Featured Post

Showing posts with label Algerian Fiction. Show all posts
Showing posts with label Algerian Fiction. Show all posts

Thursday, May 1, 2025

The Dictator's Last Night by Yasmina Khadra / Julian Evans

ഗദ്ദാഫിയാവുന്നതിന്റെ ഏകാന്തത





    ഒരു പട്ടാള ഉദ്യോഗസ്ഥനായിരുന്ന അല്‍ജീരിയന്‍-ഫ്രഞ്ച് നോവലിസ്റ്റ് യാസ്മിന ഖദ്ര (മുഹമ്മദ്‌ മൌലേ സഹൂല്‍) (ദി സ്വാലോസ് ഓഫ് കാബൂള്‍ദി അറ്റാക്ക്‌ദി സൈറന്‍സ് ഓഫ് ബാഗ്ദാദ്)  താന്‍ വിട്ടേച്ചു പോന്ന യുദ്ധകാലാനുഭവങ്ങളുടെയും ശിഥിലമായ ദേശങ്ങളുടെയും നേര്‍ക്കാഴ്ചകളുടെ പിന്‍ബലത്തിലാണ് തന്റെ നോവലുകള്‍ രചിക്കുന്നത്. സൈന്യത്തിലെ സെന്‍സര്‍ഷിപ്‌ ഒഴിവാക്കാനുള്ള തന്ത്രമായാണ് അദ്ദേഹം സ്ത്രൈണമായ പേര് തൂലികാ നാമമായി സ്വീകരിച്ചത്. അള്‍ജീരിയന്‍ ആഭ്യന്തര യുദ്ധകാലത്ത് അജ്ഞാതനായിരിക്കുക എന്നത് മാത്രമായിരുന്നു എഴുത്ത് തുടരാനുള്ള അദ്ദേഹത്തിന്റെ മാര്‍ഗ്ഗം. പാശ്ചാത്യ ലോകം ഇതരലോകത്തെ നോക്കിക്കാണുന്ന രീതിക്ക് യാഥാര്‍ത്ഥ്യവുമായി പലപ്പോഴും ബന്ധമില്ലെന്നും ഒരു മുസ്ലിം എന്ന നിലയില്‍ മത തീവ്രവാദം പോലുള്ള വിഷയങ്ങളെ സമീപിക്കുന്ന രീതിയില്‍ വാര്‍പ്പു മാതൃകകള്‍ മാറ്റി വെക്കേണ്ടതുണ്ടെന്നും താന്‍ കരുതുന്നതായി ആദ്ദേഹം നിരീക്ഷിക്കുന്നു. താലിബാന് കീഴിലെ പെണ്‍ജീവിതത്തെ അടയാളപ്പെടുത്തുന്ന ദി സ്വാലോസ് ഓഫ് കാബൂള്‍ (2006) മുതല്‍ യാസ്മിന ഖദ്രയുടെ നോവലുകള്‍ ഏറെ പ്രശസ്തവും പുരസ്കാരങ്ങള്‍ നേടിയവയും ആണ്.

     പേര് പറയുന്നില്ലാത്ത ഒരു കരീബിയന്‍ ദേശത്തിന്റെ സര്‍വ്വാധിപതിയുടെ പതനം ആവിഷ്കരിക്കുന്ന മാര്‍ക്കേസിന്റെ ‘കുലപതിയുടെ ശിശിരം (The Autumn of the Patriarch)’, ഡൊമിനിക്കന്‍ ഏകാധിപതി റാഫേല്‍ ട്രുഹിയോയുടെ ജീവിതത്തിലെ അവസാന മണിക്കൂറുകള്‍ വിഷയമാക്കുന്ന യോസയുടെ ‘ആടിന്റെ വിരുന്ന് (The Feast of the Goat) തുടങ്ങിയ കൃതികളില്‍ പരിശോധിക്കുന്ന പ്രമേയമാണ് അധികാരത്തിന്റെ ഏകാന്തത. ഈ മാസ്റ്റര്‍പീസുകളുടെ ഇതിഹാസ മാനമോ ആഴമോ അവകാശപ്പെടാനാവില്ലെങ്കിലും ചടുലവും വികാര വിക്ഷുബ്ദവുമായ ഭാഷയില്‍ രചിക്കപ്പെട്ടസമാനമായ മറ്റൊരു ‘ഏകാധിപതിയുടെ പതന’ നോവലാണ്‌ ലിബിയയുടെ മുഅമ്മാര്‍ ഗദ്ദാഫിയുടെ അന്ത്യ രാവ് ചിത്രീകരിക്കുന്ന യാസ്മിന ഖദ്രയുടെ ‘ദി ഡിക്റ്റെറ്റേഴ്സ് ലാസ്റ്റ് നൈറ്റ്.’ ഗദ്ദാഫിയുടെ സ്വന്തം ആഖ്യാനം ആയാണ് നോവല്‍ വികസിക്കുന്നത്. ‘അന്താരാഷ്‌ട്ര വേദികളില്‍ തന്റെ അധികാര സ്ഥലം അടയാളപ്പെടുത്താനായി മൂത്രമൊഴിക്കുമായിരുന്ന അസൂയാലുവായ മെരുങ്ങാക്കടുവ’ ഇപ്പോള്‍ ട്രിപ്പോളിയില്‍ നിന്നുള്ള പാലായനത്തില്‍ സിര്‍ത്തെയിലെ ഉപേക്ഷിക്കപ്പെട്ട ഒരു സ്കൂളില്‍ കുടുങ്ങിക്കിടപ്പാണ്. 2011 ഒക്ടോബര്‍ പത്തൊമ്പതിന്റെ രാത്രി. നാറ്റോ ബോംബിംഗിന്റെയും റിബല്‍ സൈന്യത്തിന്റെ വെടിയുണ്ടകളുടെയും ഫലമായി കത്തിയെരിയുന്ന ആകാശത്തിനു ചുവടെ അയാളുടെ ജനറല്‍മാര്‍ ഒന്നുകില്‍ തളര്‍ന്നു പോയിരിക്കുന്നു, അല്ലെങ്കില്‍ സൈന്യത്തെ ഉപേക്ഷിച്ചു പാലായനത്തിലാണ്. പടിഞ്ഞാറിന്റെ പാവകളായ അറേബ്യന്‍ ഏകാധിപതികളില്‍ നിന്ന് വ്യത്യസ്തനായിപരസ്പരം പോരടിച്ചു ചിതറി നിന്ന ഗോത്രങ്ങള്‍ക്കിടയില്‍ നിന്ന് ലിബിയയെ ശക്തമായ ഒരു രാജ്യമാക്കി മാറ്റിയത് താനാണ്. റിബലുകളുടെ മുന്നേറ്റം തടഞ്ഞു നിര്‍ത്താനാവാത്ത ഘട്ടത്തില്‍ ഒരു കലുങ്കില്‍ അഭയം തേടുന്ന ഗദ്ദാഫി തന്റെ നാടിന്റെ നന്ദികേടില്‍ ക്രൂദ്ധനും നിസ്സഹായനുമാണ്. അവിടെ വെച്ചാണ് അയാള്‍ പിടിക്കപ്പെടുകയും അന്തിമ വിധി ഏറ്റുവാങ്ങുകയും ചെയ്യുക.


    ഒരേ സമയം എല്ലാവരെയും ചകിതരാക്കി കാല്‍ക്കീഴില്‍ നിര്‍ത്തുകയും വലിയ വായില്‍ സര്‍വ്വശക്തന്‍ ചമയുകയും ആത്മ രതിയുടെ ഊതി വീര്‍പ്പിച്ച സ്വന്തം സ്വത്വം മാധ്യമങ്ങളിലൂടെ നിരന്തരം നെടുനീളത്തില്‍ പ്രഘോഷിക്കുകയും പ്രജകളുടെ ഭയത്തില്‍ പിറന്ന മൗനത്തെ/ വിധേയത്വ ഭാവത്തെ തനിക്കുള്ള സര്‍വ്വ സമ്മതിയായി മനസ്സിലാക്കുകയും ചെയ്യുകയും ഒപ്പം ഏറെ വികാര വായ്പ്പോടെയും സൂക്ഷ്മ സംവേദന ഭാവത്തോടെ താന്‍ ഉണ്ടാക്കിയെടുത്ത ദേശത്തെ ചിറകിനടിയില്‍ സംരക്ഷിക്കാന്‍ വ്യഗ്രത കൊള്ളുകയും ചെയ്യുന്നഒട്ടേറെ വൈരുധ്യങ്ങള്‍ നിറഞ്ഞ വ്യക്തിത്വമായാണ് ഗദ്ദാഫി നോവലില്‍ സ്വയം വെളിപ്പെടുന്നത്. സ്വന്തം മകന്‍ മുതസ്സിമിനെ ഒഴികെ ആരെയും വിശ്വാസത്തിലെടുക്കാതെയും ഏതു നിമിഷവും ആരുടെ വാക്കിലും ഒരു പ്രകോപനം കണ്ടെത്തി അയാളെ വക വരുത്തുന്ന പ്രകൃതക്കാരനായും അയാള്‍ ഭീകരത സൃഷ്ടിക്കുന്നത് ഇപ്പോഴും തുടരുന്നു. സെക്യൂരിറ്റി ചീഫ് മന്‍സൂര്‍ ദാവോജന: അബുബക്കര്‍ യൂനിസ് ജബര്‍തുടങ്ങിയവരൊക്കെ ഈ ക്ഷിപ്രകോപ പ്രകൃതം അനുഭവിക്കേണ്ടി വരുന്നുണ്ട്. ബെന്‍ അലിയെ പോലുള്ള പല മന്ത്രിമാരും അടുത്ത അനുയായികളും രിബലുകളോട് ചേരുന്ന വിവരം വന്നു കൊണ്ടേയിരിക്കുന്നു.

     ബങ്കറില്‍ തന്റെ ഉറപ്പായ വിധി കാത്തു കഴിയുമ്പോഴും ജര്‍മ്മനിയെന്നാല്‍ താനാണെന്നു വീമ്പു പറഞ്ഞ ഹിറ്റ് ലറെ പോലെ ഗദ്ദാഫിയുടെ മൊഴികള്‍ ഒരു വശത്ത്‌ സ്വയം ‘ഉടല്‍ രൂപം പൂണ്ട ഇതിഹാസം (mythology made flesh)’  എന്നും “ലിബിയ എല്ലാത്തിനും എന്നോട് കടപ്പെട്ടിരിക്കുന്നു!” എന്നുമുള്ള താന്‍പോരിമയില്‍ അഭിരമിക്കുമ്പോള്‍ മറുവശത്ത്‌ വിധിയൊരുക്കിയ വഴിയിലാണ് താനെന്നു നിസ്സഹായമാവുന്നുമുണ്ട്;

ഒരൊറ്റ ആശയമേ ഉള്ളൂ.. നമ്മുടെ വിധിയെ വിശദീകരിക്കുന്ന ഒന്ന് മാത്രം. നാം അഭിനേതാക്കള്‍ മാത്രമാണ്നാം നമ്മള്‍ തന്നെ തെരഞ്ഞെടുത്തതാവണം എന്നില്ലാത്ത വേഷം ആടുകയാണ്സ്ക്രിപ്റ്റ് നോക്കാന്‍ അനുവാദവും ഇല്ല.”

