Featured Post

Showing posts with label Labanon. Show all posts
Showing posts with label Labanon. Show all posts

Sunday, July 6, 2025

The Druze of Belgrade by Rabee Jaber

 

‘ബെല്‍ഗ്രേഡിലെ ദുറൂസികള്‍: ചരിത്രനീതിയെന്ന പ്രഹേളിക




ലബനീസ് നോവലിസ്റ്റ് റബീ ജാബെറിന് അറബ് സാഹിത്യത്തിനുള്ള അന്താരാഷ്ട്ര പ്രകാരം (IPAF- 2012) നേടിക്കൊടുത്ത നോവലാണ്‌ ബെല്‍ ഗ്രേഡിലെ ദുറൂസികള്‍’ (The Druze of Belgrade).  ചരിത്രത്തിന്റെ നിരങ്കുശവും ഏകപക്ഷീയവും നീതിരഹിതവുമായ ഇടപെടലില്‍ കുരുങ്ങിപ്പോകുന്ന മനുഷ്യരുടെ ദുരന്തപൂര്‍ണ്ണവും ദുരിതപൂര്‍ണ്ണവുമായ ജീവിതകഥയാണ് നോവല്‍ ആവിഷ്കരിക്കുന്നത്. സാമ്രാജ്യത്വ സംഘട്ടനങ്ങളുടെയും വിഭാഗീയ അക്രമങ്ങളുടെയും രാഷ്ട്രീയ ഗൂഢാലോചനകളുടെയും വേലിയേറ്റത്തിൽ കുടുങ്ങിപ്പോകുന്ന നിരപരാധിയായ, വെറുമൊരു മുട്ടക്കച്ചവടക്കാരനായ ഹന്ന യാക്കൂബ് എന്ന പാവം യുവാവിന്റെ കഥയാണ് അതിന്റെ കാതൽ. ചരിത്രത്തിനു കേവലം വ്യക്തികളെ രൂപപ്പെടുത്തുക മാത്രമല്ല, അവരെ അകാരണമായും ദയാരഹിതമായും മുഴുവനായും ദഹിപ്പിച്ചു കളയാനും കഴിയും എന്നതിന്റെ മരവിപ്പിക്കുന്ന ഓർമ്മപ്പെടുത്തലും കൂടിയാണ് ഈ നോവൽ.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍, ലെബനനില്‍ അരങ്ങേറിയ സംഘര്‍ഷങ്ങളില്‍ ഒരു ഭാഗത്ത് മാരോനൈറ്റ് ക്രിസ്ത്യാനികളും മറുഭാഗത്ത് ദുറൂസി മുസ്ലിംങ്ങളും ഏറ്റുമുട്ടി. ഭാഗധേയങ്ങള്‍ മാറിമറിഞ്ഞ സംഘര്‍ഷം, ഒടുവില്‍ ക്രിസ്ത്യന്‍ കൂട്ടക്കൊലയിലേക്ക് നയിച്ചു. അക്കാലമാകുമ്പോഴേക്കും അപചയപ്പെട്ടുകൊണ്ടിരുന്ന ഓട്ടോമന്‍ സാമ്രാജ്യത്തിന്, ക്രിസ്ത്യന്‍ സംരക്ഷകരായി ഇടപെടാന്‍ തുടങ്ങിയേക്കാമായിരുന്ന ഫ്രഞ്ച് സാമ്രാജ്യത്വത്തിന്റെ സമ്മര്‍ദ്ദത്തില്‍ അക്രമകാരികള്‍ക്കെതിരില്‍ നടപടിഎടുക്കല്‍ അനിവാര്യമായി. ത

തുടര്‍ വായനയ്ക്ക് :


https://www.fazalrahman.com/essays/article/the-druze-of-belgrade-by-rabee-jaber

Tuesday, May 20, 2025

An Unnecessary Woman by Rabih Alameddine

 


ഭൂതകാലത്തില്‍ നിന്ന് രക്ഷനേടാന്‍ ശ്രമിക്കുന്നസമൂഹവുമായി ഇഴകോര്‍ക്കുന്നതില്‍ പ്രശ്നങ്ങളുള്ള കഥാപാത്രങ്ങളാണ് റാബിഹ് അലാമെദ്ദീന്‍  എന്ന ലബനീസ് അമേരിക്കന്‍ നോവലിസ്റ്റിന്റെ രചനാലോകത്തുള്ളത്. ലബനീസ് സമൂഹത്തിന്റെ പുരുഷ മേധാവിത്ത പരവും ലൈംഗിക കാപട്യങ്ങള്‍ നിറഞ്ഞതും വംശീയത ഭരിക്കുന്നതുമായ സാമൂഹികഅധികാര സ്വരൂപങ്ങളോട് കലഹിക്കാന്‍ പ്രവാസത്തിന്റെ വഴി തെരഞ്ഞെടുക്കുന്നവരാണ് അവരില്‍ പലരും. അത് കഴിയാതെ വരുന്നവരോ മനപ്പൂര്‍വ്വം ആ വഴി വേണ്ടെന്നു വെക്കുന്നവരോ ആയ കഥാപാത്രങ്ങളും അത്തരം ‘പരോക്ക്യല്‍’ ചുറ്റുപാടില്‍ ആത്മീയമായി സ്വയം ബഹിഷ്കൃതരും അന്യരും ആയിത്തീരുന്നു. അത്തരം ഒരു കഥാപാത്രത്തെയും അവരുടെ സുദീര്‍ഘവും ഏകാന്തവുമായ ജീവിതത്തെയുമാണ് ഒരനാവശ്യ സ്ത്രീ എന്ന നോവലില്‍ അലാമെദ്ദീന്‍ ആവിഷ്കരിക്കുന്നത്.

നിതാന്ത സംഘര്‍ഷങ്ങളുടെ നഗരമായ ബൈറൂത്തില്‍ ഒരു ഫ്ലാറ്റില്‍ തനിച്ചു താമസിക്കുന്ന ആലിയ സാലെഹ് എന്ന എഴുപത്തിരണ്ടുകാരി ഒരു സുപ്രഭാതത്തില്‍ ഷാമ്പൂ ബോട്ടിലിന് മുകളിലെ ലേബല്‍ തെറ്റായി വായിച്ചത് കാരണം തന്റെ മുടി നീല നിറത്തില്‍ ഡൈ ചെയ്യാനിടയാകുന്നതോടെയാണ് റാബിഹ് അലാമെദ്ദീന്‍ രചിച്ച ‘ഒരനാവശ്യ സ്ത്രീ’ ആരംഭിക്കുന്നത്. ഉറക്കമില്ലായ്മയുടെയും ആര്‍ത്രൈറ്റിസിന്റെയും മാത്രമല്ലഅവര്‍ അംഗീകരിക്കില്ലെങ്കിലുംകടുത്ത ഏകാന്തതയുടെയും പ്രശ്നങ്ങളാണ് ആലിയ അനുഭവിക്കുന്നത്. അര നൂറ്റാണ്ടു കാലമായി കാര്യമായ ആവശ്യക്കാരില്ലെങ്കിലും ഉടമസ്ഥന്‍ ഒരു സ്റ്റാറ്റസ് സിംബല്‍ ആയി നിലനിര്‍ത്തിപ്പോന്ന ഒരു പുസ്തകക്കടയില്‍ ജോലി ചെയ്തു വന്ന ആലിയ തന്റെ ഒഴിവു സമയവുംറിട്ടയര്‍ ചെയ്ത ശേഷമുള്ള മുഴുവന്‍ സമയവും ചെലവഴിച്ചത്‌ ഫിക് ഷന്‍ രചനകള്‍ ക്ലാസ്സിക് അറബിക്കിലേക്ക് വിവര്‍ത്തനം ചെയ്താണ്. എല്ലാ വര്‍ഷവും ജനുവരി ഒന്നിന് അവര്‍ ഒരു പുതിയ പുസ്തകം തുടങ്ങുന്നു. ഇതിനോടകം മുപ്പത്തിയേഴു നോവലുകള്‍ അവര്‍ വിവര്‍ത്തനം ചെയ്തു വെച്ചിട്ടുണ്ട്അതൊരു പ്രസാധകര്‍ക്കും അയക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലെങ്കിലും. സെബാല്‍ഡിന്റെ (W G Sebald) ആസ്ട്രെലിറ്റ്സ് ആണ് ഒടുവില്‍ പൂര്‍ത്തീകരിച്ചത്. ഈ പുതു വര്‍ഷ ദിനത്തില്‍ ബോലാനോയുടെ ബ്രഹ്മാണ്ഡ നോവല്‍ 2666 തുടങ്ങിയാലോ എന്നൊരു ചിന്തയുണ്ട് അവര്‍ക്ക്. എന്നാല്‍തന്റെ ഈ പ്രായത്തില്‍ അത് മുഴുവനാകുമോ എന്ന ആശങ്കയുമുണ്ട്. വ്യക്തമല്ലാത്ത കാരണങ്ങളാല്‍ ഇംഗ്ലീഷ്ഫ്രഞ്ച് പുസ്തകങ്ങള്‍ അവര്‍ വിവര്‍ത്തനം ചെയ്യാറില്ല. -ലബനോന്‍കാര്‍ക്ക് രണ്ടിനും പരിഭാഷ ആവശ്യമല്ല എന്നാണു ആലിയ പറയുകഇതിനോടകം ചെയ്ത വിവര്‍ത്തനങ്ങള്‍ കിച്ചന്‍ ഭാഗത്തെ അറയില്‍ അടുക്കിവെച്ചത് ഒരു അപ്രതീക്ഷിത കാലക്കേടില്‍ പെട്ട് പോകുന്നതും അവ തിരിച്ചു പിടിക്കാന്‍ നടത്തുന്ന ശ്രമങ്ങളും ഒറ്റ ദിവസത്തെ കഥ പറയുന്ന നോവലിന്റെ ഇതിവൃത്ത ഘടനയിലെ പ്രധാന ഉത്കണ്ഠയാണ്.

തോറ്റുപോയ നാര്‍സിസ്റ്റ് എന്ന് സ്വയം വിളിക്കുന്നഓര്‍മ്മക്കുറവിനെ ഭയപ്പെട്ടു തുടങ്ങുന്നപുസ്തകങ്ങളുടെയും ആശയങ്ങളുടെയും ലോകത്ത് ജീവിക്കുന്ന ഒരു വയോധികയുടെ ജീവിതം അവരുടെ തന്നെ ആഖ്യാന സ്വരത്തില്‍ പകര്‍ത്തുന്നതിലൂടെ നോവല്‍ സ്വകാര്യ ജീവിതാഖ്യാനം എന്നതിലേറെ ഒരു സ്തുതി ഗീതമായി മാറുകയാണ്: പുസ്തകങ്ങള്‍ക്ക്എഴുത്തുകാര്‍ക്ക്ത്രസിപ്പിച്ചപ്രചോദിപ്പിച്ച കഥാപാത്രങ്ങള്‍ക്ക്,   ആശയങ്ങള്‍ക്ക്,   സര്‍ഗ്ഗാനുഭവങ്ങള്‍ക്ക്. കാലാതിവര്‍ത്തിയായ അനേകം മഹത്തായ രചനകളില്‍ നിന്നുള്ള ഉദ്ധരണികളും അനുരണനങ്ങളും സ്വരങ്ങളും വാചകങ്ങളും സ്മൃതികളും സൂക്തങ്ങളും ഇടതടവില്ലാതെ കടന്നു വരുന്ന നോവല്‍ ഒരര്‍ത്ഥത്തില്‍ സാമാന്യ വായനക്കാര്‍ക്ക് എന്നതിലേറെ വായന ഒരു ആവേശമായി കൊണ്ട് നടക്കുന്നവര്‍ക്കുള്ള പുസ്തകമാണ്. വീണ്ടും വീണ്ടും ചെന്ന് കേറാവുന്ന ഓരോ സഹവാസത്തിലും കൂടുതല്‍ സ്വയം സമ്പന്നരാകാന്‍ കഴിയുന്ന ഒന്ന്. വായനയുടെ ഒരു സംസ്കാരവുമായി ഈ പുസ്തകത്തെ സമീപിക്കുകവേണ്ടത്ര ഇടവേളകളില്‍ അതിനിടയിലെ മറ്റു വായനകള്‍ കൂടി തിടം വെച്ച മനസ്സുമായി വീണ്ടും സമീപിക്കുക. ആലിയുടെ ലോകം അവരുടേത് കൂടിയാണ്: ടോള്‍സ്റ്റോയ്‌, ഹെമിംങ് വെ,  ഡോസ്റ്റൊയെവ്സ്കി, കാമു, കാല്‍വിനോ, ബോര്‍ഹെസ്, നബകൊവ്, ഇംറേ കെര്‍ട്ടെസ്, ഹാവിയര്‍ മറെയ്സ്, സരമാഗു, അന്തൂനിയാസ്, പ്രിമോ ലെവി, ഫ്ലോബേര്‍, പെസ്സോവ, ഡാനിലോ കീസ്, കൂറ്റ്സേ, ദാര്‍ശനികരും, ചലച്ചിത്രകാരന്മാരും സംഗീതകാരന്മാരും ചിത്രകാരന്മാരും. അഥവാ ആലിയ അവരുടെ ലോകത്താണ്......

 

 (ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 219-229)

Please consider purchasing the book….

 

Sunday, May 11, 2025

Gate of the Sun by Elias Khoury / Humphrey Davies

 


വിട്ടു പോവാന്‍ വിസമ്മതിക്കുന്ന സഞ്ചിത സ്മൃതികളാണ് ചരിത്രംപറഞ്ഞു പതിഞ്ഞു മിത്തുകളായും തിടം വെച്ച് ഇതിഹാസങ്ങളായും അവ രൂപാന്തരപ്രാപ്തി കൈവരിക്കുകയും ചെയ്യുംഓരോ ജനതയും കടന്നു പോവുമ്പോഴും ചരിത്രം സ്വയം അസ്ഥിത്വം നേടുകയും കാലത്തിന്റെ സ്വയം നിര്‍ണ്ണയത്വ(determinism of the age)ത്തെ മറി കടന്നു മുന്നോട്ടു പോവുകയും ചെയ്യുന്നുചരിത്രം ഒരനുസ്യൂതിയാവുന്നതും ചരിത്രം രചിച്ചവരുടെ / സൃഷ്ടിച്ചവരുടെ കാലികാസ്തിത്വത്തിനുമപ്പുറം അത് നിതാന്തമാവുന്നതും അങ്ങനെയുമാവാംഈ അനുസ്യൂതിക്ക് ചെവിയോര്‍ത്തെഴുതുന്ന എഴുത്തുകാരന്‍ രചയിതാവ്ആഖ്യാതാവ് (author/ chronicler) എന്നീ ദ്വന്ദ്വങ്ങള്‍ക്കിടയില്‍ സ്വയം സ്ഥിതപ്പെടുത്തേണ്ടതുണ്ട്.

