Featured Post

Showing posts with label War Novel. Show all posts
Showing posts with label War Novel. Show all posts

Sunday, May 11, 2025

Murambi, The Book of Bones by Boubacar Boris Diop / Fiona McLaughlin

 

to write poetry after Auschwitz is barbaric - Theodor Adorno (1949)

 

            സര്‍ഗ്ഗവ്യാപാരങ്ങള്‍ തീര്‍ത്തും ദുസ്സാധ്യമാക്കുന്ന ദേശീയ സാഹചര്യങ്ങളില്‍ നിന്ന് പോസ്റ്റ്‌ കൊളോണിയല്‍ ആഫ്രിക്കന്‍ സംഘര്‍ഷങ്ങളുടെ അനുഭവങ്ങള്‍ അത് നേരിട്ടനുഭവിച്ച തലമുറയുടെയൊ പിന്‍ തലമുറയുടെയോ ഏതു കാഴ്ചപ്പാടില്‍ ആയാലും വലിയൊരളവു ആഖ്യാനം ചെയ്യപ്പെട്ടത് പ്രവാസത്തിന്റെ സുരക്ഷിത അകലമുള്ള വഴി തെരഞ്ഞെടുത്ത എഴുത്തുകാരിലൂടെയാണ്. എന്നാല്‍ 1998-ല്‍ 'Project Rwanda, Writing as a duty to remember' എന്ന പദ്ധതിയുടെ ഭാഗമായി റുവാണ്ടന്‍ വംശഹത്യയെ ഓര്‍മ്മിക്കാനും എഴുതാനുമായി പ്രസിദ്ധരായ പത്തു ആഫ്രിക്കന്‍ എഴുത്തുകാരെ ഒരുമിപ്പിക്കുമ്പോള്‍ അതിന്റെ സംഘാടകര്‍ ലക്ഷ്യം വെച്ചത് ഒരു പുതിയ സക്രിയ സാഹിത്യ രൂപം (literature of engagementആയിരുന്നു……….

ഞാന്‍ തിരിച്ചറിഞ്ഞിരുന്നില്ലഇരകള്‍ ഉച്ചത്തില്‍ കരയുമ്പോള്‍ അത് ഞാന്‍ കേള്‍ക്കാന്‍ വേണ്ടിയായിരുന്നുഞാനും ഭൂമിയിലെ ആയിരക്കണക്കായ ആളുകളും അപ്പോള്‍ അവരുടെ വേദന അവസാനിപ്പിക്കാന്‍ ആവുന്നതെല്ലാം ചെയ്യാന്‍ ശ്രമിക്കണമായിരുന്നുഅതൊക്കെ എപ്പോഴും ഏറെ ദൂരെയാണ് സംഭവിച്ചു കൊണ്ടിരുന്നത്ലോകത്തിന്റെ മറുവശത്തുള്ള മറ്റെതോക്കെയോ നാടുകളില്‍ .”

………………………

എനിക്ക് നിങ്ങളോട് പറയാനുണ്ട്നിങ്ങള്‍ പീഡിപ്പിക്കപ്പെട്ടുഎന്നാല്‍ അത് നിങ്ങളെ ദുരിതപ്പെടുത്തിയവരെക്കാള്‍ നിങ്ങളെ ഒട്ടും ഉത്തമരാക്കുന്നില്ലഅവരും നിങ്ങളെയും എന്നെയും പോലുള്ള ആളുകളാണ്തിന്മ നമ്മളില്‍ ഓരോരുത്തരിലും ആണ്ഞാന്‍സെമിയോന്‍ ഹാബിനെസആവര്‍ത്തിക്കുന്നുനിങ്ങള്‍ അവരെക്കാള്‍ ഒട്ടും നല്ലവരല്ലഇനി വീട്ടിലേക്കു തിരികെ പോയി അതൊന്നു ആലോചിക്കൂഒരു ദേശത്തു രക്തചൊരിച്ചില്‍ മതിയാക്കാനുള്ള ഒരു സമയം വരാനുണ്ട്ആ നിമിഷം എത്തിക്കഴിഞ്ഞു എന്ന് ചിന്തിക്കാനുള്ള ശക്തി നിങ്ങളില്‍ ഓരോരുത്തര്‍ക്കും ഉണ്ടായേ പറ്റൂനിങ്ങളില്‍ ആരെങ്കിലും അതിനു വേണ്ടത്ര ശക്തരല്ലെങ്കില്‍ അയാള്‍ ഒരു മൃഗത്തേക്കാള്‍ കൊള്ളാവുന്നവനല്ല.. എന്റെ സഹോദരന്റെ വീട് നശിപ്പിക്കപ്പെടില്ലഅത് മുറംബിയുടെ തെരുവുകളില്‍ അലയുന്ന എല്ലാ അനാഥര്‍ക്കുമുള്ള വീടാവുംഞാന്‍ ഒടുവിലായി ഒരു കാര്യം കൂടി നിങ്ങളോട് പറയുന്നുനിങ്ങളിലാരും തന്നെസന്ദര്‍ഭം വരുമ്പോള്‍ ആ അനാഥര്‍ ഹുടു ആണോ ടുട്സിയൊ ടുവായോ ആണോ എന്ന് കണ്ടെത്താന്‍ ശ്രമിക്കരുത്.”

 ഹോളോകോസ്റ്റ് സാഹിത്യം എന്ന ശാഖ ജൂതാനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് കൃത്യമായും നിര്‍വ്വചിക്കപ്പെട്ടത്. “ആഷ് വിറ്റ്സിന് ശേഷം കവിതയെഴുതാനാവില്ലഎന്ന തിയോഡോര്‍ അഡോര്‍നോയുടെ നിരീക്ഷണം അത്തരം രചനകളില്‍ ഭാവനയുടെ പ്രയോഗത്തെ പരിമിതപ്പെടുത്തുകയും സാക്ഷ്യമൊഴികളെയും ആര്‍ക്കൈവല്‍ വസ്തുതകളെയും ആശ്രയിച്ചു 'സത്യംപറയുകയെന്ന "ഡോക്കു - നോവല്‍ " ആഖ്യാന രീതിയിലേക്ക് ഹോളോകോസ്റ്റ് സാഹിത്യത്തെ അടുപ്പിക്കുകയും ചെയ്തു. സര്‍ഗ്ഗാത്മക സ്വാതന്ത്ര്യമെന്ന നിലയില്‍ നടത്തപ്പെടുന്ന ഫിക് ഷനല്‍ സാധ്യതകള്‍ ഏറെ പരിമിതമാണ് ഇത്തരം രചനകളില്‍ഈ നിരീക്ഷണങ്ങളെല്ലാം 'മുറംബി'യുടെ കാര്യത്തിലും സംഗതമാണ്എന്നാല്‍ രൂപപരമായി ഹോളോകോസ്റ്റ് സാഹിത്യത്തിന്റെ ഈ പതിവ് രീതികള്‍ അവലംബിക്കുമ്പോഴും രാഷ്ട്രീയ ബോധ്യമുള്ള സാഹിത്യത്തിന്റെ ഒരു പുതുവഴിയാണ് മുറംബി തുറന്നിടുന്നത്.

മുഴുവന്‍ വായിക്കാന്‍ സന്ദര്‍ശിക്കുക:

https://alittlesomethings.blogspot.com/2017/05/blog-post_62.html

 (ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 55-63)

Please consider purchasing the book at:

To purchase, contact ph.no:  8086126024

Thursday, May 1, 2025

The Dictator's Last Night by Yasmina Khadra / Julian Evans

ഗദ്ദാഫിയാവുന്നതിന്റെ ഏകാന്തത





    ഒരു പട്ടാള ഉദ്യോഗസ്ഥനായിരുന്ന അല്‍ജീരിയന്‍-ഫ്രഞ്ച് നോവലിസ്റ്റ് യാസ്മിന ഖദ്ര (മുഹമ്മദ്‌ മൌലേ സഹൂല്‍) (ദി സ്വാലോസ് ഓഫ് കാബൂള്‍ദി അറ്റാക്ക്‌ദി സൈറന്‍സ് ഓഫ് ബാഗ്ദാദ്)  താന്‍ വിട്ടേച്ചു പോന്ന യുദ്ധകാലാനുഭവങ്ങളുടെയും ശിഥിലമായ ദേശങ്ങളുടെയും നേര്‍ക്കാഴ്ചകളുടെ പിന്‍ബലത്തിലാണ് തന്റെ നോവലുകള്‍ രചിക്കുന്നത്. സൈന്യത്തിലെ സെന്‍സര്‍ഷിപ്‌ ഒഴിവാക്കാനുള്ള തന്ത്രമായാണ് അദ്ദേഹം സ്ത്രൈണമായ പേര് തൂലികാ നാമമായി സ്വീകരിച്ചത്. അള്‍ജീരിയന്‍ ആഭ്യന്തര യുദ്ധകാലത്ത് അജ്ഞാതനായിരിക്കുക എന്നത് മാത്രമായിരുന്നു എഴുത്ത് തുടരാനുള്ള അദ്ദേഹത്തിന്റെ മാര്‍ഗ്ഗം. പാശ്ചാത്യ ലോകം ഇതരലോകത്തെ നോക്കിക്കാണുന്ന രീതിക്ക് യാഥാര്‍ത്ഥ്യവുമായി പലപ്പോഴും ബന്ധമില്ലെന്നും ഒരു മുസ്ലിം എന്ന നിലയില്‍ മത തീവ്രവാദം പോലുള്ള വിഷയങ്ങളെ സമീപിക്കുന്ന രീതിയില്‍ വാര്‍പ്പു മാതൃകകള്‍ മാറ്റി വെക്കേണ്ടതുണ്ടെന്നും താന്‍ കരുതുന്നതായി ആദ്ദേഹം നിരീക്ഷിക്കുന്നു. താലിബാന് കീഴിലെ പെണ്‍ജീവിതത്തെ അടയാളപ്പെടുത്തുന്ന ദി സ്വാലോസ് ഓഫ് കാബൂള്‍ (2006) മുതല്‍ യാസ്മിന ഖദ്രയുടെ നോവലുകള്‍ ഏറെ പ്രശസ്തവും പുരസ്കാരങ്ങള്‍ നേടിയവയും ആണ്.

