Featured Post

Showing posts with label Arab Fiction. Show all posts
Showing posts with label Arab Fiction. Show all posts

Tuesday, July 8, 2025

The Handsome Jew by Ali Al-Muqri/ Mbarek Sryfi

 സ്നേഹസാമ്രാജ്യങ്ങളുടെ സാധ്യതകള്‍




(യമനി സാഹിത്യത്തിലെ അതികായനായ അലി അല്‍ മുക്രിയുടെ The Handsome Jew എന്ന നോവലിനെ കുറിച്ച്. അറബ് ബുക്കര്‍ പുരസ്കാരത്തിനു പരിഗണിക്കപ്പെട്ട നോവല്‍മുസ്ലിം – ജൂത സഹജീവന സാധ്യത എന്ന വര്‍ത്തമാന മിഡില്‍ ഈസ്റ്റ് ഭൗമ-രാഷ്ട്രീയ സാഹചര്യത്തിലെ ഏറ്റവും പൊള്ളുന്ന വിഷയത്തെ ചരിത്രനോവല്‍ ഘടനയെ മറയാക്കി അവതരിപ്പിക്കുന്നു.)

മുല്ലപ്പൂ വിപ്ലവാനന്തര അറബ് സാഹിത്യത്തില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന മേഖലയാണ് യമനി സാഹിത്യം. വിവാദങ്ങളുടെ കളിത്തോഴനായ യമനി എഴുത്തുകാരന്‍ അലി അല്‍ മുക്രി പാശ്ചാത്യ ലോകത്ത് വലിയ തോതില്‍ അവതരിപ്പിക്കപ്പെട്ടത് മതംലൈംഗികതയുദ്ധം തുടങ്ങിയ വിഷയങ്ങളിലെ വിലക്കപ്പെട്ട അതിരുകള്‍ ഭേദിക്കുകയും സമൂഹത്തിന്റെ പുരുഷാധിപത്യ/ സ്ത്രീവിരുദ്ധ മൂല്യങ്ങളെ ഊട്ടിയുറപ്പിക്കുന്നതില്‍ മതമൌലിക വാദത്തിന്റെ പങ്ക് പ്രകോപന പരമാം വിധം തുറന്നു കാണിക്കുകയും ചെയ്യുന്നതിലൂടെ അറബ് ലോകത്തെ/ മിഡില്‍ ഈസ്റ്റിനെ കുറിച്ചുള്ള പാശ്ചാത്യ ആഖ്യാനങ്ങള്‍ക്ക് അനുരോധമായ നിലപാട് ജനകീയമാക്കുന്നു എന്നത് കൊണ്ടാണെന്ന് ഒരു വശത്ത്‌ നിരീക്ഷിക്കപ്പെടുന്നു *(1) . എന്നാല്‍ പ്രകോപനപരമായ സത്യസന്ധതയോടെ “അതിരുകള്‍ ഭേദിക്കുകയും വിലക്കപ്പെട്ടത് വാരിപ്പുണരുകയും ചെയ്യുന്നുദുസ്സാധ്യമായ പ്രമേയങ്ങള്‍ അങ്ങേയറ്റത്തെ ധൈര്യത്തോടെ കൈകാര്യം ചെയ്യുന്നു” *(2) എന്നതാണ് അദ്ദേഹത്തെ വിവാദ നായകനാക്കുന്നത് എന്ന നിരീക്ഷണവും ശക്തമാണ്. തന്റെ എഴുത്തുജീവിതത്തില്‍ ഉടനീളം അറബ് ലോകത്തെങ്ങും വിവാദങ്ങള്‍ക്കു തിരികൊളുത്തിയ എഴുത്തുകാരനാണ്‌ അലി അല്‍ മുക്രി. Black Taste, Black Smell എന്ന ആദ്യനോവല്‍ യമനിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കറുത്ത വര്‍ഗ്ഗക്കാരുടെ ജീവിതം ആവിഷ്കരിച്ചപ്പോള്‍, The Handsome Jew അതേ നിലയില്‍ ജൂത സമൂഹത്തെ ചിത്രീകരിച്ചു. ഈ രണ്ടു കൃതികളും അറബ് നോവലിനുള്ള അന്താരാഷ്‌ട്രപുരസ്കാരത്തിന് (IPAF) ലിസ്റ്റു ചെയ്യപ്പെടുകയുണ്ടായി. ഇംഗ്ലീഷ് ഭാഷയില്‍ ലഭ്യമായ അദ്ദേഹത്തിന്റെ ആദ്യകൃതിയായ Hurma, സ്ത്രൈണ ലൈംഗിക ചോദനയെന്ന വിലക്കപ്പെട്ട വിഷയത്തെ ഒളിവും മറയും കൂടാതെ സമീപിച്ചതാണ്മറ്റെന്തിലുമേറെഎഴുത്തുകാരന് ഏറ്റവും കൂടുതല്‍ ശത്രുക്കളെ നേടിക്കൊടുത്തതുംആവര്‍ത്തിച്ചുള്ള വധഭീഷണികളെ തുടര്‍ന്ന് കുടുംബം പാരീസിലേക്ക്‌ കുടിയേറുന്നതില്‍ എത്തിച്ചതും. അല്‍മുക്രിയുടെ The Handsome Jew ആകട്ടെമുസ്ലിം – ജൂത സഹജീവന സാധ്യത എന്ന വര്‍ത്തമാന മിഡില്‍ ഈസ്റ്റ് ഭൌമ-രാഷ്ട്രീയ സാഹചര്യത്തിലെ ഏറ്റവും പൊള്ളുന്ന വിഷയമാണ്‌ ചരിത്രനോവല്‍ ഘടനയെ മറയാക്കി അവതരിപ്പിക്കുന്നത്‌.

നോവലിലേക്ക്

വടക്കു പടിഞ്ഞാറന്‍ യമനില്‍ സന്‍ആയ്ക്കടുത്ത് റൈദ എന്ന പട്ടണത്തില്‍ പതിനേഴാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തില്‍ അരങ്ങേറുന്ന പ്രണയകഥയായാണ്‌ അലി അല്‍ മുക്രിയുടെ The Handsome Jew അവതരിപ്പിക്കപ്പെടുന്നത്. ഇസ്ലാമിനു മുമ്പ് ജൂദായിസം മാത്രമാണ് യമനില്‍ പ്രമുഖമായി ഉണ്ടായിരുന്ന മതം. 

തുടര്‍ വായനയ്ക്ക് : 

https://www.fazalrahman.com/essays/article/the-handsome-jew-by-ali-al-muqri-mbarek-sryfi

 

 

Sunday, July 6, 2025

The Druze of Belgrade by Rabee Jaber

 

‘ബെല്‍ഗ്രേഡിലെ ദുറൂസികള്‍: ചരിത്രനീതിയെന്ന പ്രഹേളിക




ലബനീസ് നോവലിസ്റ്റ് റബീ ജാബെറിന് അറബ് സാഹിത്യത്തിനുള്ള അന്താരാഷ്ട്ര പ്രകാരം (IPAF- 2012) നേടിക്കൊടുത്ത നോവലാണ്‌ ബെല്‍ ഗ്രേഡിലെ ദുറൂസികള്‍’ (The Druze of Belgrade).  ചരിത്രത്തിന്റെ നിരങ്കുശവും ഏകപക്ഷീയവും നീതിരഹിതവുമായ ഇടപെടലില്‍ കുരുങ്ങിപ്പോകുന്ന മനുഷ്യരുടെ ദുരന്തപൂര്‍ണ്ണവും ദുരിതപൂര്‍ണ്ണവുമായ ജീവിതകഥയാണ് നോവല്‍ ആവിഷ്കരിക്കുന്നത്. സാമ്രാജ്യത്വ സംഘട്ടനങ്ങളുടെയും വിഭാഗീയ അക്രമങ്ങളുടെയും രാഷ്ട്രീയ ഗൂഢാലോചനകളുടെയും വേലിയേറ്റത്തിൽ കുടുങ്ങിപ്പോകുന്ന നിരപരാധിയായ, വെറുമൊരു മുട്ടക്കച്ചവടക്കാരനായ ഹന്ന യാക്കൂബ് എന്ന പാവം യുവാവിന്റെ കഥയാണ് അതിന്റെ കാതൽ. ചരിത്രത്തിനു കേവലം വ്യക്തികളെ രൂപപ്പെടുത്തുക മാത്രമല്ല, അവരെ അകാരണമായും ദയാരഹിതമായും മുഴുവനായും ദഹിപ്പിച്ചു കളയാനും കഴിയും എന്നതിന്റെ മരവിപ്പിക്കുന്ന ഓർമ്മപ്പെടുത്തലും കൂടിയാണ് ഈ നോവൽ.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍, ലെബനനില്‍ അരങ്ങേറിയ സംഘര്‍ഷങ്ങളില്‍ ഒരു ഭാഗത്ത് മാരോനൈറ്റ് ക്രിസ്ത്യാനികളും മറുഭാഗത്ത് ദുറൂസി മുസ്ലിംങ്ങളും ഏറ്റുമുട്ടി. ഭാഗധേയങ്ങള്‍ മാറിമറിഞ്ഞ സംഘര്‍ഷം, ഒടുവില്‍ ക്രിസ്ത്യന്‍ കൂട്ടക്കൊലയിലേക്ക് നയിച്ചു. അക്കാലമാകുമ്പോഴേക്കും അപചയപ്പെട്ടുകൊണ്ടിരുന്ന ഓട്ടോമന്‍ സാമ്രാജ്യത്തിന്, ക്രിസ്ത്യന്‍ സംരക്ഷകരായി ഇടപെടാന്‍ തുടങ്ങിയേക്കാമായിരുന്ന ഫ്രഞ്ച് സാമ്രാജ്യത്വത്തിന്റെ സമ്മര്‍ദ്ദത്തില്‍ അക്രമകാരികള്‍ക്കെതിരില്‍ നടപടിഎടുക്കല്‍ അനിവാര്യമായി. ത

തുടര്‍ വായനയ്ക്ക് :


https://www.fazalrahman.com/essays/article/the-druze-of-belgrade-by-rabee-jaber

Saturday, May 17, 2025

The Doves Necklace by Raja Alem

 പുണ്യ നഗരിയുടെ പെണ്ണെഴുത്ത്.


(അറബ് ബുക്കര്‍ എന്നറിയപ്പെടുന്ന International Prize for Arabic Fiction (IPAF) നേടിയ ആദ്യ വനിതാ നോവലിസ്റ്റ് റജാ ആലമിന്റെ പുരസ്കൃത കൃതിയായ ‘ദി ഡോവ്സ് നെക്ക് ലെസ്’ എന്ന ഇതിഹാസ മാനമുള്ള ബൃഹദ് നോവലിനെ കുറിച്ച്. സമൂഹത്തിലെ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തില്‍ ശ്രദ്ധയൂന്നുന്ന ‘ഗേള്‍സ്‌ ഓഫ് റിയാദ്’ (റജാ അല്‍ സനീഅ) പോലുള്ള കൃതികളില്‍ നിന്ന് വ്യത്യസ്തമായി പുണ്യ നഗരിയുടെ പശ്ചാത്തലത്തില്‍ വിവിധ സാമൂഹിക അടരുകളില്‍ വ്യാപരിക്കുന്ന ആഖ്യാന തലങ്ങളാണ് നോവല്‍ മുന്നോട്ടു വെക്കുന്നത്.)

 

മക്ക ന്യുയോര്‍ക്കാണ്പാരീസാണ്മക്ക അതിനു സമാനമായ മറ്റേതു നഗരവും പോലെയാണ്. മക്കയുടെ മകള്‍കുടുംബത്തില്‍നിന്ന് ക്രൂസര്‍ എന്ന് പെരുകിട്ടിയ ഒരാളെന്ന നിലയില്‍, ഞാന്‍ പാരീസില്‍ വന്നപ്പോള്‍ മക്കയെ കൂടെ കൊണ്ടുപോന്നു. ഞാന്‍ മക്കയിലായിരിക്കുമ്പോള്‍ പാരീസിനെ കൂടെകൊണ്ടുപോകുന്നു. രണ്ടിനുമിടയില്‍ ഒരു സംഘര്‍ഷവും ഞാന്‍ കാണുന്നില്ല. മക്ക ഒന്നാമതായി ഒരു കോസ്മോപോളിറ്റന്‍ സമൂഹമാണ്‌. ഞാന്‍ The Doves Necklace എഴുതിയപ്പോള്‍ അതൊരുതരം വിടവാങ്ങലായിരുന്നു. അത് ഞാന്‍ മക്കയെകുറിച്ചെഴുതുന്ന അവസാനത്തെ പുസ്തകമാണ്. അതില്‍ ആ മലനിരകളില്‍ അടക്കപ്പെട്ട എഴുപതു പ്രവാചകരെ മുഴുവന്‍ ഒരുമിച്ചുകൂട്ടാന്‍ ഞാന്‍ ശ്രമിച്ചു. ആദാമിനേയും ഹവ്വയെയും നോഹയെയും ഒരുമിച്ചു കൂട്ടണമായിരുന്നു എനിക്ക്. ഈ പുസ്തകത്തിലൂടെ മക്കയെ ലോകത്തിനു പരിചയപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിച്ചു. ആര്‍ക്കുവേണ്ടിയാണ് എഴുതുന്നതെന്ന് എനിക്കറിയില്ല, ഒരുപക്ഷെ  മക്കക്കു വേണ്ടിയായിരിക്കാം ഞാനെഴുതുന്നത്. എഴുതുമ്പോള്‍ ഞാന്‍ വായനക്കാരെയോ വിമര്‍ശകരെയോ അഥവാ മറ്റാരെയെങ്കിലും കുറിച്ചോ ചിന്തിക്കാറില്ല. ഞാന്‍ മുഴുവനായും എന്നിലൂടെ ചലിക്കുന്ന ആ സ്വരങ്ങളുടെ നിയന്ത്രണത്തിലായിരിക്കും. എന്റെ സ്വരത്തിലൂടെ സംസാരിക്കാന്‍ ശ്രമിക്കുന്ന ഈ നഗരത്തിന്റെ ... എഴുതുക എന്നത് എനിക്ക് നിലനില്‍ക്കുന്നതിനുള്ള ഒരു കാരണമാണ്. ഞാന്‍ എഴുതുന്നുഅതുകൊണ്ട് ഞാനുണ്ട്.” റജാ ആലം (https://www.youtube.com/watch?v=Xc9dqPr5AiU)

