Featured Post

Showing posts with label Arab Spring. Show all posts
Showing posts with label Arab Spring. Show all posts

Sunday, November 3, 2024

A Land Without Jasmine by Wajdi Al-Ahdal / W. M. Hutchins

 മുല്ലപ്പൂക്കള്‍ വിടരാത്ത ദേശം



(അറബ് സാഹിത്യത്തിനുള്ള വിഖ്യാത പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള യമനി നോവലിസ്റ്റ് വജ്ദി അല്‍ അഹ്ദാല്‍ രചിച്ച A Land Without Jasmine, സ്ത്രീവിരുദ്ധതയും മൗലികവാദ മതാത്മകതയും ആഴത്തില്‍ പതിഞ്ഞു പോയ സമൂഹത്തില്‍ വേട്ടയാടപ്പെടുന്ന നിഷ്കളങ്കതയുടെ കഥ പറയുന്നു.)


    സൗദി  യമന്‍ ഏറ്റുമുട്ടലുകളുടെ ചരിത്രത്തെ മീഡിയ ബോധപൂര്‍വ്വം സൃഷ്ടിച്ചെടുത്ത സുന്നി-ഷിയാ വിഭാഗീയ അസ്വാസ്ഥ്യങ്ങള്‍ എന്ന ലളിത വല്‍ക്കരണ യുക്തിയില്‍ വിശദീകരിക്കാന്‍ ശ്രമിക്കുന്നത് എല്ലാ സംഘര്‍ഷങ്ങളെയും നൂറ്റാണ്ടുകളിലൂടെ തുടര്‍ന്നുവന്ന സാംസ്കാരിക വിഭജനത്തില്‍ തളച്ചിടുന്നു എന്നും എന്നാല്‍ പ്രസ്തുത ലളിതവല്‍ക്കരണത്തിനപ്പുറം വര്‍ഷങ്ങളായി അനുഭവിക്കേണ്ടിവന്ന അധിനിവേശം, അഭ്യന്തര യുദ്ധം, അഴിമതി, ദാരിദ്ര്യം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങള്‍, ഒട്ടേറെ ബാലാരിഷ്ടതകള്‍ക്കിടയിലും, യമനി സാഹിത്യം സ്പഷ്ടമാക്കുന്നുണ്ട് എന്നും മിഡില്‍ ഈസ്റ്റ് മോണിറ്റര്‍ വ്യക്തമാക്കുന്നു. ഈയടുത്ത കാലത്തായി യമനി സാഹിത്യത്തിലും പ്രസാധനത്തിലും, വിശേഷിച്ചും നോവല്‍ സാഹിത്യത്തില്‍, വലിയ തോതില്‍ കുതിപ്പുണ്ടായിട്ടുണ്ടെന്നും ദേശത്തിന്‍റെ ബഹുമുഖമായ സംഘര്‍ഷങ്ങളും ജീവിതാവസ്ഥകളും കൂടുതല്‍ ആഴത്തില്‍ പരിശോധിക്കപ്പെട്ടു തുടങ്ങിയിരിക്കുന്നു എന്നും പ്രസ്തുത ലേഖനം ചൂണ്ടിക്കാട്ടുന്നു. (1). നിരീക്ഷണത്തിന്‍റെ ഭാഗമായി എടുത്തു കാണിക്കുന്ന കൃതികളില്‍ ദാമ്മാജിന്‍റെ (Zayd Mutee' Dammaj) The Hostage  (1994), അബ്ദുല്‍ വാലിയുടെ (Mohammed Abdul Wali) They Die Strangers  (1971) എന്നീ ക്ലാസിക്കുകളോടൊപ്പം വിശകലനം ചെയ്യപ്പെടുന്ന പുതിയ പ്രതിനിധാനങ്ങളില്‍ വജ്ദി അല്‍ അഹ്ദാല്‍ രചിച്ച A Land Without Jasmine  (2008) (ഇംഗ്ലീഷ് വിവര്‍ത്തനം: W M. Hutichins 2012), അലി അല്‍ മുക്രിയുടെ Hurma എന്നിവയും ഉള്‍പ്പെടുന്നു. യമനി സമൂഹത്തില്‍ പിടിമുറുക്കുന്ന മൗലികവാദം, സ്ത്രീവിരുദ്ധത തുടങ്ങിയ പ്രമേയങ്ങളെ അങ്ങേയറ്റം പ്രകോപനപരമാം വിധം നിശിതമായി സമീപിക്കുന്ന കൃതികള്‍ എന്ന നിലയില്‍ ഈ നോവലുകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്.

‘A Land without Jasmine’ - പെണ്ണുടല്‍ വേട്ടയുടെ യമനി രൂപകം

    ഗോത്ര സംഘര്‍ഷങ്ങള്‍, പുരുഷാധികാര സാമൂഹിക/ കുടുംബ ഘടന, സ്ത്രീയെ വിലക്കപ്പെട്ട പവിത്രവസ്തു ('ഹുര്‍മ') ആയി പരിഗണിക്കുന്ന ലിംഗ വിവേചനം, പാരമ്പര്യാഭിമാനം തുടങ്ങിയ ഘടകങ്ങള്‍ അടയാളപ്പെടുത്തിയ കൊളോണിയല്‍ പൂര്‍വ്വ സാമൂഹികാവസ്ഥയിലേക്ക് കൊളോണിയല്‍ ആധുനികതയുടെ കടന്നുവരവ് ഒട്ടേറെ വെല്ലുവിളികള്‍ ഉയര്‍ത്തിയതിന് ലോകമെങ്ങുമെന്ന പോലെ ആഫ്രിക്കന്‍/ അറബ് ദേശങ്ങളും സാക്ഷികളാണ്. ഗോത്രവിഭജനങ്ങളുടെ സ്ഥാനത്തു കൊളോണിയല്‍ വിരുദ്ധ ദേശീയതയുടെ വികാസത്തിന് അത് ഇടവരുത്തിയപ്പോള്‍, വളരെ പതിയെയാണെങ്കിലും ലിംഗപദവിയെ സംബന്ധിച്ച പാശ്ചാത്യ ധാരണകള്‍ മതാധിപത്യ സ്ത്രീവിരുദ്ധതയുടെ ഏകപക്ഷീയതയെ വെല്ലുവിളിച്ചു തുടങ്ങി. മറ്റുവാക്കുകളില്‍ ദേശീയതയുടെ ഉള്ളടക്കം കൊളോണിയല്‍ വിരുദ്ധം എന്നതുപോലെത്തന്നെ സമൂഹത്തിന്‍റെ ലിംഗപദവീ ധാരണകളില്‍ അഴിച്ചുപണിയുടെ ആവശ്യകത ഊന്നിപ്പറയുന്നതും ആയിരുന്നു. യമനി സാഹിത്യം പ്രകോപനപരമായ സത്യസന്ധതയോടെ ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്തു തുടങ്ങുന്നതും അവിടെ നോവല്‍ എന്ന സാഹിത്യ രൂപത്തില്‍ വമ്പിച്ച കുതിച്ചുചാട്ടം സംഭവിക്കുന്നതും പാശ്ചാത്യ സ്വാധീനം നിലനിന്ന ആദേന്‍ (Aden) പോലുള്ള ഇടങ്ങളില്‍ ആയിരുന്നു എന്നത് സ്വാഭാവികമായിരുന്നു. നോവലിസ്റ്റും ചെറുകഥാ കൃത്തുമായ വജ്ദി അല്‍ അഹ്ദാല്‍ ഇത്തരം പ്രകോപനപരമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന എഴുത്തുകാരനാണ്. അതുകൊണ്ടു ഏറെ വിവാദങ്ങളില്‍ ചെന്നു പെട്ടിട്ടുണ്ടെങ്കിലും, തികച്ചും സമകാലികമായ ഒരു രചനാ രീതിയുടെ പ്രയോക്താവ് എന്ന നിലയില്‍ ജന്മദേശത്തു ഒട്ടേറെ പുരസ്കാരങ്ങള്‍ അദ്ദേഹം നേടുകയുണ്ടായി. അറബ് സാഹിത്യത്തിനുള്ള അന്താരാഷ്ട്ര പുരസ്കാരത്തിന്‍റെ പ്രഥമ വര്‍ഷത്തില്‍ (2008), പ്രസ്തുത പുരസ്കാരത്തിന് അദ്ദേഹത്തിന്‍റെ Faylasuf al-Kurantina (Quarantine Philosopher, Sanaa 2007) നാമനിര്‍ദ്ദേശം ചെയ്യപ്പെടുകയും ചെയ്തു. 2013ല്‍ അറബിക്കില്‍ നിന്നുള്ള വിവര്‍ത്തന സാഹിത്യ കൃതിക്കുള്ള ബനിപാല്‍ പുരസ്കാരം A Land without Jasmine എന്ന നോവലിന്, വിവര്‍ത്തകന്‍ വില്ല്യം എം. ഹച്ചിന്‍സിനോടൊപ്പം പകുത്തു നല്‍കിക്കൊണ്ട് ജൂറി ഇപ്രകാരം വിലയിരുത്തി:

"നോവല്‍ യാഥാസ്ഥിതിക സമൂഹത്തിലെ പുരുഷന്മാരുടെ ലൈംഗിക അടിച്ചമര്‍ത്തല്‍, പൊതു സ്ഥാപനങ്ങളിലെ അഴിമതി തുടങ്ങിയ ഒട്ടേറെ സാമൂഹിക, രാഷ്ട്രീയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു, എന്നാല്‍ വായനക്കാരെ പിടിച്ചിരുത്തുന്ന ഒരു ത്രില്ലറിന്‍റെ പ്രച്ഛന്നരൂപത്തിലാണ് അത് ചെയ്യുന്നത്. കഥ പറയുന്നത് പലപ്പോഴും ഒരുമിച്ചു പോകാത്ത വ്യത്യസ്ത കഥാപാത്രങ്ങളുടെ ആഖ്യാനങ്ങളിലാണ്, അത് സത്യത്തെ കുറിച്ച് സ്വന്തം ഭാഷ്യത്തിലെത്താന്‍ വായനകാര്‍ക്ക് ഇടം നല്‍കുന്നു. മൊത്തത്തില്‍, കഴിവുറ്റവനും മൗലിക പ്രതിഭയുമായ ഒരു കഥാകാരനില്‍ നിന്നുള്ള പിടിച്ചിരുത്തുന്ന ഒരു പേജ് ടേണര്‍, .. ഒന്നാന്തരമായി വിവര്‍ത്തനം ചെയ്യപ്പെട്ടത്." (2).

    അഹ്ദാലിന്‍റെ ആദ്യനോവല്‍ Mountain Boats  (2002) ലൈംഗിക ബന്ധവര്‍ണ്ണനയുടെ രംഗങ്ങളില്‍ ഖുറാന്‍ വചനങ്ങള്‍ ഉപയോഗിച്ചു എന്നതിന്‍റെ പേരില്‍ യമനില്‍ നിരോധിക്കപ്പെട്ടതിനെ തുടര്‍ന്നു ലബനോനിലേക്ക് പലായനം ചെയ്യാന്‍ എഴുത്തുകാരന്‍ നിര്‍ബന്ധിതനായി. പിന്നീട് 2010ല്‍ പ്രസിഡന്‍റ് നേരിട്ട് സുരക്ഷിതത്വം ഉറപ്പുകൊടുത്തതിന് ശേഷമാണ് അദ്ദേഹം ജന്മനാട്ടില്‍ തിരികെയത്തിയത്. അതിനു പിറകില്‍ ഗുന്തര്‍ ഗ്രാസിനെ പോലുള്ളവരുടെ ഇടപെടല്‍ ഉണ്ടായിരുന്നു എന്ന് വജ്ദാല്‍ രേഖപ്പെടുത്തുന്നു (3). A Land Without Jasmine ന്‍റെ കാര്യത്തില്‍, അറബ് മൂലത്തില്‍ നിന്നും ഒഴിവാക്കിയ ലൈംഗികമായ തുറന്നെഴുത്തുള്ള മൂന്നു ഖണ്ഡികകള്‍ ഇംഗ്ലീഷ് ഭാഷാന്തരത്തില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട് (4).

    അതീവ സൗന്ദര്യവും മദാലസ ശാരീരിക അളവുകളുമുള്ള ഇരുപതുകാരി ശാസ്ത്ര വിദ്യാര്‍ഥിനി ജാസ്മിന്‍ അല്‍ നയീമിന്‍റെ തിരോധാനവും കേസ് അന്വേഷകനായി എത്തുന്ന പോലീസ് ഇന്‍സ്പെക്റ്റര്‍ അബ്ദുല്‍ റബിഹ് ഉബൈദ് അല്‍ അദീനി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ കണ്ടെത്തുന്ന നിഗമനങ്ങളും അവയില്‍ നിന്ന് വ്യക്തമാകുന്ന യമനി സമൂഹത്തിലെ സ്ത്രീയുടെ പദവിയുമാണ് നോവലിന്‍റെ ഇതിവൃത്തത്തെയും പ്രമേയങ്ങളെയും നിര്‍ണ്ണയിക്കുന്നത്. ആറധ്യായങ്ങളില്‍ അത്രയും ആഖ്യാതാക്കള്‍ ഇത്തരത്തില്‍ ആവിഷ്കാരത്തെ കൊണ്ടുപോകുന്നു. ആദ്യ അധ്യായം ജാസ്മിന്‍റെ തന്നെ നേരിട്ടുള്ള ആഖ്യാനമാണ്, അവസാനത്തേത് അവളുടെ അമ്മയുടെ വകയും. എന്നാല്‍ നോവല്‍ അവസാനിക്കുന്നത് ഒരു കത്തിന്‍റെ രൂപത്തിലുള്ള ജാസ്മിന്‍റെ സ്വന്തം വിവരണത്തോടെയാണ് എന്നതും പ്രധാനമാണ്. ഇതര ആഖ്യാതാക്കള്‍ മുഴുവന്‍ പുരുഷന്മാരാണ് എന്നത് പുരുഷ നോട്ടത്തെ "വിഷലിപ്തമായ സംഘടിത ആക്രമണം" എന്ന് വിവരിക്കുന്ന നോവലിന് കനത്ത വിരുദ്ധോക്തിയുടെ സാംഗത്യം നല്‍കുന്നുണ്ട്.

ആണ്‍നോട്ടമെന്ന വിഷം

    ജാസ്മിന്‍റെ വിവരണം ഒരു പ്രണയ ദിനത്തില്‍ (ഫെബ്രുവരി 14) അവളുടെ നിത്യപ്പതിവുകളോടെ ആരംഭിക്കുന്നു. പുരുഷ നോട്ടത്തിന്‍റെ കടന്നുകയറ്റങ്ങള്‍ നിരന്തരം നേരിടുന്നതിനെ കുറിച്ചാണ് അവള്‍ ചിന്തിക്കുന്നത്. ജനാലയിലൂടെ തല പുറത്തിടുമ്പോള്‍ പോലും തുറിച്ചു നോക്കുന്ന തൊട്ടപ്പുറത്തുള്ള അമ്പതു പിന്നിട്ട പലചരക്കുകാരനും, കോളെജിലേക്ക് പോകാന്‍ പുറത്തിറങ്ങുന്ന നിമിഷം മുതല്‍ പിന്തുടരുന്ന അയല്‍പക്കത്തെ കൗമാരക്കാരനും മുഖാവരണമുണ്ടെങ്കിലും നേരിടേണ്ടി വരുന്ന അലോസരങ്ങളാണ്. "മിക്ക പുരുഷന്മാരും കാമാര്‍ത്തിയോടെയാണ് എന്നെ നോക്കുന്നത്, അവര്‍ക്കെല്ലാം എന്നെ ഭോഗിക്കണം" എന്ന് അവള്‍ തുറന്നടിക്കുന്നുണ്ട്.

"യമനില്‍ എല്ലാ സ്ത്രീകളും സെലിബ്രിറ്റികളായി കണക്കാക്കപ്പെടുന്നു! ഒരു പെണ്‍കുട്ടി വീട്ടില്‍ നിന്നിറങ്ങി തെരുവിലേക്ക് കടക്കുന്നതോടെ എല്ലാവരും അവളെ തുറിച്ചു നോക്കുകയാണ്. ചിലപ്പോള്‍ ചില പെണ്‍കുട്ടികള്‍ക്ക് ആണുങ്ങള്‍ അവരെ കാമത്തോടെ നോക്കുമ്പോള്‍ അത് രസിന്നുണ്ടാവാം, എന്നാല്‍ ഡസന്‍ കണക്കിന് വഴിപോക്കരുടെ തുടര്‍ച്ചയായ ഈ നോട്ടം എന്നെ അലോസരപ്പെടുത്തുന്നു, എന്‍റെ ഞരമ്പുകള്‍ വലിഞ്ഞു മുറുകുന്നു, എന്നെ ദുസ്സഹമാം വിധം പിരിമുറുക്കത്തിലാക്കുന്നു.

എല്ലാ ദിശകളില്‍ നിന്നും വരുന്ന വിഷലിപ്തമായ പുരുഷഹിംസയായി ഈ കൂട്ടനോട്ടത്തെ ഞാന്‍ കണക്കാക്കുന്നു. അവരുടെ നോട്ടം തൊട്ടറിയാവുന്നതല്ല എന്നതും ഒരു കൈകൊണ്ടു തൊടും പോലെയല്ല എന്നതും സത്യം തന്നെ, എന്നാല്‍ അത് ഒരു മനശാസ്ത്രപരമായ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്, എന്‍റെ നെഞ്ചിനെ വരിഞ്ഞുമുറുക്കുന്നുണ്ട്, ശ്വസിക്കാന്‍ പ്രയാസം സൃഷ്ടിക്കുന്നുമുണ്ട്. അടിച്ചമര്‍ത്തപ്പെട്ട പുരുഷന്മാരുടെ ഈ നോട്ടം എന്‍റെ ത്വക്കിനെ ആക്രമിക്കുന്നു, എന്‍റെ രക്തം തിളക്കുന്നു, ചിന്തയെ അലങ്കോലപ്പെടുത്തുന്നു."

