Featured Post

Sunday, March 30, 2025

Like a Mule Bringing Ice Cream to the Sun by Sarah Ladipo Manyika

 ഓര്‍മ്മപ്പെയ്ത്തിലെ ജീവിതം.





നൈജീരിയയില്‍ ജനനം, കെനിയ, ഫ്രാന്‍സ്, ഇംഗ്ലണ്ട് എന്നിവിടങ്ങളിലായി വളര്‍ന്ന് സാന്‍ഫ്രാന്‍സിസ്കോയില്‍ താമസം – യൂണിവേഴ്സിറ്റി സാഹിത്യാധ്യപികയും എഴുത്തുകാരിയുമായ സാറ ലദീപോ മാന്‍യികയുടെ കൃതികളില്‍ സംസ്കാരാന്തരങ്ങളും ദേശാന്തരങ്ങളും കടന്നു വരുന്നതിനു ഈ വൈയക്തിക ഭൂമിശാസ്ത്രത്തിനും പങ്കുണ്ടെന്ന് നിരീക്ഷിക്കപ്പെടുന്നു (1). In Dependence (2008) എന്ന പ്രഥമ നോവല്‍, സ്കോളര്‍ഷിപ്പോടു കൂടി ഇംഗ്ലണ്ടില്‍ ഓക്സ്ഫോര്‍ഡില്‍ ഉന്നത വിദ്യാഭ്യാസം തേടിയെത്തുന്ന തായോ അജായിയെന്ന നൈജീരിയന്‍ യുവാവിനെ പിന്തുടരുന്നു. ‘പ്രതി സംസ്കാര മുന്നേറ്റങ്ങള്‍’ (COUNTERCULTURE MOVEMENT) (2) ശക്തമായ അറുപതുകളുടെ പ്രചണ്ഡമായ ആദര്‍ശ പ്രോചോദിത യുവതയുടെ തലമുറയില്‍ സ്വയം കണ്ടെത്തുന്ന തായോ, ലോകമെമ്പാടും വലിയ മാറ്റങ്ങള്‍ കാണുന്നുണ്ട്: ജന്മദേശം സ്വാതന്ത്ര്യം നേടുന്നു, അമേരിക്കന്‍ പൌരാവകാശ പ്രസ്ഥാനം, സാംസ്കാരിക പ്രസ്ഥാനങ്ങളുടെയും ലൈംഗിക സ്വത്വ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളുടെയും കുതിപ്പ് – ഈ ഊര്‍ജ്ജസ്വലമായ കാലത്താണ് അയാള്‍ ഒരു മുന്‍ കൊളോണിയല്‍ ഉദ്യോഗസ്ഥന്റെ മകളായ വനേസ്സ റിച്ചാര്‍ഡ്സണ്‍ എന്ന സുന്ദരിയെ കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. നൈജീരിയന്‍ ചരിത്രവും രണ്ടു സംസ്കാരങ്ങളും വംശീയതകളും കൂടിക്കലരുന്ന അന്തരീക്ഷവും പ്രണയ ജീവിതത്തെ കലുഷമാക്കുന്ന ഘടകങ്ങളാണ്. “മൂന്നു വന്‍കരകളും കലുഷമായ നാല് ദശകങ്ങളും കടന്ന് പരസ്പരം കണ്ടെത്താന്‍ കിണഞ്ഞു ശ്രമിക്കുന്ന രണ്ടുപേരുടെ കഥയാണത് – തീക്ഷ്ണ വികാരങ്ങളുടെയും ആദര്‍ശപരതയുടെയും കഥ, ധീരതയുടെയും ഒറ്റിന്റെയും, ഭ്രാന്തമായി തീവ്രമായി പ്രണയത്തില്‍ അകപ്പെടാനുള്ള സാര്‍വ്വത്രിക ത്വരയുടെ” എന്ന് പുസ്തകത്തിന്റെ (In Dependence) പുറംചട്ട (blurb) വിവരിക്കുന്നു. മാന്‍യികയുടെ അതിസുന്ദരമായി പേരുനല്‍കപ്പെട്ട രണ്ടാമത് കൃതി Like a Mule Bringing Ice Cream to the Sun എന്ന നോവെല്ലയെ, ഒരര്‍ത്ഥത്തില്‍ ആദ്യ നോവലിന്റെ തുടര്‍ച്ചയായി കാണാമെന്നും തായോ, തെരുവില്‍ വെച്ചു പില്‍ക്കാല കൃതിയിലെ മുഖ്യ കഥാപാത്രമായ മൊറായോയിലേക്ക് ഓടിക്കയറിയാല്‍ അത് വളരെ സ്വാഭാവികമായിരിക്കുമെന്നുമുള്ള മുന്‍ സൂചനയിലെ അഭിമുഖകാരിയുടെ (JENNY D. WILLIAMS,) നിരീക്ഷണം സന്തോഷകരമായ കണ്ടെത്തലായി നോവലിസ്റ്റ് സ്വീകരിച്ചു. ഇരുപുസ്തകങ്ങള്‍ക്കുമിടയില്‍ പ്രമേയ സാമ്യങ്ങള്‍ മാത്രമല്ല, പോയ നൂറ്റാണ്ടിന്റെ അറുപതുകളുടെ പശ്ചാത്തലത്തില്‍ നിന്ന് കഥാപാത്രത്തിന്റെ എഴുപതുകളിലേക്കുള്ള സ്വാഭാവിക വികാസത്തിന്റെയും തുടര്‍ച്ച കണ്ടെത്താനാവും എന്നു എഴുത്തുകാരി തന്നെയും തിരിച്ചറിയുകയായിരുന്നു.

