Featured Post

Showing posts with label Postnational Fiction. Show all posts
Showing posts with label Postnational Fiction. Show all posts

Sunday, June 29, 2025

Aano by G. R. Indugopan (Malayalam)

 

കപ്പല്‍ചാലിലെ ആനത്താരി




(ഇന്ദുഗോപന്റെ പുതിയ നോവല്‍ ‘ആനോ, മലയാളിയുടെ ലോകയാത്രകള്‍ക്ക് തുടക്കം കുറിച്ച ഒരു സംഭവത്തിന്റെ ആഖ്യാനത്തിലൂടെ പോര്‍ച്ചുഗീസ് കൊളോണിയല്‍ അടിനിവേശ ചരിത്രത്തെ ദേശീയതാനന്തര സാഹിത്യത്തിന്റെ പരിഗണനകളുമായി ചേര്‍ത്തുവെക്കുന്നു.)

 


ഗതിവിഗതികള്‍    

“1962 ഫെബ്രുവരിയിൽ വിശുദ്ധനഗരമായ വത്തിക്കാനിൽനിന്നും അസാധാരണ വലിപ്പമുള്ള അസ്ഥിക്കഷണങ്ങൾ കിട്ടി. ഇതിന്റെ രഹസ്യമറിയാൻ തൊണ്ണൂറുകളിൽ ഒരു അമേരിക്കൻ ചരിത്രകാരൻ എത്തി. അദ്ദേഹത്തിന്റെ മുന്നിലേക്ക് അതാ ഇറങ്ങിവരുന്നുഅഞ്ച് നൂറ്റാണ്ടു മുൻപ് ജീവിച്ചിരുന്ന ഒരു ആനക്കുട്ടിയുടെ വിസ്മയചരിത്രം. 1511 ഡിസംബറിൽകൊച്ചിയിൽനിന്ന് ലിസ്ബൻ വഴി റോമിലെത്തിലിയോ പത്താമൻ മാർപ്പാപ്പയുടെ ഓമനയായി മാറിയ ഒരു 'വെളുത്തആൽബിനോ ആനക്കുട്ടിയുടെ കഥ. നവോത്ഥാനകാലമായിരുന്നു. അപ്പോഴേക്കും മലബാർ-കൊച്ചി തീരങ്ങളിൽനിന്ന് പലരും പോർച്ചുഗലിലും റോമിലും എത്തിക്കഴിഞ്ഞിരുന്നു. മലയാളിയുടെ ദീർഘദൂരപ്രവാസം ഇവിടെ ആരംഭിക്കുന്നു. റോമിലും ലിസ്ബനിലുംനിന്ന് ഒരു ആനയും പാപ്പാനും മലബാറിനെ നോക്കി കഥ പറയുന്ന അപൂർവമായ നോവൽ.”

നോവലിന്റെ ബ്ലര്‍ബില്‍നിന്ന് പകര്‍ത്തിയ ഈ ചുരുക്കെഴുത്ത് ഇതിവൃത്തചര്‍ച്ചയുടെയും പശ്ചാത്തല വിവരണത്തിന്റെയും ഭാരമൊഴിവാക്കുക മാത്രമല്ലനേരത്തെ സൂചിപ്പിച്ച സമൃദ്ധമായ സാഹിത്യപാരമ്പര്യത്തോട് നോവല്‍ കണ്ണിചേരുന്നതെങ്ങനെ എന്നു സൂചിപ്പിക്കുകയും ചെയ്യുന്നു.