    ലോറ മല്‍വിയുടെ ആണ്‍നോട്ടത്തെ ("male gaze') കുറിച്ചുള്ള നിരീക്ഷണങ്ങള്‍ ഇവിടെ കൃത്യമാണ് (5). ലൈംഗികതയെ കുറിച്ച് ആരോഗ്യകരമായ നിലപാടല്ല ജാസ്മിന് തന്നെയും ഉള്ളത്. എഴാം വയസ്സില്‍ നിഷ്കളങ്കയായി മരിക്കാനും അങ്ങനെ നേരിട്ട് സ്വര്‍ഗ്ഗത്തില്‍ പോകാനുമായി ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ച് അവള്‍ ചിന്തിച്ചിരുന്നു. ലൈംഗിക ബന്ധം പാപമാണെന്നും ദമ്പതികള്‍ പോലും അത് ചെയ്യരുതെന്നും അവള്‍ കരുതി. വംശം നിലനിര്‍ത്താന്‍ ദാമ്പത്യത്തിലെ സെക്സ് അനിവാര്യമാണ് എന്ന തിരിച്ചറിവു മാറ്റിനിര്‍ത്തിയാല്‍ വളര്‍ന്നിട്ടും അവളുടെ നിലപാടില്‍ കാര്യമായ മാറ്റമില്ല. അവളുടെ പിതവാകട്ടെ എപ്പോള്‍ വേണമെങ്കിലും തന്‍റെ മാനം ("honour') നശിപ്പിക്കാന്‍ ഇടയുള്ള അപകടഭീഷണിയായി അവളെ കാണുന്നു. സ്നേഹരഹിതമായ അയാളുടെ കാര്‍ക്കശ്യങ്ങള്‍ ഒരു വശത്തും വേട്ടയാടുന്ന ആണ്‍ ലോകം മറുവശത്തുമായി താനൊരു തടവുപുള്ളിയാണ് എന്ന് അവള്‍ക്കു തോന്നുന്നു.

"ഞാന്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നതായി എനിക്കു തോന്നുന്നു, സമൂഹം എന്നെ എല്ലാ വശങ്ങളില്‍ നിന്നും ആക്രമിക്കുന്നു.. ആത്മാവും തലച്ചോറുമുള്ള ഒരു മനുഷ്യ ജീവിയല്ല ഞാനെന്നും ഒരു ഭോഗ യന്ത്രം മാത്രമാണെന്നും ഉള്ള തോന്നലാണ് എനിക്ക് ചുറ്റുമുള്ള ഓരോരുത്തരും എന്നിലുണ്ടാക്കുന്ന വികാരം. അവരെന്‍റെ മനുഷ്യാസ്തിത്വത്തെ ഒരു ചെറിയ വൃത്തികെട്ട ത്രികോണത്തിലേക്ക് ഒതുക്കിയിരിക്കുന്നു, എന്നിലുള്ള മറ്റെല്ലാത്തിനെയും അവഗണിക്കുന്നു."

ചോദ്യങ്ങള്‍ ബാക്കിയാവുന്നു

    നോവലിലെ വിവേകപൂര്‍ണ്ണമായി പെരുമാറുന്ന അപൂര്‍വ്വ കഥാപാത്രമാണ് ഇന്‍സ്പെക്റ്റര്‍ അദീനി എന്നിരിക്കിലും തികച്ചും ശ്ലഥവും സ്ത്രീവിരുദ്ധവുമായ സമൂഹത്തില്‍ അയാള്‍ക്ക് പരിമിതികള്‍ ഏറെയാണ് എന്നും ഇത് കേസന്വേഷത്തെ ദുസ്സാധ്യമാക്കുന്ന ഒന്നായി നോവലിസ്റ്റ് കുറെയൊക്കെ തെറ്റിദ്ധരിക്കുന്നു എന്നും നിരീക്ഷിക്കപ്പെടുന്നു (6). ഇന്‍സ്പെക്റ്റര്‍ അദീനിയുടെ വിവരണമായ രണ്ടാം അധ്യായത്തില്‍ ജാസ്മിനെ അറിയാമായിരുന്ന ചില വ്യക്തികളുമായുള്ള അയാളുടെ അഭിമുഖം തുടങ്ങുന്നു. അവരില്‍ ആദ്യമെത്തുന്ന ഒരാള്‍ ഡോ. അഖ്ലാന്‍ എന്ന ജാസ്മിന്‍റെ പ്രൊഫസറാണ്. അയാളുടെ നോട്ടത്തില്‍ അവളൊരു തികഞ്ഞ കാപട്യക്കരിയാണ്: "പരസ്യമായി കൈകുലുക്കാന്‍ പോലും വിസമ്മതിച്ചു ചാരിത്ര്യവതി ചമയുകയും സ്വകാര്യമായി തങ്ങളുടെ യോനികള്‍ തുറന്നുവെക്കുകയും ചെയ്യുന്ന തരത്തിലുള്ള സ്ത്രീകളില്‍ ഒരുവള്‍" എന്നു ജാസ്മിനെ കുറിച്ച് പറയുന്ന ഇയാള്‍ തികഞ്ഞൊരു വിഷയലമ്പടനും തന്‍റെ പദവി നഗ്നമായി ദുരുപയോഗം ചെയ്തു വിദ്യാര്‍ത്ഥികളില്‍ ആണ്‍ - പെണ്‍ വ്യത്യാസമില്ലാതെ വേട്ടയാടുകയും ചെയ്യുന്ന ഉഭയ രതി പ്രേമിയാണ്. അയാള്‍ മൂലം ആത്മഹത്യയിലേക്ക് വലിച്ചെറിയപ്പെട്ടവരില്‍ സുന്ദരന്മാരായ ആണ്‍കുട്ടികള്‍ പോലുമുണ്ട്. ജാസ്മിന്‍റെ ലഹരിപിടിപ്പിക്കുന്ന സൗന്ദര്യം അയാളെ ഉന്മത്തനാക്കിയിരുന്നു എന്നും അയാള്‍ വേണ്ടവിധം കരുക്കള്‍ നീക്കിയിരുന്നു എന്നും വ്യക്തമാകുന്നുണ്ട്. തുടര്‍ന്നു വരുന്ന 'അതിഭൗതിക മിഥ്യാധാരണകള്‍ കൊണ്ട് ഈ മടുപ്പിക്കുന്ന ലോകത്തോട് അന്ധനായിപ്പോയ ഒരാള്‍ (A MAN BLINDED TO THIS DISCONCERTING WORLD BY SUPERNATURAL DELUSIONS) എന്ന അധ്യായം സയന്‍സ് ബ്ലോക്കിനടുത്തുള്ള സ്നാക്ക് ബാര്‍ ഉടമ നാസിര്‍ സലിം അല്‍ ഉസ്മിയുടെ ആഖ്യാനമാണ്. ജാസ്മിന്‍റെ സൗന്ദര്യത്തെ വിവരിക്കാന്‍ നൂറു നാവാണ് അയാള്‍ക്ക്. 'മുഖാവരണത്തില്‍ പോലും ഹൃദയങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന സ്ത്രൈണത നിറഞ്ഞവള്‍' എന്നാണ് അയാള്‍ അവളെ വിവരിക്കുക. യൂണിവേഴ്സിറ്റിയെ കുറിച്ചോ അവിടത്തെ രീതികളെ കുറിച്ചോ ഒരു മതിപ്പുമില്ലാത്ത അയാള്‍ ഉന്നത പഠനത്തിനു തന്‍റെ മക്കളെ അയക്കാന്‍ ഉദ്ദേശിക്കുന്നില്ല. വിദ്യാര്‍ഥി- വിദ്യാര്‍ത്ഥിനീ ബന്ധങ്ങള്‍ 'സഹ വിദ്യാര്‍ഥികള്‍' എന്ന നിലയിലല്ല എന്നും 'ഭോഗ വിദ്യാര്‍ഥികള്‍' എന്ന നിലയിലാണ് എന്നും അയാള്‍ തന്‍റെ ലൈംഗിക അടിച്ചമര്‍ത്തലും യുവതലമുറയോടുള്ള അസൂയയും വ്യക്തമാക്കുന്നു.