ഗദ്യസാഹിത്യം എന്നതിലേറെ ‘ഓര്‍മ്മ എന്ന വിവരണമാകും പുസ്തകത്തിനു ചേരുക എന്ന് ‘സൂര്യനിലേക്കു ഐസ് ക്രീം എത്തിക്കുന്ന കോവര്‍കഴുതയെ കുറിച്ച് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (3). എഴുപത്തിയഞ്ചാം പിറന്നാള്‍ അടുത്തുവരുന്ന വയോധികയായ ഡോ. മൊറായോ ഡസില്‍വ എന്ന സാന്‍ഫ്രാന്‍സിസ്കോയില്‍ കഴിയുന്ന റിട്ടയര്‍ ചെയ്ത ഇംഗ്ലീഷ് പ്രൊഫസര്‍ ഓര്‍മ്മകളിലൂടെ സ്വയം നിര്‍ണ്ണയിക്കുകയാണ്. പ്രായാധിക്യം മൃത്യുമുനമ്പിലെത്തിച്ച ഒരാളുടെ ഓര്‍മ്മത്തിരകളില്‍ - തന്റെ നാട്ടിലെ സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം പരിഗണിക്കുമ്പോള്‍ രണ്ടു പതിറ്റാണ്ടെങ്കിലും താന്‍ അധികം ജീവിച്ചു കഴിഞ്ഞുവെന്നു മൊറായ നിരീക്ഷിക്കുന്നുണ്ട് – ഹാസ്യവും ആവേശവും ശുഭാപ്തിയും കടന്നു വരിക എന്നത് അത്ര സ്വാഭാവികമല്ല. “ഒരു കോവര്‍കഴുത സൂര്യനിലേക്കു ഐസ്ക്രീം കൊണ്ടുവരും എന്ന് നാം പ്രതീക്ഷിക്കാത്ത പോലെത്തന്നെ, അസ്വാഭാവിക ആവേശവും അസാധാരണ വികാരങ്ങളും ഈ ചിന്തോദ്ദീപകമായ പുസ്തകത്തിന്റെ താളുകളില്‍ നിന്ന് ഇറ്റിവീഴുന്നു” എന്ന് നിരൂപക പറയുന്നു (Ibid).  

