Featured Post

Showing posts with label Albanian Fiction. Show all posts
Showing posts with label Albanian Fiction. Show all posts

Friday, April 11, 2025

A Girl in Exile by Ismail Kadare/ John Hodgson

 സര്‍വ്വാധിപത്യത്തിലും യൂറിഡീസ് പ്രണയാര്‍ദ്രയാണ്.



(അല്‍ബേനിയന്‍ എഴുത്തുകാരന്‍ ഇസ്മില്‍ കദാരെയുടെ  A Girl in Exile നോവലിനെ കുറിച്ച്. ഓര്‍ഫിയൂസ് – യൂറിഡീസ് പുരാണത്തിന്റെ സ്വകീയമായ പ്രയോഗത്തിലൂടെ അല്‍ബേനിയന്‍ കമ്മ്യൂണിസ്റ്റ് നാളുകളുടെ പശ്ചാത്തലത്തില്‍ സര്‍വ്വാധിപത്യത്തിന്റെ ഒരു അന്യാപദേശകഥ സൃഷ്ടിക്കുകയാണ് നോവലിസ്റ്റ്.)

സമകാലിക അല്‍ബേനിയന്‍ സാഹിത്യത്തിലെ ഏറ്റവും പ്രാമാണികമായ പേരാണ് ഇസ്മായില്‍ കദാരെയുടേത്. പ്രഥമ മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്കാരം ഉള്‍പ്പടെ അന്താരാഷ്‌ട്ര അംഗീകാരങ്ങള്‍ തേടിയെത്തിയിട്ടുള്ള കദാരെ നോബല്‍ പുരസ്കാര പരിഗണനയില്‍ എപ്പോഴും ഉയര്‍ന്നു കേള്‍ക്കുന്ന പേരാണ്. പോസ്റ്റ്‌ മോഡേന്‍ സാംസ്കാരിക സങ്കലനങ്ങളുടെ നിയത ദേശീയസ്വത്വമില്ലായ്മയുടെ കാലത്തും അല്‍ബേനിയന്‍ സ്വത്വം തന്റെ പ്രവാസ ജീവിതത്തിലും തുടരുന്ന എഴുത്തുകാരന്‍ എന്ന നിലയില്‍ കദാരെയുടെ രാഷ്ട്രീയ ഉത്കണ്ഠകള്‍ ആധുനിക അല്‍ബേനിയന്‍ ചരിത്രത്തിലെ ഏറ്റവും ഭീകര കാലഘട്ടമായഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയുടെ ദേശ ചരിത്രം അടയാളപ്പെടുത്തിയനാലു പതിറ്റാണ്ട് നീണ്ടുനിന്ന എന്‍വര്‍ ഓജാ ഭരണത്തിന്റെ സ്റ്റാലിനിസ്റ്റ് ഭീകരതയുമായി ചേര്‍ത്തുവെച്ചു തന്നെയാണ് പരിഗണിക്കേണ്ടത്. പ്രസ്തുത ഭരണത്തില്‍  ഒരു ഘട്ടത്തില്‍ സഹകാരിയും മന്ത്രിസഭാ അംഗവും ആയിരുന്ന കദാരെസര്‍വ്വാധിപത്യവും സര്‍ഗ്ഗ സൃഷ്ടിയും തമ്മില്‍ സന്ധി സാധ്യമല്ല എന്ന തിരിച്ചറിവിലാണ് പ്രവാസ വഴി തെരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതനായത്. കമ്മ്യൂണിസ്റ്റ് കാലഘട്ടത്തില്‍ അദ്ദേഹം ഒരു വിമതനായിരുന്നോ അതോ വിധേയനായിരുന്നോ എന്ന വിമര്‍ശനത്തിന് ഫയറിംഗ് സ്ക്വാഡിനു മുന്നിലേക്ക് ഒരു വിഡ്ഢിയെ പോലെ പാഞ്ഞു ചെന്നിട്ടില്ലെങ്കിലും തന്റെ പുസ്തകങ്ങള്‍ തന്റെ ചെറുത്തുനില്‍പ്പു തന്നെയായിരുന്നു എന്ന് കദാരെ വിശദീകരിച്ചിട്ടുണ്ട്. കാഫ്കെയസ്ക് കഥകളും പേടിസ്വപ്നാന്തരീക്ഷമുള്ള അന്യാപദേശ ചരിത്രാഖ്യായികകളും സ്വന്തം രീതിയില്‍ രചിക്കപ്പെട്ട മിസ്റ്ററികളുമായി കദാരെ തന്റെ സര്‍ഗ്ഗ സൃഷ്ടി തുടരുന്നു.

വിചിത്ര ബന്ധങ്ങള്‍

മാസ്റ്റര്‍പീസുകള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട രചനകളില്‍ തന്നെ നിരന്തരം മുഴുകുന്ന കദാരെയുടെ നിരാശപ്പെടുത്തിയ കൃതിയായിരുന്ന ‘The File on H’ - നു ശേഷം പുറത്തുവന്ന നോവലാണ് അദ്ദേഹത്തിന്റെ ഏതൊരു മികച്ച കൃതിയോടും താരതമ്യം ചെയ്യാവുന്ന കൃതിയും വിവര്‍ത്തകന്‍ ജോണ്‍ ഹോഗ്സണിനോട് ചേര്‍ന്നുള്ള നാലാമത് പുസ്തകവുമായ A Girl in Exile.  ഈ കൂട്ടുകെട്ടിലെ മുന്‍ കൃതികളെ (The Accident, The Three-Arched Bridge, The Traitor’s Nicheപോലെത്തന്നെ ഫ്രഞ്ച് പരിഭാഷയെ ആശ്രയിക്കാതെ അല്‍ബേനിയന്‍ മൂലത്തില്‍ നിന്ന് നേരിട്ടാണ് ഇംഗ്ലീഷിലേക്ക് മൊഴി മാറ്റിയിട്ടുള്ളത് എന്നത് അല്‍ബേനിയന്‍ സര്‍ഗ്ഗാന്തരീക്ഷം നിലനിര്‍ത്തുന്നതിന് ഏറെ സഹായകമായിട്ടുണ്ടെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. .........

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/a-girl-in-exile-by-ismail-kadare-john-hodgson

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 124-131)

More on Ismail Kadare:

Dictiator Calls

https://alittlesomethings.blogspot.com/2024/07/dictator-calls-by-ismail-kadare.html

Three Arched Bridge and Palace of Dreams by Ismail Kadare

https://alittlesomethings.blogspot.com/2015/06/blog-post.html

The Three-Arched Bridge by Ismail Kadare

https://alittlesomethings.blogspot.com/2014/12/sacrifice-in-blood-sacrifice-of-breast.html

The Palace of Dreams by Ismail Kadare

https://alittlesomethings.blogspot.com/2014/11/spectral-visions-of-dictatorships.html


Friday, February 14, 2025

The Traitor's Niche by Ismail Kadare / John Hodgson

     The Traitor’s Niche: അധികാരം, ആചാരം, പങ്കാളിത്തം 

ഇസ്മായിൽ കാദരെയുടെ The Traitor’s Niche, അദ്ദേഹത്തിന്‍റെ കേന്ദ്രപ്രമേയമായ  സമഗ്രാധിപത്യത്തിന്റെ പ്രകൃതത്തെയും അധികാരപ്രയോഗത്തെയും ഭരണകൂടത്തിന്റെ നിയന്ത്രണ സംവിധാനങ്ങളിൽ വ്യക്തികൾ കുടുങ്ങിപ്പോകുന്ന സങ്കീർണ്ണ വഴികളെയും കുറിച്ച് ആഴത്തില്‍ നിരീക്ഷിക്കുന്ന കൃതിയാണ്. രാജ്യദ്രോഹിയുടെ വധശിക്ഷ നടപ്പിലാക്കല്‍ പ്രക്രിയയെ കേന്ദ്രീകരിച്ചുള്ള തീക്ഷ്ണമായ ആഖ്യാനത്തിലൂടെ, അധികാരം സുസ്ഥിരമാക്കുന്നതിന് ഭരണകൂടം കണ്ടെത്തുന്ന ജുഗുപ്സാവഹമായ വഴികള്‍ നോവല്‍ അനാവരണം ചെയ്യുന്നു. ഭയം, ദൃശ്യം, നിരന്തര നിരീക്ഷണം (fear, spectacle, and surveillance) എന്നീ ഉപാധികള്‍ ആചാരബദ്ധമായ പ്രയോഗമായിത്തീരുകയാണ് ഇവിടെ. സ്റ്റേറ്റിന്റെ സര്‍വ്വവ്യാപിയായ സാന്നിധ്യത്തിനുള്ളില്‍,  അടിച്ചമര്‍ത്തലിന്റെ ചാക്രിക സ്വഭാവവും അത്തരം സാഹചര്യങ്ങളില്‍ ജീവിക്കേണ്ടിവരുന്ന മനുഷ്യര്‍ നേരിടുന്ന നൈതിക അവ്യക്തതകളുമാണ് നോവലിന്റെ ശ്രദ്ധാകേന്ദ്രം. അധികാരം, ആചാരം, കര്‍തൃത്വം എന്നിവയുടെ പരസ്പരവിനിമയങ്ങള്‍ നോവല്‍ അവതരിപ്പിക്കുന്നതെങ്ങനെ എന്ന അന്വേഷണത്തില്‍, അച്ചടക്കം, ദൃശ്യം (discipline and spectacle) എന്നിവയുടെ പങ്കിനെ കുറിച്ചുള്ള മിഷേൽ ഫൂക്കോയുടെ ആശയങ്ങള്‍ പ്രസക്തമാണ്.  

ചരിത്ര പശ്ചാത്തലവും രാഷ്ട്രീയ ഉപമയും

ഒരു രാഷ്ട്രീയ ആലിഗറി എന്ന നിലയില്‍ നോവലിന്റെ ചരിത്ര പശ്ചാത്തലം പ്രധാനമാണ്. രാഷ്ട്രീയ അടിച്ചമര്‍ത്തല്‍, കമ്യൂണിസ്റ്റ് ചേരികള്‍ തന്നെയായിരുന്ന സോവിയറ്റ് യൂണിയനും ബീജിങ്ങും ഉള്‍പ്പടെ ഇതരദേശങ്ങളില്‍ നിന്നുള്ള സമ്പൂര്‍ണ്ണമായ വേര്‍പെട്ടുനില്‍ക്കല്‍, പ്രത്യയശാസ്ത്ര നിയന്ത്രണം എന്നിവ അടയാളപ്പെടുത്തിയ, എന്‍വര്‍ ഓജയുടെ സ്റ്റാലിനിസ്റ്റ് സര്‍വ്വാധിപത്യം അതിന്റെ പാരമ്യത്തിലായിരുന്ന എഴുപതുകളിലാണ് നോവല്‍ രചിക്കപ്പെട്ടത്‌. ഓജാ ഭരണം, എല്ലാതരം ബാഹ്യ സ്വാധീനങ്ങളെയും സംശയത്തോടെ നിരീക്ഷിക്കുകയും ഉദ്യോഗസ്ഥ തലങ്ങളില്‍ കൂടെക്കൂടെ ‘ശുദ്ധീകരണ പ്രക്രിയ അരങ്ങേറുകയും ചെയ്തുവന്നു. നോവലില്‍, രാജ്യദ്രോഹം ആരോപിക്കപ്പെടുന്നവര്‍ക്കുമേല്‍ നടത്തപ്പെടുന്ന വധശിക്ഷയും ശിരസ്സു പ്രദര്‍ശനവും, ഓജാ ഭരണത്തില്‍, സ്റ്റേറ്റിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണം നടപ്പിലാക്കാനും ഭയം അടിച്ചേല്‍പ്പിക്കാനുമായി ആചാരം പോലെ നടന്നുവന്ന പരസ്യ വധശിക്ഷകളുടെയും പ്രഹസന വിചാരണകളുടെയും പതിപ്പായിരുന്നു.