 

കഥപറച്ചില്‍ അതിജീവനം തന്നെയാവുന്നതിന്റെ ഏറ്റവും ഉദാത്ത രൂപമാണ് ഷെഹര്‍ സാദ്കഥ പറഞ്ഞു കൊണ്ടേയിരിക്കുകഇല്ലെങ്കില്‍ മരിക്കുകഈ സമവാക്യത്തിനെ തിരിച്ചി ടുകയാണ് വിഖ്യാത ലബനീസ് എഴുത്തുകാരന്‍ ഇല്യാസ് ഖൌറി (Elias Khoury) തന്റെ 'സൂര്യ കവാടം' ( Gate of the Sun) എന്ന ഇതിഹാസമാനമുള്ള നോവലില്‍ഇവിടെ പറയുന്നത് കഥയല്ലചരിത്രം തന്നെയാണ്ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന ഒരു രോഗിയുടെ കട്ടിലിനരികില്‍ ഒരാള്‍ കഥകള്‍ പറഞ്ഞു കൊണ്ടേയിരി ക്കുകയാണ്. 'കഥകള്‍ ഉറങ്ങാനുള്ളതാണ്മരണത്തിനുള്ളതല്ലഎന്ന് വിശ്വസിക്കുന്ന അയാള്‍ രോഗിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ശ്രമത്തിലാണ്: 'ഞാന്‍ നിന്നെ കഥകള്‍ കൊണ്ട് ചികിത്സിക്കാന്‍ തീരുമാനിച്ചിരിക്കുന്നുഎന്ന് പറയുന്നു അയാള്‍.

“ പ്രിയ സുഹൃത്തെനമ്മുടെ ശരീരം നമ്മുടെ ചരിത്രമാണ്താങ്കളുടെ ക്ഷയിച്ചു കൊണ്ടിരിക്കുന്ന ശരീരത്തിലൂടെ താങ്കളുടെ ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിക്കുകതാങ്കള്‍ അവിടെ നിന്നെഴുന്നേറ്റു മരണത്തെ കുടഞ്ഞു തെറിപ്പിച്ചാല്‍ അതേറെ നന്നാവില്ലേ?” ബൈറൂത്തിലെ ഷാത്തിലാ അഭയാര്‍ഥി കാമ്പില്‍ കോമയില്‍ കഴിയുന്നതനിക്കു ഒരാത്മീയ പിതാവായ യൂനുസിനോട് ഖലീല്‍ എന്ന യുവ ഡോക്റ്റര്‍ ചോദിക്കുകയാണ്യൂനുസ്‌ , തന്റെ മരിച്ചു പോയ മകന്റെ സ്ഥാനത്താണ് ഖലീലിനെ കാണുന്നതെന്ന് പറഞ്ഞിരുന്നത് അയാള്‍ ഓര്‍ക്കുന്നുണ്ട്. 1948-ല്‍ ഇസ്രയേല്‍ എന്ന രാഷ്ട്രം നിലവില്‍ വന്നതോടെ ബഹിഷ്കൃതരായ ഫലസ്തീനി യന്‍ ജനതയുടെ ചരിത്രം കാലത്തിനും രാഷ്ട്രീയ മാറ്റങ്ങള്‍ക്കും നെടുകെയും കുറുകെയുമുള്ള ആഖ്യാനങ്ങളിലൂടെ അനാവൃതമാകുന്നു: 'നഖ്ബഎന്നറിയപ്പെട്ട ആ പാലായന ദുരന്തത്തിന്റെ ദിനങ്ങള്‍ തൊട്ടു 1982-ല്‍ ബൈറൂത്തില്‍ നിന്ന് ഫലസ്തീന്‍ പോരാളികള്‍ ഉന്മൂലനം ചെയ്യപ്പെട്ടത് വരെയുള്ള ചരിത്രം. 'സംഭവിക്കാന്‍ സാധിക്കാത്ത കഥകളാണല്ലോ ജീവിതംഎഴുതിയോ പറഞ്ഞോ അറിയപ്പെടാത്ത ജീവിതം കഥയും'. യൂനുസിന്റെ കോമ അവസ്ഥ ഫലസ്തീന്‍ ജനതയുടെ വേരറ്റനിലയില്ലായ്മയുടെ സമൂര്‍ത്ത രൂപകമാണ്ബോധാബോധങ്ങളു ടെയും ഓര്‍മ്മകളുടെയും ആവേഗത്തില്‍ കഥാപാത്രങ്ങളുടെ മനോ വ്യാപാരങ്ങളിലൂടെവിധി അവരെ വേട്ടയാടുന്ന വന്യമായ താഴ്വരകളിലൂടെമോഹിപ്പിക്കുകയും സ്വപ്നങ്ങളൂട്ടുകയും ചെയ്യുന്ന ഗുഹാന്തരങ്ങളിലൂടെ രാഗ-മോഹങ്ങളുടെ ഫാന്‍റസികളിലൂടെഭേദ്യം ചെയ്യുന്ന വിചാരണ മുറികളിലൂടെതീവ്ര ധ്യാനങ്ങളിലൂടെജന്മ ഗേഹം തേടുന്ന അഭയാര്‍ഥിത്വത്തിലൂടെഅത് ഫലസ്തീന് വേണ്ടിയുള്ള അന്വേഷണം തന്നെയാവുന്നു. നഷ്ടപ്പെടുമ്പോഴാണ് ഒരാള്‍ ജന്മഗേഹം കണ്ടെത്തുന്നത്ഒരു ജനതയും അങ്ങനെത്തന്നെആ അര്‍ത്ഥത്തില്‍ തിരിച്ചു വരവിലല്ലതിരിച്ചു വരാനാവാത്തഅകന്നു പോവുമ്പോഴും നിദാന്ത സാന്നിധ്യമാവുന്നഇല്ലാതി രിക്കുമ്പോഴും ഉള്ളില്‍ പേറുന്ന ഉണ്മയാണ് ഫലസ്തീന്‍. ………………………..

………….

ലെബനീസ് ക്രിസ്ത്യന്‍ കുടുംബാംഗമായ ഖൌറി 'നഖ്‌ബ'യുടെ അതെ വര്‍ഷം ജനിച്ചയാളാണ്അത് കൊണ്ട് തന്നെ നേരനുഭവങ്ങളല്ലമുപ്പതോളം വര്‍ഷം ഫലസ്തീന്‍ അഭയാര്‍ഥി ക്യാമ്പുകളിലെ കണ്ടറിഞ്ഞ അറിവുകളും അഭയാര്‍ഥികളുമായി നടത്തിയ സുദീര്‍ഘമായ അഭിമുഖ സാക്ഷ്യങ്ങളുമാണ് നോവലിന്റെ ഉള്ളടക്കത്തെ നിര്‍ണ്ണയിക്കുന്നത്. 'നിന്നില്‍ നിന്നും മറ്റു പലരില്‍ നിന്നും കിട്ടിയ തുണ്ടുകള്‍ ചേര്‍ത്തു വെച്ച് ഈ ചിത്രം പൂര്‍ത്തിയാക്കാംഎനിക്ക് തെറ്റിയാല്‍ നിനക്കതു ശരിയാക്കാംനിന്നെപ്പോലെയല്ലാത്തത് കൊണ്ട് ഞാന്‍ ആദിയില്‍ നിന്ന് ആരംഭിക്കുന്നില്ലപണ്ട് പണ്ട് എന്ന് കഥ തുടങ്ങാന്‍ എനിക്കാവില്ല.' ഖലീല്‍ പറയുന്നുപ്രമേയത്തോടുള്ള ധൈഷണിക പ്രതിബദ്ധതയിലേറെ വാമൊഴി പാരമ്പര്യത്തിന്റെ നിത്യ നവ്യതയാണ് ഖൌറി ആശ്രയിക്കുന്നത്ഒരു കഥയില്‍ തുടങ്ങുകഎന്നിട്ട് മറ്റൊന്നിലേക്കും പിന്നെയുമൊന്നിലെക്കും പോവുകവീണ്ടും തിരിച്ചു വരികഎന്നിട്ടും എല്ലായിപ്പോഴും പുതിയ കൂട്ടിച്ചേര്‍ക്കലുകളും വെളിപ്പെടുത്തലുകളും കരുതി വെക്കുന്നതിലൂടെ ഓരോ പറച്ചിലും ഒരു പുനവതരണമായിത്തീരുകകഥയും കാഥികനും തമ്മിലും പാത്രങ്ങള്‍ക്കും കഥാ സന്ദര്‍ഭങ്ങള്‍ ക്കുമിടയിലും നിരന്തരം നടക്കുന്ന പാരസ്പര്യവും നവീകരിക്കലുമാണ് വാമൊഴി സമ്പ്രദായത്തിന്റെ നിത്യ നൂതനത്വത്തിനു നിദാനമാവുന്നതും.

കൂടുതല്‍ വായനക്ക്:

 

(കഥകൊണ്ട് നേരിട്ട യുദ്ധങ്ങള്‍, Logos Books, പേജ് 117-126)

https://alittlesomethings.blogspot.com/2013/12/blog-post_13.html

Please consider purchasing the book

To purchase, contact ph.no:  8086126024

 

Saturday, January 20, 2018

Confessions by Rabee Jaber/Kareem James Abu-Zeid


ചേരികള്‍ മായുന്ന അസ്തിത്വ പ്രതിസന്ധികള്‍


ജേണലിസ്റ്റ്എഡിറ്റര്‍നോവലിസ്റ്റ് എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച റബീ ജാബര്‍ ബഹുമുഖ വ്യക്തിത്വമുള്ള ലബനീസ് എഴുത്തുകാരനാണ്. പതിനഞ്ചോളം നോവലുകള്‍ ഇതിനോടകം എഴുതിയിട്ടുള്ള ജാബറിന്റെ പല കൃതികളും ഫ്രഞ്ച്ജര്‍മ്മന്‍ , പോളിഷ് തുടങ്ങിയ വിവിധ ഭാഷകളിലേക്ക് നേരത്തേ വിവര്‍ത്തനം ചെയ്യപ്പെട്ടിരുന്നെങ്കിലും ഇംഗ്ലീഷില്‍ അത് പിന്നീടാണ് സംഭവിച്ചത്. 2010-ല്‍ അദ്ദേഹത്തിന്റെ 'അമേരിക്കഎന്ന നോവല്‍ അറബ് ബുക്കര്‍ എന്നറിയപ്പെടുന്ന അറബ് ഫിക് ഷനുള്ള അന്താരാഷ്‌ട്ര പുരസ്കാര (IPAF) ത്തിന്റെ അന്തിമ ലിസ്റ്റില്‍ ഇടം പിടിച്ചപ്പോള്‍ 2012-ല്‍ 'ദി ദുറൂസ് ഓഫ് ബെല്‍ഗ്രേഡ്  (ബെല്‍ഗ്രേഡിലെ ദുറൂസികള്‍)’ എന്ന നോവലിലൂടെ അദ്ദേഹം ആ നേട്ടം സ്വന്തമാക്കി. 'അമേരിക്കപുരസ്കാര പട്ടികയില്‍ എത്തിയതിനു ശേഷമാണ് അദ്ദേഹം ഇംഗ്ലീഷ് വിവര്‍ത്തനത്തിലൂടെ വായനക്കാരില്‍ എത്തിയത്. കൃതിയുടെ വിവര്‍ത്തകന്‍ കരീം ജെയിംസ് അബു സൈദ്‌ "വിവര്‍ത്തനം ചെയ്യപ്പെടേണ്ട ഏറ്റവും യോഗ്യനായ അറബ് എഴുത്തുകാരന്‍" എന്ന് വിശേഷിപ്പിച്ച റബീ ജാബറിന്റെ 2008-ല്‍ പുറത്തിറങ്ങിയ ചെറു നോവല്‍ "കണ്‍ഫഷന്‍സ്" ആഭ്യന്തര യുദ്ധകാലത്തിലൂടെ കടന്നു വന്ന നോവലിസ്റ്റിന്റെ ഉത്കണ്ഠകള്‍ തീക്ഷണമായി ആവിഷ്കരിക്കുന്ന കൃതി എന്ന നിലയില്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നുണ്ട്.

