Featured Post

Wednesday, April 30, 2025

Eve out of Her Ruins by Ananda Devi / Jeffrey Zuckerman

 ആത്മപീഡയുടെ കവചം



my mouth will be the mouth of those calamities that have no mouth”

-     Aimé Césaire

ഇന്ത്യന്‍ - ക്രിയോള്‍ പാരമ്പര്യമുള്ള മോറീഷ്യന്‍ എഴുത്തുകാരി ആനന്ദ ദേവിയുടെ കൃതികള്‍ ഇന്‍ഡോ- മോറീഷ്യന്‍ സമൂഹത്തിലെ സ്ത്രീത്വത്തിന്റെയും അന്യവല്‍ക്കരണത്തിന്റെയും പ്രശ്നങ്ങളെ കാവ്യാത്മകഭാവഗീതാത്മക ശൈലിയില്‍ ആവിഷ്കരിക്കുന്നു. പതിനഞ്ചാം വയസ്സില്‍ ആദ്യ സാഹിത്യ സമ്മാനം നേടിയ ആനന്ദ ദേവിതുടര്‍ന്നിങ്ങോട്ട്‌ ഒട്ടേറെ വിഖ്യാത പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. സാഹിത്യ ചര്‍ച്ചകളില്‍ അത്രയൊന്നും കൊണ്ടാടപ്പെട്ട ഒന്നല്ല മോറീഷ്യന്‍ സാഹിത്യമെങ്കിലും ആനന്ദാ ദേവിയുടെ സംഭാവനകളിലൂടെ ആ കുറവ്  വലിയ തോതില്‍   അഭിസംബോധന ചെയ്യപ്പെട്ടിട്ടുണ്ട്. പ്രതിഭയും ധീരമായ വീക്ഷണവും വിട്ടുവീഴ്ചയില്ലാത്ത നൈതികതയും ചേര്‍ന്ന സമ്പന്നമായ രചനാ ലോകത്തിലൂടെ അവര്‍ സ്വന്തം നാട്ടുകാരനായ മറ്റൊരു വലിയ ജീനിയസ്സിന്റെ പാത പിന്തുടര്‍ന്നു: നോബല്‍ പുരസ്കാര ജേതാവായ സാക്ഷാല്‍ ഴാങ് മറീ ഗിസ്റ്റാഫ് ലെ ക്ലെസിയോയുടെ. കാവ്യസുന്ദരമായ ഗദ്യമുപയോഗിച്ചു ദാരിദ്ര്യവും സ്ത്രീവിരുദ്ധതയും ‘വിഷലിപ്തമായ പൌരുഷവും’ (toxic masculinity) അടയാളപ്പെടുത്തുന്ന പ്രാദേശിക ജീവിതം ചിത്രീകരിക്കുന്നതിലൂടെ നതാഷ അപ്പനായെ പോലുള്ള മറ്റു മോറീഷ്യന്‍ എഴുത്തുകാര്‍ക്ക് അവര്‍ വഴികാട്ടിയുമായി. എട്ടു നോവലുകളും കുറെയേറെ ചെറുകഥാ - കവിതാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുള്ള അവരുടെ ഇംഗ്ലീഷ് ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട രണ്ടാമത് നോവലാണ്‌ Eve Out of Her Ruins.  

ബഹുസ്വരമായി ആവിഷ്കരിക്കപ്പെടുന്ന ‘ഈവ്’ ടീനേജുകാരായ നാലു പേരുടെ മാറിമാറി വരുന്ന, വ്യക്തിത്വ വൈവിധ്യം വിളിച്ചോതുന്ന സ്വഗതാഖ്യാന സ്വഭാവമുള്ള ചെറു അധ്യായങ്ങളിലൂടെയാണ് ചുരുള്‍ നിവരുന്നത്. മോറീഷ്യസിന്റെ പ്രസിദ്ധമായ ടൂറിസം പോരിമ വിളിച്ചോതുന്ന മാനുവലുകളില്‍ ഇടം പിടിക്കാത്ത കൊടിയ ദാരിദ്ര്യവും അരക്ഷിതാവസ്ഥയും മുഖമുദ്രയായപോര്‍ട്ട്‌ ലൂയിസ് എന്ന തലസ്ഥാന നഗരിയിലെ കൌമാര/ യുവകുറ്റവാളി സംഘങ്ങള്‍ കയ്യടക്കിയ ട്രോമൊരോണ്‍ ചേരികളുടെ പശ്ചാത്തലത്തില്‍ ഉണര്‍ന്നു വരുന്ന ലൈംഗിഗതയുടെയും സ്വത്വ സംഘര്‍ഷങ്ങളുടെയും മോചനമില്ലാത്ത ഇരുണ്ട സാധ്യതകളുടെ ജീവിതതാളം മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിന്റെയും അനിവാര്യ ദുരന്തങ്ങളുടെയും വ്യര്‍ത്ഥബോധത്തിന്റെയും സ്വയമെരിഞ്ഞടങ്ങുന്ന പ്രതികാരത്തിന്റെയും കഥയാണത്.  ...............

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/eve-out-of-her-ruins-by-ananda-devi-jeffrey-zuckerman


Tuesday, April 29, 2025

God Dies by the Nile by Nawal El Saadawi / Sherif Hetata

 നൊമ്പരങ്ങളുടെ പെണ്ണ്, കുപിതയായ പെണ്ണ്.




അന്താരാഷ്ട്ര പ്രശസ്തയായ എഴുത്തുകാരി, നോവലിസ്റ്റ്, സ്ത്രീ ശാക്തീകരണ പോരാളി എന്നീ നിലകളില്‍ ഇജിപ്ത്യന്‍ സാഹിത്യത്തിലെ നിറസാന്നിധ്യമാണ് 'അറബ് ലോകത്തെ സിമോന്‍ ദേ ബുവ്വേ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന വന്ദ്യ വയോധികയായ നവാല്‍ അല്‍ സഅദാവി. 1944-ല്‍ തന്‍റെ പതിമൂന്നാം വയസ്സില്‍ രചിച്ച 'സുവാദ് എന്ന പേരായ കുട്ടിയുടെ ഡയറി' മുതല്‍ കഴിഞ്ഞ ഏഴു പതിറ്റാണ്ടിലേറെ കാലമായി തുടരുന്ന സര്‍ഗ്ഗ സപര്യയില്‍ മുസ്ലിം ലോകത്തെ സ്ത്രീ വിരുദ്ധതക്കെതിരെ എന്നും ശക്തമായി നിലക്കൊണ്ടിട്ടുള്ള സഅദാവിക്ക്, താന്‍ എന്നും തുറന്നു കാണിച്ചിട്ടുള്ള അത്യാചാരാങ്ങളില്‍ ഒന്നായ പെണ്‍ ചേലാകര്‍മ്മത്തിനു ആറാം വയസ്സില്‍ തന്നെ വിധേയയായിരുന്നെങ്കിലും, താരതമ്യേന പുരോഗമന വാദിയായിരുന്ന പിതാവിന്‍റെ ശിക്ഷണം കാരണം കൈറോ യൂനിവേഴ്സിറ്റിയില്‍ നിന്ന് മെഡിക്കല്‍ ബിരുദം നേടി ഡോക്റ്ററും മനോരോഗ വിദഗ്ദയുമായി സേവനം ചെയ്യാന്‍ അവസരം കിട്ടിയത് പുരുഷാധിപത്യ ഘടനയില്‍ സ്ത്രീകള്‍ അനുഭവിച്ചു വന്ന ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ നേരില്‍ മനസ്സിലാക്കാനുള്ള ഒട്ടേറെ അവസരങ്ങള്‍ നല്‍കിയിരുന്നു. സാഹിത്യത്തിലും സാമൂഹിക പ്രവര്‍ത്തനത്തിലും അവരുടെ ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങള്‍ക്ക് ലോകപ്രശസ്തമായ യൂണിവേഴ്സിറ്റികളില്‍ നിന്നുള്ള ഓണററി ഡോക്റ്ററേറ്റുകള്‍ ഉള്‍പ്പടെ ഒട്ടേറെ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 'വിമിന്‍ ആന്‍ഡ് സെക്സ്' പോലുള്ള വിവാദ കൃതികളിലൂടെ ലോകമെമ്പാടും വായനാ സമൂഹത്തെ നേടുമ്പോഴും ഇജിപ്ത്യന്‍ സര്‍ക്കാരുമായി ഇണങ്ങിയും പിണങ്ങിയും കഴിയേണ്ടി വന്ന വിട്ടുവീഴ്ചയില്ലാത്ത എഴുത്തുകാരി തടവിലാക്കപ്പെട്ടതും പീഡിപ്പിക്കപ്പെട്ടതും സ്വാഭാവികമായിരുന്നു. 'പെണ്‍ തടവറയിലെ ഓര്‍മ്മക്കുറിപ്പുകള്‍', 'വിമിന്‍ അറ്റ് പോയിന്‍റ് സീറോ' തുടങ്ങിയ രചനകള്‍ അവരുടെ നേരനുഭവങ്ങളുടെ ചൂട് പങ്കുവെക്കുന്നവയാണ്. ഇസ്ലാമിസ്റ്റുകളുടെ ഭീഷണിയെ തുടര്‍ന്ന് പ്രവാസ വഴി തെരഞ്ഞെടുത്ത സഅദാവി വിഖ്യാതമായ അമേരിക്കന്‍ യൂണിവേഴ്സിറ്റികളില്‍ അധ്യാപികയായും സേവനമനുഷ്ടിച്ചു.

സഅദാവിയുടെ ആദ്യകാല രചനകളില്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ് "ദൈവം നൈല്‍ നദിക്കരയില്‍ മരിക്കുന്നു." നോവലിന്‍റെ ആദ്യ പ്രസിദ്ധീകരണത്തിനും മൂന്ന് പതിറ്റാണ്ടിനു ശേഷം 2006-ല്‍ പുതിയ പതിപ്പിനുള്ള മുഖവുരയില്‍ നവാല്‍ അല്‍ സവദാവി ഇങ്ങനെ കുറിച്ചു: "മുപ്പതിലേറെ കൊല്ലങ്ങള്‍ക്ക് മുമ്പെഴുതിയതാണെങ്കിലും 'ദൈവം നൈല്‍ നദിക്കരയില്‍ മരിക്കുന്നു' ഇന്നും ഇജിപ്ത്യന്‍ സ്ത്രീയുടെ അവസ്ഥ വിവരിക്കുന്നു എന്നെനിക്കു തോന്നുന്നു. ഇപ്പോഴത്തെ ഭരണം സാദാത്തിന്‍റെ ഭരണത്തെക്കാള്‍ മെച്ചമല്ല കൂടുതല്‍ മോശം പോലുമാണ്. ദാരിദ്ര്യവും അമേരിക്കന്‍ പുത്തന്‍ കൊളോണിയലിസവും മത മൗലികതയും വര്‍ദ്ധിച്ചു കൊണ്ടേയിരിക്കുന്നു. ഞാന്‍ ഇടയ്ക്കിടെ എന്‍റെ ഗ്രാമം സന്ദര്‍ശിക്കുമ്പോള്‍ അതിപ്പോഴും സാകിയയുടെ ഗ്രാമം പോലെത്തന്നെയുണ്ട്. ഒരു പക്ഷെ അതുകൊണ്ടാവാം ആളുകള്‍ ഇപ്പോഴും ഈ പുസ്തകം വായിക്കുന്നത്." (ആമുഖം, നവാല്‍ അല്‍ സഅദാവി, 'ഗോഡ് ഡൈസ് ബൈ ദി നൈല്‍ ആന്‍ഡ് അദര്‍ നോവല്‍സ്, ഇസെഡ് ബുക്സ്, ലണ്ടന്‍, 2015). ഇതൊക്കെയാണെങ്കിലും ഇപ്പോഴും അറബ് മൂലത്തില്‍ തന്‍റെ തലക്കെട്ട് അതേ പടി ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും 'ദൈവം മരിക്കുക' എന്നത് ദൈവം ചമഞ്ഞവന്‍റെ മരണം എന്ന അര്‍ത്ഥത്തില്‍ പോലും വകവെച്ചു കൊടുക്കാന്‍ പ്രസാധകര്‍ക്ക് ഭയമാണെന്നും നോവലിസ്റ്റ് ഇതേ ആമുഖത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

ആറോ ഏഴു വയസ്സുള്ളപ്പോള്‍ കേള്‍ക്കാനിടയായ ഒരു ആത്മഹത്യയുടെ കഥയാണ് നോവലിന്‍റെ ആദ്യ പ്രചോദനമെന്ന് നോവലിസ്റ്റ് ഏറ്റുപറയുന്നുണ്ട്. മേയറുടെ വീട്ടു വേലക്കാരിയായിരുന്ന പെണ്‍കുട്ടി മുങ്ങി മരിക്കുകയായിരുന്നു. പത്തു വയസ്സുള്ളപ്പോള്‍ സമാനമായ മറ്റൊരു സംഭവവും കേള്‍ക്കാനിടയായി. അതേ മേയറുടെ മറ്റൊരു വീട്ടുവേലക്കാരിയും ഗര്‍ഭിണിയുമായ പതിനാലുകാരി ഓടിപ്പോയെന്നാണ് കേട്ടത്. മേയര്‍ക്കു നേരെ വിരല്‍ ചൂണ്ടിയ ഏക വ്യക്തിയായ, പെണ്‍ കുട്ടിയെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചിരുന്ന യുവാവ് വയലില്‍ വെടിയേറ്റു മരിച്ചു. ആരുമൊന്നും പറയാതിരുന്നതിന് ഉമ്മുമ്മ നല്‍കിയ വിശദീകരണം ഇതായിരുന്നു: മേയര്‍ ഒരു ദൈവമാണ്, ആര്‍ക്കും അയാളെ ശിക്ഷിക്കാനാവില്ല. അയാള്‍ ദരിദ്രരായ കര്‍ഷകരെ നികുതിയുടെ പേരില്‍ നായാടി, കുടിയിറക്കി, അവരുടെ ഇളം യുവതികളെ ഒരു വൈകൃത ഭീകരതയോടെ വേട്ടയാടി, ചോദ്യം ചെയ്തവരെ കള്ളക്കേസുകളില്‍ ഒതുക്കി, ഒടുക്കി. ഈ മേയര്‍/ ഉമ്മുമ്മയുടെ വാക്കുകളിലെ ദൈവം തന്നെയാണ് നോവലന്ത്യത്തില്‍ സാകിയ മുത്തശ്ശിയുടെ വിധിതീര്‍പ്പിനു പാത്രമാകുന്നത്: "അയാള്‍ അതാ അവിടെയുണ്ട്, എന്‍റെ കുഞ്ഞേ. ഞാനയാളെ നൈല്‍ നദിക്കരയില്‍ മറവു ചെയ്തു."


