Featured Post

Showing posts with label Asian Literature. Show all posts
Showing posts with label Asian Literature. Show all posts

Monday, March 24, 2025

Man Tiger by Eka Kurniawan/ Labodalih Sembiring

ക്രോധം ഒരു കടുവയാണ്


                                                                                             

പുതിയ നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ഇന്തോനേഷ്യന്‍ സാഹിത്യത്തില്‍ ലബ്ധപ്രതിഷ്ടനാണ് എകാ കുര്‍നിയാവാന്‍ എന്ന യുവ നോവലിസ്റ്റ്
. അദ്ദേഹത്തിന്റെ Beauty Is a Wound, Man Tiger എന്നീ രണ്ടു കൃതികള്‍ ഏറെ വൈകിയാണ് ഇംഗ്ലീഷില്‍ ലഭ്യമായിത്തുടങ്ങിയതെങ്കിലും ഇതിനോടകം അവ രണ്ടും ഏറെ ശ്രദ്ധേയമായിട്ടുണ്ട്. ആദ്യകൃതി ബൃഹദ് ആഖ്യാനമാണെങ്കില്‍, Man Tiger ഏറെ ചെറുതും പിരിമുറുക്കമുള്ളതുമാണെന്നു വിമര്‍ശക മതം. Beauty Is a Wound ചരിത്രത്തെയും മിത്തുകളെയും പ്രകൃത്യതീത (supernatural) ഘടകങ്ങളെയും ആവുവോളം കോര്‍ത്തിണക്കി ഉപയോഗിക്കുന്നുവെങ്കില്‍, ഇവിടെ അതെല്ലാം സൂചനകളിലും സൂക്ഷ്മ പരാമര്‍ശങ്ങളിലും ഒതുങ്ങുന്നു. എന്നാല്‍, ഇരു രചനകളിലും സാഹിത്യ വിഭാഗങ്ങളുടെ അതിരുകള്‍ ഭേദിക്കുന്നത് (genre-breaking & genre-mixing) പോലുള്ള കുര്‍നിയാവാന്‍ ശൈലിയുടെ ശ്രദ്ധേയ ഘടകങ്ങള്‍ ഇഴചേരുന്നുണ്ട്. മാന്‍ ബുക്കര്‍ പുരസ്ക്കാരത്തിന് ലോംഗ് ലിസ്റ്റ് ചെയ്യപ്പെട്ട നോവലാണ്‌ Man Tiger.

കടുവ ആവേശിക്കുമ്പോള്‍

ആദ്യ വാചകത്തില്‍ത്തന്നെ ബീഭത്സമായ ഒരു കൊലപാതക്കത്തെ കുറിച്ച് വികാരരഹിതമായ പ്രസ്താവന നടത്തിക്കൊണ്ടാണ് നോവല്‍ ആരംഭിക്കുന്നത്. “മാര്‍ജ്ജിയോ അന്‍വര്‍ സാദത്തിനെ കൊന്ന ആ സായാഹ്നത്തില്‍ , ക്യായ് ജാരോ തന്റെ മത്സ്യക്കുളത്തില്‍ ആനന്ദകരമാംവിധം തിരക്കിലായിരുന്നു.” നോവലിന്റെ അവസാനവും സമാനമായ, നേരിട്ടുള്ള, കടുത്തുപോയ, വികാരശൂന്യമായ (hard-boiled) രീതിയിലാണ്:

എന്റെ അമ്മയെ വിവാഹം ചെയ്യൂ, അവള്‍ സന്തുഷ്ടയായിരിക്കും.”
അന്‍വര്‍ സാദത്ത്‌ അങ്കലാപ്പോടെ തല വെട്ടിച്ചു, മുറിഞ്ഞു മുറിഞ്ഞാണ് മറുപടി വന്നത്.
അത് അസാധ്യമാണ്, നിനക്കറിയാമല്ലോ എനിക്ക് ഭാര്യയും പെണ്മക്കളും ഉണ്ട്.” നിര്‍ദ്ദേശം അസംബന്ധമാണെന്ന് അയാളുടെ മുഖഭാവത്തില്‍ എന്തോ ഒന്ന് പറഞ്ഞു , അയാള്‍ പിന്നീട് പറഞ്ഞതിനെ അത് പുനരുക്തിയാക്കി. “അത് മാത്രമല്ല, ഞാന്‍ നിന്റെ അമ്മയെ പ്രണയിക്കുന്നുമില്ല.”
അപ്പോഴാണ്‌ മാര്‍ജ്ജിയോയില്‍ നിന്ന് കടുവ പുറത്തു ചാടിയത്, അരയന്നത്തെപ്പോലെ തൂവെള്ളയായി.”

തികച്ചും സാധാരണമായ ദരിദ്ര കുടുംബത്തിലെ അംഗമായ സാമാന്യേന ശാന്തനായ യുവാവിനെ ഇങ്ങനെ ഒരു കര്‍മ്മം ചെയ്യുന്നതിലേക്ക് നയിക്കുന്ന പുരാവൃത്തമാണ് നോവലിന്റെ ഇതിവൃത്തം. ...............
തുടര്‍ വായനയ്ക്ക്:

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 74-79)

More reading:

The Garden of Evening Mists by Tan Twan Eng

https://alittlesomethings.blogspot.com/2015/10/blog-post.html

This Earth of Mankind by Pramoedya Ananta Toer/ Max Lane

https://alittlesomethings.blogspot.com/2024/08/this-earth-of-mankind-by-pramoedya.html

Saman by Ayu Utami

https://alittlesomethings.blogspot.com/2024/06/saman-by-ayu-utami.html

Beauty Is a Wound by Eka Kurniawan

https://alittlesomethings.blogspot.com/2024/08/beauty-is-wound-by-eka-kurniawan.html

Saturday, January 18, 2025

The Harmony Silk Factory by Tash Aw

 

പട്ടില്‍ പൊതിഞ്ഞ സര്‍പ്പസാന്നിധ്യം




                                "look like the innocent flower/ But be the serpent under it." – (Macbeth 1.5.56-58)

    1971-ല്‍ തായ്‌വാനിലെ തായ്പെയില്‍ മലേഷ്യന്‍ മാതാപിതാക്കള്‍ക്ക് ജനിച്ച ഓ ടാഷിനു രണ്ടു വയസ്സുള്ളപ്പോള്‍ കുടുംബം കൊലലംപൂരിലേക്ക് തിരിച്ചു പോയി. അവിടെ ഒരു കത്തോലിക്ക സ്കൂളില്‍ ചേര്‍ന്ന് പഠിച്ച ടാഷ്കൌമാരകാലത്ത് കുടുംബ സമേതം ഇംഗ്ലണ്ടിലെത്തി. കാംബ്രിഡ്ജിലും വാര്‍വിക്ക് യൂനിവേഴ്സിറ്റിയിലുമായി നിയമ ബിരുദം നേടിയ ശേഷം പല ജോലികളിലും വ്യാപൃതനായി. 2002-ല്‍ ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്സിറ്റിയില്‍ സാഹിത്യവും ക്രിയേറ്റിവ് റൈറ്റിംഗ് കോഴ്സിലും ചേര്‍ന്ന കാലത്താണ് അദ്ദേഹം പ്രഥമ നോവല്‍ രചിക്കുന്നത്‌. 2005-ല്‍ പ്രസിദ്ധീകരിച്ച ‘ദി ഹാര്‍മണി സില്‍ക്ക് ഫാക്റ്ററി’ ആ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്കാര പരിഗണനയില്‍ എത്തുകയും പ്രഥമ നോവലിനുള്ള വൈറ്റ്ബ്രെഡ്‌ നോവല്‍ അവാര്‍ഡ്കോമന്‍വെല്‍ത്ത് സാഹിത്യ അവാര്‍ഡ്‌ (ഏഷ്യ-പസഫിക് ദേശം)ഗാര്‍ഡിയന്‍ പ്രഥമ പുസ്തക അവാര്‍ഡ്‌ എന്നിവ നേടുകയും ചെയ്തു. 2007-ല്‍ പുസ്തകം ഇന്റര്‍നാഷണല്‍ ഇംപാക് ഡബ്ലിന്‍ അവാര്‍ഡിനും ലോംഗ് ലിസ്റ്റ് ചെയ്യപ്പെട്ടു. ഒട്ടേറെ ലോകഭാഷകളിലേക്കും പുസ്തകം വിവര്‍ത്തനം ചെയ്യപ്പെട്ടു. ബി ബി സി പോലുള്ള അന്താരാഷ്‌ട്ര മാധ്യമങ്ങളില്‍ സാഹിത്യ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്താറുള്ള ടാഷ്ഇപ്പോള്‍ ലണ്ടനില്‍ ഐലിംഗ്ടണില്‍ താമസിക്കുന്നു. 

    മൂന്നു ഭാഗങ്ങളില്‍ മൂന്നു ആഖ്യാതാക്കളിലൂടെ പറയപ്പെടുന്ന കഥയുടെ കേന്ദ്രത്തില്‍ ഇരു ലോക യുദ്ധങ്ങള്‍ക്കും ബ്രിട്ടീഷ് കോളനിയായിരുന്ന മലയായുടെ ജാപ്പനീസ് അധിനിവേശത്തിനും ഇടക്കുള്ള കാലം പശ്ചാത്തലമൊരുക്കുന്നപറയത്തക്ക പാരമ്പര്യമോ അറിയപ്പെടുന്ന കുടുംബ വേരുകളോ ഇല്ലാത്ത ദുരൂഹ ഭൂതകാലമുള്ള ചൈനീസ് വംശജനായ ജോണി ലിം ആണ്- പില്‍ക്കാലം മലേഷ്യന്‍ ഖനി ദേശമായ കിന്റാ താഴ് വരയില്‍ ഏറ്റവും പ്രധാനിയായിത്തീരുന്ന ആള്‍. മകന്‍ ജാസ്പര്‍ അദ്ദേഹത്തിന്റെ അടക്കത്തില്‍ പങ്കെടുക്കാനായി തിരിച്ചെത്തിയ സന്ദര്‍ഭത്തിലാണ്, പതിറ്റാണ്ടുകള്‍ക്ക് ശേഷംആദ്യഭാഗം അയാളുടെ ഭാഷ്യമായി ചുരുള്‍ നിവരുന്നത്‌. ഫിറ്റ്സ്ജെറാള്‍ഡിന്റെ ക്ലാസ്സിക് കഥാപാത്രത്തെ (ഗാറ്റ്സ്ബി) ഓര്‍മ്മിപ്പിക്കുന്ന ഉയര്‍ച്ചയും പതനവും അടയാളപ്പെടുത്തുന്ന പിതാവിനെ സംബന്ധിച്ച മിത്തുകളില്‍ നിന്ന് സത്യം വേര്‍തിരിച്ചെടുക്കുകയെന്നത് ഏതാണ്ടൊരു സ്വയം സമാധാനിപ്പിക്കല്‍ പ്രക്രിയയാണ് അയാള്‍ക്ക്, ഒപ്പം ഭൂതകാലത്തെ തിരികെയെടുക്കലും അതില്‍ നിന്നുള്ള മോചനവും. അയാളുടെ വീക്ഷണത്തില്‍ പിതാവ്, പൊതു ധാരണക്ക് കടക വിരുദ്ധമായിഒട്ടും സമാരധ്യ വ്യക്തിത്വമല്ല. ഒളിച്ചോടി കിന്റാ താഴ് വരയില്‍ എത്തും മുമ്പ് അയാള്‍ ഒരു ബ്രിട്ടീഷ് അധീന ഖനിയിലെ അടിമവേലക്കാരന്‍ (indentured labourer ) ആയിരുന്നുവെന്നും ഒരു ഖനിയുടമയെ കുത്തിക്കൊന്ന പൂര്‍വ്വ ചരിത്രം അയാള്‍ക്കുണ്ട് എന്നും സൂചനകളുണ്ട്. അയാള്‍ തികഞ്ഞൊരു ഫ്രോഡ് ആണ്- കൂടിയതരം ക്രിമിനല്‍നുണയന്‍പെണ്‍വേട്ടക്കാരന്‍. യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ കൈപ്പുണ്യം ഉള്ളവനെങ്കിലും ആ മിടുക്ക് ഒരിക്കല്‍ അയാള്‍ക്ക് നേടിക്കൊടുത്ത കൊടുംപീഡനം തന്റെ സിദ്ധി പിന്നെയെന്നും മറച്ചുപിടിക്കാന്‍ അയാള്‍ക്ക് കാരണമാകും. അയാളുടെ വാഗ്ധോരണിയില്‍ മയങ്ങിയ ടൈഗര്‍ ടാന്‍ എന്ന ഹതഭാഗ്യന്റെ സ്വന്തമായിരുന്ന, ഹാര്‍മണി സില്‍ക്ക് ഫാക്റ്ററി എന്നു ഓമനപ്പേരിട്ട് വിളിക്കുന്ന ടെക്സ്റ്റൈല്‍ ഷോപ്പ്, ആസന്നമായ ജപ്പാന്‍ അധിനിവേശത്തിനെതിരെ ചെറുത്തു നില്‍പ്പുമായി മലകളില്‍ ഒളിച്ചു കഴിയുന്ന കമ്യൂണിസ്റ്റ് ഗറില്ലകളെ സഹായിക്കുന്നതുപോലുള്ള ടാനിന്റെ ഇടപാടുകള്‍ക്കുള്ള മറ മാത്രമായിരുന്നു. ലിം അയാളുടെ പിന്‍ഗാമിയാകുന്നതും സ്ഥലത്തെ ‘പ്രധാന ഭീകരന്‍’ ആയി സ്വയം അവരോധിക്കുന്നതും കുറ്റകൃത്യത്തിലൂടെത്തന്നെ. പിതാവിന്റെ പൂര്‍വ്വകാലം ചികഞ്ഞെടുക്കാന്‍ അത്തരം സൂചനകളുള്ള “ഓരോ ലേഖനങ്ങളും പുസ്തകവുംവാര്‍ത്ത പത്രവുംപ്രസിദ്ധീകരണവും” കണ്ടെത്തുകയെന്ന അത്ര സ്വാഭാവികമല്ലാത്ത മാര്‍ഗ്ഗമാണ് ജാസ്പ്പര്‍ അവലംബിക്കുന്നത്. മുപ്പതുകളുടെയും നാല്പ്പതുകളുടെയും യുദ്ധ പൂര്‍വ്വ- യുദ്ധ – അധിനിവേശ കാലഘട്ടത്തില്‍ ഒരു പിന്നോക്ക പ്രദേശത്ത്‌ അത്തരം രേഖപ്പെടുത്തല്‍ പോലും കഷ്ടിയാവും എന്നിരിക്കെ അത് ഒട്ടും ആശ്രയിക്കാവുന്ന ഒരു മാര്‍ഗ്ഗമല്ല. അതുകൊണ്ട് സ്വന്തം ആത്മനിഷ്ട നിരീക്ഷണങ്ങളും ചേര്‍ത്താണ് പിതാവെന്ന സമസ്യയെ അയാള്‍ സമീപിക്കുന്നത്. ഭാഗ്യവും കുശാഗ്ര ബുദ്ധിയും സ്വന്തം ഉന്നതിക്കായി കുറ്റകരമായ കരുനീക്കങ്ങള്‍ നടത്താനുള്ള മിടുക്കും ജാസ്പ്പറുടെ നിരീക്ഷണത്തില്‍ ജോണിയെ തികഞ്ഞൊരു മാക്യവെല്ലിയന്‍ കഥാപാത്രമാക്കുന്നുണ്ട്. ഇരുചെവിയറിയാത്ത ഒരു കുറ്റകൃത്യത്തിലൂടെ തന്റെ പ്രയാണം തുടങ്ങുന്ന ജോണി ഒരു ഘട്ടത്തില്‍ കമ്യൂണിസ്റ്റ് പ്രചാരകനും ഗറില്ലയും ആയിരുന്നെങ്കില്‍, ജപ്പാന്‍ അധിനിവേശം ഉറപ്പാകുന്നതോടെ മുമ്പേ പറക്കുന്ന പക്ഷിയായി ഒറ്റുകാരന്‍ ആയിമാറിയതായി സൂചനയുണ്ട്. തനിക്ക് ഒരിക്കലും എത്തിപ്പിടിക്കാനാവാത്ത അത്രയും സമ്പന്നവും കുലീനവുമായ സൂങ് കുടുംബത്തില്‍ നിന്ന് സൗന്ദര്യത്തിനു കീര്‍ത്തികേട്ട സ്നോ സൂങ്ങിനെ വിവാഹം കഴിക്കുന്നതും ഭാര്യാ കുടുംബത്തിന്റെ സൌകര്യങ്ങള്‍ തന്ത്രപൂര്‍വ്വം ഉപയോഗിച്ച് പൊതുപ്രതിച്ഛായ സൃഷ്ടിച്ചെടുക്കുന്നതും അയാളുടെ സ്വന്തം ഉന്നമന പ്രവര്‍ത്തനങ്ങളില്‍പ്പെടും. എന്നാല്‍സ്വതേ ലജ്ജാലുവും വിനയശീലനുമായ ജോണിയുടെ ദുരൂഹ അതിമാനുഷ ഭാവമാറ്റം അത്രകണ്ട് വിശ്വസനീയമായി വായനയില്‍ അനുഭവപ്പെട്ടേക്കില്ല. ഹാര്‍മണി സില്‍ക്ക് ഫാക്റ്ററിയെന്ന യുദ്ധാനന്തര കാല കുറ്റകൃത്യങ്ങളുടെ കേന്ദ്രത്തെയും ഒരു പ്രതീകാത്മക ലക്ഷ്യത്തിനപ്പുറം വികസിപ്പിക്കാന്‍ നോവലിസ്റ്റ് ശ്രമിക്കുന്നില്ല.