സര്‍വ്വാധിപത്യവും സര്ഗ്ഗസൃഷ്ടിയും ഒരുമിച്ചു പോകില്ലെന്ന് കൃത്യമായും മനസ്സിലാക്കിയിരുന്ന കദാരെ നേരിട്ട വെല്ലുവിളി, ഫയറിംഗ് സ്ക്വാഡിന് മുന്നില്‍ ഒടുങ്ങാതെ എങ്ങനെ തന്റെ പ്രതികരണം രേഖപ്പെടുത്താം എന്നതായിരുന്നു. ആലിഗറിയുടെയും പ്രതീകാത്മകതയുടെയും അകലം ഒരേസമയം ആ സുരക്ഷ തേടലും ഒപ്പം നിശിതമായ പ്രതികരണവും ആയിത്തീരുകയാണ്  അദ്ദേഹത്തിന്‍റെ കൃതികളില്‍. ആ നിലക്ക്, വ്യക്തി എന്ന നിലയിലും അല്‍ബേനിയ നേരിട്ട രാഷ്ട്രീയ സാഹചര്യം എന്ന നിലയിലുമുള്ള കദാരെയുടെ പ്രതികരണമായി നോവലിനെ കാണാനാകും. എന്നാല്‍, അത്തരം സവിശേഷ പശ്ചാത്തലങ്ങള്‍ക്കപ്പുറം സാര്‍വ്വലൌകിക മാനങ്ങളിലേക്ക് വളരുന്നവയാണ് സര്‍വ്വാധിപത്യ ക്രമങ്ങളെ കുറിച്ചുള്ള കദാരെയുടെ നിരീക്ഷണങ്ങള്‍. നോവലിലെ രാജ്യദ്രോഹിയുടെ ചിത്രം, ഭരണകൂടത്തോട് കൂറുപുലർത്തുന്നവർ അഭിമുഖീകരിക്കുന്ന അപകടങ്ങളുടെ പ്രതീകാത്മകപ്രതിഫലനമാണ് -പലപ്പോഴും ജീവിതത്തെയും മരണത്തെയും നിയന്ത്രിക്കുന്ന സർവവ്യാപിയായ ഭരണകൂടത്തിനു മുന്നിൽ അതവരുടെ നാശത്തിലേക്ക് നയിക്കുന്നു.

 

അധികാരം: ആചാരവും, ദൃശ്യവും

ബൈറന്‍, നെപ്പോളിയന്‍ തുടങ്ങിയ കാലിക സൂചനകളിലൂടെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യകാലമെന്നു വ്യക്തമാക്കപ്പെടുന്ന കഥാ കാലത്തില്‍ ഒരു സൂര്യനസ്തമിക്കാത്ത സാമ്രാജ്യമായി (“the empire was larger than the night. People said that when dusk fell at one end, dawn rose at the other”) അവതരിപ്പിക്കപ്പെടുന്ന “മൂന്നു വന്‍കരകള്‍, ഇരുപത്തിയൊമ്പത് ജനപഥങ്ങള്‍, ആറു മതങ്ങള്‍, നാല് വംശീയതകള്‍, നാല്‍പ്പതു ഭാഷകള്‍ എന്നിവ ഉള്‍കൊള്ളുന്നത്” (“encompassing three continents, twenty-nine peoples, six religions, four races, and forty languages”) എന്ന് വിവരിക്കപ്പെട്ട ദേശവിവരണത്തില്‍ ഓട്ടോമന്‍ സാമ്രാജ്യത്തെ കണ്ടെത്താന്‍ വിഷമമില്ല. തലക്കെട്ടിന്റെ ഉറവിടം, പ്രതിഷേധസ്വരങ്ങളുടെ വിലയെന്താകും എന്ന് പ്രജകളെ നിരന്തരം ഓര്‍മ്മിപ്പിക്കാന്‍ പാകത്തില്‍ ദേശവിരുദ്ധരുടെ അറുത്തെടുത്ത തല പ്രദര്‍ശിപ്പിക്കുന്ന മണ്ഡപമാണ്. രണ്ടു മുഖ്യകഥാപാത്രങ്ങള്‍, മണ്ഡപത്തിന്റെ കാവല്‍ക്കാരനായ അബ്ദുള്ള, സുല്‍ത്താന്റെ കല്‍പ്പനപ്രകാരം സാമ്രാജ്യത്തിന്റെ ഏതുഭാഗത്തും നടപ്പിലാക്കപ്പെടുന്ന വധാശിക്ഷയെ തുടര്‍ന്ന് ഇറുത്തെടുക്കപ്പെടുന്ന ശിരസ്സ്‌ കുതിരപ്പുറത്തു മണ്ഡപത്തില്‍ എത്തിക്കുകയെന്ന ദൌത്യമുള്ള രാജദൂതന്‍ തുന്ത് ഹത എന്നിവരാണ്. നോവല്‍ പ്രധാനമായും പിന്തുടരുന്നത്, അലി പാഷയെന്ന അല്‍ബേനിയന്‍ വിമതന്റെ കലാപശ്രമവും കീഴടക്കലും അലിയുടെ ശിരസ്സ്‌ മണ്ഡപത്തില്‍ എത്തിക്കല്‍ ദൌത്യവുമാണ്. ഒരു ചാക്രികതയില്‍, ഹുര്‍ഷിദ് പാഷയും ബുഗ്രഹന്‍ പാഷയും അതേ വിധിയിലെത്തും, അബ്ദുള്ളയും ഒട്ടും വൈകില്ല എന്ന സൂചന, അതും ഒടുവിലത്തേതാകില്ല എന്നും വ്യക്തമാക്കുന്നു.

‘രാജ്യദ്രോഹി’യെ പരസ്യമായി വധിക്കുന്നതിലൂടെ പ്രകടമാകുന്ന അധികാരത്തിന്റെ ആചാരവൽക്കരണമാണ് നോവലിന്റെ കാതൽ. നേരിട്ടുള്ള അക്രമത്തിലൂടെ മാത്രമല്ല, ദൃശ്യരൂപത്തിലൂടെയും അധികാരം പ്രയോഗിക്കപ്പെടുന്നു. രാജ്യദ്രോഹിയുടെ മരണം ഒരു സ്വകാര്യ കാര്യമല്ല, മറിച്ച് ഭരണകൂടത്തിന്റെ സർവ്വശക്തിയെ ഓർമ്മപ്പെടുത്തുന്ന വളരെ ആസൂത്രിതമായ ഒരു ‘സംഭവ’മാണ്. ഭരണകൂടം, സര്‍വ്വാധിപത്യനിയന്ത്രണം നിലനിർത്താനുള്ള ശ്രമത്തിൽ, ‘രാജ്യദ്രോഹി’യുടെ വധശിക്ഷയെ അഭേദ്യതയുടെ പ്രതിച്ഛായ സൃഷ്ടിക്കാനും പൌരന്റെ ജീവിതത്തെ മാത്രമല്ല മരണത്തെയും നിയന്ത്രിക്കാനുമുള്ള അധികാരം വിളംബരപ്പെടുത്താനും വേണ്ടി ഉപയോഗിക്കുന്നു എന്നുമാത്രമല്ല, അത് കൃത്യമായി ദൃശ്യപ്പെടുത്തുകയും ചെയ്യുന്നു.  ഈ ആചാരബദ്ധത, ഏകാധിപത്യത്തിൽ അധികാരം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന്റെ പ്രതീകമാണ്: ഇവിടെ ധാരണയും കാഴ്ചയും അധികാരപ്രയോഗം പോലെത്തന്നെ പ്രധാനവുമാണ്.  വധശിക്ഷ ഒരു പൊതു പരിപാടിയാക്കി മാറ്റുന്നതിലൂടെ, ജനങ്ങൾ അതിന്റെ ശക്തിയെക്കുറിച്ച് നിരന്തരം ഓർമ്മിക്കുന്നുവെന്ന് ഭരണകൂടം ഉറപ്പാക്കുന്നു. രാജ്യദ്രോഹിയുടെ വധശിക്ഷ, (form of discipline), ധിക്കാരത്തിന്റെ അനന്തരഫലങ്ങൾ ചിത്രീകരിച്ചുകൊണ്ട് സാമൂഹിക അനുരൂപതയെ (social conformity) ശക്തിപ്പെടുത്തുന്ന അച്ചടക്കത്തിന്റെ ഒരു രൂപമായി വർത്തിക്കുന്നു. അധികാരം കേവലം ബലപ്രയോഗത്തിലൂടെ പ്രയോഗിക്കാനുള്ള കഴിവിലല്ല, മറിച്ച് അത് ദൃശ്യമാക്കാനുള്ള (spectacle) കഴിവിലാണ് സ്റ്റേറ്റ് നിലക്കൊള്ളുന്നത്‌. ആളുകള്‍ നിരന്തര നിരീക്ഷണത്തിലാണ് എന്ന് ഉറപ്പു വരുത്തലും പ്രതികാരനടപടി ഏതു നിമിഷവും സാധ്യമാണ് എന്ന് ഓര്‍മ്മിപ്പിക്കലും ആണത്.

പാനോപ്റ്റിസിസത്തെയും അച്ചടക്കത്തെയും (Discipline & Punish -  Panopticism’) കുറിച്ചുള്ള മിഷേൽ ഫൂക്കോയുടെ ആശയങ്ങൾ ഈ ദൃശ്യപ്പെടുത്തല്‍ ആശയത്തെ വ്യക്തമാക്കുന്നു. ആധുനിക സമൂഹങ്ങളിലെ അധികാരം, നേരിട്ടുള്ള ബലപ്രയോഗത്തിലൂടെ എന്നതിലേറെ, സ്റ്റേറ്റ് നിരീക്ഷണത്തിന്റെ ആന്തരവൽക്കരണത്തിലൂടെ (internalization of surveillance) പ്രവർത്തിക്കുന്നുവെന്ന് ഫൂക്കോ വാദിക്കുന്നു - അവിടെ ആളുകൾ അവരുടെ പെരുമാറ്റം ക്രമീകരിക്കുന്നു, കാരണം അവർ നിരന്തരം നിരീക്ഷിക്കപ്പെടുന്നുവെന്ന് അവർ വിശ്വസിക്കുന്നു. കാദരെയുടെ നോവലിൽ, ആചാരവല്‍ക്കരിച്ച വധശിക്ഷയും ശിരസ്സിന്റെ പരസ്യമായ പ്രദർശനവും പ്രസ്തുത നിയന്ത്രണത്തിനുള്ള ഒരു ഉപാധിയായിത്തീരുന്നു, അത് ജനങ്ങളെ ചകിതരാക്കുക മാത്രമല്ല, സ്റ്റേറ്റിന്റെ ആധിപത്യം അംഗീകരിക്കാൻ മാനസികമായി അവരെ ഒരുക്കിയെടുക്കുയും ചെയ്യുന്നു.

പാത്രസൃഷ്ടി, പങ്കാളിത്തം

നോവലിലെ കഥാപാത്രങ്ങൾ, വ്യക്തികൾ ഭരണകൂട നിയന്ത്രണത്തിന്റെ ഇരകളും നടത്തിപ്പുകാരുമാകുന്ന വൈരുധ്യം ചിത്രീകരിക്കുന്നു. ‘രാജ്യദ്രോഹി മണ്ഡപ’ത്തിന്റെ കാവൽക്കാരനായ അബ്ദുള്ളയിലൂടെ, കുടിലകൃത്യങ്ങളില്‍ വിധേയത്വവും പങ്കാളിത്തവും ആവശ്യപ്പെടുന്ന ഒരു വ്യവസ്ഥിതിയിൽ ജീവിക്കുന്നതിന്റെ ധാർമ്മിക പ്രതിസന്ധിയെ കാദരെ നിരീക്ഷിക്കുന്നു. അബ്ദുല്ല തലയറുക്കല്‍ പ്രക്രിയയുടെ ഒരു നിഷ്ക്രിയ നിരീക്ഷകനല്ല, മറിച്ച് സജീവ പങ്കാളിയാണ്, ആചാരം വള്ളിപുള്ളി തെറ്റാതെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കലാണ് അയാളുടെ  ചുമതല. കടമയും മനഃസാക്ഷിയും തമ്മില്‍ അയാളുടെ ഉള്ളില്‍ നടക്കുന്ന പോരാട്ടം, വ്യവസ്ഥിതിയുടെ കുടിലതകളില്‍ മനുഷ്യന്റെ പങ്കാളിത്തമെന്ന വലിയ പ്രമേയത്തെയാണ്‌ ആവിഷ്കരിക്കുന്നത്. വ്യക്തികൾ, അവരുടെ ഏറ്റവും സാധാരണമായ പദവികളിൽ പോലും, ഭരണകൂടത്തിന്റെ അടിച്ചമർത്തൽ നയങ്ങളില്‍ എങ്ങനെ കൊരുക്കപ്പെടുന്നു എന്നതിന്റെ പ്രതീകമാണ് അയാളുടെ അവസ്ഥ. സര്‍വ്വാധിപത്യത്തിൻ കീഴിൽ ജീവിക്കുന്നവർ അഭിമുഖീകരിക്കുന്ന പ്രയാസകരമായ തിരഞ്ഞെടുപ്പുകളുടെ പ്രതിഫലനമാണ് അയാളുടെ പ്രവര്‍ത്തികള്‍. ഇവിടെ, വ്യക്തിയുടെ മനഃസാക്ഷി വ്യവസ്ഥയോടു കൂറുപുലര്‍ത്തേണ്ടതിന്റെ സംഘര്‍ഷം സദാ നേരിടുന്നു.