കഫര്‍ അല്‍ തീന്‍ എന്ന സുന്ദരവും നിദ്രാലസ്യമുള്ളതുമായ ഇജിപ്ത്യന്‍ ഗ്രാമത്തിലെ നിരക്ഷരരും ദരിദ്രരുമായ കര്‍ഷകരും മതകാര്യങ്ങളില്‍ അന്ധ വിശ്വാസത്തിന്‍റെയും അജ്ഞതയുടെയും പരിമിതികള്‍ ഉള്ളവരുമായ പാവം ജനങ്ങളും അവരുടെ ദൗര്‍ബല്യങ്ങള്‍ ആവോളം ആസ്വദിച്ചും മുതലെടുത്തും കഴിയുന്ന അങ്ങേയറ്റം അഴിമതി പുരണ്ട അധികാര കേന്ദ്രമായ മേയറും അയാളെ പ്രീണിപ്പിച്ച് അയാളുടെ സ്ത്രീലമ്പടത്വത്തിന് കൂട്ട് നില്‍ക്കുന്ന ഗ്രാമ മുഖ്യരുമാണ് നോവലിലെ കഥാപാത്രങ്ങള്‍. സാകിയ മുത്തശ്ശിയുടെ സുന്ദരികളായ പേരക്കുട്ടികള്‍ സൈനബ്, അനിയത്തി നഫീസ എന്നിവരുടെ മേല്‍ മേയറുടെ കണ്ണ് പതിയുന്നതാണ് നോവലിന്‍റെ പ്രമേയങ്ങളെ അധികം സങ്കീര്‍ണ്ണതകള്‍ ഒന്നുമില്ലാതെത്തന്നെ അവതരിപ്പിക്കാനുള്ള തുടക്കമാവുന്നത്. മന്ദബുദ്ധിയെങ്കിലും മിസ്റിലെ അധികാരശ്രേണിയില്‍ തന്നെക്കാള്‍ വലിയ പദവികളിലെത്തിയ സഹോദരനോടുള്ള അസൂയ മേയറുടെ സ്വഭാവ ദൂഷ്യങ്ങള്‍ക്ക് വളമാകുന്നുണ്ടോ എന്ന് സംശയിക്കാം. പള്ളിയിലെ മുതവല്ലി മാത്രമല്ല ചര്‍ച്ചിലെ ഷെയ്ഖും അയാളുടെ നീക്കങ്ങള്‍ക്ക് കൂട്ടാണ്. നഫീസയെ വരുതിയിലാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് അയാള്‍ സാകിയയുടെ സഹോദരനായ പാവം വയോധികന്‍ കുഫ്രാവിയെ കള്ളക്കേസില്‍ കുടുക്കി ജയിലിലാക്കുന്നത്. അതേ മനോഭാവത്തോടെ അയാള്‍ നടത്തുന്ന മറ്റൊരു കരുനീക്കത്തിന്‍റെ ഭാഗമായാണ് വിമുക്ത ഭടനായിട്ടും ജലാലിനും അതേ ഗതി വരുന്നത്. സാകിയയുടെ മാനോവിഭ്രാന്തിയുടെ കാരണവും സ്ത്രീ ജീവിതം നേരിടുന്ന അറ്റമില്ലാത്ത ദുരന്തങ്ങളില്‍ പെട്ട് പോകുന്നത് തന്നെയാണ്. എന്നാല്‍ നഫീസയുടെ കുഞ്ഞിന്‍റെ പിതാവ് എല്‍വായാണെന്നും അതുകൊണ്ടാണ് അഭിമാനക്കൊലയായി കുഫ്രാവി അയാളെ കൊന്നു കളഞ്ഞതെന്നുമുള്ള മേയറുടെ തിരക്കഥയുടെ അപ്പുറം സാകിയ മുത്തശ്ശി ഉന്മാദത്തിന്‍റെ അകക്കണ്ണിലൂടെ അറിയുന്നുണ്ട്. സൈനബിനു സംഭവിക്കുന്ന ദുരന്തത്തിനും അയാള്‍ തന്നെയാണ് കാരണമെന്നും അവര്‍ തിരിച്ചറിയുന്നു. മുമ്പ് തന്‍റെ അസുഖം ഭേദമാക്കാനായി പുണ്യ നഗരി സിയാറത്തിനു അയച്ച ഘട്ടത്തില്‍ ദൈവ ശബ്ദമായി തന്നില്‍ എത്തിയ മേയറുടെ നാടകങ്ങള്‍ ഇനിയും തുടര്‍ന്ന് കൂടാ എന്ന ഘട്ടത്തിലാണ്, തെളിഞ്ഞ മനസ്സോടെ, ഉന്മാദ ലേശമില്ലാതെ സാകിയ ആ അടക്കം സാധിച്ചെടുക്കുന്നത്.


നഫീസയുടെ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ സ്വന്തം കുഞ്ഞായി വളര്‍ത്തുകയും 'അപശകുനങ്ങളുടെ നിമിത്തമായ ഹറാംപിറപ്പിനെ' സംരക്ഷിക്കുന്നതിലൂടെ നാടിനു ദുര്യോഗങ്ങള്‍ വരുത്തി വെക്കുകയും ചെയ്തതിനു രതിമൂര്‍ച്ചയോടെ ആണ്‍ കൂട്ടം വേട്ടയാടുകയും കുഞ്ഞിനോടൊപ്പം കൊല്ലപ്പെടുകയും നൈല്‍ തീരത്ത് അടക്കപ്പെടുകയും ചെയ്യുന്ന ഫതഹിയ, മനസ്സറിയാത്ത ആരോപണത്തില്‍ ജയിലിലായ ഭര്‍ത്താവ് ജലാലിനെ തേടി പട്ടണത്തിലെത്തുകയും ചതിവില്‍ പെട്ട് അജ്ഞാത വിധിയിലേക്ക് പോവുകയും ചെയ്യുന്ന സൈനബ്, തന്‍റെ നാണക്കേടിന്‍റെ ഓര്‍മ്മകളുമായി നൈലിന്‍റെ അഗാധതകളില്‍ മറയുന്ന നഫീസ എന്ന് തുടങ്ങി എല്ലാ സ്ത്രീകഥാപാത്രങ്ങളും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ആണ്‍ ലോകത്തിന്‍റെ വേട്ടയാടലിന്‍റെ ദുരന്ത പാത്രങ്ങള്‍ തന്നെ. യഥാര്‍ഥത്തില്‍ നോവലിലെങ്ങും ലിംഗ പരമായ അസമത്വത്തിന്‍റെ പ്രശ്നം ഏതാണ്ട് ഏകപക്ഷീയമാം വിധം കറുപ്പിലും വെളുപ്പിലുമാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. സ്ത്രീകഥാപാത്രങ്ങളെല്ലാം ദുഷിച്ചു പോയ മത നേതൃത്വത്തിന്‍റെയും അധികാര സ്ഥാനീയരുടെയും കുടിലതകളുടെ ഇരകളാണ്. വ്യത്യസ്ത വീക്ഷണങ്ങളിലൂടെയുള്ള ആഖ്യാനത്തില്‍ പുരുഷ വീക്ഷണത്തില്‍ സ്ത്രീകളെ പ്രകടമായും ഭോഗവസ്തുവെന്ന നിലയിലുള്ള ഭാഷാപ്രയോഗങ്ങളില്‍ തന്നെയാണ് അവതരിപ്പിക്കുന്നത്. എല്ലായിപ്പോഴും മത വിലക്കുകളാണ് അവരുടെ വേഷത്തെയും സമൂഹത്തിലെ സ്ഥാനത്തെയും അടയാളപ്പെടുത്തുന്നതെങ്കിലും ഒളിഞ്ഞു നോട്ടത്തിന്‍റെ സുഖത്തോടെയാണ് പുരുഷ ലോകം അവരുടെ ഉടലളവുകളെ അവസരത്തിലും അനവസരത്തിലും വിവരിക്കുന്നത്. ഇരപിടിയന്മാരുടെ മുഖമാണ് ഒട്ടുമിക്ക പുരുഷ കഥാപാത്രങ്ങള്‍ക്കുമുള്ളത്. സദാചാരം പുലരേണ്ടത് സ്ത്രീകളിലാണെന്ന കാപട്യം അടയാളപ്പെടുത്തുന്നതാണ് അവരുടെ പെണ്‍ സമീപനങ്ങള്‍. "ആണുങ്ങള്‍ എപ്പോഴും വഴിതെറ്റി നടക്കുന്നവരാണ്. പക്ഷെ ഇപ്പോള്‍ സ്ത്രീകളും ചാരിത്ര്യം കളഞ്ഞു കുളിക്കുകയാണ്." സാഹിത്യപരമായ മൂല്യ വിചാരത്തില്‍ അത്ര മികച്ചതായി കണക്കാക്കാനാവാത്ത ഈ ദ്വിമാന നിലപാട് പുസ്തകം എഴുതപ്പെട്ട കാലത്തിന്‍റെ സ്ത്രീ വിമോചക സങ്കല്‍പ്പങ്ങളുമായി ഒത്തുപോവുന്നതാണ്. സഅദാവിയുടെ 'വിമിന്‍ ആന്‍ഡ് സെക്സ്' രണ്ടാം തലമുറ ഫെമിനിസ്റ്റ് കാഴ്ചപ്പാടിന് ഏറെ ഊര്‍ജ്ജം പകര്‍ന്നതായിരുന്നു എന്നത് ഇതോടു ചേര്‍ത്തു വെക്കാം. ബോധപൂര്‍വ്വമായ സ്ത്രീ പക്ഷ നിലപാടുകളുടെ ആഘോഷം ഈ ഘട്ടത്തിന്‍റെ പ്രത്യേകതയായിരുന്നു. 'കുപിതയായ ഫെമിനിസ്റ്റ്' എന്ന പ്രയോഗം ആ കാലവുമായി ചേര്‍ത്തു ഉപയോഗിക്കപ്പെട്ടു.


ഇതൊക്കെയാണെങ്കിലും സഅദാവിയുടെ രചനകളെ പൊതുവിലും 'ദൈവം നൈല്‍ നദിക്കരയില്‍ മരിക്കുന്നു' എന്ന കൃതിയെ വിശേഷിച്ചും വെറും ഫെമിനിസ്റ്റ് രചന എന്ന കള്ളിയില്‍ ഒതുക്കാന്‍ ശ്രമിക്കുന്നത് സാഹിത്യപരമായ വിവേചനമില്ലായ്മയായിരിക്കും. അത് തീര്‍ച്ചയായും ഒരു സ്ത്രീപക്ഷ രചനയാണ്, എന്നാല്‍ അതിനപ്പുറം അധികാരവും മൗലിക വാദവും ദാരിദ്ര്യം ഉത്പാദിപ്പിക്കുന്ന വിശ്വാസ ദൗര്‍ബല്യങ്ങളും വേട്ടയാടുന്ന നിസ്സഹായാരായ മനുഷ്യരുടെയും കഥ കൂടിയാണ്. സഅദാവിയുടെ ആഖ്യാന മികവു വിളിച്ചോതുന്ന ഒട്ടേറെ സന്ദര്‍ഭങ്ങള്‍ നോവലിലുണ്ട്. ഏറ്റവും സങ്കീര്‍ണ്ണവും സംഘര്‍ഷ ഭരിതവുമായ ഘട്ടങ്ങളില്‍ പൊടുന്നനെ ഭ്രമാത്മകതയുടെയും സ്വപ്നാനുഭവ സദൃശമായ ഭാവപ്പകര്‍ച്ചകളുടെയും തലങ്ങളിലേക്ക് അനായാസം കൂട് മാറുന്നത് ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ അത്തരം മുഹൂര്‍ത്തങ്ങള്‍ അതി തീക്ഷണമായി അവതരിപ്പിക്കാന്‍ നോവലിസ്റ്റിനെ സഹായിക്കുന്നു. പുതിയ കാലത്ത് ഏകാ കുര്‍നിയാവനെ പോലുള്ള ഇളംമുറക്കാരില്‍ കാണാവുന്ന ഈ ചടുലത അറബ് സാഹിത്യത്തിലെ ഈ ആചാര്യ സ്ഥാനീയയുടെ കൃതിയെ സമ്പന്നമാക്കുന്നു. നോവലിന്‍റെ അന്ത്യം വിശേഷിച്ചും ഏകാ കുര്‍നിയാവന്‍റെ 'മാന്‍ ടൈഗര്‍' എന്ന കൃതിയെ മനസ്സില്‍ കൊണ്ട് വരുന്നുണ്ട്.