 

1975 മുതല്‍ 1990 വരെയുള്ള ലബനീസ് ആഭ്യന്തര യുദ്ധകാലമാണ് നോവലിന്റെ കഥാകാലം. എന്നാല്‍ ഏലിയാസ് ഖൌരിആമീന്‍ മാലൂഫ്റാബിഹ് അലാമെദ്ദേന്‍ഹുദാ ബറകാത്ഹനാന്‍ അല്‍ ഷേഖ്റാവി ഹാഗി തുടങ്ങിയ അന്താരാഷ്‌ട്ര പ്രശസ്തരായ എഴുത്തുകാരിലൂടെ മധ്യ പൂര്‍വ്വ ദേശ സംഘര്‍ഷങ്ങളില്‍ സാഹിത്യത്തില്‍ ഏറ്റവും കൂടുതല്‍ ആഖ്യാനം ചെയ്യപ്പെട്ടിട്ടുള്ള ലബനീസ് ആഭ്യന്തര യുദ്ധം ആഖ്യാതാവായ മറൂനിന് സ്വന്തം കഥ ആവിഷ്കരിക്കാനുള്ള പശ്ചാത്തലം ആകുന്നതേയുള്ളൂ 'കുമ്പസാരങ്ങ'ളില്‍. കൊച്ചു കുഞ്ഞായിരിക്കെ ഒരു വെടിവെപ്പില്‍ മാതാപിതാക്കളും സഹോദരങ്ങളും കൊല്ലപ്പെടുകയും കൊലയാളി തന്നെ ഏക അതിജീവനക്കരനായ കുഞ്ഞിനെ സമാനമായ ഒരു ദുരന്തത്തില്‍ നഷ്ടപ്പെട്ട സ്വന്തം മകന്റെ പേരു നല്‍കി എടുത്തു വളര്‍ത്തുകയും ചെയ്തതാണ് മറൂനിന്റെ പുരാവൃത്തം. നോവലിന്റെ ആദ്യ വാചകം തന്നെ ഇക്കാര്യം നേരെ ചൊവ്വേ വിവരിച്ചു കൊണ്ടാണ്. “എന്റെ പിതാവ് ആളുകളെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി വന്നു. എന്റെ സഹോദരന്‍ പറയുന്നത് യുദ്ധകാലത്ത് അദ്ദേഹം അവനറിയാവുന്ന ഒരാളില്‍ നിന്ന് അറിയാത്ത ഒരാളായി മാറുന്നത് അവന്‍ കണ്ടു എന്നാണ്. എന്ന് പറഞ്ഞാല്‍ എന്റെ മൂത്ത സഹോദരന്‍ - എന്റെ ഇളയ സഹോദരനെ ഞാനൊരിക്കലും കണ്ടിട്ടില്ല... അവനെ ഞാന്‍ എന്റെ ഇളയ സഹോദരന്‍ എന്ന് വിളിക്കുന്നുഅവനെന്റെ ഇളയ സഹോദരന്‍ അല്ലെങ്കിലും. അവനെ ഞാന്‍ 'ഇളയവന്‍എന്ന് വിളിക്കുന്നുകാരണം അവനെന്നും അതേ പോലെ നിലക്കൊണ്ടുഒരിക്കലും വളര്‍ന്നില്ലകാരണം ഒരു കുട്ടിയായിരിക്കുമ്പോഴേ അവരവനെ കൊന്നു കളഞ്ഞു.” 'കുമ്പസാരങ്ങള്‍'  യുദ്ധമേഖലയില്‍ നഗരത്തെ കിഴക്കന്‍ ബൈറൂത്ത് എന്നും പടിഞ്ഞാറന്‍ ബൈറൂത്ത് എന്നും രണ്ടായിപ്പകുത്തുകൊണ്ട് കൂടെക്കൂടെ മാറിക്കൊണ്ടിരിക്കുന്ന അതിര്‍ത്തി രേഖക്ക് തൊട്ടടുത്ത് കൌമാരം കഴിയേണ്ടി വന്ന ഈ അപഹരിക്കപ്പെട്ട കുട്ടിയുടെ ഓര്‍മ്മത്തെറ്റുകളുള്ള ഏറ്റുപറച്ചിലുകള്‍ തീക്ഷണമായി ആവിഷ്കരിക്കുന്ന കൃതിയാണ്. പൊതു സ്ഥലങ്ങളെയും വീടുകളെയും ഉള്‍പ്പടെ സാമാന്യ ജനജീവിതത്തെ മുഴുവന്‍ രക്ഷാമാര്‍ഗ്ഗങ്ങള്‍ അടഞ്ഞുപോയ ഹിംസയുടെ ചാക്രികതയില്‍ കുരുക്കിയിട്ട യുദ്ധാന്തരീക്ഷം അടിയൊഴുക്കായി നോവലില്‍ ഉടനീളം അനുഭവ വേദ്യമാണ്. എന്നാല്‍ മിഡില്‍ ഈസ്റ്റില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും എത്തുന്ന സമാന സാഹചര്യങ്ങള്‍ ആവിഷ്കരിക്കുന്ന നോവലുകളില്‍ നിന്ന് ഭിന്നമായി പ്രകടമായ രാഷ്ട്രീയ പരതയോ ഹിംസാത്മകതയുടെ ചിത്രീകരണമോ നോവലില്‍ അധികമില്ല. ഇതിവൃത്ത ഭാഗങ്ങള്‍ എന്ന് പറയാവുന്നതത്രയും നോവലിന്റെ തുടക്കത്തിലെ ഇരുപതോളം പേജുകളില്‍ അവതരിപ്പിക്കുന്നുണ്ട് എന്നത് മുഖ്യ കഥാപാത്രത്തിന്റെ സ്വത്വാന്വേഷണമെന്ന മനോവ്യാപാരത്തിലാണ് നോവലിന്റെ ഊന്നല്‍ എന്ന് വ്യക്തമാക്കുന്നുണ്ട്.

ഔദ്യോഗികമായി സെക്കുലര്‍ ആണെങ്കിലും മാരോനൈറ്റ് കത്തോലിക്കാ വിഭാഗത്തിനു ശക്തമായ മേല്‍ക്കൈയ്യുള്ള ഫലാംഗിസ്റ്റ് പാര്‍ട്ടിയുടെ സജീവപോരാളിയാണ് മരൂണിന്റെ വളര്‍ത്തു പിതാവ്. ലബനീസ് ആഭ്യന്തര യുദ്ധത്തില്‍ ഫലാംഗിസ്റ്റ് അര്‍ദ്ധസൈനിക വിഭാഗം ഒരു പ്രധാന ചേരിയാണ്. നഗരത്തിന്റെ മറുഭാഗത്ത് നിന്നുള്ള മറൂനിന്റെ യഥാര്‍ത്ഥ കുടുംബം മുസ്ലിംകളാണ് എന്നത് വ്യക്തവുമാണ്. എന്നാല്‍ നോവലിന്റെ ഏറ്റവും ഹൃദ്യമായ ഒരു വശം ഈ മതസംഘര്‍ഷങ്ങളോ അതിന്റെ രാഷ്ട്രീയമോ നോവലിന്റെ വിഷയമേയല്ല എന്നതാണ്. തന്റെ ദുരന്ത ചരിത്രം മനസ്സിലാക്കി വരുമ്പോള്‍ മറൂണ്‍ നേരിടുന്ന അസ്ഥിത്വപരമായ സംത്രാസം മുതിര്‍ന്നു വരുമ്പോള്‍ അവനോടൊപ്പം വളരുന്നുണ്ട്‌. യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയായിരിക്കുന്ന കാലത്ത്പിതാവിന്റെ മരണത്തലേന്നാണ് സഹോദരനില്‍ നിന്ന് തന്റെ യഥാര്‍ത്ഥ കുടുംബത്തിനു എന്താണ് സംഭവിച്ചത് എന്ന് മറൂണ്‍ അറിയുക. അവന്‍ ഓര്‍ക്കുന്നതും വിഷമിക്കുന്നതും ഓര്‍മ്മകളുടെ അനിശ്ചിതത്വത്തെ കുറിച്ചാണ്: തന്റെ യഥാര്‍ത്ഥ മാതാപിതാക്കളെയോ സഹോദരങ്ങളെയോ ഒന്ന് ഓര്‍ത്തെടുക്കാന്‍ ആവുന്നില്ല എന്നതാണ് അവനെ വിഷമിപ്പിക്കുന്നത്. ഒരു എഞ്ചിനീയറിംഗ് സ്ഥാപത്തില്‍ ജോലി ചെയ്യുന്ന നാല്‍പ്പതോടടുത്ത പ്രായത്തിലെത്തിയ അവസ്ഥയിലാണ് തന്നെ വീര്‍പ്പുമുട്ടിക്കുന്ന അസ്തിത്വ പ്രതിസന്ധിയുടെ കഥ മറൂണ്‍ എഴുത്തുകാരനായ റബീ എന്നയാളോട് വിവരിക്കുന്നത്.

 

മരിച്ചു പോയ മകന്റെ പേരിട്ടു തന്നെ വളര്‍ത്തുന്ന കുടുംബത്തില്‍ ഒരര്‍ത്ഥത്തില്‍ താനൊരു അപരസ്വത്വമാണെന്നു അവനു തോന്നുന്നുണ്ട്;  അതും ഒരു പരേതാത്മാവിന്റെ സ്വഭാവമുള്ള ഒന്ന്. ഈ ചിന്തയാണ് തന്റെ ജനകരായ മാതാ പിതാക്കളുടെയും കൂടപ്പിറപ്പുകളുടെയും കൊലയാളി നല്‍കിയ സ്വത്വം ഉപേക്ഷിക്കണമെന്ന ചിന്തയായി അവനെ മഥിക്കുന്നത്. വളര്‍ത്തച്ഛനും അമ്മയും മകനായിത്തന്നെയാണ് വളര്‍ത്തിയതെങ്കിലും ജൈവ ധാരയുടെ വിളി അവനെ വിട്ടുപോകുന്നില്ല. “രണ്ടു പേര്‍ എന്റെ നെഞ്ചില്‍ പോരാടുകയായിരുന്നുഅവരാരെന്നു എനിക്കറിയില്ലായിരുന്നുഅതെങ്ങനെ അവസാനിക്കുമെന്നും എനിക്കറിയില്ലായിരുന്നു.”  അഞ്ചോ ആറോ വയസ്സുള്ളപ്പോള്‍ പൊയ്പ്പോയ സ്വത്വം ഇടറിപ്പോകുന്ന ഓര്‍മ്മകളിലൂടെ കൂട്ടിത്തുന്നിയെടുത്തു പുനരുജ്ജീവിപ്പിക്കുക എന്ന ദുസ്സാധ്യതയുടെ ദുരന്തമാണ് ഇടയ്ക്കിടെ തല വെട്ടിപ്പൊളിക്കുന്ന തലവേദനയായി അവനു അനുഭവപ്പെടുന്നത്.

ഓര്‍മ്മകള്‍ക്കും പുരാവൃത്തങ്ങളിലേക്കും ഉള്ളോട്ടുള്ളോട്ട് ചുഴിഞ്ഞിറങ്ങുന്നതിലൂടെ നോവലിലെ പ്രമേയ ധാരകള്‍ സൂചിതമാകുന്നുണ്ട്: യുദ്ധവും രാഷ്ട്രീയവുംപ്രണയവും രതിയും;  കുടുംബ ബന്ധങ്ങളും നഷ്ടവേദനകളും;  ഓര്‍മ്മയും ഭാവനയും;  സ്വത്വവും അന്വേഷണവും തുടങ്ങി വലിപ്പം കൊണ്ട് ചെറുതായ നോവലിന്റെ മാനങ്ങള്‍ പക്ഷെ വിസ്തൃതമാണ്. സംഘര്‍ഷ ഭൂമിയിലെ ഒരു നിശ്ചിതത്വവുമില്ലാത്ത അതിരുകള്‍ പോലെ മറുണിനെ സംബന്ധിച്ച ഒരു കാര്യത്തിലും അയാള്‍ക്കും തീര്‍ച്ചകളില്ല. കുട്ടിക്കാലത്തെ കുറിച്ചുള്ള തന്റെ ഭാവനയില്‍ നിന്നു യാഥാര്‍ത്ഥ്യം കണ്ടെടുക്കാനുള്ള തീവ്ര ശ്രമത്തില്‍ അവന്‍ സ്വയം ചോദിക്കുന്നുണ്ട്: “ഞാനത് ഓര്‍ക്കുകയാണോ അതോ സങ്കല്പ്പിക്കുകയോഎങ്ങനെയാണ് വ്യത്യാസം അറിയുകഓര്‍മ്മയെന്നത് ഒരു വന്‍ സംഭരണിയാണ്,  അതൊരു ആഴമുള്ള കിണറാണ്അതിനു അടരുകള്‍ക്ക് മേല്‍ അടരുകള്‍ക്ക് മേല്‍ അടരുകളുണ്ട് - അത് എന്തൊക്കെയാണ് കുഴിച്ചു മൂടുന്നത്എന്തൊക്കെയാണ് ബാക്കിവെക്കുന്നത്‌?” വര്‍ത്തുളവും ആവര്‍ത്തന രൂപത്തിലുള്ളതുമായ മരൂണിന്റെ ചിന്തകളെയും അനിശ്ചിതത്വങ്ങളെയും സന്ദേഹങ്ങളെയുമാണ് നോവല്‍ പിന്തുടരുന്നത്. എങ്കിലും "കഴിവതും ഒരു യുക്തിസഹമായ ചിട്ട പിന്തുടരാനാണ്" താന്‍ ശ്രമിക്കുന്നതെന്ന് അയാള്‍ വിശദീകരിക്കുന്നു. "കാര്യങ്ങളുടെ ചിട്ടയില്‍ ഒരു കയ്യടക്കം ഉണ്ടാവേണ്ടത് പ്രധാനമാണ്.”  ജീവിത കഥ പകര്‍ത്തിവെക്കാന്‍ ശ്രമിച്ചു പരാജയപ്പെടുന്ന അതേ ചഞ്ചല ചിത്തത തന്നെയാണ് പ്രണയത്തിലും അയാള്‍ അഭിമുഖീകരിക്കുക: “ഞങ്ങള്‍ പ്രണയത്തിലായിഎന്റെ മനസ്സ് വന്യമായി ഓടുകയായിരുന്നുപദ്ധതികള്‍ തയ്യാറാക്കുകയായിരുന്നുവീണ്ടും കുറെയേറെ വന്യമായി ഒടുകയായായിരുന്നപ്പോഴാണ് അവള്‍ എന്നോട് പറഞ്ഞത്... അവള്‍ക്കിനിയും എന്നെ കാണാനാവില്ല എന്ന്.”  തന്റെ യഥാര്‍ത്ഥ കുടുംബത്തെ ഇല്ലാതാക്കിയ പിതാവിനോട് അയാള്‍ക്ക് ദേഷ്യമില്ലഎന്നാല്‍ അനുതാപവുമില്ല. ഓര്‍മ്മകള്‍ അയാളെ എവിടെയും എത്തിക്കുന്നില്ലഎന്നാല്‍ ഓര്‍മ്മകളിലല്ലാതെ അയാള്‍ക്ക് മുങ്ങിത്തപ്പാനുമില്ല. മരൂണിന്റെ സ്വരത്തില്‍ ഉടനീളം ദീര്‍ഘ കാലം നിശ്ശബ്ദനായി ഇരുന്നതിന്റെ കടം വീട്ടാനെന്നോണമുള്ള ഇനിയേതായാലും പറയാതെ വയ്യെന്ന മട്ടിലുള്ള ഒരു ധൃതിയുണ്ടെന്നു കാണാം. അയാള്‍ വിദ്യാസമ്പന്നനും വാചാലനും ശ്വാസം വിടാനാകാത്ത വിധം ധൃതിയുള്ളവനുമാണ് എന്നത് നോവലിന്റെ ആന്തരികമായ ഐറണിയെ സൂചിപ്പിക്കുന്നുണ്ട്: ഒരു വശത്ത്‌ അതിവാചാലനായ ആഖ്യാതാവിന്റെ ചടുലതക്ക് മുന്നില്‍ പ്രധാനമായ ചില ചോദ്യങ്ങള്‍ മുങ്ങിപ്പോവുന്നു: അയാള്‍ ശരിക്കും തന്റെ വളര്‍ത്തു പിതാവിനെ കുറ്റപ്പെടുത്തുന്നുണ്ടോതന്റെ സഹോദരങ്ങളെതന്റെ അമ്മയെ?  ആ നിലക്ക് നോവലിന്റെ പ്രക്ഷേപിത മാനങ്ങള്‍ ആഖ്യാനത്തിന് ഉള്‍കൊള്ളാന്‍ കഴിയാതെ പോയതാവാം എന്ന് വരാം. എന്നാല്‍ ഒരു പക്ഷെ അത് തന്നെയാണ് നോവലിന്റെ ശക്തിയും: കുറ്റപ്പെടുത്തലുകള്‍ക്ക്,  വിധികല്‍പ്പിക്കലിന് എന്ത് പ്രസക്തിയാണുള്ളത് എന്നുമാവാം നോവല്‍ മുന്നോട്ടു വെക്കുന്ന തുറന്ന അറ്റം.

