സര്‍വ്വാധിപത്യത്തിലും യൂറിഡീസ് പ്രണയാര്‍ദ്രയാണ്.
(അല്‍ബേനിയന്‍
എഴുത്തുകാരന്‍ ഇസ്മില്‍ കദാരെയുടെ A
Girl in Exile നോവലിനെ
കുറിച്ച്. ഓര്‍ഫിയൂസ് – യൂറിഡീസ് പുരാണത്തിന്റെ സ്വകീയമായ പ്രയോഗത്തിലൂടെ അല്‍ബേനിയന്‍
കമ്മ്യൂണിസ്റ്റ് നാളുകളുടെ പശ്ചാത്തലത്തില്‍ സര്‍വ്വാധിപത്യത്തിന്റെ ഒരു
അന്യാപദേശകഥ സൃഷ്ടിക്കുകയാണ് നോവലിസ്റ്റ്.)
സമകാലിക
അല്‍ബേനിയന്‍ സാഹിത്യത്തിലെ ഏറ്റവും പ്രാമാണികമായ പേരാണ് ഇസ്മായില്‍ കദാരെയുടേത്.
പ്രഥമ മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്കാരം ഉള്‍പ്പടെ അന്താരാഷ്‌ട്ര
അംഗീകാരങ്ങള്‍ തേടിയെത്തിയിട്ടുള്ള കദാരെ നോബല്‍ പുരസ്കാര പരിഗണനയില്‍ എപ്പോഴും
ഉയര്‍ന്നു കേള്‍ക്കുന്ന പേരാണ്. പോസ്റ്റ് മോഡേന്‍ സാംസ്കാരിക സങ്കലനങ്ങളുടെ നിയത
ദേശീയസ്വത്വമില്ലായ്മയുടെ കാലത്തും അല്‍ബേനിയന്‍ സ്വത്വം തന്റെ പ്രവാസ
ജീവിതത്തിലും തുടരുന്ന എഴുത്തുകാരന്‍ എന്ന നിലയില്‍ കദാരെയുടെ രാഷ്ട്രീയ
ഉത്കണ്ഠകള്‍ ആധുനിക അല്‍ബേനിയന്‍ ചരിത്രത്തിലെ ഏറ്റവും ഭീകര കാലഘട്ടമായ, ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയുടെ ദേശ ചരിത്രം
അടയാളപ്പെടുത്തിയ, നാലു
പതിറ്റാണ്ട് നീണ്ടുനിന്ന എന്‍വര്‍ ഓജാ ഭരണത്തിന്റെ സ്റ്റാലിനിസ്റ്റ് ഭീകരതയുമായി
ചേര്‍ത്തുവെച്ചു തന്നെയാണ് പരിഗണിക്കേണ്ടത്. പ്രസ്തുത ഭരണത്തില്‍ ഒരു
ഘട്ടത്തില്‍ സഹകാരിയും മന്ത്രിസഭാ അംഗവും ആയിരുന്ന കദാരെ, സര്‍വ്വാധിപത്യവും സര്‍ഗ്ഗ സൃഷ്ടിയും തമ്മില്‍ സന്ധി
സാധ്യമല്ല എന്ന തിരിച്ചറിവിലാണ് പ്രവാസ വഴി തെരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതനായത്.
കമ്മ്യൂണിസ്റ്റ് കാലഘട്ടത്തില്‍ അദ്ദേഹം ഒരു വിമതനായിരുന്നോ അതോ വിധേയനായിരുന്നോ
എന്ന വിമര്‍ശനത്തിന് ഫയറിംഗ് സ്ക്വാഡിനു മുന്നിലേക്ക് ഒരു വിഡ്ഢിയെ പോലെ പാഞ്ഞു
ചെന്നിട്ടില്ലെങ്കിലും തന്റെ പുസ്തകങ്ങള്‍ തന്റെ ചെറുത്തുനില്‍പ്പു
തന്നെയായിരുന്നു എന്ന് കദാരെ വിശദീകരിച്ചിട്ടുണ്ട്. കാഫ്കെയസ്ക് കഥകളും
പേടിസ്വപ്നാന്തരീക്ഷമുള്ള അന്യാപദേശ ചരിത്രാഖ്യായികകളും സ്വന്തം രീതിയില്‍
രചിക്കപ്പെട്ട മിസ്റ്ററികളുമായി കദാരെ തന്റെ സര്‍ഗ്ഗ സൃഷ്ടി തുടരുന്നു.
