Featured Post

Saturday, September 26, 2015

Kazuo Ishiguro : Three Novels

കസുവോ ഇഷിഗുരോ: സൂക്ഷ്മ വാക്യങ്ങളിലെ അനുഭവ കാണ്ഡങ്ങള്‍


ചരിത്രഗതിയെ നിര്‍ണ്ണയിച്ച മനുഷ്യ സൃഷ്ടമായ മഹാ ദുരന്തങ്ങളും വിപത്തുകളും അതില്‍ നേരിട്ട് ഭാഗഭാക്കുകളല്ലാത്ത, തലമുറകള്‍ പിന്നിട്ട സുരക്ഷിത അകലമുള്ള കാഴ്ചപ്പാടുകളില്‍ അടയാളപ്പെടുത്തുമ്പോള്‍ കാര്യങ്ങള്‍ കറുപ്പിലും വെളുപ്പിലും പകര്‍ത്തിവെക്കുക എളുപ്പമായിരിക്കും. ഹോളോകോസ്റ്റിന്റെ വിധികല്‍പ്പന ഇന്നൊരു വെല്ലുവിളിയല്ലാത്തത് അത് കൊണ്ടാണ്. എന്നാല്‍, അതേ മഹാപാപങ്ങളുടെ സംഭവിക്കലില്‍ ഏതെങ്കിലും രീതിയില്‍ ഇടപെടാനിടയായവര്‍ കഥാപാത്രങ്ങളാവും വിധം അതേ കാലത്തോ തൊട്ടടുത്ത പതിറ്റാണ്ടുകളിലോ കഥാഗതി സംഭവിക്കുമ്പോള്‍ വര്‍ണ്ണങ്ങള്‍ ഇഴ ചേരുകയും മാറി മറിയുകയും ചെയ്തേക്കും. ഒരു വിധികല്‍പ്പനാ (judgemental)മനോഭാവത്തോടെ എഴുത്തുകാരന് സത്യസന്ധനാവാന്‍ കഴിഞ്ഞില്ല എന്നും വരാം. ആഖ്യാനത്തിന്റെ ഈ പാളം തെറ്റാനിടയുള്ള മേഖല (ambiguous terrain) യിലാണ് കസുവോ ഇഷിഗുരോയുടെ സര്‍ഗ്ഗ ചേതന വ്യാപരിക്കുന്നത്, വിശേഷിച്ചും അദ്ദേഹത്തിന്റെ ആദ്യ കൃതികളില്‍.


ബോംബു വീണു കഴിഞ്ഞിരുന്നു, ചോര നിലച്ചിരുന്നില്ല:

ജപ്പാനിലെ നാഗസാക്കിയില്‍ കസുവോ ഇഷിഗുരോ ജനിക്കുമ്പോള്‍ (1954) തന്റെ ജന്മ സ്ഥലത്ത് സംഭവിച്ച ആ മഹാദുരന്തം ഒമ്പതാണ്ട് മാത്രം പഴക്കമുള്ള ചരിത്രമേ ആയിരുന്നുള്ളു. തന്റെ ആറാം വയസ്സില്‍ കുടുംബം ഇംഗ്ലണ്ടിലേക്ക് കുടിയേറുമ്പോള്‍ കൊച്ചു ഇഷിഗുരോക്ക് വൈകാതെ തിരിച്ചെത്തും എന്ന മോഹമുണ്ടായിരുന്നു. പക്ഷെ അതുണ്ടായില്ല. മുത്തച്ഛനുമായുണ്ടായിരുന്ന ഗാഡബന്ധം മുറിഞ്ഞതിന്റെ വേദന, വൈകാതെ അദ്ദേഹം മരിച്ചതോടെ ഏറെ വളരുകയും ചെയ്തു. പില്‍ക്കാലത്ത് ബുക്കര്‍ സമ്മാനം ലഭിച്ച (1989) 'ദി റിമെയ്ന്‍സ്‌ ഓഫ് ദി ഡേ'യില്‍ അടിമുതല്‍ മുടി വരെ മുഴുവന്‍ വിശദാംശങ്ങളിലും കുറ്റമറ്റ ഇംഗ്ലീഷുകാരനായ ബട്ട് ലറെ സൃഷ്ടിക്കാന്‍ കഴിയും വിധത്തില്‍ സമ്പൂര്‍ണ്ണ ഇംഗ്ലീഷുകാരന്‍ ആയിത്തീര്‍ന്നപ്പോഴും നാഗസാക്കിയുടെ പൈതൃക സ്മരണകള്‍ അദ്ദേഹത്തിന്റെ രചനകളെ വഴി നടത്തുക തന്നെ ചെയ്തു. ആദ്യ കൃതികളായ എ പെയ്ല്‍ വ്യൂ ഓഫ് ദി ഹില്‍സ്‌, ആന്‍ ആര്‍ട്ടിസ്റ്റ്‌ ഓഫ് ദി ഫ്ലോട്ടിംഗ് വേള്‍ഡ് എന്നിവ തികച്ചും ജപ്പാന്‍ പശ്ചാത്തലത്തിലുള്ളവ തന്നെയെങ്കില്‍ ഇതര കൃതികളിലും കൂടുതല്‍ സൂക്ഷ്മമായ രീതിയില്‍ അദ്ദേഹത്തിന്റെ ജാപ്പനീസ് സാഹിതീയ- സാംസ്ക്കാരിക പൈതൃകം പ്രകടമാണ്. സ്ഥൂലാംശങ്ങളില്‍ വ്യക്തി/കുടുംബകഥാ പരിസരങ്ങളായിരിക്കുമ്പോഴും സൂക്ഷ്മതലങ്ങളില്‍ ചരിത്രാനുഭവങ്ങള്‍ സജ്ജീവമായി നില്‍ക്കുന്നുണ്ട് ഇപ്പറഞ്ഞ മൂന്നു കൃതികളിലും. ഓര്‍മ്മിക്കാനിഷ്ടപ്പെടാത്ത വിധം കടുത്ത ആഘാതമോ കുറ്റബോധമോ ഉണ്ടാക്കിയ വൈയക്തികമോ സാമൂഹിക/ ചരിത്ര പരമോ ആയ അനുഭവങ്ങളെ ദൈനം ദിന വ്യവഹാരങ്ങളില്‍ നിന്ന് കഴിവതും അകറ്റി നിര്‍ത്താനുള്ള സ്വാഭാവിക മാനുഷിക പ്രവണതയെ ഒരു മികച്ച രചനാതന്ത്രം തന്നെയാക്കി മാറ്റിയെടുക്കുകയാണ് ഇഷിഗുരോ. പറഞ്ഞു വെച്ച (narrated) കഥയോടൊപ്പമോ അതിന്റെ മുഴുവന്‍ മൂലകാരണമായി വര്‍ത്തിക്കുന്നതെന്ന അര്‍ത്ഥത്തില്‍ അതിലേറെ പ്രാധാന്യമുള്ളതോ ആയി ഇതിവൃത്ത-പ്രമേയ ധാരയില്‍ ഒരു പറയാത്ത (non-narrated)കഥ , അല്ലെങ്കില്‍ ഏറ്റവും ന്യൂനോക്തിയില്‍ (understated) മാത്രം സൂചിതമാവുന്ന കഥ പ്രബലമായിരിക്കുക. പരമ്പരാഗത ജാപ്പനീസ്‌ കുടുംബ മര്യാദകളും ഔപാചാരികതകളും പ്രകടവും വിശദവുമായ രീതിയില്‍ ദീക്ഷിക്കുന്നതിലൂടെ ഓര്‍മ്മകളിലും ഭൂതകാല ജീവിതാനുഭാവങ്ങളിലും മുച്ചൂടും നിഴല്‍ വിരിച്ച ഈ 'പറയാത്ത' അനുഭവ മേഖലയെ പരസ്പര വ്യവഹാരങ്ങളില്‍ നിന്ന് വിദഗ്ദമായി മാറ്റിനിര്‍ത്തുകയാണ് ആഖ്യാതാക്കളായ കഥാപാത്രങ്ങള്‍/ നോവലിസ്റ്റ്. സ്റ്റീവന്‍സിന്റെ ('ദി റിമെയ്ന്‍സ്‌ ഓഫ് ദി ഡേ') കാര്യത്തിലാവട്ടെ, പോസ്റ്റ്‌ ഇമ്പീരിയല്‍ ഇംഗ്ലീഷ് സാമൂഹിക ഒത്തു ചേരലുകളില്‍ നിന്ന് പതിയെ എങ്കിലും പിന്‍വാങ്ങിക്കൊണ്ടിരിക്കുന്ന ജീര്‍ണ്ണമായ (decadent) വിക്റ്റോറിയന്‍ ആചാര മര്യാദകളുടെയും ഔപചാരിക സംഭാഷണ രീതികളുടെയും വള്ളി പുള്ളി തെറ്റിക്കാത്ത പ്രണേതാവാണ് അയാള്‍. സ്ഥൂലമെന്നോ ആവര്‍ത്തന സ്വഭാവമുള്ളത് എന്നോ ഇഷിഗുരോയെ വായിച്ചു ശീലിച്ചിട്ടില്ലാത്ത അനുവാചകന് തോന്നാനിടയുള്ള സംഭാഷണ/ ആഖ്യാന രീതികള്‍ക്കിടയില്‍ തീരെ അപ്രധാനമെന്നോ പരിഗണനാര്‍ഹാമല്ലാത്ത വിധം അതി സാധാരണമെന്നോ തോന്നാവുന്ന വാക്കുകളിലോ പ്രതികരണങ്ങളിലോ പ്രമേയത്തിന്റെ അകക്കാമ്പിലേക്കുള്ള താക്കോല്‍ ഒളിപ്പിച്ചു വെക്കുക എന്ന രീതി, അനുവാചകനെ ചിലപ്പോഴെങ്കിലും ഇത്തിരി വെള്ളം കുടിപ്പിച്ചേക്കാം. ആ അര്‍ത്ഥത്തില്‍, ഹാരോള്‍ഡ്‌ പിന്ററെ പോലെ ടേപ്പ് റെക്കോര്‍ഡര്‍ സത്യ സന്ധതയോടെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങള്‍ പുന സൃഷ്ടിക്കുമ്പോഴും , സ്ഥൂലോക്തിയുടെയല്ല, ന്യൂനോക്തിയുടെ ആശാനാണ് ഇഷിഗുരോ.



