Featured Post

Thursday, March 13, 2025

No One Sleeps in Alexandria by Ibrahim Abdel Meguid/ Farouk Abdel Wahab

അലക്സാണ്ടറിയയുടെ യുദ്ധവും സമാധാനവും.



(ഇബ്രാഹിം അബ്ദുൾ മാഗിദിൻ്റെ No One Sleeps in Alexandria എന്ന നോവലിന്റെ വിശകലനം. രണ്ടാം ലോകയുദ്ധത്തിൻ്റെ സംഘര്‍ഷങ്ങളില്‍ അകപ്പെട്ട മഹാനഗരത്തിൻ്റെ വികാരഭരിതവും എന്നാൽ അമിതപ്രശംസ കലരാത്തതുമായ  യഥാതഥ ഫിക് ഷനല്‍ അവതരണമെന്ന നിലയില്‍ നോവലിനെ വിലയിരുത്തുന്നു. ഇജിപ്തിന്റെയും ബാഹ്യലോകത്തിന്റെയും വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വ്യത്യസ്ത ധാരകളിലുള്ള കുറെയേറെ കഥാപാത്രങ്ങളെ പിന്തുടരുന്ന നോവല്‍, അവര്‍ പങ്കെവെക്കുകയും പങ്കു പറ്റുകയും ചെയ്യുന്ന സാംസ്കാരിക വൈവിധ്യത്തെ നഗരത്തിന്റെ പ്രൌഡപാരമ്പര്യവുമായി ചേര്‍ത്തുവെക്കുന്നു. സാംസ്കാരിക വൈവിധ്യത്തിന്റെയും സങ്കല്കനത്തിന്റെയും പ്രൌഡമായ അലക്സാണ്ടറിയന്‍ പാരമ്പര്യത്തില്‍, ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ കുറിച്ചും ഗാന്ധിയന്‍ പാരമ്പര്യത്തെ കുറിച്ചും കൊളോണിയല്‍ ചെറുത്തുനില്‍പ്പിന്റെ ആഗോള സാഹചര്യത്തില്‍ ഗാന്ധിജി പ്രതിനിധാനം ചെയ്യുന്ന നിലപാടുകളുടെ നേതൃത്വപരമായ പ്രാധാന്യത്തെ കുറിച്ചുമുള്ള നോവലിലെ നിരീക്ഷണങ്ങള്‍, ഇന്ത്യന്‍ വായനക്കാരില്‍ സവിശേഷ താല്പര്യമുണര്‍ത്താന്‍ പര്യാപ്തമാണ്.)

അലക്സാണ്ടർ ചക്രവര്‍ത്തി ക്രി.മു. 331-ൽ സ്ഥാപിച്ച അലക്സാണ്ടറിയ, മെഡിറ്ററേനിയനിലെ ഏറ്റവും ചരിത്രപ്രാധാന്യമുള്ള നഗരങ്ങളിലൊന്നാണ്. ഈജിപ്തിൻ്റെ വടക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന, പുരാതന ലോകവിജ്ഞാനത്തിന്റെയും സംസ്കാരത്തിന്റെയും കേന്ദ്രമായ ഇവിടം, പ്രശസ്തമായ അലക്സാണ്ടറിയ ലൈബ്രറി പോലുള്ള പൈതൃകങ്ങളുടെ ഇടം കൂടിയാണ്. ഗ്രീക്ക്, ഈജിപ്ഷ്യൻ, റോമൻ, സ്വാധീനങ്ങളോടൊപ്പം പില്‍ക്കാലത്ത് ഇസ്ലാമിന്റെയും മേളനകേന്ദ്രമായിത്തീര്‍ന്ന നഗരം, ശാസ്ത്രം, തത്ത്വചിന്ത, കല എന്നിവയിലും ഉത്തുംഗത്തിലെത്തി. അലക്സാണ്ടറിയയുടെ തന്ത്രപ്രധാനമായ സ്ഥാനം ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ എന്നിവയെ ബന്ധിപ്പിക്കുന്ന വ്യാപാര, സമുദ്ര വിനിമയങ്ങളുടെ കേന്ദ്രമാക്കി അതിനെ മാറ്റി. സാമ്രാജ്യങ്ങളുടെ ഉയർച്ചയ്ക്കും പതനത്തിനും സാക്ഷ്യം വഹിച്ച നഗരം, ഗ്രീക്കോ-റോമൻ അവശിഷ്ടങ്ങൾ, കോപ്റ്റിക് പള്ളികൾ, ഇസ്‌ലാമിക വാസ്തുവിദ്യ എന്നിവ ഉൾപ്പെടുന്ന അതിസമ്പന്നമായ പൈതൃകത്തിന്റെ ഈറ്റില്ലമാണ്.  ചരിത്രപരമായ ഗാംഭീര്യത്തെത്തെ ആധുനികതയുമായി സമന്വയിപ്പിക്കുന്ന നഗരം, അതിന്റെ സാഹിത്യപരവും ബൗദ്ധികവുമായ പൈതൃകം, ഊർജ്ജസ്വലമായ സാംസ്കാരിക രംഗം, ഭൂതകാലത്തിനും വർത്തമാനത്തിനും ഇടയിലുള്ള പാലമെന്ന സ്ഥാനം എന്നിവയുടെപേരില്‍ ഇന്നും ആദരിക്കപ്പെടുന്നു.

