Featured Post

Showing posts with label Fantasy. Show all posts
Showing posts with label Fantasy. Show all posts

Saturday, May 3, 2025

A Wild Sheep Chase by Haruki Murakami / Alfred Birnbaum

മുറകാമിയുടെ ആട്: നിരാസക്തിയിലെ നീരോട്ടങ്ങള്‍

മുറകാമിയുടെ പ്രധാന കഥാപാത്രങ്ങള്‍ക്കെല്ലാം അവര്‍ ആന്തരാ അനുഭവിക്കുന്ന ഒരു ശൂന്യത ഉണ്ടെന്നും, ശാരീരിക/ മാനസിക/ വൈകാരിക തലങ്ങളിലുള്ള ഈ ശൂന്യത അവരുടെ പേരില്ലായ്മയിലും പേരുകളോടുള്ള നിസ്സംഗതയിലും കഥാപാത്രങ്ങള്‍ക്കിടയിലുള്ള വൈകാരിക വന്ധ്യതയിലും വ്യക്തമാണെന്നും എലിസബത്ത്‌ കാര്‍ട്ടര്‍ നിരീക്ഷിക്കുന്നു. 'വന്യ മായൊരു ആട് വേട്ട'( A WILD SHEEP CHASE)യിലെന്ന പോലെ, കഥാപാത്രങ്ങളുടെ ആന്തരിക ശൂന്യതയെ ചിത്രീകരിക്കുന്നതിലൂടെ ഉത്തരാധുനിക ജപ്പാന്റെ , അഥവാ ലോക സമൂഹത്തിന്റെ തന്നെ, ശൂന്യതയും അസംപ്തൃപ്തിയുമാണ് മുറകാമി പ്രശ്നവല്‍ക്കരിക്കുന്നത് എന്ന് അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.(NAMELESS IN MURAKAMI HARUKI’S A WILD SHEEP CHASE, ELIZABETH CARTER, UNC-CHAPEL HILL)
1949-ല്‍ രണ്ടാം ലോകയുദ്ധാനന്തര ജപ്പാനില്‍ അധ്യാപക ദമ്പതികളുടെ മകനായി ജനിച്ച മുറകാമി കുട്ടിക്കാലം മുതലേ സാഹിത്യത്തിലും എഴുത്തിലും വാസനാബലം ഉള്ളവനായത് സ്വാഭാവികം. പാശ്ചാത്യ സാഹിത്യ താല്പര്യം പില്‍ക്കാലത്ത് വാസെദാ സര്‍വ്വകലാശാലയില്‍ ഗ്രീക്ക്‌ നാടകവും തിരക്കഥാരചനയും പഠിക്കുന്ന കാലത്ത് അദ്ദേഹത്തിന്റെ എഴുത്തിന്റെ സൂക്ഷ്മ വശങ്ങളെ രൂപപ്പെടുത്തുന്നതില്‍ പങ്കു വഹിച്ചു എന്നു കാണാം. പാശ്ചാത്യ സാഹിത്യ സാംസ്ക്കാരിക ചിഹ്നങ്ങള്‍ ഏറെ പ്രകടമാണ് അവയില്‍ . 'ആട് വേട്ട'യില്‍ സമൃദ്ധമായ അമേരിക്കന്‍- യൂറോപ്യന്‍ പോപ്‌ സാംസ്കാരിക സൂചകങ്ങള്‍ ഉദാഹരണം. ഉത്തരാധുനിക ജപ്പാനില്‍ ശക്തമായ പാശ്ചാത്യ സാംസ്ക്കാരിക സങ്കലനം ഇതിനു വളം വെച്ചിട്ടുണ്ടാവാം.

വിരക്തിയും പരുക്കന്‍ സിനിസിസവും:
'ആടു വേട്ട'യുടെ തുടക്കത്തിലേ പ്രധാന കഥാപാത്രം ജീവിതത്തില്‍ മടുപ്പ് ബാധിച്ച അവസ്ഥയിലാണ്. ഭാര്യ ഉപേക്ഷിച്ചു പോയ്ക്കഴിഞ്ഞ അയാളുടെ ജീവിതത്തില്‍ 'അസാധാരണ' കാര്യങ്ങള്‍ ഉണ്ടാവുന്നത് പുതിയ കൂട്ടുകാരിയുടെ ചെവികളുടെ പ്രത്യേകതയില്‍ തുടങ്ങുന്നു. അസാമാന്യമാം വിധം സുന്ദരവും ലൈംഗിക ബന്ധത്തെ പതിന്മടങ്ങ്‌ അസ്വാദ്യകരവുമാക്കുന്നു അതിന്റെ കാഴ്ച. "ഒരു ചെറു പ്രസാധക കമ്പനിയുടെ പാര്‍ട്ട് ടൈം പ്രൂഫ്‌ റീഡര്‍, ചെവിയുടെ ചിത്രങ്ങളില്‍ സ്പെഷ്യലൈസ് ചെയ്യുന്ന ഒരു കൊമേര്‍ഷ്യല്‍ മോഡല്‍, അടുത്തറിയാവുന്ന ചുറ്റുവട്ടങ്ങളില്‍ രഹസ്യമായി ഒരു കാള്‍ ഗേള്‍ . ഇതിലേതായിരുന്നു അവളുടെ ജോലിയായി അവള്‍ത്തന്നെ ശരിക്കും കണ്ടിരുന്നതെന്നു എനിക്കറിയില്ല; അവള്‍ക്കും.” 'ബോസ്' എന്ന് മാത്രം പേരുള്ള, ജപ്പാനെ മുഴുവന്‍ ഫലത്തില്‍ നിയന്ത്രിക്കുന്ന ഒരു വലതു പക്ഷ , മാഫിയാ സമാന ശക്തികേന്ദ്രത്തിന്റെ തലവന് വേണ്ടി നിഗൂഡതകളുള്ള ഒരു ആടിനെ കണ്ടു പിടിക്കുക എന്ന ദൗത്യം അയാളെ തേടിയെത്തുന്നു. തന്റെ നിലവിലുള്ള ജോലി ഉപേക്ഷിച്ചു അയാള്‍ ആടിനെയും വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഓരു വാക്കും പറയാതെ അപ്രത്യക്ഷനായ 'ദി റാറ്റ്' എന്ന് ഇരട്ടപ്പേരുള്ള സുഹൃത്തിനെയും തേടിയിറങ്ങുന്നു. എന്നാല്‍ ഈ ഘട്ടത്തിലും, അന്ത്യ ശാസനത്തിന്റെ ഭീഷണിയുള്ള ദൗത്യം തേടിയുള്ള എങ്ങുമെത്താത്ത യാത്രയിലും തന്റെ കൂട്ടുകാരിയുമായിപ്പോലും അയാള്‍ക്ക്‌ വൈകാരികമായ എന്തെങ്കിലും ഇഴയടുപ്പം ഉണ്ടാവുന്നതേയില്ല. .............
തുടര്‍ വായനയ്ക്ക്:

(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 110-117)


Sunday, March 30, 2025

Suddenly in the Depths of the Forest by Amos Oz / Sondra Silverston

സഞ്ചിത ചരിത്രത്തിന്റെ വനാന്തരങ്ങള്‍



നാല്പ്പതുകളുടെയും അമ്പതുകളുടെയും കലങ്ങിമറിഞ്ഞ സംഘര്‍ഷ ഭരിതമായ ഇസ്രായേലി സാഹചര്യങ്ങളില്‍ വളര്‍ന്നു വരവിന്റെ വഴിവെളിച്ചമായി അമ്മ പറഞ്ഞ കഥകളുടെ ഓര്‍മ്മ ‘എ ടെയ്ല്‍ ഓഫ് ലവ് ആന്‍ഡ്‌ ഡാര്‍ക്ക്നസ്സ്’  എന്ന ഓര്‍മ്മപ്പുസ്തകത്തില്‍ ആമോസ് ഓസ്‌ വിവരിക്കുന്നുണ്ട്. മുപ്പത്തിയെട്ടാം വയസ്സില്‍, ആമോസിന് പന്ത്രണ്ടു വയസ്സ് മാത്രമുള്ളപ്പോള്‍, ദുരൂഹകാരണങ്ങളാല്‍ സ്വയം അവസാനിപ്പിച്ച തരള ഹൃദയയായിരുന്ന അവര്‍ മകനോട്‌ സംവദിക്കാന്‍ കണ്ട മാര്‍ഗ്ഗമായിരുന്നു മുത്തശ്ശിക്കഥകള്‍. Suddenly in the Depths of the Forest എന്ന ചെറു നോവലില്‍ ഇസ്രായേലിലെ ഈ വലിയ എഴുത്തുകാരന്‍ സ്വയം തന്റെ ജീവിതത്തിന്റെയും രചനകളുടെയും പശ്ചാത്തലം രൂപപ്പെടുത്തിയ, സഞ്ചിത ചകിതാനുഭവങ്ങള്‍ ദൃഷ്ടാന്ത/ മുത്തശ്ശിക്കഥാരൂപത്തില്‍ ആവിഷ്കരിക്കുകയാണ്.