     പേര് പറയുന്നില്ലാത്ത ഒരു കരീബിയന്‍ ദേശത്തിന്റെ സര്‍വ്വാധിപതിയുടെ പതനം ആവിഷ്കരിക്കുന്ന മാര്‍ക്കേസിന്റെ ‘കുലപതിയുടെ ശിശിരം (The Autumn of the Patriarch)’, ഡൊമിനിക്കന്‍ ഏകാധിപതി റാഫേല്‍ ട്രുഹിയോയുടെ ജീവിതത്തിലെ അവസാന മണിക്കൂറുകള്‍ വിഷയമാക്കുന്ന യോസയുടെ ‘ആടിന്റെ വിരുന്ന് (The Feast of the Goat) തുടങ്ങിയ കൃതികളില്‍ പരിശോധിക്കുന്ന പ്രമേയമാണ് അധികാരത്തിന്റെ ഏകാന്തത. ഈ മാസ്റ്റര്‍പീസുകളുടെ ഇതിഹാസ മാനമോ ആഴമോ അവകാശപ്പെടാനാവില്ലെങ്കിലും ചടുലവും വികാര വിക്ഷുബ്ദവുമായ ഭാഷയില്‍ രചിക്കപ്പെട്ടസമാനമായ മറ്റൊരു ‘ഏകാധിപതിയുടെ പതന’ നോവലാണ്‌ ലിബിയയുടെ മുഅമ്മാര്‍ ഗദ്ദാഫിയുടെ അന്ത്യ രാവ് ചിത്രീകരിക്കുന്ന യാസ്മിന ഖദ്രയുടെ ‘ദി ഡിക്റ്റെറ്റേഴ്സ് ലാസ്റ്റ് നൈറ്റ്.’ ഗദ്ദാഫിയുടെ സ്വന്തം ആഖ്യാനം ആയാണ് നോവല്‍ വികസിക്കുന്നത്. ‘അന്താരാഷ്‌ട്ര വേദികളില്‍ തന്റെ അധികാര സ്ഥലം അടയാളപ്പെടുത്താനായി മൂത്രമൊഴിക്കുമായിരുന്ന അസൂയാലുവായ മെരുങ്ങാക്കടുവ’ ഇപ്പോള്‍ ട്രിപ്പോളിയില്‍ നിന്നുള്ള പാലായനത്തില്‍ സിര്‍ത്തെയിലെ ഉപേക്ഷിക്കപ്പെട്ട ഒരു സ്കൂളില്‍ കുടുങ്ങിക്കിടപ്പാണ്. 2011 ഒക്ടോബര്‍ പത്തൊമ്പതിന്റെ രാത്രി. നാറ്റോ ബോംബിംഗിന്റെയും റിബല്‍ സൈന്യത്തിന്റെ വെടിയുണ്ടകളുടെയും ഫലമായി കത്തിയെരിയുന്ന ആകാശത്തിനു ചുവടെ അയാളുടെ ജനറല്‍മാര്‍ ഒന്നുകില്‍ തളര്‍ന്നു പോയിരിക്കുന്നു, അല്ലെങ്കില്‍ സൈന്യത്തെ ഉപേക്ഷിച്ചു പാലായനത്തിലാണ്. പടിഞ്ഞാറിന്റെ പാവകളായ അറേബ്യന്‍ ഏകാധിപതികളില്‍ നിന്ന് വ്യത്യസ്തനായിപരസ്പരം പോരടിച്ചു ചിതറി നിന്ന ഗോത്രങ്ങള്‍ക്കിടയില്‍ നിന്ന് ലിബിയയെ ശക്തമായ ഒരു രാജ്യമാക്കി മാറ്റിയത് താനാണ്. റിബലുകളുടെ മുന്നേറ്റം തടഞ്ഞു നിര്‍ത്താനാവാത്ത ഘട്ടത്തില്‍ ഒരു കലുങ്കില്‍ അഭയം തേടുന്ന ഗദ്ദാഫി തന്റെ നാടിന്റെ നന്ദികേടില്‍ ക്രൂദ്ധനും നിസ്സഹായനുമാണ്. അവിടെ വെച്ചാണ് അയാള്‍ പിടിക്കപ്പെടുകയും അന്തിമ വിധി ഏറ്റുവാങ്ങുകയും ചെയ്യുക.


    ഒരേ സമയം എല്ലാവരെയും ചകിതരാക്കി കാല്‍ക്കീഴില്‍ നിര്‍ത്തുകയും വലിയ വായില്‍ സര്‍വ്വശക്തന്‍ ചമയുകയും ആത്മ രതിയുടെ ഊതി വീര്‍പ്പിച്ച സ്വന്തം സ്വത്വം മാധ്യമങ്ങളിലൂടെ നിരന്തരം നെടുനീളത്തില്‍ പ്രഘോഷിക്കുകയും പ്രജകളുടെ ഭയത്തില്‍ പിറന്ന മൗനത്തെ/ വിധേയത്വ ഭാവത്തെ തനിക്കുള്ള സര്‍വ്വ സമ്മതിയായി മനസ്സിലാക്കുകയും ചെയ്യുകയും ഒപ്പം ഏറെ വികാര വായ്പ്പോടെയും സൂക്ഷ്മ സംവേദന ഭാവത്തോടെ താന്‍ ഉണ്ടാക്കിയെടുത്ത ദേശത്തെ ചിറകിനടിയില്‍ സംരക്ഷിക്കാന്‍ വ്യഗ്രത കൊള്ളുകയും ചെയ്യുന്നഒട്ടേറെ വൈരുധ്യങ്ങള്‍ നിറഞ്ഞ വ്യക്തിത്വമായാണ് ഗദ്ദാഫി നോവലില്‍ സ്വയം വെളിപ്പെടുന്നത്. സ്വന്തം മകന്‍ മുതസ്സിമിനെ ഒഴികെ ആരെയും വിശ്വാസത്തിലെടുക്കാതെയും ഏതു നിമിഷവും ആരുടെ വാക്കിലും ഒരു പ്രകോപനം കണ്ടെത്തി അയാളെ വക വരുത്തുന്ന പ്രകൃതക്കാരനായും അയാള്‍ ഭീകരത സൃഷ്ടിക്കുന്നത് ഇപ്പോഴും തുടരുന്നു. സെക്യൂരിറ്റി ചീഫ് മന്‍സൂര്‍ ദാവോജന: അബുബക്കര്‍ യൂനിസ് ജബര്‍തുടങ്ങിയവരൊക്കെ ഈ ക്ഷിപ്രകോപ പ്രകൃതം അനുഭവിക്കേണ്ടി വരുന്നുണ്ട്. ബെന്‍ അലിയെ പോലുള്ള പല മന്ത്രിമാരും അടുത്ത അനുയായികളും രിബലുകളോട് ചേരുന്ന വിവരം വന്നു കൊണ്ടേയിരിക്കുന്നു.

     ബങ്കറില്‍ തന്റെ ഉറപ്പായ വിധി കാത്തു കഴിയുമ്പോഴും ജര്‍മ്മനിയെന്നാല്‍ താനാണെന്നു വീമ്പു പറഞ്ഞ ഹിറ്റ് ലറെ പോലെ ഗദ്ദാഫിയുടെ മൊഴികള്‍ ഒരു വശത്ത്‌ സ്വയം ‘ഉടല്‍ രൂപം പൂണ്ട ഇതിഹാസം (mythology made flesh)’  എന്നും “ലിബിയ എല്ലാത്തിനും എന്നോട് കടപ്പെട്ടിരിക്കുന്നു!” എന്നുമുള്ള താന്‍പോരിമയില്‍ അഭിരമിക്കുമ്പോള്‍ മറുവശത്ത്‌ വിധിയൊരുക്കിയ വഴിയിലാണ് താനെന്നു നിസ്സഹായമാവുന്നുമുണ്ട്;

ഒരൊറ്റ ആശയമേ ഉള്ളൂ.. നമ്മുടെ വിധിയെ വിശദീകരിക്കുന്ന ഒന്ന് മാത്രം. നാം അഭിനേതാക്കള്‍ മാത്രമാണ്നാം നമ്മള്‍ തന്നെ തെരഞ്ഞെടുത്തതാവണം എന്നില്ലാത്ത വേഷം ആടുകയാണ്സ്ക്രിപ്റ്റ് നോക്കാന്‍ അനുവാദവും ഇല്ല.”

ഇടവേളയില്‍ ഖുറാന്‍ പാരായണം ചെയ്യുകയും നോമ്പനുഷ്ടിക്കുകയും ചെയ്യുന്നയാള്‍ മയക്കുമരുന്നും കടിഞ്ഞാണില്ലാത്ത സ്ത്രീ സംസര്‍ഗ്ഗവും യഥേഷ്ടം തുടരുന്നുമുണ്ട്. റിബലുകളെ കുറിച്ച് ‘ഇവര്‍ ചെയ്യുന്നത് എന്താണെന്ന് ഇവരറിയുന്നില്ലെ’ന്നും താന്‍ അവരോടു ക്ഷമിക്കുന്നുവെന്നും ഒരേ സമയം കൃസ്തുവിനെ പോലെ വിനീതനാവുകയും ദൈവത്തെ പോലെ മഹാമനസ്കന്‍ ആവുകയും ചെയ്യുന്നു. ‘എന്തിനെന്നെ കയ്യൊഴിഞ്ഞു?’ എന്ന് വിലപിച്ച ദൈവ പുത്രനില്‍ നിന്ന് വ്യത്യസ്തനായിഒടുവിലത്തെ കൊടും പീഡനങ്ങളില്‍ നിന്ന് ഒരു വെടിയുണ്ടയിലൂടെ തന്നെ മോചിപ്പിക്കുന്ന വിധിയില്‍ ‘ദൈവം എന്നെ കൈവെടിയില്ല!’ എന്ന് അയാള്‍ ആശ്വസിക്കുന്നുമുണ്ട്. ചരിത്രപരമായി ഗദ്ദാഫിയുടെ അന്ത്യത്തെ കുറിച്ചും വെടിയുതിര്‍ത്തതാര്പിന്നീടെന്തു സംഭവിച്ചു തുടങ്ങിയ ചോദ്യങ്ങളിലും നോവലിസ്റ്റ് താല്‍പര്യം എടുക്കുന്നേയില്ല. എങ്ങനെയാണ് ഗദ്ദാഫി ഇതെല്ലാം നേരിട്ടത് എന്ന് ഫിക് ഷനല്‍ രൂപത്തില്‍ അന്വേഷിക്കുകയാണ് നോവലിസ്റ്റ്. വൈരുദ്ധ്യങ്ങളുടെ സങ്കരമായി തന്റെ ഏകാധിപതിയെ വരച്ചു വെക്കുന്നതിലൂടെ ഗദ്ദാഫിയെ സംബന്ധിച്ച മുഖ്യമായും പാശ്ചാത്യമായ കരികേച്ചര്‍ നിര്‍മ്മിതിയെ നോവലിസ്റ്റ് പൊളിച്ചെഴുതുന്നുണ്ട്. ലിബിയക്ക് വെളിയില്‍ അതിനാടകീയത ഇഷ്ടപ്പെട്ടസ്ത്രീകളെ അംഗ രക്ഷകരായി നിയമിച്ച ലോകത്തെ ഏക എകാധിപതിയായാണ് ഗദ്ദാഫി ചിത്രീകരിക്കപ്പെട്ടത്.