ഇടവേളയില്‍ ഖുറാന്‍ പാരായണം ചെയ്യുകയും നോമ്പനുഷ്ടിക്കുകയും ചെയ്യുന്നയാള്‍ മയക്കുമരുന്നും കടിഞ്ഞാണില്ലാത്ത സ്ത്രീ സംസര്‍ഗ്ഗവും യഥേഷ്ടം തുടരുന്നുമുണ്ട്. റിബലുകളെ കുറിച്ച് ‘ഇവര്‍ ചെയ്യുന്നത് എന്താണെന്ന് ഇവരറിയുന്നില്ലെ’ന്നും താന്‍ അവരോടു ക്ഷമിക്കുന്നുവെന്നും ഒരേ സമയം കൃസ്തുവിനെ പോലെ വിനീതനാവുകയും ദൈവത്തെ പോലെ മഹാമനസ്കന്‍ ആവുകയും ചെയ്യുന്നു. ‘എന്തിനെന്നെ കയ്യൊഴിഞ്ഞു?’ എന്ന് വിലപിച്ച ദൈവ പുത്രനില്‍ നിന്ന് വ്യത്യസ്തനായിഒടുവിലത്തെ കൊടും പീഡനങ്ങളില്‍ നിന്ന് ഒരു വെടിയുണ്ടയിലൂടെ തന്നെ മോചിപ്പിക്കുന്ന വിധിയില്‍ ‘ദൈവം എന്നെ കൈവെടിയില്ല!’ എന്ന് അയാള്‍ ആശ്വസിക്കുന്നുമുണ്ട്. ചരിത്രപരമായി ഗദ്ദാഫിയുടെ അന്ത്യത്തെ കുറിച്ചും വെടിയുതിര്‍ത്തതാര്പിന്നീടെന്തു സംഭവിച്ചു തുടങ്ങിയ ചോദ്യങ്ങളിലും നോവലിസ്റ്റ് താല്‍പര്യം എടുക്കുന്നേയില്ല. എങ്ങനെയാണ് ഗദ്ദാഫി ഇതെല്ലാം നേരിട്ടത് എന്ന് ഫിക് ഷനല്‍ രൂപത്തില്‍ അന്വേഷിക്കുകയാണ് നോവലിസ്റ്റ്. വൈരുദ്ധ്യങ്ങളുടെ സങ്കരമായി തന്റെ ഏകാധിപതിയെ വരച്ചു വെക്കുന്നതിലൂടെ ഗദ്ദാഫിയെ സംബന്ധിച്ച മുഖ്യമായും പാശ്ചാത്യമായ കരികേച്ചര്‍ നിര്‍മ്മിതിയെ നോവലിസ്റ്റ് പൊളിച്ചെഴുതുന്നുണ്ട്. ലിബിയക്ക് വെളിയില്‍ അതിനാടകീയത ഇഷ്ടപ്പെട്ടസ്ത്രീകളെ അംഗ രക്ഷകരായി നിയമിച്ച ലോകത്തെ ഏക എകാധിപതിയായാണ് ഗദ്ദാഫി ചിത്രീകരിക്കപ്പെട്ടത്.

    ഗൌസ് ഗോത്രവംശജനായി തന്റെ ഏറ്റവും വിനീതമായ ബദൂയിന്‍ പാരമ്പര്യവും പിതൃത്വം സംബന്ധിച്ച അവമതിയും ഗദ്ദാഫിയെ എന്നും വേട്ടയാടിയിരുന്നുഒരു വേല ഈ അനുഭവങ്ങളാണ് അയാളുടെ പ്രകൃതം രൂപപ്പെടുത്തിയത് എന്ന് നോവല്‍ സൂചിപ്പിക്കുന്നു. 1941 –ല്‍ ഒരിക്കല്‍ തങ്ങളുടെ ദേശത്തു തകര്‍ന്നു വീണ ജര്‍മ്മന്‍ ഫൈറ്ററിന്റെ പൈലെറ്റ് കോര്‍സിക്കക്കാരന്‍ ആല്‍ബെര്‍ട്ട് പേര്‍സിയോസിയാണ് തന്റെ പിതാവെന്നു അപശ്രുതി കേട്ട യൗവ്വനകാലത്ത് ഗദ്ദാഫി അതോര്‍ത്ത് ഏറെ വിഷമിച്ചിരുന്നു. എന്നാല്‍ സിംഹാസനാവരോഹനത്തിനു ശേഷം അയാള്‍ കണ്ടെത്തി,

 “ഞാന്‍ എന്നില്‍ത്തന്നെ ജനിച്ചവനാണ്സ്വയം ജനിപ്പിച്ചവനും.”

ഒരാള്‍ എന്തായി സ്വയം ആക്കിത്തീര്‍ക്കുന്നുവോ അതാണ്‌ പ്രധാനംമറിയമിന്റെ പുത്രന്‍ ഈസായെ പോലെ. സോവിയറ്റ് യൂണിയന് സ്റ്റാലിന്‍ചൈനക്ക് മാവോഈജിപ്തിന് നാസര്‍ എന്ന പോലെ താനാണ് ലിബിയയുടെ ചരിത്രമാകുക എന്നയാള്‍ വിശ്വസിച്ചു. വന്ന വഴി മറക്കാത്ത പ്രകൃതംഒളിവിടത്തിലെ ഭക്ഷണ ദൌര്‍ലഭ്യം പട്ടിണി കിടന്നുള്ള തന്റെ ശീലം കൊണ്ട് മറി കടക്കുന്നുമുണ്ട്‌.

“ഞാനൊരു ബദൂയിന്‍ ആണ്നിസ്വരുടെ രാജാവ്രാജാക്കന്മാരിലെ ഏറ്റവും നിസ്വന്‍.”

താന്‍ ദുര മൂത്തവനെ പെരുമാറിയപ്പോള്‍ അവയെ പുച്ഛക്കാന്‍ വേണ്ടി മാത്രമായിരുന്നു എന്ന് ഗദ്ദാഫി പറയുന്നു. എന്നാല്‍തന്റെ ആദ്യപ്രണയമായിരുന്ന ഫാതെനിന്റെ പിതാവ് സ്കൂള്‍ ഹെഡ് മാസ്റ്ററെ പോലെ അതുപയോഗിച്ച് തന്നെ അപമാനിച്ചവരെ, അധികാരാരോഹണശേഷം ഒട്ടും കാരുണ്യപൂര്‍വ്വമായല്ല അയാള്‍ നേരിട്ടതും.

“എതിര്‍ക്കുന്നവരെ കീഴടക്കുന്നത്‌ പുതിയ ദേശങ്ങള്‍ കീഴടക്കും പോലെ ആസ്വദിച്ചു”

 എന്നാണു അയാള്‍ ഏറ്റുപറയുന്നത്. കിരീടധാരത്തിനു മൂന്ന് കൊല്ലങ്ങള്‍ക്ക് ശേഷം 1972-ല്‍ ഫാതെനിന്റെ ഭര്‍ത്താവ് ഇല്ലാകേസില്‍ വെട്ടയാടപ്പെട്ടപ്പോള്‍ അവള്‍ മൂന്നാഴ്ചക്കാലം ഗദ്ദാഫിയുടെ ലൈംഗിക തടവിലായി. പിതാവ് ‘അപ്രത്യക്ഷനായി’. ആദ്യപ്രണയം അവമാനത്തില്‍ ഒരുങ്ങിയതാണ് ഗദ്ദാഫിയെ ഒരു സ്ത്രീലമ്പടനാക്കിയത് എന്ന് ആഖ്യാനത്തില്‍ സൂചനയുണ്ട്. പൗരസ്ത്യ സംഗീതം ഒഴികെ ഒരു കലാ രൂപത്തിലും തനിക്കു താല്പര്യമില്ലെന്നും മണല്‍ക്കാടില്‍ കാറ്റടിക്കുന്ന ശബ്ദമാണ് തനിക്കേറെ ഇഷ്ടം എന്നും ഗദ്ദാഫി പറയുന്നുണ്ട്. 1969 ആഗസ്റ്റ്‌ മുപ്പത്തിയൊന്നിനു ഇദ്റീസ് രാജാവ് ചികിത്സാര്‍ത്ഥം വിദേശത്തായിരുന്ന സന്ദര്‍ഭത്തിലാണ് ഗദ്ദാഫിയുടെ അട്ടിമറി അരങ്ങേറുന്നത്. അടുത്ത കിരീടാവകാശി അധികാരം ഉപേക്ഷിച്ചപ്പോള്‍രാജാവ് പിന്നീട് തിരികെ വന്നതുമില്ല. ബെന്‍ഗാസി റേഡിയോയിലൂടെ ഗദ്ദാഫി തന്റെ ലിബിയന്‍ അറബ് റിപ്പബ്ലിക് പ്രാഖ്യാപിച്ചു. തന്റെ പാതിവെന്ത ഇസ്ലാമിക് സോഷ്യലിസമെന്ന വികലമായ ആശയം ഗ്രീന്‍ ബുക്ക്‌ എന്ന പേരില്‍ പാഠ പുസ്തകമാക്കി. ഉമര്‍ മുഖ്താറിന്റെ നാട്ടില്‍ ഇനി കുരിശു യുദ്ധക്കാര്‍ വേണ്ട എന്ന നിലപാടാണ് പാശ്ചാത്യ ശക്തികള്‍ക്ക് ഗദ്ദാഫിയെ ചതുര്‍ഥിയാക്കിയത്. നാട്ടില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്കെല്ലാം പിന്നില്‍ അല്‍ ക്വായിദയാണ് എന്ന പല്ലവി അധികാരം ഉറപ്പിക്കാനും അമിതാധികാര പ്രയോഗത്തെ ന്യായീകരിക്കാനും നിരന്തരം ഉപയോഗിക്കപ്പെട്ടു. തന്റെ വളര്‍ത്തു മകളെയടക്കം കൊലപ്പെടുത്തിയ അമേരിക്കന്‍ ആക്രമണത്തിനുള്ള ‘കൊലാറ്റെരല്‍ ഡാമേജ്’ ഇനത്തില്‍ ലോക്കെര്‍ബി വിമാന ദുരന്തത്തെ ന്യായീകരിക്കുന്നുണ്ട്‌ ഗദ്ദാഫി. അബു സലിം കൂട്ടക്കൊല കലാപകാരികളെ ഒതുക്കാന്‍ ആവശ്യമായിരുന്നു എന്നും ഇല്ലായിരുന്നെങ്കില്‍ അള്‍ജീരിയയില്‍ സംഭവിച്ച പോലെ അരാജകത്വം സംഭവിച്ചേനെ എന്നും ഗദ്ദാഫി ന്യായീകരിക്കുന്നു. തുടര്‍ന്ന് പത്തു വര്‍ഷം ലിബിയയില്‍ അരങ്ങേറിയ കിരാത ഭരണത്തിന്റെ അന്ത്യ്മായാണ് ഇപ്പോള്‍ അയാള്‍ മരണ വക്ത്രത്തില്‍ നില്‍ക്കുന്നത്.

    ഇതൊക്കെയാണെങ്കിലും അവമതിയുടെ നിമിഷങ്ങളില്‍ വായനക്കാരുടെ സഹതാപം അയാളോടൊപ്പം നില്‍ക്കുന്നുണ്ട്. “ഒരു ദിനം ഇരപിടിയനും അടുത്ത നാള്‍ ഇരയും” എന്ന രീതിയില്‍ അയാള്‍ ഭാവം പകരുന്നു. ‘സഹോദരതുല്യനായ വഴികാട്ടി’, ‘എന്നിലൂടെയാണ് മോക്ഷം’, ‘ഞാന്‍ കൊടുങ്കാറ്റിനെയോ അട്ടിമറികളെയോ ഭയപ്പെടുന്നില്ല’, ‘ദൈവം എന്നോടൊപ്പം’, ‘ഞാന്‍ മുഅമ്മര്‍ ഗദ്ദാഫി. വിശ്വാസം അചഞ്ചലമായിരിക്കാന്‍ അത് മതി’ .. എന്നൊക്കെയാണ് അയാള്‍ സ്വയം അവരോധിക്കുക. എന്നാല്‍ ഇപ്പോള്‍ജനറല്‍മാറില്‍ നിന്ന് അടുത്ത ചലനം എങ്ങനെഎങ്ങോട്ടായിരിക്കണം എന്ന വിവരമെത്താനായി കാത്തിരിക്കുന്ന ഘട്ടത്തിലെ ഓര്‍മ്മകള്‍ ചികയുന്ന ഇടവേളയില്‍ പതിവ് ഹെറോയിന്‍ കുത്തിവെപ്പിന്റെ മായികക്കാഴ്ച്ചകളായി ഏകാധിപതി യുടെ ഭരണകാലത്ത് അരങ്ങേറിയ കൂട്ടക്കുരുതികളും പ്രതികാര സന്ദര്‍ഭങ്ങളും ഇഴ കോര്‍ക്കുന്നു. ‘എന്റെ പൗരുഷം കൊണ്ട് ഞാന്‍ പ്രസാദിപ്പിച്ച സ്ത്രീകളും’ കീഴടക്കിയ ‘നിശ്ചേതനരായിപ്പോയ’ കന്യകമാരും പരാമര്‍ശിക്കപ്പെടുന്നുണ്ടെങ്കിലും ഗദ്ദാഫിയുടെ കുപ്രസിദ്ധമായ ഹാരെമുകളെ കുറിച്ചുള്ള വിവരണം അത് കുറിച്ചുള്ള മറ്റു ജനപ്രിയ ആഖ്യാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി വളരെ മിതത്വത്തോടെയാണ് നോവലിസ്റ്റ് നടത്തുന്നത്. ഭ്രമക്കാഴ്ചകളില്‍ നിര്‍ണ്ണായക ഘട്ടങ്ങളിലെല്ലാം കൂടെക്കൂടെ കടന്നു വരുന്ന വാന്‍ഗോഗ്ഒരു ഘട്ടത്തില്‍ പ്രത്യക്ഷനാകുന്ന സദ്ദാം ഹുസൈന്‍വെടിയുണ്ടയേറ്റ് ബോധം മറയുന്ന ഒരേയൊരു ഘട്ടത്തില്‍ എത്തുന്ന മാതാവ് എന്നിവരൊക്കെ തന്റെ അസ്തിത്വത്തിന്റെ അനിശ്ചിതത്വവുമായി അയാളെ മുഖാമുഖം നിര്‍ത്തുന്നുണ്ട്. ഹിഷാം മതാറിന്റെ ‘പുരുഷന്മാരുടെ നാട്ടില്‍ (In the Country of Men) പോലുള്ള കൃതികളില്‍ ആവിഷ്കരിക്കപ്പെട്ട ലിബിയന്‍ സാമൂഹിക പ്രതിസന്ധികള്‍ ഇവിടെ ഏകാധിപതിയുടെ തന്നെ അനുഭവ മണ്ഡലത്തില്‍ നിന്ന് നോക്കിക്കാണുകയാണ്.