വര്‍ഷങ്ങള്‍ക്ക് മുമ്പ്, എന്നുവെച്ചാല്‍ നോവലിലെ മുഖ്യ കഥാപാത്രങ്ങളായ ഇപ്പോഴത്തെ കുട്ടികളുടെ അച്ഛനമ്മമാര്‍ കുട്ടികള്‍ ആയിരുന്ന കാലത്ത്, മൃഗങ്ങളും മത്സ്യങ്ങളും കീടങ്ങളും പുഴുക്കളും പോലും പൊടുന്നനെ ഒരു നാള്‍ അപ്രത്യക്ഷരാകുന്ന അരസാധാരണ സംഭവം ഗ്രാമത്തില്‍ അരങ്ങേറുന്നതാണ്‌ ഇതിവൃത്തിന്റെ പുരോഭാഗം. വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുനൂറു വേട്ടക്കാരും നാലു മുക്കുവരും ഉണ്ടായിരുന്ന ഗ്രാമം, പുഴയില്‍നിന്ന് മത്സ്യങ്ങളും കരയില്‍നിന്ന് മൃഗങ്ങളും അന്തര്‍ദ്ധാനം ചെയ്തതോടെ, ശാപഗ്രസ്തമല്ലാത്ത ഇടങ്ങളിലേക്കുള്ള ആളുകളുടെ പാലായനത്തെ തുടര്‍ന്ന് വിജനമായതാണ്. “ഗ്രാമം നരച്ചതും മ്ലാനവുമായിരുന്നു. അതിനു ചുറ്റും എല്ലാ ഭാഗത്തും പര്‍വ്വതങ്ങളും കാടും, മേഘങ്ങളും കാറ്റുമായിരുന്നു.” ഒരു ശപ്തനഗരം പോലെ അത് വിഷാദപൂര്‍ണ്ണവും എകാന്തവുമായി കാണപ്പെട്ടു. “സര്‍വ്വത്ര വല്ലാത്തൊരു സിശ്ശബ്ദതയായിരുന്നു, ഒരു പശുവും കരഞ്ഞില്ല, ഒരു കഴുതയും ഓരിയിട്ടില്ല, ഒരു കിളിയും ചിലക്കുന്നില്ല, ആകാശത്തിനു കുറുകെ അരയന്നക്കൂട്ടമില്ല, ഗ്രാമീണര്‍ ആത്യാവശ്യത്തിനല്ലാതെ പരസ്പരം സംസാരിക്കുന്നില്ല.” മുതിര്‍ന്നവര്‍ എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് മൌനത്തിന്റെ ഒരു സാമൂഹിക മതില്‍ തീര്‍ത്തിട്ടുണ്ട്. ഓര്‍മ്മകളില്‍ ഒരു വിവേചനവും. മുതിര്‍ന്നവരില്‍ ഒന്നോ രണ്ടോ പേര്‍ മാത്രം പഴയ കാലങ്ങളെ ഓര്‍ത്തിരുന്നു, കിളികളെയും മൃഗങ്ങളെയും സ്വപ്നം കണ്ട് തന്റെ പ്രിയപ്പെട്ട നായ സീറ്റൊയെ ഓര്‍ത്തിരിക്കുന്ന മുക്കുവന്‍ ആല്‍മന്‍, തടിയില്‍ തീര്‍ത്ത കൊച്ചുരൂപങ്ങള്‍ കുട്ടികള്‍ക്ക് നല്‍കി. ആരും കല്യാണം കഴിക്കാന്‍ ആഗ്രഹിക്കാത്ത ഇമ്മാനുവേല ടീച്ചര്‍, ക്ലാസ് മുറിയില്‍ കുട്ടികളോട് സുന്ദരജീവികളെ കുറിച്ച് കഥകള്‍ പറഞ്ഞു. കേട്ടറിവു മാത്രമായ പ്രതിഭാസത്തെ വിശ്വസിക്കാനാവാത്ത പുതുതലമുറ അവരെ കളിയാക്കി. ചലനശേഷിയില്ലാതെ ചുരുണ്ടുകൂടിയ ഭര്‍ത്താവ് ഗിനോമിനെ ശുശ്രൂഷിച്ചു കഴിയുന്ന തുന്നല്‍ക്കാരി സൊലീനയും ഓര്‍മ്മകള്‍ സൂക്ഷിക്കുന്നുണ്ട്. അങ്ങനെ ഓര്‍മ്മിച്ചു വെക്കുന്നവര്‍ക്കെതിരില്‍ സമൂഹം ഒരു ശത്രുതാ ഭാവം സൂക്ഷിക്കുകയും ചെയ്യുന്നു.

അതേ സമയം ഗ്രാമാതിര്‍ത്തിക്ക് വെളിയിലെ വനത്തിലേക്ക് കടന്നുപോയാല്‍ തങ്ങളെ നേഹിയെന്ന പര്‍വ്വതസത്വം പിടികൂടുമെന്ന് കുട്ടികളെ പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ മുത്തശ്ശിക്കഥയിലെ പതിവുപോലെ വിലക്കുകള്‍ക്കപ്പുറമുള്ള സത്യം എന്തെന്നറിഞ്ഞേ അടങ്ങൂ എന്ന് ഉറച്ച മനസ്സുള്ള പെണ്‍കുട്ടി മായ, ചകിതനെങ്കിലും കൂട്ടുകാരിക്കൊപ്പം ഇത്തിരി സാഹസമാവാം എന്ന് കരുതുന്ന ബാലന്‍ മാത്തി എന്നീ കൂട്ടുകാര്‍ ചിന്തിക്കുന്നു. പുഴയില്‍ കാണപ്പെട്ട ഒരൊറ്റ മത്സ്യമാണ് അവരില്‍ പ്രതീക്ഷയുണര്‍ത്തുന്നത്. അത് വെറും തോന്നലായിരുന്നോ യാഥാര്‍ത്ഥ്യമായിരുന്നോ എന്ന സന്ദേഹം അവരെ ഏറെ അലട്ടുന്നുണ്ട്. ഒരു ജീവി സാധ്യമാണെങ്കില്‍ വേറെയും കണ്ടേക്കാം എന്ന തോന്നലിലാണ് വിലക്കുകളുടെ ശൃംഖല ഭേദിച്ച് അവര്‍ അന്വേഷണം തുടങ്ങുന്നത്. “വനാന്തര്‍ ഭാഗത്ത് എന്താണ് ഒളിഞ്ഞിരിക്കുന്നത് എന്ന് കണ്ടെത്താന്‍ ശ്രമിക്കണമെന്ന് ഭാവന അവരെ പ്രലോഭിപ്പിച്ചു.” സന്ദേഹങ്ങളുടെ വനങ്ങളിലേക്ക് ആത്മാന്വേഷണങ്ങളുമായി യാത്ര പോയവരാണ് കരുണാമയനായ ബുദ്ധനും രക്ഷകനായ ക്രിസ്തുവും പ്രവാചകനായ നബിയും ഒക്കെയായത് എന്നത് മാനവ സംസ്കൃതിയുടെ വലിയ പാഠമാണ്. അവിടെ ഒരു ഗുഹയില്‍ വെച്ച് ഇപ്പോള്‍ ശാന്തനും സ്വയം പര്യാപ്തിയുള്ളവനുമായ നേമിയെ മായയും മാത്തിയും കണ്ടു മുട്ടുന്നു; മറ്റാര്‍ക്കും അനുഭവപ്പെടാത്തവിധം നിരന്തരമായി മൃഗങ്ങളുടെ സ്വപ്നാവേശം ഉണ്ടായതു കാരണം മുമ്പൊരിക്കല്‍ വനത്തിലേക്ക് പോവുകയും ആഴ്ചകള്‍ക്ക് ശേഷം ഒരു മൂങ്ങയെപ്പോലെ ശബ്ദമുണ്ടാക്കിക്കൊണ്ട്‌ അവശനും പ്രാകൃതനുമായി തിരിച്ചെത്തുകയും ചെയ്തതിനെ തുടര്‍ന്ന് ഇതര ഗ്രാമീണ ബാലകരുടെ പരിഹാസ പാത്രമായവന്‍. പ്രദേശത്തെ മൃഗങ്ങളെ മുഴുവന്‍ നിഗൂഡശക്തിയാലെന്നോണം ആകര്‍ഷിച്ചു കൊണ്ടുപോയ, പില്‍ക്കാലം പര്‍വ്വത സത്വമെന്നറിയപ്പെട്ട നേഹിയും ഒരു കാലത്ത് തന്റെ വ്യത്യസ്തത കാരണം അന്യനും അപരനുമായി വേട്ടയാടപ്പെട്ടവനായിരുന്നു. മായ ഒരു നൈതിക ബോധ്യത്തിലേക്ക് നീങ്ങുകയാണ്: “മറ്റൊരു യാത്രികനെ കളിയാക്കുകയോ വേദനിപ്പിക്കുകയോ ചെയ്യുന്ന ഏതൊരാളും സത്യത്തില്‍ വിഡ്ഢിയാവുകയാണ്; മുഴുവന്‍ വഞ്ചിയേയും മുറിപ്പെടുത്തുകയും. എന്തൊക്കെപ്പറഞ്ഞാലും ഇവിടെ ഒരാള്‍ക്കും മറ്റൊരു വഞ്ചിയില്ല.” വൈയക്തികമായ കണ്ടെത്തല്‍ എന്നതിലേറെ മായയുടെ നിരീക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന സാമൂഹിക മാനങ്ങള്‍ ഹോളോകോസ്റ്റിന്റെയും പാലായനത്തിന്റെയും ജൂതാനുഭാവത്തിന്റെ ഭാഗമായ അശാന്ത ചരിത്രത്തിന്റെയും പാഠങ്ങളുമായി കണ്ണിചേരുന്നുണ്ട്; നോവലില്‍ അതൊരിക്കലും എടുത്തുപറയുന്നില്ലെങ്കിലും. ഹോളോകോസ്റ്റിന്‍റെ മാനവികദുരന്തം ഒരു ഇരുണ്ട രഹസ്യമായി ചൂഴ്ന്നുനില്‍ക്കുന്നതിന്‍റെയും വാഗ്ദത്തഭൂമിയിലേക്കുള്ള കപ്പല്‍ യാത്രയിലെ അസന്തുഷ്ടിയും ആമോസ് ഓസിന്റെ ഓര്‍മ്മകളില്‍ നിഴല്‍ വിരിക്കുന്നുണ്ട്‌. പകല്‍ സമയത്ത് എണ്ണുമ്പോള്‍ എട്ടെണ്ണമായും രാത്രി ഒമ്പതായും തോന്നുന്ന മരങ്ങള്‍ ഹീബ്രു കലണ്ടറിലെ ‘വര്‍ഷത്തിലെ ഏറ്റവും ദുഃഖഭരിതമായ ദിന’ത്തെ സൂചിപ്പിക്കുന്നുവെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (Julia Pascal, Independent). മായക്കും മാത്തിക്കും ഇടക്കൊക്കെ അനുഭവപ്പെടുന്ന മുമ്പെന്നോ അതേപടി സംഭവിച്ചത്/ സാക്ഷിയായത് എന്ന തോന്നല്‍ (déjà vu) നോവലിന്റെ സഞ്ചിതാനുഭവഭാവത്തെ ഉറപ്പിക്കുന്നതാണ്.

