പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യ ദശകങ്ങളില്‍ ആഫ്രിക്കന്‍
ദേശങ്ങളില്‍ അരങ്ങേറിക്കൊണ്ടിരുന്ന അടിമ വേട്ടയുടെ ഭാഗമായി ഗാംബിയായിലെ ജുഫൂറെയില്‍
നിന്ന് തട്ടിയെടുക്കപ്പെട്ടു അമേരിക്കയിലേക്ക് കൊണ്ടുവരപ്പെട്ട തന്റെ പൂര്‍വ്വികന്‍
കുണ്ടാ കിന്റെയില്‍ തുടങ്ങി ഏഴു തലമുറകളിലൂടെ തന്റെ താവഴിയന്വേഷിക്കുന്ന 'റൂട്ട്സ്' എന്ന
അലെക്സ് ഹാലിയുടെ ക്ലാസ്സിക് കൃതി 1977-ലാണ്
പുറത്തിറങ്ങിയത്. വാമൊഴി വഴക്കത്തിലൂടെ കേട്ടറിഞ്ഞ
കുടുംബ ചരിത്രം പന്ത്രണ്ട് വര്‍ഷക്കാലത്തെ റിസര്‍ച്ചിന് ശേഷമാണ് ഹാലി പൂര്‍ത്തീകരിച്ചത്. വിമര്‍ശനങ്ങളും വിവാദങ്ങളും ഒട്ടേറെയുണ്ടായെങ്കിലും
വംശീയാന്വേഷണാഖ്യാനത്തില്‍ (genealogical or family saga) ഒരവസാന വാക്കായി 'റൂട്ട്സ്' ഇപ്പോഴും നിലക്കൊള്ളുന്നു. തങ്ങളുടെ പരമ്പരാഗത
സാംസ്കാരിക സാമൂഹിക സ്വത്വങ്ങളില്‍ അഭിമാന പൂര്‍വ്വം കഴിഞ്ഞു വന്ന ജന വിഭാഗങ്ങളെ
നയാടിപ്പിടിച്ചു ഒരു ഭാഷകൊണ്ടും വിവരിക്കാനാവാത്ത അപമാനവീകരണത്തിനിരയാക്കി
അടിമക്കപ്പലുകളില്‍ കുത്തിനിറച്ച് യൂറോപ്പിലെങ്ങുമെന്ന പോലെ കരീബിയന്‍ റബ്ബര്‍
എസ്റ്റേറ്റുകളിലും, ഐക്യ നാടുകളിലും ദുസ്സഹമായ
സാഹചര്യങ്ങളില്‍ അടിമപ്പണിക്കായി അടിമച്ചന്തകളില്‍ എത്തിച്ചാണ് ആ നാടുകളുടെ സമ്പല്‍
സമൃദ്ധി വലിയൊരളവു സൃഷ്ടിക്കപ്പെട്ടത്. ചരിത്രം ഓര്‍ക്കുന്നതിലേറെ
മറക്കാനിഷ്ടപ്പെട്ട ആ ഇരുണ്ട കാലത്തിന്റെ മഹാവേദനകള്‍ ഒപ്പിയെടുത്ത പുസ്തകങ്ങള്‍ 'റൂട്ട്സ്' പോലെ അധികമില്ല. അമേരിക്കന്‍ ആഭ്യന്തര യുദ്ധം അടിമത്തത്തെ നിയമം മൂലം
അവസാനിപ്പിച്ചെങ്കിലും സമൂഹത്തില്‍ ആഴത്തില്‍ ഉറഞ്ഞുപോയ സമ്പ്രദായങ്ങള്‍
നിയമത്തിന്റെ ശാലീന വഴികളില്‍ ഒതുങ്ങിപ്പോവുന്നതല്ല എന്ന് ആധുനിക അമേരിക്കന്‍
യാഥാര്‍ത്ഥ്യം സാക്ഷി. ടോണി മോറിസന്‍, ജെയിംസ് ബാള്‍ഡ് വിന്‍ , ആലിസ് വാക്കര്‍ , മയാ ഏഞ്ചലൂ തുടങ്ങി പുതു തലമുറയിലെ പോള്‍ ബീറ്റി, ഇംബോലോ എംബു തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പുതുകാല ആഫ്രിക്കന്‍ അമേരിക്കന്‍
യാഥാര്‍ത്ഥ്യങ്ങളെ ഫിക് ഷനില്‍ നിബന്ധിച്ചിട്ടുണ്ട്. യുവ
ഘാനിയന്‍ - അമേരിക്കന്‍ നോവലിസ്റ്റ് യാ ജ്യാസിയുടെ
പ്രഥമ നോവലായ 'ഹോം ഗോയിംഗ്' ഇക്കൂട്ടത്തില്‍
സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നത് അത് നേടിയെടുത്ത അംഗീകാരങ്ങളുടെ പട്ടിക കൊണ്ട്
മാത്രമല്ല, കൊളോണിയല്‍ അടിമ വേട്ടയുടെ ആദ്യ നാളുകള്‍
മുതല്‍ ഇങ്ങ് ജനാധിപത്യ ക്രമത്തിന്റെയൊക്കെ സമകാലിക വ്യവഹാരങ്ങളുടെ കാണാപ്പുറങ്ങള്‍
വരെ നീളുന്ന ഇതിഹാസമാനമുള്ള ആവിഷ്കാരമായി അത് മാറുന്നു എന്നത് കൊണ്ടാണ്.
അടിമ വ്യാപാരം - ആരുടെ പാപം?
പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ (1876) അന്നത്തെ ഗോള്‍ഡ്
കോസ്റ്റിലെ (സ്വാതന്ത്ര്യാനന്തരം ഘാന) അസാന്റെ ഗ്രാമത്തില്‍ തുടങ്ങി സമകാലിക ഘാന വരെയും സമകാലിക അമേരിക്കന്‍
ഐക്യ നാടുകള്‍ വരെയും നീളുന്ന കാലഘട്ടങ്ങളിലൂടെ, രണ്ടു
അര്‍ദ്ധ സഹോദരിമാരില്‍ തുടങ്ങി വേറിട്ട് ഒന്നിടവിട്ട അധ്യായങ്ങളിലായി ഏഴു വീതം
തലമുറകളിലൂടെ മുന്നേറി ഒടുവില്‍ ഏഴാം തലമുറയില്‍ പരസ്പരം സന്ധിക്കുന്ന ഘടനയിലാണ്
ഇതിവൃത്തം വികസിക്കുന്നത്. പ്രഥമ കൃതിയില്‍ ഇത്തരമൊരു
ഇതിഹാസ മാനമുള്ള ഇതിവൃത്തം കൈകാര്യം ചെയ്യാന്‍ ഇരുപത്തിയാറുകാരിയായ നോവലിസ്റ്റ്
കാണിച്ച ധൈര്യം അപൂര്‍വ്വം തന്നെയാണ്. ഇതോടൊപ്പം, അടിമവേട്ടയില്‍ ഇരസ്ഥാനത്തെന്നതോടൊപ്പം അറ്റ്ലാന്റിക്കിന് കുറുകെയുള്ള
അടിമക്കച്ചവടത്തില്‍ പങ്കും പറ്റിയ പശ്ചിമ ആഫ്രിക്കന്‍ യാഥാര്‍ത്ഥ്യത്തെ
അഭിമുഖീകരിക്കാനുള്ള നോവലിസ്റ്റിന്റെ ദൃഡ നിശ്ചയവും എടുത്തുപറയേണ്ടതാണ്.
“ബഹുമാനത്തോടെ പറയട്ടെ, ഞാനൊരു അടിമക്കച്ചവടക്കാരനെ ഷേക് ഹാന്‍ഡ് ചെയ്യില്ല.” അവള്‍ (അകൊസുവ മെന്‍സാ) പറഞ്ഞു. … അവള്‍ പറഞ്ഞത് ജെയിംസിനെ (ജെയിംസ് റിച്ചാര്‍ഡ് കോളിന്‍സ് - കി
കോളിന്‍സിന്റെ മകന്‍ ) വിഷമിപ്പിക്കുകയും
ഉടനെത്തന്നെ ലജ്ജിപ്പിക്കുകയും ചെയ്തു. അവള്‍ അവളുടെ
അച്ഛന്റെ കൈ കുലുക്കുമോ? അമ്മാവന്റെ? ആരാണ് അടിമവ്യാപാരി എന്ന് തീരുമാനിക്കാന്‍ അവളാര്? അസാന്റെയോ ഫാന്റെയോ ആരാണ് മെച്ചം എന്ന് തര്‍ക്കിക്കുന്ന അച്ഛനമ്മമാരെ
കേട്ടുകൊണ്ടാണ് ജെയിംസ് തന്റെ ജീവിതം മുഴുവന്‍ പിന്നിട്ടത്, പക്ഷെ അതൊരിക്കലും അടിമകളുടെ കാര്യത്തില്‍ എത്തിയിരുന്നില്ല. അസാന്റെയുടെ അധികാരം അടിമകളെ പിടിക്കുന്നതില്‍ നിന്നുണ്ടായതാണ്. ഫാന്റെയുടെ സുരക്ഷിതത്വം അവരെ വില്‍ക്കുന്നതില്‍ നിന്നുണ്ടായതും. പെണ്‍കുട്ടിക്കു തന്റെ കൈ കുലുക്കാന്‍ പറ്റില്ലെങ്കില്‍ , എങ്കില്‍ തീര്‍ച്ചയായും അവള്‍ക്ക് അവളുടെ തന്നെ കൈ തൊടാന്‍ പറ്റില്ല.”