 Also from Yasmina Khadra:

Swallows of Kabul by Yasmina Khadra

https://alittlesomethings.blogspot.com/2014/12/blog-post_26.html

Also read:

In the Country of Men by Hisham Matar

https://alittlesomethings.blogspot.com/2024/08/in-country-of-men-by-hisham-matar.html





(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ - 1: ലോഗോസ് ബുക്ക്സ് പേജ് 358-363)

To purchase, contact ph.no:  8086126024

Swallows of Kabul by Yasmina Khadra / John Cullen

അടഞ്ഞ കൂട്ടിലെ ചിറകടികള്‍



അല്‍ജീരിയന്‍-ഫ്രഞ്ച് നോവലിസ്റ്റ് യാസ്മിന ഖദ്ര (മുഹമ്മദ്‌ മൌലേ സഹൂല്‍) (ദി അറ്റാക്ക്‌ദി സൈറന്‍സ് ഓഫ് ബാഗ്ദാദ് ) താലിബാന്റെ കീഴിലുള്ള കാബൂളിനെ പശ്ചാത്തലമാക്കി രചിച്ച കൃതിയാണ് 'കാബൂളിലെ മേവല്‍ പക്ഷികള്‍' (The Swallows of Kabul). ഒരു പട്ടാള ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം താന്‍ വിട്ടേച്ചു പോന്ന യുദ്ധകാലാനുഭവങ്ങളുടെയും ശിഥിലമായ ദേശങ്ങളുടെയും നേര്‍ക്കാഴ്ചകളുടെ പിന്‍ബലത്തിലാണ് തന്റെ നോവലുകള്‍ രചിക്കുന്നത്താലിബാന് കീഴെ ജീവിക്കുക എന്നത് പിന്തുണക്കുന്നവര്‍ക്കും വിമതര്‍ക്കും ഒരു പോലെ എത്ര മാത്രം ദൗര്‍ഭാഗ്യകരമാണെന്ന് എന്ന് ചടുലവും ഹ്രസ്വവും ഒപ്പം കാവ്യാത്മകവുമായ ഭാഷയില്‍ നോവല്‍ വരച്ചു കാട്ടുന്നു.

എവിടെ നോക്കിയാലും യുദ്ധമേഖലകളും വിജന പ്രദേശങ്ങളും സെമിത്തേരികളും തകര്‍ന്ന വീടുകളും പാതി കരിഞ്ഞ ചവറ്റുകൂനകളടിഞ്ഞ തെരുവുകളും മാത്രമുള്ള, അതൊക്കെയും ആവേശിച്ച ചത്ത മനസ്സുകളുള്ള മനുഷ്യരും പ്രേത രൂപികളായ സ്ത്രീകളുമുള്ള നഗരമാണ് കാബൂള്‍.

ആളുകള്‍ക്ക് ഭ്രാന്ത് പിടിച്ചിരിക്കുന്നുഅവര്‍ രാത്രിയെ അഭിമുഖീകരിക്കാനായി പകലിനോട് മുഖം തിരിക്കുന്നു,.. പ്രവാചകന്മാര്‍ മരിച്ചു പോയിരിക്കുന്നുഅവരുടെ പ്രേതങ്ങള്‍ കുഞ്ഞുങ്ങളുടെ ഹൃദയങ്ങളില്‍ പോലും കുരിശേറ്റപ്പെടുന്നു.” 

എങ്കിലും ജീവിതം അവസാനിക്കുന്നില്ല, “തളം കെട്ടിയ ചതുപ്പില്‍ ജലത്തിലെ ലില്ലിപ്പൂക്കള്‍ വിടരുന്നത് പോലെഅതിപ്പോഴും അവിടെയുമുണ്ടെന്നു നോവല്‍ ശുഭാപ്തി പകരുന്നുഈ പാഴ് ത്തറയില്‍ നമ്മളാദ്യം കാണുന്നത് ആതിഖ്‌ ഷൌക്കത്ത് എന്ന, നാല്‍പ്പത്തിരണ്ടാം വയസ്സില്‍ ജീവിതത്തില്‍ മടുപ്പും യാതനകളും മാത്രമുള്ള ജയിലറെയാണ്. മുമ്പ് സോവിയറ്റ്‌ അധിനിവേശ കാലത്ത് അയാളൊരു സൈനികനായിരുന്നുആള്‍ക്കൂട്ടത്തിനിടയിലൂടെ അവരെ തള്ളിയും തല്ലിയും മാറ്റി അയാള്‍ വഴി കണ്ടെത്തുന്നത് ഇന്നയാള്‍ക്ക് ഒരു തടവ്‌ പുള്ളിയെവേശ്യാവൃത്തി ആരോപിക്കപ്പെട്ട ഒരു സ്ത്രീയെഅവരെ എറിഞ്ഞു കൊല്ലുന്ന ചത്വരത്തിലേക്ക് അനുഗമിക്കാനുള്ളത് കൊണ്ടാണ്അവരെ ഒരു ചാക്കിലാക്കി താലിബാന്‍ പട്ടാളക്കാരികളെ ഏല്‍പ്പിക്കണം. തനിക്ക് ധൃതിയുണ്ടെന്നും താനേറെ സ്നേഹിക്കുന്ന ഭാര്യയെ ആശുപത്രിയിലേക്ക് കൊണ്ട് പോകേണ്ടതുണ്ടെന്നും അയാള്‍ മേലധികാരിയോടു പറയുന്നുണ്ട്സ്ത്രീകളെ തുല്യരായി കാണുന്നത് പോയിട്ട് അവളെ 'സ്നേഹിക്കുകഎന്നത് തന്നെയും ഒരു ദൗര്‍ബല്യമായി കാണുന്നതാണ് താലിബാന്‍ രീതികളിക്കൂട്ടുകാരനായിരുന്ന മിര്‍സാ ഷാ പിന്നീട് അത് വ്യക്തമാക്കുന്നുണ്ട്രോഗിയാണെങ്കില്‍ അവളെ മൊഴി ചൊല്ലിയാല്‍ പോരെഎന്നിട്ട് വേറെ കെട്ടണംതന്റെ ജീവന്‍ ഒരിക്കല്‍ രക്ഷിച്ചത് അവളാണെന്നും അവളെ ഉപേക്ഷിക്കാനാവില്ലെന്നും പറയുന്ന ആതിഖിനോട് അയാള്‍ക്ക്‌ വിശദീകരണമുണ്ട്. പുരുഷന് സ്ത്രീയോട് ഒരു കടപ്പാടും ആവശ്യമില്ലഅവള്‍ നിന്നെ രക്ഷിച്ചിട്ടുണ്ടെങ്കില്‍ അത് ദൈവ നിയോഗം മാത്രംമറിച്ച് നീ അവളെ വിവാഹം ചെയ്തെങ്കില്‍ അവളാണ് നിന്നോട് കടപ്പെട്ടിരിക്കുന്നത്.

ചലച്ചിത്ര ഘടനയിലെന്നോണം മാറുന്ന ഫോക്കസില്‍ നമ്മള്‍ കാണുന്ന മറ്റൊരു പ്രധാന കഥാപാത്രം മൊഹ്സിന്‍ റാമത് ആണ്സമ്പന്നനായിരുന്ന ഒരു വ്യാപാരിയുടെ മകനായിരുന്ന അയാള്‍ ഒരു ഡിപ്ലോമാറ്റ്‌ ആവുന്നത് സ്വപ്നം കണ്ടിരുന്നുതാലിബാന്‍ അധികാരത്തില്‍ എത്തിയതോടെ സ്വപ്നങ്ങളില്ലാതായ അനേകരില്‍ ഒരാള്‍മടുപ്പും ഒന്നും ചെയ്യാനില്ലായ്മയും ചേര്‍ന്ന് സ്വന്തം മാനസിക സന്തുലനം നില നിര്‍ത്തുക ഒരു പ്രശ്നമായിത്തീര്‍ന്നിട്ടുണ്ട് അയാള്‍ക്കുംപരസ്യ വധ ശിക്ഷാ മുറക്ക് എതിരാണയാള്‍. എന്നാല്‍ ഇന്ന് തനിക്ക് തന്നെ അറിയാതെ അയാള്‍ കല്ലെറിയുന്ന ഉന്മാദം പിടിപെട്ട ആള്‍ക്കൂട്ടത്തിന്റെ ഭാഗമാകുന്നുആദ്യമായി ആ സ്ത്രീയുടെ തലക്കേറ്റ ഏറ് തന്റെതായിരുന്നു എന്ന ചിന്ത പിന്നീടയാളെ വേട്ടയാടുംതന്റെ ഭാര്യ സുനൈറയോട് അയാളത് ഏറ്റു പറയുന്നത് കൂടുതല്‍ വിഷമകരമായ അവസ്ഥയാണുണ്ടാക്കുന്നത്അതീവ സുന്ദരിയായ സുനൈറ ഏറെ വിവാഹാലോചനകള്‍ തള്ളിക്കളഞ്ഞാണ് മൊഹ്സിനെ വിവാഹം ചെയ്തത്. മുപ്പത്തിരണ്ടുകാരിയായ അവര്‍ താലിബാന് മുമ്പ് ഒരു മജിസ്ട്രേറ്റ്‌ ആയിരുന്നുഒപ്പം സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടി യത്നിച്ചിരുന്നവളുംഭര്‍ത്താവിന് ആര്‍ജ്ജവം നഷ്ടപ്പെട്ടു തുടങ്ങുന്നുവെന്ന അറിവ് അവര്‍ കൂടുതല്‍ ഉള്‍വലിയാന്‍ കാരണമാവുന്നുമടുപ്പും മുഷിപ്പും മാറ്റാന്‍ ഒന്ന് പുറത്തിറങ്ങാമെന്നു നിര്‍ദ്ദേശിക്കുന്ന മൊഹ്സിനെ സുനൈറ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുപര്‍ദ്ദ എന്ന വ്യക്തിത്വ ഹരണ വസ്ത്രം ധരിക്കാനുള്ള വെറുപ്പ്‌ കാരണം പുറത്തിറങ്ങാതിരിക്കുക എന്നതിലാണ് അവര്‍ക്ക് താല്പര്യംഅല്ലെങ്കില്‍ തന്നെ പുറത്തിറങ്ങിയിട്ട് ഈ പള്ളിക്കാടിന്റെ നഗരത്തില്‍ എന്ത് ചെയ്യാനാനെന്നു അവള്‍ ചോദിക്കുന്നുഎങ്കിലും മൊഹ്സിന്റെ താല്പര്യത്തിന് അവര്‍ വഴങ്ങുന്നു.