ആദിമ സ്വര്‍ഗ്ഗത്തെ കുറിച്ചുള്ള മിത്തുകളുമായും കൂട്ടിവായിക്കാവുന്ന സൂചകങ്ങള്‍ നോവലില്‍ ഉടനീളമുണ്ട്. നേഹിയെന്ന പര്‍വ്വത സത്വംപുരാണത്തിലെ കുഴലൂത്തുകാരന്‍ കഥാപാത്രമാണ്,  തന്റെ മാന്ത്രികസിദ്ധികൊണ്ട് അയാള്‍ കൊണ്ടുപോകുന്നത് പക്ഷെ മനുഷ്യര്‍ ഒഴിച്ചുള്ള മറ്റെല്ലാ ജീവികളെയുമാണ്. അവിടെ പര്‍വ്വതങ്ങളും വനവും കോട്ട തീര്‍ക്കുന്ന ഒരാദിമസ്വര്‍ഗ്ഗത്തില്‍ അവ ഹിംസയേതും കൂടാതെ സ്വരച്ചേര്‍ച്ചയില്‍ കഴിയുന്നു. മായയും മാത്തിയും പ്രദേശത്തെ പുതുതലമുറയില്‍ അവയെ കാണുന്ന ആദ്യവ്യക്തികളായിത്തീരുന്നു. പറുദീസാനഷ്ടത്തിന്റെയും അനുഭവങ്ങളിലൂടെയുള്ള തിരിച്ചറിവുകളുടെയും (from innocence to experience) കഥയായും നോവലിനെ വായിക്കാം. കാപട്യങ്ങളില്‍ അഭിരമിക്കുന്ന മുതിര്‍ന്നവരുടെ ലോകത്തുനിന്ന് മൃഗകഥകളുടെ ബാല്യം തിരിച്ചു പിടിക്കുന്ന നിഷ്കളങ്കതയുടെ മുതിര്‍ന്നു വരവിന്റെ കഥയായും (coming-of-the-age story), കൂട്ടംചേര്‍ന്നുള്ള വേട്ടയാടലിന്റെയും ഒറ്റപ്പെടലിന്റെയും കുറ്റബോധത്തിന്റെയും അന്യാപദേശ (parable) കഥയായും, പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതമെന്ന തിരിച്ചറിവിന്റെ രൂപകകഥയായും പുസ്തകത്തെ സമീപിക്കാം. വ്ലാദിമിര്‍ നബകോഫ് നിരീക്ഷിച്ചപോലെ ഒരു മികച്ച എഴുത്തുകാരനില്‍ ഒരു കഥപറച്ചില്‍ക്കാരനും, ഒരു അധ്യാപകനും ഒപ്പം ഒരു ജാലക്കാരനും അടങ്ങിയിട്ടുണ്ടെങ്കില്‍ ആമോസ് ഓസിന്റെ ‘പൊടുന്നനെ വനത്തിന്റെ അഗാധതയില്‍’ രചനയുടെ ഈ മൂന്നു സ്വത്വങ്ങളെയും സാക്ഷാത്കരിക്കുന്നുണ്ട്.

എന്നാല്‍ ഹാന്‍സ് ക്രിസ്റ്റ്യന്‍ ആന്‍ഡെഴ്സന്‍ കഥകളിലെതുപോലെ ശുഭാന്ത്യത്തില്‍ വിരാമചിഹ്നമിടുന്നതല്ല ആമോസ് ഓസിന്റെ മായികലോകം. ഉണങ്ങിച്ചുരുണ്ട കുട്ടിയായി കാട്ടില്‍ നിന്നിറങ്ങിവരുന്ന ഗിനോമിനെ പോലെ, വൃത്തിഹീനമായി എപ്പോഴും മൂക്കൊലിക്കുന്ന, മൂങ്ങയുടെ ശബ്ദത്തില്‍ മുരളുന്ന നിമിയെ പോലെ അത്ര നല്ല ചിഹ്നങ്ങളല്ല നിഗൂഡതയുടെ വനം ഇവിടെ കാത്തുവെക്കുന്നത്. എങ്കിലും മായയേയും മാത്തിയേയും ഗ്രാമത്തിലേക്ക് തിരികെ അയക്കുമ്പോള്‍ നേഹിയുടെ സന്ദേശം വ്യക്തമാണ്: ഒരു നാള്‍ ആളുകള്‍ ക്രൂരത കുറഞ്ഞവരും തന്റെ പ്രതികാരദാഹം തണുത്തതും ആയിരിക്കുമ്പോള്‍ മൃഗങ്ങള്‍ ഗ്രാമത്തിലേക്ക് തിരികെ വന്നേക്കാം. വായനാസമൂഹമായി കുട്ടികളെയും മുതിര്‍ന്നവരെയും ഒരു പോലെ ലക്ഷ്യം വെക്കുമ്പോഴും അത്ര ലഘുവായതല്ല ഇരുവര്‍ക്കും എന്നതാണ് വലിപ്പം കൊണ്ട് മാത്രം ചെറുതായ നോവലിന്റെ വസ്തുത.

 


Monday, March 24, 2025

Man Tiger by Eka Kurniawan/ Labodalih Sembiring

ക്രോധം ഒരു കടുവയാണ്


                                                                                             

പുതിയ നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ഇന്തോനേഷ്യന്‍ സാഹിത്യത്തില്‍ ലബ്ധപ്രതിഷ്ടനാണ് എകാ കുര്‍നിയാവാന്‍ എന്ന യുവ നോവലിസ്റ്റ്
. അദ്ദേഹത്തിന്റെ Beauty Is a Wound, Man Tiger എന്നീ രണ്ടു കൃതികള്‍ ഏറെ വൈകിയാണ് ഇംഗ്ലീഷില്‍ ലഭ്യമായിത്തുടങ്ങിയതെങ്കിലും ഇതിനോടകം അവ രണ്ടും ഏറെ ശ്രദ്ധേയമായിട്ടുണ്ട്. ആദ്യകൃതി ബൃഹദ് ആഖ്യാനമാണെങ്കില്‍, Man Tiger ഏറെ ചെറുതും പിരിമുറുക്കമുള്ളതുമാണെന്നു വിമര്‍ശക മതം. Beauty Is a Wound ചരിത്രത്തെയും മിത്തുകളെയും പ്രകൃത്യതീത (supernatural) ഘടകങ്ങളെയും ആവുവോളം കോര്‍ത്തിണക്കി ഉപയോഗിക്കുന്നുവെങ്കില്‍, ഇവിടെ അതെല്ലാം സൂചനകളിലും സൂക്ഷ്മ പരാമര്‍ശങ്ങളിലും ഒതുങ്ങുന്നു. എന്നാല്‍, ഇരു രചനകളിലും സാഹിത്യ വിഭാഗങ്ങളുടെ അതിരുകള്‍ ഭേദിക്കുന്നത് (genre-breaking & genre-mixing) പോലുള്ള കുര്‍നിയാവാന്‍ ശൈലിയുടെ ശ്രദ്ധേയ ഘടകങ്ങള്‍ ഇഴചേരുന്നുണ്ട്. മാന്‍ ബുക്കര്‍ പുരസ്ക്കാരത്തിന് ലോംഗ് ലിസ്റ്റ് ചെയ്യപ്പെട്ട നോവലാണ്‌ Man Tiger.

കടുവ ആവേശിക്കുമ്പോള്‍

ആദ്യ വാചകത്തില്‍ത്തന്നെ ബീഭത്സമായ ഒരു കൊലപാതക്കത്തെ കുറിച്ച് വികാരരഹിതമായ പ്രസ്താവന നടത്തിക്കൊണ്ടാണ് നോവല്‍ ആരംഭിക്കുന്നത്. “മാര്‍ജ്ജിയോ അന്‍വര്‍ സാദത്തിനെ കൊന്ന ആ സായാഹ്നത്തില്‍ , ക്യായ് ജാരോ തന്റെ മത്സ്യക്കുളത്തില്‍ ആനന്ദകരമാംവിധം തിരക്കിലായിരുന്നു.” നോവലിന്റെ അവസാനവും സമാനമായ, നേരിട്ടുള്ള, കടുത്തുപോയ, വികാരശൂന്യമായ (hard-boiled) രീതിയിലാണ്:

എന്റെ അമ്മയെ വിവാഹം ചെയ്യൂ, അവള്‍ സന്തുഷ്ടയായിരിക്കും.”
അന്‍വര്‍ സാദത്ത്‌ അങ്കലാപ്പോടെ തല വെട്ടിച്ചു, മുറിഞ്ഞു മുറിഞ്ഞാണ് മറുപടി വന്നത്.
അത് അസാധ്യമാണ്, നിനക്കറിയാമല്ലോ എനിക്ക് ഭാര്യയും പെണ്മക്കളും ഉണ്ട്.” നിര്‍ദ്ദേശം അസംബന്ധമാണെന്ന് അയാളുടെ മുഖഭാവത്തില്‍ എന്തോ ഒന്ന് പറഞ്ഞു , അയാള്‍ പിന്നീട് പറഞ്ഞതിനെ അത് പുനരുക്തിയാക്കി. “അത് മാത്രമല്ല, ഞാന്‍ നിന്റെ അമ്മയെ പ്രണയിക്കുന്നുമില്ല.”
അപ്പോഴാണ്‌ മാര്‍ജ്ജിയോയില്‍ നിന്ന് കടുവ പുറത്തു ചാടിയത്, അരയന്നത്തെപ്പോലെ തൂവെള്ളയായി.”