    ജോണിയുടെ അടക്കത്തില്‍ പങ്കെടുക്കാനെത്തിയ ഇംഗ്ലീഷുകാരനായ അയാളുടെ സുഹൃത്ത് പീറ്റര്‍, ജാസ്പ്പറിന് നല്‍കുന്ന ഡയറിയിലൂടെയാണ് നോവലിന്റെ രണ്ടാം ഭാഗമായ സ്നോ സൂങ്ങിന്റെ ആഖ്യാനത്തിലെക്ക് നാം പ്രവേശിക്കുന്നത്. പ്രസവത്തെ തുടര്‍ന്ന് മരിക്കും മുമ്പ് സ്നോ എഴുതിയ 1941 സെപ്തംബര്‍ മുതല്‍ നവമ്പര്‍ വരെയുള്ള നാളുകളിലെ കുറിപ്പുകളില്‍, ജോണിയെ കുറിച്ചുള്ള ചിത്രം മറ്റൊന്നാണ്. ആത്മകഥാ ഭാവമുള്ള ഈ ഭാഗത്തെ മുഖ്യ കഥാപാത്രം സ്വാഭാവികമായും അയാളല്ല താനും. വിവാഹജീവിതത്തില്‍ ഒട്ടും സംതൃപ്തയല്ലാത്ത സ്നോ, ജാപ്പനീസ് അധിനിവേശത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന ഉന്നത സൈനിക ഉദ്യോഗസ്ഥനും അക്കാഡമീഷ്യനുമായ, പില്‍ക്കാലം ‘കമ്പാറിലെ ഭീകരന്‍’ എന്നറിയപ്പെട്ട കുനിചിക മമോറുവുമായി അടുക്കുന്നത് ആ സൗന്ദര്യത്തിനു മുന്നില്‍ പതറിപ്പോകുന്ന, ജോണിയുടെ സുഹൃത്തും ദുരൂഹ ലൈംഗിക വ്യക്തിത്വത്തിനു ഉടമയുമായ പീറ്ററിനെ അസൂയാലുവാക്കുന്നത് നോവലില്‍ നിര്‍ണ്ണായകമായ വഴിത്തിരിവുകള്‍ക്ക് കാരണമാകും. മകള്‍ക്കും മരുമകനും വേണ്ടി ഇത്തിരി വൈകിയാണെങ്കിലും സ്നോയുടെ പിതാവ് ഒരുക്കുന്ന ‘ഏഴു ദ്വീപുകള്‍’ എന്ന നിഗൂഡതയുടെ ഇടത്തിലേക്കുള്ള മധുവിധു യാത്രയില്‍ കുനിചിക മാമോറുപീറ്റര്‍ വേംവുഡ്മറ്റൊരു ഇംഗ്ലീഷുകാരനായ സുഹൃത്ത് ഫ്രെഡറിക്ക് ഹണി എന്നിവര്‍ കൂടെ പോകുന്നത് സാമാന്യമായി വിചിത്രം തന്നെയാണ്. എന്നാല്‍ ഈ യാത്രയിലാണ്നോവലിന്റെ മൂന്നാം ഭാഗമായ പീറ്ററിന്റെ ആഖ്യാനത്തില്‍ അനാവരണം ചെയ്യപ്പെടുന്നത് പോലെഅല്‍പ്പത്ത പൂര്‍ണ്ണമായ അഭ്യസൂയയുടെയും ദുരൂഹ ലക്ഷ്യങ്ങളുടെയും മൂടിവെച്ച രഹസ്യങ്ങളുടെയും, കൊലയിലും അതിലും മോശമായ ഒറ്റിലും എത്തിച്ചേരുന്ന, ഉരുള്‍ പൊട്ടലും സംഭവിക്കുക. പ്രതീതിയും യാഥാര്‍ത്ഥ്യവും ഒന്നല്ലാത്ത കഥാപാത്രങ്ങളുടെ വിനിമയങ്ങള്‍ക്ക് വൈയക്തികം എന്നതിനപ്പുറം രാഷ്ട്രീയസാംസ്കാരിക മുന്‍വിധികളുടെയും സംഘര്‍ഷങ്ങങ്ങളുടെയും അടിയൊഴുക്കുകളുണ്ടായിരുന്നു എന്നു വ്യക്തമാകുക നോവലിന്റെ വര്‍ത്തമാന കാലത്തിനും ഭൂതകാലത്തിനുമിടയില്‍ അങ്ങോട്ടുമിങ്ങോട്ടും ചലിക്കുന്ന, എഴുപതുകളിലെത്തിയ പീറ്ററുടെ ആഖ്യാനത്തിലാണ്. സ്നോയുടെ ഡയറിയില്‍ ദുരൂഹമായി ബാക്കിനില്‍ക്കുന്ന പല ഘടകങ്ങളും ഇവിടെ പിന്‍ നോട്ടത്തിന്റെ ആധികാരികതയില്‍ കണ്ണിചേരുന്നുമുണ്ട്. ഫ്രെഡറിക്ക് ഹണി എന്ന കഥാപാത്രത്തിന് നോവലില്‍ ലഭിക്കുന്ന ഒട്ടൊക്കെ ദുരൂഹമായ പ്രാധാന്യം ന്യായീകരിക്കപ്പെടുന്നതും പീറ്ററുടെ ആഖ്യാനത്തിലാണ്. അയാളാണ് പീറ്ററോട് പറയുക: ഒരു ഇംഗ്ലീഷുകാരന്‍ ഇവിടെ അധികപ്പറ്റാണ്. നിങ്ങള്‍ ഒരിക്കലും അവര്‍ക്ക് പ്രിയപ്പെട്ടവര്‍ ആകില്ല. സ്നോയുടെ സൗന്ദര്യം വരാനിരിക്കുന്ന അപകട നാളുകളില്‍ മമോറുവിന്റെ പരിരക്ഷ ഉറപ്പു വരുത്താനുള്ള ചൂണ്ടയായി പിതാവും ഭര്‍ത്താവും ഉപയോഗിക്കുകയാണ്. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ സ്നോയെ രക്ഷിച്ചു കൂടെ കൊണ്ടുപോകണമെന്നു ജോണി പീറ്ററിനോട് പറയുന്നത് കാപട്യമാണ്. ‘പാശ്ചാത്യ-പൗരസ്ത്യ സംഘര്‍ഷത്തിന്റെ’ (east-west confrontation) വാര്‍പ്പുസങ്കല്‍പ്പങ്ങള്‍ പങ്കുവെക്കുന്ന ഹണി, സ്നോ-മമോറു ബന്ധത്തില്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന ഗൂഡാലോചനാ സിദ്ധാന്തം നോവലില്‍ എത്രകണ്ട് പ്രസക്തമാണ് എന്നത് തര്‍ക്ക വിഷയമാകാമെങ്കിലുംബ്രിട്ടീഷ് കോളനിയായിരുന്ന മലയായിലേക്ക് ഇരമ്പിയെത്തിയ ജാപ്പനീസ് പടയോട്ടവും അതെത്തുടര്‍ന്ന് ബ്രിട്ടീഷ് പൗരന്മാര്‍ പലായനം ചെയ്തതും ചരിത്രമാണ്. മഞ്ചൂറിയയില്‍ ജാപ്പനീസ് അധിനിവേശം നടത്തിയ അത്യാചാരങ്ങള്‍ സൃഷ്ടിച്ച ചകിതാവസ്ഥ നിലനില്‍ക്കുമ്പോഴും സമീപ ഭാവിയില്‍ അത് തങ്ങളുടെയും വിധിയായിത്തീരുമെന്ന വസ്തുത സാമാന്യപൊതുബോധത്തില്‍ ഇടംപിടിക്കാത്തതില്‍ ജോണി അസ്വസ്ഥനായിരുന്നു  ന്നും അത് സംഭവിക്കുമ്പോള്‍ കമ്യൂണിസ്റ്റ് അനുഭാവം ഉള്‍പ്പടെയുള്ള തന്റെ ഭൂതകാലം തനിക്ക് ഏറ്റവും അപകടകരമായ അവസ്ഥ സൃഷ്ടിക്കുമെന്നും അയാള്‍ പീറ്ററിനോട് വെളിപ്പെടുത്തിയിരുന്നു. ആത്മസുഹൃത്ത് എന്ന് വിവരിക്കുകയും ബ്രിട്ടീഷ് സംരക്ഷണത്തെ കുറിച്ച് വലിയ വായില്‍ ഉറപ്പു കൊടുക്കുകയും ചെയ്യുമ്പോഴും തന്നെ ഭരിച്ചത് സ്നോയോടുള്ള അഭിനിവേശം മാത്രമായിരുന്നുവെന്ന് പീറ്റര്‍ ഏതാണ്ട് ഏറ്റുപറയുന്നുണ്ട്. ജോണിയെ കുറിച്ച് അയാള്‍ തന്നെ വിശ്വസിച്ച് ഏറ്റുപറഞ്ഞ രഹസ്യങ്ങള്‍ മമോറുവിനെ അറിയിക്കാനും പീറ്റര്‍ തയ്യാറാകുന്നുണ്ടെന്നു വ്യക്തമാണ്വസ്തു നിഷ്ഠമായി അയാള്‍ അത് ചെയ്തോ എന്ന് വ്യക്തമല്ലെങ്കിലും. തന്നെക്കുറിച്ചു ഏറ്റവും മോശം ഒറ്റുകാരന്‍ എന്ന് വിവരിച്ചുകൊണ്ടാണ് അയാള്‍ ഡയറി ജാസ്പ്പറിനെ ഏല്‍പ്പിക്കുക. ജോണിയല്ല ജാസ്പ്പറുടെ പിതാവ് എന്ന സാധ്യത പോലും അയാള്‍ സൂചിപ്പിക്കുന്നുമുണ്ട്. 

    ഇതിവൃത്തം അപ്രധാനവും പാത്രാവിഷ്കാരം സുപ്രധാനവുമായ ഒരു നോവല്‍ എന്ന നിലയില്‍ കേന്ദ്ര കഥാപാത്രത്തിന്റെ ചിത്രീകരണത്തില്‍ ഒടുവിലും ബാക്കിനില്‍ക്കുന്ന അവ്യക്തതകള്‍ ബോധപൂര്‍വ്വം നോവലിസ്റ്റ് സൃഷ്ടിച്ചു വെച്ചത് തന്നെയോ എന്ന ചോദ്യം പ്രസക്തമാണ്. ജോണിയെ മൂന്നു ആഖ്യാന വീക്ഷണങ്ങളിലൂടെ അവതരിപ്പിക്കുമ്പോഴും യഥാര്‍ത്ഥത്തില്‍ അയാളുടെ മനോവ്യാപാരങ്ങള്‍ വായനക്കാര്‍ക്ക് അന്യമായിത്തുടരുന്നു. ജാസ്പ്പര്‍ അയാളില്‍ നിന്ന് വിമോചകമായ ഒന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന നിലപാടിലാണ് കഥ പറയുന്നതെങ്കില്‍ സ്നോയുടെയും പീറ്ററുടെയും ആഖ്യാനങ്ങള്‍ ആത്മനിഷ്ടമെന്ന നിലയില്‍ അവരവരില്‍ തന്നെ കേന്ദ്രിതമാണ്. “സിംഗപ്പൂരില്‍ ഷെല്ലിയെ വായിക്കുന്ന ഒരേയൊരാള്‍” എന്നൊക്കെ പീറ്റര്‍ ജോണിയെ കുറിച്ച് നിരീക്ഷിക്കുന്നുണ്ടെങ്കിലും ഈ രണ്ടു ഭാഗങ്ങളിലും ജോണി മറ്റുപലരില്‍ ഒരാള്‍ മാത്രവുമാണ്. വാസ്തവത്തില്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയുള്ള ഒരു ആവിഷ്കാരത്തിനു പകരം ഒട്ടേറെ സമസ്യകള്‍ ബാക്കിവെച്ചാണ് നോവല്‍ അവസാനിക്കുന്നതുതന്നെ. മരണശേഷവും ഒരാളെങ്ങിനെയാണ് മറ്റുള്ളവരുടെ നിരീക്ഷണങ്ങളിലൂടെ പരിണാമ വിധേയനായി തുടരുകയെന്ന ചോദ്യവും അതിലൊന്നാണ്. ഒരേ സംഭവത്തെയോ വ്യക്തിയെയോ ഒന്നിലേറെപ്പേര്‍ വിവരിക്കുമ്പോള്‍ അത് വ്യത്യസ്തം മാത്രമല്ല പരസ്പരം അപനിര്‍മ്മിക്കുന്നതുകൂടി ആയിത്തീരുന്ന ‘റാഷമോണ്‍’ ശൈലി നോവലില്‍ പ്രകടമാണ്. ജോണിയുടെ സമകാലികരുടെ (സ്നോപീറ്റര്‍) ആഖ്യാനങ്ങളില്‍ അയാള്‍ പരമാവധി ഇത്തിരി കാപട്യങ്ങളോ അതില്‍ക്കൂടുതല്‍ അതിനിഷ്കളങ്കതയോ ഉള്ള, താരതമ്യേന വായനക്കാരുടെ സാഹാനുഭൂതി നേടാന്‍ പര്യാപ്തനായ ചപല/ ചകിതഹൃദയനായ ഒരാളാണെങ്കില്‍, പതിറ്റാണ്ടുകളുടെ അകലത്തില്‍ നിന്ന് പിതാവിനെ വിലയിരുത്താന്‍ ശ്രമിക്കുന്ന മകന്‍ നല്‍കുന്ന ചിത്രം തികച്ചും ഇരുണ്ട ഒന്നാണ്. ഈ രണ്ടാമത് ചിത്രമാണ് നോവലില്‍ ആദ്യം കടന്നുവരുന്നത്‌ എന്നത്വായനയെ നിരന്തരം ഒരു ബലാബലത്തില്‍ നിര്‍ത്തുന്നു: സ്നോയുടെയും പീറ്ററിന്റെയും നിലപാടുകളെ മുഖവിലക്കെടുക്കണോ അതോഫ്രെഡറിക്ക് ഹണി ആരോപിക്കുമ്പോലെ ജോണിയെ തികഞ്ഞൊരു ആത്മരക്ഷാവാദി  യി കാണണോ എന്നതാണ് അത്. പുസ്തകത്തിന്റെ ആദ്യ ഭാഗത്തില്‍ ജാസ്പ്പര്‍ നടത്തുന്ന തരം സ്വഭാവഹത്യയില്‍ നിന്ന് ഒരു കഥാപാത്രം കരകയറുക എന്നത് അത്ര സുസാധ്യമല്ല എന്നിരിക്കെരണ്ടും മൂന്നും ഭാഗങ്ങളില്‍ ജോണിക്കനുകൂലമായ സങ്കീര്‍ണ്ണത സൃഷ്ടിക്കാനുള്ള ഒരാദ്യ നോവല്‍ രചനക്കാരന്റെ ധൈര്യം കഥപറയാനുള്ള കഴിവില്‍ അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തെയാണ് കാണിക്കുന്നത്. ആദ്യഭാഗത്തെ പുഞ്ചിരിക്കുന്ന ചെകുത്താനില്‍ നിന്ന് മൂന്നാം ഭാഗത്തെ വഞ്ചിതനായ ഭര്‍ത്താവിലേക്കും ഇവക്കിടയില്‍ സ്ഥിരീകരിച്ചിട്ടില്ലാത്ത ഒറ്റുകാരന്‍ വേഷത്തിലേക്കുമുള്ള ജോണിയുടെ പരിണാമങ്ങള്‍, വിധികല്‍പ്പനകളെ പ്രശ്നവല്‍ക്കരിക്കുകയും നോവലിനെ ഒരു തുറന്നിട്ട സമാപ്തിയില്‍ എത്തിക്കുകയും ചെയ്യുന്നു. പാത്രാവിഷ്കാരത്തിലെ അനിശ്ചിതത്വം ജോണിയില്‍ മാത്രമല്ല കാണാനാവുക എന്നും നിരീക്ഷിക്കാനാവും. സ്നോപേര് സൂചിപ്പിക്കും വിധം അത്ര നിഷ്കളങ്കപേലവ പ്രകൃതിയല്ലെന്നും കണക്കുകൂട്ടലുകളും കരുനീക്കങ്ങളും അവരുടെയും രീതികളില്‍ ഉണ്ടെന്നും വ്യക്തമാണ്. ഫ്രെഡറിക്ക് ഹണി ഒരു തികഞ്ഞ സാമ്രാജ്യത്വ ബൂര്‍ഷ്വാ മനസ്ഥിതിക്കാരനും കോളനി ദേശങ്ങളെ കുറിച്ച് പുച്ഛം സൂക്ഷിക്കുന്നവനുമാണെങ്കില്‍ വേംവുഡ് എന്ന അസുഖകരമായ പേരുണ്ടെങ്കിലും കൂട്ടത്തില്‍ മനുഷ്യത്വത്തിന്റെ ലാഞ്ചനയെങ്കിലും മലയാ ദേശത്തോടും മനുഷ്യരോടും കാണിക്കുന്നുണ്ട് പീറ്റര്‍. എന്നാല്‍ ഈ നിരീക്ഷണങ്ങള്‍ വരികളില്ലവരികള്‍ക്കിടയില്‍  തന്നെയാണ് വായനക്കാരന്‍ കണ്ടെത്തുക. കുനിചിക എന്തായിത്തീരുമെന്ന സൂചനകള്‍ അയാളുടെ അക്കാദമിക്റൊമാന്റിക് പരിവേഷങ്ങളില്‍ നിന്ന് ധ്രുവാന്തരത്തിലുമാണ്.  

 

    നോവലിന്റെ വായനയില്‍ ഏറെ ഹൃദ്യമായി അനുഭവപ്പെടുന്ന ഒരു ഘടകം ബിംബസങ്കല്‍പ്പനങ്ങളാണ്. ‘സില്‍ക്ക്’ എന്നത് അതിസൂക്ഷ്മമായ ബിംബ സൂചകമായും നോവലില്‍ ഉപയോഗിക്കുന്ന രീതി ഇതില്‍ പ്രധാനമാണ്. ജോണി വില്‍ക്കുന്ന സില്‍ക്ക് തലക്കെട്ടിന്റെ ഭാഗമാണെങ്കില്‍ഓര്‍മ്മകളെ ഒന്നുമില്ലായ്മയില്‍ നിന്ന് നെയ്തെടുക്കുന്ന സില്‍ക്ക് ആയി വിവരിക്കപ്പെടുന്നുണ്ട്. വയോധികനായിക്കഴിഞ്ഞ പീറ്റര്‍ വര്‍ഷങ്ങള്‍ക്കു ശേഷം സ്നോയോടുണ്ടായിരുന്ന രഹസ്യപ്രണയത്തെ ഓര്‍ത്തെടുക്കുക “ആദ്യത്തെ ശൂന്യതക്ക് മേല്‍ വര്‍ഷങ്ങള്‍ അടരുകളായി സൃഷ്ടിച്ച വികാരങ്ങള്‍ഒരു നഗ്നമായ മേശയില്‍ മേല്‍ക്കുമേല്‍ സില്‍ക്ക് ഷീറ്റുകള്‍ പോലെ” എന്നാണ്. പറുദീസാ ബിംബകല്‍പ്പനകളിലൂടെയാണ് മലയയില്‍ എത്തിയ ആദ്യാനുഭവം പീറ്റര്‍ വിവരിക്കുന്നത് എന്നത് പ്രധാനമാണ്. “തീരത്തോടടുത്ത് സാംപന്‍ ബോട്ടുകളും ടഗ് ബോട്ടുകളും പതിയെ ഇളകുന്നത് നോക്കിക്കൊണ്ട്‌ കപ്പലില്‍ നിന്ന് സിംഗപ്പൂര്‍ ഹാര്‍ബറില്‍ ഇറങ്ങിയതു ഞാനോര്‍ക്കുന്നു. മിനുത്ത തൊലിയുള്ള സ്ത്രീ പുരുഷന്മാര്‍ വെയിലിന്റെ നിറമുള്ള പഴങ്ങള്‍ വിറ്റുകൊണ്ടിരുന്നുപരസ്പരം പക്ഷികളെപ്പോലെ ഈണത്തില്‍ സംസാരിച്ചു. ഗന്ധങ്ങളും മനംമയക്കുന്നതായിരുന്നു. എനിക്ക് ചുറ്റും കാറ്റില്‍ എല്ലായിടത്തും മണ്ണിന്റെയും കാരമലിന്റെയും കൗതുകകരമായ ഗന്ധമുണ്ടായിരുന്നു.” ജോണിയുടെ ഓര്‍മ്മക്കായി പീറ്റര്‍ നിര്‍മ്മിക്കുന്ന തോട്ടം നോവലില്‍ പലവുരു പ്രയോഗിക്കപ്പെടുന്ന ‘വനം’ എന്ന ബിംബത്തിന്റെ രൂപാന്തരമാണ്. കാടിന്റെ ‘ഹാനികരമായ അധിനിവേശത്തിനെതിരെയുള്ള ഇടപെടലായി അയാള്‍ അതിനെ വ്യാഖ്യാനിക്കുന്നു. അതൊരു സിസിഫിയന്‍ ശ്രമമാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. നോവലില്‍ പേര്‍ത്തും പേര്‍ത്തും കടന്നുവരുന്ന ആശയം “മരണം എല്ലാ അടയാളങ്ങളെയും, എല്ലാ ഓര്‍മ്മകളെയും മായ്ച്ചുകളയുന്നു” എന്നാണെങ്കിലും ജോണിയുടെ ഭൂതകാലത്തിന്റെ ശേഷിപ്പുകള്‍ വര്‍ത്തമാനത്തിലേക്ക്‌ തുളുമ്പിവരിക തന്നെ ചെയ്യുന്നു. മരിച്ചവരുടെ വിട്ടുപോകാത്ത പിടുത്തവും ജീവിച്ചിരിക്കുന്നവരുടെ കടലാസിന്റെ കനമുള്ള ബന്ധങ്ങളും: നോവലിലെ ഏറ്റവും നിര്‍ണ്ണായകമായ പ്രമേയം ഇതാണെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. (Anita Sethi: independent) 

    കൊളോണിയല്‍ ചരിത്രം സ്വാതന്ത്ര്യത്തിലേക്കല്ല, കൂടുതല്‍ ഭീകരമായ മറ്റൊരു അധിനിവേശത്തിലേക്കായിരുന്നു വഴിതുറന്നത്അതെത്രമാത്രം ഹ്രസ്വമായിരുന്നെങ്കിലും, എന്നതാണ് ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തില്‍ നിന്ന് ജാപ്പനീസ് അധിനിവേശത്തിലേക്ക് വീണുപോയ മലേഷ്യയുടെ ദുരന്തം. നോവലിന്റെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലം നിര്‍ണ്ണയിക്കുന്നത് ഈ ഇരട്ട ദുരന്തമാണ്. ടാന്‍ ട്വാന്‍ എങ് (ദി ഗാര്‍ഡന്‍ ഓഫ് ഈവനിംഗ് മിസ്റ്റ്സ്ഗിഫ്റ്റ് ഓഫ് ദി റെയ്ന്‍), റാണി മനിക്കാ (ദി റൈസ് മദര്‍ടച്ചിംഗ് എര്‍ത്ത്..) തുടങ്ങിയ എഴുത്തുകാര്‍ തീക്ഷണമായി അവതരിപ്പിച്ചിട്ടുള്ള ഈ സംഘര്‍ഷകാലത്തെ ശക്തമായി ആവിഷ്കരിക്കുന്ന മറ്റൊരു കൃതിയായി ‘ഹാര്‍മ്മണി സില്‍ക്ക് ഫാക്റ്ററി’ സ്വയം അടയാളപ്പെടുന്നു.

