Featured Post

Showing posts with label Arab Fiction. Show all posts
Showing posts with label Arab Fiction. Show all posts

Wednesday, July 9, 2025

Hurma by Ali al-Muqri/ T.M.Aplin

‘ഹുര്‍മ’ – മൗലികവാദവിമര്‍ശനം എന്ന നൂല്‍പ്പാലം



(യമനി സാഹിത്യത്തിലെ വിഗ്രഹഭഞ്ജകനായ എഴുത്തുകാരന്‍ അലി അല്‍ മുക്രിയുടെ വിവാദ നോവല്‍ “Hurma” (വിവര്‍ത്തനം T. M. Aplin ), മൌലികവാദ മതാത്മകതക്കുള്ളിലെ കാപട്യവും സ്ത്രീവിരുദ്ധതയും വിട്ടുവീഴ്ചയില്ലാതെ തുറന്നുകാട്ടുന്നു.)

 

യമനി സാഹിത്യം അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്നുവെന്നും അതില്‍ത്തന്നെ കഥാഖ്യാന വിഭാഗം അതീവപ്രാധാന്യം നേടിയെടുത്തുകൊണ്ടിരിക്കുന്നു എന്നും സമകാലിക വികാസങ്ങള്‍ മുന്‍ നിര്‍ത്തി നിരീക്ഷിക്കപ്പെടുന്നു. ഇതര അറബ് ദേശങ്ങളെ പോലെത്തന്നെ, യമനിലും ഇരുപതാം നൂറ്റാണ്ടില്‍ മാത്രമാണ് ചെറുകഥയും നോവലും കവിതയോടൊപ്പം പ്രാധാന്യം നേടിയെടുത്തു തുടങ്ങിയത്. നോവലിന്റെ വികാസം 1960-കളോടെയാണ് ശക്തമാകുന്നത്. വടക്കന്‍ യമനില്‍ ഒരു നൂറ്റാണ്ടോളം നീണ്ടുനിന്ന മതാധിപത്യം അവസാനിപ്പിച്ച 1962-ലെ വിപ്ലവാനന്തര കാലവും, അറുപതുകളില്‍ ആദേനില്‍ (Aden) ശക്തമായ ബ്രിട്ടീഷ് വിരുദ്ധ ചെറുത്തുനില്‍പ്പും ആധുനിക കഥാഖ്യാന സംസ്കാരത്തെ പോഷിപ്പിച്ച ഘടകങ്ങളായിരുന്നു. ആധുനിക അറബ് ആഖ്യാന പാരമ്പര്യം യൂറോപ്യന്‍ സാഹിത്യത്തിന്റെ അനുരണനം ആയിരുന്നതുകൊണ്ട് കൊളോണിയല്‍ ശക്തിയെന്ന നിലയില്‍ പാശ്ചാത്യ സ്വാധീനം നിലനിന്ന ഏദന്‍ പോലുള്ള ഇടങ്ങളില്‍ അതിന്റെ വളര്‍ച്ച ശക്തമായത് സ്വാഭാവികമായിരുന്നു. കൊളോണിയല്‍/ ബ്രിട്ടീഷ് വിരുദ്ധ ഉള്ളടക്കം ആദ്യം മുതലേ യമനി സാഹിത്യത്തിന്റെ പ്രഭവം ആയിത്തീര്‍ന്നതും അതുകൊണ്ട് തന്നെ *(1). യമനി സംഘര്‍ഷം സംബന്ധിച്ച ‘വിഭാഗീയതാ മാതൃക’ (sectarian paradigm)   അതിനെ സുന്നി-ഷിയാ സംഘര്‍ഷമെന്ന ലളിത യുക്തിയില്‍,  ഏതാണ്ട് ‘സംസ്കാരങ്ങളുടെ സംഘര്‍ഷ’ (‘Clash of Civilizations’ – Samuel Huntington) സിദ്ധാന്തത്തെ പോലെ,   വിവരിക്കുന്നുവെന്നും നൂറ്റാണ്ടുകളിലൂടെ വളര്‍ന്നുവന്ന സാംസ്കാരിക വിഭജനത്തില്‍ സംഘര്‍ഷത്തെ സമൂലമായി നിബന്ധിക്കുന്നു എന്നും സൗദിയുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട ബോംബിങ്ങിന്റെ പശ്ചാത്തലത്തില്‍ ഒരു മിഡില്‍ ഈസ്റ്റ് മോണിറ്റര്‍ ലേഖനം നിരീക്ഷിച്ചു *(2). പ്രസ്തുത പശ്ചാത്തലത്തില്‍, യമനി സാഹിത്യത്തിന്റെ സമകാലിക അവസ്ഥയെ കുറിച്ച് ലേഖനം നടത്തുന്ന നിരീക്ഷണങ്ങള്‍ അതീവ ശ്രദ്ധേയമാണ്: പ്രസിദ്ധീകരണ സൌകര്യങ്ങളുടെ പരിതാപകരമായ അവസ്ഥ എന്ന യാഥാര്‍ത്ഥ്യം ഇരിക്കിലും, യമനി സഹിത്യം കാലങ്ങളായി ദേശം നേരിട്ട അധിനിവേശം, ആഭ്യന്തര യുദ്ധം, അഴിമതി, ദാരിദ്ര്യം തുടങ്ങി,  മീഡിയ നിരന്തരം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ആ ലളിത വല്‍ക്കരണത്തിനും അപ്പുറത്തുള്ള ദേശീയ പരിതോവസ്ഥകളുടെ ഒരു പ്രിസം ആയി വര്‍ത്തിക്കുന്നു. 2014 മുതല്‍ യമനി നോവല്‍ സാഹിത്യത്തില്‍ ഉണ്ടായ കുതിച്ചു ചാട്ടം ഇരുപതാം നൂറ്റാണ്ടുമുതല്‍ ഇതര അറബ് ദേശങ്ങളില്‍ കഥ, നോവല്‍ സാഹിത്യ ശാഖകളില്‍ ഉണ്ടായ ഉണര്‍വ്വിന്റെ വൈകിയ തുടര്‍ച്ചയായി വിലയിരുത്തപ്പെടുന്നു. സര്‍വ്വാധിപത്യം,  ചെറുത്തുനില്‍പ്പ്,  രാഷ്ട്രാന്തരീയ ബന്ധങ്ങള്‍, ലിംഗ പദവി യാഥാസ്ഥിതികതയുടെ വിമര്‍ശനം എന്നതൊക്കെ ഈ പുതിയ സാഹിത്യം പ്രതിഫലിപ്പിക്കുന്നു.

തുടര്‍ വായനയ്ക്ക്: 

https://www.fazalrahman.com/essays/article/hurma-by-ali-al-muqri-tmaplin

Sunday, May 11, 2025

Gate of the Sun by Elias Khoury / Humphrey Davies

 


വിട്ടു പോവാന്‍ വിസമ്മതിക്കുന്ന സഞ്ചിത സ്മൃതികളാണ് ചരിത്രം. പറഞ്ഞു പതിഞ്ഞു മിത്തുകളായും തിടം വെച്ച് ഇതിഹാസങ്ങളായും അവ രൂപാന്തരപ്രാപ്തി കൈവരിക്കുകയും ചെയ്യും. ഓരോ ജനതയും കടന്നു പോവുമ്പോഴും ചരിത്രം സ്വയം അസ്ഥിത്വം നേടുകയും കാലത്തിന്റെ സ്വയം നിര്‍ണ്ണയത്വ(determinism of the age)ത്തെ മറി കടന്നു മുന്നോട്ടു പോവുകയും ചെയ്യുന്നു. ചരിത്രം ഒരനുസ്യൂതിയാവുന്നതും ചരിത്രം രചിച്ചവരുടെ / സൃഷ്ടിച്ചവരുടെ കാലികാസ്തിത്വത്തിനുമപ്പുറം അത് നിതാന്തമാവുന്നതും അങ്ങനെയുമാവാം. ഈ അനുസ്യൂതിക്ക് ചെവിയോര്‍ത്തെഴുതുന്ന എഴുത്തുകാരന്‍ രചയിതാവ്/ ആഖ്യാതാവ് (author/ chronicler) എന്നീ ദ്വന്ദ്വങ്ങള്‍ക്കിടയില്‍ സ്വയം സ്ഥിതപ്പെടുത്തേണ്ടതുണ്ട്.

 

കഥപറച്ചില്‍ അതിജീവനം തന്നെയാവുന്നതിന്റെ ഏറ്റവും ഉദാത്ത രൂപമാണ് ഷെഹര്‍ സാദ്: കഥ പറഞ്ഞു കൊണ്ടേയിരിക്കുക, ഇല്ലെങ്കില്‍ മരിക്കുക. ഈ സമവാക്യത്തിനെ തിരിച്ചി ടുകയാണ് വിഖ്യാത ലബനീസ് എഴുത്തുകാരന്‍ ഇല്യാസ് ഖൌറി (Elias Khoury) തന്റെ 'സൂര്യ കവാടം' ( Gate of the Sun) എന്ന ഇതിഹാസമാനമുള്ള നോവലില്‍. ഇവിടെ പറയുന്നത് കഥയല്ല, ചരിത്രം തന്നെയാണ്. ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന ഒരു രോഗിയുടെ കട്ടിലിനരികില്‍ ഒരാള്‍ കഥകള്‍ പറഞ്ഞു കൊണ്ടേയിരി ക്കുകയാണ്. 'കഥകള്‍ ഉറങ്ങാനുള്ളതാണ്; മരണത്തിനുള്ളതല്ല' എന്ന് വിശ്വസിക്കുന്ന അയാള്‍ രോഗിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ശ്രമത്തിലാണ്: 'ഞാന്‍ നിന്നെ കഥകള്‍ കൊണ്ട് ചികിത്സിക്കാന്‍ തീരുമാനിച്ചിരിക്കുന്നു' എന്ന് പറയുന്നു അയാള്‍.

“ പ്രിയ സുഹൃത്തെ, നമ്മുടെ ശരീരം നമ്മുടെ ചരിത്രമാണ്. താങ്കളുടെ ക്ഷയിച്ചു കൊണ്ടിരിക്കുന്ന ശരീരത്തിലൂടെ താങ്കളുടെ ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിക്കുക. താങ്കള്‍ അവിടെ നിന്നെഴുന്നേറ്റു മരണത്തെ കുടഞ്ഞു തെറിപ്പിച്ചാല്‍ അതേറെ നന്നാവില്ലേ?” ബൈറൂത്തിലെ ഷാത്തിലാ അഭയാര്‍ഥി കാമ്പില്‍ കോമയില്‍ കഴിയുന്ന, തനിക്കു ഒരാത്മീയ പിതാവായ യൂനുസിനോട് ഖലീല്‍ എന്ന യുവ ഡോക്റ്റര്‍ ചോദിക്കുകയാണ്. യൂനുസ്‌ , തന്റെ മരിച്ചു പോയ മകന്റെ സ്ഥാനത്താണ് ഖലീലിനെ കാണുന്നതെന്ന് പറഞ്ഞിരുന്നത് അയാള്‍ ഓര്‍ക്കുന്നുണ്ട്. 1948-ല്‍ ഇസ്രയേല്‍ എന്ന രാഷ്ട്രം നിലവില്‍ വന്നതോടെ ബഹിഷ്കൃതരായ ഫലസ്തീനി യന്‍ ജനതയുടെ ചരിത്രം കാലത്തിനും രാഷ്ട്രീയ മാറ്റങ്ങള്‍ക്കും നെടുകെയും കുറുകെയുമുള്ള ആഖ്യാനങ്ങളിലൂടെ അനാവൃതമാകുന്നു: 'നഖ്ബ' എന്നറിയപ്പെട്ട ആ പാലായന ദുരന്തത്തിന്റെ ദിനങ്ങള്‍ തൊട്ടു 1982-ല്‍ ബൈറൂത്തില്‍ നിന്ന് ഫലസ്തീന്‍ പോരാളികള്‍ ഉന്മൂലനം ചെയ്യപ്പെട്ടത് വരെയുള്ള ചരിത്രം. 'സംഭവിക്കാന്‍ സാധിക്കാത്ത കഥകളാണല്ലോ ജീവിതം. എഴുതിയോ പറഞ്ഞോ അറിയപ്പെടാത്ത ജീവിതം കഥയും'. യൂനുസിന്റെ കോമ അവസ്ഥ ഫലസ്തീന്‍ ജനതയുടെ വേരറ്റ, നിലയില്ലായ്മയുടെ സമൂര്‍ത്ത രൂപകമാണ്. ബോധാബോധങ്ങളു ടെയും ഓര്‍മ്മകളുടെയും ആവേഗത്തില്‍ കഥാപാത്രങ്ങളുടെ മനോ വ്യാപാരങ്ങളിലൂടെ, വിധി അവരെ വേട്ടയാടുന്ന വന്യമായ താഴ്വരകളിലൂടെ, മോഹിപ്പിക്കുകയും സ്വപ്നങ്ങളൂട്ടുകയും ചെയ്യുന്ന ഗുഹാന്തരങ്ങളിലൂടെ രാഗ-മോഹങ്ങളുടെ ഫാന്‍റസികളിലൂടെ, ഭേദ്യം ചെയ്യുന്ന വിചാരണ മുറികളിലൂടെ, തീവ്ര ധ്യാനങ്ങളിലൂടെ, ജന്മ ഗേഹം തേടുന്ന അഭയാര്‍ഥിത്വത്തിലൂടെ, അത് ഫലസ്തീന് വേണ്ടിയുള്ള അന്വേഷണം തന്നെയാവുന്നു. നഷ്ടപ്പെടുമ്പോഴാണ് ഒരാള്‍ ജന്മഗേഹം കണ്ടെത്തുന്നത്; ഒരു ജനതയും അങ്ങനെത്തന്നെ. ആ അര്‍ത്ഥത്തില്‍ തിരിച്ചു വരവിലല്ല; തിരിച്ചു വരാനാവാത്ത, അകന്നു പോവുമ്പോഴും നിദാന്ത സാന്നിധ്യമാവുന്ന, ഇല്ലാതി രിക്കുമ്പോഴും ഉള്ളില്‍ പേറുന്ന ഉണ്മയാണ് ഫലസ്തീന്‍. ………………………..

………….

ലെബനീസ് ക്രിസ്ത്യന്‍ കുടുംബാംഗമായ ഖൌറി 'നഖ്‌ബ'യുടെ അതെ വര്‍ഷം ജനിച്ചയാളാണ്. അത് കൊണ്ട് തന്നെ നേരനുഭവങ്ങളല്ല, മുപ്പതോളം വര്‍ഷം ഫലസ്തീന്‍ അഭയാര്‍ഥി ക്യാമ്പുകളിലെ കണ്ടറിഞ്ഞ അറിവുകളും അഭയാര്‍ഥികളുമായി നടത്തിയ സുദീര്‍ഘമായ അഭിമുഖ സാക്ഷ്യങ്ങളുമാണ് നോവലിന്റെ ഉള്ളടക്കത്തെ നിര്‍ണ്ണയിക്കുന്നത്. 'നിന്നില്‍ നിന്നും മറ്റു പലരില്‍ നിന്നും കിട്ടിയ തുണ്ടുകള്‍ ചേര്‍ത്തു വെച്ച് ഈ ചിത്രം പൂര്‍ത്തിയാക്കാം. എനിക്ക് തെറ്റിയാല്‍ നിനക്കതു ശരിയാക്കാം. നിന്നെപ്പോലെയല്ലാത്തത് കൊണ്ട് ഞാന്‍ ആദിയില്‍ നിന്ന് ആരംഭിക്കുന്നില്ല. പണ്ട് പണ്ട് എന്ന് കഥ തുടങ്ങാന്‍ എനിക്കാവില്ല.' ഖലീല്‍ പറയുന്നു. പ്രമേയത്തോടുള്ള ധൈഷണിക പ്രതിബദ്ധതയിലേറെ വാമൊഴി പാരമ്പര്യത്തിന്റെ നിത്യ നവ്യതയാണ് ഖൌറി ആശ്രയിക്കുന്നത്. ഒരു കഥയില്‍ തുടങ്ങുക, എന്നിട്ട് മറ്റൊന്നിലേക്കും പിന്നെയുമൊന്നിലെക്കും പോവുക, വീണ്ടും തിരിച്ചു വരിക. എന്നിട്ടും എല്ലായിപ്പോഴും പുതിയ കൂട്ടിച്ചേര്‍ക്കലുകളും വെളിപ്പെടുത്തലുകളും കരുതി വെക്കുന്നതിലൂടെ ഓരോ പറച്ചിലും ഒരു പുനവതരണമായിത്തീരുക. കഥയും കാഥികനും തമ്മിലും പാത്രങ്ങള്‍ക്കും കഥാ സന്ദര്‍ഭങ്ങള്‍ ക്കുമിടയിലും നിരന്തരം നടക്കുന്ന പാരസ്പര്യവും നവീകരിക്കലുമാണ് വാമൊഴി സമ്പ്രദായത്തിന്റെ നിത്യ നൂതനത്വത്തിനു നിദാനമാവുന്നതും.