ഒരു നിമിഷത്തെ ഒരു ആകസ്മികതയില്‍ തെരുവില്‍ വെച്ച് ആതിഖ്‌, സുനൈറയെയും മൊഹ്സിനെയും തട്ടി വീഴ്ത്താന്‍ ഇടയാവുന്നുമാപ്പുപറയാന്‍ പോലും നില്‍ക്കാതെ ഓടിപ്പോവുന്ന അയാളെ പഴി പറഞ്ഞു അടുത്ത നിമിഷം അവര്‍ ചിരിച്ചു പോവുന്നുഎന്നാല്‍ താലിബാന്‍ നഗരത്തില്‍ ചിരിക്കരുതെന്ന പാഠം അവര്‍ മറന്നു പോയി. 'ഇത് സര്‍ക്കസ്‌ ആണെന്നാണോ നിങ്ങള്‍ കരുതുന്നത്എന്ന ചോദ്യത്തോടെ ഒരു താലിബാന്‍ ഗുണ്ട മൊഹ്സിനെ കഠിനമായി പ്രഹരിക്കുന്നുരംഗത്ത് കൂടുതല്‍ താലിബാന്‍ പോരാളികള്‍ എത്തുന്നതോടെ ഭയന്ന് ചൂളിപ്പോവുന്ന മൊഹ്സിനോട്, തൊട്ടടുത്ത പള്ളിയില്‍ നടക്കുന്ന മുല്ലയുടെ പ്രസംഗം കേള്‍ക്കാന്‍ പോവാന്‍ നേതാവ് നിര്‍ദ്ദേശിക്കുന്നുഅത് കഴിയും വരെ ഭാര്യ തെരുവില്‍ കാത്തു നില്‍ക്കും.  പോംവഴിയേതുമില്ലാതെ മുല്ലയുടെ മണിക്കൂറുകള്‍ നീണ്ട പാശ്ചാത്യ ലോകത്തിനെതിരെയുള്ള വിദ്വേഷ പ്രസംഗം കേട്ടിരിക്കുന്ന മൊഹ്സിന്റെ മനസ്സില്‍ മുഴുവനും പൊരിവെയിലത്ത് താന്‍ വെറുക്കുന്ന പര്‍ദ്ദയില്‍ മൂടി കാത്തു നില്‍ക്കുന്ന സുനൈറയാണ്ഈ സംഭവത്തോടെ സുനൈറ പരിപൂര്‍ണ്ണമായും തന്റെ ഉള്ളിലേക്ക് വലിയുന്നുപിന്നീടൊരിക്കലും പര്‍ദ്ദ അവള്‍ അഴിച്ചു വെക്കുന്നില്ലവീട്ടിനകത്ത് പോലുംമൊഹ്സിനാകട്ടെ അവളുടെ ജീവിതത്തില്‍ നിന്ന് നിഷ്ക്കാസനം ചെയ്യപ്പെടുകയും ചെയ്യുന്നു. "നിന്റെ മുഖം മാത്രമാണ് എനിക്കുള്ള ഒരേയൊരു സൂര്യന്‍അതെന്നില്‍ നിന്നും മറക്കരുത്എന്ന് കെഞ്ചുന്ന അയാളോട്, “ഒരു സൂര്യനും രാവിനെതിരെ പിടിച്ചു നില്‍ക്കാനാവില്ലഎന്ന് അവള്‍ പ്രതിവചിക്കുന്നുഅവളുടെ മനസ്സില്‍ അയാളും താലിബാന്‍ മുഖമുള്ള പുരുഷന്‍ ആയിത്തുടങ്ങിയിരിക്കുന്നുഎന്നാല്‍ അവളുടെ പ്രതികരണവും ഒരു മത ഭ്രാന്തിന്റെ തീവ്രതയുള്ളതാണെന്നു കുറ്റപ്പെടുത്തുന്ന മൊഹ്സിനോട്അങ്ങനെയെങ്കില്‍ നിങ്ങളാദ്യം പോയി അവര്‍ക്കെതിരില്‍ നിലപാടെടുക്കൂഎന്നിട്ട് അവരെ തിരുത്തിക്കൂഅപ്പോള്‍ ഞാന്‍ സസന്തോഷം പര്‍ദ്ദയഴിക്കാം എന്ന് അവള്‍ പ്രതിവചിക്കുന്നുനിങ്ങളുടെ ഭാര്യയുടെ നേരെ ഒരുത്തന്‍ കൈ ചൂണ്ടിയപ്പോള്‍ എവിടെയായിരുന്നു ഈ ശൗര്യമെന്ന വെല്ലുവിളി കൂടെയാവുമ്പോള്‍ അയാള്‍ പുരുഷാധിപത്യ പരമായ 'ഭര്‍ത്താവിന്റെ അവകാശ'മെന്ന ഭീഷണിയിലേക്ക് മാറുന്നുതുടര്‍ന്നുണ്ടാവുന്ന കയ്യേറ്റവും ചെറുത്തുനില്‍പ്പും അയാളുടെ ആകസ്മിക മരണത്തിനു കാരണമാവുന്നു.

യാസ്മിന്‍ ഖദ്രയുടെ നോവലുകളില്‍ പൊതുവേ കാണപ്പെടുന്ന ഒരു രീതിയാണ് താരതമ്യേന വിശദമായ മൂന്നില്‍ രണ്ടു ഭാഗത്തിന് ശേഷം ഒരു ത്രില്ലറിന്റെ ചടുലതയും വേഗതയുമുള്ള അവസാന മൂന്നിലൊന്നിലേക്കുള്ള മാറ്റംദി അറ്റാക്ക്ദി സൈറന്‍സ് ഓഫ് ബാഗ്ദാദ് എന്നീ കൃതികളില്‍ ഇത് വ്യക്തമാണ്ചിലപ്പോഴെങ്കിലും അത് ഒരു റോബര്‍ട്ട് ലുഡ് ലം നിലവാരത്തിലേക്ക് താഴുന്നുണ്ടെന്നു വിമര്‍ശനമുണ്ട്സുനൈറ ജയിലെലെത്താനിടയാവുന്ന ഘട്ടം വരെയുള്ള ആഖ്യാനത്തില്‍ ഉള്ള അവധാനത പോലും ഇനിയുള്ള ഭാഗങ്ങളില്‍ ഇല്ല.

ഭര്‍തൃ ഘാതകിയെന്ന പേരില്‍ ആതിഖിന്റെ ജയിലിലെത്തുന്ന സുനൈറയുടെ ഹൃദയ ഭേദകമായ സൗന്ദര്യവും നിരപരാധിത്വവും ആതിഖിനെ വല്ലാത്തൊരു മാനസികാവസ്ഥയില്‍ എത്തിക്കുന്നുനിത്യ രോഗിയായി നാളുകള്‍ എണ്ണിത്തുടങ്ങിയ അയാളുടെ ഭാര്യ മുസറാത്‌ അതീവ നാടകീയമായ ഒരു ചലനത്തിലൂടെ ആള്‍മാറാട്ടം നടത്തി സുനൈറയെ വധശിക്ഷയില്‍ നിന്ന് രക്ഷിക്കാന്‍ വഴി കണ്ടെത്തുന്നുതന്റെ ഭര്‍ത്താവിന്റെ കൂടെ തന്റെ സ്ഥാനത്ത് അവള്‍ക്കു കഴിയാംഎനിക്ക് നിങ്ങളുടെ ജീവിതത്തില്‍ ആവാന്‍ കഴിയാതെ പോയതൊക്കെയും അവളാവും!' എന്നാല്‍ പിന്നീട് അയാളെ നാം കാണുന്നത് പരസ്യ വധശിക്ഷ കഴിഞ്ഞ രാവില്‍ സര്‍വസ്വവും നഷ്ടപ്പെട്ടു മുസറാത്തിന്റെ കുഴിമാടത്തില്‍ ഇരുന്നു കരയുകയും തെരുവുകളിലൂടെ കണ്ട സ്ത്രീകളെയെല്ലാം പര്‍ദ്ദയുടെ മുഖാവരണം നീക്കിയും ശല്യം ചെയ്തും ഭ്രാന്തനെ പോലെശിക്ഷാ നടത്തിപ്പുകളുടെ മേല്‍ നോട്ടക്കാരനായ കാസിമിന്റെ ഹാരമില്‍ ഒടുങ്ങിയിരിക്കാനിടയുള്ള സുനൈറയെ അന്വേഷിച്ചു അലയുകയും ചെയ്യുന്ന നിലയിലാണ്അയാളുടെ ചെയ്തിയില്‍ 'മാനംനഷ്ടപ്പെടുന്ന പുരുഷന്മാരുടെ മാരകമായ കയ്യേറ്റത്തില്‍ അയാള്‍ കുഴഞ്ഞു വീണു നിശ്ചലനാവുന്നത് ഒരു കുരിശു മരണത്തെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ നോവലില്‍ അവതരിപ്പിക്കുന്നു. “അയാളെ തൂക്കിക്കൊല്ലുകകുരിശേറ്റുക ! ജീവനോടെ ചുട്ടു കൊല്ലുക!" എന്നാര്‍ക്കുന്ന ആള്‍ക്കൂട്ടം.

പിന്നീടുണ്ടാവുന്നത് ഗാംഭീര്യമുള്ള തീവ്ര നിശ്ശബ്ദതയാണ്കണ്ണുകളടക്കവേതന്റെ ഉറക്കം രാവിന്റെ രഹസ്യങ്ങള്‍ പോലെ ആഴമളക്കാനാവാത്തതാവണേ എന്ന് അയാള്‍ പൂര്‍വ്വികരോട് പ്രാര്‍ത്ഥിക്കുന്നു.”

 