ചരിത്രത്തിന്റെ മുറിപ്പാടുകള്‍
സമ്പന്ന ഫാന്റെ കുടുംബത്തിലെ അടിമ യുവതി അസാന്റെ ഗോത്ര
വംശജയായ മാമേ ഒരു തീപിടിത്തത്തില്‍ നിന്ന് രക്ഷ നേടി കാട്ടിലേക്ക് ഓടിപ്പോകുമ്പോള്‍
ബലാല്‍ക്കാരത്തിന്റെ സന്തതിയായ അവളുടെ നവജാത ശിശു അച്ഛന്റെ രണ്ടാം ഭാര്യയുടെ സ്നേഹ
ശൂന്യമായ മേല്‍നോട്ടത്തില്‍ കൊട്ടാരത്തില്‍ വളര്‍ന്നു. സ്വാഭാവികമായും അവളെ വിവാഹം
ചെയ്യേണ്ടിയിരുന്ന ഗോത്രമൂപ്പന്‍ യുവാവിന്റെ ആലോചന കുത്സിതമായ തന്ത്രത്തിലൂടെ
മറികടന്നു 'സുന്ദരി എഫിയ' (Effia the Beauty)യെ അവളില്‍ ഭ്രമിച്ചു പോകുന്ന, പുതുതായെത്തുന്ന
ബ്രിട്ടീഷ് ഗവര്‍ണര്‍ ജെയിംസിനു വിവാഹം ചെയ്തു കൊടുക്കാന്‍ അച്ഛന്‍ കോബെ ഓച്ചറിനെ
വളര്‍ത്തമ്മ പരുവപ്പെടുത്തിയെത്തു. അത് വലിയ ധനാഗമ മാര്‍ഗ്ഗമായിരുന്നു. തുടര്‍ന്ന് എഫിയ ഘാനിയന്‍ അടിമ വ്യാപാരത്തിന്റെ കൊടും പാപങ്ങളുടെ പില്‍ക്കാല
കഥകളുറങ്ങുന്ന കേപ്പ് ഗോള്‍ഡ് കോസ്റ്റ് കാസിലില്‍ താമസത്തിനെത്തുന്നതാണ്
നോവലിന്റെ കേന്ദ്രത്തിലെ ഒരു താവഴിയുടെ തുടക്കമാവുക. അതേ
സമയം മാമെയുടെ പിന്നീടുണ്ടായ വിവാഹത്തില്‍ ബിഗ് മാന്‍ അസാരെയുടെ ഒമാനമകളായി വളര്‍ന്ന
എസി അസാരെ എന്ന പതിനഞ്ചുകാരി അടിമച്ചന്തയിലേക്ക് ഊഴം കാത്ത് കാസിലിന്റെ ഭൂഗര്‍ഭ
അറകളില്‍ കൊല്ലാക്കൊലയായി അടുക്കപ്പെട്ട വീട്ടു വേലക്കാരികള്‍ , ഗോത്രയുദ്ധങ്ങളില്‍ തോറ്റു വില്‍ക്കപ്പെട്ടവര്‍ , വെളുത്ത വര്‍ഗ്ഗക്കാരുടെ കങ്കാണിമാര്‍ ('bomboys') നായാടിപ്പിടിച്ചവര്‍ തുടങ്ങിയ ഹതഭാഗ്യരുടെ കൂട്ടത്തില്‍ ഈ മൂന്നാമത്തെ
വിധത്തില്‍ വേട്ടയാടപ്പെട്ട് ദുര്‍വ്വിധിയുടെ കയ്പ്പുനീര്‍
കുടിക്കുന്നുണ്ടായിരുന്നു. "ഭൂഗര്‍ഭ മാളത്തില്‍ അവര്‍
സൂക്ഷിച്ച അടിമകളെ കുറിച്ച് ജെയിംസ് ഒരിക്കലും എഫിയയോടു സംസാരിച്ചില്ല.” തന്നെ ഓര്‍മ്മിപ്പിക്കുന്ന സ്ത്രീകളെ, കാഴ്ചയില്‍
തന്നെപ്പോലെയുള്ളവരെ, തന്റെ ഗന്ധമുള്ളവരെ കാണുമ്പോള്‍
ജെയിംസ് എങ്ങനെയാവും ചിന്തിക്കുക എന്നതിനെ കുറിച്ച് എഫിയ അറിവില്ലായ്മ
നടിച്ചുവെന്നു നോവലിസ്റ്റ് കൂട്ടിച്ചേര്‍ക്കുന്നു. തുടര്‍ന്ന്
അടിമക്കപ്പലില്‍ അവള്‍ അമേരിക്കയെന്ന 'പുതുലോക'
(New World) ത്തേക്കെത്തുന്നു. രണ്ടാം
താവഴിയുടെ തുടക്കക്കാരി. 'ഒരു തടാകത്തിന്റെ ഇരു കരകളില്‍
പെട്ടുപോകാന്‍ വിധിക്കപ്പെട്ട ഒരു സ്ത്രീയെയും അവരുടെ നിഴലിനെയുമെന്ന പോലെ', ഒരേ മരത്തില്‍ നിന്ന് മുറിച്ചെടുത്ത രണ്ടു കമ്പുകളെ പോലെ' രണ്ടിടങ്ങളില്‍ പരസ്പരമറിയാതെ രണ്ടു ജീവിതങ്ങള്‍ . "തിരിച്ചു വരവില്ലാത്ത വാതായനം" (Door of No Return) കടന്ന് എസി അസാരെ തന്റെ ദുര്‍വ്വിധിയിലേക്ക് പോകുന്നു. ഇന്ന് ആഷ് വിറ്റ്സ് പോലെ, നാങ്കിംഗ് പോലെ, ഹിരോഷിമയും 'വൂണ്ടഡ് നീ'യും
പോലെ മനുഷ്യന്‍ മനുഷ്യനോടു ചെയ്യുന്ന കൊടും പാതകങ്ങളുടെ ഒരു ഓര്‍മ്മപ്പെടുത്തല്‍
സ്മാരകമാണ് കേപ്പ് കോസ്റ്റ് കാസില്‍ .