(ഞായര്‍ പ്രഭാതം, ജനുവരി 21, 2018)

Wednesday, July 26, 2017

An Unnecessary Woman by Rabih Alameddine


പുസ്തകങ്ങള്‍ക്കൊരു സ്തുതിഗീതം





ഭൂതകാലത്തില്‍ നിന്ന് രക്ഷനേടാന്‍ ശ്രമിക്കുന്ന, സമൂഹവുമായി ഇഴകോര്‍ക്കുന്നതില്‍ പ്രശ്നങ്ങളുള്ള കഥാപാത്രങ്ങളാണ് റാബിഹ് അലാമെദ്ദീന്‍  എന്ന ലബനീസ് അമേരിക്കന്‍ നോവലിസ്റ്റിന്റെ രചനാലോകത്തുള്ളത്. ലബനീസ് സമൂഹത്തിന്റെ പുരുഷ മേധാവിത്ത പരവും ലൈംഗിക കാപട്യങ്ങള്‍ നിറഞ്ഞതും വംശീയത ഭരിക്കുന്നതുമായ സാമൂഹിക, അധികാര സ്വരൂപങ്ങളോട് കലഹിക്കാന്‍ പ്രവാസത്തിന്റെ വഴി തെരഞ്ഞെടുക്കുന്നവരാണ് അവരില്‍ പലരും. അത് കഴിയാതെ വരുന്നവരോ മനപ്പൂര്‍വ്വം ആ വഴി വേണ്ടെന്നു വെക്കുന്നവരോ ആയ കഥാപാത്രങ്ങളും അത്തരം ‘പരോക്ക്യല്‍’ ചുറ്റുപാടില്‍ ആത്മീയമായി സ്വയം ബഹിഷ്കൃതരും അന്യരും ആയിത്തീരുന്നു. അത്തരം ഒരു കഥാപാത്രത്തെയും അവരുടെ സുദീര്‍ഘവും ഏകാന്തവുമായ ജീവിതത്തെയുമാണ് ഒരനാവശ്യ സ്ത്രീ എന്ന നോവലില്‍ അലാമെദ്ദീന്‍ ആവിഷ്കരിക്കുന്നത്.

സ്വയം ബഹിഷ്കൃതയുടെ ഇടം

നിതാന്ത സംഘര്‍ഷങ്ങളുടെ നഗരമായ ബൈറൂത്തില്‍ ഒരു ഫ്ലാറ്റില്‍ തനിച്ചു താമസിക്കുന്ന ആലിയ സാലെഹ് എന്ന എഴുപത്തിരണ്ടുകാരി ഒരു സുപ്രഭാതത്തില്‍ ഷാമ്പൂ ബോട്ടിലിന് മുകളിലെ ലേബല്‍ തെറ്റായി വായിച്ചത് കാരണം തന്റെ മുടി നീല നിറത്തില്‍ ഡൈ ചെയ്യാനിടയാകുന്നതോടെയാണ് റാബിഹ് അലാമെദ്ദീന്‍ രചിച്ച ‘ഒരനാവശ്യ സ്ത്രീ’ ആരംഭിക്കുന്നത്. ഉറക്കമില്ലായ്മയുടെയും ആര്‍ത്രൈറ്റിസിന്റെയും മാത്രമല്ല, അവര്‍ അംഗീകരിക്കില്ലെങ്കിലും, കടുത്ത ഏകാന്തതയുടെയും പ്രശ്നങ്ങളാണ് ആലിയ അനുഭവിക്കുന്നത്. അര നൂറ്റാണ്ടു കാലമായി കാര്യമായ ആവശ്യക്കാരില്ലെങ്കിലും ഉടമസ്ഥന്‍ ഒരു സ്റ്റാറ്റസ് സിംബല്‍ ആയി നിലനിര്‍ത്തിപ്പോന്ന ഒരു പുസ്തകക്കടയില്‍ ജോലി ചെയ്തു വന്ന ആലിയ തന്റെ ഒഴിവു സമയവും, റിട്ടയര്‍ ചെയ്ത ശേഷമുള്ള മുഴുവന്‍ സമയവും ചെലവഴിച്ചത്‌ ഫിക് ഷന്‍ രചനകള്‍ ക്ലാസ്സിക് അറബിക്കിലേക്ക് വിവര്‍ത്തനം ചെയ്താണ്. എല്ലാ വര്‍ഷവും ജനുവരി ഒന്നിന് അവര്‍ ഒരു പുതിയ പുസ്തകം തുടങ്ങുന്നു. ഇതിനോടകം മുപ്പത്തിയേഴു നോവലുകള്‍ അവര്‍ വിവര്‍ത്തനം ചെയ്തു വെച്ചിട്ടുണ്ട്, അതൊരു പ്രസാധകര്‍ക്കും അയക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലെങ്കിലും. സെബാല്‍ഡിന്റെ (W G Sebald) ആസ്ട്രെലിറ്റ്സ് ആണ് ഒടുവില്‍ പൂര്‍ത്തീകരിച്ചത്. ഈ പുതു വര്‍ഷ ദിനത്തില്‍ ബോലാനോയുടെ ബ്രഹ്മാണ്ഡ നോവല്‍ 2666 തുടങ്ങിയാലോ എന്നൊരു ചിന്തയുണ്ട് അവര്‍ക്ക്. എന്നാല്‍, തന്റെ ഈ പ്രായത്തില്‍ അത് മുഴുവനാകുമോ എന്ന ആശങ്കയുമുണ്ട്. വ്യക്തമല്ലാത്ത കാരണങ്ങളാല്‍ ഇംഗ്ലീഷ്, ഫ്രഞ്ച് പുസ്തകങ്ങള്‍ അവര്‍ വിവര്‍ത്തനം ചെയ്യാറില്ല. -ലബനോന്‍കാര്‍ക്ക് രണ്ടിനും പരിഭാഷ ആവശ്യമല്ല എന്നാണു ആലിയ പറയുക. ഇതിനോടകം ചെയ്ത വിവര്‍ത്തനങ്ങള്‍ കിച്ചന്‍ ഭാഗത്തെ അറയില്‍ അടുക്കിവെച്ചത് ഒരു അപ്രതീക്ഷിത കാലക്കേടില്‍ പെട്ട് പോകുന്നതും അവ തിരിച്ചു പിടിക്കാന്‍ നടത്തുന്ന ശ്രമങ്ങളും ഒറ്റ ദിവസത്തെ കഥ പറയുന്ന നോവലിന്റെ ഇതിവൃത്ത ഘടനയിലെ പ്രധാന ഉത്കണ്ഠയാണ്.

തോറ്റുപോയ നാര്‍സിസ്റ്റ് എന്ന് സ്വയം വിളിക്കുന്ന, ഓര്‍മ്മക്കുറവിനെ ഭയപ്പെട്ടു തുടങ്ങുന്ന, പുസ്തകങ്ങളുടെയും ആശയങ്ങളുടെയും ലോകത്ത് ജീവിക്കുന്ന ഒരു വയോധികയുടെ ജീവിതം അവരുടെ തന്നെ ആഖ്യാന സ്വരത്തില്‍ പകര്‍ത്തുന്നതിലൂടെ നോവല്‍ സ്വകാര്യ ജീവിതാഖ്യാനം എന്നതിലേറെ ഒരു സ്തുതി ഗീതമായി മാറുകയാണ്: പുസ്തകങ്ങള്‍ക്ക്, എഴുത്തുകാര്‍ക്ക്, ത്രസിപ്പിച്ച, പ്രചോദിപ്പിച്ച കഥാപാത്രങ്ങള്‍ക്ക്, ആശയങ്ങള്‍ക്ക്, സര്‍ഗ്ഗാനുഭവങ്ങള്‍ക്ക്. കാലാതിവര്‍ത്തിയായ അനേകം മഹത്തായ രചനകളില്‍ നിന്നുള്ള ഉദ്ധരണികളും അനുരണനങ്ങളും സ്വരങ്ങളും വാചകങ്ങളും സ്മൃതികളും സൂക്തങ്ങളും ഇടതടവില്ലാതെ കടന്നു വരുന്ന നോവല്‍ ഒരര്‍ത്ഥത്തില്‍ സാമാന്യ വായനക്കാര്‍ക്ക് എന്നതിലേറെ വായന ഒരു ആവേശമായി കൊണ്ട് നടക്കുന്നവര്‍ക്കുള്ള പുസ്തകമാണ്. വീണ്ടും വീണ്ടും ചെന്ന് കേറാവുന്ന ഓരോ സഹവാസത്തിലും കൂടുതല്‍ സ്വയം സമ്പന്നരാകാന്‍ കഴിയുന്ന ഒന്ന്. വായനയുടെ ഒരു സംസ്കാരവുമായി ഈ പുസ്തകത്തെ സമീപിക്കുക, വേണ്ടത്ര ഇടവേളകളില്‍ അതിനിടയിലെ മറ്റു വായനകള്‍ കൂടി തിടം വെച്ച മനസ്സുമായി വീണ്ടും സമീപിക്കുക. ആലിയുടെ ലോകം അവരുടേത് കൂടിയാണ്: ടോള്‍സ്റ്റോയ്‌, ഹെമിംഗ് വെ, ഡോസ്റ്റൊയെവ്സ്കി, കാമു, കാല്‍ വിനോ, ബോര്‍ഹെസ്, നബകൊവ്, ഇംറേ കെര്‍ട്ടെസ്, ഹാവിയര്‍ മറെയ്സ്, സരമാഗു, അന്തൂനിയാസ്, പ്രിമോ ലെവി, ഫ്ലോബേര്‍, പെസ്സോവ, ഡാനിലോ കീസ്, കൂറ്റ്സേ, ദാര്‍ശനികരും, ചലച്ചിത്രകാരന്മാരും സംഗീതകാരന്മാരും ചിത്രകാരന്മാരും. അഥവാ ആലിയ അവരുടെ ലോകത്താണ്.