വിചിത്ര ബന്ധങ്ങള്‍
മാസ്റ്റര്‍പീസുകള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട രചനകളില്‍ തന്നെ നിരന്തരം മുഴുകുന്ന കദാരെയുടെ നിരാശപ്പെടുത്തിയ കൃതിയായിരുന്ന ‘The File on H’ - നു ശേഷം പുറത്തുവന്ന നോവലാണ് അദ്ദേഹത്തിന്റെ ഏതൊരു മികച്ച കൃതിയോടും താരതമ്യം ചെയ്യാവുന്ന കൃതിയും വിവര്‍ത്തകന്‍ ജോണ്‍ ഹോഗ്സണിനോട് ചേര്‍ന്നുള്ള നാലാമത് പുസ്തകവുമായ A Girl in Exile. ഈ കൂട്ടുകെട്ടിലെ മുന്‍ കൃതികളെ (The Accident, The Three-Arched Bridge, The Traitor’s Niche) പോലെത്തന്നെ ഫ്രഞ്ച് പരിഭാഷയെ ആശ്രയിക്കാതെ അല്‍ബേനിയന്‍ മൂലത്തില്‍ നിന്ന് നേരിട്ടാണ് ഇംഗ്ലീഷിലേക്ക് മൊഴി മാറ്റിയിട്ടുള്ളത് എന്നത് അല്‍ബേനിയന്‍ സര്‍ഗ്ഗാന്തരീക്ഷം നിലനിര്‍ത്തുന്നതിന് ഏറെ സഹായകമായിട്ടുണ്ടെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പുസ്തകത്തിന്റെ തലക്കെട്ട് സൂചിപ്പിക്കുന്ന ലിന്‍ഡ ബി., എന്ന് വിളിക്കപ്പെടുന്ന ടീനേജിലെത്തുന്ന പെണ്‍കുട്ടി, എന്‍വര്‍ ഓജ ഭരണത്തിന്‍ കീഴില്‍ ആഭ്യന്തര ബഹിഷ്കരണം അനുഭവിക്കുന്ന കുടുംബത്തിലെ അംഗമാണ്. പഴയ രാജകുടുംബത്തോട് കൂറുപുലര്‍ത്തിയുന്നു എന്ന് ആരോപിക്കപ്പെടുന്ന ബൂര്‍ഷ്വാ കുടുംബമാണ് എന്നതാണ് അവരുടെ വിപര്യയം. ഏതൊരു സര്‍വ്വാധിപത്യ ക്രമത്തിന്റെയും എന്നപോലെ അപരനിര്‍മ്മിതിയും നിഗ്രഹവും ഭ്രാന്തമായ അസംബന്ധ ഭയങ്ങളും വേട്ടയാടുന്ന അല്‍ബേനിയന്‍ ഭരണത്തിന്റെ മുന്നില്‍ അവരെ നിയതമായ അര്‍ത്ഥത്തില്‍ കുറ്റവാളികളായവരെക്കാളും ദുരിതപൂര്‍ണ്ണമായ സംശയത്തിന്റെ മുള്‍മുനയില്‍നിര്‍ത്തി പീഡിപ്പിക്കുന്നത് അതാണ്. ഔപചാരികമായി കുറ്റം ചാര്‍ത്തപ്പെട്ടിട്ടില്ലെങ്കിലും അവര്‍ക്ക് നിശ്ചിത ഇടവേളകളില്‍ അധികൃതര്‍ക്കുമുന്നില്‍ ഹാജര്‍ വെക്കണം, എങ്ങും പോയിക്കൂട. തലസ്ഥാന നഗരമായ ടിറാനയില്‍ പോകാനുള്ള ഏതാണ്ടൊരു ആദര്‍ശവല്‍കൃത കാല്‍പ്പനികമോഹം തന്നെയായ അഭിലാഷം സാധിക്കുന്നതിനുവേണ്ടി ആത്മസുഹൃത്ത് മിഗേനയോടൊപ്പം ബ്രെസ്റ്റ് ക്യാന്‍സര്‍ പരിശോധന നടത്താന്‍പോലും തയ്യാറാകുന്ന കൗമാരക്കാരി, സര്‍വ്വാധിപത്യ നരകത്തില്‍നിന്നു പുറത്തുകടക്കാനുള്ള, പരാജയം വിധിക്കപ്പെട്ടതെങ്കിലും അദമ്യമായ, മോഹത്തിന്റെ പ്രതീകമാണ്. അതോടൊപ്പം ഒരിക്കലും നേരില്‍ കണ്ടിട്ടില്ലാത്ത ഒരു പുരുഷനു വേണ്ടിയുള്ള ലിന്‍ഡയുടെ പ്രണയം വിചിത്രമായ മറ്റൊരു ആകര്‍ഷണവുമായിരുന്നു. ഈ ഘടകങ്ങളും ഒരോ അഞ്ചുവര്‍ഷം കൂടുമ്പോഴും അവരുടെ വിധിയില്‍ പുനപരിശോധനാ പ്രഹസനം നടക്കുന്നുവെങ്കിലും ഓജാ ഭരണം അവസാനിക്കുംവരെയും അതിലൊരു മാറ്റവും ഉണ്ടാവുന്നില്ല എന്നതും ലിന്‍ഡയെ എങ്ങനെയാണ് ബാധിച്ചതെന്നത് നോവല്‍ ഇതിവൃത്തത്തിന്റെ കാതലാണ്.
എന്നാല്‍, “ആഭ്യന്തര നാടുകടത്തലില്‍ ജനിക്കുകയും വളരുകയും യൗവ്വനം
ചെലവഴിക്കുകയും ചെയ്ത അല്‍ബേനിയന്‍ യുവതിക്ക്” എന്നാണ് നോവലിന്റെ സമര്പ്പണമെങ്കിലും, നോവലിലെ കേന്ദ്രകഥാപാത്രം ഒരുതരത്തില്‍ ഭരണകൂടം തന്നെ
പോറ്റുന്ന ബുദ്ധിജീവി കൂടിയായ എഴുത്തുകാരന്‍ റുഡിയാന്‍ സ്റ്റെഫായെന്ന നാടക
കൃത്താണ്. അയാളുടെ അവസാന നാടകം സോഷ്യലിസ്റ്റ് റിയലിസത്തിന് അനഭിമതമായ ഒരു
