Featured Post

Sunday, October 20, 2024

The Tiger's Wife by Téa Obreht

 ദേശപ്പിറവിയുടെ ബാല്‍ക്കന്‍ പോര്‍മുഖങ്ങള്‍



1990-കളില്‍ മുന്‍യുഗോസ്ലാവിയന്‍ റിപ്പബ്ലിക്കിന്റെ ശിഥിലീകരണത്തോടെ ബാള്‍ക്കന്‍ ദേശങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷങ്ങള്‍ ബ്രച്ച്കോയിലെയും സെബ്രെനിസയിലെയും കൂട്ടക്കുരുതികളും സരയേവോ ഉപരോധവും സെര്‍ബ്-ബോസ്നിയന്‍ വംശീയ ശുദ്ധീകരണ പ്രക്രിയയും പോലുള്ള യുദ്ധക്കുറ്റങ്ങളും നാനൂറു വര്‍ഷം പഴക്കമുണ്ടായിരുന്ന മോസ്റ്റാര്‍ പാലം തകര്‍ക്കല്‍ പോലുള്ള നിരുത്തരവാദ നശീകരണങ്ങളും അരങ്ങേറുന്നതിനു കാരണമായി. വംശീയ/ ദേശീയ/ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ‘മിഡില്‍-ഈസ്റ്റ്’, ‘ഏഷ്യന്‍’, ‘ആഫ്രിക്കന്‍’ തുടര്‍ക്കഥകളെ ഏറെ ഔദ്ധത്യത്തോടെ നോക്കിക്കണ്ടുവന്ന യൂറോപ്പിന്, നൂറ്റാണ്ടന്ത്യം നല്‍കിയ ‘ഷോക്ക് ട്രീറ്റ്മെന്റ്’ കൂടിയായിത്തീര്‍ന്നു ബാള്‍ക്കന്‍ സംഘര്‍ഷങ്ങള്‍. എമിര്‍ കുസ്തൂറിക്കയുടെ ‘അണ്ടര്‍ഗ്രൗണ്ട്’ (1995), ഡാനിസ് ടാനോവിച്ചിന്റെ ‘നോ മാന്‍സ് ലാന്‍ഡ്’ (2001), ആര്‍സെന്‍ ആന്‍റന്‍ ഓസ്റ്റോജിക്കിന്റെ ‘ഹലീമാസ് പാത്ത്’ (2012) തുടങ്ങിയ ചലച്ചിത്രങ്ങളിലും ‘എലിജി ഫോര്‍ കൊസൊവോ’ (ഇസ്മയില്‍ കദാരെ), ‘ലോഗാവിന സ്ട്രീറ്റ്’ (ബാര്‍ബറ ഡെമിക്ക്), ഗേള്‍ അറ്റ്‌ വാര്‍ (സാറ നോവിച്ച്), ‘നോ ഗണ്‍സ് ഫോര്‍ അസ്മിര്‍ (ക്രിസ്റ്റബെല്‍ മാറ്റിംഗ് ലി), ദി സെല്ലിസ്റ്റ് ഓഫ് സരയെവോ (സ്റ്റീവന്‍ ഗാലോവേ) തുടങ്ങിയ ഫിക്ഷന്‍, നോണ്‍-ഫിക്ഷന്‍ രചനകളിലും പ്രസ്തുത സംഘര്‍ഷങ്ങള്‍ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. സെര്‍ബിയയില്‍ ജനിച്ചു തന്റെ പന്ത്രണ്ടാം വയസ്സില്‍, 1997-ല്‍, അമേരിക്കയിലെത്തിയ ടിയ ഒബ്രെയ്റ്റ് ഇരുപത്തിയഞ്ചാം വയസ്സില്‍ പ്രസിദ്ധീകരിച്ച പ്രഥമ നോവലായ ദി ടൈഗേഴ്സ് വൈഫ് എന്ന പുസ്തകത്തിലൂടെ ഈ പാരമ്പര്യത്തോട് കണ്ണി ചേരുന്നു. വനിതാ നോവലിസ്റ്റുകള്‍ക്കുള്ള വിഖ്യാത പുരസ്കാരമായ ഓറഞ്ച് പ്രൈസ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരിയും ആയിത്തീര്‍ന്നു ഇതിലൂടെ ടിയ ഒബ്രെയ്റ്റ്.

യുദ്ധോദ്യുക്തതയുടെ ആലിഗറി

വസ്തുനിഷ്ഠ ചിത്രീകരണങ്ങളും നാടോടി- പുരാണ രീതികളും ഭ്രമാത്മക, മാജിക്കല്‍ റിയലിസ്റ്റിക്ക് ആഖ്യാനവും ഇടകലരുന്ന ആവിഷ്കാരത്തിലൂടെ പ്രഥമ കൃതിയില്‍ തന്നെ ബുള്‍ഗാക്കൊവ്, മാര്‍ക്കേസ്, മിലോരാദ് പാവിച്ച് തുടങ്ങിയ മഹാരഥന്മാരുടെ നിരയിലേക്കാണ് ഒബ്രെയ്റ്റ് മുതിര്‍ന്നത് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. 1992-ല്‍ അമ്മയോടും മുത്തച്ഛനോടും മുത്തശ്ശിയോടുമൊപ്പം യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന ബെല്‍ഗ്രേഡ് വിട്ടു പോയി സൈപ്രസ്, കൈറോ എന്നിവിടങ്ങളിലായി അഞ്ചു വര്‍ഷം പിന്നിട്ട ശേഷമാണ് ഒബ്രെയ്റ്റിന്റെ കുടുംബം യു. എസ്സില്‍ എത്തുന്നത്. അതുകൊണ്ടു തന്നെ, നേരിട്ടനുഭവിച്ച പ്രവാസി ഓര്‍മ്മകളായോ ആത്മകഥാംശങ്ങളുള്ള ആഖ്യാനമായോ അല്ല നോവല്‍ ആവിഷ്കരിക്കപ്പെടുന്നത്. എന്നാല്‍, യുഗോസ്ലാവിയന്‍ സംഘര്‍ഷങ്ങളുടെ നേരനുഭവങ്ങള്‍ നോവലില്‍ കടന്നു വരുന്നില്ലെങ്കിലും, ഏഴു സ്വതന്ത്ര രാജ്യങ്ങളുടെ ഉല്‍പത്തികളിലേക്ക് നയിച്ച കലുഷമായ ആ ചരിത്ര ഘട്ടവും മാനുഷികാവസ്ഥയും തികച്ചും അനുഭവ വേദ്യവുമാണ്. റോണ്‍ ചാള്‍സ് നിരീക്ഷിക്കുന്നത് പോലെ (washingtonpost.com ) ഇവിടെ ക്രിസ്ത്യന്‍-മുസ്ലിം സംഘര്‍ഷങ്ങളുണ്ട്; ഓട്ടോമന്‍ സാമ്രാജ്യവും തുര്‍ക്കികളും തമ്മിലുള്ള സംഘര്‍ഷങ്ങളുണ്ട്, ശാസ്ത്രവും അന്ധവിശ്വാസങ്ങളും കൊമ്പുകോര്‍ക്കുന്നുണ്ട്. ദൃഷ്ടാന്ത കഥാന്തരീക്ഷവും സന്ദേഹങ്ങളും അന്ധവിശ്വാസങ്ങളും ഹിംസയും നിറഞ്ഞ കാലിക മുദ്രകളും, വാര്‍ത്താ തലക്കെട്ടുകളില്‍ കണ്ടെടുത്ത ചരിത്ര സൂചകങ്ങളുമെല്ലാം ബാള്‍ക്കന്‍ സംഘര്‍ഷങ്ങളുടെ സങ്കീര്‍ണ്ണതകള്‍ ആവിഷ്കരിക്കാന്‍ നോവലിസ്റ്റ് ഉപയോഗിക്കുന്നു. രണ്ടാം ലോക യുദ്ധത്തിലേക്കും അതിനും മുമ്പ് നടന്ന യുദ്ധങ്ങളിലേക്കും വീണ്ടും പുതിയ കാലത്തിന്റെ സംഘര്‍ഷങ്ങളിലേക്കും മുന്നോട്ടും പിറകോട്ടും ചലിക്കുന്ന ആഖ്യാനത്തിലൂടെ യുദ്ധോന്മുഖമായ മനുഷ്യ സംസ്കൃതിയുടെ ഒരു ആലിഗറി തന്നെയായിത്തീരുന്നുണ്ട് യുവ നോവലിസ്റ്റിന്റെ കൃതി.

ഇരുപതാം നൂറ്റാണ്ടിന്റെ മധ്യ ദശകങ്ങള്‍ മുതല്‍ പുതിയ നൂറ്റാണ്ടാദ്യം വരെ കഥാകാലമായി വരുന്ന നോവലില്‍, മൂന്നു സമയ രേഖകള്‍ സന്ധിക്കുന്നുണ്ട്: ഒന്ന്, നതാലിയയുടെ മുത്തച്ഛന്റെ കുട്ടിക്കാലം കഴിഞ്ഞ രണ്ടാം ലോകയുദ്ധ ഘട്ടം, മറ്റൊന്ന് നതാലിയയുടെ കുട്ടിക്കാലവും മുന്‍യുഗോസ്ലാവ്യന്‍ റിപ്പബ്ലിക്കിലെ ദേശങ്ങള്‍ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് ശ്രമിച്ചതിനെ തുടര്‍ന്നു ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യദശകം കണ്ട ബാള്‍ക്കന്‍ സംഘര്‍ഷങ്ങളുടെ തുടക്കകാലം, മറ്റൊന്ന് പുതിയ നൂറ്റാണ്ടിന്റ ആദ്യ ദശകം അടയാളപ്പെടുത്തുന്ന വര്‍ത്തമാന കാലവും. ബാള്‍ക്കന്‍ ദേശത്തുള്ള പേര് പറയുന്നില്ലാത്ത ഒരു പട്ടണത്തില്‍ മാനുഷിക പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ബ്രിജെവിനയിലുള്ള ആശ്രമത്തിലെ “നമ്മുടെ സ്വന്തം സൈനികര്‍ സൃഷ്ടിച്ച” അനാഥക്കുട്ടികള്‍ക്ക് കുത്തിവെപ്പു നടത്താന്‍ ആത്മസുഹൃത്ത് സോറയോടൊപ്പം എത്തിയ നതാലിയ സ്റ്റെഫാനോവിച്ച് എന്ന മുപ്പതോടടുത്ത വനിതാ ഡോക്റ്ററാണ് വര്‍ത്തമാന കാലത്തില്‍ ആഖ്യാനം തുടങ്ങിവെക്കുന്നത്. “പന്ത്രണ്ടു കൊല്ലം മുമ്പ്, യുദ്ധത്തിനു മുമ്പ്, ബ്രിജെവിനയിലെ ആളുകള്‍ നമ്മുടെ സ്വന്തം ആളുകള്‍ ആയിരുന്നു.” അന്ന് അതിര്‍ത്തിയെന്നത് വെറും ഔപചാരികതയായിരുന്നുവെങ്കില്‍ ഇന്ന് അത് ഏറെ അധികൃത കടമ്പകള്‍ കടക്കേണ്ട പ്രക്രിയയാണ്. എങ്കിലും ആതിഥേയര്‍ ആയ ബാര്‍ബ ഇവാന്‍, നാദ ദമ്പതികള്‍ ഏറെ ഉദാരമായി മത, രാഷ്ട്രീയ ഭിന്നതകള്‍ മറന്നാണ് അവരെ സ്വീകരിക്കുക. രാത്രിമുഴുവന്‍ അവരുടെ പുരയിടത്തില്‍ കിളച്ചു മറിക്കുന്ന ക്ഷീണിതരായ ഒരു കൂട്ടം ആളുകള്‍ അവര്‍ക്ക് ദുരൂഹതയായി അനുഭവപ്പെടും. തന്റെ പ്രിയപ്പെട്ട മുത്തച്ഛന്‍ അദ്ദേഹത്തെ ഒട്ടും പ്രതീക്ഷിക്കേണ്ടതില്ലാത്ത ഒരു പട്ടണത്തില്‍ വെച്ച് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടു എന്ന വാര്‍ത്തയെത്തുന്നത് ദുഃഖകരമെങ്കിലും അവള്‍ക്ക് തീര്‍ത്തും അപ്രതീക്ഷിതമല്ല. അദ്ദേഹം കാന്‍സര്‍ ബാധിതനായിരുന്നു എന്ന അറിവ് രണ്ടുപേര്‍ക്കുമിടയിലെ രഹസ്യമായിരുന്നുവല്ലോ. നതാലിയ, വാക്സിന്‍ നല്‍കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കെ, കീറിപ്പറിഞ്ഞ ഉടുപ്പുകളിട്ട കുറെ ജിപ്സികള്‍ തോട്ടത്തില്‍ വിചിത്ര വേലയിലാണ്. യുദ്ധാരംഭത്തില്‍, പന്തീരാണ്ട് മുമ്പ് ഉപേക്ഷിക്കപ്പെട്ട സഹോദരനെ തിരികെയെടുത്ത്‌ ആചാരബദ്ധം സംസ്കരിക്കാനുള്ള പുറപ്പാടിലാണ് അവര്‍. ‘അയാള്‍ക്ക് ഇവിടം ഇഷ്ടമാകുന്നില്ല’ എന്നതിന്റെ നിദര്‍ശനമായി ഗ്രാമത്തിലെങ്ങും പടര്‍ന്നു പിടിക്കുന്ന രോഗപീഡകളെ അവര്‍ കാണുന്നു. കുട്ടികളെ ചികിത്സിക്കാന്‍ ആധുനിക വൈദ്യം ആവശ്യമില്ലെന്ന ഗോത്രമുഖ്യന്‍ ദുറെയുടെ നിലപാടുമായി നതാലിയക്ക് ഏറ്റുമുട്ടേണ്ടി വരുന്നു. എന്നാല്‍, മരിച്ചയാള്‍ക്ക്‌ വിശുദ്ധമായ അടക്കം നല്‍കേണ്ടതിന്റെ കാര്യത്തില്‍ അവള്‍ക്ക് വിയോജിപ്പില്ലെന്നു മാത്രമല്ല, നിര്‍ണ്ണായക ഘട്ടത്തില്‍ അക്കാര്യത്തില്‍ സഹാകാരിയാകുന്നുമുണ്ട് അവള്‍- ഒരൊറ്റ നിബന്ധനയില്‍: അതുകഴിഞ്ഞ് കുട്ടികളെ ചികിത്സിക്കാന്‍ അനുവദിക്കണം.

