അതിജീവനത്തിന്റെ ഐറണി – എമിലി ഹബിബിയുടെ ദുരന്തഹാസ്യം:
പലസ്തീനിയൻ പ്രതിരോധ
സാഹിത്യത്തിലെ സ്വത്വവും അസ്തിത്വ പ്രതിസന്ധിയും.
വടക്കന്‍ പലസ്തീനിലെ തീരദേശ നഗരമായ ഹൈഫയില്‍ ക്രിസ്ത്യന്‍ കുടംബത്തില്‍ 1921 ജനിച്ച ഇമില്‍ ഹബിബി, ഗസ്സാന്‍ കനഫാനി, ജബ്ര ഇബ്രാഹിം ജബ്ര എന്നിവരോടൊപ്പം പലസ്തീനിയന്‍ സാഹിത്യത്തിലെ ത്രിമൂര്‍ത്തികളില്‍ ഒരാളായി കണക്കാക്കപ്പെടുന്നു. 1946 ജൂലൈ 22നു തീവ്രസയണിസ്റ്റ് ഗ്രൂപ്പുകാര്‍ നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട 91 ബ്രിട്ടീഷ്, അറബ്, ജൂത ഇരകളില്‍ ജീവിതപങ്കാളിയാക്കാന്‍ ഹബിബി ആഗ്രഹിച്ച പെണ്‍കുട്ടിയും ഉണ്ടായിരുന്നു. പിന്നീട് അദ്ദേഹം വിവാഹം ചെയ്ത നാദാ അബ്ദുല്ല ജൂബ്രാന്‍ അദ്ദേഹത്തോടൊപ്പം കമ്യൂണിസ്റ്റ് പാര്‍ടി കെട്ടിപ്പടുക്കുന്നതിലും തുടര്‍ന്ന് അതിന്റെ കാര്യാലയത്തിലും പ്രവര്‍ത്തിച്ചു. അവസാന നാളുകളില്‍ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചുവെങ്കിലും ജീവിതകാലം മുഴുവന്‍ കമ്യൂണിസ്റ്റായിരുന്നു ഹബിബി. ഇസ്രയേല്‍ ഭരണം സ്ഥാപിതമായ ശേഷം അറബ് – ജൂത പൌരന്മാര്‍ക്ക് ഒരുമിച്ചു അംഗത്വം നല്‍കുന്ന ഒരേയൊരു പ്രസ്ഥാനം അക്കാലത്ത് അതായിരുന്നു. 1952 മുതല്‍ ഇരുപതു വര്‍ഷക്കാലം ഹബിബി ഇസ്രായേലി നെസ്സെറ്റില്‍ അറബ് പ്രതിനിധിയായി പ്രവര്‍ത്തിച്ചു. അക്കാലമത്രയും ഇസ്രായേലി സ്ഥാപനത്തിന് ശേഷവും തങ്ങളുടെ നാട്ടില്‍ തന്നെ തുടര്‍ന്ന പലസ്തീനികളുടെ രാഷ്ട്രീയ പോരാട്ടമായിരുന്നു അദ്ദേഹത്തിന്‍റെ കര്‍മ്മപഥം. കമ്യൂണിസ്റ്റ് പാര്‍ട്ടി പത്രമായ അല്‍ ഇത്തിഹാദിന്റെ ചീഫ് എഡിറ്റര്‍ എന്ന നിലയില്‍ ഒരു സെക്കുലര്‍, ഡെമോക്രാറ്റിക്, ബഹുവംശീയ (multi-ethnic) പലസ്തീനിയന്‍ ദേശം എന്ന ലക്ഷ്യത്തിനു വേണ്ടിയാണു അദ്ദേഹം നിരന്തരം യത്നിച്ചത്.............