കൂടുതല്‍ വായനക്ക്:

 

(കഥകൊണ്ട് നേരിട്ട യുദ്ധങ്ങള്‍, Logos Books, പേജ് 117-126)

https://alittlesomethings.blogspot.com/2013/12/blog-post_13.html

Please consider purchasing the book

To purchase, contact ph.no:  8086126024

 

Saturday, October 19, 2024

Five Days Untold by Badr Ahmad/ Christiaan James

പോര്‍മുഖങ്ങളില്‍ കുരുങ്ങിപ്പോകുന്നവര്‍



(യമനി നോവലിസ്റ്റ് ബദര്‍ അഹ്മദ് രചിച്ച ‘Five Days Untold’ എന്ന നോവല്‍, അറബ് സമൂഹങ്ങളിലെ സായുധ കലാപങ്ങളില്‍ ഇരയായിപ്പോകുന്ന സാമാന്യജന സമൂഹത്തിന്റെ ദുരന്തം ഹൃദ്യമായ കാവ്യാത്മക ശൈലിയില്‍ അവതരിപ്പിക്കുന്നു. Republic of Consciousness Prize-ന്റെ പരിഗണനാ പട്ടികയില്‍ ഇടം പിടിച്ച നോവല്‍, അറബ് സാഹിത്യ ലോകത്തു നിന്നുള്ള ശക്തനായ ഒരു പുതുമുഖത്തെ അവതരിപ്പിക്കുന്നു.) 

യമനി സമൂഹത്തില്‍ പിടിമുറുക്കിയ സംഘര്‍ഷങ്ങളെ മീഡിയ ഏകപക്ഷീയമായി ഊന്നുന്ന സുന്നി-ഷിയാ വിഭാഗീയ അസ്വാസ്ഥ്യങ്ങള്‍ എന്ന ലളിത വല്‍ക്കരണ യുക്തിയില്‍ വിശദീകരിക്കാന്‍ ശ്രമിക്കുന്നത് എല്ലാ സംഘര്‍ഷങ്ങളെയും നൂറ്റാണ്ടുകളിലൂടെ തുടര്‍ന്നുവന്ന സാംസ്കാരിക വിഭജനത്തില്‍ തളച്ചിടുന്നു എന്നും എന്നാല്‍ പ്രസ്തുത ലളിതവല്‍ക്കരണത്തിനപ്പുറം വര്‍ഷങ്ങളായി അനുഭവിക്കേണ്ടിവന്ന അധിനിവേശം, അഭ്യന്തര യുദ്ധം, അഴിമതി, ദാരിദ്ര്യം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങള്‍, ഒട്ടേറെ ബാലാരിഷ്ടതകള്‍ക്കിടയിലും, യമനി സാഹിത്യം സ്പഷ്ടമാക്കുന്നുണ്ട് എന്നും Middle East Monitor വ്യക്തമാക്കുന്നു *1. മുല്ലപ്പൂ വിപ്ലവാനന്തര കാലത്ത്, വിപ്ലവത്തിന്റെ ഫലങ്ങള്‍ എന്തുതന്നെയായാലും, യമനി സാഹിത്യത്തില്‍ ഉണ്ടായ കുതിപ്പ് ഈ നിരീക്ഷണത്തെ സാധൂകരിക്കുന്നു. വിഖ്യാത അറബിക്-ഇംഗ്ലീഷ് വിവര്‍ത്തക സവാദ് ഹുസൈന്‍ എഴുതിയ ‘ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യേണ്ട പത്ത് അറബ് കൃതികള്‍’ എന്ന ലേഖനത്തില്‍ *2  വിവരിക്കപ്പെടുന്ന ഏറ്റവും പുതിയ കൃതിയായി യമനി നോവലിസ്റ്റ് ബദര്‍ അഹ്മദ് രചിച്ച ‘Five Days Untold’ ഇടം പിടിച്ചത് ഇതോടു ചേര്‍ത്തു കാണാം. ചെറുകിട പ്രസാധകര്‍ പ്രസിദ്ധീകരിക്കുന്ന മികച്ച കൃതികള്‍ക്കു നല്‍കപ്പെടുന്ന Republic of Consciousness Prize-നു പ്രഥമ ലിസ്റ്റില്‍ *3  ഇടം പിടിച്ച നോവല്‍, സമകാലിക യമനിന്റെ പതിപ്പായ സാങ്കല്‍പ്പിക പട്ടണത്തെ പശ്ചാത്തലമാക്കി താല്‍പ്പര്യമേതുമില്ലാത്ത യുദ്ധത്തില്‍ കരുവായിത്തീരുന്ന യുവാവിന്റെയും ബാല്യകാല ദുരനുഭവങ്ങളുടെ ഫലമായി മനുഷ്യത്വം ഇല്ലാതാകുന്ന കൊലയാളി രാഷ്ട്രീയക്കരന്റെയും അനുഭവങ്ങളിലൂടെ സംഘര്‍ഷങ്ങളുടെ ഇടയില്‍ പെട്ടുപോകുന്ന സാധാരണ മനുഷ്യരുടെയും ദേശത്തിന്റെയും കഥ പറയുന്നു.

തുടക്കം, അഥവാ തുടര്‍ച്ചയും   

“അന്നേ ദിവസം (നായ്ക്കളുടെയും പൂച്ചകളുടെയും എണ്ണം ജനസംഖ്യയെ കടത്തിവെട്ടിയതായി പറയപ്പെട്ട അന്ന്) എന്റെ ചെറുപട്ടണത്തിന്റെ ചരിത്രത്തില്‍ വേറിട്ട്‌ നിന്ന ഒന്നായിരുന്നു. യുദ്ധത്തിന്റെ ഒരു കൊല്ലം വന്നു പോവുകയും മറ്റൊന്ന് തുടങ്ങുകയും ചെയ്യുകയായിരുന്നു എന്നത് കൊണ്ടല്ല, മറിച്ചു സവിശേഷ സംഭവങ്ങള്‍ അന്നേ ദിവസം സംഭവിച്ചു എന്നത് കൊണ്ട്.”

ജിജ്ഞാസ ഉണര്‍ത്തുന്ന ഈ വാക്യങ്ങളോടെ ആരംഭിക്കുന്ന നോവലില്‍, 2018ന്റെ പുതുവര്‍ഷത്തലേന്ന് (2017 ഡിസംബര്‍ 31) സിയാദ് അല്‍ നിഖാഷ് എന്ന മൂന്നാം തലമുറ പ്ലാസ്റ്റര്‍ വര്‍ക്ക് ശില്‍പ്പി തുടങ്ങുന്ന ആഖ്യാനം അന്നത്തെ പകലില്‍ പട്ടണത്തിലുണ്ടായ അസാധാരണ സംഭവങ്ങളെ ആസ്പദമാക്കിയാണ് വികസിക്കുന്നത്. മാനസിക ആരോഗ്യം നശിച്ചു മൌനത്തിലേക്ക്‌ പിന്‍വാങ്ങിയ തന്റെ പിതാവ് മുഹിയുദ്ദീന്‍ അല്‍ നിഖാഷിനും, സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങളില്‍ കുടുംബ നാഥയായി മാറിയ മാതാവ്, പ്രൌഡയായ ‘സിര്‍ക്കേസിയന്‍’ വനിത, ബിന്‍ത് അല്‍ മുതമ്മാറിനും മൂന്നു ഇളയ അനിയത്തിമാര്‍ക്കും ഒപ്പം സിയാദ് കഴിയുന്നു. ജന്മനായുള്ള കേള്‍വി ശക്തിയിലെ പരിമിതി ചുണ്ടനക്കങ്ങള്‍ നിരീക്ഷിക്കുന്നതിലൂടെ വിദഗ്ദമായി ഒളിപ്പിച്ചു വെക്കാന്‍ ഉമ്മാക്ക് കഴിയുന്നുണ്ട്. പുതുവത്സര ദിനത്തിന്റെ ആവേശങ്ങളിലേക്ക് ഉണരുന്ന ദേശത്തിനു പകരം നോവല്‍ പരിചയപ്പെടുത്തുന്നത് വിചിത്ര ഭാവങ്ങളുള്ള ഒന്നിനെയാണ്.

            നോവല്‍ ആരംഭത്തില്‍, പട്ടണത്തിലെ ജലസംഭരണിയില്‍ കണ്ടെത്തുന്ന നാല് അഴുകിയ ജഡങ്ങള്‍ വരാനിരിക്കുന്നതിന്റെ/ തുടര്‍ച്ചയുടെ മുന്നോടിയാണ്. “മൃത്യുവിന്റെയും ചീഞ്ഞഴുകലിന്റെയും ഗന്ധം എല്ലായിടത്തും മൂടി.” പത്തു മണിക്ക് പള്ളിയിലെ ഇമാം കണ്ണുകെട്ടി കൈകള്‍ ബന്ധിച്ചു അറസ്റ്റ് ചെയ്യപ്പെട്ടു. രാഷ്ട്രീയ ഉപദേശക സമിതി ഉദ്യോഗസ്ഥന്‍ നാജി അവാദ് വിപ്ലവകാരികളെ സഹായിക്കുന്നു എന്ന ആരോപണത്തോടെ ഇമാമിനെ സൈനിക ക്യാപ്റ്റനു കൈമാറി. ലോഹപ്പണിക്കാരന്‍ യഹ് യ അല്‍ റൂമി തന്റെ കടയില്‍ രക്തത്തില്‍ കുളിച്ചു മരിച്ചു കിടന്നു. വൈകീട്ടാവുമ്പോള്‍ എന്തൊക്കെയോ ഭയന്നെന്നോണം നായ്ക്കള്‍ ഓരിയിട്ടു തുടങ്ങി. ടെലിവിഷന്‍ സ്ക്രീനില്‍ പതിവ് പരിപാടികള്‍ നിര്‍ത്തിവെച്ചു പ്രത്യക്ഷനാകുന്ന ‘പല്ലില്ലാത്ത പ്രതിരോധ മന്ത്രി’, സിയാദിന്റെയും അവനെ പോലുള്ളവരുടെയും ജീവിതങ്ങളില്‍ കരിനിഴല്‍ വീഴ്ത്താന്‍ പോകുന്ന ആ കാര്യം അറിയിക്കുന്നു: നിര്‍ബന്ധിത സൈനിക സേവനത്തില്‍ നിന്ന് സംരക്ഷണം നല്‍കിയിരുന്ന എല്ലാ ഒഴികഴിവുകളും പിന്‍വലിക്കപ്പെട്ടിരിക്കുന്നു. ഇതേ തുടര്‍ന്ന് ക്രൂരനും അഴിമതിക്കരനുമായ നാജി അവാദ് അത്തരം ഗുണഭോക്താക്കളെല്ലാം ഉടന്‍ സൈനിക സേവനത്തിനായി റിപ്പോര്‍ട്ട് ചെയ്യണം എന്ന ഉത്തരവ് എല്ലാവര്‍ക്കും എന്ന പോലെ നിഖാഷിനും നല്‍കുന്നു. അബ്ദുല്‍റസാഖ് ഗുര്‍നായുടെ “Afterlives’ എന്ന നോവലില്‍, ജര്‍മ്മന്‍ അധിനിവേശ സൈന്യത്തോടൊപ്പം ചേരുന്ന സ്വപ്നജീവിയായ നവയുവാവ് ഹംസയെ പോലെ, സൈനിക സേവനത്തിനു ഒട്ടും യോജിക്കാത്ത, അടിസ്ഥാനപരമായി ഒരു കലാകാരന്റെ പ്രകൃതമുള്ള സിയാദിന്, കുടുംബനാഥന്റെ വേഷത്തില്‍ തോറ്റുപോയ പിതാവിന്റെ സ്ഥാനത്ത് പെണ്ണുങ്ങള്‍ മാത്രമുള്ള വീട്ടില്‍ കുടുംബ പരമായ കടമകളും പൂര്‍ത്തീകരിക്കാനുണ്ട്.

“ഞാനെങ്ങനെ കൊല്ലപ്പെടുന്നതു ഒഴിവാക്കും? ഇതൊക്കെയും എനിക്ക് നിരൂപിക്കാന്‍ കഴിയാത്തവയായിരുന്നു. ഞാന്‍ ഇതിനു വേണ്ടി പിറന്നവനല്ല. ഞാന്‍ വരക്കാനും ശില്‍പവേലക്കും വേണ്ടി സൃഷ്ടിക്കപ്പെട്ടവനാണ്, ലാവണ്യത്തിന്റെ ചെറിയ ഇടങ്ങള്‍ വികസിപ്പിക്കാന്‍, ആളുകളുടെ ആത്മാവുകളില്‍ ആനന്ദം നിറയ്ക്കാനും.”

എല്ലാറ്റിനും പുറമേ, രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ നിന്ന് അകലം പാലിക്കാന്‍ എന്നും ശ്രമിച്ചുവന്നവര്‍ ആയിരുന്നു അല്‍ നിഖാഷ് കുടുംബം എന്നതും പ്രധാനമാണ്. ആ അര്‍ഥത്തില്‍ യുദ്ധം, സിയാദിനെ പോലുള്ളവരുടെ ജീവിതങ്ങളിലേക്ക് അധിനിവേശം നടത്തുകയാണ്:

“വിരസവും അവ്യക്തവുമായി കാണപ്പെട്ട വിജനമായ തെരുവുകളിലേക്ക് നോക്കി ഞാന്‍ ഇരിക്കവേ, രണ്ടു നിഴല്‍ രൂപങ്ങള്‍ അതിവേഗം റോഡു മുറിച്ചു കടക്കുന്നത്‌ ഞാന്‍ കണ്ടു. എന്റെ ഉമ്മ ഫോണില്‍ സംസാരിക്കുകയായിരുന്നു, ഒരു ഹെലികോപ്റ്ററിന്റെ ശബ്ദം മുകളിലെ ഇരുട്ടിലും താഴെയുള്ള തണുപ്പിലും മുഴങ്ങിക്കേട്ടു. ഞാന്‍ ഓര്‍മ്മകളുടെ ആഴങ്ങളിലേക്ക് തെന്നിപ്പോയി – കഴിഞ്ഞ ഇരുപത്തിയഞ്ചു കൊല്ലമായി ഈ കൊച്ചു കുടുംബം, ലോകത്തിന്റെ ബഹളങ്ങളില്‍ നിന്നും വിധിയുടെ വിപര്യയങ്ങളില്‍ നിന്നും കാത്തുസൂക്ഷിച്ചു തങ്ങളില്‍ തന്നെ ഒതുക്കി നിര്‍ത്തിയ ഓര്‍മ്മകള്‍. ഞാന്‍ നിങ്ങളോട് കഥ അതിന്റെ തുടക്കം മുതല്‍ പറയാം. അതിന്റെ തുടക്കം മുതലല്ല, മറിച്ച് അതിന്റെ വേരുകളില്‍ നിന്ന്, കാരണം വേദനയും കഥകളും വൃക്ഷങ്ങള്‍ പോലെയാണ്. അവക്ക് അവയെ തീറ്റിപ്പോറ്റുന്ന വേരുകളുണ്ട്, അവയാണ് അവക്ക് നിലനില്‍ക്കാനും മുന്നോട്ടു പോകാനും കരുത്തു നല്‍കുന്നത്.”