വധിക്കപ്പെട്ട ദേശദ്രോഹികളുടെ തലകള്‍ ദേശത്തിന്റെ വിദൂര ഭാഗങ്ങളില്‍ നിന്ന് ‘മണ്ഡപത്തില്‍ എത്തിക്കേണ്ട ചുമതലയുള്ള തുന്ത്‌ ഹത, ഭരണകൂട നിയന്ത്രണത്തിന്റെ ബ്യൂറോക്രാറ്റിക് ഉപകരണമാണ്. അക്രമത്തിൽ നേരിട്ട് ഉൾപ്പെട്ടിട്ടില്ലെങ്കിലും, വിവരങ്ങൾ കൈമാറുന്നതിൽ അയാളുടെ പങ്ക് ഒരു ഏകാധിപത്യ ഭരണകൂടത്തിന്റെ പ്രവർത്തനത്തിൽ ആശയവിനിമയവും ബ്യൂറോക്രസിയും വഹിക്കുന്ന പ്രാധാന്യത്തെ അടിവരയിടുന്നു. എല്ലായ്‌പ്പോഴും അക്രമത്തിൽ നേരിട്ട് പങ്കാളികളാകാത്ത വ്യക്തികളുടെ ശൃംഖലയിലൂടെ അധികാരം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന്റെ രൂപകങ്ങളായി ഈ കഥാപാത്രങ്ങൾ വർത്തിക്കുന്നു. സ്വന്തം ലാഭത്തിനു വേണ്ടി വഴിനീളെ അതീവരഹസ്യമായി ‘പ്രദര്‍ശനം നടത്തുന്ന അയാള്‍, ഇത്തരം സംവിധാനങ്ങളുടെ ഭാഗമാകുന്നവരില്‍ പടിപടിയായി സംഭവിക്കുന്ന ധാര്‍മ്മികപാപ്പരത്തത്തെ പ്രതിനിധാനം ചെയ്യുന്നു. സ്വയം ഭരണകൂട ഭീകരതയുടെ ഇരകളായിരിക്കുമ്പോഴും ജുഗുപ്സാവഹമായ ഒരു നോട്ടത്തിനുവേണ്ടി ഇല്ലാത്ത പണം മുടക്കുന്ന ജനതയും വിചിത്ര മനോനിലകളുടെ ഉടമകള്‍ത്തന്നെ.

അബ്ദുള്ള, തുന്ത്‌ ഹത എന്നിവരെക്കൂടാതെ, അലി പാഷ ടെപലീനയെയും ബർഗ്രാൻ പാഷയുയെയും പോലുള്ള ചരിത്രപുരുഷന്മാരും നോവലിൽ പ്രധാന കഥാപാത്രങ്ങളാണ്. അവരുടെ രാഷ്ട്രീയ വൈരാഗ്യം അധികാരത്തിന്റെ അസ്ഥിരതയും ദുർബലതയും വ്യക്തമാക്കുന്നു. വ്യക്തിപ്രഭാവവും നേതൃ പാടവവും തികഞ്ഞ അലിപാഷ, അധികാരം നിലനിര്‍ത്താന്‍ ആവശ്യമായ ഭയം സൃഷ്ടിക്കാനും ഒപ്പം ജനതയുടെ കൂറു നേടിയെടുക്കാനും കഴിഞ്ഞ ഭരണാധികാരിയാണ്. ബുർഗ്രാൻ പാഷയുമായുള്ള അദ്ദേഹത്തിന്റെ മത്സരം, രാഷ്ട്രീയ പോരാട്ടങ്ങളുടെ ചാക്രികത  വ്യക്തമാക്കുന്നു. അവിടെ അധികാരം നിരന്തരം മാറിമറിയുന്നു; ഏറ്റവും സുസ്ഥിരമെന്നു തോന്നിച്ച ഭരണകൂടങ്ങളെപ്പോലും ആന്തരികവും ബാഹ്യവുമായ ശക്തികൾ അസ്ഥിരപ്പെടുത്തുന്നു. അലിപാഷയുടെ പതനം, അല്‍ബേനിയയുടെ പതനത്തിലും ഓട്ടോമന്‍ സാമ്രാജ്യത്തിലെ അന്തിമ ലയനത്തിലും കലാശിക്കുന്നു.

പ്രതിരോധത്തിന്റെ പ്രതീകാത്മക തലങ്ങള്‍

പ്രാഥമികമായി അധികാരത്തിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതാണെങ്കിലും, നോവല്‍ പ്രതിരോധത്തിന്റെ ചിത്രങ്ങളും മുന്നോട്ടുവെക്കുന്നുണ്ട് -തികച്ചും ദുരന്തപര്യവസായിയെങ്കിലും.  ഏകാധിപത്യ സമൂഹത്തിൽ കലാപം പലപ്പോഴും വ്യർഥം മാത്രമല്ല സ്വയം വിനാശകരവുമാകുന്ന ഒന്നാണ് എന്നു വ്യക്തമാക്കുന്നതിലൂടെ, ചെറുത്തുനിൽപ്പില്‍ അന്തർലീനമായ ദുരന്തത്തെ നോവൽ അടിവരയിടുന്നു. രാജ്യദ്രോഹിക്കുള്ള ആചാരബദ്ധമായ ശിക്ഷ, ഭരണകൂടത്തിന് ഏതു ചെറുത്തുനിൽപ്പിനെയും സ്വന്തം ലക്ഷ്യങ്ങൾ നിറവേറ്റുന്ന ഒരു ‘ദൃശ്യ’മാക്കിമാറ്റാൻ കഴിയുമെന്ന് വ്യക്തമാക്കുന്നു.

കലാപത്തോടുള്ള സമീപനത്തില്‍ നോവലിന്റെ അവ്യക്തത, കാദരെയുടെ സ്വന്തം ജീവിതത്തിന്റെയും രാഷ്ട്രീയ സാഹചര്യങ്ങളുടെയും പശ്ചാത്തലത്തിൽ മനസ്സിലാക്കാം. എൻവർ ഓജയുടെ അടിച്ചമർത്തൽ ഭരണത്തിൻകീഴിൽ ജീവിച്ച കാദരെ, സമഗ്രാധിപത്യത്തിന്റെ സാക്ഷി മാത്രമല്ല, അവയെ നേരിടുകയും അതിജീവിക്കുകയും ചെയ്യേണ്ട അവസ്ഥയിലായിരുന്നു. വ്യവസ്ഥിതിയുടെ സഹകാരിയെന്ന് പരസ്യമായി വിമർശിക്കപ്പെട്ടപ്പോഴും, അദ്ദേഹത്തിന്റെ കൃതികള്‍ അദ്ദേഹത്തിന്‍റെ പ്രതികരണം തന്നെയാണ്. അടിച്ചമർത്തലിനു കീഴില്‍ ജീവിക്കുന്നതിന്റെ ധർമ്മസങ്കടങ്ങൾക്ക് കദാരെ ലളിതപരിഹാരമൊന്നും വാഗ്ദാനം ചെയ്യുന്നില്ല. എന്നാല്‍, ഭരണകൂടത്തിന്റെ ബലം, കുടിലതകളിലെ പങ്കാളിത്തത്തിന്റെ ധാര്‍മ്മികത, ചെറുത്തുനില്‍പ്പ് തുടങ്ങി കര്‍തൃത്വം നിഷേധിക്കപ്പെടുന്ന സാഹചര്യത്തെ കുറിച്ച് അത് തീക്ഷ്ണമായി ഓര്‍മ്മിപ്പിക്കുന്നു. ആത്യന്തികമായി, അടിച്ചമർത്തൽ വ്യവസ്ഥകൾക്ക് കീഴിലുള്ള അസ്തിത്വത്തിന്റെ ധാർമ്മിക സങ്കീർണ്ണതകളെ പ്രതിഫലിപ്പിക്കുന്നതിലാണ് കാദരെയുടെ കൃതിയുടെ മാന്ത്രികത സ്ഥിതി ചെയ്യുന്നത്.  

അലി പാഷയുടെ പതനത്തെ തുടര്‍ന്ന് സമ്പൂര്‍ണ്ണമായും ഓട്ടോമന്‍ അധീനത്തിലാകുന്ന ദേശത്തെ ജനതയ്ക്ക് എന്തു സംഭവിച്ചു എന്ന, സാധാരണ അധിനിവേശകീഴടക്കല്‍, കീഴടങ്ങല്‍ നരേറ്റിവുകളില്‍ കടന്നുവരാത്ത ചോദ്യത്തിലേക്ക് കദാരെ ഊന്നുന്നത്, നോവലിനെ അപൂര്‍വ്വവും വ്യത്യസ്തവുമായ ഒരു തലത്തിലേക്ക് ഉയര്‍ത്തുന്നുണ്ട്. സാമ്രാജ്യത്വ താല്പര്യത്തിനുമുന്നില്‍ ജീവിതക്രമം തന്നെ മാറ്റിമറിക്കപ്പെടുകയാണ് നിശബ്ദരും കീഴടക്കപ്പെട്ടവരുമായ ജനതയ്ക്ക്. സാംസ്കാരികവും ചരിത്രപരവും വേഷത്തിലും എന്ന് തുടങ്ങി ഭാഷാപരം പോലുമായ അഴിച്ചുപണികള്‍ക്ക് വിധേയരാകുന്ന അവര്‍ക്ക് അവരുടെതായിരുന്ന അത്തരം ഘടകങ്ങള്‍ നഷ്ടമാകുന്നു. അധിനിവേശ ശക്തിയുടെ അനുമതിയുള്ള ഭാഷയിലെ ഏതാനും വാക്കുകള്‍ കൊണ്ട് രണ്ടാംതരം പൗരന്മാരായി കഴിയേണ്ടി വരുന്ന അവസ്ഥ, ഓര്‍വെല്ലിന്റെ 1984 പോലുള്ള ഡിസ്റ്റോപ്പിയന്‍ ആഖ്യനങ്ങളുടെ ധ്വനികള്‍ ഉള്‍കൊള്ളുന്നു. മാനസിക തലത്തില്‍, കീഴാളത്തം ആന്തരവല്‍ക്കരിക്കപ്പെടുകയും പ്രതിഷേധസ്വരങ്ങളൊന്നും കൂടാതെയുള്ള, സര്‍വ്വാധിപത്യം ആവശ്യപ്പെടുന്ന സമ്പൂര്‍ണ്ണ വിധേയത്വത്തിലേക്ക് അതവരെ പാകപ്പെടുത്തുകയും ചെയ്യുന്നു. സക്രിയമായ പ്രതിരോധ സാധ്യതയെ നിഷ്ക്രിയ അതിജീവന മനോഭാവമാക്കി പരിവര്‍ത്തിപ്പിക്കുക എന്ന സര്‍വ്വാധിപത്യ തന്ത്രം, പ്രതിഷേധസ്വരത്തെ കുറിച്ച് സ്വപ്നം കാണുന്നതിനുപോലും, വിന്‍സ്റ്റന്‍ സ്മിത്തിനു സംഭവിക്കുന്നപോലെ, വിലയൊടുക്കേണ്ട സാഹചര്യമാണ് സൃഷ്ടിക്കുക. കദാരെയുടെ The Palace of Dreams ഈ അവസ്ഥയെ കൂടുതല്‍ ആഴത്തില്‍ പരിശോധിക്കുന്നുണ്ട് എന്നതും, ആ നോവലിനും The Three-Arched Bridge എന്ന നോവലിനുമൊപ്പം ഒരു ‘അല്‍ബേനിയന്‍ ട്രിലജി ആയി ‘ദേശവിരുദ്ധരുടെ മണ്ഡപം പരിഗണിക്കപ്പെടുന്നു എന്നതും പ്രസ്താവ്യമാണ്. ചരിത്രം എന്നത്, കീഴടക്കലിന്റെയും തുടച്ചുനീക്കലിന്റെയും ഭീഷണമായ ചാക്രികതയുടെ ദുസ്വപ്നമായിത്തീരുന്ന കദാരെയുടെ ആഖ്യാനം, ഓര്‍വെല്‍ കൃതിയെപോലെ ഒരു ഫ്യൂച്ചറിസ്റ്റിക്ക് ഡിസ്റ്റോപ്പിയയല്ല എന്ന വ്യത്യാസവുമുണ്ട് . അതൊരു ജീവിച്ചുതീര്‍ത്ത അനുഭവം തന്നെയാണ് – സാര്‍വ്വലൌകിക മാനങ്ങളുള്ള ഒരു ചരിത്ര നോവല്‍. കിരാതമായ ബലപ്രയോഗത്തിലൂടെ മാത്രമല്ല, ആചാരവല്കരിച്ച അധീശത്തത്തിലൂടെയും പതിയെപ്പതിയെ  ഓര്‍മ്മകള്‍ മായ്ച്ചുകളയുന്നതിലൂടെയും അധികാരം ഉറപ്പിക്കപ്പെടുന്നു എന്നുകൂടി നോവല്‍ വ്യക്തമാക്കുകയാണ്.