(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 181-185)

To purchase, contact ph.no:  8086126024

read more :

Woman at Point Zero by Nawal El Saadawi

https://alittlesomethings.blogspot.com/2024/08/woman-at-point-zero-by-nawal-el-saadawi.html

The Golden Chariot by Salwa Bakr

https://alittlesomethings.blogspot.com/2024/09/the-golden-chariot-by-salwa-bakr.html 

The Joys of Motherhood by Buchi Emecheta

https://alittlesomethings.blogspot.com/2024/08/the-joys-of-motherhood-by-buchi-emecheta.html

Woman at Point Zero by Nawal El Saadawi / Sherif Hetata

നഷ്ടപ്പെടാനില്ലാത്തവള്‍ കരയുന്നില്ല



കൈറോക്ക് വടക്ക് കഫര്‍ തഹല ഗ്രാമത്തില്‍ ദരിദ്ര കര്‍ഷക കുടുംബാംഗവും സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായിരുന്ന പിതാവിന്റെയും ഫ്രഞ്ച് സ്കൂളില്‍ പഠിച്ച ബൂര്‍ഷ്വാ കുടുംബാംഗമായിരുന്നകുതിരയോടിക്കാനും പിയാനോ വായിക്കാനും ആഗ്രഹിച്ച ഉമ്മയുടെയും ഒമ്പത് മക്കളില്‍ രണ്ടാമത്തവള്‍ ആയി ജനിച്ച നവാല്‍ അല്‍ സഅദാവി, പെണ്‍കുട്ടിയെന്ന ‘പരിമിതി’യാണ് തന്നെ മുന്നോട്ടു കുതിക്കാന്‍ പ്രേരിപ്പിച്ചത് എന്ന് ഏറ്റുപറഞ്ഞിട്ടുണ്ട്. ആണ്‍കുട്ടിയെന്ന നിലയില്‍ ചേട്ടനെ പഠിപ്പിക്കാനായിരുന്നു മാതാപിതാക്കള്‍ക്ക് താല്‍പ്പര്യമെങ്കിലും പുന്നാരിച്ചു വഷളാക്കിയ സഹോദരന്‍ പഠനത്തില്‍ പരാജയമായിരുന്നു. പത്താം വയസ്സില്‍ വിവാഹം ചെയ്തയക്കാനുള്ള പിതാവിന്റെ തീരുമാനത്തിനെതിരെ പൊരുതിത്തുടങ്ങുമ്പോള്‍ ഉമ്മയുടെ ഉറച്ച പിന്തുണ കിട്ടാനുള്ള അപൂര്‍വ്വ ഭാഗ്യമുണ്ടായതാണ് പഠനത്തില്‍ മിടുക്കിയായിരുന്ന നവാലിന് ജീവിതത്തില്‍ വഴിത്തിരിവായത്‌. നര്‍ത്തകിയാകാനാഗ്രഹിച്ച, സംഗീതം ഇഷ്ടപ്പെട്ട സുന്ദരിയായ പെണ്‍കുട്ടിക്ക് ആ സ്വപ്നം കയ്യൊഴിയെണ്ടിവന്നത് പിയാനോ വാങ്ങാനുള്ള സാമ്പത്തിക സ്ഥിതി പിതാവിന് ഇല്ലാതിരുന്നത് കൊണ്ടാണ്. ഡോക്റ്റര്‍ ആകാനോ തീരെ താല്പര്യം ഇല്ലായിരുന്നെങ്കിലും, സ്കോളര്‍ഷിപ്പോടെ മെഡിക്കല്‍ പ്രവേശനം കിട്ടിയ സമര്‍ത്ഥയായ വിദ്യാര്‍ഥിനിക്ക് അത് ഒഴിവാക്കാനും കഴിയുമായിരുന്നില്ല. കൈറോ യൂനിവേഴ്സിറ്റിയില്‍ നിന്ന് 1955 -ല്‍ സൈക്കയാട്രിയില്‍ ബിരുദം നേടി കഫര്‍ തഹലയില്‍ തിരിച്ചെത്തിയ നവാല്‍, 1963-ല്‍ പബ്ലിക്ക് ഹെല്‍ത്ത് എജുക്കേഷന്‍ ജനറല്‍ ഡയറക്റ്റര്‍ ആയി നിയമിതയായി. രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ അവരുടെ ജീവിതത്തില്‍ തിരിച്ചടികള്‍ ആരംഭിച്ചിരുന്നു ഇക്കാലത്ത്. 1972-ല്‍ ‘സ്ത്രീകളും ലൈംഗികതയും’ എന്ന പുസ്തക പരമ്പരയില്‍ ആദ്യ പുസ്തകം പ്രസിദ്ധീകരിച്ച് പെണ്‍ചേലാകര്‍മ്മം പോലുള്ള ഹീനമായ സ്ത്രീവിരുദ്ധതക്കെതിരെ ആഞ്ഞടിക്കാന്‍ തുടങ്ങിയതോടെ ആ എതിര്‍പ്പുകള്‍ ശക്തമായി. വൈകാതെ ജോലി നഷ്ടമായ അവര്‍ക്ക് മൂന്നു വര്‍ഷമായി നടത്തിവന്ന ‘അല്‍ സിഹ്ഹ’ മാസിക നിര്‍ത്തേണ്ടിയും വന്നു. പിതാവിന്റെ ഇഷ്ടത്തിനു വിരുദ്ധമായി നടത്തിയ ആദ്യവിവാഹത്തില്‍ മെഡിക്കല്‍ കോളേജിലെ സഹപ്രവര്‍ത്തകന്‍ ആയിരുന്ന ആദ്യഭര്‍ത്താവ് ബ്രിട്ടീഷ് വിരുദ്ധ കലാപത്തില്‍ പങ്കെടുത്ത ഒളിപ്പോരാളിയായിരുന്നെങ്കിലും യുദ്ധാനന്തരം മയക്കുമരുന്നിനു അടിമയാകുകയും ഗാര്‍ഹിക പീഡനം പതിവാക്കുകയും ചെയ്തതോടെ നവാലിനു അയാളെ ഉപേക്ഷിക്കേണ്ടി വന്നു. ആ ബന്ധത്തിലാണ് മകള്‍ മോനാ ഹെല്‍മി പിറന്നത്‌. ഒരു നിയമജ്ഞനുമായുള്ള രണ്ടാം വിവാഹം അലസിപ്പോയതിനെ കുറിച്ച് “ഞാന്‍ ശരിക്കും ഒരു ഭാര്യയുടെ വേഷത്തിന് പറ്റിയ ആളല്ല” എന്നു അല്‍ സഅദാവി പറഞ്ഞിട്ടുണ്ട്. ശരീഫ് ഹതാതയുമായുള്ള മൂന്നാം വിവാഹത്തിലാണ് ഏക മകന്‍ ആതെഫ് ഹതാത പിറന്നത്‌. ലോകത്തിലെ ഏക ‘ഫെമിനിസ്റ്റ് പുരുഷന്‍’ എന്ന് പോലും അല്‍ സഅദാവി വിശ്വസിച്ച, നാല്‍പ്പത്തിമൂന്നു വര്‍ഷക്കാലത്തെ ജീവിത പങ്കാളിയും ഇതര ബന്ധങ്ങളിലൂടെ തന്നെ വഞ്ചിക്കുകയായിരുന്നു എന്ന ബോധ്യമാണ് ആ ബന്ധം അവസാനിപ്പിക്കാന്‍ അവര്‍ക്ക് കാരണമായത്‌. “ഓ, പുരുഷ ദായക്രമത്തിന്റെ സങ്കീര്‍ണ്ണത. അദ്ദേഹം ലിംഗ സമത്വത്തെ കുറിച്ച് പുസ്തകങ്ങള്‍ എഴുതി, എന്നിട്ട് സ്വന്തം ഭാര്യയെ വഞ്ചിച്ചു. തൊണ്ണൂറ്റിയഞ്ചു ശതമാനം പുരുഷന്മാരും അങ്ങനെയാണ്, എനിക്കുറപ്പുണ്ട്.” ഇജിപ്തില്‍ ഒരു വിവാഹമോചിതയായിക്കഴിയുക ഒരു സാധാരണ സ്ത്രീക്ക് വളരെ പ്രയാസകരമാണെങ്കിലും “പക്ഷെ ഞാന്‍ വളരെ അസാധാരണക്കാരിയാണ്” എന്ന് അവര്‍ കളി പറഞ്ഞിട്ടുണ്ട്.

അല്‍ സഅദാവി രചനാലോകത്തേക്ക്

1973-ലാണ് ‘വുമന്‍ അറ്റ്‌ പോയിന്റ് സീറോ പ്രസിദ്ധീകരിക്കുന്നത്. 1977-ല്‍ ദി ഹിഡന്‍ ഫെയ്സ് ഓഫ് ഈവ്: വുമിന്‍ ഇന്‍ ദി അറബ് വേള്‍ഡ് എന്ന ആദ്യ നോണ്‍ ഫിക്ഷ ന്‍ കൃതിയും. 1973 മുതല്‍ ’76 വരെ ഐന്‍ ഷംസ് യൂണിവേഴ്സിറ്റി മെഡിസിന്‍ വിഭാഗത്തില്‍ സ്ത്രീകള്‍ക്കിടയിലെ മനോരോഗത്തെ കുറിച്ച് റിസേര്‍ച്ച് നടത്തിയതും ’79- ’80 കാലത്ത് യു. എന്‍. ഉപദേശകയെന്ന നിലയില്‍ ആഫ്രിക്കയിലും മിഡില്‍ ഈസ്റ്റിലും പ്രവര്‍ത്തിച്ചതും ഈ പ്രദേശങ്ങളിലെ സ്ത്രീജീവിതങ്ങളുടെ സവിശേഷമായ പീഡിതാവസ്ഥകള്‍ നേരിട്ടറിയാന്‍ അല്‍ സഅദാവിയെ സഹായിച്ച അനുഭവങ്ങളാണ്. 1980-ല്‍ ഇജിപ്ത്യന്‍ സ്ത്രീകളുടെ സാമൂഹികവും ബൌദ്ധികവുമായ സ്വാതന്ത്ര്യത്തിനു വേണ്ടി നടത്തിവന്ന പോരാട്ടങ്ങളുടെ തിക്തഫലമായി സാദാത് ഭരണം അവരെ തടവിലാക്കി. തടവറയില്‍, സാദാത് തങ്ങളെ കൊന്നുകളഞ്ഞേക്കുമെന്ന ഭീതിപൂണ്ടു വിലപിച്ചുകൊണ്ടിരുന്ന മറ്റുള്ളവര്‍ക്കിടയില്‍, സഹതടവുകാരിയായ ഒരു ലൈംഗികത്തൊഴിലാളി രഹസ്യമായി നല്‍കിയ ഐ പെന്‍സില്‍ ഉപയോഗിച്ചു ടോയിലെറ്റ് പേപ്പറില്‍ തന്റെ ആത്മകഥ രചിച്ചു തുടങ്ങുകയായിരുന്നു പോരാളിയായ അല്‍ സഅദാവി. 1981 ഒക്റ്റോബര്‍ ആറിന് സാദത്ത്‌ കൊല്ലപ്പെടുമ്പോള്‍ അതത്ര അപ്രതീക്ഷിതമായിരുന്നില്ല, തടവറയിലേക്ക് ഒളിപ്പിച്ചു കടത്തിയ ട്രാന്‍സിസ്റ്ററിലൂടെ വാര്‍ത്തകള്‍ അറിഞ്ഞു കൊണ്ടിരുന്ന അല്‍ സഅദാവിക്കും കൂട്ടര്‍ക്കും. പുതിയ പ്രസിഡന്‍റ് ഹൊസ്നി മുബാറക് ഔദാര്യപൂര്‍വ്വം വിട്ടയക്കുമ്പോള്‍ അകാരണമായി തടവിലാക്കിയത്തിനു നഷ്ടപരിഹാരം ആവശ്യപ്പെട്ടു കേസ് നടത്തുകയും അത് വിജയിക്കുകയും ചെയ്ത അനുഭവവും അവര്‍ക്കുണ്ട്; വിധിയായ ദശലക്ഷക്കണക്കിനു ഡോളര്‍ നഷ്ടപരിഹാരം ഒരിക്കലും ലഭിക്കുകയുണ്ടായില്ലെങ്കിലും. തുടര്‍ന്നുള്ള അവരുടെ ജീവിതം അറബ് സ്ത്രീകളുടെ ഉന്നമനത്തിനായി സ്ഥാപിച്ച പ്രസ്ഥാനത്തിലും (അറബ് വിമിന്‍സ് സോളിഡാരിറ്റി അസോസിയേഷന്‍) എഴുത്തുകാരി, ജേണലിസ്റ്റ്, ആഗോള തലത്തില്‍ സ്ത്രീപക്ഷ പ്രഭാഷക എന്നീ നിലകളിലുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകിയുമാണ് മുന്നോട്ടു പോയത്. മുബാറകിന്റെ കാലത്ത് പ്രഖ്യാപിത തടങ്കല്‍ ഉണ്ടായില്ലെങ്കിലും കനത്ത സെന്‍സര്‍ഷിപ്പും വധഭീഷണിയും നേരിടേണ്ടി വന്ന അല്‍ സഅദാവി ഭര്‍ത്താവിന്റെ നിര്‍ദ്ദേശപ്രകാരം നാടുവിടുകയായിരുന്നു. യു. എസ്സിലും യൂറോപ്പിലും യൂണിവേഴ്സിറ്റികളില്‍ അധ്യാപനം നടത്തിയ വര്‍ഷങ്ങള്‍ക്കു ശേഷം, 1996-ല്‍ തിരികെയെത്തിയ അല്‍ സഅദാവി, മുബാറക് ഭരണത്തിനു നേരെയും പോരാട്ടം തുടര്‍ന്നു.