അങ്ങനെയാണ് നിഖാഷ്  തന്റെ പിതാവ് മുഹിയുദ്ദീന്‍ അല്‍ നിഖാഷില്‍ നിന്ന് തുടങ്ങുന്നത്. ‘അല്‍ നിഖാഷ്’ എന്ന പദം അദ്ദേഹത്തിനു വന്നു ചേര്‍ന്നത്‌ പ്ലാസ്റ്റര്‍ ശില്‍പ്പി എന്ന അര്‍ഥത്തില്‍ തന്നെയാണ്.

ആഖ്യാനങ്ങളും അതിജീവനവും

മൂന്ന് മുഖ്യ ആഖ്യാന കോണുകളിലൂടെയാണ് നോവല്‍ ചുരുളഴിയുന്നത്. ആദ്യത്തേത് പ്രഥമവ്യക്തിക (first person)ആഖ്യാനത്തില്‍ സിയാദ് തന്റെ കുടുംബം നേരിട്ട ഭീകരതകള്‍ വിവിരിക്കുന്ന ‘മുഹിയുദ്ദീന്‍ അല്‍ നിഖാഷിന്റെ കുടുംബം’ എന്ന അധ്യായമാണ്. തുടര്‍ന്ന് ‘സിയാദ് അല്‍ നിഖാഷ്’ എന്ന സ്വന്തം പേരില്‍ അയാള്‍ തന്നെ നടത്തുന്ന ആഖ്യാന അധ്യായം പിതാവിന്റെ കുടുംബ കഥയും സൈനികരുടെ കടന്നു കയറ്റങ്ങളില്‍ അയാളുടെ പട്ടണവും നാജി അവാദിന്റെ കയ്യില്‍ സിയാദിന്റെ കുടുംബവും നേരിട്ട ക്രൂരതകള്‍ തുല്യ പ്രാധാന്യത്തോടെ അവതരിപ്പിക്കുന്നു. മൂന്നാം ഭാഗം ഒരു മൂന്നാം കണ്ണിലൂടെ (third person) നാജി അവാദിന്റെ കഥ വിട്ടുവീഴ്ചയില്ലാത്ത രീതിയില്‍ ആവിഷ്കരിക്കുന്നു, ഒപ്പം അയാളെങ്ങനെ അത്തക്കരനായിത്തീര്‍ന്നു എന്ന് വ്യക്തമാക്കുന്ന അയാളുടെ ഭൂതകാല അനുഭവങ്ങളും. ഈ മൂന്നു ഭാഗങ്ങളുടെ ആവര്‍ത്തനമാണ് നോവലിന്റെ ഘടനയെ നിയന്ത്രിക്കുന്നത്‌.

2018-ന്റെ അഞ്ചു പുതുവര്‍ഷ ദിനങ്ങളില്‍ നിരായുധരായ ഒരു ജനത നേരിടുന്ന ഭീകരാവസ്ഥ നോവലില്‍ കഥാ പശ്ചാത്തലമാകുന്നു. ദേശത്തിന്റെ പേര് പറയപ്പെടുന്നില്ലെങ്കിലും നോവലിസ്റ്റിന്റെ ജന്മദേശവും സംഘര്‍ഷങ്ങളുടെ നെരിപ്പോടുമായ യമനിനെ അവിടെ കണ്ടെടുക്കുക പ്രയാസമല്ല. ‘സ്വതന്ത്ര ദേശീയ വാദികള്‍’ (Free Nationalists), ‘വിപ്ലവ വിമോചക പ്രസ്ഥാനം’ (Revolutionary Liberation Movement) എന്നിവര്‍ക്കിടയില്‍ അരങ്ങേറുന്ന ആഭ്യന്തര യുദ്ധത്തിന്റെ പ്രഭവം, ദേശ ചരിത്രത്തിന്റെ സങ്കീര്‍ണ്ണവും പലപ്പോഴും പുരാണ പ്രകൃതവുമായ ബനാനാ വ്യവസായത്തിന്റെ കഥകളിലാണ് ചെന്ന് മുട്ടുന്നത്. നിസ്സഹായരും വിറങ്ങലിച്ചു പോയവരുമായ ജനങ്ങള്‍ മിക്കപ്പോഴും ഇരുകൂട്ടരുടെയും ഇരകള്‍ മാത്രമാണ്.

“നാല് വര്‍ഷമായി, യുദ്ധം ഈ നാട്ടില്‍ എല്ലാത്തിനെയും തവിടുപൊടിയാക്കാന്‍ തുടങ്ങിയിട്ട്. ഞങ്ങളുടെ മൂല്യങ്ങളെല്ലാം വെറും ബഡായി ആയിരുന്നോ? അതിജീവിച്ചവരെ അന്ധാളിച്ചവരും നിരാശരുമായ, പട്ടിണിയും രോഗങ്ങളും മരണവുമായി പൊരുത്തപ്പെട്ടു കഴിഞ്ഞ നിഴലുകളായി മാറ്റിയിട്ട് നാല് കൊല്ലം കഴിഞ്ഞു. യുദ്ധം കൊണ്ടുവന്ന അശനിപാതങ്ങളിലും വറുതിയിലും മരവിച്ചു പോയതില്‍ നിന്ന് ഉരുവായ ഒരു തരം അലംഭാവം ഞങ്ങള്‍ അനുഭവിച്ചു.”

ജീവഭയം മാത്രമല്ല, കൊടിയ അക്രമങ്ങളും നേരിടേണ്ടി വരുന്ന, തന്റെ മൊത്തം ജീവിതകാലത്തെക്കാള്‍ ദുര്‍ഘടമായ അഞ്ചു സൈനിക വൃത്തി ദിനങ്ങളെയാണ് ആഖ്യാനം പിന്തുടരുന്നത്. താന്‍ എന്നും മുറുകെ പിടിക്കുമായിരുന്ന മാനുഷിക മൂല്യങ്ങളില്‍ കടിച്ചു തൂങ്ങാന്‍ ശ്രമിച്ചുകൊണ്ട്‌ സിയാദ് അവയെ നേരിടുന്നതിന്റെ മാനസികവും ശാരീരികവുമായ ദുരനുഭവങ്ങള്‍ ഹൃദയ ഭേദകമായ വിധത്തില്‍ അവതരിപ്പിക്കുന്നതിലാണ് നോവലിസ്റ്റിന്റെ മികവു കാണാനാവുന്നത്. അതേ സമയം, ഒരു വ്യക്തിയെന്ന നിലയില്‍ എത്ര കേവലമായാണ് ഇതര സൈനികര്‍ അയാളെ എടുക്കുന്നത് എന്നതും ഒരു വിഭാഗത്തോടും ചേര്‍ന്ന് യുദ്ധം ചെയ്യാന്‍ ആഗ്രഹിച്ചിട്ടില്ലാത്ത അയാളെ ഏറ്റുമുട്ടുന്ന ഇരുവിഭാഗങ്ങളും ശത്രുവായിക്കണ്ടു വേട്ടയാടുന്നതും അയാളുടെ അവസ്ഥയുടെ ദൈന്യവും നിസ്സഹായതയും വെളിപ്പെടുത്തുന്നു. നോവലിന്റെ സിംഹഭാഗവും കഥാപാത്രങ്ങള്‍ നേരിടേണ്ടി വരുന്നതും നാജി അവാദിന്റെ കാര്യത്തില്‍ അയാള്‍ ആണ്ടു മുങ്ങുന്നതുമായ ഹിംസാത്മകതയുടെ മറയില്ലാത്ത വിവരണങ്ങള്‍ കൊണ്ട് നിബിഡമാണ്. സിയാദിനെ പോലുള്ള പുതിയ സൈനിക റിക്രൂട്ടുകള്‍ അറവു മാടുകളെ പോലെയാണ് തെളിക്കപ്പെടുന്നത്. സിയാദ് വിവരിക്കുന്നു.  

“സൈനിക പോലീസിലെ ഒരംഗത്തിന്റെ കീഴില്‍ നിശബ്ദരായി ഒരൊറ്റ നീണ്ട വരിയില്‍ ഒരു ഉറുമ്പിന്‍ കൂട്ടം പോലെ ഞങ്ങള്‍ പുറപ്പെട്ടു”

“കഴുത്തുവെട്ടിച്ചു ഞങ്ങളുടെ നേരെ ചകിതരായി നോക്കി റോഡരുകില്‍ നിന്ന ജനങ്ങളെ പിന്നിട്ടു ഞങ്ങള്‍ നടന്നു. അവരുടെ കണ്ണില്‍, ഞങ്ങള്‍ അറവുകാരന്റെ കത്തിമുനയിലേക്കു ബലാല്‍ക്കാരമായി വലിച്ചിഴക്കപ്പെടുന്ന ആട്ടിന്‍ കുട്ടികള്‍ മാത്രമായിരുന്നു, അയാളുടെ ഹൃദയത്തില്‍ കാരുണ്യ ലേശമില്ലായിരുന്നു, അയാള്‍ കണ്ണൊന്നു ചിമ്മുക പോലും ചെയ്യാതെ തലകള്‍ അരിഞ്ഞു. എല്ലാവരെയും വേദനിപ്പിച്ചതെന്തന്നാല്‍, ഈ ആടുകള്‍ക്ക് അറിയാമായിരുന്നു അവരെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്നും അവരെ കാത്തിരിക്കുന്ന വിധി എന്താണെന്നും.”

യുദ്ധത്തെ സംബന്ധിച്ച കാല്‍പ്പനിക ദേശസ്നേഹ മുദ്രാവാക്യങ്ങളൊന്നും ഒരു ഘട്ടത്തിലും ഭ്രമിപ്പിചിട്ടില്ലാത്ത സിയാദിന്റെ ശിരസ്സില്‍ എപ്പോഴും മുഴങ്ങുക ഉമ്മയുടെ വിടപറയല്‍ വാക്കുകളാണ്:

“ഭീരുവായിരിക്കുക, എന്റെ മോനെ! ഭീരുവായിരിക്കുക! ഈ ലോകത്ത് നിന്റെ രക്തം ചിന്താനും മാത്രം മൂല്യമുള്ളത് ഒന്നുമില്ല!”

ഒരു തരം വീരപരിവേഷത്തിലും കാര്യമില്ലെന്നും അതിജീവിക്കുക എന്നതാണ് പരമ പ്രധാനമെന്നും അയാള്‍ എപ്പോഴും ഓര്‍മ്മിക്കുന്നത് തന്നെയാണ് അയാളെ ജീവിതത്തില്‍ പിടിച്ചു നിര്‍ത്തുന്നതും. യമന്‍ പോലെ മതവാദവും ജിഹാദിസ്റ്റ് വീരരക്തസാക്ഷ്യ വീണ്‍വാക്കുകളും ഏറെ മുഴങ്ങിക്കേള്‍ക്കുന്ന ദേശത്ത്‌ ഉമ്മയുടെ അതിജീവന മന്ത്രത്തിനു ഏറെ സാമൂഹിക മാനങ്ങളുണ്ട്.

അഞ്ചു ദിനങ്ങള്‍, ജനന ദിനങ്ങള്‍

നാജി അവാദിന്റെ തുടക്കവും മറ്റൊരു ‘അഞ്ചു ദിന’ അനിശ്ചിതത്വങ്ങളിലാണ് നോവലിസ്റ്റ് സ്ഥിതപ്പെടുത്തുന്നത്. ജൂതനായ ചെരുപ്പുനിര്‍മ്മാതാവിന്റെ, ഒരു വന്‍വെള്ളപ്പൊക്കത്തില്‍ മുച്ചൂടും തകര്‍ന്നു പോയ വീട്ടില്‍ അതിജീവിച്ച ഏക ജീവനായി കണ്ടെത്തപ്പെട്ട കൈക്കുഞ്ഞായിരുന്നു അയാള്‍. അത് കുടുംബത്തിലെ കുട്ടി തന്നെയായിരുന്നോ, അഥവാ എങ്ങാണ്ടു നിന്നും ഒഴുകി വന്നതായിരുന്നോ എന്ന് ആര്‍ക്കും പറയാനാവുമായിരുന്നില്ല.

“നാല്‍പ്പത്തിയഞ്ചു കൊല്ലം മുമ്പ് ഒരു ചൊവ്വാഴ്ച വൈകുന്നേരം, പള്ളി മിനാരത്തില്‍ നാലു കടല്‍ക്കാക്കകള്‍ പറന്നിറങ്ങി. രണ്ടോ മൂന്നോ അല്ല, പകരം നാലെണ്ണം. ഞങ്ങളുടെ പട്ടണത്തിനും കടലിനുമിടയിലെ അത്രയും ദൂരം അവ എങ്ങനെ മുറിച്ചു കടന്നു എന്ന് ആര്‍ക്കും അറിയില്ലായിരുന്നു. ഗ്രാമീണര്‍ അതിനെ പട്ടണത്തിനുള്ള ഒരു അപായ ശകുനമായി കണക്കാക്കി. ഒരു ജൂത ചെരുപ്പുനിര്‍മ്മാതാവ് സാദൃശ്യങ്ങളുടെ തത്വത്തെ (“like for like”) അടിസ്ഥാനമാക്കി തന്റെ വ്യാഖ്യാനം മുന്നോട്ടു വെച്ചു. ഒരു പ്രളയം പട്ടണത്തെ മുക്കിക്കളയും എന്ന് അയാള്‍ വിവരിച്ചു. അയാള്‍ ശരിക്കും ‘പ്രളയം’ എന്ന് തന്നെയല്ല പറഞ്ഞത്, പക്ഷെ പട്ടണം കടലായി മാറും എന്ന് അയാള്‍ പറഞ്ഞു. ആരും അയാളെ വിശ്വസിച്ചില്ല, കാരണം നദിയോ കടലോ അടുത്തുണ്ടായിരുന്നില്ല, മഴക്കാലം തുടങ്ങിയിട്ടുമുണ്ടായിരുന്നില്ല. ഈ പ്രവചനത്തിനു അഞ്ചുനാള്‍ കഴിഞ്ഞ്, കൃത്യമായും അഞ്ചാം നാളിന്റെ സായാഹ്നത്തില്‍, ഒരു ഡസന്‍ മരങ്ങള്‍ പൊട്ടിവീഴുന്നതിന്റെ ഭീതിദമായ കലമ്പല്‍ പട്ടണവാസികള്‍ കേട്ടു. എന്താണ് സംഭവിക്കുന്നത്‌ എന്നറിയാനായി അവര്‍ വീടുകളില്‍ നിന്ന് പുറത്തുവന്നപ്പോള്‍ പൊടിയുടെ ഒരു വന്‍മേഘം ചക്രവാളത്തെ മറക്കുന്നത് അവര്‍ കണ്ടു.”

ജനന ദിനത്തെ വിചിത്ര സംഭവങ്ങളുമായി നിബന്ധിക്കുന്നതാണ് നാജി അവാദിന്റെ കാര്യത്തില്‍ കാണാനാവുകയെങ്കില്‍, ചരിത്രവുമായി നിബന്ധിക്കുന്ന രീതിയിലാണ് സിയാദിന്റെയും സഹോദരിമാരുടെയും ജന്മ ദിനങ്ങള്‍ വിവരിക്കപ്പെടുന്നത്.

“എന്റെ മൂന്നു സഹോദരിമാര്‍ - ഹിനാ, നദാ, ഏറ്റവും ഇളയവള്‍ ഇല്‍ഹാം – എല്ലാവരും എന്റെ ഇളയതായിരുന്നു, ഓരോരുത്തരും കുറച്ചു വര്‍ഷങ്ങള്‍ മാത്രം വ്യത്യാസമുള്ളവര്‍. ഇവരില്‍ ഓരോരുത്തരുടെയും ജന്മദിനങ്ങള്‍ പിതാവ് അദ്ദേഹത്തിന്റെ വലിയ ഖുര്‍ ആന്റെ ചട്ടയുടെ ഉള്‍പേജില്‍ കുറിച്ചു വെച്ചു. ഹിനാ ജനിച്ചത്‌ പാകിസ്താനി പ്രസിഡന്റ് മുഹമ്മദ്‌ സിയാ മരിച്ച ദിനത്തിലായിരുന്നു. നദാ ജനിച്ചത്‌ സദ്ദാം കുവൈറ്റ് അധിനിവേശിച്ച അതേ ദിനത്തില്‍. ഇല്‍ഹാം ജനിച്ചതാകട്ടെ, യുഗോസ്ലാവിയയില്‍ യുദ്ധം അവസാനിച്ച ദിവസത്തില്‍ ആയിരുന്നു, അന്നേ ദിവസം തന്നെയാണ് ടെലിഫോണ്‍ ഞങ്ങളുടെ ഗ്രാമത്തില്‍ എത്തിയതും. ...”