പ്രേതകഥാപാത്രത്തെ രണ്ടാംലോകയുദ്ധത്തിലെ വിമതന്റെ രൂപത്തില്‍ ചിത്രീകരിക്കുന്നു
എന്നതുകൊണ്ട് സെന്‍സര്‍ അനുമതി ലഭിച്ചിട്ടില്ലെങ്കിലും അയാള്‍ സാമൂഹികമായി
താരതമ്യേന സുരക്ഷിതനാണ്. അതുകൊണ്ടു തന്നെ ‘തറയിലെ രക്തം’ അടയാളപ്പെടുത്തുന്ന
ഭേദ്യസ്ഥലത്തേക്ക് എന്തിലും ആരിലും ‘വിരുദ്ധ’ഗൂഡാലോചന മണക്കുന്ന പാര്‍ട്ടി അയാളെ
ഒരു അന്വേഷണത്തിനും ചോദ്യം ചെയ്യലിനുമായി വിളിപ്പിക്കുമ്പോള്‍ അയാള്‍
സംശയിക്കുന്നത് രണ്ടു കാര്യങ്ങളാണ്. ഒന്നുകില്‍ അത് നാടകവുമായി ബന്ധപ്പെട്ടതാകാം; അല്ലെങ്കില്‍ തന്റെ കൂട്ടുകാരി മിഗേനക്ക് നേരെ, അത്രയൊന്നും ആരാധ്യന്മാരല്ലാത്ത മറ്റുപല കദാരെ
കഥാപാത്രങ്ങളെയുംപോലെ ഋണസ്വഭാവിയും കൂടിയായ റുഡിയാന്‍ ഇടയ്ക്കിടെ
പ്രയോഗിക്കാറുള്ള സ്ത്രീപീഡനത്തിന്റെ പരിധിയില്‍ വരാവുന്നതരം കയ്യേറ്റങ്ങളെ
കുറിച്ചാവാം. എന്നാല്‍ പിന്നീടു വ്യക്തമാകുന്നു: അത് ലിന്‍ഡയുടെ ആത്മഹത്യയെ
കുറിച്ചാണ്. തുടര്‍ന്നുള്ള നോവലിന്റെ
ശ്രദ്ധയില്‍ അന്വേഷണത്തിന്റെ വിശദാംശങ്ങളും റുഡിയാന്റെ നാടകത്തില്‍നിന്നുള്ള
ഭാഗങ്ങളും സ്വപ്നഖണ്ഡങ്ങളും മറ്റു മനന-ചിന്തകളും ഒപ്പം യൂറിഡീസ്- ഓര്‍ഫിയൂസ്
പുരാണത്തിന്റെ സ്വകീയമായ പ്രയോഗവും ഇടകലരുന്നു. അതിഭാവുകത്വം മിത്തിലേക്കും
തിരിച്ച് മിത്ത്, മെലോഡ്രാമയിലേക്കും
സഞ്ചരിക്കുന്നു. റുഡിയാന്‍
ഓട്ടോഗ്രാഫ് ചെയ്ത പുസ്തകവും ലിന്‍ഡയുടെ ഡയറിക്കുറിപ്പുകളില്‍ അയാളുടെ പേര് ആവര്‍ത്തിക്കുന്നതും
അന്വേഷകരെ അങ്കലാപ്പിലാക്കിയിരിക്കുന്നു. ഏറ്റവും അടുത്ത സുഹൃത്തിനുവേണ്ടി മിഗേനയാണ് അത് ഒപ്പിട്ടു വാങ്ങിയതെന്നു
മാത്രമേ അയാള്‍ക്കറിയൂ. താന്‍ ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലാത്ത പെണ്‍കുട്ടിക്ക്
തന്നോടുണ്ടായിരുന്നത് ആരാധന മാത്രമായിരുന്നില്ല എന്നും മിഗേനയും അവളും ദുരൂഹമായ
ഏതൊക്കെയോ രീതികളില്‍ താദാത്മ്യപ്പെടുകയായിരുന്നു എന്നും പതിയെ വ്യക്തമാകുന്നു.
ടിറാനയിലേക്ക് വരാനുള്ള ലിന്‍ഡയുടെ ആഗ്രഹത്തിനു പിന്നിലെ സങ്കീര്‍ണ്ണതകള്‍
എന്താവാം? ടിറാനയില്‍ വരാന്‍ കൊതിക്കുമ്പോള്‍ ലിന്‍ഡയുടെ “സ്വപ്നങ്ങളില്‍ ഒരു മനുഷ്യജീവിയുടെ
ആവശ്യമുണ്ടായിരുന്നു. നിങ്ങളാണ് ആ വിടവ് നികത്തിയത്.” എന്ന് മിഗേന അയാളോട്
പറയുന്നുണ്ട്. പതിവ് ലെസ്ബിയന്‍ കള്ളികളില്‍ ഒതുങ്ങാത്ത മിഗേന – ലിന്‍ഡ ബന്ധം ഒരു
സമസ്യയാണ്. നിതാന്ത ത്രികോണപ്രണയം അപൂര്‍വ്വമായ ഒരു അതീത തലത്തില്‍
സമന്വയിപ്പിക്കുകയും ‘ഈ ലോകത്തിന്റെ നിയമങ്ങള്‍ക്കപ്പുറം പോകുന്ന’ ഒരു
‘സ്വാതന്ത്ര്യം’ കണ്ടെടുക്കുകയുമായിരുന്നു കൂട്ടുകാരികള്‍ ഇരുവരും എന്നും
സൂചനയുണ്ട്. മിഗേനയെന്ന പേരു തന്നെ ഒരു തിരിച്ചിടല്‍ -‘enigma’ അഥവാ സമസ്യ- ആണെന്ന് സ്റ്റെഫാ കണ്ടെത്തുന്നുമുണ്ട്.
ബ്രെസ്റ്റ് ക്യാന്‍സര്‍ ടെസ്റ്റ് പോസിറ്റീവ് ആയിക്കാണാനും ടിറാനയിലെത്താനും ലിന്‍ഡ
എത്രമാത്രം ആഗ്രഹിച്ചിരുന്നുവെന്നു മിഗേന വിവരിക്കുന്നു,
“ഞാനും അതുതന്നെ ചെയ്യുമായിരുന്നു. ലിന്‍ഡയുടെ സ്ഥാനത്തു ആറുമാസത്തെ
ജീവിതത്തിനു പകരമായി അനന്തവര്‍ഷങ്ങളിലെ ഗാര്‍ഹികത്തടവ് ഞാനും
സ്വീകരിക്കുമായിരുന്നു.”