പ്രായം കടന്നിട്ടും ജീവിതോന്മുഖമായ ഒരു ലാസ്യ ഭാവവും പുസ്തക പ്രണയവും നിലനിര്‍ത്തുന്ന, കോഫീ ഷോപ്പുകള്‍ സന്ദര്‍ശിക്കുകയും തന്റെ വിശ്വസ്ത വാഹനമായ പോര്‍ഷേയില്‍ സ്വന്തമായി ഒരു ഡ്രൈവ് ആസ്വദിക്കുകയും ചെയ്യുന്ന മൊറായ, എഴുപത്തിയഞ്ചാം ജന്മദിനത്തില്‍ ഒരു ടാറ്റൂ കുത്തണം എന്നാഗ്രഹിക്കുന്ന, ലേഗോസ് എന്ന പോലെ ഇന്ത്യയേയും ഗൃഹാതുരമായി ഓര്‍ക്കുന്ന സഞ്ചാരിയായ, ലോകം കണ്ട, സ്വതന്ത്ര വ്യക്തിത്വത്തിന് ഉടമയാണ്. ‘മൊറായോ എന്ന പേരിന്റെ യൊറൂബ മൊഴിയര്‍ത്ഥം  “ഞാന്‍ സന്തോഷം കാണുന്നു” എന്നാണെന്നു നോവലിസ്റ്റ് അഭിമുഖത്തില്‍ വ്യക്തമാക്കിയതും സംഗതമാണ് (JENNY D. WILLIAMS). ഓര്‍മ്മകള്‍ ഒളിച്ചു കളി തുടങ്ങുന്നതും സന്നിബാധയുടെ ഭയവും അവരെ അലട്ടുന്നുണ്ട്. കാഴ്ച്ചശക്തി കുറഞ്ഞുവരുന്നത് ഇനി തന്റെ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കി കിട്ടിയേക്കില്ല എന്ന തോന്നല്‍ ഉണ്ടാക്കുന്നുണ്ട്. ഏകാന്തത ചിലപ്പോഴൊക്കെ അവരെ അലട്ടുന്നുണ്ട് എന്നതിന്റെ സൂചനകള്‍ അങ്ങിങ്ങ് ആഖ്യാനത്തില്‍ ഉണ്ട്: കാള്‍ സെന്റര്‍ ജീവനക്കാരിയോടും തെരുവില്‍ ചങ്ങാത്തം കൂടുന്ന വീടില്ലാത്ത യുവതിയോടും  ആവശ്യത്തിലേറെ ദീര്‍ഘമായി സംസാരിക്കുന്നതും പോസ്റ്റ്മാന്‍ വരുന്നതിനു അക്ഷമയായി കാത്തുനില്‍ക്കുന്നതും അത്തരം സന്ദര്‍ഭങ്ങളാണ്. പുസ്തകങ്ങളോടും കഥാപാത്രങ്ങളോടും മൊറായോ വളര്‍ത്തിയെടുക്കുന്ന ആഭിമുഖ്യവും അവരെ യഥാര്‍ത്ഥ മനുഷ്യര്‍ തന്നെയായി കാണുന്നതും ഈ ഏകാന്തതയുടെ മറുപുറം കൂടിയാണ് എന്ന് വരാം. റിട്ടയര്‍ ചെയ്ത ശേഷം എഴുതണമെന്നും തന്റെ ജന്മനഗരമായ ജോസിനെയും (Jos) കളിക്കൂട്ടുകാരി ജോസ് ലിനെയും ഓര്‍മ്മിക്കാന്‍ ജോസ് ലിന്‍ എന്ന കഥാപാത്രത്തെ സൃഷ്ടിക്കണമെന്നും ഒരു കാലത്ത് മൊറായ കരുതിയിരുന്നു. ക്രിസ്ത്യന്‍- മുസ്ലിം സംഘര്‍ഷങ്ങളിലും ബോകോ ഹറാം ആക്രമങ്ങളിലും തന്റെ ജന്മനഗരം പിടിച്ചുലക്കപ്പെട്ട ശേഷം ഒരിക്കലും അവിടം സന്ദര്‍ശിക്കാന്‍ കഴിഞ്ഞിട്ടില്ല അവര്‍ക്ക്. ചികിത്സാര്‍ത്ഥം വീട്ടിലില്ലാത്ത സമയം വീട് പരിപാലിച്ച പുത്രീതുല്യയായ സണ്‍ഷൈന്‍ വീട് വൃത്തിയാക്കാന്‍ ഏല്‍പ്പിച്ചയാള്‍ ‘കേടായിപ്പോയ പുസ്തകങ്ങള്‍ ഒഴിവാക്കിയതറിഞ്ഞു മൊറായോ രൂക്ഷമായി പ്രതികരിക്കുന്നതും സണ്‍ഷൈന്‍ മുറിവേറ്റ മനസ്സുമായി പിന്‍ വാങ്ങുന്നതും ഈ പശ്ചാത്തലത്തില്‍ കാണണം. അനുതാപം അതിവേഗം ഉയരുന്ന പ്രകൃതമുള്ള മൊറായോ ജീവകാരുണ്യ മുഖം മൂടിയിട്ട തട്ടിപ്പിനിരയായി വന്‍ തുക സംഭാവന നല്‍കിയതും മറ്റും വ്യക്തമാക്കിക്കൊടുക്കുന്ന സണ്‍ഷൈന്‍ മറ്റൊരു കാര്യത്തില്‍ കൂടി നിരാശയായിരുന്നു: തന്റെ കാല ശേഷം മുഴുവന്‍ സ്വത്തും ജീവകാരുണ്യ പ്രവര്‍ത്തികള്‍ക്കായി നീക്കി വെച്ച മൊറായോയുടെ വില്‍പ്പത്രം, സ്വത്ത് മോഹിച്ചല്ലെങ്കിലും, തന്നെ ഒരു സ്നേഹചിഹ്നം ആയെങ്കിലും പരിഗണിച്ചില്ലല്ലോ എന്നതായിരുന്നു അത്. സഹായ മനസ്ഥിതി കൊണ്ടു ചുറ്റും വലിയൊരു സൌഹൃദ വലയം തീര്‍ത്തിരുന്ന, മക്കളുടെ ഉള്‍പ്പടെ സ്വന്തം കാര്യം പലപ്പോഴും മറന്നു പോകുകയും ചെയ്യുന്ന സണ്‍ഷൈന്‍ ശരിക്കും തന്റെ പേരിനെ സാധൂകരിക്കുന്ന യുവതിയാണ്.