 

ചുറ്റുപാടിലെ പെണ്‍ ലോക സാക്ഷ്യങ്ങള്‍

നവാല്‍ അല്‍ സഅദാവിയുടെ വ്യതിരിക്ത ശബ്ദം ഇജിപ്ത്യന്‍ സാഹിത്യത്തില്‍ ശക്തമായി പ്രഘോഷണം ചെയ്ത ആദ്യ കൃതിയായിരുന്നു വുമന്‍ അറ്റ്‌ പോയിന്റ് സീറോ. കൈറോയിലെ തടവറകളില്‍ കഴിയുന്ന സ്ത്രീകളുടെ മാനസിക പ്രശ്നങ്ങളില്‍ ഇടപെടുന്ന മനോരോഗ വിദഗ്ദയെന്ന നിലയില്‍ ഖനാതിര്‍ പെണ്‍തടവറയില്‍ പരിചയപ്പെടാനിടയായ വിചിത്ര സ്വഭാവിയായ ഫിര്‍ദൌസിന്റെ കഥയുടെ ആവിഷ്കാരമാണ് ഈ നോവല്‍. ബാഹ്യതലത്തില്‍ ശാന്തപ്രകൃതിയും ക്ഷമാ ശീലയുമായ ഫിര്‍ദൌസ് ഒരു കൊലപാതകിയാവുക എന്നത് ജയില്‍ ഡോക്റ്റര്‍ക്ക് അചിന്ത്യമായി തോന്നുന്നുണ്ട്. തന്റെ പിമ്പിനെ കൊന്നുകളഞ്ഞതിനു മരണ ദണ്ഡന കാത്തു കഴിയുന്ന മുന്‍ ലൈംഗികത്തൊഴിലാളിക്ക് പക്ഷെ തന്റെ പ്രവര്‍ത്തിയില്‍ ലജ്ജാലേശമില്ല. അവരുടെ കഥ തുറന്നു പറയിക്കാനുള്ള നവാലിന്റെ ശ്രമങ്ങള്‍ ആദ്യമൊക്കെ തുടര്‍ച്ചയായി പരാജയപ്പെടുകയാണെങ്കിലും, വധശിക്ഷ നടപ്പിലാക്കുന്നതിന്റെ തൊട്ടു തലേദിവസം അവര്‍ മനോരോഗ ച്കിത്സക/ എഴുത്തുകാരിയെ കാണാനും ഉള്ളു തുറക്കാനും തയ്യാറാകുന്നു. തന്റെ കുറ്റം ഏറ്റു പറയാന്‍ ഒരു മടിയുമില്ലാത്ത ഫിര്‍ദൌസ്, തുടര്‍ന്ന് പറയുന്ന കഥയില്‍ ഇജിപ്ത്യന്‍ സ്ത്രീത്വത്തിന്റെ ദുരനുഭവങ്ങള്‍ ഒന്നൊന്നായി ചുരുള്‍ നിവരുന്നു. പിറന്നു വീഴുന്ന അന്ന് മുതല്‍ കുടുംബം, ചുറ്റുപാടുകള്‍, പാരമ്പര്യം, വിശ്വാസങ്ങള്‍, ആചാരങ്ങള്‍, ബാല്യം, കൌമാരം, യൌവ്വനം, വാര്‍ദ്ധക്യം എന്നീ ഇടങ്ങളിലും സന്ദര്‍ഭങ്ങളിലും എല്ലാം അവള്‍ നേരിടേണ്ടി വരുന്ന അവഗണന, അവമതി, പീഡനം, ഉപേക്ഷ, നാനാ വിധത്തിലുള്ള ചൂഷണം, അപമാനവീകരണം എന്നതൊക്കെ തീക്ഷ്ണമായ ജീവിതാനുഭാവങ്ങളായി ഫിര്‍ദൌസിന്റെ കഥയില്‍ ആവിഷ്കരിക്കപ്പെടുന്നു. വ്യക്തി എന്ന നിലയില്‍ സ്വയം സ്ഥാപിക്കുക എന്നത് ഒരു സ്ത്രീയെ സംബന്ധിച്ച് പോരാട്ടത്തിലേക്കും ഒരു വേള സ്വയം നശീകരനത്തിലേക്കും കൊലയിലേക്ക് തന്നെയും നയിക്കുന്ന വിപര്യയമാണ് നോവലിന്റെ ഇതിവൃത്തം.

ഫിര്‍ദൌസിന്റെ കഥ

നാട്ടുമ്പുറത്തു ദരിദ്ര കുടുംബത്തില്‍ ജനിച്ച ഫിര്‍ദൌസിന്റെ ഓര്‍മ്മകളില്‍ ഉമ്മയെയും മകളെയും കണ്ണില്‍ ചോരയില്ലാതെ ഗാര്‍ഹിക പീഡനത്തിനിരയാക്കുമായിരുന്ന ഉപ്പയും ലൈംഗിക ചോദനയുടെ ആദ്യാനുഭവങ്ങള്‍ പകര്‍ന്നു നല്‍കിയ മുഹമ്മദേയ്ന്‍ എന്ന കളിക്കൂട്ടുകാരനുമുണ്ട്. പെണ്‍ചേലാകര്‍മ്മമെന്ന കാടത്തത്തിന് വിധേയയായ ശേഷം ആസ്വാദ്യകരമായിരുന്ന ആ രതി ചോദനകള്‍ അനുഭവപ്പെടാതെ പോകുന്നത് അവളറിയുന്നു. മാതാപിതാക്കളുടെ മരണ ശേഷം കൈറോയില്‍ അമ്മാവന്റെ വീട്ടിലെത്തുന്ന ഫിര്‍ദൌസിനു സ്കൂളില്‍ പോകാന്‍ അവസരം ലഭിക്കുന്നത് അവള്‍ ആസ്വദിച്ചു. അമ്മാവനോടൊപ്പം ഒരേ കട്ടിലില്‍ ഉറങ്ങുമായിരുന്ന ഫിര്‍ദൌസിനു അയാള്‍ വിവാഹിതയാകുന്നതോടെ ബോര്‍ഡിംഗ് സ്കൂളില്‍ എത്തേണ്ടി വന്നു. പഠനത്തില്‍ ശ്രദ്ധയൂന്നിയ മിടുക്കിയായ വിദ്യാര്‍ഥിനി, മിസ്‌ ഇഖ്ബാല്‍ എന്ന അധ്യാപികയുമായി അടുത്ത ചങ്ങാത്തത്തില്‍ ആകുന്നതു കൂട്ടുകാരികള്‍ പ്രണയമായി വ്യാഖ്യാനിക്കുന്നുണ്ട്. മികച്ച വിജയത്തോടെ ബിരുദം നേടിയതിനു ശേഷം അമ്മാവന്റെ വീട്ടിലെത്തുന്ന ഫിര്‍ദൌസ്, അറുപതു പിന്നിട്ട, മുഖത്തു പഴുത്തൊലിക്കുന്ന വ്രണമുള്ള ഷെയ്ഖ് മഹമൂദിനു തന്നെ വിവാഹം ചെയ്തു കൊടുക്കാനുള്ള അമ്മാവന്റെയും അമ്മായിയുടെയും ആലോചനയെ കുറിച്ച് അറിയാന്‍ ഇടവരുന്നതോടെ തന്റെ ആദ്യത്തെ ഓടിപ്പോക്ക് നടത്തുന്നു. എന്നാല്‍ തെരുവില്‍ തന്നെ പിന്തുടരുന്ന കണ്ണുകളില്‍ നിന്ന് ഭയന്നോടി തിരികെ വീട്ടിലേക്കും വെറുക്കപ്പെട്ട വിവാഹത്തിലേക്കും അവള്‍ക്ക് മടങ്ങാതെ വയ്യ. നോവലില്‍ പെണ്‍ ജീവിതത്തെ വിടാതെ പിടികൂടുന്ന ദുരൂഹഭയത്തിന്റെ വേട്ടയാടലായി ഈ കണ്ണുകള്‍ പേര്‍ത്തും പേര്‍ത്തും അടയാളപ്പെടുത്തപ്പെടുന്നുണ്ട്. ഗാര്‍ഹിക പീഡനം അവിടെയും തുടര്‍ക്കഥയാകുന്നതോടെ ഫിര്‍ദൌസിന്റെ ജീവിതം പിന്നെയും പലായനത്തിന്റെയും അപരിചിതരില്‍ അഭയം തേടുന്നതിന്റെയും അനിശ്ചിതത്വത്തിലേക്ക് തെന്നി വീഴുന്നു. ബയൂമിയുടെ തടവറയില്‍ അയാള്‍ക്കും കൂട്ടുകാര്‍ക്കും ലൈംഗിക അടിമയാകേണ്ടി വരുന്നതിനെ തുടര്‍ന്ന് ഓടിപ്പോകുന്ന ഘട്ടത്തില്‍ നൈല്‍ നദിക്കരയില്‍ പരിചയപ്പെടുന്ന ശരീഫ എന്ന തഴക്കം ചെന്ന അഭിസാരിക സഹായത്തിനെത്തുന്നതുമാണ് ഫിര്‍ദൌസിന്റെ ജീവിതത്തില്‍ വഴിത്തിരിവാകുന്നത്. കണ്ടവനൊക്കെ കേറി മേയാവുന്ന തുറസ്സാവുന്നതിനു പകരം തന്റെ ശരീരത്തിന് മികച്ച വില വാങ്ങുന്ന ഒരു കുലീന വേശ്യയാവുകയെന്ന പുതിയ മന്ത്രം അവരാണ് ഫിര്‍ദൌസിനു ഉപദേശിക്കുക. എന്നാല്‍ ശരീഫയും തന്നെ വിറ്റു കാശാക്കുകയാണ് എന്ന തിരിച്ചറിവിലാണ് ഫിര്‍ദൌസ് അക്ഷരാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കുക. ഒരു നാള്‍, തന്റെ കക്ഷിയായ ദിയാ, വലിയ വീടും കാറുമൊക്കെ സ്വന്തമാക്കുമ്പോഴും താനൊരു മാന്യസ്ത്രീ ആവുന്നില്ലെന്നു മുഖത്തടിച്ചു പറയുന്നത് വീണ്ടും അവളെ തകര്‍ത്ത് കളയുന്നുണ്ട്. എല്ലാമുപേക്ഷിച്ചു ഒരു ചാളയിലേക്ക് താമസം മാറുകയും, തന്റെ കൈവശം അപ്പോഴും ഉള്ള സെക്കണ്ടറി സര്‍ട്ടിഫിക്കേറ്റിന്റെ പിന്‍ബലത്തില്‍ ഒരു ഓഫീസ് അസിസ്റ്റന്‍റ് ജോലി നേടുകയും ചെയ്യുന്ന ഫിര്‍ദൌസ്, അത്തരം ജോലികള്‍ ചെയ്യുന്ന സ്ത്രീകള്‍ നേരിടുന്ന ലൈംഗികം ഉള്‍പ്പടെയുള്ള അടിമത്തവും ദാസ്യവും തിരിച്ചറിയുമ്പോള്‍, ഭാര്യയുടെയും അംഗീകൃത സ്ത്രീത്വത്തിന്റെയും ഇടങ്ങളെക്കാളേറെ സ്ത്രീക്ക് സ്വാതന്ത്ര്യം നല്‍കുന്നത് ലൈംഗികത്തൊഴില്‍ ആണെന്ന നിരീക്ഷണത്തിലേക്ക് നീങ്ങുന്നു. പ്രണയാഭ്യര്‍ത്ഥനയുമായി ഒരിക്കല്‍ കൂടി മോഹിപ്പിച്ച ഇബ്രാഹിം, ബോസിന്റെ മകളെ വിവാഹം കഴിക്കുമ്പോള്‍ പണം നല്‍കാതെ തന്നെ പ്രാപിക്കാനുള്ള തന്ത്രം മാത്രമായിരുന്നു അയാളുടെ നാട്യമെന്നു അവള്‍ തിരിച്ചറിയുന്നു. തുടര്‍ന്ന് കമ്പനി വിട്ടു ഒരു വിലകൂടിയ ലൈംഗികത്തൊഴിലാളിയാകുന്ന ഫിര്‍ദൌസ്, തന്നെ വരുതിയിലാക്കാന്‍ ശ്രമിക്കുന്ന ഫൌസിയെന്ന പിമ്പിനെ വകവരുത്തുന്നതും ഒരു അറബ് രാജകുമാരനെ അപമാനിക്കുന്നതുമാണ് അവളുടെ വിധി നിര്‍ണ്ണയിക്കുന്നത്. പുതിയ ഒരിടത്തേക്ക് പോകുന്നതിന്റെ ആവേശം മാത്രമാണ് തനിക്കുള്ളതെന്നു ഫിര്‍ദൌസ്, കഥാകാരിയോടു പറയുന്നു. തന്നെ കുറ്റം വിധിച്ച ആണുങ്ങള്‍ക്ക് തനിക്ക് പറയാന്‍ കഴിയുന്ന സത്യങ്ങളെ ഭയമാണെന്നും അതുകൊണ്ടാണ്, അതല്ലാതെ താനിനിയും കൊല്ലുമെന്ന ഭയം കൊണ്ടല്ല, തന്നെ കൊല്ലാന്‍ അവര്‍ തീരുമാനിച്ചതെന്നും അവള്‍ പറയുന്നു. അധികൃതര്‍ അവളെ തൂക്കുമരച്ചുവട്ടിലേക്ക് കൊണ്ട് പോകുമ്പോള്‍ പുറത്തിറങ്ങി തന്റെ കാറില്‍ തെരുവിലൂടെ കുതിക്കവേ, നവാലിനു ആ ആളുകളെ കാറിടിപ്പിച്ചു കൊല്ലണം എന്നുണ്ട്. എന്നാല്‍ ഫിര്‍ദൌസിനുള്ള ധൈര്യം തനിക്കില്ലെന്ന തിരിച്ചറിവില്‍ ആക്സിലറേറ്ററില്‍ നിന്ന് അവള്‍ കാല്‍ പിന്‍വലിക്കുന്നു.  

