഗീകാരവും വീണ്ടെടുക്കാനുള്ള പലസ്തീനിയന്‍ പോരാട്ടത്തെ സ്വന്തം കഥ പറയാനുള്ള ആ പ്രദേശത്തിന്റെ അദമ്യമായ ആവേശവുമായി വേർപെടുത്താനാവാത്തവിധം ബന്ധിപ്പിക്കുന്ന ആഖ്യാനങ്ങളാണ് ഈ പുസ്തകം രാഷ്ട്രീയമായും ദാര്‍ശനികമായും ചര്‍ച്ചചെയ്യാന്‍ തയ്യാറാവുന്നത്. നക്ബ, അധിനിവേശം, പ്രവാസം, ദേശീയ വിമോചനത്തിന്‍റെ അസ്ഥിരമായ വാഗ്ദാനങ്ങൾ എന്നിവയിലൂടെ സഞ്ചരിക്കുന്ന ഈ കൃതി, പലസ്തീൻ അനുഭവങ്ങളുമായും അവയുടെ സാഹിത്യാവിഷ്കാരങ്ങളുമായും മലയാളി വായനക്കാർക്ക് അഭൂതപൂര്‍വമായ സാംസ്കാരിക സമ്പർക്കത്തിനാണ് സാധ്യത നല്‍കുന്നത്. രാഷ്ട്രതന്ത്രപരമായ സങ്കൽപ്പങ്ങളും സംഘർഷങ്ങളുടെ കണക്കെടുപ്പുകളും പലപ്പോഴും മറച്ചുവെക്കുന്ന മനുഷ്യജീവിതങ്ങളുടെ സൂക്ഷ്മഭാവങ്ങളെ നോവലുകൾ എങ്ങനെ കാത്തുനിർത്തുന്നുവെന്ന് കാട്ടിത്തരുന്നു എന്നതാണ് ഈ പുസ്തകത്തിന്‍റെ പ്രസക്തി. ഈ വായനകളിലൂടെ, പലസ്തീൻ എന്നത് ഓർമ്മകളുടെയും ബന്ധങ്ങളുടെയും സാംസ്കാരിക ശീലങ്ങളുടെയും ആഗ്രഹങ്ങളുടെയും ജൈവലോകമായി ഉയർന്നുവരുന്നു. അധിനിവേശശക്തികളുടെ അടിച്ചമർത്തലുകൾക്കെതിരെ ഉയര്‍ന്നുനിൽക്കുന്നത് ശിഥിലമായ അഭിലാഷങ്ങളുടെയും തൃഷ്ണകളുടെയും ഓർമ്മകളുടെയും ഈ നൈരന്തര്യം തന്നെയാണ്.

തകർക്കപ്പെട്ട ഭവനങ്ങള്‍, ചിതറിപ്പോയ കുടുംബങ്ങള്‍, തലമുറകളുടെ നഷ്ടങ്ങള്‍, ദൈനംദിന ജീവിതത്തിന്‍റെ വ്യവസ്ഥാപിതമായ ശിഥിലീകരണം എന്നിവ ഉൾക്കൊള്ളുന്ന പലസ്തീനിയൻ പ്രതിസന്ധി അതീവ ദാരുണമായ ഒരു മാനുഷിക ദുരന്തമാണ്. ഈ യാതനകളെ മനസ്സിലാക്കുന്നതിന്, അവ സൃഷ്ടിക്കുകയും നിലനിർത്തുകയും ചെയ്യുന്ന ഭൌമരാഷ്ട്രീയ അധികാരഘടനകളെ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള പഠനങ്ങൾ, നഷ്ടങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങളെ കൊളോണിയലിസം, പ്രദേശിക കയ്യേറ്റങ്ങൾ, കുടിയൊഴിപ്പിക്കൽ, സ്വത്വ നിഷ്കാസനങ്ങള്‍, അന്താരാഷ്ട്ര രാഷ്ട്രീയം എന്നിവയുടെ ചരിത്രവുമായി ബന്ധിപ്പിക്കാൻ വായനക്കാരെ സഹായിക്കുന്നു. ഈ ശക്തികൾ എങ്ങനെയാണ് വീടുകളിലേക്കുപോലും കടന്നുകയറുന്നതെന്നും, ബാല്യങ്ങളെ കശക്കിയെറിയുന്നതെന്നും, സഞ്ചാരസ്വാതന്ത്ര്യങ്ങള്‍ നിരോധിക്കുന്നതെന്നും, 'വീട്' എന്ന സങ്കൽപ്പത്തിന്‍റെ അർത്ഥംതന്നെ പുനര്‍നിര്‍വചിക്കുന്നതെന്നും സാഹിത്യം വ്യക്തമായി കാണിച്ചുതരുന്നു. മാനുഷികമായ വൈകാരികാനുഭവങ്ങളെ രാഷ്ട്രീയ ചരിത്രവുമായുള്ള സംവാദത്തിലേക്ക് കൊണ്ടുവന്ന്, പലസ്തീനിയൻ ജീവിതങ്ങളെ ദുർബലമാക്കുന്ന, ദുസ്സഹമാക്കുന്ന, ദുസ്സാധ്യമാക്കുന്ന, അധിനിവേശത്തെക്കുറിച്ചുള്ള തിരിച്ചറിവിൽ അധിഷ്ഠിതമായ ഐക്യദാർഢ്യം വളർത്തിയെടുക്കാൻ ഈ പുസ്തകം പ്രേരണ നൽകുന്നു. ഇസ്ലാമോഫോബിയയുടെ മറവില്‍ പലസ്തീന്‍ പ്രശ്നത്തെ മുസ്ലീം പ്രശ്നമായി പുനര്‍വിചിന്തനം ചെയ്യപ്പെടുകയും ഐക്യദാര്‍ഡ്യങ്ങള്‍ ചോദ്യംചെയ്യപ്പെടുകയുംചെയ്യുന്ന സമകാലിക കേരളത്തില്‍ ഇത്തരം സര്‍ഗാത്മക ഇടപെടലുകള്‍ക്ക് പ്രസക്തി വര്‍ദ്ധിച്ചിരിക്കുന്നു.

ഒരു നൂറ്റാണ്ടുകാലത്തെ പലസ്തീനിയന്‍ അനുഭവങ്ങൾ സാഹിത്യമായി മാറുന്നത്തിന്‍റെ ലാവണ്യചരിത്രത്തെ സൂക്ഷ്മമായി വീക്ഷിക്കുന്നതിലൂടെയാണ് ഈ പുസ്തകത്തിന്‍റെ സൗന്ദര്യശാസ്ത്രപരമായ സംഭാവന വെളിപ്പെടുന്നത്. റിയലിസം, സറ്റയര്‍, കുടുംബ വംശാവലികൾ, ശിഥിലീകൃത സൂക്ഷ്മാഖ്യാനങ്ങള്‍, ഫാൻ്റസി/അഭ്യൂഹാത്മക സാഹിത്യം എന്നിവ ഓർമ്മയോടും അധിനിവേശത്തോടും ആത്മബന്ധത്തോടുമുള്ള വ്യത്യസ്ത തലങ്ങളെ രേഖപ്പെടുത്തുന്നവയാണ്‌. ഗസ്സാൻ കനഫാനി, ഇമിൽ ഹബീബി, സഹര്‍ ഖലിഫെ, അദാനിയ ശിബിലി തുടങ്ങിയ എഴുത്തുകാരുടെ വായനകളിൽ സാഹിത്യ രൂപങ്ങൾ ചരിത്രത്തെ മനസ്സിലാക്കാനുള്ള ഒരു മാധ്യമമായി മാറുന്നു: ശിഥിലമായ വിവരണങ്ങൾ തകർന്ന ജീവിതങ്ങളെ ഓർമ്മിപ്പിക്കുന്നു, ഒന്നിലധികം ശബ്ദങ്ങൾ കൂട്ടായ്മയുടെ സ്വത്വത്തെ കൂടുതൽ വിപുലമാക്കുന്നു, ഒപ്പം ഐറണി അധിനിവേശത്തിന് കീഴിലുള്ള ജീവിതത്തിന്‍റെ വൈരുധ്യങ്ങളെ തുറന്നുകാട്ടുന്നു. സൗന്ദര്യശാസ്ത്രവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം ആഖ്യാനത്തിന്‍റെ അധികാരത്തെക്കുറിച്ചുള്ള ചോദ്യങ്ങളെക്കൂടി മുന്നോട്ടുവെക്കുന്നു: ആരാണ് സംസാരിക്കുന്നത്, ആരുടെ ഓർമ്മകളാണ് അവശേഷിക്കുന്നത്, ഒരു നോവൽ വായനക്കാരെ കേൾക്കാൻ പ്രാപ്തരാക്കുന്ന മൗനങ്ങൾ ഏതെല്ലാമാണ്—പലസ്തീനിയൻ കഥാസാഹിത്യം ഇവിടെ കലാപരമായ സർഗ്ഗാത്മകതയുടെയും ധാർമ്മികമായ അനിശ്ചിതത്വങ്ങളുടെയും വിമർശനാത്മകമായ ആത്മപരിശോധനയുടെയും സമഗ്രമേഖലയായി ഉയർന്നുവരുന്നു.