    'ബലിയാട്' എന്ന അധ്യായം പേര് അന്വര്‍ത്ഥമാക്കും വിധം, പ്രണയം കൊണ്ട് മുറിവേല്‍ക്കുകയും ഗോത്ര സംസ്കാരത്തിന്‍റെ ഭാഗമായ 'ദുരഭിമാനക്കൊല'യുടെ ബലിയാടാവുകയും ചെയ്യുന്ന അലിയെന്ന കൗമാരക്കാരന്‍റെ ആഖ്യാനമാണ്. ജാസ്മിന്‍റെ കളിക്കൂട്ടുകാരനായിരുന്നു അവളെക്കാള്‍ നാലര വയസ്സിനു ഇളപ്പമായ അലി. അവള്‍ നിഖാബ് ധരിച്ചു തുടങ്ങുമ്പോള്‍ പരസ്പരം കാണുന്നത് നിരോധിക്കപ്പെടുന്നതോടെ പ്രണയാതുരനായി അവളെ പിന്തുടരാന്‍ കിട്ടുന്ന അവസരങ്ങള്‍ ഉപയോഗിക്കുന്ന അലി, അത്തരമൊരു ഘട്ടത്തിലാണ് ദുരൂഹമായി അപ്രത്യക്ഷയാകുന്ന ജാസ്മിന്‍റെ പുസ്തകസഞ്ചിയും നോട്ടുപുസ്തകവും കണ്ടെത്തുന്നത്. 'ചിതറിപ്പോകുന്ന മേഘം പോലെ തന്‍റെ സന്ദേഹം തിരോഭവിക്കുന്ന അജ്ഞേയവാദി' (THE SCEPTIC WHOSE SCEPTICISM DISAPPEARS LIKE A SCATTERING CLOUD) എന്ന അധ്യായത്തില്‍ ഡെപ്യുട്ടി ഇന്‍സ്പെക്റ്റര്‍ മുതീ റമദാന്‍ വിവരിക്കുന്നതു പ്രകാരം ആത്യാധുനിക വസ്ത്രങ്ങള്‍ ധരിച്ച വെള്ളത്തലമുടിയുള്ള ഒരു ജിന്നില്‍ നിന്നാണ് തനിക്കവ ലഭിച്ചത് എന്നാണ് അവന്‍ പറയുക. ഒരു വിശദീകരണത്തിനു അവസരം ലഭിക്കാതെ ജാസ്മിന്‍റെ സഹോദരങ്ങളുടെയും പിതാവിന്‍റെയും കോപത്തിനു പാത്രമായി ഒടുങ്ങുകയായിരുന്നു അവന്‍. അത് ദുഃഖിതയായ അവന്‍റെ മാതാവിന്‍റെ മരണത്തിലേക്കും നയിക്കുന്നു.

    സ്നാക്ക് ബാര്‍ ഉടമയുടെയും അലിയുടെയും ആഖ്യാനങ്ങളില്‍ കടന്നുവരുന്ന ദുരൂഹ ഭൗതികേതര സാനിധ്യത്തിന് ഒരു വിശദീകരണവും നോവല്‍ മുന്നോട്ടു വെക്കുന്നില്ല. ജാസ്മിന്‍റെ തിരോധാനം അവളുടെ പ്രതിയോഗികളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രതിഫലനങ്ങള്‍ നോവല്‍ പിന്തുടരുന്നുണ്ട്. അലിയുടെ രതികാമനകള്‍ വന്ധ്യമായിപ്പോകുമ്പോള്‍ ഒളിനോട്ടത്തിന്‍റെ അവസരം നഷ്ടമാകുന്നത് സ്നാക്ക് ബാര്‍ ഉടമയെയും പലചരക്കു വ്യാപാരിയേയും ബാധിക്കുന്നു. അവര്‍ വെറും ഒളിനോട്ടക്കാര്‍ മാത്രമായിരുന്നോ എന്നും ജാസ്മിന്‍റെ തിരോധാനത്തില്‍ അവര്‍ക്കെന്തെന്തെങ്കിലും പങ്കുണ്ടായിരുന്നോ എന്നും നാം സംശയിച്ചു തുടങ്ങാം. അഥവാ, ജാസ്മിന്‍ സ്വയം തെരഞ്ഞെടുത്തതായിരുന്നോ ആ തിരോധാനമെന്ന തോന്നല്‍, അതൊരു രക്ഷപ്പെടല്‍ ആയിരുന്നോ എന്ന ചോദ്യവും നോവലന്ത്യം ഉയര്‍ത്തുന്നുണ്ട്. ഈ വീക്ഷണത്തില്‍ സമീപിക്കുമ്പോള്‍ നോവലിന്‍റെ പ്രഹര ശേഷി ശരീഫ അല്‍ ശംലാന്‍ രചിച്ച വിഖ്യാതമായ  'സൈനബ്' എന്ന കഥയെ ഓര്‍മ്മിപ്പിക്കുന്നു (7). മറ്റൊരു നിരീക്ഷണത്തില്‍ "വജ്ദി അല്‍ അഹ്ദാല്‍ ഒരു സര്‍റിയല്‍ കുറ്റാന്വേഷണ കഥയാണ് എഴുതിയിരിക്കുന്നത്; ഒരേ സമയം സ്പഷ്ടവും മിതവുമായിരിക്കുമ്പോഴും അറബ് ജീവിതത്തിലെ വഞ്ചനകള്‍ തുറന്നുകാട്ടുന്നു  അതിന്‍റെ യുക്തിരഹിത നിലപാടുകളെ പരിഹസിക്കുകയും ചെയ്യുന്നു. അത് ഹരൂകി മുറകാമിയുടെ രചനാരീതിയെയും അദ്ദേഹത്തിന്‍റെ Kafka on the Shore നെയും ഓര്‍മ്മിപ്പിക്കുന്നു (അതും ലൈംഗിക അടിച്ചമര്‍ത്തല്‍ കൊണ്ട് നിറഞ്ഞതാണ്)" (8).

References:

(1). Middle East Monitor: Yemen through its literature: A nation besieged, May 5, 2015, https://www.middleeastmonitor.com/20150505-yemen-through-its-literature-a-nation-besieged/, Accessed 25.03.2022.

                (2). Qtd: Profile in Banipal website, http://www.banipal.co.uk/contributors/651/wajdi__al-ahdal/

(3).Wajdi al-Ahdal, Yemen: freedom of expression,The intervention of a Nobel Laureate, Qantara.de 2016, Translated from the German by Katy Derbyshire, https://en.qantara.de/content/yemen-freedom-of-expression-the-intervention-of-a-nobel-laureate. Accessed 12.03.2021.

(4). Leah Caldwell, Al-Akhbar English, August 7, 2012, Goodreads review

(5). Mulvey, Laura. "Visual Pleasure and Narrative Cinema." Film Theory and Criticism : Introductory Readings. Eds. Leo Braudy and Marshall Cohen. New York: Oxford UP,1999: 833-44.

(6). M.A.Orthofer, The complete review's Review, 15 August 2012, https://www.complete-review.com/reviews/arab/ahdalw.htm. Accessed 09.03.2021.  

(7). Sharifa ash-Shamlaan, ‘Zainab’, Voices of Change, Short Stories by Saudi Arabian Women Writers, Lynn Rienner Publishers, Colorado, 1998, P. 39-42

(8). Sam Hawksmoor, review, ‘Hack Writers, The International Writers Magazine: Review, https://www.hackwriters.com/JasmineWAA.htm. Accessed 12.03.2021

read more:

Hurma by Ali al-Muqri/ T.M.Aplin

https://alittlesomethings.blogspot.com/2024/10/hurma-by-ali-al-muqri-tmaplin.html

 Saman by Ayu Utami

https://alittlesomethings.blogspot.com/2024/06/saman-by-ayu-utami.html

Nisa al-basatin - ടുണീഷ്യയിലെ പെണ്ണുങ്ങൾ by Habib Selmi

https://alittlesomethings.blogspot.com/2024/06/nisa-al-basatin-by-habib-selmi.html

An Unnecessary Woman by Rabih Alameddine

https://alittlesomethings.blogspot.com/2017/07/blog-post_26.html

Saturday, October 19, 2024

Five Days Untold by Badr Ahmad/ Christiaan James

പോര്‍മുഖങ്ങളില്‍ കുരുങ്ങിപ്പോകുന്നവര്‍



(യമനി നോവലിസ്റ്റ് ബദര്‍ അഹ്മദ് രചിച്ച ‘Five Days Untold’ എന്ന നോവല്‍അറബ് സമൂഹങ്ങളിലെ സായുധ കലാപങ്ങളില്‍ ഇരയായിപ്പോകുന്ന സാമാന്യജന സമൂഹത്തിന്റെ ദുരന്തം ഹൃദ്യമായ കാവ്യാത്മക ശൈലിയില്‍ അവതരിപ്പിക്കുന്നു. Republic of Consciousness Prize-ന്റെ പരിഗണനാ പട്ടികയില്‍ ഇടം പിടിച്ച നോവല്‍അറബ് സാഹിത്യ ലോകത്തു നിന്നുള്ള ശക്തനായ ഒരു പുതുമുഖത്തെ അവതരിപ്പിക്കുന്നു.) 