നാഗിബ് മെഹ്ഫൂസ് സാഹിത്യ നോബല്‍ നേടിയതോടെ മുമ്പില്ലാത്ത വിധം ലോക ശ്രദ്ധയാകര്‍ഷിച്ച അറബ് നോവല്‍ സാഹിത്യത്തിന് 2007-ല്‍ അബുദാബി ആസ്ഥാനമാക്കി സ്ഥാപിതമായ അറബ് ബുക്കര്‍ എന്നറിയപ്പെടുന്ന അന്താരാഷ്‌ട്ര പുരസ്കാരം (IPAF- International Prize for Arabic Fiction) വന്‍ കുതിപ്പാണ് നല്‍കിയത്. അറബ് ഭാഷയില്‍ എഴുതപ്പെട്ട കിടയറ്റ കൃതികള്‍ ഇന്ന് ലോക ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും ആസ്വാദക ലോകത്തെ വിസ്മയിപ്പിക്കുകയും ചെയ്യുന്നു. ആദ്യമായി2011-ല്‍ഒരു വനിതയായ റജാ ആലമിന്റെ ‘ദി ഡോവ്സ് നെക്ക് ലെസ്’, മൊറോക്കന്‍ നോവലിസ്റ്റ് മുഹമ്മദ്‌ ആചാരിയുടെ ‘ദി ആര്‍ച്ച്‌ ആന്‍ഡ്‌ ദി ബട്ടര്‍ഫ്ലൈ’ എന്നീ കൃതികള്‍ക്കായി പുരസ്കാരം പങ്കു വെക്കുമ്പോള്‍ അത് മെരിറ്റില്‍ ഏറെ ഒരു ഇരട്ട പരിഭവം തീര്‍ക്കലാണ് എന്ന് വിമര്‍ശിച്ചവര്‍ ഉണ്ടായിരുന്നു- അബു ദാബി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പുരസ്കാരത്തിന്റെ അധികൃതരില്‍ ആരോപിക്കപ്പെട്ട സ്ത്രീ എഴുത്തുകാരോടും മാഗ്രെബ് ദേശങ്ങളില്‍ നിന്നുള്ള എഴുത്തുകാരോടും ഉണ്ടെന്നു പറയപ്പെട്ട വിവേചനമായിരുന്നു അവ. എന്നാല്‍ ഈ രണ്ടു ആരോപണങ്ങള്‍ക്കും വളരെ എളുപ്പത്തില്‍ മറുപടി ലഭിക്കാന്‍ വായനക്കാര്‍ ഒന്നേ ചെയ്യേണ്ടതുള്ളൂ- ഉജ്ജ്വലമായ ഈ രണ്ടു പുസ്തകങ്ങളും വായിക്കുക എന്നതാണ് അതിനുള്ള മാര്‍ഗ്ഗം. അഫ്ഘാന്‍ പ്രതിസന്ധിയുടെയും ഭീകരതാ വിരുദ്ധ യുദ്ധത്തിന്റെയും പശ്ചാത്തലത്തില്‍ സാമൂഹിക രാഷ്ട്രീയ മാനങ്ങളുള്ള കുടുംബ ദുരന്തത്തിന്റെ കഥ പറയുന്ന മുഹമ്മദ്‌ ആചാരിയുടെ പുസ്തകത്തേക്കാള്‍ ഏറെ വിവാദങ്ങള്‍ക്കും ഫത്‌വകള്‍ക്കും സ്വാഭാവികമായും ഇടനല്‍കിയത് വിഷയത്തിന്റെ സ്ഫോടനാത്മക സ്വഭാവം കൊണ്ടും പശ്ചാത്തലത്തിന്റെ ഗുരുതര സംവേദനത്വം കൊണ്ടും സര്‍വ്വോപരി മോറോക്കൊയെക്കാള്‍ പതിന്മടങ്ങ്‌ യാഥാസ്ഥിതികമാന് സൌദി അറേബ്യ എന്നത് കൊണ്ടും പൊള്ളുന്ന തരത്തിലുള്ള റജാ ആലമിന്റെ ബ്രകൃഹദ് കൃതി തന്നെയായതു സ്വാഭാവികം. സമൂഹത്തിലെ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തില്‍ ശ്രദ്ധയൂന്നുന്ന ‘ഗേള്‍സ്‌ ഓഫ് റിയാദ്’ (റജാ അല്‍ സനീഅ) പോലുള്ള കൃതികളില്‍ നിന്ന് വ്യത്യസ്തമായി വിവിധ സാമൂഹിക അടരുകളില്‍ വ്യാപരിക്കുന്ന ആഖ്യാന തലങ്ങളാണ് ‘ദി ഡോവ്സ് നെക്ക് ലെസ്’ മുന്നോട്ടു വെക്കുന്നത്.

 

പുണ്യ നഗരിയുടെ പരിസരം..............

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/the-doves-necklace-by-raja-alem

 

 


Tuesday, May 6, 2025

The Yacoubian Building by Alaa Al Aswany / Humphrey T. Davies

 പരിണാമങ്ങളുടെ സാക്ഷിയായി യാകൂബിയന്‍ ഭവനം




The Yacoubian Building (2002) Alaa Al Aswany (Egypt)/ Humphrey Davies

മനുഷ്യന്‍ സൃഷ്ടിച്ചതില്‍ ഏറ്റവും നല്ല കാര്യമാണ് സംസ്കാരങ്ങള്‍. അവ ഒരു തരം സംഘര്‍ഷവും സൃഷ്ടിക്കുന്നില്ല- അവ സംവദിക്കുന്നതിനുള്ള മാധ്യമം മാത്രമാണ്. സംഘര്‍ഷം വരുന്നത് ഏതെങ്കിലും മതത്തെ അക്രാമകമായി വ്യാഖ്യാനിക്കുന്നതില്‍ നിന്നാണ്” – അലാ അല്‍ അസ് വാനി. (Alaa Al Aswany in interview with Karen Kostyal, National Geographic, September, 2006)

ഇജിപ്ത്യന്‍ നോവലിസ്റ്റ്‌ അലാ അല്‍ അസ് വാനിയുടെ The Yacoubian Building (2002), തലക്കെട്ടിന്റെ ഉറവിടമായ യഥാര്‍ത്ഥ കെട്ടിടത്തിലെ അന്തേവാസികള്‍ എന്ന നിലയില്‍ അയഞ്ഞ രീതിയില്‍ ഒരുമിപ്പിക്കപ്പെടുന്ന കുറെയേറെ മനുഷ്യരുടെ കഥകളിലൂടെ സമകാലിക ഇജിപ്ത്യന്‍ സമൂഹത്തെ വരച്ചുവെക്കുന്നു. 1937ല്‍ കൈറോയിലെ തിരക്കേറിയ തലത്ത് ഹര്‍ബ് തെരുവില്‍, തന്റെ പേര് അനശ്വരമാക്കാന്‍വേണ്ടി പ്രദേശത്തെ അര്‍മീനിയന്‍ സമൂഹത്തിലെ പ്രബലനയിരുന്ന ഹജൂബ് യാകൂബ് ഒരു ഇറ്റാലിയന്‍ ആര്‍ക്കിടെക്റ്റിന്റെ കരവിരുതില്‍ യൂറോപ്പ്യന്‍ മാതൃകയില്‍ പണികഴിപ്പിച്ച പ്രൌഡമായ കെട്ടിടം അക്കാലത്ത് വമ്പന്മാരുടെ വാസസ്ഥലമായിരുന്നു. മന്ത്രിമാര്‍, ഉന്നതരായ പാഷമാര്‍, യൂറോപ്പ്യന്‍ ഡിപ്ലോമാറ്റുകള്‍ തുടങ്ങി പ്രസിദ്ധമായ നുസ്സൈര്‍ കുടുംബാംഗങ്ങളായ രണ്ടു ജൂതപ്രമാണികള്‍വരെ അവിടെ താമസിച്ചുവന്നു. കെട്ടിടത്തിന്റെ മുകളില്‍ ഓരോ അന്തേവാസിക്കും അലക്കുന്നതിനും ഉണക്കുന്നതിനും മറ്റുമായി ഓരോ മുറി വീതമുണ്ടായിരുന്നു. അക്കാലത്ത് എല്ലാം കുലീനവും സുന്ദരവുമായിരുന്നു. എന്നാല്‍ 1952 ലെ വിപ്ലവത്തെ തുടര്‍ന്നു പാഷമാരുടെ ഭരണം അട്ടിമറിക്കപ്പെട്ടതും 1956ലെ അറബ് – ഇസ്രയേല്‍ യുദ്ധവും സൃഷ്ടിച്ച സാഹചര്യങ്ങള്‍ വിദേശികളുടെയും ജൂതരുടെയും പാലായനത്തിനു വഴിതെളിയിച്ചു. അങ്ങനെ കാലിയായ അപ്പാര്‍ട്ട്മെന്റുകള്‍ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ കൈവശമാക്കി. അവരുടെ ഭാര്യമാര്‍ മച്ചിലെ മുറികളില്‍ തങ്ങളുടെ ഹോബികളായ കോഴിവലര്‍ത്തലും മറ്റും നടത്തിത്തുടങ്ങിയെങ്കിലും അവിടങ്ങളില്‍ ഇടം പിടിച്ച വേലക്കാരികളും മറ്റും എതിരുനിന്നില്ല. രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളിലെ മാറ്റം യാക്കൂബിയന്‍ കെട്ടിടത്തിലെ അന്തേവാസികളില്‍ കുലീനരുടെ മാത്രം താവളം എന്ന പഴയ അവസ്ഥയെ മാറ്റിമറിച്ചു. പ്രമാണികളും ഉദ്യോഗസ്ഥ പ്രമുഖരും മുഹന്‍ദസിന്‍, നാസര്‍ സിറ്റി തുടങ്ങിയ ശബളപ്രദേശങ്ങളിലേക്ക് കൂടുമാറിയതോടെ, അവിടെ കയ്യില്‍ കാശുള്ള ഏതൊരാള്‍ക്കും താമസമാക്കാം എന്ന നില വന്നുചേര്‍ന്നു. മച്ചുമ്പുറ മുറികള്‍ സമൂഹത്തിലെ ഏറ്റവും അടിത്തട്ടു മനുഷ്യരെക്കൊണ്ടു നിറഞ്ഞു കവിഞ്ഞു. സൈനിക പ്രമുഖരുടെ കടന്നുവരവ് കെട്ടിടത്തിന്റെ കുലീന വൃത്തിയെ മോശമാക്കിയെങ്കില്‍, അവരുടെ തിരിച്ചുപോക്ക് അതിനെ നശിപ്പിച്ചുകളഞ്ഞു. ഒരര്‍ത്ഥത്തില്‍ നാടിനു സംഭവിച്ച അപചയങ്ങളുടെ കണ്ണാടി തന്നെയായിരുന്നു യാക്കൂബിയന്‍ കെട്ടിടത്തിന്റെ വിധിവിഹിതങ്ങള്‍. “അല്‍ അസ് വാനിയുടെ നിരീക്ഷണം സുവ്യക്തമാണ്. ഇജിപ്ത് മുപ്പതുകളിലെയും നാല്‍പ്പതുകളിലെയും കോസ്മോപോളിറ്റന്‍, ലിബറല്‍ കാലഘട്ടത്തില്‍ നിന്ന് 1950 – 1960കളിലെ  അറബ് ദേശീയതയുടെ കാലുഷ്യങ്ങളിലേക്ക് നീങ്ങിത്തുടങ്ങിയപ്പോള്‍ വാസ്തുവിദ്യാവിസ്മയത്തിലെ യഥാര്‍ത്ഥ അന്തേവാസികള്‍, അധികവും സ്വയംവരിച്ച പ്രവാസത്തില്‍ യൂറോപ്പിലേക്കും ഐക്യ നാടുകളിലേക്കും, പതിയെ സ്ഥലംവിട്ടു... (പുതിയ) അന്തേവാസികള്‍ യൂറോപ്പ്യന്‍ കൊസ്മോപോളിറ്റന്‍ പ്രകൃതം കുറഞ്ഞ, അല്‍ അസ് വാനി തുറന്നുപറയുന്നില്ലെങ്കിലും, പരിഷ്കാരം കുറഞ്ഞവര്‍ ആയിരുന്നു.” (Tarek Osman).

ഭവനസമുച്ഛയത്തിലെ അന്തേവാസികള്‍ എന്നതിനപ്പുറം പറയത്തക്ക ബന്ധമില്ലാത്തെ കുറെയേറെ കഥാപാത്രങ്ങളുടെ നഖചിത്രങ്ങള്‍ എന്ന രീതിയില്‍, ഇജിപ്ത്യന്‍ സമൂഹത്തിന്റെ ഒരു പരിച്ഛേദം സൃഷ്ടിക്കുകയാണ് നോവലിസ്റ്റ്. ...............

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/the-yacoubian-building-by-alaa-al-aswany-humphrey-t-davies                      


Wednesday, April 16, 2025

The Bird Tattoo by Dunya Mikhail

യസീദി സമൂഹത്തിനൊരു സ്നേഹഗീതം



(വിമത ഇറാഖി കവിയും ആക്റ്റിവിസ്റ്റുമായ ദുനിയാ മിഖൈലിന്റെ പ്രഥമ നോവല്‍ The Bird Tattoo, അറബ് ഫിക് ഷനുള്ള അന്താരാഷ്‌ട്ര പുരസ്കാരത്തിന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട കൃതിയാണ്. യസീദി സമൂഹത്തിനായി രചിക്കപ്പെട്ട ഹൃദയദ്രവീകരണ ശക്തിയുള്ള ഒരു സ്നേഹഗീതമെന്നു നിരീക്ഷിക്കപ്പെടുന്ന നോവല്‍ ഒരു പ്രണയകഥ പശ്ചാത്തലമാക്കി സമൂഹം നേരിടുന്ന വംശീയ ദുരന്തം ആവിഷ്കരിക്കുന്നു.) 

നാദിയ മുറാദ്, ഫരീദ ഖല്ലാഫ് തുടങ്ങിയവരുടെ ആത്മകഥാ ആഖ്യാനങ്ങളിലൂടെ ലോകവായനാ സമൂഹം മനസ്സിലാക്കിയിട്ടുള്ളതാണ് യസീദി സമൂഹത്തിന്റെ ദുര്‍വ്വിധിയുടെ സമകാലിക പാഠങ്ങള്‍. പ്രസ്തുത ദുരന്തത്തിന്റെ വേരുകള്‍ തേടിയുള്ള അന്വേഷണം, ഇസ്ലാമിക സമൂഹത്തിന്റെ വികാസ കാലത്തില്‍ തന്നെ ചെന്ന് മുട്ടുന്നുവെന്നു പഠിതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. കുര്‍ദിസ്താന്‍ മേഖലയില്‍ അധിവസിച്ചുവന്ന, മുഖ്യമായും കുര്‍മാന്‍ജി ഭാഷ സംസാരിക്കുന്ന ഈ പുരാതന സമൂഹംഅവരുടെ വിശ്വാസാചാരആരാധനാ രീതികളില്‍ വിഗ്രഹാരാധനയെ വര്‍ജ്ജിച്ച ഇസ്ലാമിക സമൂഹത്തിന്റെ മുന്നില്‍ വെറുക്കപ്പെട്ടവര്‍ ആയിത്തീര്‍ന്നതിനു കാരണമുണ്ട്: സ്വയം ഏകദൈവാരാധനയില്‍ വിശ്വസിക്കുമ്പോഴും‘തവൂസി മെലെക് (Tawûsî Melek)’ എന്ന് വിളിക്കപ്പെട്ട മയില്‍ രൂപി ഉള്‍പ്പടെ ഏഴു ദൈവിക സങ്കല്‍പ്പങ്ങളെ ചുറ്റിപ്പറ്റിയാണ് യസീദി വിശ്വാസക്രമങ്ങള്‍ വികസിച്ചത്. സഫാവിദ്ഓട്ടോമന്‍ കാലഘട്ടങ്ങളില്‍‘ഗ്രന്ഥം നല്‍കപ്പെട്ടവര്‍ (അഹ് ലു കിതാബ്) എന്ന പേരില്‍ ക്രിസ്തീയജൂത സമൂഹത്തിനു നല്‍കപ്പെട്ട പരിഗണനകള്‍ക്കും വെളിയില്‍ യസീദി സമൂഹം വേട്ടയാടപ്പെടാന്‍ ഇത് നിമിത്തമായി. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനുള്ള ‘സോഫ്റ്റ്‌ ടാര്‍ഗറ്റ്’ ആയി അവര്‍ കണക്കാക്കപ്പെട്ടു. എന്നാല്‍ യഥാര്‍ഥത്തില്‍ ‘അബ്രഹാമിക്’ മതങ്ങളുടെയും (ജൂതക്രിസ്തീയഇസ്ലാമിക മതങ്ങള്‍), സൊരാഷ്ട്രിയന്‍ മതം പോലുള്ള പേര്‍ഷ്യന്‍ ദര്‍ശനങ്ങളുടെയും എന്ന പോലെ സൂഫി പാരമ്പര്യങ്ങളുടെ പോലും സങ്കരമാണ് യസീദി ക്രമങ്ങള്‍ എന്ന് വിവരിക്കപ്പെടുന്നു (1). 

................

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/the-bird-tattoo-by-dunya-mikhail


Monday, March 24, 2025

Celestial Bodies by Jokha Alharthi/ Marilyn Booth

 


ഒമാനി നോവലിസ്റ്റ് ജോഖ അല്‍ ഹാരിദിയുടെ നോവല്‍ ‘സെലെസ്റ്റിയല്‍ ബോഡീസ്’,  ദേശത്തിന്‍റെ ഇരുണ്ട ചരിത്രവഴികളെ പിന്തുടരുകയും ഒപ്പം അടഞ്ഞ സമൂഹത്തിലെ സ്ത്രീജീവിതത്തിന്‍റെ വീര്‍പ്പുമുട്ടലുകള്‍ കാല്‍പ്പനികവല്‍ക്കരണം കൂടാതെ ആവിഷ്കരിക്കുകയും ചെയ്യുന്ന,പാത്രവൈവിധ്യത്തില്‍ ടോള്‍സ്റ്റോയിയന്‍ മാനങ്ങളുള്ളഅറബ് ലോകത്തേക്ക് ബുക്കര്‍ പുരസ്കാരം ആദ്യമായി എത്തിച്ച കൃതിയാണ്.