ലോകസാഹിത്യത്തിലും അലക്സാണ്ടറിയയ്ക്ക് ഒരു പ്രധാന സ്ഥാനമുണ്ട്. പലപ്പോഴും നിഗൂഢതയുടെയും സുഖലോലുപതയുടെയും ബൗദ്ധിക ഉണർവിന്റെയും നഗരമായി അത് ചിത്രീകരിക്കപ്പെടുന്നു. ആധുനിക സാഹിത്യഭാവന അലക്സാണ്ടറിയയെ അനശ്വരമാക്കിയത് ലോറൻസ് ഡ്യൂറലിൻ്റെ ‘അലക്സാണ്ടറിയ ക്വാർട്ടറ്റി’ലൂടെയാണ്. രണ്ടു ലോകയുദ്ധങ്ങള്‍ക്കിടയില്‍ ഇജിപ്തും അലക്സാണ്ടറിയയും നേരിട്ട സങ്കീര്‍ണ്ണതകളാണ് ഡുറല്‍ പ്രസ്തുത കൃതികളില്‍ ആവിഷ്കരിച്ചത്. ഇ.എം. ഫോസ്റ്ററുടെ Alexandria: A History and a Guide, ആന്ദ്രെ അസിമന്റെ Out of Egypt തുടങ്ങിയവയും ഈ പാരമ്പര്യത്തെ സമ്പന്നമാക്കുന്നു. വിഖ്യാത ഗ്രീക്ക് കവി കോണ്‍സ്റ്റന്റൈന്‍ കവാഫി, സംസ്കാരങ്ങളുടെ സംഗമകേന്ദ്രമെന്ന നിലയിലുള്ള അതിന്റെ കാലാതീത ആകർഷണത്തെയും പദവിയെയും പ്രതിഫലിപ്പിക്കുന്നു. നഗ്വിബ് മഹ്ഫൂസ്, എഡ് വാര്‍ഡ്‌ അൽ ഖരാത്ത്, യൂസഫ് സീദാൻ, തുടങ്ങിയ അറബ് എഴുത്തുകാരുടെ കൃതികള്‍, അതിന്റെ മതപരവും ദാർശനികവും സാംസ്കാരികവുമായ സംഘര്‍ഷങ്ങളിലേക്ക് പാശ്ചാത്യേതരവും ആധികാരികമായും ഇജിപ്ത്യനും തന്നെയായ വീക്ഷണങ്ങളിലൂടെ കടന്നുചെല്ലുന്നു.

സമകാലിക അറബ് സാഹിത്യത്തില്‍ അലക്സാണ്ടറിയയെ ചരിത്രപരവും സാംസ്കാരിക ബഹുത്വത്തിന്റെ ഈറ്റില്ലവും എന്ന നിലയില്‍ അടയാളപ്പെടുത്തുന്ന അതിശക്തമായ രചനയാണ് ഇബ്രാഹീം അബ്ദുല്‍ മഗീദ് എന്ന ഇജിപ്ത്യന്‍ നോവലിസ്റ്റിന്റേത്. അതില്‍ത്തന്നെ ‘Alexandria Trilogy’ എന്നറിയപ്പെടുന്ന, നോവല്‍ ത്രയമായി രചിക്കപ്പെട്ട No One Sleeps in Alexandria, Birds of Amber, Clouds Over Alexandria എന്നിവ ഏറ്റവും പ്രധാനവും. നോവല്‍ ത്രയം എന്ന ആശയത്തിലേക്ക് എത്തിച്ചേര്‍ന്നതെങ്ങനെ എന്ന് നോവലിസ്റ്റ് ഒരഭിമുഖത്തില്‍ വിവരിച്ചിട്ടുണ്ട്. ‘അലക്സാണ്ടറിയയില്‍ ആരും ഉറങ്ങുന്നില്ല എന്ന ആദ്യഭാഗം എഴുതിക്കഴിഞ്ഞപ്പോള്‍, നഗരം കടന്നുപോന്ന മൂന്നു ചരിത്രസന്ധികളെ കുറിച്ച് അദ്ദേഹം ചിന്തിച്ചു. ആദ്യത്തേത്, രണ്ടാംലോകയുദ്ധത്തിന്റെ കെടുതികള്‍ നേരിടുമ്പോഴും, ഒരു കോസ്മോപോളിറ്റന്‍, സെക്കുലര്‍ സഹിഷ്ണുതയുടെ മഹത്തായ ചരിത്ര സന്ദര്‍ഭമായിരുന്നു. രണ്ടാം ഘട്ടത്തില്‍, 1956ലെ സൂയസ് കനാല്‍ പ്രതിസന്ധിയെ തുടര്‍ന്ന്, പ്രവാസികള്‍ തിരികെ പോയതും അനുബന്ധ സന്ദര്‍ഭങ്ങളും നഗരത്തിന്റെ ‘ഗ്ലോബല്‍ പ്രകൃതത്തെ പ്രതികൂലമായി ബാധിച്ചു. ഗമാല്‍ അബ്ദല്‍ നാസറിന്റെ അടിസ്ഥാനപരമായി ദേശസാല്‍ക്കരണ നയങ്ങള്‍ അതിനെ ത്വരിതപ്പെടുത്തി. അലക്സാണ്ടറിയ ഒരു ആഗോളസമൂഹം എന്നതില്‍നിന്ന് ഒരു ഇജിപ്ത്യന്‍ നഗരമായി മാറിയത്, അവിടെ ജനിച്ചു (1946 ) വളര്‍ന്ന നോവലിസ്റ്റ് നേരില്‍ കണ്ടതാണ്. പഴയ നഗരത്തിന്റെ സ്മൃതികള്‍ ആളുകളുടെ മനസ്സില്‍ സജീവവുമായിരുന്ന ഈ ഘട്ടമാണ് നോവല്‍ ത്രയത്തിന്റെ രണ്ടാംഭാഗമായ ‘തീക്കനലിന്റെ പക്ഷികള്‍ അടയാളപ്പെടുത്തിയത്. എഴുപതുകളില്‍ പ്രസിഡന്റ് സാദത്ത്, വഹാബി, സലഫി മൗലികവാദവുമായി സഖ്യത്തില്‍ ഏര്‍പ്പെട്ടത്, ഗ്ലോബല്‍ എന്നല്ല, ഇജിപ്ത്യന്‍ എന്ന താല്പര്യംതന്നെ നഷ്ടപ്പെടുന്നതിനും മരുഭൂസംസ്കാരത്തിലേക്ക് സമൂഹമനസ്സിനെ തിരികെ കൊണ്ടുപോകുന്നതിലും കലാശിച്ചു. ഈ പരിണതികളാണ്  ‘അലക്സാണ്ടറിയ മേഘാവൃതമാകുന്നു രചനയിലേയ്ക്ക് നയിച്ചത്. നഗരം തന്നെയാണ് മൂന്നു നോവലുകളിലെയും മുഖ്യകഥാപാത്രമെന്നും ഓരോന്നും ഒറ്റയ്ക്കൊറ്റയ്ക്ക് തന്നെ വായിക്കാവുന്നതാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