 തുടര്‍ വായനയ്ക്ക് :

https://www.fazalrahman.com/essays/article/aano-by-g-r-indugopan-malayalam

Thursday, May 1, 2025

The Dictator's Last Night by Yasmina Khadra / Julian Evans

ഗദ്ദാഫിയാവുന്നതിന്റെ ഏകാന്തത





    ഒരു പട്ടാള ഉദ്യോഗസ്ഥനായിരുന്ന അല്‍ജീരിയന്‍-ഫ്രഞ്ച് നോവലിസ്റ്റ് യാസ്മിന ഖദ്ര (മുഹമ്മദ്‌ മൌലേ സഹൂല്‍) (ദി സ്വാലോസ് ഓഫ് കാബൂള്‍ദി അറ്റാക്ക്‌ദി സൈറന്‍സ് ഓഫ് ബാഗ്ദാദ്)  താന്‍ വിട്ടേച്ചു പോന്ന യുദ്ധകാലാനുഭവങ്ങളുടെയും ശിഥിലമായ ദേശങ്ങളുടെയും നേര്‍ക്കാഴ്ചകളുടെ പിന്‍ബലത്തിലാണ് തന്റെ നോവലുകള്‍ രചിക്കുന്നത്. സൈന്യത്തിലെ സെന്‍സര്‍ഷിപ്‌ ഒഴിവാക്കാനുള്ള തന്ത്രമായാണ് അദ്ദേഹം സ്ത്രൈണമായ പേര് തൂലികാ നാമമായി സ്വീകരിച്ചത്. അള്‍ജീരിയന്‍ ആഭ്യന്തര യുദ്ധകാലത്ത് അജ്ഞാതനായിരിക്കുക എന്നത് മാത്രമായിരുന്നു എഴുത്ത് തുടരാനുള്ള അദ്ദേഹത്തിന്റെ മാര്‍ഗ്ഗം. പാശ്ചാത്യ ലോകം ഇതരലോകത്തെ നോക്കിക്കാണുന്ന രീതിക്ക് യാഥാര്‍ത്ഥ്യവുമായി പലപ്പോഴും ബന്ധമില്ലെന്നും ഒരു മുസ്ലിം എന്ന നിലയില്‍ മത തീവ്രവാദം പോലുള്ള വിഷയങ്ങളെ സമീപിക്കുന്ന രീതിയില്‍ വാര്‍പ്പു മാതൃകകള്‍ മാറ്റി വെക്കേണ്ടതുണ്ടെന്നും താന്‍ കരുതുന്നതായി ആദ്ദേഹം നിരീക്ഷിക്കുന്നു. താലിബാന് കീഴിലെ പെണ്‍ജീവിതത്തെ അടയാളപ്പെടുത്തുന്ന ദി സ്വാലോസ് ഓഫ് കാബൂള്‍ (2006) മുതല്‍ യാസ്മിന ഖദ്രയുടെ നോവലുകള്‍ ഏറെ പ്രശസ്തവും പുരസ്കാരങ്ങള്‍ നേടിയവയും ആണ്.