    ഗൌസ് ഗോത്രവംശജനായി തന്റെ ഏറ്റവും വിനീതമായ ബദൂയിന്‍ പാരമ്പര്യവും പിതൃത്വം സംബന്ധിച്ച അവമതിയും ഗദ്ദാഫിയെ എന്നും വേട്ടയാടിയിരുന്നുഒരു വേല ഈ അനുഭവങ്ങളാണ് അയാളുടെ പ്രകൃതം രൂപപ്പെടുത്തിയത് എന്ന് നോവല്‍ സൂചിപ്പിക്കുന്നു. 1941 –ല്‍ ഒരിക്കല്‍ തങ്ങളുടെ ദേശത്തു തകര്‍ന്നു വീണ ജര്‍മ്മന്‍ ഫൈറ്ററിന്റെ പൈലെറ്റ് കോര്‍സിക്കക്കാരന്‍ ആല്‍ബെര്‍ട്ട് പേര്‍സിയോസിയാണ് തന്റെ പിതാവെന്നു അപശ്രുതി കേട്ട യൗവ്വനകാലത്ത് ഗദ്ദാഫി അതോര്‍ത്ത് ഏറെ വിഷമിച്ചിരുന്നു. എന്നാല്‍ സിംഹാസനാവരോഹനത്തിനു ശേഷം അയാള്‍ കണ്ടെത്തി,

 “ഞാന്‍ എന്നില്‍ത്തന്നെ ജനിച്ചവനാണ്സ്വയം ജനിപ്പിച്ചവനും.”

ഒരാള്‍ എന്തായി സ്വയം ആക്കിത്തീര്‍ക്കുന്നുവോ അതാണ്‌ പ്രധാനംമറിയമിന്റെ പുത്രന്‍ ഈസായെ പോലെ. സോവിയറ്റ് യൂണിയന് സ്റ്റാലിന്‍ചൈനക്ക് മാവോഈജിപ്തിന് നാസര്‍ എന്ന പോലെ താനാണ് ലിബിയയുടെ ചരിത്രമാകുക എന്നയാള്‍ വിശ്വസിച്ചു. വന്ന വഴി മറക്കാത്ത പ്രകൃതംഒളിവിടത്തിലെ ഭക്ഷണ ദൌര്‍ലഭ്യം പട്ടിണി കിടന്നുള്ള തന്റെ ശീലം കൊണ്ട് മറി കടക്കുന്നുമുണ്ട്‌.

“ഞാനൊരു ബദൂയിന്‍ ആണ്നിസ്വരുടെ രാജാവ്രാജാക്കന്മാരിലെ ഏറ്റവും നിസ്വന്‍.”

താന്‍ ദുര മൂത്തവനെ പെരുമാറിയപ്പോള്‍ അവയെ പുച്ഛക്കാന്‍ വേണ്ടി മാത്രമായിരുന്നു എന്ന് ഗദ്ദാഫി പറയുന്നു. എന്നാല്‍തന്റെ ആദ്യപ്രണയമായിരുന്ന ഫാതെനിന്റെ പിതാവ് സ്കൂള്‍ ഹെഡ് മാസ്റ്ററെ പോലെ അതുപയോഗിച്ച് തന്നെ അപമാനിച്ചവരെ, അധികാരാരോഹണശേഷം ഒട്ടും കാരുണ്യപൂര്‍വ്വമായല്ല അയാള്‍ നേരിട്ടതും.

“എതിര്‍ക്കുന്നവരെ കീഴടക്കുന്നത്‌ പുതിയ ദേശങ്ങള്‍ കീഴടക്കും പോലെ ആസ്വദിച്ചു”

 എന്നാണു അയാള്‍ ഏറ്റുപറയുന്നത്. കിരീടധാരത്തിനു മൂന്ന് കൊല്ലങ്ങള്‍ക്ക് ശേഷം 1972-ല്‍ ഫാതെനിന്റെ ഭര്‍ത്താവ് ഇല്ലാകേസില്‍ വെട്ടയാടപ്പെട്ടപ്പോള്‍ അവള്‍ മൂന്നാഴ്ചക്കാലം ഗദ്ദാഫിയുടെ ലൈംഗിക തടവിലായി. പിതാവ് ‘അപ്രത്യക്ഷനായി’. ആദ്യപ്രണയം അവമാനത്തില്‍ ഒരുങ്ങിയതാണ് ഗദ്ദാഫിയെ ഒരു സ്ത്രീലമ്പടനാക്കിയത് എന്ന് ആഖ്യാനത്തില്‍ സൂചനയുണ്ട്. പൗരസ്ത്യ സംഗീതം ഒഴികെ ഒരു കലാ രൂപത്തിലും തനിക്കു താല്പര്യമില്ലെന്നും മണല്‍ക്കാടില്‍ കാറ്റടിക്കുന്ന ശബ്ദമാണ് തനിക്കേറെ ഇഷ്ടം എന്നും ഗദ്ദാഫി പറയുന്നുണ്ട്. 1969 ആഗസ്റ്റ്‌ മുപ്പത്തിയൊന്നിനു ഇദ്റീസ് രാജാവ് ചികിത്സാര്‍ത്ഥം വിദേശത്തായിരുന്ന സന്ദര്‍ഭത്തിലാണ് ഗദ്ദാഫിയുടെ അട്ടിമറി അരങ്ങേറുന്നത്. അടുത്ത കിരീടാവകാശി അധികാരം ഉപേക്ഷിച്ചപ്പോള്‍രാജാവ് പിന്നീട് തിരികെ വന്നതുമില്ല. ബെന്‍ഗാസി റേഡിയോയിലൂടെ ഗദ്ദാഫി തന്റെ ലിബിയന്‍ അറബ് റിപ്പബ്ലിക് പ്രാഖ്യാപിച്ചു. തന്റെ പാതിവെന്ത ഇസ്ലാമിക് സോഷ്യലിസമെന്ന വികലമായ ആശയം ഗ്രീന്‍ ബുക്ക്‌ എന്ന പേരില്‍ പാഠ പുസ്തകമാക്കി. ഉമര്‍ മുഖ്താറിന്റെ നാട്ടില്‍ ഇനി കുരിശു യുദ്ധക്കാര്‍ വേണ്ട എന്ന നിലപാടാണ് പാശ്ചാത്യ ശക്തികള്‍ക്ക് ഗദ്ദാഫിയെ ചതുര്‍ഥിയാക്കിയത്. നാട്ടില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്കെല്ലാം പിന്നില്‍ അല്‍ ക്വായിദയാണ് എന്ന പല്ലവി അധികാരം ഉറപ്പിക്കാനും അമിതാധികാര പ്രയോഗത്തെ ന്യായീകരിക്കാനും നിരന്തരം ഉപയോഗിക്കപ്പെട്ടു. തന്റെ വളര്‍ത്തു മകളെയടക്കം കൊലപ്പെടുത്തിയ അമേരിക്കന്‍ ആക്രമണത്തിനുള്ള ‘കൊലാറ്റെരല്‍ ഡാമേജ്’ ഇനത്തില്‍ ലോക്കെര്‍ബി വിമാന ദുരന്തത്തെ ന്യായീകരിക്കുന്നുണ്ട്‌ ഗദ്ദാഫി. അബു സലിം കൂട്ടക്കൊല കലാപകാരികളെ ഒതുക്കാന്‍ ആവശ്യമായിരുന്നു എന്നും ഇല്ലായിരുന്നെങ്കില്‍ അള്‍ജീരിയയില്‍ സംഭവിച്ച പോലെ അരാജകത്വം സംഭവിച്ചേനെ എന്നും ഗദ്ദാഫി ന്യായീകരിക്കുന്നു. തുടര്‍ന്ന് പത്തു വര്‍ഷം ലിബിയയില്‍ അരങ്ങേറിയ കിരാത ഭരണത്തിന്റെ അന്ത്യ്മായാണ് ഇപ്പോള്‍ അയാള്‍ മരണ വക്ത്രത്തില്‍ നില്‍ക്കുന്നത്.

    ഇതൊക്കെയാണെങ്കിലും അവമതിയുടെ നിമിഷങ്ങളില്‍ വായനക്കാരുടെ സഹതാപം അയാളോടൊപ്പം നില്‍ക്കുന്നുണ്ട്. “ഒരു ദിനം ഇരപിടിയനും അടുത്ത നാള്‍ ഇരയും” എന്ന രീതിയില്‍ അയാള്‍ ഭാവം പകരുന്നു. ‘സഹോദരതുല്യനായ വഴികാട്ടി’, ‘എന്നിലൂടെയാണ് മോക്ഷം’, ‘ഞാന്‍ കൊടുങ്കാറ്റിനെയോ അട്ടിമറികളെയോ ഭയപ്പെടുന്നില്ല’, ‘ദൈവം എന്നോടൊപ്പം’, ‘ഞാന്‍ മുഅമ്മര്‍ ഗദ്ദാഫി. വിശ്വാസം അചഞ്ചലമായിരിക്കാന്‍ അത് മതി’ .. എന്നൊക്കെയാണ് അയാള്‍ സ്വയം അവരോധിക്കുക. എന്നാല്‍ ഇപ്പോള്‍ജനറല്‍മാറില്‍ നിന്ന് അടുത്ത ചലനം എങ്ങനെഎങ്ങോട്ടായിരിക്കണം എന്ന വിവരമെത്താനായി കാത്തിരിക്കുന്ന ഘട്ടത്തിലെ ഓര്‍മ്മകള്‍ ചികയുന്ന ഇടവേളയില്‍ പതിവ് ഹെറോയിന്‍ കുത്തിവെപ്പിന്റെ മായികക്കാഴ്ച്ചകളായി ഏകാധിപതി യുടെ ഭരണകാലത്ത് അരങ്ങേറിയ കൂട്ടക്കുരുതികളും പ്രതികാര സന്ദര്‍ഭങ്ങളും ഇഴ കോര്‍ക്കുന്നു. ‘എന്റെ പൗരുഷം കൊണ്ട് ഞാന്‍ പ്രസാദിപ്പിച്ച സ്ത്രീകളും’ കീഴടക്കിയ ‘നിശ്ചേതനരായിപ്പോയ’ കന്യകമാരും പരാമര്‍ശിക്കപ്പെടുന്നുണ്ടെങ്കിലും ഗദ്ദാഫിയുടെ കുപ്രസിദ്ധമായ ഹാരെമുകളെ കുറിച്ചുള്ള വിവരണം അത് കുറിച്ചുള്ള മറ്റു ജനപ്രിയ ആഖ്യാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി വളരെ മിതത്വത്തോടെയാണ് നോവലിസ്റ്റ് നടത്തുന്നത്. ഭ്രമക്കാഴ്ചകളില്‍ നിര്‍ണ്ണായക ഘട്ടങ്ങളിലെല്ലാം കൂടെക്കൂടെ കടന്നു വരുന്ന വാന്‍ഗോഗ്ഒരു ഘട്ടത്തില്‍ പ്രത്യക്ഷനാകുന്ന സദ്ദാം ഹുസൈന്‍വെടിയുണ്ടയേറ്റ് ബോധം മറയുന്ന ഒരേയൊരു ഘട്ടത്തില്‍ എത്തുന്ന മാതാവ് എന്നിവരൊക്കെ തന്റെ അസ്തിത്വത്തിന്റെ അനിശ്ചിതത്വവുമായി അയാളെ മുഖാമുഖം നിര്‍ത്തുന്നുണ്ട്. ഹിഷാം മതാറിന്റെ ‘പുരുഷന്മാരുടെ നാട്ടില്‍ (In the Country of Men) പോലുള്ള കൃതികളില്‍ ആവിഷ്കരിക്കപ്പെട്ട ലിബിയന്‍ സാമൂഹിക പ്രതിസന്ധികള്‍ ഇവിടെ ഏകാധിപതിയുടെ തന്നെ അനുഭവ മണ്ഡലത്തില്‍ നിന്ന് നോക്കിക്കാണുകയാണ്.