ജീവിതത്തില്‍ ഒരിക്കലും സ്വന്തമായ തെരഞ്ഞെടുപ്പുകല്‍ക്കിടമില്ലാത്ത സ്ത്രീത്വത്തിന്റെ പ്രതീകമാണ് ഫിര്‍ദൌസ്. ചുറ്റുമുള്ള പുരുഷ ലോകം അവളുടെ മേല്‍ തങ്ങള്‍ സ്ഥാപിക്കുന്ന അധികാരത്തില്‍ ആഹ്ലാദിക്കുന്നവരാണ് എന്ന് ചെറുപ്പത്തില്‍ തന്നെ അവള്‍ തിരിച്ചറിയുന്നുണ്ട്. പുരുഷന്മാരുമായുള്ള ബന്ധത്തില്‍ സന്തോഷം കണ്ടെത്തുക എന്നത് അവള്‍ക്കു വിധിക്കപ്പെട്ടിട്ടുള്ളതല്ല. ശാരീരികമായി പെണ്‍ചേലാകര്‍മ്മത്തിന്റെ ഫലം കൂടിയായ ഈ നിരാസം, ലൈംഗിക സമത്വമില്ലായ്മയെന്ന പുരുഷ കേന്ദ്രിതാവസ്ഥയുടെ സൃഷ്ടിയുമാണ്. പണം നേടുന്നതിലൂടെ അന്തസ്സ് നേടാം എന്ന ധാരണയും പൊളിയുന്നതാണ് തന്റെ കര്‍തൃത്വം സ്ഥാപിക്കുന്നതിനുള്ള അന്തിമ ഉപായമായി ഒരു കൊലപാതകത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിലേക്ക് അവളെ എത്തിക്കുന്നത്. ചെയ്തു കഴിയുമ്പോഴാവട്ടെ, അതൊട്ടും പ്രയാസകരമായിരുന്നില്ല എന്നും അവള്‍ കണ്ടെത്തുന്നു. എല്ലാ സ്ത്രീകളും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ലൈംഗികത്തൊഴില്‍ ചെയ്യുന്നവരാണ് എന്നും വിവാഹം എന്നതിലും സ്വതന്ത്രമായ ജീവിതം ലൈംഗികത്തൊഴിലാളിയുടെതാണ് എന്നുമുള്ള ഫിര്‍ദൌസിന്റെ നിരീക്ഷണങ്ങള്‍, പവിത്രമെന്നു കരുതപ്പെടുന്ന സാമൂഹിക വ്യവഹാരങ്ങളിലെ സ്ത്രീവിരുദ്ധത ചോദ്യം ചെയ്യുക മാത്രമല്ല അവയുടെ തായ് വേരില്‍ തന്നെ ചെന്ന് കൊള്ളുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ അത് ഇജിപ്തിലെ മാത്രം കഥയല്ല, മറിച്ച് ലോകത്തെങ്ങുമുള്ളത് തന്നെയാണ്. നൈരാശ്യത്തിന്റെയും ദോഷദൃഷ്ടിയുടെയും സ്വരം അനിവാര്യമായും പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അറബ് സ്ത്രീയുടെ അനുഭവം എന്നതിനപ്പുറം സ്ത്രീകളുടെ സാര്‍വ്വ ലൌകികമായ അനുഭവം എന്ന തലത്തിലേക്കുയരുന്നതും സമത്വത്തിനു വേണ്ടിയുള്ള അവളുടെ പോരാട്ടത്തെ നിശിതമായി അടയാളപ്പെടുത്തുന്നതും തന്നെയാണ് സ്ത്രീപക്ഷ രചനയുടെ ഒരു സമകാലിക ക്ലാസ്സിക് ആയി ‘ഗതിമുട്ടിയ സ്ത്രീയെ ’യെ മാറ്റിത്തീര്‍ക്കുന്നതും. 

read more:

   The Golden Chariot by Salwa Bakr

https://alittlesomethings.blogspot.com/2024/09/the-golden-chariot-by-salwa-bakr.html   

Monday, April 28, 2025

Wandering Star by J.M.G. Le Clézio/ C. Dickson

ലെ ക്ലെസിയോ: വേരറ്റവരുടെ രഥ്യകള്‍




2009 -ല്‍, 'അലയുന്ന നക്ഷത്രം' എന്ന ലെ ക്ലെസിയോ നോവല്‍ പുന പ്രസിദ്ധീകരിക്കുമ്പോള്‍ ഗാര്‍ഡിയന്‍ പത്രത്തിന്റെ പുസ്തക നിരൂപണക്കുറിപ്പില്‍ അലിസണ്‍ കെല്ലി ഇങ്ങനെ കുറിച്ചു: “'അലയുന്ന നക്ഷത്രം പുനപ്രസിദ്ധീകരിക്കുന്നത് ഇസ്രയേലിന്റെ ഗാസ ആക്രമണത്തിന്റെ അതേ സന്ദര്‍ഭത്തിലാണ് എന്നതില്‍ ഒരു ഇരുണ്ട യാദൃശ്ചികതയുണ്ട്. ലെ ക്ലെസിയോയുടെ നോവല്‍, ഇസ്രായേല്‍ രാഷ്ട്ര പ്രഖ്യാപനത്തെ തുടര്‍ന്ന് രണ്ടു തരുണികളുടെ പരസ്പരം ഇഴ കോര്‍ക്കുന്ന വിധിയെ ചുറ്റിപ്പറ്റിയുള്ള ഹൃദയദ്രവീകരണ ക്ഷമമായ കഥയാണ്‌. ഹോളോകാസ്റ്റ്‌ അതിജീവിച്ച്, പുതുതായുണ്ടായ ജൂത രാഷ്ട്രമായ ഇസ്രയേലിലെത്തുന്ന എസ്തര്‍ എന്ന പ്രവാസി യുവതിയും മാതൃ രാജ്യം വിഭജിക്കപ്പെട്ടതിനെ തുടര്‍ന്ന് തിരസ്കൃതയായ നജ്മ എന്ന പലസ്തീനിയന്‍ യുവതിയും. ഈ പ്രദേശത്തിന് വേണ്ടിയുള്ള കടുത്ത യുദ്ധത്തെ നോവലിലെ ഒരു യുവ ഇസ്രയേലി ഭടന്‍ 'ഒടുവിലത്തെ യുദ്ധം, ഏറെട്സ് ഇസ്രായേല്‍ ജൂതന്മാര്‍ക്കു സ്വന്തമാക്കാനുള്ള നിര്‍ണ്ണായക യുദ്ധം' എന്ന് വിവരിക്കുന്നുണ്ട്. എന്നാല്‍ ജൂത അധിനിവേശവും തുടര്‍ന്നുണ്ടായ പലസ്തീന്‍ കുടിയൊഴിപ്പിക്കലുമായി അറുപതു വര്‍ഷങ്ങള്‍ക്കു ശേഷവും ആ യുദ്ധം തുടരുന്നു.”

ഫ്രഞ്ച് - മോറീഷ്യന്‍ ഇരട്ട പൗരത്വമുള്ള ഴാങ്ങ് മറീ- ഗിസ്റ്റാഫ് ലേ ക്ലെസിയോയ്ക്ക് സാഹിത്യത്തിനുള്ള 2008 -ലേ നോബല്‍ സമ്മാനം നല്‍കുമ്പോള്‍, സ്വീഡിഷ് അക്കാഡമി നടത്തിയ നിരീക്ഷണത്തില്‍ "പുതിയ പുറപ്പാടുകളുടെ എഴുത്തുകാരന്‍, കാവ്യാത്മക സാഹസിക യാത്രകളുടെയും വികാര തീവ്രതയുടെയും, നിലനില്‍ക്കുന്ന സംസ്കൃതിയുടെ പരിധികള്‍ക്കപ്പുറം പോവുന്ന മാനവികതയുടെയും പര്യവേക്ഷകന്‍” എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്‌. അന്തരീക്ഷ സൃഷ്ടിയില്‍, വിശേഷിച്ചു മരുഭൂമിയുടെ ചിത്രീകരണത്തില്‍ അദ്ദേഹത്തിന്റെ ഊന്നല്‍ അക്കാഡമി എടുത്തു പറയുകയുണ്ടായി. യുദ്ധത്തിന്റെയും നാടുകടത്തലിന്റെയും പാലായനത്തിന്റെയും കഥകള്‍ പറയുന്ന "അലയുന്ന നക്ഷത്രം (Wandering Star) ", എന്ന കൃതിയിലൂടെ ലേ ക്ലെസിയോയുടെ ഉത്കണ്ഠകളിലേക്ക് കണ്ണോടിക്കാനാവും.


ചരിത്രത്തിന്റെ മുഖാമുഖങ്ങള്‍ 


രണ്ടു യുവതികള്‍. ഒരാള്‍ ഹിറ്റ്‌ലറുടെ 'അന്തിമപരിഹാര (The Final Solution)'ത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു വാഗ്ദത്ത ഭൂമിയിലേക്ക്‌ പാലായനം ചെയ്യുന്നു. മറ്റൊരാള്‍ അതേ വാഗ്ദത്ത ഭൂമിയുടെ സൃഷ്ടിയെ തുടര്‍ന്ന് പറിച്ചെറിയപ്പെട്ട് അജ്ഞാതമായ വിധിയിലേക്ക് നീങ്ങുന്നു. എസ്തര്‍ എന്ന ജൂത പെണ്‍കുട്ടിയും നെജ്മ എന്ന സമപ്രായക്കാരിയായ പലസതീന്‍ പെണ്‍കുട്ടിയും. ...........
തുടര്‍ വായനയ്ക്ക്:

Sunday, April 27, 2025

The Joys of Motherhood by Buchi Emecheta

 

പെണ്‍ ജീവിതത്തിന്റെ കുരുക്കുകള്‍




മരിയാമാ ബാ, ബെസ്സി ഹെഡ്റ്റ്സിറ്റ്സി ദംഗരേംബ, അമാ അതാ ഐദൂ, ലോരെറ്റ ങ് കോബോ, നവാല്‍ അല്‍ സഅദാവി തുടങ്ങി  സ്വദേശത്തും പുറത്തുമുള്ള സ്ത്രീജീവിതത്തിന്റെ പരിതോവസ്ഥകളെ കുറിച്ച് തീക്ഷണമായി നിരീക്ഷിക്കുന്ന ആഫ്രിക്കന്‍ എഴുത്തുകാരികളുടെ മുന്‍ പന്തിയിലാണ് ബുചി എമാചേത എന്ന നൈജീരിയന്‍ നോവലിസ്റ്റ്. ഇരുപതിലേറെ നോവലുകളിലായി പാരമ്പര്യവുമായി നിരന്തരം ഏറ്റുമുട്ടുന്ന, അതിവേഗം പരിണമിച്ചു കൊണ്ടിരിക്കുന്ന സമൂഹത്തില്‍ ഒരു സ്ത്രീയും അമ്മയുമൊക്കെ ആയിരിക്കുക എന്നാല്‍ എന്താണെന്ന് അവര്‍ പരിശോധിക്കുന്നു. ചില കൃതികളില്‍ ലണ്ടനില്‍ കഴിയുന്ന പ്രവാസിയെന്ന നിലയിലുള്ള തന്റെ തന്നെ അനുഭവങ്ങള്‍ അവര്‍ വിഷയമാക്കിയപ്പോള്‍, അവയില്‍ ഏറ്റവും ശ്രദ്ധേയമായ ദി ജോയ്സ് ഓഫ് മദര്‍ഹുഡ് എന്ന നോവല്‍ ഉള്‍പ്പടെ മിക്കതും നൈജീരിയന്‍ ജീവിതത്തില്‍ തന്നെയാണ് നിലയുറപ്പിക്കുന്നത്.