ഈ പഠനം സൂചിപ്പിക്കുന്നതുപോലെ, ഗസ്സാൻ കനഫാനി, ഇമിൽ ഹബീബി, സഹർ ഖലീഫെ, അദാനിയ ശിബിലി തുടങ്ങിയ എഴുത്തുകാരെ പലസ്തീനികളുടെ അധിനിവേശാനുഭവങ്ങളെയും കുടിയൊഴിപ്പിക്കലുകളെയും വ്യത്യസ്തവും എന്നാൽ പരസ്പരബന്ധിതവുമായ രീതികളിൽ ആഖ്യാനംചെയ്ത പ്രതിഭാധനരായി നമുക്ക് വായിക്കുവാന്‍ കഴിയും. പ്രവാസം, നൈതികാടിസ്ഥാനങ്ങള്‍, ഏജൻസിയുടെ ആയാസപൂര്‍ണ്ണമായ രൂപീകരണം എന്നിവയെക്കുറിച്ചുള്ള കനഫാനിയുടെ അന്വേഷണങ്ങളില്‍നിന്ന് തീർത്തും വ്യത്യസ്തമായ ഒരു ആവിഷ്കാരമാണ് ഹബീബിയുടെ സറ്റയറുകളില്‍ കാണാനാകുന്നത്. അവര്‍ വ്യത്യസ്ത രീതികളില്‍ അടിച്ചമർത്തലിന് കീഴിലുള്ള അതിജീവനവും കീഴടങ്ങലും പ്രതിരോധവും തമ്മിലുള്ള വേർതിരിവുകളെ അട്ടിമറിക്കുന്ന വൈരുധ്യങ്ങളെ സൃഷ്ടിക്കുന്നു. ഈ അസ്വസ്ഥതകളെ അധിനിവേശ സമൂഹത്തിന്‍റെ ദൈനംദിനബന്ധങ്ങളിലേക്ക് ഖലീഫെ കൊണ്ടുവരുകയും, ദേശീയ വിമോചനം എന്നത് വർഗ്ഗ അസമത്വം, പിതരാധിപത്യ അധികാരം, സ്ത്രീകളുടെ സ്വയംഭരണത്തിനായുള്ള പോരാട്ടങ്ങൾ എന്നിവയുമായി എങ്ങനെ പിരിമുറുക്കത്തോടെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് വെളിപ്പെടുത്തുകയുംചെയ്യുന്നു. ഷിബിലിയുടെ മിതമായ ഗദ്യവും ഖണ്ഡാത്മകമായ സമയഘടനകളും മൗനങ്ങളിലേക്കും, മറഞ്ഞിരിക്കുന്ന അക്രമങ്ങളിലേക്കും, അധിനിവേശംതന്നെ പുനരുൽപ്പാദിപ്പിക്കപ്പെടുന്ന സഞ്ചാരസ്വാതന്ത്ര്യത്തിന്‍റെയും അറിവിന്‍റെയും അസമത്വങ്ങളിലേക്കും ശ്രദ്ധ ക്ഷണിക്കുന്നു. അടിച്ചമർത്തൽ എങ്ങനെയാണ് അനുഭവങ്ങളെയും ഒരു കഥ പറയുന്നതിനുള്ള സാഹചര്യങ്ങളെയും രൂപപ്പെടുത്തുന്നത് എന്നതിനെക്കുറിച്ചുള്ള പൊതുവായ ഉത്കണ്ഠയിലാണ് ഇവർ തമ്മിലുള്ള അന്തർധാര നിലനിൽക്കുന്നത്. ഒരുമിച്ച് വായിക്കുമ്പോൾ, രൂപപരമായ പരീക്ഷണങ്ങളിലൂടെയും ധാർമ്മികമായ ചോദ്യംചെയ്യലുകളിലൂടെയും കൂട്ടായ ജീവിതത്തിനുള്ളിലെ വൈരുധ്യങ്ങളിലേക്ക് നൽകുന്ന നിരന്തരമായ ശ്രദ്ധയിലൂടെയും രാഷ്ട്രീയാധികാരം നേടിയെടുക്കുന്ന ഒരു പലസ്തീനിയൻ സാഹിത്യ പാരമ്പര്യത്തെയാണ് ഇവർ വെളിപ്പെടുത്തുന്നത്.

സഹർ ഖലീഫെ, ലിയാന ബദർ, റദ്‌വ ആശൂർ, സുവാദ് അമീറി, ഹുസാമ ഹബായെബ്, സുസൻ അബുൽഹവ, അദാനിയ ഷിബിലി, ഹല അല്‍യാന്‍, എറ്റാഫ് റൂം, സൈന അറഫാത്ത്, ഇസബെല്ല ഹമ്മാദ് എന്നീ എഴുത്തുകാരികളിലൂടെയുള്ള ഈ പഠനത്തിന്‍റെ സഞ്ചാരം, പലസ്തീനിയൻ സ്ത്രൈണാനുഭവങ്ങൾ അധിനിവേശ ഭൂമികകൾ, അഭയാർത്ഥി ക്യാമ്പുകൾ, പ്രവാസി സമൂഹങ്ങൾ എന്നിവയിലുടനീളം എങ്ങനെയാണ് ആഖ്യാനം ചെയ്യപ്പെടുന്നത് എന്ന് വെളിപ്പെടുത്തുന്നു. ഇവരുടെ കൃതികൾ ഗാർഹികജീവിതം, സ്ത്രീകളുടെ അധ്വാനം, ലൈംഗികത, തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന ഓർമ്മകൾ, വ്യക്തിബന്ധങ്ങൾ എന്നിവയെ അധിനിവേശത്തെയും പ്രതിരോധത്തെയും കുറിച്ചുള്ള കാഴ്ചപ്പാടുകളിലേക്ക് കൊണ്ടുവരുന്നു. ഖലീഫെയും ഹബായെബും വർഗ്ഗപരമായ അസമത്വങ്ങളുടെയും പിതരാധിപത്യ അധികാരത്തിന്‍റെയും പരസ്പരബന്ധത്തെ വെളിച്ചത്തുകൊണ്ടുവരുമ്പോൾ, അബുൽഹവയും അല്‍യാനും തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന കുടിയൊഴിപ്പിക്കലിന്‍റെ വേദനകളെയാണ് അന്വേഷിക്കുന്നത്. ലിംഗാധിഷ്ഠിത ഹിംസകളും ചരിത്രപരമായ പാര്‍ശ്വവല്‍ക്കരണങ്ങളും തമ്മിലുള്ള ബന്ധത്തെ ഷിബിലി നിരീക്ഷിക്കുമ്പോൾ, സാംസ്കാരികമായ ആത്മബന്ധത്തിന്‍റെയും ആവിഷ്കാരങ്ങളുടെയും രാഷ്ട്രീയാതിർവരമ്പുകളെ ഹമ്മാദ് പരിശോധിക്കുന്നു. ഈജിപ്ഷ്യൻ നോവലിസ്റ്റായ റദ്‌വ ആശൂറിൻ്റെ സാന്നിധ്യം വിശാലമായ അറബ് സാഹിത്യ ഐക്യദാർഢ്യത്തിൻ്റെ തലത്തിലേക്ക് പലസ്തീനെ അടയാളപ്പെടുത്തുകയും ചെയ്യുന്നു. ഒന്നിച്ച് വായിക്കുമ്പോൾ, ഈ പഠനങ്ങൾ പലസ്തീനിയൻ ആഖ്യാനങ്ങളുടെ സൗന്ദര്യശാസ്ത്രപരവും രാഷ്ട്രീയവുമായ വളർച്ചയിൽ സ്ത്രീ രചനകളുടെ കേന്ദ്രസ്ഥാനം ഉറപ്പിക്കുകയും, ‘വിമോചനം' എന്ന ആശയത്തിന്‍റെ നാനാര്‍ത്ഥങ്ങള്‍ വികസിപ്പിക്കുകയുംചെയ്യുന്നുണ്ട്.

അധിനിവേശം, സ്മരണ, പ്രതിരോധം, വിഘടിതചരിത്രങ്ങളെ ആഖ്യാനം ചെയ്യുന്നതിലെ രൂപപരമായ വെല്ലുവിളികൾ എന്നിവയെക്കുറിച്ച് പലസ്തീനിയൻ എഴുത്തുകളുമായി നിരന്തരമായ സംവാദങ്ങൾ തുറന്നുകൊണ്ട് മലയാളത്തിലെ താരതമ്യ സാഹിത്യ പഠനങ്ങളെ കൂടുതൽ സമ്പന്നമാക്കുന്നതാണ് ഈ പഠനം. മാത്രമല്ല, പലസ്തീനോടുള്ള രാഷ്ട്രീയ ഐക്യദാർഢ്യവും സാഹിത്യവുമായുള്ള നിരന്തരമായ വിമർശനാത്മക ഇടപെടലും തമ്മിലുള്ള വലിയൊരു വിടവ് നികത്താനും ഈ ശ്രമം സഹായകമാകുന്നു. അതിലൂടെ, നിലവിലുള്ള സാഹിത്യ മാനദണ്ഡങ്ങളും വിവർത്തന ശൃംഖലകളും പലസ്തീനിയൻ ശബ്ദങ്ങളെ വേണ്ടത്ര വായിക്കപ്പെടാതെയും ചർച്ച ചെയ്യപ്പെടാതെയും മാറ്റിവെക്കുന്ന മലയാളത്തിന്‍റെ "അംഗീകൃത അജ്ഞത"യുടെ (sanctioned ignorance) വ്യര്‍ത്ഥഗര്‍വ്വത്തെ ഇത് ചോദ്യംചെയ്യുന്നു. പലസ്തീനിയൻ അനുഭവങ്ങളുടെ ചരിത്രപരമായ സവിശേഷതകളെ ശ്രദ്ധയോടെ വീക്ഷിക്കുമ്പോൾതന്നെ മലയാള സാഹിത്യവുമായുള്ള സമാനതകൾ കണ്ടെത്താൻ വായനക്കാരെ പ്രാപ്തരാക്കുന്നു എന്നതിലാണ് ഇതിന്‍റെ താരതമ്യപഠനപരമായ സാധ്യത നിലകൊള്ളുന്നത്.