മനുഷ്യബന്ധങ്ങളുടെ മൊസൈക്

രണ്ടാം ലോകയുദ്ധത്തിന്റെ സാമൂഹിക-രാഷ്ട്രീയ കാലുഷ്യങ്ങൾ പശ്ചാത്തലമാക്കി രചിക്കപ്പെട്ട No One Sleeps in Alexandria യില്‍,  സംഘര്‍ഷങ്ങൾക്കിടയിലും അതിജീവിക്കുന്ന പ്രണയം, വിശ്വാസം, സൗഹൃദം, നഷ്ടം എന്നിവയുടെ സങ്കീർണ്ണതകള്‍ പ്രതിഫലിപ്പിക്കുന്ന മനുഷ്യബന്ധങ്ങൾ ആഖ്യാനത്തിന്റെ അടിത്തറയായി വര്‍ത്തിക്കുന്നു. വ്യക്തിബന്ധങ്ങളെ വിശാലമായ സാമൂഹിക വിഷയങ്ങളുമായി ഇഴചേര്‍ക്കുമ്പോള്‍ അത്  അലക്സാണ്ടറിയ നഗരത്തിന്റെ തന്നെ പോരാട്ടങ്ങളുടെയും പ്രതിരോധശേഷിയുടെയും പ്രതിഫലനമായിത്തീരുന്നു. ഇസ്ലാം മതവിശ്വാസിയായ മഗാദ് അൽ-ദിനും ക്രിസ്ത്യാനിയായ ദിമ്യാനും തമ്മിലുള്ള അഗാധമായ, അതിരുകൾക്കപ്പുറമുള്ള സൗഹൃദമാണ് നോവലിന്റെ കാതൽ. കേവലം മതേതര സഹിഷ്ണുതയുടെ തെളിവ് എന്നല്ല, പങ്കിട്ട അനുഭവങ്ങളിലും പരസ്പര ബഹുമാനത്തിലും വേരൂന്നിയ ആഴത്തിലുള്ള മാനുഷിക ബന്ധമാണത്. ഗ്രാമത്തിലെ കുടിപ്പകയുടെ കുടുംബചരിത്രത്തില്‍നിന്ന് അലക്സാണ്ടറിയയുടെ വിശാലതയിലേക്കും സങ്കരസമ്മിശ്രതയിലേക്കും കടക്കുമ്പോള്‍, അപരിചിത നഗരത്തില്‍ അന്ധാളിച്ചുപോകുന്ന നാട്ടുമ്പുറത്തുകാരി സഹ്റയും ഏറെ മുതിര്‍ന്ന അയല്‍ക്കാരിയും തമ്മിലുണ്ടാകുന്ന ഊഷ്മളബന്ധവും അതിന്റെ മറ്റൊരു പതിപ്പാണ്‌. ഹിറ്റ്ലറുടെ തേരോട്ടത്തില്‍, ഉരുണ്ടുകൂടുന്ന യുദ്ധസാഹചര്യമാണ് നോവലിന്റെ വര്‍ത്തമാന സംഘര്‍ഷ ഭൂമിക. അതിനെതിരെ ഉയര്‍ന്നുനില്‍ക്കുന്ന മാനുഷികവിനിമയങ്ങള്‍ സമൂഹത്തെ പരസ്പരാശ്രിതത്വത്തിന്റെ  വലക്കണ്ണിയിലെന്നോണം ചേര്‍ത്തുനിര്‍ത്തുന്നു. സാമുദായിക ബന്ധങ്ങൾ, പ്രത്യേകിച്ച് വ്യോമാക്രമണങ്ങളും വിഭവങ്ങളുടെ ദൗർലഭ്യവും പോലുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ, പ്രതികൂല സാഹചര്യങ്ങളിൽ ഉയർന്നുവരുന്ന ഐക്യദാർഢ്യവും മാനവികതയും മാത്രമല്ല, ഭൗതികവും വൈകാരികവുമായ അഭയസങ്കേതം എന്ന നിലയിലുള്ള നഗരത്തിന്റെ സ്ഥാനം വെളിപ്പെടുത്തുന്നു.