തുടര്‍ന്ന് വരുന്ന ഓരോ അധ്യായങ്ങളിലും പിന്തുടരുന്ന അതാതു
താവഴിയിലെ ഒരു പ്രധാന കഥാപാത്രത്തിന്റെ സങ്കീര്‍ണ്ണമായ
വംശീയാനുഭാവാഖ്യാനത്തിലൂടെയാണ് നോവല്‍ മുന്നോട്ടു പോകുന്നത്. തലമുറകള്‍ പിന്നിടുമ്പോള്‍
പൊതുവായുള്ളത് ഇതാണ്: ചരിത്രം എന്ന പ്രക്രിയക്ക്
മുന്നില്‍ എല്ലാവരും ഒരു പോലെ നിസ്സഹായരാണ്. എസി
അസാരെയേ അടിമക്കപ്പലിലും തുടര്‍ന്ന് കോട്ടയുടെ അറയിലെ ഇരുട്ടിലും വേട്ടയാടിയ അതേ
നിസ്സഹായത, എസിയുടെ മകള്‍ നെസ്സിനെയും പ്രണയപൂര്‍വ്വം
അവള്‍ വിവാഹം കഴിച്ച സാമിനെയും അവരുടെ മുതുകുകളില്‍ വടുകെട്ടിയ, പ്രണയനിമിഷങ്ങളില്‍ ഒന്നമര്‍ത്തിത്തഴുകുമ്പോള്‍ വീണ്ടും പൊട്ടിയൊലിക്കുന്ന
രക്തമായി വേട്ടയാടുന്ന കൊടിയ വേദന. ചരിത്രം തെളിക്കുന്ന
വഴിയെ കര്‍തൃത്വം അധികമൊന്നുമില്ലാതെ ജീവിച്ചുപോകുന്നവരാണ് സ്വാഭാവികമായും എസി
താവഴിയിലെ ഒട്ടുമുക്കാലും. കഠിനാധ്വാനത്തിലൂടെ 'സ്വാതന്ത്ര്യം' നേടിയിട്ടും അയഥാര്‍ത്ഥമായ
കാരണങ്ങളാല്‍ തടവിലാക്കപ്പെട്ട് കല്‍ക്കരി ഖനിയിലെത്തുമ്പോള്‍ , വെളുത്ത വര്‍ഗ്ഗക്കാരനായ സഹ ജോലിക്കാരനെ (leased conscripted
laborer) കൊടിയ പീഡനത്തില്‍ (lynching) നിന്ന് രക്ഷിക്കാനും ഒപ്പം തന്റെ പങ്ക് ജോലിയും ചെയ്തു തീര്‍ക്കനുമായി ഒരു
ഘട്ടത്തില്‍ ഇരു കൈകളിലും ഷവല്‍ ഉപയോഗിച്ച് ജോലി ചെയ്തതിനെ തുടര്‍ന്ന് 'ടു ഷവല്‍ ' എന്ന് പേരുകിട്ടിയ
ഗുസ്തിക്കാരന്റെ മെയ്യഴകും കരുത്തുമുണ്ടായിരുന്ന 'H' ഖനിത്തൊഴില്‍ നല്‍കിയ ശ്വാസ കോശ രോഗത്തെ തുടര്‍ന്ന് പില്‍ക്കാല
സ്വാതന്ത്ര്യം ആസ്വദിക്കാനാവാതെ അകാലത്തില്‍ മരിക്കുന്നത് അക്കൂട്ടത്തില്‍ ഏറ്റവും
നിസ്സഹായമായ ഒരനുഭവമാണ്. ജിം ക്രോ നിയമങ്ങള്‍ നിലനിന്ന
തെക്കന്‍ പ്രദേശങ്ങളുടെയും ഒപ്പം തൊഴിലാളി പ്രസ്ഥാനങ്ങളില്‍ കുറഞ്ഞൊരു കാലം നില
നിന്ന ബഹുത്വ സങ്കല്‍പ്പങ്ങളെയും ഒരേ സമയം പ്രതിനിധാനം ചെയ്യുന്നുണ്ട് അയാള്‍ . അദ്ദേഹത്തിന്റെ മകള്‍ വില്ലിയിലൂടെ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതി
കണ്ട മഹാ പാലായന (Great Migration) കാലത്തെയും, റോബര്‍ട്ട് ക്ളിഫ്റ്റന്‍ സമ്പൂര്‍ണ്ണ വെളുത്ത വര്‍ഗ്ഗക്കാരന്‍ ആവാന്‍
വേണ്ടി അവളെ ഉപേക്ഷിച്ചു പോവുന്നത് നിയമങ്ങളുടെ കോപ്പി പുസ്തക വടിവുകളെ ഭേദിച്ച്
തഴച്ച വര്‍ണ്ണവെറിയുടെ കൂടുതല്‍ ആഴത്തിലുള്ള പരിണിതികളെയും അടയാളപ്പെടുത്തുന്നു. മാര്‍ക്കസിന്റെ അച്ഛനാവുന്ന സോണി എന്ന കാഴ്സന്‍ സോണി ക്ളിഫ്റ്റന്‍ വര്‍ണ്ണവെറിയുടെ
മറ്റൊരു പുതുകാല വിപര്യയത്തെ നേരിടുന്നു. പുതുകാലത്തില്‍
വര്‍ണ്ണ വിവേചനം നടപ്പിലാക്കി വിപരീതാര്‍ത്ഥത്തില്‍ അതിനെ പ്രതിരോധിക്കാന്‍
ശ്രമിക്കുന്ന പോള്‍ ബീറ്റിയുടെ 'മി'യെ പോലെ (The Sellout) അയാള്‍ക്കും