വന്‍തോതിലുള്ള എണ്ണശേഖരത്തിന്‍റെ കണ്ടെത്തലോടെ അതിദ്രുതം സാമ്പത്തിക വളര്‍ച്ചയിലേക്കും നഗരവല്‍ക്കരണത്തിലേക്കും കുതിച്ച ചരിത്രമാണ് പേര്‍ഷ്യന്‍ ഗള്‍ഫ്‌ മേഖലയില്‍ സൗദി അറേബ്യയും ഇറാനും യമനും അതിരിടുന്നആറു മില്ല്യന്‍ മാത്രം ജനസംഖ്യയുള്ള ഒമാനെന്ന മരുഭൂ ദേശത്തിന്റേത്. ഒപ്പം അടിമക്കച്ചവടത്തിന്‍റെ അത്യന്തം നിന്ദ്യമായ ചരിത്രവുംലോകത്ത് ഏറ്റവും ഒടുവില്‍, 1962-ല്‍ മാത്രംആ നീച വിനിമയം നിരോധിക്കപ്പെട്ട രാജ്യങ്ങളില്‍ ഒന്നായ ഒമാനിനുണ്ട്. ഇസ്ലാമികമായ പുരുഷ മേധാവിത്ത കാര്‍ക്കശ്യങ്ങളില്‍ ജീവിതത്തില്‍ തന്നെ അടക്കപ്പെടുന്ന പെണ്‍സഹനത്തിന്‍റെ അനുഭവവുംമിഡില്‍ ഈസ്റ്റ്ഏഷ്യന്‍ - ആഫ്രിക്കന്‍ രാജ്യങ്ങളിലെ മറ്റു പല ദേശങ്ങളിലും എന്ന പോലെ ഒമാനിന്‍റെയും ഭാഗധേയമാണ്. ആധുനിക കാലത്ത് പാശ്ചാത്യ വിദ്യാഭ്യാസത്തിന്‍റെ ആനുകൂല്യം ലഭിക്കാന്‍ ഭാഗ്യമുണ്ടായ തലമുറയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ സ്ത്രീ ജീവിതത്ത സംബന്ധിക്കുന്ന മൌലികവാദ കാഴ്ചപ്പാടുകളില്‍ വിള്ളല്‍ വീഴ്ത്തിത്തുടങ്ങുന്നതിന്‍റെ ലക്ഷണങ്ങള്‍ മിഡില്‍ ഈസ്റ്റില്‍ പല ദേശങ്ങളില്‍ നിന്നും എന്ന പോലെ ഒമാനില്‍ നിന്നും കണ്ടുതുടങ്ങുന്നുണ്ട്. 

പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ് നല്ല ചുറ്റുപാടുകള്‍ ഉള്ള അവിവാഹിതനായ ഒരു ചെറുപ്പക്കാരന്‍ ഒരു ഭാര്യയെ തിരയുകയാവുമെന്നത്’ എന്ന ജെയ്ന്‍ ഓസ്റ്റിന്‍റെ വിഖ്യാത നോവല്‍ത്തുടക്കം (Pride and Prejudice) വിക്റ്റോറിയന്‍ അലസസമ്പന്ന ജീവിതത്തിന്‍റെ ഗാര്‍ഹിക ഉത്കണ്ഠകളുടെ ഒരു ടെംപ്ലേറ്റ് സൃഷ്ടിച്ചുവെന്ന് പറയാറുണ്ട്‌. മാറുന്ന കാലത്തിനും സാമൂഹ്യ ഗതിവിഗതികള്‍ക്കും സാക്ഷിയും ഇടപെടല്‍ ശക്തിയും ആയിത്തീരുന്ന സമ്പന്നവും സമൂഹത്തില്‍ പ്രമുഖ സ്ഥാനമുള്ളതുമായ തറവാട്ടിലെ മൂന്നു സഹോദരിമാര്‍ അടങ്ങുന്ന പെണ്‍ ലോകത്തെയാണ് അല്‍ഹാരിദിയുടെ  നോവല്‍ കേന്ദ്രത്തില്‍ നിര്‍ത്തുന്നത്. ജീവിതം അക്ഷരാര്‍ത്ഥത്തില്‍ തുന്നിക്കൊണ്ടിരിക്കുന്ന മയ്യപുസ്തകപ്പുഴുവായ അനിയത്തി അസ്മസുന്ദരിയായ ഖൌല എന്നിവര്‍ക്ക് ഭര്‍ത്താക്കന്മാരെ കണ്ടെത്തുക ഉമ്മ സലീമക്കും പിതാവ് അസാനിനും പ്രയാസമാകേണ്ടതല്ല. എന്നാല്‍ഒരു വിക്റ്റോറിയന്‍ ‘ഹാര്‍ഹിക നാടകത്തില്‍ (domestic comedy) നിന്ന് ഭിന്നമായി കല്യാണാലോചനയൊന്നും ഇവിടെ നോവലിന്‍റെ പ്രധാന വിഷയമല്ല. മറിച്ച് മൂന്നു സഹോദരിമാര്‍ പ്രതിനിധാനം ചെയ്യുന്ന ജീവിതാവസ്ഥകള്‍കൂടുതല്‍ സങ്കീര്‍ണ്ണമായ പ്രമേയങ്ങളിലേക്ക് കടക്കാനുള്ള തൊടുത്തുവിടല്‍ ബിന്ദുക്കള്‍ മാത്രമാണ്. അത് തലമുറകളിലൂടെമരുഭൂമിയും കടന്ന്തീരദേശത്തെക്കും മസ്കറ്റ് എന്ന തലസ്ഥാനത്തേക്കും വ്യാപിക്കുന്ന ദേശകഥയായി പരിണമിക്കുകയും ഒപ്പം കേന്ദ്രകഥാപാത്രങ്ങളുടെ ജീവിതസന്ധികളെ വിടാതെ പിന്തുടരുകയുംചെയ്യുന്നു. ഒമാനിലെ അല്‍ അവാഫി എന്ന സാങ്കല്‍പ്പിക ഗ്രാമത്തില്‍ തങ്ങളുടെ അടഞ്ഞ ഗാര്‍ഹികലോകത്തില്‍ കഴിയുന്ന സഹോദരിമാരില്‍ മൂത്തവളായ മയ്യഒരു ബന്ധത്തിന്‍റെ തകര്‍ച്ചക്ക് ശേഷം അബ്ദുല്ലയെ വിവാഹം കഴിക്കുമ്പോള്‍ അവള്‍ക്കതില്‍ പ്രണയത്തിന്‍റെ അതീതസങ്കല്പങ്ങള്‍ ഒന്നുമില്ല. അസ്മയാകട്ടെകുടുംബത്തോടുള്ള കടമ എന്നേ ഖാലിദുമായുള്ള വിവാഹത്തെ കാണുന്നുള്ളൂ. കുറേകൂടി സ്വതന്ത്രബുദ്ധിയായ ഖൌലകാനഡയിലേക്കുപോയ നസീറിനെ കാത്തിരിക്കുകയും വരുന്ന ആലോചനകളൊക്കെ കൊടിയ പീഡനം സഹിച്ചും നിരാകരിക്കുകയും ചെയ്യുന്നു.   

പശ്ചാത്തലത്തിന്‍റെ പ്രസക്തി

പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അന്ത്യദശകങ്ങള്‍ മുതല്‍ പുതിയ നൂറ്റാണ്ടിന്റ ആദ്യ വര്‍ഷങ്ങള്‍ വരെയുള്ള കാലഘട്ടത്തിലൂടെ ദ്രുതഗതിയില്‍ പരിണമിച്ചുവന്ന ഒമാനി സമൂഹത്തിന്‍റെ പശ്ചാത്തലത്തില്‍ ചരിത്രനോവലിന്‍റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി പറയപ്പെടുന്ന കുടുംബകഥയും സ്ത്രീജീവിതത്തിന്‍റെ അനുഭവാഖ്യാനവുമാണ് ‘അഭൗമ ഗാത്രങ്ങള്‍’. എന്നാല്‍പാരമ്പര്യത്തില്‍നിന്ന് ആധുനികതയിലേക്ക്പ്രാദേശികതയില്‍നിന്ന് ആഗോളീയതയിലേക്ക് തുടങ്ങിയ കാല്‍പ്പനികവല്‍കൃത പോസ്റ്റ്കൊളോണിയല്‍ ചരിത്രാഖ്യായികാ രീതിയിലേക്ക് നോവല്‍ ശ്രദ്ധയൂന്നുന്നില്ല. ലിങ്ക്സ് കേലി നിരീക്ഷിക്കുന്നത് പോലെ (Marcia Lynx Qualey: www.thenational.ae)കാല്‍പ്പനികസമീപനങ്ങളോടും ശുഭാന്ത്യങ്ങളോടുമുള്ള നോവലിന്‍റെ സമീപനം പരിഹാസപൂര്‍ണ്ണമാണ്. തന്നെ സ്നേഹിക്കുന്നുണ്ടോ എന്ന ഭര്‍ത്താവിന്‍റെ പ്രണയാര്‍ദ്രമായ ചോദ്യത്തെ ഇഷ്ടാനിഷ്ടങ്ങളുടെ തെരഞ്ഞെടുപ്പ് കേട്ടുകേള്‍വി പോലുമല്ലാത്ത സമൂഹത്തിലെ സ്ത്രീയെന്ന നിലയില്‍ ‘ഇജിപ്ത്യന്‍ സിനിമകള്‍ കണ്ടമാനം കണ്ടതിന്‍റെ അസ്ക്യതയായി ഭാര്യ മുഖം തിരിക്കുന്നത് അതുകൊണ്ടാണ്. പുസ്തകം ശുഭാന്ത്യങ്ങളിലേക്ക് ഒരു ഘട്ടത്തിലും മുന്നേറുന്നതേയില്ലപകരം അത് ഭൂതകാലത്തെയും വര്‍ത്തമാനത്തെയും നിരന്തരം പുനര്‍ വിശകലനം ചെയ്യുകയും അനിവാര്യമായ ദുരന്തങ്ങളെ ന്യൂനോക്തിയില്‍ സൂചിപ്പിച്ചു വെക്കുകയും മാത്രം ചെയ്യുന്നു. 

വിവാഹം മൂലം പരസ്പരം ബന്ധപ്പെടുന്ന രണ്ടു ഒമാനി കുടുംബങ്ങളുടെയും അവരുടെ ജീവിതങ്ങളില്‍ കെട്ടുപിണയുന്ന കുറെയേറെ കഥാപാത്രങ്ങളുടെയും കഥഅവരുടെയും ഒപ്പം ദേശത്തിന്‍റെ തന്നെ ചരിത്രത്തിന്‍റെയും ആധുനികവല്‍ക്കരണത്തിന്‍റെയും ഉള്ളറകളിലേക്ക് കടക്കുകയാണ്. അറുപതു ചെറിയ അധ്യായങ്ങളിലായി നടത്തപ്പെടുന്ന ആഖ്യാനം കാലത്തിനു നെടുകെയും കുറുകെയും മുന്നോട്ടും പിന്നോട്ടും പോവുന്നു. ഏതാനും പേജുകള്‍ക്കുള്ളില്‍ ജിന്നിനെ പ്രീതിപ്പെടുത്തുന്ന പാരമ്പര്യക്രിയകള്‍ക്കും അല്‍ അവാഫിയിലെ ബദൂയിന്‍ കുടിലുകളിലെ ജീവിതങ്ങള്‍ക്കും ആധുനിക മസ്കറ്റിലെ ലക്ഷുറി മാളുകളിലെ ‘ഫാഷനബിള്‍’ ജീവിതത്തിനും നാം സാക്ഷിയാകുന്നു. അനേകം കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആഖ്യാതാവിന്‍റെ തൃതീയവ്യക്തിക (third person) വീക്ഷണത്തിലും ഇടയ്ക്കിടെ അബ്ദുല്ലയെന്ന കഥാപാത്രത്തിന്‍റെ പ്രഥമവ്യക്തിക (first person) വീക്ഷണത്തിലും ആണ് ആവിഷ്കാരം നടത്തപ്പെടുന്നത്. നോവലാരംഭത്തില്‍ നല്‍കിയിട്ടുള്ള വംശവൃക്ഷത്തിന്‍റെ സഹായം വായനക്ക് അനിവാര്യവുമാണ്‌....

ലേഖനം മുഴുവന്‍ ഇവിടെ വായിക്കാം:

https://alittlesomethings.blogspot.com/2024/07/celestial-bodies-by-jokha-alharthi.html

Thursday, March 13, 2025

No One Sleeps in Alexandria by Ibrahim Abdel Meguid/ Farouk Abdel Wahab

അലക്സാണ്ടറിയയുടെ യുദ്ധവും സമാധാനവും.



(ഇബ്രാഹിം അബ്ദുൾ മാഗിദിൻ്റെ No One Sleeps in Alexandria എന്ന നോവലിന്റെ വിശകലനം. രണ്ടാം ലോകയുദ്ധത്തിൻ്റെ സംഘര്‍ഷങ്ങളില്‍ അകപ്പെട്ട മഹാനഗരത്തിൻ്റെ വികാരഭരിതവും എന്നാൽ അമിതപ്രശംസ കലരാത്തതുമായ  യഥാതഥ ഫിക് ഷനല്‍ അവതരണമെന്ന നിലയില്‍ നോവലിനെ വിലയിരുത്തുന്നു. ഇജിപ്തിന്റെയും ബാഹ്യലോകത്തിന്റെയും വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വ്യത്യസ്ത ധാരകളിലുള്ള കുറെയേറെ കഥാപാത്രങ്ങളെ പിന്തുടരുന്ന നോവല്‍, അവര്‍ പങ്കെവെക്കുകയും പങ്കു പറ്റുകയും ചെയ്യുന്ന സാംസ്കാരിക വൈവിധ്യത്തെ നഗരത്തിന്റെ പ്രൌഡപാരമ്പര്യവുമായി ചേര്‍ത്തുവെക്കുന്നു. സാംസ്കാരിക വൈവിധ്യത്തിന്റെയും സങ്കല്കനത്തിന്റെയും പ്രൌഡമായ അലക്സാണ്ടറിയന്‍ പാരമ്പര്യത്തില്‍, ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ കുറിച്ചും ഗാന്ധിയന്‍ പാരമ്പര്യത്തെ കുറിച്ചും കൊളോണിയല്‍ ചെറുത്തുനില്‍പ്പിന്റെ ആഗോള സാഹചര്യത്തില്‍ ഗാന്ധിജി പ്രതിനിധാനം ചെയ്യുന്ന നിലപാടുകളുടെ നേതൃത്വപരമായ പ്രാധാന്യത്തെ കുറിച്ചുമുള്ള നോവലിലെ നിരീക്ഷണങ്ങള്‍, ഇന്ത്യന്‍ വായനക്കാരില്‍ സവിശേഷ താല്പര്യമുണര്‍ത്താന്‍ പര്യാപ്തമാണ്.)