‘കടുവയുടെ ഭാര്യ’

എന്നാല്‍, വര്‍ത്തമാന കാലത്ത് സംഭവിക്കുന്ന കാര്യങ്ങള്‍, നോവലിന്റെ ബാഹ്യഭാഗം മാത്രമാണ്. നോവലിന്റെ മിത്തോളജിക്കല്‍ ഭാവം നിര്‍ണ്ണയിക്കുന്നതില്‍ പ്രധാനമായിരിക്കുന്നത് മുത്തച്ഛനുമായി ബന്ധപ്പെട്ട രണ്ടു ഇതിവൃത്ത ഖണ്ഡങ്ങളാണ്. “എന്റെ ഏറ്റവും പഴയ ഓര്‍മ്മയില്‍, എന്റെ മുത്തച്ഛന്‍ ഒരു ശിലപോലെ കഷണ്ടിയായിരുന്നു, അദ്ദേഹം എന്നെ കടുവകളെ കാണാന്‍ കൊണ്ടുപോകുന്നു” എന്ന ആദ്യവാചകം തന്നെ പരിചയപ്പെടുത്തുന്ന കടുവയും നോവലിന്റെ തലക്കെട്ട്‌ സൂചിപ്പിക്കുന്ന സ്ത്രീയും കടന്നുവരുന്ന ആദ്യഖണ്ഡം, രണ്ടാം ലോക യുദ്ധത്തിലെ ജര്‍മ്മന്‍ ബോംബു വര്‍ഷം നേരിടുന്ന ഗലീനയെന്ന നഗരത്തിലേക്കാണ് ആഖ്യാനത്തെ കൊണ്ടുപോകുന്നത്. മുത്തച്ഛനു ഏറെ ഗൃഹാതുര സ്മരണകള്‍ ഉണ്ട് ഗലീനയില്‍. അച്ഛനമ്മമാരുടെ മരണശേഷം മുത്തശ്ശി വേര അവിടെയാണ് അദ്ദേഹത്തെ വളര്‍ത്തിയത്. അവിടെയാണ് അദ്ദേഹം തന്റെ മധുവിധുക്കാലം ചെലവഴിച്ചത്‌. ജര്‍മ്മന്‍ ഉപരോധത്തില്‍ വീര്‍പ്പുമുട്ടിയ നഗരത്തിലെ കാഴ്ച്ചബംഗ്ലാവില്‍ നരഭോജികളായി മാറിയിരിക്കുന്ന മൃഗങ്ങള്‍ക്കിടയില്‍ നിന്ന് ഒരു കടുവ പുറത്തുകടക്കുന്നത് ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പടര്‍ത്തുന്നു. സംഗീതത്തെ പ്രണയിക്കുന്ന സഹൃദയനും സ്വവര്‍ഗ്ഗാനുരാഗ പ്രവണതകള്‍ ഉള്ളവനുമായ ലൂക്കയെന്ന കശാപ്പുകാരന്‍ യുദ്ധകാലാനുഭവങ്ങളിലൂടെ അയാളില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ കാരണം ക്രൂരനായ ഗാര്‍ഹിക പീഡകനായിത്തീര്‍ന്നത് അയാളുടെ മുസ്ലിം ആയ ഭാര്യ ‘മൂക ബധിര സ്ത്രീ’യില്‍ ദുരൂഹമായ പ്രതികാര ബോധം നിറക്കുന്നുണ്ട്. ലൂക്കാ, ഗലീന വിട്ടുപോകുന്നതാണോ, അയാളുടെ ഭാര്യ അയാളെ കൊന്നുകളഞ്ഞതാണോ എന്ന് വ്യക്തമല്ല. എന്നാല്‍, ലൂക്കയും ഇതര പ്രദേശവാസികളും കൂട്ടായി ശ്രമിച്ചിട്ടും വകവരുത്താന്‍ കഴിയാതെ പോയ കടുവയും ‘മൂക ബധിര സ്ത്രീ’യും തമ്മിലുണ്ടാവുന്നതായി നിരീക്ഷിക്കപ്പെടുന്ന ബന്ധം ഒട്ടേറെ അഭ്യൂഹങ്ങള്‍ക്ക് കാരണമാകുന്നു. ഭര്‍ത്താവിന്റെ തിരോധാനത്തിനുശേഷം സംശയാസ്പദമായി ഗര്‍ഭിണിയാകുന്ന സ്ത്രീ, കടുവയില്‍ നിന്നാണ് അത് സാധിക്കുന്നതെന്നു കരുതപ്പെട്ടു. കടുവയാകട്ടെ സാത്താന്റെ പ്രതീകമായി കണക്കാക്കപ്പെടുകയും ചെയ്യുന്നത് അവരുടെ സാമൂഹികനില കൂടുതല്‍ പരുങ്ങലിലാക്കുന്നു. സ്വതേ അപകര്‍ഷ ബോധത്തിനടിമയായ ‘മൂകബധിരസ്ത്രീ’യുടെ നിസ്സഹായമായ ഏകാന്തതയില്‍ നതാലിയയുടെ മുത്തച്ഛനും അദ്ദേഹത്തിന്റെ മുത്തശ്ശി വേരയും മാത്രമാണ് അവരോടു അലിവോടെ പെരുമാറുന്നത് എന്നത് മറ്റൊരു കുരുക്കിലാണ് അവരെ എത്തിക്കുക. അത് താനറിയാതെയെങ്കിലും മൂക ബധിര സ്ത്രീക്ക് വിഷം നല്‍കുകയെന്ന ഗലീനയിലെ വൈദ്യന്‍ ഏല്‍പ്പിക്കുന്ന ദൌത്യത്തിലേക്ക് മുത്തച്ഛനെ എത്തിക്കുന്നു. സ്ത്രീയെ കൊലപ്പെടുത്തുന്നതോടെ നാട്ടുകാര്‍ക്കിടയില്‍ വീരപരിവേഷം ലഭിക്കുന്നുവെങ്കിലും യുദ്ധകാലത്ത് ദുരൂഹമായ സാഹചര്യങ്ങളില്‍ കൊല്ലപ്പെടുന്ന വൈദ്യന്‍ തന്റെ ചതിക്ക് വിലയൊടുക്കുകയായിരുന്നുവോ എന്ന് വ്യക്തമല്ല. നോവലിലെങ്ങും കാണപ്പെടുന്ന മൃത്യുവിന്റെ നാനാര്‍ഥങ്ങള്‍ എന്ന പ്രമേയത്തില്‍ ഒട്ടേറെ കഥാപാത്രങ്ങള്‍ ബന്ധിതരാവുന്നുണ്ട്: ലുക്കാ, ഗലീനയിലെ വൈദ്യന്‍, പ്രവചന സിദ്ധിയില്‍ തെറ്റിപ്പോയതിനു കൊല്ലപ്പെടുന്ന അന്ധന്‍ ഓര്‍ലോ, നാട്ടുകാരുടെ ക്ഷണപ്രകാരം കടുവാ വേട്ടക്കെത്തി പ്രസ്തുത ശ്രമത്തില്‍ കൊല്ലപ്പെടുന്ന കരടിയെന്നു വിളിക്കപ്പെട്ട പ്രസിദ്ധനായ വേട്ടക്കാരന്‍ ദരീസ, ജിപ്സികള്‍ തേടുന്ന മണ്‍മറഞ്ഞ സഹോദരന്‍, ‘മൂക ബധിര സ്ത്രീ’യുടെ സഹോദരിയും ലൂക്കായുടെ ആത്മാവിന്റെ കൂട്ടുകാരിയുമായിരുന്ന, യഥാര്‍ത്ഥത്തില്‍ അയാള്‍ വിവാഹം ചെയ്യേണ്ടിയിരുന്ന, സംഗീതപ്രിയയായിരുന്ന അമാന തുടങ്ങി ഒട്ടേറെ പേര്‍ അക്കൂട്ടത്തിലുണ്ട്. യുദ്ധം അതിരുകളില്ലാത്ത ഹിംസയിലൂടെ  സംസ്കാരത്തിന്റെ നീക്കിവെപ്പുകള്‍ തിരോഭവിപ്പിക്കുന്നതിലേക്കും ജീവി വര്‍ഗ്ഗങ്ങള്‍ക്കിടയിലെ സനാതനമായ ഉടമ്പടിയുടെ തകര്‍ച്ചയിലൂടെ നരഭോജികളുടെ ഉദയത്തിലേക്കും നയിക്കുന്നതിന് സാഹിത്യത്തില്‍ വേറെയും ഉദാഹരണങ്ങളുണ്ട്: മോസാംബിക്കാന്‍ നോവലിസ്റ്റ് മിയാ കൂട്ടോയുടെ ‘കണ്‍ഫഷന്‍സ് ഓഫ് ദി ലയണസ്’ ‘ബിഗ്‌ കാറ്റ്’ കുലത്തില്‍ നിന്ന് തന്നെ അത്തരം ഒരു കേന്ദ്ര ബിംബത്തെ കണ്ടെടുക്കുന്നതിലൂടെ, ടിയ ഒബ്രെയ്റ്റിന്റെ നോവലിന് നല്ലൊരു മുന്‍ മാതൃകയാകുന്നുണ്ട്. ഇന്തോനേഷ്യന്‍ നോവലിസ്റ്റ്‌ ഏകാ കുര്‍നിയാവാന്‍ തന്റെ ‘മാന്‍ ടൈഗര്‍’ എന്ന നോവലില്‍ ദരിദ്ര- സമ്പന്ന ഉച്ചനീചത്വങ്ങളുടെ ദുസ്സഹനീയതയില്‍ തുടല്‍ പൊട്ടിക്കുന്ന ക്രോധം പകര്‍ത്താനുള്ള രൂപകമായി കണ്ടെടുക്കുന്നതും സമാനമായ ഒരു ബിംബത്തെയാണ്.

‘മരണമില്ലാത്ത മനുഷ്യന്‍’

നതാലിയയുടെ മുത്തച്ഛനുമായി ബന്ധപ്പെട്ട മറ്റൊരു ഇതിവൃത്ത ഖണ്ഡം ‘മരണമില്ലാത്ത മനുഷ്യ’ന്റെ കഥയാണ്‌. വര്‍ത്തമാന കാലത്തില്‍, മുത്തച്ഛന്റെ മരണവാര്‍ത്തക്ക് ശേഷം, അദ്ദേഹത്തിന്റേതായ ചില വസ്തുക്കള്‍ ഏറ്റുവാങ്ങാനായി സ്ദ്രെവ്കൊവിലേക്ക് പോകുന്ന സന്ദര്‍ഭത്തിലാണ് മരണമില്ലാത്ത മനുഷ്യന്റെ കഥ നതാലിയ ഓര്‍ത്തെടുക്കുന്നത്. ഗാവ്റാന്‍ ഗെയ്ല്‍ എന്ന ഗാവോ എന്ന മനുഷ്യനുമായി വിവിധ സന്ദര്‍ഭങ്ങളില്‍ കണ്ടുമുട്ടിയ കഥകള്‍ മുത്തച്ഛന്‍ നതാലിയയോട്‌ പറഞ്ഞിരുന്നു. പകര്‍ച്ചവ്യാധി വ്യാപിക്കുന്ന പട്ടണത്തില്‍ വെച്ചാണ് അതാദ്യം സംഭവിക്കുന്നത്‌. അയാളെ കുറിച്ച് സംശയാലുവായ അദ്ദേഹം നിരീക്ഷിക്കുന്നു:

“അയാള്‍ എനിക്ക് ഉറങ്ങിപ്പോവാനും മാത്രം സുരക്ഷിതത്വ ബോധവും സന്തോഷവും നല്‍കാന്‍ പോവുകയാണ്, പിന്നീട് ഞാന്‍ സ്വയം ഞെട്ടിയുണരുകയും അപ്പോള്‍ അയാള്‍ എനിക്ക് മേല്‍, ഒരു മൃഗത്തെ പോലെ മുരണ്ടുകൊണ്ട്‌, ഒരു പേനായയെ പോലെ കണ്ണുകള്‍ തുറിപ്പിച്ച്‌ കാണപ്പെടാന്‍ പോകുന്നു.”

ഗാവോയെ പോലെ അപ്രവചനീയ പ്രകൃതമുള്ള ഒരാളില്‍ ഒരു കടുത്ത പൈശാചത്തിന്റെ വശം കൂടിയുണ്ടാവാം എന്ന് അദ്ദേഹം ചിന്തിക്കുന്നു. നോവലില്‍ ഉടനീളം ഉപയോഗിക്കപ്പെടുന്ന മൃഗബിംബ കല്‍പ്പനയുടെ ശക്തമായ ഒരു ഉദാഹരണവുമാണിത്. തനിക്കു മരണമില്ലെന്ന അയാളുടെ അവകാശവാദം വിശ്വസിക്കാന്‍ കൂട്ടാക്കാത്ത നതാലിയയുടെ മുത്തച്ഛനെ വിശ്വസിപ്പിക്കാന്‍ അയാളൊരു പന്തയത്തില്‍ ഏര്‍പ്പെടുന്നു. ഏറെ നേരം വെള്ളത്തിനടിയില്‍ ബന്ധിതനായിക്കിടന്ന ശേഷം കരക്കെത്തി വിജയിക്കുന്ന ഗാവോ പക്ഷെ, പന്തയ വസ്തുവായിരുന്ന ‘ജങ്കിള്‍ ബുക്ക്’ പുസ്തകം കൈപ്പറ്റുന്നില്ല. മറ്റു സന്ദര്‍ഭങ്ങളില്‍, ഒരു തീര്‍ഥാടന കേന്ദ്രത്തില്‍ വെച്ചും പിന്നീട് ഉപരോധത്തില്‍ പെട്ട സരോബോര്‍ പട്ടണത്തില്‍ വെച്ചും, അയാള്‍ തന്നെ കുറിച്ച് കൂടുതല്‍ വ്യക്തമാക്കുന്നു. അയാളുടെ അമ്മാവന്‍ ‘മൃത്യു’ ആയിരുന്നു. അദ്ദേഹത്തിന്റെ ശാപമാണ് അയാളുടെ മരണമില്ലായ്മ. എന്നാല്‍, അത്തരം ഒരു മിത്തിക്കല്‍ കഥാപാത്രത്തിനുപോലും വ്യക്തമായ പാത്രവളര്‍ച്ച നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നത് യുവനോവലിസ്റ്റിന്റെ പ്രതിഭയായി കാണണം. ഒടുവിലത്തെ കണ്ടുമുട്ടലില്‍ ഹോട്ടല്‍ വെയ്റ്ററുടെ ആസന്ന മരണം പ്രവചിക്കുമ്പോഴും അതയാളെ അറിയിക്കേണ്ടതില്ല എന്ന് അയാള്‍ തീരുമാനിക്കുന്നത് ഒരു തിരിച്ചറിവിലാണ്: ആളുകളെ അവരുടെ മരണത്തെ കുറിച്ച് അറിയിച്ച് പരിഭ്രാന്തരാക്കാതിരിക്കുന്നതാണ് നല്ലത്.

പ്രതീകങ്ങള്‍, കഥാപാത്രങ്ങള്‍    

     കിപ്ലിങ്ങിന്റെ ‘ജങ്കിള്‍ ബുക്ക്’ ഒരു പ്രതീകാത്മക സാന്നിധ്യമായി നിറഞ്ഞു നില്‍ക്കുന്നത് നോവലിലെ മൃഗബിംബകല്‍പ്പനകളില്‍ (animal imagery) പ്രധാനമാണ്. നതാലിയയുടെ മുത്തച്ഛന് കുട്ടിക്കാലത്ത് ഗലീനയിലെ വൈദ്യനില്‍നിന്ന് കിട്ടിയ പുസ്തകത്തിലെ കഥകളും നോവലിലെ മുഖ്യ സംഭവങ്ങളും തമ്മിലുള്ള സാജാത്യങ്ങള്‍ പ്രകടമാണ്. ഗലീനയില്‍ പ്രത്യക്ഷപ്പെട്ടതായി കരുതപ്പെടുന്ന നിഗൂഡ ജീവിയെ കടുവയായി മനസ്സിലാക്കപ്പെടുന്നത്‌ കിപ്ലിങ്ങിന്റെ ഷേര്‍ ഖാനോട് ചേര്‍ത്തുവെച്ചാണ്. മൌഗ്ലിയെ പോലെ കുട്ടിയായ നതാലിയയുടെ മുത്തച്ഛനും നേരിടേണ്ടി വരുന്നത് തന്നെക്കാള്‍ ഏറെ വലിയവരും എകാകികളുമായ ഗലീന നിവാസികളെയാണ്. ശക്തരായ എതിരാളികളായ, ജങ്കിള്‍ ബുക്കിലെ ഇതര മൃഗങ്ങള്‍ക്ക് സമാനരാണ് ലൂക്കാ, കരടിയെന്നു വിളിക്കുന്ന ദരീസ, ഗലീനയിലെ വൈദ്യന്‍ തുടങ്ങിയവര്‍. നോവലന്ത്യത്തില്‍ ജങ്കിള്‍ ബുക്ക്’ പുസ്തകം നതാലിയക്ക്‌ നഷ്ടമാകുന്നത് പുതിയ സമവാക്യങ്ങളിലേക്ക് വളര്‍ന്നു തുടങ്ങുന്നതിന്റെ സൂചകമാവം.   

