Featured Post

Tuesday, July 21, 2026

Ancestry by Hala Alyan

 പൈതൃകം



ഹല അൽയാൻ

ഞാൻ വിലപിക്കുന്നു: കടലിലെറിയപ്പെട്ട

വിത്തുകൾക്കായി. മത്സ്യാന്നമായ വേരുകൾ,

 

എങ്ങും നഗരങ്ങളിൽ നിന്ന് ഒഴുകിപ്പരക്കുന്ന

വായകൾ. ദൈവത്തിൽ ബാക്കിയായത്

 

കുരുടിച്ചിരിക്കുന്നു, കൈയ്യേറിയിരിക്കുന്നു. മേഘങ്ങൾക്കു കീഴെ നക്ഷത്രങ്ങൾ എരിഞ്ഞുതീർന്നിരിക്കുന്നു; ധൂമകേതു ഒലിച്ചിറക്കുന്ന

 

ഐസ്. വെറും കാലുകൾ, കൺപീലികൾ. ഞാൻ

എരിഞ്ഞമർന്ന തോട്ടങ്ങൾ തേടുന്നു. ഞങ്ങളുടെ പിതാക്കൾ

 

ഈ തിളങ്ങുന്ന ധൂളിയുടെ കഥ പറയുന്നു,

സീനിയ പൂക്കൾ പോലെ ചുവപ്പാർന്ന മണ്ണ്.


(വിവര്‍ത്തനം: ഫസല്‍ റഹ്മാന്‍)

വിവരണം: പലസ്തീനിയൻ–അമേരിക്കൻ കവയിത്രി ഹലാ അൽയാൻ രചിച്ച "പൈതൃകം" (Ancestry) എന്ന കവിത, തങ്ങളുടെ വേരുകളും മണ്ണും അന്യാധീനമാകുന്ന അവസ്ഥയോടുള്ള ഹ്രസ്വവും എന്നാൽ തീവ്രവുമായ ഒരു വിലാപഗീതമാണ്. അത്യന്തം മുറുക്കമുള്ള, ശക്തമായ ഇമേജിസ്റ്റിക്ക് ശൈലിയില്‍ എഴുതപ്പെട്ട കവിത, തുടര്‍ച്ച ഉറപ്പുവരുത്തുന്ന ഈരടി (run-on couplets) ഘടനയില്‍ പ്രവാസത്തിന്റെയും, തലമുറകളിലൂടെ പകർന്നു ലഭിച്ച മാനസികാഘാതങ്ങളുടെയും, പേലവമായ തുടർച്ചകളുടെയും അനുഭവങ്ങള്‍ പിടിച്ചെടുക്കുന്നു.

ദർവിഷ് തന്റെ കവിതകളിൽ ഉപയോഗിച്ചിരുന്ന 'പഴത്തോട്ടങ്ങൾ', 'മണ്ണ്' എന്നീ പ്രതീകങ്ങളെ അൽയാൻ സ്വീകരിക്കുകയും, എന്നാല്‍ അവയെ പഴയ ശുഭസൂചനകള്‍ കുടഞ്ഞുകളഞ്ഞു തിരുത്തിയെഴുതുകയും ചെയ്യുന്നു: ഇവിടെ പഴത്തോട്ടങ്ങൾ എരിഞ്ഞടങ്ങുന്നു; മണ്ണ് ചോരച്ചുവപ്പോടെ പൂക്കുന്നു; ദൈവം ചുരുങ്ങിപ്പോവുകയും ആരുടെയോ ചട്ടുകമാകുകയും ചെയ്യുന്നു. നക്ഷത്രങ്ങൾ ഒരു സര്‍വ്വനാശത്തിലെന്നപോലെ അണഞ്ഞുപോകുന്നു. മുൻകാല വിപ്ലവ പ്രത്യയശാസ്ത്രങ്ങളും ദൈവീക ശക്തികളും ഇനി തങ്ങളെ രക്ഷിക്കാൻ എത്തില്ലെന്ന, ഓസ്ലോ അനന്തര നൈരാശ്യത്തിന്റെ സമകാലികതയിലേക്ക് സംക്രമിപ്പിക്കുന്ന കടുത്ത യാഥാർത്ഥ്യബോധത്തെയാണ് ദൈവത്തിന്റെ ചെറുതാക്കപ്പെടലിലൂടെയും ചട്ടുകമാക്കപ്പെടലിലൂടെയും കവി സാക്ഷ്യപ്പെടുത്തുന്നത്.

ഓട്ടത്തിനിടയിൽ, എല്ലാവരും ചിതറലുകളും ഭീതികളും നേരിടുന്നു. എങ്കിലും, പിതാക്കന്മാരുടെ കഥകൾ ആ തിളക്കം കാത്തുസൂക്ഷിക്കുന്നു; അങ്ങനെ ഓർമ്മകൾ തന്നെ ദുർബലമായ വിശുദ്ധ ഇടങ്ങളായി മാറുന്നു. കേവലമായ പഴയകാല പ്രണയത്തെയോ വ്യാകുലതകളെയോ (nostalgia) തള്ളിക്കളയുന്നിടത്താണ് ഈ കവിതയുടെ കരുത്ത്: ഇവിടെ പൈതൃകം എന്നത് തിളങ്ങുന്ന ധൂളീപടലങ്ങളാണ്, എങ്കിലും അത് എപ്പോഴും മുറിപ്പാടുകളാൽ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു.

കവിത ഒരേസമയം ബൈബിൾ സമാനവും, പ്രപഞ്ച ദുരന്തത്തെ ഓർമ്മിപ്പിക്കുന്നതും, തികച്ചും പലസ്തീനിയനുമാണ് — നഷ്ടപ്പെട്ടുപോയ ഫലഭൂയിഷ്ഠതയെ കുറിച്ചുള്ള വിലാപവും, ദൈവീക സങ്കൽപ്പങ്ങളുടെ ചുരുങ്ങിപ്പോകലും, വാമൊഴിയായി പകർന്നുപോന്ന ഓർമ്മകളുടെ അതിജീവനവും ഇവിടെ ഒത്തുചേരുന്നു. ഹലാ അൽയാന്റെ പൈതൃകം എന്നത് ഒരേസമയം അഭിമാനവും മുറിവുമാണ്; അത് സീനിയ പൂക്കളും അതേസമയം ചോരയുമാണ്.