സഞ്ചിത ചരിത്രത്തിന്റെ വനാന്തരങ്ങള്‍
നാല്പ്പതുകളുടെയും അമ്പതുകളുടെയും കലങ്ങിമറിഞ്ഞ സംഘര്‍ഷ
ഭരിതമായ ഇസ്രായേലി സാഹചര്യങ്ങളില്‍ വളര്‍ന്നു വരവിന്റെ വഴിവെളിച്ചമായി അമ്മ പറഞ്ഞ
കഥകളുടെ ഓര്‍മ്മ ‘എ ടെയ്ല്‍
ഓഫ് ലവ് ആന്‍ഡ് ഡാര്‍ക്ക്നസ്സ്’ എന്ന ഓര്‍മ്മപ്പുസ്തകത്തില്‍
ആമോസ് ഓസ് വിവരിക്കുന്നുണ്ട്. മുപ്പത്തിയെട്ടാം വയസ്സില്‍, ആമോസിന് പന്ത്രണ്ടു
വയസ്സ് മാത്രമുള്ളപ്പോള്‍, ദുരൂഹകാരണങ്ങളാല്‍ സ്വയം അവസാനിപ്പിച്ച തരള
ഹൃദയയായിരുന്ന അവര്‍ മകനോട് സംവദിക്കാന്‍ കണ്ട മാര്‍ഗ്ഗമായിരുന്നു
മുത്തശ്ശിക്കഥകള്‍. Suddenly
in the Depths of the Forest എന്ന ചെറു നോവലില്‍ ഇസ്രായേലിലെ ഈ വലിയ എഴുത്തുകാരന്‍ സ്വയം തന്റെ
ജീവിതത്തിന്റെയും രചനകളുടെയും പശ്ചാത്തലം രൂപപ്പെടുത്തിയ, സഞ്ചിത ചകിതാനുഭവങ്ങള്‍
ദൃഷ്ടാന്ത/ മുത്തശ്ശിക്കഥാരൂപത്തില്‍ ആവിഷ്കരിക്കുകയാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ്,
എന്നുവെച്ചാല്‍ നോവലിലെ മുഖ്യ കഥാപാത്രങ്ങളായ ഇപ്പോഴത്തെ കുട്ടികളുടെ അച്ഛനമ്മമാര്‍
കുട്ടികള്‍ ആയിരുന്ന കാലത്ത്, മൃഗങ്ങളും മത്സ്യങ്ങളും കീടങ്ങളും പുഴുക്കളും പോലും
പൊടുന്നനെ ഒരു നാള്‍ അപ്രത്യക്ഷരാകുന്ന അരസാധാരണ സംഭവം ഗ്രാമത്തില്‍ അരങ്ങേറുന്നതാണ്
ഇതിവൃത്തിന്റെ പുരോഭാഗം. വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുനൂറു വേട്ടക്കാരും നാലു
മുക്കുവരും ഉണ്ടായിരുന്ന ഗ്രാമം, പുഴയില്‍നിന്ന് മത്സ്യങ്ങളും
കരയില്‍നിന്ന് മൃഗങ്ങളും അന്തര്‍ദ്ധാനം ചെയ്തതോടെ, ശാപഗ്രസ്തമല്ലാത്ത
ഇടങ്ങളിലേക്കുള്ള ആളുകളുടെ പാലായനത്തെ തുടര്‍ന്ന് വിജനമായതാണ്. “ഗ്രാമം നരച്ചതും
മ്ലാനവുമായിരുന്നു. അതിനു ചുറ്റും എല്ലാ ഭാഗത്തും പര്‍വ്വതങ്ങളും കാടും, മേഘങ്ങളും
കാറ്റുമായിരുന്നു.” ഒരു ശപ്തനഗരം പോലെ അത് വിഷാദപൂര്‍ണ്ണവും എകാന്തവുമായി
കാണപ്പെട്ടു. “സര്‍വ്വത്ര വല്ലാത്തൊരു സിശ്ശബ്ദതയായിരുന്നു, ഒരു പശുവും കരഞ്ഞില്ല,
ഒരു കഴുതയും ഓരിയിട്ടില്ല, ഒരു കിളിയും ചിലക്കുന്നില്ല, ആകാശത്തിനു കുറുകെ
അരയന്നക്കൂട്ടമില്ല, ഗ്രാമീണര്‍ ആത്യാവശ്യത്തിനല്ലാതെ പരസ്പരം സംസാരിക്കുന്നില്ല.”
