Featured Post

Showing posts with label Indonesian Fiction. Show all posts
Showing posts with label Indonesian Fiction. Show all posts

Monday, March 24, 2025

Man Tiger by Eka Kurniawan/ Labodalih Sembiring

ക്രോധം ഒരു കടുവയാണ്


                                                                                             

പുതിയ നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ഇന്തോനേഷ്യന്‍ സാഹിത്യത്തില്‍ ലബ്ധപ്രതിഷ്ടനാണ് എകാ കുര്‍നിയാവാന്‍ എന്ന യുവ നോവലിസ്റ്റ്
. അദ്ദേഹത്തിന്റെ Beauty Is a Wound, Man Tiger എന്നീ രണ്ടു കൃതികള്‍ ഏറെ വൈകിയാണ് ഇംഗ്ലീഷില്‍ ലഭ്യമായിത്തുടങ്ങിയതെങ്കിലും ഇതിനോടകം അവ രണ്ടും ഏറെ ശ്രദ്ധേയമായിട്ടുണ്ട്. ആദ്യകൃതി ബൃഹദ് ആഖ്യാനമാണെങ്കില്‍, Man Tiger ഏറെ ചെറുതും പിരിമുറുക്കമുള്ളതുമാണെന്നു വിമര്‍ശക മതം. Beauty Is a Wound ചരിത്രത്തെയും മിത്തുകളെയും പ്രകൃത്യതീത (supernatural) ഘടകങ്ങളെയും ആവുവോളം കോര്‍ത്തിണക്കി ഉപയോഗിക്കുന്നുവെങ്കില്‍, ഇവിടെ അതെല്ലാം സൂചനകളിലും സൂക്ഷ്മ പരാമര്‍ശങ്ങളിലും ഒതുങ്ങുന്നു. എന്നാല്‍, ഇരു രചനകളിലും സാഹിത്യ വിഭാഗങ്ങളുടെ അതിരുകള്‍ ഭേദിക്കുന്നത് (genre-breaking & genre-mixing) പോലുള്ള കുര്‍നിയാവാന്‍ ശൈലിയുടെ ശ്രദ്ധേയ ഘടകങ്ങള്‍ ഇഴചേരുന്നുണ്ട്. മാന്‍ ബുക്കര്‍ പുരസ്ക്കാരത്തിന് ലോംഗ് ലിസ്റ്റ് ചെയ്യപ്പെട്ട നോവലാണ്‌ Man Tiger.

കടുവ ആവേശിക്കുമ്പോള്‍

ആദ്യ വാചകത്തില്‍ത്തന്നെ ബീഭത്സമായ ഒരു കൊലപാതക്കത്തെ കുറിച്ച് വികാരരഹിതമായ പ്രസ്താവന നടത്തിക്കൊണ്ടാണ് നോവല്‍ ആരംഭിക്കുന്നത്. “മാര്‍ജ്ജിയോ അന്‍വര്‍ സാദത്തിനെ കൊന്ന ആ സായാഹ്നത്തില്‍ , ക്യായ് ജാരോ തന്റെ മത്സ്യക്കുളത്തില്‍ ആനന്ദകരമാംവിധം തിരക്കിലായിരുന്നു.” നോവലിന്റെ അവസാനവും സമാനമായ, നേരിട്ടുള്ള, കടുത്തുപോയ, വികാരശൂന്യമായ (hard-boiled) രീതിയിലാണ്:

എന്റെ അമ്മയെ വിവാഹം ചെയ്യൂ, അവള്‍ സന്തുഷ്ടയായിരിക്കും.”
അന്‍വര്‍ സാദത്ത്‌ അങ്കലാപ്പോടെ തല വെട്ടിച്ചു, മുറിഞ്ഞു മുറിഞ്ഞാണ് മറുപടി വന്നത്.
അത് അസാധ്യമാണ്, നിനക്കറിയാമല്ലോ എനിക്ക് ഭാര്യയും പെണ്മക്കളും ഉണ്ട്.” നിര്‍ദ്ദേശം അസംബന്ധമാണെന്ന് അയാളുടെ മുഖഭാവത്തില്‍ എന്തോ ഒന്ന് പറഞ്ഞു , അയാള്‍ പിന്നീട് പറഞ്ഞതിനെ അത് പുനരുക്തിയാക്കി. “അത് മാത്രമല്ല, ഞാന്‍ നിന്റെ അമ്മയെ പ്രണയിക്കുന്നുമില്ല.”
അപ്പോഴാണ്‌ മാര്‍ജ്ജിയോയില്‍ നിന്ന് കടുവ പുറത്തു ചാടിയത്, അരയന്നത്തെപ്പോലെ തൂവെള്ളയായി.”

തികച്ചും സാധാരണമായ ദരിദ്ര കുടുംബത്തിലെ അംഗമായ സാമാന്യേന ശാന്തനായ യുവാവിനെ ഇങ്ങനെ ഒരു കര്‍മ്മം ചെയ്യുന്നതിലേക്ക് നയിക്കുന്ന പുരാവൃത്തമാണ് നോവലിന്റെ ഇതിവൃത്തം. ...............
തുടര്‍ വായനയ്ക്ക്:

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 74-79)

More reading:

The Garden of Evening Mists by Tan Twan Eng

https://alittlesomethings.blogspot.com/2015/10/blog-post.html

This Earth of Mankind by Pramoedya Ananta Toer/ Max Lane

https://alittlesomethings.blogspot.com/2024/08/this-earth-of-mankind-by-pramoedya.html

Saman by Ayu Utami

https://alittlesomethings.blogspot.com/2024/06/saman-by-ayu-utami.html

Beauty Is a Wound by Eka Kurniawan

https://alittlesomethings.blogspot.com/2024/08/beauty-is-wound-by-eka-kurniawan.html

Saturday, August 17, 2024

This Earth of Mankind by Pramoedya Ananta Toer/ Max Lane

‘ഭൂമി മനുഷ്യ’ – അനന്ത തോര്‍ വരക്കുന്ന ചരിത്രഭൂപടം





(ഇന്തോനേഷ്യന്‍ സാഹിത്യത്തിലെ കുലപതിയായ പ്രമോദയ അനന്ത തോര്‍ രചിച്ച The Buru Quartet” നോവല്‍ പരമ്പരയിലെ ആദ്യനോവലിനെ, പരമ്പരയില്‍ പ്രസ്തുത കൃതിക്കുള്ള പ്രത്യേക പദവിയുടെ പശ്ചാത്തലത്തില്‍ ദേശചരിത്രത്തിന്റെ സര്‍ഗ്ഗാത്മക ആവിഷ്കാരമായി വിലയിരുത്താനുള്ള ശ്രമമാണ് ലേഖനം.)

രാമായണംമഹാഭാരതം എന്നീ ഇതിഹാസകാവ്യങ്ങളും ഇന്ത്യയില്‍നിന്നു കടമെടുത്ത, സംസ്കൃതത്തില്‍ രചിക്കപ്പെട്ട, കൊട്ടാര കാവ്യപാരമ്പര്യവുമാണ് ആദ്യകാല ഇന്തോനേഷ്യന്‍ സാഹിത്യത്തെ നിര്‍വ്വചിച്ചത്. പതിനഞ്ചാം നൂറ്റാണ്ടോടെ ഇസ്ലാമിക ആധ്യാത്മികധാരകൂടി അതില്‍ ലയിച്ചുചേര്‍ന്നു. മുസ്ലിംപുണ്യാളന്മാരുടെ പുരാണങ്ങളും ഹിന്ദു മിത്തോളജിയില്‍നിന്നും കോസ്മോളജിയില്‍ നിന്നുമുള്ള കഥകളും ഇഴചേര്‍ന്ന ചരിത്രാഖ്യാനങ്ങളില്‍ ‘മാജികോ-മിസ്റ്റിക്കല്‍’ ഘടകങ്ങള്‍ സുപ്രധാനമായിരുന്നു. എന്നാല്‍ സമ്പന്നമായ ഈ ജാവനീസ്മലായ് സാഹിതീയ പാരമ്പര്യങ്ങള്‍ക്ക് പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളില്‍ അപചയം സംഭവിച്ചതിനു കാരണംതങ്ങളുടെ ഇതര ഏഷ്യന്‍-ആഫ്രിക്കന്‍ കോളണികളില്‍ എന്നപോലെത്തന്നെ ഈ ദേശങ്ങളിലും ഡച്ച് കൊളോണിയലിസം തദ്ദേശീയ സാംസ്കാരികവളര്‍ച്ചയില്‍ കാണിച്ച വിവേചനമനോഭാവം തന്നെയായിരുന്നു. ഇരുപതാംനൂറ്റാണ്ടോടെ ദേശീയപ്രസ്ഥാനംബഹാസ ഇന്തോനേഷ്യന്‍ ഭാഷാഭിമാനം തുടങ്ങിയ ഘടകങ്ങള്‍ ഈ അവസ്ഥക്ക് മാറ്റം കുറിച്ചു. മുഹമ്മദ്‌ യമീനെ (Muhammad Yamin) പോലുള്ള കവികള്‍ കാല്‍പ്പനികതഫ്രഞ്ച് സിംബലിസം തുടങ്ങിയവയുടെ കനത്ത സ്വാധീനത്തില്‍ കവിതകള്‍ രചിച്ചപ്പോള്‍1920-കളിലും മുപ്പതുകളിലും ശക്തിപ്പെട്ട ഇന്തോനേഷ്യന്‍ നോവല്‍തലമുറകള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍പാരമ്പര്യവും ആധുനികതയും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടങ്ങിയ പ്രമേയങ്ങള്‍ കൈകാര്യം ചെയ്തു. 1933-ല്‍ പ്രസിദ്ധീകരണമാരംഭിച്ച ഇന്തോനേഷ്യന്‍ അവാങ് ഗാര്‍ഡ് മാഗസിന്‍ Pudjangga Baru (“The New Writer”), പാശ്ചാത്യസാഹിതീയ മാനദണ്ഡങ്ങള്‍ ഉള്‍ചേര്‍ത്തുകൊണ്ടുള്ള തനതു ഇന്തോനേഷ്യന്‍ സാഹിത്യമെന്ന ആശയത്തിലേക്ക് ബുദ്ധിജീവികളെ ആകര്‍ഷിച്ചു. 1942-ലെ ജാപ്പനീസ് അധിനിവേശം വീണ്ടുമൊരു തിരിച്ചടി സൃഷ്ടിച്ചുവെങ്കിലും അന്തിമമായി അത് കൊളോണിയല്‍ ബാന്ധവങ്ങളുടെ വിച്ഛേദം പൂര്‍ണ്ണമാക്കി. 1945ലെ ദേശീയവിപ്ലവത്തോടെ തീക്ഷ്ണ ദേശീയബോധവും ആദര്‍ശപരതയുമുള്ള ഒരു യുവനിര ഇന്തോനേഷ്യന്‍ സാഹിത്യരംഗത്തേക്ക് കടന്നുവന്നു. ഇക്കൂട്ടത്തില്‍ ഏറ്റവും പ്രമുഖനായ എഴുത്തുകാരനാണ്‌ പ്രമോദയ അനന്ത തോര്‍. *(1).