     പേര് പറയുന്നില്ലാത്ത ഒരു കരീബിയന്‍ ദേശത്തിന്റെ സര്‍വ്വാധിപതിയുടെ പതനം ആവിഷ്കരിക്കുന്ന മാര്‍ക്കേസിന്റെ ‘കുലപതിയുടെ ശിശിരം (The Autumn of the Patriarch)’, ഡൊമിനിക്കന്‍ ഏകാധിപതി റാഫേല്‍ ട്രുഹിയോയുടെ ജീവിതത്തിലെ അവസാന മണിക്കൂറുകള്‍ വിഷയമാക്കുന്ന യോസയുടെ ‘ആടിന്റെ വിരുന്ന് (The Feast of the Goat) തുടങ്ങിയ കൃതികളില്‍ പരിശോധിക്കുന്ന പ്രമേയമാണ് അധികാരത്തിന്റെ ഏകാന്തത. ഈ മാസ്റ്റര്‍പീസുകളുടെ ഇതിഹാസ മാനമോ ആഴമോ അവകാശപ്പെടാനാവില്ലെങ്കിലും ചടുലവും വികാര വിക്ഷുബ്ദവുമായ ഭാഷയില്‍ രചിക്കപ്പെട്ടസമാനമായ മറ്റൊരു ‘ഏകാധിപതിയുടെ പതന’ നോവലാണ്‌ ലിബിയയുടെ മുഅമ്മാര്‍ ഗദ്ദാഫിയുടെ അന്ത്യ രാവ് ചിത്രീകരിക്കുന്ന യാസ്മിന ഖദ്രയുടെ ‘ദി ഡിക്റ്റെറ്റേഴ്സ് ലാസ്റ്റ് നൈറ്റ്.’ ഗദ്ദാഫിയുടെ സ്വന്തം ആഖ്യാനം ആയാണ് നോവല്‍ വികസിക്കുന്നത്. ‘അന്താരാഷ്‌ട്ര വേദികളില്‍ തന്റെ അധികാര സ്ഥലം അടയാളപ്പെടുത്താനായി മൂത്രമൊഴിക്കുമായിരുന്ന അസൂയാലുവായ മെരുങ്ങാക്കടുവ’ ഇപ്പോള്‍ ട്രിപ്പോളിയില്‍ നിന്നുള്ള പാലായനത്തില്‍ സിര്‍ത്തെയിലെ ഉപേക്ഷിക്കപ്പെട്ട ഒരു സ്കൂളില്‍ കുടുങ്ങിക്കിടപ്പാണ്. 2011 ഒക്ടോബര്‍ പത്തൊമ്പതിന്റെ രാത്രി. നാറ്റോ ബോംബിംഗിന്റെയും റിബല്‍ സൈന്യത്തിന്റെ വെടിയുണ്ടകളുടെയും ഫലമായി കത്തിയെരിയുന്ന ആകാശത്തിനു ചുവടെ അയാളുടെ ജനറല്‍മാര്‍ ഒന്നുകില്‍ തളര്‍ന്നു പോയിരിക്കുന്നു, അല്ലെങ്കില്‍ സൈന്യത്തെ ഉപേക്ഷിച്ചു പാലായനത്തിലാണ്. പടിഞ്ഞാറിന്റെ പാവകളായ അറേബ്യന്‍ ഏകാധിപതികളില്‍ നിന്ന് വ്യത്യസ്തനായിപരസ്പരം പോരടിച്ചു ചിതറി നിന്ന ഗോത്രങ്ങള്‍ക്കിടയില്‍ നിന്ന് ലിബിയയെ ശക്തമായ ഒരു രാജ്യമാക്കി മാറ്റിയത് താനാണ്. റിബലുകളുടെ മുന്നേറ്റം തടഞ്ഞു നിര്‍ത്താനാവാത്ത ഘട്ടത്തില്‍ ഒരു കലുങ്കില്‍ അഭയം തേടുന്ന ഗദ്ദാഫി തന്റെ നാടിന്റെ നന്ദികേടില്‍ ക്രൂദ്ധനും നിസ്സഹായനുമാണ്. അവിടെ വെച്ചാണ് അയാള്‍ പിടിക്കപ്പെടുകയും അന്തിമ വിധി ഏറ്റുവാങ്ങുകയും ചെയ്യുക.