മുതിര്‍ന്നവര്‍ എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് മൌനത്തിന്റെ ഒരു സാമൂഹിക
മതില്‍ തീര്‍ത്തിട്ടുണ്ട്. ഓര്‍മ്മകളില്‍ ഒരു വിവേചനവും. മുതിര്‍ന്നവരില്‍ ഒന്നോ
രണ്ടോ പേര്‍ മാത്രം പഴയ കാലങ്ങളെ ഓര്‍ത്തിരുന്നു, കിളികളെയും മൃഗങ്ങളെയും സ്വപ്നം
കണ്ട് തന്റെ പ്രിയപ്പെട്ട നായ സീറ്റൊയെ ഓര്‍ത്തിരിക്കുന്ന മുക്കുവന്‍ ആല്‍മന്‍,
തടിയില്‍ തീര്‍ത്ത കൊച്ചുരൂപങ്ങള്‍ കുട്ടികള്‍ക്ക് നല്‍കി. ആരും കല്യാണം കഴിക്കാന്‍
ആഗ്രഹിക്കാത്ത ഇമ്മാനുവേല ടീച്ചര്‍, ക്ലാസ് മുറിയില്‍ കുട്ടികളോട് സുന്ദരജീവികളെ
കുറിച്ച് കഥകള്‍ പറഞ്ഞു. കേട്ടറിവു മാത്രമായ പ്രതിഭാസത്തെ വിശ്വസിക്കാനാവാത്ത
പുതുതലമുറ അവരെ കളിയാക്കി. ചലനശേഷിയില്ലാതെ ചുരുണ്ടുകൂടിയ ഭര്‍ത്താവ് ഗിനോമിനെ
ശുശ്രൂഷിച്ചു കഴിയുന്ന തുന്നല്‍ക്കാരി സൊലീനയും ഓര്‍മ്മകള്‍ സൂക്ഷിക്കുന്നുണ്ട്. അങ്ങനെ
ഓര്‍മ്മിച്ചു വെക്കുന്നവര്‍ക്കെതിരില്‍ സമൂഹം ഒരു ശത്രുതാ ഭാവം സൂക്ഷിക്കുകയും
ചെയ്യുന്നു.
അതേ സമയം ഗ്രാമാതിര്‍ത്തിക്ക്
വെളിയിലെ വനത്തിലേക്ക് കടന്നുപോയാല്‍ തങ്ങളെ നേഹിയെന്ന പര്‍വ്വതസത്വം
പിടികൂടുമെന്ന് കുട്ടികളെ പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ മുത്തശ്ശിക്കഥയിലെ പതിവുപോലെ
വിലക്കുകള്‍ക്കപ്പുറമുള്ള സത്യം എന്തെന്നറിഞ്ഞേ അടങ്ങൂ എന്ന് ഉറച്ച മനസ്സുള്ള പെണ്‍കുട്ടി
മായ, ചകിതനെങ്കിലും കൂട്ടുകാരിക്കൊപ്പം ഇത്തിരി സാഹസമാവാം എന്ന് കരുതുന്ന ബാലന്‍ മാത്തി
എന്നീ കൂട്ടുകാര്‍ ചിന്തിക്കുന്നു. പുഴയില്‍ കാണപ്പെട്ട ഒരൊറ്റ മത്സ്യമാണ് അവരില്‍
പ്രതീക്ഷയുണര്‍ത്തുന്നത്. അത് വെറും തോന്നലായിരുന്നോ യാഥാര്‍ത്ഥ്യമായിരുന്നോ എന്ന
സന്ദേഹം അവരെ ഏറെ അലട്ടുന്നുണ്ട്. ഒരു ജീവി സാധ്യമാണെങ്കില്‍ വേറെയും കണ്ടേക്കാം
എന്ന തോന്നലിലാണ് വിലക്കുകളുടെ ശൃംഖല ഭേദിച്ച് അവര്‍ അന്വേഷണം തുടങ്ങുന്നത്. “വനാന്തര്‍
ഭാഗത്ത് എന്താണ് ഒളിഞ്ഞിരിക്കുന്നത് എന്ന് കണ്ടെത്താന്‍ ശ്രമിക്കണമെന്ന് ഭാവന അവരെ
പ്രലോഭിപ്പിച്ചു.” സന്ദേഹങ്ങളുടെ വനങ്ങളിലേക്ക് ആത്മാന്വേഷണങ്ങളുമായി യാത്ര
പോയവരാണ് കരുണാമയനായ ബുദ്ധനും രക്ഷകനായ ക്രിസ്തുവും പ്രവാചകനായ നബിയും ഒക്കെയായത്