സമന്വയത്തെ കുറിച്ചുള്ള വലിയ വാക്കുകളൊന്നും ആകര്‍ഷകമാവുന്നില്ല. “അമേരിക്കയുടെ പ്രശ്നം വിവേചനം എന്നതല്ലായിരുന്നു, മറിച്ച്, സത്യത്തില്‍ , നിങ്ങള്‍ക്ക് വേറിട്ട് നില്‍ക്കാന്‍ കഴിയില്ലാത്തതായിരുന്നു. തനിക്കോര്‍ക്കാന്‍ ആവുവോളവും വെളുത്തവരില്‍ നിന്ന് മാറിപ്പോവാനാണ് സോണി
ശ്രമിച്ചത്, എന്നാല്‍ , ഈ നാട് ഇത്രയും വലുതായിരിക്കുമ്പോഴും പോകാന്‍ ഇടമില്ലായിരുന്നു.” ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയുടെ ആഫ്രിക്കന്‍ അമേരിക്കന്‍
പുരുഷാനുഭവത്തിന്റെ പൊതുവായ ചതിക്കുഴികളിലേക്ക് വീണുപോവുന്ന അയാള്‍
മയക്കുമരുന്നിന്റെ അടിമയാവുകയും മൂന്നു മക്കളെയും കുടുംബത്തെയും അവഗണിക്കുകയും
ചെയ്യുന്നു. വ്യക്തിത്വമുള്ള കഥാപാത്രം എന്നതിലേറെ ഒരു 'ടൈപ്പ്' തന്നെയാണ് സോണി. ഒടുവില്‍ എസിയുടെ ഏഴാം തലമുറയിലെ മാര്‍ക്കസില്‍ എത്തുമ്പോള്‍ മൂന്നു
തലമുറക്കപ്പുറത്തെ മുത്തച്ചന്‍ H-നപ്പുറത്തേക്ക് അയാള്‍ക്ക്
തിരിച്ചറിവില്ല, വംശീയാനുഭവം എന്നതല്ലാതെ. അതാണ് തന്റെ പി. എച്ച്. ഡി. പേപ്പര്‍ തയ്യാറാക്കുമ്പോള്‍ അവനില്‍
സംത്രാസമായി നിറയുന്നതും ആഫ്രിക്കന്‍ അമേരിക്കന്‍ ജീവിതാവസ്ഥകളുടെ സമകാലിക യാഥാര്‍ത്ഥ്യങ്ങളുടെ
കണ്ണാടിയാവുന്നതും. അവസാന അധ്യായത്തില്‍ നാം ഇങ്ങനെ
വായിക്കുന്നു:
"തന്റെ മുതുമുത്തച്ഛന്‍ H-ന്‍റെ ജീവിതത്തിലെ വര്‍ഷങ്ങള്‍ അപഹരിച്ച, തടവുപുള്ളികളെ
ലീസ് ചെയ്യുന്ന സമ്പ്രദായത്തില്‍ തന്റെ റിസര്‍ച്ച് വര്‍ക്ക് കേന്ദ്രീകരിക്കണം
എന്നതായിരുന്നു തുടക്കത്തില്‍ മാര്‍ക്കസിന്റെ താല്പര്യം. എന്നാല്‍ കൂടുതല്‍ മുഴുകിയപ്പോള്‍ പ്രോജെക്റ്റ് വലുതായിക്കൊണ്ടിരുന്നു. ജിം ക്രോ നിയമത്തെ ഭയന്ന് നാടുവിട്ടോടി വടക്കോട്ട് പാലായനം ചെയ്ത
മുത്തശ്ശി വില്ലിയെയും ദശലക്ഷക്കണക്കിനു മറ്റു കറുത്ത വര്‍ഗ്ഗക്കാരെയും കുറിച്ച്
പറയാതെ മുതുമുത്തച്ഛന്‍ H-ന്‍റെ കഥ അവനെങ്ങനെ
പറയാനാവുമായിരുന്നു? വന്‍ പാലായനത്തെ (the
Great Migration ) കുറിച്ച് സൂചിപ്പിക്കുമ്പോള്‍ ആ
ജനക്കൂട്ടങ്ങളെ മുഴുവന്‍ ഉള്‍ക്കൊണ്ട നഗരങ്ങളെ കുറിച്ച് പറയേണ്ടി വരും. ഹാര്‍ലമിനെ കുറിച്ച് പറയേണ്ടി വരും. അപ്പോള്‍ , തന്റെ പിതാവിന്റെ ഹെറോയിന്‍ അടിമത്തത്തെ കുറിച്ച് പറയാതെ എങ്ങനെ ഹാര്‍ലമിനെ
കുറിച്ച് പറയും- ജയില്‍ വാസങ്ങള്‍ , ക്രിമിനല്‍ റെക്കോഡ്? അറുപതുകളിലെ ഹാര്‍ലമിലെ
ഹെറോയിന്‍ സാന്നിധ്യത്തെ കുറിച്ച് പറഞ്ഞാല്‍ എണ്‍പതുകളില്‍ എങ്ങും നടന്നു വന്ന
മയക്കുമരുന്ന് വേട്ടകളെ കുറിച്ചും പറയേണ്ടി വരില്ലേ? വേട്ടകളെ
കുറിച്ച് എഴുതിയാലോ, “മയക്കുമരുന്നിനെതിരെയുള്ള യുദ്ധ"(“war
on drugs”) ത്തെ കുറിച്ച് അനിവാര്യമായും എഴുതലായിരിക്കും അത്.