പ്രമോദയ അനന്ത തോര്‍

1925-ല്‍ ജനിച്ച പ്രമോദയ നന്നേചെറുപ്പത്തില്‍ത്തന്നെ, രണ്ടാംലോകയുദ്ധ കാലത്ത്, ജപ്പാന്‍ വിരുദ്ധപോരാട്ടങ്ങളില്‍ പങ്കുചേര്‍ന്നു. പിന്നീട് ഡച്ച് കൊളോണിയല്‍ വിരുദ്ധസൈന്യത്തില്‍ ചേര്‍ന്നതിനെതുടര്‍ന്ന് 1947ല്‍ അറസ്റ്റുചെയ്യപ്പെട്ടു. രണ്ടുവര്‍ഷക്കാലത്തെ ജയിലില്‍വാസത്തിനിടയിണ് അദ്ദേഹം എഴുത്തിലേക്ക്‌ തിരിയുന്നതും ആദ്യനോവല്‍ The Fugitive (1950) പ്രസിദ്ധീകരിക്കപ്പെടുന്നതും. അമ്പതുകളില്‍ ഇന്തോനേഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സഹയാത്രികനായിത്തീര്‍ന്ന ‘പ്രാം’, സുകാര്‍ണോ ഭരണകൂടത്തിന്റെ കണ്ണിലെ കരടായത് സ്വാഭാവികമായിരുന്നു. 1958-ല്‍ സാംസ്കാരികവിമര്‍ശനത്തില്‍ ശ്രദ്ധ പതിപ്പിക്കാനായി ഫിക് ഷന്‍ ഉപേക്ഷിച്ച അദ്ദേഹം തന്റെ പ്രതിബദ്ധനിലപാട് അര്‍ത്ഥശങ്കക്കിടമില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്: “ഓരോ അനീതിക്കെതിരെയും പൊരുതേണ്ടതുണ്ട്അത് ഒരാളുടെ ഹൃദയത്തിനകത്ത് മാത്രമെങ്കില്‍പ്പോലും. ഞാന്‍ പൊരുതി.”  ഡച്ച്ജാപ്പനീസ്ദേശീയ ഭരണകൂടങ്ങളില്‍നിന്ന് പലതവണ ജയില്‍വാസം അനുഭവിച്ചിട്ടുള്ള പ്രമോദയയുടെ ജീവിതത്തിലെ ഏറ്റവും നീണ്ട തടവറക്കാലംപ്രസിഡന്റ് സുഹാര്‍ത്തോയുടെ കമ്യൂണിസ്റ്റ് ഉന്മൂലനഘട്ടത്തില്‍ ഏതാണ്ട് പതിനൊന്നു കൊല്ലം (1969-1979) ബുരു ദ്വീപിലെ പീനല്‍ കോളനിയില്‍ കഴിഞ്ഞതായിരുന്നു. അഞ്ചുലക്ഷം പേരെങ്കിലും കമ്മ്യൂണിസ്റ്റുവേട്ടയുടെ (Purge) പേരില്‍ കൊല്ലപ്പെട്ട കാലത്തും നിശ്ശബ്ദനാകാന്‍ വിസമ്മതിച്ചതയിരുന്നു അദ്ദേഹത്തിന്‍റെ കുറ്റം. ദുസ്സഹസാഹചര്യങ്ങളില്‍എഴുത്തുപകരണങ്ങള്‍ നിരോധിക്കപ്പെട്ട ഇക്കാലത്താണ് സഹതടവുകാരോടുള്ള വാമൊഴി ആഖ്യാനമായി അദ്ദേഹത്തിന്‍റെ ഏറ്റവും വിഖ്യാതമായ Buru Quartet എന്നറിയപ്പെട്ട നാല് നോവലുകള്‍ അടങ്ങിയ പരമ്പര രചിക്കപ്പെട്ടത്‌. ഒത്തുവന്ന സാഹചര്യങ്ങളില്‍ തനിക്കുവേണ്ടി തന്റെ പങ്കു ജോലികള്‍ മുഴുവനാക്കിയ സഹതടവുകാരുടെ സൗമനസ്യത്തില്‍ കടലാസില്‍ പകര്‍ത്തപ്പെട്ട നോവലുകള്‍മതഗ്രന്ഥങ്ങള്‍ക്കിടയിലും സന്ദര്‍ശകരുടെ കൈവശവും മറ്റുമായി പുറത്തേക്ക് കടത്തപ്പെട്ടത്‌ സുപ്രസിദ്ധമാണ്. എന്നാല്‍ നാലുകൃതികള്‍ അപ്രകാരം സരക്ഷിക്കപ്പെട്ടപ്പോള്‍ആറെണ്ണമെങ്കിലും ഗാര്‍ഡുകളുടെ കയ്യില്‍പ്പെട്ടു തിരിച്ചു പിടിക്കാനാകാത്തവിധം നഷ്ടപ്പെട്ടതും ചരിത്രം. 1978-ല്‍ ജയില്‍മോചിതനായ ശേഷം മാത്രമാണ് നോവലുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടത്. 2006 ഏപ്രില്‍ മുപ്പതിന് എമ്പത്തിയൊന്നാം വയസ്സില്‍ മരിക്കുമ്പോള്‍ ജീവിതം മുഴുവന്‍ സ്വന്തം നാടിനു സമര്‍പ്പിച്ച ഒരു മഹദ്പ്രതിഭയുടെ അന്ത്യമായിരുന്നു അത്. നിരവധി ദേശീയ, അന്താരാഷ്‌ട്ര പുരസ്കാരങ്ങള്‍ നേടിയ പ്രമോദയ, നോബല്‍ പുരസ്കാര ചര്‍ച്ചകളില്‍ ഏറ്റവും പ്രമുഖ ഏഷ്യന്‍ സാധ്യതയായി ഒട്ടേറെ തവണ ഉയര്‍ന്നുവന്ന പേരായിരുന്നു.

The Buru Quartet”

