"ഇരുണ്ട ചുണ്ടുകളും ചെറു ചിതൽപ്പുറ്റുകളുടെ വയൽ പോലുള്ള
ചപ്രത്തലമുടിയുമായി ബൂട്ടുകളും മറ്റും ധരിച്ചു പുരയിടത്തിന്റെ വേലി ചാടിക്കടന്നു
തന്റെ ഹൃദയമെന്ന ചെളിക്കുഴിയിലേക്കു ആ തെമ്മാടി നിപതിച്ച ആ ദിനത്തിലാണ് ഒടുവിൽ, തന്റെ അമ്പത്തിയഞ്ചാം
വയസ്സിൽ, ഹാജിയാ ബിൻതാ സുബൈറു പിറവിയെടുത്തത്. അന്ന്
വെളുപ്പിന് കൂറകളുടെ ദുസ്സഹ ഗന്ധത്തിൽ കഠിനമായ അസ്വസ്ഥതയോടെ ഉണർന്നപ്പോൾ തന്നെ
എന്തോ അശുഭകരമായതു സംഭവിക്കാൻ പോകുന്നുവെന്ന് അവൾക്ക് തോന്നിയിരുന്നു. അത് വളരെ മുമ്പൊരു നാൾ, അവളുടെ പിതാവ് അവൾക്കരികിൽ
കുതിച്ചെത്തുകയും ഒരപരിചിതന് അവളെ വിവാഹം ചെയ്തു കൊടുക്കാൻ പോകുന്നുവെന്ന്
പ്രഖ്യാപിക്കുകയും ചെയ്ത അന്നത്തെ അതേ വികാരം ആയിരുന്നു. അല്ലെങ്കിൽ, ആ അപരിചിതൻ, കൊല്ലങ്ങളോളം അവളുടെ
ഭർത്താവായിരുന്ന സുബൈറു, വർഗ്ഗീയ വിദ്വേഷത്തിന് അത്രക്കും ലജ്‌ജാരഹിതമായി
ഇരയാവുകയും മത്തുപിടിച്ച മതഭ്രാന്തന്മാരുടെ ഒരു കൂട്ടത്തിന്റെ കയ്യിൽ
എരിക്കപ്പെടുകയും ചെയ്ത ആ ദിനം പോലെയായിരുന്നു. അല്ലെങ്കിൽ, അവളുടെ ആദ്യമകൻ യാരോ, അവളുടെ അമ്മയുടെ ശാന്തമായ
മുഖവും ശാലീന ഭാവവും ഉണ്ടായിരുന്നവന്‍, പോലീസിന്റെ വെടിയേറ്റു മരിച്ച ദിനം
പോലെ. അതുമല്ലെങ്കിൽ, അവളുടെ മെരുങ്ങാപ്രകൃതകാരിയായ മകൾ
ഹുറൈറ തന്റെ ഒന്നിനും കൊള്ളാത്തവനായ ഭർത്താവ് തന്നെ മൊഴി ചൊല്ലിയെന്നു കരഞ്ഞു
വിളിച്ചു തിരികെയെത്തിയ നാൾ പോലെ."