പിതാവ്, അബു താരിഖ് എന്ന് വിളിച്ച തന്റെ സ്വന്തം ജന്മദിനത്തെ കുറിച്ച് സിയാദ് പറയുന്നു:

“ഞാന്‍ ജനിച്ചത്‌ ലോകം അതിന്റെ പാതയില്‍ നിശ്ചലമായ ഒരു ദിനത്തിലായിരുന്നു. സഹോദരിമാരുടെ കാര്യത്തില്‍ ചെയ്ത പോലെ മറ്റൊന്നും കുറിക്കാതെയാണ് പിതാവ് എന്റെ ജന്മദിനം അദ്ദേഹത്തിന്റെ വലിയ ഖുര്‍ആന്റെ ഉള്‍പേജില്‍ കുറിച്ചു വെച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ പെന്നില്‍ നിന്ന് ആ തിയ്യതിക്ക് അടുത്ത് ഇറ്റി വീണ ഒട്ടേറെ മഷിത്തുള്ളികള്‍, എന്റെ ലോകപ്രവേശത്തെ ബന്ധിപ്പിക്കേണ്ട സംഭവത്തിന്റെ പ്രകൃതത്തെ കുറിച്ച് ആലോചിച്ചു അദ്ദേഹം ചെറുതല്ലാത്ത സമയം ചെലവഴിച്ചിരുന്നു എന്ന് വെളിപ്പെടുത്തി. കുറെ സമയത്തിനു ശേഷം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു: ചെര്‍ണോബില്‍ ന്യുക്ലിയര്‍ റിയാക്റ്റര്‍ പൊട്ടിത്തെറിച്ചു രണ്ടര മാസങ്ങള്‍ക്കു ശേഷമാണു സിയാദ് ജനിച്ചത്‌.”

നാജി അവാദ്: പ്രതിനായകന്റെ കടും ചായം. 

നാജി അവാദിന്റെയും സിയാദിന്റെയും കഥകള്‍ക്കിടയില്‍ വേറെയും സമാന്തരങ്ങള്‍ വ്യക്തമാണ്‌. ഇരുവരും ഓരോ ഘട്ടങ്ങളില്‍ കൊല്ലപ്പെട്ടു എന്ന് കരുതപ്പെടുന്നുണ്ട്, ഇരുവരും ഒടുവില്‍ മൃതതുല്യരായി മുറിവേറ്റു രക്തത്തില്‍ കുളിച്ചു തങ്ങളുടെ കൊലയാളികളുടെ പിടിയില്‍ നിന്ന് രക്ഷനേടി ഒളിച്ചോടുന്നുണ്ട്, ഇരുവരും അന്തിമമായി കൂട്ടക്കുരുതികളെ അതിജീവിക്കുന്നുമുണ്ട്. എന്നാല്‍, സിയാദിന്റെ പാത്ര സൃഷ്ടിയില്‍ പ്രകടമായ കയ്യടക്കം നാജി അവാദിന്റെ കാര്യത്തില്‍ വേണ്ടത്ര ഫലപ്രദമാകുന്നില്ല എന്ന് നിരീക്ഷിക്കപ്പെടുന്നുണ്ട് *4. ആയുധക്കച്ചവടം പോലുള്ള ഇരുള്‍ നീക്കങ്ങളില്‍ പോലും വ്യാപൃതനാകുന്ന രാഷ്ട്രീയ ഡോണിന്റെ ചിത്രവും കുട്ടിക്കാലത്തെ അനുഭവങ്ങളിലൂടെ ഒരു കൊടിയ പീഡകനിലേക്കുള്ള വികാസവും വഞ്ചകിയായ ഭാര്യയുടെ നേരെ നടത്തുന്ന കൊടിയ ലൈംഗിക അക്രമവും എല്ലാം അമിത നാടകീയത നിറഞ്ഞതും ‘ജെനറിക് ത്രില്ലര്‍’ മട്ടിലുള്ളതും ആണെന്ന് ആണ്‍ഡെഴ്സണ്‍ നിരീക്ഷിക്കുന്നു.

ഒരു ദരിദ്ര രാജ്യത്തിലെ ജനത ആഭ്യന്തര യുദ്ധത്തിന്റെ പ്രവചനാതീത ഹിംസാത്മകതയും അതിന്‍ ഫലമായി ഉണ്ടായിവരുന്ന ആരോടും ബാധ്യതയില്ലാത്ത അധികാര പ്രമത്തതയും കൊണ്ട് കീറിമുറിക്കപ്പെടുന്നതിന്റെയും കഥയെ അതിജീവന പോരാട്ടത്തില്‍ എള്ളോളമെങ്കിലും തങ്ങളുടെ കര്‍തൃത്വം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ഒരു കുടുംബത്തിന്റെ കഥ കൂടിയായി നോവലിസ്റ്റ് അവതരിപ്പിക്കുന്നു. ഒപ്പം വര്‍ത്തമാന കാല യാഥാര്‍ത്ഥ്യങ്ങളെ രൂപപ്പെടുത്തുന്നതില്‍ ഭൂതകാലത്തിന്റെ നിര്‍ണ്ണായകത്വത്തെ അതിന്റെ ഗുണാത്മകവും ഋണാത്മകവും ആയ രീതിയില്‍  ആവിഷ്കരിക്കുകയും ചെയ്യുന്നു. ചെറുത്തു നില്‍ക്കാനാവാത്ത ദുരന്ത മുഖങ്ങളിലും തലമുറകളെ ചേര്‍ത്തുപിടിക്കാന്‍ കുടുംബ ചരിത്രങ്ങള്‍ക്ക് കഴിയുമ്പോള്‍, ചരിത്രപരമായ, അര്‍ദ്ധ പുരാണ പ്രകൃതമുള്ള (quasi-mythological) വിഭജനങ്ങള്‍, യുദ്ധക്കെടുതികള്‍ക്കു വരെ കാരണമാകുന്നു.

Kindle unlimited ല്‍ പുസ്തകം സൌജന്യമായി വായിക്കാവുന്നതാണ്.

 

 References:

1.(Middle East Monitor: Yemen through its literature: A nation besieged, May 5, 2015, https://www.middleeastmonitor.com/20150505-yemen-through-its-literature-a-nation-besieged/, Accessed 25.03.2022).

2.(Sawad Hussain, ‘10 Arabic titles that should be translated into English’, Literature, britishcouncil.org, 29 June 2021)

3 (MLYNXQUALEY, Badr Ahmad’s ‘Five Days Untold’ Makes Republic of Consciousness Prize Longlist, ARABLIT & ARABLIT QUARTERLY, FEBRUARY 16, 2022)

4. (Eric Karl Anderson, blog article, Lonesome Reader, March 4, 2022, https://lonesomereader.com/blog/2022/3/4/five-days-untold-by-badr-ahmad-translated-by-christiaan-james).

 read more:

Hurma by Ali al-Muqri/ T.M.Aplin

https://alittlesomethings.blogspot.com/2024/10/hurma-by-ali-al-muqri-tmaplin.html

The Bird Tattoo by Dunya Mikhail

https://alittlesomethings.blogspot.com/2024/10/the-bird-tattoo-by-dunya-mikhail.html

Thursday, September 19, 2024

Minor Detail by Adania Shibli

വിശദാംശങ്ങളില്‍ അടക്കപ്പെട്ടത്



(ഫലസ്തീനിയന്‍ നോവലിസ്റ്റ് അദാനിയ ശിബിലി Minor Detail എന്ന നോവെല്ലയിലൂടെ ചരിത്ര ദുരന്തങ്ങളുടെ ചോരച്ചാലുകള്‍ വീറില്ലാതെ ആവര്‍ത്തിക്കുന്ന ദേശത്തിന്റെ ഭൂത-വര്‍ത്തമാനങ്ങളെ ചേര്‍ത്തുവെക്കുന്നു. 2021-ലെ ബുക്കര്‍ ഇന്റര്‍നാഷണല്‍ പരിഗണനയില്‍ ഇടം പിടിച്ച കൃതി സമകാലിക അറബ് സാഹിത്യത്തില്‍ വേറിട്ടൊരു രാഷ്ട്രീയ നോവല്‍ എന്നു വിവരിക്കപ്പെടുന്നു.)

 

അറബ്-ഇസ്രായേലി സംഘര്‍ഷ ചരിത്രത്തിന്റെ നാള്‍വഴികളില്‍ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമായിരുന്നു ഒരു വിഭാഗം ‘സ്വാതന്ത്ര്യത്തിനായുള്ള ഒന്നാം യുദ്ധം’ (First War of Independence) എന്നും മറുഭാഗം ‘അശനിപാതം/ holocaust’ എന്ന അര്‍ത്ഥത്തില്‍ ‘നക്ബ’ എന്നും വിളിച്ച 1948-ലെ കുടിയൊഴിപ്പിക്കല്‍. ജസംഖ്യയുടെ പാതിയോളം വരുന്ന ഏഴര ലക്ഷത്തോളം അറബ് വംശജര്‍, ദേശഹാരകളും പിറന്ന നാട്ടില്‍ അഭയാര്‍ഥികളും ആയിത്തീരുകയെന്ന ദുരന്ത വിധിയിലേക്ക് എടുത്തെറിയപ്പെട്ട ഈ സംഭവത്തെ തുടര്‍ന്നാണ്‌ ഇസ്രായേലി ദേശം സ്ഥാപിതമായത്. അന്നുതൊട്ട് ആ പുതുദേശത്തിന്റെ മുഖമുദ്രയായിത്തീര്‍ന്നത് നുഴഞ്ഞുകയറ്റ ഭയവും അതിനെ അടയാളപ്പെടുത്തുന്ന അതിര്‍ത്തികാവലും അറബ് വംശജര്‍ക്കു നേരെയുള്ള അത്യാചാരങ്ങളും തന്നെയാണ്. ഇസ്രായേല്‍ ദേശത്തിന്റെ ഈ ‘പാരനോയ’യുടെ ആദ്യകാല മാതൃകകളില്‍ ഒന്നായ സ്തോഭജനകമായ ഒരു സംഭവത്തെ കുറിച്ച് ഇസ്രായേലിലെ ഇടതു-ലിബറല്‍ പത്രമായ ഹാരെറ്റ്സ് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.(1) നഖാബ് (Nagev) മരുഭൂമിയില്‍ ഇജിപ്തിന്റെ അതിര്‍ത്തിക്കടുത്തു തമ്പടിച്ച ഇസ്രയേലി കാവല്‍ സൈന്യവും ആദിമ ബദവി വിഭാഗത്തില്‍ പെട്ട ഒരു കൂട്ടം നാടോടികളും ഉള്‍പ്പെട്ട പ്രസ്തുത സംഭവം കൂട്ടക്കുരുതിയില്‍ കലാശിച്ചു. അതിജീവിച്ച ഏക ജീവന്‍ ഒരു പെണ്‍കുട്ടിയുടെതയിരുന്നു. സൈന്യത്തിന്റെ കൂട്ട ബലാല്‍ക്കാരത്തിനു വിധേയയായി കൊല്ലപ്പെട്ട പെണ്‍കുട്ടി അശ്രദ്ധവും ഹൃദയശൂന്യവുമായ നിലയില്‍ മരുഭൂമിയിലെങ്ങോ അടക്കപ്പെട്ടു. നാലു പതിറ്റാണ്ടുകള്‍ക്കു ശേഷം പ്രസ്തുത സംഭവത്തില്‍ സൈനിക വിചാരണയും ശിക്ഷാവിധിയുമെല്ലാം ഉണ്ടായെങ്കിലും ചരിത്രം തമസ്കരിച്ച ജനതയ്ക്ക് അതെന്തു വ്യത്യാസമാണ് ഉണ്ടാക്കുക എന്നത് ഒരു എഴുത്തുകാരിയെ പ്രചോദിപ്പിക്കാന്‍ പാകത്തിലുള്ള ചോദ്യം തന്നെയാണ്. ഈ രണ്ടറ്റങ്ങളെ ബന്ധിപ്പിച്ചു രചിക്കപ്പെട്ട കൃതിയാണ് ഫലസ്തീനിയന്‍ നോവലിസ്റ്റ് അദാനിയ ശിബിലിയുടെ Minor Detail. എലിസബത്ത് ജക്കെ (Elisabeth Jaquette ) ഇംഗ്ലിഷിലേക്ക് വിവര്‍ത്തനം ചെയ്ത  ഈ ചെറുനോവല്‍ 2021ലെ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്കാര പട്ടികയില്‍ ഇടംപിടിച്ചത് വലിപ്പത്തെക്കാള്‍ ആഴമുള്ള അനുഭവ ലോകം തികച്ചും ദീപ്തമായ ഭാഷയില്‍ അടയാളപ്പെടുത്താന്‍ കഴിഞ്ഞതിനുള്ള അംഗീകാരം തന്നെയാണ്.