പാത്രസൃഷ്ടിയില്‍ ആദ്യനോവലില്‍ തന്നെ റിയ ഒബ്രെയ്റ്റ് കാഴ്ചവെക്കുന്ന ആഴവും കയ്യടക്കവും ഏറെ നിരൂപക ശ്രദ്ധ നേടിയിട്ടുണ്ട്. മിത്തുകളും മിത്തുവല്‍ക്കരിക്കപ്പെട്ട ചരിത്രവും തേടി നൂറ്റാണ്ടുകള്‍ പിറകോട്ടു പോകേണ്ടതില്ല എന്നിടത്താണ് മാജിക്കല്‍ റിയലിസം പോലുള്ള ആഖ്യാന രീതികള്‍ ചുവടുറപ്പിക്കുന്നത്. അത് സമകാലികതയുടെയും സഞ്ചിത സ്മൃതികളുടെയും കാവ്യാത്മക സങ്കരമായി എല്ലാകാലത്തും കണ്ടെടുക്കാനാവും. യുഗോസ്ലാവിയന്‍ ചരിത്രത്തെ മിത്തുവല്‍ക്കരിക്കാനുള്ള ടിയാ ഒബ്രെയ്റ്റിന്റെ ശ്രമം നോവലില്‍ ഏറെ ഫലപ്രദമായിത്തീരുന്നത് പാത്രസൃഷ്ടിയിലെ സൂക്ഷമതയും കഥകളുടെ വൈപുല്യവും ചേര്‍ന്നാണ്. നോവലില്‍ എമ്പാടുമുള്ള പുരാണങ്ങളിലും കഥകളിലും നിറഞ്ഞു നില്‍ക്കുന്ന എല്ലാ കഥാപാത്രങ്ങള്‍ക്കും വേറെ വേറെ നോവലുകള്‍ക്ക് വിഷയമാക്കാന്‍ കഴിയും വിധത്തില്‍ത്തന്നെ അവരവരുടെ പുരാവൃത്തങ്ങളുണ്ട്. നതാലിയക്കും സോറക്കും ബ്രിജെവിനയില്‍ ആതിഥ്യമരുളുന്ന ബാര്‍ബാ ഇവാന്‍, നാദ ദമ്പതികള്‍ നിലനിര്‍ത്തുന്ന നിഗൂഡത, സഹോദരന്റെ ആത്മാവിനെ ഉച്ഛാടനം ചെയ്യാന്‍ ശ്രമിക്കുന്ന ജിപ്സികളുടെ കഥാന്ത്യത്തില്‍ നതാലിയക്ക്‌ തുറന്നു കിട്ടുന്നുണ്ട്‌: ആത്മാക്കളെയും അടക്ക സമയത്ത് ആത്മാക്കള്‍ക്കു വേണ്ടി കാത്തുവെക്കുന്ന നേര്‍ച്ചദ്രവ്യങ്ങളെയും ആവാഹിച്ചു സംഭരിക്കുന്ന ‘മോറ’യായി വേഷം കെട്ടുന്നത് ബാര്‍ബയാണെന്നു കണ്ടെത്തുന്നുവെങ്കിലും അയാള്‍ക്ക്‌ വേണ്ടി അവളാ രഹസ്യം സൂക്ഷിക്കും. നതാലിയയുടെ ആത്മസുഹൃത്ത് സോറ, പുരുഷ കേന്ദ്രിത അധികാര വൃത്തങ്ങളുമായി ഇടഞ്ഞു കുഴപ്പത്തില്‍ ചാടിയ വ്യക്തിത്വമാണ്. എന്നാല്‍,  നോവലന്ത്യത്തില്‍,  സൂറിച്ചിലെ ന്യൂറോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മികച്ചൊരു ജോലി കണ്ടെത്താന്‍ പാകത്തില്‍ അവള്‍ സ്വയം നിയന്ത്രണത്തിന്റെ പാഠങ്ങള്‍ പഠിച്ചിട്ടുണ്ട്. രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളില്‍ സുവ്യക്തമായ അഭിപ്രായങ്ങളുള്ള, അത് തുറന്നു പറയാന്‍ ധൈര്യം കാട്ടുന്ന പ്രകൃതമാണ് ബഹുമാന്യനായ ഡോക്റ്റര്‍ ആയ നതാലിയയുടെ മുത്തച്ഛന്റെത്. രാഷ്ട്രീയ അസ്ഥിരതകളുടെ കാലത്ത് അധികൃതരുടെ കര്‍ശന നിരീക്ഷണങ്ങള്‍ക്ക് അദ്ദേഹം ഇരയായിരുന്നു. യൂനിവേഴ്സിറ്റിയില്‍ നിന്ന് രാഷ്ട്രീയ കാരണങ്ങളാല്‍ പുറത്താക്കപ്പെട്ടപ്പോഴും തന്റെ രോഗികളോടുള്ള കടമ നിറവേറ്റാന്‍ വീടു സന്ദര്‍ശനങ്ങള്‍ പതിവാക്കിയ മുത്തച്ഛന്റെ കാലടിപ്പാടുകള്‍ തന്നെയാണ് മെഡിക്കല്‍ പ്രൊഫഷന്‍ തെരഞ്ഞെടുക്കാനും സാമൂഹ്യ ബോധമുള്ള ഡോക്റ്റര്‍ ആയി പ്രവര്‍ത്തിക്കാനും അനന്തിരവളെ പ്രാപ്തയാക്കിയതെന്നു വ്യക്തം. അന്ധവിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്തുമ്പോഴും ഹൃദ്യമായ ആതിഥ്യ മര്യാദകളും വേണ്ടിടത്ത് കര്‍ക്കശ ഭാവങ്ങളുമുള്ള മുത്തശ്ശിയും ശക്തയായ കഥാപാത്രമാണ്. ഒന്നാം ലോകയുദ്ധത്തിനു ശേഷം ഒരു പതിറ്റാണ്ട് കഴിഞ്ഞ് ഗലീന വിട്ടുപോവുകയും ബാള്‍ക്കന്‍ നാടോടി പാരമ്പര്യത്തിലെ ഒറ്റക്കമ്പി വാദ്യോപകരണമായ ഗുസ് ല പഠിക്കാനായി മുന്നൂറു മൈല്‍ ദൂരം നടന്ന് തുറമുഖ നഗരമായ സരോബോറില്‍ എത്തിച്ചേരുകയും ചെയ്യുന്ന ലൂക്കയുടെ കഥ നോവലിസ്റ്റിന്റെ ആഖ്യാന ഗരിമയുടെ ഉത്തമമാതൃകയായി റോണ്‍ ചാള്‍സ് ചൂണ്ടിക്കാട്ടുന്നു. അവിടെയെത്തുമ്പോഴാണ്‌ തട്ടുപൊളിപ്പന്‍ പുത്തന്‍ സംഗീതരീതികളില്‍ ഗുസ് ല ഏതാണ്ട് വിസ്മരിക്കപ്പെട്ടിരിക്കുന്നു എന്ന് ലൂക്കാ തിരിച്ചറിയുന്നത്‌. എന്നാല്‍ ഏറെ ശ്രമിച്ചു വയോധികനായ ഒരു ഗുരുവിനെ കണ്ടെത്തി അഭ്യസനം നടത്തുന്നു അയാള്‍. സംഗീതത്തില്‍ എന്നതിലേറെ ഗാനരചനയിലായിരുന്നു അയാള്‍ക്ക് വാസനയെങ്കിലും ‘ലൂക്കാ വായിക്കുന്നത് കേട്ടാല്‍ കണ്ണ് നിറഞ്ഞുപോകും’ എന്ന് ആളുകള്‍ പറഞ്ഞു. എന്തുകൊണ്ട് ഒറ്റക്കമ്പി വാദ്യമെന്ന ചോദ്യത്തിന് ‘അമ്പത് കമ്പികള്‍ ഒരു സംഗീതം ഉണ്ടാക്കും, എന്നാല്‍ ഈ ഒരൊറ്റക്കമ്പിക്ക് ഒരായിരം കഥകള്‍ അറിയാം’ എന്ന് അയാള്‍ മറുപടി പറഞ്ഞു.  ലൂക്കായെ പോലെ ‘ബധിര മൂക സ്ത്രീ’, അന്ധന്‍ ഓര്‍ ലോ, തുടങ്ങിയ ഒട്ടുമിക്ക കഥാ പാത്രങ്ങളും ത്രിമാന വ്യക്തിത്വ വികാസമുള്ളവര്‍ തന്നെയാണ്.

ഹിംസയുടെ കാലാതീത രഥ്യകള്‍  

എന്നാല്‍, ആഖ്യാനത്തിന്റെ അച്ചുതണ്ടായി നില്‍ക്കുന്ന നതാലിയ മുഖ്യമായും മുത്തച്ഛനോടുള്ള അടുത്ത ബന്ധത്തിന്റെ കണ്ണിലൂടെ മാത്രമാണ് ആവിഷ്കരിക്കപ്പെടുന്നത്. പ്രഥമമായും ഒരു നിരീക്ഷക, ഇതര കഥാപാത്രങ്ങളുടെ വിനിമയങ്ങളെ പ്രകാശിപ്പിക്കുന്ന ഒരു കണ്ണാടി എന്ന നിലയിലാണ് നോവലില്‍ നതാലിയ അടയാളപ്പെടുന്നത്. കൗമാരക്കാരിയായിരുന്ന നതാലിയ മുത്തച്ഛനോടൊപ്പം നടത്തിയ സാഹസിക യാത്രകളിലൊന്നില്‍ നിലച്ചുപോയ ഒരു സര്‍ക്കസ് ക്യാമ്പില്‍ നിന്ന് പുറത്തുകടന്ന ഒരാന അഭയാര്‍ഥിയായി നഗരത്തിലെ തകര്‍ന്നു കൊണ്ടിരുന്ന കാഴ്ച്ചബംഗ്ലാവിലേക്ക് തെളിക്കപ്പെടുന്നത് കാണുന്നുണ്ട്. മുത്തച്ഛന്‍ അവളോട്‌ പറയുന്നു:

“ഈ യുദ്ധത്തിന്റെ കഥ – തിയ്യതികള്‍, പേരുകള്‍, അതാര് തുടങ്ങി, എന്തിന് - എല്ലാം എല്ലാവരുടെതുമാണ്. അതില്‍ ഉള്‍പെട്ട ആളുകളുടെത് മാത്രമല്ല, വാര്‍ത്ത പത്രങ്ങളില്‍ എഴുതുന്നവര്‍, ആയിരക്കണക്കിന് മൈലുകള്‍ക്ക് അപ്പുറമുള്ള രാഷ്ട്രീയക്കാര്‍, ഒരിക്കലും ഇവിടെ വന്നിട്ടില്ലാത്ത, മുമ്പ് ഇവിടത്തെ കുറിച്ച് കേട്ടിട്ടില്ലാത്ത ആളുകള്‍. എന്നാല്‍ ഇതുപോലെ ചിലത്- ഇത് നിന്റെതാണ്. ഇത് നിനക്ക് മാത്രം അവകാശപ്പെട്ടത്. എനിക്കും.. അത് നീ എവിടെ പറയുന്നു എന്നതിനെ കുറിച്ച് നന്നായി ആലോചിക്കണം, ആരോട് എന്നതിനെ കുറിച്ചും. അത് കേള്‍ക്കാന്‍ ആര്‍ക്കാണ് യോഗ്യതയുള്ളത്?.”

ഇത്തരം കഥകള്‍ ഇനിയുമുണ്ടോ എന്ന നതാലിയയുടെ ചോദ്യം മുത്തച്ഛനില്‍നിന്ന് ജീവിത പാഠങ്ങള്‍ പഠിക്കാനുള്ള ഔത്സുക്യത്തിന്റെ നിദര്‍ശനമാണ്. ഇതും ഇതുപോലുള്ള മറ്റനേകം സന്ദര്‍ഭങ്ങളും അടയാളപ്പെടുത്തുന്ന മുത്തച്ഛന്റെ ഭൂതകാലത്തിലേക്കുള്ള വൈകാരിക യാത്രയിലൂടെ എങ്ങനെയാണ് മറ്റുള്ളവരുടെ വിശ്വാസങ്ങളെ, അവ പ്രകൃതിയുടെയും സാമാന്യ ബുദ്ധിയുടെയും നിയമങ്ങളെ നിഷേധിക്കുമ്പോള്‍ പോലും, മാനിക്കേണ്ടതെന്നും മരണം എന്ന പ്രതിഭാസത്തെ അംഗീകരിക്കേണ്ടത് എന്നും നതാലിയ മനസ്സിലാക്കിയിട്ടുണ്ട്. ജിപ്സികളുടെ സഹോദരന്റെ ആത്മമോക്ഷത്തിനുള്ള ചടങ്ങില്‍ അനിവാര്യമായ ‘അന്യ’ന്റെ വേഷം കെട്ടാന്‍ അവള്‍ തയ്യാറാകുന്നത് ഈ തിരിച്ചറിവ് കൊണ്ടുകൂടിയാണ്. ഉപസംഹാര അദ്ധ്യായം നതാലിയയുടെ മാനസികവികാസത്തിന്റെ ഈ തലം വ്യക്തമാക്കുന്നു. മരണമില്ലാത്ത മനുഷ്യനും കടുവയും കടുവയുടെ ഭാര്യയും ജീവിച്ചിരിപ്പില്ലായിരിക്കാം. എന്നാല്‍, അവരൊക്കെയും ഇതിഹാസങ്ങളിലും പുരാണങ്ങളിലും ജീവിച്ചിരിക്കുന്നുണ്ട്; അതുകൊണ്ട് അവര്‍ ജീവിച്ചിരിക്കുന്നു; അതും എന്നെന്നേക്കും. യഥാര്‍ത്ഥ പേരുകള്‍ സ്ഥലങ്ങള്‍ക്ക് മാത്രമല്ല വ്യക്തികള്‍ക്കും തീര്‍ത്തും ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കിലും ‘മാര്‍ഷല്‍’ എന്ന് കേള്‍ക്കുമ്പോള്‍ ടിറ്റോ എന്നും ‘നഗരം (the City)’ എന്ന് വായിക്കുമ്പോള്‍ ബെല്‍ഗ്രേഡ് എന്നും സെര്‍ബ് കൂലിപ്പട്ടാളം ബോംബു വര്‍ഷത്തിനു തെരഞ്ഞെടുക്കുന്ന മുസ്ലിം ഭൂരിപക്ഷമുള്ള സരോബോറിനെ ‘മോസ്റ്റാര്‍’ എന്നും വായിച്ചെടുക്കാനും പ്രയാസമില്ല. ‘കടുവയുടെ ഭാര്യ’യുടെ കാലത്തെ പോലെ നതാലിയയുടെ കാലത്തും യുദ്ധമുണ്ട്, ബോംബു വര്‍ഷത്തിലും ഉപരോധത്തിലും തകര്‍ന്ന നഗരത്തിലെ കാഴ്ചബംഗ്ലാവില്‍ ചെന്നായ്ക്കളും കടുവകളും അവയുടെ സ്വന്തം കുഞ്ഞുങ്ങളെ തിന്നുന്നുണ്ട്. സ്ബോഗോം അഥവാ ഫെയര്‍വെല്‍ എന്ന് പേരായ കടുവ സ്വന്തം കാലുകള്‍ തിന്നുന്നുണ്ട്: യുഗോസ്ലാവിയയിലെ സ്വന്തം മക്കളോട് സെര്‍ബിയ ചെയ്ത പോലെ. പഴയ യുഗോസ്ലാവിയയോടു വിട പറഞ്ഞ് പോകുമ്പോള്‍, തന്റെ ബോസ്നിയന്‍ ഭാര്യയെ ഓര്‍ത്തുകൊണ്ട്‌ മുത്തച്ചന്‍ ചിന്തിക്കുന്നു:

“എന്റെ പേര്, നിന്റെ പേര്, അവളുടെ പേര്. ഒടുവില്‍, നിന്നെ മണ്ണിലേക്ക് ഇറക്കി വെക്കാന്‍ സമയമാകുമ്പോള്‍ നിനക്കാകെ വേണ്ടത് നിന്നെ ആഗ്രഹിക്കുന്ന ഒരാളെയാണ്.”   