പ്രണയമെന്ന ഉടല്‍
വഴക്കം
ഒരു നോവൽ വായനക്കാർക്ക് എന്താണ്
കരുതി വെച്ചിരിക്കുന്നത് എന്ന് സുവ്യക്തവും തീവ്രവുമായി ആദ്യ ഖണ്ഡിക തന്നെ
ആവിഷ്ക്കരിക്കുന്നത് നിങ്ങളെ പുസ്തകത്തിന്റെ ഹൃദയത്തിലേക്ക് അതിവേഗം
വലിച്ചടുപ്പിക്കും. ഇതിവൃത്ത കേന്ദ്രത്തിലെ സംഭവങ്ങൾ എന്നതിലേറെ തീക്ഷ്ണമായ ചില
ഉത്കണ്ഠകളിലാണ് തന്റെ താത്പര്യം എന്ന് കൂടിയാണ്, അത്തരം ഘടകങ്ങൾ ആദ്യമേ 'തുറന്നു വെക്കുന്ന'തിലൂടെ നോവലിസ്റ്റ്
സൂചിപ്പിക്കുന്നത്. മധ്യവയസ്സു കടന്നാൽ പ്രണയമെന്നത് ഒരു പുരുഷമാത്ര വ്യവഹാരമാണ് എന്നത്
പരമ്പരാഗത സമൂഹങ്ങളുടെ, വിശേഷിച്ചും മുസ്ലിം പാരമ്പര്യത്തിലെ പുരുഷമേധാവിത്ത മൂല്യങ്ങൾ
ഭരിക്കുന്ന ഹോസാ വിഭാഗത്തിൽ, അത്ര വേഗം മറികടക്കാനാവാത്ത വഴക്കമാണ് എന്നിരിക്കെ, അതിനൊരു മാതൃ-പുത്ര ‘ഈഡിപ്പല്‍’ അഗമ്യഗമന തലം കൂടി പകർന്നു നൽകുക, അവിശുദ്ധ രതിയുടെ 'അരുതാത്ത വിഷയം' ധീരമായി ആവിഷ്കരിക്കുക, അതിൽ തന്നെയും, ഒരു പുരുഷ നോവലിസ്റ്റ്
ആയിരിക്കുമ്പോൾത്തന്നെ, സ്ത്രൈണ രതി സങ്കൽപ്പങ്ങളുടെ വിമോചനാത്മക ഭാവങ്ങൾ തികഞ്ഞ സംവേദന
ക്ഷമതയോടെ പരിശോധിക്കാൻ തയ്യാറാകുക, ഇതിനൊക്കെയൊപ്പം, നാടിന്റെ സങ്കീർണ്ണവും
ദുരന്തപൂർണ്ണവുമായ ഭൂത, വർത്തമാന കാല ചരിത്രത്തിലേക്ക് എല്ലായിപ്പോഴും ഉണർന്നിരിക്കുക- അബുബക്കർ ആദം ഇബ്രാഹിം എന്ന യുവ നൈജീരിയൻ നോവലിസ്റ്റ് തന്റെ പ്രഥമ നോവൽ
‘സീസൺ ഓഫ് ക്രിംസൺ ബ്ലോസംസ്’ എന്ന കൃതിയിലൂടെ ഈ വെല്ലുവിളകളാണ് ഏറ്റെടുക്കുന്നതും
വിജയിക്കുന്നതും. വിഖ്യാതമായ നൈജീരിയൻ സാഹിത്യ
പുരസ്കാരം (2016 )നേടിയ പ്രസ്തുത കൃതിയിലൂടെ "പ്രകോപനകാരിയായ സാഹിത്യകാരൻ" എന്ന് അദ്ദേഹം വിളിക്കപ്പെട്ടതും ഫെമിനിസ്റ്റ് സമീപനങ്ങൾ ഉള്ള
എഴുത്തുകാരികൾ പുസ്തകത്തെ ആഹ്‌ളാദത്തോടെ സ്വീകരിച്ചതും സ്വാഭാവികമായിരുന്നു.