 

 

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 87-94)


Wednesday, October 16, 2024

Human Acts by Han Kang/ Deborah Smith

മനുഷ്യ കര്‍മ്മങ്ങള്‍ – സാക്ഷ്യ സാഹിത്യത്തിന്റെ ധര്‍മ്മം



മനുഷ്യസൃഷ്ടമായ ചരിത്ര ദുരന്തങ്ങളുടെ ഭീകരതയും ട്രോമയും അതനുഭവിച്ചവരുടെ തന്നെ ആഖ്യാനങ്ങളായി സാഹിത്യത്തില്‍ അടയാളപ്പെടുമ്പോള്‍, അതിനു വൈയക്തികവും സഞ്ചിത സാമൂഹികവുമായ പ്രകൃതങ്ങള്‍ ഉണ്ടാവും. വിസ്മരിക്കപ്പെടുകയോ മൌന മുദ്രിതമാകുകയോ ചെയ്യാന്‍ ഇടയുള്ള മഹാദുരന്തങ്ങള്‍, യുദ്ധം, വംശഹത്യ, രാഷ്ട്രീയ അടിച്ചമര്‍ത്തല്‍, തുടങ്ങിയ വ്യവസ്ഥാപിത ഹിംസയുടെ അത്യാചാരങ്ങളെ വരും തലമുറക്കായി ആഖ്യാനം ചെയ്യപ്പെടുന്ന ഇത്തരം കൃതികള്‍ witness literature എന്ന് വിവരിക്കപ്പെടുന്നു. ഹോളോകാസ്റ്റ് ആഖ്യനങ്ങളായ Night (Elie Wiesel), If This is a Man (Primo Levi), The Diary of a Young Girl (Anne Frank), മുതല്‍ സ്റ്റാലിന്‍ കാല സോവിയറ്റ് ഭീകരതയുടെ ആവിഷ്കാരമായ The Gulag Archipelago (Aleksandr Solzhenitsyn), അടിമത്ത ഭീകരതയുടെ ആവിഷ്കാരമായ Beloved (Toni Morrison) തുടങ്ങിയ ഒട്ടേറെ കൃതികള്‍ ഈ വിഭാഗത്തില്‍ ലോകസാഹിത്യത്തില്‍ ഇടം പിടിച്ചിട്ടുണ്ട്. സഞ്ചിത വിസ്മൃതിക്കെതിരെ ഓര്‍മ്മകളുടെ ദൌത്യം, അതിജീവനം എന്നത് മരണ തുല്യമോ അതിലും മോശമോ ആവുന്നതിന്റെ സമസ്യകള്‍, സാക്ഷ്യം പറയുന്നതിന്റെ സാമൂഹിക, ധാര്‍മ്മിക ഉത്തരവാദിത്തം, നിശബ്ദമാക്കപ്പെട്ടവരുടെ ശബ്ദമാകുന്നതിന്റെ പ്രാധാന്യം തുടങ്ങിയവയാണ് ‘സാക്ഷ്യ സാഹിത്യത്തിന്റെ മുഖ്യ പ്രമേയങ്ങള്‍. എലി വീസലിന്റെ വാക്കുകളില്‍ ‘സാക്ഷ്യ സാഹിത്യത്തിന്റെ ദൌത്യം ഇങ്ങനെ വിവരിക്കപ്പെടുന്നു:

‘അതിജീവിച്ചവരില്‍ തുറന്നുപറയാന്‍ തീരുമാനിക്കുന്നയാള്‍ക്ക് അത് വ്യക്തമാണ്: അയാളുടെ ദൗത്യം, മരിച്ചവര്‍ക്കും ജീവിച്ചിരിക്കുന്നവര്‍ക്കും വേണ്ടി സാക്ഷിപറയലാണ്. നമ്മുടെ സഞ്ചിത സ്മൃതിയുടെ ഭാഗമാകേണ്ട ഒരു ഭൂതകാലത്തെ വരുംതലമുറയ്ക്ക് അപ്രാപ്യമാക്കാന്‍ അയാള്‍ക്ക് അധികാരമില്ല. മറക്കുക എന്നത് അപകടകരം മാത്രമല്ല, മ്ലേച്ഛവുമാണ്; മരിച്ചവരെ മറക്കുകയെന്നാല്‍ അവരെ രണ്ടാമതൊരിക്കല്‍ക്കൂടി കൊന്നുകളയലാണ്’  (Night, എലി വീസല്‍)

‘വെജിറ്റേറിയ'നില്‍ നിന്ന് വ്യത്യസ്തമായി തികച്ചും ചരിത്ര ബന്ധിതമായി എഴുതപ്പെട്ട നോവലാണ്‌ Human Acts. 1979ല്‍ സൈനിക ഏകാധിപതി പാര്‍ക്ക് ചുന്‍ ഹീ വധിക്കപ്പെടുകയും മാസങ്ങള്‍ക്കകം ചുന്‍ ദു ഹുവാന്‍ അധികാരം പിടിച്ചെടുക്കുകയും പട്ടാളനിയമം നടപ്പിലാക്കുകയും ചെയ്തു. ഹാന്‍ കാങ്ങിന്റെ ജന്മനഗരമായ ഗ്വാങ്ജുവില്‍, 1980 May 17നു,  ചുന്‍ ദു ഹുവാനിന്റെ പട്ടാള ഏകാധിപത്യത്തിനെതിരെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ അരങ്ങേറിയ അഹിംസാത്മക, ജനാധിപത്യ പോരാട്ടത്തെ  സൌത്ത് കൊറിയന്‍ പട്ടാളം രക്തരൂക്ഷിതമായി അടിച്ചമര്‍ത്തിയ സംഭവമാണ് നോവലിന്റെ പാശ്ചാത്തലം.  ‘ഗ്വാങ്ജൂ കലാപം എന്നും “5:18 ജനാധിപത്യ കലാപം (5:18 Democratic Uprising) എന്നും അറിയപ്പെട്ട പ്രസ്തുത സംഭവത്തില്‍,  ഔദ്യോഗിക കണക്കുകള്‍ പ്രകാരം 140ലേറെ സിവിലിയന്മാരാണ് കൊല്ലപ്പെട്ടത്. സെന്‍സസ് കണക്കുകള്‍ പ്രകാരം രണ്ടായിരത്തോളം പേരാണ് കാണാതായത്. ദക്ഷിണ കൊറിയയുടെ ജനാധിപത്യ വല്ക്കരണത്തില്‍ വലിയ പങ്കുവഹിച്ച സംഭവം പൂര്‍വ്വ ഏഷ്യയിലെങ്ങും ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു. ഫിലിപ്പൈന്‍സ്, തായ്ലാന്‍ഡ്, ചൈന, വിയെറ്റ് നാം, എന്നിവിടങ്ങളില്‍ അതിന്റെ അനുരണനങ്ങള്‍ ഉണ്ടായി. കൊറിയന്‍ ജനതയില്‍ അത് നിറച്ച വിപ്ലവ ചിന്ത, 1987ല്‍ ഏകാധിപത്യത്തെ തൂത്തെറിയുന്നതില്‍ കലാശിച്ചു. നോവലിന്റെ ശ്രദ്ധ, ആഴച്ചകള്‍ നീണ്ട പ്രസ്തുത ചരിത്ര ഘട്ടത്തില്‍ ഒതുങ്ങുന്നില്ല; 2013ല്‍ ഹാന്‍, തന്റെ നോവലിന്റെ രചനയ്ല്‍ മുഴുകിയ നാളുകളില്‍ പ്രസ്തുത കലാപം വീണ്ടും ഓര്‍മ്മിക്കപ്പെടാന്‍ സവിശേഷമായ ഒരു ചരിത്രകാരണം കൂടിയുണ്ടായിരുന്നു: പാര്‍ക്ക് ചുന്‍-ഹീയുടെ മകള്‍ പാര്‍ക്ക് ഗേന്‍-ഹൈ പ്രസിഡന്റ് ആയി അവരോധിക്കപ്പെട്ടത്‌ അന്നായിരുന്നു. 2017ല്‍ ഇമ്പീച്ച് ചെയ്യപ്പെടുംവരെ അവര്‍ അധികാരത്തില്‍ തുടരുകയും ചെയ്തു.

‘വെജിറ്റേറിയ’നിലെതുപോലെ പരസ്പര ബന്ധിതമായ, വ്യത്യസ്ത ആഖ്യാതാക്കളിലൂടെയുള്ള ആറധ്യായങ്ങളാണ് ‘മനുഷ്യ കര്‍മ്മങ്ങളില്‍ ഉള്ളത്. ഈ വ്യക്തിഗത കഥകളെല്ലാം ചേര്‍ന്നു ഭരണകൂട ഭീകരതയുടെ ശാരീരിക, മാനസിക ദുരന്തങ്ങളും രാഷ്ട്രീയ അടിച്ചമര്‍ത്തലിനു ഒടുക്കേണ്ടിവരുന്ന മാനുഷിക വിലയും അവതരിപ്പിക്കുന്നു. ഗ്വാങ്ജൂ കൂട്ടക്കൊലയുടെ ബാക്കിപത്രമായി താല്‍ക്കാലിക മോര്‍ച്ചറിയില്‍ എത്തുന്ന ജഡങ്ങള്‍ കൈകാര്യം ചെയ്യുന്ന ഡോങ് ഹോയിലാണ് ആദ്യ അദ്ധ്യായം. കൂടെയുള്ളവരിലധികവും വിദ്യാര്‍ഥികള്‍ ആണെങ്കിലും പതിനഞ്ചുകാരനായ ഡോങ് ഹോ ആണ് ഏറ്റവും ചെറുപ്പം. തന്റെ ദൗത്യം വളരെ ഗൌരവത്തിലെടുക്കുന്ന ഡോങ് ഹോ, ജടങ്ങല്‍ക്കുമേല്‍ ദേശീയ പതാക പുതപ്പിച്ചും അവക്കുവേണ്ടി മെഴുകുതിരികള്‍ കത്തിച്ചും അവയെ ആദരിക്കുകയും എല്ലാ അരാജകത്വങ്ങള്‍ക്കിടയിലും ഒരു ക്രമം നിലനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു.  കൂട്ടത്തില്‍, കൊല്ലപ്പെട്ട പ്രിയസുഹൃത്തിനെയും അവന്‍ തിരയുന്നുണ്ട്. അമ്മയും സഹോദരനും ഏറെ വിഷമത്തിലാണ് അവനെക്കുറിച്ച്. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് അവന്റെ ഏറ്റവും അടുത്ത സുഹൃത്ത് ജോങ് ദേയെ വലിയൊരു പ്രകടനത്തിനിടെ പട്ടാളക്കാര്‍ വെടി വെച്ചു കൊല്ലുന്നതിനു അവന്‍ സാക്ഷിയായിരുന്നു. അവന്റെ പ്രണയമായിരുന്ന, ജോങ് ദേയുടെ സഹോദരി ജോങ് മി അപ്രത്യക്ഷയായതും അവനറിയാം. ഈ രണ്ടു ദുരന്തങ്ങളും അവനില്‍ കുറ്റബോധം (survivor guilt) നിറക്കുന്നുണ്ട്.

അത്രസാധാരണമല്ലാത്ത ഒരാഖ്യാന രീതിയിലാണ് നോവലിന്റെ തുടക്കമെന്നത് പ്രധാനമാണ്. ദ്വിതീയ വ്യക്തിക ആഖ്യാനത്തില്‍ (second person) ‘നീ എന്നാണ് മുഖ്യ കഥാപാത്രം അഭിസംബോധന ചെയ്യപ്പെടുന്നത്. ആ ‘നീ ഡോങ് ഹോ ആണെന്ന് പതിയെ വ്യക്തമാകുന്നു. വായനക്കാരന്‍/ ക്കാരി പതിയെ ഡോങ് ഹോ ആയി മാറുകയാണ്‌ ഇവിടെ. രണ്ടാം അധ്യായത്തിന്റെ ഒടുവിലാണ് നാം തിരിച്ചറിയുക: ‘നീ’ മരിച്ചുകഴിഞ്ഞു.   ആദ്യ അധ്യായത്തില്‍ സൂചിതമായ ജോങ് ദേയുടെ മരണത്തിനപ്പുറത്തു നിന്നുള്ള വീക്ഷണത്തിലാണ് രണ്ടാമധ്യായത്തിന്റെ ആഖ്യാനം. ജീവിതത്തിനും മരണത്തിനും ഇടയില്‍ തങ്ങിനില്‍ക്കുന്ന അവന്റെ ബോധം ജീവിച്ചിരിക്കുന്നവരുടെ ലോകത്തെ വീക്ഷിക്കുന്നു. വിഘടിച്ചുപോയ സ്വത്വം, ഉടല്‍ മുക്തത തുടങ്ങിയ മെറ്റഫിസിക്കല്‍ ആശയങ്ങള്‍ ഈ അധ്യായത്തില്‍ പ്രധാനമാണ്. ട്രോമ എന്നത് ശാരീരിക മരണത്തിനും ശേഷവും തങ്ങിനില്‍ക്കുന്ന ഓര്‍മ്മയായും അതിജീവിച്ചവരെ വേട്ടയാടുമെന്നു നോവല്‍ നിരീക്ഷിക്കുന്നു. മരണത്തിനപ്പുറം/ ഇപ്പുറമെന്ന മട്ടില്‍, അഥവാ, തങ്ങള്‍ മരിച്ചു പോയിരിക്കുന്നോ ഇല്ലെയോ എന്ന് തീര്‍ച്ചയില്ലാത്ത മട്ടില്‍, അതുമല്ലെങ്കില്‍ മരണത്തിനു ശേഷവും ഒരു നിശ്ചിത സമയം തങ്ങളുടെ ജീവിത ചുറ്റുപാടുകളില്‍ തന്നെ തങ്ങള്‍ മരിച്ചിരിക്കുന്നു എന്ന് തിരിച്ചറിയാതെ തങ്ങി നില്‍ക്കുന്ന കഥാപാത്രങ്ങളിലൂടെയുള്ള ഭ്രമാത്മക ആഖ്യാനം ഒട്ടേറെ കൃതികളില്‍ കാണാനാകും. ഹുവാന്‍ റുള്‍ഫോയുടെ Pedro Paramo പോലുള്ള ക്ലാസിക്കുകള്‍ മുതല്‍ പുതിയ കൃതികളില്‍ വരെ ഇതിനു ഉദാഹരണങ്ങളുണ്ട്. ക്രിസ് അബാനിയുടെ Song for Night, ജോര്‍ജ്ജ് സോണ്ടെഴ്സിന്റെ Lincoln in the Bardo, എലിഫ് ഷഫാകിന്റെ 10 Minutes 38 Seconds in This Strange World, ഷെഹാന്‍ കരുണതിലകെയുടെ The Seven Moons of Maali Almeida തുടങ്ങിയവ അവയില്‍ ചിലതുമാത്രം.

തന്റെ ജഡം മറ്റുള്ള കുറെയേറെ ജടങ്ങളോടൊപ്പം ഒരു തുറസ്സില്‍ എറിയപ്പെട്ടിരിക്കുന്നു എന്ന് ജോങ് ദേ കണ്ടെത്തുന്നു. തന്റെ സഹോദരിയും കൊല്ലപ്പെട്ടിരിക്കുന്നു എന്ന് അയാള്‍ക്കറിയാം. പ്രതികാരം ചെയ്യണമെന്നുണ്ടെങ്കിലും എങ്ങനെയാണ് ഒപ്പമുള്ള മരിച്ചവരോട് ആശയവിനിമയം നടത്തേണ്ടത് എന്ന് അയാള്‍ക്കറിയില്ല. ഏതാനും ദിവസങ്ങള്‍ക്കുശേഷം, അഴുകിത്തുടങ്ങിയ തന്റെതുള്‍പ്പടെയുള്ള ജഡങ്ങള്‍ കത്തിച്ചു കളയാന്‍ പട്ടാളക്കാര്‍ എത്തുമ്പോള്‍, അങ്ങനെയെങ്കിലും തന്റെ ആത്മാവിനു മോക്ഷം കിട്ടുമെന്നും ഗ്വാങ്ജൂവിനു മുകളില്‍ അതിനു സ്വതന്ത്രമായി വട്ടമിടാനാകുമെന്നും ആദ്യം അവന്‍ ആശ്വസിക്കുന്നു. എന്നാല്‍, ഡോങ് ഹോയും കൊല്ലപ്പെട്ടുവെന്ന് ആ ഘട്ടത്തില്‍ തിരിച്ചറിയുന്നത്‌ അവനെ നിരാശനാക്കുന്നു.

മൂന്നാമാധ്യായം അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കിം ഊന്‍ സൂക് എന്ന ആക്റ്റിവിസ്റ്റിന്റെ വീക്ഷണത്തില്‍ ആഖ്യാനം പുനരാരംഭിക്കുന്നു. ഒരു പ്രസിദ്ധീകരണാലയത്തില്‍ ജോലിചെയ്യുന്ന അവള്‍, കൊറിയന്‍ പ്രതിഷേധ നാടകങ്ങളുടെ ഒരു പുസ്തകത്തിന്റെ സെന്‍സറിങ്ങുമായി ബന്ധപ്പെട്ടു പോലീസ് സ്റ്റേഷനില്‍ വിളിക്കപ്പെടുന്നു. ഏഴുതവണ മാരകമായ പ്രഹരം ഏറ്റുവാങ്ങുന്നത്തിന്റെ ഫലമായി കവിളുകളില്‍ കടുത്ത മുറിവേല്‍ക്കുകയും ഒരു ചെവിയുടെ കേള്‍വി നഷ്ടമാകുകയും ചെയ്യുന്നു. ഒരുദിവസം ഓരോന്നുവെച്ച് ഒരാഴ്ച കൊണ്ട് പ്രഹരങ്ങള്‍ മറന്നുകളയാം എന്ന തീരുമാനത്തോടെ വീട്ടിലെത്തുന്ന ഊന്‍ സൂക്, തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആ ശ്രമത്തിനിടെ ട്രോമകളുടെ താന്‍ കടന്നുപോയ/ സാക്ഷ്യം വഹിച്ച സന്ദര്‍ഭങ്ങള്‍ വീണ്ടും ജീവിക്കുകയാണ്. സെന്‍സര്‍ഷിപ്പ് കഴിഞ്ഞു കിട്ടിയ പുസ്തകം ഉപയോഗശൂന്യമാം വിധം മിക്കവാറും മുഴുവനായും മാഷിയടിച്ചു കാനാതാക്കിയിരുന്നു. എന്നാല്‍, നാടകാവതാരകാന്‍ മി. സിയോ, നാടകം മുഴുവനായി അവതരിപ്പിക്കുമെന്നും, ഗ്വാങ്ജൂ കൂട്ടക്കുരുതിയുടെ ഇരകളുടെ ഓര്‍മ്മയെ ആദരിക്കുമെന്നും പ്രഖ്യാപിക്കുന്നു. എന്നാല്‍, അഭിനേതാക്കള്‍ സെന്‍സര്‍ ചെയ്യപ്പെട്ട വരികള്‍ ചുണ്ടാനക്കുന്നതല്ലാതെ ഉച്ചരിക്കുന്നില്ല.

അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം, നാലാമധ്യായത്തില്‍, പേര് പറയുന്നില്ലാത്ത ആഖ്യാതാവിന്റെ വിവരണത്തില്‍, ജയിലില്‍ അയാള്‍ മൌനിയും ഓജസ്സറ്റവനുമായ കിം ജിന്‍ സു വുമായി മുറിയും ഭക്ഷണവും പങ്കിട്ടു. പലതരം പീഡനങ്ങള്‍ ഇരുവരും ഏറ്റുവാങ്ങുന്നുണ്ട്, അതിലൊന്ന് ഒരു പേന ഉപയോഗിച്ച് കൈകള്‍ അംഗഭംഗപ്പെടുത്തുന്നതാണ്. ‘വെറും ഇറച്ചി എന്ന് ജയില്‍ അനുഭവപ്പെട്ടതിനെ പോരാട്ട വേദികളില്‍ സഹപോരാളികളോടൊപ്പം ‘ഉദാത്തമായ, ഒരൊറ്റ വലിയ ഹൃദയ’മായി അനുഭവപ്പെട്ടതുമായി ആഖ്യാതാവ് തുലനം ചെയ്യുന്നു. മനുഷ്യസത്തയ്ക്ക് എകാധിപത്യങ്ങളില്‍ സംഭവിക്കുന്ന അപചയത്തിന്റെ ഒരു നേര്‍ ചിത്രമാണ് അത്. ജിന്‍ സു വിനൊപ്പം തീരെ ചെറുപ്പമായ യോങ് ചേ എന്ന നവയുവാവുമുണ്ട്: ഒട്ടേറെ ചെറു പ്രതിഷേധങ്ങള്‍ ജയിലിനകത്തുതന്നെ സംഘടിപ്പിക്കുന്ന ആദര്‍ശ ശാലി. ഒപ്പം, തനിക്കു നഷ്‌ടമായ കൊച്ചുസന്തോഷങ്ങളെ ഓര്‍ത്തു വിതുംമുന്നവന്‍. ആഖ്യാതവിന്റെയും ജിന്‍ സുവിന്റെയും മനസ്സുകളില്‍ അവന്‍ ഡോങ് ഹോയെ ഓര്‍മ്മിപ്പിക്കുന്നു. യോങ് ചേ, മനോരോഗാശുപത്രിയില്‍ അടക്കപ്പെടുമ്പോള്‍, ജിന്‍ സു, ആത്മഹത്യ ചെയ്യും. തന്നെ ഇന്റെര്‍വ്യു ചെയ്യുന്ന പ്രൊഫ: യൂനിനോട് അയാള്‍ പൊട്ടിത്തെറിക്കുന്നു: മനുഷ്യര്‍ക്ക്‌ പൊതുവായുള്ളത് പരസ്പരം ക്രൂരത ചെയ്യാനുള്ള കഴിവുമാത്രമാണ്.

ഇരുപതിലേറെ വര്‍ഷങ്ങള്‍ക്കു ശേഷം, 2002 ല്‍ ആഖ്യാനം തുടരുമ്പോള്‍ സൂണ്‍ ജുവിനെ നാം കണ്ടുമുട്ടുന്നു. ഒരു പരിസ്ഥിതി പ്രവര്‍ത്തകയായ അവള്‍, തന്റെ ഗ്വാങ്ജൂ പോരാട്ട കാലത്തെ കുറിച്ച് അധികവും മൌനം പാലിക്കുന്നു. മുന്‍ അദ്ധ്യായത്തിലെ ജേണലിസ്റ്റ്, പ്രൊഫ്‌: യൂണ്‍ നടത്തുന്ന അഭിമുഖ അഭ്യര്‍ഥന അവള്‍ നിരന്തരം നിഷേധിക്കുന്നു. എന്നാല്‍, തന്റെ പഴയ സുഹൃത്തും ലേബര്‍ ആക്റ്റിവിസ്റ്റുമായ സോന്‍ ഹീയുടെ രോഗത്തെ കുറിച്ച് കേള്‍ക്കുമ്പോള്‍ അതൊക്കെ തുറന്നുപറയാന്‍ അവള്‍ തീരുമാനിക്കുന്നു. സങ്കടങ്ങളും കുറ്റബോധവും നിറഞ്ഞ കഥയാണത്. മുറിഞ്ഞുമുറിഞ്ഞു പോകുന്ന ആഖ്യാനത്തില്‍ (‘Up Risings’) ഓര്‍മ്മകള്‍ പങ്കുവെക്കപ്പെടുന്നു. ആവര്‍ത്തിച്ച് ഏല്‍ക്കേണ്ടി വന്ന ബാലാല്‍ക്കാരങ്ങള്‍ കൊണ്ട് വന്ധ്യത്വവും കടുത്ത ലൈംഗിക വിരക്തിയും ആയിരുന്നു അവളുടെ ഭാഗധേയം. ഡോങ് ഹോയുടെ ദുരന്തം തടയാന്‍ കഴിഞ്ഞില്ലെന്നതാണ് അവളുടെ കുറ്റബോധം. എന്നാല്‍ അവനുള്ള അര്‍ച്ചന എന്ന നിലയിലാണ് അവള്‍ ഒടുവില്‍ എല്ലാം പറയാന്‍ തയ്യാറാകുന്നത്.

അവസാന അധ്യായം ഡോങ് ഹോയുടെ അമ്മയുടെ വീക്ഷണത്തിലാണ്. അവരിപ്പോഴും ഗ്വാങ്ജു തെരുവുകളില്‍ അവനെ ഇടയ്ക്കിടെ കാണുന്നുണ്ട്. ആ കൊലപാതകത്തെ കുറിച്ചോര്‍ക്കുമ്പോള്‍, തനിക്കവനെ പുറത്തേയ്ക്ക് വിടാതിരിക്കാന്‍ കഴിയുമായിരുന്നില്ലേ, ഇതര ആക്റ്റിവിസ്റ്റുകള്‍ക്ക് വെടിവെപ്പ് തുടങ്ങുംമുമ്പ് അവനെ രക്ഷപ്പെടുത്താമായിരുന്നില്ലേ എന്നൊക്കെ അവര്‍ ചിന്തിക്കുന്നു. അവരുടെ ഓര്‍മ്മകളില്‍ അവന്റെ കൂട്ടുകാരന്‍ ജോങ് ദേയും കൂട്ടുകാരി ജോങ് മിയുമെല്ലാം ഇപ്പോഴും കടന്നുവരുന്നു. താമസം മാറിയ മൂത്ത മകനും രണ്ടാമനും ഇപ്പോഴും കണ്ടുമുട്ടുമ്പോള്‍ അനിയനെ സംരക്ഷിക്കാന്‍ കഴിയാതെ പോയതിനു പരസ്പരം കുറ്റപ്പെടുത്തുന്നു. അമ്മ, തുല്യ ദുഖിതരായ മാതാപിതാക്കളെ കണ്ടെത്തുകയും അറസ്റ്റും പീഡനവും നേരിട്ടും തെരുവിലിറങ്ങുകയും ചെയ്യുന്നു. എന്നാല്‍, ഡോങ് ഹോയുടെ പിതാവിന്റെ മരണശേഷം ഊര്‍ജ്ജം നഷ്ടപ്പെട്ടു അവര്‍ മകന്റെ ഓര്‍മ്മകളിലേക്കും അവന്‍ എഴുതാന്‍ തുടങ്ങിയ കവിതകളിലേക്കും ചുരുങ്ങിക്കൂടുന്നു. വയോധികയായിക്കഴിഞ്ഞ അമ്മയുടെ വേദന, ഇരകളുടെ കുടുംബം നേരിടാനുള്ള നിതാന്ത നഷ്ടങ്ങളുടെ ആകെത്തുകയാണ്. അവരുടെ നിരീക്ഷണങ്ങളിലൂടെ നോവല്‍, ഭൂതകാല ആഘാതങ്ങളും അവയുടെ ഓര്‍മ്മകളും എങ്ങനെയാണു വര്‍ത്തമാനത്തെ രൂപപ്പെടുത്തുന്നത് എന്നാണു വ്യക്തമാക്കുന്നത്. ചരിത്ര ദുരന്തങ്ങള്‍ക്ക് പരിഹാരമോ അന്ത്യമോ സാധ്യമല്ല എന്നതാണ് അവരുടെ ദുഃഖം വെളിപ്പെടുത്തുന്നതും.

സമാപന അധ്യായത്തില്‍ (epilogue) എഴുത്തുകാരി നേരിട്ട് ഇടപെടുകയാണ്. ഹാന്‍ കാങ്ങ് ഒരു നോവലെഴുതിത്തുടങ്ങുകയാണ്- ഡോങ് ഹോയെ കുറിച്ച്, അവനെ സ്നേഹിച്ചവരെ കുറിച്ച്. അതിനൊരു വ്യക്തിപരമായ കാരണമുണ്ട്: സോളിലേക്കു പോകും മുമ്പ് തങ്ങള്‍ താമസിച്ച വീട്ടിലാണ് ഡോങ് ഹോയും കുടുംബവും കഴിഞ്ഞത്. ഹാനിനു അവരുമായി ബന്ധമില്ലായിരുന്നെങ്കിലും പിതാവ് അവരുമായി ബന്ധം നിലനിര്‍ത്തിയിരുന്നു. ഗ്വാങ്ജു കലാപത്തെ കുറിച്ച് അറിയുംതോറും ഡോങ്ഹോയുമായി ആത്മബന്ധം വളരുന്നതായി അവര്‍ കണ്ടെത്തുകയായിരുന്നു. നാട്ടിലേക്ക് പോകും മുമ്പ് അവന്റെ കുഴിമാടത്തിലെത്തി അവിടെയൊരു മെഴുകുതിരി തെളിയിക്കുന്നുണ്ട് നോവലിസ്റ്റ്.

നോവലിസ്റ്റിന്റെ ഉദ്ദേശം വ്യക്തമാണ്: സൌത്ത് കൊറിയന്‍ ചരിത്രത്തിലെ ഒരു സവിശേഷ ഘട്ടത്തെ കുറിച്ച് ആയിരിക്കുമ്പോള്‍ത്തന്നെ, നോവല്‍ മനുഷ്യപ്രകൃതത്തെ കുറിച്ചും നമ്മിലെല്ലാമുള്ള വൈകൃതത്തെ കുറിച്ചുമാണ്.

“അത് ഗ്വാങ്ജുവില്‍ സംഭവിച്ചത് ജേജു ദ്വീപുകളില്‍, ക്വാങ്ടുങ്ങില്‍, നാന്‍ജിങ്ങില്‍, ബോസ്നിയയില്‍, ‘പുതുലോകം എന്ന് വിളിക്കപ്പെട്ടു കൊണ്ടിരുന്നപ്പോള്‍ത്തന്നെ അമേരിക്കന്‍ വന്‍കരയിലെങ്ങും, ഒരേ പോലുള്ള മൃഗീയതയോടെ സംഭവിച്ചു കൊണ്ടിരുന്നത് പോലെ തന്നെയാണ്: അത് നമ്മുടെ ജനിതക ചിഹ്നങ്ങളില്‍ മുദ്രിതമാണ്‌ എന്ന മട്ടില്‍.” (Human Acts- p. 140).

  Read more:

The Vegetarian by Han Kang/ Deborah Smith

https://alittlesomethings.blogspot.com/2024/10/the-vegetarian-by-han-kang-deborah-smith.html

The Seven Moons of Maali Almeida by Shehan Karunatilaka

https://alittlesomethings.blogspot.com/2024/08/the-seven-moons-of-maali-almeida-by.html

 Song for Night by Chris Abani

https://alittlesomethings.blogspot.com/2016/02/blog-post.html

10 Minutes 38 Seconds in this Strange World by Elif Shafak

https://alittlesomethings.blogspot.com/2024/10/10-minutes-38-seconds-in-this-strange.html

Lincoln in the Bardo by George Saunders

https://alittlesomethings.blogspot.com/2018/01/blog-post_86.html


Friday, October 11, 2024

The Vegetarian by Han Kang/ Deborah Smith

 പിന്‍ നടത്തിന്റെ വിമോചക സാധ്യതകള്‍



സൌത്ത് കൊറിയയിലെ തെക്കുപടിഞ്ഞാറന്‍ നഗരമായ ഗ്വാങ്ജുവില്‍ 1970ല്‍ ജനിച്ച ഹാന്‍ കാങ്ങ്, പത്താം വയസ്സില്‍ സോളിനടുത്തു സിയൂറിയിലേക്ക് കുടിയേറി. അറിയപ്പെടുന്ന നോവലിസ്റ്റായ പിതാവിന്റെ മകളെന്ന നിലയില്‍ സാഹിത്യ പാരമ്പര്യമുള്ള കുടുംബമാണ് അവരുടെതെന്നു പറയാം. 1993ല്‍ ഏതാനും കവിതകളുമായി സാഹിത്യലോകത്തിലേക്ക് കടന്നുവന്ന അവര്‍, 1995ല്‍ "Love of Yeosu" എന്ന പ്രഥമ കഥാ സമാഹാരവും 1998ല്‍ Black Deer എന്ന നോവലും പുറത്തിറക്കി. പ്രാദേശിക, ദേശീയ തലങ്ങളില്‍ സാഹിത്യ പുരസ്കാരങ്ങള്‍ നേടിയ ഹാനിനെ ലോക സാഹിത്യത്തില്‍ അടയാളപ്പെടുത്തിയത് 2007ല്‍ കൊറിയന്‍ മൂലത്തില്‍ പ്രസിദ്ധീകരിക്കുകയും ഡിബോറ സ്മിത്തിന്റെ  ഇംഗ്ലീഷ് വിവര്‍ത്തനത്തില്‍  2015ല്‍ പുറത്തിറങ്ങുകയും ചെയ്ത The Vegetarian എന്ന നോവലാണ്‌. നോവല്‍, മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്കാരം നേടുകയും ചെയ്തു.

മാനുഷികാവസ്ഥയില്‍ ലീനമായ ഹിംസാത്മകത, അത് സൃഷ്ടിക്കുന്ന ട്രോമ, സ്വത്വ സംഘര്‍ഷങ്ങള്‍, പരമ്പരാഗത, പുരുഷാധികാര മൂല്യങ്ങളും ശ്രേണീബദ്ധമായ കുടുംബ വ്യവസ്ഥയില്‍ അടിച്ചമര്‍ത്തപ്പെടുന്ന സ്ത്രീത്വത്തിന്റെ സംഘര്‍ഷങ്ങളും തുടങ്ങി, ചരിത്രത്തിന്റെ ഇരുണ്ട ഇടനാഴികളില്‍ വ്യക്തികളും സമൂഹങ്ങളും നേരിടേണ്ടിവരുന്ന ഹിംസയുടെ ശാരീരിക, മാനസിക ആഘാതങ്ങളും വരെ ഹാന്‍ കാങ്ങിന്റെ കൃതികളില്‍ നിരീക്ഷിക്കപ്പെടുന്നു. ലോക വായനാ സമൂഹത്തിന് അവരെ അതിശക്തമായ രീതിയില്‍ പരിചയപ്പെടുത്തിയ കൃതി എന്ന നിലയില്‍, The Vegetarian വായിക്കുന്നത് അവരുടെ രചനാലോകത്തേക്കുള്ള മികച്ച പ്രവേശികയാകും.

The Vegetarian

 ‘മനുഷ്യനായിരിക്കുക എന്നതിനെക്കുറിച്ച് ചോദ്യമുയര്‍ത്താന്‍ ഞാനാഗ്രഹിച്ചു, ഒപ്പം മനുഷ്യ കുലത്തില്‍ ചേര്‍ന്നുനില്‍ക്കാനാഗ്രഹിക്കാത്ത, അത്തരം ഹിംസയില്‍ ആറാടുന്ന മനുഷ്യരില്‍ ഒരാളായിരിക്കുക എന്നതിനെ അതിതീവ്രമായി തിരസ്കരിച്ച ഒരു സ്ത്രീയെ വിവരിക്കാന്‍ ഞാനാഗ്രഹിച്ചു.’ (Han Kang in an interview)

പരമ്പരാഗത കൊറിയന്‍  പുരുഷാധികാര വ്യവസ്ഥയില്‍ പ്രണയവും അനുസരണയും സ്ത്രീയ്ക്കും അധീശത്തവും ദയാവായ്പ്പും പുരുഷനും ഉദാത്ത മൂല്യങ്ങളായി കണക്കാക്കപ്പെടുന്നു. കുടുംബം എന്ന അടിസ്ഥാന യൂണിറ്റില്‍, പ്രസ്തുത വ്യവസ്ഥയുടെ നിലനില്‍പ്പില്‍ വ്യക്തിയുടെ പെരുമാറ്റം/ പെരുമാറ്റ വൈചിത്ര്യങ്ങള്‍ മൊത്തം വ്യവസ്ഥയുടെ കെട്ടുറപ്പിനെ നേരിട്ട് ബാധിക്കുന്നു. മത്സ്യ, മാംസാഹാരമെന്നത് ഭക്ഷണ ക്രമത്തിന്റെയും, അതുവഴി തുടര്‍ന്നുപോരുന്ന സാമൂഹിക പാരസ്പര്യങ്ങളുടെയും അവിഭാജ്യ ഘടകം തന്നെയായ കൊറിയന്‍ സമൂഹത്തില്‍, ഒരു സുപ്രഭാതത്തില്‍ സസ്യഭുക്കാകാനുള്ള യോങ് ഹൈയുടെ തീരുമാനം വലിയ അനുരണനങ്ങളാണ് കുടുംബത്തിന്റെ വ്യവസ്ഥാപിത/ അധികാര ശ്രേണികളിലും സമൂഹവുമായുള്ള ഇടപഴകല്‍ സന്ദര്‍ഭങ്ങളിലും സൃഷ്ടിക്കുന്നത്. പ്രസ്തുത സാഹചര്യത്തെ, വ്യക്തിക്ക്, അതും സ്ത്രീക്ക്, തന്റെ തന്നെ മേലുള്ള പരമാധികാരം, തന്നെ വരിഞ്ഞു മുറുക്കുന്ന സാമൂഹിക പ്രതീക്ഷകളുടെ തിരസ്കാരം, മാനുഷിക അഭിലാഷങ്ങളും പ്രകൃത്യായുള്ള ചോദനകളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ എന്നിവയ്ക്ക് ചുറ്റുമുള്ള ഒരു ആഖ്യാനമാക്കി വികസിപ്പിക്കുകയാണ് നോവലിസ്റ്റ്. നോവലിന്റെ മൂന്നു ഭാഗങ്ങള്‍, രണ്ടുവര്‍ഷങ്ങളുടെ ഇടവേളകളുള്ള, മൂന്നു പേരുടെ വീക്ഷണകോണുകളിലൂടെ, പ്രസ്തുത പ്രമേയങ്ങള്‍ പരിശോധിക്കുന്നു: ആദ്യം മത്സ്യാഹാരം ഉപേക്ഷിക്കുകയെന്ന യോങ് ഹൈയുടെ ‘നിഷേധത്തിലൂടെ, പിന്നീട് സഹോദരീ ഭര്‍ത്താവിനു കലാകാരനെന്ന ഭാവേന അവളോടുള്ള അഭിനിവേശത്തിലൂടെ, ഒടുവില്‍ ഇന്‍ ഹൈക്ക് സഹോദരിയുടെ നേരയുള്ള രാഗ-ദ്വേഷ ബന്ധത്തിലൂടെ. യോങ് ഹൈയുടെ തീരുമാനം, അവളുടെ വൈയക്തിക ഭക്ഷണ അഭിരുചിയുടെ പ്രഖ്യാപനം എന്നതിനപ്പുറം കടക്കുകയും ഭര്‍ത്താവ്, സഹോദരീഭര്‍ത്താവ്, സഹോദരി എന്നിവരുടെ ഐഡന്റിറ്റി, കുടുംബപരമായ കടമകള്‍, സ്വാതന്ത്ര്യം എന്നിവയെ ബാധിക്കുകയും ചെയ്യുന്നു.  അതോടൊപ്പം ഹിംസാത്മകമത, തൃഷ്ണ, ഭ്രാന്ത്, ഉടലധികാരം, അതിജീവനം എന്നിവയെക്കുറിച്ചുള്ള തീക്ഷ്ണമായ നിരീക്ഷണങ്ങളിലേക്കും അന്തിമമായി മനുഷ്യാവസ്ഥയെ കുറിച്ച് ആഴത്തിലുള്ള ചോദ്യങ്ങളിലേക്കും ഹാന്‍ കാങ്ങ് നോവലിനെ പരിവര്‍ത്തിപ്പിക്കുന്നു.