അവലംബം:

“‘Panopticism’ from ‘Discipline & Punish: The Birth of the Prison.’” Race/Ethnicity: Multidisciplinary Global Contexts, vol. 2, no. 1, 2008, pp. 1–12. JSTOR, http://www.jstor.org/stable/25594995. Accessed 12 Jan. 2025

 Read More on Ismail Kadare:

The Ghost Rider by Ismail Kadare

https://alittlesomethings.blogspot.com/2024/10/the-ghost-rider-by-ismail-kadare.html

The General of the Dead Army by Ismail Kadare/ Derek Coltman

https://alittlesomethings.blogspot.com/2024/09/the-general-of-dead-army-by-ismail.html

A Girl in Exile by Ismail Kadare/ John Hodgson

https://alittlesomethings.blogspot.com/2015/06/blog-post.html

The Three-Arched Bridge by Ismail Kadare

https://alittlesomethings.blogspot.com/2014/12/sacrifice-in-blood-sacrifice-of-breast.html

The Palace of Dreams by Ismail Kadare

https://alittlesomethings.blogspot.com/2014/11/spectral-visions-of-dictatorships.html

Dictiator Calls

https://alittlesomethings.blogspot.com/2024/07/dictator-calls-by-ismail-kadare.html

Chronicle in Stone

https://alittlesomethings.blogspot.com/2024/07/chronicle-in-stone-by-ismail-kadare.html

Chronicle in Stone and The Accident by Ismail Kadare  

https://alittlesomethings.blogspot.com/2015/06/blog-post.html

Three Arched Bridge and Palace of Dreams by Ismail Kadare

https://alittlesomethings.blogspot.com/2015/06/blog-post.html

 The Pyramid by Ismail Kadare / Barbara Bray

https://alittlesomethings.blogspot.com/2025/02/the-pyramid-by-ismail-kadare-barbara.html

 

 

 

Sunday, February 9, 2025

The Pyramid by Ismail Kadare / Barbara Bray

സര്‍വ്വാധിപത്യത്തിന്റെ ദൃശ്യരൂപകം



ആധുനിക അല്‍ബേനിയന്‍ ചരിത്രത്തിലെ ഏറ്റവും ഭീകര കാലമായിരുന്ന എന്‍വര്‍ ഓജയുടെ കമ്യൂണിസ്റ്റ് നാളുകളില്‍, സര്‍വ്വാധിപത്യത്തിന്റെ ഇരയും സാക്ഷിയും പുരാവൃത്തകാരനുമായി ജീവിച്ച വ്യക്തിത്വമായിരുന്നു ഇസ്മയില്‍ കദാരെ എന്ന വലിയ എഴുത്തുകാരന്‍. സര്‍വ്വാധിപത്യത്തിന്റെ നനാപ്രകാരങ്ങളും അവയുടെ പ്രകടിത രൂപങ്ങളും ഐറണിയുടെയും സര്‍ക്കാസത്തിന്റെയും അകമ്പടിയുള്ള പാരബിളുകളിലൂടെയും തനതു ശൈലിയിലുള്ള കാഫ്കെയസ്ക് മിസ്റ്ററികളിലൂടെയും മിത്തും ചരിത്രവും ഫാന്റസിയും ഭ്രമകല്‍പ്പനകളും മാജിക്കല്‍ റിയലിസവും ഇടകലരുന്ന കുറെയേറെ നോവലുകള്‍, കവിതകള്‍, നിശിതമായ രാഷ്ട്രീയ ലേഖനങ്ങള്‍ വരെയുള്ള അതിവിപുലമായ തന്റെ എഴുത്തിലൂടെ അദ്ദേഹം ആവിഷ്കരിച്ചിട്ടുണ്ട്. ഓര്‍വെല്‍, കാഫ്‌ക തുടങ്ങിയ മഹാമേരുക്കളോടൊപ്പം ലോകസാഹിത്യത്തില്‍ ഇടംപിടിക്കുന്ന കദാരെയുടെ കൃതികളില്‍ അതിപ്രധാനമാണ് The Pyramid എന്ന,1980-കളുടെ മധ്യത്തില്‍ എഴുതിത്തുടങ്ങിയെങ്കിലും കമ്യൂണിസ്റ്റ് ഭരണം അപചയപ്പെട്ടു തുടങ്ങിയ ശേഷം1991-ല്‍ മാത്രം പുറത്തിറങ്ങിയ നോവല്‍.

നോവലിലേക്ക്:

ബി സി 2600-ല്‍ ഫറോവയയിരുന്ന ചിയോപ്സിന്റെ ഭരണത്തുടക്കത്തോടെയാണ് നോവല്‍ ആരംഭിക്കുന്നത്. പുതുതായി അധികാരത്തിലെത്തുന്ന ഫറോവ, പുരോഗമനോന്മുഖമായ ഒരു തീരുമാനം പ്രഖ്യാപിക്കുന്നു: ഇനിമുതല്‍ പിരമിഡുകള്‍ നിര്‍മ്മിക്കുകയോ മൃഗബലികള്‍ നടത്തുകയോ അരുത്. എന്നാല്‍, ആ തീരുമാനം പുനപ്പരിശോധിക്കണം എന്ന് അഭ്യര്‍ഥിക്കുന്ന ഉപദേശകര്‍, പിരമിഡുകള്‍ ജീവിതസ്മാരകങ്ങള്‍ മാത്രമല്ല, അധികാരത്തിന്റെ പ്രതീകം കൂടിയാണ് എന്ന് അദ്ദേഹത്തെ ഉപദേശിക്കുന്നു. ദാരിദ്ര്യമോ നൈലിലെ പ്രളയമോ പകര്‍ച്ചവ്യാധികളോ പോലുള്ള പ്രശ്നങ്ങളെക്കാളേറെ ഭയപ്പെടേണ്ടത് പ്രജകള്‍ക്കിടയില്‍ ക്ഷേമം കൂടുന്നതിനെയാണെന്നും, അത് അധികാരത്തെ ചോദ്യം ചെയ്യുന്ന സ്വാതന്ത്ര്യബോധത്തിന് വഴിമരുന്നിടും എന്നും അതുകൊണ്ട് അമിതമായ ഐശ്വര്യത്തിന് തടയിടാന്‍ വിഭവങ്ങളെ ഊറ്റുകയും പ്രജകളെ അമിതാധ്വാനത്തിന്റെ കുരുക്കില്‍ പെടുത്തുകയും വേണമെന്നും അവര്‍ ചിയോപ്സിനെ ബോധ്യപ്പെടുത്തുന്നു. പിരമിഡില്ലാതെ ഫറോവയില്ല, ഫറോവയില്ലാതെ വ്യവസ്ഥയും. അതുകൊണ്ട് പിരമിഡ് നിര്‍മ്മിച്ചേ ഒക്കൂ. ഒടുവില്‍ ചിയോപ്സ്‌ അത് സമ്മതിക്കുന്നു; എന്നുതന്നെയല്ല, പില്‍ക്കാലം, ഈ നാലു സഹ്സ്രാബ്ദവും മനുഷ്യനിര്‍മ്മിതിയിലെ ഏറ്റവും ഉയര്‍ന്നതായി നിലക്കൊണ്ട ആ ഒന്നിന്റെ നിര്‍മ്മാണത്തിനു ഉത്തരവിടുകയും ചെയ്യുന്നു. അതാണ് ഗിസായിലെ പിരമിഡ്.

എന്നാല്‍, നിര്‍മ്മാണം ആരംഭിക്കുന്നതോടെ അഭ്യൂഹങ്ങളും തുടങ്ങുകയാണ്: പിരമിഡിനെയും ചിയോപ്പിനെയും ഏതോ ശാപത്തില്‍ പെടുത്താനുള്ള ഒരു ഉപജാപം നടക്കുന്നുണ്ട്. സത്യമാമറ്റുചില അഭ്യൂഹങ്ങള്‍ പ്രകാരം, ഏതൊക്കെയോ തൊഴിലാളികള്‍ പിരമിഡിനകത്തെ രഹസ്യ ഇടനാഴികളെയും അറകളെയും കുറിച്ചുള്ള വിവരങ്ങള്‍ ശത്രുക്കള്‍ക്ക് ചോര്‍ത്തിനല്കാന്‍ പദ്ധതിയിടുന്നുണ്ട്.സത്യമായാലും അല്ലെങ്കിലും അത് തടഞ്ഞേ പറ്റൂ എന്നത് രാജ്യതന്ത്രമാണ്. പ്രസ്തുത ഉദ്ദേശത്തോടെ ചിയോപ്പ് നല്‍കുന്ന ഉത്തരവു പ്രകാരം നടത്തപ്പെടുന്ന അന്വേഷണത്തിന്റെ ഭാഗമായി കുഴിക്കുന്നവരും കല്ലുവെട്ടുന്നവരുമായ തൊഴിലാളികള്‍ വരെ വളഞ്ഞുപിടിക്കപ്പെടുന്നു. കൂട്ടത്തില്‍ പിരമിഡിന്റെ മുഖ്യശില്‍പ്പിയും മുഖ്യ കൊട്ടാര പുരോഹിതനുംപെടും. രഹസ്യ അറസ്റ്റുകളും പീഡനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ വന്നുതുടങ്ങുന്നതോടെ മുഴുവന്‍ ഇജിപ്തിലും മൌനം പടരുന്നു. ഭയത്തിലും വീറില്ലാത്ത അധ്വാനത്തിലുമായി  മരവിച്ചുപോയ നാട്ടുകാര്‍ നിശ്ശബ്ദരാകുന്നു. ദേശത്താകെ ഒരുതരം ചകിതാവസ്ഥയും ഭയജന്യമായ വ്യവസ്ഥാപിതത്വവും നടപ്പാകുന്നു. എന്നാല്‍ അതോടൊപ്പം ദേശീയ സുരക്ഷ, പരമാധികാരം തുടങ്ങിയ പാരനോയയും ഭ്രാന്തും ദേശത്തെ പിടിമുറുക്കുന്നു. പിരമിഡിന്റെ നിരകളുടെ എണ്ണം, പതിവിനു വിപരീതമായി മുകളില്‍ നിന്ന് താഴോട്ടു എണ്ണണമെന്ന രാജശാസന വലിയ അങ്കലാപ്പാണ് സൃഷ്ടിക്കുന്നത് മുകളറ്റം പണിതീര്‍ന്നിട്ടില്ലാത്തതു കൊണ്ട് ഏതു വരിയാണ് പണിയുന്നത് എന്ന് കണക്കെടുക്കുക ദുസ്സധ്യമാകുന്നു. എവിടെയാണ് ശാപകാരണമായ കളങ്കം എന്ന് തിട്ടപ്പെടുത്തുക അസാധ്യമാകുന്നു. നിര്‍മ്മിതിക്കിടെ ചെറുതും വലുതുമായ അപകടങ്ങളില്‍ പൊലിഞ്ഞുപോകുന്ന അടിമത്തൊഴിലാളികള്‍ വെറും അക്കങ്ങളായി ഒടുങ്ങുന്നതു കദാരെ വിവരിക്കുന്നുണ്ട്. നാടിനെയും നാട്ടുകാരെയും അക്ഷരാര്‍ത്ഥത്തിലും പ്രതീകാത്മകമായും പിരമിഡ് അടിപ്പെടുത്തുകയാണ്.