രാഷ്ട്രീയമായി നോക്കുമ്പോൾ, സമൂഹത്തിനുള്ളിലെതന്നെ അസമത്വങ്ങളെ ചോദ്യംചെയ്യുന്നതോടൊപ്പം, ഇല്ലാതാക്കലുകളെ പ്രതിരോധിക്കാനുള്ള സാഹിത്യത്തിന്‍റെ ശേഷിയെ ഈ പഠനം ആഘോഷിക്കുന്നു എന്ന് പറയാം. സ്ത്രീകളുടെ എഴുത്തുകൾ, വർഗ്ഗ വിഭജനങ്ങൾ, പ്രവാസി സ്വത്വങ്ങൾ എന്നിവയുമായുള്ള ഇതിന്‍റെ ഇടപെടലുകൾ വിമോചനമെന്ന സങ്കല്‍പനത്തിന്‍റെ അർത്ഥത്തെ കൂടുതൽ വിശാലമാക്കുന്നു. സ്വാതന്ത്ര്യമെന്നത് കൊളോണിയൽ ഭരണത്തിന്‍റെ അവസാനം മാത്രമല്ല, ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തുന്ന സാമൂഹികബന്ധങ്ങളുടെ പരിവർത്തനം കൂടിയാണ്. ഈ നോവലുകൾ പലസ്തീനികൾക്ക് മാനുഷിക നിലനിൽപ്പിന്‍റെ പൂർണ്ണത നൽകുന്നു: സ്നേഹം, അഭിപ്രായവ്യത്യാസങ്ങൾ, തമാശകൾ, ദുർബലതകൾ, ബദലുകള്‍ സങ്കൽപ്പിക്കാനുള്ള ശേഷി എന്നിവയൊക്കെ അതിലുണ്ട്. ദൈനംദിന വൈരുധ്യങ്ങളിലേക്കുള്ള ഈ നോവലുകളുടെ ശ്രദ്ധയോടുള്ള വിമര്‍ശകന്റെ സൂക്ഷ്മനോട്ടം, ഐക്യദാർഢ്യത്തെ വിമർശനാത്മക ചിന്തയുമായി ചേര്‍ത്തുപിടിക്കാന്‍ വായനക്കാരെ സഹായിക്കുന്നു.

വൈവിധ്യമാർന്ന ഈ സാഹിത്യലോകത്തെ മലയാള വിമർശനരംഗത്തേക്ക് കൊണ്ടുവരുന്നതിലൂടെ, വായനയിൽക്കൂടി അധിഷ്ഠിതമായ ഐക്യദാർഢ്യത്തിനായി 'കാട്ടുമുള്ളുകളും ഒലിവ് മരങ്ങളും' എന്ന പുസ്തകത്തിലൂടെ ഫസൽ റഹ്മാന്‍റെ ഒരു സാംസ്കാരിക ഇടമാണ് സൃഷ്ടിക്കുന്നത്. സ്വന്തം ലോകത്തിനപ്പുറമുള്ള ചരിത്രങ്ങളുമായുള്ള കണ്ടുമുട്ടലായി സാഹിത്യ വിമർശനത്തിന്‍റെ സാധ്യതകളെ അത് വികസിപ്പിക്കുന്നു. മാത്രമല്ല, സൗന്ദര്യശാസ്ത്രപരമായ ഭാവന, ചരിത്രപരമായ ഓർമ്മകളെ എങ്ങനെ നിലനിർത്തുന്നുവെന്നും, ഇല്ലാതാക്കാൻ ശ്രമിക്കുന്ന ജീവിതങ്ങളുടെ അന്തസ്സിനെ എങ്ങനെ ഉയർത്തിപ്പിടിക്കുന്നുവെന്നും, വേറിട്ടൊരു ഭാവി എന്ന സാധ്യതയെ അത് എങ്ങനെ തുറന്നിടുന്നുവെന്നും ഈ പുസ്തകം വെളിപ്പെടുത്തുന്നുണ്ട്. ഇതിന്റെ പ്രസിദ്ധീകരണത്തിന് തയ്യറാകുന്നതിലൂടെ പ്രഖ്യാപിക്കുന്ന ധീരമായ സാംസ്കാരിക—രാഷ്ട്രീയ നിലപാടിന്റെ പേരില്‍ കാര്‍നെ ബുക്സിനെ അഭിനന്ദിക്കാനും ഞാന്‍ ഈ അവസരം ഉപയോഗിക്കുകയാണ്. പലസ്തീന്‍ രാഷ്ട്രീയത്തെയും സാഹിത്യത്തെയും കലയെയും അടുത്തുനിന്നു കാണാനും പഠിക്കാനും ചിലതൊക്കെ വായനക്കാരുമായി പങ്കുവക്കാനും വിനീതമായ ശ്രമങ്ങള്‍ നടത്തിയിട്ടുള്ള ഒരാള്‍ എന്നനിലയില്‍ എനിക്ക് ഫസൽ റഹ്മാന്‍റെ ഈ ഇടപെടലിനോടുള്ള ആദരവും അതിലുള്ള ആഹ്ളാദവും നിസ്സീമമാണ്. പ്രബുദ്ധരായ മലയാളി വായനക്കാര്‍ക്കുവേണ്ടി ഈ പുസ്തകം ഞാന്‍ അഭിമാനത്തോടെയും ഐക്യദാർഢ്യത്തോടെയും അവതരിപ്പിക്കുന്നു. 

to purchase, visit:

https://carnetbooks.com/


Monday, September 14, 2026

Paradiso 17 by Hannah Lillith Assadi

 മൃതിയിലൂടെ വീടണയുമ്പോൾ: 'പാരഡൈസോ 17'-ലെ ഡാന്റെയൻ പ്രവാസവും ആത്മീയ എത്തിച്ചേരലും



https://www.fazalrahman.com/books/article/paradiso-17-by-hannah-lillith-assadi-malayalam

അമേരിക്കൻ എഴുത്തുകാരിയായ ഹന്ന ലിലിത്ത് അസ്സാദിയുടെ ഏറെ പ്രശംസ പിടിച്ചുപറ്റിയ മൂന്നാമത്തെ നോവലാണ് 'പാരഡൈസോ 17' (Paradiso 17). വ്യാപകമായ നിരൂപക പ്രശംസ നേടിയ ഈ കൃതി 2026-ലെ 'വുമൺസ് പ്രൈസ് ഫോർ ഫിക്ഷന്റെ' ലോങ് ലിസ്റ്റിലും ഇടംപിടിച്ചിരുന്നു.

എഴുത്തുകാരിയുടെ അന്തരിച്ച ഫലസ്തീനിയൻ പിതാവിന്റെ ജീവിതത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് രചിച്ച, തികച്ചും വ്യക്തിപരമായതും വൈകാരിക സാന്ദ്രവുമായ ഒരു ബൃഹത് ആഖ്യാനമാണിത്. അരിസോണയിൽ മരണക്കിടക്കയില്‍ കഴിയുന്ന പിതാവിന്റെ അവസാന നാളുകളിലാണ് അസ്സാദി ചിട്ടപ്പെടുത്തിയിട്ടില്ലാത്ത ഖണ്ഡങ്ങളായി എഴുതി തുടങ്ങുന്നത്. 1948-ലെ നക്ബയുടെ (Nakba) സമയത്ത്, അഞ്ചാം വയസ്സിൽ ഫലസ്തീനിൽ നിന്ന് പാലായനം ചെയ്യേണ്ടി വന്ന 'സുഫിയാൻ' എന്ന കഥാപാത്രത്തിന്റെ ജീവിതമാണ് നോവൽ പിന്തുടരുന്നത്. കാലത്തിലൂടെയും ദേശങ്ങളിലൂടെയും മുന്നോട്ടും പിന്നോട്ടും സഞ്ചരിക്കുന്ന ഈ കഥ, സ്വന്തമെന്ന് വിളിക്കാൻ ഒരിടത്തിനുവേണ്ടിയുള്ള അയാളുടെ ജീവിതകാലം മുഴുവൻ നീണ്ടുനിന്ന അസ്വസ്ഥമായ അന്വേഷണങ്ങളുടെ ചരിത്രരേഖ കൂടിയാണ്.

സിറിയൻ അഭയാർത്ഥി ക്യാമ്പിലൂടെയും, കുവൈറ്റിലെ എണ്ണപ്പാടങ്ങൾ നിറഞ്ഞ മരുഭൂമികളിലൂടെയും, തന്റെ പതിനേഴാം വയസ്സിൽ ഫ്രാൻകോ ലിയോൺ എന്ന പേരില്‍ പഠനം നടത്തുന്ന ഒരു ചെറിയ ഇറ്റാലിയൻ സർവ്വകലാശാലാ നഗരത്തിലൂടെയും സുഫിയാന്റെ ജീവിതം കടന്നുപോകുന്നു. തുടർന്ന്, ടാക്സി ഡ്രൈവറായി ജീവിക്കുകയും ഒരു അമേരിക്കൻ-ജൂത സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്യുന്ന ന്യൂയോർക്ക് നഗരത്തിലെ തെരുവുകളിലേക്കും, ഒടുവിൽ അരിസോണയിലെ ഫീനിക്സിലെ വിഭ്രമാത്മകമായ വിശാല മരുഭൂമികളിലേക്കും ആ യാത്ര നീളുന്നു. ന്യൂയോർക്കിലെ ധനികനായ ജൂതനായ ബർണാർഡോ എന്ന സുഹൃത്ത്, സുഫിയാന്റെ ജീവിതത്തിലുടനീളം സാമ്പത്തികമായി സഹായിക്കുന്നുണ്ട്—സാധാരണ ഫലസ്തീൻ പ്രവാസികളുടെ ജീവിതങ്ങളിൽ അപൂർവ്വമായി മാത്രം കാണുന്ന ഒന്നാണിത്. ഇത്തരം അനുഭവങ്ങളിലൂടെ, ഒരേസമയം ഒരു വ്യക്തിയുടെ ജീവിതത്തിലൂടെ ഫലസ്തീനികളുടെ ആകെ ദുരന്തപൂർണ്ണമായ ജീവിതവഴികൾ ചുരുക്കി അവതരിപ്പിക്കപ്പെടുന്നുണ്ടെങ്കിലും, നോവൽ കേവലമൊരു പ്രതീകാത്മക കഥയോ രൂപകമോ (allegory) മാത്രമായി ചുരുങ്ങിപ്പോകാതെ നില്‍ക്കുന്നു. തനിമയുള്ള കഥാപാത്ര നിർമ്മിതി കൊണ്ടും ദൃഢമായ ഇതിവൃത്തസ്വഭാവം കൊണ്ടും ഈ കൃതി സാഹിത്യലോകത്ത് സ്വന്തമായൊരു വ്യക്തിത്വം പുലർത്തുന്നു.