ബഹാസാ ഇന്തോനേഷ്യ ഭാഷയില്‍ രചിക്കപ്പെട്ടു ആസ്ട്രേലിയന്‍ വിവര്‍ത്തകന്‍ മാക്സ് ലെയ്ന്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനംചെയ്ത Bumi Manusia  (“This Earth of Mankind)Anak Semua Bangsa (Child of All Nations),  Jejak Langkah (Footsteps) , Rumah Kaca (House of Glass) എന്നിങ്ങനെ നാലു നോവലുകള്‍ അടങ്ങുന്ന ചരിത്രനോവല്‍ പരമ്പരയാണ് Buru Quartet. സുഹാര്‍തോ ഭരണകൂടത്തിന്റെ കടുത്ത സെന്‍സര്‍ഷിപ്പിനെയും എതിര്‍പ്പുകളെയും മറികടന്നു ജയിലിനു പുറത്തേക്ക് കടത്തപ്പെട്ട കയ്യെഴുത്തുപ്രതികള്‍ 1980 മുതല്‍ 1988 വരെ കാലഘട്ടങ്ങളിലായാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. ആദ്യകാല ഇന്തോനേഷ്യന്‍ ജേണലിസ്റ്റ് ടിര്‍ടോ ആദി സുര്യോയെ (Tirto Adhi Soerjo) മാതൃകയാക്കി സൃഷ്ടിക്കപ്പെട്ട ഡച്ച് വിരുദ്ധ പോരാട്ട നായകന്‍റെ വൈയക്തികരാഷ്ട്രീയ ജീവിതം ചിത്രീകരിക്കുന്ന പരമ്പരയുടെ കാലഗണന പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യദശകത്തില്‍ ആരംഭിച്ചു സ്വാതന്ത്ര്യകാലം വരെനീളുന്നു. എന്നാല്‍ നോവല്‍ചത്വരത്തിലെ രാഷ്ട്രീയ സാംസ്കാരിക സൂചനകള്‍ ഡച്ച് അധിനിവേശ ചരിത്രത്തിലേക്ക്വിശേഷിച്ചും 1800-കള്‍ മുതലുള്ള സമ്പൂര്‍ണ്ണ അധികാരസ്ഥാപനം മുതല്‍മുഴുവന്‍ നീളുന്നു. ദേശീയവും യൂറോപ്യനുമായ സാഹിത്യംകലസംഗീതം തുടങ്ങിയവയുടെയെല്ലാം പാരമ്പര്യങ്ങളിലേക്ക് നോവലിസ്റ്റ് സമൃദ്ധമായി കടന്നുചെല്ലുന്നു. പരമ്പരാഗത ജാവനീസ് ഫ്യൂഡലിസംഡച്ച് ഇറക്കുമതിയായ വെള്ളക്കാരന്റെ മേധാവിത്തംകൊളോണിയല്‍ ഉദ്യോഗസ്ഥ മേധാവിത്തത്തിന്റെ ആവശ്യമായി ഉയര്‍ന്നുവന്ന വരേണ്യജാവനീസ് അഭ്യസ്തവിദ്യ വിഭാഗങ്ങള്‍തദ്ദേശീയ-ഡച്ച് സങ്കര ‘ഇന്‍ഡോകളും ചൈനീസ് വംശജരും നേരിട്ട അനിശ്ചിതത്വം തുടങ്ങിയവയെല്ലാം കൂടിക്കുഴഞ്ഞു സങ്കീര്‍ണ്ണമായ ജീവിതാവസ്ഥയാണ് നോവലിസ്റ്റ് ആവിഷ്കരിക്കുന്നത്. ഭാഷ എന്നത് രാഷ്ട്രീയപ്രാധാന്യം ഏറെയുള്ള ഘടകമാണ് ഇവിടെ. ഡച്ച്സങ്കര ജാവനീസ് (‘ngoko’ അഥവാ Low Javenese), ശുദ്ധ ജാവനീസ് (‘krama’ അഥവാ ‘High Javenese’), മലായ്മധുരീസ്തുടങ്ങിയ ഭാഷകളില്‍ ഏത് ഉപയോഗിക്കുന്നു എന്നത് ഒരാളുടെ സമൂഹത്തിലെ പദവിയുടെ നിദാനമായിരുന്നുവെന്ന് മാക്സ് ലെയ്ന്‍ തന്റെ വിവര്‍ത്തകക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു *(2). ഡച്ച് ഭാഷയോടുള്ള അഭ്യസ്തവിദ്യരുടെ പക്ഷപാതിത്തമാണ് ആദ്യകാലത്ത് മലായ് ഭാഷയില്‍ എഴുതുന്നതില്‍ നിന്ന് നോവല്‍പരമ്പരയിലെ നായകന്‍ മിങ്കെയെ വിമുഖനാക്കുന്നത്. യൂറോപ്യന്‍ സ്കൂളിലെ പഠനം മകനെ ഒരു ജാവനീസ് അല്ലാതാക്കിയിരിക്കുന്നു എന്നും അവനിപ്പോള്‍ ബ്രൌണ്‍നിറമുള്ള ഒരു ഡച്ചുകാരന്‍ ആയിരിക്കുന്നുവെന്നും മിങ്കെയുടെ അമ്മ പരിഭവിക്കുന്ന സന്ദര്‍ഭമുണ്ട്‌. ‘വിദ്യാഭ്യാസം നേടിയ പ്രിയായി (‘Priyayi  gentlemanഅങ്ങനെയാകുമോ എന്നവര്‍ ചോദിക്കുന്നത്, കൊളോണിയല്‍ വിദ്യാഭ്യാസം നേടുന്ന തദ്ദേശീയകഥാപാത്രങ്ങള്‍ ലോകസാഹിത്യത്തിലെങ്ങും നേരിടുന്ന ഒരു പ്രശ്നം തന്നെയാണ്. എന്നാല്‍മിങ്കെക്ക് ആരെയും ഭരിക്കുന്നവനോ ആരാലും ഭരിക്കപ്പെടുന്നവനോ ആവണ്ടഅയാള്‍ക്ക് സ്വതന്ത്രനായ ഒരു മനുഷ്യനായാല്‍ മതി. അയാളുടെ ലോകം ‘മനുഷകുലത്തിന്റെ ഈ ഭൂമിയാണ്‌അതിന്റെ എല്ലാ പ്രശ്നങ്ങളോടും കൂടി’ എന്ന് അയാള്‍ വ്യക്തമാക്കുന്നതില്‍ നിന്നാണ് ആദ്യനോവല്‍ അതിന്റെ തലക്കെട്ടു കണ്ടെത്തുന്നതും (‘This Earth of Mankind).  അങ്ങനെയൊരു കാലം വരുന്നപക്ഷം മകനെപ്രതി താന്‍ സന്തുഷ്ടയായിരിക്കും എന്ന് പറയുന്ന അമ്മ നല്‍കുന്ന ഉപദേശം അയാള്‍ക്ക് എന്നും വഴികാട്ടിയാകും: എപ്പോഴും സ്വയം ഉത്തരവാദിത്തം ഉള്ളവനായിരിക്കുക,   ഒരിക്കലും ഭീരുവാകരുത്. ഒരര്‍ത്ഥത്തില്‍ നോവല്‍മാലിക ഈ ഉപദേശത്തിന്റെ പൂര്‍ത്തീകരണമാണ് ലക്ഷ്യംവെക്കുന്നത്: മാക്സ് ടോളെനാര്‍ എന്ന് ഔദ്യോഗിക രേഖകളിലും പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിലും ടിര്‍ടോ എന്ന് ഒന്നോ രണ്ടോ തവണ മാത്രവും വിളിക്കപ്പെടുന്ന മിങ്കെ, തന്റെ ദേശീയ സാംസ്കാരികദൗത്യങ്ങള്‍ തിരിച്ചറിയുന്നതും പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുന്നതുമാണല്ലോ നോവല്‍മാലികയുടെ ഉള്ളടക്കം തന്നെയും.

This Earth of Mankind അഥവാ  “ഭൂമി മനുഷ്യ”

നോവല്‍ പരമ്പരയിലെ ആദ്യകൃതിയെന്ന നിലയില്‍ പ്രത്യേകപ്രസക്തിയുണ്ട് ‘ഭൂമി മനുഷ്യ’ എന്ന കൃതിക്ക്. ദേശീയപ്രസ്ഥാനത്തിന്റെ ആശയങ്ങളിലേക്ക് മിങ്കെ ഉണരാന്‍ ഇടവരുത്തുന്നതും അതിലൂടെ അയാളുടെ ആത്മീയവളര്‍ച്ച ത്വരിതപ്പെടുത്തുന്നതും നോവലിസ്റ്റിന്റെ കയ്യടക്കത്തിന്റെ നിദര്‍ശനമാണ്. അത്തരം സംവാദങ്ങളും വാര്‍ത്തകളും പോലും കൊളോണിയല്‍ ഭരണകൂടം അടിച്ചമര്‍ത്തിയിരുന്നു. ഫിലിപ്പൈന്സിലെയും ചൈനയിലെയും രാഷ്ട്രീയപ്രസ്ഥാനങ്ങളെക്കുറിച്ചു തന്റെ ഡച്ച് സുഹൃത്തുക്കളുമായുള്ള സംഭാഷണങ്ങളിലൂടെയാണ് മിങ്കെയെ സംബന്ധിച്ച് അത് സാധിക്കുന്നത്.

1980 കളില്‍ പ്രസിദ്ധീകരിക്കപ്പെട്ടഅതിനും ഏതാണ്ട് രണ്ടു ദശകങ്ങള്‍ക്കു മുമ്പ് എഴുതപ്പെട്ട കൃതികള്‍ എന്ന നിലയില്‍ അങ്ങേയറ്റം പുരോഗമനപരവും സ്ത്രീപക്ഷ സ്വഭാവമുള്ളതുമാണ് Buru Quartet എന്ന് കാണാം. നോവലുകളിലെ സ്ത്രീകഥാപാത്രങ്ങള്‍ ബുദ്ധികൂര്‍മ്മതയിലും ദൃഡചിത്തതയിലും മികച്ച മാതൃകകളാണ്. ഒന്നിനുംകൊള്ളാത്ത സഹോദരന്റെ നിഷ്ക്രിയത്വത്തെയും ഒരുതരം സാമൂഹിക പ്രിവിലേജുമില്ലാത്ത ആദിവാസി (ജാവാനീസ്) സ്ത്രീത്വത്തിന്റെ പ്രതീകം തന്നെയായ അമ്മയുടെ ശക്തമെങ്കിലും തോറ്റുപോകുന്ന എതിര്‍പ്പിനെയും അവഗണിച്ചു കൊണ്ടാണ് പതിനാലു വയസുമാത്രമുള്ള സാനികേമെന്ന കൊച്ചുപെണ്‍കുട്ടിയെ ഇരുപത്തിയഞ്ചു ഗില്‍ഡറിന് പിതാവ് സാസ്ട്രോടോമോ, സമ്പന്നനായ ഡച്ച് ഉദ്യോഗസ്ഥനു വിറ്റുകളയുന്നത്. നിരക്ഷരയും നിസ്സഹായയുമായ ആ പെണ്‍കുട്ടിയാണ് ‘ന്യായ്’ എന്ന അവമതി പതിവായി കേള്‍ക്കുമ്പോഴുംസ്വപ്രയത്നത്തിലൂടെ കാര്യപ്രാപ്തിയുള്ള അമ്മയും കൊളോണിയല്‍ അഹന്തകളെ വെല്ലുവിളിച്ചും കുടുംബകാര്യങ്ങളും ബിസിനസ് കാര്യങ്ങളും പക്വതയോടെ കൈകാര്യം ചെയ്യുന്ന ഒണ്ടോസോറോ എന്ന കഥാപാത്രമായിത്തീരുന്നത്.  അനന്ത തോറിന്റെ സ്ത്രീകഥാപാത്രങ്ങള്‍ തങ്ങളുടെ വ്യക്തിത്വത്തിലും സ്വാതന്ത്ര്യബോധത്തിലും വിശ്വാസമുള്ളവരാണ്. “സ്ത്രീകളോടുള്ള സാഹിതീയ ബാന്ധവത്തിലും പ്രാം വേറിട്ടുനിന്നു. സാഹിത്യത്തിലെ തന്റെ സമകാലികര്‍ പുരുഷന്മാരെ സുപ്രധാന ഫിക് ഷനല്‍ സ്വരൂപങ്ങള്‍ ആക്കുകയും സ്ത്രീകളെ അമ്മമാര്‍കാമിനിമാര്‍ലൈംഗികത്തൊഴിലാളികള്‍ എന്നിങ്ങനെ വാര്‍പ്പുമാതൃകകള്‍ മാത്രമായി പ്രാന്തവല്‍ക്കരിക്കുകയും ചെയ്തപ്പോള്‍ അദ്ദേഹത്തിന്‍റെ കൃതികള്‍ വ്യത്യസ്തതലത്തിലുള്ള സ്ത്രീകളുടെ സങ്കീര്‍ണ്ണ ചിത്രങ്ങള്‍ ഉള്‍ക്കൊണ്ടു.” എന്ന് ബെനഡിക്റ്റ് ആണ്ടേഴ്സണ്‍ നിരീക്ഷിക്കുന്നു *(3). ‘ഭൂമി മനുഷ്യയിലെ ന്യായ് ഒണ്ടോസോറോ അത്തരം ഗാംഭീര്യമുള്ള കഥാപാത്രമാണ്. കൊളോണിയല്‍ നിയമത്തില്‍ഡച്ച് യജമാന്മാരുടെ അധികാരങ്ങള്‍ക്കു മുന്നില്‍ സ്വന്തം മക്കളുടെ കാര്യത്തില്‍പോലും യാതൊരു അധികാരവും ഇല്ലാത്തവരാണ് ‘ന്യായിമാര്‍ എന്ന് വിളിക്കപ്പെടുന്ന തദ്ദേശീയ വെപ്പാട്ടിമാര്‍. ഹെര്‍മന്‍ മലെമയുടെ വെപ്പാട്ടിയാകുക എന്ന അനിവാര്യതയില്‍ പെട്ടുപോകുമ്പോഴും ‘ന്യായ്’, ഔപചാരിക വിദ്യാഭ്യാസത്തിന്റെ സൗഭാഗ്യമൊന്നും ലഭിച്ചിട്ടില്ലെങ്കിലും യൂറോപ്യന്‍ സ്ത്രീകളെപ്പോലെ സ്വതന്ത്രബുദ്ധിയും ആത്മബോധമുള്ള പ്രകൃതവുമാണ്. മകള്‍ അനെലിസ് സാക്ഷ്യപ്പെടുത്തുന്ന പ്രകാരം ഹെര്‍മനുമായുണ്ടാകുന്ന ജീവിതത്തിന്റെ സന്തുഷ്ടമായ ആദ്യനാളുകളില്‍ അയാളുടെ സഹായത്തോടെ ഡച്ച് ഭാഷ സ്വയം പഠിക്കുകയും പില്‍ക്കാലം കോടതിയില്‍പോലും, തദ്ദേശീയര്‍ക്ക് അതുപയോഗിക്കുന്നതിനുള്ള വിലക്കിനെ ചോദ്യംചെയ്യുകയും ചെയ്യുന്നവള്‍. യൂറോപ്യന്‍ യജമാനന് തന്നെ വിറ്റുകളഞ്ഞ പിതാവിനെ അവര്‍ എപ്പോഴും ഓര്‍ക്കുന്നു. അതിനിഷ്കളങ്കതയുടെ ചാപല്യമുണ്ടെങ്കിലും അനലിസും സ്വാതന്ത്ര്യബോധമുള്ള പെണ്‍കുട്ടിയാണ്. നോവലില്‍ ചുരുങ്ങിയ സന്ദര്‍ഭങ്ങളില്‍ മാത്രം കടന്നുവരുന്ന ലൈംഗികത്തൊഴിലാളി സ്ത്രീകള്‍ പോലുംലൈംഗിക അടിമയായി പലരുടെ കൈമാറിയെത്തിയ ജാപ്പനീസ് ലൈംഗികത്തൊഴിലാളി വരെഈ സ്വാതന്ത്ര്യബോധം പ്രകടിപ്പിക്കുന്നു. പുരുഷാധിപത്യ സമൂഹത്തില്‍ വെറും ‘ഭോഗവസ്തു’   മാത്രമായിരുന്ന താന്‍സിഫിലിസ് വാഹകയാകുന്നതില്‍ അശേഷം കുറ്റബോധമില്ല അവര്‍ക്ക്. മിങ്കെയുടെ കാര്യത്തില്‍നോവല്‍പരമ്പരയിലുടനീളം അയാള്‍ പല സ്ത്രീകളുമായും ബന്ധം പുലര്‍ത്തുന്നുണ്ട്. എല്ലാ വംശീയ വിഭാഗങ്ങളില്‍നിന്നും അയാള്‍ക്ക് ഭാര്യമാരോ കാമുകിമാരോ ഉണ്ടാവുന്നുമുണ്ട്. അവരെല്ലാംതന്നെ സൗന്ദര്യംബുദ്ധിശക്തിസ്ഥൈര്യം തുടങ്ങിയ ഗുണങ്ങളില്‍ മുന്നിട്ടുനില്‍ക്കുന്നു. നാട്ടുനടപ്പില്‍നിന്നു തീര്‍ത്തും വ്യത്യസ്തമായി, ഒരു ഘട്ടത്തില്‍ ഒരൊറ്റ ഭാര്യ എന്നതാണ് സ്ത്രീയുടെ വ്യക്തിസത്തയെ അംഗീകരിക്കുന്ന അയാളുടെ നിലപാട്.