പ്രണയവും കാല്‍പ്പനിക ആദര്‍ശപരതയും അടയാളപ്പെടുത്തുന്ന ഒന്നാണ് റുഷ്ദിയും കാമിലയും തമ്മിലുള്ള ബന്ധം. സാമൂഹികവും മതപരവുമായ പരിമിതികളെ ധിക്കരിക്കുന്ന യൗവന ആവേശത്തെ പ്രതിനിധീകരിക്കുന്ന അത്, തീവ്രമായ സൗന്ദര്യത്തിന്റെ നിമിഷങ്ങളാൽ അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിലും, വെല്ലുവിളികൾ നേരിടുന്നതു തന്നെയാണ്. മഠത്തിൽ ചേരാനുള്ള കാമിലയുടെ അന്തിമതീരുമാനം, സമൂഹത്തിന്റെ പ്രതീക്ഷകളുടെ ഭാരത്തെ സൂചിപ്പിക്കുന്നു. എന്നാല്‍, ശരീരബദ്ധമായ അര്‍ത്ഥത്തില്‍ ഒരുമിക്കാനാകുന്നില്ലെങ്കിലും, അതിനപ്പുറമുള്ള ഒരു ശാന്തിയിലേക്ക് പരുവപ്പെടുന്ന കാമിലയും, കവിതയും സര്‍ഗ്ഗാത്മകതയുമാണ് തന്റെ വഴിയെന്നു കണ്ടെത്തുന്ന റുഷ്ദിയും നിരാശാ ചിത്രങ്ങളല്ല എന്നത് പ്രധാനമാണ്. ക്രിസ്ത്യന്‍ പെണ്‍കുട്ടിയും മുസ്ലിം യുവാവും എന്ന റുഷ്ദി-കാമില സമവാക്യത്തെ തിരിച്ചിടുന്ന ഒന്നാണ് ദിമ്യാന്, ബിക്രി എന്ന ബദവി പെണ്‍കുട്ടിയോടു തോന്നുന്ന അപ്രതിരോധ്യമായ ആകര്‍ഷണം. മകളുടെ പ്രായംപോലുമില്ലാത്ത പെണ്‍കുട്ടിയോട് തോന്നുന്ന സ്വയം നിയന്ത്രിക്കാനാകാത്ത അഭിനിവേശത്തിന് അയാള്‍ സ്വയം ശാസിക്കായ്കയല്ല. എവിടെ നിന്നോ വന്നു, എങ്ങോട്ടോ തിരികെ പോകുന്ന പെണ്‍കുട്ടിയുടെ നഷ്ടം തനിക്ക് വിധിക്കപ്പെട്ട വേദനയാണ് എന്നൊരു നിര്‍ണ്ണായക വാദത്തില്‍ അയാള്‍ സ്വയം സമാധാനിക്കും. നിഗൂഡതയുടെയും അപരത്വത്തിന്റെയും (otherness) പ്രതീകമായ ബിക്രി, ദുര്‍ജ്ഞേയതയുടെ ആകര്‍ഷണമാണ്. നോവലില്‍, നിര്‍ണ്ണായകതാവാദ (deterministic) പ്രകൃതമുള്ള ദുരന്തത്തിന്റെ ആദ്യമാതൃക ബാഹിയും അവന്റെ ദുരന്ത ബന്ധങ്ങളുമാണ്. ‘ചുറ്റുമൊരു പ്രകാശവലയവുമായി, ബൈബിളിലെ യൂസുഫിനെപ്പോലെ സ്ത്രീകള്‍ക്ക് അപ്രതിരോധ്യ പ്രലോഭനമാകുക എന്നതൊരു ദുരന്തവിധിയായിത്തീര്‍ന്ന ജന്മമാണ് അവന്റേത്‌. വിചിത്രമായ ‘കാമുകന്‍/ ജാരന്‍/ ഇര’ സമ്മിശ്രം. കുടുംബത്തിന്റെ കാര്‍ഷിക ഗ്രാമത്തില്‍ രണ്ടു പ്രബല കുടുംബങ്ങളിലെ ആണ്‍തരികളെ ഒന്നൊന്നായി ഒടുക്കിയ കുടിപ്പകയ്ക്ക് വഴിമരുന്നിടുക അതാണ്. ബാഹിയുടെ ആകര്‍ഷണത്തില്‍ ഈയാംപാറ്റകളായി എല്ലാം നഷ്ടപ്പെടുന്ന സ്ത്രീകളില്‍, ഉന്മാദത്തിന്റെ പിടിയില്‍പ്പെട്ടു അയാളെ ദശകത്തിലേറെക്കാലം, അലക്സാണ്ടറിയ വരെയും പിന്തുടരുകയും, ഒന്നിനുമല്ലാത്ത അയാളുടെ അന്ത്യത്തിനുശേഷം കുഴിമാടം വരെയും എത്തുകയും തിരിച്ചറിയപ്പെടാതെ അവിടെക്കിടന്നു മരിക്കുകയും ചെയ്യുന്ന ഉന്നത വര്‍ഗ്ഗ കുടുംബിനിയായ വഗീദ, വിചിത്രഗാംഭീര്യമുള്ള പാത്രസൃഷ്ടിയാണ്. അവന്റെ കുഴിമാടത്തിലെത്തുന്നത് മുഴുവന്‍ സ്ത്രീകളാണ്. “ഇതാണ് മരിച്ചുപോയവരില്‍  ബന്ധുക്കളെല്ലാം സ്ത്രീകളായ ആദ്യത്തെ ആള്‍” എന്ന് സെമിത്തേരി സൂക്ഷിപ്പുകാരന്‍ അത്ഭുതപ്പെടും. അടിസ്ഥാനപരമായി തന്റെ അലംഘനീയ വിധിയുടെ ഇരമാത്രമായ അനിയനെ കുറിച്ച് മഗാദ് ചിന്തിക്കുന്നുണ്ട്: “ചിലയാളുകള്‍ വലിയ വേദനകള്‍ സഹിക്കാന്‍ വിധിക്കപ്പെട്ടവരാണ്. ഇയോബ് അത്തരം ഒരാളായിരുന്നു, ഇപ്പോള്‍ ബഹിയും.” അതേസമയം, മഗാദും സഹ്റയും തമ്മിലുള്ള ബന്ധം, പരസ്പര വിശ്വാസത്തിന്റെയും കാല -ദേശ വേര്‍പാടുകളുടെ ദൈര്‍ഘ്യത്തെ മറികടക്കുന്ന സ്ഥിരതയുടെയും കഥയാണ്. അത്, പരമ്പരാഗത മൂല്യങ്ങളുടെ ക്ഷമയും സഹിഷ്ണുതയും ഉൾക്കൊള്ളുന്നു. നോവലിന്റെ അവസാനവാചകമായ, മഹാനഗരത്തിന്റെ ചെറുത്തു നില്‍പ്പിന്റെയും അതിജീവനത്തിന്റെയും സാക്ഷ്യപത്രം മനുഷ്യബന്ധങ്ങളുടെ കാര്യത്തില്‍ അവരിലാണ് ചേരുക. ദീര്‍ഘയുദ്ധത്തിന്റെ മജ്ജ മരവിപ്പിക്കുന്ന ഭീകരതകളൊടുങ്ങി, പ്രശാന്തതയിലേക്ക് ഉണരുന്ന നഗരത്തെ നോവലിസ്റ്റ് അടയാളപ്പെടുത്തുന്നു: “അലക്സാണ്ടറിയ സ്വര്‍ണ്ണ ധമനികളുള്ള ഒരു രജത നഗരമായിത്തീര്‍ന്നു.”

മനുഷ്യബന്ധങ്ങളുടെ ആവിഷ്കാരങ്ങളില്‍ സ്ത്രീവിരുദ്ധതയുടെ കടുത്ത ചിത്രങ്ങളും ഏറെയുണ്ട്. ഗോത്രപാരമ്പര്യത്തില്‍ കാരണമേതും കൂടാതെയുള്ള, ആണ്‍പോരിമയുടെ അധീശത്തം ഘോഷിക്കാന്‍വേണ്ടി മാത്രം നടത്തപ്പെടുന്ന അതിക്രൂരമായ കയ്യേറ്റങ്ങളും മൂകസഹനങ്ങളും മുതല്‍, അതിസുന്ദരിയായ അയല്‍ക്കാരിയോടുള്ള അഭിനിവേശം തിരസ്കരിക്കപ്പെടുന്നതിന്റെ ലൈംഗിക അസൂയമൂലം പറഞ്ഞുണ്ടാക്കുന്ന കഥകളില്‍ വിശ്വസിച്ചു, ഒരു വിശദീകരണത്തിനുപോലും അവസരം നല്‍കാതെ അടിച്ചുകൊല്ലുന്ന സന്ദര്‍ഭങ്ങള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍, ആഗോള പരിഷ്കൃതിയുടെ കേന്ദ്രമെന്നു മേനി നടിക്കുന്ന നഗരവും സ്ത്രീവിരുദ്ധതയുടെ ഭീകരതയില്‍ പുറകിലല്ല. മഹ്മൂദിയ കനാലില്‍ പൊങ്ങിവരുന്ന ജഡങ്ങള്‍ എല്ലായിപ്പോഴും സ്ത്രീകളുടെതും കുട്ടികളുടെതുമാണ് എന്നും നാം വായിക്കുന്നു.