സര്‍വ്വാധിപത്യത്തിന്റെ ഇന്‍ഫെര്‍നോ
സുന്ദരിയായ
ഒരു പെണ്‍കുട്ടി തന്നെയോര്‍ത്തു ഉറക്കിളക്കുമായിരുന്നു എന്ന ആത്മരതിക്കപ്പുറം
കൂടുതല്‍ അറിയുംതോറും മറ്റൊരു തിരിച്ചിടല്‍ (peripeteia) കൂടി നോവലില്‍ സംഭവിക്കുന്നുണ്ട്: ഒരിക്കലും നേരില്‍
കണ്ടിട്ടില്ലാത്ത ഒരു പുരുഷനു വേണ്ടിയുള്ള ലിന്‍ഡയുടെ പ്രണയം തിരികെ അയാളെയും
ആവേശിക്കുന്നു എന്നതാണത്. പക്ഷെ ഇനിയൊന്നും ചെയ്യാനില്ല; അവള്‍ കടന്നുപോയിരിക്കുന്നു. ആത്മാക്കളുടെ അധോലോകത്തില്‍
ഒരൊറ്റ തിരിഞ്ഞുനോട്ടത്തില്‍ ഓര്‍ഫിയൂസിനു നഷ്ടമായ യൂറിഡീസിനെ പോലെ ഇനിയീ
തിരിഞ്ഞുനോട്ടം നിഷ്ഫലമാക്കുംവിധം സര്‍വ്വാധിപത്യത്തിന്റെ അധോലോകത്തില്‍ അവള്‍
മറഞ്ഞുപോയിരിക്കുന്നു. നോവലില്‍
മിത്തും പ്രതീകങ്ങളും നിര്‍ബ്ബാധം കടന്നുവരുന്നിടങ്ങളില്‍ ഓര്‍ഫിയൂസിന്റെ നഷ്ടം
വിശദമായി വിവരിക്കപ്പെടുന്നുണ്ട്. “ഈ പഴയ പുരാണം ഭൂഗോളവുമായി (planet) കൂട്ടിമുട്ടുകയും എല്ലാത്തിന്റെയും മേല്‍ അതിന്റെ
തിളങ്ങുന്ന ധൂളികളില്‍ തൂവുകയും ചെയ്തു എന്ന പോലെ” അത് ശുഭാന്ത്യം അസാധ്യമായ തന്റെ
കഥയോട് ചേരുന്നതായി അയാള്‍ക്ക് തോന്നുന്നു. പുരാണത്തിലെ ആത്മലോകത്തിന്റെ കാവലായ പല തലകളുള്ള വേട്ടപ്പട്ടി സെര്‍ബിറസ് ആരും
തിരികെ പോകുന്നില്ലെന്ന് ഉറപ്പുവരുത്തിയ പോലെ പീഡക ഭരണകൂടം ചിലരെ തുടലിട്ട്
സംരക്ഷിക്കുകയും മറ്റു ചിലരെ വേട്ടയാടുകയും ചെയ്തുവെന്ന ചിന്ത, തന്റെ സുരക്ഷിതത്വത്തിന്റെ വിലയെ കുറിച്ചുതന്നെ
ചിന്തിക്കാന്‍ അയാളെ പ്രേരിപ്പിക്കുന്നു. സ്റ്റേജില്‍ അരങ്ങേറുന്ന സ്വന്തം
കൃതിയിലെ രംഗങ്ങള്‍ക്കുനേരെ കണ്ണടക്കുന്ന തന്റെ നിരന്തരമായ വിട്ടുവീഴ്ച്ചകളുടെ ആര്‍ജ്ജവമില്ലായ്മയെ
അയാളിപ്പോള്‍ മുഖാമുഖം കാണുകയാണ്. ആ അര്‍ഥത്തില്‍ അന്വേഷകന്റെയും മിഗേനയുടെയും
അനാവരണങ്ങളിലൂടെ ആവിഷ്കരിക്കപ്പെടുന്ന ലിന്‍ഡയുടെ ദുരന്തം തന്നെപ്പോലുള്ളവര്‍
ബുദ്ധിപൂര്‍വ്വം മറികടന്ന, അതിനു
കഴിയാത്തവര്‍ക്ക് എത്തിപ്പിടിക്കാനാവാത്ത, വിധിയുടെ നേര്‍ച്ചിത്രവും ഒരു ദേശചരിത്രം ഉള്‍ച്ചേര്‍ത്ത ക്രൂരമായ
വൈരുദ്ധ്യത്തിന്റെ സാക്ഷ്യപത്രവുമാണ്. റുഡിയാന്‍ സ്റ്റെഫായെ പോലെ പാര്‍ട്ടി
സംരക്ഷണം ഉറപ്പുള്ള ഒരാള്‍ ‘വിമത ബുദ്ധിജീവി’ എന്ന നാട്യത്തോടെ സ്വയം
അവതരിപ്പിക്കുന്നതില്‍ തന്നെ വികലമായ ഒരസംബന്ധമുണ്ട്. ഭരണകൂടത്തിനു
വിധേയപ്പെടാനിടയില്ലാത്ത യഥാര്‍ത്ഥ വിമതരെ വെളിപ്പെടുത്തിക്കൊടുക്കുക എന്നതുകൂടി
അറിഞ്ഞോ അറിയാതെയോ ഇത്തരക്കാരുടെ ദൗത്യമായിത്തീരുന്നു എന്നതാവാം അവരെ പാര്‍ട്ടി
നിയന്ത്രിത സ്വാതന്ത്ര്യത്തോടെ അയച്ചുവിടുന്നത് എന്നും നോവലില്‍ സൂചനയുണ്ട്. സര്‍വ്വാധിപത്യത്തിന്റെ
ശൈഥില്യത്തിനുശേഷം അതിന്റെ മുറിവുകള്‍ ഏല്ക്കാതെ, പകരം അത്തരം ക്രൂശിതരുടെ അനുഭവങ്ങളുടെ മൂലധനത്തില്‍ കൂടുതല്‍ വിജയങ്ങളിലേക്ക്
നീങ്ങുന്ന നാടകകൃത്ത് ഒരര്‍ത്ഥത്തില്‍ എഴുത്തുകാരന്റെ അപരസ്വത്വം തന്നെയാണ് എന്നും
പറയാം.
വൈയക്തിക
ജീവിതത്തില്‍ ‘എങ്ങും കെണികളും ചതികളുമുള്ള’ ഇടത്തില്‍ ഒരാള്‍ ഏതു കോഫീ ഷോപ്പില്‍
പോകുന്നു, ആരുമായി ചങ്ങാത്തത്തിലാകുന്നു, ഏതു തരം കലാസ്വാദനത്തില്‍ ഏര്‍പ്പെടുന്നു എന്നൊക്കെയുള്ള
‘വല്യേട്ടന്‍’ (‘big brother’ -
1984- George Orwell) നിരീക്ഷണങ്ങള്‍
മുതല്‍ ഭൂതകാലവും പുരാണങ്ങളും വരെ സമാനതകള്‍ തേടാവുന്ന ചരിത്രദുരന്തമാണ് നോവലിന്റെ
ലോകം. ഓര്‍ഫിയൂസ് മിത്ത് മാത്രമല്ല, കലിഗുലയേയും സ്കാന്‍ഡര്‍ബര്‍ഗിനെയും പോലുള്ള സ്വേച്ഛാധിപതികളെയും എന്‍വര്‍ ഹോസ
ഭരണത്തിന്റെ പ്രഭാവകാലത്തോട് ചേര്‍ത്തു വിവരിക്കുന്നുണ്ട്. സ്റ്റെഫായുടെ
നാടകത്തില്‍ പ്രേതാത്മാവ് താന്‍ നിശ്ചയിക്കുന്ന ക്രമത്തില്‍മാത്രം ഗോചരനായി
കഥാഗതിയെ നിയന്ത്രിക്കുന്നുണ്ട്. അത് കോടതിയില്‍ ഹാജരാകുകയും സാക്ഷിപറയുകയും
ചെയ്യുന്നുണ്ട്. ആ പ്രേതഭാഷണം കൊലയാളിക്ക് കേള്‍ക്കാനാവില്ല; അതുപോലെ കൊലയാളിയോടുള്ള അതിന്റെ വാക്കുകള്‍ ജൂറിക്കും.