    സൈന്യത്തിലായിരുന്നപ്പോള്‍ മേലധികാരികളുടെ പരിശോധനക്കും അംഗീകാരത്തിനും താനെഴുതിയതൊക്കെയും വിധേയമാക്കേണ്ടി വരുന്ന പ്രയാസം ഒഴിവാക്കാന്‍ വേണ്ടിയായിരുന്നെങ്കിലും ഒരു സ്ത്രീയുടെ പേര് തൂലികാ നാമമായി നോവലിസ്റ്റ് സ്വീകരിച്ചത് കൂടുതല്‍ പ്രസക്തമാണ്താലിബാന്‍ സമൂഹത്തിന്റെ പ്രതീകങ്ങളായ പുരുഷ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് ഇതിവൃത്തം വികസിക്കുന്നതെങ്കിലുംനോവലിന്റെ വൈകാരിക സാന്ദ്രത സുനൈറയെയും മുസറാത്തിന്റെയും ജീവിതാനുഭവങ്ങളില്‍ നിന്നുമാണ് ഉരുത്തിരിയുന്നത്സഹനത്തിന്റെ ഉദാത്ത ഭാവങ്ങളും പ്രതികൂലാവസ്ഥകള്‍ക്കിടയിലും ജീവിത സങ്കീര്‍ണ്ണതകള്‍ക്ക് പ്രായോഗിക പോംവഴികള്‍ കണ്ടെത്തുന്ന അവരുടെ ഇടപെടലുകളും എല്ലാത്തിനും കീഴ്പ്പെടുക മാത്രം ചെയ്യുന്ന അവരുടെ ഭര്‍ത്താക്കന്മാരെക്കാള്‍ അവരുടെ മാനവികത സമര്‍ഥിക്കുന്നുതാലിബാന്‍ സമൂഹത്തിന്റെ ഇതര വശങ്ങളും അനുഭവ വേദ്യമാകുന്നത് മറ്റു ഉപകഥാപാത്രങ്ങളി ലൂടെയും സന്ദര്‍ഭങ്ങളിലൂടെയുമാണ്നോവലിന്റെ തുടക്കത്തില്‍ തന്നെ കാണാവുന്ന ഒട്ടു മിക്ക മനുഷ്യരും വികലാംഗരായിപ്പോയിട്ടുള്ള അവസ്ഥ എല്ലാവരും ഒരര്‍ഥത്തില്‍ പഴയ യുദ്ധപ്പോരാളികള്‍ അല്ലെങ്കില്‍ ഇരകള്‍ ആണെന്നും അതാണ്‌ കാബൂള്‍താലിബാന്‍ ജീവിതമെന്നും സൂചിപ്പിക്കുന്നുശ്മശാനങ്ങള്‍ തെരുവുകളെ കയ്യേറുന്ന നഗരമെന്ന വിശേഷണം മരണം ഒരു നിത്യ നിദാന്ത സത്യമാവുന്ന കലാപ ഭൂമിക്ക് ചേരുന്നതു തന്നെപാശ്ചാത്യ അധിനിവേശത്തിനെതിരിലും ഇസ്ലാം സംരക്ഷണത്തിന് വേണ്ടിയും രക്തസാക്ഷികളാവുന്ന വരുടെ ജഡം അഴുകില്ലെന്നും അതിനെപ്പോഴും സുഗന്ധമായിരിക്കുമെന്നു വിശ്വസിക്കുന്ന സാമാന്യ ബോധം എങ്ങനെയാണ് മൌലിക വാദ സമൂഹം അന്ധ വിശ്വാസ ബദ്ധമായി പ്പോവുന്നതെന്ന് വ്യക്തമാക്കുന്നുതങ്ങളുടെ വിധിയുടെ കെണിയില്‍ രക്ഷപ്പെടാനാവാത്ത വിധം പെട്ടുപോയിട്ടുള്ള സാധാരണക്കാരുടെ പ്രതിനിധിയായ വികലാംഗനായ വൃദ്ധന്‍ നസീഷ്‌ ഒരിക്കലും രക്ഷപ്പെടാനാവില്ലെങ്കിലും എപ്പോഴും പുറപ്പെട്ടു പോകുന്നത് സ്വപ്നം കാണുന്നുഖാസിം അബ്ദുല്‍ ജബ്ബാര്‍ എന്ന ശിക്ഷാവിധി നടത്തിപ്പുകാരന്‍ 'കാര്യങ്ങള്‍ (പരസ്യ വധശിക്ഷകള്‍വൃത്തിയായും വെടിപ്പായുംനടത്താന്‍ കഴിയുന്നതില്‍ അഭിമാനിക്കുന്നത്ഫണ്ടമെന്റലിസ്റ്റ് കാഠിന്യങ്ങളുടെ നിര്‍വ്വികാര മുഖം വ്യക്തമാക്കുന്നുപരസ്യ വധശിക്ഷാ നടത്തിപ്പിന്റെ ആദ്യ രംഗത്തില്‍ വെച്ചാണ് രണ്ടു ദമ്പതിമാരുടെയും ജീവിതങ്ങള്‍ പരസ്പരം ഇഴ കോര്‍ക്കുന്നത്മറ്റൊരു പരസ്യ വധ ശിക്ഷാ നടത്തിപ്പില്‍ എല്ലാം ഒടുങ്ങുകയും ചെയ്യുന്നുസ്ത്രീകളുടെ അപമാനവീകരണവും ശിക്ഷാ വിധികളുടെ വേട്ടയാടലും അടഞ്ഞ സമൂഹത്തിലെ ജീവനോടെയടക്കലും മറ്റൊരു ഫണ്ടമെന്റലിസ്റ്റ് സമൂഹത്തിന്റെ പശ്ചാത്തലത്തില്‍ സമാനമായ ഒരു വേട്ടയുടെയും അവസാനമില്ലാത്ത സഹനത്തിന്റെയും കഥ പറയുന്ന ഒരു മാസ്റ്റര്‍പീസിനെ ഓര്‍മ്മിപ്പിക്കുന്നുണ്ട്പതിനേഴാം നൂറ്റാണ്ടിന്റെ പ്യൂരിറ്റന്‍ മസാച്ചുസെറ്റ് പശ്ചാത്തലമാക്കി നാഥനീല്‍ ഹോതോണ്‍ രചിച്ച 'ദി സ്കാര്‍ലെറ്റ് ലെറ്റര്‍എന്ന കൃതിയെ.

(published in Deshabhimani Weekly 27-12-2014)

(കഥകൊണ്ട് നേരിട്ട യുദ്ധങ്ങള്‍, Logos Books, പേജ് 38-42)

To purchase, contact ph.no:  8086126024

Also from Yasmina Khadra:

The Dictator's Last Night by Yasmina Khadra

https://alittlesomethings.blogspot.com/2017/12/04.html


Saturday, December 7, 2024

Memory in the Flesh by Ahlam Mosteghanemi/ Peter Clark , Baria Ahmar Sreih

 

പ്രണയനഗരത്തിലെ സ്മൃതിയാനങ്ങള്‍



“എനിക്ക് ഫ്രഞ്ചില്‍ എഴുതാമായിരുന്നുഎന്നാല്‍ അറബിക് ആണ് എന്റെ ഹൃദയത്തിന്റെ ഭാഷ. എനിക്ക് അറബിക്കില്‍ മാത്രമേ എഴുതാനാവൂ. നാം നമ്മുടെ വികാരങ്ങളുടെ ഭാഷയിലാണ് എഴുതുക.”

-   അഹലാം മുസ്തെഗാനെമി, Memory in the Flesh

അള്‍ജീരിയന്‍ സാഹിത്യത്തില്‍ പ്രാമാണികമായ ഒരു സ്ഥാനമുണ്ട് അഹലാം മുസ്തെഗാനെമിക്ക്. അറബ് ഭാഷയില്‍ ഒരു നോവല്‍ പ്രസിദ്ധീകരിച്ച ആദ്യ അള്‍ജീരിയന്‍ വനിത എന്ന നിലയില്‍ അറബ് ഭാഷക്കും ഒപ്പം ലോകസാഹിത്യസമ്പത്തിനു തന്നെയും അവരുടെ വിജയം ഒരു നിര്‍ണ്ണായക മുഹൂര്‍ത്തമായി.*(1ആദ്യ കൃതിയായ Memory in the Flesh (1985)തുടങ്ങിവെക്കുന്ന ആ സാംസ്കാരിക തേരോട്ടം നോവലിന്റെ നാല്‍പ്പതോളം പതിപ്പുകളില്‍ എത്തിനില്‍ക്കുന്നു. നോവല്‍ ത്രയമായി സങ്കല്‍പ്പിക്കപ്പെട്ട കൃതിയുടെ രണ്ടാം ഭാഗമായ Chaos of the Senses (1998), മൂന്നാം ഭാഗമായ The Dust of Promises/ Bed Hopper (2003) എന്നിവയും ഇതേ ജൈത്രയാത്ര തുടരുന്നു. Memory in the Flesh അമേരിക്കന്‍ പതിപ്പ് 2003ല്‍ പുറത്തിറങ്ങിയപ്പോള്‍ മറ്റൊരു പേരിലാണ് (The Bridges of Constantineപ്രസിദ്ധീകരിക്കപ്പെട്ടത്.

അള്‍ജീരിയന്‍ ദേശീയ പ്രസ്ഥാനത്തില്‍ സജീവമായിരുന്ന പിതാവ് മുഹമ്മദ്‌ ഷരീഫ് മുസ്തഗാനെമിയെസെതിഫ് കൂട്ടക്കൊലയെ (Sétif demonstration and massacre of 8 May 1945) തുടര്‍ന്ന് ഫ്രഞ്ച് കൊളോണിയല്‍ ഭരണകൂടം തടവിലാക്കി. കൂട്ടക്കൊലയില്‍ ഇരയയിപ്പോയ ആയിരങ്ങളില്‍ മുഹമ്മദ്‌ ഷരീഫിന്റെ സഹോദരനും ഉള്‍പ്പെട്ടിരുന്നു. 1947ല്‍ മോചിതനായതിനെ തുടര്‍ന്ന് ടുണിഷ്യയിലേക്കു പലായനം ചെയ്ത കുടുംബത്തില്‍ 1953 ഏപ്രില്‍ പതിമൂന്നിനാണ് അഹ് ലാം പിറക്കുന്നത്‌. ടുണിഷ്യയിലും തന്റെ വിപ്ലവ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന ഷരീഫിന്റെ വീട് സ്വാതന്ത്ര്യപൂര്‍വ്വ കാലത്ത് (1954–1962) ദേശീയ വാദികള്‍ക്കും ആഭ്യന്തര യുദ്ധ നാളുകളില്‍ പോരാളികള്‍ക്കും ഒത്തുകൂടാനുള്ള ഇടമായിരുന്നു. സ്വാതന്ത്ര്യാനന്തരം അഹ്മെദ് ബെന്‍ ബെല്ലയുടെ സര്‍ക്കാരില്‍ (15 September 1963 – 19 June 1965) നിര്‍ണ്ണായക സ്ഥാനങ്ങള്‍ വഹിച്ചുവെങ്കിലും മാനസികാരോഗ്യം തകര്‍ന്ന മുഹമ്മദ്‌ ഷരീഫ്നാടിന്റെ കലുഷമായ പോസ്റ്റ്‌കൊളോണിയല്‍ ദുരവസ്ഥയൊന്നും തിരിച്ചറിയാന്‍ പോലും കഴിയാതെ സാനറ്റൊറിയത്തില്‍ കഴിയേണ്ടി വന്നു. പിതാവിനെ ആഴ്ച്ചയില്‍ മൂന്നു തവണയെങ്കിലും അഹ് ലാം സന്ദര്‍ശിച്ചു പോന്നു. 1992ല്‍ നിരാശനും പരാജിതനുമായി അദ്ദേഹം മരിക്കുമ്പോള്‍, അള്‍ജീരിയ പതിറ്റാണ്ടുനീണ്ട ആഭ്യന്തര -ടെററിസ്റ്റ് സംഘര്‍ഷങ്ങളിലേക്ക് കൂപ്പുകുത്തുകയായിരുന്നു*(2).

1980കളില്‍ രചിക്കപ്പെട്ട Memory in the Flesh, 1990കളില്‍ രചിക്കപ്പെട്ട Chaos of the Senses പോലെത്തന്നെഅല്‍ജീരിയയുടെ കൊളോണിയല്‍ ഭൂതകാലംദേശത്തിന്റെ സഞ്ചിതബോധങ്ങളിലെ ഭീകരാനുഭവസ്മൃതികള്‍ എന്നിവയോടൊപ്പം ഭീകരാനുഭവങ്ങളുടെ ലിംഗാധിഷ്ടിതമാനങ്ങള്‍ (gendered dimensions of traumatic experience), കലയിലൂടെയും ആഖ്യാനങ്ങളിലൂടെയും അവയുടെ പ്രതീകാത്മക ആവിഷ്കാരം എന്നിവയാണ് നടത്തുന്നത് എന്ന് നിരീക്ഷിക്കപ്പെടുന്നു *(3). അള്‍ജീരിയന്‍ വിമോചന യുദ്ധത്തില്‍ ഗറില്ലാ പോരാളിയായിരുന്നയുദ്ധത്തില്‍ ഒരു ഇടതു കൈപ്പത്തി നഷ്ടപ്പെട്ട ഖാലിദ്‌ ബിന്‍ തുബാലിന്റെ വീക്ഷണത്തിലാണ് Memory in the Flesh ആഖ്യാനം ചെയ്യപ്പെടുന്നത്. സ്വയം വരിച്ച പലായനത്തില്‍ കലാകാരനായ അയാള്‍ പാരീസിലേക്ക്‌ എത്തിപ്പെടുന്നത് സര്‍ഗ്ഗസ്വാതന്ത്ര്യത്തിന്റെ അന്വേഷണത്തിലും കൂടിയാണ്. ജന്മദേശം, പോരാട്ട കാലത്തിന്റെ സമുജ്ജ്വല ആശയങ്ങളൊക്കെ കളഞ്ഞുകുളിച്ചു അഴിമതിയില്‍ മുങ്ങിത്താഴുന്നതില്‍ മനംമടുപ്പുണ്ടയാള്‍ക്ക്. അറിയപ്പെടുന്ന പെയിന്റര്‍ ആയി പാരീസില്‍ മേല്‍വിലാസം സൃഷ്ടിച്ചു കഴിഞ്ഞെങ്കിലും ജന്മദേശത്തെകുറിച്ചുള്ള ഗൃഹാതുരതയും നഷ്ടബോധവും അയാളെ മഥിക്കുന്നുണ്ട്. ജന്മനഗരമായ കോണ്‍സ്റ്റന്റിനിലെ പാലങ്ങളുടെ ചിത്രങ്ങള്‍ അയാള്‍ ആവര്‍ത്തിച്ചു വരച്ചുകൊണ്ടിരിക്കുന്നത് ഈ മനോനിലയുടെ പ്രകാശനമാണ്. (ഇതാണ് അമേരിക്കന്‍ തലക്കെട്ടിന്റെ പ്രഭവമായത്). പീഡിതമായ ഈ പാരീസിയന്‍ ദിനങ്ങളില്‍ നിനച്ചിരിക്കാതെ സംഭവിക്കുന്ന ഒരു പുന:സമാഗമമാണ് അയാളുടെ തളംകെട്ടിനില്‍ക്കുന്ന ജീവിതത്തില്‍ തിരയിളക്കവും തുടര്‍ന്നു വന്‍സംഘര്‍ഷങ്ങളും തീര്‍ക്കുക. പോരാട്ട നാളുകളില്‍ ഖാലിദിന് സഹയോദ്ധാവും ഒപ്പം ഗുരുതുല്യനുമായിരുന്ന രക്തസാക്ഷിയായ വിപ്ലവസൈനിക കമാണ്ടര്‍ സി താഹിര്‍ എന്ന താഹിര്‍ അബ്ദെല്‍ മല്‍വായുടെ മകള്‍ ഹയാത് എന്ന അഹ് ലാം അയാളുടെ ജീവിതത്തിലേക്ക് കടന്നുവരുന്നു. കൊച്ചുകുഞ്ഞായിരുന്ന നാളില്‍ താന്‍ കണ്ട ഹയാത് ഇപ്പോള്‍ അതിസുന്ദരിയായ ഒരു യുവതിയാണ്. മകളാകാന്‍ പ്രായമുള്ള യുവതിയോട് ഖാലിദ്‌ തീവ്രപ്രണയത്തില്‍ അകപ്പെട്ടു പോകുന്നു.