കോളനിവൽക്കരണവും സാംസ്കാരിക സങ്കലനവും

കോളനിവൽക്കരണത്തിന്റെയും സാംസ്കാരിക സങ്കരത്വത്തിന്റെയും ബലാബലങ്ങള്‍  നോവലിലെ ബന്ധങ്ങളുടെ ഗതിവിഗതികളില്‍ നിര്‍ണ്ണായകമാണ്. ചരിത്രപരമായി വിവിധ സ്വാധീനങ്ങളിൽ രൂപപ്പെട്ട നഗരമായ അലക്സാണ്ടറിയ, യുദ്ധകാലത്ത് ശരിക്കുമൊരു വറചട്ടിയായിരുന്നു. വിവിധ രാജ്യങ്ങളിൽനിന്നുള്ള സൈനികരും കുടിയേറ്റക്കാരും അഭയാർത്ഥികളും അവിടെ വന്നടിഞ്ഞു. ആദ്യകാല ഫ്രഞ്ച് അധിനിവേശത്തിന്റെയും തുടർന്നുള്ള ബ്രിട്ടീഷ് ആധിപത്യത്തിന്റെയും വിട്ടുപോകാത്ത മുദ്രകൾ നഗരത്തിന്റെ സാംസ്കാരിക ഘടനയിൽ സ്പഷ്ടമായിരുന്നു. മഗാദും ദിമ്യാനും കണ്ടുമുട്ടുന്ന പട്ടാളക്കാരില്‍ എല്ലാ ദേശത്തുനിന്നുള്ളവരുമുണ്ട്. കാര്യമായ വിദ്യാഭ്യാസമോ ജീവിത സാഹചര്യങ്ങളോ ഇല്ലാത്ത ഇളംപ്രായക്കാരായ, കൊളോണിയല്‍ നാടുകളില്‍ നിന്നുള്ള ഈ ചെറുപ്പക്കാര്‍, അജ്ഞാതമായ വിധിയിലേക്ക്, മിക്കതും തിരിച്ചുപോക്കില്ലാത്ത ദുരന്തത്തിലേക്ക് കടന്നുപോകുകയാണ്. പരിഭവങ്ങളും കലഹങ്ങളും തര്‍ക്കവിതര്‍ക്കങ്ങളും അവര്‍ക്കിടയില്‍ പതിവാണ്. വംശീയവും വര്‍ഗ്ഗീയവും മതപരവും മറ്റുമായ മുന്‍വിധികളും വിവേചനങ്ങളും അവിടെ അസാധാരണമല്ല. എന്നിരിക്കിലും, നോവല്‍ മുന്നോട്ടു വെക്കുന്ന സാംസ്കാരിക സങ്കലനങ്ങളുടെ സാധ്യതയെന്ന പ്രമേയം ഇവിടെ തെളിഞ്ഞുനില്‍പ്പുണ്ട്.

ഇന്ത്യന്‍ വായനക്കാരെ സവിശേഷമായി കൌതുകപ്പെടുത്തുകയും ചിലപ്പോഴൊക്കെ പുരികം ചുളിപ്പിക്കുകയും ചെയ്യുന്ന സന്ദര്‍ഭങ്ങള്‍ നോവലില്‍ പലയിടത്തുമുണ്ട്. ഓരോ അധ്യാവും തുടങ്ങുന്നത് വിഖ്യാത എഴുത്തുകാരുടെ കൃതികളില്‍നിന്നുള്ള ധ്വനിസാന്ദ്രമായ ഒരു ഉദ്ധരണികളോടെയാണ്. ഇതില്‍ ഒന്നിലേറെ തവണ ടാഗോര്‍ ഉദ്ധരണികള്‍ ഇടംപിടിക്കുന്നു, അതില്‍ത്തന്നെ അതിനിര്‍ണ്ണായകമായ, ദിമ്യാന്റെ മരണം സംഭവിക്കുന്ന നോവലന്ത്യത്തിനോടടുത്തുള്ള അധ്യായം തുടങ്ങുക ടാഗോര്‍ കൃതികളില്‍ മൃത്യുപാസനയുടെ അപൂര്‍വ്വ സന്ദര്‍ഭത്തില്‍ നിന്നുള്ള വരികളോടെയാണ്. ഗാന്ധിജിയെ കുറിച്ച് നോവലിന്റെ കാലഘട്ടം സൂക്ഷിച്ചിരുന്ന ആദരവിന്റെ സൂചനകള്‍ ഒട്ടേറെ സന്ദര്‍ഭങ്ങളില്‍ ആവര്‍ത്തിക്കപ്പെടുന്നു. സൈനികര്‍ക്കിടയിലെ തര്‍ക്കങ്ങളില്‍ ഒരാള്‍ ഇന്ത്യാ വിഭജന സാധ്യതയെ കുറിച്ചു പറയുമ്പോള്‍, അവര്‍ക്ക് ആദ്യം സ്വാതന്ത്ര്യം നേടുന്നതില്‍ ശ്രദ്ധ പതിപ്പിച്ചുകൂടേ എന്നൊരു യുക്തിചിന്ത ഉയര്‍ത്തപ്പെടുന്നുണ്ട്. ഒറിയന്റലിസ്റ്റ് നരേറ്റിവുകളിലെ മുന്‍വിധികള്‍ അടിസ്ഥാനമാക്കി ചില സൈനികര്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ ഇന്ത്യന്‍ പട്ടാളക്കാരെ ചൊടിപ്പിക്കുന്നത്, ഭീഷണമായ സന്ദര്‍ഭം സൃഷ്ടിക്കുന്ന ഘട്ടമുണ്ട്. മറുവശത്ത്‌, ഇന്ത്യയുടെ വൈവിധ്യത്തെ കുറിച്ചും, സ്വാതന്ത്ര്യ സമരത്തെ കുറിച്ചും നെഹ്‌റു, ഗാന്ധി തുടങ്ങിയവരെ കുറിച്ചും ഏറെ ആദരവോടെ ചര്‍ച്ച ചെയ്യപ്പെടുന്ന സന്ദര്‍ഭങ്ങളുമുണ്ട്. സാഫി അല്‍ നഈം എന്ന സുഡാനീസ് സൈനികന്‍ തറപ്പിച്ചു പറയുന്നു, ഇജിപ്തിനും മുമ്പ് ഇന്ത്യ സ്വാതന്ത്ര്യം നേടും. അയാള്‍ക്ക് പറയാനുള്ള കാരണം ഇതാണ്:

“ഇന്ത്യ വലിയൊരു രാജ്യമാണ്... മുന്നൂറു മില്ല്യന്‍ ജനസഖ്യയുണ്ട്. ഉവ്വ്, അവര്‍ക്ക് കുറെ മതങ്ങളുമുണ്ട്, പക്ഷെ അവര്‍ക്ക് ഗാന്ധിയുമുണ്ട്. .. അദ്ദേഹമൊരാളാണ് ഇംഗ്ലീഷുകാരോട് പൊരുതുന്നത്. ആയുധങ്ങളില്ലാതെയാണ് അദ്ദേഹം പൊരുതുന്നത്. അദ്ദേഹം ഇന്ത്യക്കാരോട് പറയുന്നു: വ്രതമനുഷ്ടിക്കൂ, അവരെല്ലാവരും വ്രതമെടുക്കുന്നു; ഇംഗ്ലീഷുകാരോട് ബന്ധം വിടര്‍ത്തൂ, അവരെല്ലാം അത് നിര്‍ത്തുന്നു; അവരുമായി കച്ചവടം ചെയ്യരുത്, അവരെല്ലാം അതൊഴിവാക്കുന്നു; ഒരു മാസം ഒറ്റക്കാലില്‍ നില്‍ക്കൂ, അവരത് ചെയ്യുന്നു. അവര്‍ ശക്തനായ ഒരൊറ്റ ആളെ പോലെയാണ്. ഗാന്ധിക്ക് ഒരു സൈന്യവുമില്ല, പക്ഷെ അദ്ദേഹത്തിന് ഒരു ജനത മുഴുവനുമുണ്ട്.”

സുഡാനീസ് പട്ടാളക്കാരന് ഗാന്ധിയോടുള്ള ആരാധന, അതിന്റെ കാവ്യാത്മക അതിവായന മാറ്റിവെച്ചാല്‍, ആഗോള കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങളുടെ പരസ്പരബന്ധവും ഗാന്ധിയന്‍ ദര്‍ശനത്തിനു അതിലുള്ള പ്രസക്തിയും എടുത്തുകാണിക്കുന്നു. ഈ നിമിഷങ്ങൾ നാഗരികതയുടെ ഒരു കവല എന്നനിലയില്‍ അലക്സാണ്ടറിയയുടെ സ്ഥാനം ഊട്ടിയുറപ്പിക്കുകയാണ്. അവിടെ ആശയങ്ങളും സംസ്കാരങ്ങളും അതാതിന്റെ തനിമ നിലനിര്‍ത്തുമ്പോള്‍ത്തന്നെ ഇടകലരുകയും പരസ്പരസ്വാധീനങ്ങളുടെ ചലനാത്മകമായ വിനിമയം സാധ്യമാക്കുകയും ചെയ്യുന്നു.

മോഡേണിസ്റ്റ് ആഖ്യാനത്തിന്റെയും ചരിത്രനോവലിന്റെയും സംഗമം:

വൈയക്തിക കഥകളും ചരിത്രപരമായ ട്രോമകളും കൂട്ടിക്കലര്‍ത്തി യുദ്ധകാല അലക്സാണ്ടറിയയുടെ ആഴത്തിലുള്ള നിരീക്ഷണം നടത്തുന്നതില്‍ ചരിത്ര നോവലിന്റെ ഗരിമ നിലനിര്‍ത്തുമ്പോള്‍ത്തന്നെ, നോവലിന്റെ ഘടനയും പ്രമേയങ്ങളും ശൈലീപരമായ തെരഞ്ഞെടുപ്പുകളും മോഡേണിസ്റ്റ് സാഹിത്യ പാരമ്പര്യവുമായി ചേര്‍ന്ന് പോകുന്നുണ്ട്. ശിഥില ആഖ്യാനം, മനശാസ്ത്രപരമായ ആഴം, വ്യക്തി, സമൂഹ വിനിമയങ്ങളിലെ സങ്കീര്‍ണ്ണ പാരസ്പര്യങ്ങള്‍, എന്നിങ്ങനെ നോവലിന്റെ ആവിഷ്കാരസങ്കേതങ്ങളില്‍ ആധുനികതയുടെ സൗന്ദര്യശാസ്ത്രം പ്രവര്‍ത്തിക്കുന്നുണ്ട്. രേഖീയ കഥപറച്ചിലിനു പകരം, ഭിന്നസ്വരങ്ങളായി നടത്തപ്പെടുന്ന ആഖ്യാനം, യുദ്ധകാല അലക്സാണ്ടറിയയുടെ വ്യവസ്ഥാശൈഥില്യത്തെയും പ്രക്ഷുബ്ധതയെയും പ്രതിഫലിപ്പിക്കുന്നു. ഒപ്പം അത്, ക്ലാസിക്കല്‍ നോവല്‍ സങ്കല്‍പ്പത്തിലെ ഒരൊറ്റ ആധികാരികസ്വരത്തെ നിരാകരിക്കുന്നതിലൂടെ, സത്യം ഒരിക്കലും ഏകഭാഷ്യമല്ല എന്ന ബഹുസ്വരതയുടെ സാംഗത്യം ഉറപ്പിക്കുകയും പാര്‍ശ്വവല്കൃതരെയും ആഖ്യാനത്തില്‍ കുടിയിരുത്തുകയും ചെയ്യുന്നു. ചരിത്രനോവല്‍ എന്നനിലയില്‍ പ്രത്യേകചരിത്രഘട്ടത്തില്‍ നങ്കൂരമിടുമ്പോഴും, ഓര്‍മ്മകളെയും ഭൂത-വര്‍ത്തമാന കാലങ്ങളെയും സമ്മിശ്രപ്പെടുത്തുന്നത്, സമയം, ഓര്‍മ്മ എന്നിവയുടെ ആഖ്യാനസ്ഥാനം ഉറപ്പിക്കുന്നു. കൊളോണിയല്‍ ആധുനികതയുമായുള്ള മുഖാമുഖത്തില്‍ ത്വരിതപ്പെടുത്തപ്പെടുന്ന പാരമ്പര്യത്തിന്റെ വിളികളും, ഒപ്പം കൊളോണിയല്‍ അധീശത്തിന്റെ പശ്ചാത്തലത്തില്‍ തീവ്രമാകുന്ന രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക മാനങ്ങളുള്ള സംഘര്‍ഷങ്ങളുമാണ് ജീവിതങ്ങളെ തകിടം മറിക്കുന്നത്. ഇവിടെ, വ്യക്തിജീവിതങ്ങളും ചരിത്രത്തിന്റെ വമ്പന്‍ ശക്തികളും മുഖാമുഖം നില്‍ക്കുകയാണ്. കഥാപാത്രങ്ങളുടെ ഉള്ളിലേക്ക് കടക്കാന്‍ നോവലിസ്റ്റ് ഉപയോഗിക്കുന്ന മനശാസ്ത്ര സമീപനവും, ആന്തര സ്വഗതാഖ്യന രീതികളും മോഡേണിസ്റ്റ് ക്ലാസിക്കുകളില്‍ പതിവുള്ളതാണ്. നോവലിലെ മുഖ്യകഥാപാത്രങ്ങള്‍ നേരിടുന്ന അസ്തിത്വപരമായ സംഘര്‍ഷങ്ങള്‍, ദുരിതങ്ങള്‍, നഷ്ടം, സ്വത്വാന്വേഷണം എന്നിവയൊക്കെ ആധുനികതയുടെ പ്രതിസന്ധികള്‍ തന്നെയായി വിവരിക്കാനാകും. ബാഹിയുടെ ദുരന്തകാരിയായ ആകര്‍ഷകത്വവും, ദിമ്യാന്റെ ഒരിക്കലും സാക്ഷാത്കരിക്കാനാകാത്ത മോഹവും സൃഷ്ടിക്കുന്ന നൈരാശ്യം വ്യര്‍ത്ഥതബോധംവരെ സൃഷ്ടിക്കാന്‍ പര്യാപ്തമാണ്. ഇത്തരം അസ്തിത്വവാദപരമായ അടിയൊഴുക്കുകളും നോവലിനെ മോഡേണിസ്റ്റ് ക്ലാസിക്കുകളോട് ചേര്‍ത്തുനിര്‍ത്തുന്നു. സാംസ്കാരിക സങ്കലനത്തിലെ ഒരു ആഗോള പരിഛേദം തന്നെയായ അലക്സാണ്ടറിയയില്‍ വന്നടിയുന്നവരും, അതിന്റെയെല്ലാം ഫലമായി വിട്ടുപോകാനോ, ജീവിതാവസ്ഥകള്‍ കലുഷമാകാനോ ഇടയാകുന്ന ദേശവാസികളും ഒരുപോലെ കൊളോണിയലിസത്തിന്റെ അന്യവല്കരണവും സ്വത്വപ്രതിസന്ധികളും നേരിടേണ്ടിവരുന്നു. ദേശീയത, മതങ്ങള്‍ തുടങ്ങിയ ‘ബൃഹദ് ആഖ്യാന’ങ്ങളോടുള്ള നോവലിന്റെ വിമുഖത, നോവലിനെ മോഡേണിസ്റ്റ് പാരമ്പര്യവുമായി കണ്ണിചേര്‍ക്കുന്നതും വ്യക്തമാണ്‌. കാവ്യാത്മക ബിംബകല്‍പ്പനകള്‍ കാല്‍പ്പനികം എന്നതിലേറെ വമ്പന്‍ നരേറ്റിവുകളുടെ മറുപുറം ആവിഷ്കരിക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. “ബോട്ടുകള്‍ നദിയിലേക്ക് തുഴഞ്ഞുപോകുകയോ സ്റ്റീം എഞ്ചിനിലൂടെ കടന്നുപോകുകയോ ചെയ്തത് ഇരുനൂറായിരം ജീവിതകഥകള്‍ക്ക്, ഒരുവേള അതിലും കൂടുതല്‍, മുകളിലൂടെയാണ്‌” എന്ന് നോവലിസ്റ്റ് എഴുതുന്നത്‌, മഹ്മൂദിയ കനാലിന്റെ നിര്‍മ്മിതിക്കിടെ പലവിധത്തില്‍ ഹോമിക്കപ്പെട്ട നിസ്സഹായരായ തൊഴിലാളികളുടെ ദുരന്തത്തെയാണ് സൂചിപ്പിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വൈസ്രോയ് മുഹമ്മദ്‌ അലിയുടെ കല്‍പ്പനപ്രകാരമാണ് ആ നിര്‍മ്മാണം ആരംഭിച്ചതെന്നും അതാണ് നൂറ്റാണ്ടുകള്‍ നീണ്ട ആലസ്യത്തില്‍ നിന്ന് നഗരത്തെ ഉണര്‍ത്തുകയും അഭിവൃദ്ധിയിലേക്കു നയിക്കുകയും ചെയ്തത് എന്ന് ചരിത്രം പറയുന്നു. അഥവാ, ഏതു നഗരസംസ്കാരത്തിന്റെയും നിര്‍മ്മിതിയില്‍ ആഹൂതി ചെയ്യപ്പെടുന്ന എണ്ണമറ്റ നിസ്സഹായരുടെ മൂകചരിത്രവും ഉണ്ടാകുമെന്ന ഓര്‍മ്മപ്പെടുത്തലാണ് ഇവിടെ നോവലിസ്റ്റ് നടത്തുന്നത്. ഔദ്യോഗിക ഭാഷ്യങ്ങളില്‍ എങ്ങും ഇടംപിടിക്കാതെ പോയവരാണ് ഇവിടെ ഓര്‍മ്മിക്കപ്പെടുന്നത്. ബോംബാക്രമണത്തില്‍ എരിയുന്ന ദിമ്യാനെ നിസ്സഹായനായി നോക്കിനില്‍ക്കേണ്ടി വരുമ്പോള്‍ ആത്മസുഹൃത്ത് മരിച്ചു എന്ന് വിശ്വസിക്കാതിരിക്കാനാണ് മഗാദ് ശ്രമിക്കുന്നത്. എന്നാല്‍, അതിനപ്പുറം നിസ്വനായ ഒരു മനുഷ്യന്റെ സഹനത്തെ ക്രിസ്തു സമാനതയിലേക്ക് ഉയര്‍ത്തുന്നതാണ് നോവലിസ്റ്റ് ഉപയോഗിക്കുന്ന രൂപകങ്ങള്‍. മഗാദ് ചിന്തിക്കുന്നു:

“ദിമ്യാന്‍ മരിച്ചില്ല; അദ്ദേഹം തീപ്പെട്ടില്ല. ദൈവം അദ്ദേഹത്തെ സ്വര്‍ഗ്ഗത്തിലേയ്ക്ക് ഉയര്‍ത്തി, അയാളത് കണ്ടിരുന്നു, അതല്ലെങ്കില്‍ ആരാണ് വ്യാളിയുടെ അഗ്നിയില്‍നിന്ന് ആകാശത്തേക്ക് ആ സ്വര്‍ണ്ണത്തേരില്‍ ഉയര്‍ന്നുപോയത്?.”

സമൂഹത്തിലെ ഏറ്റവും ദരിദ്രരായ മനുഷ്യരുടെ നിത്യജീവിതത്തെ ദേശത്തിന്റെ, ലോകത്തിന്റെ തന്നെയും ഗതിവിഗതികളുമായി കൂട്ടിയിണക്കുന്നതിലൂടെ അലക്സാണ്ടറിയയുടെ സവിശേഷപ്രകൃതമാണ് നോവലിസ്റ്റ് ആവിഷ്കരിക്കുന്നത്. നഗരത്തിന്റെ ചരിത്രവും ജീവിതക്രമങ്ങളും വൈവിധ്യങ്ങളും അതിസൂക്ഷ്മമായി ഫിക് ഷനില്‍ നിബന്ധിക്കുന്നതിനായി നോവലിസ്റ്റ് നടത്തിയിട്ടുള്ള അതിവിശാലമായ ഗവേഷണത്തിന്റെ മുദ്രകള്‍ വ്യക്തമാണ്‌. യുദ്ധത്തില്‍ യൂറോപ്പിലും, കിഴക്കന്‍ അതിരുകളിലും ഉണ്ടായ സംഭവങ്ങളും അലക്സാണ്ടറിയ, റോമെലിന്റെ കൈകളില്‍ വീണുപോകാതിരിക്കാന്‍ മരുഭൂമിയില്‍ അരങ്ങേറിയ പോരാട്ടങ്ങളും നോവലില്‍ വിവരിക്കപ്പെടുന്നത് ഇക്കാര്യം വ്യക്തമാക്കുന്നു. അപ്രധാനമെന്നു ഔദ്യോഗിക ചരിത്രകാരന്മാര്‍ക്ക്‌ തോന്നാവുന്ന സംഭവങ്ങളില്‍പ്പോലും നോവലിസ്റ്റ് മാനവികതയുടെ  ചരിത്രമുദ്രകള്‍ കണ്ടെത്തുന്നു. എന്നാല്‍, കഥാകാലം (1938-1942) പരിഗണിക്കുമ്പോള്‍ ഒരുവളേ അസ്ഥാനത്തായ ചില പ്രയോഗങ്ങളും നോവലില്‍ കടന്നുകൂടിയിട്ടുണ്ട് എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന്, വടക്കന്‍ ഇജിപ്തില്‍ നിന്നുള്ള കുടിയേറ്റ കര്‍ഷകര്‍ മരുഭൂ നിവാസികളെ കുറിച്ച് ‘ബദൂയിന്‍ എന്ന പദം ഉപയോഗിച്ചിരിക്കുമോ എന്നും ‘അറബികള്‍ എന്നുതന്നെയാകില്ലെ അവര്‍ ഉപയോഗിച്ചിരിക്കുക എന്നും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അതെന്തായാലും, അലക്സാണ്ടറിയയുടെ ജീവചരിത്രം’ എന്നു വിളിക്കപ്പെടാന്‍ പാകത്തില്‍ അതിന്റെ ‘യുദ്ധവും സമാധാനവും’ ചിത്രീകരിക്കുന്നതിലൂടെ, മഹാനഗരത്തിനുള്ള സ്നേഹമസൃണവും വികാരദീപ്തവും ഒപ്പം കൃത്യമായും ഇജിപ്ത്യനുമായ ഒരു സ്തുതിഗീതമായി നോവല്‍ വര്‍ത്തിക്കുന്നു. വിഖ്യാത അറബ് – ഇംഗ്ലീഷ് വിവര്‍ത്തകന്‍ ഫാറൂഖ് അബദുല്‍ വഹാബിന്റെ വിവര്‍ത്തനം സൂക്ഷ്മവും സുന്ദരവുമാണ് എന്ന് നിരൂപകമതം.

അവലംബങ്ങള്‍:

1.      Mohga Hassib & Ibrahim Abdelmeguid. ‘Ibrahim Abdelmeguid: ‘The Hero Is the City’, Arab Litt & ArabLitt Quarterly, January 31, 2014, https://arablit.org/2014/01/31/ibrahim-abdelmeguid-the-hero-is-the-city/

2.       Abdel-Messih, M.-T. (2005). Alternatives to Modernism in Contemporary Egyptian Fiction: Ibrahim Abdel-Maguid’s No One Sleeps in Alexandria. International Fiction Review32(1). Retrieved from https://journals.lib.unb.ca/index.php/IFR/article/view/7799

3.      Nourhan Ashraf Muhammad. ‘''Comparing Lawrence Durrell's Portrayal of the City as a Character in Justine to Ibrahim Abdel Meguid's in No One Sleeps in Alexandria'', 16.04.2018.

1.      

Read the article in English:

https://alittlesomethings.blogspot.com/2025/03/no-one-sleeps-in-alexandria-by-ibrahim_13.html


No comments:

Post a Comment