ലോകസാഹിത്യത്തിൽ 'പ്രവാസത്തിന്റെ കവിത' (Exile Canto) എന്ന് ഖ്യാതിനേടിയ ഡാന്റെയുടെ ഡിവൈൻ കോമഡിയിലെ 'പാരഡൈസോ, കാന്റോ 17'-ൽ നിന്നാണ് നോവലിന്റെ ശീർഷകം സ്വീകരിച്ചിരിക്കുന്നത്. നോവലിന്റെ തുടക്കത്തിൽ നൽകിയിരിക്കുന്ന ഉദ്ധരണിയും (epigraph) ഈ ഭാഗത്തുനിന്നുള്ളതാണ്; പ്രിയപ്പെട്ട സ്വന്തം നഗരത്തിൽ നിന്ന് താൻ നാടുകടത്തപ്പെടാൻ പോകുന്നുവെന്ന ഭയാനകവും വ്യക്തവുമായ പ്രവചനത്തെയാണ് ഡാന്റെ അവിടെ അഭിമുഖീകരിക്കുന്നത്. സുഫിയാനെ സംബന്ധിച്ചിടത്തോളം, അഞ്ചാം വയസ്സിലെ പ്രവാസം എന്നത് സ്വന്തം വേരുകളിൽ നിന്നുള്ള പെട്ടെന്നുള്ളതും ക്രൂരവുമായ ഒരു പിഴുതെറിയലായിരുന്നു. ഡാന്റെയുടെ ജീവിതത്തിലെന്നപോലെ, ഈ 'ആദ്യ ശരം' (first arrow) സുഫിയാന്റെയും ജീവിതവഴികളെ പൂർണ്ണമായി നിർണ്ണയിക്കുകയും, ഒരിക്കലും തിരിച്ചുപിടിക്കാനാവാത്ത സ്വന്തം വീടിനെ തേടി ദശാബ്ദങ്ങളോളം അലയുന്ന ഒരു ശാശ്വത നാടോടിയാക്കി അയാളെ മാറ്റുകയും ചെയ്യുന്നു.

 

"അന്യന്റെ അപ്പം എത്രത്തോളം ഉപ്പുരസമുള്ളതാണെന്നും,

അന്യന്റെ പടവുകൾ കയറിയിറങ്ങി നടക്കുക എന്നത് എത്രത്തോളം

പ്രയാസകരമാണെന്നും നീ തിരിച്ചറിയും..."

 

സുഫിയാന്റെ ജീവിതത്തിലെ ദൈനംദിന അതിജീവന സമരങ്ങളെ അങ്ങേയറ്റം മനോഹരമായി പ്രതിഫലിപ്പിക്കുന്ന വരികളാണിത്—നിരന്തരം 'അന്യന്റെ അപ്പം' തിന്നുകയും, താൻ തികച്ചും ഒരു അപരിചിതൻ മാത്രമാണെന്ന് ഓർമ്മിപ്പിക്കുന്ന ഇടങ്ങളിലൂടെ ജീവിച്ചു തീർക്കുകയുമാണ് അയാൾ. അപരിചിതമായ ലോകങ്ങളിലെ താൽക്കാലിക ആതിഥേയത്വങ്ങളെ ആശ്രയിച്ചു ജീവിക്കുമ്പോഴും, ഉള്ളിൽ വിട്ടുമാറാതെ പേറുന്ന അസ്വസ്ഥതകളുടെ ഭാരം പേറുന്ന ആ 'ഡാന്റെയൻ തളർച്ച' (Dantean exhaustion) ഈ നോവൽ കൃത്യമായി പകർത്തിവെക്കുന്നുണ്ട്.

ഈ ശീർഷകത്തിൽ ഒരു ഘടനാപരവും ആത്മീയവുമായി ആഴത്തിലുള്ള ഒരു  വൈരുദ്ധ്യം (structural and spiritual irony) കൂടി കണ്ടെത്താനാകും. ഡിവൈൻ കോമഡിയിൽ, 'പാരഡൈസോ' എന്നത് ആത്മാവ് പരമമായ ശാന്തിയും വെളിച്ചവും ശാശ്വതമായ സ്വർഗ്ഗീയ ഭവനവും പ്രാപിക്കുന്ന അന്തിമ അവസ്ഥയെയാണ് പ്രതീകവൽക്കരിക്കുന്നത്. എന്നാൽ, ആ പരമമായ സ്വർഗ്ഗീയതയുടെ അരികത്തു നിൽക്കുമ്പോഴും, തന്റെ ഭൗതിക ഭവനത്തിന് സംഭവിച്ച വേദനാജനകമായ തകർച്ചകളെ തിരിഞ്ഞുനോക്കാനും ഓർമ്മിക്കാനും ഡാന്റെ നിർബന്ധിതനാകുന്നുണ്ട്. സമാനമായ രീതിയിൽ, അസ്സാദിയുടെ 'പാരഡൈസോ 17' ആരംഭിക്കുന്നത് കഥയുടെ ഒടുക്കത്തിൽ നിന്നാണ്—അരിസോണയിലെ മരണക്കിടക്കയിൽ കിടക്കുന്ന സുഫിയാനിൽ നിന്ന്. ഭൗതിക ശരീരം തളരുമ്പോഴും, അയാളുടെ മനസ്സ് വിഭ്രമാത്മകമായി (hallucinatory) കാലത്തിലൂടെയും ദേശങ്ങളിലൂടെയും സൂഫി ആത്മീയതയിലൂടെയും (Sufi mysticism) ഉയരങ്ങളിലേക്ക് സഞ്ചരിക്കുന്നു. അയാളുടെ ആ മരണക്കിടക്ക തന്നെയാണ് അയാളുടെ വ്യക്തിപരമായ 'പാരഡൈസോ' ആയി മാറുന്നത്. സ്വന്തം പ്രവാസി ജീവിതത്തിൽ ചിതറിപ്പോയ ഓർമ്മത്തുണ്ടുകളെ സമഗ്രമായി തിരിഞ്ഞുനോക്കാനും, അവയെല്ലാം കൂട്ടിച്ചേർത്ത് അർത്ഥപൂർണ്ണവും മനോഹരവുമായ ഒരു ചിത്രമാക്കി മാറ്റാനും അയാൾക്ക് സാധിക്കുന്നത് ആ അവസാന ഘട്ടത്തിലാണ്.

ടോൾസ്റ്റോയിയുടെ 'ദി ഡെത്ത് ഓഫ് ഇവാൻ ഇല്ലിച്ച്' (The Death of Ivan Ilyich) എന്ന കൃതിയിലെ ഇവാൻ ഇല്ലിച്ചിനെപ്പോലെ, ഇവിടെയും പ്രധാന കഥാപാത്രം താൻ ജീവിച്ചുതീർത്ത ജീവിതത്തിന്റെ യഥാർത്ഥ മൂല്യം അളന്നു തിട്ടപ്പെടുത്താൻ മരണത്തിന്റെ ആ അവസാന നിമിഷങ്ങളിലെ തെളിച്ചത്തെയാണ് പ്രയോജനപ്പെടുത്തുന്നത്. എന്നാൽ, ആഴമില്ലാത്തതും ഉപരിപ്ലവവുമായ ബൂർഷ്വാ സാമൂഹിക ചട്ടക്കൂടുകളോട് കൃത്യമായി പൊരുത്തപ്പെട്ടു ജീവിച്ചതിനാൽ തന്റെ ജീവിതം തികച്ചും ശൂന്യമായിരുന്നുവെന്ന ഭീതിദമായ തിരിച്ചറിവാണ് ഇല്ലിച്ചിനുണ്ടാകുന്നതെങ്കിൽ, സുഫിയാന്റെ മാനസിക പ്രതിസന്ധി ഉടലെടുക്കുന്നത് നക്ബ (Nakba) ഏൽപ്പിച്ച ചരിത്രപരമായ ആഘാതങ്ങളിൽ നിന്നാണ്; അതയാളെ വേരുകളറ്റ, ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ ഒരു ശാശ്വത പ്രവാസത്തിലേക്ക് തള്ളിയിടുകയായിരുന്നു.

രണ്ടുപേരെ സംബന്ധിച്ചിടത്തോളം മരണം ഒരു പരാജയമല്ല, മറിച്ച് പരമമായ സ്വർഗ്ഗീയതയിലേക്കുള്ള എത്തിച്ചേരലാണ് (supreme arrival). സാമൂഹികമായ വശംവദത്വം കൊണ്ടോ ചരിത്രപരമായ ആഘാതങ്ങൾ കൊണ്ടോ ഒരു മനുഷ്യന്റെ ജീവിതം തകർന്നുപോയേക്കാം, എങ്കിലും ഭൗതിക ലോകത്തോടുള്ള ആത്യന്തികമായ വിടപറയലിലൂടെ ആത്മാവിന് ഭൗതികമായ കഷ്ടപ്പാടുകളെ മറികടക്കാനും അതിന്റെ യഥാർത്ഥവും ശാശ്വതവുമായ ഭവനത്തെ കണ്ടെത്താനും സാധിക്കുമെന്ന് ടോൾസ്റ്റോയിയും അസ്സാദിയും ഒരുപോലെ കാണിച്ചുതരുന്നു.