ഇറങ്ങി നടക്കുന്ന നിഴല്‍?
എഴുപതുകളുടെ പശ്ചാത്തലത്തില്‍, ഇംഗ്ലീഷുകാരനായ രണ്ടാം ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് വിധവയായി ഇംഗ്ലണ്ടില്‍ കഴിയുകയാണ് 'മലകളുടെ ഒരു വിളറിയ ദൃശ്യ'ത്തിലെ എത് സുകോ. ആദ്യ ഭര്‍ത്താവ് ജപ്പാന്‍ കാരനായ ജിറോയിലുണ്ടായ ഏകമകള്‍ കെയ്കോയുടെ ആത്മഹത്യയെ തുടര്‍ന്നുണ്ടാവുന്ന സാഹചര്യത്തില്‍ ഇളയ മകള്‍ നിക്കോ ലണ്ടനില്‍ നിന്ന് അമ്മയെ സന്ദര്‍ശിക്കാനെത്തുന്നു. ഇംഗ്ലീഷ് പത്രങ്ങള്‍ക്ക് 'ജപ്പാന്‍കാരുടെ പതിവ് ആത്മഹത്യാ ആഭിമുഖ്യം' എന്നതിനപ്പുറം വാര്‍ത്തയാവാത്ത കെയ്കോയുടെ ദുരൂഹ മരണം, അമ്മയും മകളും തമ്മിലുള്ള ഹ്രസ്വ സംഭാഷണങ്ങള്‍ക്ക് നിമിത്തമാവുന്നു. സാധാരണ സഹോദരിമാര്‍ക്കിടയില്‍ (അര്‍ദ്ധ സഹോദരിമാരെങ്കിലും) ഉണ്ടാവാനിടയുള്ള പാരസ്പര്യങ്ങള്‍ തുടക്കം മുതലേ കെയ്കോയും നിക്കിയും തമ്മില്‍ ഉണ്ടായിരുന്നില്ലെന്നത് കെയ്ക്കോയുടെ ഉള്‍വലിഞ്ഞ നിഗൂഡ പ്രകൃതത്തിന്റെ സൂചനയാണ്. പ്രത്യേക സാഹചര്യത്തില്‍ കെയ്ക്കോയെ കുറിച്ച് കൂടുതലെന്തെങ്കിലും പറഞ്ഞു കേള്‍ക്കുന്നത് പ്രതീക്ഷിക്കുന്ന വായനക്കാരനെ അപ്രതീക്ഷിതമായ മറ്റൊരു പുരാവൃത്തത്തിന്റെ ആഖ്യാനത്തിലേക്കാണ് നോവല്‍ കൂട്ടിക്കൊണ്ടു പോവുന്നത്. അമ്പതുകളുടെ തുടക്കത്തില്‍, യുദ്ധാനന്തര ജപ്പാനിലെ കെടുതിയുടെ പര്യായമായ നാഗസാക്കിയില്‍ താന്‍ കെയ്ക്കോയെ ഗര്‍ഭിണിയായിരുന്ന കാലത്തെ ഒരു വിചിത്ര സൗഹൃദത്തിന്റെ കഥ എത് സുകോ പറഞ്ഞു തുടങ്ങുന്നു. ഉള്ള പ്രായം തോന്നിക്കാത്ത സചിക്കോ എന്ന യുവ മാതാവും, നിഗൂഡ പരിവേഷമുള്ള എകാന്തയും യുദ്ധ കാലത്ത് സാക്ഷിയാവാനിടയായ ഭീകരാനുഭവങ്ങള്‍ സൃഷ്ടിച്ച ആഘാതങ്ങള്‍ കാരണം ദുരൂഹ സന്നിധ്യങ്ങളോട് സഹവാസമുള്ളവളുമായ പത്തു വയസ്സുകാരി മകള്‍ മരികോയും ഒരു വസന്തകാലത്ത് തൊട്ടടുത്ത നദിയോരത്തുള്ള ഒരു തകര്‍ന്ന വീട്ടില്‍ അയല്‍വാസികളായിരുന്ന കാലം. മരികോയുടെ ബാല്യ കൌതുകങ്ങള്‍ക്കോ ഉത്കണ്ടകള്‍ക്കോ താങ്ങും തണലുമാവുന്ന ഒരു നല്ല അമ്മയല്ലായിരുന്നു സചിക്കോ. അന്യയോടെന്ന മട്ടില്‍ അവര്‍ അവളെ അവഗണിക്കുമായിരുന്ന അത്തരം ഘട്ടങ്ങളില്‍ ഏറെ അപകടകരമായ സാഹചര്യങ്ങളില്‍ പോലും അവള്‍ക്കു കൂട്ടായിരുന്നത് അന്ന് ഗര്‍ഭാലസ്യങ്ങളുള്ള എത് സുകോ ആയിരുന്നുവെന്ന് വ്യക്തം. പുതിയ കാമുകനോടൊപ്പം അമേരിക്കയിലേക്ക് ചേക്കേറാനുള്ള സചിക്കോയുടെ തീരുമാനം മരികോക്ക് ഒട്ടും ഇഷ്ടമല്ല. അവളുടെ എകാന്തതക്ക് ആശ്വാസമായ പൂച്ചക്കുഞ്ഞുങ്ങളെ 'വെറും ജന്തുക്കള്‍' ആയിക്കാണുന്ന സചിക്കോ യാത്രക്ക് പ്രശ്നമാവാതിരിക്കാന്‍ അവയെ നദിയില്‍ മുക്കിക്കൊല്ലുന്നത് കാണേണ്ടി വരുന്നത് മറ്റൊരു ഭീകരാനുഭവമാണ് മരികോക്ക് .