    ഒരേ സമയം എല്ലാവരെയും ചകിതരാക്കി കാല്‍ക്കീഴില്‍ നിര്‍ത്തുകയും വലിയ വായില്‍ സര്‍വ്വശക്തന്‍ ചമയുകയും ആത്മ രതിയുടെ ഊതി വീര്‍പ്പിച്ച സ്വന്തം സ്വത്വം മാധ്യമങ്ങളിലൂടെ നിരന്തരം നെടുനീളത്തില്‍ പ്രഘോഷിക്കുകയും പ്രജകളുടെ ഭയത്തില്‍ പിറന്ന മൗനത്തെ/ വിധേയത്വ ഭാവത്തെ തനിക്കുള്ള സര്‍വ്വ സമ്മതിയായി മനസ്സിലാക്കുകയും ചെയ്യുകയും ഒപ്പം ഏറെ വികാര വായ്പ്പോടെയും സൂക്ഷ്മ സംവേദന ഭാവത്തോടെ താന്‍ ഉണ്ടാക്കിയെടുത്ത ദേശത്തെ ചിറകിനടിയില്‍ സംരക്ഷിക്കാന്‍ വ്യഗ്രത കൊള്ളുകയും ചെയ്യുന്നഒട്ടേറെ വൈരുധ്യങ്ങള്‍ നിറഞ്ഞ വ്യക്തിത്വമായാണ് ഗദ്ദാഫി നോവലില്‍ സ്വയം വെളിപ്പെടുന്നത്. സ്വന്തം മകന്‍ മുതസ്സിമിനെ ഒഴികെ ആരെയും വിശ്വാസത്തിലെടുക്കാതെയും ഏതു നിമിഷവും ആരുടെ വാക്കിലും ഒരു പ്രകോപനം കണ്ടെത്തി അയാളെ വക വരുത്തുന്ന പ്രകൃതക്കാരനായും അയാള്‍ ഭീകരത സൃഷ്ടിക്കുന്നത് ഇപ്പോഴും തുടരുന്നു. സെക്യൂരിറ്റി ചീഫ് മന്‍സൂര്‍ ദാവോജന: അബുബക്കര്‍ യൂനിസ് ജബര്‍തുടങ്ങിയവരൊക്കെ ഈ ക്ഷിപ്രകോപ പ്രകൃതം അനുഭവിക്കേണ്ടി വരുന്നുണ്ട്. ബെന്‍ അലിയെ പോലുള്ള പല മന്ത്രിമാരും അടുത്ത അനുയായികളും രിബലുകളോട് ചേരുന്ന വിവരം വന്നു കൊണ്ടേയിരിക്കുന്നു.

     ബങ്കറില്‍ തന്റെ ഉറപ്പായ വിധി കാത്തു കഴിയുമ്പോഴും ജര്‍മ്മനിയെന്നാല്‍ താനാണെന്നു വീമ്പു പറഞ്ഞ ഹിറ്റ് ലറെ പോലെ ഗദ്ദാഫിയുടെ മൊഴികള്‍ ഒരു വശത്ത്‌ സ്വയം ‘ഉടല്‍ രൂപം പൂണ്ട ഇതിഹാസം (mythology made flesh)’  എന്നും “ലിബിയ എല്ലാത്തിനും എന്നോട് കടപ്പെട്ടിരിക്കുന്നു!” എന്നുമുള്ള താന്‍പോരിമയില്‍ അഭിരമിക്കുമ്പോള്‍ മറുവശത്ത്‌ വിധിയൊരുക്കിയ വഴിയിലാണ് താനെന്നു നിസ്സഹായമാവുന്നുമുണ്ട്;

ഒരൊറ്റ ആശയമേ ഉള്ളൂ.. നമ്മുടെ വിധിയെ വിശദീകരിക്കുന്ന ഒന്ന് മാത്രം. നാം അഭിനേതാക്കള്‍ മാത്രമാണ്നാം നമ്മള്‍ തന്നെ തെരഞ്ഞെടുത്തതാവണം എന്നില്ലാത്ത വേഷം ആടുകയാണ്സ്ക്രിപ്റ്റ് നോക്കാന്‍ അനുവാദവും ഇല്ല.”