സൂഫി പാരമ്പര്യങ്ങളും പ്രവചനസ്വഭാവമുള്ള സ്വപ്നങ്ങളും ആഴത്തിലുള്ള പ്രവാസ അനുഭവങ്ങളും നിറഞ്ഞ 'പാരഡൈസോ 17', മരണക്കിടക്കയിൽ നിന്ന് കുടിയേറ്റ ജീവിതത്തിന്റെ സങ്കീർണ്ണതകളെ തിരിഞ്ഞുനോക്കുന്നതിന്റെ ഉന്മാദവും എന്നാൽ വെളിച്ചം നിറഞ്ഞതുമായ ഒരു അവിസ്മരണീയ അന്വേഷണമാണ്.


Friday, September 4, 2026

Slavenka Drakulić: Anatomy of History

 

സ്ലാവെങ്ക ദ്രാക്കുലിച്ച്: ചരിത്രത്തിന്റെ ശരീരശാസ്ത്രം



(2026 ജൂണില്‍ അന്തരിച്ച വിഖ്യാത ക്രോയേഷ്യന്‍ എഴുത്തുകാരി സ്ലാവെങ്ക ദ്രാക്കുലിച്ചിന്റെ രചനാലോകത്തിലേക്ക്. കമ്മ്യൂണിസ്റ്റ് ബ്ലോക്കിന്റെ തകർച്ചയും, തീവ്രദേശീയതയുടെ വളർച്ചയും, അതിനുശേഷമുള്ള അസ്തിത്വപരമായ അസ്വസ്ഥതകളും ശക്തമായ സ്ത്രീപക്ഷ വീക്ഷണത്തിലൂടെ അവതരിപ്പിക്കുന്നതിലൂടെ അന്ത്യകാല യുഗോസ്ലാവിയയുടെ ഏറ്റവും മികച്ച ആഖ്യായികാകാരിയായി അവര്‍ ഉയർന്നുനില്‍ക്കുന്നു.)

ഫസല്‍ റഹ് മാന്‍

വലിയ രാഷ്ട്രീയ-ചരിത്ര സംഭവങ്ങൾ സാധാരണ മനുഷ്യരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ നിത്യജീവിതത്തെയും ശരീരത്തെയും എങ്ങനെ ബാധിക്കുന്നു എന്ന് നിര്‍ഭയമായി രേഖപ്പെടുത്തിയതിലൂടെയാണ് ക്രോയേഷ്യൻ എഴുത്തുകാരിയും സോഷ്യോളജിസ്റ്റുമായ സ്ലാവെങ്ക ദ്രാക്കുലിച്ച് ആഗോളതലത്തിൽ ശ്രദ്ധേയയായത്. 1949-ൽ റിയേക്കയിൽ ജനിച്ച അവർ സാഗ്രെബ് സർവകലാശാലയിൽ നിന്നാണ് താരതമ്യ സാഹിത്യത്തിലും സോഷ്യോളജിയിലും ബിരുദം നേടിയത്. ബാൾക്കൻ ദേശീയതയോടുള്ള കടുത്ത വിമർശനങ്ങൾ, സ്ത്രീശരീരത്തിന്റെ രാഷ്ട്രീയം, കമ്മ്യൂണിസ്റ്റ് അനന്തര സമൂഹത്തിന്റെ സങ്കീർണ്ണതകൾ എന്നിവയെക്കുറിച്ചുള്ള തീക്ഷ്ണമായ കൃതികളിലൂടെ അവർ മുൻ യുഗോസ്ലാവിയൻ നാടുകളിൽ സ്ത്രീപക്ഷ ചിന്തകൾക്കും സംവാദങ്ങൾക്കും അടിത്തറയിട്ടു.

മാർഷൽ ടിറ്റോയുടെ ഭരണം (1945–1980) യുഗോസ്ലാവിയയെ ഒരു 'ഉദാര കമ്മ്യൂണിസ്റ്റ്' രാജ്യമായാണ് ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്. സോവിയറ്റ് ചേരിയെ അപേക്ഷിച്ച് സാംസ്കാരിക സ്വാതന്ത്ര്യവും സാമ്പത്തിക അഭിവൃദ്ധിയും അവിടെയുണ്ടായിരുന്നു. എന്നാൽ പുറമെ കണ്ട ഈ തിളക്കത്തിന് പിന്നിൽ സാധാരണക്കാരുടെ ജീവിതം കടുത്ത വൈരുദ്ധ്യങ്ങൾ നിറഞ്ഞതായിരുന്നു എന്ന് ദ്രാക്കുലിച്ച് തന്റെ കൃതികളിലൂടെ തുറന്നുകാട്ടി. ടിറ്റൊയ്ക്ക് ശേഷം, 1990-കളിൽ യുഗോസ്ലാവിയ വംശീയ യുദ്ധങ്ങളിലൂടെ ദാരുണമായി തകർന്നപ്പോൾ, അതിന് കാരണമായ തീവ്രദേശീയതയ്ക്കും വംശീയ വിദ്വേഷത്തിനുമെതിരെ അവര്‍ ശക്തമായി പ്രതികരിച്ചു. എന്നാൽ സ്വന്തം നാട്ടിൽ അവർ കടുത്ത മാധ്യമവേട്ടയ്ക്കും ആക്രമണങ്ങൾക്കും ഇരയായി. തുടർന്ന് ജന്മനാട് ഉപേക്ഷിച്ച് സ്വീഡനിലേക്ക് പലായനം ചെയ്യേണ്ടി വന്ന അവർ, അവിടെയിരുന്നുകൊണ്ട് ദി ഗാർഡിയൻ, ദി ന്യൂയോർക്ക് ടൈംസ് തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ തന്റെ എഴുത്ത് തുടർന്നു.

കമ്മ്യൂണിസ്റ്റ് വിമർശനവും രാഷ്ട്രീയ ഉപന്യാസങ്ങളും:

മുൻ യുഗോസ്ലാവിയയിൽ പുറത്തിറങ്ങിയ ആദ്യത്തെ സ്ത്രീപക്ഷ ഉപന്യാസ സമാഹാരവും കമ്മ്യൂണിസ്റ്റ് ചേരിയിലെ സ്ത്രീപക്ഷ ചിന്തകളുടെ അടിസ്ഥാന ഗ്രന്ഥവുമാണ് ദ്രാക്കുലിച്ചിനെ ആദ്യമായി ശ്രദ്ധേയയാക്കിയ ദി മോർട്ടൽ സിൻസ് ഓഫ് ഫെമിനിസം (1980s). ഈ പുസ്തകത്തിന്റെ പേര് തന്നെ കടുത്ത പരിഹാസം നിറഞ്ഞതാണ്. ഫെമിനിസം എന്നത് സോഷ്യലിസ്റ്റ് വ്യവസ്ഥിതിക്കെതിരായ ഒരു പ്രത്യയശാസ്ത്രപരമായ മതദ്രോഹമാണ്— അഥവാ ഒരു 'മഹാപാപമാണ്' (Mortal Sin) എന്ന ഭരണകൂട അനുകൂല രാഷ്ട്രീയ സംഘടനകളുടെ ആരോപണത്തിനുള്ള മറുപടിയായിരുന്നു ഈ കൃതി. സോഷ്യലിസ്റ്റ് പുരുഷാധിപത്യത്തിന്റെ കാപട്യങ്ങളെ ഈ പുസ്തകം പൂർണ്ണമായി തുറന്നുകാട്ടി. സോഷ്യലിസത്തിന് കീഴിൽ സ്ത്രീകൾക്ക് നിയമപരമായി തുല്യത ഉണ്ടായിരുന്നുവെങ്കിലും, പ്രായോഗികമായി അവർക്ക് മുഴുവൻ സമയ ജോലിയും ഒപ്പം വീട്ടുജോലികളുടെ ഭാരവും ഒറ്റയ്ക്ക് ചുമക്കേണ്ടി വരുന്ന ഒരു 'ഇരട്ട ഭാരം' ഉണ്ടായിരുന്നു. ഭരണകൂടം മൂടിവെക്കാൻ ശ്രമിച്ച ഗാർഹിക പീഡനം, ബലാത്സംഗം, വേശ്യാവൃത്തി, വിദ്യാഭ്യാസരംഗത്തെ ലൈംഗികവിവേചനം, സ്ത്രീള്‍ക്ക് സ്വന്തം ശരീരത്തിന്മേലുള്ള സ്വയംഭരണം (bodily autonomy) തുടങ്ങിയ നിഷിദ്ധ പ്രമേയങ്ങളെ (taboo topics) ദ്രാക്കുലിച്ച് നിര്‍ഭയമായി അഭിമുഖീകരിച്ചു. പുരുഷാധിപത്യത്തോടുള്ള അവരുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുടെ തുടക്കമായിരുന്നു ഇത്.