എന്നത് മാനവ സംസ്കൃതിയുടെ വലിയ പാഠമാണ്. അവിടെ ഒരു ഗുഹയില്‍ വെച്ച് ഇപ്പോള്‍
ശാന്തനും സ്വയം പര്യാപ്തിയുള്ളവനുമായ നേമിയെ മായയും മാത്തിയും കണ്ടു മുട്ടുന്നു; മറ്റാര്‍ക്കും
അനുഭവപ്പെടാത്തവിധം നിരന്തരമായി മൃഗങ്ങളുടെ സ്വപ്നാവേശം ഉണ്ടായതു കാരണം മുമ്പൊരിക്കല്‍
വനത്തിലേക്ക് പോവുകയും ആഴ്ചകള്‍ക്ക് ശേഷം ഒരു മൂങ്ങയെപ്പോലെ
ശബ്ദമുണ്ടാക്കിക്കൊണ്ട് അവശനും പ്രാകൃതനുമായി തിരിച്ചെത്തുകയും ചെയ്തതിനെ തുടര്‍ന്ന്
ഇതര ഗ്രാമീണ ബാലകരുടെ പരിഹാസ പാത്രമായവന്‍. പ്രദേശത്തെ മൃഗങ്ങളെ മുഴുവന്‍ നിഗൂഡശക്തിയാലെന്നോണം
ആകര്‍ഷിച്ചു കൊണ്ടുപോയ, പില്‍ക്കാലം പര്‍വ്വത സത്വമെന്നറിയപ്പെട്ട നേഹിയും ഒരു
കാലത്ത് തന്റെ വ്യത്യസ്തത കാരണം അന്യനും അപരനുമായി വേട്ടയാടപ്പെട്ടവനായിരുന്നു. മായ
ഒരു നൈതിക ബോധ്യത്തിലേക്ക് നീങ്ങുകയാണ്: “മറ്റൊരു യാത്രികനെ കളിയാക്കുകയോ
വേദനിപ്പിക്കുകയോ ചെയ്യുന്ന ഏതൊരാളും സത്യത്തില്‍ വിഡ്ഢിയാവുകയാണ്; മുഴുവന്‍
വഞ്ചിയേയും മുറിപ്പെടുത്തുകയും. എന്തൊക്കെപ്പറഞ്ഞാലും ഇവിടെ ഒരാള്‍ക്കും മറ്റൊരു
വഞ്ചിയില്ല.” വൈയക്തികമായ കണ്ടെത്തല്‍ എന്നതിലേറെ മായയുടെ നിരീക്ഷണത്തില്‍
അടങ്ങിയിരിക്കുന്ന സാമൂഹിക മാനങ്ങള്‍ ഹോളോകോസ്റ്റിന്റെയും പാലായനത്തിന്റെയും ജൂതാനുഭാവത്തിന്റെ
ഭാഗമായ അശാന്ത ചരിത്രത്തിന്റെയും പാഠങ്ങളുമായി കണ്ണിചേരുന്നുണ്ട്; നോവലില്‍
അതൊരിക്കലും എടുത്തുപറയുന്നില്ലെങ്കിലും. ഹോളോകോസ്റ്റിന്‍റെ മാനവികദുരന്തം ഒരു
ഇരുണ്ട രഹസ്യമായി ചൂഴ്ന്നുനില്‍ക്കുന്നതിന്‍റെയും വാഗ്ദത്തഭൂമിയിലേക്കുള്ള കപ്പല്‍
യാത്രയിലെ അസന്തുഷ്ടിയും ആമോസ് ഓസിന്റെ ഓര്‍മ്മകളില്‍ നിഴല്‍ വിരിക്കുന്നുണ്ട്.
പകല്‍ സമയത്ത് എണ്ണുമ്പോള്‍ എട്ടെണ്ണമായും രാത്രി ഒമ്പതായും തോന്നുന്ന മരങ്ങള്‍ ഹീബ്രു
കലണ്ടറിലെ ‘വര്‍ഷത്തിലെ ഏറ്റവും ദുഃഖഭരിതമായ ദിന’ത്തെ സൂചിപ്പിക്കുന്നുവെന്ന്
നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (Julia Pascal, Independent). മായക്കും മാത്തിക്കും ഇടക്കൊക്കെ അനുഭവപ്പെടുന്ന മുമ്പെന്നോ അതേപടി
സംഭവിച്ചത്/ സാക്ഷിയായത് എന്ന തോന്നല്‍ (déjà vu) നോവലിന്റെ സഞ്ചിതാനുഭവഭാവത്തെ ഉറപ്പിക്കുന്നതാണ്.