 Also from Yasmina Khadra:

Swallows of Kabul by Yasmina Khadra

https://alittlesomethings.blogspot.com/2014/12/blog-post_26.html

Also read:

In the Country of Men by Hisham Matar

https://alittlesomethings.blogspot.com/2024/08/in-country-of-men-by-hisham-matar.html





(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ - 1: ലോഗോസ് ബുക്ക്സ് പേജ് 358-363)

To purchase, contact ph.no:  8086126024

Friday, April 25, 2025

Ummath: A Novel of Community and Conflict by Sharmila Seyyid /Gita Subramanian

 

ബഹുരൂപ സംഘര്‍ഷങ്ങളുടെ യുദ്ധമുഖങ്ങള്‍





(സിംഹള - തമിഴ് സംഘര്‍ഷമായി പൊതുവേ മനസ്സിലാക്കപ്പെട്ട ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധമുഖം അത്യന്തം ഹീനമായ മറ്റൊരു നരമേധത്തിന്റെയും വംശ വെറിയുടെയും കൂടി കഥ ഉള്‍കൊള്ളുന്നുണ്ട്. സംഘര്‍ഷത്തിന്റെ ആദ്യ നാളുകളില്‍ വിശ്വസിച്ചു കൂടെ നിന്ന മുസ്ലിം ജനസാമാന്യത്തിനു നേരെ ഈലം സൈന്യം അരങ്ങേറിയ വംശഹത്യയില്‍ കുറഞ്ഞ ഒന്നുമല്ലാത്ത ആ അത്യാചാരങ്ങളുടെ പരിണിതിയോടൊപ്പം മുസ്ലിം മൌലികതയുടെ സ്ത്രീവിരുദ്ധത എങ്ങനെയാണ് സമുദായത്തിലെ ഉണരുന്ന സ്ത്രീത്വത്തെ ജീവനോടെ അടക്കിയത്‌ എന്നതു കൂടി ഫിക് ഷന്റെ കേന്ദ്ര വിഷയമാക്കുന്ന നോവല്‍ എന്ന നിലയില്‍ ഏറെ പ്രസക്തമാണ് ശര്‍മ്മിള സയ്യിദിന്റെ ‘ഉമ്മത്ത്‌’ എന്ന നോവല്‍.)

കഴിഞ്ഞ ഏതാനും ദശകങ്ങള്‍ക്കുള്ളില്‍ ലോകമെമ്പാടുമുണ്ടായിട്ടുള്ള യുദ്ധ ഭൂമികളില്‍ സ്ത്രീജീവിതം നേരിടേണ്ടി വന്നിട്ടുള്ള ഭീകര ദുരിതങ്ങള്‍ക്ക് ഗാസയും കൊസോവോയും കാശ്മീരും കുര്‍ദിസ്ഥാനും ശ്രീലങ്കയും മ്യാന്മാറും എല്ലാം വേണ്ടുവോളം സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. ചുരുക്കം ചിലയിടങ്ങളില്‍ സായുധസംഘര്‍ഷങ്ങളില്‍ ഇരയെന്നതിനപ്പുറം കര്‍തൃത്വവും അവര്‍ക്കുണ്ടായിട്ടുണ്ടെന്നത് പക്ഷെ ആ ഇരവല്‍ക്കരണത്തെ ഒട്ടും ലഘൂകരിച്ചിട്ടില്ല എന്ന് മാത്രമല്ലഅതവരുടെ സഹനത്തെ ഇരട്ടിയാക്കുകയേ ചെയ്തിട്ടുള്ളൂ. ഫലസ്തീന്‍ പോരാളികളും സ്ത്രീകളെ പോരാളികളോ ആത്മഹത്യാ ബോംബര്‍മാരോ ആയി ധാരാളം ഉപയോഗിച്ചിട്ടുണ്ടെങ്കിലും തമിഴ് ഈലം പോരാട്ടത്തിലാണ് സ്ത്രീ സൈനികരെ വന്‍തോതില്‍ ഉപയോഗിക്കപ്പെട്ടത്. യുദ്ധമുന്നണികളില്‍ ബാലസൈനികരായോ വനിതാ ഗറില്ലകളായോ പ്രവര്‍ത്തിക്കേണ്ടി വന്നവര്‍ക്ക് യുദ്ധാനന്തരവും ആയുസ്സ് ബാക്കിയുണ്ടെങ്കില്‍ പൊതുസമൂഹത്തിലേക്കുള്ള തിരിച്ചുവരവ് പ്രായേണ അസാധ്യാമായിത്തെന്നെയിരുന്നു. അവര്‍ ഒന്നുകില്‍ കൊലയാളികളായി കരുതപ്പെട്ടുഅല്ലെങ്കില്‍ നടക്കും ഭൂതങ്ങളായി അകറ്റി നിര്‍ത്തപ്പെട്ടുഅതുമല്ലെങ്കില്‍ മനസ്സിനേറ്റ മുറിവുകളുടെ ഭാരം സമൂഹവുമായി  ഇനിയൊരു സമരസപ്പെടല്‍ അവര്‍ക്ക് സ്വയം അസാധ്യമാക്കി. ശ്രീലങ്കന്‍ കലാപങ്ങളുടെ പശ്ചാത്തലത്തില്‍ സ്ത്രീജീവിതങ്ങള്‍ നേരിടേണ്ടിവന്ന സംഘര്‍ഷങ്ങള്‍ ശക്തമായ രീതിയില്‍ ഫിക് ഷനില്‍ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയില്‍ പലതും സിംഹള ഭൂരിപക്ഷ പ്രതിനിധാനമായ ദേശീയ സൈന്യവും തമിഴ് വംശജരുടെ പ്രതിനിധാനമായ ഈലവും തമ്മിലുള്ള പോരാട്ടത്തിന്റെ ദുരന്തവും 2009-ലെ അന്തിമ പരിഹാരമായിരുന്ന ആ വംശഹത്യയിലേക്ക് നയിച്ച സംഘര്‍ഷങ്ങളുമാണ് ആഖ്യാന കേന്ദ്രമാക്കിയത്.

മൂന്നു യുവതികളുടെ ഇഴകോര്‍ക്കുന്ന ജീവിതങ്ങളിലൂടെ ശ്രീലങ്കന്‍ സിംഹള - തമിഴ് -മുസ്ലിം സംഘര്‍ഷങ്ങളുടെ അവസാന ദശകങ്ങളും ആ അന്തിമ ഉന്മൂലനത്തിന്റെ തുടര്‍ന്നുള്ള നാളുകളും വരെനീളുന്ന ഇതിവൃത്ത ധാരയാണ് നോവലിനുള്ളത്. ............

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/ummath-a-novel-of-community-and-conflict-by-sharmila-seyyid-gita-subramanian

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 348-355)



Wednesday, April 23, 2025

At Night All Blood is Black by David Diop / Anna Moschovakis

 നരകത്തിലും വര്‍ണ്ണ വിവേചനമുണ്ട്



(സെനഗലീസ് നോവലിസ്റ്റ് ഡേവിഡ് ഡിയോപ്പിന്റെ At Night All Blood Is Black: A Novel  ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്കാരം നേടിയ നോവലാണ്‌. ഒരു നൂറ്റാണ്ടിനിപ്പുറം ഒന്നാം ലോക യുദ്ധത്തിലെ കിടങ്ങുകളില്‍ അടിഞ്ഞു പോയ ജീവിതങ്ങളുടെ കഥയിലേക്ക്‌ തികച്ചും വ്യത്യസ്തവും നൂതനവുമായ ഒരു വീക്ഷണത്തില്‍ കടന്നു ചെല്ലുകയാണ് നോവലിസ്റ്റ് ഇവിടെ.)

 