ഒരേയിടത്തിനു രണ്ടു അവകാശികള്‍ ഉണ്ടാവുകയും സഹജീവനം ദുസ്സാധ്യമാകുകയും ചെയ്യുകയെന്ന വിപര്യയമാണ് ഒരര്‍ത്ഥത്തില്‍ ഇസ്രയേല്‍-പലസ്തീന്‍ ഊരാക്കുടുക്കിന്റെ പ്രഭാവം ആയിത്തീര്‍ന്നത്. സാഹിത്യത്തില്‍ ഒട്ടേറെ ബൃഹദ് ആഖ്യാനങ്ങളിലായി വ്യത്യസ്ത വീക്ഷണ കോണുകളിലും രാഷ്ട്രീയ, സാമൂഹിക പ്രത്യയശാസ്ത്ര സമീപനങ്ങളിലും ഈ ദുരന്തം അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. അക്കൂട്ടത്തില്‍ ഇവിടെ പ്രസക്തമാകുന്ന ഒരു മുന്‍ ആഖ്യാനം നോബേല്‍ പുരസ്കാര ജേതാവായ ഫ്രഞ്ച് മോറീഷ്യന്‍ നോവലിസ്റ്റ് ലെ ക്ലെസിയോയുടെ (Jean-Marie Gustave Le Clézio) Wandering Star എന്ന ഹൃദയഹാരിയായ നോവലാണ്‌. ഹോളോകാസ്റ്റിന്റെ അനുഭവം കടന്നു തന്റെ ജനതയുടെ വാഗ്ദത്ത ഭൂമിയില്‍ എത്തുന്ന കീറിപ്പറിഞ്ഞ അഭയാര്‍ഥി സംഘത്തിലെ എസ്തേര്‍ എന്ന ജൂത പെണ്‍കുട്ടിയും അവരുടെ കടന്നു വരവില്‍ കിടപ്പാടം നഷ്ടപ്പെട്ടു ജന്മദേശത്തു നിന്ന് പലായനം ചെയ്യേണ്ടിവരുന്ന നജ്മ എന്ന ഫലസ്തീനി പെണ്‍കുട്ടിയും തമ്മിലുള്ള, ഒരൊറ്റ വാക്കുപോലും പരസ്പരം ഉരിയാടാത്ത ഞൊടിയിട പാരസ്പര്യം എന്ന വീര്‍പ്പുമുട്ടിക്കുന്ന രൂപകത്തിലാണ് ലെ ക്ലെസിയോയുടെ മാസ്റ്റര്‍പീസ്‌ നങ്കൂരമിടുന്നത്. രണ്ടു പെണ്‍കുട്ടികള്‍, രണ്ടു ജീവിതാവസ്ഥകള്‍, ഒരേ കാലം എന്നതാണ് ഇവിടെ ഏറ്റുമുട്ടുന്ന സമവാക്യം. ഒരര്‍ത്ഥത്തില്‍ ഇതേ സമവാക്യത്തെ വ്യതസ്തമായ രീതിയില്‍ പിന്തുടരുന്ന നോവലാണ്‌ Minor Details എന്നു പറയാം. രണ്ടു കാലങ്ങള്‍, രണ്ടു സ്ത്രീകള്‍, ഒരേയിടം എന്നിങ്ങനെയാണ് നോവലിന്റെ ഭൂമിക നിര്‍വ്വചിക്കപ്പെടുന്നത് അങ്ങനെയാണ്. രണ്ടു ദേശങ്ങള്‍, രണ്ടു തരം പീഡാനുഭവങ്ങള്‍, ആവര്‍ത്തിക്കപ്പെടുന്ന ചരിത്ര ദുരന്തങ്ങള്‍ എന്ന വലിയ പ്രമേയത്തിന്റെ കണ്ണാടിയായി ഇതിനെ കാണാം. നക്ബക്ക് ശേഷം ഒരു വര്‍ഷം പിന്നിട്ട 1949 ആഗസ്റ്റ് എന്നു ആദ്യഭാഗം കൃത്യമായി കാലഗണന വെളിപ്പെടുത്തുന്നുണ്ട്. നഖാബ് മരുഭൂമിയില്‍ ഇജിപ്തിന്റെ അതിര്‍ത്തിയോട് ചേര്‍ന്നു പുതുദേശത്തിനു കാവല്‍ നില്‍ക്കുന്ന ഇസ്രായേലി സൈനികര്‍ മടുപ്പും ആവര്‍ത്തന വിരസതയും നിറഞ്ഞ ദിനരാത്രങ്ങളെ ചടങ്ങുപോലെയുള്ള ശുചീകരണ ജോലികളും റോന്തുചുറ്റലും മറ്റുമായി തള്ളി നീക്കുന്നു. ശുചീകരണത്തിനും ശുദ്ധീകരണത്തിനുമിടയിലെ (cleaning/ cleansing) അതിരുകള്‍ നേര്‍ത്തുപോകുന്നത്/ ഇല്ലാതാകുന്നത് നോവലില്‍ അതിസൂക്ഷ്മമായി ആവര്‍ത്തിച്ചു പരിഗണിക്കപ്പെടുന്നുണ്ട്. “ബാക്കിയുള്ള അറബികളെ ഉന്മൂലനം ചെയ്യുക (“cleanse it of any remaining Arabs”) എന്നത് തന്നെയാണ് അധിനിവേശ സൈന്യത്തിന്റെ ഉത്തരവാദിത്തവും. ചിലന്തിയുടെ കടിയില്‍ നിന്നു കമാണ്ടരുടെ തുടയിലേറ്റ മുറിവില്‍ പഴുപ്പ് ബാധിക്കാതിരിക്കാനായി സാനിറ്റൈസര്‍ കൊണ്ടുള്ള സ്വയം പരിചരണത്തിന്റെ വിശദാംശങ്ങള്‍ പോലെ, ഇനിയൊരു ഘട്ടത്തില്‍ ഒരു സ്നാനപ്പെടുത്തല്‍ പ്രക്രിയയും വിവരിക്കപ്പെടും. ക്യാമ്പിലെ ഏകതാനമായ അവസ്ഥകള്‍ക്കു മാറ്റമുണ്ടാകുന്നത് നാടോടി ബദവികളെ കണ്ടെത്തുകയും അത് ഭ്രാന്തമായ കൂട്ടക്കുരുതിയില്‍ കലാശിക്കുകയും ചെയ്യുന്നതോടെയാണ്. നോവലിലെ ഒരു നിതാന്ത സാന്നിധ്യമാകുന്ന തന്റെ നായയോടൊപ്പം അതിജീവിക്കുന്ന “തന്റെ കറുത്ത വസ്ത്രങ്ങളില്‍ ഒരു ചീവീടിനെ പോലെ ചുരുണ്ടുകൂടിയ” ഒരേയൊരു പെണ്‍കുട്ടിയുടെ വിധിയാണ് നോവലില്‍ നിര്‍ണ്ണായകമാകുകയും രണ്ടാം ഭാഗത്തിലെ കഥയിലേക്ക്‌ നീളുകയും ചെയ്യുക. ക്യാമ്പിലേക്ക് കൊണ്ടുവരപ്പെടുന്ന പെണ്‍കുട്ടിയുടെ മുഷിഞ്ഞുനാറിയ അവസ്ഥ, ശുദ്ധീകരണ ബാധയുള്ള (obsession) കമാണ്ടരെ അവളെ വൃത്തിയാക്കിയെടുക്കാന്‍ പ്രേരിപ്പിക്കുന്നു. എന്നാല്‍ ശക്തമായ പൈപ്പിനു ചുവടെ പൂര്‍ണ്ണ നഗ്നയായി, വിസ്തരിച്ചു സോപ്പുപതയില്‍ കുളിച്ചുള്ള സ്നാനപ്പെടുത്തല്‍ നേരിടേണ്ടി വരുന്ന ബദവി പെണ്‍കുട്ടിയുടെ അപമാനം ‘ശുചീകരണം’ എന്നതിലേറെ ഇസ്രായേലി ധാര്‍ഷ്ട്യം ഫലസ്തീനു നേരെ എക്കാലവും അരങ്ങേറിയ വംശീയ ശുദ്ധീകരണ’ (ethnic cleansing)  വുമായാണ് ചേര്‍ന്ന് നില്‍ക്കുന്നത്. തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളും ആ വഴിക്കാണ്. അവളുടെ ഉടലിലേക്ക് നീളുന്ന സൈനികരുടെ കണ്ണുകളെ ആദ്യ ഘട്ടത്തില്‍ കര്‍ശന വിലക്കുകളോടെ നിയന്ത്രിക്കുന്ന കമാണ്ടര്‍ അവളെ അധികൃതര്‍ക്ക് കൈമാറും വരെ അടുക്കളയില്‍ നിര്‍ത്താം എന്നാലോചിക്കുന്നുണ്ട്. എന്നാല്‍ രാത്രിയുടെ പ്രലോഭനത്തില്‍ അയാള്‍ത്തന്നെ തുടങ്ങിവെക്കുന്ന ബലാല്‍ക്കാര പ്രക്രിയ അനിയന്ത്രിതമായ കൂട്ടബലാല്‍ക്കാരത്തിലേക്കും പെണ്‍കുട്ടിയുടെ കൊലയിലേക്കും, നിരാര്‍ദ്രമായ അടക്കത്തിലേക്കും നയിക്കുന്നു. “പെട്രോള്‍ വെറുതെ കളയുന്നത് നാണക്കേടായിരുന്നു” എന്നു അന്വേഷണ ഏജന്‍സികള്‍ക്കു മുന്നില്‍ സൈനികരുടെ ചെയ്തിയെ കമാണ്ടര്‍ ന്യായീകരിക്കും. കണ്ണില്‍ച്ചോരയില്ലാത്ത ക്രൂര കൃത്യങ്ങള്‍ക്കു പ്രാപ്തനായ സാഡിസ്റ്റ് ആയ കമാണ്ടര്‍ സയണിസ്റ്റ് ദൗത്യം വിട്ടുവീഴ്ചയില്ലാതെ നടപ്പില്‍ വരുത്തുന്ന യുദ്ധക്കൊതിയനാണ് എന്ന് വിവരിക്കപ്പെടുന്നു (2).  ത്രീതീയ വ്യക്തിക (third person) ആഖ്യാനത്തിലൂടെ കമാണ്ടരുടെ കാഴ്ചപ്പാടില്‍ വിവരിക്കപ്പെടുന്ന ഈ ആദ്യഭാഗം, ദേശവാസികള്‍ക്കു നേരെയുള്ള വികാരശൂന്യവും അലക്ഷ്യവുമായ ഇസ്രയേലി അത്യാചാരങ്ങളുടെ ആദ്യകാല മാതൃകയാണ്; ഒപ്പം എന്നേക്കും പ്രസക്തവും.

വര്‍ത്തമാനത്തില്‍, പുതിയനൂറ്റാണ്ടാദ്യം കഥാകാലമായ രണ്ടാം ഭാഗം ആദ്യകഥയിലെ സ്തോഭജനകമായ സംഭവത്തെ കുറിച്ചുള്ള പത്ര റിപ്പോര്‍ട്ട്, റാമല്ലക്കാരിയായ പേരു പറയുന്നില്ലാത്ത ആഖ്യാവിന്റെ ശ്രദ്ധയില്‍ പതിയുന്നതോടെയാണ് ആരംഭിക്കുന്നത്. താന്‍ ജനിച്ചതിന്റെ കൃത്യം ഇരുപത്തിയഞ്ചു വര്‍ഷം മുമ്പാണ് സംഭവം ഉണ്ടായത് എന്നത്, പ്രസ്തുത ‘കൊച്ചു വിശദാംശ’ത്തെ (minor detail) അവരുടെ മനസ്സില്‍ കൊത്തിവെക്കുന്നു. ആദ്യകഥയിലെ കമാണ്ടര്‍ക്ക് ‘ശുദ്ധി’യോടുള്ള ഒഴിയാബാധപോലെ ഇവിടെ ആഖ്യാതാവിന് ‘കൊച്ചു വിശദാംശങ്ങ’ളോടാണ് കടുംപിടുത്തമുള്ളത്. ദുരൂഹമായ ഒരു ചോദനയാലെന്നോണം ദുരന്തത്തിനിരയായ പെണ്‍കുട്ടിയെ കുറിച്ച് കൂടുതല്‍ അന്വേഷിക്കാനുള്ള ത്വര അവളില്‍ രൂഡമാകുന്നു. എന്നാല്‍ തന്റെ കയ്യിലുള്ള പച്ചനിറത്തിലുള്ള തിരിച്ചറിയല്‍ കാര്‍ഡ് ‘സോണ്‍-ഏ’ക്ക് അപ്പുറം പോകാന്‍ അനുവദിക്കുന്നില്ല. സൈനിക അടിയന്തിരാവസ്ഥകള്‍ ഇല്ലാത്ത ഘട്ടങ്ങളില്‍ ‘സോണ്‍-ബി’യിലേക്കു കടക്കാന്‍ അതുമതിയവുമെങ്കിലും ഇപ്പോള്‍ സൈനിക അടിയന്തിരാവസ്ഥയെന്നത് നിയാമകം തന്നെയാണ്. ഫലസ്തീന്‍ യാഥാര്‍ത്ഥ്യത്തിന്റെ മുഖമുദ്രയായ ചെക്ക് പോയിന്റുകളും അവിടങ്ങളിലെ മടുപ്പു ബാധിച്ച നിരാര്‍ദ്ര സമീപനം മുഖമുദ്രയായ സൈനികരും നല്‍കുന്ന നിരന്തര അവമതിയുടെയും ജീവല്‍ഭീഷണിയുടെയും അനുഭവങ്ങളൊന്നും പക്ഷെ അവളെ പിന്തിരിപ്പിക്കാന്‍ പര്യാപ്തമല്ല. ഒരു സുഹൃത്തിന്റെ ഐ.ഡി. കാര്‍ഡുപയോഗിച്ച് അത്യന്തം അപകടകരമായ ഒരാള്‍മാറാട്ടത്തിലൂടെ ‘സോണ്‍-സി’യിലുള്ള സംഭവസ്ഥലത്തേക്കും അതെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കാന്‍ സാധ്യതയുള്ള സൈനിക ആര്‍ക്കൈവുകളിലേക്കും പോകാന്‍ അവള്‍ തയ്യാറാകുന്നത് വീണ്ടും ‘കൊച്ചു വിശദാംശങ്ങളില്‍’ ഉള്ള വിധേയത്വം അടയാളപ്പെടുത്തുന്ന നാല് വ്യത്യസ്ത മാപ്പുകളുമായാണ്. റോഡുമാര്‍ഗ്ഗത്തെ കുറിച്ച് വിവരം നല്‍കുക എന്നതു മാത്രമല്ല, 1948, 1984 എന്നീ വ്യത്യസ്ത കാലങ്ങളിലെ ഫലസ്തീന്‍ ഭൂപടങ്ങളിലെ പരിണാമങ്ങളെ കൂടി സൂക്ഷ്മമായി സൂചിപ്പിക്കുന്നുണ്ട്. പഴയ ഭൂപടത്തിലുള്ള പല സ്ഥലങ്ങളും തനിക്കപരിചിതമാണെന്നു അവള്‍ തിരിച്ചറിയുന്നു. ആര്‍ക്കൈവുകളില്‍ നിന്നു അവള്‍ക്കു വിവരങ്ങള്‍ ഒന്നും കിട്ടുന്നില്ല എന്നത് സംഭവം നടന്ന ഫലസ്തീന്‍ ഗ്രാമം തന്നെയും അപ്രത്യക്ഷമായിരിക്കുന്ന വിപര്യയത്തിന്റെ യാഥാര്‍ത്ഥ്യവുമായി ചേര്‍ന്നു പോകുന്നു. ഏതു നിമിഷവും പിടിക്കപ്പെട്ടെക്കാം എന്ന ഭയം നിരന്തരം വേട്ടയാടുമ്പോഴും മരുഭൂമിയിലൂടെ ഇസ്രയേല്‍ പ്രദേശങ്ങളിലേക്കുള്ള യാത്രക്കിടെ, ഫലസ്തീനിയന്‍ കണ്ണുകളിലൂടെ ഇസ്രയേലിനെ കണ്ടുതുടങ്ങുകയാണ് വായനക്കാര്‍. ആദ്യകഥയിലെ കമാണ്ടരുടെ കാഴ്ച്ചയുടെ എതിര്‍മുഖം ഇവിടെ കാണാം. ഇരു കഥകളിലും കഥാപാത്രങ്ങള്‍ക്കാര്‍ക്കും പേരുകള്‍ നല്‍കപ്പെട്ടിട്ടില്ല എന്നതും ഇതേ ‘ദേശീയ കഥാ’ (national allegory) പരിസരത്തെ ശക്തമാക്കുന്നുണ്ട്.