അലക്സാണ്ടർ ചക്രവര്‍ത്തി ക്രി.മു. 331-ൽ സ്ഥാപിച്ച അലക്സാണ്ടറിയ, മെഡിറ്ററേനിയനിലെ ഏറ്റവും ചരിത്രപ്രാധാന്യമുള്ള നഗരങ്ങളിലൊന്നാണ്. ഈജിപ്തിൻ്റെ വടക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന, പുരാതന ലോകവിജ്ഞാനത്തിന്റെയും സംസ്കാരത്തിന്റെയും കേന്ദ്രമായ ഇവിടം, പ്രശസ്തമായ അലക്സാണ്ടറിയ ലൈബ്രറി പോലുള്ള പൈതൃകങ്ങളുടെ ഇടം കൂടിയാണ്. ഗ്രീക്ക്, ഈജിപ്ഷ്യൻ, റോമൻ, സ്വാധീനങ്ങളോടൊപ്പം പില്‍ക്കാലത്ത് ഇസ്ലാമിന്റെയും മേളനകേന്ദ്രമായിത്തീര്‍ന്ന നഗരം, ശാസ്ത്രം, തത്ത്വചിന്ത, കല എന്നിവയിലും ഉത്തുംഗത്തിലെത്തി. അലക്സാണ്ടറിയയുടെ തന്ത്രപ്രധാനമായ സ്ഥാനം ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ എന്നിവയെ ബന്ധിപ്പിക്കുന്ന വ്യാപാര, സമുദ്ര വിനിമയങ്ങളുടെ കേന്ദ്രമാക്കി അതിനെ മാറ്റി. സാമ്രാജ്യങ്ങളുടെ ഉയർച്ചയ്ക്കും പതനത്തിനും സാക്ഷ്യം വഹിച്ച നഗരം, ഗ്രീക്കോ-റോമൻ അവശിഷ്ടങ്ങൾ, കോപ്റ്റിക് പള്ളികൾ, ഇസ്‌ലാമിക വാസ്തുവിദ്യ എന്നിവ ഉൾപ്പെടുന്ന അതിസമ്പന്നമായ പൈതൃകത്തിന്റെ ഈറ്റില്ലമാണ്.  ചരിത്രപരമായ ഗാംഭീര്യത്തെത്തെ ആധുനികതയുമായി സമന്വയിപ്പിക്കുന്ന നഗരം, അതിന്റെ സാഹിത്യപരവും ബൗദ്ധികവുമായ പൈതൃകം, ഊർജ്ജസ്വലമായ സാംസ്കാരിക രംഗം, ഭൂതകാലത്തിനും വർത്തമാനത്തിനും ഇടയിലുള്ള പാലമെന്ന സ്ഥാനം എന്നിവയുടെപേരില്‍ ഇന്നും ആദരിക്കപ്പെടുന്നു.

ലോകസാഹിത്യത്തിലും അലക്സാണ്ടറിയയ്ക്ക് ഒരു പ്രധാന സ്ഥാനമുണ്ട്. പലപ്പോഴും നിഗൂഢതയുടെയും സുഖലോലുപതയുടെയും ബൗദ്ധിക ഉണർവിന്റെയും നഗരമായി അത് ചിത്രീകരിക്കപ്പെടുന്നു. ആധുനിക സാഹിത്യഭാവന അലക്സാണ്ടറിയയെ അനശ്വരമാക്കിയത് ലോറൻസ് ഡ്യൂറലിൻ്റെ ‘അലക്സാണ്ടറിയ ക്വാർട്ടറ്റി’ലൂടെയാണ്. രണ്ടു ലോകയുദ്ധങ്ങള്‍ക്കിടയില്‍ ഇജിപ്തും അലക്സാണ്ടറിയയും നേരിട്ട സങ്കീര്‍ണ്ണതകളാണ് ഡുറല്‍ പ്രസ്തുത കൃതികളില്‍ ആവിഷ്കരിച്ചത്. ഇ.എം. ഫോസ്റ്ററുടെ Alexandria: A History and a Guide, ആന്ദ്രെ അസിമന്റെ Out of Egypt തുടങ്ങിയവയും ഈ പാരമ്പര്യത്തെ സമ്പന്നമാക്കുന്നു. വിഖ്യാത ഗ്രീക്ക് കവി കോണ്‍സ്റ്റന്റൈന്‍ കവാഫി, സംസ്കാരങ്ങളുടെ സംഗമകേന്ദ്രമെന്ന നിലയിലുള്ള അതിന്റെ കാലാതീത ആകർഷണത്തെയും പദവിയെയും പ്രതിഫലിപ്പിക്കുന്നു. നഗ്വിബ് മഹ്ഫൂസ്, എഡ് വാര്‍ഡ്‌ അൽ ഖരാത്ത്, യൂസഫ് സീദാൻ, തുടങ്ങിയ അറബ് എഴുത്തുകാരുടെ കൃതികള്‍, അതിന്റെ മതപരവും ദാർശനികവും സാംസ്കാരികവുമായ സംഘര്‍ഷങ്ങളിലേക്ക് പാശ്ചാത്യേതരവും ആധികാരികമായും ഇജിപ്ത്യനും തന്നെയായ വീക്ഷണങ്ങളിലൂടെ കടന്നുചെല്ലുന്നു.

സമകാലിക അറബ് സാഹിത്യത്തില്‍ അലക്സാണ്ടറിയയെ ചരിത്രപരവും സാംസ്കാരിക ബഹുത്വത്തിന്റെ ഈറ്റില്ലവും എന്ന നിലയില്‍ അടയാളപ്പെടുത്തുന്ന അതിശക്തമായ രചനയാണ് ഇബ്രാഹീം അബ്ദുല്‍ മഗീദ് എന്ന ഇജിപ്ത്യന്‍ നോവലിസ്റ്റിന്റേത്. അതില്‍ത്തന്നെ ‘Alexandria Trilogy’ എന്നറിയപ്പെടുന്ന, നോവല്‍ ത്രയമായി രചിക്കപ്പെട്ട No One Sleeps in Alexandria, Birds of Amber, Clouds Over Alexandria എന്നിവ ഏറ്റവും പ്രധാനവും. നോവല്‍ ത്രയം എന്ന ആശയത്തിലേക്ക് എത്തിച്ചേര്‍ന്നതെങ്ങനെ എന്ന് നോവലിസ്റ്റ് ഒരഭിമുഖത്തില്‍ വിവരിച്ചിട്ടുണ്ട്. ‘അലക്സാണ്ടറിയയില്‍ ആരും ഉറങ്ങുന്നില്ല എന്ന ആദ്യഭാഗം എഴുതിക്കഴിഞ്ഞപ്പോള്‍, നഗരം കടന്നുപോന്ന മൂന്നു ചരിത്രസന്ധികളെ കുറിച്ച് അദ്ദേഹം ചിന്തിച്ചു. ആദ്യത്തേത്, രണ്ടാംലോകയുദ്ധത്തിന്റെ കെടുതികള്‍ നേരിടുമ്പോഴും, ഒരു കോസ്മോപോളിറ്റന്‍, സെക്കുലര്‍ സഹിഷ്ണുതയുടെ മഹത്തായ ചരിത്ര സന്ദര്‍ഭമായിരുന്നു. രണ്ടാം ഘട്ടത്തില്‍, 1956ലെ സൂയസ് കനാല്‍ പ്രതിസന്ധിയെ തുടര്‍ന്ന്, പ്രവാസികള്‍ തിരികെ പോയതും അനുബന്ധ സന്ദര്‍ഭങ്ങളും നഗരത്തിന്റെ ‘ഗ്ലോബല്‍ പ്രകൃതത്തെ പ്രതികൂലമായി ബാധിച്ചു. ഗമാല്‍ അബ്ദല്‍ നാസറിന്റെ അടിസ്ഥാനപരമായി ദേശസാല്‍ക്കരണ നയങ്ങള്‍ അതിനെ ത്വരിതപ്പെടുത്തി. അലക്സാണ്ടറിയ ഒരു ആഗോളസമൂഹം എന്നതില്‍നിന്ന് ഒരു ഇജിപ്ത്യന്‍ നഗരമായി മാറിയത്, അവിടെ ജനിച്ചു (1946 ) വളര്‍ന്ന നോവലിസ്റ്റ് നേരില്‍ കണ്ടതാണ്. പഴയ നഗരത്തിന്റെ സ്മൃതികള്‍ ആളുകളുടെ മനസ്സില്‍ സജീവവുമായിരുന്ന ഈ ഘട്ടമാണ് നോവല്‍ ത്രയത്തിന്റെ രണ്ടാംഭാഗമായ ‘തീക്കനലിന്റെ പക്ഷികള്‍ അടയാളപ്പെടുത്തിയത്. എഴുപതുകളില്‍ പ്രസിഡന്റ് സാദത്ത്, വഹാബി, സലഫി മൗലികവാദവുമായി സഖ്യത്തില്‍ ഏര്‍പ്പെട്ടത്, ഗ്ലോബല്‍ എന്നല്ല, ഇജിപ്ത്യന്‍ എന്ന താല്പര്യംതന്നെ നഷ്ടപ്പെടുന്നതിനും മരുഭൂസംസ്കാരത്തിലേക്ക് സമൂഹമനസ്സിനെ തിരികെ കൊണ്ടുപോകുന്നതിലും കലാശിച്ചു. ഈ പരിണതികളാണ്  ‘അലക്സാണ്ടറിയ മേഘാവൃതമാകുന്നു രചനയിലേയ്ക്ക് നയിച്ചത്. നഗരം തന്നെയാണ് മൂന്നു നോവലുകളിലെയും മുഖ്യകഥാപാത്രമെന്നും ഓരോന്നും ഒറ്റയ്ക്കൊറ്റയ്ക്ക് തന്നെ വായിക്കാവുന്നതാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

മനുഷ്യബന്ധങ്ങളുടെ മൊസൈക്

രണ്ടാം ലോകയുദ്ധത്തിന്റെ സാമൂഹിക-രാഷ്ട്രീയ കാലുഷ്യങ്ങൾ പശ്ചാത്തലമാക്കി രചിക്കപ്പെട്ട No One Sleeps in Alexandria യില്‍,  സംഘര്‍ഷങ്ങൾക്കിടയിലും അതിജീവിക്കുന്ന പ്രണയം, വിശ്വാസം, സൗഹൃദം, നഷ്ടം എന്നിവയുടെ സങ്കീർണ്ണതകള്‍ പ്രതിഫലിപ്പിക്കുന്ന മനുഷ്യബന്ധങ്ങൾ ആഖ്യാനത്തിന്റെ അടിത്തറയായി വര്‍ത്തിക്കുന്നു. വ്യക്തിബന്ധങ്ങളെ വിശാലമായ സാമൂഹിക വിഷയങ്ങളുമായി ഇഴചേര്‍ക്കുമ്പോള്‍ അത്  അലക്സാണ്ടറിയ നഗരത്തിന്റെ തന്നെ പോരാട്ടങ്ങളുടെയും പ്രതിരോധശേഷിയുടെയും പ്രതിഫലനമായിത്തീരുന്നു. ഇസ്ലാം മതവിശ്വാസിയായ മഗാദ് അൽ-ദിനും ക്രിസ്ത്യാനിയായ ദിമ്യാനും തമ്മിലുള്ള അഗാധമായ, അതിരുകൾക്കപ്പുറമുള്ള സൗഹൃദമാണ് നോവലിന്റെ കാതൽ. കേവലം മതേതര സഹിഷ്ണുതയുടെ തെളിവ് എന്നല്ല, പങ്കിട്ട അനുഭവങ്ങളിലും പരസ്പര ബഹുമാനത്തിലും വേരൂന്നിയ ആഴത്തിലുള്ള മാനുഷിക ബന്ധമാണത്. ഗ്രാമത്തിലെ കുടിപ്പകയുടെ കുടുംബചരിത്രത്തില്‍നിന്ന് അലക്സാണ്ടറിയയുടെ വിശാലതയിലേക്കും സങ്കരസമ്മിശ്രതയിലേക്കും കടക്കുമ്പോള്‍, അപരിചിത നഗരത്തില്‍ അന്ധാളിച്ചുപോകുന്ന നാട്ടുമ്പുറത്തുകാരി സഹ്റയും ഏറെ മുതിര്‍ന്ന അയല്‍ക്കാരിയും തമ്മിലുണ്ടാകുന്ന ഊഷ്മളബന്ധവും അതിന്റെ മറ്റൊരു പതിപ്പാണ്‌. ഹിറ്റ്ലറുടെ തേരോട്ടത്തില്‍, ഉരുണ്ടുകൂടുന്ന യുദ്ധസാഹചര്യമാണ് നോവലിന്റെ വര്‍ത്തമാന സംഘര്‍ഷ ഭൂമിക. അതിനെതിരെ ഉയര്‍ന്നുനില്‍ക്കുന്ന മാനുഷികവിനിമയങ്ങള്‍ സമൂഹത്തെ പരസ്പരാശ്രിതത്വത്തിന്റെ  വലക്കണ്ണിയിലെന്നോണം ചേര്‍ത്തുനിര്‍ത്തുന്നു. സാമുദായിക ബന്ധങ്ങൾ, പ്രത്യേകിച്ച് വ്യോമാക്രമണങ്ങളും വിഭവങ്ങളുടെ ദൗർലഭ്യവും പോലുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ, പ്രതികൂല സാഹചര്യങ്ങളിൽ ഉയർന്നുവരുന്ന ഐക്യദാർഢ്യവും മാനവികതയും മാത്രമല്ല, ഭൗതികവും വൈകാരികവുമായ അഭയസങ്കേതം എന്ന നിലയിലുള്ള നഗരത്തിന്റെ സ്ഥാനം വെളിപ്പെടുത്തുന്നു.