യുദ്ധത്തെ ‘എല്ലാവരുടെയും പിതാവ്എല്ലാവരുടെയും രാജാവ്’ (‘the father of all and the king of all’) എന്ന് നിര്‍വ്വചിച്ചത് ഗ്രീക്ക് തത്വ ചിന്തകന്‍ ഹെരാക്ലിറ്റസാണ്. ആ വീക്ഷണത്തില്‍ നാം നശ്വര മനുഷ്യര്‍ യുദ്ധത്തിന്റെ അസന്തുഷ്ടരായ മക്കളും പ്രജകളുമാണ്. ലോകോത്തര സാഹിത്യ കൃതികളുടെ കാര്യത്തിലും ഇതുതന്നെ ശരി എന്നു പറയാം. ഇന്ത്യന്‍യവന, റോമന്‍, ഹീബ്രു പുരാണങ്ങള്‍, ഇതിഹാസ കാവ്യങ്ങള്‍, ചരിത്രാഖ്യായികകള്‍ എന്നിവയെല്ലാം യുദ്ധങ്ങളെ ചുറ്റിപ്പറ്റിയോ അവയെ കേന്ദ്രീകരിച്ചോ രചിക്കപ്പെട്ടവയാണ്. മഹാഭാരതംഇലിയഡ്‌ഒഡീസ്സിതുടങ്ങിയവയെല്ലാം ആ അര്‍ഥത്തില്‍ “യുദ്ധ സാഹിത്യം” (war literature) തന്നെയാണ്. “പുരാതന പാശ്ചാത്യ സാഹിത്യത്തില്‍ മുഴുവന്‍ ട്രോജന്‍ യുദ്ധം ചെലുത്തിയ സ്വാധീനം കേന്ദ്രസ്ഥാനീയമാണ്, ആദ്യകാല പാശ്ചാത്യ സംസ്കാരത്തില്‍ നിന്ന് ആകെയുള്ള ഏറ്റവും പ്രധാനപ്പെട്ട ഒറ്റവിഷയം തെരഞ്ഞെടുത്താല്‍ അത് അതുതന്നെയാണ്” *(1).  മധ്യകാല സാഹിത്യത്തെ അടയാളപ്പെടുത്തുന്ന ‘റൊമാന്‍സ്’ (medieval romances) കൃതികള്‍ എല്ലാം തന്നെ യുദ്ധവും പ്രണയവുമെന്ന ദ്വന്ദ്വത്തിലാണ് കേന്ദ്രീകരിക്കുന്നത്. ആധുനിക സാഹിത്യത്തിന്റെ തന്നെയും സ്ഥിതി വ്യത്യസ്തമല്ല. ടോള്‍സ്റ്റോയിയുടെ War and Peace, ഡിക്കന്‍സിന്റെ A Tale of Two Cities പോലുള്ള ക്ലാസ്സിക്കുകള്‍ സാക്ഷ്യപ്പെടുത്തുന്ന ഈ പാരമ്പര്യത്തിലേക്ക് രണ്ടു ലോക യുദ്ധങ്ങള്‍വിയറ്റ്നാംകംബോഡിയബര്‍മ്മകൊറിയതുടങ്ങിയ ചരിത്ര സംഘര്‍ഷങ്ങള്‍ വിഷയമാക്കിയ ഒട്ടേറെ കൃതികള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ഒന്നാം ലോക യുദ്ധം ഇവിടെ സാന്ദര്‍ഭികമായി കൂടുതല്‍ പ്രസക്തമാണ്. റബേക്ക വെസ്റ്റ് (The Return of the Soldier-2018)ഐസക് ബാബേല്‍ (Red Cavalry – 1926)ഹെമിംഗ് വെ (A Farewell to Arms-1929)എറിക് മരിയ റമാര്‍ക്ക് (All Quiet on the Western Front-1929)തുടങ്ങിയ അതികായര്‍ മുതല്‍ സെബാസ്റ്റ്യന്‍ ഫോക്സ് (Birdsong- 1993)പാറ്റ് ബാര്‍ക്കര്‍ (Regeneration Trilogy-1991-1994), ജെരോസ്ലാവ് ഹാസെക് (The Good Soldier Švejk- 2005) തുടങ്ങിയ സമകാലികരായ എഴുത്തുകാര്‍ വരെ ഫിക് ഷനില്‍ നിബന്ധിക്കുന്ന ഈ തീക്കാലത്തെ തികച്ചും വ്യത്യസ്തവും അപൂര്‍വ്വവുമായ ഒരു വീക്ഷണകോണില്‍ ആവിഷ്കരിക്കുന്ന കൃതിയാണ് സെനഗലീസ് നോവലിസ്റ്റ് ഡേവിഡ് ഡിയോപ്പ് രചിച്ച At Night All Blood Is Black‘യുദ്ധകഥയും ദൃഷ്ടാന്തകഥയും മിത്തും സമന്വയിപ്പിക്കുന്ന’ ‘ബിബ്ലിക്കല്‍ അനുരണനങ്ങള്‍ ഉള്ള പ്രതികാര കഥ’ എന്നു വിവരിക്കപ്പെട്ട *(2) തന്റെ പ്രഥമ നോവലില്‍ ലോക യുദ്ധത്തില്‍ അധിനിവേശ ശക്തികള്‍ക്കു വേണ്ടി പോരാടിയ ആഫ്രിക്കക്കാരായ കഥാപാത്രങ്ങളെയാണ് നോവലിസ്റ്റ് അവതരിപ്പിക്കുന്നത്അതുവഴി ഫ്രഞ്ച് കൊളോണിയല്‍ ചരിത്രത്തില്‍ ഒട്ടുമുക്കാലും തമസ്കരിക്കപ്പെട്ടവടക്കന്‍ ഫ്രാന്‍സിലെ യുദ്ധഭൂമികളില്‍ പതിനായിരങ്ങള്‍ ഹോമിക്കപ്പെട്ട ചരിത്രത്തിലെ ഭീകരമായ ഒരനുഭവ കാണ്ഡം ആവിഷ്കരിക്കുകയുമാണ്‌.

കലാ സിദ്ധാന്തങ്ങളില്‍ യുദ്ധം ഇടപെടുന്നു..

പത്തു മില്ല്യന്‍ സൈനികര്‍ കൊല്ലപ്പെട്ട ഒന്നാം ലോകയുദ്ധം യൂറോപ്പ്യന്‍ ആയുധസാങ്കേതികതയെ മാത്രമല്ല കലാതത്വങ്ങളെ തന്നെയും അടിമുടി മാറ്റിക്കളഞ്ഞു. യന്ത്രവല്‍കൃത പൈശാചികതയുടെ മുമ്പില്‍ പഴയ യഥാതഥവാദം കാലഹരണപ്പെട്ടതിന്റെ ഫലമായി പുതിയ ആവിഷ്കാര രീതികള്‍ ആവശ്യമായി വന്നു. ...............

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/at-night-all-blood-is-black-by-david-diop-anna-moschovakis

   

(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 330-341)

To purchase, contact ph.no:  8086126024



Sunday, April 20, 2025

Island of a Thousand Mirrors by Nayomi Munaweera

മരതക കാന്തിയില്‍ ചോര പടരുമ്പോള്‍



ധമനികള്‍അരുവികള്‍പിന്നെ പുഴകള്‍ : തമിഴ്‌ ജനതയുടെഅവ നഗരത്തില്‍ നിന്ന് പുറത്തേക്കൊഴുകിഅവര്‍ക്ക് പിന്നില്‍ അവര്‍ വിട്ടേച്ചുപോവുന്നത്: കൊള്ളയടിക്കപ്പെട്ടകരിപിടിച്ചു കറുത്തുപോയ വീടുകള്‍പ്രിയപ്പെട്ടവരുടെ കത്തിത്തീര്‍ന്നിട്ടില്ലാത്തതോ മറവു ചെയ്യപ്പെട്ടിട്ടില്ലാത്തതോ ആയ ശരീരങ്ങള്‍, പാരമ്പര്യ സ്വത്ത്, കാണാതായ കുഞ്ഞുങ്ങള്‍, നാടെന്ന ബോധം, ദേശീയത. അത് നാക്കില്‍ കയ്പ്പുണ്ടാക്കി നിലനില്‍ക്കുന്ന ഒരു പട്ടികയാണ്. പ്രതികാരത്തിന്റെ, വിഭജനത്തിന്റെ, വിട്ടുപോക്കിന്റെ സങ്കല്‍പ്പങ്ങള്‍ക്ക് അത് ജന്മം നല്‍കും. ദശകങ്ങള്‍ക്കു മുമ്പ് ഉപേക്ഷിച്ചു പോന്ന പൂര്‍വ്വികരുടെ ഗ്രാമങ്ങളിലേക്ക് അവര്‍ പലായനം ചെയ്യുന്നു, ഇവിടെ ഈ വടക്കന്‍ ദേശങ്ങളിലാണ് ആ ജൂലായിലെ(1983) സംഭവങ്ങള്‍ അവരെ ഏറ്റവും കടുത്ത പോരാളികളും ദൃഡ നിശ്ചയമുള്ള വിഘടന വാദികളും ആക്കുക.”

-(Island of A Thousand Mirrors- Page-89)

 

ശ്രീലങ്കന്‍ - അമേരിക്കന്‍ നോവലിസ്റ്റ് നയോമി മുനവീരയുടെ 2013-ലെ കോമണ്‍വെല്‍ത്ത് ബുക്ക്‌ പ്രൈസ്‌ (ഏഷ്യനേടിയ നോവലാണ് 'ഒരായിരം കണ്ണാടികളുടെ ദ്വീപ്‌'. 1948-ല്‍ ദ്വീപില്‍ നിന്നുള്ള കൊളോണിയല്‍ കൊള്ളമുതല്‍ നിറച്ച അവസാനത്തെ ഇംഗ്ലീഷ്‌ കപ്പല്‍ യാത്ര തിരിക്കുന്നത് തൊട്ട് വംശീയ കൂട്ടക്കൊലയുടെയും ആഭ്യന്തര സംഘര്‍ഷങ്ങളുടെയും ചോരയും ചലവും ഉണങ്ങിയിട്ടില്ലാത്ത വര്‍ത്തമാന കാലം വരെയുള്ള ആറു പതിറ്റാണ്ടുകളുടെ അനുഭവങ്ങളാണ് നോവലിന് വിഷയമാവുന്നത്നാല് തലമുറയിലൂടെമൂന്നു കുടുംബങ്ങളിലൂടെകൊളംബോയുടെ ഉപ്പുകാറ്റടിക്കുന്ന മനോഹരമായ തീരദേശ വീഥികളിലൂടെവടക്കന്‍ ദേശത്തിന്റെ വംശീയ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ ചോരപ്പുഴകളിലൂടെലോസ് ഏഞ്ചല്‍സിന്റെ മനുഷ്യപ്പറ്റില്ലാത്ത യാന്ത്രിക ക്രമബദ്ധതയിലൂടെവിട്ടു പോകുമ്പോഴും ഹൃദയത്തിലും ഉയിരിലും നിത്യ സാന്നിധ്യമായ മരതക ദ്വീപിന്റെ കൊളോണിയല്‍ അനന്തര ജീവിതാവസ്ഥ നഷ്ടങ്ങളുടെയും ഹൃദയത്തിലും ഉടലിലുമേല്‍ക്കുന്ന ഉണങ്ങാത്ത മുറിവുകളുടെയും കാമനകളുടേയും പ്രണയ ഭംഗങ്ങളുടേയും കടന്നു കയറ്റങ്ങളുടേയും സമര്‍പ്പണങ്ങളുടേയും ബലിദാനങ്ങളുടേയും പാലായനങ്ങളുടേയും കുരുതികളുടേയും പശ്ചാത്തലത്തില്‍ പരിശോധിക്കപ്പെടുന്നുനാടും വീടും പ്രവാസവുമെന്ന അനുഭവ ദ്വന്ദ്വത്തിന്റെ സര്‍വ്വ കാല പ്രസക്തമായ പ്രമേയം തുടക്കത്തിലേ സൂചിതമാവുന്നുമുണ്ട്വര്‍ഷങ്ങളായി ദ്വീപില്‍ കഴിഞ്ഞ കപ്പിത്താന് നാട് എന്നത് പതിറ്റാണ്ടുകള്‍ താന്‍ കണ്ട ദ്വീപും അതിന്റെ വശ്യ പ്രകൃതിയും തന്നെയാവുമ്പോള്‍ പുതുമോടിക്കാരിയായ അയാളുടെ ഭാര്യ 'പൊള്ളുന്ന ചൂടും കൊതുകുകളുമില്ലാത്ത' മാഞ്ചസ്റ്ററിന്റെ വൃത്തിയുള്ള തെരുവുകളിലേക്ക് തിരിച്ചു പോവുന്നതിന്റെ ആവേശത്തിലാണ്നോവലിന്റെ ഒടുവില്‍ 'പ്രവാസവും മറവിയും രക്ഷപ്പെടലും സാധ്യമെന്നല്ലസാധാരണം തന്നെയായഅമേരിക്കന്‍ നഗരങ്ങളില്‍ ഏറ്റവും 'യൂറോപ്യന്‍ആയ സാന്‍ ഫ്രാന്‍സിസ്ക്കോയിലെ മഞ്ഞു മാറിയ സുഖകരമായ കാലാവസ്ഥയിലിരുന്നുതന്റെ കുഞ്ഞു മകള്‍ സമുദ്രയെ മഹാദുരന്തങ്ങളുടെ ഓര്‍മ്മകളിലേക്കുണര്‍ത്താതിരിക്കാനായി ജന്മ ദേശത്തെക്കുറിച്ച് ഒന്നുമറിയിക്കാതിരിക്കാന്‍ പാട് പെടുന്ന യശോധര കണ്ടെത്തുന്നതും അതാണ്‌സംഘര്‍ഷങ്ങള്‍ നിലച്ചു സമാധാനത്തിന്റെ ദിനങ്ങള്‍ വരുമ്പോള്‍ "ഞാനവളോടൊപ്പം അവളുടെ പേരിന്റെ ഉറവിടമായ കടല്‍ പങ്കിടുംഞാനവളെ ദ്വീപ്‌ കാണിച്ചു കൊടുക്കും.”