എത് സുകോ - കെയ്ക്കോ, സചിക്കോ - മരിക്കോ സമാന്തരങ്ങള്‍ ഞെട്ടിക്കുന്ന കെട്ടുപിണയലാവുന്നത് സൂക്ഷ്മ വായനയിലേ വായക്കാരന് തിരിച്ചറിയാനാവൂ. മരിക്കോയെ എങ്ങനെയും യാത്രക്ക് ഒരുക്കിയെടുക്കാനായി നിര്‍ബന്ധിക്കുന്ന ഘട്ടത്തില്‍, നോവലിന്റെ അവസാന ഭാഗത്ത്, മരിക്കോയോടുള്ള സച്ചിക്കോയുടെ സംഭാഷണം എത് സുകോ വിവരിക്കുന്നിടത്താണ് അത് സംഭവിക്കുന്നത്. പ്രഥമ പുരുഷ അഭിസംബോധന പെട്ടെന്ന് ഉത്തമ പുരുഷ രീതിയിലേക്ക് മാറുന്നു. 'നിനക്കവിടെ കഴിയാനവാതെ വന്നാല്‍ നമ്മള്‍ തിരിച്ചു വരും' എന്ന് താന്‍ പറഞ്ഞതായാണ് എത് സുകോ ഉദ്ധരിക്കുന്നത്. അഥവാ, സചിക്കോ , എത് സുകോ തന്നെയാണെന്ന് നമ്മള്‍ തിരിച്ചറിയുന്നു. സ്വാഭാവികമായും മരികോ, കെയ്ക്കോയും. സചിക്കോ - മരിക്കോ ബന്ധത്തിലെ സംഘര്‍ഷങ്ങളും ദുരൂഹതകളും ശിശു ഹത്യയോളം എത്തുന്ന പരപീഡന സ്വഭാവവും അമ്മയെന്ന നിലയില്‍ സചിക്കോയുടെ പരാജയവും സ്വാഭാവിക വ്യക്തിത്വ വികാസം സാധ്യമല്ലാതെ പോയ മരിക്കോയുടെ ബാല്യ- കൗമാരവും എല്ലാം ചേര്‍ന്ന് കെയ്ക്കോയുടെ ആത്മഹത്യയുടെ ദുരൂഹത ഒട്ടൊക്കെ പരിഹരിക്കുന്നുണ്ടോ? എത് സുകോ സ്വയം അത്രയൊന്നും ഇടപഴകുന്ന (socialize) പ്രകൃതക്കാരിയായിരുന്നില്ലെന്നു സൂചനകളുണ്ട്. ഒഗാത്താ സാന്‍ എന്ന് സ്നേഹപൂര്‍വ്വം അവള്‍ വിളിക്കുമായിരുന്ന ജിറോയുടെ അച്ഛനോടൊഴിച്ചു ആരോടും എത് സുകോ ഹൃദയം തുറക്കുമായിരുന്നില്ല. ആ നിലക്ക് എന്ത് കൊണ്ടാവാം അവള്‍ സച്ചികോയോടും മകളോടും അത്ര പെട്ടെന്ന് ഇണങ്ങുന്നത്? ഉത്തരവാദിത്ത ബോധമൊട്ടുമില്ലാത്ത ഫ്രാങ്കിനെയല്ല എത് സുകോ പുനര്‍ വിവാഹം ചെയ്യുന്നതും. ഒഗാത്തയും ജിറോയും തമ്മിലുള്ള ബന്ധവും ഒട്ടും സൌഹൃദ പരമല്ല. പോയ കാലത്തിന്റെ മൂല്യങ്ങളെ തലോലിക്കുന്നവന്‍ എന്ന് അച്ഛനെ, യുദ്ധാനന്തര ജാപ്പനീസ്‌ ധാര്‍മ്മിക രോഷത്തിന്റെ നിലപാടില്‍ നിന്ന് ജിറോ വിലയിരുത്തുന്നു. സ്വന്തം സൗഖ്യം തേടുന്ന തിരക്കില്‍ മകളുടെ സന്തോഷം ബലി നല്‍കേണ്ടി വന്ന കുറ്റബോധവും എത് സുകോയെ മഥിക്കുന്നുണ്ടാവണം . തന്റെ ദുര്‍ന്നടപ്പിന്റെ ഇരുണ്ട കറ മുഴുവന്‍ തന്റെ ച്ഛായാ ചിത്രത്തില്‍ പ്രക്ഷേപിച്ചു സുന്ദരനായിത്തുടരുന്ന ഡോരിയന്‍ ഗ്രേയെ പോലെ, ആരെയും കാണിക്കാനാവാത്ത തന്റെ ഇരുണ്ട ഭൂത കാലത്തിന്റെ കുറ്റബോധം മുഴുവന്‍ പ്രക്ഷേപിക്കാനായി എത് സുകോ മെനഞ്ഞെടുത്ത ഒരു കഥാപാത്രമായിരുന്നോ സചിക്കോ? തന്നില്‍ നിന്ന് തന്നെ ഇറക്കിവിട്ട നിഴല്‍? ആണെന്ന് വിശ്വസിക്കുന്നവരാണ് നോവലിന്റെ വിമര്‍ശകരില്‍ ഏറെയും. ദുസ്സഹാനുഭവത്തിന്റെ രക്ഷപ്പെടാനാവാത്ത ഭൂതകാലത്തെ മാറ്റി/അകറ്റി നിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായി മനസ്സ് കണ്ടെടുക്കുന്ന ഒരു ഒഴിഞ്ഞുമാറല്‍ തന്ത്രമാവാം അതും.