യുവ ആഖ്യാതാവിന്റെ യാത്ര ഒരു ചോദ്യവും പരിഹരിക്കാനുള്ളതല്ലെന്നു ഇസ്രയേല്‍-പലസ്തീന്‍ ദുരന്തത്തെ കുറിച്ച് സാമാന്യ ബോധമുള്ള വായനക്കാര്‍ക്ക് സുവ്യക്തമാണ്. ഡിഫെന്‍സ് മ്യൂസിയത്തില്‍ നിന്ന് കാര്യമായൊന്നും കണ്ടെത്താനാവാത്തതിന്റെ നിരാശയോടെ പിന്‍വാങ്ങുമ്പോഴും ഒരു മികച്ച കഥാകാരിയുടെ ഗുണങ്ങള്‍ തനിക്കില്ലെന്നു തിരിച്ചറിയുന്നുണ്ട് ആഖ്യാതാവ്. സോണ്‍-സി യിലേക്കുള്ള ചകിതമായ യാത്രക്കിടെ  ലിഫ്റ്റ് നല്‍കുന്ന വയോധികക്ക് താന്‍ അന്വേഷിക്കുന്ന വിഷയത്തില്‍ വിവരങ്ങള്‍ നല്‍കാനാവുമായിരുന്നു എന്ന് തിരിച്ചറിയാതെ അവസരം നഷ്ടപ്പെടുത്തിയത് തന്റെ അമാന്തമായിരുന്നു എന്നു അവള്‍ പറയുന്നുണ്ട്. കഥാകാരിയെന്ന പ്രിവിലെജിന്റെ അഭാവത്തില്‍ കഥ പറയാന്‍ ഇറങ്ങിത്തിരിക്കുന്നതിന്റെ ‘ക്വിക്സോട്ടിക്’ ധൈര്യം ഒരു വേള അവളെ മഥിക്കുന്നുണ്ട്. ഒരു ഘട്ടത്തില്‍ അവള്‍ സ്വയം ഓര്‍മ്മിപ്പിക്കുന്നു: “അവള്‍ക്കു (സംഭവിച്ചതിനു) താന്‍ ഉത്തരവാദിയാണ് എന്ന് കരുതുന്നതില്‍ കാര്യമില്ല, അവള്‍ ആരുമായിരുന്നില്ല, ഒരിക്കലും ആരുമാകാന്‍ പോകുന്നില്ല, അവളുടെ സ്വരം ആരും കേള്‍ക്കുകയില്ല.” ശൂന്യതാ വാദത്തോളമെത്തുന്ന ഇതേ ചരിത്ര ദുരന്തങ്ങള്‍ വീറില്ലാതെ ആവര്‍ത്തിക്കുന്നതെങ്ങനെ എന്ന ശ്വാസം മുട്ടിക്കുന്ന ചോദ്യമാണ് നോവലിന്റെ അവസാന വാചകം ഹൃദയ ഭേദകമാം വിധം ഉന്നയിക്കുന്നതും. 144 പുറങ്ങള്‍ മാത്രമുള്ള നോവലിനെ അടുത്ത കാലത്തിറങ്ങിയ ഏറ്റവും ദീപ്തമായ ഒന്നാക്കി മാറ്റുന്നതും രക്ഷാമാര്‍ഗ്ഗങ്ങള്‍ ഏതുമില്ലാത്ത ഈ ദുരന്തബോധം ഏറ്റവും തീക്ഷ്ണമായും രചനാ സൌഷ്ടവത്തോടെയും പങ്കുവെക്കുന്നു എന്നത് തന്നെയാണ്. അറബ് മൂലത്തോട് ഏറ്റവും നീതി പുലര്‍ത്തുന്നതാണ് എലിസബത്ത് ജാക്കെറ്റ്‌ നിര്‍വ്വഹിച്ച ഇംഗ്ലീഷ് മൊഴിമാറ്റമെന്നു നിരൂപകമതം. ബദവി പെണ്‍കുട്ടിയുടെ – ഒരുവേള അക്കഥ അന്വേഷിച്ചു പോകുന്നവളുടെയും - വിധി പ്രവചനീയമാണെങ്കിലും ആ ദുരന്ത കഥ ആവിഷ്കരിക്കുന്നതിലെ കയ്യടത്തിലൂടെ സമകാലിക അറബ് സാഹിത്യത്തില്‍ വേറിട്ടുനില്‍ക്കുന്ന ഒരു രാഷ്ട്രീയ നോവല്‍ സൃഷ്ടിക്കുകയാണ് അദാനിയ ശിബിലി ചെയ്യുന്നത് എന്ന് നിരീക്ഷിക്കപ്പെടുന്നു. അടിയാളസ്വരത്തെ സംബന്ധിച്ച പതിവുകള്‍ക്കു വ്യത്യസ്തമായി, ശിബിലി തന്റെ ‘ഇര’ക്കു വേണ്ടിയോ പാര്‍ശ്വവല്ക്കരിക്കപ്പെട്ടവര്‍ക്കു വേണ്ടിയോ സംസാരിക്കുകയോ, ഇരയെ വീരപരിവേഷത്തിലേക്ക് ഉയര്‍ത്തുകയോ ചെയ്യുന്നില്ല. “പകരം വിദൂര സ്വരങ്ങളേയും പേരില്ലാത്ത കഥാപാത്രങ്ങളെയും തല്‍സമയ വിവരണങ്ങളെയും ഉപയോഗിച്ചു കുറ്റകൃത്യത്തെ ചൂഴ്ന്നു നില്‍ക്കുന്ന അനായസതയെയും മൌനത്തെയും പൊലിപ്പിക്കുന്നതിലാണ് അവര്‍ തല്‍പ്പരയായിരിക്കുന്നത്” (3).

തലക്കെട്ടിലെ ക്രൂരമായ ഐറണിയോടൊപ്പം വൈകാരികാംശങ്ങളെ തീര്‍ത്തും ഒഴിവാക്കി ‘കര്‍മ്മങ്ങളില്‍’ കേന്ദ്രീകരിക്കുന്ന ആഖ്യാനം, വിശേഷിച്ചും ആദ്യകഥാ ഭാഗത്ത്, ഭാഷയ്ക്ക്‌ വിധികല്‍പ്പനാ സ്വരത്തില്‍ നിന്ന് വ്യത്യസ്തമായി ഒരു അരങ്ങു നിയന്ത്രണ സ്വരം (stage direction) നല്‍കുന്നുവെന്നും വസ്തുതകള്‍ രേഖപ്പെടുത്തുന്ന ഭാവം പകരുന്നുവെന്നും നിരീക്ഷിക്കപ്പെടുന്നു. രണ്ടാം കഥയുടെ കാര്യത്തില്‍, “ഇപ്പോഴും വിലപിക്കുന്ന കറുത്ത കൂട്ടം” എന്ന് നേരത്തെ വിവരിക്കപ്പെട്ട, അവളുടെ പീഡകര്‍ക്ക് മനസ്സിലാകാത്ത ഭാഷയില്‍ കരയുന്നവര്‍ മാത്രമായി നാം കണ്ടവര്‍ക്ക് കര്‍തൃത്വം തിരികെ നല്‍കാനുള്ള ശ്രമമാകട്ടെ, അന്തിമമായി, മുന്നോട്ടു നീങ്ങാനാവാത്ത ഒരറ്റത്ത് അവസാനിക്കുകയും ചെയ്യുന്നു” (4). ‘കൊച്ചു വിശദാംശം’ എന്ന് ഏകവചനത്തിലുള്ള തലക്കെട്ടിലെ സൂചന ഇരിക്കുമ്പോഴും യഥാര്‍ഥത്തില്‍ നോവല്‍ “ഭൂതകാലത്തിന്റെ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്ന വിലപിക്കുന്നവരുടെ ട്രോമ സംഭരിക്കപ്പെട്ട ബഹുത്വമുള്ള കൊച്ചു വിശദാംശങ്ങളുടെ ആകത്തുക”യാണെന്നും അങ്ങനെ അവതരിപ്പിക്കുന്നതിലൂടെ ചെറു ചെയ്തികളെ വലുതായി കാണിക്കുകയും വമ്പന്‍ ആഖ്യാനങ്ങളെ മാറ്റിനിര്‍ത്തുകയും ചെയ്തുകൊണ്ട് ചരിത്രത്തിനും അതിന്റെ പാര്‍ശ്വങ്ങള്‍ക്കുമിടയില്‍ വെച്ചുമാറുന്നു എന്നും മോനാ കരീം നിരീക്ഷിക്കുന്നു. അന്തിമവിജയം എന്ന വലിയ സങ്കല്‍പ്പത്തിനു അനുരോധമല്ലെങ്കിലും, രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന ഒരു മടക്കയാത്ര ഒരു പലസ്തീനിയന്‍ യുവതിക്ക് വിഭാവനം ചെയ്യാനും രണ്ടാം കഥ ഒരുവേള ഇടം കണ്ടെത്തുന്നുണ്ട് എന്നും അവര്‍ സൂചിപ്പിക്കുന്നു (Mona Kareem). ആദ്യകഥയിലും രണ്ടാമത്തെതിലും ആവര്‍ത്തിക്കുന്ന ബിംബങ്ങളും അന്തരീക്ഷവും – വിലാപഭാവത്തോടെ പിന്തുടരുകയും ഓരിയിടുകയും ചെയ്യുന്ന ഒരു നായ, മരുഭൂ ചൂട്, മുറിവുകളുടെയും അഴുക്കിന്റെയും തുളഞ്ഞിറങ്ങുന്ന പ്രത്യേക ഗന്ധങ്ങള്‍, ഇസ്രയേലി ഓഫീസറുടെ കയ്യിലുള്ള 1948ലെയും രണ്ടാം കഥയിലെ ആഖ്യാതാവിന്റെ കയ്യില്‍ അതോടൊപ്പം തന്നെയുള്ള 1984ലെയും  മാപ്പുകള്‍ തുടങ്ങിയവ – ഇരുഭാഗങ്ങളെയും ഘടനാപരമായി ഒരുമിപ്പിക്കുമ്പോഴും പോകെപ്പോകെ അതിലിത്തിരി കൃത്രിമത്വം കലരുന്നുണ്ടോ എന്നും തോന്നാം.

 

 

References:

(1) Aviv Lavie, Moshe Gorali, 'I Saw Fit to Remove Her From the World', HAARETZ, Oct. 29, 2003, https://www.haaretz.com/1.4746524.   Accessed 25.05.2021.

(2) Fatima Bhutto, ‘Minor Detail by Adania Shibli review – horror in the desert’, ‘Fiction in translation’, theguardian, 30 May 2020, https://www.theguardian.com/books/2020/may/30/minor-detail-by-adania-shibli-review-horror-in-the-desert.  Accessed 25.05.2021.

(3) Mona Kareem, ‘Adania Shibli’s “Minor Detail” Caps Its Author’s Long Quest for a Language of Life Under Occupation’, wordswithoutborders, June 2020, https://www.wordswithoutborders.org/book-review/adania-shiblis-minor-detail-caps-its-authors-long-quest-for-a-language-of-l.  Accessed 25.05.2021.

(4) Anthony Cummins, ‘Minor Detail by Adania Shibli review – between-the-lines horror’, theguardian, 2 Jun 2020, https://www.theguardian.com/books/2020/jun/02/minor-detail-by-adania-shibli-review-between-the-lines-horror.  Accessed 25.05.2021.


(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 295-302)

To purchase, contact ph.no:  8086126024

read more:

The Dance of the Deep-Blue Scorpion by Akram Musallam / Sawad Hussain

https://alittlesomethings.blogspot.com/2024/09/the-dance-of-deep-blue-scorpion-by.html

Mornings in Jenin by Susan Abulhawa

https://alittlesomethings.blogspot.com/2015/12/blog-post_9.html

Men in the Sun by Ghassan Kanafani

https://alittlesomethings.blogspot.com/2024/09/men-in-sun-by-ghassan-kanafani.html

The Book of Disappearance by Ibtisam Azem/ Sinan Antoon 

https://alittlesomethings.blogspot.com/2024/09/the-book-of-disappearance-by-ibtisam.html

Friday, September 6, 2024

Fractured Destinies by Rabai al-Madhoun

ദേശസ്മൃതിയുടെ മുറിവുകള്‍



അധിനിവേശ പൂര്‍വ്വ പലസ്തീനിലെ മജ് ദാലില്‍ അഷ്കലാന്‍ പ്രവിശ്യയില്‍ 1945-ല്‍ ജനിച്ച മദ് ഹൂന്‍ (റബായ് അല്‍ മദ് ഹൂന്‍ ) തന്റെ മൂന്നാം വയസ്സില്‍ (1948) അരങ്ങേറിയ നഖ് ബ എന്നറിയപ്പെട്ട ഇസ്രായേലി അധിനിവേശത്തെയും കുടിയിറക്കിനെയും തുടര്‍ന്ന് അഭയാര്‍ഥിയാക്കപ്പെട്ട തലമുറയിലെ അംഗമാണ്. പതിമൂന്നാം വയസ്സില്‍, ഖാന്‍ യൂനിസ് അഭയാര്‍ഥി കേന്ദ്രത്തില്‍ ഇരുനൂറ്റി അമ്പതോളം പേരെ കൂട്ടക്കുരുതി നടത്തുന്നത് നേരില്‍ കണ്ട അനുഭവവും അദ്ദേഹത്തിനുണ്ട്.  1967 ജൂണ്‍ അഞ്ചു മുതല്‍ പത്തു വരെ അരങ്ങേറിയ ആറുദിന യുദ്ധത്തിനു നാളുകള്‍ക്ക് മുമ്പ് മാത്രം ഉപരി പഠനത്തിനായി ഇജിപ്തിലേക്ക് പോയതാണ് അദ്ദേഹത്തിന്റെ വിധി മാറ്റിയെഴുതിയത് എന്ന് പറയാം. തുടര്‍ന്നുള്ള പാലായനത്തിന്റെ നാളുകളില്‍ സിറിയ, ഇറാഖ്, ലബനോന്‍, സൈപ്രസ്,  മോസ്കോ തുടങ്ങി ഒടുവില്‍ 1993-ല്‍ ലണ്ടനില്‍ വാസമുറപ്പിക്കും വരെ നാളുകള്‍ പാലായനത്തിന്റെതും പ്രവാസത്തിന്റെതുമായിരുന്നു അദ്ദേഹത്തിന്. 1970-ല്‍ ബ്ലാക്ക് സെപ്തംബര്‍ എന്നറിയപ്പെട്ട ജോര്‍ദാനിയന്‍ - പി. എല്‍ .ഓ. സംഘര്‍ഷവും അദ്ദേഹം നേരില്‍ കണ്ടിട്ടുണ്ട്.  1993 മുതല്‍ ജേണലിസ്റ്റ് ആയി പ്രവര്‍ത്തിച്ചിട്ടുള്ള മദ് ഹൂനിന്റെ രണ്ടാമത് നോവല്‍ ദി ലേഡി ഫ്രം ടെല്‍ അവീവ് 2010-ലെ IPAF (അറബ് ബുക്കര്‍) അന്തിമ ലിസ്റ്റില്‍ ഇടം പിടിച്ചപ്പോള്‍ മൂന്നാമത് നോവല്‍ ‘Fractured Destinies’ പ്രസ്തുത പുരസ്കാരം നേടിയെടുത്തു (2016). 

“ഇസ്രായേലില്‍ ഒരു പലസ്തീനിയായിരിക്കുകയെന്നാല്‍ വലിയൊരു വൈരുധ്യത്തില്‍ ജീവിക്കലാണ്: ജന്മദേശത്തായിരിക്കുമ്പോഴും പരദേശിയായിരിക്കുക അഥവാ, ഇസ്രായേലി ദേശീയത അംഗീകരിക്കാന്‍ നിര്‍ബന്ധിതരായി അധിനിവേശത്തിനു കീഴില്‍ കഴിയുക എന്നതാണത്. ഏറെ വേദനിപ്പിക്കുന്ന ഒരു ചോദ്യത്തെ അവര്‍ നിരന്തരം നേരിടെണ്ടിയും വരുന്നു: സ്വദേശം വിട്ടുപോകണോ അതോ അധിനിവേശം നടത്തിയവര്‍ സ്വന്തം ചരിത്രവും സംസ്കാരവും തുടച്ചു നീക്കുന്നതിന്റെ സംഘര്‍ഷം സഹിച്ചും പിറന്ന മണ്ണില്‍ തുടരണോ എന്നതിനെ” *(1). പിറന്ന മണ്ണ് വിട്ടുപോകാന്‍ തയ്യാറാവാതെ അവമതി ഏറ്റുവാങ്ങേണ്ടി വരുന്നവരും നിതാന്ത അഭയാര്‍ഥിത്വത്തിന്റെയും പ്രവാസത്തിന്റെയും ദുര്‍വ്വിധി പേറുന്നവരുമായ ഏതാനും കഥാപാത്രങ്ങളിലൂടെ പലസ്തീനിയന്‍ ചരിത്രത്തിന്റെ ദുരന്ത മുഖങ്ങളെ അവതരിപ്പിക്കുന്നു ‘Fractured Destinies’. നാലു ഭാഗങ്ങളുള്ള ബഹുസ്വര ആഖ്യാനത്തിലൂടെ ഭൂത-വര്‍ത്തമാന കാലങ്ങള്‍ ഇടകലരുകയും ഇടയ്ക്കിത്തിരി സാങ്കല്‍പ്പിക ഭാവിയിലേക്ക് എത്തിനോക്കുകയും ചെയ്യുന്ന ഇതിവൃത്തത്തില്‍ ഓരോ ഭാഗവും ഒരു കണ്‍സര്‍ട്ടോയിലെന്നോണം ഹോളോകോസ്റ്റ്, 1948-ല്‍ നഖ്ബയെ തുടര്‍ന്നുണ്ടായ പലസ്തീനിയന്‍ പാലായനം, പലസ്തീനികള്‍ക്ക് തിരികെ വരാനുള്ള അവകാശം എന്നീ വിഷയങ്ങളെ സമീപിക്കുന്നു. എന്നാല്‍ ഒരു കണ്‍സര്‍ട്ടോയിലെ പോലെ നല്ല, വൃത്തിയുള്ള ഒരന്ത്യം പുസ്തകത്തിനില്ലെന്നും, വായനാന്ത്യത്തില്‍ ഉത്തരങ്ങളല്ല, ചോദ്യങ്ങളാണ് വായനക്കാരെ കാത്തിരിക്കുന്നത് എന്നും നിരീക്ഷിക്കപ്പെടുന്നു *(2). 