ഇതൊക്കെയാണെങ്കിലുംകൊളോണിയലിസം വരുത്തിവെച്ച വംശീയത എന്നതു തന്നെയാണ് അനന്ത തോറിന്റെ ഏറ്റവും പ്രധാന ഉത്കണ്ഠ. മിങ്കെ എന്ന പേരുതന്നെ തദ്ദേശീയരെ അപഹസിക്കുന്ന ‘മങ്കി’ എന്നതിന്റെ വകഭേദമാണ്എല്ലായിടത്തും, സ്കൂളിലും കോളേജിലും,   തെരുവിലും ജീവിതത്തിന്റെ എല്ലാ തുറകളിലും, നേരിടുന്ന വംശീയതയുടെ അവമതി ഒരുഘട്ടത്തിലും മറന്നുപോകാതിരിക്കാന്‍ തന്നെയാണ് അയാള്‍ ഏതാണ്ടൊരു നിഷ്ഠയോടെ സ്വയം ആ പേരുതന്നെ എപ്പോഴും ഉപയോഗിക്കുന്നതും. കൊളോണിയല്‍ കാലത്തും ‘റീജന്റ്’ പദവി നല്കപ്പെടുന്ന ഗോത്രമുഖ്യന്റെ മകനെന്ന പരമ്പരാഗത രാജകീയപാരമ്പര്യമാണ് ഡച്ച്യൂറേഷ്യന്‍ വിഭാഗത്തിനു സംവരണം ചെയ്യപ്പെട്ട HBS  എന്ന വരേണ്യസ്കൂളില്‍ ഏക തദ്ദേശീയപ്രതിനിധി എന്ന നിലക്ക് അയാള്‍ക്ക് പ്രവേശനം ലഭിക്കാന്‍ ഇടനല്‍കുന്നത്. ന്യായ് ഒണ്ടോസോറോ അയാളെ തന്റെ വീട്ടില്‍ സ്വാഗതംചെയ്യുന്നതും അനെലിസിനും മിങ്കെക്കും പരസ്പരം എല്ലാ സ്വാതന്ത്ര്യവും നല്‍കുന്നതും തദ്ദേശീയരില്‍ ഏറ്റവും വിദ്യാസമ്പന്നനും ബുദ്ധിജീവിയും വളര്‍ന്നുവരുന്ന എഴുത്തുകാരനുമായ നവയുവാവ് തന്റെ മകള്‍ക്ക് ഏറ്റവും അനുയോജ്യനായിരിക്കും എന്ന തിരിച്ചറിവില്‍ തന്നെയാണ്. അനെലിസിന്റെ കേളികേട്ട സൗന്ദര്യധോരണി യോറോപ്യന്‍, ഇന്‍ഡോ ചെറുപ്പക്കാരെ തന്നെ ആകര്‍ഷിക്കാന്‍ ധാരാളമാണ് എന്നറിയാമെങ്കിലും, തന്റെ വിധി മകള്‍ക്കുണ്ടാകരുത് എന്ന നിശ്ചയം കൂടി അതിലുണ്ട്. അമ്മയെ ആരാധിക്കുന്ന മകള്‍ക്കും അതേ തദ്ദേശീയ ബന്ധുത മതി. ബാബാഹ് ആഹ് തോങ്ങിന്റെ വേശ്യാലയത്തില്‍ ദുരൂഹ സാഹചര്യങ്ങളില്‍ വിഷം നല്‍കി കൊല്ലപ്പെടുന്ന പിതാവ് ഹെര്‍മന്‍ മലെമയുടെ പതിപ്പായ, അതേ ഇടത്തില്‍നിന്നു സിഫിലിസ് ബാധിച്ചു ഓടിപ്പോകുന്ന ഒന്നിനുംകൊള്ളാത്ത, റോബര്‍ട്ടില്‍ നിന്ന് കുടുംബത്തിനു യാതൊന്നും പ്രതീക്ഷിക്കാനില്ല. അതുകൊണ്ടുതന്നെയാണ് മിങ്കെ, ന്യായ് ഒണ്ടോസോറോയ്ക്ക് പുത്രസ്ഥാനീയന്‍ കൂടിയാകുന്നതും ‘അമ്മേ..!’ എന്നുതന്നെ അവര്‍ അവനെക്കൊണ്ടു വിളിപ്പിക്കുന്നതും. അനെലിസിന്റെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയ ഇരുണ്ട രഹസ്യം ആദ്യസംഗമത്തില്‍ത്തന്നെ മനസ്സിലാക്കുന്നുണ്ടെങ്കിലും, നിസ്സഹായയായ പെണ്‍കൊടിയോടൊപ്പം നിലയുറപ്പിക്കാന്‍ മിങ്കെക്ക് തടസ്സങ്ങള്‍ ഒന്നുമില്ല എന്നിടത്തു അയാളുടെ വിമോചിതവ്യക്തിത്വം അത്രയും ചെറുപ്പത്തിലേ പ്രകടമാണ്. കൊളോണിയല്‍ നിയമങ്ങളുടെ അലംഘനീയതയില്‍ തോറ്റുപോകുന്ന തദ്ദേശീയരുടെ വിലാപങ്ങള്‍ക്കോ കലാപത്തിലും വെടിവെപ്പിലും ഏതാനും രക്തസാക്ഷിത്വങ്ങളിലും വരെയെത്തുന്ന ചെറുത്തുനില്‍പ്പിനോ അനലീസിന്റെയോ ന്യായ് ഒണ്ടോസോറോയുടെയോ ജീവിതത്തെ സ്വാധീനിക്കാനാകില്ല. മിങ്കെയും പ്രായപൂര്‍ത്തിയായിട്ടില്ലാത്ത അനലീസും തമ്മിലുള്ള ഇസ്ലാമിക വിശ്വാസപ്രകാരമുള്ള വിവാഹത്തിനു നിയമസാധുതയില്ല. റോബര്‍ട്ട് അപ്രത്യക്ഷനായത് കൊണ്ട് ഹെര്‍മന്‍ മലെമയുടെ നിയമപ്രകാരമുള്ള അവകാശി അയാളുടെ ആദ്യവിവാഹത്തിലെ മകന്‍ മോറിറ്റ്സ് ആണെന്നും അനലിസിന്റെ സംരക്ഷണം അയാളുടെ അവകാശമാണെന്നും കോടതി വിധിക്കുന്നത്ഗുരുതര രോഗാവസ്ഥയിലും പെണ്‍കൊടിയെ അജ്ഞാതവിധിയിലേക്ക് കപ്പല്‍ കയറ്റുന്നു. നോവല്‍പരമ്പരയിലെ രണ്ടാം ഭാഗമായ Anak Semua Bangsa (Child of All Nations)  തുടക്കത്തില്‍ത്തന്നെ ബാലിയാടു ജന്മമായ പെണ്‍കൊടിയുടെ ദുരന്തം സംഭവിക്കുന്നുമുണ്ട്. ഒരര്‍ത്ഥത്തില്‍ കൊളോണിയല്‍ അധിനിവേശവും ഒരിക്കലും മെരുങ്ങാത്ത തദ്ദേശീയസ്വത്വവും തമ്മിലുള്ള ബലാല്‍ക്കാരസ്വഭാവം തന്നെയുള്ള ബാന്ധവത്തിന്റെ ഉല്‍പന്നവും ഇരയും രക്തസാക്ഷിയും പ്രതീകവുമാണ് അതിനിഷ്കളങ്കതയുടെയും അഭൗമസൗന്ദര്യത്തിന്റെയും ഉടമയായ അനലീസ്. ആ സൗന്ദര്യം അവള്‍ക്കു നേടിക്കൊടുക്കുന്നത് സ്വന്തമാക്കാനാകാത്തവരില്‍ ആസക്തിയും സ്നേഹിച്ചവരില്‍ സംരക്ഷിക്കാനാകാത്ത നിസ്സഹായതയും സ്വസഹോദരനില്‍ നിന്നുപോലും കടന്നുകയറ്റവും മാത്രമാണ്കൊളോണിയല്‍ ദുരയെ ക്ഷണിച്ചുവരുത്തിയ ഇന്തോനേഷ്യന്‍ ഭൂപ്രകൃതിയുടെ നിസ്സഹായ ആകര്‍ഷണീയത പോലെത്തന്നെ.