തികച്ചും സാധാരണമായ ദരിദ്ര കുടുംബത്തിലെ അംഗമായ സാമാന്യേന ശാന്തനായ യുവാവിനെ ഇങ്ങനെ ഒരു കര്‍മ്മം ചെയ്യുന്നതിലേക്ക് നയിക്കുന്ന പുരാവൃത്തമാണ് നോവലിന്റെ ഇതിവൃത്തം. ...............
തുടര്‍ വായനയ്ക്ക്:

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 74-79)

More reading:

The Garden of Evening Mists by Tan Twan Eng

https://alittlesomethings.blogspot.com/2015/10/blog-post.html

This Earth of Mankind by Pramoedya Ananta Toer/ Max Lane

https://alittlesomethings.blogspot.com/2024/08/this-earth-of-mankind-by-pramoedya.html

Saman by Ayu Utami

https://alittlesomethings.blogspot.com/2024/06/saman-by-ayu-utami.html

Beauty Is a Wound by Eka Kurniawan

https://alittlesomethings.blogspot.com/2024/08/beauty-is-wound-by-eka-kurniawan.html

Saturday, January 20, 2018

Lincoln in the Bardo by George Saunders

മൃതിയിലും തീരാത്ത നൊമ്പരങ്ങള്‍




രണ്ടാം ലോക യുദ്ധാനന്തര കാലഘട്ടത്തില്‍ ക്ഷേമരാഷ്ട്ര സിദ്ധാന്തം പോലുള്ള കാഴ്ചപ്പാടുകളില്‍ സംഭവിച്ച ശൈഥില്യത്തിനും തത്ഫലമായ നൈരാശ്യത്തിനും മറുമരുന്നായ ആത്മീയാന്വേഷണങ്ങളുടെ അഭയസ്ഥലികളായി പാശ്ചാത്യലോകം പൊതുവെയും അമേരിക്കന്‍ യുവത വിശേഷിച്ചും കണ്ടെത്തിയ ഇടങ്ങളായിരുന്നു പൗരസ്ത്യ-ബുദ്ധിസ്റ്റ്-നിര്‍വ്വാണ ആശയഗതികളോടുള്ള കാല്‍പ്പനികാഭിനിവേശം. അര്‍ത്ഥ ശൂന്യമായി അവര്‍ മനസ്സിലാക്കിയ ഭൗതികാര്‍ത്ഥന്വേഷണങ്ങളും അതിനു അനുപൂരകമായ കാമ്പസുകളും വിട്ട് കാവ്യ- സംഗീത- സൈക്കെഡലിക്- ബൗദ്ധിക അരാചക ജീവിതങ്ങളുമായി സ്വപ്നത്തിനും ജാഗ്രത്തിനും ഇടയിലെ സ്വയം കല്‍പ്പിത വിമോചിത ഇടങ്ങളില്‍ കഴിയാനിഷ്ടപ്പെട്ട അമ്പതുകളിലെ ബീറ്റ്നിക് പ്രസ്ഥാനം പോലുള്ള ഇടയില്‍ പെട്ടുപോയ തലമുറയെ പൗരസ്ത്യ ആത്മീയ ധാരകള്‍ ആഴത്തില്‍ സ്വാധീനിച്ചു. ഡിലാന്‍ തോമസും അലന്‍ ഗിന്‍സ്ബര്‍ഗും ജാക്ക് കെരുവാക്കും വില്ല്യം എസ്. ബരോസും ആവേശമായിരുന്ന ഒരു തലമുറ ബുദ്ധമത ദര്‍ശനത്തിന്റെ അച്ചടക്കം തികഞ്ഞ രീതികളില്‍ അനുരക്തരാകുക എന്നത് വിചിത്ര സൌന്ദര്യമിയന്ന ഒരു ധൈഷണിക സങ്കരമായിരുന്നു. അതെന്തായാലും, അവരുടെയൊക്കെ ഭാവനയില്‍ ഇടം പിടിച്ച ദര്‍ശനവ്യവസ്ഥകളില്‍ ടിബറ്റന്‍ ബുദ്ധിസ്റ്റ് ആശയമായ ബാര്‍ദോസങ്കല്‍പ്പനം പ്രമുഖമാണ്. മൃതിക്കും പുനര്‍ജ്ജനിക്കും ഇടയിലെ പരിണാമ ഘട്ടമായോ ശുദ്ധീകരണ ഘട്ടമായോ സങ്കല്‍പ്പിക്കപ്പെട്ട ഇടമായ ബാര്‍ദോ പലപ്പോഴും  ക്രിസ്തീയമായ ബെസ്പുര്‍ക്കാനയുമായും ഡാന്റെയുടെ ഇന്‍ഫെര്‍നോയുമായും കൂടിക്കുഴഞ്ഞാണ്, ഈ ലേഖനത്തിന്റെ വിഷയമായ ലിങ്കന്‍ ഇന്‍ ദി ബാര്‍ദോയിലേതു പോലെ, സങ്കല്‍പ്പിക്കപ്പെട്ടത്‌. ബാര്‍ദോ തദോള്‍ അഥവാ മധ്യമാവസ്ഥക്കിടയിലെ കേള്‍വിയിലൂടെയുള്ള മഹത്തായ വിമോചനം’ (The Bardo Thodol, Liberation Through Hearing During the Intermediate State) എന്ന ടിബറ്റന്‍ പുണ്യ ഗ്രന്ഥം അതുകൊണ്ട് തന്നെ മരിച്ചവരുടെ ടിബറ്റന്‍ പുസ്തകമായി  (The Tibetan Book of the Dead) കണക്കാക്കപ്പെടുന്നു. ടിബറ്റന്‍ സങ്കല്‍പ്പത്തില്‍, ഒരാള്‍ മരിക്കുമ്പോള്‍ ആ വ്യക്തി ബാര്‍ദോഅവസ്ഥയില്‍ പ്രവേശിക്കുന്നു. അവിടെ നിന്ന് ഒന്നുകില്‍ ജനന-മരണ ചക്രങ്ങളില്‍ നിന്ന് മോചനം നേടി നിര്‍വ്വാണാവസ്ഥ പ്രാപിക്കുന്നു; അല്ലെങ്കില്‍ കടുത്ത വിഭ്രമങ്ങളിലൂടെ കടന്നു പോയ ശേഷം പതിയെ പുതിയൊരു ശരീരത്തില്‍ പുനര്‍ജ്ജനിക്കുന്നു. ബാര്‍ദോ തദോള്‍ ഈ അവസ്ഥ കടന്നു പോകാന്‍ മൃതാത്മാവിനെ പ്രാപ്തമാക്കുന്ന ഗ്രന്ഥമാണ്.