യമനി സമൂഹത്തില്‍ പിടിമുറുക്കിയ സംഘര്‍ഷങ്ങളെ മീഡിയ ഏകപക്ഷീയമായി ഊന്നുന്ന സുന്നി-ഷിയാ വിഭാഗീയ അസ്വാസ്ഥ്യങ്ങള്‍ എന്ന ലളിത വല്‍ക്കരണ യുക്തിയില്‍ വിശദീകരിക്കാന്‍ ശ്രമിക്കുന്നത് എല്ലാ സംഘര്‍ഷങ്ങളെയും നൂറ്റാണ്ടുകളിലൂടെ തുടര്‍ന്നുവന്ന സാംസ്കാരിക വിഭജനത്തില്‍ തളച്ചിടുന്നു എന്നും എന്നാല്‍ പ്രസ്തുത ലളിതവല്‍ക്കരണത്തിനപ്പുറം വര്‍ഷങ്ങളായി അനുഭവിക്കേണ്ടിവന്ന അധിനിവേശംഅഭ്യന്തര യുദ്ധംഅഴിമതിദാരിദ്ര്യം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങള്‍ഒട്ടേറെ ബാലാരിഷ്ടതകള്‍ക്കിടയിലുംയമനി സാഹിത്യം സ്പഷ്ടമാക്കുന്നുണ്ട് എന്നും Middle East Monitor വ്യക്തമാക്കുന്നു *1. മുല്ലപ്പൂ വിപ്ലവാനന്തര കാലത്ത്വിപ്ലവത്തിന്റെ ഫലങ്ങള്‍ എന്തുതന്നെയായാലുംയമനി സാഹിത്യത്തില്‍ ഉണ്ടായ കുതിപ്പ് ഈ നിരീക്ഷണത്തെ സാധൂകരിക്കുന്നു. വിഖ്യാത അറബിക്-ഇംഗ്ലീഷ് വിവര്‍ത്തക സവാദ് ഹുസൈന്‍ എഴുതിയ ‘ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യേണ്ട പത്ത് അറബ് കൃതികള്‍’ എന്ന ലേഖനത്തില്‍ *2  വിവരിക്കപ്പെടുന്ന ഏറ്റവും പുതിയ കൃതിയായി യമനി നോവലിസ്റ്റ് ബദര്‍ അഹ്മദ് രചിച്ച ‘Five Days Untold’ ഇടം പിടിച്ചത് ഇതോടു ചേര്‍ത്തു കാണാം. ചെറുകിട പ്രസാധകര്‍ പ്രസിദ്ധീകരിക്കുന്ന മികച്ച കൃതികള്‍ക്കു നല്‍കപ്പെടുന്ന Republic of Consciousness Prize-നു പ്രഥമ ലിസ്റ്റില്‍ *3  ഇടം പിടിച്ച നോവല്‍സമകാലിക യമനിന്റെ പതിപ്പായ സാങ്കല്‍പ്പിക പട്ടണത്തെ പശ്ചാത്തലമാക്കി താല്‍പ്പര്യമേതുമില്ലാത്ത യുദ്ധത്തില്‍ കരുവായിത്തീരുന്ന യുവാവിന്റെയും ബാല്യകാല ദുരനുഭവങ്ങളുടെ ഫലമായി മനുഷ്യത്വം ഇല്ലാതാകുന്ന കൊലയാളി രാഷ്ട്രീയക്കരന്റെയും അനുഭവങ്ങളിലൂടെ സംഘര്‍ഷങ്ങളുടെ ഇടയില്‍ പെട്ടുപോകുന്ന സാധാരണ മനുഷ്യരുടെയും ദേശത്തിന്റെയും കഥ പറയുന്നു.

തുടക്കം, അഥവാ തുടര്‍ച്ചയും   

“അന്നേ ദിവസം (നായ്ക്കളുടെയും പൂച്ചകളുടെയും എണ്ണം ജനസംഖ്യയെ കടത്തിവെട്ടിയതായി പറയപ്പെട്ട അന്ന്) എന്റെ ചെറുപട്ടണത്തിന്റെ ചരിത്രത്തില്‍ വേറിട്ട്‌ നിന്ന ഒന്നായിരുന്നു. യുദ്ധത്തിന്റെ ഒരു കൊല്ലം വന്നു പോവുകയും മറ്റൊന്ന് തുടങ്ങുകയും ചെയ്യുകയായിരുന്നു എന്നത് കൊണ്ടല്ലമറിച്ചു സവിശേഷ സംഭവങ്ങള്‍ അന്നേ ദിവസം സംഭവിച്ചു എന്നത് കൊണ്ട്.”

ജിജ്ഞാസ ഉണര്‍ത്തുന്ന ഈ വാക്യങ്ങളോടെ ആരംഭിക്കുന്ന നോവലില്‍2018ന്റെ പുതുവര്‍ഷത്തലേന്ന് (2017 ഡിസംബര്‍ 31) സിയാദ് അല്‍ നിഖാഷ് എന്ന മൂന്നാം തലമുറ പ്ലാസ്റ്റര്‍ വര്‍ക്ക് ശില്‍പ്പി തുടങ്ങുന്ന ആഖ്യാനം അന്നത്തെ പകലില്‍ പട്ടണത്തിലുണ്ടായ അസാധാരണ സംഭവങ്ങളെ ആസ്പദമാക്കിയാണ് വികസിക്കുന്നത്. മാനസിക ആരോഗ്യം നശിച്ചു മൌനത്തിലേക്ക്‌ പിന്‍വാങ്ങിയ തന്റെ പിതാവ് മുഹിയുദ്ദീന്‍ അല്‍ നിഖാഷിനും, സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങളില്‍ കുടുംബ നാഥയായി മാറിയ മാതാവ്പ്രൌഡയായ ‘സിര്‍ക്കേസിയന്‍’ വനിതബിന്‍ത് അല്‍ മുതമ്മാറിനും മൂന്നു ഇളയ അനിയത്തിമാര്‍ക്കും ഒപ്പം സിയാദ് കഴിയുന്നു. ജന്മനായുള്ള കേള്‍വി ശക്തിയിലെ പരിമിതി ചുണ്ടനക്കങ്ങള്‍ നിരീക്ഷിക്കുന്നതിലൂടെ വിദഗ്ദമായി ഒളിപ്പിച്ചു വെക്കാന്‍ ഉമ്മാക്ക് കഴിയുന്നുണ്ട്. പുതുവത്സര ദിനത്തിന്റെ ആവേശങ്ങളിലേക്ക് ഉണരുന്ന ദേശത്തിനു പകരം നോവല്‍ പരിചയപ്പെടുത്തുന്നത് വിചിത്ര ഭാവങ്ങളുള്ള ഒന്നിനെയാണ്.

            നോവല്‍ ആരംഭത്തില്‍പട്ടണത്തിലെ ജലസംഭരണിയില്‍ കണ്ടെത്തുന്ന നാല് അഴുകിയ ജഡങ്ങള്‍ വരാനിരിക്കുന്നതിന്റെ/ തുടര്‍ച്ചയുടെ മുന്നോടിയാണ്. “മൃത്യുവിന്റെയും ചീഞ്ഞഴുകലിന്റെയും ഗന്ധം എല്ലായിടത്തും മൂടി.” പത്തു മണിക്ക് പള്ളിയിലെ ഇമാം കണ്ണുകെട്ടി കൈകള്‍ ബന്ധിച്ചു അറസ്റ്റ് ചെയ്യപ്പെട്ടു. രാഷ്ട്രീയ ഉപദേശക സമിതി ഉദ്യോഗസ്ഥന്‍ നാജി അവാദ് വിപ്ലവകാരികളെ സഹായിക്കുന്നു എന്ന ആരോപണത്തോടെ ഇമാമിനെ സൈനിക ക്യാപ്റ്റനു കൈമാറി. ലോഹപ്പണിക്കാരന്‍ യഹ് യ അല്‍ റൂമി തന്റെ കടയില്‍ രക്തത്തില്‍ കുളിച്ചു മരിച്ചു കിടന്നു. വൈകീട്ടാവുമ്പോള്‍ എന്തൊക്കെയോ ഭയന്നെന്നോണം നായ്ക്കള്‍ ഓരിയിട്ടു തുടങ്ങി. ടെലിവിഷന്‍ സ്ക്രീനില്‍ പതിവ് പരിപാടികള്‍ നിര്‍ത്തിവെച്ചു പ്രത്യക്ഷനാകുന്ന ‘പല്ലില്ലാത്ത പ്രതിരോധ മന്ത്രി’, സിയാദിന്റെയും അവനെ പോലുള്ളവരുടെയും ജീവിതങ്ങളില്‍ കരിനിഴല്‍ വീഴ്ത്താന്‍ പോകുന്ന ആ കാര്യം അറിയിക്കുന്നു: നിര്‍ബന്ധിത സൈനിക സേവനത്തില്‍ നിന്ന് സംരക്ഷണം നല്‍കിയിരുന്ന എല്ലാ ഒഴികഴിവുകളും പിന്‍വലിക്കപ്പെട്ടിരിക്കുന്നു. ഇതേ തുടര്‍ന്ന് ക്രൂരനും അഴിമതിക്കരനുമായ നാജി അവാദ് അത്തരം ഗുണഭോക്താക്കളെല്ലാം ഉടന്‍ സൈനിക സേവനത്തിനായി റിപ്പോര്‍ട്ട് ചെയ്യണം എന്ന ഉത്തരവ് എല്ലാവര്‍ക്കും എന്ന പോലെ നിഖാഷിനും നല്‍കുന്നു. അബ്ദുല്‍റസാഖ് ഗുര്‍നായുടെ “Afterlives’ എന്ന നോവലില്‍ജര്‍മ്മന്‍ അധിനിവേശ സൈന്യത്തോടൊപ്പം ചേരുന്ന സ്വപ്നജീവിയായ നവയുവാവ് ഹംസയെ പോലെ, സൈനിക സേവനത്തിനു ഒട്ടും യോജിക്കാത്ത, അടിസ്ഥാനപരമായി ഒരു കലാകാരന്റെ പ്രകൃതമുള്ള സിയാദിന്കുടുംബനാഥന്റെ വേഷത്തില്‍ തോറ്റുപോയ പിതാവിന്റെ സ്ഥാനത്ത് പെണ്ണുങ്ങള്‍ മാത്രമുള്ള വീട്ടില്‍ കുടുംബ പരമായ കടമകളും പൂര്‍ത്തീകരിക്കാനുണ്ട്.