 

മുത്തച്ഛന്‍ സ്റ്റെഫാന്‍ ഒബ്രെയ്റ്റ് മരണക്കിടക്കയില്‍ വെച്ച് ആവശ്യപ്പെട്ടതു പ്രകാരമാണ് ടിയാ ബയ്റാക് ടരേവിച്ച് എന്ന യഥാര്‍ത്ഥ പേര് ടിയ ഒബ്രെയ്റ്റ് എന്ന് എഴുത്തുകാരി മാറ്റിയത് എന്നതില്‍, നോവലിലെ മുത്തച്ഛന്‍- അനന്തിരവള്‍ സ്നേഹ പാശത്തിന്റെ ഉറവിടം കണ്ടെത്താം. 

 

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 180-187) 

 

Read more:

Confession of the Lioness by Mia Couto

https://alittlesomethings.blogspot.com/2016/09/blog-post_76.html

Man Tiger by Eka Kurniawan

https://alittlesomethings.blogspot.com/2016/10/blog-post.html

Quiet Flows the UNA by Faruk Sehic

https://alittlesomethings.blogspot.com/2024/08/quiet-flows-una-by-faruk-sehic.html

Death and the Dervish by Meša Selimović

https://alittlesomethings.blogspot.com/2024/08/death-and-dervish-by-mesa-selimovic.html

The Bridge on the Drina Novel by Ivo Andrić

https://alittlesomethings.blogspot.com/2024/07/the-bridge-on-drina-novel-by-ivo-andric.html

Saturday, October 19, 2024

Five Days Untold by Badr Ahmad/ Christiaan James

പോര്‍മുഖങ്ങളില്‍ കുരുങ്ങിപ്പോകുന്നവര്‍



(യമനി നോവലിസ്റ്റ് ബദര്‍ അഹ്മദ് രചിച്ച ‘Five Days Untold’ എന്ന നോവല്‍, അറബ് സമൂഹങ്ങളിലെ സായുധ കലാപങ്ങളില്‍ ഇരയായിപ്പോകുന്ന സാമാന്യജന സമൂഹത്തിന്റെ ദുരന്തം ഹൃദ്യമായ കാവ്യാത്മക ശൈലിയില്‍ അവതരിപ്പിക്കുന്നു. Republic of Consciousness Prize-ന്റെ പരിഗണനാ പട്ടികയില്‍ ഇടം പിടിച്ച നോവല്‍, അറബ് സാഹിത്യ ലോകത്തു നിന്നുള്ള ശക്തനായ ഒരു പുതുമുഖത്തെ അവതരിപ്പിക്കുന്നു.) 

യമനി സമൂഹത്തില്‍ പിടിമുറുക്കിയ സംഘര്‍ഷങ്ങളെ മീഡിയ ഏകപക്ഷീയമായി ഊന്നുന്ന സുന്നി-ഷിയാ വിഭാഗീയ അസ്വാസ്ഥ്യങ്ങള്‍ എന്ന ലളിത വല്‍ക്കരണ യുക്തിയില്‍ വിശദീകരിക്കാന്‍ ശ്രമിക്കുന്നത് എല്ലാ സംഘര്‍ഷങ്ങളെയും നൂറ്റാണ്ടുകളിലൂടെ തുടര്‍ന്നുവന്ന സാംസ്കാരിക വിഭജനത്തില്‍ തളച്ചിടുന്നു എന്നും എന്നാല്‍ പ്രസ്തുത ലളിതവല്‍ക്കരണത്തിനപ്പുറം വര്‍ഷങ്ങളായി അനുഭവിക്കേണ്ടിവന്ന അധിനിവേശം, അഭ്യന്തര യുദ്ധം, അഴിമതി, ദാരിദ്ര്യം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങള്‍, ഒട്ടേറെ ബാലാരിഷ്ടതകള്‍ക്കിടയിലും, യമനി സാഹിത്യം സ്പഷ്ടമാക്കുന്നുണ്ട് എന്നും Middle East Monitor വ്യക്തമാക്കുന്നു *1. മുല്ലപ്പൂ വിപ്ലവാനന്തര കാലത്ത്, വിപ്ലവത്തിന്റെ ഫലങ്ങള്‍ എന്തുതന്നെയായാലും, യമനി സാഹിത്യത്തില്‍ ഉണ്ടായ കുതിപ്പ് ഈ നിരീക്ഷണത്തെ സാധൂകരിക്കുന്നു. വിഖ്യാത അറബിക്-ഇംഗ്ലീഷ് വിവര്‍ത്തക സവാദ് ഹുസൈന്‍ എഴുതിയ ‘ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യേണ്ട പത്ത് അറബ് കൃതികള്‍’ എന്ന ലേഖനത്തില്‍ *2  വിവരിക്കപ്പെടുന്ന ഏറ്റവും പുതിയ കൃതിയായി യമനി നോവലിസ്റ്റ് ബദര്‍ അഹ്മദ് രചിച്ച ‘Five Days Untold’ ഇടം പിടിച്ചത് ഇതോടു ചേര്‍ത്തു കാണാം. ചെറുകിട പ്രസാധകര്‍ പ്രസിദ്ധീകരിക്കുന്ന മികച്ച കൃതികള്‍ക്കു നല്‍കപ്പെടുന്ന Republic of Consciousness Prize-നു പ്രഥമ ലിസ്റ്റില്‍ *3  ഇടം പിടിച്ച നോവല്‍, സമകാലിക യമനിന്റെ പതിപ്പായ സാങ്കല്‍പ്പിക പട്ടണത്തെ പശ്ചാത്തലമാക്കി താല്‍പ്പര്യമേതുമില്ലാത്ത യുദ്ധത്തില്‍ കരുവായിത്തീരുന്ന യുവാവിന്റെയും ബാല്യകാല ദുരനുഭവങ്ങളുടെ ഫലമായി മനുഷ്യത്വം ഇല്ലാതാകുന്ന കൊലയാളി രാഷ്ട്രീയക്കരന്റെയും അനുഭവങ്ങളിലൂടെ സംഘര്‍ഷങ്ങളുടെ ഇടയില്‍ പെട്ടുപോകുന്ന സാധാരണ മനുഷ്യരുടെയും ദേശത്തിന്റെയും കഥ പറയുന്നു.

തുടക്കം, അഥവാ തുടര്‍ച്ചയും   

“അന്നേ ദിവസം (നായ്ക്കളുടെയും പൂച്ചകളുടെയും എണ്ണം ജനസംഖ്യയെ കടത്തിവെട്ടിയതായി പറയപ്പെട്ട അന്ന്) എന്റെ ചെറുപട്ടണത്തിന്റെ ചരിത്രത്തില്‍ വേറിട്ട്‌ നിന്ന ഒന്നായിരുന്നു. യുദ്ധത്തിന്റെ ഒരു കൊല്ലം വന്നു പോവുകയും മറ്റൊന്ന് തുടങ്ങുകയും ചെയ്യുകയായിരുന്നു എന്നത് കൊണ്ടല്ല, മറിച്ചു സവിശേഷ സംഭവങ്ങള്‍ അന്നേ ദിവസം സംഭവിച്ചു എന്നത് കൊണ്ട്.”

ജിജ്ഞാസ ഉണര്‍ത്തുന്ന ഈ വാക്യങ്ങളോടെ ആരംഭിക്കുന്ന നോവലില്‍, 2018ന്റെ പുതുവര്‍ഷത്തലേന്ന് (2017 ഡിസംബര്‍ 31) സിയാദ് അല്‍ നിഖാഷ് എന്ന മൂന്നാം തലമുറ പ്ലാസ്റ്റര്‍ വര്‍ക്ക് ശില്‍പ്പി തുടങ്ങുന്ന ആഖ്യാനം അന്നത്തെ പകലില്‍ പട്ടണത്തിലുണ്ടായ അസാധാരണ സംഭവങ്ങളെ ആസ്പദമാക്കിയാണ് വികസിക്കുന്നത്. മാനസിക ആരോഗ്യം നശിച്ചു മൌനത്തിലേക്ക്‌ പിന്‍വാങ്ങിയ തന്റെ പിതാവ് മുഹിയുദ്ദീന്‍ അല്‍ നിഖാഷിനും, സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങളില്‍ കുടുംബ നാഥയായി മാറിയ മാതാവ്, പ്രൌഡയായ ‘സിര്‍ക്കേസിയന്‍’ വനിത, ബിന്‍ത് അല്‍ മുതമ്മാറിനും മൂന്നു ഇളയ അനിയത്തിമാര്‍ക്കും ഒപ്പം സിയാദ് കഴിയുന്നു. ജന്മനായുള്ള കേള്‍വി ശക്തിയിലെ പരിമിതി ചുണ്ടനക്കങ്ങള്‍ നിരീക്ഷിക്കുന്നതിലൂടെ വിദഗ്ദമായി ഒളിപ്പിച്ചു വെക്കാന്‍ ഉമ്മാക്ക് കഴിയുന്നുണ്ട്. പുതുവത്സര ദിനത്തിന്റെ ആവേശങ്ങളിലേക്ക് ഉണരുന്ന ദേശത്തിനു പകരം നോവല്‍ പരിചയപ്പെടുത്തുന്നത് വിചിത്ര ഭാവങ്ങളുള്ള ഒന്നിനെയാണ്.

            നോവല്‍ ആരംഭത്തില്‍, പട്ടണത്തിലെ ജലസംഭരണിയില്‍ കണ്ടെത്തുന്ന നാല് അഴുകിയ ജഡങ്ങള്‍ വരാനിരിക്കുന്നതിന്റെ/ തുടര്‍ച്ചയുടെ മുന്നോടിയാണ്. “മൃത്യുവിന്റെയും ചീഞ്ഞഴുകലിന്റെയും ഗന്ധം എല്ലായിടത്തും മൂടി.” പത്തു മണിക്ക് പള്ളിയിലെ ഇമാം കണ്ണുകെട്ടി കൈകള്‍ ബന്ധിച്ചു അറസ്റ്റ് ചെയ്യപ്പെട്ടു. രാഷ്ട്രീയ ഉപദേശക സമിതി ഉദ്യോഗസ്ഥന്‍ നാജി അവാദ് വിപ്ലവകാരികളെ സഹായിക്കുന്നു എന്ന ആരോപണത്തോടെ ഇമാമിനെ സൈനിക ക്യാപ്റ്റനു കൈമാറി. ലോഹപ്പണിക്കാരന്‍ യഹ് യ അല്‍ റൂമി തന്റെ കടയില്‍ രക്തത്തില്‍ കുളിച്ചു മരിച്ചു കിടന്നു. വൈകീട്ടാവുമ്പോള്‍ എന്തൊക്കെയോ ഭയന്നെന്നോണം നായ്ക്കള്‍ ഓരിയിട്ടു തുടങ്ങി. ടെലിവിഷന്‍ സ്ക്രീനില്‍ പതിവ് പരിപാടികള്‍ നിര്‍ത്തിവെച്ചു പ്രത്യക്ഷനാകുന്ന ‘പല്ലില്ലാത്ത പ്രതിരോധ മന്ത്രി’, സിയാദിന്റെയും അവനെ പോലുള്ളവരുടെയും ജീവിതങ്ങളില്‍ കരിനിഴല്‍ വീഴ്ത്താന്‍ പോകുന്ന ആ കാര്യം അറിയിക്കുന്നു: നിര്‍ബന്ധിത സൈനിക സേവനത്തില്‍ നിന്ന് സംരക്ഷണം നല്‍കിയിരുന്ന എല്ലാ ഒഴികഴിവുകളും പിന്‍വലിക്കപ്പെട്ടിരിക്കുന്നു. ഇതേ തുടര്‍ന്ന് ക്രൂരനും അഴിമതിക്കരനുമായ നാജി അവാദ് അത്തരം ഗുണഭോക്താക്കളെല്ലാം ഉടന്‍ സൈനിക സേവനത്തിനായി റിപ്പോര്‍ട്ട് ചെയ്യണം എന്ന ഉത്തരവ് എല്ലാവര്‍ക്കും എന്ന പോലെ നിഖാഷിനും നല്‍കുന്നു. അബ്ദുല്‍റസാഖ് ഗുര്‍നായുടെ “Afterlives’ എന്ന നോവലില്‍, ജര്‍മ്മന്‍ അധിനിവേശ സൈന്യത്തോടൊപ്പം ചേരുന്ന സ്വപ്നജീവിയായ നവയുവാവ് ഹംസയെ പോലെ, സൈനിക സേവനത്തിനു ഒട്ടും യോജിക്കാത്ത, അടിസ്ഥാനപരമായി ഒരു കലാകാരന്റെ പ്രകൃതമുള്ള സിയാദിന്, കുടുംബനാഥന്റെ വേഷത്തില്‍ തോറ്റുപോയ പിതാവിന്റെ സ്ഥാനത്ത് പെണ്ണുങ്ങള്‍ മാത്രമുള്ള വീട്ടില്‍ കുടുംബ പരമായ കടമകളും പൂര്‍ത്തീകരിക്കാനുണ്ട്.

“ഞാനെങ്ങനെ കൊല്ലപ്പെടുന്നതു ഒഴിവാക്കും? ഇതൊക്കെയും എനിക്ക് നിരൂപിക്കാന്‍ കഴിയാത്തവയായിരുന്നു. ഞാന്‍ ഇതിനു വേണ്ടി പിറന്നവനല്ല. ഞാന്‍ വരക്കാനും ശില്‍പവേലക്കും വേണ്ടി സൃഷ്ടിക്കപ്പെട്ടവനാണ്, ലാവണ്യത്തിന്റെ ചെറിയ ഇടങ്ങള്‍ വികസിപ്പിക്കാന്‍, ആളുകളുടെ ആത്മാവുകളില്‍ ആനന്ദം നിറയ്ക്കാനും.”

എല്ലാറ്റിനും പുറമേ, രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ നിന്ന് അകലം പാലിക്കാന്‍ എന്നും ശ്രമിച്ചുവന്നവര്‍ ആയിരുന്നു അല്‍ നിഖാഷ് കുടുംബം എന്നതും പ്രധാനമാണ്. ആ അര്‍ഥത്തില്‍ യുദ്ധം, സിയാദിനെ പോലുള്ളവരുടെ ജീവിതങ്ങളിലേക്ക് അധിനിവേശം നടത്തുകയാണ്:

“വിരസവും അവ്യക്തവുമായി കാണപ്പെട്ട വിജനമായ തെരുവുകളിലേക്ക് നോക്കി ഞാന്‍ ഇരിക്കവേ, രണ്ടു നിഴല്‍ രൂപങ്ങള്‍ അതിവേഗം റോഡു മുറിച്ചു കടക്കുന്നത്‌ ഞാന്‍ കണ്ടു. എന്റെ ഉമ്മ ഫോണില്‍ സംസാരിക്കുകയായിരുന്നു, ഒരു ഹെലികോപ്റ്ററിന്റെ ശബ്ദം മുകളിലെ ഇരുട്ടിലും താഴെയുള്ള തണുപ്പിലും മുഴങ്ങിക്കേട്ടു. ഞാന്‍ ഓര്‍മ്മകളുടെ ആഴങ്ങളിലേക്ക് തെന്നിപ്പോയി – കഴിഞ്ഞ ഇരുപത്തിയഞ്ചു കൊല്ലമായി ഈ കൊച്ചു കുടുംബം, ലോകത്തിന്റെ ബഹളങ്ങളില്‍ നിന്നും വിധിയുടെ വിപര്യയങ്ങളില്‍ നിന്നും കാത്തുസൂക്ഷിച്ചു തങ്ങളില്‍ തന്നെ ഒതുക്കി നിര്‍ത്തിയ ഓര്‍മ്മകള്‍. ഞാന്‍ നിങ്ങളോട് കഥ അതിന്റെ തുടക്കം മുതല്‍ പറയാം. അതിന്റെ തുടക്കം മുതലല്ല, മറിച്ച് അതിന്റെ വേരുകളില്‍ നിന്ന്, കാരണം വേദനയും കഥകളും വൃക്ഷങ്ങള്‍ പോലെയാണ്. അവക്ക് അവയെ തീറ്റിപ്പോറ്റുന്ന വേരുകളുണ്ട്, അവയാണ് അവക്ക് നിലനില്‍ക്കാനും മുന്നോട്ടു പോകാനും കരുത്തു നല്‍കുന്നത്.”