ഇതിവൃത്ത സങ്കീര്‍ണ്ണത

കൊളോണിയലിസം, പാരമ്പര്യം, മുതലാളിത്തം തുടങ്ങിയ പ്രമേയങ്ങള്‍ ന്നു ഇഗോ എന്ന കഥാ പാത്രത്തിന്റെയും അവരുടെ കുടുംബത്തിന്റെയും വിധിവിഹിതങ്ങളിലൂടെ നോവല്‍ ആവിഷ്കരിക്കുന്നു. ന്നായിഫെയെ വിവാഹം ചെയ്യും മുമ്പ് അമതോക് വുവുമായുള്ള ദാമ്പത്യം പ്രസവിക്കാത്തതിനെതുടര്‍ന്നും സഹാഭാര്യക്കൊപ്പം കഴിയുന്നതിനിടെ മാതൃത്വത്തിന്റെ തള്ളിച്ചയില്‍ അതിക്രൂരമായ ഗാര്‍ഹിക പീഡനത്തിനിരയായതിനെ തുടര്‍ന്നും അലസിപ്പോയ പശ്ചാത്തലമുണ്ടായിരുന്നു ന്നു ഇഗോയ്ക്ക്. യാബായില്‍ സന്തുഷ്ടമായ കുടുംബ ജീവിതം നയിക്കുമ്പോള്‍ ങ്ഗോസിയുടെ വരവോടെ അമ്മയാവുക എന്ന ‘സ്ത്രീത്വ സമ്പൂര്‍ണ്ണത’ കൂടി വന്നു ചേരുന്നുവെങ്കിലുംഒരു പ്രഭാതത്തില്‍ മരിച്ചു കിടക്കുന്ന കുഞ്ഞിനെ കാണുന്നതോടെ തകര്‍ന്നു പോകുന്നതാണ്നോവല്‍ ആരംഭത്തില്‍ നാം കാണുന്ന രീതിയില്‍,  കാര്‍ട്ടര്‍ പാലത്തിനു മുകളില്‍ നിന്ന് സ്വയം അവസാനിപ്പിക്കാനുള്ള ആ ഭ്രാന്തമായ കുതിപ്പിലേക്ക് ന്നു ഇഗോയെ നയിക്കുന്നത്. സാവധാനത്തില്‍ ജീവിതത്തിലേക്ക് തിരികെയെത്തുന്ന ന്നു ഇഗോയ്ക്ക് വലുതായി വരുന്ന കുടുംബഭാരവും ന്നായിഫെയുടെ ആശ്രയിക്കാനാവാത്ത വരുമാനത്തിലെ ഏറ്റിറക്കങ്ങളും സൃഷ്ടിക്കുന്ന പ്രയാസങ്ങള്‍തന്റെ സ്വന്തം വരുമാന സ്രോതസ്സു തേടാന്‍ പ്രേരണയാകുന്നുണ്ട്. സഹോദരന്റെ മരണ ശേഷം അയാളുടെ ഭാര്യമാരെ കൂടി അനന്തരാവകാശമായി ലഭിക്കുന്ന ന്നായിഫെഅദാകുവിനെയും മകളെയും ലാഗോസിലേക്ക്‌ കൂട്ടുന്നത്‌ വീണ്ടുമൊരിക്കല്‍ കൂടി സഹാഭാര്യയോടൊത്തുള്ള ജീവിതത്തിലെ പ്രയാസങ്ങളിലേക്ക് ന്നു ഇഗോയെ എത്തിക്കുന്നു. ...............

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/the-joys-of-motherhood-by-buchi-emecheta

 (ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് ഭാഗം – ഒന്ന്

ലോഗോസ് ബുക്സ്, പേജ്: 80-90)

To purchase, contact ph.no:  8086126024



From Sleep Unbound by Andre Chedid / Sharon Spencer

 ആന്ദ്രേ ഷദീദ് - ഉണരുന്ന സ്ത്രീത്വത്തിന്റെ നോവല്‍ ഭാഷ്യം



ലബനീസ് – സിറിയന്‍ മാതാപിതാക്കളുടെ മകളായി കൈറോയില്‍ നൈല്‍ നദീതീരത്തു ജനിച്ച (1920-2011) ആന്ദ്രേ ഷദീദ്, പാരീസില്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാഭ്യാസവും തുടര്‍ന്ന്  കൈറോയിലെ അമേരിക്കന്‍ യൂനിവേഴ്സിറ്റിയില്‍ ജേണലിസവും പഠിച്ചതിനു ശേഷം ലൂയി ഷദീദിനെ വിവാഹം കഴിക്കുകയും 1946ല്‍ പാരീസില്‍ സ്ഥിരതാമസം ആക്കുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തയായ ഫ്രഞ്ച് എഴുത്തുകാരികളില്‍ ഒരാളായി അംഗീകാരം നേടിയ ആന്ദ്രേ ഷദീദിന്റെ സപര്യ “അരനൂറ്റാണ്ടിലേറെ കാലമായി ഫ്രഞ്ച്, മിഡില്‍ ഈസ്റ്റ് സംസ്കാരങ്ങള്‍ക്കിടയില്‍ പാലം പണിതിട്ടുണ്ട്” എന്ന് നിരീക്ഷിക്കപ്പെടുന്നു. കവിതയിലും നോവലിലും നാടകങ്ങളിലും ചെറുകഥാ സാഹിത്യത്തിലും ഒരുപോലെ തിളങ്ങിയിട്ടുള്ള ഷദീദിന്റെ രചനകളുടെ കൊടിയടയാളം സാര്‍വ്വജനീനതയാണെന്നും ചിത്രീകരിക്കുന്ന ഭൂമിക യൂറോപ്പോ മിഡില്‍ ഈസ്റ്റോ ഏതായാലും മനുഷ്യകുലവുമായുള്ള ഐക്യവും ഉത്തരവാദിത്തവുമാണ് അവര്‍ വിളംബരപ്പെടുത്തുന്നതെന്നും ലേഖനം കൂട്ടിച്ചേര്‍ക്കുന്നു. Return to Beirut പോലുള്ള കൃതികളില്‍ കൈകാര്യം ചെയ്യപ്പെടുന്നതും ഷദീദിന്റെ മറ്റൊരു നിതാന്ത പ്രമേയവുമായി വര്‍ത്തിക്കുന്നത് യുദ്ധവും അതിന്റെ ഫലമായി ദേശവും ദേശീയരും അനുഭവിക്കുന്ന ജീവിതാവസ്ഥകളും എന്നതാണ്. അവരുടെ കൃതികളില്‍ ഈ അവസ്ഥയിലൂടെ കടന്നുപോകുന്ന സ്ത്രീകളാണ് സമാധാനം നേടിയെടുക്കാനാവശ്യമായ ഹൃദയ വിശാലതയും മുന്‍കൈയ്യും കാഴ്ചപ്പാടും പ്രകടിപ്പിക്കുന്നത്. വൈയ്യക്തിക ഓര്‍മ്മകളുടെയോ അനുഭവ കഥകളുടെയോ എന്നതിലേറെ സഞ്ചിത സ്മൃതികളുടെ സാര്‍വ്വജനീനതയിലാണ് അവരുടെ കൃതികള്‍ വേരുറപ്പിക്കുന്നത്. പ്രഥമ കൃതിയായ Le Sommeil délivré (1952)  (From Sleep Unbound- 1983) എന്ന നോവലിനെ കുറിച്ച് നോവലിസ്റ്റ് വിവരിച്ചത് “എനിക്കുള്ളില്‍ ജീവിക്കുന്ന മനുഷ്യജീവിയുടെ വേദന മുറ്റിയ വിലാപം, ഒരു പക്ഷെ ഈ വിലാപം അറബ് സ്ത്രീയുടെ ശബ്ദത്തെ പ്രതിനിധീകരിക്കാനാണ് അവിടെയുള്ളത്.. ഞാനെന്റെ കുട്ടിക്കാലം കഴിഞ്ഞത് ഈജിപ്റ്റിലാണ്, ഇങ്ങനെ അടിച്ചമര്‍ത്തപ്പെട്ട സ്ത്രീകളെ ഞാന്‍ കണ്ടു.” എന്നായിരുന്നു. “ആന്ദ്രേ ഷദീദിന്റെ രചനകളുടെ പ്രഭവത്തിലുള്ളത് ഒരു വര്‍ഗ്ഗത്തിനോ ജെന്‍ഡറിനോ മറ്റൊന്നിന്റെ മേലുള്ള (മേല്‍ക്കോയ്മയെ) കുറിച്ചുള്ള ഉത്കണ്ഠയല്ല, മറിച്ചു എല്ലാ മനുഷ്യരുടെയും ആത്മീയ വിമോചനത്തിനും സാക്ഷാത്കാരത്തിനും വേണ്ടിയുള്ളതാണ്.” (Judy Cochran and Anne D, Craver, ‘Andree Chedid’, Multicultural Writers since 1945, An A-toZ Guide, Edited by Alba Amonia and Bettina L. Knapp, Greenwood Press, London, 2004, P. 150-154). ആന്ദ്രെ ഷദീദ് സ്ഥലകാലങ്ങളുടെ അതിരുകളില്‍ വിശ്വസിക്കുന്നില്ലെന്നും തന്റെ ഈജിപ്ത്യന്‍ പശ്ചാത്തലത്തെ സ്ത്രീജീവിതത്തിന്റെ കൂടുതല്‍ സാര്‍വ്വലൌകികമായ അനുഭവങ്ങള്‍ ആവിഷ്കരിക്കുവാന്‍ ഉപയോഗിക്കുകയാണ് എന്നും നിരീക്ഷിക്കപ്പെടുന്നു. അവര്‍ ഫ്രാന്‍സില്‍ കഴിയുന്നത്‌ പലായനമായിരുന്നില്ല, മറിച്ചു സ്വന്തം തെരഞ്ഞെടുപ്പായിരുന്നു. “.. സ്ത്രീകള്‍ക്കും പൊതു മനുഷ്യകുലത്തിനും ഇടയില്‍ അവര്‍ പാലം കണ്ടെത്തുന്നു. അവര്‍ മൌലികവാദത്തെ, ഹിംസയെ, യുദ്ധത്തെ, അവ പ്രത്യക്ഷമാകുന്നിടത്തെല്ലാം വെറുക്കുന്നു” (Cahrlotte H. Bruner (Ed), The Heinemann Book of African Women’s Writing, P. 150)

“കവി, നാടകകൃത്ത്‌, ഗദ്യകാരി, നോവലിസ്റ്റ്, ഭാര്യ, അമ്മ, മുത്തശ്ശി – ആന്ദ്രെ ഷദീദ് ഫ്രാന്‍സിലെ സമുന്നത സാഹിത്യ വ്യക്തിത്വങ്ങളില്‍ ഒരാളാണ്. അവരുടെ മാര്‍ഗ്ഗം ആഴമുള്ളതും സംവേദനത്വമുള്ളതുമാണ്, അവരുടെ ദര്‍ശനം അതിന്റെ ആദിരൂപ ചിത്രീകരണത്തില്‍ പുതുമയാര്‍ന്നതാണ്, അവരുടെ കലാദര്‍ശനം ഭാവഗീതാത്മകവും സാന്ദ്രവും പ്രതീകാത്മകവുമാണ് – യഥാര്‍ത്ഥത്തിന്റെയും അയഥാര്‍ത്ഥത്തിന്റെയും, പടിഞ്ഞാറിന്റെയും മിഡില്‍ ഈസ്റ്റിന്റെയും ഒരു മിശ്രണം. അവരുടെ നോവലുകളിലെ കഥാപാത്രങ്ങള്‍ ഒരു സാര്‍വ്വ ജനീന മൂശയില്‍ നിന്ന് ഉരുവമെടുക്കുന്നു; അവര്‍ അവരുടെ മനശാസ്ത്രപരവും ദാര്‍ശനികവുമായ സമ്മിശ്രങ്ങളില്‍ കലാതീതരാണ്- അവര്‍ സ്വപ്നത്തില്‍ നിന്ന് പൂര്‍ണ്ണാകാരത്തില്‍ ജീവിതത്തിലേക്ക് ഇറങ്ങിയവരാണ്.” പ്രഥമ നോവലിന്റെ ഇംഗ്ലീഷ് പതിപ്പിന് (From Sleep Unbound) ബെറ്റിന എല്‍. നാപ്പ് എഴുതിയ ആമുഖത്തിന്റെ ആദ്യഖണ്ഡിക ആന്ദ്രേ ഷദീദിന്റെ രചനാ ലോകത്തെ കുറിച്ച്  ഏറ്റവും ദീപ്തവും കൃത്യവുമായ നിരീക്ഷണം നടത്തുന്നു (Bettina L. Knapp, ‘Forward’ to From Sleep Unbound, Swallow Press edition, 1983).   

............