ആദിമ സ്വര്‍ഗ്ഗത്തെ കുറിച്ചുള്ള
മിത്തുകളുമായും കൂട്ടിവായിക്കാവുന്ന സൂചകങ്ങള്‍ നോവലില്‍ ഉടനീളമുണ്ട്. നേഹിയെന്ന ‘പര്‍വ്വത സത്വം’ പുരാണത്തിലെ കുഴലൂത്തുകാരന്‍ കഥാപാത്രമാണ്, തന്റെ മാന്ത്രികസിദ്ധികൊണ്ട് അയാള്‍ കൊണ്ടുപോകുന്നത് പക്ഷെ
മനുഷ്യര്‍ ഒഴിച്ചുള്ള മറ്റെല്ലാ ജീവികളെയുമാണ്. അവിടെ പര്‍വ്വതങ്ങളും വനവും കോട്ട
തീര്‍ക്കുന്ന ഒരാദിമസ്വര്‍ഗ്ഗത്തില്‍ അവ ഹിംസയേതും കൂടാതെ സ്വരച്ചേര്‍ച്ചയില്‍
കഴിയുന്നു. മായയും മാത്തിയും പ്രദേശത്തെ പുതുതലമുറയില്‍ അവയെ കാണുന്ന
ആദ്യവ്യക്തികളായിത്തീരുന്നു. പറുദീസാനഷ്ടത്തിന്റെയും അനുഭവങ്ങളിലൂടെയുള്ള തിരിച്ചറിവുകളുടെയും
(from innocence
to experience) കഥയായും നോവലിനെ
വായിക്കാം. കാപട്യങ്ങളില്‍ അഭിരമിക്കുന്ന മുതിര്‍ന്നവരുടെ ലോകത്തുനിന്ന് മൃഗകഥകളുടെ
ബാല്യം തിരിച്ചു പിടിക്കുന്ന നിഷ്കളങ്കതയുടെ മുതിര്‍ന്നു വരവിന്റെ കഥയായും (coming-of-the-age story), കൂട്ടംചേര്‍ന്നുള്ള
വേട്ടയാടലിന്റെയും ഒറ്റപ്പെടലിന്റെയും കുറ്റബോധത്തിന്റെയും അന്യാപദേശ (parable) കഥയായും, പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതമെന്ന
തിരിച്ചറിവിന്റെ രൂപകകഥയായും പുസ്തകത്തെ സമീപിക്കാം. വ്ലാദിമിര്‍ നബകോഫ് നിരീക്ഷിച്ചപോലെ
ഒരു മികച്ച എഴുത്തുകാരനില്‍ ഒരു കഥപറച്ചില്‍ക്കാരനും, ഒരു അധ്യാപകനും ഒപ്പം ഒരു
ജാലക്കാരനും അടങ്ങിയിട്ടുണ്ടെങ്കില്‍ ആമോസ് ഓസിന്റെ ‘പൊടുന്നനെ വനത്തിന്റെ അഗാധതയില്‍’
രചനയുടെ ഈ മൂന്നു സ്വത്വങ്ങളെയും സാക്ഷാത്കരിക്കുന്നുണ്ട്.
എന്നാല്‍ ഹാന്‍സ് ക്രിസ്റ്റ്യന്‍
ആന്‍ഡെഴ്സന്‍ കഥകളിലെതുപോലെ ശുഭാന്ത്യത്തില്‍ വിരാമചിഹ്നമിടുന്നതല്ല ആമോസ് ഓസിന്റെ
മായികലോകം. ഉണങ്ങിച്ചുരുണ്ട കുട്ടിയായി കാട്ടില്‍ നിന്നിറങ്ങിവരുന്ന ഗിനോമിനെ
പോലെ, വൃത്തിഹീനമായി എപ്പോഴും മൂക്കൊലിക്കുന്ന, മൂങ്ങയുടെ ശബ്ദത്തില്‍ മുരളുന്ന
നിമിയെ പോലെ അത്ര നല്ല ചിഹ്നങ്ങളല്ല നിഗൂഡതയുടെ വനം ഇവിടെ കാത്തുവെക്കുന്നത്. എങ്കിലും
മായയേയും മാത്തിയേയും ഗ്രാമത്തിലേക്ക് തിരികെ അയക്കുമ്പോള്‍ നേഹിയുടെ സന്ദേശം
വ്യക്തമാണ്: ഒരു നാള്‍ ആളുകള്‍ ക്രൂരത കുറഞ്ഞവരും തന്റെ പ്രതികാരദാഹം തണുത്തതും
ആയിരിക്കുമ്പോള്‍ മൃഗങ്ങള്‍ ഗ്രാമത്തിലേക്ക് തിരികെ വന്നേക്കാം. വായനാസമൂഹമായി
കുട്ടികളെയും മുതിര്‍ന്നവരെയും ഒരു പോലെ ലക്ഷ്യം വെക്കുമ്പോഴും അത്ര ലഘുവായതല്ല
ഇരുവര്‍ക്കും എന്നതാണ് വലിപ്പം കൊണ്ട് മാത്രം ചെറുതായ നോവലിന്റെ വസ്തുത.
No comments:
Post a Comment