അങ്ങനെയാണ് നിഖാഷ്  തന്റെ പിതാവ് മുഹിയുദ്ദീന്‍ അല്‍ നിഖാഷില്‍ നിന്ന് തുടങ്ങുന്നത്. ‘അല്‍ നിഖാഷ്’ എന്ന പദം അദ്ദേഹത്തിനു വന്നു ചേര്‍ന്നത്‌ പ്ലാസ്റ്റര്‍ ശില്‍പ്പി എന്ന അര്‍ഥത്തില്‍ തന്നെയാണ്.

ആഖ്യാനങ്ങളും അതിജീവനവും

മൂന്ന് മുഖ്യ ആഖ്യാന കോണുകളിലൂടെയാണ് നോവല്‍ ചുരുളഴിയുന്നത്. ആദ്യത്തേത് പ്രഥമവ്യക്തിക (first person)ആഖ്യാനത്തില്‍ സിയാദ് തന്റെ കുടുംബം നേരിട്ട ഭീകരതകള്‍ വിവിരിക്കുന്ന ‘മുഹിയുദ്ദീന്‍ അല്‍ നിഖാഷിന്റെ കുടുംബം’ എന്ന അധ്യായമാണ്. തുടര്‍ന്ന് ‘സിയാദ് അല്‍ നിഖാഷ്’ എന്ന സ്വന്തം പേരില്‍ അയാള്‍ തന്നെ നടത്തുന്ന ആഖ്യാന അധ്യായം പിതാവിന്റെ കുടുംബ കഥയും സൈനികരുടെ കടന്നു കയറ്റങ്ങളില്‍ അയാളുടെ പട്ടണവും നാജി അവാദിന്റെ കയ്യില്‍ സിയാദിന്റെ കുടുംബവും നേരിട്ട ക്രൂരതകള്‍ തുല്യ പ്രാധാന്യത്തോടെ അവതരിപ്പിക്കുന്നു. മൂന്നാം ഭാഗം ഒരു മൂന്നാം കണ്ണിലൂടെ (third person) നാജി അവാദിന്റെ കഥ വിട്ടുവീഴ്ചയില്ലാത്ത രീതിയില്‍ ആവിഷ്കരിക്കുന്നു, ഒപ്പം അയാളെങ്ങനെ അത്തക്കരനായിത്തീര്‍ന്നു എന്ന് വ്യക്തമാക്കുന്ന അയാളുടെ ഭൂതകാല അനുഭവങ്ങളും. ഈ മൂന്നു ഭാഗങ്ങളുടെ ആവര്‍ത്തനമാണ് നോവലിന്റെ ഘടനയെ നിയന്ത്രിക്കുന്നത്‌.

2018-ന്റെ അഞ്ചു പുതുവര്‍ഷ ദിനങ്ങളില്‍ നിരായുധരായ ഒരു ജനത നേരിടുന്ന ഭീകരാവസ്ഥ നോവലില്‍ കഥാ പശ്ചാത്തലമാകുന്നു. ദേശത്തിന്റെ പേര് പറയപ്പെടുന്നില്ലെങ്കിലും നോവലിസ്റ്റിന്റെ ജന്മദേശവും സംഘര്‍ഷങ്ങളുടെ നെരിപ്പോടുമായ യമനിനെ അവിടെ കണ്ടെടുക്കുക പ്രയാസമല്ല. ‘സ്വതന്ത്ര ദേശീയ വാദികള്‍’ (Free Nationalists), ‘വിപ്ലവ വിമോചക പ്രസ്ഥാനം’ (Revolutionary Liberation Movement) എന്നിവര്‍ക്കിടയില്‍ അരങ്ങേറുന്ന ആഭ്യന്തര യുദ്ധത്തിന്റെ പ്രഭവം, ദേശ ചരിത്രത്തിന്റെ സങ്കീര്‍ണ്ണവും പലപ്പോഴും പുരാണ പ്രകൃതവുമായ ബനാനാ വ്യവസായത്തിന്റെ കഥകളിലാണ് ചെന്ന് മുട്ടുന്നത്. നിസ്സഹായരും വിറങ്ങലിച്ചു പോയവരുമായ ജനങ്ങള്‍ മിക്കപ്പോഴും ഇരുകൂട്ടരുടെയും ഇരകള്‍ മാത്രമാണ്.

“നാല് വര്‍ഷമായി, യുദ്ധം ഈ നാട്ടില്‍ എല്ലാത്തിനെയും തവിടുപൊടിയാക്കാന്‍ തുടങ്ങിയിട്ട്. ഞങ്ങളുടെ മൂല്യങ്ങളെല്ലാം വെറും ബഡായി ആയിരുന്നോ? അതിജീവിച്ചവരെ അന്ധാളിച്ചവരും നിരാശരുമായ, പട്ടിണിയും രോഗങ്ങളും മരണവുമായി പൊരുത്തപ്പെട്ടു കഴിഞ്ഞ നിഴലുകളായി മാറ്റിയിട്ട് നാല് കൊല്ലം കഴിഞ്ഞു. യുദ്ധം കൊണ്ടുവന്ന അശനിപാതങ്ങളിലും വറുതിയിലും മരവിച്ചു പോയതില്‍ നിന്ന് ഉരുവായ ഒരു തരം അലംഭാവം ഞങ്ങള്‍ അനുഭവിച്ചു.”

ജീവഭയം മാത്രമല്ല, കൊടിയ അക്രമങ്ങളും നേരിടേണ്ടി വരുന്ന, തന്റെ മൊത്തം ജീവിതകാലത്തെക്കാള്‍ ദുര്‍ഘടമായ അഞ്ചു സൈനിക വൃത്തി ദിനങ്ങളെയാണ് ആഖ്യാനം പിന്തുടരുന്നത്. താന്‍ എന്നും മുറുകെ പിടിക്കുമായിരുന്ന മാനുഷിക മൂല്യങ്ങളില്‍ കടിച്ചു തൂങ്ങാന്‍ ശ്രമിച്ചുകൊണ്ട്‌ സിയാദ് അവയെ നേരിടുന്നതിന്റെ മാനസികവും ശാരീരികവുമായ ദുരനുഭവങ്ങള്‍ ഹൃദയ ഭേദകമായ വിധത്തില്‍ അവതരിപ്പിക്കുന്നതിലാണ് നോവലിസ്റ്റിന്റെ മികവു കാണാനാവുന്നത്. അതേ സമയം, ഒരു വ്യക്തിയെന്ന നിലയില്‍ എത്ര കേവലമായാണ് ഇതര സൈനികര്‍ അയാളെ എടുക്കുന്നത് എന്നതും ഒരു വിഭാഗത്തോടും ചേര്‍ന്ന് യുദ്ധം ചെയ്യാന്‍ ആഗ്രഹിച്ചിട്ടില്ലാത്ത അയാളെ ഏറ്റുമുട്ടുന്ന ഇരുവിഭാഗങ്ങളും ശത്രുവായിക്കണ്ടു വേട്ടയാടുന്നതും അയാളുടെ അവസ്ഥയുടെ ദൈന്യവും നിസ്സഹായതയും വെളിപ്പെടുത്തുന്നു. നോവലിന്റെ സിംഹഭാഗവും കഥാപാത്രങ്ങള്‍ നേരിടേണ്ടി വരുന്നതും നാജി അവാദിന്റെ കാര്യത്തില്‍ അയാള്‍ ആണ്ടു മുങ്ങുന്നതുമായ ഹിംസാത്മകതയുടെ മറയില്ലാത്ത വിവരണങ്ങള്‍ കൊണ്ട് നിബിഡമാണ്. സിയാദിനെ പോലുള്ള പുതിയ സൈനിക റിക്രൂട്ടുകള്‍ അറവു മാടുകളെ പോലെയാണ് തെളിക്കപ്പെടുന്നത്. സിയാദ് വിവരിക്കുന്നു.  

“സൈനിക പോലീസിലെ ഒരംഗത്തിന്റെ കീഴില്‍ നിശബ്ദരായി ഒരൊറ്റ നീണ്ട വരിയില്‍ ഒരു ഉറുമ്പിന്‍ കൂട്ടം പോലെ ഞങ്ങള്‍ പുറപ്പെട്ടു”

“കഴുത്തുവെട്ടിച്ചു ഞങ്ങളുടെ നേരെ ചകിതരായി നോക്കി റോഡരുകില്‍ നിന്ന ജനങ്ങളെ പിന്നിട്ടു ഞങ്ങള്‍ നടന്നു. അവരുടെ കണ്ണില്‍, ഞങ്ങള്‍ അറവുകാരന്റെ കത്തിമുനയിലേക്കു ബലാല്‍ക്കാരമായി വലിച്ചിഴക്കപ്പെടുന്ന ആട്ടിന്‍ കുട്ടികള്‍ മാത്രമായിരുന്നു, അയാളുടെ ഹൃദയത്തില്‍ കാരുണ്യ ലേശമില്ലായിരുന്നു, അയാള്‍ കണ്ണൊന്നു ചിമ്മുക പോലും ചെയ്യാതെ തലകള്‍ അരിഞ്ഞു. എല്ലാവരെയും വേദനിപ്പിച്ചതെന്തന്നാല്‍, ഈ ആടുകള്‍ക്ക് അറിയാമായിരുന്നു അവരെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്നും അവരെ കാത്തിരിക്കുന്ന വിധി എന്താണെന്നും.”

യുദ്ധത്തെ സംബന്ധിച്ച കാല്‍പ്പനിക ദേശസ്നേഹ മുദ്രാവാക്യങ്ങളൊന്നും ഒരു ഘട്ടത്തിലും ഭ്രമിപ്പിചിട്ടില്ലാത്ത സിയാദിന്റെ ശിരസ്സില്‍ എപ്പോഴും മുഴങ്ങുക ഉമ്മയുടെ വിടപറയല്‍ വാക്കുകളാണ്:

“ഭീരുവായിരിക്കുക, എന്റെ മോനെ! ഭീരുവായിരിക്കുക! ഈ ലോകത്ത് നിന്റെ രക്തം ചിന്താനും മാത്രം മൂല്യമുള്ളത് ഒന്നുമില്ല!”

ഒരു തരം വീരപരിവേഷത്തിലും കാര്യമില്ലെന്നും അതിജീവിക്കുക എന്നതാണ് പരമ പ്രധാനമെന്നും അയാള്‍ എപ്പോഴും ഓര്‍മ്മിക്കുന്നത് തന്നെയാണ് അയാളെ ജീവിതത്തില്‍ പിടിച്ചു നിര്‍ത്തുന്നതും. യമന്‍ പോലെ മതവാദവും ജിഹാദിസ്റ്റ് വീരരക്തസാക്ഷ്യ വീണ്‍വാക്കുകളും ഏറെ മുഴങ്ങിക്കേള്‍ക്കുന്ന ദേശത്ത്‌ ഉമ്മയുടെ അതിജീവന മന്ത്രത്തിനു ഏറെ സാമൂഹിക മാനങ്ങളുണ്ട്.

അഞ്ചു ദിനങ്ങള്‍, ജനന ദിനങ്ങള്‍

നാജി അവാദിന്റെ തുടക്കവും മറ്റൊരു ‘അഞ്ചു ദിന’ അനിശ്ചിതത്വങ്ങളിലാണ് നോവലിസ്റ്റ് സ്ഥിതപ്പെടുത്തുന്നത്. ജൂതനായ ചെരുപ്പുനിര്‍മ്മാതാവിന്റെ, ഒരു വന്‍വെള്ളപ്പൊക്കത്തില്‍ മുച്ചൂടും തകര്‍ന്നു പോയ വീട്ടില്‍ അതിജീവിച്ച ഏക ജീവനായി കണ്ടെത്തപ്പെട്ട കൈക്കുഞ്ഞായിരുന്നു അയാള്‍. അത് കുടുംബത്തിലെ കുട്ടി തന്നെയായിരുന്നോ, അഥവാ എങ്ങാണ്ടു നിന്നും ഒഴുകി വന്നതായിരുന്നോ എന്ന് ആര്‍ക്കും പറയാനാവുമായിരുന്നില്ല.

“നാല്‍പ്പത്തിയഞ്ചു കൊല്ലം മുമ്പ് ഒരു ചൊവ്വാഴ്ച വൈകുന്നേരം, പള്ളി മിനാരത്തില്‍ നാലു കടല്‍ക്കാക്കകള്‍ പറന്നിറങ്ങി. രണ്ടോ മൂന്നോ അല്ല, പകരം നാലെണ്ണം. ഞങ്ങളുടെ പട്ടണത്തിനും കടലിനുമിടയിലെ അത്രയും ദൂരം അവ എങ്ങനെ മുറിച്ചു കടന്നു എന്ന് ആര്‍ക്കും അറിയില്ലായിരുന്നു. ഗ്രാമീണര്‍ അതിനെ പട്ടണത്തിനുള്ള ഒരു അപായ ശകുനമായി കണക്കാക്കി. ഒരു ജൂത ചെരുപ്പുനിര്‍മ്മാതാവ് സാദൃശ്യങ്ങളുടെ തത്വത്തെ (“like for like”) അടിസ്ഥാനമാക്കി തന്റെ വ്യാഖ്യാനം മുന്നോട്ടു വെച്ചു. ഒരു പ്രളയം പട്ടണത്തെ മുക്കിക്കളയും എന്ന് അയാള്‍ വിവരിച്ചു. അയാള്‍ ശരിക്കും ‘പ്രളയം’ എന്ന് തന്നെയല്ല പറഞ്ഞത്, പക്ഷെ പട്ടണം കടലായി മാറും എന്ന് അയാള്‍ പറഞ്ഞു. ആരും അയാളെ വിശ്വസിച്ചില്ല, കാരണം നദിയോ കടലോ അടുത്തുണ്ടായിരുന്നില്ല, മഴക്കാലം തുടങ്ങിയിട്ടുമുണ്ടായിരുന്നില്ല. ഈ പ്രവചനത്തിനു അഞ്ചുനാള്‍ കഴിഞ്ഞ്, കൃത്യമായും അഞ്ചാം നാളിന്റെ സായാഹ്നത്തില്‍, ഒരു ഡസന്‍ മരങ്ങള്‍ പൊട്ടിവീഴുന്നതിന്റെ ഭീതിദമായ കലമ്പല്‍ പട്ടണവാസികള്‍ കേട്ടു. എന്താണ് സംഭവിക്കുന്നത്‌ എന്നറിയാനായി അവര്‍ വീടുകളില്‍ നിന്ന് പുറത്തുവന്നപ്പോള്‍ പൊടിയുടെ ഒരു വന്‍മേഘം ചക്രവാളത്തെ മറക്കുന്നത് അവര്‍ കണ്ടു.”