കദാരെ: സര്‍വ്വാധിപത്യത്തിന്റെ പുരാവൃത്തകാരന്‍ 

കദാരെയുടെ നിതാന്തപ്രമേയത്തിന്റെ ഏറ്റവും സമ്പൂര്‍ണ്ണമെന്നു പറയാവുന്ന ആവിഷ്കാരമായി ഈ നോവല്‍ പരിണമിക്കുന്നത് കാണാനാകും. ഭാഷാപ്രയോഗത്തിലെ ബോധപൂര്‍വ്വമായ പൌരാണികത, പാത്രാവിഷ്കാരത്തിലെ ആദിരൂപസ്വഭാവം, പ്രതീകാത്മകമായ കാലഘടന, തുടങ്ങിയ തന്ത്രങ്ങളിലൂടെ, പൌരാണിക ഇജിപ്ത്യന്‍ പശ്ചാത്തലത്തിന്റെ മറ പിടിച്ച് കമ്യൂണിസ്റ്റ് അല്‍ബേനിയയുടെ നിശിതമായ ആലിഗറി സൃഷ്ടിക്കുകയാണ് കദാരെ. എന്നാല്‍, അത് ഫറോവാനിക് ഇജിപ്ത്യന്‍/ കമ്യൂണിസ്റ്റ് അല്‍ബേനിയന്‍ യാഥാര്‍ത്ഥ്യം മാത്രമല്ലെന്നും, ലോകത്തെങ്ങും ഏതുകാലത്തും സംഭവിച്ചിട്ടുള്ള സമാന സര്‍വ്വാധിപത്യ ഭരണക്രമങ്ങളുടെ നേര്‍ച്ചിത്രം തന്നെയാണെന്നും നോവല്‍ കൃത്യമായും സ്ഥാപിക്കുന്നുമുണ്ട്. നാലായിരം കൊല്ലത്തിന്റെ അന്തരമുള്ള രണ്ടു കാലഘട്ടങ്ങളെ, സര്‍വ്വാധിപത്യത്തിന്റെ പഴക്കങ്ങളില്‍ രണ്ടു ധ്രുവങ്ങളായും എങ്കിലും സമാനമായും ദര്‍ശിക്കുന്നതിലൂടെ, അവക്കിടയിലും, ഇനി ഭാവിയിലും അതെല്ലാം ആവര്‍ത്തിക്കുക തന്നെ ചെയ്യുമെന്ന അമിതാധികാര പ്രയോഗങ്ങളുടെ ചാക്രികതയാണ് നോവലിസ്റ്റ് സൂചിപ്പിക്കുന്നത്. നോവലന്ത്യത്തിലെ അധ്യായത്തില്‍, ചിയോപ്സിന്റെ പിരമിഡിന് അവലക്ഷണം പിടിച്ച പാരഡിയായി തിമൂര്‍ തീര്‍ത്ത തലയോട്ടികളുടെ പിരമിഡ് വിവരിക്കപ്പെടുന്നതും, അതാണ് ഇജ്പ്തിലെ പിരമിഡിനെക്കാള്‍ ശ്രേഷ്ടമെന്ന് തിമൂര്‍ അഭിമാനിക്കുന്നതും തന്റെ പിന്‍ഗാമികള്‍ക്കും ഇതര മേധാവികള്‍ക്കും സമനമായവ സൃഷ്ടിക്കാന്‍ പ്രചോദനമാകുന്നതും കദാരെ അടയാളപ്പെടുത്തുന്നത്, സര്‍വ്വാധിപത്യത്തിന്റെ വിനാശകത അതിന്റെ വീര്യം കാലങ്ങളിലൂടെ വര്‍ദ്ധിപ്പിച്ചേയുള്ളൂ എന്ന ചരിത്രസത്യം അടിവരയിടുന്നു. ഇജിപ്തും അല്‍ബേനിയയയും എന്ന ചരിത്രപ്പഴമ, സമകാലികത എന്ന രണ്ടു ഘടകങ്ങളുടെ സര്‍വ്വാധിപത്യ സമവാക്യത്തിലേക്ക് അതേ ദുഷ്ടതയുടെ സാര്‍വ്വത്രികത എന്ന കൂടുതല്‍ വലിയ മൂന്നാമത്തെ ഘടകത്തെ ചേര്‍ത്തുവെക്കുകയാണ്‌ കദാരെ. സ്റ്റാലിന്റെ പഞ്ചവത്സര പദ്ധതികളും മാവോയുടെ മഹത്തായ കുതിച്ചുചാട്ടവും (Mao’s Great Leap Forward) പോലുള്ള ചരിത്രഘട്ടങ്ങള്‍ മുതല്‍ ഹോളോകോസ്റ്റ് കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകള്‍, പോള്‍പോട്ടിന്റെതു പോലുള്ള കൊലയറകള്‍ തുടങ്ങി ആധുനിക ചരിത്രത്തില്‍ പ്പോലും ഈ സമാനതകൾ പ്രകടമാണ്, അവിടെ മനുഷ്യത്വരഹിതമായ അധ്വാനവും പ്രചാരണവും അധികാരം ഉറപ്പിക്കാനുള്ള ഉപകരണങ്ങളായിരുന്നു.

സമ്പൂര്‍ണ്ണ ഏകാധിപത്യ ആശയങ്ങളില്‍ അപാകതകളുണ്ട് എന്ന ചിന്തയ്ക്ക് ഇടം നല്‍കുന്ന വിധത്തില്‍ ഫറോവ തന്നെ ആദ്യഘട്ടത്തില്‍ നല്‍കുന്ന പുരോഗമന സ്വാതന്ത്ര്യബോധം ഇജിപ്തുകാരെ ചോദ്യം ചെയ്യാന്‍ പ്രാപ്തരാക്കിയപോലെ, അഥവാ അങ്ങനെ കരുതാന്‍ കൊട്ടാര ഉപദേശകര്‍ക്ക് ന്യായമുണ്ടാക്കിയപോലെ, കദാരെയുടെ പുസ്തകം പ്രസിദ്ധീകരിച്ച വർഷമായ 1991 ആവുമ്പോഴേക്കും അൽബേനിയൻ കമ്മ്യൂണിസം ദുർബലമായാത്, ആ നാട്ടുകാര്‍ക്ക് മറ്റൊരു തരത്തിലുള്ള ജീവിതസാധ്യതയുടെ പ്രതീക്ഷ നൽകി. എന്നാല്‍, സര്‍വ്വാധിപത്യങ്ങളുടെ ചാലകനിയമങ്ങളില്‍ സ്വാതന്ത്ര്യസാധ്യത എന്ന ആശയം ഏട്ടിലെ പശു മാത്രമായിരുന്നു, എക്കാലത്തും. പരിഷ്കരണവാദികളായ നേതാക്കൾപ്പോലും അഴിമതിക്കും അധികാരഭ്രാന്തിനും വഴങ്ങുകയും അടിച്ചമർത്തൽ ലഘൂകരിക്കുന്നതിനു പകരം അത്  നിലനിർത്തുകയും മുമ്പില്ലാത്തവിധം തീവ്രമാക്കുകയും ചെയ്യുന്ന വ്യവസ്ഥാപിത സമ്മർദ്ദങ്ങളുടെയും സ്വേച്ഛാധിപത്യത്തിന്റെയും ചാക്രിക സ്വഭാവവും നോവൽ പരിശോധിക്കുന്നു. വലിയ ആശയങ്ങളോടെ തുടങ്ങിയ ചിയോപ്സ്‌ ഏറ്റവും വലിയ പിരമിഡിന്റെ സൃഷ്ടാവായപോലെ, തൊഴിലാളിവര്‍ഗ്ഗ മോചനമൊക്കെ സ്വപ്നം കണ്ട സോഷ്യലിസ്റ്റ്  ഭരണങ്ങള്‍ നിപതിച്ച ഭീകരതയുടെ ഐറണിയാണ് ഇവിടെ ഉന്നയിക്കപ്പെടുന്നത്‌.

പിരമിഡ്: അധികാരപ്രമത്തതയുടെ രൂപം

പിരമിഡ് പോലെയുള്ള വമ്പന്‍പദ്ധതികൾ അധികാരം ഉറപ്പിക്കുന്നതിനും അതിനാവശ്യമായ സാര്‍വത്രിക ഭയം ശക്തിപ്പെടുത്തുന്നതിനുമുള്ള ഉപകരണങ്ങളായി മാറുകയാണ്. ഒരുവശത്ത്‌ ഭരണാധികാരിയുടെ അനശ്വരതയെ പ്രതീകപ്പെടുത്തുന്ന അത്തരം പദ്ധതികള്‍, രാജകീയ അഭിലാഷങ്ങളുടെയും അവയ്ക്ക് നല്‍കപ്പെടുന്ന മാനുഷിക വിലയുടെയും അസംബന്ധവും വ്യക്തമാക്കുന്നു. പിരമിഡ് നിർമ്മിക്കാനുള്ള ചിയോപ്‌സിന്റെ തീരുമാനം സര്‍വ്വാധിപത്യ ഭരണകൂടങ്ങളുടെ മനുഷ്യത്വരഹിതമായ വമ്പന്‍ പദ്ധതികൾക്ക് സമാന്തരമാണ് എന്നുമാത്രംമല്ല, അത് സര്‍വ്വാധിപത്യത്തിന്റെ ഘടനാപരമായ പ്രതീകവുമായിത്തീരുന്നതും നോവലില്‍ വ്യക്തമാണ്‌. പിരമിഡ് ഘടന തന്നെ സമഗ്രാധിപത്യത്തിന്റെ ശ്രേണീബദ്ധഘടനയുടെ ദൃശ്യരൂപമായി മാറുന്നു. അതിന്റെ ജ്യാമിതീയ പൂർണ്ണത ഏകാധിപത്യ ഭരണകൂടങ്ങളുടെ ഉട്ടോപ്യൻ ആശയങ്ങളുടെ സാങ്കല്‍പ്പിക പൂര്‍ണ്ണതയെ പ്രതീകപ്പെടുത്തുന്നു. പിരമിഡിനായി ഉപയോഗിക്കപ്പെടുന്ന ഒരേ രൂപത്തില്‍ പരുവപ്പെടുത്തിയ ബ്ലോക്കുകള്‍, ജനാധിപത്യ സമൂഹങ്ങളുടെ മുഖമുദ്രകളായ വ്യക്തിത്വത്തിന്റെയും സ്വാഭാവികതയുടെയും നേരെ എതിര്‍ച്ചിത്രമായ ഏകശിലാ പ്രകൃതത്തിന്റെ ചിഹ്നമാണ്. കൂടാതെ, പിരമിഡിന്റെ യുക്തിരഹിതവും അവ്യക്തവും മനസ്സിലാക്കാൻ കഴിയാത്തതുമായ പ്രകൃതം, സ്വേച്ഛാധിപത്യത്തിന്റെ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നു, അവിടെ സ്വേച്ഛാധിപതിക്കും അയാളുടെ സില്‍ബന്തികള്‍ക്കും മാത്രമേ ഭരണകൂട നയങ്ങളുടെ ഉള്ളുകള്ളികള്‍ അറിയാനാകൂ. പ്രജകള്‍ എന്നും അടിയാളരായി തുടരുന്നുവെന്നും, ചോദ്യം ചെയ്യലോ, ഭരണകൂട തന്ത്രങ്ങളെ മനസ്സിലാക്കല്‍ പോലുമോ, അവരുടെ പരിധിയില്‍ വരുന്നില്ലെന്നും അവരുടെ അധ്വാനവും ദുരിതങ്ങളും അനുസ്യൂതം തുടരുമെന്നും അത് ഉറപ്പുവരുത്തുന്നു.