യോങ് ഹൈയുടെ ഭര്‍ത്താവായ മി. ചിയോങ്ങിന്റെ ആഖ്യാനമായ, നോവലിന്റെ തലക്കെട്ടിന്റെ അതെ പേരുള്ള (The Vegetarian) ആദ്യഭാഗം, ഹിംസയും ചോരയും നിറഞ്ഞ പേടിസ്വപ്നങ്ങളുടെ തുടര്‍ച്ചയെ തുടര്‍ന്ന് ഇനിമുതല്‍ മാംസം കഴിക്കില്ലെന്ന യോങ് ഹൈയുടെ തീരുമാനത്തോടെ ആരംഭിക്കുന്നു. യോങ് ഹൈയെ സംബന്ധിച്ച് മനുഷ്യാസ്തിത്വത്തില്‍ ലീനമായ ഹിംസയുടെ തിരസ്കാരമാണ് അത്. ഈ ഘട്ടത്തില്‍ ചിയോങ്ങിനെ സംബന്ധിച്ച് അതൊരു ചെറിയ നിഷേധ പ്രവര്‍ത്തി മാത്രമാണ്. ബ്രാ ധരിക്കാന്‍ വിസമ്മതിക്കുന്നതു പോലുള്ള യോങ് ഹൈയുടെ നേരത്തെയുള്ള ശീലം പോലെ. എന്നാല്‍,  ഭക്ഷണക്കാര്യത്തിലെ വൈയക്തിക തെരഞ്ഞെടുപ്പ് എന്നതില്‍നിന്ന് അത് കൈവിട്ടുപോകുകയും മാംസാഹാരം ഉണ്ടാക്കാന്‍ വിസമ്മതിക്കല്‍, ലൈംഗിക ബന്ധത്തിന് വിസമ്മതിക്കല്‍, തുടങ്ങിയവയിലേക്ക് പുരോഗമിക്കുന്നതോടെ ജെന്റര്‍ പദവി കടമകളെ കുറിച്ചുള്ള സാമൂഹിക പ്രതീക്ഷകള്‍ തകിടം മറിയുകയാണ്. സ്ത്രീയെ ഉടലായും ഉപയോഗപ്രയോജനമുള്ള വസ്തുവായും മാത്രം കാണുന്ന ചിയോങ്ങിനെ സംബന്ധിച്ച് സെക്സ് എന്നത് സ്ത്രീയുടെ ബാധ്യതയാണ്‌. ആ നിലക്ക് എങ്ങനെയും തന്റെ തൃഷ്ണയെ തൃപ്തിപ്പെടുത്താന്‍ സ്ത്രീയെ ബലാല്‍ക്കാരം ചെയ്യുന്നത് തെറ്റല്ല. എന്നാല്‍, ആ മൂല്യബോധത്തിന്റെ എതിരറ്റത്ത് നിലയുറപ്പിക്കുന്ന യോങ് ഹൈയെ സംബന്ധിച്ച് ലൈംഗികത എന്നത് മരണവും. അവളൊരു ബലാല്‍ക്കാര അതിജീവിതയാണ്. അവളുടെ അനുഭവത്തില്‍ ലൈംഗികതയെ നേരിടുകയെന്നാല്‍, ഹിംസ, കയ്യേറ്റം, മരണം എന്നിവയെ നേരിടലാണ്. അത്തരം ഒരു സ്ത്രീക്ക്, സെക്സ് എന്നത് സ്വയം നശീകരണവും മനുഷ്യപ്രകൃതത്തില്‍ ഫ്രോയ്ഡ് നിരീക്ഷിച്ച ആന്തരികവും പ്രാകൃതവുമായ മൃത്യു അഭിവാഞ്ചയും (death wish) ആയിത്തീരുന്നു. സഹോദരീ ഭര്‍ത്താവിന്റെ കടന്നുകയറ്റത്തിനു അവള്‍ നിഷ്ക്രിയമായി വഴങ്ങുന്നത് ഈ മൃത്യുപാസനയുടെ പ്രേരണയിലാണ്.

യോങ് ഹൈയുടെ തെരഞ്ഞെടുപ്പില്‍, ചിയോങ്ങ് പ്രതിനിധാനം ചെയ്യുന്ന സാമൂഹികാവസ്ഥയുടെ കഥയറിയാത്ത ഗുണഭോക്താക്കള്‍ മാത്രമായ കുടുംബത്തിന്റെ കണ്ണില്‍ അവളൊരു വെറും തന്നിഷ്ടക്കാരിയാകുന്നു. അവരുടെ നിലപാടുകള്‍ അവളുടെ മാനസികാവസ്ഥക്ക് ഏതൊക്കെ നിലയില്‍ നിമിത്തമായിരിക്കാം എന്നത് അവര്‍ക്ക് പ്രശ്നമേയല്ല/ അറിയില്ല. കുടുംബ സംഘര്‍ഷം രൂക്ഷമാകുന്ന ഒരു ഘട്ടത്തില്‍ യോങ് ഹൈയുടെ പിതാവ് ബലപ്രയോഗത്തിലൂടെ അവളെ മാംസം തീറ്റിക്കാനുള്ള ശ്രമം നടത്തുന്നു. സ്ത്രീയുടെ ഉടലിനുമേല്‍ സാമൂഹിക പ്രതീക്ഷകള്‍ അടിച്ചേല്‍പ്പിക്കുന്ന ഹിംസാത്മകതയുടെ പ്രകടിത രൂപമാണത്. കൈത്തണ്ടയില്‍ ആഴത്തില്‍ മുറിപ്പെടുത്തി പ്രതിഷേധിക്കുന്ന യോങ് ഹൈയെ ആശുപത്രിയിലെത്തിക്കേണ്ടി വരുന്നത്, അവളുടെത് കേവലനിഷേധം എന്നതിപപ്പുറം പോകുന്ന, സാമൂഹിക അന്യവല്‍ക്കരണത്തിന്റെ തന്റെ മാനങ്ങളുള്ള പ്രതികരണമാണെന്ന്  തെളിയിക്കുന്നു. വീട്ടില്‍ മറ്റാരുമില്ലാത്ത ഘട്ടങ്ങളില്‍ നഗ്നയാകുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് ‘ഭയങ്കര ചൂടാണ് എന്നാണു അവളുടെ മറുപടി. ആശുപത്രിയില്‍ നിന്ന് മടങ്ങിയ ശേഷം കാണാതാകുന്ന യോങ് ഹൈയെ, തടാകക്കരയില്‍ കയ്യില്‍ ഒരു വെളുത്ത, ചത്ത പക്ഷിയുമായി ഒരു ബെഞ്ചില്‍ ഇരിക്കുന്ന രൂപത്തില്‍ കണ്ടെത്തുന്നു. പക്ഷിയുടെ ജഡത്തില്‍ ഏതോ ഇരപിടിയന്‍ ആക്രമണത്തിന്റെ തെളിവായി ഒട്ടേറെ ചോരക്കരകറകള്‍ കാണാനുണ്ട്. കിരാതമായ പുറംലോകത്തില്‍ വേട്ടയാടപ്പെടുന്ന നൈര്‍മ്മല്യത്തിന്റെ പ്രതീകമാവാം ആ നിസ്സഹായ മരണം.

യോങ് ഹൈയുടെ നിഷേധത്തോടുള്ള മി. ചിയോങ്ങിന്റെ പ്രതികരണം, അവരുടെ ബന്ധത്തില്‍ അതുവരെ വെളിപ്പെടാതെ മൂടപ്പെട്ടുകിടന്ന ഹിംസാത്മകതയുടെ വെളിപ്പെടലാണ്. അവളില്‍ സംഭവിക്കുന്ന പരിണാമത്തിന്റെ പൊരുള്‍ തിരിച്ചറിയാനാകാതെ, അവഗണിക്കപ്പെട്ട പൗരുഷത്തിന്റെ പതിവ് പ്രതികരണമായി അയാളൊരു റേപ്പിസ്റ്റ് ആയിത്തീരുന്നുണ്ട്. മാംസം, ബ്രാ, സെക്സ് ത്രിത്വത്തില്‍ നിന്നുള്ള യോങ് ഹൈയുടെ പിന്മടക്കം, പെണ്ണുടല്‍ വസ്തുവല്‍ക്കരണത്തില്‍ അഭിരമിക്കുന്ന പുരുഷാധികാര ലോകത്തുനിന്നുള്ള യോങ് ഹൈയുടെ അന്യവല്‍ക്കരണം പൂര്‍ണ്ണമാക്കുന്നു.

Mongolian Mark’ എന്നു പേരിട്ട രണ്ടാം ഭാഗം, യോങ് ഹൈയുടെ സഹോദരി ഇന്‍ ഹൈയുടെ ഭര്‍ത്താവും വീഡിയോ ചിത്രകാരനുമായ കഥാപാത്രത്തിലൂടെയാണ് അവതരിപ്പിക്കപ്പെടുന്നത്. യോങ് ഹൈയുടെ ഉടലിലുള്ള ജന്മസിദ്ധമായ അടയാളത്തെ കുറിച്ച്, കുഞ്ഞുമകന്‍ ജീ വൂയെ കുളിപ്പിക്കുന്ന സന്ദര്‍ഭത്തില്‍, ഇന്‍ ഹൈയില്‍ നിന്ന് അറിയാന്‍ ഇടവരുന്നത്, ഭാര്യാസഹോദരിയോട് അയാളില്‍ നേരത്തെ ഉണ്ടായിരുന്ന അഭിനിവേശം ഇരട്ടിപ്പിക്കുന്നു. പ്രകൃതിയുമായുള്ള ആദിമബന്ധത്തിന്റെ സൂചനയാണ് യോങ് ഹൈയില്‍ ആ അടയാളമെങ്കില്‍, അത് പ്രാകൃത രതിചോദനയായാണ് ഇവിടെ വര്‍ത്തിക്കുന്നത്. മി. ചിയോങ്ങ്, യോങ് ഹൈയെ വിധേയത്തം പുലര്‍ത്തേണ്ട ഭാര്യയായി കാണ്ടപ്പോള്‍, ബന്ധു അവളെ ഒരു കലാകാരന്റെ ഉപാസനാ മൂര്‍ത്തി (artist’s muse) യായി കാണുന്നു. തൃഷ്ണയും കാമനാ വിഭ്രമങ്ങളും പകര്‍ത്തിവെക്കാനുള്ള കാന്‍വാസ് . ഉടലില്‍ പൂക്കള്‍ വരച്ചുവെക്കുന്ന ചിത്രങ്ങള്‍ സൃഷ്ടിക്കാനുള്ള മോഡലായി അയാള്‍ യോങ് ഹൈയെ ഉപയോഗിക്കുന്നു. അയാളുടെ ഭാവനയില്‍ അതൊരു രതിപൂര്‍ത്തീകരണമായി മാറുന്നുമുണ്ട്. ആദ്യഭാഗത്തെ ചത്ത പക്ഷിയെപ്പോലെ, പ്രകൃതിയുടെ സൗന്ദര്യവും നൈര്‍മല്യവും ഒപ്പം നശ്വരതയും പ്രതിനിധാനം ചെയ്യുന്ന പൂക്കള്‍ എന്ന ബിംബം ഈ ഭാഗത്ത് സുപ്രധാനമാണ്‌. യോങ് ഹൈയുടെ ഉടലില്‍ വരച്ചു ചേര്‍ക്കുന്ന പൂക്കള്‍, സൗന്ദര്യത്തിന്റെയും അഗമ്യഗമനത്തിന്റെയും പ്രതീകമാണ്‌; മറ്റൊരു പ്രകാരത്തില്‍  സൃഷ്ടിയുടെയും നശീകരണത്തിന്റെയും, ജീവന്റെയും മൃത്യുവിന്റെയും ഇടയിലെ  സമ്മര്‍ദ്ദങ്ങള്‍. ജെ എന്നൊരു പുരുഷ മോഡലിനെ കൂടി ഉള്‍പ്പെടുത്തി സൃഷ്ടിക്കുന്ന പ്രോജക്റ്റില്‍, തന്റെ ലൈംഗിക അഭിനിവേശത്തെ സാക്ഷാത്കരിക്കാന്‍ ചിത്രകാരന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ജെ. പൂര്‍ണ്ണമായും സഹകരിക്കുന്നില്ല. ഉടല്‍ വസ്തുവല്‍ക്കരണവും തൃഷ്ണാ പൂരണവും നടക്കുമ്പോഴും, എല്ലാത്തിലും യോങ് ഹായ് നിഷ്ക്രിയമായി സഹകരിക്കുന്നത് മാനുഷിക ബന്ധങ്ങളില്‍നിന്നുള്ള അവളുടെ ഉള്‍വലിയലിന്റെ പ്രകടനമാണ്. പൂക്കളുടെ ഇമേജറി വേണ്ടുവോളമുള്ള സംഗമത്തില്‍ ബന്ധുവിന് വിധേയപ്പെടുന്നത് പ്രണയമല്ല, മറിച്ച് മാനുഷിക ലോകത്തോടുള്ള സമ്പൂര്‍ണ്ണ അന്യവല്‍ക്കരണമാണ്. സഹോദരീ ഭര്‍ത്താവിനെ സംബന്ധിച്ച് അതയാളുടെ സര്‍ഗ്ഗാത്മക അഭിനിവേശത്തിന്റെ പൂര്‍ത്തീകരണവും ഒപ്പം സമൂഹജീവിയും ഒരു ഭര്‍ത്താവുമെന്ന നിലയില്‍ അന്തിമ തകര്‍ച്ചയും ആയിത്തീരും. അരുതാത്ത ബന്ധം കാണാന്‍ ഇടയാകുന്ന ഭാര്യയുടെ പ്രതികരണം സാമൂഹിക ക്രമങ്ങള്‍ക്കനുസരിച്ചായിരിക്കും. ആദ്യഭാഗത്ത് മി. ചിയോങ്ങ് ചെയ്തെന്തോ, അതുതന്നെയാണ് ബന്ധുവും ഒരര്‍ത്ഥത്തില്‍ ആവര്‍ത്തിക്കുന്നത്: ഒരാളുടെ ഇഷ്ടത്തെ മറ്റൊരാളുടെ ഉടലില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുക. യോങ് ഹൈ ഇരുവരെയും നിരാശപ്പെടുത്തുക, അവളുടേത്‌ മറ്റൊരു മൂല്യക്രമം ആയതുകൊണ്ടാണ്‌. ബന്ധുവിന് പേരു നല്കപ്പെട്ടിട്ടില്ല എന്നത്, അയാളുടെ വ്യക്തിത്വത്തിന് ഇവിടെ പ്രസക്തിയില്ല എന്നതുകൊണ്ടും. തൃഷ്ണയും സര്‍ഗ്ഗാത്മക അഭിനിവേശവും കൊണ്ട് അന്ധനായിപ്പോയ വെറുമൊരു നിഴല്‍ കഥാപാത്രമാണ് അയാള്‍.

Flaming Trees  എന്ന മൂന്നാം ഭാഗത്തിന്റെ ആഖ്യാനം നടത്തുന്നത് ഇന്‍ ഹൈ ആണ്. അനിയത്തിയോടും അവളുടെ നിഷേധത്തോടും രാഗ-ദ്വേഷ ബന്ധമുള്ള ഇന്‍ ഹൈ, സമൂഹം സ്ത്രീയില്‍നിന്നു പ്രതീക്ഷിക്കുന്നതെന്തോ അതാവാന്‍ വിധിക്കപ്പെട്ടവളാണ്. കുടുംബത്തിന്റെ സ്ഥിരവരുമാനമാര്‍ഗ്ഗം, അമ്മ, ഭാര്യ, കുടുംബിനി. അനിയത്തി ഭ്രാന്തിലേക്ക് കൂപ്പു കുത്തുന്നത് കാണുമ്പോള്‍, അവള്‍ തന്റെ തെരഞ്ഞെടുപ്പുകളെ ചോദ്യം ചെയ്തുതുടങ്ങും; തന്റെ സ്വാധികാരം പണയപ്പെടുത്തി നേടിയ സാമൂഹിക അംഗീകാരവും, സമ്പൂര്‍ണ്ണ തകര്‍ച്ചയിലും സഹോദരി നിലനിര്‍ത്തുന്ന സ്വാതന്ത്ര്യ ബോധവും തമ്മില്‍ അവള്‍ തുലനം ചെയ്തു തുടങ്ങും. ഒരര്‍ത്ഥത്തില്‍, പുരുഷാധികാര സമൂഹത്തില്‍ ഞെരുങ്ങുന്ന സ്ത്രീകള്‍ പരസ്പരം താങ്ങാവുക എന്ന ഫെമിനിസ്റ്റ് സമീപനത്തിന്റെ കണ്ടെടുപ്പും കൂടി അതിലുണ്ട്. ആ നിലയ്ക്ക്, കൊറിയന്‍ സമൂഹത്തിലെ സ്ത്രീയുടെ പ്രതിനിധാനം തന്നെയാണ് ഇന്‍ ഹൈ. ഭക്ഷണം പരിപൂര്‍ണ്ണമായി വര്‍ജ്ജിച്ചു തന്റെ വൃക്ഷജന്മ മോഹം പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുന്ന യോങ് ഹൈയെ കീഴ്പ്പെടുത്തി, കുഴലിലൂടെ ഭക്ഷണം നല്‍കുന്നത് അവസാനിപ്പിക്കാനും അവള്‍ക്കുവേണ്ടത് അവള്‍ നിശ്ചയിക്കട്ടെ എന്ന നിലപാടിലേക്ക് മാറാനും വലിയൊരു ആത്മീയ വികാസത്തിലേക്ക് മുന്നോട്ടു പോകേണ്ടതുണ്ട് അവള്‍ക്ക്. അവള്‍ യോങ് ഹൈ ചര്‍ദ്ദിച്ച രക്തത്തില്‍ അഭിഷിക്തയാകുന്നതും അത് തന്റെ തന്നെ രക്തമാണെന്ന നിലയില്‍ അവള്‍ ധരിക്കുന്നതും സഹനത്തിലൂടെയുള്ള പെണ്‍സൌഭ്രാത്രമെന്ന വലിയ പ്രമേയത്തെ ചെന്നുതൊടുന്നു.