തിരസ്കൃതരുടെ കുമ്പസാരങ്ങള്‍



ഒഗാത്താ - ജിറോ ബന്ധത്തില്‍ സൂചിതമാവുന്ന സംഘര്‍ഷം കൂടുതല്‍ തീക്ഷ്ണമായി കടന്നു വരുന്നുണ്ട് 1986-ല്‍ പുറത്തിറങ്ങിയ, വൈറ്റ്‌ബ്രെഡ്‌ പുരസ്ക്കാരം നേടിയ 'ആന്‍ ആര്‍ട്ടിസ്റ്റ്‌ ഓഫ് ദി ഫ്ലോട്ടിംഗ് വേള്‍ഡ് ' എന്ന കൃതിയില്‍. 'മലകളുടെ വിളറിയ ദൃശ്യ'ത്തിലേത് പോലെ ഇവിടെയും രണ്ടു കാലങ്ങളുടെ അനുഭവ വൈചാത്യങ്ങളുണ്ട്. മാറിമറിയുന്ന മൂല്യങ്ങളുടെയും രാഷ്ട്രീയ സാംസ്ക്കാരിക സമവാക്യങ്ങളുടെയും ഇടമായ യുദ്ധാനന്തര ജപ്പാനില്‍ 1948 ഒക്റ്റോബര്‍ മുതല്‍ 1950 ജൂണ്‍ വരെയുള്ള ഏതാനും മാസങ്ങളുടെ പശ്ചാത്തലത്തിലാണ് ഒളിപ്പിച്ചു വെച്ചതോ മറയ്ക്കാന്‍ ശ്രമിക്കുന്നതോ ആയ കുറ്റബോധത്തിന്റെ/വിചാരണയുടെ കുടുംബ/ സാമൂഹിക സംഘര്‍ഷ നാടകം അരങ്ങേറുന്നത്. യുദ്ധ പൂര്‍വ്വ കാലത്ത് സമാദരണീയനായിരുന്ന ചിത്രകാരന്‍ മസൂജി ഓനോ ഇപ്പോള്‍ വിശ്രമജീവിതം നയിക്കുന്നു. പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് സമൂഹത്തില്‍ അദ്ദേഹം ആസ്വദിച്ചു വന്ന സ്ഥാനം കുലീന വിഭാഗക്കാരായ സുഗിമുറ കുടുംബം അവരുടെ വീട് കൂടുതല്‍ വില കൊടുക്കാന്‍ തയ്യാറുള്ളവരെ തേടാതെ അദ്ദേഹത്തിനു വിറ്റതില്‍ വ്യക്തമാണ്. 'അന്തസ്സിന്റെ ലേലം (auction of prestige)' എന്നാണു സുഗിമുറ സഹോദരിമാര്‍ ഇടപാടിനെ വിശേഷിപ്പിച്ചത്. 'ഒരു വിവാഹാലോചന പോലെ' അന്വേഷണങ്ങള്‍ നടത്തി അന്തസ്സുറ്റ ഇടപാടുകാരനെ കണ്ടെത്തുന്നതിലെ ഔദ്ധത്യം അന്ന് ജീവനോടെ ഉണ്ടായിരുന്ന ഒനോയുടെ ഭാര്യക്ക് ഇഷ്ടമായിരുന്നില്ലെങ്കിലും അതും തന്റെ നില കൂടുതല്‍ തെളിയിക്കുകയെ ഉള്ളൂ എന്ന് അയാള്‍ പ്രതിവചിച്ചു. എന്നാല്‍ അത്രക്കൊക്കെ അന്തസ്സുറ്റതാണോ പുതിയ കാലത്ത് അയാളുടെ സാമൂഹിക സ്ഥാനം എന്ന ചോദ്യം അതീവ സൂക്ഷ്മമായി തുടക്കം മുതലേ ഇഷിഗുരോ തന്റെ അതി ന്യൂനോക്തിയിലുള്ള ശൈലിയിലൂടെ സൂചിപ്പിക്കുന്നുണ്ട്. 'ശങ്കയുടെ പാല'ത്തിനു തൊട്ടടുത്ത് ഗാംഭീര്യമുള്ള ആ തറവാട്ടില്‍ ഇപ്പോള്‍ അയാള്‍ രണ്ടാമത്തെ മകള്‍ നൊറികോക്ക് വിവാഹ ബന്ധം ആലോചിക്കുന്ന ഘട്ടമാണ്. 'ശങ്കയുടെ പാലം' എന്നത് ഒനോയുടെയും ആ തലമുറ കലാകാരന്മാരുടെയും ബൊഹീമിയന്‍ രീതികളുടെ ഇടമായിരുന്ന 'മിഗി ഹിദാരി'യിലെക്കുള്ള പ്രവേശന ഇടമായിരുന്നു. 'പൊങ്ങിക്കിടക്കുന്ന ലോകം (floating world)' എന്നതാവട്ടെ ആനന്ദത്തിന്റെ ഇടങ്ങളി (pleasure districts) ലെ രാത്രി ജീവിതത്തിന്റെ പേരും. നോവലിന്റെ പ്രമേയ ധാരയില്‍ മൂല്യങ്ങള്‍ മാറി മറിയുന്ന അസ്ഥിര ലോകത്തെ കൂടി തലക്കെട്ട് സൂചിപ്പിക്കുന്നു എന്ന് പറയാം. 'ശങ്ക' എന്ന പദം തന്നെയും നോവലിന്റെ ആഖ്യാനത്തില്‍ എങ്ങും അനുഭവ വേദ്യമാകുന്ന അസുഖകരമായതിനെ മാറ്റിവെക്കാനുള്ള പ്രവണതയുടെ ഒരു രൂപകമാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇളയ മകള്‍ നൊറികോ പലപ്പോഴും അച്ഛനില്‍ കുറ്റം കണ്ടെത്തുന്ന സ്വഭാവം കാണിക്കുന്നത് ഒരു സൂചകമാണ്. മൂത്ത മകള്‍ സെത് സുകോ ജാപ്പനീസ്‌ പാരമ്പര്യത്തിന്റെ ഭവ്യത മുഴുവന്‍ പ്രകടമാക്കുമ്പോള്‍ അനന്തിരവന്‍ കുഞ്ഞു ഇച്ചിറോ 'ആണത്തത്തിന്റെ' പാഠങ്ങള്‍ മുത്തച്ചനോട് പഠിക്കാനുള്ള വ്യഗ്രതയില്‍ അയാളോട് കൂട്ടാണ്. 'മലകളുടെ വിളറിയ ചിത്ര'ത്തിലെ ജിറോ, അച്ഛന്‍ ഒഗാത്തയോടെടുക്കുന്ന നിലപാടിന്റെ കൂടുതല്‍ ഉച്ചത്തിലുള്ള ആവര്‍ത്തനമാണ് സെത് സുകോയുടെ ഭര്‍ത്താവ് സുയീചിക്ക് ഒനോയോടുള്ളത്. യുദ്ധത്തിനും അതിന്റെ വന്യമായ നഷ്ടങ്ങള്‍ക്കും ഒനോയുടെ തലമുറയുടെ ജീര്‍ണ്ണ രാജ ഭക്തിയെയും അപഹാസ്യമായ രാജ്യ സ്നേഹത്തെയും ഉത്തരവാദിയായിക്കാണുന്ന യുദ്ധാനന്തര തലമുറയുടെ പ്രതീകമാണ് അയാള്‍.
നൊറികോയുടെയും സെത് സുകോയുടെയും സഹോദരന്‍ കെന്‍യി സൈനിക സേവനത്തിനിടെ മഞ്ചൂറിയയില്‍ വെച്ച് കൊല്ലപ്പെട്ടതിനെ കുറിച്ച് 'ധീരോദാത്തം' എന്ന ഓനോയുടെ നിരീക്ഷണമല്ല സുയീചിക്കുള്ളത്.
കെന്‍യിയെ പോലുള്ളവരെ ഇപ്പറഞ്ഞ ധീരോദാത്ത മരണത്തിലേക്ക് പറഞ്ഞയച്ചവര്‍, അവരിപ്പോള്‍ എവിടെയാണ്? അവര്‍ അവരുടെ ജീവിതം തുടരുകയാണ്, എന്നത്തെയും പതിവുപോലെ. നമ്മെ നാശത്തിലേക്ക് നയിച്ച അമേരിക്കക്കാര്‍ക്ക് മുന്നില്‍ അത്രയ്ക്ക് നന്നായി പെരുമാറി അവരില്‍ പലരും കൂടുതല്‍ വിജയിച്ചിട്ടുമുണ്ട്. എന്നിരിക്കിലും, നമ്മളിപ്പോള്‍ വിലപിക്കേണ്ടി വരുന്നത് കെന്‍യിയെ പോലുള്ളവര്‍ക്ക് വേണ്ടിയാണ്. ഇതാണ് എന്നെ കുപിതനാക്കുന്നത്. ധീരരായ ചെറുപ്പക്കാര്‍ അന്തസ്സാര ശൂന്യമായ ലക്ഷ്യങ്ങള്‍ക്കായി മരിക്കേണ്ടി വരുന്നു, എന്നാല്‍ യഥാര്‍ത്ഥ കുറ്റവാളികള്‍ ഇപ്പോഴും നമുക്കിടയില്‍ കഴിയുന്നു. തനിനിറം കാണിക്കാന്‍ ഭയന്ന്, തങ്ങളുടെ പാപം ഏറ്റു പറയാന്‍ ഭയന്ന്.... എന്റെ നോട്ടത്തില്‍ അതാണ്‌ ഏറ്റവും വലിയ ഭീരുത്വം.”
സുയീചിയുടെ നിലപാടിനെ കുറിച്ച് ഓനോ ചിന്തിക്കുന്നുണ്ട്:
എനിക്ക് മുഴുവനും മനസ്സിലാക്കാനാവാത്ത വിധത്തില്‍ പുതിയ തലമുറയുടെ സ്വഭാവം എങ്ങനെയോ മാറിപ്പോയിരിക്കുന്നു.”
സാവധാനം സൂചിതമാവുന്ന പുരാവൃത്തങ്ങളില്‍ നിന്ന് സുയീചിയുടെ നിലപാടുകള്‍ അത്ര അസ്ഥാനത്തായിരുന്നില്ല എന്നും വ്യക്തമാവുന്നുണ്ട്. കുലീന വിഭാഗമായിരുന്ന മിയാക്കി കുടുംബത്തില്‍ നിന്ന് വന്ന നൊറികോയുടെ ആദ്യ വിവാഹാലോചന അവസാന ഘട്ടം മുടങ്ങിപ്പോയതിനു പിന്നില്‍ ഒനോയുടെ പുരാവൃത്തമായിരുന്നുവെന്നു പതിയെ വെളിവാകുന്നു. 'വരന്‍ വേണ്ട വിധത്തില്‍ ഒരിടത്തെത്തിയിട്ടില്ല' എന്ന 'കുറ്റം' വരന്റെ വീട്ടുകാര്‍ തന്നെ പതിനൊന്നാം മണിക്കൂറില്‍ കണ്ടെത്തുന്നത് അസുഖകരമായതെന്തോ ഇടയ്ക്കു കയറി വന്നിട്ടുന്ടെന്നതിന്റെ തെളിവ് തന്നെയാണല്ലോ. ഇരുപത്തിയാറാം വയസ്സിലെത്തിയ നൊറികോയുടെ അടുത്ത ആലോചന ഉറപ്പിക്കുന്നതിന് ഓനോക്ക് ഒരു പാട് മുന്‍ കരുതലുകള്‍ ആവശ്യമായി വരുന്നുണ്ട്. മകളറിയാതെ അത് സാധിച്ചെടുക്കുന്നതില്‍ അയാള്‍ വിജയിക്കുന്നുണ്ടെങ്കിലും അതൊന്നും അവളുടെ കണ്ണില്‍ അയാളെ കുറ്റ വിമുക്തനാക്കുന്നില്ല. പ്രമുഖനായ ഒരു ചിത്രകലാധ്യാപകനായിയിരുന്ന ഓനോ യുദ്ധ കാലഘട്ടത്തില്‍ ശരിയെന്നു താന്‍ വിശ്വസിച്ച ദേശീയ ബോധത്തിന്റെ പ്രചോദനത്തില്‍, 'പുതു ജീവിതം' എന്നര്‍ത്ഥമുള്ള 'ഒകാദ ഷിന്‍ഗന്‍' സൊസൈറ്റിയുടെ ഭാഗമായി തീവ്ര വലതു പക്ഷ രാഷ്ട്രീയത്തിന്റെയും ഭരണ കൂടവിധേയ സാംസ്ക്കാരിക വകുപ്പിന് വേണ്ടി ഒറ്റുകാരനും പ്രചാരകനും ആയതിന്റെയും ചരിത്രമുള്ളയാളാണ്. ശിഷ്യതുല്യനായിരുന്ന കുറോദയെ കുറിച്ച് പോലീസിന്റെ ഭീകര പീഡനത്തിനു ഇരയായിപ്പോകാന്‍ കാരണമാവുമെന്നറിയാതെയെങ്കിലും വിവരങ്ങള്‍ നല്‍കിയത് ഓനോ ആയിരുന്നു. ശാരീരിക പീഡനത്തിനു ഇരയാക്കപ്പെടും എന്ന് അയാള്‍ അപ്പോള്‍ അറിഞ്ഞിരുന്നില്ല എന്നത് ഫലത്തില്‍ ഒരു വ്യത്യാസവും ഉണ്ടാക്കുന്നില്ലല്ലോ. അറുപതുകളുടെ തുടക്കത്തില്‍ ആത്മഹത്യ ചെയ്ത തന്റെ ബോസിനെ കുറിച്ച് മിയാക്കി പറഞ്ഞ വാക്കുകളില്‍ സുയീച്ചിയുടെ ശബ്ദം ഓനോ പിന്നീട് തിരിച്ചറിയുന്നുണ്ട്. തന്റെ പാപം ഏറ്റു പറഞ്ഞു ആത്മഹത്യ ചെയ്ത അദ്ദേഹത്തെ കുറിച്ച് അഭിമാനം കൊള്ളുകയും അതിനും കഴിയാത്തവരെ 'ഏറ്റവും വലിയ ഭീരുത്വം' എന്ന പ്രയോഗത്തിലൂടെ അയാള്‍ പുച്ചിക്കുകയും ചെയ്യുന്നു. മകളുടെ വിവാഹം നടക്കാതെ പോകുന്നതിനു തന്റെ ഭൂതകാലം തന്നെയാണ് കാരണമെന്ന് ഓനോ തിരിച്ചറിയുന്നതും അപ്പോഴാണ്‌. തന്റെ തലമുറയിലെ തന്നെ മറ്റൊരു പ്രമുഖനായിരുന്ന മത് സൂദോയോടു ഓനോ പറയുന്നുണ്ട്: “താങ്കളെയും എന്നെയും പോലുള്ളവരെ നമ്മള്‍ എതൊന്നിന്റെയൊക്കെ പേരില്‍ അഭിമാനിച്ചിരുന്നുവോ അതിന്റെ പേരില്‍ തന്നെ ശപിക്കുന്നവരാണിന്നുള്ളവര്‍ എന്നെനിക്കറിയാം.”
രണ്ടു കാലങ്ങള്‍ക്കിടയില്‍ പെട്ട് പോകുന്നതിന്റെ സംഘര്‍ഷത്തെ നോവലിലെ ഹൃദ്യമായ ഒരു ഭാഗത്ത് ഓനോ സമരസപ്പെടുത്തന്‍ ശ്രമിക്കുന്നുണ്ട്. മി. നഗൂചിയുടെ ആത്മഹത്യയെ കുറിച്ച് ഇച്ചിറോയുടെ ചോദ്യത്തിനു അയാള്‍ മറുപടി പറയുന്നതാണ് അത്:
അല്ല. അയാള്‍ ഒരു ചീത്ത മനുഷ്യനായിരുന്നില്ല. ഏറ്റവും നല്ലതെന്നു തനിക്ക് തോന്നിയ കാര്യത്തിനായി കഠിനമായി പ്രയത്നിച്ച ഒരാള്‍ മാത്രമായിരുന്നു അയാള്‍. പക്ഷെ ഇച്ചിറോ, യുദ്ധം അവസാനിച്ചപ്പോള്‍, കാര്യങ്ങളെല്ലാം വ്യത്യസ്തമായി. നഗൂചി രചിച്ച പാട്ടുകള്‍ നഗരത്തില്‍ മാത്രമല്ല, ജപ്പാനിലെങ്ങും പ്രസിദ്ധമായിരുന്നു. റേഡിയോയിലും ബാറുകളിലും അത് പാടിക്കൊണ്ടിരുന്നു. നിന്റെ അമ്മാവന്‍ കെന്‍യിയെ പോലുള്ളവര്‍ മാര്‍ച്ച് ചെയ്യുമ്പോഴും യുദ്ധ രംഗത്തും എല്ലാം അവ പാടുമായിരുന്നു. യുദ്ധം കഴിഞ്ഞപ്പോള്‍ ഈ പാട്ടുകളൊക്കെയും ഒരര്‍ഥത്തില്‍ തെറ്റായിരുന്നു എന്ന് മി. നഗൂചിക്ക് തോന്നി. കൊല്ലപ്പെട്ട ആ ആളുകളെ കുറിച്ചൊക്കെ അയാള്‍ ഓര്‍ത്തു. ഇചിറോ, മതാപിതാക്കളില്ലാതായിപ്പോയ നിന്നെ പോലുള്ള കുട്ടികളെ കുറിച്ച്.. . ഒരു പക്ഷെ തന്റെ പാട്ടുകള്‍ എല്ലാം തെറ്റായിരുന്നു എന്ന് അയാള്‍ക്ക്‌ തോന്നി. അതിനു മാപ്പ് പറയണം എന്ന് അയാള്‍ക്ക്‌ തോന്നി; ബാക്കിയായവരോടെല്ലാം. രക്ഷിതാക്കളില്ലാതായിപ്പോയ കുട്ടികളോടൊക്കെ. നിന്നെ പോലുള്ള ആണ്‍ കുട്ടികളെ നഷ്ടമായ മാതാപിതാക്കളോടൊക്കെ. ഈ ആളുകളോടൊക്കെ ഖേദം പ്രകടിപ്പിക്കാന്‍ അയാള്‍ ആഗ്രഹിച്ചു. അത് കൊണ്ടാണ് അയാള്‍ സ്വയം കൊന്നതെന്ന് ഞാന്‍ കരുതുന്നു. മി. നഗൂചി ഒരു ചീത്ത ആളേ ആയിരുന്നില്ല. താന്‍ ചെയ്ത തെറ്റുകള്‍ ഏറ്റുപറഞ്ഞതില്‍ അയാള്‍ ഒരു ധീരനായിരുന്നു. അയാള്‍ വളരെ ധീരനും ബഹുമാന്യനും ആയിരുന്നു"
വ്യക്തികളുടെ ഉദ്ദേശ ശുദ്ധിയോ അതിന്റെ അഭാവമോ ചരിത്ര ഘട്ടങ്ങളുടെ തിരിച്ചു കുത്തലില്‍ നിഷ് പ്രഭമായിപ്പോവുന്ന വിപര്യയത്തിന്റെ ഏറ്റവും അസംബന്ധ പൂര്‍ണ്ണമായ മാതൃകയായി നോവലില്‍ വരുന്നത് ഹിരയാമ പയ്യന്‍ എന്ന കഥാപാത്രമാണ്. അമ്പത് വയസ്സെങ്കിലുമുള്ള ഈ മന്ദ ബുദ്ധി യുദ്ധ പൂര്‍വ്വ കാലഘട്ടത്തില്‍ ആരോ പഠിപ്പിച്ചു കൊടുത്ത ദേശ ഭക്തി ഗാനങ്ങള്‍ തന്റെ തുരുപ്പിടിച്ച ശബ്ദത്തില്‍ പാടിനടക്കുകയും പുതിയ കാലത്തിന്റെ വേട്ട മൃഗം ആയിത്തീരുകയും ചെയ്യുന്നു. ഒരു കാലത്ത് അയാളെ കയ്യടിച്ചും സല്‍ക്കരിച്ചും പ്രോത്സാഹിപ്പിച്ചിരുന്നവരില്‍ നിന്ന് തന്നെ പൊരുളേതുമറിയാതെ അയാള്‍ ഏറ്റുവാങ്ങുന്ന പീഡനം ബുദ്ധിമാന്മാര്‍ കൌശല പൂര്‍വ്വം ഒഴിഞ്ഞു മാറിയ പ്രായശ്ചിത്തമാണ്.