കമ്യൂണിസ്റ്റ് കാലത്തെ കുറിച്ചുള്ള അവരുടെ നിരീക്ഷണങ്ങള്‍ പ്രധാനമായും നാല് കൃതികളിലൂടെ നമുക്ക് മനസ്സിലാക്കാം. ഇതില്‍ ആദ്യത്തേത് ഹൗ വി സർവൈവ്ഡ് കമ്മ്യൂണിസം ആൻഡ് ഈവൻ ലാഫ്ഡ് (1991) എന്ന ലേഖന സമാഹാരമാണ്. ടിറ്റോയുടെ കാലത്തെ കമ്മ്യൂണിസ്റ്റ് ജീവിതത്തിന്റെ ആന്തരിക വൈരുദ്ധ്യങ്ങളുടെ സാക്ഷ്യപത്രമാണ് ഈ കൃതി. വലിയ രാഷ്ട്രീയ സിദ്ധാന്തങ്ങൾക്കപ്പുറം നിത്യോപയോഗ സാധനങ്ങളുടെ ദൗർലഭ്യം, ഭരണകൂടത്തിന്റെ കാപട്യങ്ങൾ, നിശബ്ദമായ അടിച്ചമർത്തലുകൾ എന്നിവ സാധാരണ മനുഷ്യരെ, പ്രത്യേകിച്ച് സ്ത്രീകളെ എങ്ങനെയാണ് ബാധിച്ചത് എന്ന് ഈ ഉപന്യാസങ്ങള്‍ വരച്ചുകാട്ടുന്നു. കമ്മ്യൂണിസത്തെ അതിജീവിച്ചവർ വെറും ഇരകളല്ല, മറിച്ച് അതിനുള്ളിലിരുന്ന് ചിരിക്കാൻ ശീലിച്ചവരാണെന്ന് അവർ സമർത്ഥിക്കുന്നു. ബാൾക്കൻ എക്സ്പ്രസ് (1992) എന്ന കൃതി, 1980-ൽ ടിറ്റോയുടെ മരണശേഷം ഫെഡറൽ സംവിധാനം തകരുകയും യുദ്ധം പൊട്ടിപ്പുറപ്പെടുകയും ചെയ്തപ്പോഴുള്ള ആഘാതത്തെയാണ് അടയാളപ്പെടുത്തുന്നത്. യുഗോസ്ലാവിയയുടെ പെട്ടെന്നുള്ള തകർച്ച, യുദ്ധത്തിന്റെ കയ്പേറിയ ഓർമ്മകൾ എന്നിവ ഇതിലുണ്ട്. ടിറ്റോയുടെ 'ഉദാരത' യഥാർത്ഥത്തിൽ രാജ്യത്തിനകത്തെ വലിയ വംശീയ വിള്ളലുകളെ താൽക്കാലികമായി മൂടിവെക്കുക മാത്രമാണ് ചെയ്തതെന്ന കടുത്ത തിരിച്ചറിവ് ഈ കൃതി പങ്കുവെക്കുന്നു. കഫേ യൂറോപ്പ (1996), 1990-കളിലെ കമ്മ്യൂണിസ്റ്റ് അനന്തര പരിവർത്തന കാലത്തെയാണ് ചർച്ചക്കെടുക്കുന്നത്. ഇവിടെ എഴുത്തുകാരിയുടെ ശൈലിയിൽ കടുത്ത സിനിസിസത്തിനു പകരം ഒരുതരം പരിഹാസവും സഹിഷ്ണുതയും കടന്നുവരുന്നു. കമ്മ്യൂണിസത്തിന് ശേഷമുള്ള ജീവിതത്തിലെ അസംബന്ധങ്ങൾ—അഴിമതി, പശ്ചാത്യ രാജ്യങ്ങളുടെ കുറ്റപ്പെടുത്തലുകൾ, ടിറ്റോയുടെ ഭരണകൂടം അവശേഷിപ്പിച്ചുപോയ നിഴലുകൾ എന്നിവയെ അവർ വിമർശനാത്മകമായി സമീപിക്കുന്നു.

കമ്മ്യൂണിസത്തിന്റെ തകർച്ചയെയും ടിറ്റോയുടെ യുഗോസ്ലാവിയയെയും ഒരു ദൂരത്തുനിന്ന് നോക്കിക്കണ്ട് പരിഹാസത്തിലൂടെയും ഉപമകളിലൂടെയും (allegory and satire) ആവിഷ്കരിക്കുന്ന കൃതിയാണ് എ ഗൈഡഡ് ടൂർ ത്രൂ ദി മ്യൂസിയം ഓഫ് കമ്മ്യൂണിസം (2011). കിഴക്കൻ യൂറോപ്പിലെ വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള എട്ട് മൃഗങ്ങളാണ് (എലി, തത്ത, കരടി, പൂച്ച, മൂഷികൻ, പന്നി, പട്ടി, കാക്ക) ഇതിലെ കഥാകാരന്മാർ. ഓരോ മൃഗവും ഓരോ രാജ്യത്തെ പ്രതിനിധീകരിക്കുന്നു (ഉദാഹരണത്തിന് യുഗോസ്ലാവിയയുടെ തത്ത, പോളണ്ടിന്റെ പൂച്ച). ജോർജ്ജ് ഓർവലിന്റെ 'ആനിമൽ ഫാം' പോലെ മൃഗങ്ങളുടെ ശബ്ദത്തിലൂടെയാണ് പ്രത്യയശാസ്ത്രങ്ങളെ വിമർശിക്കുന്നതെങ്കിലും, ദ്രാക്കുലിച്ചിന്റെ കൃതി കൂടുതൽ ചരിത്രപരവും (ഉദാഹരണത്തിന് ബെർലിൻ മതിൽ, റൊമാനിയയിലെ ചൗഷസ്ക്യുവിന്റെ ഭരണം) വൈകാരികവുമായ നിരീക്ഷണങ്ങളാൽ സമ്പന്നമാണ്. മൃഗങ്ങളുടെ ആഖ്യാനസ്വരം ഗുരുതരമായ രാഷ്ട്രീയ പ്രശ്നങ്ങളെ പരിഹാസത്തോടെയും യുക്തിയോടെയും സമീപിക്കാൻ എഴുത്തുകാരിക്ക് സ്വാതന്ത്ര്യം നൽകുന്നു.

ദ്രാക്കുലിച്ചിന്റെ സാഹിത്യജീവിതത്തിലെ ഏറ്റവും സുപ്രധാനവും ആഗോളതലത്തിൽ ചർച്ച ചെയ്യപ്പെട്ടതുമായ കൃതിയാണ് 'ദേ വുഡ് നെവർ ഹർട്ട് എ ഫ്ലൈ' (2003). അതുവരെ രാഷ്ട്രീയ മാറ്റങ്ങളെയും സ്ത്രീശരീരത്തെയും കുറിച്ച് എഴുതിയ ദ്രാക്കുലിച്ച്, ഈ കൃതിയിലൂടെ മനുഷ്യരിലെ നന്മതിന്മകളുടെ മനഃശാസ്ത്രത്തിലേക്കും യുദ്ധകാലത്ത് സാധാരണ മനുഷ്യർ എടുക്കുന്ന തീരുമാനങ്ങളിലേക്കും വിരൽ ചൂണ്ടുന്നു. ഹേഗിലെ അന്താരാഷ്ട്ര ക്രിമിനൽ ട്രൈബ്യൂണലിലും ക്രൊയേഷ്യയിലെ മറ്റ് കോടതികളിലും നടന്ന യുദ്ധക്കുറ്റവാളികളുടെ വിചാരണകൾ മാസങ്ങളോളം നേരിട്ട് കണ്ടതിന് ശേഷമാണ് ദ്രാക്കുലിച്ച്  പുസ്തകം രചിക്കുന്നത്. യുദ്ധകാലത്ത് ക്രൂരമായ വംശഹത്യകൾക്കും പീഡനങ്ങൾക്കും നേതൃത്വം നൽകിയ ഒരു ഡസനോളം യുദ്ധക്കുറ്റവാളികളുടെ സൂക്ഷ്മമായ വ്യക്തിചിത്രങ്ങളാണ് ഈ കൃതി വരച്ചുകാട്ടുന്നത്. ഇതിലൂടെ Award for European Understanding അവർക്ക് ലഭിക്കുകയുണ്ടായി.

പുസ്തകത്തില്‍ ദ്രാക്കുലിച്ച് മുന്നോട്ട് വെക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു ആശയമാണ് "കുറ്റബോധത്തിന്റെ വ്യക്തിവൽക്കരണം" (individualization of guilt). യുദ്ധക്കുറ്റങ്ങളെ ഒരു ജനതയുടെയോ വംശത്തിന്റെയോ കൂട്ടായ ഉത്തരവാദിത്തമായി കണ്ട് (Collective guilt) എല്ലാവരെയും കുറ്റക്കാരാക്കുന്ന രീതിയെ അവർ എതിർക്കുന്നു. പകരം, യുദ്ധകാലത്ത് ക്രൂരതകൾ ചെയ്യാൻ തീരുമാനിച്ച ഓരോ വ്യക്തിയും അവരുടെ സ്വന്തം തീരുമാനങ്ങൾക്ക് വ്യക്തിപരമായിത്തന്നെ മറുപടി പറയണം എന്ന് അവർ വാദിക്കുന്നു. 'ഒരു ഈച്ചയെപ്പോലും നോവിക്കാത്ത' സാധാരണക്കാരായ മനുഷ്യർ യുദ്ധസാഹചര്യങ്ങളിൽ എങ്ങനെയാണ് ക്രൂരന്മാരായ കുറ്റവാളികളായി മാറുന്നതെന്നും, പ്രത്യയശാസ്ത്രങ്ങളുടെ മറവിൽ അവർ നടത്തുന്ന കൊടുംക്രൂരതകളെയും മനഃശാസ്ത്രപരമായ ആഴത്തോടെ ദ്രാക്കുലിച്ച് വിശകലനം ചെയ്യുന്നു.

ഉപന്യാസങ്ങളിൽ നിന്ന് ഫിക്ഷനിലേക്ക്:

സ്ലാവെങ്ക ദ്രാക്കുലിച്ചിന്റെ ഏറ്റവും വിപ്ലവാത്മകമായ ആദ്യ നോവലാണ് 'ഹോളോഗ്രാംസ് ഓഫ് ഫിയർ' (1987). കടുത്ത രോഗാവസ്ഥയെയും മരണഭയത്തെയും അഭിമുഖീകരിക്കുന്ന ഒരു സ്ത്രീയുടെ മനഃശാസ്ത്രപരമായ ആഖ്യാനമാണ് നോവല്‍. ബോസ്റ്റണിലെ ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിൽ വികസിക്കുന്ന നോവൽ, അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയാകുന്ന ഒരു സ്ത്രീയുടെ മാനസിക ആഘാതങ്ങളെയും സ്വത്വപ്രതിസന്ധിയെയും അതീവ സൂക്ഷ്മമായി പരിശോധിക്കുന്നു. മുഖ്യകഥാപാത്രം ആശുപത്രി കിടക്കയിൽ സുഖം പ്രാപിച്ചുവരുമ്പോൾ, കഥ അമേരിക്കയിലെ വർത്തമാനകാല യാഥാർത്ഥ്യങ്ങളിൽ നിന്നും അവരുടെ കുട്ടിക്കാലത്തെ യുഗോസ്ലാവിയൻ ഓർമ്മകളിലേക്ക് മാറിമറിയുന്നു. ക്രൂരനായ പിതാവ് ഏൽപ്പിച്ച ആഘാതങ്ങൾ, അമ്മയും മകളും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധങ്ങൾ, മരണത്തോടുള്ള കടുത്ത ഭയം എന്നിവയിലൂടെ അവര്‍ കടന്നുപോകുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ഓരോ ചെറിയ ശാരീരിക മാറ്റങ്ങളെയും അതീവ സൂക്ഷ്മതയോടെ, ആത്മീയവും അസ്തിത്വപരവുമായ (existential) തലത്തിൽ ദ്രാക്കുലിച്ച് വരച്ചുകാട്ടുന്നു.