യോങ് ഹൈ ആകട്ടെ, ഈ ഘട്ടം എത്തുമ്പോഴേക്കും, മാംസാഹാര വിമുഖത എന്നതൊക്കെ വിട്ടു ഭക്ഷണ വിമുഖത (anorexia) എന്ന അവസ്ഥയിലാണ്. അവള്‍ വൃക്ഷങ്ങളുമായി സ്വയം താദാത്മ്യപ്പെട്ടു തുടങ്ങുകയാണ്. ഒരു മരമായിത്തീരാനുള്ള അവളുടെ ആഗ്രഹം, മനുഷ്യന്റെ ഹിംസാത്മകതയെയും ഉപഭോഗാസക്തിയെയും മറ്റുള്ളവരുടെ മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള പ്രവണതയെയും പരിപൂര്‍ണ്ണമായി വര്‍ജ്ജിക്കുന്നതിന്റെ ചിഹ്നമാണ്. അവളുടെ ഉടലില്‍നിന്ന് വേരുകള്‍ ഉയിര്‍ക്കുന്നതിന്റെ സങ്കല്പം, പ്രകൃതിയുടെ ലോകത്തില്‍ മുഴവനായി ലയിക്കാനും മനുഷ്യാസ്തിത്വത്തിന്റെ പങ്കിലതകളെ മറികടക്കാനുമുള്ള ആഗ്രഹത്തെ സൂചിപ്പിക്കുന്നു. എന്നാല്‍, ഇതൊക്കെയും അതീന്ദ്രിയമോ ആത്മീയമോ ആയ തലത്തില്‍ ഉദാത്തമായിരിക്കുമ്പോഴും വ്യാവഹാരിക ജീവിതത്തില്‍ ശാരീരിക, മാനസിക തകര്‍ച്ചയുടെ മാത്രം ലക്ഷണങ്ങളാണ്. ഇന്‍ ഹൈ സ്വയം, യോങ് ഹൈയില്‍ തുടക്കം മുതലേ പ്രകടമായിരുന്ന ദുസ്വപ്നാനുഭവങ്ങളിലെക്കു വീണു തുടങ്ങുന്നത്, സഹോദരിയോടുള്ള ഐക്യപ്പെടലിന്റെ സൂചനയാണ്. എന്നാല്‍ അവളിപ്പോഴും മണ്ണില്‍ ചവിട്ടിയാണ് നില്‍പ്പ്, അതവളുടെ സംഘര്‍ഷങ്ങളെ ഒരിക്കലും ലഘൂകരിക്കില്ലെങ്കിലും. സഹോദരിയെ രക്ഷിക്കാനുള്ള വളുടെ ശ്രമങ്ങളുടെ അന്തിമ പരാജയം നോവലിലെ ഏറ്റവും സങ്കീര്‍ണ്ണമായ പ്രമേയത്തെ പ്രതിഫലിപ്പിക്കുന്നു: ഒരാള്‍ക്ക് സ്വന്തം സത്തയെത്തന്നെ വിലയായൊടുക്കാതെ സാമൂഹികവും കുടുംബപരവുമായ പ്രതീക്ഷകളെ പൂര്‍ത്തീകരിക്കുക അസാധ്യമാണ്.

നോവലിന്റെ പാഠത്തില്‍, ഭര്‍ത്താവ് വിട്ടുവെക്കുന്ന ഉത്തരവാദിത്ത പരാജയങ്ങളില്‍, സന്ദര്‍ഭത്തിനൊത്ത് ഉയരുകയും കുടുംബത്തകര്‍ച്ച ഒഴിവാക്കുകയും ചെയ്യുക എന്ന സാമൂഹ്യ ദൌത്യവും ഇന്‍ ഹൈ ഏറ്റെടുക്കുന്നത് കാണാം: ഭര്‍ത്താവ് എത്തിപ്പെടുന്ന അപമാനം അയാളെ ആത്മഹത്യാ ശ്രമത്തിലേക്ക് നയിക്കുമ്പോള്‍, കുടുംബത്തിന്റെ സുരക്ഷ അവള്‍ ഏറ്റെടുക്കുന്നു. അതുകൊണ്ടാണ് യോങ് ഹൈയുടെ നിഷേധ ജീവിതം ഒരേസമയം അവള്‍ക്കു അംഗീകരിക്കാനാകാത്തതും ഒപ്പം ദുരൂഹമാംവിധം ആകര്‍ഷണീയമായിരിക്കുന്നതും: ‘ഗംഭീര ഉത്തരവാദിത്തരാഹിത്യം എന്നാണു അവള്‍ അതിനെ വിളിക്കുക. ജെന്റര്‍ വിഭജിത വിവേചനങ്ങളോ ശ്രേണീ ബദ്ധതയോ ഇല്ലാത്ത, ജലവും സൂര്യപ്രകാശവും മാത്രം ആശ്രയിച്ചു കഴിയുന്ന സസ്യജന്മത്തെ ആഗ്രഹിക്കുന്ന യോങ് ഹൈയെ ഒരേസമയം ഒട്ടൊരു അസൂയയോടെയും ഒപ്പം സഹതാപത്തോടെയും നോക്കിക്കാണാനും പരിചരിക്കാനും ഇന്‍ ഹൈയെ തയ്യാറാക്കുന്നത് അതാണ്. കാലാവസ്ഥാ ഭേദങ്ങളോടും കാറ്റിനോടും വെയിലിനോടും മഴയോടും , എന്തിന്, മരണത്തോടുപോലും, വൃക്ഷത്തെപ്പോലെ യോഗീതുല്യവും സമ്യക്കും അസ്പ്രുശ്യവുമായ ( stoic, unfeeling, and untouchable) യില്‍ നിലക്കൊല്ലാന്‍ കഴിയുന്ന ഒരവസ്ഥയാണ് യോങ് ഹൈ വിഭാവനം ചെയ്യുന്നത്. എന്നാല്‍, മണ്ണില്‍ കാലുറപ്പിച്ച ഇന്‍ ഹൈക്ക് സഹോദരിയോടൊപ്പം കൂട്ടിരിക്കുമ്പോള്‍, അയല്‍ക്കാരിയെ ഏല്‍പ്പിച്ചു പോന്ന ക്ലുഞ്ഞുമകനെ കുറിച്ചുള്ള ഓര്‍മ്മ കുറ്റബോധം പകരുകയും ചെയ്യും. 

യോങ് ഹൈയെ സ്വപ്നത്തില്‍ പ്രലോഭിപ്പിക്കുന്ന ഇരുണ്ട വനത്തില്‍, ഡാന്റെയുടെ തീര്‍ഥാടകനെപ്പോലെ, അവള്‍ക്കു വഴിതെറ്റുന്നുണ്ട്. അതില്‍നിന്നു പുറത്തുകടക്കാന്‍ അവളും നരകം താണ്ടേണ്ടതുണ്ട്. ആ നരകം, രതിബദ്ധമായ നശ്വര ശരീരം തന്നെയാണ്. അതില്‍ ആണ്ടുമുങ്ങിയും ജ്വരബാധിതമായ പ്രജ്ഞയുടെ ഇരുണ്ട അറകള്‍ മറികടന്നും മാത്രമേ അവള്‍ക്ക് ആ വനത്തില്‍നിന്നു പുറത്തു കടക്കാനാകൂ. എന്നാല്‍, തന്റെ മരണവുമായി സന്ധിയിലാകുമ്പോഴും ഡാന്റെയുടെ തീര്‍ഥാടകനെപ്പോലെ അവള്‍ മോക്ഷം പ്രാപിക്കുന്നുണ്ടോ എന്നത് നോവല്‍ ചോദ്യമായി വിട്ടുവെക്കുകയാണ്.   

നോവലില്‍ ഉടനീളം, പുരുഷകഥാപാത്രങ്ങള്‍ പശ്ചാത്തലത്തിലേക്ക് ഒതുങ്ങിപ്പോവുന്നത്, സ്ത്രീകളുടെ സ്വാധികാരം, അതിനുള്ള ശ്രമങ്ങളില്‍ അവര്‍ നേരിടേണ്ടിവരുന്ന സമ്മര്‍ദ്ദങ്ങള്‍ എന്നിവയിലേക്ക് ശ്രദ്ധ പതിപ്പിക്കുന്നു. യോങ് ഹൈയുടെ മേല്‍ നിയന്ത്രണം അടിച്ചേല്‍പ്പിക്കാന്‍ ആദ്യം മി. ചിയോങ്ങും പിന്നീട് സഹോദരീഭര്‍ത്താവും ശ്രമിക്കുന്നുവെങ്കിലും ഇരുവരും അതിവേഗം ആഖ്യാന കേന്ദ്രത്തില്‍ നിന്ന് മറയുന്നു. നോവലന്ത്യം ഉയര്‍ത്തുന്ന ചോദ്യങ്ങളും പ്രധാനമാണ്. യോങ് ഹൈയുടെ അന്തിമ ‘നിഷേധപ്രവര്‍ത്തി, ഒരു മരമാകുക എന്ന ആഗ്രഹം, ഒരര്‍ത്ഥത്തില്‍ മനുഷ്യാസ്തിത്വത്തിന്റെ നിഹിലിസ്റ്റിക് സ്വഭാവമുള്ള ഒരു തിരസ്കാരമായി കാണാം. ഭക്ഷണം, സെക്സ്, സാമൂഹിക സ്ത്രീ ‘ദൌത്യ’ങ്ങള്‍ എന്നിവയെ മുഴുവനും നിഷേധിച്ചു സ്വന്തം ഉടലിനു മേലുള്ള സ്വാധികാരം യോങ് ഹൈ തിരിച്ചു പിടിക്കുന്നു. എന്നാല്‍ ഇതിനു വലിയ വില നല്‍കുന്നുണ്ട്: അവള്‍ക്കു അവളുടെ മാനുഷിക പദവി നഷ്ടമാകുന്നു, മനുഷ്യലോകത്തുനിന്നു ഉന്മാദത്തിന്റെ ലോകത്തേയ്ക്ക് അവള്‍ നിപതിക്കുന്നു. നോവലന്ത്യത്തിലെ മനോഹരമെങ്കിലും എന്തിനെയും വിഴുങ്ങുന്ന കാടിന്റെ ദൃശ്യം, യോങ് ഹൈയുടെ പ്രകൃതിയിലേക്കുള്ള രക്ഷപ്പെടല്‍ വിമോചകം എന്നതിനോടൊപ്പം വിനാശകരവുമാകാം എന്ന് സൂചിപ്പിക്കുന്നു. പ്രകൃതിയില്‍ അര്‍ഹതയുള്ളതേ അതിജീവിക്കൂ എന്നിരിക്കെ, നോവലിന്റെ ഡാര്‍വീനിയന്‍ ധ്വനികളില്‍, വ്യാവഹാരിക ലോകവുമായി ഇടപഴകാന്‍ തയ്യാറില്ലാത്ത യോങ് ഹൈ, സമൂഹത്തിലെ അതിജീവനത്തിന് അയോഗ്യയാകുന്നു. പ്രകൃത്യുപാസനയും മനുഷ്യപ്രകൃതത്തില്‍ അനിവാര്യമായും ലീനമായ ഹിംസാത്മകതയുടെ തിരസ്കാരവും ഒടുവില്‍ അവളുടെ പതനത്തില്‍ കലാശിക്കുന്നു. ആ അര്‍ഥത്തില്‍ നോവല്‍ ഉന്നയിക്കുന്ന ചോദ്യം ഇതാണ്: മനുഷ്യാവസ്ഥയെ സമ്പൂര്‍ണ്ണമായി തിരസ്കരിക്കാതെ സ്വാതന്ത്ര്യവും സ്വാധികാരവും സാധ്യമാണോ? അഥവാ, അത്തരം തിരസ്കാരം സ്വയംനശീകരണം തന്നെയല്ലേ?

 

Read more:

Beauty Is a Wound by Eka Kurniawan

https://alittlesomethings.blogspot.com/2024/08/beauty-is-wound-by-eka-kurniawan.html

Saman by Ayu Utami

https://alittlesomethings.blogspot.com/2024/06/saman-by-ayu-utami.html

This Earth of Mankind by Pramoedya Ananta Toer/ Max Lane

https://alittlesomethings.blogspot.com/2024/08/this-earth-of-mankind-by-pramoedya.html

Man Tiger by Eka Kurniawan

https://alittlesomethings.blogspot.com/2016/10/blog-post.html

The Garden of Evening Mists by Tan Twan Eng

https://alittlesomethings.blogspot.com/2015/10/blog-post.html

 

Sunday, September 29, 2024

The Backstreets by Perhat Tursun / Darren Byler

 മൂകഹത്യകളുടെ ഇടനാഴികള്‍



(വിമത വീഗര്‍ എഴുത്തുകാരന്‍ പെര്‍ഹാത് ടുര്‍സുന്‍ രചിച്ച The Backstreets, സിന്‍ജിയാങ് പ്രവിശ്യയിലെ വീഗര്‍ മുസ്ലിം ജനത നേരിടുന്ന വംശീയഭീകരതകളുടെ പൊരുള്‍ ആവിഷ്കരിക്കുന്നു. ഡാരന്‍ ബൈലര്‍ ഒരു വീഗര്‍ സുഹൃത്തിനോടൊപ്പം ചേര്‍ന്ന് വിവര്‍ത്തനം ചെയ്ത കൃതി ഇംഗ്ലീഷ് ഭാഷയിലെത്തുന്ന ആദ്യവീഗര്‍ നോവലാണ്‌.)

 

പുറംലോകം അധികമൊന്നും അറിയാതെവടക്കുപടിഞ്ഞാറന്‍ ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന ഒരു വംശീയശുദ്ധീകരണ പ്രക്രിയയില്‍ പന്ത്രണ്ടു മില്യനോളം വരുന്ന പ്രദേശത്തെ വീഗര്‍ (Uyghurs) മുസ്ലിം ജനത അനുഭവിച്ചുകൊണ്ടിരിക്കുന്ന അവമതികള്‍ ‘മനുഷ്യ സമൂഹത്തിനെതിരായ കുറ്റം’ (Crime against humanity) എന്നുതന്നെ വിവരിക്കപ്പെടുന്നു. 2017 മുതല്‍ ത്വരിതപ്പെടുത്തപ്പെട്ട പ്രക്രിയയില്‍ഒരംഗമെങ്കിലും കോണ്‍സെന്ട്രേഷന്‍ ക്യാമ്പുകളില്‍ എത്തിയിട്ടില്ലാത്തവരായി ഒരൊറ്റ വീഗര്‍ കുടുംബവുമില്ല. അപ്രകാരം കൊണ്ടുപോകപ്പെട്ടവര്‍ ഒരു മില്ല്യനു മുകളിലാണ്. പകരം ഓരോ വീട്ടിലും ഭരണകൂടം നിയോഗിച്ച ഓരോ ചാരന്മാര്‍ രാപ്പകല്‍ ഭേദമെന്യേകിടപ്പറകളില്‍ പോലും മേയുന്ന സ്വാതന്ത്ര്യവുമായി സ്ഥിരവാസമുറപ്പിച്ചിരിക്കുന്നു. പതിനെട്ടിനും അമ്പത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള ഒട്ടേറെപ്പേര്‍ ‘തീവ്രവാദികള്‍’ എന്നു മുദ്രകുത്തപ്പെട്ടു ക്യാമ്പുകളിലേക്ക് കൊണ്ടുപോകപ്പെടുന്നത് നിത്യ സംഭവമായതിനാല്‍കുട്ടികള്‍ മാത്രമുള്ള ഒരു സമൂഹമായി അത് മാറുന്നു. ഇവരെയാകട്ടെവീഗര്‍ ഭാഷയും സംസ്കാരവും നിരോധിക്കപ്പെട്ട റസിഡെന്‍ഷ്യല്‍ സ്കൂളുകളിലേക്ക് അയക്കപ്പെടുകയും ചെയ്യുന്നു. നിര്‍ബന്ധിത വന്ധ്യംകരണം പോലുള്ള പ്രാകൃതനടപടികള്‍ക്കുവരെ വീഗര്‍ ജനത ഇരയാക്കപ്പെടുന്നതിന്റെ വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. ‘തീവ്രവാദ/ ഭീകരവാദ’ ഇനങ്ങളായി കണക്കാക്കപ്പെടുന്ന പ്രവര്‍ത്തികള്‍ വിചിത്രമാണ്: താടി വളര്‍ത്തല്‍മൊബൈലില്‍ ഖുറാന്‍ സൂക്ഷിക്കല്‍ഇസ്ലാമിക പാഠങ്ങള്‍ പുറത്തുനിന്നോ സ്വന്തം മുത്തശ്ശിമാരില്‍ നിന്നുപോലുമോ ശ്രവിക്കല്‍അറബിഭാഷ പഠിക്കല്‍വീഗര്‍ ഭാഷകള്‍ സംസാരിക്കല്‍,  തുടങ്ങിയതൊക്കെ അക്കൂട്ടത്തില്‍ പെടും. സാമ്പ്രദായിക മുസ്ലിം പേരുകളിലേക്കു പോലും വിലക്കുകള്‍ നീളുന്നുണ്ട്. ഉദിച്ചുയരുന്ന പുതുസാമ്പത്തികശക്തിയായ ചൈനയുമായി ഉടമ്പടി അനിവാര്യമായ മുസ്ലിം/ അറബ് രാഷ്ട്രങ്ങളാകട്ടെഅന്താരാഷ്‌ട്ര സമൂഹത്തോടൊപ്പംബധിരകര്‍ണ്ണം കൊണ്ട് വീഗര്‍ ദുരിതങ്ങളോടു പ്രതികരിക്കുന്നുഒപ്പംസുന്നി വിഭാഗമായ വീഗറുകള്‍ ഇസ്ലാമിന്റെ മൊത്തക്കച്ചവടക്കാരായിരിക്കുമ്പോഴും ഷിയാ ഇറാനു പോലും അലോസരവുമല്ല.  