ആത്മലോകത്തെ കൂട്ടിരിപ്പുകാര്‍

ചെറുകഥാകാരനായി അമേരിക്കന്‍ സാഹിത്യത്തില്‍ നിലയുറപ്പിച്ച ജോര്‍ജ്ജ് സോണ്ടെഴ്സിന്റെ ആദ്യനോവലാണ്‌ ലിങ്കന്‍ ഇന്‍ ദി ബാര്‍ദോ’. നോവലില്‍ ബാര്‍ദോയില്‍ കുരുങ്ങിപ്പോവുന്ന ലിങ്കന്‍, പതിനൊന്നാം വയസ്സില്‍ 1862 ഫെബ്രുവരി 20-നു  ടൈഫോയിഡ് ബാധയെ തുടര്‍ന്ന് മരിച്ചു പോയ വില്ലിയാണ്; എബ്രഹാം ലിങ്കന്റെയും വില്ലി ടോഡ്‌ ലിങ്കന്റെയും മൂന്നാമത്തെ മകന്‍. മാതാപിതാക്കള്‍ താഴെ വൈറ്റ് ഹൌസിലെ സ്റ്റേറ്റ് ഹാളില്‍ വലിയൊരു പാര്‍ട്ടി നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ബുദ്ധിശക്തിയും സൗമ്യ പ്രകൃതിയും കൊണ്ട് എല്ലാവരുടെയും, വിശേഷിച്ചും പ്രസിഡന്റെയും, അരുമയായിരുന്ന കുഞ്ഞുമകന്‍ മുറിയില്‍ മരിച്ചു കൊണ്ടിരിക്കുകയായിരുന്നു. അവന്‍ സുഖപ്പെടുകയാണെന്ന ഡോക്റ്ററുടെ ഉറപ്പില്‍ വിശ്വസിച്ച പ്രസിഡണ്ട്‌ വലിയൊരു ഷോക്കിന്റെ തൊട്ടരികിലാണ്. നോവലിലെ മുഴുനീള രീതിയായ സമകാലിക ഉദ്ധരണികളിലൂടെയാണ് എല്ലാം ആവിഷ്കരിക്കപ്പെടുന്നത്. പ്രഭവങ്ങള്‍ എത്രമാത്രം ചരിത്രപരമായി വസ്തുതാപരമാണ്, ഏതൊക്കെ ഫിക് ഷനല്‍ ആണ് എന്ന് തീര്‍ത്ത്‌ പറയുക വയ്യ. വില്ലിയുടെ ഭൗതിക ശരീരം, പില്‍ക്കാലം പിതാവിനരികെ സ്പ്രിംഗ്ഫീല്‍ഡില്‍ നിത്യ വിശ്രമാത്തിലാകും മുമ്പ്ജോര്‍ജ്ജ്ടൌണിലെ ഓക്ക് ഹില്‍ സെമിത്തേരിയില്‍ ഒരു മാര്‍ബിള്‍ പേടകത്തില്‍ താല്‍ക്കാലികമായി അടക്കം ചെയ്യപ്പെടുന്നുണ്ട്. ചുരുങ്ങിയത് രണ്ടു തവണയെങ്കിലും ദുഃഖാര്‍ത്തനായ പിതാവ് അറയില്‍ പ്രവേശിക്കുകയും ജഡം കയ്യിലേന്തി ദീര്‍ഘനേരം ചെലവിടുകയും ചെയ്തതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ആ ദിനങ്ങളിലെ ന്യൂസ്‌പേപ്പറുകള്‍ റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം ലിങ്കന്‍ പലവുരു പേടകത്തിലേക്ക് കടക്കുകയും കുഞ്ഞിന്റെ ശരീരം കയ്യിലെന്തുകയും ചെയ്തു. അത് കേട്ടയുടനെ, ഈ ബിംബം എന്റെ മനസ്സിലുയിര്‍ത്തു: ലിങ്കന്‍ സമാരകത്തെയും പിയെത്തയെയും വിളക്കി ചേര്‍ക്കുന്നത്”- സോണ്ടെഴ്സ് നിരീക്ഷിച്ചിട്ടുണ്ട്. അത്ര കണിശമായ അര്‍ത്ഥത്തില്‍ വിശ്വാസിയായിരുന്നില്ലാത്ത ലിങ്കന്‍ ഈ സംഭവത്തിനു ശേഷം കൂടുതല്‍ വിശ്വാസിയായതായി ചരിത്രം പറയുന്നു. ഈ സംഭവത്തിലാണ് നോവല്‍ നങ്കൂരമിടുന്നത്.
സോണ്ടെഴ്സിന്റെ സെമിത്തേരിയില്‍ ഒട്ടേറെ ആത്മാക്കളുണ്ട് നോവലിലെ പ്രമേയങ്ങളെ സംബന്ധിച്ച് ഏറെ പ്രധാനമായ പല കാരണങ്ങളാല്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിനു പകരം തങ്ങളുടെ അഴുകിത്തുടങ്ങുന്ന/ പരിണമിച്ചു കഴിഞ്ഞ ഭൌതികാവശിഷ്ടങ്ങള്‍ക്കരികെ അവിടെത്തന്നെ തങ്ങുന്നവര്‍. ബാര്‍ദോ ഘട്ടത്തിന്‍റെ ദൈര്‍ഘ്യം ഭൂമിയിലെ കര്‍മ്മ ഫലങ്ങളുമായി ബന്ധിതമാണ്. ഡാന്റെയുടെ ശപിക്കപ്പെട്ട ആത്മാക്കളെ പോലെ, ലൌകിക ജീവിതത്തിലെ പരാജയങ്ങളുടെ ചിഹ്നങ്ങളായോ അല്ലെങ്കില്‍ വിട്ടുപോകാന്‍ സാധിക്കാത്ത/ അനുവദിക്കാത്ത വിധം ജീവിച്ചിരിക്കുന്നവരുടെ ലോകവുമായി അവരെ ബന്ധിപ്പിക്കുന്ന ഉത്കണ്ഠകളുടെ അടയാളങ്ങളായോ ബീഭത്സമായ രൂപ വൈകല്യങ്ങള്‍ അവരിലുണ്ട്: തന്റെ മൂന്നു പെണ്‍മക്കളെയും വിട്ടുപോകാനാവാത്ത ഒരു സ്ത്രീയെ മൂന്നു ഗോളങ്ങള്‍ ചൂഴ്ന്നു നില്‍ക്കുന്നു, ഒരു പിശുക്കന്‍ തിരശ്ചീനമായി പൊങ്ങിക്കിടക്കുന്നു, മനുഷ്യരൂപമുള്ള ഒരു കോമ്പസ് സൂചി പോലെ, അയാളുടെ തലയുടെ മുകള്‍ ഭാഗം ഓരോരോ സമയം അയാളെ ഏറ്റവും മഥിക്കുന്ന സ്വത്ത് ഏതാണോ അതുള്ള ഭാഗത്തേക്ക് തിരിഞ്ഞിരിക്കുന്നു”. ഈ ആത്മാക്കളുടെ ഭാഷണങ്ങളിലൂടെ ആവിഷ്കരിക്കപ്പെടുന്ന നോവലില്‍ പ്രധാന ആഖ്യാതാക്കള്‍ മൂന്നു പേരാണ്. കൂട്ടുകാരന്‍ തള്ളിപ്പറഞ്ഞതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സ്വവര്‍ഗ്ഗാനുരാഗിയായ ബെവിന്‍, മധ്യ വയസ്സില്‍ ടീനേജുകാരിയെ വിവാഹം ചെയ്ത് ആദ്യരാത്രിയുടെ ആവേശത്തിനിടെ അപകട മരണം സംഭവിച്ച വോള്‍മാന്‍, തോമസ്‌ എന്ന മുതിര്‍ന്ന ഒരു പാതിരിയും. ബെവിനും വോള്‍മാനും ജീവിച്ചിരുന്നത് അമേരിക്കയുടെ പത്താമത്തെയും പതിനൊന്നാമത്തെയും പ്രസിഡണ്ടുമാരുടെ കാലത്തായിരുന്നു എന്ന് നോവലില്‍ സൂചനയുണ്ട്. ലിങ്കന്‍ പതിനാറാമത് പ്രസിഡണ്ട്‌ ആയിരുന്നു എന്നതും ഇക്കാലത്തിനിടെ ഒട്ടേറെ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നും ഒരു ആഭ്യന്തര യുദ്ധം നടക്കുകയാണ് എന്നും അതില്‍ പ്രസിഡന്റിന്റെ ഭാഗം കഠിന അത്ര നല്ല അവസ്ഥയില്‍ അല്ല എന്നുമൊക്കെ അവര്‍ പതിയെ മനസ്സിലാക്കുന്നുണ്ട്. എന്നാല്‍, തങ്ങള്‍ മരിച്ചുപോയവരാണ് എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുന്നത്‌ ഇക്കൂട്ടത്തില്‍ പാതിരി മാത്രമാണ്. കുട്ടികള്‍ അതിവേഗം കടന്നു പോകുന്ന ബാര്‍ദോ ഘട്ടം, പിതാവിന്റെ ശോകവും അദ്ദേഹം ഇപ്പോഴും നല്‍കുന്ന തലോടലിന്റെ സാന്ത്വനവും കാരണം പിന്നിടാന്‍ വില്ലി കൂട്ടാക്കുന്നില്ല. അത്തരം കുട്ടികളില്‍ ശപിക്കപ്പെട്ട ആത്മാക്കളുടെ പടര്‍ച്ച കാരണം ഉടലില്‍ മാത്രമല്ല മാനസികമായും പൈശാചിക വൈകല്യ വളര്‍ച്ചകള്‍ ഉണ്ടാവുമെന്നിരിക്കെ, മൂന്നു മുഖ്യ ആഖ്യാതാക്കളും ആ കൊടിയ ദുര്‍വ്വിധിയില്‍ നിന്ന് അവനെ രക്ഷപ്പെടുത്തി അയക്കുക അവരുടെ ദൗത്യമായി ഏറ്റെടുക്കുന്നു. നോവലിസ്റ്റിന്റെ ഒരു മുന്‍ കഥയില്‍ (Persuasion Nation- George Saunders) ഒരു കഥാപാത്രം നിരീക്ഷിക്കുന്നുണ്ട്: അപ്രകാരം നിന്ന് പോകുന്നവര്‍ എന്നന്നേക്കും പെട്ടു പോകും, ഓരോ രാവിലും തങ്ങളുടെ മരണം പുനരനുഭവിച്ചു കൊണ്ട്, ഓരോ കൊല്ലവും കൂടുതല്‍ അങ്കലാപ്പിലായി, ഒടുവില്‍ ഭ്രാന്ത് വരെയെത്തി.ലിങ്കന്റെ ഉടലിലേക്ക് പരകായം നടത്തി കുഞ്ഞ് മകനെ സ്വതന്ത്രനാക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ട്. രാജ്യത്തിന്റെ പ്രസിഡന്‍റ് കൂടിയായ പിതാവിനെ അതിനു പ്രേരിപ്പിക്കാനുള്ള അവരുടെ ശ്രമങ്ങളാണ് നോവലിന്റെ ഇതിവൃത്ത കേന്ദ്രം. ഒരിക്കല്‍ ആ പ്രേരണയില്‍ വിജയിച്ചാല്‍, വില്ലിയെ പിതാവിലേക്ക് താല്‍ക്കാലിക പരകായം നടത്തിച്ച് പിതാവിന്റെ മനസ്സ് അവനെ അറിയിക്കാം, അവനെ മോക്ഷത്തിലേക്കുള്ള യാത്രക്ക് തയ്യാറാക്കാം.

മനുഷ്യ ദുഃഖം, ചരിത്ര ദുഃഖം.