................

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/island-of-a-thousand-mirrors-by-nayomi-munaweera


(കഥകൊണ്ട് നേരിട്ട യുദ്ധങ്ങള്‍, Logos Books, പേജ് 71-83)

To purchase, contact ph.no:  8086126024


Saturday, April 19, 2025

Anil's Ghost by Michael Ondaatje

കുരുതിപ്പാടങ്ങളിലെ അശാന്ത സാന്നിധ്യങ്ങള്‍




ശ്രിലങ്കയില്‍ (പഴയ സിലോണ്‍) കുടിയേറിയ യൂറേഷ്യന്‍ വംശജരായ ബഹ്ഗര്‍ (Burgher) വിഭാഗത്തില്‍ ഡച്ച് – തമിഴ്-സിംഹള-പോര്‍ച്ചുഗീസ് സമ്മിശ്ര പൈതൃക ധാര അവകാശപ്പെടാവുന്ന കുടുംബത്തില്‍ ജനിച്ചു (1943) ഇംഗ്ലണ്ടിലും കാനഡയിലുമായി വളരുകയും വിദ്യാഭ്യാസം നേടുകയും ചെയ്ത മൈക്കല്‍ ഒണ്ടാറ്റ് യെ ഇന്നൊരു കനേഡിയന്‍ പൌരനാണ്. കവിയും നോവലിസ്റ്റുമായ അദ്ദേഹം തന്റെ രചനകള്‍ക്ക് മിത്തിക്മതാത്മക ചട്ടക്കൂടുകള്‍ നല്‍കാറുണ്ട് എന്നതു സുവിദിതമാണ്‌ആദ്യകാല കവിതകളില്‍ ട്രോജന്‍ പുരാണങ്ങളും 'In the Skin of a Lion' എന്ന നോവലില്‍ ഗില്ഗാമേഷിന്റെ പുരാണവും The English Patient-ല്‍ ബൈബിളിലെ ഗ്രെയില്‍ പുരാണവും ഉപയോഗിച്ചതു പോലെ Anil's Ghost എന്ന നോവലിലെത്തുമ്പോള്‍1983 -ല്‍ ആരംഭിച്ച ശ്രീലങ്കന്‍ ആഭ്യന്തര അടിയന്തരാവസ്ഥയുടെ മറവില്‍ അരങ്ങേറിയ ചേരിതിരിഞ്ഞുള്ള ഭീകര പ്രവര്‍ത്തനങ്ങളുടെ ചിത്രീകരണത്തിന് ബുദ്ധിസ്റ്റ് ചിഹ്നങ്ങളും ശ്രീലങ്കന്‍ ബുദ്ധിസത്തിന്റെ വിശുദ്ധ ഗ്രന്ഥങ്ങളില്‍ ഒന്നായ 'കുലവംശ'യില്‍ നിന്നുള്ള ദാര്‍ശനിക ഖണ്ഡങ്ങളും ഉപയോഗിക്കുന്നുണ്ട് *(1).   നോവലിന്റെ തുടക്കത്തിലൊരിടത്ത് ചൈനയിലെ ഷാന്‍സി പ്രവിശ്യയിലെ ദേവാലയത്തെ കുറിച്ചു നടത്തുന്ന വിവരണം ബുദ്ധിസത്തിന്റെ ആത്മീയ അന്തരീക്ഷവും ദാര്‍ശനിക ഘടനയും നോവലിലേക്ക് കൊണ്ട് വരുന്നുബോധിസത്വന്റെ ഇരുപത്തിനാല് അവതാരങ്ങളുടെ ഗുഹാചിത്രങ്ങളില്‍ കൊടുവാളുകളും മറ്റു പണിയായുധങ്ങളും നടത്തിയ പാടുകളില്‍ ചുവപ്പ് പ്രസരിച്ചത് മുറിവടയാളം പോലെ കാണപ്പെടുന്നതിനെ കുറിച്ച് നോവലില്‍ വിവരിക്കുന്നുണ്ട്: “ഒന്നും അനശ്വരമല്ല.” പാലിപാന അവരോടു പറഞ്ഞു. “അതൊരു പഴയ സ്വപ്നമാണ്കല എരിയുന്നുഒടുങ്ങുന്നുചരിത്രത്തിന്റെ വൈരുധ്യത്തോടൊപ്പം സ്നേഹിക്കപ്പെടുക എന്നതോഅതത്ര കാര്യവുമല്ല.” നോവലിന്റെ സമാപന അധ്യായത്തില്‍ ശ്രീലങ്കന്‍ കുരുതിപ്പാടങ്ങളെ നോക്കി നില്‍ക്കുന്ന ബുദ്ധന്റെയും ബോധിസത്വന്റെയും പ്രതിമകള്‍ ഇങ്ങനെ വിവരിക്കപ്പെടുന്നു: “ഇവിടമാണ്‌ ബുദ്ധിസവും അതിന്റെ മൂല്യങ്ങളും ഇരുപതാം നൂറ്റാണ്ടിന്റെ കടുത്ത രാഷ്ട്രീയ സംഭവങ്ങളെ നേരില്‍ കണ്ട ആ ഇടങ്ങള്‍.”

തലക്കെട്ടു സൂചിപ്പിക്കുന്ന പോലെ നോവലിലെ കേന്ദ്രത്തില്‍ അനില്‍ ടിസേരയാണ്പതിനഞ്ചു വര്‍ഷം മുമ്പ് തന്റെ പതിനേഴാം വയസ്സില്‍ ജന്മനാടായ ശ്രീലങ്ക വിട്ടു പോയ യുവതിഇന്ന് മനുഷ്യാവകാശ സംഘടനക്കു വേണ്ടി ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധത്തിന്റെ ഇരകളായി ദുരൂഹമായി കാണാതാവുന്നവരെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ അന്വേഷിച്ചത്തുന്ന ഫൊറെന്‍സിക് വിദഗ്ധസര്‍ക്കാര്‍ സൈന്യവുംവിമതരുംഭാഷാ ന്യൂനപക്ഷത്തിന്റെ വിഘടനവാദികളും ചേരുന്ന അത്യാചാരങ്ങളില്‍ അക്ഷരാരര്‍ത്ഥത്തില്‍ എരിയുന്ന നാട്ടില്‍, സര്‍ക്കാര്‍ നിയോഗിച്ച വഴികാട്ടിയായി ശരത് ദിയസേനയെന്ന അമ്പതോടടുത്ത പുരാവസ്തു ഗവേഷകന്‍ അനിലിനു കൂട്ടുണ്ട്എന്നാല്‍ വൈയക്തിക ദുരന്താനുഭവങ്ങളും ഏകാന്തതയും ഒപ്പം സംശയാസ്പദമായ രാഷ്ട്രീയ ബന്ധങ്ങളും അയാളെ കുറിച്ച് അനിലിനെ ചകിതയാക്കുന്നുണ്ട്അയാളുടെ ഭാര്യ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ,   അയാളുടെ ബന്ധുവിനു സര്‍ക്കാരുമായുള്ള ബന്ധം എങ്ങനെയാണ്ഇടയ്ക്കിടെ അയാള്‍ ദിവസങ്ങളോളം അപ്രത്യക്ഷനാകുന്നത് എങ്ങോട്ടാണ്അനിലിനു അയാളെ വിശ്വസിക്കാമോ തുടങ്ങി ഒട്ടേറെ ദുരൂഹതകള്‍. പക്ഷെ അവള്‍ക്കു മറ്റൊരു പോംവഴിയില്ല.