 

ചിയോപ്സിനെ ഒരു ക്രൂരനായ സ്വേച്ഛാധിപതിയായി വിശേഷിപ്പിച്ച ഹെറോഡൊട്ടസിനെ പിന്തുടര്‍ന്ന്, വ്യക്തി എന്നതിലേറെ, സര്‍വ്വാധിപത്യത്തിന്റെ ആദിരൂപമായി അദ്ദേഹത്തെ അവതരിപ്പിക്കുകയാണ് കദാരെ. സാർവത്രിക സ്വേച്ഛാധിപത്യ പ്രതീകമായ ഭരണാധികാരിയുടെ മനഃശാസ്ത്രത്തിലാണ് കദാരെയുടെ താല്പര്യം. തുടക്കത്തില്‍, ഭരണരംഗത്ത്‌ പുരോഗമനാത്മക ശ്രമങ്ങളില്‍ ബദ്ധശ്രദ്ധനായ ഫറോവയായി ചിത്രീകരിക്കപ്പെടുന്ന ചിയോപ്സ്, ഉപദേശകരുടെ സ്വാധീനത്തില്‍പെടുന്നതോടെ അതൊക്കെ വെറും യൗവ്വനസഹജമായ ആദര്‍ശപരതയായിരുന്നു എന്നു കയ്യൊഴിയുകയും അതിവേഗം ഏകാധിപത്യത്തിന്റെ അങ്ങേയറ്റത്തെ മാതൃകയായി അധപ്പതിക്കുകയും ചെയ്യുന്നു.  ലോകത്തിലെ എക്കാലത്തെയും ഏറ്റവും വലിയ പിരമിഡ് നിര്‍മ്മാണം അദ്ദേഹത്തിന്‍റെ അഭിനിവേശമായിമാറുകയും, അതദ്ദേഹത്തെ മെഗലോമാനിയയിലേക്കും തന്റെ ജനങ്ങളോടുള്ള വിദ്വേഷത്തിലേക്കും നയിക്കുകയും ചെയ്യുന്നു. അധികാരഭ്രാന്ത് ജനങ്ങളില്‍നിന്നും ഒറ്റപ്പെടുത്തുന്നു. പില്‍ക്കാലം, എൻവർ ഹോജ ഉൾപ്പെടെയുള്ള നിരവധി ചരിത്രവ്യക്തികളുടെ മാനസിക അസ്ഥിരതയും ഉപജാപക സമ്മർദ്ദങ്ങളും അടയാളപ്പെടുത്തിയ സ്വേച്ഛാധിപത്യത്തിലേക്കുള്ള അതേ പതനമാണ് അദ്ദേഹത്തില്‍ സംഭവിക്കുന്നത്‌. നിശ്ശബ്ദനായ ചിയോപ്സിന്റെ ദ്വിമാന സ്വഭാവം ഒരുവളേ, സ്ഫിങ്ക്സിനെ അനുസ്മരിപ്പിക്കുന്നു: കേവല ശക്തിയുടെ നിഗൂഢവും അവ്യക്തവുമായ പ്രകൃതം. ചിയോപ്സില്‍ വന്നുകൂടുന്ന, സമഗ്രാധിപത്യ നേതാക്കളെ പിടികൂടുന്ന പാരനോയയിലും അതുമൂലം നടപ്പിലാക്കപ്പെടുന്ന ‘ശുദ്ധീകരണ’ങ്ങളിലും (purges) ഇത് കാണാം. ഗൂഢാലോചനകൾ സംബന്ധിച്ച അഭ്യൂഹങ്ങള്‍, പിരമിഡിന്റെ രഹസ്യങ്ങൾ സംരക്ഷിക്കാനെന്ന പേരിലുള്ള അതിക്രമങ്ങൾ, പ്രധാന പുരോഹിതൻ, മുഖ്യ വാസ്തുശില്പി, പ്രവിശ്യാ അധികാരികൾ, മുഖ്യമേസൺമാർ എന്നിവര്‍പ്പോലും ഉന്മൂലനം ചെയ്യപ്പെടുന്ന ‘ശുദ്ധീകരണങ്ങൾ’- എൻവർ ഓജയുടെ കീഴിലുള്ള അധികാരപ്രയോഗങ്ങളിലും ഇതൊക്കെ പ്രകടമായിരുന്നു. ചിയോപ്‌സിന് പിന്നിൽ ഭരണത്തില്‍ രണ്ടാമനായിരുന്ന മുഖ്യ പുരോഹിതൻ ഹെമിനുവിന്റെ ദുരന്തത്തിനു സമാന്തരമായിരുന്നു അൽബേനിയൻ പ്രധാനമന്ത്രി മെഹ്‌മെത് ഷെഹുവിന്റെ ദുര്‍വ്വിധിയും. സര്‍വ്വാധിപത്യം നിതാന്തമാക്കുന്നതില്‍ ഉപദേശകരുടെയും ബ്യൂറോക്രസിയുടെയും പങ്ക് എന്നവിഷയം ഇത്രയുംവ്യക്തമായി സമീപിക്കുകയും ചരിത്രബന്ധിയായും കാലാതീതമായും അവതരിപ്പിക്കുകയും ചെയ്യുന്ന കൃതികള്‍ അപൂര്‍വ്വമാണ് എന്നതും കദാരെയുടെ നോവലിനെ വേറിട്ടുനിര്‍ത്തുന്നു. ബ്യൂറോക്രസിക്ക് ഒരു ഭരണാധികാരിയുടെ പ്രാരംഭ ഉദ്ദേശ്യങ്ങളെ എങ്ങനെ വളച്ചൊടിക്കാമെന്നും, വരുത്താമായിരുന്ന പരിഷ്കരണത്തെ അടിച്ചമർത്തൽ നയങ്ങളാക്കി മാറ്റാമെന്നും ഈ സമ്മര്‍ദ്ദതന്ത്രങ്ങള്‍ വ്യക്തമാക്കുന്നു. അൽബേനിയയിലെ സ്വേച്ഛാധിപത്യ ഉപദേഷ്ടാക്കളും സംവിധാനങ്ങളും തൽസ്ഥിതി (status quo) നിലനിർത്താൻ അടിച്ചമർത്തൽ ശാശ്വതമാക്കിയ രീതികൾ കദാരെ നേരിട്ടനുഭവിച്ചതാണ്. ഭൗതിക പൈതൃകങ്ങളിലൂടെയുള്ള അമർത്യതയെക്കുറിച്ചുള്ള കാദരെയുടെ പ്രതീകാത്മക വിമർശനം, ഡിജിറ്റൽ സ്ഥിരതയും പാരിസ്ഥിതിക പ്രതിസന്ധികളും അടയാളപ്പെടുത്തിയ ഒരു കാലഘട്ടത്തിൽ പുതിയ പ്രസക്തി നേടുന്നു. അധികാരം, ചൂഷണം, പൈതൃകങ്ങളുടെ ആത്യന്തിക നശ്വരത തുടങ്ങിയ ബാലാബലങ്ങളുടെ തീക്ഷ്ണമായ ഒരാഖ്യാനമായി കദാരെയുടെ കൃതി നിലക്കൊള്ളുന്നു.

ഡിക്റ്റേറ്റർ നോവല്‍:

ഏകാധിപത്യത്തത്തിന്റെ സങ്കീര്‍ണ്ണതകളെ ശക്തനായ ഒരു കേന്ദ്രകഥാപാത്രത്തിലൂടെ വീക്ഷിക്കുന്ന, ‘സ്വേച്ഛാധിപതി നോവല്‍’, അടിസ്ഥാനപരമായി ഒരു ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യ പ്രതിഭാസം ആണെങ്കിലും, ഇതര ലോകസഹിത്യത്തിലും അതിന്റെ പ്രഭാവം കാണാനാകും. ഏകാധിപതിയുടെ പ്രകൃതങ്ങള്‍, സമൂഹത്തില്‍ അയാളുടെ ഭരണത്തിന്റെ പ്രതിഫലനം, അധികാര ഘടനയെയും അതില്‍ എഴുത്തുകാരന്റെ പങ്കിനെയും കുറിച്ച്  അന്യാപദേശ രീതി ഉപയോഗിച്ചു നടത്തുന്ന വമാര്‍ശനം തുടങ്ങി ഇത്തരം കൃതികളില്‍ ഒട്ടേറെ പൊതുസ്വഭാവങ്ങള്‍ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

കാദരെയുടെ കൃതിയെ ഒരു ഡിക്റ്റേറ്റർ നോവലായി കണക്കാക്കാനാകുമെങ്കിലും, ഇവിടെ നോവലിസ്റ്റിന്റെ സമീപനം നേരിട്ടുള്ളതിനേക്കാൾ അന്യാപദേശ കഥയുടെതാണ്. സ്വേച്ഛാധിപത്യ ശക്തിയുടെ മനഃശാസ്ത്രത്തെയും സംവിധാനങ്ങളെയും നിശിതമായി നിരീക്ഷിക്കുന്നതാണ് നോവലിന്റെ കേന്ദ്ര പ്രമേയം. ഫറവോ ചിയോപ്‌സ് സാർവത്രിക സ്വേച്ഛാധിപതിയുടെ ആദിരൂപം ആയി വര്‍ത്തിക്കുന്നു. തുടക്കത്തിലെ ആദർശവാദത്തിൽ നിന്ന് അധികാരഭ്രാന്തിലേക്കും ക്രൂരതയിലേക്കുമുള്ള അദ്ദേഹത്തിന്റെ അപചയം, ചരിത്രത്തിലെ സ്വേച്ഛാധിപതികളായ എൻവർ ഓജ, സ്റ്റാലിൻ, തുടങ്ങിയവരെ പ്രതിഫലിപ്പിക്കുന്നു. അതേസമയം പിരമിഡിന്റെ നിർമ്മാണപ്രക്രിയ വീറില്ലാതെ തുടരുന്നത്, സമഗ്രാധിപത്യത്തിന്റെ അടിച്ചമര്‍ത്തല്‍ സംവിധാനമായി പ്രവർത്തിക്കുന്നു. അധികാരഭ്രാന്ത്‌, വ്യവസ്ഥാപിത ‘ശുദ്ധീരണങ്ങള്‍, ജനതയുടെ അപമാനവീകരണം (paranoia, systemic purges, and the dehumanization of the masses) തുടങ്ങിയ ഡിക്റ്റേറ്റർ നോവൽ പാരമ്പര്യത്തിന്റെ കേന്ദ്രപരിഗണനാ വിഷയങ്ങളെത്തന്നെയാണ് കാദരെ ഇവിടെ നിരീക്ഷിക്കുന്നത്. എന്നിരുന്നാലും, സ്വേച്ഛാധിപതിയുടെ ഏറ്റവും സ്വകാര്യമായ മനോവ്യാപാരങ്ങളില്‍ ഊന്നുന്ന പ്രസ്തുത നോവല്‍ പാരമ്പര്യത്തില്‍ നിന്നു വ്യത്യസ്തമായി, ഇവിടെ ജനതയുടെ കൂട്ടായ ദുരിതങ്ങളിലാണ് നോവലിസ്റ്റിന്റെ ഊന്നല്‍. ചിയോപ്സിനെ വ്യക്തിത്വമുള്ള കഥാപാത്രമെന്ന നിലയില്‍ ആഴത്തില്‍ പഠിക്കുന്നതിനുപകരം, ദ്വിമാനതയിലാണ് നോവലിസ്റ്റ് അവതരിപ്പിക്കുന്നത്‌.

ഡിക്റ്റേറ്റർ നോവല്‍ പാരമ്പര്യത്തിലെ ഇതരകൃതികളുമായി ചേര്‍ത്തുവായിക്കാനാകും കദാരെയുടെ കൃതിയെ. മാര്‍ക്കേസിന്റെ The Autumn of the Patriarch, യോസയുടെ The Feast of the Goat എന്നിവയുമായി പ്രമേയപരമായ സാദൃശ്യങ്ങള്‍ ഇവിടെ കാണാം. എകാധിപതികളെ കീഴ്പ്പെടുത്തുന്ന ഒറ്റപ്പെടല്‍, പാരനോയ തുടങ്ങിയ പ്രകൃതങ്ങളില്‍ ഇത് വ്യക്തമാണ്‌. മാര്‍ക്കേസിന്റെ കുലപതിയെപ്പോലെ തന്റെ താന്‍പോരിമയില്‍ (megalomania) ജനങ്ങളില്‍നിന്ന് ഒറ്റപ്പെടുന്ന ചിയോപ്സ്, യോസയുടെ റാഫേല്‍ ട്രുഹിയോയെ പോലെ അധികാരത്തിന്റെ ആത്മദൂഷണത്തിനു (corrupting influence) അതിവേഗം ഇരയാവുകയും ചെയ്യുന്നു. അഗുസ്തോ റോവ ബാസ്തോസിന്റെ ‘ഞാന്‍, പരമോന്നതന്‍ (I, the Supreme) ആണ് ഓര്‍മ്മിക്കാവുന്ന മറ്റൊരു കൃതി. ഭാഷയെ തന്ത്രപൂര്‍വ്വം ഉപയോഗിക്കുന്നതിലും ഏകാധിപത്യ ചെയ്തികള്‍ക്ക് ആചാരബദ്ധത നല്‍കുന്നതിലും ചിയോപ്സിന്റെ രാജശാസനങ്ങള്‍, ബാസ്തോസിന്റെ പരമോന്നതന്റെ മുന്‍ഗാമിയാണ്. ങ്ഗൂഗി വാ തിയോങ്ഓയുടെ The Wizard of the Crow അതിരൂക്ഷമായ സറ്റയര്‍ ഉപയോഗിച്ചുള്ള എകാധിപത്യവിമര്‍ശനത്തില്‍ കദാരെയുടെ പതിഞ്ഞ അന്യാപദേശഭാവത്തിന്റെ എതിരറ്റത്താണ് എന്നും കാണാം.