ബാര്‍ദോ വാസികളുടെ ബഹുസ്വര ഭാഷണങ്ങളും ചരിത്ര/ ഫിക് ഷനല്‍ ഉദ്ധരണികളും ചേര്‍ന്നാണ്‌ നോവലിന്റെ ഉള്ളടക്കം രൂപപ്പെടുന്നത്. പ്രസിഡന്റിന്റെ മാനസിക നിലയെ കുറിച്ചും ആഭ്യന്തര യുദ്ധത്തിലെ നിലപാടുകളെ കുറിച്ചും പരസ്പര വിരുദ്ധവും അടിസ്ഥാന യുക്തി പോലുമില്ലാത്തതുമായ നിലപാടുകള്‍ പടര്‍ന്നു വന്നത് ആവിഷ്കരിക്കാന്‍ ഈ രീതിയില്‍ നോവലിസ്റ്റിനു കഴിയുന്നുണ്ട്. ഉദ്ധരണികളുടെ അനുസ്യൂതിയും ആത്മാക്കളുടെ ശബ്ദങ്ങളുടെ ആധിക്യവും ചേര്‍ന്ന് ബാര്‍ദോ തദോളിലെ ദുരാത്മാക്കളാല്‍ വളയപ്പെടുന്ന ആത്മാവിനെ ഓര്‍മ്മിപ്പിക്കുന്നുവെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. വിക്റ്റോറിയന്‍ ഗോഥിക് ഫിക് ഷന്റെയും സ്പെഷ്യല്‍ ഇഫെക്റ്റ് ഹൊറര്‍ സിനിമയുടെയും മിശ്രിതം പോലെ നോവല്‍ അനുഭവപ്പെടാമെന്നും ഹാരി കുന്‍സ്രു നിരീക്ഷിക്കുന്നു (Book Review, The Guardian). ഒരു തീം പാര്‍ക്കിന്റെയൊ ഓഫീസ് ഇടത്തിന്റെ പരിചിത മാനങ്ങളും അയഥാര്‍ത്ഥമായ ഭ്രമലോകത്തില്‍ ശ്വാസം മുട്ടിക്കുന്ന ഇടത്തില്‍ തടവിലായിപ്പോയ അവസ്ഥയും ഒരേ സമയം ഈ ആത്മാക്കളുടെ ലോകത്തിനുണ്ട്. ഒരു നിലക്ക്, ഭയജനകമായ നാടോടിക്കഥകളിലെ ഒരു ശ്മശാനചിത്രത്തിന്റെ ത്രിമാന ആവിഷ്കാരം പോലെ, അതിനു ജീവന്‍ വെച്ച പോലെ അനുഭവപ്പെടാം നോവലിന്റെ ലോകം. മരിച്ചിരിക്കുന്നു എന്ന സത്യത്തെ അംഗീകരിക്കാനാവാതെ തങ്ങളുടെ അവസ്ഥയെ കുറിച്ച് പറയാന്‍ അന്തേവാസികള്‍ ഭംഗി വാക്കുകള്‍ ഉപയോഗിക്കുന്നു. അങ്ങനെയാണ് ശവ കുടീരം അസുഖ പേടകം (sick box) ആവുന്നത്; തങ്ങള്‍ സ്ഥിതിചെയ്യുന്ന ഇടം ആശുപത്രി വളപ്പും (hospital-yard)’.
പൊതുവേ മതപരമായ ആശയങ്ങളോട് പ്രതിബദ്ധനല്ലെങ്കിലും മനുഷ്യാനുഭവങ്ങളുടെ ആധികാരികതയില്ലായ്മയെ സംബന്ധിച്ച സോണ്ടെഴ്സിന്റെ നിലപാടുകള്‍ ലൌകികാപ്രതിഭാസങ്ങള്‍ സത്യത്തെ മൂടിവെക്കുന്ന മായക്കാഴ്ചകളോ മിഥ്യയോ ആണെന്ന ബുദ്ധിസ്റ്റ് ദര്‍ശനത്തോടു ചേര്‍ന്ന് പോകുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പ്രധാന ഗുണങ്ങളിലൊന്നായി കാണാവുന്നത്‌ ദുഃഖിതരോടുള്ള സഹാനുഭൂതിയാണെന്നും നോവലില്‍ മകന്റെ മരണത്തില്‍ വിലപിക്കുന്ന പിതാവിന്റെ ചിത്രം മറ്റെല്ലാ അസ്വാഭാവികതകള്‍ക്കും മേലെ ഉയര്‍ന്നു നില്‍ക്കുന്നുവെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അടിമത്ത വിഷയത്തില്‍ യാഥാസ്ഥിതികര്‍ എപ്പോഴും പ്രതിക്കൂട്ടില്‍ നിര്‍ത്തിയ പ്രസിഡന്റ് എന്ന നിലയില്‍ ആഭ്യന്തര യുദ്ധത്തിനു ഉത്തരവാദിയായി ചിത്രീകരിക്കപ്പെടുന്നതിന്റെയും വേട്ടയാടപ്പെടുന്നതിന്റെയും രാഷ്ട്രീയ സാഹചര്യത്തെയും നേരിട്ടുകൊണ്ടിരുന്ന അതേ സന്ദര്‍ഭത്തിലാണ് പുത്രദുഃഖവും അദ്ദേഹത്തെ പിടി മുറുക്കുന്നത്. മാര്‍ബിള്‍ പേടകത്തില്‍ അടക്കിയ ജഡവും കയ്യിലേന്തി വിലപിക്കുന്ന ലിങ്കന്റെ ചിത്രം മറ്റൊരു പിയേത്താ പ്രകാരം ആവുന്നുണ്ട്‌. ദുഃഖഭാരത്തിന്റെ ഈ ഉള്ളലിയിക്കുന്ന ഭാഗത്തോട് ചെര്‍ത്തുവേക്കാവുന്ന ഒട്ടേറെ ചിത്രങ്ങള്‍ നോവലില്‍ വേറെയുമുണ്ട്. അതിലേറ്റവും ഹൃദയ ദ്രവീകരണമായ ഒന്ന് നിരന്തര ലൈംഗിക പീഡനങ്ങള്‍ക്ക് വിധേയയായി ആത്മഹത്യാ ചെയ്ത ഇത് സി റൈറ്റ് എന്ന കറുത്ത വര്‍ഗ്ഗക്കാരിയുടെതാണ്. നോവല്‍ ഈ ഘട്ടത്തില്‍ പതിവില്ലാത്ത വിധം വാചാലമാകുന്നുണ്ട്;  അമേരിക്കന്‍ ഇംഗ്ലീഷില്‍ പതിവില്ലാത്ത വിധം അകര്‍മ്മക രൂപത്തില്‍ (passive voice) അത് ആവര്‍ത്തിക്കുന്നു:
അവളോട്‌ ചെയ്തതെന്തോ അത് പലവുരു ചെയ്യപ്പെട്ടു, പലരും. അവളോട്‌ ചെയ്തതെന്തോ അത് തടയാനാവില്ലായിരുന്നു, തടയപ്പെട്ടില്ലായിരുന്നു, ചിലപ്പോള്‍ തടയാന്‍ ശ്രമിച്ചിരുന്നു, അതിന്‍ ഫലമായി, ചിലപ്പോഴൊക്കെ, അവള്‍ വിദൂര ദേശങ്ങളിലേക്ക് അയക്കപ്പെട്ടു, മറ്റുചിലപ്പോള്‍ പ്രതിരോധങ്ങള്‍ വെറും കരുത്തു കൊണ്ട് മറികടക്കപ്പെട്ടു, (ആദ്യം കാല്‍ മുട്ടു കൊണ്ട്, കൈനിവര്‍ത്തിയ അടികൊണ്ട്, അങ്ങനെ..). അവളോട്‌ ചെയ്തതെന്തോ അത് ചെയ്യപ്പെട്ടു, ചെയ്യപ്പെട്ടു. അല്ലെങ്കില്‍ ഒരൊറ്റ തവണ ചെയ്യപ്പെട്ടു. അവളോട്‌ ചെയ്യപ്പെട്ടതെന്തോ അത് അവളെ ബാധിച്ചിതേയില്ല, ഒട്ടേറെ ബാധിച്ചു, അവളെ വൈകാരികമായി ഉലച്ചു, അവളെ വെറുപ്പിന്റെ സംസാരത്തിലേക്ക്‌ നയിച്ചു, സെഡാര്‍ ക്രീക്ക് പാലത്തില്‍ നിന്ന് താഴോട്ടു കുതിക്കുന്നതിലേക്ക് നയിച്ചു, അവളെ ഈ വാശിപിടിച്ച മൌനത്തിലെത്തിച്ചു. അവളോട്‌ ചെയ്തതെന്തോ അത് വലിയ ആളുകള്‍ ചെയ്തു, ചെറിയ ആളുകളും, വെളുത്ത യജമാനന്മാരും, അവള്‍ ജോലി ചെയ്ത വയലിനരികിലൂടെ കടന്നു പോകാനിടയായ ആണുങ്ങളും, വെളുത്ത യജമാനന്മാരുടെയും കടന്നു പോകാനിടയായ ആണുങ്ങളുടെയും ടീനേജുകാരായ ആണ്‍ മക്കളും, കുടിച്ചു പൂസായി ഷാപ്പിനകത്തുനിന്നു പുറത്തേക്ക് തെറിച്ചു വന്ന മൂവര്‍ സംഘവും, പോകുന്നതിനു തൊട്ടു മുമ്പ്, അവള്‍ വിറകു വെട്ടുന്നത് കണ്ടവര്‍. അവളോട്‌ ചെയ്തതെന്തോ അത് ഒരു പതിവ് പോലെ ചെയ്യപ്പെട്ടു, ഏതോ ഒരു പൈശാചിക പള്ളിയാത്ര പോലെ; അപ്പോഴുമിപ്പോഴുമായി ചെയ്യപ്പെട്ടു; ഒരിക്കലും ചെയ്യപ്പെട്ടില്ല, ഒരിക്കല്‍ പോലുമുണ്ടായില്ല, പക്ഷെ എപ്പോഴും ഭീഷണി നിലനില്‍ക്കുക മാത്രം ചെയ്തു: സാധ്യതയായും അനുവദനീയമായും; അവളോട്‌ ചെയ്തതെന്തോ അത് നേരെ ചൊവ്വേയുള്ള മിഷനറി ഭോഗമായിരുന്നു, അവളോട്‌ ചെയ്തതെന്തോ അത് ഗുദ ഭോഗമായിരുന്നു (ആ പാവം അത്തരമൊന്നിനെ കുറിച്ച് കേട്ടിട്ട് പോലുമില്ലാത്ത ഘട്ടത്തില്‍); അവളോട്‌ ചെയ്തതെന്തോ അത് ഒക്കാനമുണ്ടാക്കുന്ന കൊച്ചു കൊച്ചു കാര്യങ്ങളായിരുന്നു (കടുത്ത വാക്കുകളോടൊപ്പം, മുരടിച്ച നാട്ടുംപുറത്തുകാരായ ആണുങ്ങളുടെ വകയായി, തങ്ങളുടെ സ്വന്തം കൂട്ടത്തില്‍ പെട്ട സ്ത്രീകളോട് ചെയ്യുന്നത് സ്വപ്നത്തില്‍ പോലും ചിന്തിക്കാത്ത തരം കാര്യങ്ങള്‍), അത് ചെയ്യുന്ന ആ ആള്‍ ഒഴിച്ച് അവിടെ മറ്റാരും ഇല്ലെന്ന മട്ടില്‍ അവളോട്‌ അത് ചെയ്തു, അവള്‍ ഒരു (മൂകമായ ഇളം ചൂടുള്ള) മെഴുകു രൂപമല്ലാതെ മറ്റൊന്നുമല്ല എന്ന മട്ടില്‍; അവളോട്‌ ചെയ്തതെന്തോ അത്: ആര് എന്ത് തന്നെ ആഗ്രഹിച്ചുവോ അത്, ആരെങ്കിലും ചെറിയതോതില്‍ മാത്രം അവളോട്‌ ചെയ്യാന്‍ ആഗ്രഹിച്ചെങ്കില്‍ പോലും, അതെ, അങ്ങനെ ചെയ്യാമായിരുന്നു, അതാവാമായിരുന്നു, അയാള്‍ അത് ചെയ്തു, അത് ചെയ്യപ്പെട്ടു, അത് ചെയ്യപ്പെട്ടു, വീണ്ടും ചെയ്യപ്പെട്ടു, വീണ്ടും-
സാകെസ് എംദായുടെ മഡോണ ഓഫ് എക്സല്‍സ്യോര്‍ പോലെ കറുത്ത വര്‍ഗ്ഗക്കാരിലെ സ്ത്രീത്വത്തിന്റെ വംശീയ വേദനകള്‍ ആഖ്യാനം ചെയ്ത ഒട്ടേറെ കൃതികളെ ഓര്‍മ്മിപ്പിക്കുന്നുണ്ട് ഈ ഭാഗം.
അപ്രസക്തമാകുന്ന ഇതിവൃത്ത വികാസം:
ഇനിയെന്ത് സംഭവിക്കും എന്ന മട്ടിലുള്ള ഇതിവൃത്ത വികാസത്തിന് കാര്യമായി ഒരു സ്ഥാനവും നോവലില്ലാത്തതിനു കാരണം നോവല്‍ പ്രധാനമായും ശൈലീപരമായ പ്രയോഗവും വിജയവും ആണെന്നതാണ്. എല്ലാവരും മരിച്ചു കഴിഞ്ഞവരും അതുകൊണ്ട് തന്നെ ഇനിയും അവരുടെ കര്‍മ്മങ്ങളില്‍ തിരിച്ചു പൊക്കോ മാറ്റങ്ങളോ വികാസമോ സാധ്യമല്ലാത്തവരും ആണെന്നിരിക്കെ, ഇതിവൃത്തം നിശ്ചലമാകാതെ വയ്യല്ലോ. ഒരു കേന്ദ്ര ആഖ്യാതാവ് പോലും നോവലിലില്ല. ലിങ്കന്‍ കല്ലറ സന്ദര്‍ശിക്കുന്ന രംഗം ഇങ്ങനെയാണ് വിവരിക്കപ്പെടുന്നത്:
ഏറെ ഉയരമുള്ള ഒട്ടും ഒരുങ്ങിയിട്ടില്ലാത്ത ഒരാള്‍ ഇരുട്ടിലൂടെ ഞങ്ങളുടെ അടുത്തേക്ക് വരികയായിരുന്നു.
ഹാന്‍സ് വോള്‍മാന്‍
ഇത് ഏറെ അസാധാരനമായിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞിരുന്നു; മുന്‍ ഗേറ്റ് പൂട്ടിയിരിക്കണം.
റവ: എവര്‍ലി തോമസ്‌
കുട്ടിയെ അന്ന് കൊണ്ടുവന്നതെ ഉണ്ടായിരുന്നുള്ളൂ. എന്ന് പറഞ്ഞാല്‍, അയാള്‍ ഇവിടെയെത്തിയിരിക്കാന്‍ സാധ്യതയേറെ..
റോജര്‍ ബെവിന്‍സ് III
വളരെ അടുത്ത്
ഹാന്‍സ് വോള്‍മാന്‍