ഇടവേളയില്‍ ഖുറാന്‍ പാരായണം ചെയ്യുകയും നോമ്പനുഷ്ടിക്കുകയും ചെയ്യുന്നയാള്‍ മയക്കുമരുന്നും കടിഞ്ഞാണില്ലാത്ത സ്ത്രീ സംസര്‍ഗ്ഗവും യഥേഷ്ടം തുടരുന്നുമുണ്ട്. റിബലുകളെ കുറിച്ച് ‘ഇവര്‍ ചെയ്യുന്നത് എന്താണെന്ന് ഇവരറിയുന്നില്ലെ’ന്നും താന്‍ അവരോടു ക്ഷമിക്കുന്നുവെന്നും ഒരേ സമയം കൃസ്തുവിനെ പോലെ വിനീതനാവുകയും ദൈവത്തെ പോലെ മഹാമനസ്കന്‍ ആവുകയും ചെയ്യുന്നു. ‘എന്തിനെന്നെ കയ്യൊഴിഞ്ഞു?’ എന്ന് വിലപിച്ച ദൈവ പുത്രനില്‍ നിന്ന് വ്യത്യസ്തനായിഒടുവിലത്തെ കൊടും പീഡനങ്ങളില്‍ നിന്ന് ഒരു വെടിയുണ്ടയിലൂടെ തന്നെ മോചിപ്പിക്കുന്ന വിധിയില്‍ ‘ദൈവം എന്നെ കൈവെടിയില്ല!’ എന്ന് അയാള്‍ ആശ്വസിക്കുന്നുമുണ്ട്. ചരിത്രപരമായി ഗദ്ദാഫിയുടെ അന്ത്യത്തെ കുറിച്ചും വെടിയുതിര്‍ത്തതാര്പിന്നീടെന്തു സംഭവിച്ചു തുടങ്ങിയ ചോദ്യങ്ങളിലും നോവലിസ്റ്റ് താല്‍പര്യം എടുക്കുന്നേയില്ല. എങ്ങനെയാണ് ഗദ്ദാഫി ഇതെല്ലാം നേരിട്ടത് എന്ന് ഫിക് ഷനല്‍ രൂപത്തില്‍ അന്വേഷിക്കുകയാണ് നോവലിസ്റ്റ്. വൈരുദ്ധ്യങ്ങളുടെ സങ്കരമായി തന്റെ ഏകാധിപതിയെ വരച്ചു വെക്കുന്നതിലൂടെ ഗദ്ദാഫിയെ സംബന്ധിച്ച മുഖ്യമായും പാശ്ചാത്യമായ കരികേച്ചര്‍ നിര്‍മ്മിതിയെ നോവലിസ്റ്റ് പൊളിച്ചെഴുതുന്നുണ്ട്. ലിബിയക്ക് വെളിയില്‍ അതിനാടകീയത ഇഷ്ടപ്പെട്ടസ്ത്രീകളെ അംഗ രക്ഷകരായി നിയമിച്ച ലോകത്തെ ഏക എകാധിപതിയായാണ് ഗദ്ദാഫി ചിത്രീകരിക്കപ്പെട്ടത്.

    ഗൌസ് ഗോത്രവംശജനായി തന്റെ ഏറ്റവും വിനീതമായ ബദൂയിന്‍ പാരമ്പര്യവും പിതൃത്വം സംബന്ധിച്ച അവമതിയും ഗദ്ദാഫിയെ എന്നും വേട്ടയാടിയിരുന്നുഒരു വേല ഈ അനുഭവങ്ങളാണ് അയാളുടെ പ്രകൃതം രൂപപ്പെടുത്തിയത് എന്ന് നോവല്‍ സൂചിപ്പിക്കുന്നു. 1941 –ല്‍ ഒരിക്കല്‍ തങ്ങളുടെ ദേശത്തു തകര്‍ന്നു വീണ ജര്‍മ്മന്‍ ഫൈറ്ററിന്റെ പൈലെറ്റ് കോര്‍സിക്കക്കാരന്‍ ആല്‍ബെര്‍ട്ട് പേര്‍സിയോസിയാണ് തന്റെ പിതാവെന്നു അപശ്രുതി കേട്ട യൗവ്വനകാലത്ത് ഗദ്ദാഫി അതോര്‍ത്ത് ഏറെ വിഷമിച്ചിരുന്നു. എന്നാല്‍ സിംഹാസനാവരോഹനത്തിനു ശേഷം അയാള്‍ കണ്ടെത്തി,

 “ഞാന്‍ എന്നില്‍ത്തന്നെ ജനിച്ചവനാണ്സ്വയം ജനിപ്പിച്ചവനും.”