“ഞാനെങ്ങനെ കൊല്ലപ്പെടുന്നതു ഒഴിവാക്കുംഇതൊക്കെയും എനിക്ക് നിരൂപിക്കാന്‍ കഴിയാത്തവയായിരുന്നു. ഞാന്‍ ഇതിനു വേണ്ടി പിറന്നവനല്ല. ഞാന്‍ വരക്കാനും ശില്‍പവേലക്കും വേണ്ടി സൃഷ്ടിക്കപ്പെട്ടവനാണ്ലാവണ്യത്തിന്റെ ചെറിയ ഇടങ്ങള്‍ വികസിപ്പിക്കാന്‍ആളുകളുടെ ആത്മാവുകളില്‍ ആനന്ദം നിറയ്ക്കാനും.”

എല്ലാറ്റിനും പുറമേരാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ നിന്ന് അകലം പാലിക്കാന്‍ എന്നും ശ്രമിച്ചുവന്നവര്‍ ആയിരുന്നു അല്‍ നിഖാഷ് കുടുംബം എന്നതും പ്രധാനമാണ്. ആ അര്‍ഥത്തില്‍ യുദ്ധംസിയാദിനെ പോലുള്ളവരുടെ ജീവിതങ്ങളിലേക്ക് അധിനിവേശം നടത്തുകയാണ്:

വിരസവും അവ്യക്തവുമായി കാണപ്പെട്ട വിജനമായ തെരുവുകളിലേക്ക് നോക്കി ഞാന്‍ ഇരിക്കവേരണ്ടു നിഴല്‍ രൂപങ്ങള്‍ അതിവേഗം റോഡു മുറിച്ചു കടക്കുന്നത്‌ ഞാന്‍ കണ്ടു. എന്റെ ഉമ്മ ഫോണില്‍ സംസാരിക്കുകയായിരുന്നുഒരു ഹെലികോപ്റ്ററിന്റെ ശബ്ദം മുകളിലെ ഇരുട്ടിലും താഴെയുള്ള തണുപ്പിലും മുഴങ്ങിക്കേട്ടു. ഞാന്‍ ഓര്‍മ്മകളുടെ ആഴങ്ങളിലേക്ക് തെന്നിപ്പോയി – കഴിഞ്ഞ ഇരുപത്തിയഞ്ചു കൊല്ലമായി ഈ കൊച്ചു കുടുംബം, ലോകത്തിന്റെ ബഹളങ്ങളില്‍ നിന്നും വിധിയുടെ വിപര്യയങ്ങളില്‍ നിന്നും കാത്തുസൂക്ഷിച്ചു തങ്ങളില്‍ തന്നെ ഒതുക്കി നിര്‍ത്തിയ ഓര്‍മ്മകള്‍. ഞാന്‍ നിങ്ങളോട് കഥ അതിന്റെ തുടക്കം മുതല്‍ പറയാം. അതിന്റെ തുടക്കം മുതലല്ലമറിച്ച് അതിന്റെ വേരുകളില്‍ നിന്ന്കാരണം വേദനയും കഥകളും വൃക്ഷങ്ങള്‍ പോലെയാണ്. അവക്ക് അവയെ തീറ്റിപ്പോറ്റുന്ന വേരുകളുണ്ട്അവയാണ് അവക്ക് നിലനില്‍ക്കാനും മുന്നോട്ടു പോകാനും കരുത്തു നല്‍കുന്നത്.”

അങ്ങനെയാണ് നിഖാഷ്  തന്റെ പിതാവ് മുഹിയുദ്ദീന്‍ അല്‍ നിഖാഷില്‍ നിന്ന് തുടങ്ങുന്നത്. ‘അല്‍ നിഖാഷ്’ എന്ന പദം അദ്ദേഹത്തിനു വന്നു ചേര്‍ന്നത്‌ പ്ലാസ്റ്റര്‍ ശില്‍പ്പി എന്ന അര്‍ഥത്തില്‍ തന്നെയാണ്.

ആഖ്യാനങ്ങളും അതിജീവനവും

മൂന്ന് മുഖ്യ ആഖ്യാന കോണുകളിലൂടെയാണ് നോവല്‍ ചുരുളഴിയുന്നത്. ആദ്യത്തേത് പ്രഥമവ്യക്തിക (first person)ആഖ്യാനത്തില്‍ സിയാദ് തന്റെ കുടുംബം നേരിട്ട ഭീകരതകള്‍ വിവിരിക്കുന്ന ‘മുഹിയുദ്ദീന്‍ അല്‍ നിഖാഷിന്റെ കുടുംബം’ എന്ന അധ്യായമാണ്. തുടര്‍ന്ന് ‘സിയാദ് അല്‍ നിഖാഷ്’ എന്ന സ്വന്തം പേരില്‍ അയാള്‍ തന്നെ നടത്തുന്ന ആഖ്യാന അധ്യായം പിതാവിന്റെ കുടുംബ കഥയും സൈനികരുടെ കടന്നു കയറ്റങ്ങളില്‍ അയാളുടെ പട്ടണവും നാജി അവാദിന്റെ കയ്യില്‍ സിയാദിന്റെ കുടുംബവും നേരിട്ട ക്രൂരതകള്‍ തുല്യ പ്രാധാന്യത്തോടെ അവതരിപ്പിക്കുന്നു. മൂന്നാം ഭാഗം ഒരു മൂന്നാം കണ്ണിലൂടെ (third person) നാജി അവാദിന്റെ കഥ വിട്ടുവീഴ്ചയില്ലാത്ത രീതിയില്‍ ആവിഷ്കരിക്കുന്നുഒപ്പം അയാളെങ്ങനെ അത്തക്കരനായിത്തീര്‍ന്നു എന്ന് വ്യക്തമാക്കുന്ന അയാളുടെ ഭൂതകാല അനുഭവങ്ങളും. ഈ മൂന്നു ഭാഗങ്ങളുടെ ആവര്‍ത്തനമാണ് നോവലിന്റെ ഘടനയെ നിയന്ത്രിക്കുന്നത്‌.

2018-ന്റെ അഞ്ചു പുതുവര്‍ഷ ദിനങ്ങളില്‍ നിരായുധരായ ഒരു ജനത നേരിടുന്ന ഭീകരാവസ്ഥ നോവലില്‍ കഥാ പശ്ചാത്തലമാകുന്നു. ദേശത്തിന്റെ പേര് പറയപ്പെടുന്നില്ലെങ്കിലും നോവലിസ്റ്റിന്റെ ജന്മദേശവും സംഘര്‍ഷങ്ങളുടെ നെരിപ്പോടുമായ യമനിനെ അവിടെ കണ്ടെടുക്കുക പ്രയാസമല്ല. ‘സ്വതന്ത്ര ദേശീയ വാദികള്‍’ (Free Nationalists), ‘വിപ്ലവ വിമോചക പ്രസ്ഥാനം’ (Revolutionary Liberation Movement) എന്നിവര്‍ക്കിടയില്‍ അരങ്ങേറുന്ന ആഭ്യന്തര യുദ്ധത്തിന്റെ പ്രഭവംദേശ ചരിത്രത്തിന്റെ സങ്കീര്‍ണ്ണവും പലപ്പോഴും പുരാണ പ്രകൃതവുമായ ബനാനാ വ്യവസായത്തിന്റെ കഥകളിലാണ് ചെന്ന് മുട്ടുന്നത്. നിസ്സഹായരും വിറങ്ങലിച്ചു പോയവരുമായ ജനങ്ങള്‍ മിക്കപ്പോഴും ഇരുകൂട്ടരുടെയും ഇരകള്‍ മാത്രമാണ്.

“നാല് വര്‍ഷമായിയുദ്ധം ഈ നാട്ടില്‍ എല്ലാത്തിനെയും തവിടുപൊടിയാക്കാന്‍ തുടങ്ങിയിട്ട്. ഞങ്ങളുടെ മൂല്യങ്ങളെല്ലാം വെറും ബഡായി ആയിരുന്നോഅതിജീവിച്ചവരെ അന്ധാളിച്ചവരും നിരാശരുമായപട്ടിണിയും രോഗങ്ങളും മരണവുമായി പൊരുത്തപ്പെട്ടു കഴിഞ്ഞ നിഴലുകളായി മാറ്റിയിട്ട് നാല് കൊല്ലം കഴിഞ്ഞു. യുദ്ധം കൊണ്ടുവന്ന അശനിപാതങ്ങളിലും വറുതിയിലും മരവിച്ചു പോയതില്‍ നിന്ന് ഉരുവായ ഒരു തരം അലംഭാവം ഞങ്ങള്‍ അനുഭവിച്ചു.”