ബുരു സമാഹാരത്തില്‍ ‘ഭൂമി മനുഷ്യ’

ന്യായ് ഒണ്ടോസോറോയുടെയും അനലിസിന്റെയും ജീവിതങ്ങളോട് കൊരുക്കുന്നതാണ് വൈയക്തിയവേദന എന്നതിനപ്പുറംഎഴുത്തുകാരനും ബുദ്ധിജീവിയുമായി വളര്‍ന്നുവരുന്ന മിങ്കെയെ സംബന്ധിച്ച് കൊളോണിയലിസത്തിന്റെ യാഥാര്‍ത്ഥ്യത്തെ കുറിച്ചുള്ള തിരിച്ചറിവും ജ്ഞാനോദയവും (enlightenment) ആയിത്തീരുന്നതും നോവല്‍ ചത്വരത്തിലെ തുടര്‍ന്നുള്ള ഭാഗങ്ങള്‍ക്കു വഴി തെളിയിക്കുന്നതും. അപരിഹാര്യമായ നഷ്ടത്തെ, ഉറങ്ങിക്കിടക്കുന്ന നാടിനെ ഉണര്‍ത്താനും ദേശീയബോധം വളര്‍ത്തിയെടുക്കുന്ന രീതിയില്‍ സംസ്കാരത്തിന്റെയും വര്‍ഗ്ഗയാഥാര്‍ത്ഥ്യങ്ങളുടെയും സൂക്ഷ്മതലങ്ങള്‍ ആവിഷ്കരിക്കാനുമുള്ള സര്‍ഗ്ഗോര്‍ജ്ജമാക്കി അയാള്‍ പരിവര്‍ത്തിപ്പിക്കുന്നു. പ്രമോദയ കൃതികളുടെ ഇംഗ്ലീഷ് വിവര്‍ത്തകന്‍ മാക്സ് ലെയ്ന്‍, ഇന്തോനേഷ്യന്‍ ചരിത്രത്തില്‍ അവയുടെ സാമൂഹികപ്രസക്തി വിലയിരുത്തുന്ന പുസ്തകത്തിനിട്ട ശീര്‍ഷകംതന്നെ സ്വയം വ്യക്തമാക്കുന്നതാണ്: Indonesia Out of Exile: How Pramoedya’s Buru Quartet Killed a Dictatorship”.

നോവല്‍പരമ്പരയിലെ ആദ്യ മൂന്നു കൃതികളും മിങ്കെയുടെ ആഖ്യാനകോണില്‍ അയാളുടെ വളര്‍ന്നുവരുന്ന ദേശീയബോധവും, യൂറോപ്യന്‍ വിദ്യാഭ്യാസത്തിന്റെ ഗുണഫലങ്ങള്‍ ഉപയോഗിച്ച് തന്റെ നാട്ടുകാരെ ശാസ്ത്രീയ അവബോധത്തിലേക്കും സ്വാതന്ത്ര്യലബ്ധിക്കായുള്ള പോരാട്ടത്തിലെ ഉത്തരവാദിത്തബോധത്തിലേക്കും ഉയര്‍ത്താനുള്ള ശ്രമങ്ങളുംഅക്കാര്യത്തില്‍ പടിപടിയായി യാഥാര്‍ത്ഥ്യബോധത്തിലേക്ക് ഉണരുന്നതും തദ്ഫലമായ നൈരാശ്യവും ആവിഷ്കരിച്ചു. എന്നാല്‍ കൊളോണിയലിസത്തോടുള്ള ചെറുത്തുനില്‍പ്പു പോരാട്ടത്തിലേക്ക് സംഭാവന ചെയ്യാനുള്ള തന്റെ വഴി കായിക ഇടപെടലുകളല്ലെന്നും മറിച്ച് തന്റെ സര്‍ഗ്ഗസിദ്ധി ഉപയോഗിച്ചുള്ള വിദ്യാഭ്യാസ, ബോധവല്‍ക്കരണ പ്രക്രിയകളിലൂടെയാവണെന്നുമുള്ള മിങ്കെയുടെ ശുഭചിന്തയാണ് ഈ കൃതികളില്‍ മുന്നിട്ടുനില്‍ക്കുന്നത്. അവസാന ഭാഗമായ  House of Glass ല്‍ എത്തുമ്പോള്‍വിമതനേതാവെന്ന നിലയില്‍ അറസ്റ്റ് ചെയ്യപ്പെട്ടു തടവില്‍ കഴിയുന്ന മിങ്കെയെ നാം കാണുന്നു. പോരാളികളെ പിന്തുടരുകയും അവരുടെ നീക്കങ്ങള്‍ അധികൃതര്‍ക്ക് ചോര്‍ത്തിക്കൊടുക്കുകയും ചെയ്യുന്ന പാങ്കെമനാന്‍ എന്ന മുന്‍പോലീസ് ഓഫീസറാണ് ഈ ഭാഗത്തെ ആഖ്യാനം മുഖ്യമായും നടത്തുന്നതും. സ്വന്തം മനസ്സാക്ഷിയുടെ സംഘര്‍ഷം നേരിടേണ്ടിവരുന്ന അയാള്‍ക്കു പക്ഷെ  ആ വിളികേള്‍ക്കുക ഒട്ടും എളുപ്പമല്ല: തന്റെ പദവിമുതല്‍ കുടുംബത്തിന്റെ സുരക്ഷവരെ അയാള്‍ക്ക് തടസ്സങ്ങളായുണ്ട്. മിങ്കെയോ ഏതാനും അനുയയികളോ അല്ലമറിച്ചു സ്വാതന്ത്ര്യബോധത്തിലേക്ക് ഉണരുന്ന ഒരു സമൂഹത്തിന്റെ സമരോത്സുകത തന്നെയാണ് തനിക്കു നേരിടാനുള്ളത് എന്നാണ് അയാള്‍ മനസ്സിലാക്കുക. മിങ്കെയാകട്ടെഎന്നെന്നേക്കുമായി നാടുകടത്തപ്പെടുന്നു. അയാളുടെ പത്രം കണ്ടുകെട്ടപ്പെടുകയുംഅയാള്‍ നയിച്ചിരുന്ന പ്രസ്ഥാനത്തിന് ദിശ നഷ്ടപ്പെടുകയും ചെയ്യുന്നു. ഒട്ടും ശുഭകരമല്ലാത്ത ഈയൊരു പരിണതിയിലാണ് നോവല്‍പരമ്പര അവസാനിക്കുന്നത്.

ഒരു രാഷ്ട്രീയ അധീശത്തവ്യവസ്ഥ എന്ന നിലയില്‍ കൊളോണിയലിസത്തോടുള്ള സമഗ്ര എതിര്‍പ്പ് അനന്ത തോറിന്റെ സാഹിത്യത്തിന്റെ ജീവനാഡിയാണെങ്കിലുംവ്യക്തികളെ ചിത്രീകരിക്കുന്നതില്‍ ഒരുതരത്തിലുമുള്ള കറുപ്പു/വെളുപ്പു പരിമിതിയും അദ്ദേഹത്തിനില്ല. യൂറോപ്യന്മാര്‍ എല്ലാവരും മോണ്‍സ്റ്റര്‍മാരാണെന്ന ക്ലീഷേ നിലപാട് അദ്ദേഹം പങ്കുവെക്കുന്നില്ല. വാസ്തവത്തില്‍ മോറിറ്റ്സ് മലാമെയുടെ രൂപത്തില്‍ ഡച്ച് അനന്തരാവകാശ നിയമങ്ങള്‍ കുടുംബത്തെ ഉഴുതുമറിക്കുന്നതുവരെ ഹെര്‍മന്‍ മലേമ സ്നേഹധനനായ കുടുംബനാഥനും പിതാവുമാണ്: നിയമപ്രകാരമുള്ള ഭാര്യാപദവി ഒഴികെ വേണ്ടതെല്ലാം അയാള്‍ പ്രണയപൂര്‍വ്വം ഒണ്ടോസോറോക്കും നല്‍കുന്നുണ്ട്. ചിത്രകാരനും മിങ്കെയുടെ തൊഴില്‍ദാതാവുമായ ഴാങ് മറേമിങ്കെ സ്വന്തം അനിയത്തിയെപ്പോലെ ലാളിക്കുന്ന അയാളുടെ കുഞ്ഞുമകള്‍ മേയ് മറേ, മിങ്കെയുടെ ബൗദ്ധികശേഷി കണ്ടെത്തുന്ന അധ്യാപിക മാഗ്ദാ പീറ്റേഴ്സ്മലെമ കുടുംബവൈദ്യന്‍ ഡോ. മാര്‍ടിനെറ്റ്കോടതി വ്യവഹാരത്തില്‍പോലും സഹായം നല്‍കുന്ന നഗരഭരണമേധാവി ഹെര്‍ബെര്‍ട്ട് ഡിലാ ക്രോസും പെണ്മക്കളും, പ്രാദേശികപത്രം നടത്തുന്ന മാര്‍ടിന്‍ നിജ്മന്‍ തുടങ്ങിയവരൊക്കെ വംശീയ മതിലുകള്‍ക്കപ്പുറം തുടിച്ചുനില്‍ക്കുന്ന മാനവികനിലപാടുകള്‍ ഉള്ളവരാണ്. ഒരര്‍ത്ഥത്തില്‍ ഈ മാനവികവൈവിധ്യം തന്നെയാണ് ‘മാനവകുലത്തിന്റെ ഈ ഭൂമി (this earth of mankind)’ സൃഷ്ടിക്കുന്നതും സമഗ്രമാക്കുന്നതും.