കലാകാരന്മാര്‍ എന്ന നിലയില്‍ തങ്ങള്‍ കരുതിയിരുന്നത്ര പ്രാധാന്യം തങ്ങള്‍ക്കുണ്ടായിരുന്നുവോ എന്ന ചോദ്യത്തെ നേരിടേണ്ടി വരുന്നത് ഒരേ സമയം ഒരു തിരിച്ചടിയും ഒരു പുതിയ ജീവിതാവധിയും (lease of life) ആകുന്നുണ്ട് ഓനോയ്ക്ക് . ഇതര വിഷയങ്ങളെ കുറിച്ചും, ലോക രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചും അയാള്‍ക്കുള്ള ബാലിശമാം വിധം ശുഷ്ക്കമായ ധാരണകള്‍ മത് സൂദോയുമായുള്ള സംഭാഷണത്തില്‍ വെളിവാകുന്നുമുണ്ട്. മത് സുദോ പറയും പോലെ:
ലോകത്തിനു നമ്മുടെ സംഭാവന ഏറെ ശുഷ്ക്കമായിരുന്നു. താങ്കളെയും എന്നെയും പോലുള്ളവര്‍ ഒരു കാലത്ത് എന്ത് ചെയ്തു എന്ന് ആരും ശ്രദ്ധിക്കുന്നതേയില്ല. അവരിപ്പോള്‍ നമ്മുടെ നേരെ നോക്കുമ്പോള്‍ നമ്മള്‍ വടി കുത്തിപ്പിടിച്ച രണ്ടു വയസ്സന്മാര്‍ മാത്രമാണ്.... നമ്മുടെ കഴിഞ്ഞ കാല ജീവിതത്തെ നിരീക്ഷിക്കുമ്പോള്‍ നമുക്ക് കാണാം നമുക്ക് തെറ്റ് പറ്റിയിരുന്നു എന്ന്. എന്നാല്‍, നമ്മള്‍ മാത്രമാണ് അത് ശ്രദ്ധിക്കുന്നത്.”