‘വീഗര്‍/ സിന്‍ജിയാങ്’ ചരിത്രം: (1)

‘സിന്‍ജിയാങ് പ്രശ്നം’ എന്ന് ഔദ്യോഗിക ചൈനീസ് ഭാഷ്യം വിവരിക്കുന്ന വീഗര്‍ പ്രതിഷേധങ്ങളുടെ യഥാര്‍ത്ഥചരിത്രം ആരംഭിക്കുന്നത് 1990കളില്‍ചൈനയിലെ ഭൂരിപക്ഷ സമൂഹമായ ഹാന്‍ജനത വന്‍തോതില്‍ മേഖലയിലേക്ക് കുടിയേറ്റം ആരംഭിച്ചതോടെയാണ്. വീഗര്‍ മരുഭൂ പ്രദേശങ്ങളില്‍ കണ്ടെത്തപ്പെട്ട സമൃദ്ധമായ എണ്ണ-പ്രകൃതി വാതക വിഭവങ്ങള്‍ ചൈനയുടെ അതിവേഗം വികസിക്കുന്ന കയറ്റുമതി മേഖലക്കുവേണ്ടി ചൂഷണം ചെയ്യുക, അതിനാവശ്യമായ അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ്  ഈ ഒഴുക്ക് ആരംഭിച്ചത്. അടുത്ത മൂന്നു പതിറ്റാണ്ടുകാലം കൊണ്ട് കുടിയേറ്റക്കാര്‍, ബാങ്കുകള്‍സ്കൂളുകള്‍പ്രാദേശിക ഭരണ സ്ഥാപനങ്ങള്‍, തുടങ്ങിയ എല്ലാറ്റിന്റെയും നിയന്ത്രണം കൈയ്യിലാക്കി. ഇവിടങ്ങളില്‍ നിന്നെല്ലാം പുറത്തായി ജീവിതമാര്‍ഗ്ഗം തേടി പട്ടണങ്ങളില്‍ ചേക്കേറിയ വീഗര്‍ ജനതകടുത്ത വിവേചനങ്ങളാണ് നേരിട്ടത്. വല്ല വിധേനയും കിട്ടിയ ജോലികളില്‍പോലും ഏറ്റവും താഴ്ന്ന തസ്തികകളും പരിഗണനകളുമാണ് അവരെ കാത്തിരുന്നത്. ഹാന്‍ വംശജര്‍ക്ക് സര്‍ക്കാര്‍ സബ്സിഡി പോലുള്ള ആനുകൂല്യങ്ങളും കിട്ടിപ്പോന്നു. കുടിയിറക്കലും പോലീസ് മര്‍ദ്ദനവും മതപരമായ അടിച്ചമര്‍ത്തലും നേരിട്ട വീഗര്‍ ജനതയുടെ ചെറുത്തുനില്‍പ്പ് അപൂര്‍വ്വം സന്ദര്‍ഭങ്ങളിലേ അതിരുവിടുകയുണ്ടായുള്ളൂവെങ്കിലും എല്ലായിപ്പോഴും ഭീകരവാദമായി വ്യാഖ്യാനിക്കപ്പെടുകയും കൈകാര്യം ചെയ്യപ്പെടുകയും ചെയ്തു. വീഗറുകള്‍ മുസ്‌ലിംകളാണെന്നത് അമേരിക്കന്‍ നിര്‍മ്മിത ‘ആഗോള ഭീകരതാ വിരുദ്ധയുദ്ധ’ നരേറ്റിവുകള്‍ അതിലേക്ക് ചേര്‍ത്തുവെക്കല്‍ ചൈനീസ് ഭരണകൂടത്തിനു എളുപ്പമാക്കി. 2014 മുതല്‍ വീഗര്‍ ജനതക്കിടയില്‍ വര്‍ദ്ധിച്ചുവന്ന മതാത്മകതയില്‍ പരിഭ്രാന്തരായ അധികൃതര്‍മതനേതാക്കളെയും ‘വിശ്വസിക്കാന്‍ കൊള്ളാത്തവര്‍’ ആയിക്കണ്ടവരെയും ആണ്‍-പെണ്‍ ഭേദമെന്യേ വളഞ്ഞുപിടിച്ചു തടവറകളിലേക്കോ ‘പുനര്‍ വിദ്യാഭ്യാസ’,  (‘reeducation/ indoctrination’) ക്യാമ്പുകളിലേക്കോ അയക്കുന്ന പ്രക്രിയ ത്വരിതപ്പെടുത്തി.

വീഗര്‍ സമൂഹത്തിലെ ഏറ്റവും സമാരാധ്യരായ എഴുത്തുകാരില്‍ അഗ്രഗാമിയായ, പെര്‍ഹാത് ടുര്‍സുന്‍ ഇക്കൂട്ടത്തില്‍ ‘അപ്രത്യക്ഷന്‍’ ആക്കപ്പെടുമ്പോള്‍ അദ്ദേഹത്തിനു അമ്പതു തികഞ്ഞിട്ടുണ്ടായിരുന്നില്ല. തികച്ചും സെക്കുലര്‍ ആയവംശീയ ദേശീയതയില്‍ (ethno-nationalism) ഒരിക്കലും വിശ്വസിച്ചിട്ടില്ലാത്ത വ്യക്തിത്വമായിരുന്നു പെര്‍ഹാത് ടുര്‍സുന്‍. വിശ്വാസത്തിന്റെ പേരില്‍ അമുസ്ലിമുകള്‍ക്കെതിരെ നടത്തപ്പെടുന്ന ഹിംസയെ തുറന്നെതിര്‍ത്തിട്ടുള്ള പെര്‍ഹാത്എന്തുകൊണ്ട് അറസ്റ്റ് ചെയ്യപ്പെട്ടു എന്നോഅദ്ദേഹം എവിടെയാണെന്നോ ഒരിക്കലും വ്യക്തമാക്കപ്പെടുകയുണ്ടായില്ല. 2013ല്‍ വീഗര്‍ ഭാഷകളിലൊന്നില്‍ ഒരു ഓണ്‍ലൈന്‍ ഫോറത്തില്‍ ‘ബാക്ക്സ്ട്രീറ്റി’ന്റെ ആദ്യ ഭാഷ്യം പ്രസിദ്ധീകരിച്ചതാവാം ഒരുപക്ഷെ അധികൃതരെ പ്രകോപിപ്പിച്ചത് എന്ന് കരുതപ്പെടുന്നു. അദ്ദേഹം VPN  ഉപയോഗിച്ചുകൊണ്ട് സെന്‍സര്‍ ചെയ്യപ്പെടാത്ത വാര്‍ത്തകള്‍ ശ്രവിക്കുമായിരുന്നതും മറ്റൊരു കാരണമാകാം.

പെര്‍ഹാത് ടുര്‍സുന്‍

1969ല്‍ കിര്‍ഗിസ്തനിലെ ആര്‍തുഷ് (Atush (Artux)), കഷ്ഗര്‍ (Kashgar) പട്ടണങ്ങള്‍ക്കടുത്തു ഒരു മലയോരഗ്രാമത്തില്‍ ജനിച്ച ഫര്‍ഹാത്ഇടയന്മാരായ പരുത്തികൃഷിക്കാര്‍ക്കിടയിലാണ് വളര്‍ന്നത്‌. താഴ് വരയിലെ പോക്കുവെയിലിന്റെയും നാട്ടുപാട്ടുകളുടെയും പള്ളിയിലെ വാങ്കുവിളിയുടെയും താളങ്ങളും ദൃശ്യങ്ങളും അദ്ദേഹത്തിന്‍റെ കൃതികളില്‍ നിഴല്‍ വിരിക്കുന്നതായി ഡാരന്‍ ബൈലര്‍ ചൂണ്ടിക്കാണിക്കുന്നു. വീഗര്‍ ലോകത്ത് വളര്‍ന്നപ്പോഴും ഒരു സ്കൂള്‍ അധ്യാപകനും സാംസ്കാരിക വിപ്ലവകാലത്ത് പ്രതിവിപ്ലവകാരിയെന്നു മുദ്രകുത്തപ്പെട്ടു ജയിലില്‍ അടക്കപ്പെട്ടവനുമായ പിതാവിന്റെ മകനുമായിരുന്നു ടുര്‍സുന്‍. ഈ രാഷ്ട്രീയ ചരിത്രം തന്റെ ഗ്രാമത്തിനപ്പുറമുള്ള ലോകത്തെയും അദ്ദേഹത്തിന്‍റെ ചിന്തകളില്‍ സജീവമാക്കി. മാവോയുടെ മരണത്തിനു ശേഷം പുത്തന്‍ കമ്പോള സംസ്കാരത്തിനു വഴിതെളിഞ്ഞപ്പോള്‍ വീഗര്‍ ഭാഷാ പ്രസാധനം വികസിച്ചു. എണ്‍പതുകളുടെ തുടക്കത്തില്‍ത്തന്നെ ചൈനീസ് സാഹിത്യതത്വചിന്താ കൃതികള്‍ വീഗര്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. എന്നാല്‍ ബീജിങ്ങിലെ കോളേജ് പഠനകാലത്താണ് പാശ്ചാത്യ സാഹിത്യവും ഫ്രോയ്ഡ്നീഷേഡോസ്റ്റൊയെവ്സ്കിതുടങ്ങിയവരെയും ടുര്‍സുന്‍ വായിച്ചത്. തുര്‍ക്കി സാഹിത്യവും സൂഫി കാവ്യമീമാംസയും അദ്ദേഹത്തിന്‍റെ ഗവേഷണ വിഷയമായത് ഇതിന്റെ തുടര്ച്ചയിലാണ്. അദ്ദേഹത്തിന്‍റെ കവിതയിലും നോവലിലും ലേഖനങ്ങളിലും ആധുനികതയുടെ അതിരുകള്‍ ഭേദിക്കുന്ന സൂഫി പാരമ്പര്യവും വീഗര്‍ സാംസ്കാരിക പ്രതിനിധാനങ്ങളും മേളിക്കുന്നു എന്ന് ഡാരന്‍ കരുതുന്നു. ഹാന്‍ കവികളെയും കാഫ്കയെയും നബകോവിനെയുമെല്ലാം ധാരാളമായി വായിച്ച ടുര്‍സുന്‍ചിന്തയെ നിരന്തരം പിന്തുടരേണ്ട ഒരു ദാര്‍ശനിക പ്രയോഗമായി  കരുതി. പ്ലാറ്റോഹെഗല്‍ഷോപ്പനോവര്‍എന്നിങ്ങനെ തുടങ്ങി മാര്‍ക്സിസ്റ്റ്‌ ഫിലോസഫിയും വൈരുദ്ധ്യാത്മക ഭൌതിക വാദവും വരെ വ്യാപിച്ച വായനയില്‍ ഫോക്നര്‍ക്കും ഷോപ്പനോവര്‍ക്കും പ്രത്യേക സ്ഥാനമുണ്ടായിരുന്നു എന്ന് ടുര്‍സുന്‍ തന്നെ വ്യക്തമാക്കുന്നു. അന്തിമസത്യം എന്നൊന്ന് ഇല്ലെന്നുംനോര്‍മല്‍ എന്ന് കരുതുന്നവരല്ലമറിച്ചു സമ്പ്രദായികതയെ ഭേദിക്കുന്നവരാണ് യഥാര്‍ഥത്തില്‍ നോര്‍മല്‍ എന്നും അദ്ദേഹം കരുതി. ‘നോര്‍മാലിറ്റി എന്ന അസുഖത്തെ കണ്ടുപിടിക്കാന്‍ ഞാന്‍ മനശാസ്ത്രവും സാഹിത്യവും ഉപയോഗിക്കുന്നു’ എന്ന് ടുര്‍സുന്‍ പറയുന്നു. “മാനസിക അസുഖംആത്മഹത്യഅന്യതാബോധം എന്നിവയോടുള്ള അദ്ദേഹത്തിന്‍റെ ഫോക്കസ്- വീഗറുകളുടെ ഇടയിലെ അശ്ലീലംലൈംഗികത എന്നിവയെ കുറിച്ച് എഴുതാനുള്ള അദ്ദേഹത്തിന്‍റെ നിശ്ചയ ദാര്‍ഡ്യത്തോടൊപ്പം- പലപ്പോഴും അദ്ദേഹത്തെ കൂടുതല്‍ പൊതുസ്വീകാര്യതയുള്ള വീഗര്‍ എഴുത്തുകാരുടെ വിമര്‍ശന പാത്രമാക്കി” എന്ന് ഡാരന്‍ നിരീക്ഷിക്കുന്നു. മിലന്‍ കുന്ദേരയെ പോലെരാഷ്ട്രീയം എഴുതിയില്ലെങ്കിലും സാഹചര്യം മൂലം കൃതികളില്‍ രാഷ്ട്രീയം വായിക്കപ്പെടുക എന്ന അവസ്ഥ സത്യസന്ധരായ എഴുത്തുകാര്‍ക്ക് സംഭവിക്കുന്ന ഒന്നാണെന്ന് ടുര്‍സുന്‍ കരുതി. 9/11 കാലത്ത് ‘ഭീകരതാവിരുദ്ധ’ ടാര്‍ഗറ്റ് ആയി കണക്കാക്കപ്പെട്ട വീഗര്‍ ജനതയുടെ കഥ പറയുമ്പോള്‍ ദാരിദ്ര്യവും വംശീയ വര്‍ഗ്ഗീയതയും അന്യവല്‍ക്കരണത്തിന്റെ ഒരു തുടര്‍പ്രക്രിയ അനിവാര്യമായും സൃഷ്ടിക്കുന്നു. ‘വീഗര്‍ ഭീകരവാദി’, ‘തീവ്രവാദി’ എന്നീ പദങ്ങള്‍ഫലത്തില്‍കൊളോണിയല്‍ പദാവലികളിലെ ‘അപരിഷ്കൃതന്‍’, ‘പ്രാകൃതന്‍’ വിവക്ഷകള്‍ക്ക് പകരമായിത്തീരുന്നു.

2018 ജനുവരി മുപ്പതിന് ‘തിരോധാനം ചെയ്യപ്പെട്ട’ (disappeared) പെര്‍ഹാതിനു പതിനാറു വര്‍ഷത്തെ ജയില്‍വാസം വിധിക്കപ്പെട്ടതായി 2020ല്‍ വിവരം ചോര്‍ന്നുകിട്ടിയ കാര്യം ഡാരന്‍ വ്യക്തമാക്കുന്നു. അഥവാഇനി അദ്ദേഹം പുറത്തുവരുമ്പോള്‍ അദ്ദേഹത്തിനു അറുപത്തിയേഴു വയസ്സുണ്ടാവും. തന്റെ പ്രതിഭയുടെ ഔന്നത്യത്തില്‍ നിന്ന അദ്ദേഹംഎഴുതിക്കൊണ്ടിരുന്ന അഞ്ചു അപൂര്‍ണ്ണ നോവലുകള്‍ ഇനിയൊരിക്കലും പുറത്തുവന്നേക്കില്ല എന്നതും പെര്‍ഹാതിന്റെതായി ആദ്യം ഇംഗ്ലീഷില്‍ എത്തിയ കൃതിയാണ് എന്നതും The Backstreets നു സാഹിത്യചരിത്രത്തില്‍ ഒരദ്വിതീയ സ്ഥാനം നല്‍കുന്നു. 1990കളില്‍ എഴുതപ്പെട്ടതെങ്കിലും 2013ല്‍ മാത്രമാണ് ഒരു വീഗര്‍ ഓണ്‍ലൈന്‍ ഫോറത്തിലൂടെ നോവല്‍ പരിമിതമായെങ്കിലും വായനക്കാരില്‍ എത്തിയത്. 2015ല്‍ പരിഭാഷ തയ്യാറായെങ്കിലും നോവലിസ്റ്റിന്റെയും സഹവിവര്‍ത്തകന്റെയും സുരക്ഷയെ മാനിച്ചു പിന്നെയും വൈകിയാണ് (2022) അമേരിക്കന്‍ പതിപ്പ് പ്രസിദ്ധീകരിക്കപ്പെട്ടത്.

വിവര്‍ത്തനം:

പേര് വെളിപ്പെടുത്താത്ത ഒരു വീഗര്‍ ചെറുപ്പക്കാരനോടൊപ്പം ചേര്‍ന്നു പുസ്തകം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത ഡാരന്‍ ബൈലര്‍, നോവലിന് എഴുതിയ ആമുഖത്തില്‍ എഴുത്തുകാരനെ നേരില്‍ കണ്ടതും മറ്റും വിവരിക്കുന്നുണ്ട്. കഷണ്ടി കയറിത്തുടങ്ങിയ ഒരു കുറിയ മനുഷ്യന്‍. ഉറുംചിയിലെ സമകാലിക വീഗര്‍ എഴുത്തുകാരില്‍ ഏറ്റവും സ്വാധീനമുള്ള ഒരാളാണ് ഇതെന്ന് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു എന്നു ഡാരന്‍ എഴുതുന്നു. വീഗര്‍ സാംസ്കാരിക പ്രമുഖര്‍ തമ്പടിച്ച ഒരു അപാര്‍ട്ട്മെന്റ് സമുച്ചയത്തിലെ ഇരുപത്തിയാറാം നിലയില്‍ അദ്ദേഹത്തെ കണ്ടുമുട്ടിയ ഘട്ടത്തില്‍, പരിചയപ്പെടാനിടയായ പലരും വൈകാതെ ക്യാമ്പുകളിലേക്ക് ‘അന്തര്‍ധാനം’ ചെയ്ത കാര്യവും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഗ്രാമങ്ങള്‍ വിട്ടു നഗരങ്ങളിലേക്ക് ചേക്കേറിയ വീഗറുകളെ കുറിച്ച് പഠിക്കാന്‍ തുടങ്ങുമ്പോള്‍‘ബാക്ക്സ്ട്രീറ്റ്’ വായിക്കാന്‍ സുഹൃത്തുക്കള്‍ ഉപദേശിച്ചതനുസരിച്ചാണ് ഡാരന്‍ അത് വായിച്ചത്. അക്കാര്യത്തില്‍ അദ്ദേഹത്തെ സഹായിച്ച ‘എ.എ.’ എന്ന് വിളിച്ച ചെറുപ്പക്കാരനാണ് പിന്നീട് അദ്ദേഹത്തിന്‍റെ സഹവിവര്‍ത്തകന്‍ ആയതും. “ഈ നോവല്‍ എനിക്കുവേണ്ടിയാണ് എഴുതപ്പെട്ടതെന്ന് എനിക്ക് തോന്നുന്നു” എന്ന് പറയാനും മാത്രം തന്മയീഭാവം എ.എ.ക്ക് അതിനോട് അനുഭവപ്പെട്ടിരുന്നു. ഡാരന്‍ കണ്ടുമുട്ടുന്ന ഓരോ വീഗര്‍ വ്യക്തിയും അതേ അനുഭവം പങ്കുവെച്ചു. ഈ അനുഭവങ്ങളാണ് ‘Terror Capitalism: Uyghur Dispossession and Masculinity in a Chinese City (2022)’ എന്ന പുസ്തകത്തിലേക്ക് നയിച്ചതെന്ന് ഡാരന്‍ കൂട്ടിച്ചേര്‍ക്കുന്നു. വിവര്‍ത്തന പദ്ധതിയില്‍ ആവേശ ഭരിതനായ പെര്‍ഹാതുമായുള്ള കൂടിക്കാഴ്ച്ചക്കിടെ നഗരത്തെ മൂടുന്ന മൂടല്‍മഞ്ഞ് ഒരു സര്‍വ്വവ്യാപിയായ കഥാപാത്രം തന്നെയായി മാറിയതെങ്ങനെ എന്നതിനെ കുറിച്ചു അദ്ദേഹം പറഞ്ഞത് ഡാരന്‍ ഓര്‍മ്മിക്കുന്നു. ഹാന്‍ വംശജര്‍, തുര്‍ക്കി മുസ്ലിം വംശജനായ മുഖ്യ കഥാപാത്രത്തെ പോലുള്ളവരെയും അവരുടെ ഭാഷയെയും സംസ്കാരത്തെയും മനുഷ്യരില്‍ താഴ്ന്നതായി കണ്ട, ഹിംസാത്മകത ഒളിപ്പിച്ചുവെച്ച ആ ശീതഭാവത്തെ അത് പ്രതീകവല്‍ക്കരിച്ചു.

നോവലിലേക്ക്:

ബീജിങ്ങില്‍ കോളേജ് പഠനത്തിനെത്തിയ ഒന്നാം തലമുറ വീഗര്‍ വിദ്യാര്‍ത്ഥികളില്‍ പെട്ടവന്‍ എന്ന നിലയിലും ഉറുംചിയില്‍ ഒരു ഓഫീസ് ജോലിക്കാരന്‍ എന്ന നിലയിലുമുള്ള അനുഭവങ്ങളാണ് പെര്‍ഹാതിനു നോവലിന്റെ ആധാരമായത്‌. കോളേജില്‍, പെര്‍ഹാതിനൊപ്പമുണ്ടായിരുന്ന അഞ്ചു വീഗര്‍ വിദ്യാര്‍ഥികള്‍ മാനസികമായി തകര്‍ന്നുപോയി. പെര്‍ഹാതിനു തന്നെ മാനസികവെല്ലുവിളികള്‍ നേരിടുന്ന ഘട്ടങ്ങളുണ്ടായി. കാമുവിന്‍റെ ‘പ്ലേഗ്’ ആവര്‍ത്തിച്ചു വായിച്ചതിനെ കുറിച്ചും ഓരോ വാക്കും അര്‍ത്ഥപൂര്‍ണ്ണമായി അനുഭവപ്പെട്ടതിനെ കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു.