ഒരാള്‍ എന്തായി സ്വയം ആക്കിത്തീര്‍ക്കുന്നുവോ അതാണ്‌ പ്രധാനംമറിയമിന്റെ പുത്രന്‍ ഈസായെ പോലെ. സോവിയറ്റ് യൂണിയന് സ്റ്റാലിന്‍ചൈനക്ക് മാവോഈജിപ്തിന് നാസര്‍ എന്ന പോലെ താനാണ് ലിബിയയുടെ ചരിത്രമാകുക എന്നയാള്‍ വിശ്വസിച്ചു. വന്ന വഴി മറക്കാത്ത പ്രകൃതംഒളിവിടത്തിലെ ഭക്ഷണ ദൌര്‍ലഭ്യം പട്ടിണി കിടന്നുള്ള തന്റെ ശീലം കൊണ്ട് മറി കടക്കുന്നുമുണ്ട്‌.

“ഞാനൊരു ബദൂയിന്‍ ആണ്നിസ്വരുടെ രാജാവ്രാജാക്കന്മാരിലെ ഏറ്റവും നിസ്വന്‍.”

താന്‍ ദുര മൂത്തവനെ പെരുമാറിയപ്പോള്‍ അവയെ പുച്ഛക്കാന്‍ വേണ്ടി മാത്രമായിരുന്നു എന്ന് ഗദ്ദാഫി പറയുന്നു. എന്നാല്‍തന്റെ ആദ്യപ്രണയമായിരുന്ന ഫാതെനിന്റെ പിതാവ് സ്കൂള്‍ ഹെഡ് മാസ്റ്ററെ പോലെ അതുപയോഗിച്ച് തന്നെ അപമാനിച്ചവരെ, അധികാരാരോഹണശേഷം ഒട്ടും കാരുണ്യപൂര്‍വ്വമായല്ല അയാള്‍ നേരിട്ടതും.

“എതിര്‍ക്കുന്നവരെ കീഴടക്കുന്നത്‌ പുതിയ ദേശങ്ങള്‍ കീഴടക്കും പോലെ ആസ്വദിച്ചു”