“മയക്കുമരുന്നിനെന്തിരെയുള്ള യുദ്ധ"ത്തെ
കുറിച്ച് സംസാരിച്ചു തുടങ്ങിയാല്‍ തന്റെയൊപ്പം വളര്‍ന്ന കറുത്ത വര്‍ഗ്ഗക്കാരില്‍
ഏതാണ്ട് പകുതിയും ലോകത്തിലെ ഏറ്റവും കൊടിയ തടവ് സമ്പ്രദായമായിത്തീര്‍ന്ന
ഒന്നിലേക്ക് ഒന്നുകില്‍ എത്തിപ്പെടുകയോ അഥവാ അതില്‍ നിന്ന് വിട്ടയക്കപ്പെട്ടവരോ ആയ
അവസ്ഥയുണ്ടാവുന്നതെങ്ങനെ എന്നായിരിക്കും അവന്‍ പറയുന്നത്. തന്റെ കൂടെ കോളേജില്‍ പോയിരുന്ന വെളുത്ത വര്‍ഗ്ഗക്കാരില്‍ ഏതാണ്ടെല്ലാവരും
ദിവസവും പരസ്യമായി മരിജുവാന പുകക്കുമ്പോഴും തന്റെ കൂട്ടത്തിലുള്ളവര്‍ അത് കൈവശം
വെച്ചതിന് അഞ്ചുവര്‍ഷ ജയില്‍ ശിക്ഷ അനുഭവിക്കുന്നതെന്തുകൊണ്ട് എന്ന് പറയാന്‍
തുടങ്ങിയാല്‍ അവനു കഠിനമായ കോപം വരികയും സ്റ്റാന്‍ഫോര്‍ഡ് യൂനിവേഴ്സിറ്റിയുടെ
മനോഹരമെങ്കിലും മരണതുല്യമായ നിശ്ശബ്ദതയുള്ള ലെയ്ന്‍ റീഡിംഗ് റൂമിലെ മേശപ്പുറത്ത്
തന്റെ റിസര്‍ച്ച് ബുക്ക് കമഴ്ത്തി അടിക്കുകയും ചെയ്തേക്കും. ബുക്ക് അങ്ങനെ അടിച്ചു കമഴ്ത്തിയാല്‍ മുറിയിലുള്ള എല്ലാവരും തുറിച്ചു
നോക്കുമായിരിക്കും, അവരാകെ കാണുക അവന്റെ തൊലിയുടെ
നിറവും അവന്റെ കോപവുമായിരിക്കും, അവര്‍ വിചാരിക്കും
അവനെ കുറിച്ച് ചിലതെല്ലാം അവര്‍ക്കറിയാമെന്നു, അത്
അവന്റെ മുതുമുത്തച്ഛന്‍ H-നെ ജയിലില്‍ ഇട്ടതിനെ
ന്യായീകരിച്ച അതേ ചിലതായിരിക്കുകയും ചെയ്യും, എന്നേയുള്ളൂ, മുമ്പുണ്ടായിരുന്നത്ര സുവ്യക്തമായിരിക്കില്ല എന്നും ഇത്തിരി വ്യത്യസ്തവും
ആയിരിക്കും എന്നേയുള്ളൂ.”
ഇതില്‍ നിന്ന് വിപരീതമായി അവന്റെ കൂട്ടുകാരിയാവുന്ന എഫിയാ
താവഴിയിലെ ഇളം മുറക്കാരി മാര്‍ജറിക്ക് പക്ഷെ വംശാവലിയെ അറിയാം. ആ പൂര്‍വ്വിക മുത്തശ്ശി മാമേ താന്‍
വിട്ടുപോന്ന ശിശുവിന് പവിത്രസൂക്ഷിപ്പായി നല്‍കിയ കല്ല് തലമുറ കൈമാറി
അവളിലെത്തിയിരുന്നു, ഒപ്പം ആ കഥകളും. എന്നാല്‍ ഹതഭാഗ്യയായ എസിക്ക് സമാനമായ ഒരു കല്ല് മാമേ നല്‍കിയിരുന്നെങ്കിലും
കേപ് കോസ്റ്റ് കാസിലിലെ ഭീകര അറയില്‍ അതെങ്ങോ നഷ്ടപ്പെട്ടിരുന്നുവല്ലോ. ആ അര്‍ഥത്തില്‍ കുണ്ടാ കിന്റെ ('റൂട്ട്സ്') യേക്കാള്‍ ഭാഗ്യഹീനയാണ് എസി അസാന്റെ - തന്നെ
കുറിച്ചോര്‍ക്കാന്‍ പിന്‍ തലമുറയുടെ ഒരു നിശ്വാസം പോലും വ്യക്തിപരമായി
ബാക്കിവെക്കാന്‍ കഴിയാതെ പോയവള്‍ .