പലസ്തീനിലെ ഇസ്രയേല്‍ സംസ്ഥാപനത്തിന്റെ തുടക്കമായ നഖ്ബ എന്നറിയപ്പെട്ട പാലായന ദുരന്തത്തിന്റെ നാളുകളില്‍ രണ്ടുമാസം പ്രായമുള്ള മകളോടും ഇംഗ്ലീഷുകാരനായ ഭര്‍ത്താവിനോടുമൊപ്പം ഇംഗ്ലണ്ടിലേക്ക് പാലായനം ചെയ്ത പലസ്തീനിയന്‍ - അര്‍മീനിയന്‍ പൌരയായ ഇവാനാ അര്‍ദാകിയന്‍, മകള്‍ ജൂലിയോടും തെക്കന്‍ ഇസ്രയേലിലെ അസ്കലാന്‍ സ്വദേശിയായ അവളുടെ ഭര്‍ത്താവ് വാലിദിനോടും തന്റെ ചിതാഭസ്മം ജനിച്ചുവളര്‍ന്ന ആക്കറിന്റെ മണ്ണില്‍ എത്തിക്കണം എന്ന അന്ത്യാഭിലാഷം അറിയിക്കുന്നതാണ് നോവലിന്റെ തൊടുത്തുവിടല്‍ ആയിത്തീരുന്നത്. നഖ്ബയുടെ ഘട്ടത്തില്‍ അമ്മാവന്‍ മഹ്മൂദ് ദഹ്മാന്‍ അസ്കലാന്‍ വിട്ടുപോകാന്‍ വിസമ്മതിച്ചത് അയാളുടെ കുട്ടിക്കാലം ഗാസയിലെ അഭയാര്‍ഥി ക്യാമ്പിലാക്കി. മഹമൂദിന്റെ മകളും വാലിദിന്റെ കസിനുമായ ജിനിന്‍ അതുകൊണ്ട് ഇസ്രയേല്‍ പൌരയാണ്; യു. എസ്സില്‍ അഭയം തേടിയ കുടുംബത്തില്‍ പിറന്ന അവളുടെ ഭര്‍ത്താവ് ബാസിമിന് യു. എസ്. പൌരത്വവും ആണുള്ളത്. ഏറെ ശ്രമപ്പെട്ട്‌ നേടിയെടുക്കുന്ന, ഇടവേള തോറും അനന്തമായ ചുവപ്പുനാടയിലൂടെ പുതുക്കിക്കൊണ്ടിരിക്കുന്ന റെസിഡന്‍സി പെര്‍മിറ്റ്‌, ഒരു തൊഴില്‍ പെര്‍മിറ്റ്‌ കൂടിയാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ നിരന്തരം പരാജയപ്പെടുന്നത് ബാസിമിനെ മഥിക്കുന്നുണ്ട്. “തന്തക്കു പിറക്കാത്തവര്‍! ഞാനൊരു സ്വവര്‍ഗ്ഗാനുരാഗി ആയിരുന്നെങ്കില്‍ അവര്‍ എന്റെ കഴുത്തില്‍ ഒരു മനുഷ്യാവകാശ പ്ലക്കാര്‍ഡ് കെട്ടിത്തൂക്കി എന്നെ ജോലി ചെയ്യാന്‍ അനുവദിച്ചേനെ!” എന്ന് അയാള്‍ പൊട്ടിത്തെറിക്കുന്നുണ്ട്. എന്നാല്‍ “ജാഫയോടുള്ള സ്നേഹം അയാളെ ശുദ്ധീകരിച്ചു” എന്നു നോവലിസ്റ്റ് എഴുതുന്നു. വര്‍ക്ക് പെര്‍മിറ്റിന്റെ അഭാവത്തില്‍ ബത് ലഹേമിലേക്ക് പോകാനുള്ള അയാളുടെ നിര്‍ദ്ദേശം ജിനിന്‍ തള്ളിക്കളയുന്നത് പ്രണയപൂര്‍ണ്ണമായ അവരുടെ ദാമ്പത്യത്തിന് വലിയ ഭീഷണി ഉയര്‍ത്തുന്നുമുണ്ട്. എന്നാല്‍, അറിയപ്പെടുന്ന പലസ്തീനി എഴുത്തുകാരനായ കസിന്‍ വലിദിന്റെ മേല്‍നോട്ടത്തില്‍, അമ്മാവന്റെ ജീവിതകഥ ആസ്പദമാക്കി ‘വിട്ടുപോകാത്തവന്‍: ഒരു വങ്കന്‍ പലസ്തീനി’ (The Remainer: Stupid Palestinian) എന്ന വിവാദമുണര്‍ത്താവുന്ന നോവല്‍ എഴുതിക്കൊണ്ടിരിക്കുന്ന ജിനിന്‍ അമ്മാവന്റെ അതേ കര്‍ശന നിലപാടു തന്നെയാണ് തുടരുക: “ഞാന്‍ പടുത്തുയര്‍ത്തിയതും, എന്‍റെതായതൊന്നും, ഞാന്‍ ജീവിച്ചിരിക്കെ മറ്റു ദേശങ്ങളില്‍ നിന്ന് കുടിയേറിയവര്‍ക്ക് അവ പതിച്ചു കിട്ടാന്‍ പാകത്തില്‍ ഞാന്‍ വിട്ടുപോകില്ല.” ബാസിം ഇടഞ്ഞുതുടങ്ങുമ്പോള്‍ അവള്‍ സങ്കടപ്പെടുന്നു: “ദൈവമേ, പ്രവാസം ഞങ്ങളെ ഒരുമിപ്പിച്ചതിന് ശേഷം സ്വദേശം ഞങ്ങളെ വേര്‍പ്പിരിക്കുന്നത് അസംബന്ധം തന്നെ!” ഓണ്‍ ലൈനില്‍ കണ്ടെത്തി വിവാഹിതരായ ഇരുവരുടെയും പ്രണയം ഒരര്‍ത്ഥത്തില്‍ പലസ്തീനിയന്‍ കുടിയൊഴിക്കലിന്റെ ഒരു രൂപകം തന്നെയായിത്തീരുന്നു. ജിനിന്‍ നോവലിന്റെ ഹൃദയത്തിലെ ആത്യന്തിക ചോദ്യം നേരിടുകയാണ്: ആരാണ് സ്വന്ത ദേശത്ത്‌? ആരാണ് പ്രവാസി? 

 

നഖ്ബക്ക് ശേഷവും പിന്നീട് ഇസ്രയേല്‍ ആയിത്തീര്‍ന്ന സ്വന്തം ഇടങ്ങള്‍ വിട്ടുപോകാന്‍ കൂട്ടാക്കാത്ത മഹമൂദ് ദഹമാനെ പോലുള്ള പലസ്തീനികള്‍ക്ക് അവരുടെ കിടപ്പാടം സംരക്ഷിക്കാനയെങ്കില്‍ അവരുടെ ചരിത്രത്തെയും സംസ്കൃതിയെയും ഇല്ലാതാക്കാനുള്ള ക്രമബദ്ധവും അസൂത്രിതവുമായ ഇസ്രായേലി പോളിസികളുടെ ഭാഗമായി സ്വത്വവും അസ്തിത്വ ബോധവും നഷ്ടപ്പെടുന്നതിനു സാക്ഷികളാകേണ്ടി വന്നു. ഓടിപ്പോയവരില്‍ നിന്നും അവസാനമില്ലാത്ത അഭയാര്‍ഥിക്യാമ്പ് ദുരിതത്തില്‍ പെട്ടുപോയവരില്‍ നിന്നും ഒരേ സമയം അസൂയയും ശത്രുവിനോടൊപ്പം അനന്തമായ അനുരഞ്ജനങ്ങളുടെ അവമതിയില്‍ കഴിയുന്നതിന്റെ പേരില്‍ പുച്ഛവും അവര്‍ക്ക് നേരിടേണ്ടി വന്നു. എന്നാല്‍ 1948 മേയ് 14-നു ഇസ്രയേല്‍ രാഷ്ട്രപ്രഖ്യാപന ഘട്ടത്തില്‍ ബെന്‍ ഗൂറിയന്റെ മുഖത്തു കാര്‍ക്കിച്ചു തുപ്പിയ ധീരനായി മഹമൂദിനെ ഇവാന ഓര്‍ക്കുന്നു. തന്റെ പിടിവാശിയിലൂടെ കുടുംബത്തിന്റെ ഒരു ശാഖയെ തന്നെയാണ് ജന്മദേശത്തു നട്ടുപിടിപ്പിക്കുന്നത് എന്നാണു അയാളുടെ നിലപാട്: “മഹമൂദ് മാത്രമല്ല ഇവിടെ നിന്നിരിക്കുന്നത് – ഭാവിയില്‍ അയാള്‍ക്കുണ്ടാകുന്ന ആണ്‍മക്കളും പെണ്‍മക്കളും അവിടെത്തന്നെ നില്‍ക്കും!” ജന്മദേശവുമായുള്ള ശാരീരികവും ആത്മീയവുമായ വിച്ഛേദം അഭയാര്‍ഥികളെ നിരന്തരം വേട്ടയാടിയപ്പോള്‍ മുതിര്‍ന്നവരില്‍ നിന്ന് കേട്ടറിവു മാത്രമായി പലസ്തീനിനെ അറിയാന്‍ ശ്രമിക്കുന്ന ജൂലിയെ പോലുള്ള രണ്ടാം തലമുറയ്ക്ക് പുനസമാഗമം ഒരു കാല്‍പ്പനികവല്‍കൃത ആദര്‍ശമാണ്. ലണ്ടനിലെ വീടു വിറ്റ് ആക്കറില്‍ സ്ഥിര താമസമാക്കുന്നതിനെ കുറിച്ചാണ് അവള്‍ വാലിദിനോട് പറയുക. ജറൂസലെമിലും ഹൈഫയിലും അല്‍ മജ്ദാലിലും “അരിച്ചുകയറുന്ന ജൂതവല്‍ക്കരണം” വാലിദിനെ അസ്വസ്ഥനാക്കുമ്പോള്‍ ജൂലി അത് കാണുന്നില്ല. നിറയെ ദ്വാരങ്ങളുള്ള ഒരു വാതില്‍ കാണുമ്പോള്‍ “പലസ്തീന്‍ നിറയെ ജൂത പാര്‍പ്പിടങ്ങള്‍ കൊണ്ട് പുള്ളികുത്തിയിരിക്കുന്നത് പോലെ” എന്ന് വാലിദ് ചിന്തിക്കുന്നു. അഭയാര്‍ഥി ക്യാമ്പില്‍ കഴിഞ്ഞ ബാസിമിനെ പോലുള്ളവര്‍ക്കാകട്ടെ, സ്വന്തം നാട്ടില്‍ അവകാശങ്ങള്‍ ഒന്നുമില്ലാതെ കഴിയുന്നതിന്റെ വീര്‍പ്പുമുട്ടലാണ്‌ ദുസ്സഹമായിരിക്കുന്നത്. എങ്കിലും പലസ്തീനിയുടെ അപാരമായ ശുഭാപ്തിയുടെ ആശയവും അയാള്‍ പങ്കുവെക്കുന്നുണ്ട്: “ഒരു നാള്‍, ജൂതന്മാര്‍ തിരിച്ചു പോകും.. ഇസ്രയേല്‍ എന്നത് പാലസ്തീനിന്റെ ചരിത്രത്തിലെ കടന്നു പോകുന്ന ഒരു ഘട്ടം മാത്രമാണ്.” വാലിദിനെയും ജൂലിയേയും അവര്‍ അന്വേഷിക്കുന്ന അമ്മവീട് കാണിക്കാന്‍ കൂട്ട് പോകുന്ന, ‘എല്ലാം അറിയുന്ന’, ദേശത്തെ സ്വയം പ്രഖ്യാപിത ഗൈഡ് കൂടിയായ അഭിവന്ദ്യ വയോധിക ഫാത്തിമ അല്‍ നസ് റവി ഇസ്രായേലിന്റെ നിര്‍മ്മിത നുണകള്‍ക്കെതിരെ ഉണര്‍ന്നിരിക്കേണ്ടതിന്റെ ആവശ്യകതയായാണ് ടൂറിസ്റ്റുകളുടെ തുണ പോകുക: “നമ്മളവര്‍ക്ക് കൃത്യ വിവരങ്ങള്‍ പ്രതിഫലം വാങ്ങാതെ നല്‍കും, പണം കൊടുത്ത് ജൂതരില്‍ നിന്ന് നുണകള്‍ വാങ്ങുന്നതിനേക്കാള്‍ നല്ലത് അതാണ്‌!” അമ്മ ലണ്ടനില്‍ ഒരു അന്യയായി മരിച്ചുവെന്ന ജൂലിയുടെ സങ്കടത്തെ അവര്‍ തണുപ്പിക്കുന്നതും പലസ്തീന്‍ യാഥാര്‍ത്ഥ്യം ചൂണ്ടിക്കാണിച്ചു കൊണ്ടാണ്: “എന്താ, പ്രിയപ്പെട്ടവളെ, നിന്റെ അമ്മ ലണ്ടനില്‍ വെച്ച് ആക്കറില്‍ നിന്നുള്ള ഒരന്യയായി മരിച്ചുവെന്നോ? ശരി, നീ ഇവിടെ ഞങ്ങളെയൊന്നു നോക്കൂ, സ്വന്തം നാട്ടില്‍ അന്യരും അഭയാര്‍ഥികളും. അതുകൊണ്ട് ഞങ്ങളെ സംബന്ധിച്ച് മരിച്ചവരും ജീവിച്ചിരിക്കുന്നവരും തമ്മില്‍ വ്യത്യാസമില്ല.”

ഏകപക്ഷീയമായ ജൂതവിരുദ്ധതയുടെ പാഠമായല്ല നോവല്‍ പലസ്തീന്‍ യാഥാര്‍ത്ഥ്യത്തെ സമീപിക്കുന്നത് എന്നത് പ്രധാനമാണ്. “ജര്‍മ്മന്‍കാര്‍ ജൂതരുടെ ഹൃദയത്തെ പൊള്ളിച്ചു, ജൂതരാകട്ടെ പകരം നമ്മുടെ ഹൃദയത്തെയും. നമ്മള്‍ രണ്ടു കൂട്ടരേയും ദൈവം ഇങ്ങനെ പൊള്ളിക്കാന്‍ നാം എന്ത് ചെയ്തു?” എന്ന് ഒരു ജിനിന്റെ നോവലില്‍ മുഖ്യകഥാപാത്രത്തിന്റെ ഭാര്യയായ ഹുസ്നിയ ചോദിക്കുന്നുണ്ട്. ജൂതരെ കുറിച്ചുള്ള വാലിദിന്റെ പ്രാര്‍ഥനയും പ്രസക്തമാണ്: “ദൈവം രണ്ടു തവണ അവരോടു കരുണ കാണിക്കട്ടെ: ഒന്നാമത് നാസികളുടെ ഇരകള്‍ എന്ന നിലയില്‍, രണ്ടാമത് അവരുടെ ദുരന്തം കച്ചവടം ചെയ്യുന്നവരാല്‍ ഉപയോഗിക്കപ്പെടുന്ന ആളുകള്‍ എന്ന നിലയില്‍.” ഹോളോകാസ്റ്റിനെയും നഖ്ബയെയും അവയില്‍ ഉള്‍പെട്ട മനുഷ്യരുടെ മാനുഷികവും വൈയക്തികവുമായ ആഖ്യാനങ്ങളിലൂടെ മനസ്സിലാക്കപ്പെടണമെന്നും അല്ലാത്ത പക്ഷം അവ വെറും അമൂര്‍ത്ത വസ്തുതകള്‍ മാത്രമാണെന്നുമുള്ള ആശയം നോവലില്‍ പ്രധാനമാണ്. അമൂര്‍ത്ത ദുരന്ത ചരിത്രങ്ങളുടെ തലത്തില്‍ ഇസ്രയേലും പലസ്തീനും രാഷ്ട്രീയ, ദേശീയ, കപട മതാത്മക യുദ്ധങ്ങളിലെ ചതഞ്ഞ പ്രയോഗങ്ങള്‍ മാത്രമാണ്. ബാധിക്കപ്പെട്ട എണ്ണമറ്റ മനുഷ്യരെ അവരുടെ ഓര്‍മ്മകള്‍, അഭിലാഷങ്ങള്‍, പ്രതീക്ഷകള്‍, ഭയപ്പാടുകള്‍, സ്നേഹിക്കാന്‍ വെറുക്കാനുമുള്ള അവരുടെ കഴിവ് തുടങ്ങിയ വികാരങ്ങളുടെ കെട്ടുപിണയലുകളിലൂടെ കാണുമ്പോഴാണ് ആ വലിയ ചിത്രം തെളിഞ്ഞുകിട്ടുകയെന്ന് നോവല്‍ സമര്‍ഥിക്കുന്നു. ഈ വലിയ ചിത്രത്തിന്‍റെ ആവിഷ്കാരം തന്നെയാണ് സാഹിത്യത്തിന്റെ, വിശേഷിച്ചും ആധുനിക നോവലിന്റെ പത്തൊമ്പതാം നൂറ്റാണ്ടു മുതലുള്ള യൂറോപ്പ്യന്‍ രൂപത്തിന്റെ, ധര്‍മ്മം എന്നു ആമിര്‍ തഹേരി നിരീക്ഷിക്കുന്നു *(3). 