എന്നാല്‍ മൊറായോയുടെ സ്വതന്ത്ര വ്യക്തിത്വത്തിന് വെല്ലുവിളിയുയര്‍ത്തി കുളിമുറിയില്‍ വെച്ചു വീഴ്ച്ച പറ്റുകയും ഗുരുതരമല്ലെങ്കിലും ഇടുപ്പെല്ലിനു സംഭവിക്കുന്ന ക്ഷതം ജീവിതക്രമത്തെ താളം തെറ്റിക്കുന്നതും കുടുംബ/ സാമൂഹിക അടിസ്ഥാനത്തിലുള്ള ആഫ്രിക്കന്‍ രീതികളില്‍ നിന്ന് വ്യത്യസ്തമായി ബൂര്‍ഷ്വാ, സ്വകാര്യ/ വ്യക്ത്യധിഷ്ടിത സാമൂഹികാവസ്ഥയുടെ അടയാളമായ വയോജന പാലന കേന്ദ്രത്തില്‍ എത്തിപ്പെടുകയും ചെയ്യുന്നത് പാരതന്ത്ര്യത്തിന്റെ പുത്തന്‍ അനുഭവത്തിലേക്ക് മൊറായയെ എത്തിക്കുന്നു. ജീവിതം കഴിഞ്ഞു പോയി എന്ന നൈരാശ്യത്തിലേക്കൊന്നും വീഴുന്നില്ലെങ്കിലും വാര്‍ദ്ധക്യത്തെ കുറിച്ചു മറ്റൊരു രീതിയില്‍ ചിന്തിക്കാനും, കഴിഞ്ഞു പോയ ജീവിതത്തെ കുറിച്ചൊരു കണക്കെടുപ്പു നടത്താനും അത് മൊറായയെ പ്രേരിപ്പിക്കുന്നു. ആരെയും ആകര്‍ഷിക്കുമായിരുന്ന യുവ നൈജീരിയന്‍ ഡിപ്ലോമാറ്റുമായുണ്ടായ വിവാഹം, പ്രതീക്ഷാപൂര്‍ണ്ണമായിരുന്ന കൂട്ടു യാത്രകള്‍, പ്രതീക്ഷകള്‍, മുന്‍ വിവാഹത്തെ കുറിച്ചും അതിലെ മക്കളെ കുറിച്ചും ഒളിച്ചു വെച്ച് തന്നെ വഞ്ചിക്കുകയായിരുന്നു ഭര്‍ത്താവെന്ന തിരിച്ചറിവ്, തകര്‍ന്ന ബന്ധം – ഒരു സമ്പൂര്‍ണ്ണ ജീവിത കഥ സംക്ഷിപ്തമായി ചുരുള്‍ നിവരുന്നുണ്ട്. ബൗദ്ധികമായി തനിക്കു പോന്നവരെ കണ്ടെത്താനും സംവദിക്കാനുമുള്ള കഴിവ് വയോജന ഭവനത്തിലെ മടുപ്പ് മറികടക്കാനും മൊറായോയേ സാഹയിക്കുന്നുണ്ട്. ‘ഒന്നാം ലോക പ്രമേയം എന്ന് പൊതുവേ കരുതപ്പെടുന്ന ഇത്തരം പ്രേമയം കൂടി കടന്നുവരുന്ന നോവലില്‍, ഒരു നിരൂപക ചൂണ്ടിക്കാട്ടുംപോലെ, സ്വാഭാവികമായും ‘സാമൂഹികമോ രാഷ്ട്രീയമോ ആയ അനുരണനങ്ങള്‍ തീരെ പതിഞ്ഞ തോതിലേ പ്രകടമാകുന്നുള്ളൂ’ (4). അപൂര്‍വ്വമായി മാത്രം നോവലില്‍ കടന്നു വരുന്ന സാമൂഹികമായ വംശീയ, രാഷ്ട്രീയ മുന്‍ വിധികളുടെ പ്രശ്നം ഒരു ഘട്ടത്തില്‍ മൊറായോ നേരിടേണ്ടി വരുമ്പോള്‍ പ്രതിരോധത്തിന് എത്തുന്നത് തന്റെ ആഫ്രിക്കന്‍ അമേരിക്കന്‍ സുഹൃത്താണ്. തന്റെ രണ്ടു മുന്‍ വിവാഹങ്ങളും വെള്ളക്കാരികളെ ആയിരുന്നു എന്ന വസ്തുതയും അവര്‍ രണ്ടു പേരും കറുത്ത വര്‍ഗ്ഗക്കാരെ കാമിച്ച സ്ത്രീകള്‍ ആയിരുന്നു എന്നതും പുനര്‍ വിചിന്തനത്തിന് വിധേയമാക്കാന്‍ മൊറായോയുമായുള്ള സൗഹൃദം അയാളെ പ്രേരിപ്പിക്കുന്നുണ്ട്. അതുപോലെ, ലേഗോസിലേക്ക് തിരികെ പോകുകയെന്ന ആശയം, ബോകോ ഹറാം ആക്രമണ സാധ്യതയുടെ പശ്ചാത്തലത്തിലുള്ള സുരക്ഷിതത്വ ഭീഷണിയില്‍ മൊറായോ ഉപേക്ഷിക്കുന്നുമുണ്ട്. 