      

അവലംബങ്ങള്‍:

(1). Britannica, The Editors of Encyclopaedia. "Indonesian literatures". Encyclopedia Britannica, 14 Oct. 2016, https://www.britannica.com/art/Indonesian-literatures. Accessed 21 May 2024.

(2) Max Lane. ‘Translator’s Note’, This Earth of Mankind, Penguin Books, 1982.

(3). Quoted in: https://www.aljazeera.com/features/2017/2/6/pramoedya-ananta-toer-why-you-should-know-him.      

 More reading:

 Burnt Shadows by Kamila Shamsie

https://alittlesomethings.blogspot.com/2015/11/blog-post.html

Kazuo Ishiguro : Three Novels

https://alittlesomethings.blogspot.com/2015/09/blog-post_26.html

The Garden of Evening Mists by Tan Twan Eng

https://alittlesomethings.blogspot.com/2015/10/blog-post.html

Saman by Ayu Utami

https://alittlesomethings.blogspot.com/2024/06/saman-by-ayu-utami.html

Man Tiger by Eka Kurniawan

https://alittlesomethings.blogspot.com/2016/10/blog-post.html

Beauty Is a Wound by Eka Kurniawan

https://alittlesomethings.blogspot.com/2024/08/beauty-is-wound-by-eka-kurniawan.html


Tuesday, June 18, 2024

Saman by Ayu Utami/ Pamela Allen

 സമാന്‍: അയു ഉത്തമിയുടെ തുറന്നെഴുത്ത്




(തുറന്നെഴുത്തിന്റെ പരിധികളില്‍ ഇറോടിക് എന്നോ ഉത്തമസാഹിത്യമെന്നോ അങ്കലാപ്പുണ്ടാക്കുംവിധം വിഹരിക്കുന്ന എഴുത്തുകാരിയാണ് ഇന്തോനേഷ്യയുടെ അയു ഉത്തമി. ഫെമിനിസ്റ്റ് സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ വിമതരീതികളില്‍പ്പോലും അത്രസാധാരണമല്ലാത്തത്രയും ലൈംഗിക സ്വാതന്ത്ര്യം കണ്ടെത്തുന്ന സ്ത്രീകഥാപാത്രങ്ങളെയും അക്ഷരാര്‍ത്ഥത്തില്‍ ഭ്രാന്തമായ ആസക്തികളെയും  അവര്‍ അവതരിപ്പിക്കുന്നു. എന്നാല്‍ അപ്പോഴും ദേശം നേരിട്ട സാമൂഹികരാഷ്ട്രീയ സംഘര്‍ഷങ്ങളുമായി കഥാപാത്രങ്ങളുടെ വിധിവിഹിതങ്ങളെ സ്വാഭാവികതയോടെയും സര്‍ഗ്ഗാത്മക സൗന്ദര്യത്തോടെയും ചേര്‍ത്തു വെക്കുന്നതില്‍ കാണിക്കുന്ന കയ്യടക്കം കൊണ്ടാണ്  ഉത്തമസാഹിത്യത്തിന്റെ തട്ടകത്തിലും അവര്‍ക്കു കടന്നിരിക്കാനാകുന്നത്.) 


ദക്ഷിണ ജാവയില്‍ ഡച്ച് കൊളോണിയല്‍ ഭരണത്തിന്റെ നിര്‍മ്മിതിയായ ബോഗോറില്‍ 1968ല്‍ ജനിച്ച അയു ഉത്തമി സുഹാര്‍തോ അനന്തര ഇന്തോനേഷ്യയിലെ പുതുതലമുറ എഴുത്തുകാരില്‍ പ്രമുഖയാണ്‌. തലസ്ഥാന നഗരിയായ ജക്കാര്‍ത്തയില്‍ വളര്‍ന്ന അയു, റഷ്യന്‍ ഭാഷയും സാഹിത്യവുമാണ് പഠിച്ചത്. കോളേജ് പഠനകാലത്തുതന്നെ ഫ്രീലാന്‍സ് റിപ്പോര്‍ട്ടറായിത്തീര്‍ന്ന അവര്‍ വിവിധ ഇന്തോനേഷ്യന്‍ മാഗസിനുകളില്‍ പ്രവര്‍ത്തിച്ചു. 1994ല്‍ സുഹാര്‍ത്തോ ഭരണത്തില്‍ അവ നിരോധിക്കപ്പെട്ടതോടെ പ്രതിഷേധ സൂചകമായി അവര്‍ സ്വതന്ത്ര ജേണലിസ്റ്റുകളുടെ സഖ്യത്തില്‍ ((Aliansi Jurnalis Independen (Independent Journalist Alliance)) ചേര്‍ന്നു. ഒളിവില്‍ മാധ്യമപ്രവര്‍ത്തനം തുടര്‍ന്ന അവര്‍സുഹാര്‍ത്തോ ഭരണത്തിലെ അഴിമതി തുറന്നുകാട്ടുന്ന പേരുവെക്കാത്ത പുസ്തകം പ്രസിദ്ധീകരിച്ചു.

സുഹാര്‍ത്തോ ഭരണത്തിന്റെ തകര്‍ച്ചക്ക് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ്, 1998 ല്‍ആദ്യനോവലായ Saman പ്രസിദ്ധീകരിക്കപ്പെട്ടത്. ഉള്ളടക്കത്തിന്റെ വിസ്ഫോടകകസ്വഭാവം കൊണ്ട് രാജ്യത്തിന്റെ രാഷ്ട്രീയ സാംസ്കാരിക അന്തരീക്ഷത്തിലെ പരിണാമങ്ങളെ ത്വരിതപ്പെടുത്തുന്ന ഒന്നായിരുന്നു നോവല്‍. ഇന്തോനേഷ്യന്‍ സാഹിത്യത്തില്‍ നാഴികക്കല്ലായിതീര്‍ന്ന പുസ്തകംസംവാദങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒരുപോലെ തിരികൊളുത്തി. ദേശസാഹിത്യത്തില്‍ ഒരു ലക്ഷം കോപ്പികള്‍ വിറ്റഴിഞ്ഞ ആദ്യപുസ്തകമായിത്തീര്‍ന്ന നോവല്‍പ്രമേയംകൊണ്ടും പരിചരണരീതികൊണ്ടും ലൈംഗികത,വിശേഷിച്ചും സ്ത്രൈണലൈംഗികതരാഷ്ട്രീയ/ മത വിമര്‍ശനംതുടങ്ങി ഇന്തോനേഷ്യന്‍ സാഹിത്യത്തില്‍ വിലക്കപ്പെട്ടതായി കണക്കാക്കപ്പെട്ട അതിര്‍ത്തികള്‍ എല്ലാം ഭേദിക്കുകയായിരുന്നു. ലിംഗപദവീ പ്രതീക്ഷകള്‍ തകിടംമറിക്കുന്ന ശക്തരും സ്വതന്ത്രരും തങ്ങളുടെ ലൈംഗികസ്വത്വം തുറന്നുപ്രകടിപ്പിക്കുന്നവരുമായ സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ടിച്ചതിലൂടെ ഇന്തോനേഷ്യന്‍ സമൂഹത്തില്‍ ആഴത്തില്‍ വേരോടിയിരുന്ന പുരുഷാധികാര മൂല്യങ്ങളെ വെല്ലുവിളിച്ചു എന്നുമാത്രമല്ല, ലിംഗസമത്വത്തിനും സ്ത്രീകളുടെ അവകാശങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം പകരുകയുംചെയ്തു അയു ഉത്തമി. "Saman" കൃത്യമായും സാക്ഷ്യപ്പെടുത്തുന്നതു പോലെവൈയ്യക്തിക കഥകളെ നാടിന്റെ സാമൂഹിക രാഷ്ട്രീയ സംഘര്‍ഷങ്ങളുമായി ചേര്‍ത്തുവെച്ചു ആവിഷ്കരിക്കുന്നതിലൂടെസുഹാര്‍ത്തോ കാലത്തെ ‘പുതുഭരണക്രമത്തെ (New Order regime) കുറിച്ചുള്ള നിശിതമായ രാഷ്ട്രീയ നിരീക്ഷണം കൂടിയാക്കിത്തീര്‍ക്കുന്നു അവര്‍ തന്റെ ആഖ്യാനത്തെ. മതവും മിസ്റ്റിസിസവും തമ്മിലുള്ള ബന്ധത്തെ വിമര്‍ശനാത്മകായി സമീപിക്കുന്നതിലും അവര്‍ ശരിക്കുമൊരു വിഗ്രഹഭജ്ഞക സ്വഭാവം പ്രകടിപ്പിക്കുന്നു. ചൈനീസ് വംശജര്‍ക്കെതിരെയുള്ള മുന്‍വിധികള്‍ പോലുള്ള വംശീയ സംഘര്‍ഷങ്ങളുടെ അനുരണനങ്ങളും നോവലില്‍ പ്രകടമാണ്. ആഖ്യാന ശൈലിയിലാകട്ടെആത്മകഥാംശങ്ങള്‍ജേണലിസ്റ്റിക്ക് ഉള്ളടക്കങ്ങള്‍, ചരിത്രാഖ്യാനാങ്ങള്‍ തുടങ്ങിയവ കൂടിക്കലരുന്ന സങ്കര (hybrid) ശൈലി, സങ്കീര്‍ണ്ണ പ്രമേയങ്ങള്‍ ആവിഷ്കരിക്കാനും വിവിധ സാഹിതീയ രൂപങ്ങളുടെ സാധ്യതകള്‍ ഉള്‍ച്ചേര്‍ക്കാനും അവരെ സഹായിക്കുന്നു. 