The Backstreets ആരംഭിക്കുന്നത് “ശരിക്കും സൂര്യന്‍ ഒരിക്കലും ഉദിക്കാത്ത” ഉറുംചിയെ കുറിച്ചുള്ള ആഖ്യാതാവിന്റെ വിവരണത്തോടെയാണ്. കടുത്ത മ്ലാനതയുടെ അന്തരീക്ഷം വാച്യാര്‍ത്ഥത്തിലും ആലങ്കാരികമായും നോവലിലാകെ വ്യാപിച്ചു കിടപ്പുണ്ട്. നഗരത്തിനു മേലുള്ള സര്‍വ്വവ്യാപിയായ മൂടല്‍മഞ്ഞ് അതിന്റെ പ്രതീകമാണ്‌. “വീഗര്‍ പ്രദേശത്തിന്റെ തലസ്ഥാനമായ ഉറുംചിയെ ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളില്‍ ഒന്നാക്കിത്തീര്‍ക്കുന്ന വ്യാവസായിക മലിനീകരണത്തെ സൂചിപ്പിക്കുന്നതിന് “മൂടല്‍മഞ്ഞ്” എന്ന പദത്തെ ടുര്‍സുന്‍ ഉപയോഗിക്കുന്നു” എന്ന് വിവര്‍ത്തകന്‍ നിരീക്ഷിക്കുന്നു. “മൂടല്‍മഞ്ഞില്‍ മൂടിയ നഗരത്തിന്റെ ഇരുണ്ട അവസ്ഥഎന്റെ തലച്ചോറിന്റെ ഇരുണ്ട അവസ്ഥസിന്‍ജിയാങ് വീഗര്‍ സ്വയംഭരണപ്രദേശത്തെ (Xinjiang Uyghur Autonomous Region) എന്റെ ഐഡന്റിറ്റിയുടെ അവ്യക്താവസ്ഥ എന്നിവയെല്ലാം മുഴുവനായും ഒരേ പദാര്‍ത്ഥത്തിന്റെതായി കാണപ്പെട്ടുചിലസമയങ്ങളില്‍ അവ പരസ്പരം പ്രതിഫലിപ്പിക്കുന്നുചിലപ്പോള്‍ അവ പരസ്പരം ലയിക്കുന്നു” എന്ന് ആഖ്യാതാവ് നിരീക്ഷിക്കുന്നു.

പെര്‍ഹാതിന്റെ നോവലിലൂടെ സിന്‍ജിയാങ് അതിന്റെ സ്വന്തം ജെയിംസ് ജോയ്സിനെ സൃഷ്ടിക്കുന്നു എന്ന് വിവരിക്കപ്പെടുന്നു (2). ജോയ്സിന്റെ മോഡേണിസ്റ്റ് മാസ്റ്റര്‍പീസ് ‘യൂലിസസ്’ (James Joyce’s Ulysses) പോലെഒരൊറ്റ ദിവസത്തിന്റെ കാലയളവിലാണ് നോവല്‍ വികസിക്കുന്നത്. ലക്ഷണമൊത്ത ആന്റിഹീറോ ആഖ്യാതാവ് പാണ്ഡിത്യഭാവമുള്ളഅസ്ഥിരപ്രകൃതനായ വ്യക്തിത്വമാണ്. ഒരേസമയം അല്‍പ്പത്തം കാണിക്കുന്നവനും മഹാമാനസ്കനുംലൈംഗികദാരിദ്ര്യം അനുഭവിക്കുന്നവനും തൃഷ്ണയെ സ്വയം അടിച്ചമര്‍ത്തുന്നവനും. വിദ്യാസമ്പന്നനും അന്ധവിശ്വാസിയും. അക്കങ്ങളെ മിസ്റ്റിക് കോഡുകള്‍ ആയി കരുതുന്നവന്‍. ഒറ്റദിവസത്തെ കേന്ദ്രത്തില്‍ നിര്‍ത്തുമ്പോഴും, പേരുപറയുന്നില്ലാത്ത ആഖ്യാതാവിന്റെ സിന്‍ജിയാങ് കുട്ടിക്കാലവും ബീജിംഗ് കോളേജ് പഠനകാലവും കടന്നുവരുന്ന സമീപ/ വിദൂര ഭൂതകാലങ്ങളെ ആഖ്യാനം ഉള്‍കൊള്ളുന്നുമുണ്ട്. ഉറുംചിയിലെ ഒരു ഓഫീസില്‍ ജോലിയുള്ള അയാള്‍തികച്ചും വേരറ്റ അവസ്ഥയിലാണ്. ജോലി കരാറനുസരിച്ച് പ്രതീക്ഷിച്ച താമസസ്ഥലം ലഭിച്ചില്ല എന്നുമാത്രമല്ലഅയാളുടേത് പ്രൊബേഷന്‍ നിയമനവുമാണ്. പ്രൊബേഷന്‍ കാലഘട്ടത്തിന്റെ ഒടുവില്‍ ജീവിതം തന്നെയും തീര്‍ന്നുപോയേക്കാം എന്നാണ് അയാളുടെ ചിന്ത. ഓഫീസിന്റെ താക്കോല്‍ കൈവശമില്ലാത്തതുകൊണ്ട്‌ എല്ലാ പ്രഭാതങ്ങളിലും മറ്റാരെങ്കിലുമെത്തി അത് തുറക്കുംവരെ അയാള്‍ക്കു കാത്തുനിന്നേ ഒക്കൂ. അയാളുടെ സഹപ്രവര്‍ത്തകരെല്ലാം ഹാന്‍ വംശജരാണെന്ന് വ്യക്തമാണ്. അവരുടെ മൂകമായ ഭീഷണ ഭാവങ്ങളില്‍ അധ:കൃതനോടും അയാളുടെ മുറിചൈനീസിനോടുമുള്ള പുച്ഛവും വിവേചനവും പ്രകടമാണ്. എങ്കിലുംതന്റെ സ്ഥാവര-ജംഗമങ്ങളെല്ലാം ഓഫീസിലെ ഒരു മേശ വലിപ്പിലാണുള്ളത് എന്നതുകൊണ്ട്‌ ഒരു അദൃശ്യ ചരടിലെന്നോണം അതെപ്പോഴും അയാളെ തിരികെ കൊണ്ടുവരുന്നു. ആഖ്യാതാവിന്റെ നങ്കൂരമില്ലായ്മയെ ഊന്നിപ്പറയും വിധത്തില്‍ അയാളെപ്പോഴും അലച്ചിലിലാണ്.

“എനിക്ക് പെട്ടെന്ന് മനസ്സിലായിഞാനെത്രതന്നെ ശ്രമിച്ചാലുംഎന്റെയിടം എവിടെയായിരുന്നെന്ന്ഞാനെവിടെയായിരുന്നെന്ന്ഞാന്‍ അലയുന്നത് ഏതു തെരുവിലായിരുന്നെന്ന് എനിക്ക് കണ്ടെത്താനാവില്ല. ഇതുമാത്രമല്ലഞാനേതു നഗരത്തിലായിരുന്നു എന്നും ശരിക്കും എനിക്കറിയില്ലായിരുന്നു. എന്റെ ചിന്തകളുടെ വ്യക്തത മങ്ങിപ്പോയിഎനിക്ക് ഇടത്തെ സംബന്ധിച്ച ധാരണ നഷ്ടപ്പെട്ടു. ഏതു രാജ്യത്തിലായിരുന്നു ഞാന്‍പതിയെ എനിക്ക് മനസ്സിലായിത്തുടങ്ങിഞാനേതു ഗൃഹത്തിലായിരുന്നു എന്ന് എനിക്കറിയില്ലായിരുന്നെന്ന്. ഞാന്‍ അനന്തമായ പ്രപഞ്ചത്തില്‍ നഷ്ടപ്പെട്ടു.”  

ആഖ്യാതാവ് കണ്ടെത്തുന്ന മറ്റൊരു നങ്കൂരം അക്കങ്ങളാണ്‌. ഗണിതത്തില്‍ ബിരുദം നേടിയ അയാള്‍ക്ക് അതൊരു ബാധ പോലെയാണ്. “അക്കങ്ങള്‍ പ്രപഞ്ചത്തിനു മാത്രമല്ല അടിസ്ഥാനപരമാം വിധം പ്രസക്തമായിരുന്നത്എനിക്കും അവ അടിസ്ഥാനപരമായ പ്രസക്തിയുള്ളതായിരുന്നു.” പാറിനടക്കുന്ന തുണ്ടുകടലാസുകളില്‍ മുതല്‍ വീടുകളിലും മുറികളിലുമെല്ലാം അയാള്‍ അവ തിരയുന്നുഅത് അയാള്‍ക്ക് പ്രത്യേകിച്ചൊരു അസ്തിത്വ അര്‍ത്ഥവും നല്കുന്നില്ലെങ്കിലും. അത്തരമൊരു അക്കം തനിക്കൊരു ചേക്കയിടം വാഗ്ദാനം ചെയ്യുന്നു എന്ന അടിസ്ഥാനരഹിതമായ സൂചന പിന്തുടരുന്ന ആഖ്യാതാവിന്റെ ശ്രമം നിരാശയില്‍ ഒടുങ്ങാതെ വയ്യ. അയാളുടെ ഭവനരാഹിത്യം ഒരേസമയം യഥാര്‍ത്ഥവും പ്രതീകാത്മകവുമാണ് എന്നതും വ്യക്തമാണ്‌. തെരുവുകളില്‍ അയാള്‍ക്ക് വഴികണ്ടെത്താനാകാത്തത് പ്രദേശത്തു സംഭവിച്ച അതിദ്രുത പരിണാമത്തിന്റെ സൂചകവുമാണ് (Ed Park). തൊണ്ണൂറുകളില്‍ ഒന്നര മില്ല്യന്‍ ജനസഖ്യയുണ്ടായിരുന്ന ഉറുംചിയില്‍ ഇന്ന് നാല് മില്ല്യനിലേറെ ജനസംഖ്യയുണ്ട്.    

ഭൂതകാലത്തിലെ നിര്‍ണ്ണായക ഘട്ടങ്ങളും അയാള്‍ക്ക് ആവശ്യമായ ചുവടുറപ്പിക്കാനുള്ള ഇടം നല്‍കിയിട്ടില്ല. കുട്ടിക്കാലം ഒട്ടും സന്തുഷ്ടമയിരുന്നില്ലകുടുംബം ഒരു സ്ഥിരതയും നല്‍കിയില്ല. അഞ്ചുവര്‍ഷത്തെ ബീജിംഗ് പഠനകാലവും അയാളുടെ എകാന്തതക്ക്‌ പരിഹാരമായില്ല. തന്നെപ്പോലെ പീഡിതരും ചഞ്ചല മനസ്കരുമായ വീഗര്‍ സഹപാഠികളോടല്ലാതെ അയാള്‍ക്ക് മനസ്സു തുറക്കാനുമായില്ല. “ആ വലിയ നഗരത്തില്‍ആ പന്ത്രണ്ടു സഹപാഠികള്‍ മാത്രമാണ് എന്റെ ജീവിതത്തില്‍ നിലനിന്നത്. അവരെ മാറ്റിനിര്‍ത്തിയാല്‍നഗരത്തിലെ പത്തു മില്ല്യന്‍ മനുഷ്യര്‍ എന്നെ സംബന്ധിച്ചു നിലനില്‍ക്കുന്നില്ല എന്നപോലെയായിരുന്നു. ആ പന്ത്രണ്ടു വിദ്യാര്‍ഥികളോടൊപ്പമുള്ള എന്റെ ജീവിതം സത്യത്തില്‍ എന്റെ ചെറിയ ഗ്രാമത്തിലെ ജീവിതത്തെക്കാള്‍ ചെറുതായിരുന്നു.”

ഉറുംചിയില്‍ അയാള്‍ കൂടുതല്‍ ഒറ്റപ്പെടുന്നു. അര ഡസനിലേറെ തവണ ആവര്‍ത്തിക്കപ്പെടുന്ന ഈ അനുഭവ വിവരണം ഒരേസമയം ഓര്‍മ്മപ്പെടുത്തലും ഒഴികഴിവും വിശദീകരണവും ആയിത്തീരുന്നു എന്ന് നിരീക്ഷിക്കപ്പെടുന്നു *(3).  “ഈ അപരിചിത നഗരത്തില്‍ എനിക്കാരെയും അറിയില്ല, അതുകൊണ്ട് എനിക്കാരുടെയെങ്കിലും ശത്രുവോ മിത്രമോ ആകുക അസാധ്യമാണ്.” എന്നാല്‍ ആരും ശത്രുക്കളില്ല എന്ന തോന്നല്‍ അത്ര ഭദ്രമല്ല അയാള്‍ക്ക്. കണ്ടുമുട്ടുന്നവരിലെല്ലാം മനം മടുപ്പിക്കുന്ന അവഗണനയുടെപലപ്പോഴും ഹിംസാത്മകമായേക്കാവുന്ന വെറുപ്പിന്റെ മുഖഭാവങ്ങള്‍ അയാളുടെ ഐഡന്റിറ്റിയെ ലക്ഷ്യമാക്കി പ്രകടമാകുന്നുണ്ട്. അയാളെ തീര്‍ത്തും അവഗണിക്കുന്നവരാണ് ഏറ്റവും ദയലുക്കളായ അപരിചിതര്‍ എന്നയാള്‍ക്ക് അനുഭവപ്പെടുന്നു. വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് സംഭാവന ചെയ്യാന്‍ വിസമ്മതിക്കുന്നതിനു അയാളെ വിമര്‍ശിക്കുന്ന സഹപ്രവര്‍ത്തകയോട് അയാള്‍ വ്യക്തമാക്കുന്നു: “..എന്റെ അവസ്ഥ വെള്ളപ്പൊക്കം കൊണ്ട് വീടുകള്‍ നശിപ്പിക്കപ്പെട്ടവരുടെതിനേക്കാള്‍ മോശമായിരുന്നു. കാരണം അശനിപാതത്തില്‍ നശിക്കാന്‍ എനിക്കൊരു വീടേ ഉണ്ടായിരുന്നില്ല. അത് കേട്ടപ്പോള്‍ അവര്‍ക്കെന്റെ മനുഷ്യത്വമില്ലായ്മയില്‍ കൂടുതല്‍ കോപം തോന്നി... എന്നെ ന്യായീകരിക്കാന്‍ ഞാനുപയോഗിച്ച ഓരോ വാക്കും എന്നെ കൂടുതല്‍ കുറ്റക്കാരനാക്കി.”

അടിച്ചമര്‍ത്തപ്പെട്ടവരുടെ ഭൂതകാല ട്രോമകള്‍ക്കും വര്‍ത്തമാന കാല അവമതികള്‍ക്കും വേഗതയാര്‍ന്ന ബോധധാരാ രീതിയില്‍, അധ്യായ വിഭജനങ്ങളില്ലാതെ ആവിഷ്കാരം നല്‍കുകയാണ് നോവല്‍ ചെയ്യുന്നത്. ഉടനീളം വിവരിക്കപ്പെടുന്ന മൂടല്‍മഞ്ഞ് നഗരത്തിലെ വാഹനങ്ങളുടെ ശബ്ദഘോഷങ്ങളും വെളിച്ച പ്രസരണങ്ങളും ചേര്‍ന്നു ശ്വാസംമുട്ടിക്കുന്ന (claustrophobic) അവസ്ഥ സൃഷ്ടിക്കുന്നുണ്ടെങ്കിലും ടുര്‍സുന്റെ വിവരണത്തില്‍ ത്രസിപ്പിക്കുന്ന ഗദ്യമായി പരിണമിക്കുന്നു. ഒരു ഘട്ടത്തില്‍ ഒരപരിചിതന്‍ ചുണ്ടില്‍ വീഗര്‍ നാടന്‍ ശീലുകളുമായി “ഒരു ചത്ത മത്സ്യം ജലോപരിതലത്തിലെത്തും പോലെ” മൂടല്‍മഞ്ഞില്‍ നിന്നു പുറത്തുവരുന്നതായി നോവലിസ്റ്റ് വിവരിക്കുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ അതൊരു സാമ്പ്രദായിക നോവല്‍ എന്നതിലേറെ ഒരു വിലാപകാവ്യമായി (threnody) അനുഭവപ്പെടുന്നു (Ed Park). “ഈ അപരിചിത നഗരത്തില്‍ എനിക്കാരെയും അറിയില്ലഅതുകൊണ്ട് എനിക്കാരുടെയെങ്കിലും ശത്രുവോ മിത്രമോ ആകുക അസാധ്യമാണ്” എന്ന വാക്യം വായ്ത്താരി (refrain) പോലെ അതില്‍ ആവര്‍ത്തിക്കുന്നു. 

അസ്വസ്ഥമായ പുസ്തകം’ (a restless book ) എന്ന് വിവരിക്കപ്പെട്ടിട്ടുള്ള നോവലില്‍ വ്യത്യസ്ത ജോനറുകളുടെ പ്രകൃതങ്ങള്‍ ഇടകലരുന്നു. “ചില പേജുകളില്‍ ജോലിസ്ഥലത്തെ ഇരുണ്ട കോമഡി നിറഞ്ഞുനില്‍ക്കുന്നുമറ്റു ചിലഭാഗങ്ങളില്‍ കസുവോ ഇഷിഗുരോയുടെ The Unconsoled, സ്റ്റാന്‍ലി കുബ്രിക് ചിത്രം Eyes Wide Shut എന്നിവയെ ഓര്‍മ്മിപ്പിക്കുന്ന  സ്മൃതിനാശത്തിന്റെയോ ഉന്മാദത്തിന്റെയോ സ്വനാത്മക രചനപോലെ” അനുഭവപ്പെടുന്ന നോവലില്‍ നബകൊവ്ഫോക്നര്‍റാല്‍ഫ് എല്ലിസന്‍ തുടങ്ങിയവരുടെ സ്വാധീനവും കാണാനാകും (Ed Park).    

 

References:

1.       Darren Byler. ‘Introduction’, The Backstreets by Perhat Tursun translated by Darren Tursun and Anonymous, 2022, Columbia University Press.

2.       Ed Park, ‘Xinjiang Has Produced Its James Joyce’, The Atlantic, 21.09.2022. https://www.theatlantic.com/books/archive/2022/09/the-backstreets-book-perhat-tursun-uyghur-writer/671494/. Accessed 25.04.2023

3.       M.A.Orthofer. 14 August 2022, The complete review's Review, https://www.complete-review.com/reviews/china/tursunp.htm. Accessed 25.04.2023

reread more:

Memed, My Hawk by Yaşar Kemal

https://alittlesomethings.blogspot.com/2024/08/memed-my-hawk-by-yasar-kemal.html

Zin by Haritha Savithri (English)

https://alittlesomethings.blogspot.com/2024/04/zin-what-kurd-tragedy-tells-us.html

Zin by Haritha Savithri (Malayalam)

https://alittlesomethings.blogspot.com/2024/06/zin-by-haritha-savithri-malayalam.html

Daughters of Smoke and Fire by Ava Homa

https://alittlesomethings.blogspot.com/2024/08/daughters-of-smoke-and-fire-by-ava-homa.html

Ummath: A Novel of Community and Conflict by Sharmila Seyyid /Gita Subramanian

https://alittlesomethings.blogspot.com/2024/08/ummath-novel-of-community-and-conflict.html