തനിയെ ആകുന്നതിനു മുമ്പ് കുറഞ്ഞൊരു കാലം ‘ഭര്‍ത്താക്കന്മാര്‍ സര്‍വ്വ ശക്തരായിരിക്കേണ്ട ലോകത്ത്’ ഒന്നിനും കൊള്ളാത്ത ‘ഒരു പുഴുവിനെ പോലുള്ള’ പൗരുഷവും അതെ സമയം സ്ത്രീയുടെ നേരെ പുരുഷ മേധാവിത്ത സമൂഹത്തിന്റെ മുഴുവന്‍ അവഗണനയും അടയാളപ്പെടുത്തിയ ഒരു ഭര്‍ത്താവുണ്ടായിരുന്നു ആലിയക്ക്‌. “ആഹ്, ഒരു ഭീകര സ്വത്വത്തെ പ്രതീക്ഷിച്ചയിടത്തു ഒരു പുഴുവിനെ കണ്ടെത്തുന്നതിന്റെ നൈരാശ്യം.” അസംബന്ധപൂര്‍ണ്ണമായ വൈരുദ്ധ്യത്തില്‍ ഒരിക്കലും അയാള്‍ക്കുണ്ടായിട്ടില്ലാത്ത ഉദ്ധാരണവുമായി ഒരു ദിവസം ബസ്സുയാത്രക്കിടെ ഹൃദയസ്തംഭനം വന്നു അയാള്‍ മരിക്കുന്നത്, മയ്യിത്തിനു ചുറ്റും അടക്കിപ്പിടിച്ച ചിരിയുയര്‍ത്തുന്നുണ്ട്. ഒരു ഘട്ടത്തിലും അവള്‍ അയാളെ സ്നേഹിച്ചിട്ടില്ല. മാക്ബത്ത് നാടകത്തിലെ വരികളെ ഓര്‍മ്മിപ്പിച്ച് ആലിയ തന്റെ ദാമ്പത്യത്തെ വിശദീകരിക്കുക ഇങ്ങനെയാണ്: “ഞങ്ങളുടെ വിവാഹത്തെ സംബന്ധിച്ച് അത് വേണ്ടെന്ന വെച്ചതിനേക്കാള്‍ യോജിച്ച ഒന്നുമുണ്ടായിരുന്നില്ല.” രണ്ടാം വയസ്സില്‍ മരിച്ചു പോയ പിതാവോ, ഒട്ടും വൈകാതെ നടത്തിയ രണ്ടാം വിവാഹത്തിലെ മക്കളെ മാത്രം സ്നേഹിച്ച തൊണ്ണൂറു കടന്നും ജീവിച്ചിരിക്കുന്ന സന്നി ബാധിച്ച ഉമ്മയോ അവള്‍ക്ക് തുണയായിട്ടില്ല. ഉമ്മയുടെ അവഗണന അതിന്റെ പരമാവധിയായി, ക്രൂരമായിത്തന്നെ ആലിയ തിരിച്ചു കൊടുക്കുന്നുമുണ്ട്‌. ഉമ്മയുടെ സംരക്ഷണം ആലിയ ഏറ്റെടുക്കണം എന്ന ആവശ്യവുമായി ഫ്ലാറ്റില്‍ എത്തുന്ന അര്‍ദ്ധ സഹോദരനെയും ഭാര്യയേയും ‘മൂന്നു ദുര്‍മന്ത്രവാദിനകള്‍ ചേര്‍ന്ന് തിരിച്ചയക്കുന്ന രംഗം ഒരു ഭ്രമക്കാഴ്ചയില്‍ എന്നോണമാണ് ആലിയ കാണുക, “ഒരു അന്റൊനിയോനി സിനിമ സബ്‌ ടൈറ്റില്‍ ഇല്ലാതെ കാണും പോലെ” താനെല്ലാം നോക്കി നിന്നു എന്നാണു ആലിയ അത് വിവരിക്കുക. അര്‍ദ്ധ സഹോദരങ്ങള്‍ക്കാകട്ടെ ആലിയയുടെ അപാര്‍ട്ട്മെന്റില്‍ ആണ് കണ്ണ്. താന്‍ ജനിച്ച മുപ്പതുകളില്‍ നാട് പതിനാലാം നൂറ്റാണ്ടില്‍ നിന്ന് പുറത്തു കടക്കാന്‍ ശ്രമിക്കുകയായിരുന്നു എന്ന് ആലിയ ഓര്‍ക്കുന്നു. പതിനെട്ടാം വയസ്സിലാണ് പിതാവ് വിവാഹിതനായത്. ഇരുപത്തിയൊന്നാം വയസ്സില്‍ അദ്ദേഹം മരിക്കുമ്പോള്‍ ഉമ്മാക്ക് പതിനെട്ടായിരുന്നു പ്രായം. “പതിനാറാം വയസ്സില്‍ എന്നെ വിവാഹം കഴിപ്പിച്ചു വിട്ടു, എനിക്കുണ്ടായിരുന്ന ഒരേയൊരു സ്വന്ത ഇടമായ സ്കൂളില്‍ നിന്ന് ഒട്ടും പാകമാകാതെ പറിച്ചെടുക്കപ്പെട്ടവള്‍, എന്നിട്ട് വീട്ടു പടിക്കലെത്തിയ ഒട്ടും ചേരാത്ത ആദ്യത്തെ ആലോചനക്കാരന്, രൂപത്തിലും ആത്മാവിലും കുറിയ ഒരുത്തന് ദാനം ചെയ്യപ്പെട്ടവള്‍.” 1982-ലെ ഇസ്രായേലിന്റെ ബൈറൂത്ത് ഉപരോധ കാലത്ത് കഴിവുള്ളവരെല്ലാം നഗരം വിട്ടു പോയപ്പോഴും ആലിയ അത് ചിന്തിച്ചതേയില്ല. പലസ്തീനിയന്‍ ഗറില്ലകളും ഭവന ഭേദന സന്ദര്‍ഭങ്ങളില്‍ ചെയ്തു കൂട്ടുന്ന വൃത്തികേടുകള്‍ക്ക് ആലിയ സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. 1977-ല്‍ യുദ്ധാരംഭത്തിലൊരിക്കല്‍ മനപ്പൂര്‍വ്വം ക്ലോസെറ്റ് ഉപയോഗിക്കാതെ തറയില്‍ വിസര്‍ജ്ജിച്ചു വെച്ചവരെ കുറിച്ച് അവര്‍ പറയുന്നുണ്ട്: “ആണുങ്ങള്‍ അത്തരം കാര്യങ്ങള്‍ ചെയ്യുക അസാധാരണമായിരുന്നില്ല.” ഇസ്രയേലികളും പലസ്തീനികളും ലബനാന്‍കാരും ഇറാന്‍, സിറിയ, ക്രിസ്ത്യന്‍, ജൂത, മുസ്ലിം ഭദമെന്യേ എല്ലാവരും അത് ചെയ്തുവന്നു. “പുരുഷനെ സംബന്ധിച്ച് ഈ പ്രേരണ, സൃഷ്ടിസമയത്തു അവന്റെ കോശങ്ങളില്‍ നിക്ഷേപിച്ചത്, മൃഗീയമായ രീതിയില്‍ യുദ്ധ ഘട്ടങ്ങളില്‍ വിമോചിതമാകും.” ഈ സംഭവത്തെ തുടര്‍ന്നാണ്‌ അവള്‍ ഒരു കലാഷ്നിക്കൊവ് സ്വന്തമാക്കുന്നത്.

ഏകദൈവം എന്ന നാസി

ഇന്ന്, മൂന്ന് ദുര്‍മ്മന്ത്രവാദിനികള്‍ (three witches) എന്ന് ആലിയ ആദ്യമൊക്കെ അവരെ അകറ്റി നിര്‍ത്താനുള്ള വ്യഗ്രതയിലും ഒടുവില്‍ സ്നേഹപൂര്‍വ്വവും വിശേഷിപ്പിക്കുന്ന മൂന്നു അയല്‍ക്കാരികള്‍ മാത്രമാണ് അവരുടെ അപൂര്‍വ്വ മാനുഷിക വിനിമയം. ജുമാന, ഫാദിയ, മേരി തെരേസ. എങ്കിലും അവരെ അകലെ നിന്ന് കേള്‍ക്കാനാണ്‌ ആലിയക്ക്‌ താല്‍പര്യം. “ഞാന്‍ തനിച്ചാണ്. അത് ഞാന്‍ നടത്തിയ തെരഞ്ഞെടുപ്പാണ്, എന്നിരിക്കിലും അത് മറ്റൊരു സാധ്യതയും ലഭ്യമല്ലാത്ത നിലക്ക് നടത്തിയ തെരഞ്ഞെടുപ്പും ആണ്. ബൈറൂത്ത് നഗരം ആ നാളുകളില്‍ വിവാഹമോചിതയും കുട്ടികള്‍ ഇല്ലാത്തവളുമായ സ്ത്രീകളെ താല്‍പ്പര്യപ്പെട്ടിരുന്നില്ല.” എല്ലാത്തിനും പുറമേ, ആലിയ മതരഹിതയും ദൈവരഹിതയുമാണ് എന്നതും വലിയ വ്യത്യാസമാണ്. അത്തരം കാര്യങ്ങളില്‍ പ്രകൊപനപരമാം വിധം വിഗ്രഹ ഭജ്ഞകസ്വഭാവമുള്ളതാണ് ആലിയുടെ നിരീക്ഷണങ്ങള്‍. എനിക്ക് ദൈവത്തിനു വേണ്ടി മാറ്റിവെക്കാന്‍ തീരെ സമയമുണ്ടായിരുന്നില്ലഅയാള്‍ക്ക്‌ എനിക്ക് വേണ്ടിയും. ഞാന്‍ മുതിര്‍ന്നപ്പോള്‍, എനിക്കങ്ങിനെ ഒന്നിന്റെ ആവശ്യവും ഉണ്ടായിരുന്നില്ല. ഇമ്മാനുവേല്‍ ലെസിനാസ് പറഞ്ഞു ദൈവം 1941-ല്‍ സ്ഥലം വിട്ടെന്ന്. എന്റെ ദൈവം 1975-ല്‍ സ്ഥലം വിട്ടു. 1978-ലും 1982-ലും 1990-ലും. ലബനാനില്‍ പരസ്പരം പോരടിക്കുന്ന വിഭാഗങ്ങള്‍ തമ്മില്‍ എന്താണ് വ്യത്യാസം?  “ബരോക്കും റോക്കോയും തമ്മിലുള്ള വ്യത്യാസം എനിക്ക് വിവരിക്കാനായേക്കുംസൗത്ത് അമേരിക്കന്‍ മാജിക്കല്‍ റിയലിസവും അതിന്റെ സൗത്ത് ഏഷ്യന്‍, സബ്‌ സഹാറന്‍ വക ഭേദങ്ങളും തമ്മില്‍കാമുവിന്‍റെ നിഹിലിസവുംസാര്‍ത്രിന്റെ അസ്തിത്വ വാദവും തമ്മില്‍മോഡേണിസവും അതിന്റെ പോസ്റ്റ്‌ മോഡേണ്‍ രൂപവും തമ്മില്‍. എന്നാല്‍ നാസരൈറ്റുകളും ബാത്തിസ്റ്റുകളും തമ്മിലുള്ള വ്യത്യാസം എന്തെന്ന് എന്നോട് ചോദിക്കരുത്.”  ശത്രുതാ സങ്കല്‍പ്പങ്ങളുടെ അസംബന്ധത്തെ കുറിച്ച് ആലിയ നിരീക്ഷിക്കുന്നുമിക്ക ശത്രുതകളുടെയും ഹൃദയത്തില്‍ പൊരുത്തപ്പെടാനാവാത്ത സാമ്യങ്ങളാണ്. നൂറു വര്‍ഷ യുദ്ധങ്ങള്‍ ഉണ്ടായത് യേശു ദൈവരൂപിയായ മനുഷ്യനാണോ അതോ മനുഷ്യ രൂപിയായ ദൈവമാണോ എന്ന ചോദ്യത്തിലാണ്. വിശ്വാസം മാരകമാണ്.” ഇസ്രയേല്‍ ഇന്ന് വേട്ടക്കാരനായത്തിന്റെ പിന്നിലെ ദൈവ സാന്നിധ്യം ഇങ്ങനെയാണ് അവര്‍ വിവരിക്കുക: ഇസ്രായേലിന്റെ ദൈവത്തെ കുറിച്ച് എന്ത് വേണമെങ്കിലും പറഞ്ഞോളൂപക്ഷെ സ്ഥിരത ഒരിക്കലും അവന്റെ ശക്തഗുണമല്ല. അവനൊരിക്കലും മനുഷ്യ കുലത്തോട് നേതി കാണിച്ചിട്ടില്ല. ഏകദൈവം ഒരു നാസിയാണ്.

ആലിയയെ സംബന്ധിച്ച് ദൈവ നിഷേധവും കുടുംബ നിഷേധവും മത നിഷേധവും, ഒരു വേള, മനുഷ്യ സമ്പര്‍ക്ക നിഷേധവും സൃഷ്ടിക്കുന്ന ശൂന്യത നിറക്കുന്നത് അവളുടെ സന്തത സഹചാരികളായജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ എഴുത്തുകാരാണ്. പതിനാലാം വയസ്സില്‍ ആദ്യ  വിവര്‍ത്തനം തുടങ്ങിയ ആലിയ ക്ലാസ്സിക് അറബ് ഭാഷയോട് പ്രണയത്തിലായതാണ് അതൊരു ആസക്തിയായി വളരാന്‍ ഇടയാക്കുന്നത്. ഖുറാനിലെ കുട്ടിത്തം കലര്‍ന്ന ഉള്ളടക്കത്തെക്കുറിച്ച് മതിപ്പില്ലെങ്കിലും അതിന്റെ ശൈലിയെ തനിക്കു മാനിക്കാതെ വയ്യെന്ന് ആലിയ പറയുന്നുണ്ട്. ആരാധനയില്‍ താല്പര്യമില്ലെങ്കിലും മുഅല്ലഖാത് എന്ന ഏഴു മനോഹര കാവ്യങ്ങള്‍ തൂക്കിയിട്ട ഇസ്ലാമിക പൂര്‍വ്വ കഅബയുടെ ആശയം അവര്‍ക്കിഷ്ടമാണ്. ഒന്നിനും ഒരു നിശ്ചിതത്വവുമില്ലാത്ത നാട്ടിലിരുന്നു ജീവിതത്തിന്റെ ഏതെങ്കിലും ഒരു ക്രമ ബദ്ധത സങ്കല്‍പ്പിക്കുന്നത് പോലും അസംബന്ധമാണെന്ന തിരിച്ചറിവിനുള്ള മറുമരുന്നാണ് പുസ്തകങ്ങള്‍ അവള്‍ക്ക് നല്‍കുന്നത്. “എന്റെ പുസ്തകങ്ങള്‍ എനിക്ക് കാണിച്ചു തരുന്നു നിങ്ങള്‍ ഒരു സ്വിച്ചിടുമ്പോള്‍ ബള്‍ബ് കത്തുമെന്നും വെളിച്ചം നിലനില്‍ക്കും എന്നും ഉറപ്പുള്ള വിശ്വസിക്കാന്‍ കൊള്ളാവുന്ന ഒരു നാട്ടില്‍ കഴിയുക എന്നാല്‍ എന്താണെന്ന്.” എന്നാല്‍ ആ വിശ്വസനീയത നിങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ കാര്യങ്ങളെ നിയന്ത്രിക്കാനുള്ള അവസരം തരണം എന്നില്ലെന്നും അതുകൊണ്ടാണ് ലോകത്തിലെ ഏറ്റവും സുരക്ഷിതത്വമുള്ള നാട്ടിലുള്ളവര്‍ അരക്ഷിതത്വം അനുഭവിക്കുന്നത് എന്നും ആലിയ കണ്ടെത്തുന്നുമുണ്ട്.