പുരോഗമന ആശയങ്ങള്‍ ഉള്ളവളെന്നു നടിക്കുകയും സമത്വത്തെ കുറിച്ച് വാചാലയാകുകയും ചെയ്യുന്ന കുടിയേറ്റക്കാരി സ്ത്രീ, ഔദ്യോഗിക ഇസ്രയേലി പോളിസിയുടെ ഭാഗമായ അടിച്ചേല്‍പ്പിക്കപ്പെട്ട വിസ്മൃതിയുടെ പങ്കുപറ്റി, ദേയ്ര്‍ യാസിന്‍ കൂട്ടക്കൊലയെ കുറിച്ച് അജ്ഞത നടിക്കുമ്പോള്‍ വിദാദ് അസ്ഫൂര്‍ എന്ന പലസ്തീനിയന്‍ സ്ത്രീ ഓര്‍മ്മിപ്പിക്കുന്നുണ്ട്: “ദേയ്ര്‍ യാസിനില്‍ സംഭവിച്ചതെന്തോ അത് നിങ്ങള്‍ക്ക് മനസ്സിലാവുന്നില്ലെങ്കില്‍, അത് ഓര്‍മ്മിക്കുന്നുമില്ലെങ്കില്‍, എങ്കില്‍, ‘മറ്റവര്‍ക്ക്’ യാദ് വാഷെമിലെ ഇരകള്‍ക്ക് എന്ത് സംഭവിച്ചു എന്നും മനസ്സിലായേക്കില്ല.” കൊളോണിയല്‍ അധിനിവേശം നിര്‍ബ്ബാധം കൂട്ടക്കൊലകള്‍ നടത്തിയപ്പോഴും നിസ്സംഗത പുലര്‍ത്തിയ സയണിസ്റ്റ് ഭാഷ്യത്തെ അതിസൂക്ഷ്മമായ രീതിയില്‍ തുറന്നു കാണിക്കുകയാണ് അല്‍ മദ് ഹൂന്‍. വിദാദിന് കൂട്ടക്കുരുതിയില്‍ ഒടുങ്ങിയ തന്റെ ബന്ധുക്കളോടുള്ള ബന്ധം സ്മാരകഫലകത്തില്‍ കോറിയിട്ട പേരുകളില്‍ മാത്രമാണ് സാക്ഷ്യപ്പെടുന്നത് എന്നതാണ് അവരുടെ നൈസര്‍ഗ്ഗിക പ്രതികരണത്തെ ഹൃദയം തറക്കുന്നത് ആക്കുന്നത്. 

ഇസ്രയേല്‍ അധിനിവേശം നടത്തിയ അത്യാചാരങ്ങളെ തുറന്നുകാട്ടുമ്പോള്‍ത്തന്നെ അതിനേക്കാള്‍ ഭീകരമായിരുന്ന മറ്റൊരു ദുരന്തത്തെയും നോവല്‍ അതിശക്തമായി അപലപിക്കുന്നുണ്ട്: “ഇസ്രായേലിനു കീഴിലെ ജീവിതം, നട്ടുച്ചയ്ക്ക് നക്ഷത്രങ്ങളെ കാണിച്ചു തന്നിരുന്ന ഇജിപ്ത്യന്‍ പട്ടാള ഭരണത്തിനു കീഴില്‍ ഉണ്ടായിരുന്നതിനേക്കാള്‍ ആയിരം മടങ്ങ്‌ മികച്ചതാണ്. ഇസ്രായേലികള്‍ നമ്മുടെ ശത്രുക്കളാണ്, നമ്മെ കീഴ്പ്പെടുത്തുകയും ചെയ്തു, എന്നാല്‍ മറ്റേ കൂട്ടര്‍ ഒരു കാര്യവുമില്ലാതെ നമ്മുടെ നേരെ അവരുടെ ദേശീയ താന്‍ പോരിമയുടെ ചമ്മട്ടിയടിച്ചു.” പലസ്തീനിക്കും ഇസ്രയേലിക്കും ഒരു പൊതു പൌരത്വമെന്ന ആശയത്തിന് വേണ്ടി പ്രവര്‍ത്തിക്കന്ന ജിനിന്‍ ആ അര്‍ഥത്തില്‍ നോവലിന്റെ സമന്വയ ആശയത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ജൂലിയും സഹജീവന സാധ്യതയെ കുറിച്ചുള്ള കാല്‍പ്പനിക ധാരണകള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുകയും പലപ്പോഴും പരാജയപ്പെടുകയും ചെയ്യുന്നുണ്ട്. അല്‍ മജ്ദാലിലെ യാഥാസ്ഥിതിക അയല്‍ക്കാരില്‍ നിന്ന് മാത്രമല്ല, ശാബത് ദിനത്തില്‍ വാഹനത്തില്‍ പുറത്തിറങ്ങിയതിനു വേട്ടയാടുന്ന യുവാക്കളില്‍ നിന്നും, ഒടുവില്‍, തങ്ങളുടെ വരവിന്റെ ഉദ്ദേശം പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിനിടയില്‍ അമ്മവീടിന്റെ പുതിയ ജൂത ഉടമകളില്‍ നിന്നും അത്തരം എളുപ്പവഴികളുടെ ദുസ്സാധ്യത അവര്‍ക്ക് നേരിടേണ്ടി വരും.

നോവലിസ്റ്റിന്റെ അപരസ്വത്വം എന്ന് തന്നെ പറയാവുന്ന വാലിദ് ദഹ്മാന്‍ അതേ പേരിലുള്ള ‘ലേഡി ഫ്രം ടെല്‍ അവിവി’ലെ കഥാപാത്രത്തിന്റെ തുടര്‍ച്ച തന്നെയാണ് എന്ന് തോന്നാം.  മുന്‍ നോവലിലേത് പോലെ നോവലിനുള്ളിലെ നോവല്‍ എന്ന ‘മെറ്റാഫിക് ഷന്‍’ തലവും സൂക്ഷ്മമായ സ്ത്രീപക്ഷ നിലപാടുകളും ഇവിടെയും കണ്ടെത്താനാവും. വാസ്തവത്തില്‍ ഇരു നോവലുകളും തമ്മില്‍ പ്രമേയ പരമായും ആഖ്യാന സ്വരത്തിലും ഒട്ടേറെ സാമ്യങ്ങളും തുടര്‍ച്ചയും കണ്ടെത്താനാവും. വിഷാദം മുറ്റി നില്‍ക്കുന്ന കഥകള്‍ പറയുമ്പോഴും ഭാവഗീതാത്മകവും പ്രസന്നവുമായ മുഹൂര്‍ത്തങ്ങള്‍ പൊലിപ്പിച്ചെടുക്കുന്ന മദ് ഹൂന്‍ രീതിയും ഇവിടെ തുടരുന്നു. പള്ളികളും ചര്‍ച്ചുകളും ഉയര്‍ന്നു നിന്ന, പ്രകൃതി സൗന്ദര്യത്തിന്റെ ഉത്തുംഗമായിരുന്ന പഴയ പലസ്തീന്‍ പേര്‍ത്തും പേര്‍ത്തും സ്മരിക്കപ്പെടുന്ന നോവലില്‍, അഹമദ് ദഹ്ബൂറിനെയും മഹമൂദ് ദാര്‍വിഷിനെയും പോലുള്ള എഴുത്തുകാരെയും ഉദ്ധരിക്കുന്നുമുണ്ട്‌. തന്റെ അമ്മയുടെ സ്മരണകളില്‍ തുടിച്ചു നിന്ന പലസ്തീന്‍ ദേശത്തിന്റെ അടയാളങ്ങളെല്ലാം ഇസ്രായേലി - അമേരിക്കന്‍ ബുള്‍ഡോസറുകള്‍ നിലംപരിശാക്കിയിരിക്കുന്നുവെന്നു വാലിദ് കണ്ടെത്തുന്നു. കേന്ദ്ര കഥാപാത്രങ്ങള്‍ക്ക്, വിശേഷിച്ചും വാലിദിന്, പലസ്തീനെ ഓര്‍മ്മിക്കുക എന്നത് ഓര്‍മ്മയും വര്‍ത്തമാനകാലവും തമ്മിലുള്ള വൈരുധ്യത്തെയാണ് സൂചിപ്പിക്കുന്നത്. “സന്ദര്‍ശിക്കുന്നതായി ഞാനെന്റെ ജീവിതകാലം മുഴുവന്‍ സ്വപ്നം കണ്ട ജറൂസലേമിനെയല്ല ഞാന്‍ കണ്ടത്. എല്ലായിടത്തും പരന്നുകിടന്ന ആധുനിക കെട്ടിടങ്ങള്‍ മാത്രം- ഏതൊരു യൂറോപ്പ്യന്‍ പട്ടണത്തിലും കാണുന്ന തരത്തിലുള്ള കാഴ്ചകള്‍, അത് ജറൂസലേം അല്ലേയല്ല എന്ന മട്ടില്‍. ജറൂസലേം മറ്റെങ്ങോ ആണെന്ന മട്ടില്‍.” പലസ്തീനിനെ സംബന്ധിച്ച സയണിസ്റ്റ് മിത്തുകളും അധിനിവേശത്തിന്റെ യാഥാര്‍ത്ഥ്യവും തമ്മിലുള്ള അന്തരം ഇതൊക്കെയും പ്രതിഫലിപ്പിക്കുന്നുണ്ട്. ഇസ്രയേല്‍ പൊങ്ങച്ചം പറയുന്ന ജനാധിപത്യവും ദൈനംദിന ജീവിതത്തില്‍ പലസ്തീനിക്ക് മേല്‍ നിരന്തരം അടിച്ചേല്‍പ്പിക്കുന്ന നിയന്ത്രണങ്ങളും തമ്മിലുള്ള വൈരുധ്യങ്ങളുടെ ഏറ്റവും തീക്ഷ്ണമായ ആവിഷ്കാരം തന്നെയാണ് വാലിദിന്റെ മേല്‍നോട്ടത്തില്‍ ജിനിന്‍ എഴുതിക്കൊണ്ടിരിക്കുന്ന നോവലിന്റെ മെറ്റാഫിക് ഷന്‍ സാംഗത്യം.

പലസ്തീന്‍ പരിതോവസ്തയുടെ ശക്തമായ ആവിഷ്കാരങ്ങള്‍ ഒട്ടേറെ പ്രമുഖ എഴുത്തുകാരുടെതായി വന്നിട്ടുണ്ട്. സൂസന്‍ അബുല്‍ ഹവായുടെ മോണിംഗ്സ് ഇന്‍ ജെനിന്‍, ദി ബ്ലൂ ബിറ്റ് വീന്‍ ദി സ്കൈ ആന്‍ഡ്‌ വാട്ടര്‍, ഏലിയാസ് ഖൌറിയുടെ ഗേറ്റ് ഓഫ് ദി സണ്‍, റൂല ജെബ്രിയെലിന്റെ മിറാല്‍, ഗസ്സാന്‍ കനഫാനിയുടെ മെന്‍ ഇന്‍ ദി സണ്‍, ഹനാന്‍ അല്‍ ഷെയ്ഖിന്റെ ബൈറുത്ത് ബ്ലൂസ്, എമിലി ഹബീബിയുടെ ദി സീക്രെറ്റ് ലൈഫ് ഓഫ് സഈദ്: ദി പെസ്സോപ്റ്റിമിസ്റ്റിക് തുടങ്ങിയവ ഉദാഹരണം. ഇക്കൂട്ടത്തിലേക്ക് മറ്റൊരു മികച്ച മുതല്‍ക്കൂട്ടാണ് ‘ശിഥില നിയതികള്‍.’ “അതൊരു സങ്കീര്‍ണ്ണതയുള്ള കഥയാണ്‌, രാഷ്ട്രീയക്കാര്‍ മില്ല്യന്‍ കണക്കിന് മനുഷ്യരുടെ ജീവിതങ്ങള്‍ കൊണ്ട് പന്താടുമ്പോള്‍, ഗൃഹാതുരതയും ഒറ്റുകൊടുക്കപ്പെട്ടവന്റെ രോഷവും നിറഞ്ഞത്‌. അല്‍ മദ് ഹൂന്‍ സങ്കീര്‍ണ്ണ വികാരങ്ങളുടെ മുന്നില്‍ മുഖം തിരിക്കുന്നില്ല. അദ്ദേഹത്തിന്റെ ഫിക് ഷന്‍ ഭൂതകാലത്തിന്റെ യാഥാര്‍ത്ഥ്യത്തില്‍ അധിഷ്ടിതമാണ് – മില്ല്യന്‍ കണക്കിന് മനുഷ്യര്‍ പങ്കുവെക്കുന്ന യാഥാര്‍ത്ഥ്യം. അദ്ദേഹത്തിന്റെ വാക്കുകള്‍, ഭൂതകാലത്തിന് അര്‍ച്ചന ചെയ്യുന്നതിലൂടെ, അത് തമസ്കരിക്കപ്പെടാതെ സൂക്ഷിക്കുന്നു” എന്ന് മോനാല്‍ ശാകിര്‍ നിരീക്ഷിക്കുന്നു *(4). 

  

References:

1.  (Lesley Williams, ‘Who is at home and who is in exile: a review of ‘Fractured Destinies’, Mondoweiss, December 3, 2018).

2. (Jo Cahill, ‘What does it mean to be an Israeli Arab?, REVIEW: FRACTURED DESTINIES – RABAI AL-MADHOUN, Beyond the Lamp Post, October 25, 2018).

3. (Amir Taheri, ‘A Symphony of Parallel Tragedies’, Gatestone, July 15, 2015).

4. (Monal Shakir, ‘Rabai Al-Madhoun’s ‘Fractured Destinies:’ A heartbreaking look at loss, exile and homecoming’, Arab News, JUNE 06, 2018). 

 

(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 209-216)

To purchase, contact ph.no:  8086126024

also by Rabai al-Madhoun

The Lady of Tel Aviv by Rabai al-Madhoun

https://alittlesomethings.blogspot.com/2017/09/blog-post_87.html

read more:

Men in the Sun by Ghassan Kanafani

https://alittlesomethings.blogspot.com/2024/09/men-in-sun-by-ghassan-kanafani.html

Return to Haifa by Ghassan Kanafani

https://alittlesomethings.blogspot.com/2024/06/aaidun-ila-haifa-return-to-haifa-by.html

Mornings in Jenin by Susan Abulhawa

https://alittlesomethings.blogspot.com/2015/12/blog-post_9.html

Men in the Sun by Ghassan Kanafani

https://alittlesomethings.blogspot.com/2024/09/men-in-sun-by-ghassan-kanafani.html

The Book of Disappearance by Ibtisam Azem/ Sinan Antoon 

https://alittlesomethings.blogspot.com/2024/09/the-book-of-disappearance-by-ibtisam.html