മൊറായോയുടെയും അവരുടെ കഥയുമായി ബന്ധിതരാകുന്ന ഇതര കഥാപാത്രങ്ങളുടെയും പ്രഥമ വ്യക്തിക (first person) വീക്ഷണങ്ങളിലൂടെയാണ് മുഴുവന്‍ ആഖ്യാനവും എന്നതുകൊണ്ട്‌ അവരുടെയൊക്കെ മനോവ്യാപാരങ്ങളും സ്വപ്നങ്ങളും രാഗ-ദ്വേശങ്ങളും ഓര്‍മ്മകളും എല്ലാം കൂടിക്കലരുന്നുണ്ട് ഇവിടെ. മുന്‍ ഭര്‍ത്താവ് സീസര്‍ ഡാ സില്‍വ, സണ്‍ഷൈന്‍, വീടില്ലാത്ത സാവേജ് എന്ന പെണ്‍കുട്ടി, വയോജന ഭവനത്തിലെ ഡിമെന്‍ഷ്യ ബാധിച്ചു തുടങ്ങിയ പരിചയക്കാരിയുടെ ഭര്‍ത്താവായ ആഫ്രിക്കന്‍ അമേരിക്കക്കാരന്‍ റെഗ്ഗി ബെയ് ലി എന്നിവരുടെ ആഖ്യാനങ്ങളിലൂടെയും മൊറായയുടെ വ്യക്തിത്വത്തിലേക്കും അവരുടെ തന്നെ ജീവിതങ്ങളിലേക്കും നമുക്ക് കടന്നു ചെല്ലാനാകുന്നുണ്ട്. ഒരു നോവെല്ലയുടെ പരിധിയില്‍ ഇത്രയേറെ ആഖ്യാന സ്വരങ്ങള്‍ ആവശ്യമുണ്ടോ എന്ന സന്ദേഹം ജനിപ്പിക്കാതെ മുന്നോട്ടു പോകാന്‍ കഴിയുന്നത്‌ നോവലിസ്റ്റിന്റെ മികവായി കാണാം. പുതിയ സൌഹൃദങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള മൊറായോയുടെ കഴിവ്, സാധാരണ ഗതിയില്‍ അപകടം തളര്‍ത്തിയേക്കാവുന്ന മാനസികാവസ്ഥക്ക് അവര്‍ അടിപ്പെടില്ല എന്ന സൂചകം കൂടിയാണ്. വാര്‍ദ്ധക്യത്തിലും പഴയ ഓര്‍മ്മകളില്‍ തെളിയുന്ന പ്രണയ ചിന്തകള്‍ ആസ്വദിക്കാനാവുന്ന മൊറായോ, ജീവിതാസക്തിയുടെ മറ്റൊരു മുഖം കൂടി പ്രകടിപ്പിക്കുന്നുണ്ട്. ആഫ്രിക്കന്‍ സാഹിത്യത്തില്‍ അത്ര സാധാരണമല്ലാത്ത ഒരു വിഷയം കൂടിയാണ് നോവലിസ്റ്റ് ഇവിടെ സ്പര്‍ശിക്കുന്നത് എന്നതും പ്രധാനമാണ്. മൊറായോ തന്റെ ഇരുപത്തിരണ്ടാം വയസ്സില്‍, മുപ്പത്തേഴുകാരനായ സീസറെ വിവാഹം കഴിക്കുമ്പോള്‍ തന്റെ അമ്മയേക്കാള്‍ ഒന്നോരണ്ടോ വയസ്സിന്റെ ഇളപ്പമേ അയാള്‍ക്കുണ്ടായിരുന്നുള്ളൂ. നൈജീരിയക്കു വേണ്ടി വാദിക്കുകയും ലോക രാഷ്ട്രീയം ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന ബുദ്ധിജീവികള്‍ക്കിടയില്‍ തന്നെക്കാള്‍ ഇളപ്പമായിരുന്ന, വൈയ്യക്തിക ‘ഒരിഷ’കളില്‍ വിശ്വസിക്കുന്ന കാന്റോമ്പിള്‍ (Candomble) വിശ്വാസിയും (5) നൈജീരിയയിലേക്കുള്ള ആദ്യത്തെ കറുത്ത വര്‍ഗ്ഗക്കാരനായ ബ്രസീലിയന്‍ അംബാസിഡറും ആയിരുന്ന അന്റോണിയോയോടു തോന്നിയ പ്രണയം ഓര്‍മ്മകളില്‍ ഇന്നും സജീവമായി നില്‍ക്കുന്ന ഒന്നാണ് അവര്‍ക്ക്.