വിവര്‍ത്തനം, വ്യക്തിനിഷ്ടത

വിവര്‍ത്തനത്തെ കുറിച്ചുള്ള ആലിയുടെ നിലപാടുകളും എത്രമാത്രം ആശ്രയിക്കാവുന്നതാണ് എന്നതും പ്രസക്തമാണ്. “എന്റെ വിവര്‍ത്തനം ഒരു വാഗ് നര്‍ ഓപ്പറയാണ്. ആഖ്യാനം തുടങ്ങുന്നു, സംഘര്‍ഷങ്ങള്‍ മുറുകുന്നു, ആരോഹണാവരോഹണങ്ങള്‍, കമ്പികള്‍, ഹോണുകള്‍, കൂടുതല്‍ സംഘര്‍ഷം, എന്നിട്ടതാ പെട്ടെന്നൊരു ശുദ്ധ ആനന്ദത്തിന്റെ നിമിഷം. ഗബ്രിയേല്‍ തന്റെ സുവര്‍ണ്ണ ട്രംപെറ്റ് മുഴക്കുന്നു, അമൃതിന്റെ സുഗന്ധം അന്തരീക്ഷത്തെ ഉദാത്തമായി നിറക്കുന്നു, ദൈവങ്ങള്‍ ഒളിമ്പസ് പര്‍വ്വതത്തില്‍ നിന്ന് നൃത്തം ചെയ്യാന്‍ ഇറങ്ങിവരുന്നു – അങ്ങേയറ്റം സ്വര്‍ഗ്ഗീയം ഈ ഉന്മാദത്തിന്റെ കൊടുമുടി.” ഈ വാക്കുകളിലെ അതിവൈകാരികതയും അമൂര്‍ത്തതയും ആ വിവര്‍ത്തനങ്ങളുടെ ആധികാരികതയെ തീര്‍ച്ചയായും അപകടപ്പെടുത്തുന്നുണ്ട്. വിവര്‍ത്തനമെന്നത് ആനന്ദം മാത്രം ലക്ഷ്യമാക്കുന്ന പ്രവര്‍ത്തനമല്ല, ഒട്ടേറെ തടസ്സങ്ങളെയും അവയെ കൃതിയുടെ മൂലം ആവശ്യപ്പെടുന്ന അവധാനതയോടെയും നൈപുണ്യത്തോടെയും മറികടക്കുന്നതിന്റെ സംതൃപ്തിയുടെയും കൂടി കാര്യമാണ്. ഒന്നിന് പിറകെ ഒന്നായി ആനന്ദം എന്നത് സാഹിത്യത്തോടുള്ള ആലിയയുടെ സമീപനത്തിന്റെ തന്നെ പ്രകൃതത്തെ നിര്‍ണ്ണയിക്കുന്നു എന്ന് റോബിന്‍ ക്രെസ് വെല്‍ നിരീക്ഷിക്കുന്നു,(nybooks.com). ഒരനാവശ്യ സ്ത്രീ, ആലിയുടെ പ്രിയപ്പെട്ട പുസ്തകങ്ങളില്‍ നിന്നുള്ള ഉദ്ധരണികള്‍ നിറഞ്ഞ ഒരു സാധാരണ പുസ്തകം മാത്രമാണ് എന്ന് അദ്ദേഹം കരുതുന്നു. അവരുടെ ജീവിതത്തില്‍ സംഭവിക്കുന്നതെന്തും ഒരു സാഹിത്യ സ്മരണ ഉയര്‍ത്തുന്നു: ഇഷ്ടമില്ലാത്ത ഒരയല്‍ വാസി വരുമ്പോള്‍ അവര്‍ സാര്‍ത്രിനെ ഓര്‍ക്കുന്നു, “നരകം അപര ജനതയാണ്,”; അത് ഫെര്‍ണാണ്ടോ വലേയോയുടെ നോവലിലെ വാക്കുകള്‍ ഓര്‍മ്മിപ്പിക്കുന്നു, “നരകത്തിന്റെ പീഠനം ശബ്ദമാണ്.” ഏകാന്തത കാമുവിനെ ഓര്‍മ്മിപ്പിക്കുന്നു, “ദിനങ്ങളുടെ ഭാരം ദുസ്സഹമാണ്”, ബൈറൂത്തിലെ ചവറുശുദ്ധീകരണക്കാര്‍ ഒട്ടേറെ സിസിഫസുമാര്‍ ആണെന്ന് അവള്‍ക്ക് തോന്നുന്നു. ഒരു നല്ല പുസ്തകം ആദ്യം വായിക്കുമ്പോള്‍ റംസാന്‍ വ്രതം മുറിക്കാന്‍ കിട്ടുന്ന ഓറഞ്ച് ജ്യൂസിന്റെ ആദ്യ സിപ്പ് പോലെ അവള്‍ക്കനുഭവപ്പെടുന്നു. ക്ലോഡിയോ മറെയ്സിന്റെ മനോഹര വാചകം നാവില്‍ വെള്ളമൂറിക്കുന്നു. മാര്‍ഗരിത്തെ യൂര്‍സിനാറുടെ കവാഫി പരിഭാഷ ഷാമ്പെയ്ന്‍ പോലെ അനുഭവപ്പെടുമ്പോള്‍ ആലിയക്ക്‌ വേണ്ടത്ര മതിപ്പില്ലാത്ത കോണ്‍സ്റ്റന്‍സ് ഗാര്‍നെറ്റിന്റെ ഡോസ്റ്റൊയെവ്സ്കി പരിഭാഷ പാല്‍ചായ പോലെയാണ്. കോണ്‍സ്റ്റന്‍സ് ഗാര്‍നെറ്റ് വിക്റ്റോറിയന്‍ ഇംഗ്ലീഷിന്റെ പ്രൌഡമായ ഏകാതാനതയിലേക്ക് ഡോസ്റ്റൊയെവ്സ്കിയെയും ടോള്‍സ്റ്റോയിയേയും എല്ലാം നിരപ്പാക്കിക്കളഞ്ഞു എന്നാണു അവരുടെ നിരീക്ഷണം. എന്നാല്‍, ആലിയുടെ നിരന്തര സാഹിത്യ പരിചരണത്തിന്റെ ലക്‌ഷ്യം ഹൃദയ ഭേദകമാം വണ്ണം ഗൌരവതരമാകുന്നത് അവരുടെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ്.  ജീവിതത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കലയുടെ ലോകത്തേക്ക്, സാഹിത്യത്തിലേക്ക് നുഴഞ്ഞുകയറുകയായിരുന്നു താനെന്നു ആലിയ ഏറ്റുപറയുന്നു. മുകളില്‍ എന്നോ ഉന്നതമായ ഇടത്തില്‍ എന്നോ ആണ് തന്റെ പേരിന്റെ അര്‍ഥം എന്ന് അവള്‍ ഓര്‍മ്മിപ്പിക്കുന്നു. “മറ്റു അറബ് പെണ്‍കുട്ടികള്‍ ആ വിവാഹം ചെയ്യാന്‍ അക്ഷമയായിരിക്കല്‍ ജീനിന് വേണ്ടി ദൈവത്തിനു മുന്നില്‍ ക്യൂ നിന്നപ്പോള്‍ ഞാന്‍ മറ്റെവിടെയോ, മിക്കവാറും ഒരു പുസ്തകത്തില്‍ മുഴുകി നില്‍പ്പായിരുന്നിരിക്കണം.” ഇപ്പോള്‍ ബൈറൂത്ത് അതിന്റെ ശൈഥില്യങ്ങളുമായി മുന്നിലുണ്ട്എന്നാല്‍ ആലിയ സ്വയം ഒരു സുരക്ഷിത ഔന്നത്യത്തില്‍ നിന്ന് മറ്റൊരു ജീവിതം തുടരുന്നു. പുസ്തകങ്ങളും ആശയങ്ങളും ഉരുവപ്പെടുത്തുന്ന ഒന്ന്. കുടുംബം എന്നത് സാമൂഹിക ജീവിതത്തിന്റെ അച്ചുതണ്ടായ നാട്ടില്‍ കുട്ടികളില്ലാത്ത വിധവയായി കഴിയുന്ന ആലിയയുടെ അന്യവല്‍ക്കരണവും സ്വയം ബഹിഷ്കരണവും എഴുതപ്പെട്ട വാക്കുകളോടുള്ള അന്ധമായ കാമനയായാണ്‌ അവളില്‍ രൂപാന്തരപ്പെടുന്നത്. ഒരേകാന്ത ആവേശമായി വിവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ അവള്‍ക്കറിയാം, ഒരു സാംസ്കാരിക മരുഭൂമിയിലാണ് താന്‍ ഇത് ചെയ്യുന്നതെന്ന്.  “അറബ് ലോകത്തെ സാഹിത്യംഅവിടെയുള്ളതും അതിനെ കുറിച്ചുള്ളതുംആര്‍ക്കും വേണ്ടാത്തതാണ്. വിവര്‍ത്തനം ചെയ്ത സാഹിത്യമോവിവര്‍ത്തനത്തിന്റെ വിവര്‍ത്തനംഎന്തിന് പൊല്ലാപ്പ്?”

ബൈറൂത്ത് എന്ന മോഹിനി

ആലിയുടെ ജീവിതത്തില്‍ ഇടപഴകുന്ന ചില കഥാപാത്രങ്ങളെങ്കിലും നോവലില്‍ പ്രധാനമാണെങ്കിലും ഏറ്റവും പ്രധാന കഥാപാത്രം ബൈറൂത്ത് നഗരം തന്നെയാണ്. എല്ലാ മാഹാമാരികളിലും ഇടര്‍ച്ചയിലും പതനങ്ങളിലും വീണും തകര്‍ന്നും ഉയിര്‍ത്തും സ്വയം പുതുക്കിയും അത് നിലക്കൊള്ളുന്നു. നഗരങ്ങളിലെ എലിസബത്ത്‌ ടൈലര്‍. ബുദ്ധിഭ്രമമുള്ളവള്‍, സുന്ദരിവഴുവഴുപ്പുള്ളവള്‍, ശിഥിലമായിക്കൊണ്ടിരിക്കുന്നത്, വയസ്സാവുന്നു, എന്നാലും എക്കാലവും നടകീയതയുള്ളത്. എത്ര ചേര്‍ച്ചയില്ലാത്തവനെങ്കിലും തന്റെ ജീവിതം കൂടുതല്‍ സൌകര്യപ്രദമാക്കാം എന്ന് വാക്ക് കൊടുക്കുന്ന, ഭ്രമിച്ചു വശായ ഏതൊരു പ്രേമാര്‍ഥിയേയും അവള്‍ വിവാഹം ചെയ്യുകയും ചെയ്യും.” നഗരം നേരിടുന്ന ഹിംസാത്മകതയുടെ ചാക്രികതയില്‍ എപ്പോഴും ഒരു വശത്തുള്ള ഇസ്രയേലിനോടുള്ള ഒട്ടും മറച്ചു വെക്കാത്ത വെറുപ്പ് പോലെത്തന്നെ ഇതും അനുഭവപ്പെടുമെങ്കിലും വെസ്റ്റ് ബൈറൂത്തിലെ തെരുവുകളിലൂടെ നടക്കുമ്പോള്‍ കോണ്‍ക്രീറ്റ് എന്ന കാന്‍സര്‍ എല്ലായിടവും വ്യാപിക്കുന്നതിനു മുമ്പത്തെ നാളുകള്‍ ആലിയുടെ ഓര്‍മ്മകളില്‍ തെളിയുന്നുണ്ട്. പ്രണയികളുടെപുസ്തകങ്ങളുടെ ഓര്‍മ്മകളോടൊപ്പംകുടുംബത്തില്‍ നിന്നുള്ള ഒറ്റപ്പെടലും അവളെ തന്റെ ഉള്ളിലേക്ക് തന്നെ പലായനം ചെയ്യിക്കുന്നു. “മിഡില്‍ ഈസ്റ്റുമായി തുലനം ചെയ്യുമ്പോള്‍, വില്ല്യം ബരോസിന്റെ ലോകമോ, ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്കേസിന്റെ മക്കൊണ്ടോയോ പോലും കൂടുതല്‍ പ്രവചനീയമാണ്. ഡിക്കന്‍സിന്റെ ലണ്ടന്‍കാര്‍ ലബനാന്‍കാരെക്കാള്‍ വിശ്വസനീയരാണ്.” ഇവിടെയാണ്‌ ‘ഭര്‍ത്താവിന്റെ സ്ഥാനത്ത് ഒരു എ. കെ. 47 തോക്കുമായി’ പതിനാറാം വയസ്സില്‍ ആര്‍ക്കും വേണ്ടാത്ത ഒരു വിവാഹത്തിന്റെ ഇരയായി, വൈകാതെ വിധവയായതിനു ശേഷം കഴിഞ്ഞ അരനൂറ്റാണ്ടിലേറെ കാലം ആലിയ കഴിഞ്ഞത്. 1986-ലെ ശീതകാലത്ത് ബൈറൂത്ത് ഏറ്റവും തീക്ഷ്ണമായ ഗോത്ര യുദ്ധങ്ങളില്‍ മുഴുകിയ ഘട്ടത്തില്‍ പതിനേഴു ദിവസം പുറത്തിറങ്ങാനാവാതെ ഫ്ലാറ്റില്‍ കുടുങ്ങിപ്പോയ അനുഭവത്തെ കുറിച്ച്പോലും അവര്‍ ഓര്‍ക്കുന്നുണ്ട്.