“ആയിരക്കണക്കിനു കൊല്ലങ്ങളായി ഒരു നാടകകൃത്തും പ്രേതത്തിന്റെ രൂപത്തെ ഈ രീതിയില്‍
മാറ്റിപ്പണിഞ്ഞിട്ടില്ല. അതൊരു ഉപരിപ്ലവ മാറ്റമായിരുന്നില്ല – ഒരു പ്രേതത്തെ പാതി
നീരാവിയും പാതി വസ്തുവും ആക്കുന്നതുപോലെ, അല്ലെങ്കില്‍ ഒരു ഡിന്നര്‍ ജാക്കറ്റും ഗ്യാസ് മാസ്ക്കും അണിയിക്കുന്നതുപോലെ –
അത് അടിസ്ഥാനപരമായ ഒരു പുനര്‍വിഭാവനമായിരുന്നു. അദ്ദേഹത്തിന്റെ പ്രേതം ഇരട്ട
പ്രകൃതിയായിരിക്കും.” കദാരെ സ്വയമൊരു ഇരട്ട പ്രകൃതിയാണെന്നും തന്നില്‍ തന്നെയുള്ള
വിരുദ്ധദ്വന്ദ്വത്തെ ആവിഷ്കരിക്കുന്ന എഴുത്തുകാരനാണെന്നും നോവല്‍
സൂചിപ്പിക്കുന്നുണ്ട്.
തിരിഞ്ഞുനോട്ടം
വിലക്കപ്പെട്ടയിടം
‘ബഹിഷ്കൃതയായ
പെണ്‍കുട്ടി’യില്‍ നോവല്‍തന്നെയും ഒരര്‍ത്ഥത്തില്‍ നിര്‍ണ്ണയിക്കുന്നത് മരിച്ചുപോയ
ഒരു പെണ്‍കുട്ടിയാണ്; അവളെ
ജീവിതത്തില്‍ കാണാനുള്ള ശ്രമമാണ്. ഓര്‍ഫിയൂസ് പുരാണം തീക്ഷ്ണമായ ഒരു
സ്വപ്നാനുഭവത്തിന്റെ ദൃശ്യത്തിലേക്ക് നോവലന്ത്യത്തില്‍ വിലയിപ്പിക്കുന്നതും ഇതോടു
ചേര്‍ത്തുകാണാം. ഇരട്ട ഡോസ് വാലിയം സൃഷിടിക്കുന്ന സ്വപ്നപ്രത്യക്ഷത്തില്‍ ലിന്‍ഡയോട്
സംഗമിക്കുന്ന റുഡിയാനോട് താന്‍
കന്യകയല്ലെന്നു പെണ്‍കുട്ടി പറയുന്നുണ്ട്; ആത്മസുഹൃത്ത് മിഗേനയില്‍ നിന്ന് അവള്‍ മറച്ചുവെച്ച ഏകസത്യം. എന്നാല്‍ ആ
ആദ്യത്തെയാള്‍ തന്റെ തന്നെ സൃഷ്ടിയായ മിസ്റ്റര്‍ റൈറ്റ് ഓഫ് (Mr.Right-Off) ആയിരുന്നുവെന്നും അയാളും താനും തമ്മിലുണ്ടായിരുന്നത് നന്മ
തിന്മ ദ്വയത്തിന്റെ ജീസസ് - ബറബ്ബാസ് പ്രതീകരൂപമായിരുന്നുവെന്നും റുഡിയാനറിയാം.
എങ്കിലും ‘ഒരതീത സ്പര്‍ശം’ (trans-touch) ആയി തന്നെ ആദ്യം തൊടുന്നത് റുഡിയാന്‍ തന്നെയാണെന്ന് അവള്‍ ഉറപ്പുകൊടുക്കുന്നു.
അതീതലോകം കടന്നു അയാളിലേക്കെത്താന്‍ നേരിടേണ്ടിവന്ന പ്രയാസങ്ങളെ കുറിച്ചുള്ള ലിന്‍ഡയുടെ
വിവരണങ്ങളിലും ഇന്‍ഫെര്‍നോ ബിംബ കല്‍പ്പന തുടരുന്നുണ്ട്: “നിന്റെ അരികിലേക്കണയുക
പ്രയാസമായിരുന്നു.. ശരിക്കും അസാധ്യം. എല്ലായിടത്തും മുള്‍വേലികള്‍ നീണ്ടുകിടന്നു, ഒരുപാട് നായ്ക്കള്‍, വല്ലാത്ത തണുപ്പും.” റുഡിയാന്‍ അപ്പോള്‍ അനുഭവിക്കുന്ന ഏകഭയത്തെ കുറിച്ച്,-‘നിന്നെ നഷ്ടപ്പെടുമോ എന്നത് മാത്രം’- പറയുന്ന നിമിഷം
സ്വപ്നം അവസാനിക്കുന്നു. വീണ്ടുമൊരിക്കല്‍കൂടി ഈ യൂറിഡീസ് മിന്നായം
അയാളിലെത്തുന്നതോടെയാണ് നോവല്‍ അവസാനിക്കുന്നതും. ഏറെ നാളത്തെ
കാത്തിരിപ്പിനൊടുവില്‍ തന്റെ നാടകം അരങ്ങേറവേ, അതെതുടര്‍ന്ന് പുസ്തകം ഓട്ടോ ഗ്രാഫ് ചെയ്തുകിട്ടാനുള്ള ആരാധകരുടെ ക്യൂവിലാണ്
അയാള്‍ക്ക് ആ സര്‍റിയല്‍ അനുഭവം ഉണ്ടാകുക. മുഖം നോക്കാതെ ആരാധകര്‍ക്ക് വേണ്ടി
ഒപ്പിട്ടു കൊടുക്കുന്നതിനിടെ അവളുടെ ചോദ്യമെത്തുന്നു: എന്റെ പേര് ലിന്‍ഡ ബി.