അഭിജാതന്റെ സമര്‍പ്പണം- ആത്മ നിരാസം



എ പെയ്ല്‍ വ്യൂ ഓഫ് ദി ഹില്‍സ്‌, ആന്‍ ആര്‍ട്ടിസ്റ്റ്‌ ഓഫ് ദി ഫ്ലോട്ടിംഗ് വേള്‍ഡ് എന്നിവ രണ്ടും ജാപ്പനീസ് പശ്ചാത്തലത്തിലാണെങ്കില്‍ ഇഷിഗുരോയുടെ മൂന്നാമത് നോവല്‍ ആയ 'ദി റിമെയ്ന്‍സ്‌ ഓഫ് ദി ഡേ' തികച്ചും ഇംഗ്ലീഷ് പശ്ചാത്തലത്തിലുള്ളതാണ്. മുന്‍ കൃതികളെ പോലെത്തന്നെ മറച്ചു പിടിക്കേണ്ടതും പശ്ചാത്തപിക്കേണ്ടതുമായ ഒരു ഭൂതകാലവും പിന്തിരിഞ്ഞു നോക്കുമ്പോള്‍ അതിനെ വിമര്‍ശനാത്മകമായി കാണാനാവുന്ന ഒരു വര്‍ത്തമാന കാലവും തമ്മിലുള്ള സംഘര്‍ഷം ഇവിടെയും പ്രസക്തമാണ്. അതെ പോലെ, 'പെയ്ല്‍ വ്യൂ'വിലും 'ആര്‍ട്ടിസ്റ്റി'ലുമെന്ന പോലെത്തന്നെ ഇതിവൃത്ത ഘടനയിലെ മനുഷ്യ കഥാ നാടകം അരങ്ങേറുന്ന ഇടത്തിന്റെ കേന്ദ്ര സ്ഥാനീയതയും പ്രമേയ ധാരയില്‍ അതിനുള്ള പ്രാധാന്യവും ഏറെ ശക്തവുമാണ്. യുദ്ധത്തിനു തൊട്ടു ശേഷമുള്ള നാഗസാക്കിയുടെ ദുരന്താത്മകത മുഴുവന്‍ പ്രതിബിംബിക്കുന്ന ചതുപ്പും തകര്‍ന്ന വീടും പുഴയോരവുമാണ് മരികോ- സച്ചിക്കോ ദുരന്തത്തിന് വേദിയായി 'പെയ്ല്‍ വ്യൂ'വില്‍ നിറഞ്ഞു നില്‍ക്കുന്നത്. 'ആര്‍ട്ടിസ്റ്റി'ല്‍ സുഗിമുറാ കുടുംബത്തോട് മസൂജി വിലക്ക് വാങ്ങുന്ന ഗംഭീര ഭവനം യുദ്ധത്തിന്റെ കെടുതികള്‍ അങ്ങിങ്ങ് ഏറ്റു വാങ്ങിയിട്ടുണ്ടെങ്കിലും ഉടമയുടെ ജീവിതം പോലെ തകരാതെ നില്‍ക്കുന്നു. 'റിമെയ്ന്‍സ്‌ ഓഫ് ദി ഡേ'യിലെത്തുമ്പോള്‍ ഡാര്‍ലിംഗ്ടന്‍ ഹാള്‍ മുഖ്യ കഥാപാത്രം തന്നെയാണെന്ന് പറയാം. ജെയിംസ്‌ ഐവറി നോവലിനെ മികച്ചൊരു ചലച്ചിത്രാനുഭവമാക്കിയപ്പോള്‍ ആദ്യ ദൃശ്യം തന്നെയും ഈ പടുകൂറ്റന്‍ മന്ദിരമായത് തികച്ചും സ്വാഭാവികം. ഇവിടെയാണ്‌ ചരിത്രം കുറിച്ച ഒത്തുചേരലുകള്‍ക്ക് വേദിയായത്. ഒരു കാലത്ത് അസൂയാര്‍ഹമായ തലയെടുപ്പോടെ നില നില്‍ക്കുകയും പിന്നീട് 'ഒറ്റുകാരുടെ കൂട്' എന്ന് ഇകഴ്ത്തപ്പെടുകയും ഒടുവില്‍ അത്തരം 'ദേശസ്നേഹ' കാഴ്ച്ചപ്പാടുകളോട് നിരുന്മേഷവാനായ അമേരിക്കന്‍ കോടീശ്വരന്റെ ഉടമസ്ഥ വസ്തു ആയി മാറുകയും ചെയ്യുന്നു ഈ ഭവനം. ഈ ഗതിമാറ്റങ്ങള്‍ തന്നെയാണ് നോവലിന്റെ പ്രമേയത്തെയും നിര്‍ണ്ണയിക്കുന്നത്. മുന്‍ കൃതികളിലെ രീതി പിന്തുടര്‍ന്ന് ഉത്തമ പുരുഷ ആഖ്യാനം ഏറ്റവും പൂര്‍ണ്ണമാവുകയാണ് സന്ദേശാഖ്യാന (epistolary) രൂപത്തിന്റെ കൂടി സ്വഭാവമുള്ള നോവലില്‍. രണ്ടാം ലോക യുദ്ധത്തിന്റെ ചരിത്ര പശ്ചാത്തലം ഏറെ പ്രധാനമാണ് ഇവിടെയും. മുന്‍ കൃതികളിലെന്ന പോലെ ബോധ ധാര സമ്പ്രദായം പഴയ കാലത്തെയും പുതിയ കാലത്തെയും കൂട്ടിയിണക്കുന്നതോടൊപ്പം ഒന്നിനെ മറ്റൊന്നിന്റെ വെളിച്ചത്തില്‍ വിമര്‍ശനവിധേയമാക്കുകയും ചെയ്യുന്നു.
മൂന്നരപ്പതിറ്റാണ്ട് കാലം ഡാര്‍ലിംഗ്ടന്‍ ഹാളിലെ ഹെഡ്‌ ബട്ട് ലര്‍ ആയി മുഴുസമയം സേവനമനുഷ്ടിച്ച സ്റ്റീവന്‍സ്, ഇരുപതു വര്‍ഷം മുന്‍പ് വിവാഹ ജീവിതത്തില്‍ പ്രവേശിക്കുന്നതിനായി ജോലി രാജിവെച്ചു പോയ പഴയ സഹപ്രവര്‍ത്തക മിസ്സ്‌ കെന്‍റന്‍ (ഇപ്പോള്‍ മിസ്സിസ്. ബെന്‍) അയച്ച കത്ത് കൈപ്പറ്റുകയും അതെ സമയം തന്റെ യജമാനന്‍ മിസ്റ്റര്‍ ഫാരഡേയ് നാടൊക്കെ ഒന്ന് ചുറ്റിക്കണ്ട് ഒരൊഴിവ് കാലം ആസ്വദിക്കാന്‍ സ്നേഹപൂര്‍വ്വം നിര്‍ബന്ധിക്കുകയും ചെയ്യുന്നതോടെ ഒരു യാത്ര പോകുന്നതോടെയാണ് നോവല്‍ ആരംഭിക്കുന്നത്. യാത്രക്കിടയില്‍ തന്റെ ജീവിതത്തെയും ഡാര്‍ലിംഗ്ടന്‍ ഹാളിലെ വിനിമയങ്ങളെയും എല്ലാം വിശദമായി ചിന്തകളില്‍ ഉരുക്കഴിക്കാന്‍ അയാള്‍ക്ക് അവസരമുണ്ടാവുന്നു. മിസ്സ്‌ കെന്‍റനോട് ഒരിക്കലും പറയപ്പെടാതെ പോയ സ്നേഹം സ്റ്റീവന്‍സിന്റെ പ്രകൃതത്തിന്റെ തന്നെ ഭാഗമാണ്. അയാളെപ്പോഴും ജോലി, ഉത്തരവാദിത്തം, താന്‍ സേവിക്കുന്നവരുടെ അന്തസ്സ് തുടങ്ങിയ പോയ കാല മൂല്യങ്ങളുടെ മാത്രം ഉപാസകനാണ്. ഗൗരവപ്രകൃതിയായ അയാള്‍ക്ക്‌ ഒരിക്കലും സ്വന്തം വികാരങ്ങള്‍ പ്രകടിപ്പിക്കുന്ന നിലയിലേക്ക് താഴാനോ മന്ദിരത്തിന്‍റെ അന്തസ്സിനു ചേരാത്ത കനം കുറഞ്ഞ സംസാരങ്ങളില്‍ ഏര്‍പ്പെടാനോ കഴിയില്ല. ഫലിതമെന്നു കരുതി അയാള്‍ പറയുന്ന സങ്കീര്‍ണ്ണ പ്രയോഗങ്ങള്‍ സംവദിക്കുന്നുമില്ല. നോവലിന്റെ ഒടുവില്‍ തന്റെ പ്രണയ നഷ്ടം ഒരിക്കല്‍ കൂടി മൗനവേദനയായി അനുഭവിച്ചു കഴിയുമ്പോള്‍ അയാള്‍ക്കുള്ള ഒരു മോഹവും അതാണ്‌: വെറുതെ കനം കുറഞ്ഞ സംസാര രീതി(bantering) ഒന്ന് പഠിച്ചെടുക്കണം. ഇഷിഗുരോയുടെ സ്ഥിരം പ്രമേയമായ 'ഒഴിഞ്ഞുമാറല്‍' സ്റ്റീവന്‍സിന്റെ തന്നില്‍ നിന്ന് തന്നെയുള്ള ഒളിച്ചോട്ടത്തിന്റെ ഈ രീതിയിലും കൂടിയാണ് നോവലില്‍ കടന്നു വരുന്നത്. മുകളിലത്തെ മുറിയില്‍ സ്വന്തം പിതാവ് മരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഡ്യൂട്ടിക്ക്‌ മുന്‍ ഗണന കൊടുത്ത് ഡാര്‍ലിംഗ്ടന്‍ പ്രഭുവിന്റെ സുപ്രധാന അതിഥികളുടെ സല്‍ക്കാര മേശയിലേക്ക് സ്തോഭമേതുമില്ലാതെ കര്‍മ്മനിരതനാവാന്‍ അയാള്‍ക്ക്‌ കഴിയും.