ഖാലിദിന്റെ സ്വഗതാഖ്യാന രൂപത്തിലുള്ള നോവല്‍ ഏതാണ്ട് മുഴുവനായും അഹ് ലാമിനെ അഭിസംബോധന ചെയ്യുന്ന കത്തിന്റെ രൂപത്തില്‍ എഴുതപ്പെട്ടിരിക്കുന്നു. അള്‍ജീരിയന്‍ സ്വാതന്ത്ര്യപോരാട്ടത്തില്‍ തന്റെ സഹകാരിയും മുതിര്‍ന്ന സഖാവും ആയിരുന്ന മഹാനായ രക്തസാക്ഷി സി താഹിറിന്റെ മകളുമായി വിധി നേരത്തെ അയാളെ ബന്ധിതന്‍ ആക്കിയിരുന്നു: അള്‍ജീരിയന്‍ യുദ്ധമുഖത്തുനിന്ന് അകലെ ടുണിഷ്യയില്‍ ഹയാത് ഒരു കുഞ്ഞായിരുന്ന കാലം മുതല്‍ ഖാലിദിനു അവളെ അറിയാമായിരുന്നു. അവളുടെ ജനനറജിസ്ട്രേഷന്‍ കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ അയാളെയാണ് സി താഹിര്‍ നിയോഗിച്ചത്. ‘ഹയാത്’ എന്ന് പേരിട്ട കുഞ്ഞിന് രേഖകളില്‍ ‘അഹ് ലാം’ എന്ന് പേരിടണമെന്ന പോരാട്ട മുഖത്തുനിന്നുള്ള പിതാവിന്റെ സന്ദേശം അമ്മക്ക് എത്തിച്ചത് അയാളായിരുന്നു. ഖാലിദ്‌, പെയിന്റിങ്ങിലേക്ക് തിരിയുമ്പോള്‍ അഹലാം എഴുത്തുകാരിയാകുകയായിന്നു. ഇപ്പോള്‍ഇരുപതു വര്‍ഷങ്ങള്‍ക്കിപ്പുറംപാരീസിലെ സ്വന്തം പെയിന്റിങ്ങുകളുടെ പ്രദര്‍ശന വേളയില്‍ വെച്ചു അവളെ കണ്ടുമുട്ടുമ്പോള്‍, പിതാവാകാനുള്ള പ്രായമുള്ള ഖാലിദ്‌ പ്രണയത്തില്‍ വീണുപോകുന്നത് അവള്‍ അയാള്‍ക്ക് മറ്റു പലതും ആവുന്നതുകൊണ്ട് കൂടിയാണ്. ദേശസ്നേഹിയും മുന്‍വിപ്ലവകാരിയും അതില്‍ അംഗഭംഗം സംഭവിച്ചവനുമായ ഖാലിദിനെ സംബന്ധിച്ച് അഹ് ലാം (അറബ് മൂലത്തില്‍ സ്വപ്നം എന്നര്‍ത്ഥം)സി താഹിറുമായുള്ള എന്നോ നഷ്‌ടമായ സൗഹൃദംവിദൂരസ്ഥമായ സ്വദേശംയൌവ്വനം ചെലവഴിച്ച കൊന്‍സ്റ്റന്റൈന്‍ നഗരം എന്നിവയുടെയൊക്കെ മൂര്‍ത്തരൂപമാണ്‌. ഖാലിദിന്റെ ഉമ്മയെ ഓര്‍മ്മിപ്പിക്കുന്ന പൂര്‍വ്വ അള്‍ജീരിയന്‍ ആഭരണങ്ങള്‍ അണിഞ്ഞ അഹ് ലാം ജീവിതത്തിലേക്ക് കടന്നുവരുമ്പോള്‍ അത് അയാളെ തന്റെ നല്ല നാളുകളുടെ സ്മൃതിയിലേക്ക് കൊണ്ടുപോകുന്നു: “ഞാന്‍ നിന്നെ എന്റെ കസാന്റിന ആയിത്തീരാന്‍ ശപിക്കുന്നുഎന്നെ സ്വയം ഭ്രാന്തനായിത്തീരാന്‍ ശപിക്കുന്നു.” തന്റെ ഭൂതകാലഗൃഹാതുരതയുടെ അള്‍ജീരിയയുമായി ആത്മബന്ധം പുന:സ്ഥാപിക്കുകയെന്ന ഖാലിദിന്റെ മോഹം മരീചികയാകുന്നത് അയാള്‍ക്ക് കാണേണ്ടിവരും. നാടുവിടേണ്ടിവന്ന കലാകാരന്റെ സ്വാഭാവികപ്രതികരണമായി തന്റെ സ്വപ്നങ്ങളും പ്രതീക്ഷകളുമൊക്കെ അയാള്‍ പുതിയ പ്രണയത്തില്‍ ചേര്‍ത്തുവെക്കുമ്പോള്‍, ഉന്മത്തമായ പ്രണയം ഒരിക്കലും തിരിച്ചുകിട്ടുകയില്ല അയാള്‍ക്ക്. ലൈലാ മജ്നു കഥയിലെ ഖയിസിനെപ്പോലെ ദുരന്ത അറബ് പ്രണയനായകന്‍റെ ഭാവങ്ങളില്‍ സ്വയം സങ്കല്‍പ്പിക്കുന്ന ഖാലിദ്ഫരീദ് അല്‍ അത്രാഷിന്റെ കവിതകളും ഉമ്മുകുല്‍സൂമിന്റെ ഗാനങ്ങളും മൂളിപ്പാടുന്നു. എന്നാല്‍അയാളുടെ സാന്ദ്രമായ പ്രണയാനുഭവം നൈരാശ്യത്തിലേക്ക്‌ വഴിമാറാതെവയ്യ. കാരണംസി താഹിറിന്റെ മകളായിരിക്കുമ്പോഴും അഹ് ലാമിന് അയാളുടെ ഭൂതകാലത്തിലേക്കോമികച്ചൊരു ഭാവിയിലേക്കോ ഉള്ള പാലമാകുക അസാധ്യമാണ്. പഴയതെല്ലാംഅറബ് വേഷവിധാനങ്ങളോഭൂതകാല ശേഷിപ്പുകളോ എന്തുമാകട്ടെബാധ്യതയായിക്കാണുന്ന പുതിയ അഭിരുചികളുടെ പ്രതിനിധിയാണ് അവള്‍പുതിയ തലമുറ.

ഗുരുതുല്യനും തന്റെ സഹപോരാളിയുമായിരുന്ന വിപ്ലവ നായകന്‍റെ മകളാണ് ഹയാത്  എന്ന ചിന്തയാണ് അയാളുടെ മനസ്സിലേക്ക് പഴയ അള്‍ജീരിയയെയും അതിന്റെ പുതുകാല വിപര്യയത്തെയും കുറിച്ചുള്ള ചിന്തകള്‍ കൊണ്ടുവരുന്നതെങ്കില്‍അതേ സമയം ഹയാത്തിന് അയാള്‍ തന്റെ പിതാവിനെ അടുത്തറിഞ്ഞകുടുംബവൃത്തങ്ങളിലും ദേശീയ പുരാണങ്ങളിലും കേട്ടുപഴകിയ വീരപരിവേഷത്തിനപ്പുറം അദ്ദേഹത്തെ കുറിച്ച് പറയാന്‍ കഴിയുന്ന ഒരാളാണ്. ഒളിപ്പോരാളിയെന്നനിലയില്‍ പിതാവ് അവളുടെ കുട്ടിക്കാലത്തിന് ഏതാണ്ട് അപ്രാപ്യനായിരുന്നല്ലോ. പിതൃ-പുത്രീ ബന്ധത്തിന്റെയും മാതൃ-പുത്ര ബന്ധത്തിന്റെയും ഇഴകോര്‍ക്കല്‍ നോവലിന് ഒരു മനോവിശകലന തലം (psychoanalytic dimensionപ്രദാനംചെയ്യുന്നുണ്ട്. പുതുപണക്കാരനുമായുള്ള ഹയാതിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി ഖാലിദ്‌, കോണ്‍സ്റ്റന്റിനില്‍ എത്തുന്നത് കാമുകന്റെയും കലാകാരന്റെയും പ്രണയനഷ്ടത്തിന്റെ സംഘര്‍ഷങ്ങളോടൊപ്പം അല്‍ജീരിയയുടെ പുത്തന്‍ രീതികളെ കുറിച്ചുള്ള നൈരാശ്യവും വ്യക്തമാക്കാനുള്ള അവസരമാകുന്നു. കോണ്‍സ്റ്റന്റിനിലെ പാലങ്ങളെ കുറിച്ചുള്ള ഖാലിദിന്റെ സിരീസ്ലാന്‍ഡ്‌സ്കേപ്പ് ചിത്രീകരണം എന്നതിലപ്പുറം മന:ശാസ്ത്രപരവും രാഷ്ട്രീയവുമായ ഗര്‍ത്തങ്ങള്‍ കുറുകെ മുറിച്ചുകടക്കാനുള്ള ശ്രമം കൂടിയാണ് എന്ന് നിരീക്ഷിക്കപ്പെടുന്നു *(4). ഹയാതുമായുള്ള ശാരീരികത്തിനപ്പുറം പോകുന്ന ബന്ധത്തില്‍നിന്നു വ്യത്യസ്തമായി കാതറിനുമായുള്ള ബന്ധത്തിന് സങ്കീര്‍ണ്ണതകളോ തടസ്സങ്ങളോ ഒന്നുമില്ലെന്നത് ഡി.എച്ച്. ലോറന്‍സിന്റെ പോള്‍ - മിറിയാം - ക്ലാര ബന്ധത്തിലെ (Sons and Loversമനോവിജ്ഞാനീയ തലങ്ങളെ ഒട്ടേറെ സമാനതകളോടെ ഓര്‍മ്മിപ്പിക്കുന്നുമുണ്ട്. 