നോവലിലെ മുഴച്ചു നില്‍ക്കുന്ന ചില വസ്തുതാപരമായ പ്രവൈരുധ്യങ്ങള്‍ ദേശത്തെ അടയാളപ്പെടുത്തുന്ന നോവലിസ്റ്റിന്റെ രീതിയെ പ്രശ്നവല്‍ക്കരിക്കുന്നുണ്ട്. ബൈറൂത്ത് സത്യത്തില്‍ നോവലില്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന തരത്തിലുള്ള ഒരു സാംസ്കാരിക മരുഭൂമിയായിരുന്നിട്ടില്ല ഒരിക്കലും. മിഡില്‍ ഈസ്റ്റിന്റെ പബ്ലിഷിംഗ് ഹബ് ആണത്. ലബനോന്‍ പുസ്തകങ്ങളോട് മുഖം തിരിഞ്ഞിരിക്കുന്ന ദേശമല്ല, പരിഭാഷകളില്‍ തല്‍പ്പരരും ആണ്. ആലിയുടെ യൗവ്വന കാലമായിരിക്കാവുന്ന അമ്പതുകളും അറുപതുകളും അറബി ഭാഷയിലെ ഏറ്റവും മികച്ച സാഹിത്യ മാസികകളുടെ ഇടമായിരുന്നു ബൈറുത്ത്. യൂറോപ്യന്‍- ഇംഗ്ലീഷ് എഴുത്തുകാരെ ധാരാളമായി വിവര്‍ത്തനം ചെയ്തു വന്ന ‘ഷിയിര്‍’ പോലുള്ള പ്രസിദ്ധീകരണങ്ങളിലൂടെ വിറ്റ്മാന്‍, പൗണ്ട്, എലിയറ്റ്, പോള്‍ വലേറി, ഒക്റ്റെവിയോ പാസ്, റില്‍കെ, അഡോണിസ്, നസിം ഹിക്മെത്, പോള്‍ എലുവാര്‍ദ്, നെരൂദ തുടങ്ങിയവരൊക്കെ ഏറെ വായിക്കപ്പെട്ടിരുന്ന നഗരത്തില്‍ ലാംപെഡൂസയുടെ ദി ലെപ്പാര്‍ഡ്, ആലിയ അവകാശപ്പെടും പോലെ മറ്റാരും കണ്ടിട്ടില്ലാത്ത ഒന്നാവാന്‍ ഇടയില്ല. തന്റെ ഇരുപത്തിരണ്ടാം വയസ്സില്‍, അതായത് 1959-ല്‍ പരിഭാഷകള്‍ ആരംഭിച്ച ആലിയ അതേ കാലത്ത് അവരുടെ സ്വന്തം ദക്ഷിണ ബൈറൂത്തിലുള്ള ഹംറാ ആസ്ഥാനമാക്കി വളര്‍ന്നു വന്ന പരിഭാഷകളോടുള്ള ആര്‍ത്തിയെ കുറിച്ച് അജ്ഞയായിരുന്നു എന്നത് വസ്തുതാപരമായി ദഹിക്കുന്നതല്ല. മറിച്ച് സ്വയമൊരു എകാന്തത്തടവുകാരിയായി മാറിയ ആലിയ ബോധപൂര്‍വ്വം അല്ലാതെയും നാടിന്റെ സാംസ്കാരികത്തുടിപ്പ് പിന്‍പറ്റുകയായിരുന്നു എന്ന് വരാം. നോവലിസ്റ്റിന്റെ അടിസ്ഥാന ധാരണകളില്‍ ഒന്നായ പ്രവാസ മനസ്ഥിതിയുമായി ഇതിനെ ചേര്‍ത്തു കാണുന്നത് പ്രസക്തമായിരിക്കും. റാബിഹ് അലാമെദ്ദീനിന്റെ മുന്‍ നോവലുകളില്‍ പ്രവാസാനുഭവം കേന്ദ്ര പ്രമേയമാണ്. നാട് വിടുന്നതിലൂടെ സ്വയം നിര്‍മ്മിക്കുന്നതിനു ലഭിക്കുന്ന അവസരമെന്ന പ്രമേയം, ഭാഷയും സ്വത്വവും എന്ന വിഷയത്തിലുള്ള അദ്ദേഹത്തിന്റെ താല്‍പര്യം, ആവിഷ്കാരത്തില്‍ അറബ്- യൂറോപ്യന്‍ മാതൃകകള്‍ സമന്വയിപ്പിക്കുന്ന രീതി എന്നിവയൊക്കെ അദ്ദേഹത്തെ ലെവന്റൈന്‍ (levntine-  ‘കിഴക്കന്‍ മെഡിറ്ററെനിയന്‍’) ‘മഹ്ജര്‍’ (പ്രവാസ സ്ഥലം) സാഹിത്യ പാരമ്പര്യത്തില്‍ ഉള്‍പ്പെടുത്തുന്നുവെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാദ്ധത്തില്‍ ആരംഭിച്ച ഈ സമ്പ്രദായം റാവി ഹാഗെയെയും വാജ്ദി മൌവ്വാദിനെയും പോലുള്ള സമകാലിക എഴുത്തുകാരില്‍ വരെ തുടരുന്നുണ്ട്. ജിബ്രാനാണ് ഈ പാരമ്പര്യത്തിലെ ഏറ്റവും പ്രശസ്തനായ എഴുത്തുകാരന്‍. തന്നെ ഈ പാരമ്പര്യത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ അത്ര തല്പ്പരനല്ല ജിബ്രാനെത്തന്നെയും ‘ചരിത്രത്തിലെ ഏറ്റവും അമിതമായി പൊലിപ്പിക്കപ്പെട്ട എഴുത്തുകാരന്‍’ ആയിക്കാണുന്ന അലാമെദ്ദീന്‍. ‘നിങ്ങള്‍ക്ക് വീട്ടിലേക്കു തിരിച്ചു പോവാന്‍ ഒരിക്കലും കഴിയില്ല, എന്നാല്‍ നിങ്ങള്‍ക്കതിനെ തീര്‍ത്തും പിറകിലുപേക്ഷിക്കാനുമാവില്ല’ എന്ന് അദ്ദേഹത്തിന്റെ ഒരു കഥാപാത്രം പറയുന്നുണ്ട്. നോവലിസ്റ്റിന്റെ ഇതര നോവലുകളിലെ കഥാപാത്രങ്ങളെ പോലെ ബൈറൂത്ത് ഉപേക്ഷിച്ചു പോവുന്നില്ലെങ്കിലും ആലിയ മനസ്സുകൊണ്ട് അതില്‍ നിന്ന് തീര്‍ത്തും അന്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. ഇത് ആഭ്യന്തര യുദ്ധത്തിനു ശേഷം പുനസൃഷ്ടിക്കപ്പെട്ട നഗരത്തെ കുറിച്ച് ബൈറൂത്തികള്‍ക്കിടയില്‍ പൊതുവായുണ്ടായിരുന്ന ‘മറ്റൊന്ന്’ എന്ന വികാരത്തിന്റെ ഫലമെന്നതിലേറെ ആലിയുടെ കാര്യത്തില്‍ അതി തീവ്രമായ പ്രാദേശിക ചിന്തയുള്ള ലബനോനിനെ കുറിച്ചുള്ള മടുപ്പുമായും ബന്ധപ്പെട്ടതാണ്. “സാഹിത്യം എന്റെ മണല്‍ കൂടാണ്. ഞാനതില്‍ കളിക്കുന്നു, എന്റെ കോട്ടകളും കൊട്ടാരങ്ങളും പണിയുന്നു, ഗംഭീര മുഹൂര്‍ത്തങ്ങള്‍ ചിലവിടുന്നു. ആ പെട്ടിക്കു പുറത്തുള്ള ലോകമാണ് എനിക്ക് പ്രശ്നമുണ്ടാക്കുന്നത്.”

 

അഹ്മദ്, ഹന്നാ – രണ്ടു സ്വാധീനങ്ങള്‍

ആലിയുടെ ആഖ്യാനത്തില്‍ കടന്നു വരുന്ന വേറെ പ്രധാന ഉപകഥകളില്‍ ഏറ്റവും പ്രധാനം തന്റെ ബുക്ക് സ്റ്റോറില്‍ സഹായിയായി എത്തുന്ന അഹ്മദ് എന്ന യുവാവിന്റെതും ഹന്നാ എന്ന ജ്യേഷ്ഠ സുഹൃത്തിന്റെതുമാണ്. അഹ്മദ്ബ്ലാക്ക് സെപ്തംബര്‍ എന്നറിയപ്പെട്ട 1971 – 72 കാലത്ത് സാഹിത്യ താല്‍പര്യം ഉപേക്ഷിച്ച് ഇസ്രയേല്‍ - പി. എല്‍. ഓ. ഏറ്റുമുട്ടല്‍ ഘട്ടത്തില്‍ ഗറില്ലകളോടൊപ്പം ചേരുകയും ഒരു പീഠകന്‍ ആയിത്തീരുകയും ചെയ്യുന്നു. നഗരം അരാചകത്വത്തിലേക്ക് മുങ്ങിത്താഴുന്ന ഘട്ടത്തില്‍ തന്റെ അപ്പാര്‍ട്ട്മെന്റില്‍ മോഷണം നടക്കുമ്പോള്‍ സ്വയം സംരക്ഷണത്തിനായി ആലിയ ഒരു തോക്ക് ആവശ്യപ്പെടുക ആഹ്മദിനോടാണ്. അയാളെ അപ്പാര്‍ട്ട്മെന്റിലെത്തി സന്ദര്‍ശിക്കുമ്പോള്‍ പുസ്തകശാലയില്‍ സഹായിയായി നിന്നിരുന്ന അവസ്ഥയില്‍ നിന്ന് ഏറെ മാറ്റമുണ്ട് അയാള്‍ക്ക്. അയാള്‍ ഇപ്പോള്‍ ഇസ്തിരി വടിവിലാണ്ആലിയയാവട്ടെ. മുഷിഞ്ഞു നാറിയും. നല്ലൊരു ഷവര്‍, പിന്നീട് ഇത്തിരി സെക്സ്. അതേ അയാള്‍ പകരം ആവശ്യപ്പെടുന്നുള്ളൂ. 

ഹന്നയാകട്ടെഅയഥാര്‍ത്ഥമായ ഒരു പ്രണയത്തിനു പിറകെ പോയി കടുത്ത മോഹ ഭംഗത്തിന്റെയും ഞരമ്പു മുറുക്കത്തിന്റെ അപകട വഴിയില്‍  സ്വയമൊടുങ്ങുന്നു. നോവലിലെ ഏറ്റവും പ്രധാനമായ ഒരു സാന്നിധ്യവും ഹന്നയുടെതാണ്. ആലിയയെക്കാള്‍ പതിനഞ്ചു വയസ്സുള്ള ഹന്നാ പതിവായി എഴുതുമായിരുന്ന ഡയറി ആ ജീവിതത്തെ തുറന്നു വെക്കുന്നുണ്ട്. അമിത ഭക്ഷണ താല്‍പര്യം കാരണം വിശപ്പ്‌ എന്ന കാര്യമാണ്, അഞ്ച് സഹോദര്ന്മാര്‍ക്കുള്ള ഏക സഹോദരിയായി സൌഭാഗ്യങ്ങളില്‍ പിറന്ന ഹന്നയുടെ ആദ്യസ്മൃതി. നൂറിലേറെ ജേണലുകളിലായി അവള്‍ കുറിച്ച് വെച്ച ആത്മ പരകായങ്ങള്‍ വൈരുധ്യങ്ങളും ഫാന്റസികളും അടയാളപ്പെടുത്തുന്ന വ്യക്തിത്വം വ്യക്തമാക്കി. പിതാവിന്റെ പലചരക്ക് കടയിലെ സമര്‍ത്ഥയായ സഹായിയായി, ഹോസ്പിറ്റലില്‍ വളണ്ടിയര്‍ ആയി തുടര്‍ന്ന ഹന്നാ, ആലിയയുടെ ഭര്‍തൃ കുടുംബാംഗമായിരുന്ന ലെഫ്റ്റ്നന്റുമായി ഒരു ടാക്സി യാത്രക്കിടയിലുണ്ടാവുന്ന പാരസ്പര്യത്തിലാണ് വലിയൊരു സ്വപ്നത്തില്‍ പെട്ട് പോവുക. എന്നാല്‍, ഒരിക്കലും അയാളത് അംഗീകരിച്ചിട്ടില്ല എന്നത് അവള്‍ക്ക് മനസ്സിലുറപ്പിക്കാനാവുന്നില്ല. ആലിയുടെ ഉമ്മ ആദ്യ ഘട്ടത്തില്‍, അമ്പതുകളുടെ മധ്യത്തില്‍ ഒരു നാള്‍ അവളെയും കൊണ്ട് വീട് സന്ദര്‍ശിച്ചപ്പോള്‍, ആവലാതി പറഞ്ഞതാണ്. അവളുടെ ചെമ്പന്‍ മുടി, അവളുടെ പൂര്‍വ്വികര്‍ കുരിശു യുദ്ധക്കാരോടൊപ്പം ഉറങ്ങിയതിന്റെ ബാക്കിപത്രമാണ്, അതുകൊണ്ട് അവളെയും കൂട്ടി വീട്ടില്‍ വരരുത്. അപ്പറഞ്ഞതിലെ അസംബന്ധം പോളിച്ചടുക്കിയാലോ എന്ന് ഒരു നിമിഷം ആലിയ ചിന്തിക്കുന്നുണ്ട്. “ബൈറൂത്ത് ആയിരക്കണക്കിന് കൊല്ലങ്ങളായി അതിജീവിച്ചത് അവളുടെ സുന്ദരമായ കാലുകള്‍ ഗന്ധം പിടിക്കാന്‍ പാകത്തില്‍ കവച്ചുവെച്ചു തന്നെയാണ്.” അതില്‍ എല്ലാവരുമുണ്ട്‌, ഇംഗ്ലീഷുകാര്‍, വെയ്ല്‍സുകാര്‍, ഫ്രഞ്ചുകാര്‍, ഓട്ടോമന്‍കാര്‍, റോമക്കാര്‍, അറബികള്‍, ഗ്രീക്കുകാര്‍, മാസിഡോണിയക്കാര്‍. വിധിവൈപരീത്യം പോലെ, ലെഫ്റ്റനെന്റിന്റെ അകാലത്തിലുള്ള വിയോഗത്തില്‍ തളര്‍ന്നു പോവുന്ന അയാളുടെ ഉമ്മക്കും കുടുംബത്തിനും ഉത്തരവാദിത്ത ബോധമുള്ള ഒരു മരുമകളായി താങ്ങും തണലുമാകുന്ന ഹന്നാ, ഉമ്മയുടെ അന്ത്യ ശ്വാസത്തില്‍ സ്നേഹ സാന്നിധ്യമാകും. സ്വര്‍ഗ്ഗത്തില്‍ ഒരുമിപ്പിക്കുമ്പോള്‍ അവള്‍ക്കും പ്രിയപ്പെട്ട മകനുമിടയില്‍ തെരഞ്ഞെടുപ്പ് നടത്തേണ്ടി വരുന്നതിനെ കുറിച്ച് പോലും വേവലാതിപ്പെട്ടുകൊണ്ടാണ് അവര്‍ കണ്ണടക്കുക. ഹന്നാ അന്ന് വിലപിച്ചത് മുഴുവന്‍ ഒരു ഭര്‍ത്താവിനെ നഷ്ടപ്പെട്ട യുവതിയുടെതായിരുന്നു. “ഉരുവം കൊള്ളും മുമ്പ് മരിച്ചു പോയ കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടി അവള്‍ ഒരു കുട്ടിയെപ്പോലെ കരഞ്ഞു.” കേള്‍ക്കാത്ത പാട്ടിന്റെ അതിമധുരത്തെ കുറിച്ചുള്ള കീറ്റ്സിന്റെ വരികള്‍ ഓര്‍ത്തുകൊണ്ട്‌ ആലിയ കൂട്ടിച്ചേര്‍ക്കുന്നു, “സംഭാവ്യമായിരുന്നതിന്റെ നഷ്ടത്തില്‍ അനുഭവപ്പെടുന്ന നഷ്ടബോധത്തെക്കാള്‍ തീവ്രമായ നഷ്ടമില്ല. ഒരിക്കലും ഇല്ലാതിരുന്ന കാര്യങ്ങളിലുള്ള ഗൃഹാതുരതയെക്കാള്‍ കൂടുതല്‍ വേദനിപ്പിക്കുന്ന ഗൃഹാതുരതയില്ല.” എന്നാല്‍, ഉമ്മ പകര്‍ന്നു നല്‍കിയ താല്‍ക്കാലിക ‘സ്വന്തപ്പെടല്‍’ ആശ്വാസം (sense of belonging) തകരുന്നതോടെ, ദുരൂഹമായ ഏതോ രീതിയില്‍ ഒടുവില്‍ തന്റെ ലെഫ്ടനന്റ്റ് ഒരിക്കലും തന്നെ സ്നേഹിച്ചിരുന്നിട്ടില്ലെന്നു ഹന്നാ മനസ്സിലാക്കിയതായി സൂചനയുണ്ട്. ഉറക്ക് ഗുളികകളുടെ അമിതോപയോഗം നടത്തിയിട്ടും ഒരിക്കല്‍ തെന്നിമാറിപ്പോയ മരണത്തിലേക്ക് ഒടുവില്‍ അവള്‍ എടുത്ത് ചാടുന്നു. 1972-ല്‍ സ്വാതന്ത്ര്യ ദിനത്തിന്റെ തൊട്ടു തലേന്ന് സംഭവിക്കുന്ന ആ ദുരന്തം, ഒരു പ്രവചിത മരണത്തിന്റെയത്രയും സൂചനകള്‍ ഉണ്ടായിരുന്നിട്ടും ഏറ്റവും അടുത്ത സുഹൃത്തിനെ രക്ഷിക്കാന്‍ വേണ്ടി തക്ക സമയത്ത് താനൊന്നും ചെയ്തില്ലല്ലോ എന്ന വേദന ആലിയയില്‍ ബാക്കിയാക്കും. “എന്റെ എഴുപത്തിരണ്ട് വയസ്സിനിടയില്‍ ഞാന്‍ സ്നേഹിച്ച ഒരേയൊരാള്‍, ഞാനൊരുപാട് സംസാരിച്ച ഒരേയൊരാള്‍ - പൊങ്ങച്ചങ്ങള്‍, വെറുപ്പുകള്‍, സന്തോഷങ്ങള്‍, ക്രൂരമായ നിരാശകള്‍, എല്ലാം കൂടിക്കലര്‍ന്നത്‌. ഇപ്പോള്‍ ഞാന്‍ മുമ്പത്തെ പോലെ അവളെ ഓര്‍ക്കാറില്ല” എന്ന് അവസാനമായി വിവര്‍ത്തനം ചെയ്തു പൂര്‍ത്തിയാക്കിയ സെബാള്‍ഡിന്റെ പുസ്തകം ഹന്നയെ ഓര്‍മ്മിപ്പിക്കുമ്പോള്‍ ആലിയ വിവരിക്കുന്നു. എന്നാല്‍, സ്വതസിദ്ധമായ രീതിയില്‍ തന്റെ ഉത്തരവാദിത്തം അവള്‍ സാങ്കല്‍പ്പികമായി വിതരണം ചെയ്യുന്നുമുണ്ട്, “ഞാനെന്നെ സ്വയം കുറ്റപ്പെടുത്തുന്നു. എന്നാല്‍ മനസ്സ് തണുക്കുമ്പോള്‍ ഞാന്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നു: അവളുടെ കുടുംബം, അവരോടൊപ്പം ജീവിച്ചിട്ടും അവരാരും അവളെ ശ്രദ്ധിച്ചില്ലല്ലോ, ലെഫ്റ്റ്നന്റിന്റെ ഉമ്മ, അവര്‍ തന്റെ രഹസ്യം കുഴിയിലേക്കെടുത്തില്ലല്ലോ. അഹ്മദ് എന്നെ വിട്ടുപോയിരുന്നില്ലെങ്കില്‍ ഞാന്‍ ബുക്ക് സ്റ്റോര്‍ അവനെ ഏല്‍പ്പിച്ചു അവളുടെ കൂടെ കഴിയുമായിരുന്നല്ലോ. ഞാന്‍ ഹുസൈന്‍ രാജാവിനെയും യാസര്‍ അരഫാത്തിനെയും ബ്ലാക്ക് സെപ്തംബറിന് കുറ്റപ്പെടുത്തുന്നു, അതുകൊണ്ടാണല്ലോ അഹ്മദ് വിട്ടു പോയത്. ഞാന്‍ വീണ്ടും ഹന്നയെ കുറ്റപ്പെടുത്തുന്നു. ഞാന്‍ വീണ്ടും എന്നെ കുറ്റപ്പെടുത്തുന്നു.”