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/from-sleep-unbound-by-andre-chedid-sharon-spencer

(ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത്  രണ്ടാം ഭാഗം - പേജ് 145-153

Logos Books. )

To purchase, contact ph.no:  8086126024


Friday, April 25, 2025

The Measure of a Man: A Spiritual Autobiography by Sidney Poitier

 മനുഷ്യന്റെ മാനദണ്ഡം – സിഡ്നി പോറ്റിയെരുടെ ആത്മകഥ


1929-ല്‍ ആരംഭിച്ച ഓസ്കാര്‍ പുരസ്കാരത്തിന്റെ ചരിത്രത്തില്‍ ഇരുപതാം നൂറ്റാണ്ടിന്റെ എഴുപത്തിയൊന്ന് വര്‍ഷക്കാലത്തിനിടെ മികച്ച നടനുള്ള പുരസ്കാരം നേടാനായ ഏക ആഫ്രിക്കന്‍ അമേരിക്കന്‍ താരമായിരുന്നു സിഡ്നി പോറ്റിയെര്‍. നാല്‍പ്പതിലേറെ ചിത്രങ്ങളില്‍ അഭിനേതാവും ഒമ്പത് ചിത്രങ്ങളുടെ സംവിധായകനും നാല് ചിത്രങ്ങളുടെ രചയിതാവുമാണ് അദ്ദേഹം. The Defiant Ones, A Patch of Blue, Guess Who's Coming to Dinner,  To Sir, With Love തുടങ്ങിയ ചിത്രങ്ങള്‍ ഹോളിവുഡിലെ നാഴികക്കല്ലുകളാണ്. ബാഫ്റ്റ ലൈഫ് ടൈം അച്ചീഫ്മെന്റ്റ് അവാര്‍ഡ്‌ ഉള്‍പ്പടെ ഒട്ടേറെ വിഖ്യാത പുരസ്കാരങ്ങള്‍ തേടിയെത്തിയിട്ടുള്ള സിഡ്നി പോറ്റിയെര്‍, വ്യക്തി എന്ന നിലയിലും കലാകാരന്‍ എന്ന നിലയിലും ഒപ്പം ആഫ്രിക്കന്‍ അമേരിക്കന്‍ വംശജന്‍ എന്ന നിലയിലുമുള്ള അനുഭവങ്ങളെയും ആത്മീയ വികാസങ്ങ പരിണാമാങ്ങളെയും ഹൃദ്യവും ഋജുവുമായി അവതരിപ്പിക്കുന്ന ആത്മകഥാ പുസ്തകമാണ് രണ്ടായിരാമാണ്ടില്‍ പുറത്തിറങ്ങിയ The Measure of a Man: A Spiritual Autobiography.സിഡ്നി പോറ്റിയെര്‍ ഒരു പാട് ജീവിതം ജീവിച്ചിട്ടുണ്ടെന്നും രണ്ടു ആത്മകഥകള്‍ എഴുതിയത് കൂടുതലല്ലെന്നും അദ്ദേഹത്തിന്റെ 1980-ല്‍ പുറത്തിറങ്ങിയ This Life എന്ന പുസ്തകത്തെ കൂടി സൂചിപ്പിച്ചു കൊണ്ട് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. രണ്ടും ഏതാണ്ട് വിസ്മരിക്കപ്പെട്ടിരുന്നെങ്കിലും 2007 തുടക്കത്തില്‍ ഒപ്രാ വിന്‍ഫ്രെ തന്റെ ടി. വി. ബുക്ക് ക്ലബ്ബില്‍ ‘മെഷര്‍ ഓഫ് എ മാന്‍’ ഉള്‍പ്പെടുത്തിയതോടെ പോറ്റിയെര്‍ ആത്മകഥ വീണ്ടും വായനാലോകത്ത് സജീവമായി. ഹോളിവുഡില്‍ നിലനിന്ന വര്‍ണ്ണ വിവേചനത്തിനു പുതിയ നൂറ്റാണ്ടില്‍ വന്‍ മാറ്റങ്ങള്‍ ഉണ്ടായിത്തുടങ്ങിയപ്പോള്‍ 2002-ല്‍ സമഗ്ര സംഭാവനക്കുള്ള ഓണററി ഓസ്കാര്‍ ലഭിച്ചതും പോറ്റിയെര്‍ക്കായിരുന്നു എന്നതും അതേ വര്‍ഷം ഡെന്‍സല്‍ വാഷിങ്ങ്ടന്‍, ഹാലിബെറി എന്നിവര്‍ മികച്ച നടനും നടിക്കുമുള്ള ഓസ്കാര്‍ നേടി എന്നതും ഇതോടു ചേര്‍ത്തു വായിക്കേണ്ടത് തന്നെയാണ്.

കുട്ടിക്കാലം, മുതിര്‍ന്നു വരവ്

ബഹമാസിലെ കാറ്റ് ഐലന്‍ഡില്‍ ഒരു സാധാരണ കറുത്ത വര്‍ഗ്ഗ കുടുംബത്തില്‍ 1927 ഫെബ്രുവരി 20- നു ജനിച്ച സിഡ്നി പോറ്റിയെര്‍ ദാരിദ്രമെങ്കിലും ഇണക്കവും പിണക്കവും നിറഞ്ഞ സന്തുഷ്ടമായ കുടുംബാന്തരീക്ഷത്തിലാണ് കുട്ടിക്കാലം ചെലവഴിക്കുന്നത്. ഏഴു മക്കളുള്ള കുടുംബത്തില്‍, അച്ഛനമ്മമാരായ റജിനാള്‍ഡ്- ഈവ് ലിന്‍ ദമ്പദികള്‍ തക്കാളിയും മറ്റും കൃഷി ചെയ്തു വന്നു. തങ്ങളുടെ കാര്‍ഷിക ഉത്പന്നങ്ങള്‍ വില്‍ക്കാനായി മയാമിയിലേക്ക് പതിവായി യാത്ര ചെയ്തിരുന്ന റജിനാള്‍ഡ് നാസോ നഗരത്തില്‍ കാബ് ഡ്രൈവര്‍ ആയും പ്രവര്‍ത്തിച്ചു. സിഡ്നിയുടെ കാര്യത്തില്‍, എട്ടാം മാസത്തില്‍ പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മയാമിയിലെ ഹോസ്പിറ്റലില്‍ പോകേണ്ടി വന്നു ഈവ് ലിന്. അങ്ങനെ സിഡ്നി ഒരു അമേരിക്കന്‍ പൌരന്‍ ആയാണ് ജനിക്കാനിടയായത്.

ടെലിവിഷനോ റേഡിയോയോ ഇതര സാങ്കേതിക വിനോദോപാധികളോ ഇല്ലാതെ, വൈദ്യുതിയും പൈപ്പു വെള്ളവും ഫ്രിഡ്ജും അന്യമായ, സിനിമ പോലുമില്ലാത്ത സാഹചര്യത്തില്‍ മരം കയറിയും മീന്‍ പിടിച്ചും ചെറുതും വലുതുമായ കൌമാര സാഹസങ്ങളില്‍ രസിച്ചും കഴിഞ്ഞ കുട്ടിക്കാലത്ത് റോമന്‍ കത്തോലിക്കാ ചര്‍ച്ചിലൊക്കെ പോയി വളര്‍ന്ന അനുഭവം പോറ്റിയെര്‍ വിവരിക്കുന്നുണ്ട്. പില്‍ക്കാലം മതവുമായുള്ള എല്ലാ ബന്ധങ്ങളും വിച്ചേച്ഛദിച്ച് ഒരു അജ്ഞേയവാദിയായി അദ്ദേഹം സ്വയം വെളിപ്പെടുത്തിയിരുന്നു. അച്ഛനമ്മമാര്‍ പഠിപ്പിച്ച സത്യസന്ധതയുടെയും അര്‍പ്പണത്തിന്റെയും പാഠങ്ങള്‍ ജീവിത കാലം മുഴുവന്‍ അദ്ദേഹത്തെ വഴി നടത്തുന്നുമുണ്ട്. അക്കാലത്ത് ഒരിക്കലും  തൊലിയുടെ നിറം ഒരു വിവേചന ചിഹ്നമാണ് എന്ന് ആ ബാലന് ചിന്തിക്കേണ്ടി വന്നിരുന്നില്ല. കാറ്റ് ഐലന്‍ഡിലെ ശാലീനതയില്‍ കണ്ണാടി കണ്ട അനുഭവമില്ലായിരുന്നെന്നു പില്‍ക്കാലം വംശീയാനുഭവത്തിന്റെ ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറയുന്നുണ്ട്. പത്താം വയസ്സില്‍ നാസോയില്‍ എത്തുമ്പോള്‍ കുരുത്തംകെട്ട പിള്ളാര്‍ സെറ്റില്‍ പെട്ട് മോഷണക്കുറ്റത്തിന് ജയില്‍ വാസത്തിന്റെ തൊട്ടടുത്തു വരെ കൊച്ചു സിഡ്നി എത്തുന്നുണ്ട്. ഏതാണ്ട് അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം, സിഡ്നിയെ പോലെ ബുദ്ധിമാനായ ഒരു നവയുവവിന് യു. എസ്സില്‍ അവസരങ്ങള്‍ ഏറെയായിരിക്കും എന്ന ധാരണയില്‍ മാതാപിതാക്കള്‍ അമേരിക്കയിലുള്ള സഹോദരന്റെ കുടുംബത്തോടൊപ്പം കഴിയാന്‍ അയക്കുന്നതാണ് അദ്ദേഹംത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവാകുന്നത്. അവിടെ ഒരു വര്‍ഷത്തിനു ശേഷം സ്വന്തം തീരുമാനത്തില്‍ അവസരങ്ങളുടെ കേന്ദ്രമായ ന്യു യോര്‍ക്കിലേക്ക് സിഡ്നി ചുവടു മാറി. വായിക്കാന്‍ അറിയാത്തത് കൊണ്ട് പാത്രം കഴിക്കുന്ന ജോലിയില്‍ തുടങ്ങുന്ന സിഡ്നി ഒരു ജൂത സുഹൃത്തിന്റെ സഹായത്തോടെ സ്വയം വിദ്യാഭ്യാസം തുടങ്ങി. 1943-ല്‍ പതിനാറുകാരനായ സിഡ്നി നുണ പറഞ്ഞു പട്ടാളത്തില്‍ ചേരുകയും പിന്നീട് ഭ്രാന്ത് അഭിനയിച്ച് സൈന്യത്തില്‍ നിന്ന് വിടുതല്‍ നേടുകയും ചെയ്യുന്നുണ്ട്. ഒരുപക്ഷേ അദ്ദേഹത്തിന്റെ ആദ്യത്തെ വിജയിച്ച അഭിനയ പ്രകടനം അതായിരുന്നു എന്ന് പറയാം.

അഭിനയ ജീവിതത്തിലേക്ക്

ന്യു യോര്‍ക്കില്‍ തിരിച്ചെത്തിയ സിഡ്നി, ഹാര്‍ലം കേന്ദ്രമായി പ്രവര്‍ത്തിച്ച അമേരിക്കന്‍ നീഗ്രോ തിയേറ്ററില്‍ ചേര്‍ന്ന് അഭിനയ പഠനം തുടങ്ങുകയും പിന്നീട് നോര്‍ത്ത് അമേരിക്കന്‍ നീഗ്രോ തിയേറ്ററില്‍ എത്തുകയും ചെയ്തു. എന്നാല്‍, ആഫ്രിക്കന്‍ അമേരിക്കന്‍ അഭിനേതാക്കള്‍ പാടുകയും നൃത്തം ചെയ്യുകയും വേണമെന്ന പ്രേക്ഷക പ്രതീക്ഷ അദ്ദേഹത്തെ പ്രതികൂലമായി ബാധിച്ചു. കുടുംബത്തില്‍ നിന്ന് പഠിച്ച ആത്മ ധൈര്യത്തിന്റെയും സത്യസന്ധതയുടെയും പാഠങ്ങള്‍ ഇപ്പോള്‍ സിഡ്നിക്ക് സ്വയം ഒരു പുതിയ തരം കറുത്ത വര്‍ഗ്ഗക്കാരനായ അഭിനേതാവിനെ സ്ഥാപിച്ചെടുക്കുകയെന്ന ദൌത്യത്തിന് തുണയായിത്തീര്‍ന്നു. പാടാനുള്ള കഴിവില്ലാത്തത് സാധാരണ ഗതിയില്‍ വെളുത്ത വര്‍ഗ്ഗക്കാരായ അഭിനേതാക്കള്‍ക്ക് നീക്കിവെക്കുന്ന തരം വേഷങ്ങള്‍ ചെയ്യാന്‍ കഴിയും വിധം തന്റെ ക്രാഫ്റ്റ് മെച്ചപ്പെടുത്താന്‍ അദ്ദേഹത്തെ നിരന്തരം പ്രേരിപ്പിച്ചു. ബ്രോഡ് വെയില്‍ കുറഞ്ഞൊരു കാലം ഭാഗ്യപരീക്ഷണം നടത്തിയെങ്കിലും തന്റെ ഇടം അതല്ലെന്ന തിരിച്ചറിവില്‍ അക്കാലത്ത് ഫോക്സ് (20th Century Fox) മേധാവിയായിരുന്ന ഡാരില്‍. എഫ്. സനൂകിന്റെ പ്രേരണയില്‍ അദ്ദേഹം ഹോളിവുഡിലേക്ക് നീങ്ങി. ‘നോ വേ ഔട്ട്‌ (1950) എന്ന പ്രഥമ ചിത്രത്തിന് ശേഷം മുമ്പ് കറുത്ത വര്‍ഗ്ഗക്കാരായ അഭിനേതാക്കള്‍ ചെയ്തിട്ടില്ലാത്ത തരം വേഷങ്ങള്‍ അദ്ദേഹം കൂടുതലായി ചെയ്തു തുടങ്ങി. 1955-ആവുമ്പോഴേക്കും The Blackboard Jungle എന്ന ചിത്രത്തിലെ നായക തുല്യ വേഷത്തില്‍ നിരൂപകരുടെയും പ്രേക്ഷകരുടെയും അംഗീകാരം ഒരുപോലെ നേടിയെടുത്ത അഭിനേതാവായി പോറ്റിയെര്‍ വളര്‍ന്നിരുന്നു. 1958-ല്‍ The Defiant Ones എന്ന ചിത്രത്തിലൂടെ മികച്ച നായക നടനുള്ള ഓസ്കാര്‍ നാമനിര്‍ദ്ദേശം കരസ്ഥമാക്കുന്നതിലൂടെ അത് സാധിക്കുന്ന ആദ്യ ആഫ്രിക്കന്‍ അമേരിക്കന്‍ താരം എന്ന ചരിത്രത്തിനു അദ്ദേഹം ഉടമയായി. അഞ്ചുവര്‍ഷത്തിനു ശേഷം, 1963-ല്‍ Liles of the Field എന്ന ചിത്രത്തിലൂടെ അതേ പുരസ്കാരം നേടിക്കൊണ്ട് അത് അദ്ദേഹം ഉറപ്പിക്കുകയും ചെയ്തു. 1967-ല്‍ വന്‍ ഹിറ്റുകളായ മൂന്നു ചിത്രങ്ങളില്‍ (Guess Who’s Coming to Dinner, To Sir With Love,  In the Heat of the Night) അഭിനയിച്ചുകൊണ്ടു വെളുത്തവരോ കരുത്തവരോ ആയ എല്ലാ താരങ്ങളിലും വെച്ച് ഏറ്റവും താരമൂല്യമുള്ള അഭിനേതാവായി അദ്ദേഹം സ്വയം തെളിയിച്ചു. ഇവ കൂടാതെ, A Patch of Blue, In the Heat of the Night, A Raisin in the Sun, No Way Out, Edge of the City, Paris Blues, Buck and the Preacher തുടങ്ങിയ ഹോളിവുഡിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളും പോയിറ്റിയര്‍ സ്പര്‍ശത്തിന്റെ മികച്ച നീക്കിവെപ്പുകള്‍ ആയി ചലച്ചിത്ര ചരിത്രത്തില്‍ ഇടം പിടിച്ചിട്ടുണ്ട്.  