ജനന ദിനത്തെ വിചിത്ര സംഭവങ്ങളുമായി നിബന്ധിക്കുന്നതാണ് നാജി അവാദിന്റെ കാര്യത്തില്‍ കാണാനാവുകയെങ്കില്‍, ചരിത്രവുമായി നിബന്ധിക്കുന്ന രീതിയിലാണ് സിയാദിന്റെയും സഹോദരിമാരുടെയും ജന്മ ദിനങ്ങള്‍ വിവരിക്കപ്പെടുന്നത്.

“എന്റെ മൂന്നു സഹോദരിമാര്‍ - ഹിനാ, നദാ, ഏറ്റവും ഇളയവള്‍ ഇല്‍ഹാം – എല്ലാവരും എന്റെ ഇളയതായിരുന്നു, ഓരോരുത്തരും കുറച്ചു വര്‍ഷങ്ങള്‍ മാത്രം വ്യത്യാസമുള്ളവര്‍. ഇവരില്‍ ഓരോരുത്തരുടെയും ജന്മദിനങ്ങള്‍ പിതാവ് അദ്ദേഹത്തിന്റെ വലിയ ഖുര്‍ ആന്റെ ചട്ടയുടെ ഉള്‍പേജില്‍ കുറിച്ചു വെച്ചു. ഹിനാ ജനിച്ചത്‌ പാകിസ്താനി പ്രസിഡന്റ് മുഹമ്മദ്‌ സിയാ മരിച്ച ദിനത്തിലായിരുന്നു. നദാ ജനിച്ചത്‌ സദ്ദാം കുവൈറ്റ് അധിനിവേശിച്ച അതേ ദിനത്തില്‍. ഇല്‍ഹാം ജനിച്ചതാകട്ടെ, യുഗോസ്ലാവിയയില്‍ യുദ്ധം അവസാനിച്ച ദിവസത്തില്‍ ആയിരുന്നു, അന്നേ ദിവസം തന്നെയാണ് ടെലിഫോണ്‍ ഞങ്ങളുടെ ഗ്രാമത്തില്‍ എത്തിയതും. ...”

പിതാവ്, അബു താരിഖ് എന്ന് വിളിച്ച തന്റെ സ്വന്തം ജന്മദിനത്തെ കുറിച്ച് സിയാദ് പറയുന്നു:

“ഞാന്‍ ജനിച്ചത്‌ ലോകം അതിന്റെ പാതയില്‍ നിശ്ചലമായ ഒരു ദിനത്തിലായിരുന്നു. സഹോദരിമാരുടെ കാര്യത്തില്‍ ചെയ്ത പോലെ മറ്റൊന്നും കുറിക്കാതെയാണ് പിതാവ് എന്റെ ജന്മദിനം അദ്ദേഹത്തിന്റെ വലിയ ഖുര്‍ആന്റെ ഉള്‍പേജില്‍ കുറിച്ചു വെച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ പെന്നില്‍ നിന്ന് ആ തിയ്യതിക്ക് അടുത്ത് ഇറ്റി വീണ ഒട്ടേറെ മഷിത്തുള്ളികള്‍, എന്റെ ലോകപ്രവേശത്തെ ബന്ധിപ്പിക്കേണ്ട സംഭവത്തിന്റെ പ്രകൃതത്തെ കുറിച്ച് ആലോചിച്ചു അദ്ദേഹം ചെറുതല്ലാത്ത സമയം ചെലവഴിച്ചിരുന്നു എന്ന് വെളിപ്പെടുത്തി. കുറെ സമയത്തിനു ശേഷം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു: ചെര്‍ണോബില്‍ ന്യുക്ലിയര്‍ റിയാക്റ്റര്‍ പൊട്ടിത്തെറിച്ചു രണ്ടര മാസങ്ങള്‍ക്കു ശേഷമാണു സിയാദ് ജനിച്ചത്‌.”

നാജി അവാദ്: പ്രതിനായകന്റെ കടും ചായം. 

നാജി അവാദിന്റെയും സിയാദിന്റെയും കഥകള്‍ക്കിടയില്‍ വേറെയും സമാന്തരങ്ങള്‍ വ്യക്തമാണ്‌. ഇരുവരും ഓരോ ഘട്ടങ്ങളില്‍ കൊല്ലപ്പെട്ടു എന്ന് കരുതപ്പെടുന്നുണ്ട്, ഇരുവരും ഒടുവില്‍ മൃതതുല്യരായി മുറിവേറ്റു രക്തത്തില്‍ കുളിച്ചു തങ്ങളുടെ കൊലയാളികളുടെ പിടിയില്‍ നിന്ന് രക്ഷനേടി ഒളിച്ചോടുന്നുണ്ട്, ഇരുവരും അന്തിമമായി കൂട്ടക്കുരുതികളെ അതിജീവിക്കുന്നുമുണ്ട്. എന്നാല്‍, സിയാദിന്റെ പാത്ര സൃഷ്ടിയില്‍ പ്രകടമായ കയ്യടക്കം നാജി അവാദിന്റെ കാര്യത്തില്‍ വേണ്ടത്ര ഫലപ്രദമാകുന്നില്ല എന്ന് നിരീക്ഷിക്കപ്പെടുന്നുണ്ട് *4. ആയുധക്കച്ചവടം പോലുള്ള ഇരുള്‍ നീക്കങ്ങളില്‍ പോലും വ്യാപൃതനാകുന്ന രാഷ്ട്രീയ ഡോണിന്റെ ചിത്രവും കുട്ടിക്കാലത്തെ അനുഭവങ്ങളിലൂടെ ഒരു കൊടിയ പീഡകനിലേക്കുള്ള വികാസവും വഞ്ചകിയായ ഭാര്യയുടെ നേരെ നടത്തുന്ന കൊടിയ ലൈംഗിക അക്രമവും എല്ലാം അമിത നാടകീയത നിറഞ്ഞതും ‘ജെനറിക് ത്രില്ലര്‍’ മട്ടിലുള്ളതും ആണെന്ന് ആണ്‍ഡെഴ്സണ്‍ നിരീക്ഷിക്കുന്നു.

ഒരു ദരിദ്ര രാജ്യത്തിലെ ജനത ആഭ്യന്തര യുദ്ധത്തിന്റെ പ്രവചനാതീത ഹിംസാത്മകതയും അതിന്‍ ഫലമായി ഉണ്ടായിവരുന്ന ആരോടും ബാധ്യതയില്ലാത്ത അധികാര പ്രമത്തതയും കൊണ്ട് കീറിമുറിക്കപ്പെടുന്നതിന്റെയും കഥയെ അതിജീവന പോരാട്ടത്തില്‍ എള്ളോളമെങ്കിലും തങ്ങളുടെ കര്‍തൃത്വം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ഒരു കുടുംബത്തിന്റെ കഥ കൂടിയായി നോവലിസ്റ്റ് അവതരിപ്പിക്കുന്നു. ഒപ്പം വര്‍ത്തമാന കാല യാഥാര്‍ത്ഥ്യങ്ങളെ രൂപപ്പെടുത്തുന്നതില്‍ ഭൂതകാലത്തിന്റെ നിര്‍ണ്ണായകത്വത്തെ അതിന്റെ ഗുണാത്മകവും ഋണാത്മകവും ആയ രീതിയില്‍  ആവിഷ്കരിക്കുകയും ചെയ്യുന്നു. ചെറുത്തു നില്‍ക്കാനാവാത്ത ദുരന്ത മുഖങ്ങളിലും തലമുറകളെ ചേര്‍ത്തുപിടിക്കാന്‍ കുടുംബ ചരിത്രങ്ങള്‍ക്ക് കഴിയുമ്പോള്‍, ചരിത്രപരമായ, അര്‍ദ്ധ പുരാണ പ്രകൃതമുള്ള (quasi-mythological) വിഭജനങ്ങള്‍, യുദ്ധക്കെടുതികള്‍ക്കു വരെ കാരണമാകുന്നു.

Kindle unlimited ല്‍ പുസ്തകം സൌജന്യമായി വായിക്കാവുന്നതാണ്.

 

 References:

1.(Middle East Monitor: Yemen through its literature: A nation besieged, May 5, 2015, https://www.middleeastmonitor.com/20150505-yemen-through-its-literature-a-nation-besieged/, Accessed 25.03.2022).

2.(Sawad Hussain, ‘10 Arabic titles that should be translated into English’, Literature, britishcouncil.org, 29 June 2021)

3 (MLYNXQUALEY, Badr Ahmad’s ‘Five Days Untold’ Makes Republic of Consciousness Prize Longlist, ARABLIT & ARABLIT QUARTERLY, FEBRUARY 16, 2022)

4. (Eric Karl Anderson, blog article, Lonesome Reader, March 4, 2022, https://lonesomereader.com/blog/2022/3/4/five-days-untold-by-badr-ahmad-translated-by-christiaan-james).

 read more:

Hurma by Ali al-Muqri/ T.M.Aplin

https://alittlesomethings.blogspot.com/2024/10/hurma-by-ali-al-muqri-tmaplin.html

The Bird Tattoo by Dunya Mikhail

https://alittlesomethings.blogspot.com/2024/10/the-bird-tattoo-by-dunya-mikhail.html

Friday, October 18, 2024

James by Percival Everette

 

ഹക്ക് ഫിന്‍ അത്ര സമത്വവാദിയായിരുന്നില്ല.


“ആധുനിക അമേരിക്കന്‍ സാഹിത്യം മുഴുവന്‍ മാര്‍ക്ക് ട്വൈനിന്റെ ഹക്കിള്‍ബറി ഫിന്‍ എന്ന ഒരൊറ്റ പുസ്തകത്തില്‍ നിന്നാണ് വരുന്നത്” എന്ന ഹെമിങ് വേയുടെ വിഖ്യാത നിരീക്ഷണം ആ പുസ്തകത്തിന് അമേരിക്കന്‍ സാഹിത്യത്തിലുള്ള പ്രാധാന്യം വിളിച്ചോതുന്നു. പ്രസന്നമായ ഹാസ്യത്തിന്റെയും ഒപ്പം തീക്ഷ്ണമായ സറ്റയറിന്റെയും അകമ്പടിയോടെ രചിക്കപ്പെട്ട പുസ്തകം, ഒറ്റനോട്ടത്തില്‍ യങ് അഡല്‍റ്റ് വായനക്കാരുടെ ഇഷ്ടവിഭവം പോലെ തോന്നാമെങ്കിലും കാലഘട്ടത്തിന്റെ ഏറ്റവും വലിയ ക്രൂരവിനിമയത്തെ കുറിച്ചുള്ള തന്റെ സാമൂഹിക നിരീക്ഷണ ഇടമാക്കി മാര്‍ക്ക് ട്വൈന്‍ നോവലിനെ പരിവര്‍ത്തിപ്പിച്ചതാണ് പുസ്തകത്തെ അനശ്വരക്ലാസിക് ആക്കിമാറ്റിയത്. അപരിമേയമായ സ്വാതന്ത്ര്യബോധം, ഒരുതരം സ്വാര്‍ത്ഥ/ നിയാമക/ സാമൂഹിക പരിഗണനകളിലും ഒതുക്കാനാകാത്ത കൃസ്തുസമാനമായ നൈതികത, ഒപ്പം, ആവശ്യമെങ്കില്‍ യുക്തമായ കൊച്ചുകള്ളത്തരങ്ങളും അംഗീകൃത സാമൂഹിക കാപട്യങ്ങളെ വിദഗ്ദമയി പറ്റിച്ച് അതിജീവിക്കാനുള്ള പ്രത്യുല്പന്നമതിത്വവും – ലോകസാഹിത്യത്തിലെ ഏറ്റവും ഗൃഹാതുരതയോടെ സ്നേഹിക്കപ്പെട്ട തന്റെ കൗമാരക്കാരന്‍ നായകനെ നോവലിസ്റ്റ് സൃഷ്ടിച്ചത് ഈ ഗുണവിശേഷങ്ങള്‍ പകര്‍ന്നുനല്‍കിയാണ്‌. എന്നാല്‍, മറ്റൊരു മൂല്യബോധം ശക്തിയാര്‍ജ്ജിച്ച വേറൊരു കാലത്ത്, ക്ലാസിക്കുകളില്‍ വിട്ടുവെച്ച മൗനത്തിന്റെ/ അസ്പഷ്ടതയുടെ ഇടങ്ങള്‍ പുനര്‍വിചാരണ ചെയ്യപ്പെടും എന്നതിനു സാഹിത്യചരിത്രം സാക്ഷിയാണ്. അതിനു പ്രാപ്തരായ വിഗ്രഹഭജ്ഞകര്‍ അപൂര്‍വ്വമായെങ്കിലും പ്രസ്തുതകൃതികള്‍ക്ക് പുതിയ ഭാഷ്യങ്ങളോ പൂരകഭാഷ്യങ്ങളോ ചമയ്ക്കുകയും ചെയ്യും.

 

ലോകസാഹിത്യത്തില്‍ പ്രാമാണികപദവി ലഭിച്ചിട്ടുള്ള കൃതികള്‍ക്ക് ആശയ പരമായ ഉള്ളടക്കങ്ങളെ ഭേദ്യംചെയ്യുന്ന തരത്തില്‍ മറുപാഠങ്ങള്‍ ചമക്കുകയെന്നത് പോസ്റ്റ്‌ കൊളോണിയല്‍/ പോസ്റ്റ്‌മോഡേണ്‍ സാഹിത്യത്തില്‍ ഏതാണ്ടു നിയാമാകമായിത്തന്നെ സംഭവിച്ചിട്ടുമുണ്ട്: കോണ്‍റാഡിന്റെ വിഖ്യാതമായ മോഡേണിസ്റ്റ് മാസ്റ്റര്‍പീസിലെ (Heart of Darkness)  കൊളോണിയലിസ്റ്റ് ആഖ്യാനത്തിന് ബോധപൂര്‍വ്വമായ പൊളിച്ചെഴുത്തായി ഒട്ടേറെ കൃതികള്‍ രചിക്കപ്പെട്ടിട്ടുണ്ട്. തയ്യിബ് സാലിഹിന്റെ Season of Migrations to the North, ലിയോനാര മിയാനോയുടെ Dark Heart of the Night എന്നിവ ഉദാഹരണം. ആല്‍ബേര്‍ കാമുവിന്‍റെ ‘അന്യന്‍’ (The Outsider) അയാളുടെ അസ്തിത്വപ്രതിസന്ധി നാട്യത്തിനുള്ളില്‍ യഥാര്‍ഥത്തില്‍ കൊളോണിയല്‍ ഹെജിമണിയുടെ പ്രിവിലെജുകളില്‍ അഭിരമിക്കുന്ന ഫ്രഞ്ച് സാമ്രാജ്യത്വ മനോഭാവത്തിന്റെ ഉടമ തന്നെയെന്നും ആരുമല്ലാത്ത അറബിയെ നിസ്സംഗനായി കൊലപ്പെടുത്താന്‍ അയാള്‍ക്ക് ആ പ്രിവിലേജ് തന്നെയാണ് തുണയാകുന്നത് എന്നും നിരീക്ഷിക്കുന്ന അള്‍ജീരിയന്‍ നോവലിസ്റ്റ് കെമാല്‍ ദാവൂദിന്റെ The Meursault Investigation മറ്റൊരു ഉദാഹരണമാണ്.  ഡിക്കന്‍സിന്റെ അനശ്വര കഥാപാത്രമായ ഡേവിഡ് കോപ്പര്‍ഫീല്‍ഡിന് സമകാലിക അമേരിക്കയിലെ അപ്പലാച്ചിയന്‍ മലയോരങ്ങളില്‍ ഒരു സമാന്തര പതിപ്പുണ്ടായാല്‍ എങ്ങനെയിരിക്കുമെന്നാണ് ബാര്‍ബറ കിംഗ്‌സോള്‍വറുടെ പുലിറ്റ്സര്‍ പുരസ്കാരം നേടിയ Demon Copperhead പരിശോധിക്കുന്നത്. വിഖ്യാത കൃതികളില്‍ മുഖ്യ ആഖ്യാതാവിന്റെ/ മുഖ്യകഥാപാത്രത്തിന്റെ നിഴലില്‍പെട്ടുപോയ കഥാപാത്രങ്ങളുടെ വേറിട്ട ഭാഷ്യങ്ങളില്‍ എഴുതപ്പെടുന്ന കൃതികളും ഏറെയുണ്ട്. ഓര്‍വെല്‍ മാസ്റ്റര്‍പീസില്‍ (“1984”) വിന്‍സ്റ്റന്‍ സ്മിത്തിന്റെ കാമുകിയായ ജൂലിയയുടെ കഥപറയുന്ന സാന്ദ്ര ന്യുമാന്റെ “Julia”,  മെല്‍വില്ലിന്റെ മോബിഡിക്കിലെ ക്യാപ്റ്റന്‍ ആഹാബിന്റെ ഭാര്യയെ പിന്തുടരുന്ന Ahab's Wife (Sena Jeter Naslund),  ഷാര്‍ലറ്റ് ബ്രോണ്ടിയുടെ ജെയ്ന്‍ എയറില്‍ എഡ്വാര്‍ഡ് റോചെസ്റ്ററുടെ ആദ്യഭാര്യയും മച്ചകത്തെ ചങ്ങലശബ്ദമായിമാത്രം ഇടയ്ക്കിടെ സാന്നിധ്യമറിയിക്കുന്ന നിഗൂഡപാത്രവുമായ ബെര്‍ത്താ മേസന് ഒരു പുരാവൃത്തം നല്‍കുന്ന Wide Sargasso Sea (Jean Rhys) തുടങ്ങിയവ ഈ ഗണത്തില്‍ പെടും.