കുറേക്കൂടി വിശാലമായ തലങ്ങളില്‍, ഓര്‍വെല്ലിന്റെ 1984, ചിനുവ അച്ചബെയുടെ Anthills of the Savannah തുടങ്ങിയ കൃതികളുമായി നോവലിനെ ചേര്‍ത്തുവെക്കാനാകും. അടിച്ചമര്‍ത്തലിന്റെ വ്യവസ്ഥാപിത പ്രയോഗരീതികള്‍, സര്‍വ്വാധിപത്യം മനുഷ്യരെ മനുഷ്യരില്‍ താഴെയുള്ളവരാക്കുന്ന രീതികള്‍ തുടങ്ങിയവയില്‍ ഈ സമാനതകള്‍ പ്രകടമാണ്. ബിഗ്‌ ബ്രദറിന്റെ ഓഷ്യാനിയയിലും ചിയോപ്സിന്റെ ഇജിപ്തിലും ഒരുപോലെ ആളുകളുടെ വ്യക്തിത്വമെന്നത് അടിച്ചമര്‍ത്തപ്പെടുന്നു. അച്ചബെ നോവലിലാകട്ടെ, സര്‍വ്വാധിപത്യത്തിന്റെ കൂടുതല്‍ ആഴത്തിലുള്ള സാമൂഹിക പ്രമേയങ്ങളില്‍ സാമ്യങ്ങള്‍ പ്രകടമാണ്. അല്‍ബേനിയയുടെ സ്റ്റാലിനിസ്റ്റ് ‘ശുദ്ധീകരണ’ങ്ങളും, അച്ചബെ നോവലിലെ കങ്കാന്‍ (Kangan) പ്രതിനിധാനം ചെയ്യുന്ന  പോസ്റ്റ്‌കൊളോണിയല്‍ ആഫ്രിക്കയുടെ സ്വാതന്ത്ര്യാനന്തര പ്രതീക്ഷകളുടെ തകര്‍ച്ചയും സാം പ്രതിനിധാനം ചെയ്യുന്ന എകാധിപത്യങ്ങളുടെ വളര്‍ച്ചയും തമ്മിലുള്ള സാമ്യങ്ങള്‍ സൂക്ഷ്മവായന ആവശ്യപ്പെടുന്നു.  

പിരമിഡിനെ സര്‍വ്വാധിപത്യത്തിലെ ശ്രേണീബദ്ധമായ അടിച്ചമര്‍ത്തലിന്റെ കാണാവുന്ന രൂപകമായി (visual metaphor) അവതരിപ്പിച്ചതാണ് ഡിക്റ്റേറ്റർ നോവല്‍ പാരമ്പര്യത്തിലേക്ക് കദാരെ നല്‍കിയ സുപ്രധാന സംഭാവന. അതുവഴി, നിയതമായ ചരിത്ര/ ഭൌമിക (historical and geographical) സന്ദര്‍ഭങ്ങള്‍ക്കപ്പുറം പ്രതീകാത്മക/ അന്യാപദേശ സ്വഭാവമുള്ള വിമര്‍ശനങ്ങളെ കൂടി ഉള്‍കൊള്ളാന്‍ പാകത്തില്‍ ഴോനറിന്റെ സാധ്യതകളെ കദാരെ കൃതി വിപുലപ്പെടുത്തുന്നു.   

അവലംബം:

1.    Xhinaku, Ervin & Pema, Olsa. (2015). ISMAIL KADARE’S THE PYRAMID AS A MULTI-LAYERED ALLEGORY OF TOTALITARIANISM’, Proceedings of SOCIOINT15- 2nd International Conference on Education, Social Sciences and Humanities, 8-10 June 2015- Istanbul, Turkey   

2.    Xhinaku, Ervin & Pema, Olsa. (2015). The Myth of the Totalitarian Leader in George Orwell’s 1984 and Ismail Kadare’s The Palace of Dreams. Mediterranean Journal of Social Sciences. 6. 10.5901/mjss.2015.v6n6s2p150.

3.    Raducanu, Adriana. ‘The Tomb of the Reluctant Tyrant: Uncanny Imaginings of Totalitarianism in Ismail Kadare’s The Pyramid’, https://www.academia.edu/44653349/. Accessed 25.01.2025

Thursday, October 10, 2024

The Ghost Rider by Ismail Kadare

 

കുഴിമാടത്തിലൊതുങ്ങാത്ത വിമോചനസങ്കല്പങ്ങള്‍


(അല്‍ബേനിയന്‍ സാഹിത്യകുലപതി ഇസ്മയില്‍ കദാരെയുടെ The Ghost Rider എന്ന നോവലിനെ കുറിച്ച്. മിത്തുകള്‍ ഉപയോഗിച്ച് സര്‍വ്വാധിപത്യ വിമര്‍ശനം സാധ്യമാക്കുന്ന നോവല്‍അടക്കം ചെയ്യാനാകാത്ത വിമോചനസ്വപ്നങ്ങളുടെ സങ്കീര്‍ത്തനമാണ്.)

ആധുനിക അല്‍ബേനിയന്‍ സാഹിത്യത്തിലെ കുലപതിയെന്നു വിശേഷിപ്പിക്കാവുന്ന ഇസ്മയില്‍ കദാരെ ഇക്കഴിഞ്ഞ ജൂലൈ ഒന്നിന് അന്തരിച്ചു. മനുഷ്യജീവിതത്തിന്റെ കോമഡി അവതരിപ്പിക്കുന്നതില്‍ ബല്‍സാക്കിനും എകാധിപത്യവിമര്‍ശനത്തില്‍ ഓര്‍വെല്ലിനും അസ്വാസ്ഥ്യജനകമായ നിഗൂഡത സൃഷ്ടിക്കുന്നതില്‍ കാഫ്‌കക്കും സമശീര്‍ഷനെന്നു വിലയിരുത്തപ്പെടുന്ന കദാരെ ‘യൂറോപ്പിന്റെ അവസാനത്തെ ദേശീയ എഴുത്തുകാരന്‍’ എന്നും വിളിക്കപ്പെടുന്നു. എണ്‍പത്തേഴാം വയസ്സില്‍ പ്രിയപ്പെട്ട ജന്മദേശത്തിന്റെ തലസ്ഥാനമായ ടിരാനയില്‍ വെച്ചു മരിക്കുമ്പോള്‍ എണ്‍പതിലേറെ നോവലുകള്‍, പത്തോളം വീതം കാവ്യസമാഹാരങ്ങളും കഥാസമാഹാരങ്ങളും ഒട്ടേറെ സാംസ്കാരികരാഷ്ട്രീയ ലേഖനങ്ങള്‍ എന്നിവയടങ്ങുന്ന വലിയൊരു സര്‍ഗ്ഗപ്രപഞ്ചത്തിന്റെ സൃഷ്ടാവായിക്കഴിഞ്ഞിരുന്നു അദ്ദേഹം. 1992 ല്‍ ഇരുപത്തിയാറാം വയസ്സില്‍ പ്രസിദ്ധീകരിച്ച ‘മൃതസൈനികരുടെ ജനറല്‍’ (The General oh the Dead Army) എണ്‍പത്താറാം വയസ്സില്‍ പ്രസിദ്ധീകരിച്ച ‘ഒരു ഏകാധിപതി വിളിക്കുന്നു’ (A Dictator Calls) വരെയുള്ള കടാരെയുടെ കൃതികളില്‍ ഏറ്റവും ശക്തമായ ഉത്കണ്ഠകള്‍ നിര്‍ണ്ണയിക്കപ്പെട്ടത് ദേശത്തിന്റെ വിധിവിഹിതങ്ങളുമായി ചേര്‍ന്നുതന്നെയാണ്. ആധുനിക അല്‍ബേനിയന്‍ ചരിത്രത്തിലെ ഏറ്റവും ഭീകര കാലഘട്ടമായഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയുടെ ദേശചരിത്രം അടയാളപ്പെടുത്തിയനാലു പതിറ്റാണ്ട് നീണ്ടുനിന്ന എന്‍വര്‍ ഹോസാ ഭരണത്തിന്റെ സ്റ്റാലിനിസ്റ്റ് ഭീകരതയാണ് അത്. എന്‍വര്‍ ഹോസ ഭരണത്തില്‍ ഒരു ഘട്ടത്തില്‍ സഹകാരിയും മന്ത്രിസഭാ അംഗവും ആയിരുന്ന കദാരെസര്‍വ്വാധിപത്യവും സര്‍ഗ്ഗസൃഷ്ടിയും തമ്മില്‍ സന്ധി സാധ്യമല്ല എന്ന തിരിച്ചറിവിലാണ്1991ല്‍പ്രവാസ വഴി തെരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതനായത്. കമ്മ്യൂണിസ്റ്റ് കാലഘട്ടത്തില്‍ അദ്ദേഹം ഒരു വിമതനായിരുന്നോ അതോ വിധേയനായിരുന്നോ എന്ന വിമര്‍ശനത്തിന് ഫയറിംഗ് സ്ക്വാഡിനു മുന്നിലേക്ക് ഒരു വിഡ്ഢിയെ പോലെ പാഞ്ഞുചെന്നിട്ടില്ലെങ്കിലും തന്റെ പുസ്തകങ്ങള്‍ തന്റെ ചെറുത്തുനില്‍പ്പു തന്നെയായിരുന്നു എന്ന് കദാരെ വിശദീകരിച്ചിട്ടുണ്ട്. എഴുത്തുകാരന്‍ ജന്മനാ ഏകാധിപത്യത്തിന്റെ ശത്രുവാണെന്ന് അദ്ദേഹം നിരീക്ഷിച്ചിട്ടുണ്ട്. ബാള്‍ക്കന്‍ ചരിത്രത്തെയും ഇതിഹാസങ്ങളെയും പുരാണങ്ങളെയും വേണ്ടുവോളം ഉപജീവിക്കുന്ന അദ്ദേഹത്തിന്‍റെ കൃതികള്‍ഒരു സര്‍വ്വാധിപത്യ വ്യവസ്ഥയില്‍ രാഷ്ട്രീയ നിരീക്ഷണത്തില്‍നിന്നു രക്ഷപ്പെടാന്‍ വേണ്ടവിധം ഗോപ്യമായ ഐറണി പ്രയോഗിക്കുന്നു...........

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/the-ghost-rider-by-ismail-kadare


     


More on Ismail Kadare:

Dictiator Calls

https://alittlesomethings.blogspot.com/2024/07/dictator-calls-by-ismail-kadare.html

The General of the Dead Army by Ismail Kadare/ Derek Coltman

https://alittlesomethings.blogspot.com/2024/09/the-general-of-dead-army-by-ismail.html

A Girl in Exile by Ismail Kadare/ John Hodgson

https://alittlesomethings.blogspot.com/2015/06/blog-post.html

The Three-Arched Bridge by Ismail Kadare

https://alittlesomethings.blogspot.com/2014/12/sacrifice-in-blood-sacrifice-of-breast.html

The Palace of Dreams by Ismail Kadare

https://alittlesomethings.blogspot.com/2014/11/spectral-visions-of-dictatorships.html

Dictiator Calls

https://alittlesomethings.blogspot.com/2024/07/dictator-calls-by-ismail-kadare.html

Wednesday, July 31, 2024

Chronicle in Stone by Ismail Kadare / Arshi Pipa

 

മുതിര്‍ന്നുവരവിന്റെ ശിലാ ലിഖിതങ്ങള്‍




കദാരെയുടെ ഏറ്റവും ശ്രദ്ധേയമായ കൃതികളില്‍ 'മൂന്നു ആര്‍ച്ചുകളുള്ള പാലം (The Three Arched Bridge)', 'സ്വപ്നങ്ങളുടെ കൊട്ടാരം (The Palace of Dreams)' തുടങ്ങിയ അന്യാപദേശ സ്വഭാവം പ്രകടമാക്കിയ രാഷ്ട്രീയ , ദേശീയ സത്യാന്വേഷണങ്ങളെ അപേക്ഷിച്ച് കൂടുതല്‍ യഥാതഥമെന്നു പറയാവുന്ന ഒന്നാണ് കൂടുതല്‍ ആത്മാകഥാപരവുമായ 'ശിലയിലെ പുരാവൃത്തം (Chronicle in Stone) .' ഇതര കൃതികളില്‍ നിന്ന് വ്യത്യസ്തമായി , ചരിത്രപ്പഴമയെയും മിത്തുകളെയും പശ്ചാത്തലമായി കൂട്ട് പിടിക്കാത്ത, സ്വന്തം ബാല്യ- കൗമാരാനുഭവങ്ങളുടെ സര്‍ഗ്ഗാത്മക പുന സൃഷ്ടിയാണ് ഈ കൃതി