ഇന്തോനേഷ്യന്‍ സാഹിത്യത്തില്‍ വിപ്ലവകരമായ ഒരു രീതിക്ക് തുടക്കം കുറിച്ച കൃതി എന്ന് "Saman" വിവരിക്കപ്പെടുന്നു. നാലു സ്ത്രീകളുടെയും ഒരു പുരുഷന്റെയും ഇഴകോര്‍ക്കുന്ന ജീവിതങ്ങളാണ് രേഖീയമാല്ലാത്തകാലഗണനയില്‍ മുമ്പോട്ടും പിറകോട്ടും ചലിക്കുകയും ആഖ്യാനസ്വരങ്ങള്‍ മാറുകയും ചെയ്യുന്ന നോവല്‍ ആവിഷ്കരിക്കുന്നത്. “കാലത്തിലൂടെയും ഇടത്തിലൂടെയുമുള്ള വളഞ്ഞുപുളഞ്ഞ അത്ഭുതകരമായ ഒരു യാത്ര” എന്ന് ഇംഗ്ലീഷ് പതിപ്പിന്റെ വിവര്‍ത്തക പമേല അലന്‍ നിര്‍വ്വചിക്കുന്നു. 1996 ല്‍ ന്യുയോര്‍ക്ക്‌ സിറ്റിയില്‍, എഴുത്തുകാരിയും ഫോടോഗ്രാഫറുമായ ലൈലയെ നാം കണ്ടുമുട്ടുന്നു. ചരിത്രധാരണകളുടെ അഭാവവും സ്വപ്നജീവിയുടെ കാല്‍പ്പനികതയും എന്ന് പമേല അലന്‍ അവരുടെ പ്രകൃതത്തെ അടയാളപ്പെടുത്തുന്നത് ശ്രദ്ധേയമാണ്. “ഹിറ്റ്ലര്‍ കമ്യൂണിസ്റ്റ് ആയിരുന്നോ അല്ലെയോ എന്നറിയാത്തവള്‍” എന്ന് ആ അജ്ഞതയെ അവര്‍ വിശദീകരിക്കുന്നു. സ്കൂള്‍കാലംമുതല്‍ സുഹൃത്തുക്കളായ ശകുന്തളയാസ്മിന്‍സോക് എന്നിവരുമായി ലൈല ഇപ്പോഴും അടുത്തബന്ധം സൂക്ഷിക്കുന്നുണ്ട്. ന്യുയോര്‍ക്കില്‍ ഉന്നതപഠനം നടത്തുന്ന നര്‍ത്തകിയും സ്വതന്ത്ര, ഉഭയ ലൈംഗികത ആസ്വദിക്കുന്നവളുമായ ശകുന്തള, നിലനില്‍ക്കുന്ന മൂല്യക്രമങ്ങളെ കാറ്റില്‍ പറത്തുന്നതില്‍ ലൈല ആഗ്രഹിക്കുക മാത്രം ചെയ്യുന്നതെന്തോ അത് നടപ്പിലാക്കുന്നവളാണ്. സ്ത്രീയാണ് സദാചാരത്തിന്റെ കാവലാളെന്നും വിവാഹം വരെ കന്യകയായിത്തുടരാന്‍ അവള്‍ക്കു ബാധ്യതയുണ്ട് എന്നുമുള്ള പുരുഷാധികാര തിട്ടൂരങ്ങളില്‍ മടുപ്പാണ് അവള്‍ക്ക്. സ്വന്തം ശരീരത്തിനു മേലുള്ള സ്ത്രീയുടെ അവകാശം എന്ന കൃത്യമായ ഫെമിനിസ്റ്റ് പ്രമേയത്തിന്റെ, നോവലിന്റെ മുഖ്യപ്രമേയത്തിന്റെകണ്ണാടിയായിത്തീരുന്നത്, മറ്റാരേക്കാളും കൂടുതല്‍ശകുന്തള തന്നെ. “എന്റെ പിതാവും സഹോദരിയും എന്നെ വേശ്യയെന്നു വിളിക്കുന്നുകാരണം ഞാന്‍ ഒട്ടേറെ പുരുഷന്മാരുമായും സ്ത്രീകളുമായും കിടക്ക പങ്കിട്ടിട്ടുണ്ട് (ഞാനൊരിക്കലും അവരോടൊന്നും വില ആവശ്യപ്പെട്ടിട്ടില്ലെങ്കിലും). എന്റെ സഹോദരിയും പിതാവും എന്നെ മാനിക്കുന്നില്ല. ഞാനവരെയും മാനിക്കുന്നില്ല” എന്ന് അവള്‍ പ്രഖ്യാപിക്കുന്നു. ലൈല ഒരു വിവാഹിതനായ പുരുഷനില്‍ അത്രക്കങ്ങ്‌ വീണുപോകുന്നതും മുപ്പതുപിന്നിട്ടിട്ടും കന്യകയായി തുടരുന്നതും അവള്‍ക്ക് വിചിത്രമായിത്തോന്നുന്നു. കൂട്ടുകാര്‍ക്ക് ഒരുമിക്കാനുള്ള ഇടമൊരുക്കുന്നതും ജക്കാര്‍ത്തയില്‍ അസാധ്യമായ ലൈല – സിഹാര്‍ കണ്ടുമുട്ടലിനു അവസരം ഒരുക്കുന്നതും അവളാണ്. വക്കീലും ആക്റ്റിവിസ്റ്റുമായ യാസ്മിന്‍ മോനിങ്ക, പിതാവിന്റെ സ്ഥാപനത്തില്‍ (Law Firm) പ്രവര്‍ത്തിക്കുന്നു. ലോലമനസ്കയും വിശ്വാസകാര്യങ്ങളില്‍ ചഞ്ചലമനസ്കയുമെന്ന് പമേല അലന്‍ അവരെ വിവരിക്കുന്നു. ലൈംഗിക കാര്യങ്ങളില്‍ ഒരു പരിചയവുമില്ലാത്ത സമാനുമായി അവളായിട്ടാണ് അടുക്കാന്‍ ശ്രമിക്കുന്നതും. നലാമാത്തവള്‍ സോക് ഒരു ബിസിനസ് വുമന്‍ ആണ്. ആണ്‍കുട്ടികളുമായി സ്വതന്ത്രമായി ഇടപഴകിയ കുറ്റത്തിന് വീട്ടുകാര്‍ ഇടപെട്ടു സ്കൂള്‍വിദ്യാഭ്യാസം മതിയാക്കേണ്ടി വന്നവള്‍. ഇവരെക്കൂടാതെ നോവലില്‍ മുഖ്യ കഥാപാത്രമായി വരുന്നത് കത്തോലിക്കാ പുരോഹിത വസ്ത്രവും ഒപ്പം പഴയ പേരും (‘അത്തനേഷ്യസ് വിസംഗേനി’) ഉപേക്ഷിച്ചു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ആയിത്തീരുന്ന ‘സമാന്‍’ ആണ്. ‘Someone’ എന്നതില്‍ നിന്നാണ് ‘Saman’ എന്ന പേരിന്റെ ഉത്ഭവം എന്ന് നോവലില്‍ സൂചനയുണ്ട്.

നോവല്‍ ആരംഭിക്കുമ്പോള്‍ ജേണലിസ്റ്റായ ലൈലവിവാഹിതനായ സിഹര്‍ സിതുമൊറാങ്ങുമായി വിലക്കപ്പെട്ട പ്രണയത്തില്‍ ബന്ധിതയാണ്. പ്രണയം, ആസക്തിവഞ്ചന തുടങ്ങിയ വിവാദ പ്രമേയങ്ങളിലേക്കുള്ള പ്രവേശിക കൂടിയാണ് നോവലിസ്റ്റിനു ഈ കഥാപാത്രം. കൃത്യം 424 ദിവസം മുമ്പാണ് അവള്‍ സിഹറിനെ അവസാനമായി കണ്ടതും ഉമ്മവെച്ചതും. അവളിപ്പോഴും കന്യകയാണ്‌ എന്നത് മഹദ് മൂല്യസംരക്ഷണ സൂചനയായല്ലസഫലമാകാത്ത മോഹത്തിന്റെ ഇച്ഛാഭംഗമായാണ് ലൈലയില്‍ വര്‍ത്തിക്കുന്നത്. തുടര്‍ന്ന് തങ്ങളുടെ പൂര്‍വ്വകാലത്തിലേക്ക് 1993 ലേക്ക് കടക്കുന്ന ആഖ്യാനത്തില്‍ സിഹര്‍, തെക്കന്‍ സുമാത്രയിലെ പ്രബുമുലിയില്‍ എണ്ണക്കിണര്‍ മേഖലയിലെ ഫോര്‍മാനാണ്. പ്രബലനായ മേലധികാരിയുടെ ചിന്താശൂന്യമായ, ഉറപ്പായും അപകടം വിളിച്ചുവരുത്തുന്നനിര്‍ദ്ദേശം അവഗണിച്ചതിനു ജോലിനഷ്ടം നേരിടുന്നയാള്‍. ലൈലയാണ് സിഹറിനെ സമാനുമായി പരിചയപ്പെടുത്തുന്നത്. ജേണലിസ്റ്റും വക്കീലും ചേരുമ്പോള്‍ അയാളുടെ കേസിലേക്ക് മീഡിയ ശ്രദ്ധെയെങ്കിലും ലഭ്യമാക്കാം എന്ന് അവര്‍ കരുതുന്നു.  

ഒരു പതിറ്റാണ്ടുപിന്നോട്ട്1983 ല്‍, സമാന്റെ ജീവചരിത്രം പിന്തുടരുന്ന ഭാഗം നോവലിന്റെ വലിയൊരു പങ്ക് അപഹരിക്കുന്നു. അയാളെങ്ങനെ ഒരു ആക്റ്റിവിസ്റ്റായി എന്നു ചിത്രീകരിക്കുന്നതിലൂടെ നോവലിലെ രാഷ്ട്രീയ നിരീക്ഷണങ്ങള്‍ക്കുള്ള അവസരം കൂടിയായിത്തീരുന്നു അത്. വികസനത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും വിരുദ്ധമുഖങ്ങള്‍ മുഖമുദ്രയായിരുന്ന ‘പുതുഭരണക്രമ’ത്തില്‍ (New Order regime) കോര്‍പ്പോറേറ്റ് താല്പര്യങ്ങള്‍ പ്രബുമുലിയിലെ നിസ്വരായ തദ്ദേശീയ ജനങ്ങളുടെ കിടപ്പാടങ്ങളിലാണ് തേരോടിയത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നാടിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്താന്‍ എന്ന ന്യായേണ, എല്ലായിടത്തും റബര്‍ പ്ലാന്റെഷനാക്കി മാറ്റാനുള്ള കമ്പനി തിട്ടൂരത്തിനെതിരെ ജനങ്ങളെ അണിനിരത്താന്‍ അയാള്‍ ശ്രമിക്കുന്നു. എന്നാല്‍, അന്യദേശക്കാരനായ അയാള്‍ക്ക് ഇടപെടാന്‍ പരിമിതിയുമുണ്ട്: പരാജയം ഭവിച്ചേക്കാന്‍ എല്ലാ സാധ്യതയുമുള്ള പോരാട്ടത്തിലൂടെ താനവരെ കൊടുംയാതനകളിലേക്ക് നയിച്ചു എന്നൊരു പരാതി വരാന്‍ പാടില്ല. സര്‍ക്കാര്‍ - കൊര്‍പ്പോറേറ്റ് മൃഗീയതകളോട് മുഖംതിരിക്കുന്ന സഭയുടെ നിസ്സംഗതയാണ് അയാളുടെ പരിണാമത്തിനു കാരണമാകുന്നത്. പ്രസ്തുത സംഘര്‍ഷങ്ങളില്‍ ശരിയായ പക്ഷം പിടിക്കുന്നതിന് അയാള്‍ വലിയ വില കൊടുക്കേണ്ടി വരുന്നുപ്രാണന്‍ പിടയുന്ന പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിയും വരുന്നു.