പ്രണയവും കാല്‍പ്പനിക ആദര്‍ശപരതയും അടയാളപ്പെടുത്തുന്ന ഒന്നാണ് റുഷ്ദിയും കാമിലയും തമ്മിലുള്ള ബന്ധം. സാമൂഹികവും മതപരവുമായ പരിമിതികളെ ധിക്കരിക്കുന്ന യൗവന ആവേശത്തെ പ്രതിനിധീകരിക്കുന്ന അത്, തീവ്രമായ സൗന്ദര്യത്തിന്റെ നിമിഷങ്ങളാൽ അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിലും, വെല്ലുവിളികൾ നേരിടുന്നതു തന്നെയാണ്. മഠത്തിൽ ചേരാനുള്ള കാമിലയുടെ അന്തിമതീരുമാനം, സമൂഹത്തിന്റെ പ്രതീക്ഷകളുടെ ഭാരത്തെ സൂചിപ്പിക്കുന്നു. എന്നാല്‍, ശരീരബദ്ധമായ അര്‍ത്ഥത്തില്‍ ഒരുമിക്കാനാകുന്നില്ലെങ്കിലും, അതിനപ്പുറമുള്ള ഒരു ശാന്തിയിലേക്ക് പരുവപ്പെടുന്ന കാമിലയും, കവിതയും സര്‍ഗ്ഗാത്മകതയുമാണ് തന്റെ വഴിയെന്നു കണ്ടെത്തുന്ന റുഷ്ദിയും നിരാശാ ചിത്രങ്ങളല്ല എന്നത് പ്രധാനമാണ്. ക്രിസ്ത്യന്‍ പെണ്‍കുട്ടിയും മുസ്ലിം യുവാവും എന്ന റുഷ്ദി-കാമില സമവാക്യത്തെ തിരിച്ചിടുന്ന ഒന്നാണ് ദിമ്യാന്, ബിക്രി എന്ന ബദവി പെണ്‍കുട്ടിയോടു തോന്നുന്ന അപ്രതിരോധ്യമായ ആകര്‍ഷണം. മകളുടെ പ്രായംപോലുമില്ലാത്ത പെണ്‍കുട്ടിയോട് തോന്നുന്ന സ്വയം നിയന്ത്രിക്കാനാകാത്ത അഭിനിവേശത്തിന് അയാള്‍ സ്വയം ശാസിക്കായ്കയല്ല. എവിടെ നിന്നോ വന്നു, എങ്ങോട്ടോ തിരികെ പോകുന്ന പെണ്‍കുട്ടിയുടെ നഷ്ടം തനിക്ക് വിധിക്കപ്പെട്ട വേദനയാണ് എന്നൊരു നിര്‍ണ്ണായക വാദത്തില്‍ അയാള്‍ സ്വയം സമാധാനിക്കും. നിഗൂഡതയുടെയും അപരത്വത്തിന്റെയും (otherness) പ്രതീകമായ ബിക്രി, ദുര്‍ജ്ഞേയതയുടെ ആകര്‍ഷണമാണ്. നോവലില്‍, നിര്‍ണ്ണായകതാവാദ (deterministic) പ്രകൃതമുള്ള ദുരന്തത്തിന്റെ ആദ്യമാതൃക ബാഹിയും അവന്റെ ദുരന്ത ബന്ധങ്ങളുമാണ്. ‘ചുറ്റുമൊരു പ്രകാശവലയവുമായി, ബൈബിളിലെ യൂസുഫിനെപ്പോലെ സ്ത്രീകള്‍ക്ക് അപ്രതിരോധ്യ പ്രലോഭനമാകുക എന്നതൊരു ദുരന്തവിധിയായിത്തീര്‍ന്ന ജന്മമാണ് അവന്റേത്‌. വിചിത്രമായ ‘കാമുകന്‍/ ജാരന്‍/ ഇര’ സമ്മിശ്രം. കുടുംബത്തിന്റെ കാര്‍ഷിക ഗ്രാമത്തില്‍ രണ്ടു പ്രബല കുടുംബങ്ങളിലെ ആണ്‍തരികളെ ഒന്നൊന്നായി ഒടുക്കിയ കുടിപ്പകയ്ക്ക് വഴിമരുന്നിടുക അതാണ്. ബാഹിയുടെ ആകര്‍ഷണത്തില്‍ ഈയാംപാറ്റകളായി എല്ലാം നഷ്ടപ്പെടുന്ന സ്ത്രീകളില്‍, ഉന്മാദത്തിന്റെ പിടിയില്‍പ്പെട്ടു അയാളെ ദശകത്തിലേറെക്കാലം, അലക്സാണ്ടറിയ വരെയും പിന്തുടരുകയും, ഒന്നിനുമല്ലാത്ത അയാളുടെ അന്ത്യത്തിനുശേഷം കുഴിമാടം വരെയും എത്തുകയും തിരിച്ചറിയപ്പെടാതെ അവിടെക്കിടന്നു മരിക്കുകയും ചെയ്യുന്ന ഉന്നത വര്‍ഗ്ഗ കുടുംബിനിയായ വഗീദ, വിചിത്രഗാംഭീര്യമുള്ള പാത്രസൃഷ്ടിയാണ്. അവന്റെ കുഴിമാടത്തിലെത്തുന്നത് മുഴുവന്‍ സ്ത്രീകളാണ്. “ഇതാണ് മരിച്ചുപോയവരില്‍  ബന്ധുക്കളെല്ലാം സ്ത്രീകളായ ആദ്യത്തെ ആള്‍” എന്ന് സെമിത്തേരി സൂക്ഷിപ്പുകാരന്‍ അത്ഭുതപ്പെടും. അടിസ്ഥാനപരമായി തന്റെ അലംഘനീയ വിധിയുടെ ഇരമാത്രമായ അനിയനെ കുറിച്ച് മഗാദ് ചിന്തിക്കുന്നുണ്ട്: “ചിലയാളുകള്‍ വലിയ വേദനകള്‍ സഹിക്കാന്‍ വിധിക്കപ്പെട്ടവരാണ്. ഇയോബ് അത്തരം ഒരാളായിരുന്നു, ഇപ്പോള്‍ ബഹിയും.” അതേസമയം, മഗാദും സഹ്റയും തമ്മിലുള്ള ബന്ധം, പരസ്പര വിശ്വാസത്തിന്റെയും കാല -ദേശ വേര്‍പാടുകളുടെ ദൈര്‍ഘ്യത്തെ മറികടക്കുന്ന സ്ഥിരതയുടെയും കഥയാണ്. അത്, പരമ്പരാഗത മൂല്യങ്ങളുടെ ക്ഷമയും സഹിഷ്ണുതയും ഉൾക്കൊള്ളുന്നു. നോവലിന്റെ അവസാനവാചകമായ, മഹാനഗരത്തിന്റെ ചെറുത്തു നില്‍പ്പിന്റെയും അതിജീവനത്തിന്റെയും സാക്ഷ്യപത്രം മനുഷ്യബന്ധങ്ങളുടെ കാര്യത്തില്‍ അവരിലാണ് ചേരുക. ദീര്‍ഘയുദ്ധത്തിന്റെ മജ്ജ മരവിപ്പിക്കുന്ന ഭീകരതകളൊടുങ്ങി, പ്രശാന്തതയിലേക്ക് ഉണരുന്ന നഗരത്തെ നോവലിസ്റ്റ് അടയാളപ്പെടുത്തുന്നു: “അലക്സാണ്ടറിയ സ്വര്‍ണ്ണ ധമനികളുള്ള ഒരു രജത നഗരമായിത്തീര്‍ന്നു.”

മനുഷ്യബന്ധങ്ങളുടെ ആവിഷ്കാരങ്ങളില്‍ സ്ത്രീവിരുദ്ധതയുടെ കടുത്ത ചിത്രങ്ങളും ഏറെയുണ്ട്. ഗോത്രപാരമ്പര്യത്തില്‍ കാരണമേതും കൂടാതെയുള്ള, ആണ്‍പോരിമയുടെ അധീശത്തം ഘോഷിക്കാന്‍വേണ്ടി മാത്രം നടത്തപ്പെടുന്ന അതിക്രൂരമായ കയ്യേറ്റങ്ങളും മൂകസഹനങ്ങളും മുതല്‍, അതിസുന്ദരിയായ അയല്‍ക്കാരിയോടുള്ള അഭിനിവേശം തിരസ്കരിക്കപ്പെടുന്നതിന്റെ ലൈംഗിക അസൂയമൂലം പറഞ്ഞുണ്ടാക്കുന്ന കഥകളില്‍ വിശ്വസിച്ചു, ഒരു വിശദീകരണത്തിനുപോലും അവസരം നല്‍കാതെ അടിച്ചുകൊല്ലുന്ന സന്ദര്‍ഭങ്ങള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍, ആഗോള പരിഷ്കൃതിയുടെ കേന്ദ്രമെന്നു മേനി നടിക്കുന്ന നഗരവും സ്ത്രീവിരുദ്ധതയുടെ ഭീകരതയില്‍ പുറകിലല്ല. മഹ്മൂദിയ കനാലില്‍ പൊങ്ങിവരുന്ന ജഡങ്ങള്‍ എല്ലായിപ്പോഴും സ്ത്രീകളുടെതും കുട്ടികളുടെതുമാണ് എന്നും നാം വായിക്കുന്നു.

കോളനിവൽക്കരണവും സാംസ്കാരിക സങ്കലനവും

കോളനിവൽക്കരണത്തിന്റെയും സാംസ്കാരിക സങ്കരത്വത്തിന്റെയും ബലാബലങ്ങള്‍  നോവലിലെ ബന്ധങ്ങളുടെ ഗതിവിഗതികളില്‍ നിര്‍ണ്ണായകമാണ്. ചരിത്രപരമായി വിവിധ സ്വാധീനങ്ങളിൽ രൂപപ്പെട്ട നഗരമായ അലക്സാണ്ടറിയ, യുദ്ധകാലത്ത് ശരിക്കുമൊരു വറചട്ടിയായിരുന്നു. വിവിധ രാജ്യങ്ങളിൽനിന്നുള്ള സൈനികരും കുടിയേറ്റക്കാരും അഭയാർത്ഥികളും അവിടെ വന്നടിഞ്ഞു. ആദ്യകാല ഫ്രഞ്ച് അധിനിവേശത്തിന്റെയും തുടർന്നുള്ള ബ്രിട്ടീഷ് ആധിപത്യത്തിന്റെയും വിട്ടുപോകാത്ത മുദ്രകൾ നഗരത്തിന്റെ സാംസ്കാരിക ഘടനയിൽ സ്പഷ്ടമായിരുന്നു. മഗാദും ദിമ്യാനും കണ്ടുമുട്ടുന്ന പട്ടാളക്കാരില്‍ എല്ലാ ദേശത്തുനിന്നുള്ളവരുമുണ്ട്. കാര്യമായ വിദ്യാഭ്യാസമോ ജീവിത സാഹചര്യങ്ങളോ ഇല്ലാത്ത ഇളംപ്രായക്കാരായ, കൊളോണിയല്‍ നാടുകളില്‍ നിന്നുള്ള ഈ ചെറുപ്പക്കാര്‍, അജ്ഞാതമായ വിധിയിലേക്ക്, മിക്കതും തിരിച്ചുപോക്കില്ലാത്ത ദുരന്തത്തിലേക്ക് കടന്നുപോകുകയാണ്. പരിഭവങ്ങളും കലഹങ്ങളും തര്‍ക്കവിതര്‍ക്കങ്ങളും അവര്‍ക്കിടയില്‍ പതിവാണ്. വംശീയവും വര്‍ഗ്ഗീയവും മതപരവും മറ്റുമായ മുന്‍വിധികളും വിവേചനങ്ങളും അവിടെ അസാധാരണമല്ല. എന്നിരിക്കിലും, നോവല്‍ മുന്നോട്ടു വെക്കുന്ന സാംസ്കാരിക സങ്കലനങ്ങളുടെ സാധ്യതയെന്ന പ്രമേയം ഇവിടെ തെളിഞ്ഞുനില്‍പ്പുണ്ട്.

ഇന്ത്യന്‍ വായനക്കാരെ സവിശേഷമായി കൌതുകപ്പെടുത്തുകയും ചിലപ്പോഴൊക്കെ പുരികം ചുളിപ്പിക്കുകയും ചെയ്യുന്ന സന്ദര്‍ഭങ്ങള്‍ നോവലില്‍ പലയിടത്തുമുണ്ട്. ഓരോ അധ്യാവും തുടങ്ങുന്നത് വിഖ്യാത എഴുത്തുകാരുടെ കൃതികളില്‍നിന്നുള്ള ധ്വനിസാന്ദ്രമായ ഒരു ഉദ്ധരണികളോടെയാണ്. ഇതില്‍ ഒന്നിലേറെ തവണ ടാഗോര്‍ ഉദ്ധരണികള്‍ ഇടംപിടിക്കുന്നു, അതില്‍ത്തന്നെ അതിനിര്‍ണ്ണായകമായ, ദിമ്യാന്റെ മരണം സംഭവിക്കുന്ന നോവലന്ത്യത്തിനോടടുത്തുള്ള അധ്യായം തുടങ്ങുക ടാഗോര്‍ കൃതികളില്‍ മൃത്യുപാസനയുടെ അപൂര്‍വ്വ സന്ദര്‍ഭത്തില്‍ നിന്നുള്ള വരികളോടെയാണ്. ഗാന്ധിജിയെ കുറിച്ച് നോവലിന്റെ കാലഘട്ടം സൂക്ഷിച്ചിരുന്ന ആദരവിന്റെ സൂചനകള്‍ ഒട്ടേറെ സന്ദര്‍ഭങ്ങളില്‍ ആവര്‍ത്തിക്കപ്പെടുന്നു. സൈനികര്‍ക്കിടയിലെ തര്‍ക്കങ്ങളില്‍ ഒരാള്‍ ഇന്ത്യാ വിഭജന സാധ്യതയെ കുറിച്ചു പറയുമ്പോള്‍, അവര്‍ക്ക് ആദ്യം സ്വാതന്ത്ര്യം നേടുന്നതില്‍ ശ്രദ്ധ പതിപ്പിച്ചുകൂടേ എന്നൊരു യുക്തിചിന്ത ഉയര്‍ത്തപ്പെടുന്നുണ്ട്. ഒറിയന്റലിസ്റ്റ് നരേറ്റിവുകളിലെ മുന്‍വിധികള്‍ അടിസ്ഥാനമാക്കി ചില സൈനികര്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ ഇന്ത്യന്‍ പട്ടാളക്കാരെ ചൊടിപ്പിക്കുന്നത്, ഭീഷണമായ സന്ദര്‍ഭം സൃഷ്ടിക്കുന്ന ഘട്ടമുണ്ട്. മറുവശത്ത്‌, ഇന്ത്യയുടെ വൈവിധ്യത്തെ കുറിച്ചും, സ്വാതന്ത്ര്യ സമരത്തെ കുറിച്ചും നെഹ്‌റു, ഗാന്ധി തുടങ്ങിയവരെ കുറിച്ചും ഏറെ ആദരവോടെ ചര്‍ച്ച ചെയ്യപ്പെടുന്ന സന്ദര്‍ഭങ്ങളുമുണ്ട്. സാഫി അല്‍ നഈം എന്ന സുഡാനീസ് സൈനികന്‍ തറപ്പിച്ചു പറയുന്നു, ഇജിപ്തിനും മുമ്പ് ഇന്ത്യ സ്വാതന്ത്ര്യം നേടും. അയാള്‍ക്ക് പറയാനുള്ള കാരണം ഇതാണ്:

“ഇന്ത്യ വലിയൊരു രാജ്യമാണ്... മുന്നൂറു മില്ല്യന്‍ ജനസഖ്യയുണ്ട്. ഉവ്വ്, അവര്‍ക്ക് കുറെ മതങ്ങളുമുണ്ട്, പക്ഷെ അവര്‍ക്ക് ഗാന്ധിയുമുണ്ട്. .. അദ്ദേഹമൊരാളാണ് ഇംഗ്ലീഷുകാരോട് പൊരുതുന്നത്. ആയുധങ്ങളില്ലാതെയാണ് അദ്ദേഹം പൊരുതുന്നത്. അദ്ദേഹം ഇന്ത്യക്കാരോട് പറയുന്നു: വ്രതമനുഷ്ടിക്കൂ, അവരെല്ലാവരും വ്രതമെടുക്കുന്നു; ഇംഗ്ലീഷുകാരോട് ബന്ധം വിടര്‍ത്തൂ, അവരെല്ലാം അത് നിര്‍ത്തുന്നു; അവരുമായി കച്ചവടം ചെയ്യരുത്, അവരെല്ലാം അതൊഴിവാക്കുന്നു; ഒരു മാസം ഒറ്റക്കാലില്‍ നില്‍ക്കൂ, അവരത് ചെയ്യുന്നു. അവര്‍ ശക്തനായ ഒരൊറ്റ ആളെ പോലെയാണ്. ഗാന്ധിക്ക് ഒരു സൈന്യവുമില്ല, പക്ഷെ അദ്ദേഹത്തിന് ഒരു ജനത മുഴുവനുമുണ്ട്.”

സുഡാനീസ് പട്ടാളക്കാരന് ഗാന്ധിയോടുള്ള ആരാധന, അതിന്റെ കാവ്യാത്മക അതിവായന മാറ്റിവെച്ചാല്‍, ആഗോള കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങളുടെ പരസ്പരബന്ധവും ഗാന്ധിയന്‍ ദര്‍ശനത്തിനു അതിലുള്ള പ്രസക്തിയും എടുത്തുകാണിക്കുന്നു. ഈ നിമിഷങ്ങൾ നാഗരികതയുടെ ഒരു കവല എന്നനിലയില്‍ അലക്സാണ്ടറിയയുടെ സ്ഥാനം ഊട്ടിയുറപ്പിക്കുകയാണ്. അവിടെ ആശയങ്ങളും സംസ്കാരങ്ങളും അതാതിന്റെ തനിമ നിലനിര്‍ത്തുമ്പോള്‍ത്തന്നെ ഇടകലരുകയും പരസ്പരസ്വാധീനങ്ങളുടെ ചലനാത്മകമായ വിനിമയം സാധ്യമാക്കുകയും ചെയ്യുന്നു.