വ്യക്തിത്വ പ്രതിസന്ധികള്‍
നോവലിലെ അമേരിക്കന്‍ കഥാപാത്രങ്ങളെ അപേക്ഷിച്ച് പ്രതിനിധാന (type) സ്വഭാവത്തെക്കാളേറെ
വ്യക്തിത്വ സ്വഭാവം (idiosyncratic) ഉള്ളവരാണ്
ആഫ്രിക്കന്‍ കഥാപാത്രങ്ങള്‍ . ഗോള്‍ഡ് കോസ്റ്റില്‍
രണ്ടു നൂറ്റാണ്ടിലേറെ നിലനിന്ന ഭരണമാണ് അസാന്റെ വംശത്തിന്റെത്. ഇതര ഗോത്രങ്ങളുമായും ബ്രിട്ടീഷ് സാമ്രാജ്യത്വവുമായും നിരന്തരം
രക്തരൂക്ഷിതമായ ഏറ്റുമുട്ടല്‍ നടത്തിവന്ന വന്ന പരമ്പരയില്‍ പെട്ടതാണെങ്കിലും എഫിയാ
താവഴിയിലെ ആരും തന്നെ അതിലൊന്നും ഇടപെടുന്നില്ല. എന്നിരിക്കിലും, സ്ഥാന ഭ്രഷ്ടനാക്കപ്പെടുന്ന രാജാവിനെ കുറിച്ചും യുദ്ധം നയിക്കുന്ന
രാജ്ഞിയെ കുറിച്ചും ബ്രിട്ടീഷ് സൈനികത്തലവന്റെ ശിരസ്സറുത്ത് കുന്തത്തില്‍ കുത്തി
നിര്‍ത്തിയതിനെ കുറിച്ചും വാര്‍ത്തകള്‍ അവരെ തേടിയെത്തുന്നുണ്ട്. മനുഷ്യക്കടത്തില്‍ നിന്നുള്ള ധന സമ്പാദനം കീര്‍ത്തി കെടുത്തുന്നുവെന്നു
മാത്രമല്ല, തോല്പ്പിക്കപ്പെടുന്നവരെ അടിമകളാക്കി
ബ്രിട്ടീഷുകാര്‍ക്കും ഡച്ചുകാര്‍ക്കും വില്‍ക്കാനുള്ള അവസരം യുദ്ധത്തെ ലാഭകരമായി
കാണുന്ന അവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ
പശ്ചാത്തലത്തിലാണ് കറുത്ത വര്‍ഗ്ഗക്കാരിയായ അമ്മയുടെയും ബ്രിട്ടീഷുകാരനായ
പിതാവിന്റെയും മകനായിപ്പിറന്ന കി കോളിന്‍സ് കുടുംബബിസിനസ്സായ അടിമക്കച്ചവടത്തില്‍
ഭാഗഭാക്കാവാന്‍ വിസമ്മതിക്കുന്നത് പ്രസക്തമാകുന്നത്. ആ
പിതാവിന്റെ മകനായ ജെയിംസ് റിച്ചാര്‍ഡ് കോളിന്‍സ്, യുവ
സുന്ദരിയുടെ നിശിത വിമര്‍ശനം കേള്‍ക്കേണ്ടിവരുന്നത് അയാളെ ചൊടിപ്പിച്ചത്
സ്വാഭാവികം തന്നെ. അകൊസുവയെ വിവാഹം ചെയ്യാനായി
മറ്റെല്ലാം ഉപേക്ഷിക്കാനും “ആരും തിരിച്ചറിയാത്ത ഏതെങ്കിലും ചെറു ഗ്രാമത്തില്‍ " പോവാനും തയ്യാറാവുന്ന ജെയിംസ് പക്ഷെ 'ഭാഗ്യം
കെട്ടവ'നും കൃഷി നിരന്തരം ചതിക്കുന്നവനും ആയിത്തീരുന്നതില്‍
അത്തരം ജീവിത പരിസരങ്ങളില്‍ കാല്പ്പനികതക്കൊന്നും സ്ഥാനമില്ല എന്ന ഓര്‍മ്മപ്പെടുത്തല്‍
കൂടിയുണ്ടാവാം. ശപിക്കപ്പെട്ട മകളെ ആരും വിവാഹം
ചെയ്യാന്‍ തയ്യാറാവാതിരിക്കുകയും പ്രണയപൂര്‍വ്വം കാത്തിരുന്ന ഓഹീനെ ന്യാകാരോ
കയ്യൊഴിയുകയും ചെയ്യുന്നതാണ് അബീന കൊളിന്‍സിനെ ആരെയും കാത്തുനില്‍ക്കാതെ, ഗര്‍ഭസ്ഥ ശിശുവിനെയും കൊണ്ട് ജീവിതം പൊരുതി മുന്നേറാന്‍ പ്രേരിപ്പിക്കുക.
നോവല്‍ ഘടനയിലെ കഥാ മാലിക:
അടിമത്തത്തിലേക്ക് എറിയപ്പെടുന്ന വ്യക്തിയുടെ ആത്മാവ് മരണ
ശേഷം ആഫ്രിക്കയിലേക്ക് തിരിച്ചു പോകും എന്ന ആഫ്രിക്കന്‍ അമേരിക്കക്കാരുടെ ഇടയിലെ
വിശ്വാസത്തില്‍ നിന്നാണ് പുസ്തകത്തിന്റെ തലക്കെട്ട്. അതോടൊപ്പം കൃസ്തീയമായ ആദിപാപ
ചിന്തയുടെയും അസാന്റെ പരമ്പരയിലെ പാപ ബോധത്തിന്റെയും കൂട്ടുത്തരവാദിത്തത്തിന്റെയും
അതിനെതിരില്‍ , അടിമവ്യാപാരിയുടെ പ്രതിനിധിയായി
ജോലി ചെയ്യവേ തന്നെ, കി കോളിന്‍സ് തുടങ്ങിവെക്കുന്ന
വൈരുധ്യപൂര്‍ണ്ണമായ ചെറുത്തു നില്‍പ്പിന്റെയും അന്തര്‍ധാരകളും അതിലുണ്ട്. രണ്ടു കുടുംബ ധാരകളെ ചടുലമായ കാലാനുഗതികതയില്‍ പിന്തുടരുന്നതിലും
ഒന്നിടവിട്ട അധ്യായങ്ങളില്‍ അടുത്ത തലമുറയിലെ ഓരോ പുതിയ കേന്ദ്ര കഥാപാത്രത്തെ
അവതരിപ്പിച്ച് ഇരു ധാരകളെയും ഇഴകോര്‍ക്കുന്നതിലും മാതൃ ദേശത്തിലെ അനുഭവങ്ങളെയും