ബന്ദാരവേലക്കടുത്തുള്ള ആറാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന പുരാതനമായ സന്യാസിമാരുടെ ശ്മശാനത്തില്‍ കണ്ടെത്തുന്ന പഴക്കമില്ലാത്ത ഒരസ്തിപഞ്ജരം അതിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കുക എന്ന ദൗത്യത്തിലേക്ക് ഇരുവരെയും എത്തിക്കുന്നതാണ് നോവലിന്റെ ആദ്യഭാഗത്തെ ചടുലമാക്കുന്നത്ഗ്വാട്ടിമാലയിലെ കുരുതിപ്പാടങ്ങളില്‍ സമാനമായ ഒട്ടേറെ അനുഭവങ്ങളിലൂടെ കടന്നുപോന്നിട്ടുള്ള അനിലിനു അതത്ര ദുരൂഹമല്ല താനും. പുരാവസ്തു ഗവേഷണത്തിന്റെയും ഫൊറെന്‍സിക് നിരീക്ഷണങ്ങളുടെയും സാധ്യതകളിലൂടെ കണ്ടെത്തുന്ന നിഗമങ്ങള്‍ അധികൃതര്‍ മൂടിവെക്കാന്‍ ശ്രമിക്കുന്ന ഇരുണ്ട രഹസ്യങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുകദ്വീപിലെങ്ങും അരങ്ങേറുന്ന കുരുതികളുടെ തുടര്‍ക്കഥകളില്‍ സര്‍ക്കാരിന്റെ പങ്കിലേക്ക് വിരല്‍ചൂണ്ടുന്ന ആദ്യ വെളിപ്പെടുത്തല്‍ ആകാവുന്ന കണ്ടെത്തല്‍ ശരത്തിനെ ആകുലനാക്കുന്നുണ്ട്: “നിങ്ങള്‍ക്കു ചുറ്റുമുള്ള സുരക്ഷിതമല്ലാത്ത ഒരു നഗരത്തില്‍ സത്യം കൈകാര്യം ചെയ്യുന്നതില്‍ അപകടങ്ങള്‍ ഉണ്ടായിരുന്നു. ഒരു പുരാവസ്തു ഗവേഷകന്‍ എന്ന നിലയില്‍ ശരത് സത്യത്തെ തത്വത്തില്‍ വിശ്വസിച്ചു. എന്നുവെച്ചാല്‍സത്യത്തിനു വേണ്ടി അയാള്‍ ജീവന്‍ നല്‍കുമായിരുന്നുസത്യം കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടെങ്കില്‍” എന്ന് നോവലിസ്റ്റ്‌ എഴുതുന്നു. ഒരു ത്രില്ലറിന്റെ ഘടനയുള്ള ശ്രമങ്ങളിലൂടെ ശരത്തിന്റെ പഴയ കാല അദ്ധ്യാപകനും പുരാതന പാലി കൃതികളുടെയും ശിലാ ലിഖിതങ്ങളുടെയും വിവര്‍ത്തകനുമായ പാലിപാനയുടെ നിര്‍ദ്ദേശമനുസരിച്ചു തേടിപ്പിടിക്കുന്ന മുഴുക്കുടിയനായ ശില്‍പ്പി ആനന്ദ ഉദുഗാമയുടെ സഹായത്തോടെ അസ്ഥിപഞ്ജരത്തിനു മേല്‍ പുന: സൃഷ്ടിക്കപ്പെടുന്ന മുഖത്തിലൂടെ ആളെ തിരിച്ചറിയുന്നത്‌ വ്യക്തമായും വിരല്‍ ചൂണ്ടുക സര്‍ക്കാര്‍ ഇടപെടലിന് നേരെ തന്നെയാണ്‘നാവികന്‍’ എന്ന് അനിലും ശരത്തും പേരു നല്‍കുന്ന അസ്ഥിപഞ്ജരംനോവലിന്റെ കേന്ദ്ര പ്രമേയം തന്നെയായ സംഘര്‍ഷങ്ങളുടെയും അനിശ്ചിതത്വങ്ങളുടെയും ഹിംസാത്മകതയും പ്രതീകം തന്നെയായിത്തീരുന്നു. അഞ്ചു തലമുറകള്‍ ജീവിച്ചു പോയ വിക്രമസിംഗ കുടുംബത്തിന്റെ ആള്‍പ്പാര്‍പ്പില്ലാത്ത ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തില്‍ മൂവരും ചേര്‍ന്നു പ്രസ്തുത പുന:സൃഷ്ടി നടത്തുന്ന ഭാഗം, ഒണ്ടാറ്റ് യെയുടെ ഏറ്റവും പ്രശസ്ത കൃതിയായ The English Patient നെ ശക്തമായി ഓര്‍മ്മിപ്പിക്കുന്നുണ്ട് എന്ന് നിരീക്ഷിക്കപ്പെടുന്നു*(2).  ഏറെ കാല വിളംബത്തോടെയും ഏറെ നിര്‍ബന്ധിക്കപ്പെട്ടും മാത്രമെങ്കിലും പൂര്‍ത്തിയാക്കുന്ന ഈ പുന:സൃഷ്ടി ആനന്ദയില്‍ ഏല്‍പ്പിക്കുന്ന മാനസിക ക്ഷതം അയാളെ ആത്മഹത്യാശ്രമത്തിലേക്ക് വലിച്ചിഴക്കുന്നുണ്ട്.  അനില്‍ സമയോചിതമായി ഇടപെട്ടില്ലായിരുന്നെങ്കില്‍ സംഭവിച്ചേക്കാമായിരുന്ന ആ ദുരന്തം നോവലിലെ ഒരു കേന്ദ്ര പ്രമേയത്തെ കൂടി അടിവരയിടുന്നുശരത്തും ഗാമിനിയും പാലിപാനയും അനിലും മാത്രമല്ലഒരു വിധത്തിലല്ലങ്കില്‍ മറ്റൊരു വിധത്തില്‍ എല്ലാ കഥാപാത്രങ്ങളും യുദ്ധത്തിന്റെ കെടുതികള്‍ പേറുന്നവര്‍ തന്നെയാണ് എന്നതാണ് അത്ശരത്തിന്റെ സഹോദരനും അത്യാഹിത വിഭാഗം ഡോക്റ്ററുമായ ഗാമിനിയില്‍ നിന്ന് കിട്ടുന്ന സൂചനകളും ശരത്തിനെ കുറിച്ചുള്ള ദുരൂഹതകള്‍ തീര്‍ക്കുന്നതല്ലഭാര്യ ഉപേക്ഷിച്ചു പോയതിനെ തുടര്‍ന്ന് വ്യക്തിജീവിതത്തില്‍ നേരിട്ട നഷ്ടങ്ങളില്‍ നിന്നു മുഖം തിരിക്കാന്‍ ജോലിയില്‍ മുഴുസമയം മുഴുകുന്ന ഗാമിനിക്ക് ഇപ്പോള്‍ വ്യക്തി ജീവിതത്തിന്റെ നേരിയ നാട്യങ്ങള്‍ പോലുമില്ലഅയാള്‍ മരണം എത്തിപ്പിടിക്കാന്‍ ശ്രമിക്കുമ്പോള്‍സമാന ദുരന്തങ്ങളിലൂടെ കടന്നു പോന്നിട്ടുള്ള ശരത്തും അതേ ചോദനകള്‍ പിന്തുടര്‍ന്നു കൂടെന്നില്ല. മനസ്സും ആത്മാവും മരവിച്ചു പോയ ഗാമിനിയിലൂടെയാണ് പാശ്ചാത്യപൌരസ്ത്യ ഭിന്നതകള്‍ ഉള്‍പ്പടെ നിശിതമായ സാമൂഹിക നിരീക്ഷണങ്ങള്‍ പലതും നടത്തപ്പെടുന്നതുംശരത്തിനോട് എന്നതിലേറെ അനില്‍ അടുപ്പം സ്ഥാപിക്കുന്നതും അയാളോടാണ്ഒടുവില്‍ സംഘര്‍ഷങ്ങളുടെ ബാക്കിപത്രത്തില്‍ യഥാര്‍ത്ഥത്തില്‍ അതിജീവിക്കുന്നതും അയാളായിരിക്കും. എന്നാല്‍ നോവലന്ത്യത്തില്‍സ്വന്തം വ്യക്തിത്വം അര്‍ത്ഥശങ്കക്കിടമില്ലാത്ത വിധം സ്ഥാപിക്കുന്ന ശരത്തിന്റെ ആത്മത്യാഗത്തിലൂടെയും അനില്‍ സ്വയം കണ്ടെത്തിയ സത്യങ്ങളുടെയും ഫലമായി ജീവന്‍ തന്നെ അപകടത്തിലാകുന്ന ശ്രീലങ്കന്‍ സാഹചര്യത്തില്‍ നിന്ന് വിദേശത്തേക്ക് മാത്രമല്ലജീവിതത്തിലേക്ക് തന്നെയാണ് അവള്‍ തിരികെ പോകുക.   