ജീവഭയം മാത്രമല്ലകൊടിയ അക്രമങ്ങളും നേരിടേണ്ടി വരുന്ന, തന്റെ മൊത്തം ജീവിതകാലത്തെക്കാള്‍ ദുര്‍ഘടമായ അഞ്ചു സൈനിക വൃത്തി ദിനങ്ങളെയാണ് ആഖ്യാനം പിന്തുടരുന്നത്. താന്‍ എന്നും മുറുകെ പിടിക്കുമായിരുന്ന മാനുഷിക മൂല്യങ്ങളില്‍ കടിച്ചു തൂങ്ങാന്‍ ശ്രമിച്ചുകൊണ്ട്‌ സിയാദ് അവയെ നേരിടുന്നതിന്റെ മാനസികവും ശാരീരികവുമായ ദുരനുഭവങ്ങള്‍ ഹൃദയ ഭേദകമായ വിധത്തില്‍ അവതരിപ്പിക്കുന്നതിലാണ് നോവലിസ്റ്റിന്റെ മികവു കാണാനാവുന്നത്. അതേ സമയംഒരു വ്യക്തിയെന്ന നിലയില്‍ എത്ര കേവലമായാണ് ഇതര സൈനികര്‍ അയാളെ എടുക്കുന്നത് എന്നതും ഒരു വിഭാഗത്തോടും ചേര്‍ന്ന് യുദ്ധം ചെയ്യാന്‍ ആഗ്രഹിച്ചിട്ടില്ലാത്ത അയാളെ ഏറ്റുമുട്ടുന്ന ഇരുവിഭാഗങ്ങളും ശത്രുവായിക്കണ്ടു വേട്ടയാടുന്നതും അയാളുടെ അവസ്ഥയുടെ ദൈന്യവും നിസ്സഹായതയും വെളിപ്പെടുത്തുന്നു. നോവലിന്റെ സിംഹഭാഗവും കഥാപാത്രങ്ങള്‍ നേരിടേണ്ടി വരുന്നതും നാജി അവാദിന്റെ കാര്യത്തില്‍ അയാള്‍ ആണ്ടു മുങ്ങുന്നതുമായ ഹിംസാത്മകതയുടെ മറയില്ലാത്ത വിവരണങ്ങള്‍ കൊണ്ട് നിബിഡമാണ്. സിയാദിനെ പോലുള്ള പുതിയ സൈനിക റിക്രൂട്ടുകള്‍ അറവു മാടുകളെ പോലെയാണ് തെളിക്കപ്പെടുന്നത്. സിയാദ് വിവരിക്കുന്നു.  

“സൈനിക പോലീസിലെ ഒരംഗത്തിന്റെ കീഴില്‍ നിശബ്ദരായി ഒരൊറ്റ നീണ്ട വരിയില്‍ ഒരു ഉറുമ്പിന്‍ കൂട്ടം പോലെ ഞങ്ങള്‍ പുറപ്പെട്ടു”

“കഴുത്തുവെട്ടിച്ചു ഞങ്ങളുടെ നേരെ ചകിതരായി നോക്കി റോഡരുകില്‍ നിന്ന ജനങ്ങളെ പിന്നിട്ടു ഞങ്ങള്‍ നടന്നു. അവരുടെ കണ്ണില്‍ഞങ്ങള്‍ അറവുകാരന്റെ കത്തിമുനയിലേക്കു ബലാല്‍ക്കാരമായി വലിച്ചിഴക്കപ്പെടുന്ന ആട്ടിന്‍ കുട്ടികള്‍ മാത്രമായിരുന്നു, അയാളുടെ ഹൃദയത്തില്‍ കാരുണ്യ ലേശമില്ലായിരുന്നുഅയാള്‍ കണ്ണൊന്നു ചിമ്മുക പോലും ചെയ്യാതെ തലകള്‍ അരിഞ്ഞു. എല്ലാവരെയും വേദനിപ്പിച്ചതെന്തന്നാല്‍ഈ ആടുകള്‍ക്ക് അറിയാമായിരുന്നു അവരെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്നും അവരെ കാത്തിരിക്കുന്ന വിധി എന്താണെന്നും.”

യുദ്ധത്തെ സംബന്ധിച്ച കാല്‍പ്പനിക ദേശസ്നേഹ മുദ്രാവാക്യങ്ങളൊന്നും ഒരു ഘട്ടത്തിലും ഭ്രമിപ്പിചിട്ടില്ലാത്ത സിയാദിന്റെ ശിരസ്സില്‍ എപ്പോഴും മുഴങ്ങുക ഉമ്മയുടെ വിടപറയല്‍ വാക്കുകളാണ്:

“ഭീരുവായിരിക്കുകഎന്റെ മോനെ! ഭീരുവായിരിക്കുക! ഈ ലോകത്ത് നിന്റെ രക്തം ചിന്താനും മാത്രം മൂല്യമുള്ളത് ഒന്നുമില്ല!”

ഒരു തരം വീരപരിവേഷത്തിലും കാര്യമില്ലെന്നും അതിജീവിക്കുക എന്നതാണ് പരമ പ്രധാനമെന്നും അയാള്‍ എപ്പോഴും ഓര്‍മ്മിക്കുന്നത് തന്നെയാണ് അയാളെ ജീവിതത്തില്‍ പിടിച്ചു നിര്‍ത്തുന്നതും. യമന്‍ പോലെ മതവാദവും ജിഹാദിസ്റ്റ് വീരരക്തസാക്ഷ്യ വീണ്‍വാക്കുകളും ഏറെ മുഴങ്ങിക്കേള്‍ക്കുന്ന ദേശത്ത്‌ ഉമ്മയുടെ അതിജീവന മന്ത്രത്തിനു ഏറെ സാമൂഹിക മാനങ്ങളുണ്ട്.

അഞ്ചു ദിനങ്ങള്‍, ജനന ദിനങ്ങള്‍

നാജി അവാദിന്റെ തുടക്കവും മറ്റൊരു ‘അഞ്ചു ദിന’ അനിശ്ചിതത്വങ്ങളിലാണ് നോവലിസ്റ്റ് സ്ഥിതപ്പെടുത്തുന്നത്. ജൂതനായ ചെരുപ്പുനിര്‍മ്മാതാവിന്റെ, ഒരു വന്‍വെള്ളപ്പൊക്കത്തില്‍ മുച്ചൂടും തകര്‍ന്നു പോയ വീട്ടില്‍ അതിജീവിച്ച ഏക ജീവനായി കണ്ടെത്തപ്പെട്ട കൈക്കുഞ്ഞായിരുന്നു അയാള്‍. അത് കുടുംബത്തിലെ കുട്ടി തന്നെയായിരുന്നോഅഥവാ എങ്ങാണ്ടു നിന്നും ഒഴുകി വന്നതായിരുന്നോ എന്ന് ആര്‍ക്കും പറയാനാവുമായിരുന്നില്ല.

“നാല്‍പ്പത്തിയഞ്ചു കൊല്ലം മുമ്പ് ഒരു ചൊവ്വാഴ്ച വൈകുന്നേരംപള്ളി മിനാരത്തില്‍ നാലു കടല്‍ക്കാക്കകള്‍ പറന്നിറങ്ങി. രണ്ടോ മൂന്നോ അല്ലപകരം നാലെണ്ണം. ഞങ്ങളുടെ പട്ടണത്തിനും കടലിനുമിടയിലെ അത്രയും ദൂരം അവ എങ്ങനെ മുറിച്ചു കടന്നു എന്ന് ആര്‍ക്കും അറിയില്ലായിരുന്നു. ഗ്രാമീണര്‍ അതിനെ പട്ടണത്തിനുള്ള ഒരു അപായ ശകുനമായി കണക്കാക്കി. ഒരു ജൂത ചെരുപ്പുനിര്‍മ്മാതാവ് സാദൃശ്യങ്ങളുടെ തത്വത്തെ (“like for like”) അടിസ്ഥാനമാക്കി തന്റെ വ്യാഖ്യാനം മുന്നോട്ടു വെച്ചു. ഒരു പ്രളയം പട്ടണത്തെ മുക്കിക്കളയും എന്ന് അയാള്‍ വിവരിച്ചു. അയാള്‍ ശരിക്കും ‘പ്രളയം’ എന്ന് തന്നെയല്ല പറഞ്ഞത്പക്ഷെ പട്ടണം കടലായി മാറും എന്ന് അയാള്‍ പറഞ്ഞു. ആരും അയാളെ വിശ്വസിച്ചില്ലകാരണം നദിയോ കടലോ അടുത്തുണ്ടായിരുന്നില്ലമഴക്കാലം തുടങ്ങിയിട്ടുമുണ്ടായിരുന്നില്ല. ഈ പ്രവചനത്തിനു അഞ്ചുനാള്‍ കഴിഞ്ഞ്കൃത്യമായും അഞ്ചാം നാളിന്റെ സായാഹ്നത്തില്‍, ഒരു ഡസന്‍ മരങ്ങള്‍ പൊട്ടിവീഴുന്നതിന്റെ ഭീതിദമായ കലമ്പല്‍ പട്ടണവാസികള്‍ കേട്ടു. എന്താണ് സംഭവിക്കുന്നത്‌ എന്നറിയാനായി അവര്‍ വീടുകളില്‍ നിന്ന് പുറത്തുവന്നപ്പോള്‍ പൊടിയുടെ ഒരു വന്‍മേഘം ചക്രവാളത്തെ മറക്കുന്നത് അവര്‍ കണ്ടു.”