ഇതെനിക്ക് വേണ്ടി ഒപ്പിട്ടു തരാമോ?
“ഒരു അപ്രതിരോധ്യമായ ആഗ്രഹം, ഉരുകിയ മെഴുകിന്റെ കടല്‍പോലെ, ഭൂഗോളത്തിന്റെ ഒരു പാതിയെ മൂടാന്‍ വരുന്നു, അതയാളുടെ ശരീരത്തെയാകെ പ്രളയത്തിലാഴ്ത്തി. അതേസമയം, വിവേകം മൂടല്‍മഞ്ഞിലൂടെ സ്വയം വ്യക്തമാകാന്‍ പൊരുതി. അരുത്, അവളെ നഷ്ടപ്പെടെണ്ടതില്ലെങ്കില്‍.... അരുത്, ഒടുവില്‍ ഒരുതവണകൂടി അയാള്‍ തന്നോടുതന്നെ പറഞ്ഞു. നിന്റെ
ആഗ്രഹവും ആസക്തിയും എത്രതന്നെ തീക്ഷ്ണമാണെങ്കിലും, അത് ചെയ്യരുത്. ആ തെറ്റ് ആവര്‍ത്തിക്കാതിരിക്കാനുള്ള കല്‍പ്പന
ഇപ്പോഴും പ്രാബല്യത്തിലുണ്ടായിരുന്നു. അയാള്‍ അനുസരിച്ചു.. അയാള്‍ അന്ധനെന്നോണം
പുസ്തകം ഉയര്‍ത്തി.. ഒരു നിമിഷം അവരുടെ തണുത്ത വിരലുകള്‍ ആ ഇരുണ്ട ശൂന്യതയില്‍
തൊട്ടു.”
എന്‍വര്‍ ഹോസ ഭരണകാലത്തിനു
ശേഷവും തുടര്‍ന്ന വിചിത്രമായ ‘internment’ (അഭ്യന്തര ബഹിഷ്കരണം) നിയമപ്രകാരം ബഹിഷ്കരണ കാലാവധിക്കുള്ളില്‍ മരിച്ചുപോകുന്ന
ആളുടെ ജഡംപോലും കാലാവധി കഴിയുംവരെ അംഗീകൃത പ്രദേശത്തുതന്നെ സൂക്ഷിക്കണം
എന്നതുകൊണ്ട് നീണ്ട കാത്തിരിപ്പിന് ശേഷമാണ് ലിന്‍ഡയുടെ ഭൗതികാവശിഷ്ടം അവളുടെ
അഭീഷ്ടപ്രകാരം ടിറാനയിലേക്ക് കൊണ്ടുപോകാന്‍ കുടുംബത്തിനു കഴിയുന്നത്. അതിനു
ശേഷമായത് കൊണ്ടാണോ ദുരൂഹമായ ആ സ്പര്‍ശനമുഹൂര്‍ത്തം -സ്വപ്നസംഗമ ഘട്ടത്തില്‍ അവള്‍
പറയുന്ന അതീത സ്പര്‍ശ (trans-touch) ത്തിന്റെ സര്‍റിയലിസ്റ്റിക് ആവര്‍ത്തനം– സാധ്യമാകുന്നത്?
നോവലും പ്രതിരോധവും
സ്വയം
പീഡിതനാവുമ്പോഴും - അത് ആത്യന്തികമായ ഒരു ‘പാര്‍ട്ടി’ സുരക്ഷിതത്വ ഉറപ്പിന്റെ
തണലില്‍ ആണെങ്കിലും- ഭരണകൂട പീഡനത്തിനിരയാകുന്ന ഇതര സഹജീവികളോടുള്ള മാനുഷിക
ഉത്തരവാദിത്തം കലയിലൂടെ, ഭാഷയിലൂടെ
ആവിഷ്കരിക്കുന്ന മനുഷ്യ കഥാനുഗായിയായി എഴുത്തുകാരന്‍ മാറുന്നതു ആത്മരക്ഷയുടെ
അനുരജ്ഞനങ്ങളിലാണോ നിങ്ങളിലെ എഴുത്തുകാരന്‍ എന്ന വിമര്‍ശകരുടെ ചോദ്യത്തിനുള്ള
കദാരെയുടെ മറുപടി കൂടിയായി കാണാം. മരിച്ചു പോയവരോടൊപ്പം, മരണത്തോടും അതിന്റെ നിഴലിനോടും ഒപ്പം ജീവിക്കുക എന്നതില്‍
ആത്മീയമുക്ത ഭൗതികജീവിത കാര്‍ക്കശ്യങ്ങളുള്ള സോഷ്യലിസ്റ്റ് റിയലിസത്തോടുള്ള
എഴുത്തുകാരന്റെ പ്രതിഷേധവും കണ്ടെടുക്കാം. മുപ്പത്തിയെട്ടാം വയസ്സില്‍ മരിച്ച മികച്ച കവിയായിരുന്ന പുഷ്കിനേക്കാള്‍
കുറഞ്ഞ കവിയെങ്കിലും കാല്‍പ്പനിക സങ്കല്‍പ്പങ്ങളിലെ മൃത്യുവാഞ്ചയെ കൂടുതല്‍
തൃപ്തിപ്പെടുത്തിയ, ഇരുപത്തിയേഴാം
വയസ്സില്‍ കൊല്ലപ്പെട്ട ലെര്‍മണ്ടോവിനെ ആരാധിച്ചിരുന്നതിനെ കുറിച്ച് റുഡിയാന്‍ ഓര്‍ക്കുന്നുണ്ട്.