പുതുലോക അനുഭവങ്ങളെയും ചേര്‍ത്തു വെക്കുന്നതിലും എപ്പോഴും ഒരു മുന്‍ പിന്‍
നോട്ടത്തിന്റെയും തിരിച്ചു പോക്കിന്റെയും അന്തരീക്ഷവും നില നില്‍ക്കുന്നു. നോവല്‍ എന്ന മാധ്യമത്തിനു സഹജമായ സമഗ്രതയോടൊപ്പം സാന്ദ്രമായ കേന്ദ്രീയത
എന്ന രീതിയെക്കാളേറെ അയഞ്ഞ കൂട്ടിച്ചേര്‍ക്കലുകളിലൂടെ സംയോജിപ്പിച്ച ചെറുകഥകളുടെ
രൂപമാണ് നോവലിനുള്ളത് എന്ന് പറയാം. പതിനാലു ആഖ്യാന
കേന്ദ്രങ്ങളായി വര്‍ത്തിക്കുന്ന അത്രയും തന്നെ കേന്ദ്ര കഥാപാത്രങ്ങളിലൂടെ മൂന്നു
നൂറ്റാണ്ടിലേറെ കാലത്തെ കഥ പറയുമ്പോള്‍ അവരെ എഫിയ അഥവാ എസിയുമായി
ബന്ധപ്പെടുത്തുന്ന, പലപ്പോഴും മാമെയുടെ കല്ല് പോലെ
ഏതെങ്കിലും വിശുദ്ധ ഓര്‍മ്മ വസ്തു പോലുള്ള അത്ര നൈസര്‍ഗ്ഗികമാല്ലാത്ത ചില ബാഹ്യ
ഉപാധികളാണ് ഇതിവൃത്തത്തിന് ഐക്യ രൂപം നല്‍കുന്നത്. നോവലിന്റെ
തുടക്കത്തില്‍ നല്‍കിയിട്ടുള്ള കുടുംബ വൃക്ഷവും വായനക്കാരനെ പാത്ര
ബാഹുല്യത്തിന്റെയും അതിന്റെ വികേന്ദ്രീകൃതാവസ്ഥയുടെയും അവ്യക്തതകളില്‍ നിന്ന്
തികച്ചും രക്ഷിക്കുകയും അനുവാചകന് ആവശ്യം ആവശ്യമായ എകാഗ്ര ഭാവം (unity
of impression) നല്‍കുകയും ചെയ്യുന്നു. ഒപ്പം, നോവലിസ്റ്റ് തന്റെ നേരിട്ടുള്ള ഇടപെടല്‍
ഏറ്റവും ചുരുങ്ങിയ വിതാനത്തില്‍ നിര്‍ത്തുകയും സ്വാഭാവിക സന്ദര്‍ഭങ്ങളിലും
കഥാപാത്രങ്ങളുടെ സ്വാഭാവിക പ്രതികരണ വികാസങ്ങളിലും പരമാവധി ഊന്നുകയും
ചെയ്യുന്നുണ്ട്. അടിമ വ്യാപാരം സംബന്ധിയായ ഇടപാടുകളില്‍
ഗോള്‍ഡ് കോസ്റ്റിന്‍റെ രാഷ്ട്രീയ വൈരുധ്യങ്ങള്‍ അവതരിപ്പിക്കുന്ന ഭാഗങ്ങളിലെ
സൂക്ഷ്മവും സാന്ദ്രവുമായ ആഖ്യാനം കൂടുതല്‍ മികച്ചു നില്‍ക്കുന്നുവെന്നു
വിലയിരുത്തപ്പെട്ടിട്ടുണ്ട്. സോണി ക്ളിഫ്റ്റന്‍റെയും
സമകാലിക ഹാര്‍ലം ജീവിതാവസ്ഥകളുടെയും ആഖ്യാനത്തില്‍ ആ സാന്ദ്രത അത്ര അനുഭവ
വേദ്യമാകുന്നില്ല എന്നതും ഇതിനോട് ചേര്‍ത്തു കാണാം. വ്യക്തി
ചരിത്രത്തില്‍ നിന്ന് വംശീയ ചരിത്രത്തിലേക്ക് വളരുന്ന ഭാഗങ്ങളിലാണ് നോവല്‍ കൂടുതല്‍
തീക്ഷ്ണമാകുന്നത് എന്നത് സാമൂഹികാര്‍ത്ഥത്തില്‍ കൂടുതല്‍ വലിയ ഉത്കണ്ഠകളാണ്
നോവലിസ്റ്റിനെ ഭരിക്കുന്നത് എന്നതാണ് സൂചിപ്പിക്കുന്നത്. അവിടെയാണ് മാര്‍ക്കസിന്റെ രോഷം നോവലിനെ ചൂഴ്ന്നു നില്‍ക്കും വിധം
പ്രസക്തമാകുന്നതും.
(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 210-217)
To purchase, contact
ph.no: 8086126024
read more:
Behold the Dreamers by Imbolo Mbue
https://alittlesomethings.blogspot.com/2017/04/blog-post_21.html
The Nickel Boys by Colson
Whitehead
https://alittlesomethings.blogspot.com/2024/08/the-nickel-boys-by-colson-whitehead.html
The Underground Railroad by
Colson Whitehead
https://alittlesomethings.blogspot.com/2017/08/blog-post_9.html
Ghana Must Go by Taiye Selasi
https://alittlesomethings.blogspot.com/2016/08/blog-post_59.html
Americanah by Chimamanda Ngozi Adichie
https://alittlesomethings.blogspot.com/2024/08/americanah-by-chimamanda-ngozi-adichie.html
No comments:
Post a Comment