മുകളില്‍ സൂചിപ്പിച്ച രണ്ടു ധാരകളോടും കണ്ണിചേരുന്ന കൃതിയാണ് അമേരിക്കന്‍ നോവലിസ്റ്റ് പെര്‍സിവല്‍ എവറെറ്റ് രചിച്ച “James” എന്ന നോവല്‍. മാര്‍ക്ക്‌ ട്വൈനിന്റെ  “Adventures of Huckleberry Finn” എന്ന ക്ലാസിക്കിനെ പ്രസ്തുത നോവലിലെ അടിമ ജിമ്മിന്റെ വീക്ഷണത്തില്‍ പുനര്‍വിഭാവന ചെയ്യുന്ന നോവല്‍,  മാര്‍ക്ക്‌ ട്വൈനിന്റെ കൃതിയിലെ സംഭവവികാസങ്ങള്‍ തന്നെയാണ് അതേ പിക്കാറസ്ക് (picaresque) സ്വഭാവത്തില്‍ വലിയൊരളവു പിന്തുടരുന്നത്. എന്നാല്‍ ഇപ്പോഴത്‌ തികച്ചും വേറിട്ടതും അടിമത്തത്തെ സംബന്ധിച്ച അക്കാലത്തെ ലോകവീക്ഷണത്തെ വിചാരണ ചെയ്യുന്നതുമാണ്;  ഹക്ക് ഫിന്നിന്റെ നിലപാടുകള്‍ അക്കാലത്തിന്റെ ലെന്‍സിലൂടെ നോക്കുമ്പോള്‍ വിപ്ലവാത്മകമായിരുന്നു. ‘ഓടിപ്പോയ അടിമ (runaway slave) എന്ന പദവി ഒരുതരം സാമൂഹിക/ നിയമ പരിരക്ഷയും അര്‍ഹിക്കാത്ത കുറ്റവാളിയുടെതാണ് എന്ന കാലഘട്ടത്തിന്റെ നീതിസാരത്തെ സ്വന്തം ഉള്‍വിളിയുടെ മാത്രം ബലത്തില്‍ വെല്ലുവിളിക്കുന്നവന്‍. ലോക/ സമൂഹനീതിയും നിയമവും, ഒരുവളേ രണ്ടിനും അലംഘനീയത നല്‍കിയ തിരുസഭയിലൂടെ ദൈവനീതിയും, എതിരു നിന്നപ്പോഴും സുഹൃത്തായ അടിമയുടെ കൂടെനില്‍ക്കുകയും അതില്‍ തോറ്റുപോകുന്ന ഘട്ടങ്ങളില്‍ ഉള്ളറിഞ്ഞു പശ്ചാത്തപിക്കുകയും ചെയ്യുന്ന ഹക്ക്, ഒരര്‍ത്ഥത്തില്‍ ക്രിസ്തുവിന്റെ ഔന്നത്യത്തിലേക്ക് ഉയരുന്ന കഥാപാത്രം തന്നെയാണ്. എന്നാല്‍ ഹക്കിന്റെ വിമോചിത സങ്കല്പങ്ങള്‍ എത്രമാത്രം സമഗ്രമാണ്? ആഭ്യന്തരയുദ്ധത്തിനു മുമ്പുള്ള ദക്ഷിണദേശത്ത്‌ (Antebellum South) ജനിച്ച ജിമ്മിന് അടിമത്തവിരുദ്ധ (abolitionist) പ്രസ്ഥാനം ശക്തമായിക്കൊണ്ടിരുന്ന വടക്കന്‍ ദേശങ്ങളിലേക്ക് കടക്കാനും തൊഴില്‍ചെയ്തു സമ്പാദിച്ച് തന്റെ കുടുംബത്തിന്റെ സ്വാതന്ത്ര്യം ‘വാങ്ങാനും’ ഉള്ള ശ്രമങ്ങളില്‍ അയാളെ പിന്തുണക്കുമ്പോഴും ഹക്ക് അടിസ്ഥാനപരമായി വെള്ളക്കാരന്‍ തന്നെയാണോ?

 

മിസ്സിസ് വാട്ട്സന്റെ അടിമയായ ജിം,  തന്നെ ന്യുഓര്‍ലിയന്‍സിലെ ഒരു പ്ലാന്റര്‍ക്ക് വില്‍ക്കാന്‍ പോകുന്നുവെന്ന പദ്ധതി ഒളിഞ്ഞുകേള്‍ക്കാന്‍ ഇടവരുന്നത്‌,  പ്രിയപ്പെട്ട ഭാര്യയെയും കുടുംബത്തെയും പിരിയാന്‍ കാരണമാകും എന്ന് മനസ്സിലാകുന്നതോടെ ഒളിച്ചോടുകയും ജാക്സണ്‍ ദ്വീപില്‍ അഭയം തേടുകയും ചെയ്യുന്നതോടെയാണ് ഇതിവൃത്തം ആരംഭിക്കുന്നത്. എങ്ങനെയും വടക്കന്‍ ദേശങ്ങളിലേക്ക് കടക്കുകയും ജോലിചെയ്തു സമ്പാദിക്കുന്ന പണവുമായി തിരികെവന്നു കുടുംബത്തിന്റെ സ്വാതന്ത്ര്യം ‘വാങ്ങുക’യും ചെയ്യുക എന്നതാണ് അയാളുടെ സ്വപ്നം. ഏതാണ്ടു നോവലിന്റെ അന്ത്യഭാഗം വരെയും ഏറിയപങ്കും  മാര്‍ക്ക്‌ ട്വൈനിന്റെ  കൃതിയുടെ സമയരേഖയും സംഭവവികാസങ്ങളുംതന്നെ പിന്തുടരുന്ന നോവലില്‍,  പാപ്പിന്റെ (ഹക്കിന്റെ പിതാവ്- ‘പാപ്പ്’) മാരകമായ ആക്രമണത്തില്‍നിന്നു രക്ഷനേടാന്‍വേണ്ടി സ്വന്തം ‘മരണം’ സ്റ്റേജ് ചെയ്യുന്ന ഹക്കും ജാക്സണ്‍ദ്വീപില്‍ എത്തിച്ചേരുന്നു. തുടര്‍ന്ന് ഒരുമിച്ചുനീങ്ങുന്ന സുഹൃത്തുക്കള്‍, ബാഹ്യമായി വെളുത്തവര്‍ഗ്ഗ ബാലനും ഓടിപ്പോയ അടിമയും എന്ന പ്രത്യക്ഷത്തില്‍ തന്നെയാണ് സൗഹൃദം തുടരുന്നത്. ഹക്കിന്റെ കൊലപാതകത്തിന്റെ കുറ്റംകൂടി ഇപ്പോള്‍ ജിമ്മിന്റെ തലയിലാണ് എന്നത് അയാളുടെ അവസ്ഥ കൂടുതല്‍ ഗുരുതരമാക്കുന്നു. എന്നാല്‍, ആ ഒരു വികാസം ഹക്ക് പ്രതീക്ഷിച്ചതല്ല,  അത്തരമൊരു വിഷമസന്ധിയില്‍ താന്‍കാരണം ജിം പെട്ടുപോകുന്നതില്‍ അവനു ഞെട്ടലുമുണ്ട്.


മിസിസിപ്പിയിലൂടെയുള്ള ഇരുവരുടെയും യാത്രകള്‍ അപ്രതീക്ഷിത അപകടങ്ങളുടെയും ‘ഓടിപ്പോയ അടിമ’യെ കണ്ടെത്തുന്നവര്‍ക്ക് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന പ്രതിഫലത്തുകയില്‍ കണ്ണുവെക്കുന്ന ട്രാക്കര്‍മാര്‍ക്കും, ഒപ്പം, തട്ടിപ്പുകാരുടെ ചതികള്‍ക്കും ഇടയിലാണ്. ബാലകൗതുകത്തിന്റെ സാഹസങ്ങള്‍മുതല്‍ മിസിസിപ്പിയുടെ വന്യമായ പ്രകൃതി വ്യതിയാനങ്ങള്‍, കുടിപ്പകകള്‍, ഗോത്രയുദ്ധങ്ങള്‍, ചെറുതും വലുതുമായ ആള്‍മാറാട്ടങ്ങള്‍, എന്നിങ്ങനെ സംഭവബഹുലമായ ഇതിവൃത്തവികാസത്തില്‍ മാര്‍ക്ക്‌ ട്വൈനിന്റെ ഭാഷ്യങ്ങള്‍ക്ക് എവറെറ്റ് നല്‍കുന്ന പരിണാമങ്ങള്‍ ജിമ്മിന്റെ പാത്രസൃഷ്ടിയില്‍ തന്നെയാണ് തുടങ്ങുന്നത്. ഹക്കും ടോം സോയറും നടത്തുന്ന കോപ്രായങ്ങളില്‍ ചകിതനാകുന്ന അന്ധവിശ്വാസിയും പേടിത്തൊണ്ടനും എന്നാല്‍ നിഷ്കളങ്കനുമായ ‘നിഗ്ഗര്‍’ എന്നതില്‍നിന്നു തികച്ചും വ്യത്യസ്തനാണ് എവറെറ്റ് നല്‍കുന്ന ജിമ്മിന്റെ യഥാര്‍ത്ഥചിത്രം. ജഡ്ജ് താച്ചറുടെ സമ്പന്നമായ ലൈബ്രറി വേണ്ടുവോളം ഉപയോഗിച്ച ബുദ്ധിജീവിയായ, വലിയ വായനക്കാരന്‍. വെള്ളത്തില്‍ വീഴുന്ന കനപ്പെട്ട പുസ്തകങ്ങള്‍ അവയുടെ ‘ഗന്ധ’ത്തിന്റെ പേരില്‍ സൂക്ഷ്മതയോടെ ഉണക്കിയെടുത്തു സംരക്ഷിക്കുന്നത് കൂട്ടുകാരനോ മറ്റേതെങ്കിലും വെള്ളക്കാരോ പരിസരത്തില്ലാത്തപ്പോള്‍ ആര്‍ത്തിയോടെ വായിക്കാന്‍ തന്നെയാണ്. പുസ്തകങ്ങളെ തനിക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന ഏക ഇടമായാണ് അയാള്‍ കാണുന്നത്. സ്വപ്നത്തിലോ മോഹനിദ്രയിലോ ഒക്കെ റൂസ്സോയെയും ജോണ്‍ ലോക്കിനെയും വോള്‍ട്ടെയറെയും പോലുള്ള നവീകരണകാല (Enlightenment Era) തത്വചിന്തകരോട് അടിമത്തസമ്പ്രദായം പോലുള്ള പ്രശ്നങ്ങളുടെ നൈതിക, ധാര്‍മ്മിക വശങ്ങളില്‍ കലഹിക്കുന്നവന്‍. ഒരര്‍ത്ഥത്തില്‍, ഈ സംവാദങ്ങള്‍ നിലനിന്ന ഏറ്റവും സ്വാധീനമുണ്ടായിരുന്ന ഒരു ചിന്താപദ്ധതിയെ തന്നെ തുറന്നുകാട്ടലാണ്; അഥവാ ഒരു സമൂഹവും അംഗീകരിക്കാനിടയില്ലാത്തെ വിധം സ്റ്റാറ്റസ്കോയെ വെല്ലുവിളിക്കല്‍. മറ്റൊരു കാലത്തില്‍, മറ്റൊരു സാഹചര്യത്തിലാണ് ജെയിംസ് ജീവിച്ചിരുന്നതെങ്കില്‍ അയാളൊരു സ്കോളറോ തത്വചിന്താപരമായ പുസ്തകങ്ങളുടെ രചയിതാവോ ആകുമായിരുന്നു എന്ന് വായനക്കാരന് ശരിക്കും അനുഭവപ്പെടും. എഴുതാനുള്ള അയാളുടെ വാസനപോലും ദുരന്തകാരിയായിരുന്നു അക്കാലത്തെന്നു നോവല്‍ സൂചിപ്പിക്കുന്നത് മറ്റൊരു വേദനിപ്പിക്കുന്ന ചിത്രത്തിലൂടെയാണ്: അയാള്‍ക്കുവേണ്ടി യജമാനന്റെ പെന്‍സില്‍ മോഷ്ടിക്കുന്ന അടിമ നേരിടുന്ന പ്രാണന്‍ പിടയുന്ന പീഡനം ആ ഓര്‍മ്മപ്പെടുത്തലാണ്. ഉറക്കത്തില്‍ അയാള്‍ ഹക്കിനു മനസ്സിലാക്കാന്‍ കഴിയാത്ത വലിയ കാര്യങ്ങള്‍ പറയുന്നത്, അതും പ്രതീക്ഷിക്കുന്നില്ലാത്ത പ്രാമാണിക ഭാഷയില്‍, അവനെ അങ്കലാപ്പിലാക്കുന്നുണ്ട്. അടിമകള്‍ക്ക് സംവരണം ചെയ്യപ്പെട്ട കുറുഭാഷയല്ലാതെ തികഞ്ഞ മാനക ഇംഗ്ലിഷ് പരിജ്ഞാനം ഉണ്ടെന്നുമാത്രമല്ല, അടിമത്തസമ്പ്രദായത്തില്‍ പാലിക്കേണ്ട കുറുഭാഷയില്‍, അഥവാ ‘തെറ്റായ വ്യാകരണം ശരിക്കും തെറ്റായി ഉപയോഗിക്കാന്‍’,  ഇതര കറുത്തവര്‍ഗ്ഗക്കാര്‍ക്ക് അധ്യയനം നടത്തുന്നവനുമാണ് അയാള്‍. വെള്ളക്കാരന്റെ ഭാഷ ഉപയോഗിക്കുന്നത് അടിമകള്‍ക്ക് കടുത്ത ശിക്ഷ വിളിച്ചുവരുത്തുന്ന കാര്യമായിരുന്നു താനും. ജിം എന്ന അടിമപ്പേരിന്റെ സ്ഥാനത്തു ജെയിംസ് എന്നുതന്നെ സ്വയം നാമകരണം ചെയ്യുന്നത് അയാളുടെ വ്യക്തിത്വസംസ്ഥാപനത്തിന്റെയും കര്‍തൃത്വസ്ഥാപനത്തിന്റെയും തുടക്കം തന്നെയാണ്. ജിം എഴുതുന്നതാണ് നാം വായിക്കുന്നത് എന്നിടത്ത്, നിരക്ഷരനായ അടിമ എന്ന സ്റ്റീരിയോടൈപ്പ് പൊളിഞ്ഞുവീഴുന്നു. എന്നാല്‍ ഈ വിമോചിതവ്യക്തിത്വം (emancipated persona)  ഹക്കില്‍നിന്നും ഇതര വെളുത്തവര്‍ഗ്ഗക്കാരില്‍നിന്നും അയാള്‍ ബോധപൂര്‍വ്വം മറച്ചുപിടിക്കുകയാണ്. കറുത്തവര്‍ഗ്ഗ അടിമയില്‍നിന്നും പ്രതീക്ഷിക്കപ്പെടുന്നതെന്തോ ആ പെരുമാറ്റങ്ങള്‍ കൃത്യമായും പിന്തുടരുന്ന ഒരു ബാഹ്യവ്യക്തിത്വമാണ് അയാള്‍ പുറമേ കാണിക്കുക. ലോകത്തെങ്ങും ഭാഷയുടെ ഹെജിമണി ഈവിധം കീഴാള വിരുദ്ധതയുടെ ചിഹ്നമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട് എന്നത് സ്മരണീയമാണ്. ‘പുളിച്ചത്‌’ എന്ന കീഴാളപ്രയോഗത്തിനുപകരം ‘ഉപ്പ്’ എന്ന ‘വരേണ്യ’പദം ഉപയോഗിച്ചതിനു തല്ലിക്കൊല്ലപ്പെട്ട കേരളീയ കീഴാളന്റെ ചരിത്രം ഓര്‍ക്കാവുന്നതാണ്. ജിം തന്റെമുന്നില്‍ ഇരട്ടവ്യക്തിത്വം കാണിക്കുന്നത് ഹക്കിനെ വേദനിപ്പിക്കുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടെങ്കിലും, നോവലന്ത്യത്തില്‍, ഇതരവെള്ളക്കാര്‍ക്കു മുന്നില്‍ അയാള്‍ തന്റെ കൃതൃമ അടിമഭാഷ ഉപേക്ഷിക്കുമ്പോള്‍ ശിക്ഷാര്‍ഹമായ കുറ്റം ചെയ്തതിലെ എതിര്‍പ്പിലേറെ അയാള്‍ക്കത് സാധ്യമോ എന്ന അവരുടെ അവിശ്വസനീയതയിലാണ് നോവലിസ്റ്റ് ഊന്നുന്നത്. ത്രില്ലര്‍ ഴോനറിലേക്കു ചുവടുമാറ്റുന്ന നോവലന്ത്യമാകുമ്പോഴേക്കും ജെയിംസ് ശരിക്കും ആളുകളെ കൊന്നിട്ടുണ്ട്, അടിമകളെ മോചിപ്പിച്ചിട്ടുണ്ട്, അടിമകളോട് അസാമാന്യ ക്രൂരതക്ക് പേരുകേട്ട ഒരു പ്ലാന്റെഷന്‍ തീയിട്ടു നശിപ്പിച്ചിട്ടും ഉണ്ട്. ഉറക്കെ പറയുന്നില്ലെങ്കിലും അടിമ സമൂഹത്തിനിടയില്‍ അയാള്‍ സ്വയമൊരു ഇതിഹാസമായി മാറിയിരിക്കുന്നു. ഇതൊക്കെയാണെങ്കിലും ജിമ്മിനു മുന്നില്‍ ജഡ്ജ് താച്ചര്‍ വിറച്ചുപോകുന്നത് തനിക്കുനേരെ ചൂണ്ടുന്ന പിസ്റ്റള്‍ കാരണം എന്നതിലേറെ ജിം ഉപയോഗിക്കുന്ന ‘പ്രാമാണിക’ ഭാഷമൂലമാണ്. നോവലിസ്റ്റ് കൃത്യമായും സൂചിപ്പിക്കുന്നത് ഭാഷ എന്ന സാമൂഹിക, രാഷ്ട്രീയ, വിമോചക ആയുധത്തിന്റെ പ്രസക്തി തന്നെയാണ്.