ജനന ദിനത്തെ വിചിത്ര സംഭവങ്ങളുമായി നിബന്ധിക്കുന്നതാണ് നാജി അവാദിന്റെ കാര്യത്തില്‍ കാണാനാവുകയെങ്കില്‍, ചരിത്രവുമായി നിബന്ധിക്കുന്ന രീതിയിലാണ് സിയാദിന്റെയും സഹോദരിമാരുടെയും ജന്മ ദിനങ്ങള്‍ വിവരിക്കപ്പെടുന്നത്.

“എന്റെ മൂന്നു സഹോദരിമാര്‍ - ഹിനാനദാ, ഏറ്റവും ഇളയവള്‍ ഇല്‍ഹാം – എല്ലാവരും എന്റെ ഇളയതായിരുന്നു, ഓരോരുത്തരും കുറച്ചു വര്‍ഷങ്ങള്‍ മാത്രം വ്യത്യാസമുള്ളവര്‍. ഇവരില്‍ ഓരോരുത്തരുടെയും ജന്മദിനങ്ങള്‍ പിതാവ് അദ്ദേഹത്തിന്റെ വലിയ ഖുര്‍ ആന്റെ ചട്ടയുടെ ഉള്‍പേജില്‍ കുറിച്ചു വെച്ചു. ഹിനാ ജനിച്ചത്‌ പാകിസ്താനി പ്രസിഡന്റ് മുഹമ്മദ്‌ സിയാ മരിച്ച ദിനത്തിലായിരുന്നു. നദാ ജനിച്ചത്‌ സദ്ദാം കുവൈറ്റ് അധിനിവേശിച്ച അതേ ദിനത്തില്‍. ഇല്‍ഹാം ജനിച്ചതാകട്ടെയുഗോസ്ലാവിയയില്‍ യുദ്ധം അവസാനിച്ച ദിവസത്തില്‍ ആയിരുന്നു, അന്നേ ദിവസം തന്നെയാണ് ടെലിഫോണ്‍ ഞങ്ങളുടെ ഗ്രാമത്തില്‍ എത്തിയതും. ...”

പിതാവ്അബു താരിഖ് എന്ന് വിളിച്ച തന്റെ സ്വന്തം ജന്മദിനത്തെ കുറിച്ച് സിയാദ് പറയുന്നു:

“ഞാന്‍ ജനിച്ചത്‌ ലോകം അതിന്റെ പാതയില്‍ നിശ്ചലമായ ഒരു ദിനത്തിലായിരുന്നു. സഹോദരിമാരുടെ കാര്യത്തില്‍ ചെയ്ത പോലെ മറ്റൊന്നും കുറിക്കാതെയാണ് പിതാവ് എന്റെ ജന്മദിനം അദ്ദേഹത്തിന്റെ വലിയ ഖുര്‍ആന്റെ ഉള്‍പേജില്‍ കുറിച്ചു വെച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ പെന്നില്‍ നിന്ന് ആ തിയ്യതിക്ക് അടുത്ത് ഇറ്റി വീണ ഒട്ടേറെ മഷിത്തുള്ളികള്‍, എന്റെ ലോകപ്രവേശത്തെ ബന്ധിപ്പിക്കേണ്ട സംഭവത്തിന്റെ പ്രകൃതത്തെ കുറിച്ച് ആലോചിച്ചു അദ്ദേഹം ചെറുതല്ലാത്ത സമയം ചെലവഴിച്ചിരുന്നു എന്ന് വെളിപ്പെടുത്തി. കുറെ സമയത്തിനു ശേഷംഅദ്ദേഹം കൂട്ടിച്ചേര്‍ത്തു: ചെര്‍ണോബില്‍ ന്യുക്ലിയര്‍ റിയാക്റ്റര്‍ പൊട്ടിത്തെറിച്ചു രണ്ടര മാസങ്ങള്‍ക്കു ശേഷമാണു സിയാദ് ജനിച്ചത്‌.”

നാജി അവാദ്: പ്രതിനായകന്റെ കടും ചായം. 

നാജി അവാദിന്റെയും സിയാദിന്റെയും കഥകള്‍ക്കിടയില്‍ വേറെയും സമാന്തരങ്ങള്‍ വ്യക്തമാണ്‌. ഇരുവരും ഓരോ ഘട്ടങ്ങളില്‍ കൊല്ലപ്പെട്ടു എന്ന് കരുതപ്പെടുന്നുണ്ട്, ഇരുവരും ഒടുവില്‍ മൃതതുല്യരായി മുറിവേറ്റു രക്തത്തില്‍ കുളിച്ചു തങ്ങളുടെ കൊലയാളികളുടെ പിടിയില്‍ നിന്ന് രക്ഷനേടി ഒളിച്ചോടുന്നുണ്ട്ഇരുവരും അന്തിമമായി കൂട്ടക്കുരുതികളെ അതിജീവിക്കുന്നുമുണ്ട്. എന്നാല്‍സിയാദിന്റെ പാത്ര സൃഷ്ടിയില്‍ പ്രകടമായ കയ്യടക്കം നാജി അവാദിന്റെ കാര്യത്തില്‍ വേണ്ടത്ര ഫലപ്രദമാകുന്നില്ല എന്ന് നിരീക്ഷിക്കപ്പെടുന്നുണ്ട് *4. ആയുധക്കച്ചവടം പോലുള്ള ഇരുള്‍ നീക്കങ്ങളില്‍ പോലും വ്യാപൃതനാകുന്ന രാഷ്ട്രീയ ഡോണിന്റെ ചിത്രവും കുട്ടിക്കാലത്തെ അനുഭവങ്ങളിലൂടെ ഒരു കൊടിയ പീഡകനിലേക്കുള്ള വികാസവും വഞ്ചകിയായ ഭാര്യയുടെ നേരെ നടത്തുന്ന കൊടിയ ലൈംഗിക അക്രമവും എല്ലാം അമിത നാടകീയത നിറഞ്ഞതും ‘ജെനറിക് ത്രില്ലര്‍’ മട്ടിലുള്ളതും ആണെന്ന് ആണ്‍ഡെഴ്സണ്‍ നിരീക്ഷിക്കുന്നു.

ഒരു ദരിദ്ര രാജ്യത്തിലെ ജനത ആഭ്യന്തര യുദ്ധത്തിന്റെ പ്രവചനാതീത ഹിംസാത്മകതയും അതിന്‍ ഫലമായി ഉണ്ടായിവരുന്ന ആരോടും ബാധ്യതയില്ലാത്ത അധികാര പ്രമത്തതയും കൊണ്ട് കീറിമുറിക്കപ്പെടുന്നതിന്റെയും കഥയെ അതിജീവന പോരാട്ടത്തില്‍ എള്ളോളമെങ്കിലും തങ്ങളുടെ കര്‍തൃത്വം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ഒരു കുടുംബത്തിന്റെ കഥ കൂടിയായി നോവലിസ്റ്റ് അവതരിപ്പിക്കുന്നു. ഒപ്പം വര്‍ത്തമാന കാല യാഥാര്‍ത്ഥ്യങ്ങളെ രൂപപ്പെടുത്തുന്നതില്‍ ഭൂതകാലത്തിന്റെ നിര്‍ണ്ണായകത്വത്തെ അതിന്റെ ഗുണാത്മകവും ഋണാത്മകവും ആയ രീതിയില്‍  ആവിഷ്കരിക്കുകയും ചെയ്യുന്നു. ചെറുത്തു നില്‍ക്കാനാവാത്ത ദുരന്ത മുഖങ്ങളിലും തലമുറകളെ ചേര്‍ത്തുപിടിക്കാന്‍ കുടുംബ ചരിത്രങ്ങള്‍ക്ക് കഴിയുമ്പോള്‍ചരിത്രപരമായഅര്‍ദ്ധ പുരാണ പ്രകൃതമുള്ള (quasi-mythological) വിഭജനങ്ങള്‍യുദ്ധക്കെടുതികള്‍ക്കു വരെ കാരണമാകുന്നു.

Kindle unlimited ല്‍ പുസ്തകം സൌജന്യമായി വായിക്കാവുന്നതാണ്.

 

 References:

1.(Middle East Monitor: Yemen through its literature: A nation besieged, May 5, 2015, https://www.middleeastmonitor.com/20150505-yemen-through-its-literature-a-nation-besieged/, Accessed 25.03.2022).

2.(Sawad Hussain, ‘10 Arabic titles that should be translated into English’, Literature, britishcouncil.org, 29 June 2021)

3 (MLYNXQUALEY, Badr Ahmad’s ‘Five Days Untold’ Makes Republic of Consciousness Prize Longlist, ARABLIT & ARABLIT QUARTERLY, FEBRUARY 16, 2022)

4. (Eric Karl Anderson, blog article, Lonesome Reader, March 4, 2022, https://lonesomereader.com/blog/2022/3/4/five-days-untold-by-badr-ahmad-translated-by-christiaan-james).

 read more:

Hurma by Ali al-Muqri/ T.M.Aplin

https://alittlesomethings.blogspot.com/2024/10/hurma-by-ali-al-muqri-tmaplin.html

The Bird Tattoo by Dunya Mikhail

https://alittlesomethings.blogspot.com/2024/10/the-bird-tattoo-by-dunya-mikhail.html