യുഗോസ്ലാവിയയുടെ തകർച്ചയ്ക്ക് തൊട്ടുമുമ്പ് പുറത്തിറങ്ങിയ മാർബിൾ സ്കിൻ (1989) എന്ന നോവല്‍ ശില്പിയായ മകൾ, വൈകാരികമായി അകന്നുനിൽക്കുന്ന അമ്മ, അമ്മയുടെ കാമുകൻ എന്നിവർക്കിടയിലെ ഇരുണ്ട മനോവ്യാപാരങ്ങളെയാണ് പരിശോധിക്കുന്നത്. കമ്മ്യൂണിസ്റ്റ് യാഥാസ്ഥിതിക സമൂഹത്തിൽ ഒരു 'അമ്മ'യെ കേവലമൊരു മാതൃരൂപത്തിനപ്പുറം സ്വന്തമായി ലൈംഗിക ചോദനകളുള്ള ഒരു സ്ത്രീയായി (mother as a sexual being) അടയാളപ്പെടുത്താൻ നോവൽ ധീരത കാണിക്കുന്നു. മാതൃത്വവും സ്ത്രീയുടെ ലൈംഗികതയും പരസ്പരം എങ്ങനെയാണ് ഏറ്റുമുട്ടുന്നത് എന്ന് നോവൽ വിശകലനം ചെയ്യുന്നു. കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന അവഗണനകളും അമ്മയുടെ സ്നേഹത്തിനായി മത്സരിക്കേണ്ടി വരുമ്പോൾ ഒരു പെൺകുട്ടിക്കുണ്ടാകുന്ന മാനസിക ആഘാതങ്ങളും ചർച്ചയാകുന്നു. പ്രതീകാത്മക തലത്തില്‍, നോവലിലെ സങ്കീർണ്ണമായ കുടുംബബന്ധങ്ങൾ യഥാർത്ഥത്തിൽ തകർച്ചയുടെ വക്കിലെത്തി നിൽക്കുന്ന യുഗോസ്ലാവിയ എന്ന രാജ്യത്തിന്റെ തന്നെ വലിയൊരു രൂപകമാണ് (National Allegory). വിശ്വസിക്കാൻ കൊള്ളാത്ത ഒരു അമ്മയോട് മകൾക്കുള്ള അതേ സങ്കീർണ്ണമായ ബന്ധമാണ്, തകർന്നുകൊണ്ടിരിക്കുന്ന പിതൃ അധികാര യുഗോസ്ലാവിയൻ ഭരണകൂടത്തോട് അവിടുത്തെ പൗരന്മാർക്കുള്ളത് എന്ന് എഴുത്തുകാരി സമർത്ഥിക്കുന്നു.

'ദി ടേസ്റ്റ് ഓഫ് എ മാൻ' (1994) സ്ലാവെങ്ക ദ്രാക്കുലിച്ചിന്റെ ഏറ്റവും ഞെട്ടിക്കുന്നതും അസ്വസ്ഥമാക്കുന്നതുമായ കൃതിയാണ്. ഭ്രാന്തമായ പ്രണയം, ലൈംഗിക തൃഷ്ണ, നരഭോജനം (cannibalism) എന്നിവയെ പ്രമേയമാക്കിയ അതീവ സ്തോഭജനകമായ കൃതിയില്‍, ന്യൂയോർക്കിൽ പഠിക്കുന്ന ഒരു പോളിഷ് ഗവേഷക തന്റെ വിവാഹിതനായ ബ്രസീലിയൻ കാമുകനെ തട്ടിക്കൊണ്ടുപോയി, കൊലപ്പെടുത്തി, അയാളുടെ ശരീരഭാഗങ്ങൾ ഭക്ഷിക്കുന്നതാണ് ഇതിവൃത്തം. സ്ത്രീപക്ഷ നിലപാടുകളെ ഏറ്റവും വിലക്കപ്പെട്ട അതിരുകളിലേക്ക് (taboo territory) തള്ളിവിടുന്ന ഈ കൃതി, തീവ്രമായ പ്രണയഭ്രാന്ത്, ശരീരത്തിന്റെ വന്യത, സ്ത്രീ അനുഭവിക്കുന്ന തീക്ഷ്ണമായ ഒറ്റപ്പെടൽ എന്നിവയെ 'ശുദ്ധമായ വിശപ്പ്' (pure appetite) എന്ന സങ്കൽപ്പത്തിലൂടെ വിശകലനം ചെയ്യുന്നു. തന്റെ ക്രൂരപ്രവൃത്തിയെ അതീവ യുക്തിഭദ്രവും വിശകലനാത്മകവുമായി ന്യായീകരിക്കുന്ന ഗവേഷകയായ നായികയുടെ ആത്മഗതമായാണ് നോവലിന്റെ ആഖ്യാനം. കേവലമൊരു കുറ്റകൃത്യത്തിനപ്പുറം ആത്യന്തികമായ പ്രണയത്തിന്റെ വിനാശകരമായ അതിരുകൾ, മതപരമായ ഭ്രാന്ത്, അസ്തിത്വപരമായ ഭ്രംശനം (existential displacement) എന്നിവയുടെ ഒരു ബഹുമുഖ രൂപകമായാണ് (Multi-layered Allegory) നോവൽ വായിക്കപ്പെടുന്നത്. യുഗോസ്ലാവിയയെക്കുറിച്ചോ കമ്മ്യൂണിസ്റ്റ് അനന്തര കാലത്തെക്കുറിച്ചോ ഉള്ള രാഷ്ട്രീയ പരാമർശങ്ങളെ എഴുത്തുകാരി ഇതിൽ ബോധപൂർവ്വം ഒഴിവാക്കുന്നുണ്ട്. വലിയ ഭൗമ-രാഷ്ട്രീയ (macro-geopolitics) ചർച്ചകളിൽ നിന്നും മാറി, മനുഷ്യന്റെ ഒറ്റപ്പെടലിനെയും 'ശരീരത്തിന്റെ ഭൂമിശാസ്ത്രത്തെയും' (Geography of the Body) സാർവത്രികമായ ഒരു തലത്തിൽ ദൃശ്യവൽക്കരിക്കാനാണ് അവർ ഇതിലൂടെ ശ്രമിക്കുന്നത്.

'എസ്.: എ നോവൽ എബൗട്ട് ദി ബാൾക്കൻസ്' (S: A Novel About the Balkans - 1999) സ്ലാവെങ്ക ദ്രാക്കുലിച്ചിന്റെ സാഹിത്യജീവിതത്തിലെ ഏറ്റവും ശക്തവും പിടിച്ചുലയ്ക്കുന്നതുമായ കൃതിയാണ്. 'ദി ടേസ്റ്റ് ഓഫ് എ മാൻ' എന്ന നോവലിന്റെ പ്രതീകാത്മകമായ തലങ്ങളിൽ നിന്ന് മാറി, നേരിട്ടുള്ള രാഷ്ട്രീയ-ഭൗമസാഹചര്യങ്ങളിലേക്കുള്ള ദ്രാക്കുലിച്ചിന്റെ ശക്തമായ തിരിച്ചുവരവാണ് ഈ കൃതി. ബോസ്നിയൻ യുദ്ധകാലത്ത് റാദോവാന്‍ കരാഡിച്ചിന്റെ സെര്‍ബ് സൈന്യം നടത്തിപ്പോന്ന റേപ്പ് ക്യാമ്പുകളുടെ യഥാർത്ഥ ക്രൂരതകളെ അടിസ്ഥാനമാക്കി എഴുതപ്പെട്ട നോവൽ, യുദ്ധകാലത്ത് സ്ത്രീകൾക്കെതിരെ ആയുധമായി പ്രയോഗിക്കപ്പെടുന്ന ആസൂത്രിതമായ ലൈംഗിക അതിക്രമങ്ങളുടെ അതീവ ദാരുണമായ ഒരു തുറന്നുകാട്ടലാണ്. ബോസ്നിയൻ ദുരന്തത്തിന്റെ പച്ചയായ സാക്ഷ്യപത്രമായ ഈ കൃതി, ഫിക്ഷനെ 'സാക്ഷ്യ സാഹിത്യമായി' (Witness Literature) മാറ്റിയെടുക്കുന്നു. യുദ്ധത്തിൽ സ്ത്രീശരീരങ്ങള്‍ എങ്ങനെയാണ് യുദ്ധോപകരണമായി മാറുന്നതെന്ന് നോവൽ തുറന്നുകാട്ടുന്നു. വ്യക്തിപരമായ ആന്തരിക സംഘർഷങ്ങളിൽ നിന്നും ശാരീരിക അവസ്ഥകളിൽ നിന്നും മാറി, ഒരു ജനതയുടെ കൂട്ടായ ആഘാതങ്ങളിലേക്കും (collective trauma) രാഷ്ട്രീയ അക്രമങ്ങളിലേക്കും എഴുത്തുകാരി തന്റെ ശ്രദ്ധ തിരിക്കുന്നതിന്റെ പ്രധാന അടയാളമാണ് ഈ നോവൽ. നോവലിനെ ആസ്പദമാക്കി ഐറിഷ് സംവിധായിക ജുവാനിറ്റ വില്‍സണ്‍ സംവിധാനം ചെയ്ത As If I Am Not There (2010) എന്ന ചിത്രം, നോവലിന്റെ ആന്തരാഖ്യാനം (interiority) കുറെയേറെ ബാലികഴിക്കുന്നുണ്ടെങ്കിലും പുസ്തകത്തോട് ഏറെക്കുറെ നീതി പുലര്‍ത്തുന്നുണ്ട്.