തീരങ്ങള്‍ നഷ്ടമാകുന്നവര്‍

ചില ഘട്ടങ്ങളിലെങ്കിലും ആത്മാക്കളുടെ അമിതമായ കലപില ഭാഷണങ്ങള്‍ ആവിഷ്കാരത്തിന്റെ ഏകാഗ്രതയെ ബാധിക്കുന്നുണ്ടെങ്കിലും ആഖ്യാനം മുന്നോട്ടു പോകവേ, ലിങ്കന്റെ വ്യക്തി ദുഃഖത്തിന് ആഭ്യന്തര യുദ്ധകാലത്ത് രാജ്യം നേരിട്ട ദുരന്തങ്ങളുടെയും നഷ്ടങ്ങളുടെയും മാനം നല്‍കുന്നതിന് ഈ പ്രകടമായ ജല്‍പ്പനങ്ങള്‍ സഹായിക്കുന്നുണ്ട്. പ്രേതാത്മാക്കളായി നോവലില്‍ നിറഞ്ഞിരിക്കുന്നത്‌ വ്യത്യസ്തരും ഒട്ടും ഐക്യരൂപികളല്ലാത്തതുമായ രൂപ ഭാവങ്ങളുള്ളവരാണ്. സൈനികന്‍, കൊലയാളി, അപമാനിതനായ ഗുമസ്തന്‍, പീഡിതയായ സ്ത്രീ,  മുപ്പതിലേറെ കരടികളെയും നൂറു കണക്കിനു മാനുകളേയും കൊന്ന വേട്ടക്കാരന്‍, വിഷാദഭരിതനായ സ്കോളര്‍, മൂന്നു പെണ്‍കുട്ടികളുടെ അമ്മയായ സ്ത്രീ,  തന്റെ പ്രണയം തട്ടിയെറിഞ്ഞ കൂട്ടാളിയുടെ ചെയ്തി കാരണം ആത്മഹത്യക്ക് ശ്രമിച്ച സ്വവര്‍ഗ്ഗാനുരാഗി, സുന്ദരിയും ചെറുപ്പവുമായ ഭാര്യയുമായുള്ള ആദ്യവേഴ്ച്ച മുഴുവനാക്കാന്‍ കഴിയാതെ മരിച്ചത് മൂലം എപ്പോഴും ഉദ്ധൃതലിംഗനായിരിക്കുന്ന ഒരാള്‍- അങ്ങനെ പോകുന്നു നോവലിലെ പാത്രനിര. ഇവരെല്ലാം ചേര്‍ന്ന് സൃഷ്ടിക്കുന്ന അമേരിക്കന്‍ സമൂഹ ചിത്രം ഏറെ സമഗ്രതയുള്ളത് തന്നെയാണ്. ഈ ചിത്രത്തിന് എഡ്ഗാര്‍ ലീ മാസ്റ്റേഴ്സിന്റെ ക്ലാസ്സിക് കാവ്യസമാഹാരം സ്പൂണ്‍ റിവര്‍ ആന്തോളജിയുമായുള്ള സാമ്യവും സ്വാധീനവും പ്രസക്തമാണ്. കാവ്യത്തില്‍ കടന്നു വരുന്ന ആന്‍ റൂട്ട് ലെജ് ലിങ്കന്റെ ആദ്യ കാമുകിയായിരുന്നുവെന്നും ഇരുപത്തിരണ്ടാം വയസ്സില്‍ ടൈഫോയിഡ് ബാധയെ തുടര്‍ന്ന് അവര്‍ മരിക്കാനിടയായതാണ് ലിങ്കന്‍റെ സ്ഥായിയായ വിഷാദ ഭാവത്തിനു കാരണമായതെന്നും അദ്ദേഹത്തിന്റെ ജീവചരിത്രകാരന്മാര്‍ സൂചിപ്പിച്ചിട്ടുണ്ട്. സറ്റയറും കറുത്ത ഹാസ്യവും മുന്നിട്ടു നിന്ന സോണ്ടെഴ്സിന്റെ മുന്‍ കഥകളില്‍ നിന്ന് വ്യത്യസ്തമായി കുറെ കൂടി അന്തര്‍മുഖത്വമുള്ളതും മനുഷ്യ സങ്കടങ്ങളിലേക്ക്‌ ഉറ്റുനോക്കുന്നതുമാണ് ബാര്‍ദോഎന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. (Michiko Kakutani, nytimes).  ലിങ്കനെ അവതരിപ്പിക്കുമ്പോഴാണ് നോവല്‍ അതിന്റെ ശക്തി ശരിക്കും വ്യക്തമാക്കുന്നത് എന്നത് ഇതോടു ചേര്‍ത്തു കാണാം. ഗൌരവ പ്രകൃതിയും ഒപ്പം അങ്ങേയറ്റം ആര്‍ദ്ര ഭാവങ്ങള്‍ നിറഞ്ഞവനുമായി വ്യക്തി ദുഃഖങ്ങളും യുദ്ധത്തിന്റെ ദുരന്തങ്ങളും മഥിക്കുന്ന സംഘര്‍ഷങ്ങളില്‍ ഉലഞ്ഞു പോയിട്ടും തകാരാതിരിക്കാന്‍ പാടുപെടുന്ന വ്യക്തിത്വമായി സിവില്‍ വാര്‍ പ്രസിഡന്റ്നോവലില്‍ നിറഞ്ഞു നില്‍ക്കുന്നു,  അദ്ദേഹം കടന്നു വരുന്ന രംഗങ്ങള്‍ വിരലില്‍ എന്നാവുന്നവ മാത്രമാണെങ്കിലും. ഒരര്‍ത്ഥത്തില്‍ ലിങ്കന്‍ തന്നെയാണ് ബാര്‍ദോയില്‍- അത് വിധിയും സ്വന്തം ഹൃദയവും ചേര്‍ന്നു തീര്‍ക്കുന്ന ബാര്‍ദോ ആണെന്നെയുള്ളൂ. ഈ ഭാഗങ്ങളിലെ മനുഷ്യ ദുഃഖത്തെ കുറിച്ചുള്ള നിരീക്ഷണങ്ങള്‍ ബുദ്ധമത ദര്‍ശനങ്ങളുമായി ഏറെ ചേര്‍ന്ന് പോവുന്നുവെന്നും കണ്ടെത്താനാവും. അദ്ദേഹത്തിന്റെ മനസ്സ് പുതുതായി ദുഃഖം ഏറ്റുവാങ്ങാന്‍ പാകപ്പെട്ടിരുന്നു, ലോകം മുഴുവന്‍ ദുഃഖമാണ് എന്ന വസ്തുതയുടെ നേരെ, എല്ലാവരും ഏതെങ്കിലും ദുഃഖത്തിന്റെ ഭാരത്തിന്‍ കീഴിലാണ് എന്നതിന് നേരെ; എല്ലാവരും ദുരിതം പേറുന്നുവെന്ന്; ഈ ലോകത്ത് ഏതു വഴിക്ക് ഒരാള്‍ പോയാലും എല്ലാവരും ദുഃഖിതരാനെന്നു ഓര്‍ക്കാന്‍ ശ്രമിക്കണം (ആരും സംതൃപ്തരല്ല; എല്ലാവരും അധര്‍മ്മം സഹിച്ചിട്ടുണ്ട്, അവഗണിക്കപ്പെട്ടിട്ടുണ്ട്, തഴയപ്പെട്ടിട്ടുണ്ട്, തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്), അതുകൊണ്ട് തങ്ങള്‍ ബന്ധപ്പെടുന്നവരുടെ പ്രയാസങ്ങള്‍ ലഘൂകരിക്കാന്‍ ചെയ്യേണ്ടാതെന്തോ അത് ആരും ചെയ്യണം; തന്റെ തത്സമയ ദുഃഖാവസ്ഥ തന്റെത് മാത്രമല്ല, അല്ലേയല്ല, മറിച്ച്, അത് മുമ്പ് എത്രയോ പേര്‍ അനുഭവിച്ചതാണ്‌, ഇനിയും അനുഭവിക്കും, എല്ലാ കാലത്തും, ഓരോ കാലത്തും, അത് ദീര്‍ഘിപ്പിക്കുകയോ പെരുപ്പിച്ചു കാണിക്കുകയോ ചെയ്യരുത്, കാരണം, ഈ അവസ്ഥയില്‍, അയാളെക്കൊണ്ട് ആര്‍ക്കും പ്രയോജനമുണ്ടാവില്ല, അയാള്‍ക്കീ ഭൂമിയിലുള്ള സ്ഥാനം മറ്റുള്ളവര്‍ക്ക് വലിയ സഹായമോ അല്ലെങ്കില്‍ വലിയ ദുരിതമോ നല്‍കാന്‍ കഴിയുന്ന ഒന്നാണെങ്കില്‍, കഴിയുമെങ്കില്‍ അയാളൊരിക്കലും പതിഞ്ഞിരിക്കുന്നത് നന്നാവില്ല.