പ്രണയത്തെ കുറിച്ചുള്ള ഹാജിയ ബിന്‍ത
സുബൈറുവിന്റെ ആദ്യ നിലപാട് പുരുഷാധിപത്യ സമൂഹത്തില്‍ സ്ത്രീയുടെ തെരഞ്ഞെടുപ്പെന്ന
കേട്ടു കേള്‍വിയില്ലാത്ത കാര്യം അവരെങ്ങനെയാണ് നിശ്ശബ്ദം അംഗീകരിച്ചത് എന്നതില്‍
പ്രകടമാണ്. 2001 – സെപ്തംബര്‍ ഏഴ് എന്ന ശപിക്കപ്പെട്ട ദിനത്തില്‍ വീട്ടില്‍ നിന്ന്
പുറത്തു പോകുകയും പിന്നീട് ഒരിക്കലും തിരിച്ചു വരാതിരിക്കുകയും ചെയ്ത സുബൈറു വിനെ
പ്രണയപൂര്‍വ്വമാണോ ഓര്‍ക്കുന്നത് എന്ന പേരക്കിടാവിന്റെ ചോദ്യത്തിന് ഹാജിയാ ബിന്‍ത
സുബൈറു നല്‍കുന്ന മറുപടിയില്‍ അത് വ്യക്തമാണ്:
“പ്രണയം?” ആ വാക്ക് ബിന്‍തയുടെ നാവില്‍
അസാധാരണമാം വിധം കനത്തതായി അനുഭവപ്പെട്ടു. “എനിക്കറിയില്ല, സത്യമായും. എന്നാല്‍ നീ
ജീവിതകാലം മുഴുവന്‍ ഒരാളോടൊപ്പം ജീവിച്ചാല്‍ നീ അയാളെ പ്രണയിക്കുന്നോ ഇല്ലെയോ
എന്നത് ഒരു വിഷയമേയല്ല.”
“എങ്ങനെയാണ് പ്രണയിച്ചിട്ടെയില്ലാത്ത ഒരാളോടൊപ്പം
ജീവിക്കാനാവുക?”
എന്റെ കാലത്ത്, ഞങ്ങള്‍ മാതാപിതാക്കള്‍
പഠിപ്പിച്ചതെന്തോ, അതുപ്രകാരം ജീവിച്ചു. അവര്‍ പറഞ്ഞത് ഞങ്ങള്‍ അനുസരിച്ചു...”
പരമ്പരാഗത പാപബോധ ചിന്ത ആഴത്തില്‍
വേരോടിയത് കൊണ്ടുതന്നെയാണ് റേസയുമായുള്ള ബന്ധം അത്രമേല്‍ ആത്മനിന്ദ ബിന്‍തയില്‍
ഉളവാക്കുന്നതും. “പൂക്കാന്‍ ഒരു ജീവിതകാലം മുഴുവന്‍ കാത്തു നില്‍ക്കുന്ന ഏതോ വങ്കന്‍ പുഷ്പം. മുപ്പതു വര്‍ഷം, അവള്‍ പറഞ്ഞു. എന്നിട്ട് ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷം അതു സംഭവിക്കുമ്പോഴോ, അത് ഒരു ശവം പോലെ നാറുന്നു.” ഒരായുഷ്കാലത്തിന്റെ
കാമനകള്‍ മുഴുവന്‍ ഉള്ളിലൊതുക്കിപ്പിടിച്ച് പ്രണയശേഷമില്ലാത്ത നിരര്‍ത്ഥക
ബന്ധങ്ങളില്‍ നിരന്തരം ആറാടി ഒടുവില്‍, വാര്‍ദ്ധക്യത്തിന്റെ പിടിമുറുക്കം
തുടങ്ങുന്ന ഘട്ടത്തില്‍ തന്റെ നിതാന്ത പ്രണയമായിരുന്ന ഫെര്‍മിന ഡാസായുമായി
സന്ധിക്കുന്ന മാര്‍ക്കേസിന്റെ ഫ്ലോറന്റിനോ അരീസോ (കോളറക്കാലത്തെ പ്രണയം) കണ്ടെത്തുന്നതും അതാണ്: ഈ പ്രായത്തില്‍ അത്
ഒട്ടും ആസ്വദ്യകരമല്ല.....
മുഴുവന്‍ ലേഖനവും വായിക്കാന്‍ ലിങ്ക് പിന്തുടരുക:
https://alittlesomethings.blogspot.com/2024/09/season-of-crimson-blossoms-by-abubakar.html
No comments:
Post a Comment