ബ്രിട്ടീഷ്‌ നാടുവാഴിത്ത-ജന്മിത്ത സമ്പ്രദായത്തിന്റെ (manorial system) നാശോന്മുഖ ഘട്ടമാണ് തലക്കെട്ടിന്റെ ഉറവിടങ്ങളില്‍ പ്രധാനം. മാടമ്പിത്തറവാടുകള്‍ കയ്യടക്കി വെച്ച ഭൂമിക്ക് മേല്‍ വലിയ നികുതികള്‍ ഏര്‍പ്പെടുത്താനുള്ള ബ്രിട്ടീഷ്‌ പാര്‍ലമെന്റിന്റെ 1911 -ലെ അനന്തരാവകാശ നിയമം അതിനു തുടക്കം കുറിച്ചു. ജര്‍മ്മനിയെ ഹിറ്റ് ലര്‍ യുഗത്തിലേക്ക് വലിച്ചിഴച്ചതില്‍ ഏക പക്ഷീയ സന്ധികള്‍ വഹിച്ച പങ്ക് , വിശേഷിച്ചും വെഴ് സെയ് ല്‍ സ് സന്ധി , നോവലിന്റെ പ്രമേയത്തില്‍ ഏറെ പ്രസക്തമാണ്. സൈനിക സേവന കാലത്ത് ശത്രു പക്ഷത്തു താന്‍ നേരിട്ട കാള്‍ ഹെയ്ന്‍സ് ബ്രെമന്‍ എന്ന മാന്യനായ ജര്‍മ്മന്‍ സുഹൃത്തിന്റെ അനുഭവം തീക്ഷ്ണമായ ഒരു വേദനയായി ഡാര്‍ലിംഗ്ടന്‍ പ്രഭു ഇപ്പോഴും ഓര്‍ക്കുന്നുണ്ട്:
അയാളെന്റെ ശത്രുവായിരുന്നു. എന്നാല്‍ എപ്പോഴും ഒരു മാന്യന്‍. പരസ്പരം പോരാടുന്ന ആറുമാസത്തോളം ഞങ്ങള്‍ ഇരുവരും അന്തസ്സോടെ പെരുമാറി. തന്റെ ജോലി ചെയ്യുന്ന ഒരു മാന്യനായിരുന്നു അയാള്‍. എനിക്കയാളോട് ഒരു പകയും തോന്നിയില്ല. ഞാന്‍ അയാളോട് പറഞ്ഞു: 'നോക്കൂ, നമ്മളിപ്പോള്‍ ശത്രുക്കളാണ്, എന്റെ കഴിവെല്ലാം ഉപയോഗിച്ച് ഞാന്‍ താങ്കളോട് പൊരുതുകയും ചെയ്യും. എന്നാല്‍ ഈ നശിച്ച ഏര്‍പ്പാട് തീര്‍ന്നു കഴിഞ്ഞാല്‍ പിന്നെ നമുക്ക് ശത്രുക്കളായി തുടരേണ്ടി വരില്ല, നമ്മളൊരുമിച്ചു ഒരു ഡ്രിങ്ക് ആസ്വദിക്കും'. നശിച്ച കാര്യമെന്തെന്നാല്‍ , ഈ സന്ധി എന്നെ ഒരു നുണയന്‍ ആക്കുകയായിരുന്നു"
വെഴ് സെയ് ല്‍ സ് സന്ധിയെ തുടര്‍ന്ന് ജര്‍മ്മനിയിലുണ്ടായ പണപ്പെരുപ്പവും ബിസിനസ് തകര്‍ച്ചയും ആ നല്ല സുഹൃത്തിനെ ആത്മഹത്യയിലേക്ക് നയിക്കുകയായിരുന്നു.

ജര്‍മ്മനിയോട് ക്രൂരമായാണ് സഖ്യ കക്ഷികള്‍ പെരുമാറിയത് എന്ന ഈ വിശ്വാസം കാരണം ഡാര്‍ലിംഗ്ടന്‍ പ്രഭു ഇരു വിഭാഗങ്ങളെയും അടുപ്പിക്കുക എന്ന ഉദ്ദേശത്തോടു കൂടി സംഘടിപ്പിക്കുന്ന സല്‍ക്കാരം നോവലിന്റെ ഹൃദയ ഭാഗമാണ്. അദ്ദേഹം അറിഞ്ഞോ അറിയാതെയോ ഒരു ഹിറ്റ് ലര്‍ അനുകൂലിയാവുകയായിരുന്നു എന്നതാണ് പില്‍ക്കാല വിശകലനത്തില്‍ ഡാര്‍ലിംഗ്ടന്‍ ഹാളിന് ഒറ്റുകാരുടെ കൂട് എന്ന ചീത്തപ്പേര് നേടിക്കൊടുക്കുന്നത്. ഡാര്‍ലിംഗ്ടന്‍ പ്രഭു മുന്നോട്ടു വെക്കുന്ന പോലുള്ള സന്മനോഭാവങ്ങളല്ല അന്താരാഷ്‌ട്ര രാഷ്ട്രീയ പ്രതിസന്ധികള്‍ക്കുള്ള പരിഹാരമെന്നും അത്തരം നിര്‍ദ്ദേശങ്ങള്‍ വെറും 'ചപല നിഷ്കളങ്കത'യുടെ പ്രതികരണങ്ങളാണെന്നും അമേരിക്കന്‍ സെനറ്റര്‍ ലൂയിസ്‌ തുറന്നടിക്കുന്നത് എല്ലാവരുടെയും വായടപ്പിക്കുന്നുണ്ട്.:
"നമ്മുടെ ആതിഥേയന്‍ തികഞ്ഞ ഒരു മാന്യനാണ്. അതാരും നിഷേധിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ഒരു ക്ലാസ്സിക്‌ ഇംഗ്ലീഷ് മാന്യന്‍. അഭിജാതന്‍, സത്യസന്ധന്‍, സദുദ്ദേശം മാത്രമുള്ളവന്‍. എന്നാല്‍ അദ്ദേഹം ഒരു അശിക്ഷിതന്‍ ആണ്. …......... അന്താരാഷ്‌ട്ര കാര്യങ്ങളാവട്ടെ ഇന്ന് ഒരിക്കലും അശിക്ഷിതര്‍ക്കുള്ളതുമല്ല. നിങ്ങള്‍ യൂറോപ്പുകാര്‍ അതെത്ര വേഗം തിരിച്ചറിയുന്നുവോ അത്രയും നല്ലത്"

ഈ വെല്ലുവിളിയോടു തികച്ചും മാന്യമായ മറുപടിയിലൂടെ ഡാര്‍ലിംഗ്ടന്‍ പ്രഭു പ്രതികരിക്കുന്നു:
താങ്കള്‍ പ്രൊഫഷണലിസം എന്ന് പറയുന്നത് എന്താണ് എന്നെനിക്കറിയാം. ചതിച്ചും ആളുകളെ പറ്റിച്ചും അവനവന്റെ ലക്‌ഷ്യം നേടുന്ന രീതിയാണത്. ലോകനന്മയും നീതിയും പുലര്‍ന്നു കാണാനുള്ള താല്പര്യമല്ല , ആത്യാര്‍ത്തിയുടെ പൂര്‍ത്തീകരണത്തിനായി തങ്ങളുടെ മുന്‍ ഗണനകളെ രൂപപ്പെടുത്തുക. അതാണ്‌ താങ്കള്‍ ഉദ്ദേശിക്കുന്ന പ്രൊഫഷനലിസമെങ്കില്‍, സര്‍, എനിക്കതില്‍ അത്ര താല്പര്യമില്ല, അത് നേടിയെടുക്കാന്‍ ആഗ്രഹവുമില്ല"
എന്നാല്‍ ഇതൊക്കെ പറയുമ്പോഴും താന്‍ ഹിറ്റ് ലരുടെയും നാത്സി- ഫാസിസ്റ്റ്‌ കൂട്ടുകെട്ടിന്റെയും തനിനിറം തിരിച്ചറിയാതെ ഫലത്തില്‍ പറ്റിക്കപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു എന്ന് ഡാര്‍ലിംഗ്ടന്‍ പ്രഭു മനസ്സിലാക്കുന്നില്ല എന്നിടത്താണ്, ലോക കാര്യങ്ങളില്‍ വ്യക്തിശുദ്ധിയുടെ പങ്ക് എത്രമാത്രം നിര്‍ണ്ണായകമാണ് എന്ന ഇഷിഗുരോയുടെ പതിവ് ചോദ്യം വീണ്ടും പ്രസക്തമാകുന്നത്. ഡാര്‍ലിംഗ്ടന്‍ ഹാളില്‍ പരിചാരികമാരായി നിയമിച്ചു മിസ്സ്‌. കെന്‍റന്‍ അഭയം നല്‍കുന്ന രണ്ടു ജൂത യുവതികളെ, തന്റെ പ്രമുഖരായ അതിഥികളുടെ സുരക്ഷിതത്വം പോലുള്ള 'വലിയ' പ്രശ്നങ്ങളുടെ പേരില്‍ പ്രഭു പുറത്താക്കുന്നുണ്ട്. പിന്നീട് അദ്ദേഹം അക്കാര്യത്തില്‍ പശ്ചാത്തപിക്കുന്നുമുണ്ട്. ജീവിതാന്ത്യത്തില്‍ തനിക്ക് പറ്റിയ അമളികളില്‍ അദ്ദേഹം ദുഃഖിതനായിരുന്നുവെന്നു സ്റ്റീവന്‍സിന്റെ സാക്ഷ്യവുമുണ്ട്. പ്രഭുവിന്‍റെ പുത്ര തുല്യനായ (godson) കാര്‍ഡിനല്‍ പറയുന്നത് പോലെ ഏറ്റവും ബഹുമാന്യനാണ് എന്നത്കൊണ്ട് തന്നെയാണ് അദ്ദേഹം നാസികള്‍ക്ക് നാട്ടില്‍ കിട്ടാവുന്ന ഏറ്റവും വിലയേറിയ കരുവായി മാറുന്നതും. സ്റ്റീവന്‍സ് ആവട്ടെ, മിസ്സ്‌. കെന്‍റന്‍ ശരിയായി നിരീക്ഷിക്കുന്ന പോലെ , പ്രണയത്തിലെന്നല്ല സാമൂഹിക വിഷയങ്ങളിലും ഒരിക്കലും തന്റെ സ്വന്തം അഭിപ്രായം തുറന്നു പറയുകയുമില്ല.