പുത്രവിയോഗ പര്‍വ്വം

ബാര്‍ദോ ഘട്ടം കടന്നു പോകുന്നത്/ പോകേണ്ടത് എത്രമാത്രം പ്രസക്തമാണ് എന്നത് നോവലില്‍ പ്രധാനമാണ്. വില്ലി അത് നീണ്ടു പോകാന്‍ ആഗ്രഹിക്കുമ്പോള്‍ മറ്റു കഥാപാത്രങ്ങള്‍ ഈ ഇടത്തില്‍ ഒരു കര്‍മ്മവും കാര്യമല്ല,” എന്നും ഒന്നുമല്ലാതാവുന്നതില്‍ ഒന്നും ചെയ്യാതിരിക്കുന്നതില്‍ ഒട്ടും പ്രസക്തരല്ലാത്തതില്‍ മടുത്തതായും പരാതിപ്പെടുന്നു. ബുദ്ധ ദര്‍ശനത്തില്‍ ആകൃഷ്ടനായ സോണ്ടെഴ്സ് ചോദിക്കുന്നതും അതാവാം: ഒരു നിഴലായി നിലനില്‍ക്കണോ അതോ കടന്നു പോകണോ? പക്ഷെ തീര്‍ച്ചയായും അജ്ഞാതമായതിലേക്കുള്ള പോക്കില്‍ ഏറെ അരിക്ഷിതത്വമുണ്ട്. കലുഷമായ സാമൂഹിക രാഷ്ട്രീയാന്തരീക്ഷമുള്ള നാട്ടില്‍ ഒരു ബാര്‍ദോ ജീവിതം നിലനില്‍ക്കുന്നുണ്ടോ? പലവുരു ബലാല്‍ക്കാരം ചെയ്യപ്പെടുന്ന നിസ്സഹായയായ  ഇത് സി റൈറ്റ്, അച്ചാര്‍ വ്യവസായ ഭീമന്‍ ലോറന്‍സ് ടി ഡിക്രൂസ്, വികട സരസ്വതി വിളയുന്ന നാവിന്റെ ഉടമകളായ എഡി ബാരന്‍, ബെറ്റ്സി ബാരന്‍ സഹോദരങ്ങള്‍, തുടങ്ങിയവര്‍ അവിടെയെത്തുന്നതിനിടയാക്കിയ കാരണങ്ങള്‍ക്ക് നേരിട്ട് നാടിന്റെ വിധിയുമായി ബന്ധമുണ്ട്.   

സാഡിസവും അതി വൈകാരികതയും ഒരുമിച്ചാണ് നോവലില്‍ കടന്നു വരുന്നത്. ലിങ്കന്‍ നിരീക്ഷിക്കുന്നത് പോലെ നമ്മളൊക്കെയും പരിമിതരായ, വേദനിക്കുന്നമനുഷ്യരാണ്. മറുവശത്ത്‌ പ്രസിഡന്റ് എന്ന നിലയില്‍ ആഭ്യന്തര യുദ്ധത്തില്‍ കൂടുതല്‍ കാര്യ ശേഷിയോടെ വൈകാരിക ചാപല്യത്തിനടിപ്പെടാതെ കൊല്ലേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം മനസ്സിലാക്കുന്നുണ്ട്. കൊല്ലപ്പെട്ട കറുത്ത വര്‍ഗ്ഗക്കാരും തീവ്രവാദികളായ വെളുത്ത വര്‍ഗ്ഗക്കാരും തമ്മില്‍ ബാര്‍ദോയിലും തര്‍ക്കം തുടരുന്നു; ‘ഞങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യൂ!എന്ന് കറുത്തവര്‍ പ്രസിഡന്റിനോട് അപേക്ഷിക്കുന്നു. ആത്മാക്കളുടെ ലോകം, അവിടെ കൂടുതല്‍ കാലം തങ്ങുന്നവരില്‍ സംഭവിക്കുന്ന ശാരീരിക മാനസിക ദ്രവീകരണം, അവരിലുണ്ടാവുന്ന പൈശാചിക വളര്‍ച്ചകള്‍ - ഡാന്റെസ്ക് എന്ന് വിളിക്കാവുന്ന ഇത്തരം വിഷയങ്ങള്‍ സോണ്ടെഴ്സ് മുമ്പും കൈകാര്യം ചെയ്തിട്ടുണ്ടെന്ന് പാസ്റ്റൊറാലിയ’, ‘പെഴ്സുവേഷന്‍ നാഷന്‍ പോലുള്ള ഡിസ്റ്റോപ്പിയന്‍ കഥകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഗോഥിക് കഥകളില്‍ നിന്നുള്ള ഇത്തരം വിചിത്ര രൂപികളും ഹൊറര്‍ ഫിലിം സ്ക്രിപ്റ്റില്‍ നിന്നുള്ള ഭാഷണ ശകലങ്ങളും ആഭ്യന്തര യുദ്ധകാല റിപ്പോര്‍ട്ടുകളില്‍ നിന്നുള്ള ചരിത്ര സൂചക ഉദ്ധരണികളും നിറഞ്ഞു നില്‍ക്കുന്ന നോവലിലെ ലോകം, മനുഷ്യ ദുഃഖങ്ങളെ സംബന്ധിച്ച് മുകളില്‍ സൂചിപ്പിച്ച ബുദ്ധിസ്റ്റ് ആത്മീയ തത്വങ്ങളോളമുള്ള  ഉള്‍ക്കാഴ്ച പങ്കുവെക്കുന്നതാണ് നോവലിനെ അത്തരം ത്രില്ലര്‍ ജനുസ്സില്‍ സാധാരണമല്ലാത്ത ധൈഷണിക മാനങ്ങളിലേക്ക് ഉയര്‍ത്തുന്നത്. അടിമത്തവും സ്വാതന്ത്ര്യവും,  ആത്മാവും ശരീരവും പോലുള്ള വലിയ കാര്യങ്ങള്‍ നോവലിന്റെ ഉള്ളടക്കത്തിലുണ്ട്. എന്നാല്‍ അന്തിമ വിശകലനത്തില്‍ അത് എബ്രഹാം ലിങ്കനെ കുറിച്ചാണ്, അദ്ദേഹത്തിന്റെ പുത്രവിയോഗ ദുഃഖത്തെ കുറിച്ചാണ്. ഒരു കൊലയാളിയുടെ ഇടപെടലില്‍ ഒരോര്‍മ്മക്കുറിപ്പിനു പോലും സാവകാശം ലഭിക്കാതെ പോയ പ്രസിഡന്റിന്റെ ഉള്ളിന്നുള്ളിലെ വിഷാദങ്ങളെ കുറിച്ചാണ്. വില്ലിയുടെ മരണം, ആന്‍ റൂട്ട് ലെജിന്റെ മരണത്തിലൂടെ തന്റെ യൌവ്വനത്തെ ചൂഴ്ന്നു നിന്ന പ്രണയ നഷ്ടത്തെക്കാളും എത്രയോ ഏറെ അദ്ദേഹത്തെ ഉലച്ചു കളഞ്ഞിരുന്നുവെന്നു എല്ലാ ജീവച്ചരിത്രകാരന്മാരും ഒരുപോലെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തര യുദ്ധത്തില്‍ നിരര്‍ത്ഥകമായി മരിച്ചു പോയ യുവാക്കളെയെല്ലാം തന്റെ കുഞ്ഞിനോട് ചേര്‍ത്തു മനസ്സിലാക്കുന്നതിന്റെ വേദനയും അദ്ദേഹം ഏറ്റു പറഞ്ഞിട്ടുണ്ട്.

(മലയാളം വാരിക ജനുവരി 15, 2018)

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 316-323)