കഥാപാത്രങ്ങള്‍ക്ക് സ്വന്തം കഥയും ചരിത്രവും പകര്‍ന്നു നല്‍കാനും ഒരു നോവലെറ്റിന്റെ പരിധികള്‍ക്കപ്പുറം അവരെ അനുവാചക മനസ്സുകളില്‍ സ്ഥാപിക്കാനുമുള്ള മന്‍യികയുടെ സിദ്ധി പ്രഥമ നോവലിലേതു പോലെ ഇവിടെയും വ്യക്തമാണ്. സണ്‍ഷൈനിനെ മാറ്റി നിര്‍ത്തിയാല്‍ നോവലില്‍ ഏറെ തിളക്കമുള്ള കഥാപാത്രങ്ങള്‍ റെഗ്ഗിയും അയാളുടെ ഭാര്യയുമാണ് എന്നു പറയാം. മൊറായയിലൂടെ ആവിഷ്കരിക്കപ്പെടുന്ന പ്രസന്നമായ വാര്‍ദ്ധക്യമെന്ന സങ്കല്പ്പനത്തിന്റെ എതിരറ്റമാണ് റെഗ്ഗിയുടെ ഭാര്യയും പാര്‍ക്കിന്‍സണ്‍സ് രോഗവും ഡിമെന്‍ഷ്യയും അനുഭവിക്കുന്നവളുമായ പേള്‍ അടയാളപ്പെടുത്തുന്നത്.  രോഗാവസ്ഥ ഏതാണ്ട് ഒട്ടും പ്രസന്നമല്ലാത്ത, വികലമായ ഒരു ശൈശവാവസ്ഥയിലേക്കുള്ള തിരിച്ചു പോക്ക് ആയിരിക്കുന്ന അവര്‍ എല്ലാത്തിനും എല്ലാവരുടെയും ആശ്രയത്തിലാണിപ്പോള്‍. മിസ്റ്ററികളും റൊമാന്‍സുകളും ഇഷ്ടപ്പെട്ടിരുന്ന അവരുടെ ആ അഭിരുചികളൊക്കെ ഇപ്പോള്‍ റെഗ്ഗിയുടെ ഓര്‍മ്മകളിലേ ഉള്ളൂ. അയാളോടൊപ്പം ജീവിക്കാന്‍ തുടങ്ങിയതിന്റെ പേരില്‍ മക്കള്‍ തള്ളിപ്പറഞ്ഞതാണ് അവരെ. മൊറായോയുടെ കാര്യങ്ങളെല്ലാം അവരുടെ സ്വന്തം തെരഞ്ഞെടുപ്പാകുമ്പോള്‍ പേളിന് നേഴ്സുമാര്‍ ചാര്‍ത്തിക്കൊടുക്കുന്ന മേയ്ക്കപ്പ് അവര്‍ കാണാതെ തുടച്ചു കളയുകയാണ് റെഗ്ഗി.  അതൊക്കെ ഇഷ്ടപ്പെടുന്നവൾ ആയിരുന്നില്ല പേള്‍ എന്ന് അയാള്‍ക്കറിയാം. റെഗ്ഗിയുമായും പേളുമായും മൊറായ ഉണ്ടാക്കുന്ന സൗഹൃദം, അവര്‍ തിരികെ പോകുമ്പോള്‍ ഇരുവര്‍ക്കും വിഷമം സൃഷ്ടിക്കുന്നുണ്ട്.           