മോഡേണിസ്റ്റ് ആഖ്യാനത്തിന്റെയും ചരിത്രനോവലിന്റെയും സംഗമം:

വൈയക്തിക കഥകളും ചരിത്രപരമായ ട്രോമകളും കൂട്ടിക്കലര്‍ത്തി യുദ്ധകാല അലക്സാണ്ടറിയയുടെ ആഴത്തിലുള്ള നിരീക്ഷണം നടത്തുന്നതില്‍ ചരിത്ര നോവലിന്റെ ഗരിമ നിലനിര്‍ത്തുമ്പോള്‍ത്തന്നെ, നോവലിന്റെ ഘടനയും പ്രമേയങ്ങളും ശൈലീപരമായ തെരഞ്ഞെടുപ്പുകളും മോഡേണിസ്റ്റ് സാഹിത്യ പാരമ്പര്യവുമായി ചേര്‍ന്ന് പോകുന്നുണ്ട്. ശിഥില ആഖ്യാനം, മനശാസ്ത്രപരമായ ആഴം, വ്യക്തി, സമൂഹ വിനിമയങ്ങളിലെ സങ്കീര്‍ണ്ണ പാരസ്പര്യങ്ങള്‍, എന്നിങ്ങനെ നോവലിന്റെ ആവിഷ്കാരസങ്കേതങ്ങളില്‍ ആധുനികതയുടെ സൗന്ദര്യശാസ്ത്രം പ്രവര്‍ത്തിക്കുന്നുണ്ട്. രേഖീയ കഥപറച്ചിലിനു പകരം, ഭിന്നസ്വരങ്ങളായി നടത്തപ്പെടുന്ന ആഖ്യാനം, യുദ്ധകാല അലക്സാണ്ടറിയയുടെ വ്യവസ്ഥാശൈഥില്യത്തെയും പ്രക്ഷുബ്ധതയെയും പ്രതിഫലിപ്പിക്കുന്നു. ഒപ്പം അത്, ക്ലാസിക്കല്‍ നോവല്‍ സങ്കല്‍പ്പത്തിലെ ഒരൊറ്റ ആധികാരികസ്വരത്തെ നിരാകരിക്കുന്നതിലൂടെ, സത്യം ഒരിക്കലും ഏകഭാഷ്യമല്ല എന്ന ബഹുസ്വരതയുടെ സാംഗത്യം ഉറപ്പിക്കുകയും പാര്‍ശ്വവല്കൃതരെയും ആഖ്യാനത്തില്‍ കുടിയിരുത്തുകയും ചെയ്യുന്നു. ചരിത്രനോവല്‍ എന്നനിലയില്‍ പ്രത്യേകചരിത്രഘട്ടത്തില്‍ നങ്കൂരമിടുമ്പോഴും, ഓര്‍മ്മകളെയും ഭൂത-വര്‍ത്തമാന കാലങ്ങളെയും സമ്മിശ്രപ്പെടുത്തുന്നത്, സമയം, ഓര്‍മ്മ എന്നിവയുടെ ആഖ്യാനസ്ഥാനം ഉറപ്പിക്കുന്നു. കൊളോണിയല്‍ ആധുനികതയുമായുള്ള മുഖാമുഖത്തില്‍ ത്വരിതപ്പെടുത്തപ്പെടുന്ന പാരമ്പര്യത്തിന്റെ വിളികളും, ഒപ്പം കൊളോണിയല്‍ അധീശത്തിന്റെ പശ്ചാത്തലത്തില്‍ തീവ്രമാകുന്ന രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക മാനങ്ങളുള്ള സംഘര്‍ഷങ്ങളുമാണ് ജീവിതങ്ങളെ തകിടം മറിക്കുന്നത്. ഇവിടെ, വ്യക്തിജീവിതങ്ങളും ചരിത്രത്തിന്റെ വമ്പന്‍ ശക്തികളും മുഖാമുഖം നില്‍ക്കുകയാണ്. കഥാപാത്രങ്ങളുടെ ഉള്ളിലേക്ക് കടക്കാന്‍ നോവലിസ്റ്റ് ഉപയോഗിക്കുന്ന മനശാസ്ത്ര സമീപനവും, ആന്തര സ്വഗതാഖ്യന രീതികളും മോഡേണിസ്റ്റ് ക്ലാസിക്കുകളില്‍ പതിവുള്ളതാണ്. നോവലിലെ മുഖ്യകഥാപാത്രങ്ങള്‍ നേരിടുന്ന അസ്തിത്വപരമായ സംഘര്‍ഷങ്ങള്‍, ദുരിതങ്ങള്‍, നഷ്ടം, സ്വത്വാന്വേഷണം എന്നിവയൊക്കെ ആധുനികതയുടെ പ്രതിസന്ധികള്‍ തന്നെയായി വിവരിക്കാനാകും. ബാഹിയുടെ ദുരന്തകാരിയായ ആകര്‍ഷകത്വവും, ദിമ്യാന്റെ ഒരിക്കലും സാക്ഷാത്കരിക്കാനാകാത്ത മോഹവും സൃഷ്ടിക്കുന്ന നൈരാശ്യം വ്യര്‍ത്ഥതബോധംവരെ സൃഷ്ടിക്കാന്‍ പര്യാപ്തമാണ്. ഇത്തരം അസ്തിത്വവാദപരമായ അടിയൊഴുക്കുകളും നോവലിനെ മോഡേണിസ്റ്റ് ക്ലാസിക്കുകളോട് ചേര്‍ത്തുനിര്‍ത്തുന്നു. സാംസ്കാരിക സങ്കലനത്തിലെ ഒരു ആഗോള പരിഛേദം തന്നെയായ അലക്സാണ്ടറിയയില്‍ വന്നടിയുന്നവരും, അതിന്റെയെല്ലാം ഫലമായി വിട്ടുപോകാനോ, ജീവിതാവസ്ഥകള്‍ കലുഷമാകാനോ ഇടയാകുന്ന ദേശവാസികളും ഒരുപോലെ കൊളോണിയലിസത്തിന്റെ അന്യവല്കരണവും സ്വത്വപ്രതിസന്ധികളും നേരിടേണ്ടിവരുന്നു. ദേശീയത, മതങ്ങള്‍ തുടങ്ങിയ ‘ബൃഹദ് ആഖ്യാന’ങ്ങളോടുള്ള നോവലിന്റെ വിമുഖത, നോവലിനെ മോഡേണിസ്റ്റ് പാരമ്പര്യവുമായി കണ്ണിചേര്‍ക്കുന്നതും വ്യക്തമാണ്‌. കാവ്യാത്മക ബിംബകല്‍പ്പനകള്‍ കാല്‍പ്പനികം എന്നതിലേറെ വമ്പന്‍ നരേറ്റിവുകളുടെ മറുപുറം ആവിഷ്കരിക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. “ബോട്ടുകള്‍ നദിയിലേക്ക് തുഴഞ്ഞുപോകുകയോ സ്റ്റീം എഞ്ചിനിലൂടെ കടന്നുപോകുകയോ ചെയ്തത് ഇരുനൂറായിരം ജീവിതകഥകള്‍ക്ക്, ഒരുവേള അതിലും കൂടുതല്‍, മുകളിലൂടെയാണ്‌” എന്ന് നോവലിസ്റ്റ് എഴുതുന്നത്‌, മഹ്മൂദിയ കനാലിന്റെ നിര്‍മ്മിതിക്കിടെ പലവിധത്തില്‍ ഹോമിക്കപ്പെട്ട നിസ്സഹായരായ തൊഴിലാളികളുടെ ദുരന്തത്തെയാണ് സൂചിപ്പിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വൈസ്രോയ് മുഹമ്മദ്‌ അലിയുടെ കല്‍പ്പനപ്രകാരമാണ് ആ നിര്‍മ്മാണം ആരംഭിച്ചതെന്നും അതാണ് നൂറ്റാണ്ടുകള്‍ നീണ്ട ആലസ്യത്തില്‍ നിന്ന് നഗരത്തെ ഉണര്‍ത്തുകയും അഭിവൃദ്ധിയിലേക്കു നയിക്കുകയും ചെയ്തത് എന്ന് ചരിത്രം പറയുന്നു. അഥവാ, ഏതു നഗരസംസ്കാരത്തിന്റെയും നിര്‍മ്മിതിയില്‍ ആഹൂതി ചെയ്യപ്പെടുന്ന എണ്ണമറ്റ നിസ്സഹായരുടെ മൂകചരിത്രവും ഉണ്ടാകുമെന്ന ഓര്‍മ്മപ്പെടുത്തലാണ് ഇവിടെ നോവലിസ്റ്റ് നടത്തുന്നത്. ഔദ്യോഗിക ഭാഷ്യങ്ങളില്‍ എങ്ങും ഇടംപിടിക്കാതെ പോയവരാണ് ഇവിടെ ഓര്‍മ്മിക്കപ്പെടുന്നത്. ബോംബാക്രമണത്തില്‍ എരിയുന്ന ദിമ്യാനെ നിസ്സഹായനായി നോക്കിനില്‍ക്കേണ്ടി വരുമ്പോള്‍ ആത്മസുഹൃത്ത് മരിച്ചു എന്ന് വിശ്വസിക്കാതിരിക്കാനാണ് മഗാദ് ശ്രമിക്കുന്നത്. എന്നാല്‍, അതിനപ്പുറം നിസ്വനായ ഒരു മനുഷ്യന്റെ സഹനത്തെ ക്രിസ്തു സമാനതയിലേക്ക് ഉയര്‍ത്തുന്നതാണ് നോവലിസ്റ്റ് ഉപയോഗിക്കുന്ന രൂപകങ്ങള്‍. മഗാദ് ചിന്തിക്കുന്നു:

“ദിമ്യാന്‍ മരിച്ചില്ല; അദ്ദേഹം തീപ്പെട്ടില്ല. ദൈവം അദ്ദേഹത്തെ സ്വര്‍ഗ്ഗത്തിലേയ്ക്ക് ഉയര്‍ത്തി, അയാളത് കണ്ടിരുന്നു, അതല്ലെങ്കില്‍ ആരാണ് വ്യാളിയുടെ അഗ്നിയില്‍നിന്ന് ആകാശത്തേക്ക് ആ സ്വര്‍ണ്ണത്തേരില്‍ ഉയര്‍ന്നുപോയത്?.”

സമൂഹത്തിലെ ഏറ്റവും ദരിദ്രരായ മനുഷ്യരുടെ നിത്യജീവിതത്തെ ദേശത്തിന്റെ, ലോകത്തിന്റെ തന്നെയും ഗതിവിഗതികളുമായി കൂട്ടിയിണക്കുന്നതിലൂടെ അലക്സാണ്ടറിയയുടെ സവിശേഷപ്രകൃതമാണ് നോവലിസ്റ്റ് ആവിഷ്കരിക്കുന്നത്. നഗരത്തിന്റെ ചരിത്രവും ജീവിതക്രമങ്ങളും വൈവിധ്യങ്ങളും അതിസൂക്ഷ്മമായി ഫിക് ഷനില്‍ നിബന്ധിക്കുന്നതിനായി നോവലിസ്റ്റ് നടത്തിയിട്ടുള്ള അതിവിശാലമായ ഗവേഷണത്തിന്റെ മുദ്രകള്‍ വ്യക്തമാണ്‌. യുദ്ധത്തില്‍ യൂറോപ്പിലും, കിഴക്കന്‍ അതിരുകളിലും ഉണ്ടായ സംഭവങ്ങളും അലക്സാണ്ടറിയ, റോമെലിന്റെ കൈകളില്‍ വീണുപോകാതിരിക്കാന്‍ മരുഭൂമിയില്‍ അരങ്ങേറിയ പോരാട്ടങ്ങളും നോവലില്‍ വിവരിക്കപ്പെടുന്നത് ഇക്കാര്യം വ്യക്തമാക്കുന്നു. അപ്രധാനമെന്നു ഔദ്യോഗിക ചരിത്രകാരന്മാര്‍ക്ക്‌ തോന്നാവുന്ന സംഭവങ്ങളില്‍പ്പോലും നോവലിസ്റ്റ് മാനവികതയുടെ  ചരിത്രമുദ്രകള്‍ കണ്ടെത്തുന്നു. എന്നാല്‍, കഥാകാലം (1938-1942) പരിഗണിക്കുമ്പോള്‍ ഒരുവളേ അസ്ഥാനത്തായ ചില പ്രയോഗങ്ങളും നോവലില്‍ കടന്നുകൂടിയിട്ടുണ്ട് എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന്, വടക്കന്‍ ഇജിപ്തില്‍ നിന്നുള്ള കുടിയേറ്റ കര്‍ഷകര്‍ മരുഭൂ നിവാസികളെ കുറിച്ച് ‘ബദൂയിന്‍ എന്ന പദം ഉപയോഗിച്ചിരിക്കുമോ എന്നും ‘അറബികള്‍ എന്നുതന്നെയാകില്ലെ അവര്‍ ഉപയോഗിച്ചിരിക്കുക എന്നും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അതെന്തായാലും, അലക്സാണ്ടറിയയുടെ ജീവചരിത്രം’ എന്നു വിളിക്കപ്പെടാന്‍ പാകത്തില്‍ അതിന്റെ ‘യുദ്ധവും സമാധാനവും’ ചിത്രീകരിക്കുന്നതിലൂടെ, മഹാനഗരത്തിനുള്ള സ്നേഹമസൃണവും വികാരദീപ്തവും ഒപ്പം കൃത്യമായും ഇജിപ്ത്യനുമായ ഒരു സ്തുതിഗീതമായി നോവല്‍ വര്‍ത്തിക്കുന്നു. വിഖ്യാത അറബ് – ഇംഗ്ലീഷ് വിവര്‍ത്തകന്‍ ഫാറൂഖ് അബദുല്‍ വഹാബിന്റെ വിവര്‍ത്തനം സൂക്ഷ്മവും സുന്ദരവുമാണ് എന്ന് നിരൂപകമതം.

അവലംബങ്ങള്‍:

1.      Mohga Hassib & Ibrahim Abdelmeguid. ‘Ibrahim Abdelmeguid: ‘The Hero Is the City’, Arab Litt & ArabLitt Quarterly, January 31, 2014, https://arablit.org/2014/01/31/ibrahim-abdelmeguid-the-hero-is-the-city/

2.       Abdel-Messih, M.-T. (2005). Alternatives to Modernism in Contemporary Egyptian Fiction: Ibrahim Abdel-Maguid’s No One Sleeps in Alexandria. International Fiction Review32(1). Retrieved from https://journals.lib.unb.ca/index.php/IFR/article/view/7799

3.      Nourhan Ashraf Muhammad. ‘''Comparing Lawrence Durrell's Portrayal of the City as a Character in Justine to Ibrahim Abdel Meguid's in No One Sleeps in Alexandria'', 16.04.2018.

1.      

Read the article in English:

https://alittlesomethings.blogspot.com/2025/03/no-one-sleeps-in-alexandria-by-ibrahim_13.html


Saturday, March 8, 2025

Mama Hissa's Mice by Saud Alsanousi/ Sawad Hussain

 അധിനിവിഷ്ട ദേശവും തീപിടിച്ച വീടും




(അറബ് നോവലിനുള്ള അന്താരാഷ്ട്ര പുരസ്കാര ജേതാവായ കുവൈറ്റി നോവലിസ്റ്റ് സഊദ് അല്‍ സനൂസിയുടെ Mama Hissa’s Mice, ഒന്നാം ഗള്‍ഫ് യുദ്ധം തൊട്ടു സമീപ ഭാവികാലം വരെ നീളുന്ന ആഖ്യാനമായി കുവൈറ്റിന്റെയും മിഡില്‍ ഈസ്റ്റിന്റെയും യുദ്ധാന്തരീക്ഷത്തെയും വിഭാഗീയതയുടെ നീരാളിപ്പിടുത്തത്തെയും ആവിഷ്കരിക്കുന്നു.)