ഭാവഗീതഗരിമയുള്ള വാക്യങ്ങളും വിവരണങ്ങളും ചിന്തകളും നിറഞ്ഞ ശൈലിയില്‍ബോധധാരാ സമ്പ്രദായത്തിന്റെയും ഫ്ലാഷ്ബാക്കുകളിലൂടെയും പ്രയോഗത്തിലൂടെ നടത്തപ്പെടുന്ന ഖാലിദിന്റെ വീക്ഷണകോണില്‍ ആഖ്യാനംഅഹ് ലാമിന്റെ ക്രൂരതയുടെ പേര്‍ത്തും പേര്‍ത്തുമുള്ള നിരീക്ഷണങ്ങളും അതേല്‍പ്പിക്കുന്ന ഹൃദയ മുറിവുകളും ആവിഷ്കരിക്കുന്നു. അതോടൊപ്പംസര്‍ഗ്ഗാത്മകതയുടെ അര്‍ത്ഥവും ഉദ്ദേശവുംവിപ്ലവാനന്തര അല്‍ജീരിയയുടെ സാമൂഹികരാഷ്ട്രീയ ദുര്യോഗങ്ങള്‍ഭരണ തലത്തില്‍ പ്രകടമായും വ്യക്തമാകുന്ന പരാജയങ്ങള്‍ എന്നിവയെ കുറിച്ചൊക്കെയുള്ള ഖാലിദിന്റെ വീക്ഷണങ്ങളും ആഖ്യാനത്തില്‍ കടന്നുവരുന്നുണ്ട്. തീര്‍പ്പുകല്‍പ്പിക്കുന്ന അടഞ്ഞ രീതിക്കുപകരം നോവലിനെ തുറന്ന പുസ്തകമാക്കി നിര്‍ത്തുന്ന ദുഃഖഭരിതമായ ഒരന്തരീക്ഷം ഉടനീളമുണ്ട്. തിരിച്ചു കിട്ടാത്ത പ്രണയ ദുഃഖം പേറുന്നവന്റെ സന്ദേഹങ്ങളും വിലാപസ്വരവും അതിലുണ്ട്. സി താഹിറിനെഅള്‍ജീരിയക്കാരാല്‍ കൊല്ലപ്പെട്ട സ്വന്തം സഹോദരന്‍ ഹസ്സനെഇസ്രേയേല്‍ കൊന്നുകളയുന്ന പലസ്തീനിയന്‍ കവി സിയാദിനെ – എല്ലാവരും അയാളുടെ വിലാപങ്ങളില്‍ സ്മരിക്കപ്പെടുന്നുണ്ട്. ചില സന്ദര്‍ഭങ്ങളിലെങ്കിലും നോവലിലെ സംഭാഷണങ്ങള്‍ വെറും രാഷ്ട്രീയചര്‍ച്ചകള്‍ക്കും കലാസംബന്ധിയായ നിലപാടുകളുടെ അവതരണത്തിനും ഉള്ള വേദികള്‍ ആയിമാറുന്നുവെങ്കിലും നോവലിന്റെ വികാസം അത്തരം കനംകുറഞ്ഞ പ്രകടനപരതയെ മുറിച്ചുകടക്കുന്ന ഗൗരവം ഉള്‍കൊള്ളുന്നതു തന്നെയാണ്. വനിതാ നോവലിസ്റ്റ് എന്ന നിലയില്‍പുരുഷ കാമനയുടെയും ഗര്‍വ്വിന്റെയും സൂക്ഷ്മതലങ്ങളെ ആവിഷ്കരിക്കുന്നതില്‍ നോവലിസ്റ്റ് കാണിക്കുന്ന കയ്യടക്കം ഇതിന് ഉദാഹരണമാണ്. ഒരൊറ്റ ചുംബനത്തിനപ്പുറം ഒരു ഘട്ടത്തിലും പ്രോത്സാഹജനകമായ ഒരു സൂചനയും നല്‍കുന്നില്ലാത്ത അഹ് ലാമിന്റെ പുറംതിരിയലിനോട് ഇത്രയേറെ വിഷമം ഖാലിദിനു തോന്നേണ്ടതുണ്ടോ എന്ന ചോദ്യംപ്രണയസംസര്‍ഗ്ഗത്തെ കുറിച്ചുള്ള അറബ് ധാര്‍മ്മികകാര്‍ക്കശ്യങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രസക്തമാണ്‌. യുദ്ധവും കൊളോണിയലിസവും കടന്നുവന്ന നാട്ടില്‍തന്റെ ഭൂതകാലം തനിക്കെന്തെങ്കിലും പ്രത്യേക പദവി നല്‍കുന്നുണ്ടെന്ന ആത്മരതിയുടെ സ്പര്‍ശംസ്വതേ ആദര്‍ശവാദിയായ ഖാലിദിനെ മഥിക്കുന്നുണ്ടോ? അതുകൊണ്ടാണോപുതുതലമുറയുടെ പ്രതിനിധിയെങ്കിലുംഅറബ് ധാര്‍മ്മിക കാര്‍ക്കശ്യങ്ങളുടെ കെട്ടുപാടുകള്‍ തീര്‍ത്തും അവഗണിക്കാനാവാത്ത അഹ് ലാമിന്റെ അങ്കലാപ്പുകള്‍ അയാള്‍ക്കു കാണാനാവാത്തത്അതെന്തായാലുംഒരു ഘട്ടത്തിലും പൂര്‍ത്തീകരിക്കപ്പെടുന്നില്ലാത്ത അവരുടെ ബന്ധത്തിന്റെ പ്രകൃതംഅഴിമതിയിലും അന്യവല്‍ക്കരണത്തിലും മുങ്ങിപ്പോവുന്ന വിപ്ലവാനന്തര അല്‍ജീരിയയുടെ മോഹഭംഗങ്ങളുടെ പ്രതീകമായിത്തീരുന്നുണ്ട്. ഖാലിദിന്റെ ആഖ്യാനമെന്ന നിലയില്‍ അയാളുടെ പുരുഷസ്വരമാണ് ആഖ്യാനത്തിലെ അഹ് ലാമിന്റെ ഇടം നിര്‍ണ്ണയിക്കുന്നത് എന്നത് ഒരു വശംമറുവശത്ത്‌ഒരു nonfeminist എന്ന് സ്വയം നിലപാടെടുക്കുന്ന മുസ്തെഗാനെമിയെന്ന വനിതാ നോവലിസ്റ്റിന്റെ സൂക്ഷ്മമായ പെണ്‍പാത്രസൃഷ്ടിയും അഹ് ലാം കൃതഹസ്തയായ എഴുത്തുകാരി കൂടിയാണ് എന്ന മെറ്റാഫിക് ഷന്‍ തലവും ചേര്‍ന്നു പുരുഷസ്വരത്തിന്റെ ആധിപത്യത്തെ സൗമ്യമായി നിഷേധിക്കുന്ന രീതി – സങ്കീര്‍ണ്ണമായ ഈ കൂടിക്കലരല്‍ നോവലിലെ ലിംഗബന്ധ പ്രതിനിധാനങ്ങള്‍ക്കു നല്‍കുന്ന സൂക്ഷ്മ തലങ്ങള്‍ ഏറെ സംവാദാത്മകമാണ്.    

ദേശീയ സ്വാതന്ത്ര്യപോരാളിയും അറബ് ഭാഷാസ്നേഹം മകളില്‍ നട്ടുവളര്‍ത്തിയ വഴികാട്ടിയുമായിരുന്ന പിതാവിനുംആത്മീയ പിതാവും ഫ്രാങ്കോഫോണ്‍ അള്‍ജീരിയന്‍ കവിയും നോവലിസ്റ്റുമായിരുന്ന മാലിക് ഹദ്ദാദിനും സമര്‍പ്പിച്ചിട്ടുള്ളതാണ് Memory in the Flesh. 1962ല്‍ അള്‍ജീരിയ സ്വതന്ത്രമായതിനുശേഷം ഇനിയങ്ങോട്ടു കൊളോണിയല്‍ ഭാഷയില്‍ എഴുതില്ല എന്ന് തീരുമാനിക്കുകയും ഫലത്തില്‍ എഴുത്ത് അവസാനിപ്പിക്കുകയും ചെയ്യുകയായിരുന്നു മാലിക് ഹദ്ദാദ്‌. ഗുരുവിന്റെ സ്വാധീനം വാക്യങ്ങളിലെ സൂചകങ്ങളായും പാഠാന്തര സൂചകങ്ങളായും നോവലില്‍ പ്രകടമാകുന്നത് ആ സാഹിതീയ ബന്ധുതയുടെ നിദര്‍ശനമാണ്. സമകാലിക അള്‍ജീരിയയുടെ അനുഭവാവിഷ്കാരത്തിന്, കൊളോണിയല്‍ ആധിപത്യത്തില്‍ അമര്‍ന്നുപോയ ജനതയ്ക്ക് നിഷേധിക്കപ്പെട്ട ഭാഷ (അറബ്) തന്നെ മുസ്തെഗാനെമി തെരഞ്ഞെടുക്കുന്നത് കൊളോണിയല്‍ സാംസ്കാരിക സ്വാധീനമുക്തിയെന്ന ദേശീയലക്ഷ്യത്തെ രണ്ടു രീതിയില്‍ സ്വാംശീകരിക്കുന്നുണ്ടെന്നു നിരീക്ഷിക്കപ്പെടുന്നു: അത് അള്‍ജീരിയന്‍ ചരിത്രത്തെ പുനരുപയോഗിച്ചു കൊളോണിയലിസത്തിന്റെ കെടുതികളെ ഇരകളുടെ കാഴ്ചപ്പാടില്‍ അവതരിപ്പിക്കുന്നുഇരകളുടെ ഭാഷയില്‍ തീവ്ര വൈകാരികോര്‍ജ്ജത്തോടെയും ഭാഷാവൈഭവത്തോടെയും എഴുതുന്നതിലൂടെ മാതൃഭാഷയെ തിരികെ സ്വന്തമാക്കുന്നു (Summer Book). ഒപ്പംമറ്റൊരു വീക്ഷണത്തില്‍, (Nuha Ahmad Baaqeel) അത് ‘തീവ്രമായും പുരുഷാധികാരപരമായ അറബോഫോണ്‍ സാഹിത്യപാരമ്പര്യത്തില്‍ ലിംഗസ്വത്വ പ്രശ്നങ്ങളെ ചോദ്യംചെയ്യാനുള്ള അവരുടെ ശ്രമത്തെ’ കൂടി പ്രതിഫലിപ്പിക്കുന്നു; “അറബ് ഭാഷയില്‍ എഴുതുന്നത്‌ .. ശരിക്കും പ്രകടമായിത്തന്നെ ഒരു രാഷ്ട്രീയ പ്രവര്‍ത്തിയാണ് – അറബിയില്‍ എഴുതുകയെന്നാല്‍ ഒരു സാമ്രാജ്യത്വ ഭാഷയെന്ന നിലയില്‍ ഫ്രഞ്ചിനെ തള്ളിക്കളയലാണ്.” 1998 ല്‍ പ്രഥമ നോവലിന് അറബ് ഭാഷയില്‍ രചിക്കപ്പെടുന്ന കൃതികള്‍ക്കുള്ള നഗിബ് മഹ്ഫൂസ് സാഹിത്യ പുരസ്‌കാരം സ്വീകരിച്ചു കൊണ്ട് ഇക്കാര്യം നോവലിസ്റ്റ് വ്യക്തമാക്കിയിരുന്നത്, നിരൂപക ചൂണ്ടിക്കാണിക്കുന്നു. ആധുനികസാഹിത്യരൂപമായ നോവലിനു ചേരാത്ത ഭാഷയാണ്‌ അറബിക് എന്ന ഒറിയന്റലിസ്റ്റ് കാഴ്ചപ്പാടിനെ നാഗിബ് മെഹ്ഫൂസ് തുറന്നുകാട്ടിയതും മുസ്തെഗാനെമി എടുത്തുപറയുന്നു. പുരുഷാധിപത്യ ക്രമത്തിന്റെ ഓറിയന്റലിസ്റ്റ് സമീപനങ്ങള്‍അറബ് സമീപനങ്ങള്‍ എന്നിവ രണ്ടിനെയും നിഷേധിക്കുന്നതിലൂടെ അള്‍ജീരിയന്‍ സ്ത്രീത്വത്തിന്റെ ആശകളും അഭിലാഷങ്ങളും കുതിപ്പുകളും അടയാളപ്പെടുത്താന്‍ കഴിയുന്ന ഒരു അറബ് ഭാഷയെ ആണ് മുസ്തഗാനെമി ലക്ഷ്യംവെക്കുന്നതെന്നും ഇത് അള്‍ജീരിയയില്‍ വളര്‍ന്നുവന്ന ഇസ്ലാമിസ്റ്റ് ഫണ്ടമെന്റലിസത്തിന്റെ ഏകപക്ഷീയ അറബ് വല്‍ക്കരണവുമായി ഒരിക്കലും പൊരുത്തപ്പെടുന്നതായിരുന്നില്ലെന്നുമുള്ള നൂഹ അഹ്മദിന്റെ നിരീക്ഷണവും ഏറ്റവും പ്രസക്തമാണ് (പേജ്: 4). പോസ്റ്റ്‌കൊളോണിയല്‍ അള്‍ജീരിയയില്‍ അറബ്-ഫ്രഞ്ച് ഭാഷാ സംവാദങ്ങള്‍ തുറന്ന പോരിന്റെ തലത്തിലേക്ക് രൂപാന്തരപ്പെട്ടതും മാലിക് ഹദ്ദാദിനെ (Malek Had-dad ) പോലുള്ളവര്‍ എഴുത്ത് നിര്‍ത്തേണ്ടിവന്നതും ആസിയ ജബ്ബാറിനെ (Assia Djebar)  പോലുള്ളവര്‍ താല്‍ക്കാലികമായെങ്കിലും അതേവിധി പിന്തുടരേണ്ടിവന്നതും റഷീദ് ബൂജെദ് റയെ (Rachid Boudjedra )പോലുള്ളവര്‍ പൂര്‍ണ്ണമായും അറബിക്കിലേക്ക് ചുവടു മാറിയതും കണക്കിലെടുക്കുമ്പോള്‍ മുസ്തഗാനെമിയുടെ തെരഞ്ഞെടുപ്പിന് കൂടുതല്‍ പ്രസക്തിയുണ്ട്. സ്വാതന്ത്ര്യാനന്തരം മുതിര്‍ന്നുവന്ന തലമുറയിലെ അംഗമെന്ന നിലയില്‍പ്രസ്തുത സംഘര്‍ഷത്തില്‍ ചുവടുമാറ്റത്തിനു വിസമ്മതിച്ച്/ പ്രാപ്തരല്ലാതെ എഴുത്തുനിര്‍ത്തിയവരെ ‘നിശ്ശബ്ദതയുടെ രക്തസാക്ഷികള്‍ ("the martyrs of silence") എന്ന് മുസ്തഗാനെമി വിശേഷിപ്പിച്ചത്‌ അവരുടെ സംത്രാസം തിരിച്ചറിയാന്‍ കഴിഞ്ഞതുകൊണ്ടു തന്നെയാകണം. അള്‍ജീരിയടുണിഷ്യമൊറോക്കോ തുടങ്ങിയ ‘മഗ്രെബ്’ ദേശങ്ങളില്‍ സാധാരണക്കാരുടെ ഭാഷ എന്ന നിലയില്‍ അറബ് ഭാഷ പ്രബലമായിത്തീര്‍ന്നെങ്കിലും കൊളോണിയല്‍ അധിനിവേശ ഭാഷയായിരുന്ന ഫ്രഞ്ച് ഒരു വരേണ്യഭാഷയായി തുടര്‍ന്നതിന്റെ സവിശേഷഗുണം ആ ഭാഷയില്‍ എഴുതുന്നവര്‍ക്ക് ഇപ്പോഴും ലഭ്യമാണ് എന്ന് മുസ്തെഗാനെമി പറയുന്നുണ്ട് (Encyclopedia.com.