ആഫ്രിക്കന്‍ അമേരിക്കന്‍ പ്രതിഭകള്‍ ഹോളിവുഡില്‍ നേരിട്ട വിവേചനത്തിന്റെ  വ്യാപ്തി നിരീക്ഷിക്കാന്‍ ഓസ്കാര്‍ ചരിത്രം മാത്രം പരിശോധിച്ചാല്‍ മതിയെന്ന് കാണാം. പ്രതിഭാവിലാസം വേണ്ടുവോളമുള്ള ആഫ്രിക്കന്‍ വംശജരുടെ വന്‍ സാന്നിധ്യം ഹോളിവുഡില്‍ എല്ലാ മേഖലയിലും എല്ലാ കാലത്തും വളരെയേറെ ഉണ്ടായിരുന്നെങ്കിലും അവര്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം നല്‍കുന്നതില്‍ അക്ഷന്തവ്യമായ അമാന്തമാണ് അക്കാദമി കാണിച്ചത് എന്നത്, അമേരിക്കന്‍ സമൂഹത്തില്‍ നിലനിന്ന വംശീയ മുന്‍വിധികളുടെ പ്രകടമായ തെളിവ് തന്നെയാണ്. എന്നാല്‍ ഈ നിലക്ക് മാറ്റം വരികതന്നെ ചെയ്യുമെന്ന് പോറ്റിയെര്‍ ഉറച്ചു വിശ്വസിച്ചു. കാലം അത് തെളിയിക്കുകയും ചെയ്തു. 

‘ആത്മീയ ആത്മകഥ

“1945-ല്‍ പതിനെട്ടാം വയസ്സില്‍ ആര്‍മിയില്‍ നിന്ന് പുറത്തു പോരുമ്പോള്‍ ഞാന്‍ (പല കാര്യങ്ങളിലും) അജ്ഞനായിരുന്നു, ഉദാഹരണത്തിന്, ഒരു ‘ഡെമോക്രാറ്റ്, ‘റിപ്പബ്ലിക്കന്‍’, ‘പുരോഗമനവാദി’, ‘സോഷ്യലിസ്റ്റ്, ‘കമ്മ്യൂണിസ്റ്റ്, ‘അനാര്‍ക്കിസ്റ്റ്, ‘വടക്കന്‍ ലിബറല്‍, തെക്കന്‍ യാഥാസ്ഥിതികന്‍ എന്നൊക്കെ പറഞ്ഞാല്‍ എന്താണെന്ന് എനിക്കറിയില്ലായിരുന്നു.” പുസ്തകത്തില്‍ ഒരിടത്ത് പോയിറ്റിയര്‍ ഏറ്റുപറയുന്നതാണ്. എന്നാല്‍, പില്‍ക്കാലവും ആത്മകഥാ പുസ്തകവും ഒരുപോലെ അദ്ദേഹത്തെ അടയാളപ്പെടുത്തുന്നത് നിലപാടുകളുടെ ആര്‍ജ്ജവത്തിന്റെയും ചലച്ചിത്രകാരനും അഭിനേതാവും എന്ന നിലയില്‍ അതിലൂടെ നേടിയെടുത്ത ആദരങ്ങളുടെയും പേരില്‍ ഒരു യഥാര്‍ത്ഥ അമേരിക്കന്‍ ഐക്കണ്‍ എന്ന നിലയിലാണ്. ഈ പരിണാമത്തിലേക്ക് അദ്ദേഹത്തെ നയിച്ചതില്‍ ഹോളിവുഡിന്റെ ചലച്ചിത്ര ചരിത്രത്തിലെ തന്നെ ഏറ്റവും ധാര്‍മ്മിക പ്രസക്തിയുള്ള തെരഞ്ഞെടുപ്പുകള്‍ക്കും കഠിനാധ്വാനത്തിനുമാണ് മുഖ്യപങ്കുള്ളത്. ആദ്യ ചിത്രങ്ങളില്‍ മികച്ച പ്രതികരണമുണ്ടാക്കിയ Cry, the Beloved Country (1951) എന്ന ക്ലാസിക്കിനു ശേഷം കുറേക്കാലം അവസരങ്ങള്‍ ഒന്നുമില്ലാതെ കഴിയുന്ന കാലത്ത് ഒരു സുഹൃത്തിനോടൊപ്പം ഒരു റെസ്റ്റൊരെന്റ് തുടങ്ങി അതില്‍ ജോലി ചെയ്തു കഴിയുന്നുണ്ട് പോയിറ്റിയര്‍. ഇക്കാലത്ത് ടാലെന്റ് എജന്റ് ആയിരുന്ന മാര്‍ട്ടി ബോം മികച്ചൊരു അവസരവുമായി അദ്ദേഹത്തെ സമീപിക്കുന്നുണ്ട്. റേസിസ്റ്റ് അന്തര്‍ധാരയോ മറ്റെന്തെങ്കിലും പ്രകടമായ പ്രശ്നങ്ങളോ ഇല്ലാത്ത മികച്ച പ്രതിഫല സാധ്യതയുള്ള ആ വേഷം തേടിയെത്തുമ്പോള്‍ സിഡ്നി- ജുവാനിറ്റ ദമ്പതികള്‍ രണ്ടാമത് മകള്‍ ബെവര്‍ലിയുടെ ജനനം അടുത്തെത്തി, പണത്തിനു വലിയ ഞെരുക്കമുള്ള സന്ദര്‍ഭമായിരുന്നു. എങ്കിലും തുറന്നു പറയാന്‍ ഒരു കാരണം പോലുമില്ലാതെ സിഡ്നി ആ വേഷം ചെയ്യാനാവില്ല എന്ന നിലപാടെടുക്കുകയായിരുന്നു. അതിനു കാരണം അദ്ദേഹം പുസ്തകത്തില്‍ പങ്കുവെക്കുന്നുണ്ട്: ആ വേഷത്തില്‍ പോസിറ്റീവ് ആയി ഒന്നുമുണ്ടായിരുന്നില്ല. ഒന്നും ചെയ്യുന്നില്ലാത്ത ഒരു കഥാപാത്രം അദ്ദേഹത്തെ ഒട്ടും ആവേശം കൊള്ളിച്ചില്ല. ഈ നിലപാട് ഉടനീളം പുലര്‍ത്തിയതിന്റെ ഫലമായിരുന്നു ഒരു നിലയിലല്ലെങ്കില്‍ മറ്റൊരു നിലയില്‍ പ്രസക്തമായ നാല്‍പ്പതിലേറെ ചിത്രങ്ങള്‍ അടങ്ങിയ ആ ചലച്ചിത്ര സപര്യ. അച്ഛനമ്മാര്‍ തന്നെ വളര്‍ത്തിയ രീതിയോടും അവര്‍ പകര്‍ന്നു നല്‍കിയ മൂല്യങ്ങളോടും കൂറുപുലര്‍ത്തണം എന്ന കാര്യത്തില്‍ ജീവിതത്തില്‍ ഒരിക്കലും അദ്ദേഹം വിട്ടുവീഴ്ച ചെയ്തിട്ടില്ല. ജീവിക്കാന്‍ വേണ്ടി ഒരാള്‍ എന്ത് ചെയ്യുന്നു എന്നത് അയാള്‍ ആരാണ് എന്നും എന്താണ് എന്നും പ്രകാശിപ്പിക്കുന്നു എന്നത് അദ്ദേഹത്തിന്റെ നിലപാടാണ്. ആത്മകഥാ പുസ്തകത്തിന് ‘ആത്മീയ ആത്മകഥയെന്ന് ഉപശീര്‍ഷകം നല്‍കിയത് തികച്ചും ചിന്താപൂര്‍ണ്ണമാണ്. “മനുഷ്യ ജീവിതം വളരെയേറെ അപൂര്‍ണ്ണമായ ഒരു വ്യവസ്ഥയാണ്‌, വഴിയിലെല്ലാം അനുബന്ധ അപൂര്‍ണ്ണതകളിലൂടെ മുന്നോട്ടു നീങ്ങുന്ന ഒന്ന്. നമുക്ക് ഉറപ്പിച്ചു പറയാവുന്ന ഒരേയൊരു കാര്യം അടുത്ത ഒരു എട്ടു ബില്ല്യന്‍ വര്‍ഷങ്ങള്‍ക്കകം ഇതെല്ലാം ഒടുങ്ങും എന്നതു മാത്രമാണ്. നമ്മുടെ സൂര്യന്‍ അതിനകം എരിഞ്ഞടങ്ങും, അതോടെ ദിവസം തീരും, തകര്‍ച്ച ഈ സൗരയൂഥത്തിലാകെ പടരുന്നത് നിങ്ങള്‍ക്ക് കേള്‍ക്കാറാവും, കാരണം അപ്പോള്‍ എല്ലാം പരിപൂര്‍ണ്ണ ശൂന്യതയിലേക്ക് മടങ്ങും.” ദാര്‍ശനിക മാനങ്ങളുള്ള ഈ ഡിസ്റ്റോപ്പിയന്‍ ദര്‍ശനത്തോടെയാണ് പുസ്തകം അതിന്റെ അവസാനത്തോടടുക്കുന്നത് എന്നത്, നാം പിന്തുടര്‍ന്ന് വന്ന മനസ്സിന്റെ ഉടമക്ക് ജീവിതത്തെ കുറിച്ച് ചെറുതല്ലാത്ത ഉത്കണ്ഠകളുണ്ട് എന്ന് തന്നെയാണ് നമ്മോടു പറയുന്നത്.

തന്റെ ജീവിതവും അഭിനയ സപര്യയും സ്വന്തം ആത്മ പരിശോധനയുടെ കണ്ണാടിയിലൂടെ പോറ്റിയെര്‍ പ്രതിഫലിപ്പിക്കുന്ന പുസ്തകമാണ് മെഷര്‍ ഓഫ് എ മാന്‍. കലാകാരന്‍ എന്ന നിലയില്‍ അദ്ദേഹം എത്തിപ്പിടിച്ച ഉയരങ്ങളിലേക്കുള്ള പ്രയാണത്തില്‍ നല്‍കേണ്ടി വന്ന വില, നടത്തേണ്ടിവന്ന സമര്‍പ്പണം, അമര്‍ഷങ്ങള്‍, വിട്ടുവീഴ്ച്ചകള്‍,  അഹംബോധ നിഗ്രഹം,  തുടങ്ങിയ സ്തോഭ-വൈകാരിക സമ്മര്‍ദ്ദങ്ങളെല്ലാം പുസ്തകത്തില്‍ ഇടം പിടിക്കുന്നുണ്ട്. പുറം ചട്ട സൂചിപ്പിക്കുന്നത് പോലെ, ഈ പുസ്തകത്തിന്റെ വായന ആദരണീയനായ ഒരു മുതിര്‍ന്ന ബന്ധുവിനോടുള്ള സംഭാഷണത്തിന്റെ അനുഭവം വായനക്കാരന് നല്‍കിയേക്കാം. എന്നാല്‍, ചിലപ്പോഴെങ്കിലും ‘ഞങ്ങളുടെയൊക്കെ കുട്ടിക്കാലത്ത്...’ എന്ന മട്ടിലുള്ള പഴയ കാല സ്തുതിയുടെ സ്വഭാവം നിരീക്ഷണങ്ങള്‍ക്ക് വന്നു ചേരുന്നുണ്ട് എന്ന് വിമര്‍ശിക്കപ്പെട്ടിട്ടുമുണ്ട്. ടെക്നോളജിയുടെയും ടി. വി. പോലുള്ള വിനോദോപാധികളുടെയും ഇടപെടലില്ലാതെ, മണ്ണും ജലവും പ്രകൃതിയുമറിഞ്ഞു മുതിര്‍ന്നുവന്ന ഒരാള്‍ക്ക് അതെല്ലാം അന്യമായ ഹോളിവുഡ് സംഘര്‍ഷങ്ങള്‍ക്കിടയില്‍ അവയോടു ഗൃഹാതുരത്വം അനുഭവപ്പെട്ടുവെങ്കില്‍ അതും ആ മനസ്സിന്റെ നന്മയായേ കാണേണ്ടതുള്ളൂ. യഥാര്‍ത്ഥത്തില്‍ പുസ്തകത്തെ കുറിച്ച് നടത്താവുന്ന കാമ്പുള്ള വിമര്‍ശനം മറ്റൊന്നാണ്: പുസ്തകത്തില്‍ പോറ്റിയെറുടെ ശൈലി അത്രയേറെ വായനാ പ്രചോദകമാണ് എന്ന് പറയാനാവില്ല എന്നതാണ് അത്. പലപ്പോഴും ആശയങ്ങളുടെയും നിരീക്ഷണങ്ങളുടെയും ആവര്‍ത്തനം ഒട്ടൊരു വിരസത തീര്‍ക്കുന്നുമുണ്ട്.