മൊറായയുടെ ഓര്‍മ്മകളില്‍ പേര്‍ത്തും പേര്‍ത്തും കടന്നു വരുന്ന ലേഗോസ് നഗരം, ആഫ്രിക്കന്‍ സാഹിത്യത്തില്‍ അതീവ ശക്തമായി സ്വയം അടയാളപ്പെടുത്തിയിട്ടുണ്ട്: ക്രിസ് അബാനി (Graceland), സെഫി അത്ത (Everything Good Will Come), തേജു കോല്‍ (Every Day Is for the Thief), ന്‍നേന്‍ദി ഒകറോഫോര്‍ (Lagoon), ചിബുണ്ടു ഒനൂസോ (Welcome to Lagos) തുടങ്ങിയ എഴുത്തുകാരിലൂടെ നൈജീരിയന്‍ സാഹിത്യത്തില്‍ അതിശക്തമായി തുടരുന്ന ‘ലേഗോസ് നോവല്‍ പാരമ്പര്യത്തിലേക്ക്, മൊറായയുടെ ഓര്‍മ്മകളില്‍ തെളിയുന്ന ഗൃഹാതുര ലെഗോസ് സ്മൃതികള്‍ തനതായ രീതിയില്‍ കണ്ണിചേരുന്നു. വൃത്തിയും വെടിപ്പും ചാര്‍ത്തപ്പെട്ട സാന്‍ഫ്രാന്‍സിസ്കോയില്‍ ഇരുന്നു വിവരിക്കുമ്പോഴും സുന്ദരമായ ഓരോര്‍മ്മയായി മൊറായയുടെ ആഖ്യാനത്തില്‍ ലേഗോസ് ഇടംപിടിക്കുന്നു എന്നത് പ്രധാനമാണ്; പൊടിയും ചെളിയും അടയാളപ്പെടുത്തുന്ന പാശ്ചാത്യമായ ലേഗോസ് ആഖ്യാനത്തില്‍നിന്നു ‘അഫ്രോപോളിറ്റന്‍’ വീക്ഷണത്തിന്റെ സാംസ്കാരിക തിരിച്ചുപിടിക്കലുണ്ട് ഇവിടെ: “ഞാന്‍ വസ്ത്രങ്ങളുടെ മടക്കുകള്‍ നിവര്‍ത്തുമ്പോള്‍, അപ്പോഴും കോട്ടനില്‍ തങ്ങിനില്‍ക്കുന്ന ലെഗോസ് മാര്‍ക്കറ്റുകളിലെ ഡീസല്‍ പുകയുടെയും ചൂടുള്ള പാം ഓയിലിന്റെയും കത്തുന്ന വിറകിന്റെയും ഗന്ധം അറിയാനാവുന്നതില്‍ ആനന്ദം തോന്നുന്നു.” (പേജ്: 04). നോവലിലെമ്പാടും കാണാവുന്ന ഭിന്നസംസ്കാര സങ്കലന ബന്ധങ്ങളും ഒത്തുചേരലും (cross-cultural relations or meetings) ഇതോടു ചേര്‍ത്തു കാണാം: പോസ്റ്റ്മാന്‍ ചൈനക്കാരന്‍ ആണെങ്കില്‍, മൊറായോയുടെ സുഹൃത്തായ കടയുടമ ദാവൂദ് പലസ്തീനില്‍ നിന്ന് ഓടിപ്പോന്നവനാണ്. മാനസപുത്രി സണ്‍ഷൈന്‍ ഇന്ത്യക്കാരിയും വീടില്ലാത്ത സ്ത്രീ വെള്ളക്കരിയുമാണ്. ഇവരോടൊക്കെയുള്ള ഉള്ളഴിഞ്ഞ സൌഹൃദവും മൊറായോയേ ഒരു ലോക പൗരയാക്കുന്ന ഘടകമാണ്. എന്നാല്‍, ആഫ്രിക്കയെ സംബന്ധിച്ച പാശ്ചാത്യമായ സ്റ്റീരിയോ ടൈപ്പുകളെ സൌമ്യമായി നിഷേധിക്കുമ്പോഴും മുമ്പെന്നോ രുചിച്ച ഒന്നോ രണ്ടോ വിഭവങ്ങളുടെയും യോഗയുടെയും വാര്‍പ്പു മാതൃകകളിലൂടെ ഇന്ത്യയെ അടയാളപ്പെടുത്തുന്ന മൊറായോയുടെ സൂചനകള്‍ ഇന്ത്യന്‍ വായനക്കാര്‍ക്ക് കൌതുകമുയര്‍ത്തിയേക്കും.     