“ക്ലാസിക്കല്‍ ട്രാജഡിയും മിത്തും എങ്ങനെയാണ് സ്റ്റേറ്റിനോട് വ്യക്തിക്കുണ്ടാവേണ്ട
കൂറും ചതിയുമെന്ന, ദൗത്യങ്ങളും
കടമകളുമെന്ന പ്രശ്നങ്ങളുടെ പ്രകൃതത്തെ കുറിച്ചുള്ള അവയുടെ ഉള്‍ക്കാഴ്ച
വെച്ചുകൊണ്ട് സമകാലിക ഭരണവ്യവസ്ഥകളില്‍ വ്യക്തികളുടെ പരിതോവസ്ഥയെ കുറിച്ചുള്ള
നിരീക്ഷങ്ങള്‍ നടത്തുന്നത് എന്നത് കദാരെ നിരന്തരം പരിഗണിക്കുന്ന” വിഷയമാണ് എന്ന്
ഇയാന്‍ സാന്‍സം നിരീക്ഷിക്കുന്നു. (A Girl in Exile by Ismail Kadare
review – learning to live with the dead- theguardian.com, Ian
Sansom) അല്‍ബേനിയന്‍ കമ്യൂണിസ്റ്റ് ഭരണത്തോട്
നേരിട്ടിടഞ്ഞു ഫയറിംഗ് സ്ക്വാഡിനു മുന്നില്‍ ഒടുങ്ങിപ്പോവാതിരിക്കാന്‍ കൂടിയുള്ള
വഴിയുമായിരുന്നു കദാരെക്ക് ഈ അന്യാപദേശവല്‍ക്കരണം; ഒപ്പം ഗ്രീക്ക് പുരാണങ്ങളുടെ ഉപയോഗം അല്‍ബേനിയന്‍ ഭാഷയ്ക്ക് ക്ലാസിക്കല്‍
ഗ്രീക്കിനോടുള്ള പുരാതന ബന്ധംകൂടി അടയാളപ്പെടുത്തുന്നു. കാഫ്കെയസ്ക് എന്നതിലേറെ
വിക്റ്റര്‍ സെര്‍ജ്ജിന്റെയും (Victor Serge- റഷ്യന്‍ അനാര്‍ക്കിസ്റ്റ്, പില്ക്കാലം
ബോള്‍ഷെവിക്കുകളോടു ചേര്‍ന്ന് കോമിന്റെണിനു വേണ്ടി ജേണലിസ്റ്റും എഡിറ്ററും വിവര്‍ത്തകനും
ആയി പ്രവര്‍ത്തിച്ചു.) യൂജിന്‍ അയനെസ്കൊയുടെയും അസംബന്ധ ബോധമാണ് ഈ നോവലില്‍
കദാരെയെ സ്വാധീനിച്ചതെന്ന് വില്ല്യം ഗിരാല്‍ഡി നിരീക്ഷിക്കുന്നു. (William
Giraldi -washingtonpost.com).
കദാരെയുടെ
ഇതര നോവലുകളോടു ചേര്‍ത്തുവെച്ചു നിരീക്ഷിക്കാവുന്ന പ്രകൃതങ്ങള്‍ ‘ബഹിഷ്കൃതയായ പെണ്‍കുട്ടി’യില്‍ പ്രകടമാണ്. ദുരൂഹമായ അന്വേഷണങ്ങളും പൊരുളറിയാത്ത ഭീഷണ
സാന്നിധ്യങ്ങളും കദാരെ കൃതികളില്‍ ആവര്‍ത്തിക്കുന്ന പ്രമേയങ്ങളാണ്. സമകാലിക ബാള്‍ക്കന്‍
സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ദി ആക്സിഡെന്റ് എന്ന കൃതിയില്‍, കാറപകടത്തില്‍ കൊല്ലപ്പെടുന്ന ഒരു പുരുഷന്റെയും ഏറെ പ്രായം
കുറഞ്ഞ യുവതിയുടെയും പുരാവൃത്തവുമായി കെട്ടുപിണഞ്ഞാണ് പ്രമേയം വികസിക്കുന്നത്.
‘ലീഡറു’ടെ പാത്ര സൃഷ്ടിയിലെ വൈചിത്ര്യങ്ങള്‍ നേരിട്ട് ‘സ്വപ്നങ്ങളുടെ കൊട്ടാര’ത്തെ
ഓര്‍മ്മിപ്പിക്കുന്നുണ്ട്. ആളുകളുടെ അബോധത്തെപോലും ഭയപ്പെടുന്ന ഭ്രാന്തമായ സര്‍വ്വാധിപത്യക്രമം
സ്വപ്നങ്ങളെ നിരീക്ഷിക്കാനും അതുപയോഗിച്ചു ദേശത്തിന്റെ ഭാവിയും വെല്ലുവിളികളും
നിര്‍ണ്ണയിക്കാനുമുള്ള വിചിത്ര കേന്ദ്രമായാണ് കോട്ടയെ വിഭാവനം ചെയ്യുന്നത്.
‘ബഹിഷ്കൃതയായ പെണ്‍കുട്ടി’യിലെ ലീഡര്‍ക്കും ആളുകളുടെ സ്വപ്നങ്ങളെ കുറിച്ച് സമാനമായ
വിഭ്രാമക ഭയപ്പാടുണ്ട്. നാടകകൃത്ത് മരിച്ചുപോയവളെ വിവാഹം കഴിക്കാന്‍
ആഗ്രഹിക്കുന്നുവെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ വിവരണം വിചിത്രമായി ലീഡര്‍
കണ്ടെത്തുന്നു.
“അയാള്‍ക്ക് വേണ്ടി എനിക്കെന്തു ചെയ്യാനാവുമെന്നു നിങ്ങള്‍ ചോദിച്ചേക്കാം.
അപരലോകത്തു നിന്ന് അയാള്‍ക്കൊരു വധുവിനെ കൊണ്ട് കൊടുക്കാന്‍ എനിക്കാവില്ല.
എനിക്കാകെ ചെയ്യാനാവുക അയാളെ തന്റെ വധുവിന്റെ അരികിലേക്ക് അയക്കുകയെന്നതാണ്. ..
പക്ഷെ ഇല്ല.. ഞാന്‍ എഴുത്തുകാര്‍ക്കുവേണ്ടി നിലകൊള്ളുന്നു, അവര്‍ക്ക് വട്ടാണെങ്കിലും.”