 

മാര്‍ക്ക് ട്വൈനിന്റെ അങ്കലാപ്പുകളും എവറെറ്റ് പറഞ്ഞുവെക്കുന്നതും    

 

1884ല്‍ പ്രസിദ്ധീകരിച്ച തന്റെ നോവലില്‍ ‘നിഗ്ഗര്‍’ (‘n- word’) എന്ന പദം പേര്‍ത്തുംപേര്‍ത്തും ഉപയോഗിക്കുന്നതിന് മാര്‍ക്ക് ട്വൈന്‍ ഏറെ വിചാരണചെയ്യപ്പെട്ടിട്ടുണ്ട്. ഏതാണ്ട് ഒന്നര നൂറ്റാണ്ടിനിപ്പുറം, പോള്‍ ബീറ്റിയുടെ പുലിറ്റ്സര്‍ പുരസ്കാരം നേടിയ “The Sellout” എന്ന നോവലിലെ ഫോയ് ചെസ്റ്റര്‍, തന്റെ പേരക്കിടാങ്ങള്‍ക്ക് ‘ഹക്കിള്‍ബെറി ഫിന്‍’ വായിച്ചുകൊടുക്കാന്‍ ശ്രമിക്കുമ്പോള്‍ 219 തവണ നോവലില്‍ ആ പ്രയോഗം കണ്ടു അന്തംവിടുന്നുണ്ട്: അയാള്‍ അതിനെയും ‘അടിമ’ എന്ന പദത്തെയും യഥാക്രമം 'warrior' (‘യോദ്ധാവ്’), 'dark-skinned volunteer’ (‘ഇരുണ്ട നിറമുള്ള സന്നദ്ധന്‍’) എന്നീ പദങ്ങള്‍ക്കൊണ്ട് കുട്ടികള്‍ക്കുവേണ്ടി പകരം വെക്കുന്നു. എന്നാല്‍, അടിമത്തം നിയമവിധേയമായിരുന്ന തെക്കന്‍ സ്റ്റേറ്റുകളുടെ 1830- ’40  കാലഘട്ടത്തിന്റെ പശ്ചാത്തലത്തിലാണ് മാര്‍ക്ക് ട്വൈന്‍ കഥപറയുന്നത് എന്നതു മറന്നുകൂടാ.

 

 ഹക്കില്‍നിന്നു വേര്‍പെട്ടു കഴിയുന്ന സന്ദര്‍ഭങ്ങളിലാണ് ജെയിംസിന്റെ യഥാര്‍ത്ഥ വ്യക്തിത്വം സ്വാഭാവികമായും മുഴുവനായി പ്രകടിതമാകുന്നത്. നോവലന്ത്യത്തില്‍ അത്തരം സന്ദര്‍ഭങ്ങള്‍ കൂടുതലുണ്ട്. മാര്‍ക്ക് ട്വൈനിന്റെ കഥയില്‍നിന്നു എവറെറ്റ് കൂടുതല്‍ വ്യതിചലിക്കുന്നതും ഈ ഭാഗത്താണ്. ജെയിംസിന് ഹക്കിനോട് തോന്നുന്ന തീവ്രമായ സംരക്ഷകഭാവത്തിനു നോവലിസ്റ്റ് നല്‍കുന്ന കാരണം അക്ഷരാര്‍ത്ഥത്തില്‍ വംശീയ ശ്രേണീബദ്ധതയെ വെല്ലുവിളിക്കുന്നതു തന്നെയാണ്. എന്നാല്‍, ജനിതക സങ്കരങ്ങളെ കുറിച്ചുള്ള പുതിയ അറിവുകള്‍ അത്തരം ശുദ്ധിവാദങ്ങളെ കൊഞ്ഞനം കുത്തുന്നതാണ്. ഒളിച്ചിരുന്നു കാണുകയും കേള്‍ക്കുകയും ചെയ്യുന്ന രഹസ്യങ്ങള്‍/ സംഭവങ്ങള്‍ നിര്‍ണ്ണായകമായ ഇതിവൃത്തത്തില്‍ ഞെട്ടിക്കുന്ന അത്തരമൊന്നിനു ജെയിംസ് സാക്ഷിയാകുന്നത് സുപ്രധാനമാണ്‌: തന്റെ ഉപേക്ഷിക്കപ്പെട്ട വീടിനകത്ത് ഒരടിമസ്ത്രീ ക്രൂരമായ ബലാല്‍ക്കാരത്തിനു വിധേയയാകുന്നത് ഒളിനോട്ടത്തിന്റെ സാധ്യതയായല്ല; അടിമത്തത്തിന്റെ ഹിംസാത്മകതയുടെയും സ്ത്രീവിരുദ്ധതയുടെയും സാക്ഷ്യമായാണ് എവറെറ്റ് അവതരിപ്പിക്കുന്നത്‌. മാര്‍ക്ക്‌ ട്വൈന്‍ അത്തരമൊരു രംഗം എഴുതിയിട്ടില്ലെങ്കിലും അവക്കെല്ലാം ഹക്കും കൂട്ടുകാരന്‍ ടോം സോയറും പലവുരു സാക്ഷ്യം വഹിച്ചിരിക്കാം എന്ന് ഊഹിക്കാവുന്നതേയുള്ളൂ. എന്നാല്‍, അത്തരം അനുഭവങ്ങളോട് നൈതികമായി പ്രതികരിക്കുകയും അടിമത്തവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുമ്പോഴും വെളുത്തവര്‍ഗ്ഗക്കാരായ ‘അബോളിഷനിസ്റ്റുകള്‍’ തങ്ങളുടെ വംശീയപദവി നല്‍കുന്ന ഉല്‍ക്കര്‍ഷ ഉപയോഗിക്കുന്നതില്‍ അത്രയൊന്നും വിമുഖരായിരുന്നില്ല. മഹാമനസ്കതയുടെ ചേര്‍ന്നുനില്‍ക്കല്‍ എന്ന നിലയിലാണ്, മാനവികതുല്യത എന്ന ഉദാത്തമൂല്യത്തിലുള്ള നിബന്ധനകളില്ലാത്ത ഐക്യപ്പെടല്‍ എന്ന അര്‍ത്ഥത്തിലല്ല അവരില്‍പ്പലരും അടിമത്ത വിരുദ്ധ നിലപാടില്‍ അണിചേര്‍ന്നത്‌. തന്റെ ‘കൊലക്കുറ്റം’ ജിമ്മില്‍ ആരോപിക്കപ്പെടുമ്പോള്‍ “വെള്ളക്കാരെ എനിക്കിഷ്ടമല്ല.. ഞാനും അതാണെങ്കിലും” എന്ന് തുറന്നടിക്കുന്ന ഹക്ക് പോലും സുഹൃത്തിന്റെ ദുരിതങ്ങളിലുള്ള രോഷമാണ്‌ പ്രകടിപ്പിക്കുന്നത്. അത് ബാലസഹജമായ നിഷ്കളങ്കത മാത്രമാണെന്നു തിരിച്ചറിയുന്ന ജിം സൂക്ഷ്മമായി നിരീക്ഷിക്കുന്നു: “വെള്ളക്കാര്‍ കുറ്റബോധം അനുഭവിക്കാന്‍ ഇഷ്ടപ്പെടുന്നു”. അതവര്‍ക്ക് ദണ്ഡവിമോചനം നല്‍കുമെന്ന് അവര്‍ കണക്കു കൂട്ടുന്നു. ‘നിഗ്ഗറു’ടെ മകനായിരിക്കുക എന്ന സാധ്യതയോട് പൊട്ടിത്തെറിക്കുന്ന ഹക്കിനെ നോവലിസ്റ്റ് തുറന്നുകാട്ടുന്നുമുണ്ട്. വടക്കന്‍ദേശത്തു നടക്കുന്നതായി പറയപ്പെടുന്ന അടിമത്തവിരുദ്ധ മുന്നേറ്റങ്ങളൊന്നും ജെയിംസിനെ വ്യാമോഹിപ്പിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. വാസ്തവത്തില്‍ കറുത്തവന്‍-വെളുത്തവന്‍ ദ്വന്ദ്വത്തെക്കാള്‍ സങ്കീര്‍ണ്ണമാണ് തെക്കന്‍ ദേശങ്ങളും വടക്കന്‍ ദേശങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ അടിവേരുകള്‍ എന്ന് അയാള്‍ കരുതുന്നു. വിര്‍ജീനിയന്‍ ഗായകസംഘത്തോടൊപ്പം ചേരുമ്പോള്‍ അയാള്‍ക്ക് പ്രസ്തുത ദ്വന്ദ്വത്തിന്റെ വൈചിത്ര്യം തീക്ഷ്ണമായി അനുഭവപ്പെടുന്നുണ്ട്:

“ഞാനെന്റെ ജീവിതം മുഴുവന്‍ അടിമയായി കഴിഞ്ഞിട്ടും, ഇത്രയും അസംബന്ധപൂര്‍ണ്ണവും സര്‍റിയല്‍ ആയതും, വങ്കത്തം നിറഞ്ഞതുമായ ഒരു സന്ദര്‍ഭം മുമ്പനുഭവിച്ചിട്ടില്ല. ഞങ്ങള്‍ പന്ത്രണ്ടു പേരുണ്ടായിരുന്നു, പട്ടണത്തിന്റെ അടിമത്ത ഭാഗത്തെയും സ്വതന്ത്ര ഭാഗത്തെയും വേര്‍തിരിച്ച പൊതുനിരത്തിലൂടെ ഞങ്ങള്‍ മാര്‍ച്ച് ചെയ്തു, പത്തു വെള്ളക്കാര്‍ കറുപ്പു ചായമടിച്ച മുഖങ്ങളോടെ, ഒരു കറുത്ത വര്‍ഗ്ഗക്കാരന്‍ കറുത്ത പെയിന്റടിച്ച വെള്ളക്കാരനായി, നേരിയ ബ്രൌണ്‍-ബ്ലാക്ക് നിറക്കാരനായ ഞാന്‍ കറുത്തവന്‍ എന്ന വ്യാജേന കടന്നുപോകാന്‍ ശ്രമിക്കുന്ന വെള്ളക്കാരനാകാന്‍ വേണ്ടി കറുപ്പു ചായമടിച്ച്‌.”       

എഴുത്തില്‍ ധാരാളിയാണ് ഒട്ടേറെ പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള പെര്‍സിവല്‍ എവറെറ്റ്. ചരിത്രത്തെയും പോതുബോധ്യങ്ങളെയും വിചാരണ ചെയ്യുന്ന നിശിത വിമര്‍ശനവും സറ്റയറും ഇരുണ്ട ഹാസ്യവും തന്നെയാണ് അദ്ദേഹത്തിന്‍റെ കൃതികളുടെ പൊതുസ്വഭാവം. അക്കൂട്ടത്തില്‍ ഏറ്റവും ചടുലവും ചങ്കിടിപ്പിക്കുന്നതം ഒപ്പം ഏറ്റവും ഹൃദയസ്പര്‍ശിയുമായ കൃതി “James” തന്നെയെന്നു നിരൂപകമതം.

(ഭാഷാപോഷിണി, സെപ്തംബര്‍, 2024)


Read more:

The Underground Railroad by Colson Whitehead

https://alittlesomethings.blogspot.com/2017/08/blog-post_9.html

The Nickel Boys by Colson Whitehead

https://alittlesomethings.blogspot.com/2024/08/the-nickel-boys-by-colson-whitehead.html

The Sellout by Paul Beatty

https://alittlesomethings.blogspot.com/2016/11/blog-post_26.html