 

References:

                1. JENNY D. WILLIAMS,‘this personal geography’ - ON JOY AND DESIRE: AN INTERVIEW WITH SARAH LADIPO MANYIKA, https://velamag.com/on-joy-and-desire-an-interview-with-sarah-ladipo-manyika/, accessed 27.12.2020)

                2. For a comprehensive understanding of Counterculture movement: https://digilab.libs.uga.edu/exhibits/exhibits/show/civil-rights-digital-history-p/counterculture#:~:text=Introduction,overall%20establishment%20of%20societal%20norms.

                3. Elizabeth Olubukola Olaoye, Africa Book Link, New Africa literature drama, &criticsm, September 8, 2017, http://africabooklink.com/like-a-mule-bringing-ice-cream-to-the-sun-a-review-by-elizabeth-olubukola-olaoye/, accessed 27.12.2020

                4. Sarah Jilani, Review: Like A Mule Bringing Ice Cream To The Sun by Sarah Ladipo Manyika, 27 JUNE , 2016, https://africainwords.com/2016/06/27/review-like-a-mule-bringing-ice-cream-to-the-sun-by-sarah-ladipo-manyika/, accessed 27.12.2020.

                5. “Candomblé practitioners believe that every person has their own individual orixa which controls his or her destiny and acts as a protector.” Religions - Candomble: Beliefs – BBC, https://www.bbc.co.uk/religion/religions/candomble/beliefs/beliefs.shtml, accessed 27.12.2020

No comments:

Post a Comment