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വായനയുടെയും സംവാദങ്ങളുടെയും മണ്ഡലങ്ങളെ വളരെയേറെ അധിനിവേശിച്ച ഇക്കാലത്ത് സങ്കീര്‍ണ്ണ ഘടനയുള്ള ബൃഹദ്കൃതികള്‍ വായിക്കുക മിക്കപ്പോഴും ഒരു തെരഞ്ഞെടുപ്പല്ല. എന്നാല്‍ സാംസ്കാരിക വായനയുടെയും ദേശാന്തരീയ ധാരണകളുടെയും താല്‍പ്പര്യങ്ങളെ തൃപ്തിപ്പെടുത്തുക പലപ്പോഴും അത്തരം കൃതികളാവും. 2012ല്‍ അറബ് സാഹിത്യത്തിനുള്ള അന്താരാഷ്‌ട്ര പുരസ്കാരം നേടിയ ‘ദി ബാംബൂ സ്റ്റാക്ക്’ (The Bamoboo Stalk) എന്ന നോവലില്‍ വീട്ടുവേലക്കാരിയായെത്തുന്ന ഫിലിപ്പിനോ യുവതിയുടെയും കുവൈത്തി യുവാവിന്റെയും പ്രണയത്തിന്റെ ബാക്കി പത്രമായി പിറക്കുന്ന മകന്റെ അസ്തിത്വ പ്രതിസന്ധികളുടെ കഥ ആവിഷ്കരിച്ച സഊദ് അല്‍ സനൂസി,  ഒന്നാം ഗള്‍ഫ് യുദ്ധം തൊട്ടുള്ള സ്വദേശത്തിന്റെ രാഷ്ട്രീയ സംഘര്‍ഷങ്ങളോടൊപ്പം മുസ്ലിം സമൂഹത്തില്‍ പ്രബലമായ ‘രണ്ടു’ പക്ഷങ്ങള്‍ക്കിടയിലെ വിഭാഗീയത ഹിംസാത്മകമായിത്തീരുന്നതിന്റെ കഥ പറയുന്ന ‘മമ്മ ഹിസ്സയുടെ ചുണ്ടെലികള്‍ (Mama Hissa’s Mice)’ പ്രമേയപരമായി അരപൂര്‍വ്വ രചന തന്നെയാണ്. എല്ലാ സാമൂഹിക തിന്മകള്‍ക്കുമെതിരിലും ഉയിര്‍ത്തു നില്‍ക്കുന്ന/നില്‍ക്കേണ്ട കൌമാര/യൌവ്വന സൌഹൃദങ്ങളെ പോലും വിഷലിപ്തമാക്കും വിധം വിഭാഗീയതയുടെ സ്വാധീനം കുടുംബാന്തരീക്ഷങ്ങളില്‍ നിന്ന് യുവമനസ്സുകളിലേക്ക് വ്യാപിക്കുന്നതിന്റെ വിനാശകതയെ ഒരു ദുരന്ത പ്രവചന (Dystopian) ഭാവത്തോടെ ആവിഷ്കരിക്കാന്‍ തൊട്ടടുത്ത ഒരു ഭാവികാലത്തില്‍ നോവലിസ്റ്റ് കഥയുടെ വര്‍ത്തമാന കാലത്തെ സ്ഥിതപ്പെടുത്തുന്നു. ഒപ്പം എല്ലാത്തിന്റെയും പിറകിലുള്ള അസംബന്ധ പൂര്‍ണ്ണമായ മുടിനാരിഴ വിശ്വാസ വ്യതിയാനങ്ങളെ ഇത്തിരി കറുത്ത ഹാസ്യത്തോടെയും നോവലിസ്റ്റ് ചിത്രീകരിക്കുന്നു.


വിഭാഗീയ കലാപങ്ങളിലും പ്രതിക്രിയകളിലും കലുഷിതമായ കുവൈറ്റിന്റെ തൊട്ടടുത്ത ഒരു ഭാവികാലത്തില്‍ - 2015 ല്‍ അറബ് മൂലം പ്രസിദ്ധീകരിക്കപ്പെട്ട കൃതിയുടെ ‘വര്‍ത്തമാന കാലം 2020 ആണ് – നിലയുറപ്പിച്ച ‘മമ്മ ഹിസ്സയുടെ ചുണ്ടെലികള്‍ മൂന്നു ബാല്യകാല സുഹൃത്തുക്കളുടെ കഥ പറയുന്നു. വിഭാഗീയതയുടെ പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരെങ്കിലും ബാല്യ-കൌമാരങ്ങളുടെ ഇഴയടുപ്പത്തില്‍ കഴിയുന്ന മൂവര്‍ സംഘം അത്തരം അസ്പൃശ്യതയോട് കടുത്ത രോഷത്തോടെയാണ് മുതിര്‍ന്നുവരിക. ഇറാഖ് അധിനിവേശ നാളുകളില്‍ ‘ഫുവാദയുടെ ബാലകര്‍ (‘Fuada’s Kids’) എന്ന് സ്വയം വിളിക്കുന്ന ഒരു കൂട്ടായ്മയിലൂടെ വെറുപ്പിന്റെയും അസഹിഷ്ണുതയുടെയും മതമൌലിക വാദത്തിന്റെയും അപകടങ്ങളെ കുറിച്ച് പ്രചാരണം നടത്തുകയാണ് അവര്‍ സ്വയം കണ്ടെടുത്ത സാമൂഹിക ദൌത്യം. രഹസ്യ പ്രവര്‍ത്തനങ്ങളിലൂടെയുള്ള റേഡിയോ സംപ്രേഷണം, ഓണ്‍ലൈന്‍ ലേഖനങ്ങള്‍, തുടങ്ങിയ ഇടപെടലുകളാണ് അവരുടെ മാര്‍ഗ്ഗം. കാത്കൂത് എന്ന് വിളിക്കപ്പെടുന്ന ആഖ്യാതാവ് ഒരു ദുരൂഹ സാഹചര്യത്തില്‍ ബോധം തെളിയുന്നതോടെയാണ് ആഖ്യാനം ആരംഭിക്കുന്നത്. എന്നാല്‍, നോവലിന്റെ വര്‍ത്തമാന കാലത്തില്‍ നടക്കുന്ന ഈ സംഭവവികാസത്തില്‍ തെരുവു മധ്യത്തില്‍ ബോധം തിരിച്ചു കിട്ടുമ്പോള്‍ അയാള്‍ തിരിച്ചറിയുന്നത്‌ തന്റെ കാര്‍ ചുട്ടെരിക്കപ്പെട്ടിരിക്കുന്നു എന്നും ചുറ്റുവട്ടത്തെ കെട്ടിടങ്ങള്‍ വന്‍ തീപിടിത്തത്തില്‍ പെട്ടിരിക്കുന്നുവെന്നും തനിക്കു മേലാകെ പരിക്കുകള്‍ പറ്റിയിരിക്കുന്നു എന്നും മാത്രമല്ല, ‘ഫുവാദയുടെ ബാലകര്‍’ തീര്‍ത്തും തോറ്റുപോയിരിക്കുന്നു എന്നുകൂടിയാണ്. വേദനയോടെ അയാള്‍ തിരിച്ചറിയുന്നു സമാധാനം കൊണ്ടുവരാനുള്ള തന്റെ ശ്രമങ്ങള്‍ പോലും ഹിംസക്ക് നിമിത്തമാവുകയായിരുന്നു എന്നും തനിക്കു ചുറ്റും കാണപ്പെടുന്ന നാശ നഷ്ടങ്ങള്‍ക്ക് ആ അര്‍ത്ഥത്തില്‍ താനും ഉത്തരവാദിയാണ്‌ എന്നും. എന്നാല്‍ ഏറ്റവും വലിയ കുറ്റബോധം മറ്റൊരു രൂപത്തില്‍ അയാളെ കാത്തിരിപ്പുണ്ട്‌: ദൌര്‍ഭാഗ്യകരമായ ഒരേറ്റുമുട്ടലില്‍ കൂട്ടുകാരില്‍ ഒരാള്‍ മറ്റൊരാളുടെ അന്ത്യത്തിനു കാരണക്കാരനാകുന്നതിന് അയാള്‍ സാക്ഷിയാകേണ്ടി വരുന്നു. ബോധം തെളിയുമ്പോള്‍ അയാളുടെ ഫോണില്‍ കുറെയേറെ മിസ്സ്‌ഡ് കാളുകളും ടെക്സ്റ്റ് മെസ്സേജുകളുമുണ്ട്. അതിലൊന്ന് അയാളുടെ ബൈറൂത്ത് പ്രസാധകന്റെതാണ്. ‘ദി ഇന്‍ഹറിറ്റന്‍സ് ഓഫ് ഫയര്‍ എന്ന് പേരിട്ട അയാളുടെ നോവലില്‍ സെന്‍സര്‍ പ്രശ്നം ഒഴിവാക്കാനായി നാല് അധ്യായങ്ങള്‍ മുറിച്ചു മാറ്റാന്‍ അയാള്‍ സന്നദ്ധനാണോ എന്ന് അവര്‍ക്കറിയണം. അല്‍ സനൂസിയുടെ നോവലിന് ഇതുവരെയും കുവൈറ്റില്‍ പ്രസാധനാനുമതി ലഭിച്ചിട്ടില്ല എന്നത് ജീവിതം കലയെ അനുകരിക്കുന്നതിന്റെ ഒരുദാഹരണം ആയി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.


ഒരു വശത്ത്‌ ഷിയാ വിഭാഗവും മറുവശത്ത്‌ സുന്നി വിഭാഗവും കാവല്‍ നില്‍ക്കുന്ന ഒരു പാലത്തിലൂടെ ഇരുവരുടെയും സൌമനസ്യം പ്രതീക്ഷിച്ചു വണ്ടിയോടിക്കുന്ന കാത്കൂതിന്റെ കഥയും അയാളുടെ നോവലില്‍ നിന്നുള്ള അധ്യായങ്ങളും ഇടകലരുന്നതാണ് ആഖ്യാനധാര. 1980കളില്‍ താന്‍ ജനിച്ചു വളര്‍ന്ന അയല്‍ക്കൂട്ടത്തിന്റെ കഥയാണ് ആത്മകഥാപരമായ ‘അഗ്നിയുടെ ശേഷിപ്പി’ല്‍ കാത്കൂത് പറയുന്നത്. പന്ത്രണ്ടാം വയസ്സില്‍, കളിക്കൂട്ടുകാരായ സാദിഖ്, ഫഹദ് എന്നിവരോടൊത്ത് മരം കയറിയും വീഡിയോ ഗെയിമുകളില്‍ മുഴുകിയും കുട്ടിക്കാലത്തിന്റെ സാഹസങ്ങള്‍ ആസ്വദിക്കുന്ന കാത്കൂത്, ഫഹദിന്റെ മുത്തശ്ശി മമ്മ ഹിസ്സയുടെ കഥാപ്രപഞ്ചത്തിലേക്കും അവരോടൊപ്പം ഫൌസിയ അമ്മായിയുടെ വാത്സല്യത്തിലേക്കും എത്തിപ്പെടുന്നത് യുദ്ധാരംഭത്തില്‍ സ്വന്തം മാതാപിതാക്കള്‍ ലണ്ടനില്‍ ആയിപ്പോയ സാഹചര്യത്തിലാണ്. എന്നാല്‍, പ്രശാന്തമെന്നു തോന്നിക്കുന്ന വിധം കാണപ്പെടുന്ന ചുറ്റുപാടില്‍ യഥാര്‍ത്ഥ അടിയൊഴുക്കായി മുഴങ്ങുന്ന സംഘര്‍ഷത്തില്‍ ഭിന്ന വംശജരും ഇരു വിഭാഗങ്ങളില്‍ പെട്ടവരുമായ ഫഹദിന്റെയും സാദിഖിന്റെയും പിതാക്കന്മാരുടെ സാന്നിധ്യമുണ്ട്. എങ്കിലും ഇറാഖ് അധിനിവേശം വരെയുള്ള ഘട്ടത്തില്‍ എല്ലാ ഭിന്നതകള്‍ക്കും ഇടയില്‍ പാരസ്പര്യത്തിന്റെ ഇഴയടുപ്പമുണ്ട്: പാകിസ്ഥാനി ബാര്‍ബറോടും സിറിയന്‍ ഇറച്ചി വെട്ടുകാരനോടുമെല്ലാം കുട്ടികള്‍ക്ക് സൌഹൃദവുമുണ്ട്. എന്നാല്‍ പിന്നീട് കുടുംബ സൌഹൃദങ്ങള്‍ പോലും കലങ്ങിത്തുടങ്ങുന്നു. ഫഹദിന്റെ പിതാവ് സാലിഹ് അമ്മാവനും സാദിഖിന്റെ പിതാവ് അബ്ബാസ് അമ്മാവനും എപ്പോഴും കലഹിക്കുകയും മക്കളുടെ സ്നേഹബന്ധത്തിന് പോലും ഭീഷണിയായിത്തീരുകയും ചെയ്യുന്നു. ഉമ്മമാര്‍ നടത്തുന്ന ശ്രമങ്ങള്‍ അതിനു തടയിടാന്‍ പര്യാപ്തവുമല്ല. വിഭാഗീയതയുടെ പൊരുളറിയാതെ അങ്കലാപ്പിലാകുന്ന കാത്കൂത്തിനെ അവര്‍ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്: “നീയൊരു മുസ്ലിമാണ്, അതാണ്‌ കാര്യം.. അത് പോരെ?.” വിശ്വാസവുമായി നിരന്തരം സംവാദത്തില്‍ ഏര്‍പ്പെടുമ്പോഴും തന്റെ ഇസ്ലാമിക വിശ്വാസം അടിസ്ഥാനപരമായി കരുതുന്ന കാത്കൂത്തിന് അത് മതി. എന്നാല്‍ ദേശത്തിന് അത് പോരാ എന്നിടത്താണ് സംഘര്‍ഷങ്ങളുടെ തുടക്കം; അതൊട്ടും പുതിയതുമല്ല. ‘മറ്റേ വിഭാഗം ആകുന്നതിലേറെ അമുസ്ലിം ആകുന്നതാണ് നല്ലത് എന്ന് ഇരുകൂട്ടരും കരുതുന്നു. അതേ സമയം അവരെ പിന്തുണക്കുന്നവരില്‍ നാസ്തികരും ഉണ്ട് എന്ന കാരണത്താല്‍ ‘ഫുവാദയുടെ ബാലകര്‍ ഇരു വിഭാഗത്തിന്റെയും ശത്രുത നേരിടുന്നത് ശക്തമായ വിരുദ്ധോക്തിയില്‍ നോവലിസ്റ്റ് വിവരിക്കുന്നു:

“ഇരു കൂട്ടരും! ഇരു കൂട്ടരും, റമദാന്‍ പിറവി അടയാളപ്പെടുത്തി ചന്ദ്രന്‍ ഉദിക്കുന്നതെന്ന് എന്ന കാര്യത്തില്‍ യോജിക്കാന്‍ കഴിയാത്തത് കൊണ്ട് ഒരിക്കലും ഒരുമിച്ചു നോമ്പ് തുടങ്ങാന്‍ കഴിയാത്തവര്‍. ഇരു കൂട്ടരും, ആദ്യ പെരുന്നാള്‍ എന്നും ഭിന്ന ദിനങ്ങളില്‍ ആയതു കൊണ്ട് ഒരിക്കലും പരസ്പരം പെരുന്നാള്‍ ആശംസകള്‍ നേരാന്‍ കഴിയാത്തവര്‍. നമസ്കാരസമയത്തെ കുറിച്ച് ഇരുവര്‍ക്കും യോജിക്കാന്‍ വയ്യ, അല്ലെങ്കില്‍ സകാത്ത് ശതമാനത്തെ കുറിച്ച്, അതുമല്ലെങ്കില്‍ മരിച്ചവരെ ശ്മശാനത്തില്‍ അടക്കുന്നതിനെ കുറിച്ച്. പരസ്പരം തോല്‍പ്പിക്കുന്നതില്‍ ഒഴികെ ഒന്നിനെ കുറിച്ചും യോജിക്കാന്‍ ഇരുകൂട്ടര്‍ക്കുമാവില്ല. നമ്മളെ അടച്ചു പൂട്ടാനുള്ള ശ്രമത്തില്‍ - നമ്മളെ, തുല്യതക്കും സമാധാനത്തിനും വേണ്ടി നിരന്തരം അലറിവിളിച്ചു തൊണ്ടയടച്ചു പോയ നമ്മളെ – ആദ്യമായി ഒരു കാര്യത്തില്‍ അവരിരു കൂട്ടരും യോജിപ്പിലെത്തിയിരിക്കുന്നു.”

അവരുടെ രഹസ്യകേന്ദ്രത്തെ കുറിച്ച് അധികൃതര്‍ അറിയാനിടയാകുന്നതും അംഗങ്ങളില്‍ ഒരാള്‍ റെയ്ഡ് ചെയ്യപ്പെടുന്നതും തന്റെ ഉറ്റവരെ കണ്ടെത്താനുള്ള കാത്കൂത്തിന്റെ ദൌത്യത്തെ അടിയന്തിര പ്രാധാന്യം ഉള്ളതാക്കും. ഇടയ്ക്കിടെ കാത്കൂത്തിന്റെ നോവല്‍ അദ്ധ്യായങ്ങള്‍ കടന്നു വരുന്നത് ഈ ഘട്ടത്തില്‍ വായനയെ ക്ലിഷ്ടമാക്കുന്നുണ്ട്.