പിൽക്കാല നോവലുകൾ: ജീവചരിത്രവും സ്ത്രീപക്ഷ പുനർവായനയും

സ്ലാവെങ്ക ദ്രാക്കുലിച്ചിന്റെ ഏറ്റവും ഒടുവിലായി പുറത്തുവന്ന നോവലുകൾ അവരുടെ എഴുത്തുജീവിതത്തിലെ വളരെ സവിശേഷമായ ഒരു ഘട്ടത്തെയാണ് അടയാളപ്പെടുത്തുന്നത്. ഇരുപതാം നൂറ്റാണ്ടിലെ പ്രശസ്തരായ സ്ത്രീകളുടെ ജീവിതത്തെ ചരിത്രരേഖകൾക്കപ്പുറം അതീവ ആർദ്രതയോടെയും മനഃശാസ്ത്രപരമായ ആഴത്തോടെയും പുനർവായിക്കുകയാണ് ഈ കൃതികളിലൂടെ അവർ ചെയ്യുന്നത്. Frida’s Bed (2008), Mileva Einstein: A Theory of Grief (2016), Dora and Her Sisters (2019) എന്നിവയാണ് ഇവിടെ സൂചിപ്പിക്കുന്നത്. ജീവചരിത്രവും സ്ത്രീപക്ഷ പുനർവായനയും (feminist reinterpretation) തമ്മിൽ സമർത്ഥമായി സമന്വയിപ്പിക്കുന്ന ഈ കൃതികള്‍, ഇരുപതാം നൂറ്റാണ്ടിലെ പ്രശസ്തരായ മൂന്ന് സ്ത്രീകളുടെ ജീവിതങ്ങളില്‍ കേന്ദ്രീകരിക്കുന്നു. കടുത്ത ശാരീരിക ആഘാതങ്ങൾ, അതുല്യമായ കലാ/ശാസ്ത്ര പ്രതിഭ, പ്രശസ്തരായ പുരുഷന്മാരുമായുള്ള വിനാശകരമായ ബന്ധങ്ങൾ എന്നിവയായിരുന്നു ഈ സ്ത്രീകളുടെ ജീവിതത്തെ നിർണ്ണയിച്ചത്. സാധാരണ ജീവചരിത്രങ്ങൾ എഴുതുന്നതിന് പകരം, ദ്രാക്കുലിച്ച് ഫിക്ഷന്റെ സാധ്യതകൾ ഉപയോഗിച്ച് ഈ സ്ത്രീകളുടെ മനഃശാസ്ത്രപരവും ശാരീരികവുമായ അനുഭവങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നു. കടുത്ത വേദനകൾക്കും കഷ്ടപ്പാടുകൾക്കും ഇടയിലും കലയിലൂടെയും സ്വന്തം സർഗ്ഗാത്മകതയിലൂടെയും അവർ തങ്ങളുടെ വ്യക്തിത്വത്തെയും കര്‍തൃത്വത്തെയും എങ്ങനെയാണ് വീണ്ടെടുക്കുന്നത് എന്ന് ഈ നോവലുകൾ അന്വേഷിക്കുന്നു.

പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന പതിനാറ് ചെറുകഥകളും ലഘുചിത്രങ്ങളും (vignettes) ഉൾക്കൊള്ളുന്ന ചെറുകൃതിയാണ് ദ്രാക്കുലിച്ചിന്റെതായി അവസാനം ലഭ്യമായ Invisible Woman and Other Stories (2018). സ്ത്രീകളുടെ വാർദ്ധക്യത്തിന്റെ മനഃശാസ്ത്രപരവും ശാരീരികവുമായ യാഥാർത്ഥ്യങ്ങളെ അതീവ ആർദ്രതയോടെയും മറയില്ലാതെയും പരിശോധിക്കുന്ന കൃതിയാണിത്. പ്രായമാകുമ്പോൾ സമൂഹം സ്ത്രീകളെ എപ്രകാരമാണ് 'കാണാതാകുന്നത്'— അഥവാ പൊതു-സ്വകാര്യ ഇടങ്ങളിൽ അവരെ എങ്ങനെയാണ് ഒരു അദൃശ്യവസ്തുവിനെപ്പോലെ (functionally invisible) പരിഗണിക്കുന്നത് എന്നതുമാണ് ഈ പുസ്തകത്തിന്റെ പ്രധാന പ്രമേയം. പ്രായമാകുന്ന ശരീരം ഏൽപ്പിക്കുന്ന ചതികളെയും, ഓർമ്മശക്തിയും ചിന്താശേഷിയും ക്രമേണയും വേദനാജനകമായും നഷ്ടപ്പെടുന്നതിനെയും ദ്രാക്കുലിച്ച് നിരീക്ഷിക്കുന്നു. കടുത്ത രോഗാവസ്ഥകളുടെയും വാർദ്ധക്യത്തിന്റെയും ഭാരത്തിൽ ദീർഘകാല ദാമ്പത്യബന്ധങ്ങളും കുടുംബബന്ധങ്ങളും സൗഹൃദങ്ങളും മാറിമറിയുന്നു. വാർദ്ധക്യത്തെ കാല്‍പ്പനിക വൽക്കരിക്കുന്നതിന് പകരം, പ്രായമാകുമ്പോഴും സ്വന്തം സ്വാതന്ത്ര്യവും (personal autonomy) ആത്മാഭിമാനവും അന്തസ്സും നിലനിർത്താൻ സ്ത്രീ നടത്തുന്ന നിശബ്ദമായ ദൈനംദിന പോരാട്ടങ്ങളെയാണ് പുസ്തകം പകർത്തിവെക്കുന്നത്.

സ്ലാവെങ്ക ദ്രാക്കുലിച്ചിന്റെ സാഹിത്യസഞ്ചാരത്തെ ഇപ്രകാരം സാമാന്യമായി വിലയിരുത്തുമ്പോള്‍, അത് തികച്ചും കൗതുകകരമായ ഒരു ആഖ്യാന ചക്രം പൂർത്തിയാക്കുന്നതായി കാണാം. പ്രാദേശികമായ ഫെമിനിസ്റ്റ് രാഷ്ട്രീയത്തിൽ തുടങ്ങി വ്യത്യസ്ത തലങ്ങളിലൂടെ കടന്ന്  സാർവത്രികമായ സ്ത്രീഅനുഭവങ്ങളിൽ അവസാനിക്കുന്ന ആ പരിണാമം ഇങ്ങനെയാണ്: ആദ്യകാല സ്ത്രീപക്ഷ പ്രബന്ധങ്ങൾ, കമ്മ്യൂണിസ്റ്റ് ഭരണകൂട വിമർശനം, ദേശരാഷ്ട്രീയ നിരപേക്ഷമായ സാർവത്രിക ആലിഗറികൾ, ചരിത്രപരവും വംശീയവുമായ യുദ്ധാഘാതങ്ങൾ, ജീവചരിത്രപരമായ സ്ത്രീത്വം, ഒടുവില്‍ സാർവത്രിക സ്ത്രീ അനുഭവങ്ങൾ. സ്വന്തം നാട്ടിലെ സ്ത്രീകളുടെ നിശബ്ദതകൾക്ക് ശബ്ദം നൽകിക്കൊണ്ട് (early feminism) യാത്ര ആരംഭിച്ച എഴുത്തുകാരി, ലോകചരിത്രത്തിന്റെയും യുദ്ധങ്ങളുടെയും വലിയ ക്യാൻവാസുകളിലൂടെ സഞ്ചരിച്ച്, ഒടുവിൽ പ്രായമാകുന്ന ഏതൊരു സ്ത്രീയുടെയും നിശബ്ദ പോരാട്ടങ്ങളെ (universal female experience) അടയാളപ്പെടുത്തിക്കൊണ്ട് തന്റെ സാഹിത്യജീവിതത്തിന്റെ ആഖ്യാന ചക്രം പൂർണ്ണമാക്കുന്നു. ഇവയിലൂടെ യുഗോസ്ലാവിയയുടെ അന്ത്യനാളുകളുടെ ഏറ്റവും മികച്ച ആഖ്യായികാകാരിയായി (quintessential chronicler of Yugoslavian twilight) അവര്‍ ഉയർന്നുവരുന്നു; കമ്മ്യൂണിസത്തിന്റെ തകർച്ചയും, തീവ്രദേശീയതയുടെ വളർച്ചയും, അതിനുശേഷമുള്ള അസ്തിത്വപരമായ അസ്വസ്ഥതകളും തന്റെ അനുഭവങ്ങളിലൂടെ സാഹിത്യമാക്കി മാറ്റുകയും അതിനെ കൃത്യമായി വ്യാഖ്യാനിക്കുകയും ചെയ്ത എഴുത്തുകാരി. അവർ ഒരേസമയം ഒരു ചരിത്രസാക്ഷിയും, വ്യാഖ്യാതാവും, വഴികാട്ടിയുമാണ് — ഒരു രാജ്യത്തിന്റെ ഉദയത്തിലും തകർച്ചയിലും ഓർമ്മകളിലും മനുഷ്യന്റെ ഏറ്റവും വ്യക്തിപരമായ അനുഭവങ്ങളും (the intimate) വലിയ ചരിത്രവും (the historical) എങ്ങനെയാണ് പരസ്പരം തുന്നിച്ചേർക്കപ്പെട്ടിരിക്കുന്നത് എന്ന് അവർ വായനാ ലോകത്തിന് കാണിച്ചുതരുന്നു.