എന്നാല്‍ മഹാമനസ്കതക്ക് പിന്നില്‍
റുഡിയാന്‍ ഒരാവശ്യമാണ് എന്ന ബോധ്യമുണ്ടെന്ന് വ്യക്തമാണ്. വര്‍ഗ്ഗശത്രുക്കള്‍
വേറെയാണ്. അത് ഒരിക്കലും നടന്നിട്ടില്ലാത്തതെന്നു രഹസ്യമായി
തിരിച്ചറിയപ്പെട്ടിട്ടുള്ള പ്ലീനങ്ങളില്‍ തുറന്നുകാട്ടപ്പെട്ട നാറ്റോ ചാരന്മാര്, ഗൂഡാലോചനക്കാര്‍, കത്തോലിക്കാ പുരോഹിതര്‍, ഇതര
തെമ്മാടികള്‍ എന്നിവരൊക്കെയാണ്; സ്റ്റേറ്റ്
അംഗീകരിക്കുന്ന സാഹിത്യസൃഷ്ടികളിലെ വില്ലന്‍ കഥാപാത്രങ്ങള്‍.
ഭാഷയെ ആദ്യം വരുതിയിലാക്കുകയും പിന്നീട് ബോധങ്ങളെ നിയന്ത്രിക്കുകയും ചെയ്യുക എന്ന സര്‍വ്വാധിപത്യക്രമങ്ങളില്‍ അനുവര്‍ത്തിക്കുന്ന രീതി കദാരെയുടെ രചനകളില്‍ പല രീതിയില്‍, അങ്ങേയറ്റം രക്തം മരവിപ്പിക്കുന്ന ദുരൂഹതകള്‍ക്കും അതിനിങ്ങേയറ്റം ശുദ്ധ അസംബന്ധത്തിനും വിഷയമാകാറുണ്ട്. ‘സ്വപ്നങ്ങളുടെ കൊട്ടാര’ത്തിലെ കേന്ദ്ര കഥാപാത്രം ഒരര്‍ഹതയുമില്ലാതെ തികച്ചും ദുരൂഹമായ രീതിയില്‍ തനിക്കു ലഭിച്ചു കൊണ്ടിരുന്ന നിര്‍ണ്ണായക സ്ഥാനങ്ങളിലേക്കുള്ള ഉദ്യോഗക്കയറ്റത്തിന്റെ പൊരുള്‍ തേടുമ്പോഴൊക്കെ ഒരു പല്ലവി പോലെ പറയപ്പെടുന്നു, “നീ ഞങ്ങള്‍ക്ക് യോജിച്ചവനാണ്.” തന്റെ നേരെ നടത്തുന്ന ദുരൂഹ അന്വേഷണത്തെ കുറിച്ച് ചോദിക്കുന്ന സ്റ്റെഫായോടു “പ്രത്യേകിച്ച് കാരണമൊന്നുമില്ല” എന്ന പല്ലവിയാണ് പോളിറ്റ്ബ്യൂറോ അംഗങ്ങള്‍ ആവര്‍ത്തിക്കുന്നത്. ഒരു ഘട്ടത്തില്‍ അന്വേഷകന്‍ സ്റ്റെഫായോടു പറയുന്നുണ്ട്: “സത്യസന്ധമായി, എനിക്ക് നിങ്ങളെ മനസ്സിലാകുന്നില്ല.” റുഡിയാന്‍ മറുപടി പറയുന്നു, “എനിക്ക് നിങ്ങളെയും മനസ്സിലാകുന്നില്ല.” പഴകി വിലകെട്ട പ്രയോഗങ്ങളും നോവലില്‍ സൂക്ഷ്മ പരിഹാസത്തിനു വിധേയമാകുന്നുണ്ട്. നോവലന്ത്യത്തില്‍ നേരിട്ട് പ്രത്യക്ഷനാകുന്ന സാക്ഷാല്‍ എന്‍വര്‍ ഓജയുടെ പ്രതിരൂപമായ ലീഡര്‍ ആര്‍ക്കും മനസ്സിലാകാത്ത വിനിമയ മൂല്യങ്ങളില്ലാത്ത വാക്കുകള്‍ ഉരുവിടുന്നതും പ്രഭൃതികള്‍ അവ വിശുദ്ധമെന്ന രീതിയില്‍ മനസ്സിലാക്കുന്നതായി നടിക്കുന്നതും ഈ അസംബന്ധത്തിന്റെ ഏറ്റവും വക്രീകരിച്ച പ്രയോഗമാണ്. വ്യക്തിബോധമെന്നത് ഫലത്തില്‍ നിലനില്‍ക്കുന്നില്ലാത്ത അമൂര്‍ത്ത സംഘബോധത്തിന്റെ പശ്ചാത്തലത്തില്‍, ആത്മാവ്, ആത്മ ബോധം, മനസ്സ് എന്നിവ തികച്ചും അസ്ഥാനത്താണ്. ഗുഡ് മോണിംഗ് എന്നതിന് പകരം ‘അധ്വാനത്തിന് സ്തുതി’ എന്നു അഭിവാദ്യം ചെയ്യേണ്ടി വരുന്ന കഥാപാത്രങ്ങളാണ് റുഡിയാന്‍ എഴുതുന്ന നാടകത്തില്‍. ഇത്തരം ഒരു സമൂഹത്തില്‍ കല എങ്ങനെയാണ് അസാധ്യമാകുന്നത് എന്ന ചോദ്യത്തെയാണ് പാര്‍ട്ടി കമ്മിറ്റിയിലെ അരസികന്മാരുടെ കാരുണ്യം കാത്തു കിടക്കുന്ന അയാളുടെ കയ്യെഴുത്തുപ്രതി അടയാളപ്പെടുത്തുന്നത്.
(ആഖ്യാനങ്ങളുടെ
ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 124-131)
More on Ismail Kadare:
Dictiator Calls
https://alittlesomethings.blogspot.com/2024/07/dictator-calls-by-ismail-kadare.html
Three Arched Bridge and Palace of Dreams by Ismail Kadare
https://alittlesomethings.blogspot.com/2015/06/blog-post.html
The Three-Arched Bridge by Ismail Kadare
https://alittlesomethings.blogspot.com/2014/12/sacrifice-in-blood-sacrifice-of-breast.html
The Palace of Dreams by Ismail Kadare
https://alittlesomethings.blogspot.com/2014/11/spectral-visions-of-dictatorships.html
No comments:
Post a Comment