നോവല്‍, വൈദേശികാധിപത്യത്തിനെതിരെയുള്ള അള്‍ജീരിയന്‍ പോരാട്ടത്തിന്റെ കഥ മാത്രമല്ലപുതുതായി സ്വാതന്ത്ര്യത്തിലേക്കു കടക്കുന്ന ദേശത്തിന്റെ സ്വാതന്ത്ര്യാനന്തര സങ്കീര്‍ണ്ണതകളുടെ ആവിഷ്കാരം കൂടിയായിത്തീരുന്നത്, വിപ്ലവ ആശയങ്ങളുടെ അപചയം കൃത്യമായും പോസ്റ്റ്‌കൊളോണിയല്‍ അവബോധത്തോടെ നോവലിസ്റ്റ് നിരീക്ഷിക്കുന്നതു കൊണ്ടാണ്. എന്നാല്‍ സാമൂഹികരാഷ്ട്രീയ പ്രതിസന്ധികള്‍ നേരിട്ടവതരിപ്പിക്കുകയല്ല; ഖാലിദ്- അഹ് ലാം ബന്ധത്തെ തീക്ഷ്ണമായി ആവിഷ്കരിക്കാനുള്ള ചട്ടക്കൂടായി അതിനെ ഉപയോഗിക്കുകയാണ് നോവലിസ്റ്റ് ചെയ്യുന്നത് എന്നത് സര്‍ഗ്ഗാത്മകരചനയുടെ ദൗത്യം നിര്‍വ്വഹിക്കുന്നു. സാമൂഹിക ഘടനയെ അപ്പാടെ തകര്‍ത്തുകളഞ്ഞ 130 വര്‍ഷക്കാലത്തെ കൊളോണിയല്‍ ഭരണത്തിനുശേഷം പുതിയൊരു ദേശനിര്‍മ്മിതിയെന്നത് ഒട്ടും എളുപ്പമായിരുന്നില്ല. അള്‍ജീരിയ ഒരു പേടിസ്വപ്നമായിത്തീരുന്ന ഖാലിദിനെ പോലുള്ള ഹതാശരായ ബുദ്ധിജീവികള്‍ ദേശാതിരുകള്‍ക്കപ്പുറം തങ്ങള്‍ക്കൊരു സുരക്ഷിത മണ്ഡലം കണ്ടെത്താന്‍ ശ്രമിക്കുന്നു എന്നതാണ് പാരീസിന്റെ കോസ്മോപോളിറ്റന്‍ അതരീക്ഷത്തിലേക്ക് അവരെ വലിച്ചടുപ്പിക്കുന്നത്. വൈയക്തികവികാരങ്ങള്‍ ദേശീയ സങ്കീര്‍ണ്ണതകളില്‍ ചെന്നുമുട്ടുന്ന ഇത്തരം പശ്ചാത്തലത്തിലാണ് ഹയാത് അയാള്‍ക്കൊരു പ്രതീകം കൂടിയായിത്തീരുന്നത്;  അവളോടു തോന്നുന്ന തീവ്രപ്രണയം ആ അര്‍ത്ഥത്തില്‍ ശൈഥില്യത്തിലും കെടാതെ തെളിയുന്ന വിപ്ലവാഭിമുഖ്യത്തിന്റെ കൂടി എരിച്ചിലും.

കഥാപാത്രങ്ങളെല്ലാം യഥാതഥമായാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നതെങ്കിലും ചരിത്രം അതിന്റെ നിഴല്‍ എല്ലായിടത്തും പതിപ്പിക്കുന്നുണ്ടെന്നതുകൊണ്ട് അവര്‍ സമകാലിക ജീവിതത്തിലെ വ്യത്യസ്ത പ്രതിനിധാനങ്ങളും കൂടിയാണ്. അല്‍ജീരിയയുടെ പുതിയ ബൂര്‍ഷ്വാസംസ്കൃതിയുടെ പ്രതീകമായ ഒരു പുതുപണക്കാരനെയാണ് അഹ് ലാം വിവാഹം കഴിക്കുന്നത്. ഖാലിദിന്റെ സഹോദരന്‍ ഹസ്സന്‍, വര്‍ത്തമാനകാല അള്‍ജീരിയന്‍ പരിതോവസ്ഥകളിലെ നൈരാശ്യത്തെ മതാത്മകതകൊണ്ട് മറികടക്കാന്‍ ശ്രമിക്കുന്ന യുവതയുടെ അപഭ്രംശത്തെ പ്രതിനിധാനം ചെയ്യുന്നുണ്ട്, അയാളുടെ അന്ത്യം ആ അര്‍ഥത്തില്‍ നിരര്‍ത്ഥകം കൂടിയായ ഒരു ബലിയുമാണ്. ഹയാതിന്റെ സഹോദരന്‍ നാസര്‍, വമ്പന്‍ ബിസിനസ്സുകാരനുമായുള്ള സഹോദരിയുടെ ‘ആവശ്യാധിഷ്ടിത വിവാഹ’ത്തെ (marriage of convenience) അനുകൂലിക്കുന്നില്ല. ഖാലിദിന്റെ സുഹൃത്തും ഒരിക്കല്‍ അള്‍ജീരിയയില്‍ അധ്യാപകനുമായിരുന്ന പലസ്തീനിയന്‍ കവി സിയാദ്, സുഹൃത്തിനെ കാണാന്‍ പാരീസിലെത്തുകയും ഹയാതുമായി അടുപ്പത്തിലാകുകയും ചെയ്യുന്നത്യുവ എഴുത്തുകാര്‍ക്കിടയിലെ സ്വാഭാവികസൗഹൃദം എന്നതിലേറെ ഖാലിദിനെ മഥിക്കുന്നുണ്ട്. 1982 ലെ ഇസ്രായേലി അധിനിവേശത്തില്‍ സിയാദ് കൊല്ലപ്പെട്ടതറിയുമ്പോള്‍ അയാള്‍ക്കു കുറ്റബോധം തോന്നുന്നതിന്ന് ഇതൊരു സ്വയം തിരിച്ചറിയാത്ത കാരണവും ആയിത്തീരുന്നുണ്ട്.

പുസ്തകത്തിന്റെ രണ്ടു വിവര്‍ത്തനങ്ങളും ഒരു പോലെ നിരൂപകപ്രശംസ നേടിയിട്ടുണ്ടെങ്കിലും പ്രകടമായ ചില വ്യത്യാസങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. (goodreads). 2003ല്‍ പുറത്തിറങ്ങിയ ആദ്യ വിവര്‍ത്തനം (Memory in the Flesh (Modern Arabic Writing)Translated by Baria Ahmar Sreihഭാഷാപരമായി ഏറെ അടുത്തുനില്‍ക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ‘Dhakiraath -al Jasad എന്ന അറബ് മൂലത്തിന് Memory in the Flesh എന്ന മൊഴിമാറ്റം തന്നെ ഉദാഹരണം. എന്നാല്‍ 2013 ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ പതിപ്പ് The Bridges of Constantine (Translator: Raphael Cohen) സാംസ്കാരികാര്‍ത്ഥത്തിലുള്ള മൊഴിമാറ്റം എന്ന സമീപനത്തോട് ചേര്‍ന്നുനില്‍ക്കുന്നതിനും തലക്കെട്ടുതന്നെ ഉദാഹരണം. നോവലില്‍ കോണ്‍സ്റ്റന്റിന്‍ നഗരം മുഖ്യ കഥാപാത്രങ്ങളുടെ ജന്മനഗരം എന്നതിനപ്പുറം നിറഞ്ഞുനില്‍ക്കുന്ന സാംസ്കാരികസ്വത്വം തന്നെയാണ് എന്നതു വ്യക്തമാണല്ലോതുല്യ പ്രാധാന്യമുള്ള മുഖ്യ കഥാപാത്രവും.

 

1.) Introduction, The Kaleidoscope of Gendered Memory in Ahlam Mosteghanemi’s Novels, By Nuha Ahmad Baaqeel, Cambridge Scholars Publishing, 2019, Page: 1)

2.) "Mustaghanmi, Ahlam (1953–), Encyclopedia.com". www.encyclopedia.com.

3.) The Kaleidoscope of Gendered Memory in Ahlam Mosteghanemi’s Novels, By Nuha Ahmad Baaqeel

4.) Summer Book : Ahlam Mosteghanemi, “Memory in the Flesh”, https://www.echoroukonline.com/summer-book-ahlam-mosteghanemi-memory-in-the-flesh/).