ദക്ഷിണ അല്‍ബേനിയയിലെ ചെങ്കുത്തായ മലയോരനഗരമായ ജിറോകാസ്റ്റര്‍ എന്ന അടുക്കടുക്കായ ശിലാ നിര്‍മ്മിത ഗൃഹ സമുച്ചയ പ്രദേശം ഏറെ ചരിത്ര പ്രസക്തിയുള്ളതും തന്ത്ര പ്രധാനവുമായ ഇടമായിരുന്നുയുഎന്നിന്‍റെ ഹെറിറ്റേജ്‌ വിഭാഗത്തില്‍ ഇടം പിടിച്ചിട്ടുള്ള നഗരത്തിന്‍റെ മതിലുകള്‍ക്ക് എഡിമൂന്നാം നൂറ്റാണ്ട് മുതല്‍ പഴക്കമുണ്ട്കദാരെ വളര്‍ന്ന വീട്1677-ല്‍ നിര്‍മ്മിക്കപ്പെട്ടതാണ്പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട കോട്ടയുള്ള നഗരത്തില്‍ ഇത് താരതമ്യേന പുതിയതാണെന്ന് പറയാംഅഞ്ചു നിലകള്‍ വരെ ഉയരമുള്ളവയാണ് മിക്ക ഭവനങ്ങളുംചെങ്കുത്തായ മലയോരത്തെ ഭവനങ്ങങ്ങളില്‍ ഒരു നിരയുടെ മേല്‍ക്കൂര തൊട്ടു മുകളിലേതിന്റെ അടിവാരത്താവാംഒരു വീടിന്റെ മുകളില്‍ നിന്ന് വീണാല്‍ തൊട്ടടുത്തതിന്റെ മേല്‍ക്കൂരയില്‍ പതിക്കാം എന്നു പ്രദേശത്തെ കുടിയന്മാര്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നെന്നു നോവലില്‍ പരാമര്‍ശമുണ്ട്രണ്ടാം ലോക യുദ്ധ കാലത്ത് വൈദേശികാക്രമണങ്ങളുടെ ആവര്‍ത്തിച്ചുള്ള ദുരന്തങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട് പഴമയുടെ ഗന്ധം എങ്ങും തളം കെട്ടി നില്‍ക്കുന്ന ഈ നഗരം.

 

"അതൊരു അസാധാരണ നഗരമായിരുന്നുഒരു മഞ്ഞു കാല രാവില്‍ താഴ് വരയില്‍ ഉരുവം കൊണ്ട ഏതോ ചരിത്രാതീതകാല ജീവി പോലെയായിരുന്നു അത്ഇപ്പോള്‍ അത് മലയോരത്തുകൂടെ അള്ളിപ്പിടിച്ചു മുകളിലേക്ക് കയറുകയായിരുന്നുനഗരത്തിലുള്ളതെല്ലാം പുരാതനവും ശിലാ നിര്‍മ്മിതവും ആയിരുന്നുതെരുവുകളും ഉറവകളും മുതല്‍ഭീമന്‍ ചെതുമ്പലുകള്‍ പുതച്ച പോലെ ചാര വര്‍ണ്ണമായ പൊറ്റകളുമായി എങ്ങും പരന്നു കിടന്ന കാലപ്പഴക്കമേറിയ ഭവനങ്ങള്‍ വരെ ശക്തമായ ആമത്തോടിനു ചുവടെ ജീവന്റെ മൃദുല മാംസം നിലനില്‍ക്കുകയും പെരുകുകയും ചെയ്തുവന്നു എന്നത് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു.

.......... 

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/chronicle-in-stone-by-ismail-kadare

 (കഥകൊണ്ടു നേരിട്ട യുദ്ധങ്ങള്‍  -  ലോഗാസ് ബുക്ക്സ്  പേജ്  85-92)

More on Ismail Kadare:

Dictiator Calls

https://alittlesomethings.blogspot.com/2024/07/dictator-calls-by-ismail-kadare.html

Chronicle in Stone and The Accident by Ismail Kadare https://alittlesomethings.blogspot.com/2015/06/blog-post.html

Three Arched Bridge and Palace of Dreams by Ismail Kadare

https://alittlesomethings.blogspot.com/2015/06/blog-post.html

 

The Three-Arched Bridge by Ismail Kadare

https://alittlesomethings.blogspot.com/2014/12/sacrifice-in-blood-sacrifice-of-breast.html

The Palace of Dreams by Ismail Kadare

https://alittlesomethings.blogspot.com/2014/11/spectral-visions-of-dictatorships.html


Friday, July 26, 2024

Dictator Calls by Ismail Kadare

 ഏകാധിപതികളും എഴുത്തുകാരും


2005-ലെ പ്രഥമ മാന്‍ ബുക്കര്‍ ജേതാവായ അല്‍ബേനിയന്‍ നോവലിസ്റ്റ് ഇസ്മയില്‍ കദാരെ നോബല്‍ സമ്മാന പരിഗണനയില്‍ എപ്പോഴും ഉയര്‍ന്നു കേള്‍ക്കുന്ന പേരായിരുന്നു. പൂര്‍വ്വ യൂറോപ്യന്‍ സാഹിത്യത്തിന്റെ നിലവാരത്തില്‍ പരിഗണിക്കുമ്പോള്‍ പോലും അങ്ങേയറ്റം ഇരുണ്ട ഒരു പശ്ചാത്തലത്തിലാണ് അദ്ദേഹം എഴുതുന്നതെന്ന് ജെയിംസ്‌ ലസ്ദൂന്‍ നിരീക്ഷിക്കുന്നു. “എന്‍വര്‍ ഓജയുടെ ഭരണകാലം അല്‍ബേനിയയെ സംബന്ധിച്ചിടത്തോളം ബൗദ്ധികമായി അങ്ങേയറ്റം പാപ്പരായ സര്‍വ്വാധിപത്യത്തിന്റെതായിരുന്നു. വിമത നിലപാട് ഫയറിംഗ് സ്ക്വാഡിനു മുന്നിലേക്കുള്ള ടിക്കറ്റ്‌അതിജീവനത്തിന്റെ വില കീഴൊതുങ്ങല്‍. ഇതേ തുടര്‍ന്നുണ്ടായ നൈതിക ഇരുട്ട് - ഏറ്റവും മാന്യമായി ജീവിച്ചു വന്നവര്‍ പോലും കുറ്റം ചാര്‍ത്തപ്പെട്ട കാലം - അതാണ്‌ കദാരെയുടെ സാഹിത്യത്തിന്റെ പ്രധാന വിഷയം. കാഫ്‌കെയെ പോലുള്ള കഥകളും പേടിസ്വപ്നാന്തരീക്ഷമുള്ള അന്യാപദേശ ചരിത്രാഖ്യായികകളും അദ്ദേഹത്തിന്റെ തന്നെ സ്വന്തം രീതിയിലുള്ള മിസ്റ്ററികളും കദാരെ സൃഷ്ടിച്ചു"*1. ആധുനിക അല്‍ബേനിയന്‍ ചരിത്രത്തിലെ ഏറ്റവും ഭീകരമായ കാലഘട്ടമെന്ന് നിസ്സംശയം പറയാവുന്ന പ്രസ്തുത ഘട്ടത്തില്‍ ( 1944 – 1985), ബാല്യ – യൌവന കാലം പിന്നിട്ട ഇസ്മയില്‍ കദാരെ , സര്‍വ്വാധിപതിയുടെ സ്വന്തം ജനന സ്ഥലമായ ജിറോകാസ്റ്ററില്‍ 1936 - ലാണ് ജനിച്ചത്‌. 1970 മുതല്‍ 1982 വരെ കമ്യൂണിസ്റ്റ്‌ ഭരണത്തില്‍ അല്‍ബേനിയന്‍ പാര്‍ലമെന്റില്‍ അംഗവുമായിരുന്നു കദാരെ. എന്നാല്‍ 1975 -ല്‍ ഒരു രാഷ്ട്രീയ ആക്ഷേപ ഹാസ്യ കവിത പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് മൂന്നു വര്‍ഷത്തേക്ക് അദ്ദേഹത്തിനു എഴുത്തില്‍ നിന്ന് വിലക്കു കല്‍പ്പിക്കപ്പെട്ടു. 1982 -ല്‍ ഭരണ കൂട വിധേയത്വമുള്ള അല്‍ബേനിയന്‍ എഴുത്തുകാരുടെ സംഘടന ചരിത്രത്തിന്റെയും നാടോടി പാരമ്പര്യത്തിന്റെയും മറ പിടിച്ചു അദ്ദേഹം വിധ്വംസക രചന നടത്തുകയാണെന്ന് ആരോപിച്ചു. 1990 -ല്‍ അദ്ദേഹം ഫ്രാന്‍സില്‍ രാഷ്ട്രീയ അഭയം തേടി. ജനാധിപത്യ വല്‍ക്കരണത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ കദാരെയഥാര്‍ത്ഥ സാഹിത്യവും ഏകാധിപത്യവും ഒരുമിച്ചു പോവില്ലെന്നും എഴുത്തു കാരന്‍ ഏകാധിപത്യത്തിന്റെ സ്വാഭാവിക ശത്രുവാണെന്നും തുറന്നടിച്ചു. എന്നാല്‍കമ്മ്യൂണിസ്റ്റ് കാലഘട്ടത്തില്‍ കദാരെ ഒരു വിമതനായിരുന്നോ അതോ വിധേയനായിരുന്നോ എന്ന് വിമര്‍ശ കര്‍ക്കിടയില്‍ തര്‍ക്കമില്ലാതില്ല. അന്നത്തെ സാഹചര്യത്തില്‍ ഏതാനും ദിവസങ്ങള്‍ പോലും വിമതനാവുകയെന്നാല്‍ ഫയറിംഗ് സ്ക്വാഡിനെ നേരിടലല്ലാതെ മറ്റൊന്നുമായിരുന്നില്ലെന്നുംതന്റെ പുസ്തകങ്ങള്‍ ഒരു തരത്തില്‍ തന്റെ ചെറുത്തു നില്‍പ്പ് തന്നെയായിരുന്നുവെന്നും കദാരെ അതിനെ വിശദീകരിച്ചിട്ടുണ്ട്.

കദാരെയുടെ സുദീര്‍ഘമായ സാഹിത്യ സപര്യയുടെ ആദ്യനാളുകളില്‍ രചിക്കപ്പെട്ട കൃതിയാണ് Twilight of the Eastern Gods. എമ്പതുകളിലെത്തിയ നോവലിസ്റ്റിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ കൃതി A Dictator Calls പ്രമേയപരമായും വ്യക്തിപരമായും അതിനോട് ചേര്‍ത്തു വായിക്കപ്പെടേണ്ടതാണ്.

‘പൗരസ്ത്യ ദൈവങ്ങളുടെ സാന്ധ്യവെളിച്ചം

1958 മുതല്‍ 1960 വരെ മോസ്കോയിലെ ഗോര്‍ക്കി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സോഷ്യലിസ്റ്റ് റിയലിസ്റ്റ് സാഹിത്യ പരിശീലനത്തിന് എന്‍വര്‍ ഓജയുടെ സ്റ്റാലിനിസ്റ്റ് അല്‍ബേനിയയുടെ പ്രതിനിധിയായി അയക്കപ്പെട്ട കാലത്തെ അനുഭവങ്ങളാണ് Twilight of the Eastern Gods എന്ന നോവലില്‍ ഇസ്മയില്‍ കദാരെ ആവിഷ്കരിക്കുന്നത്. .................

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/dictator-calls-by-ismail-kadare

More on Ismail Kadare:

 

Chronicle in Stone

https://alittlesomethings.blogspot.com/2024/07/chronicle-in-stone-by-ismail-kadare.html


The General of the Dead Army by Ismail Kadare/ Derek Coltman

https://alittlesomethings.blogspot.com/2024/09/the-general-of-dead-army-by-ismail.html

 

Three Arched Bridge and Palace of Dreams by Ismail Kadare

https://alittlesomethings.blogspot.com/2015/06/blog-post.html

 

The Three-Arched Bridge by Ismail Kadare

https://alittlesomethings.blogspot.com/2014/12/sacrifice-in-blood-sacrifice-of-breast.html

The Palace of Dreams by Ismail Kadare

https://alittlesomethings.blogspot.com/2014/11/spectral-visions-of-dictatorships.html