നോവലിന്റെ മധ്യത്തില്‍, നോവലിനുള്ളിലെ നോവലില്‍, ഇറാഖിന്റെ കുവൈറ്റ് അധിനിവേശവും തദ്ഫലമായുണ്ടായ ദേശ നഷ്ടവും അസ്തിത്വ പ്രതിസന്ധിയും വളര്‍ന്നു വരുന്ന ഒരു കുട്ടിയുടെ കണ്ണിലൂടെ തീക്ഷ്ണമായി അവതരിപ്പിക്കുന്നുണ്ട്. അനിശ്ചിതത്വത്തെയും പ്രശാന്തമായ ജീവിതങ്ങളിലേക്ക് കടന്നു കയറിയ അധിനിവേശത്തിന്റെ കൊടും ക്രൂരതകളെയും കുടുംബാനുഭവങ്ങളും കേട്ട കഥകളുമായി നോവലിസ്റ്റ് ആവിഷ്കരിക്കുന്നു. ‘ഫുവാദയുടെ ബാലകര്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ജന്മമെടുക്കുകയെങ്കിലും ഗള്‍ഫ് യുദ്ധകാല അനുഭവങ്ങള്‍ അവരുടെ വളര്‍ച്ചയില്‍ വലിയ പങ്കു വഹിക്കും. അങ്ങനെയാണ് നോവലിനുള്ളിലെ നോവലും വര്‍ത്തമാന കാലവും കണ്ണി ചേരുക.


ഖുമൈനിയുടെ ഇസ്ലാമിക വിപ്ലവം തൊട്ട് (1979) എട്ടു വര്‍ഷക്കാലം നീണ്ട ഇറാന്‍-ഇറാഖ് യുദ്ധം, ഇറാഖിന്റെ കുവൈറ്റ് അധിനിവേശം എന്നീ ഘട്ടങ്ങളിലൂടെ മുന്നോട്ടു പോയി 2020 എന്ന തൊട്ടടുത്ത ഭാവിയില്‍ അവസാനിക്കുന്നതാണ് നാല്‍പ്പത്തിരണ്ടു വര്‍ഷങ്ങളിലായി നാലു തലമുറകളുടെ കഥ എന്ന നിലയില്‍ നോവലിന്റെ കാലഗണന. നാഗിബ് മഹ്ഫൂസിനെ പോലുള്ള കൃതഹസ്തരിലൂടെ പരിചിതമായ, അയല്‍പ്പക്കത്തിന്റെ കഥയായി വികസിക്കുന്ന അറബ് നോവല്‍ ശൈലി പുതിയ എഴുത്തുകാരും തുടരുന്നതിന് ഏറെ ഉദാഹരണങ്ങളുണ്ട്: അബ്ദോ ഖാലിന്റെ ‘ത്രോവിംഗ് സ്പാര്‍ക്സ്, റജാ ആലെമിന്റെ ‘ദി ഡോവ്സ് നെക്ക് ലെസ്, സിനാന്‍ അന്തൂനിന്റെ ‘ദി കോര്‍പ്സ് വാഷര്‍ തുടങ്ങി ജോഖ എല്‍ ഹാര്‍ത്തിയുടെ ‘സെലെസ്റ്റിയല്‍ ബോഡീസ്, അഹമദ് സഅദാവിയുടെ ‘ഫ്രാങ്കന്‍സ്റ്റീന്‍ ഇന്‍ ബാഗ്ദാദ്’ എന്നിവയിലൊക്കെ ഈ പാരമ്പര്യം കാണാം. അല്‍ സനൂസിയുടെ ആഖ്യാനത്തില്‍ ഭൂതകാലം അവതരിപ്പിക്കപ്പെടുന്നത് മാജിക്കല്‍ റിയലിസത്തിന്റെ സ്പര്‍ശമുള്ള ശൈലിയില്‍ ആണെങ്കില്‍, വര്‍ത്തമാന കാലത്തിലെത്തുമ്പോള്‍ ജേണലിസ്റ്റിക്ക് സ്വഭാവമുള്ള മുറിഞ്ഞു പോകുന്നതും വസ്തുതാമാത്രവുമായ തുറന്നെഴുത്തിന്റെ രീതി കാണാനാവും. തനിക്കും തന്റെ സുഹൃത്തുക്കള്‍ക്കും നേരെയുണ്ടാകുന്ന അക്രമങ്ങളെ വ്യവച്ചേദിക്കാന്‍ കാത്കൂത് ഈ ശൈലി ഉപയോഗിക്കുന്നു. 

ഈ സംഭവ വികാസങ്ങളോടൊപ്പം കാത്കൂത്തിന്റെ ഓര്‍മ്മകളും ‘ചിലന്തി വല നെയ്യുന്നതുപോലെ നെയ്തെടുക്കുന്ന മമ്മ ഹിസ്സയുടെ സ്തോഭ ജനകമെങ്കിലും കൌമാര ജിജ്ഞാസയെ ത്രസിപ്പിക്കുന്ന കഥകളും ചേര്‍ന്നതാണ് ആഖ്യാന ഘടന. രാഷ്ട്രീയ ശരികളുടെ (political correctness) സങ്കീര്‍ണ്ണതകള്‍ ഒന്നുമറിയാത്ത, പൊതു ധാരണകള്‍ പങ്കുവെക്കുന്ന മമ്മ ഹിസ്സ വംശ വെറിയോളമെത്തുന്ന ജൂത വിരോധം പോലുള്ള ആശയങ്ങള്‍ യഥേഷ്ടം ഉപയോഗിക്കുകയും കേട്ടിരിക്കുന്ന കൌമാരക്കാരനില്‍ നായ്ക്കളെയും ചിലന്തികളെയും മാത്രമല്ല ഇടിഞ്ഞു വീഴുന്ന ആകാശത്തെ കുറിച്ചും പേടി നിറക്കുകയും ചെയ്യുന്നുണ്ടെങ്കിലും വാത്സല്യത്തിന്റെയും മാതൃത്വത്തിന്റെയും വറ്റാത്ത ഉറവയുമാണ്. ദേഷ്യം തോന്നുന്നവരെയെല്ലാം ‘ജൂതന്‍ എന്ന് വിളിക്കുന്ന മമ്മാ ഹിസയുടെ ആവര്‍ത്തിച്ചുള്ള അത്തരം പ്രയോഗങ്ങള്‍ അവരെ വായനക്കാര്‍ അധികം സ്നേഹിച്ചു പോകരുതെന്ന നോവലിസ്റ്റിന്റെ നിഷ്കര്‍ഷയുടെ ഭാഗമാണോ എന്ന് തോന്നാം. അതെന്തായാലും, കഥ പറയാനുള്ള തന്റെ ജന്മസിദ്ധമായ കഴിവ് മാനസ പുത്രനില്‍ നിക്ഷേപിച്ചാണ് അവര്‍ കടന്നുപോകുക. എല്ലാം ചാമ്പലാക്കുന്ന കാട്ടുതീ പോലെ പടരുന്ന വിഭാഗീയ ഹിംസാത്മകതയുടെ കഥയെ ‘അഗ്നിയുടെ ശേഷിപ്പ് (The Inheritance of Fire) എന്ന് അയാള്‍ വിളിക്കുന്നത്‌ തികച്ചും സംഗതവുമാണ്.

മാമാ ഹിസ്സയുടെ കാര്യത്തില്‍ എന്ന പോലെത്തന്നെ വേറെയും പാത്ര സൃഷ്ടികളില്‍ അപൂര്‍ണ്ണതകള്‍ കണ്ടെത്താനാകും. ഇതിവൃത്തം മുഴുവന്‍ സാന്നിധ്യമുണ്ടെങ്കിലും മൂന്നു കൂട്ടുകാരെ കുറിച്ചും അത്ര സുപരിചിതത്വം വായനക്കാര്‍ക്ക് പകര്‍ന്നുകിട്ടുന്നില്ല നോവലന്ത്യത്തിലും. ഫഹദിനു സംഗീതം ഇഷ്ടമാണെന്നു സൂചനയുണ്ടെന്നതിനപ്പുറം അവന്റെ വ്യക്തിത്വത്തിലേക്ക് തുറസ്സുകള്‍ അധികമില്ല. സാദിഖ് ആകട്ടെ പ്രായേണ ഒരു നിഗൂഡതയായി തുടരുകയും ചെയ്യുന്നു. പാത്രബാഹുല്യമുള്ള നോവലില്‍ പക്ഷെ ഒട്ടുമിക്ക പേരും വന്നു പോകുന്നവര്‍ മാത്രമാണ്. ഫഹദിന്റെ ഉമ്മ ആയിഷ അമ്മായി, സാദിഖിന്റെ ഉമ്മ ഫാദില അമ്മായി, അവന്റെ സഹോദരി ഹൌറ, ശ്രീലങ്കന്‍ പരിചാരിക ടിന എന്നിവരൊക്കെ സ്നേഹ സാന്നിധ്യങ്ങളായി നോവലില്‍ ഉണ്ടെങ്കിലും ആരെ കുറിച്ചും ആഴത്തിലുള്ള പാത്ര സൃഷ്ടിയുണ്ട് എന്ന് പറയാനാകില്ല.


ആക്ഷേപ ഹാസ്യവും ദുരന്ത ബോധവും ഇടകലരുന്ന, ഭൂതകാല സംഭവങ്ങള്‍ ഓരോന്നും ഇരുണ്ട ഭാവിക്കു സൂക്ഷമാര്‍ത്ഥത്തില്‍ നിദാനമായിത്തീരുന്ന കഥ ഒരേ സമയം മുതിര്‍ന്നു വരവിന്റെ കഥയും (coming of age novel) മധ്യ പൗരസ്ത്യ ദേശങ്ങളുടെ ഭീഷണ യാഥാര്‍ത്ഥ്യത്തിന്റെ ആവിഷ്കാരവും ആയിത്തീരുന്നു. ഏതു നിമിഷവും യുദ്ധസമാന സാഹചര്യത്തിലേക്ക് വലിച്ചിഴക്കപ്പെടാവുന്ന, ഒരുമിച്ചു കഴിഞ്ഞവരെ ‘അവരും ‘നമ്മളും ആക്കി മാറ്റുന്ന തീപ്പൊരികള്‍ക്കു നിദാനം ‘ദൈവത്തെ അനുസരിക്കലും ‘പ്രവാചക കുടുംബ’ത്തിന്റെ അപ്രമാദിത്തം അംഗീകരിക്കലും തമ്മിലുള്ള കല്‍പ്പിത വ്യത്യാസത്തിലാണ് എന്നത് വിചിത്രമായി അനുഭവപ്പെടുന്നത് കൊണ്ടാണ് നോവലിസ്റ്റ് ഒരു ഘട്ടത്തിലും ഇരുവിഭാഗങ്ങളുടെയും പേരുപോലും എടുത്തു പറയാത്തത്. ‘ഉമൈരിയ എന്നും ‘ഒമൈരിയ എന്നും പറയുന്നവര്‍ക്കിടയിലെ വ്യത്യാസം എന്ന് സുന്നി-ഷിയാ തര്‍ക്കത്തെ നോവലിസ്റ്റ് വിവരിക്കുമ്പോള്‍ അത്തരം നിസ്സാരത ഒരു യുദ്ധമുണ്ടാക്കുക എന്നതിലപ്പുറം അസംബന്ധമായി മറ്റെന്തുണ്ട് എന്നത് ചോദ്യമായി നോവലിലെങ്ങും ഉച്ചരിക്കപ്പെടാതെ മുഴങ്ങുന്നുണ്ട്. കുവൈറ്റ് അധിനിവേശ കാലത്ത് സദ്ദാമും ‘യോജിപ്പുള്ളവരുടെ സഖ്യവും (“coalition of the willing”) ഈ അസംബന്ധത്തെ ഫലപ്രദമായി ഉപയോഗിച്ചതിനെ കുറിച്ചും നോവല്‍ പരാമര്‍ശിക്കുന്നുണ്ട്. വംശീയ/വിഭാഗീയ  സംഘര്‍ഷങ്ങളുടെ മൂല കാരണങ്ങളില്‍ പലപ്പോഴും കാണപ്പെടുന്ന നിസ്സാരതയെ പക്ഷം ചേരാതെ ആവിഷ്കരിക്കാന്‍ രണ്ടു മൊഴിവ്യത്യാസങ്ങളെ ഉപയോഗപ്പെടുത്തുന്ന ഇതേ രീതി ക്രോയേഷ്യന്‍-സെര്‍ബ് സംഘര്‍ഷങ്ങളെ ആവിഷ്കരിക്കുന്ന ‘ദി ഹയേഡ് മാന്‍ എന്ന നോവലില്‍ സ്കോട്ടിഷ് നോവലിസ്റ്റ് അമിനാറ്റ ഫോര്‍ന ഉപയോഗിക്കുന്നുണ്ട്: ബ്രെഡ്‌ എന്നതിനെ സൂചിപ്പിക്കാന്‍ ‘hleb’ (സെര്‍ബ്), ‘kruh(ക്രോയേഷ്യന്‍) എന്നീ വാക്കുകള്‍ ഉപയോഗിച്ചവര്‍ക്കിടയിലായിരുന്നു ഭീകരമായ യുദ്ധം നടന്നതെന്ന് വംശീയ പേരുകള്‍ ഒരിടത്തും പറയാതെ അമിനാറ്റ ഫോര്‍ന എഴുതുന്നു.    

കലയും കലാപവുമെന്ന ദ്വന്ദ്വത്തില്‍ കലാപത്തിനുള്ള മറുമരുന്നായി കലയുടെ സത്യം എന്ന പ്രമേയത്തെയാണ്‌ അധിനിവേശ യാഥാര്‍ത്ഥ്യവും നോവലിനുള്ളിലെ നോവലും എന്ന ഘടനയിലൂടെ അല്‍ സനൂസി ആവിഷ്കരിക്കുന്നത്. കാത്കൂത് എഴുതുന്ന നോവലില്‍ ആഖ്യാനം നടത്തുന്നവരാണ് കലാപകാരികള്‍ തന്നെയായ മാമ ഹിസ്സയുടെ മൂന്നു ചുണ്ടെലികള്‍. നോവലിലെ അധ്യായങ്ങളും വര്‍ത്തമാന കാലത്തെ കഥാഗതിയും നോവലിനുള്ളില്‍ ഇടകലര്‍ന്നു വരുന്നത് ഭൂതകാലവും സമീപ ഭാവിയും എന്ന നിലയിലും വായിച്ചെടുക്കാം. അറബ്/ കുവൈറ്റ് ചരിത്രത്തെ കുറിച്ച് ധാരണയില്ലാത്ത വായനക്കാര്‍ക്ക് നോവലിലെ മൊഴിമാറ്റപ്പെട്ടിട്ടില്ലാത്ത അറബ് പ്രയോഗങ്ങള്‍ മനസ്സിലാക്കിയെടുക്കുക താരതമ്യേന പ്രയാസകരമാകാം എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ കഥാഗതിയെ പിന്തുടരുന്നതില്‍ അതത്ര പ്രശ്നം സൃഷ്ടിക്കുന്നില്ല. ജനപ്രിയമായ ടി വി സീരിയലില്‍ നിന്നാണ് കാത്കൂത് തന്റെ ‘ഫുവാദയുടെ ബാലകര്‍’ എന്ന  സംഘത്തിന്റെ പേര് കണ്ടെത്തുന്നത് എന്നതും കലയും ചെറുത്തുനില്‍പ്പുമെന്ന പ്രമേയവുമായി കണ്ണിചേരുന്നുണ്ട്. എന്നാല്‍, അന്തിമ വിശകലനത്തില്‍ സൗഹൃദം എന്ന മൂല്യം പോലും തലമുറകളിലൂടെ വേരോടിയ വിഭാഗീയതക്ക് വിഷഹാരിയാകുന്നില്ല എന്ന നിരാശാ ജനകമായ പാഠമാണ് നോവല്‍ മുന്നോട്ടുവെക്കുന്നത് എന്ന് പറയേണ്ടി വരും. ആഖ്യാനത്തിലാകട്ടെ, ദി ബാംബൂ സ്റ്റാക്ക് നല്‍കിയ പ്രതീക്ഷക്കു ഒപ്പമെത്താന്‍ നോവലിന് കഴിഞ്ഞിട്ടുണ്ടെന്നും പറയാനാകില്ല. എന്നാല്‍ സവാദ് ഹുസൈന്‍ നടത്തിയ ഇംഗ്ലീഷ് മൊഴിമാറ്റം അറബ് മൂലത്തോട് അങ്ങേയറ്റം നീതി പുലര്‍ത്തിയിട്ടുണ്ടെന്നു നിരൂപക മതം.