സമാന്റെ പാത്രസൃഷ്ടിയിലാണ് നോവലിസ്റ്റിന്റെ കയ്യടക്കം ഏറ്റവും തിളങ്ങി നില്‍ക്കുന്നതും. ഒട്ടേറെ മിസ്റ്റിക്കല്‍ അനുഭവങ്ങളിലൂടെ കടന്നുപോയ കുട്ടിക്കാലമാണ്‌ അയാള്‍ക്കുണ്ടായിരുന്നത്. വളര്‍ച്ചയെത്തിയ ഗര്‍ഭം ദുരൂഹമായ വിധത്തില്‍ പൊടുന്നനെ അപ്രത്യക്ഷമാകുകയെന്ന അവിശ്വസനീയ സംഭവം ഒന്നിലേറെ തവണ അയാളുടെ അമ്മയില്‍ സംഭവിച്ചു; ഒപ്പം ഓരോ രാത്രിയിലും ബാലനായ വിസംഗേനി കേട്ടുകൊണ്ടിരുന്ന ശബ്ദങ്ങള്‍ നിലക്കുകയും ചെയ്തു. അമ്മയുടെ മരണശേഷം സെമിനാരിയില്‍ പ്രവേശിച്ച അയാള്‍കുട്ടിക്കാലത്തെ വിശദീകരണം ഏതുമില്ലാത്ത അനുഭവങ്ങളുടെ ഇടമായ പ്രബുമുലിയിലെ കൊച്ചുപള്ളിയില്‍ സേവനമാരംഭിച്ചതും ആ ഓര്‍മ്മകള്‍ പുനര്‍ജീവിക്കാന്‍ വേണ്ടിയാണ്. വിചിത്രസ്വഭാവമുള്ള ഉന്മാദിനിയായ ഉപി എന്ന കൗമാരക്കാരിയുടെ ജീവിതമാണ്‌ അയാളെ പ്രാദേശിക ജനതയുമായും അതിന്റെ തുടര്‍ച്ചയില്‍ അവരുടെ പോരാട്ടവുമായും ബന്ധിപ്പിക്കുന്നതും. അടങ്ങാത്ത കാമാതുരതയുടെ പ്രകടമായ ചേഷ്ടകളും മെരുങ്ങാപ്രകൃതവുമായി, ഭ്രാന്തിനെ കൈകാര്യം ചെയ്യേണ്ടതിനെ കുറിച്ചൊന്നും ഒരു ധാരണയുമില്ലാത്ത ഗ്രാമീണരുടെ കയ്യില്‍ മൃഗസമാനം കൂട്ടിലടക്കപ്പെടുന്ന പെണ്‍കുട്ടിയെ ഏതുവിധേനയും സഹായിക്കാനുള്ള ശ്രമങ്ങള്‍ പൊലിയുന്നതും ഗ്രാമം ചുട്ടെരിക്കുന്ന സൈനികരുടെ ക്രൂരതയില്‍ ഒന്നും ചെയ്യാനാകാതെ അവള്‍ എരിഞ്ഞടങ്ങുന്നതും അയാളെ ദൈവസ്നേഹമെന്ന പാഴ്വാക്കിലൊന്നും കാര്യമില്ലെന്ന് ബോധ്യപ്പെടുത്തുന്ന മറ്റൊരു അനുഭവമാണ്‌. നോവലിന്റെ തലക്കെട്ടിനു വിശദീകരണം കണ്ടെത്താനാകുക സമാന്റെ ജീവിതത്തിലെ പരിണാമങ്ങളുടെ സാമൂഹികരാഷ്ട്രീയ സാംഗത്യത്തില്‍ തന്നെയാണ്. നാലു യുവതികളുടെയും ജീവിതം അയാളുമായി കുരുക്കുന്നത് ഓരോരുത്തരെയും അവരവരുടെ വ്യക്തിപരവും സാമൂഹികവുമായ വ്യവഹാരങ്ങളെ വിലയിരുത്താന്‍ സഹായിക്കുന്നു. ഇന്തോനേഷ്യന്‍ സമൂഹം നേരിടുന്ന വ്യത്യസ്ത സംഘര്‍ഷങ്ങളുടെ പ്രതിഫലനമാണ് അവരുടെ കഥകള്‍.

ഉപിയുമായുള്ള സമാന്റെ ബന്ധത്തില്‍ നിഗൂഡമായ ഇറോടിക് തലങ്ങളുണ്ട് എന്നു കാണാം. നിര്‍ലജ്ജം തന്റെ ലംഗികചോദനകള്‍ പ്രകടിപ്പിക്കുകയും സ്വയംഭോഗം ചെയ്യുകയും ചെയ്യുന്ന പെണ്‍കുട്ടിഅയാളുടെ ഒരു എതിര്‍പതിപ്പാവാം (antithesis). നൂറ്റിഎണ്‍പത് സെന്റിമീറ്റര്‍ ഉയരമുള്ള തടിത്തൂണ്‍ ഉണ്ടാക്കിക്കൊടുക്കുകയും അതില്‍ മുഖവും കൈകളും നിര്‍മ്മിക്കുകയും ചെയ്യുന്നുണ്ട് അവളുടെ കൂട്ടില്‍ അയാള്‍. ‘ടോടെം ഫാലസ്’ (‘മൂര്‍ത്തി ലിംഗം) എന്ന വിചിത്രമായ പേര് ആ സങ്കല്‍പ്പകാമുകന് ചാര്‍ത്തിക്കൊടുത്ത് അതിനോട് സ്വയം ഭോഗത്തില്‍ ഏര്‍പ്പെടാന്‍ അയാള്‍ അവളോടു പറയുന്നു. നോവലിലെ ഇതര ലൈംഗികവര്‍ണ്ണനകളോട് ഇതുംകൂടി ചേരുമ്പോള്‍ പുസ്തകം യാഥാസ്ഥിതികരുടെ പുരികം ചുളിപ്പിച്ചതെന്തുകൊണ്ട് എന്നു വ്യക്തമാകും.     

ശകുന്തളയുടെ ഭാഗം നാലു പെണ്‍കുട്ടികളുടെയും പശ്ചാത്തലങ്ങളിലേക്ക് വെളിച്ചം വീശുകയും അവള്‍ക്ക് പിതാവുമായുണ്ടായിരുന്ന വിദ്വേഷം കലര്‍ന്ന ബന്ധവും ന്യുയോര്‍ക്കില്‍ എത്തിച്ചേര്‍ന്ന പശ്ചാത്തലവും വിവരിക്കുന്നു. അവസാനഭാഗമാകട്ടെ, 1994ല്‍ സമാനും യാസ്മിനും തമ്മിലുള്ള രതിതീക്ഷ്ണമായ ഇ മെയില്‍ ചാറ്റുകളാണ്. യാസ്മിന്‍ ഈ സന്ദര്‍ഭമാകുമ്പോഴേക്കും വിവാഹിതയായിരുന്നു എന്നതില്‍ വീണ്ടും വിലക്കപ്പെട്ട ബന്ധത്തിന്റെ മുഴക്കമുണ്ട്.

കാലത്തില്‍ മുന്നോട്ടും പുറകോട്ടുമുള്ള നോവലിന്റെ ചലനം ഇത്തിരി അങ്കലാപ്പുണ്ടാക്കുന്ന വിധത്തിലാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (complete-review.com). നോവലിന്റെ ഫോക്കസ് ലൈലയിലാണ്‌ എന്ന് ആദ്യം തോന്നുമെങ്കിലും പിന്നീടത്‌ സമാനനിലേക്ക് മാറുകയും ഒടുവില്‍ അയാളോടൊപ്പം യാസ്മിന്‍ ആഖ്യാനകേന്ദ്രത്തില്‍ എത്തുകയും ചെയ്യുന്നു. ലൈലയുടെയും ശകുന്തളയുടെയും ഭാഗങ്ങളില്‍ പ്രഥമവ്യക്തിക (first-person) ആഖ്യാന രീതി പിന്തുടരുമ്പോള്‍അവസാന ഭാഗത്തെ ഇമെയില്‍ ചാറ്റുകള്‍ ഒരു എല്ലാമറിയുന്ന തൃതീയ വ്യക്തിക (omniscient third-person) ആഖ്യാനരീതിയിലാണ്‌. ഇത്തരം മാറ്റങ്ങളും അത്ര ഭദ്രമായല്ല അനുഭവപ്പെടുന്നത്. എന്തായാലുംഇതിവൃത്ത പ്രധാനമല്ലാത്തതികച്ചും പ്രമേയപ്രധാനമായ ഒരു വിഗ്രഹഭജ്ഞക കൃതിയിലൂടെ പുതുതലമുറ ഫെമിനിസ്റ്റ് എഴുത്തിനു ഇന്തോനേഷ്യന്‍ സാഹിത്യത്തില്‍ ഏറ്റവും ശക്തമായ ഒരു പയനിയര്‍ ആയിത്തീരുകയാണ് അയു ഉത്തമി.

 

 More reaading:


 The Garden of Evening Mists by Tan Twan Eng

https://alittlesomethings.blogspot.com/2015/10/blog-post.html

This Earth of Mankind by Pramoedya Ananta Toer/ Max Lane

https://alittlesomethings.blogspot.com/2024/08/this-earth-of-mankind-by-pramoedya.html

Man Tiger by Eka Kurniawan

https://alittlesomethings.blogspot.com/2016/10/blog-post.html

Beauty Is a Wound by Eka Kurniawan

https://alittlesomethings.blogspot.com/2024/08/beauty-is-wound-by-eka-kurniawan.html

 Hurma by Ali al-Muqri/ T.M.Aplin

https://alittlesomethings.blogspot.com/2024/10/hurma-by-ali-al-muqri-tmaplin.html