അനാവശ്യ വ്യക്തി, അന്യന്‍ 

ഞാനെന്റെ കുടുംബത്തിലെ അപ്പെന്റിക്സ് ആയിരുന്നുഅതൊരു അനാവശ്യ ഏച്ചു കെട്ടലാണ്.” പ്രപഞ്ചത്തില്‍ താനൊരു ആര്‍ക്കും വേണ്ടാത്ത അസംബന്ധ പൂര്‍ണ്ണമായ കറുത്ത പാട് മാത്രമാണ് എന്ന ആലിയയുടെ ചിന്തയില്‍ നിന്നാണ് നോവലിന്റെ തലക്കെട്ട്‌ രൂപമെടുക്കുന്നത്. “ഞാനെത്ര ഒറ്റപ്പെട്ടവളാണ്, എന്റെ ജീവിതം എത്രമാത്രം തീര്‍ത്തും അപസക്തമായിരിക്കുന്നു, എത്ര ദുഃഖ ഭരിതമാണ്” എന്നൊക്കെ ആലിയ ബോധവതിയാണ്. എന്നാല്‍, ആരാണ് ആവശ്യമുള്ളയാള്‍, എന്താണ് അത്തരമൊരു വിലയിരുത്തലിനു മാനദണ്ഡം എന്നത് കൂടുതല്‍ ആഴത്തിലുള്ള മാനുഷിക സാംസ്ക്കാരിക പരിപ്രേക്ഷ്യങ്ങളില്‍ നോവലില്‍ നിരീക്ഷിക്കപ്പെടുന്നുണ്ട്. ബ്രൂണോ ഷൂള്‍സിന്റെ കഥ ആവിഷകരിക്കുന്ന ഭാഗം നോവലിന്റെ തലക്കെട്ടിനെ സംബന്ധിക്കുന്ന ദര്‍ശനങ്ങള്‍ പങ്കു വെക്കുന്നു:

ജുവിഷ് ലേബര്‍ ഫോഴ്സിന്റെ ചുമതലയുണ്ടായിരുന്ന ഗസ്റ്റപ്പോ ഉദ്യോഗസ്ഥന്‍, ഫെലിക്സ് ലാണ്ടോതീരുമാനിച്ചുബ്രൂണോ സാധാരണ ജൂതനല്ലമറിച്ച് ആവശ്യമുള്ള’ ഒരാളാണ്.

ആ പ്രയോഗത്തെ കുറിച്ച് ഒരു നിമിഷം ചിന്തിച്ചു നോക്കൂ.

എന്താണ് ഒരു ആവശ്യമുള്ള മനുഷ്യന്‍?

ബ്രൂണോയുടെ ജീവന്‍ രക്ഷിച്ചത്‌അല്ലെങ്കില്‍, പറയാതെ വയ്യഅയാളുടെ മരണം വൈകിച്ചത്ലാണ്ടോ സ്വയമൊരു കലാസ്നേഹിയാണെന്നു ധരിച്ച് വശായതായിരുന്നു. അയാള്‍ ആ ആവശ്യമുള്ള ജൂതനെ കൊണ്ട് തന്റെ മകന്റെ കിടപ്പറയില്‍ പ്രിയങ്കരമായ യക്ഷിക്കഥകളിലെ രംഗങ്ങള്‍ ചിത്രീകരിക്കുന്ന മ്യൂറലുകള്‍ പെയിന്റ് ചെയ്യാന്‍ നിര്‍ബന്ധിച്ചു. 1942- നവമ്പറിലെ ഒരു ദിവസത്തില്‍ കാള്‍ ഗുന്തര്‍ എന്ന എതിരാളിയായ ഗസ്റ്റപ്പോ ഓഫീസര്‍ ലാണ്ടോയെ തോല്‍പ്പിക്കാനായി ഷൂള്‍സിനെ കൊന്നു കളയും വരെ ലാണ്ടോ അയാളെ ജീവനോടെ നിലനിര്‍ത്തി. ഗുന്തറിന് താല്‍പര്യമുണ്ടായിരുന്ന ഒരു ഡെന്റിസ്റ്റിനെ ലാണ്ടോ കൊന്നു കളഞ്ഞിട്ടുണ്ടായിരുന്നു – ഒരു ആവശ്യമുള്ള ഡെന്റിസ്റ്റ്അങ്ങനെ കരുതാം.

ഗുന്തര്‍ ലാണ്ടോയോടു പറഞ്ഞു, “നീയെന്റെ ജൂതനെ കൊന്നു – ഞാന്‍ നിന്റെയും.

അതിലും മോശംഒരു ജര്‍മ്മന്‍ ചലച്ചിത്രകാരന്‍, ഇപ്പോള്‍ ഒരു യുക്രേനിയന്‍ നഗരമായ ഡ്രോഹോബിസിലെ അന്തേവാസികളുടെ സഹായത്തോടെഈയടുത്ത കാലത്ത് ലാണ്ടോ ഷൂള്‍സിന്റെ മകന് വേണ്ടി ഉണ്ടാക്കിയ ആ മ്യൂറലുകള്‍ കണ്ടെടുക്കുകയുണ്ടായി. ചുണ്ണാമ്പിന്റെ ഒട്ടേറെ അടരുകല്‍ക്കടിയില്‍ നിന്ന് ബ്രൂണോയുടെ ഭാവനയിലെ രാജാക്കന്മാരും രാജ്ഞിമാരും കിന്നരന്മാരും കുള്ളന്മാരും പുറത്തുവന്നു. വീണ്ടും അപ്രത്യക്ഷനാകും മുമ്പ് കുറഞ്ഞൊരു കാലത്തേക്കെങ്കിലും ഒരിക്കല്‍ കൂടി കലാകാരന്‍ ജീവിതത്തിലേക്ക് കുതിച്ചു. ഇസ്രായേലിലെ ഹോളോകോസ്റ്റ് മ്യൂസിയമായ യാദ് വാഷെമിലെ മൂന്നു പേര്‍ ചുമരുകളില്‍ നിന്ന് മ്യൂറലുകളുടെ ഭാഗങ്ങള്‍ പഠനവിധേയമാക്കിരാത്രിയുടെ മധ്യത്തില്‍ അവ കടത്തിക്കൊണ്ടു പോയി. എന്റെ ഹീറോയുടെ സൃഷ്ടികള്‍ സ്വന്തമാക്കാനുള്ള  ധാര്‍മ്മിക അധികാരം മ്യൂസിയം അവകാശപ്പെട്ടു. ത്ഫൂ!.

ബ്രൂണോ ഷൂള്‍സിനെ ഒരു നാസി രണ്ട് തവണ തലയ്ക്കു വെടി വെച്ചു.

ഫ്രെഡറിക്കോ ഗാര്‍ഷ്യാ ലോര്‍ക്കയെ ഒരു ഫാഷിസ്റ്റ്‌ ഒരു തവണ തലക്കുംപിന്നീട് സ്വവര്‍ഗ്ഗാനുരാഗി എന്ന് മുദ്രകുത്താനായി അദ്ദേഹം മുന്നിലേക്ക്‌ വീണു കഴിഞ്ഞ ശേഷവുംരണ്ടു തവണ പിറകിലും വെടി വെച്ചു,

ഷൂള്‍സിനെ വായിക്കുമ്പോള്‍, ലോര്‍ക്കയുടെ ഇരുണ്ട ജലത്തില്‍ ഞാന്‍ സ്നാനം ചെയ്യപ്പെടുന്നു.”

 

അന്യവല്‍ക്കരിക്കപ്പെട്ടവരുമായി താദാത്മ്യപ്പെടാനുള്ള തന്റെ കഴിവുതന്നെയാണ് മറ്റൊരു വലിയ വൈരുദ്ധ്യത്തെ വിശദീകരിക്കാനും ആലിയയെ സഹായിക്കുന്നത്, “ഞാന്‍ ഇസ്രയേലിനെ വെറുക്കുന്നു, സ്വയം അമിത ധാരണയിറ്റുന്ന ആ പിഗ്മി സ്റ്റേറ്റിനെ, എന്നാല്‍ ഞാന്‍ മാനിക്കുന്ന മഹാമേരുക്കളില്‍ പലരും ജൂതരാണ്. അതില്‍ വൈരുധ്യമില്ല. ഞാന്‍ സ്വയം അന്യരുമായി, അന്യവല്‍ക്കരിക്കപ്പെട്ടവരുമായി, അഥവാ വാസ്തുഹാരകളുമായി താദാത്മ്യപ്പെടുന്നു. മറ്റുപല ദേശ രാഷ്ട്രങ്ങളെയും പോലെ, അതിന്റെ സഹോദരിയായ പിഗ്മി സ്റ്റേറ്റ് ലബനന്‍ ഉള്‍പ്പടെ, ഇസ്രയേല്‍ ഒരു നാണക്കേടാണ്. ഇസ്രായേലികള്‍, തങ്ങളുടെ ഫലിത ബോധത്തെ തെറ്റായി സ്ഥാപിച്ച ജൂതരാന്.”

ചരിത്രത്തെയും ജീവിതത്തെയും പുസ്തകങ്ങളുടെ കണ്ണിലൂടെ കാണുക എന്നത് വിശേഷിച്ച് വിമോചകമോ എന്തിനെങ്കിലും ഉള്ള പരിഹാരമോ ആയി നോവലില്‍ വിലയിരുത്തുന്നില്ല. കലയെ സംബന്ധിച്ച അത്തരം പ്രതിബദ്ധ സങ്കല്‍പ്പങ്ങളൊന്നും ആലിയയെ മോഹിപ്പിക്കുന്നുമില്ല. എന്നാല്‍, പുസ്തകങ്ങളുടെയും ആശയങ്ങളുടെയും ലോകം അവര്‍ ആവശ്യപ്പെടുന്ന ഏതൊക്കെയോ കൂട്ടും സാന്ത്വനവും അവര്‍ക്ക് നല്‍കുന്നുണ്ട്. പഴയ പ്രയോഗം ഉപയോഗിച്ച് പറഞ്ഞാല്‍, ഇടമേതായാലും മനുഷ്യന്‍ ജീവിക്കുന്നത് അപ്പം കൊണ്ട് മാത്രമല്ലല്ലോ.

 

(ദേശാഭിമാനി വാരിക 30 ജൂലൈ 2017)

 (ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 219-229)

read more:

Talking to Ourselves by Andrés Neuman/ Nick Caistor, Lorenza Garcia

https://alittlesomethings.blogspot.com/2024/09/talking-to-ourselves-by-andres-neuman.html

A General Theory of Oblivion by José Eduardo Agualusa

https://alittlesomethings.blogspot.com/2017/01/blog-post_98.html

Hurma by Ali al-Muqri/ T.M.Aplin

https://alittlesomethings.blogspot.com/2024/10/hurma-by-ali-al-muqri-tmaplin.html

Saman by Ayu Utami

https://alittlesomethings.blogspot.com/2024/06/saman-by-ayu-utami.html

Nisa al-basatin - ടുണീഷ്യയിലെ പെണ്ണുങ്ങൾ by Habib Selmi

https://alittlesomethings.blogspot.com/2024/06/nisa-al-basatin-by-habib-selmi.html