ഏതെങ്കിലും ഒരു കഥാപാത്രത്തിന്റെ ഭൂതകാലത്തില്‍ നിന്നുള്ള ഒരു സംഭവത്തെ കുറിച്ചുള്ള ചെറു സൂചനകിലൂടെ തുടങ്ങുന്ന എട്ടു അധ്യായങ്ങളായാണ് നോവല്‍ വികസിക്കുന്നത്മിക്കവാറും രേഖീയമായികഥാപാത്രങ്ങളില്‍ ശ്രദ്ധയൂന്നി നടത്തപ്പെടുന്ന ആഖ്യാനം യുദ്ധമെങ്ങനെയാണ് ഓരോരുത്തെരെയും ബാധിച്ചത് എന്നതും അതിനു നല്‍കേണ്ടി വന്ന മാനുഷിക വിലയും അതെങ്ങനെയാണ്‌ ദേശം അനുഭവിച്ച ഹിംസാത്മകതയുടെ പങ്കു പറ്റുന്നത് എന്നും ആവിഷ്കരിക്കാന്‍ നോവലിസ്റ്റിനെ സഹായിക്കുന്നു. 'ശരത്', 'സന്യാസികളുടെ ഉപവനം', 'ഒരു സഹോദരന്‍', 'ആനന്ദ', ''ചുണ്ടെലി', 'ഹൃദ്സ്പന്ദങ്ങള്‍ക്കിടയില്‍', 'ജീവിത ചക്രം', 'അകലംഎന്നീ പേരുകള്‍ തന്നെ പാത്രവികാസത്തിലും ബുദ്ധിസ്റ്റ് ജീവിത ദര്‍ശനത്തിലും നോവലിനുള്ള താല്പര്യം സൂചിപ്പിക്കുന്നുണ്ട്.   എല്ലാ കഥാപാത്രങ്ങളും യുദ്ധം മൂലമുണ്ടായ വൈയക്തിക നഷ്ടങ്ങള്‍ നേരിട്ടുണ്ടെങ്കിലും അവരൊക്കെയും വീണ്ടും കാണാച്ചരടുകളിലൂടെ അതിനോട് ബന്ധിതരുമാണ്ഈയവസ്ഥ വ്യക്തമാക്കുന്ന ഒരു ചെറു സംഭവം ശരത് വിവരിക്കുന്നുണ്ട്കണ്ണുമൂടിക്കെട്ടിയ നിലയില്‍ ഒന്നുമറിയാത്ത ഒരു മനുഷ്യനെ രണ്ടു സായുധ സൈനികര്‍ കൊണ്ട് പോകുന്നു.   സൈക്കിളില്‍മറിഞ്ഞു വീഴാതിരിക്കാന്‍ അയാള്‍ക്ക് അതിലൊരാളുടെ കഴുത്തില്‍ ചുറ്റിപ്പിടിക്കേണ്ടി വരുന്നു.   നോവലിലുള്ള എല്ലാ കഥാപാത്രങ്ങളും തങ്ങള്‍ക്കിഷ്ടമല്ലെങ്കിലും തങ്ങളുടെ സ്വന്തമോ ദേശീയമോ ആയ ചരിത്രത്തിന്റെ ഹിംസയുമായി മുഖാമുഖം നിന്നേ പറ്റൂ.  ആ അര്‍ഥത്തില്‍ നോവലില്‍ അന്യായായ (outsider) ഒരു കഥാപാത്രം അനില്‍ മാത്രമാണ്അനാഥത്വത്തിന്റെ കുട്ടിക്കാലവും ബ്രിട്ടനിലും അമേരിക്കയിലുമായി ചെലവഴിച്ച ചെറുപ്പകാലവും മാത്രമല്ലസിംഹള ഭാഷ നന്നായി വശമില്ലാത്തതും ജന്മദേശത്തു ഏതാനും പരിചയക്കാര്‍ ഒഴികെ ആരുമില്ലാത്തതും അവളുടെ അന്യതാബോധം പൂര്‍ണ്ണമാക്കുന്ന ഘടകങ്ങളാണ്സിനിമയും പാട്ടുകളും ബൌളിംഗ്സ്വിമ്മിംഗ് വഴക്കങ്ങളും ചേര്‍ന്നുള്ള അവളുടെ അമേരിക്കന്‍ ജീവിത പരിസരം നല്‍കുന്ന ആധുനിക സങ്കല്‍പ്പങ്ങളും ഫോറെന്‍സിക്ക് പരിശീലനം നല്‍കുന്ന ശാസ്ത്രീയ സമീപനങ്ങളും അവയുടെ ഗുണാത്മകതക്ക് നേര്‍ക്കുനേര്‍ വിപരീതമായ ശ്രീലങ്കന്‍ യാഥാര്‍ത്ഥ്യങ്ങളുടെ എതിരറ്റത്താണ്.   നാടിന്റെ ഹിംസാത്മകതയല്ല അവളുടെ വ്യക്തിത്വത്തെ നിര്‍ണ്ണയിക്കുന്നത് എന്നത് തന്നെയാണ് അവയില്‍ നിന്ന് അകന്നു കഴിഞ്ഞ അവളെ വസ്തുതകളുടെ ഇരുണ്ട വശം അപകടകരമാം വിധം പിന്തുടരാന്‍ പ്രേരിപ്പിക്കുന്നതുംശരത്തിന്റെ ഭയപ്പാടുകളെ അവള്‍ തെറ്റിദ്ധരിക്കുന്നതും ഏറ്റവും കടുത്ത ഒരു ത്യാഗത്തിലൂടെ മാത്രം അവള്‍ക്കു മുന്നില്‍ സ്വയം തെളിയിക്കാന്‍ അയാള്‍ നിര്‍ബന്ധിതനാകുന്നതും ഈ 'പാശ്ചാത്യ - പൗരസ്ത്യവൈരുദ്ധ്യത്തിന്റെ പ്രകടഭാവമാണ്സത്യം പറയാതിരിക്കുക എന്നത് അതിജീവന മാര്‍ഗ്ഗമായിത്തീരുന്ന ശ്രീലങ്കന്‍ അവസ്ഥ പാശ്ചാത്യമായ ജനാധിപത്യ ബോധ്യത്തിന് അത്രമേല്‍ പരിചിതമല്ലസത്യവും നീതിയും ഒടുക്കാനാവുന്നതിലും വലിയ വില ആവശ്യപ്പെടുന്ന നാട്ടില്‍ സ്വാതന്ത്ര്യത്തിന്റെ അതീത തലങ്ങളിലേക്ക് ഒരാള്‍ക്ക് കടക്കാനാകുക ഒരു പക്ഷെ സംന്യാസത്തിന്റെ തലത്തില്‍ മാത്രമാകാം എന്ന് കൂടിയാണ് വയോധികനായ പാലിപാനിയുടെ പാത്രസൃഷ്ടിയിലൂടെ നോവലിസ്റ്റ് സൂചിപ്പിക്കുന്നത്.   അതാവട്ടെസര്‍വ്വം ത്യജിച്ചു മാത്രമേ സാധ്യമാകുകയുമുള്ളുഅന്ധനായിക്കഴിഞ്ഞ വയോധികന്‍ ബുദ്ധ സന്യാസിമാരുടെ ജീവിതക്രമം പോലെ വനത്തിലുള്ള പുരാതന സന്യാസി മഠത്തിലേക്ക്  ('Grove of Ascetics')മാത്രമല്ല പിന്‍ വാങ്ങിയിട്ടുള്ളത്അയാള്‍ ദേശീയ വിവാദങ്ങളിലൊന്നും ഇപ്പോള്‍ തല്‍പ്പരനല്ലദേശീയതയുടെയും വംശീയതയുടെയും പേരിലുള്ള യുദ്ധങ്ങള്‍ സന്യാസിയുടെ ആത്മീയ വ്യാപാരങ്ങളുമായി ചേര്‍ന്ന് പോകുന്നതല്ലനയോമി മുനവീരയുടെ 'ആയിരം കണ്ണാടികളുടെ ദ്വീപ്‌' (Island of a Thousand Mirrors) എന്ന നോവലില്‍ സിംഹളതമിഴ് സംഘര്‍ഷത്തിന്റെ ഫലമായി നടക്കുന്ന ഹിംസയെ കുറിച്ച് ഒരു കഥാപാത്രം നിരീക്ഷിക്കുന്നുണ്ട്: “ഇതൊരു ബുദ്ധമത രാജ്യമാണ്ഇവിടെ അത്തരം കാര്യങ്ങള്‍ സംഭവിക്കാന്‍ പാടില്ല.” പ്രാപഞ്ചിക ലോകവുമായി സവിശേഷ ബന്ധം സ്ഥാപിച്ചു കഴിഞ്ഞ അന്ധനായ വയോധികന്റെ തപോവനത്തില്‍ തന്റെ  'മിടിപ്പ് സുഷുപ്തിയിലായ പോലെലോകത്തിലെ ഏറ്റവും സാവധാനത്തിലുള്ള മൃഗം പുല്ലിലൂടെ നടക്കുന്നത് പോലെതന്നെക്കുറിച്ച് അനിലിനു തോന്നുന്നുണ്ട്.   വയോധികന്റെ കര്‍ണ്ണപുടങ്ങള്‍  'അകലെ വനങ്ങളിലെ പക്ഷിസ്വനങ്ങളും' 'ഇളം കാറ്റും തന്റെ മെലിഞ്ഞ മുഖത്തിനരികിലൂടെ കടന്നു പോകുന്ന ഇതര ശബ്ദ വീചികളുംതിരിച്ചറിയുന്നു എന്ന് അവള്‍ക്ക് തോന്നുന്നുനിരീക്ഷകന്റെ അഹംബോധം ചുറ്റുമുള്ള പ്രകൃതിയോട് വിലയം പ്രാപിക്കുന്നതായുള്ള ഈ തോന്നലുകള്‍ നോവലന്ത്യത്തില്‍ ആനന്ദയുടെ ശില്‍പ്പവേലയിലെ ജ്ഞാനോദയത്തിന്റെ ബുദ്ധനേത്ര വര്‍ണ്ണനയിലേക്കുള്ള സൂചകങ്ങള്‍ കൂടിയാണ്കാര്‍ട്ടേഷ്യന്‍ ദ്വന്ദ്വ ചിന്തയില്‍ പരിശീലിക്കപ്പെട്ട അനില്‍ സ്വയം നിര്‍വ്വചിക്കുന്നതിന്റെ ഭാഗമായി സഹോദരന്റെ പുരുഷ നാമം സ്വീകരിച്ചു സ്ത്രീനാമങ്ങളെ കുറിച്ചുള്ള സാമൂഹിക രീതിയെ ബഹിഷ്കരിച്ചവളാണ്.   എന്നാലിപ്പോള്‍ ആ പാശ്ചാത്യ സ്വത്വത്തില്‍ നിന്ന് അകലെ മറ്റൊരു തരം ബാഹ്യആത്മ ഏകീകരണം അവള്‍ നേരില്‍ കാണുന്നു.

കൂട്ടായ ജീവിതമെന്ന സങ്കല്‍പ്പങ്ങള്‍ പോലുമില്ലാത്ത ഒറ്റപ്പെടലാണ് എല്ലാ കഥാപാത്രങ്ങളും തങ്ങളുടെ ഭാഗധേയമായി കണ്ടെത്തുന്നത് എന്നതാണ് നോവലിനെ സംബന്ധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്നു ക്ലെയര്‍ മെസൂദ് നിരീക്ഷിക്കുന്നത് കൃത്യമാണ്. സഹോദരങ്ങളായ ശരത്തിനും ഗാമിനിക്കുമിടയില്‍ ഹൃദയ ഐക്യമില്ല. ‘നാവിക’ന്റെ പുനസൃഷ്ടിക്കുവേണ്ടി ഒരുമിക്കുന്ന മൂവരും അടിസ്ഥാനപരമായി പരസ്പരം അന്യരാണ്. അന്ധ സന്യാസിയും ഏതാണ്ട് പ്രവാചകനുമായ വയോധികന്‍ പാലിപാന മാത്രമാണ് പ്രശാന്തതയുടെ ജീവിതം കണ്ടെത്തുന്നത്. അതാവട്ടെവ്യാവഹാരിക ജീവിതത്തില്‍ നിന്നു സംന്യാസത്തിന്റെ പരിത്യാഗ അവസ്ഥയിലേക്കു കടന്നുകൊണ്ടു മാത്രവുമാണ്. ‘നോവലിസ്റ്റിന്റെ പുരോഭാഗമുള്ള കവി’യായ (Claire Messud) ഒണ്ടാറ്റ് യെയുടെ കാവ്യാത്മക ശൈലിയും സാന്ദ്ര ഗദ്യവും ന്യൂനോക്തിയില്‍ വരയ്ക്കപ്പെടുന്ന ചടുല രംഗങ്ങളും ചേര്‍ന്നു ഈ ഏകാന്തതയെ പൊലിപ്പിച്ചെടുക്കുകയും ചെയ്യുന്നു. അതേസമയം“ഒണ്ടാറ്റ് യേയുടെ നോവല്‍ ഫിക് ഷന്റെ ഏറ്റവും ഉദാത്തമായ ഒരു ദൗത്യത്തെ തൃപ്തിപ്പെടുത്തുന്നു: അത് സഹതാപത്തിലൂടെയും ഭയാനകതയിലൂടെയും (pity and terror) മനുഷ്യാവസ്ഥയെ പ്രകാശിപ്പിക്കുന്നു”*(3). 

References:

1. Michael Ondaatje’s Anil’s Ghost: Civil Wars, Mystics, and Rationalists - John Bolland -https://journals.lib.unb.ca/index.php/scl/article/view/12751/13699)

2. Claire Messud, ‘Glorious spectres, Claire Messud admires Michael Ondaatje's long-awaited new novel, Anil's Ghost, https://www.theguardian.com/books/2000/apr/29/fiction.reviews2, 29 Apr 2000

3.https://www.publishersweekly.com/9780375410536

Read more:

The Story of a Brief Marriage by Anuk Arudpragasam

https://alittlesomethings.blogspot.com/2024/08/the-story-of-brief-marriage-by-anuk.html

A Passage North by Anuk Arudpragasam

https://alittlesomethings.blogspot.com/2024/08/a-passage-north-by-anuk-arudpragasam.html

Ummath: A Novel of Community and Conflict by Sharmila Seyyid /Gita Subramanian

https://alittlesomethings.blogspot.com/2024/08/ummath-novel-of-community-and-conflict.html

Island of a Thousand Mirrors by Nayomi Munaweera 

https://alittlesomethings.blogspot.com/2015/05/blog-post_22.html

The Seven Moons of Maali Almeida by Shehan Karunatilaka

https://alittlesomethings.blogspot.com/2024/08/srilankan-conflict-novels-part-3.html