പരാജയപ്പെട്ട വിവാഹബന്ധത്തിന്റെ പശ്ചാത്തലത്തിലാണ് മിസ്സിസ്. ബെന്‍ വീണ്ടും ഡാര്‍ലിംഗ്ടന്‍ ഹാളില്‍ പരിചാരികയുടെ ജോലിയില്‍ തിരിച്ചു വരാന്‍ ആഗ്രഹിക്കുന്നത്. കരിമ്പാറ പൊട്ടിച്ചു നീരുറവ തേടും പോലെ മുമ്പൊരിക്കല്‍ സ്റ്റീവന്‍സില്‍ നിന്ന് സ്നേഹം പുറത്തെടുക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടത് അവള്‍ ഓര്‍ക്കുന്നുണ്ടാവും. യാത്രക്കൊടുവില്‍ സ്റ്റീവന്‍സ് അവളെ കണ്ടെത്തുന്നുമുണ്ട്. അയാളെ വിവാഹം കഴിച്ചിരുന്നെങ്കില്‍ തന്റെ ജീവിതം മറ്റൊന്നായേനെ എന്ന് അവള്‍ അയാളോട് തുറന്നു പറയുന്നുമുണ്ട്. അത് കേട്ട് അങ്കലാപ്പിലാകുന്ന സ്റ്റീവന്‍സ്‌ പക്ഷെ തന്റെ മനസ്സ് തുറക്കാന്‍ വേണ്ട വാക്കുകള്‍ കണ്ടെത്തുന്നതില്‍ അപ്പോഴും പരാജയപ്പെടുക തന്നെയാണ്. താനിപ്പോള്‍ തന്റെ ഭര്‍ത്താവിനെ സ്നേഹിക്കുന്നില്ലെങ്കിലും ആവശ്യമുള്ളപ്പോഴൊക്കെ അയാള്‍ തന്നോടൊപ്പം ഉണ്ടായിരുന്നുവെന്നും ഇപ്പോള്‍ ഗര്‍ഭിണിയായ മകള്‍ക്കും തന്റെ സാമീപ്യം ആവശ്യമുണ്ടെന്നും താന്‍ അവരുടെ അടുത്തേക്ക്‌ തിരിച്ചു പോവുകയാണെന്നും അവള്‍ അയാളോട് വിങ്ങലോടെ വിട വാങ്ങുന്നു. തന്റെ പതിവ് രീതിയില്‍ അളന്നു മുറിച്ച നിര്‍വ്വികാര പ്രതികരണത്തോടെ അവളെ യാത്രയാക്കുന്ന സ്റ്റീവന്‍സ് തന്റെ 'ഡ്യൂട്ടി' ജീവിതത്തിലേക്ക് തിരിച്ചു പോവുന്നു. അതയാളുടെ തലവരയുടെ കുഴപ്പം (fatal flaw) തന്നെയാണല്ലോ: സദുദ്ദേശത്തോടെയെങ്കിലും ഭീമാബദ്ധങ്ങള്‍ ചെയ്യുന്ന യജമാനനെ കണ്ണടച്ച് വിശ്വസിക്കുക, ജീവിതത്തിലാകെ മോഹം തോന്നിയ ഏക സ്ത്രീയുടെ മുന്നില്‍ പോലും താന്‍ ശീലിച്ചു പോയ 'പ്രൊഫഷണല്‍' കടും പിടുത്തങ്ങളില്‍പ്പെട്ട് ഒരു നിമിഷത്തേയ്ക്ക് പോലും മാറ്റി വെക്കാനാവാത്ത ഔപചാരികതയുടെ ആമത്തോടിനുള്ളിലേക്ക് വലിഞ്ഞ് തനിക്കേറെ ആവശ്യമുള്ള സൗഹൃദവും കൂട്ടും കൈ വിട്ടു കളയുക.

ആത്മനിഷ്ഠ ഓര്‍മ്മകളുടെ പാളികള്‍ ഒന്നൊന്നായി വിടര്‍ത്തി താന്‍ നിരീക്ഷകനും /നിരീക്ഷകയും അതെ സമയം /അഥവാ ഭാഗഭാക്കുമായ, തന്റെ തന്നെ ബോധത്തില്‍ ആഴത്തില്‍ ഉള്‍ച്ചേര്‍ന്നു പോയ ബാഹ്യാനുഭവങ്ങളെ അനാവരണം ചെയ്യുക; മറക്കാനോ മറയ്ക്കാനോ ശ്രമിക്കുന്ന ഭൂതകാലത്തിന്റെ അഭിമുഖത്തില്‍ വ്യക്തിയെന്ന നിലക്കുള്ള പരിമിതികള്‍ക്കു മുന്നില്‍ ജയ പരാജയങ്ങളുടെ വികാരാവേശങ്ങളില്ലാതെ, ഏറെയൊന്നും ചെയ്യാനില്ലാതെ പതിവു വ്യവഹാരങ്ങളിലേക്ക് ഒതുങ്ങിക്കൂടുക; ഇങ്ങിനി വരാതെ പൊയ്പ്പോയ കാലത്തെ അവയുടെ ഇരുണ്ട വശങ്ങളെ കുറിച്ചുള്ള ബോധ്യങ്ങളില്‍ പ്രണയിക്കാതിരിക്കുമ്പോഴും യൗവന തീക്ഷ്ണമോ, ആദര്‍ശ പ്രചോദിതമോ , പ്രതീക്ഷാ നിര്‍ഭരമോ ഒക്കെയായിരുന്ന ആ കാലത്തോട് സ്വയം അംഗീകരിക്കാന്‍ പോലും കഴിയാത്ത ഒരു ഗൃഹാതുരത സൂക്ഷിക്കുക – എ പെയ്ല്‍ വ്യൂ ഓഫ് ദി ഹില്‍സ്‌, ആന്‍ ആര്‍ട്ടിസ്റ്റ്‌ ഓഫ് ദി ഫ്ലോട്ടിംഗ് വേള്‍ഡ് , ദി റിമെയ്ന്‍സ്‌ ഓഫ് ദി ഡേ എന്നീ നോവലുകളെ അടിസ്ഥാനമാക്കി ഇഷിഗുരോയുടെ രചനളില്‍ ഇങ്ങനെ ചില സാമാന്യ സ്വഭാവങ്ങള്‍ കണ്ടെത്താനായേക്കും. 'നെവര്‍ ലെറ്റ്‌ മി ഗോ' പോലുള്ള ഇരുണ്ട ഡിസ്റ്റോപ്പിയന്‍ ദര്‍ശനങ്ങളിലേക്ക് ഇവിടെ നിന്ന് എത്രമാത്രം അകലമുണ്ടാവും എന്നത് ചിന്താര്‍ഹാമാണ്.

(ചന്ദ്രിക വാരിക സെപ്തമ്പര്‍ 19, 2015)

(കഥകൊണ്ട് നേരിട്ട യുദ്ധങ്ങള്‍, Logos Books, പേജ് 58-70)

To purchase, contact ph.no:  8086126024

More reading:

Burnt Shadows by Kamila Shamsie

https://alittlesomethings.blogspot.com/2015/11/blog-post.html

The Garden of Evening Mists by Tan Twan Eng

https://alittlesomethings.blogspot.com/2015/10/blog-post.html

This Earth of Mankind by Pramoedya Ananta Toer/ Max Lane

https://alittlesomethings.blogspot.com/2024/08/this-earth-of-mankind-by-pramoedya.html


No comments:

Post a Comment