 എന്നാണു അയാള്‍ ഏറ്റുപറയുന്നത്. കിരീടധാരത്തിനു മൂന്ന് കൊല്ലങ്ങള്‍ക്ക് ശേഷം 1972-ല്‍ ഫാതെനിന്റെ ഭര്‍ത്താവ് ഇല്ലാകേസില്‍ വെട്ടയാടപ്പെട്ടപ്പോള്‍ അവള്‍ മൂന്നാഴ്ചക്കാലം ഗദ്ദാഫിയുടെ ലൈംഗിക തടവിലായി. പിതാവ് ‘അപ്രത്യക്ഷനായി’. ആദ്യപ്രണയം അവമാനത്തില്‍ ഒരുങ്ങിയതാണ് ഗദ്ദാഫിയെ ഒരു സ്ത്രീലമ്പടനാക്കിയത് എന്ന് ആഖ്യാനത്തില്‍ സൂചനയുണ്ട്. പൗരസ്ത്യ സംഗീതം ഒഴികെ ഒരു കലാ രൂപത്തിലും തനിക്കു താല്പര്യമില്ലെന്നും മണല്‍ക്കാടില്‍ കാറ്റടിക്കുന്ന ശബ്ദമാണ് തനിക്കേറെ ഇഷ്ടം എന്നും ഗദ്ദാഫി പറയുന്നുണ്ട്. 1969 ആഗസ്റ്റ്‌ മുപ്പത്തിയൊന്നിനു ഇദ്റീസ് രാജാവ് ചികിത്സാര്‍ത്ഥം വിദേശത്തായിരുന്ന സന്ദര്‍ഭത്തിലാണ് ഗദ്ദാഫിയുടെ അട്ടിമറി അരങ്ങേറുന്നത്. അടുത്ത കിരീടാവകാശി അധികാരം ഉപേക്ഷിച്ചപ്പോള്‍രാജാവ് പിന്നീട് തിരികെ വന്നതുമില്ല. ബെന്‍ഗാസി റേഡിയോയിലൂടെ ഗദ്ദാഫി തന്റെ ലിബിയന്‍ അറബ് റിപ്പബ്ലിക് പ്രാഖ്യാപിച്ചു. തന്റെ പാതിവെന്ത ഇസ്ലാമിക് സോഷ്യലിസമെന്ന വികലമായ ആശയം ഗ്രീന്‍ ബുക്ക്‌ എന്ന പേരില്‍ പാഠ പുസ്തകമാക്കി. ഉമര്‍ മുഖ്താറിന്റെ നാട്ടില്‍ ഇനി കുരിശു യുദ്ധക്കാര്‍ വേണ്ട എന്ന നിലപാടാണ് പാശ്ചാത്യ ശക്തികള്‍ക്ക് ഗദ്ദാഫിയെ ചതുര്‍ഥിയാക്കിയത്. നാട്ടില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്കെല്ലാം പിന്നില്‍ അല്‍ ക്വായിദയാണ് എന്ന പല്ലവി അധികാരം ഉറപ്പിക്കാനും അമിതാധികാര പ്രയോഗത്തെ ന്യായീകരിക്കാനും നിരന്തരം ഉപയോഗിക്കപ്പെട്ടു. തന്റെ വളര്‍ത്തു മകളെയടക്കം കൊലപ്പെടുത്തിയ അമേരിക്കന്‍ ആക്രമണത്തിനുള്ള ‘കൊലാറ്റെരല്‍ ഡാമേജ്’ ഇനത്തില്‍ ലോക്കെര്‍ബി വിമാന ദുരന്തത്തെ ന്യായീകരിക്കുന്നുണ്ട്‌ ഗദ്ദാഫി. അബു സലിം കൂട്ടക്കൊല കലാപകാരികളെ ഒതുക്കാന്‍ ആവശ്യമായിരുന്നു എന്നും ഇല്ലായിരുന്നെങ്കില്‍ അള്‍ജീരിയയില്‍ സംഭവിച്ച പോലെ അരാജകത്വം സംഭവിച്ചേനെ എന്നും ഗദ്ദാഫി ന്യായീകരിക്കുന്നു. തുടര്‍ന്ന് പത്തു വര്‍ഷം ലിബിയയില്‍ അരങ്ങേറിയ കിരാത ഭരണത്തിന്റെ അന്ത്യ്മായാണ് ഇപ്പോള്‍ അയാള്‍ മരണ വക്ത്രത്തില്‍ നില്‍ക്കുന്നത്.

    ഇതൊക്കെയാണെങ്കിലും അവമതിയുടെ നിമിഷങ്ങളില്‍ വായനക്കാരുടെ സഹതാപം അയാളോടൊപ്പം നില്‍ക്കുന്നുണ്ട്. “ഒരു ദിനം ഇരപിടിയനും അടുത്ത നാള്‍ ഇരയും” എന്ന രീതിയില്‍ അയാള്‍ ഭാവം പകരുന്നു. ‘സഹോദരതുല്യനായ വഴികാട്ടി’, ‘എന്നിലൂടെയാണ് മോക്ഷം’, ‘ഞാന്‍ കൊടുങ്കാറ്റിനെയോ അട്ടിമറികളെയോ ഭയപ്പെടുന്നില്ല’, ‘ദൈവം എന്നോടൊപ്പം’, ‘ഞാന്‍ മുഅമ്മര്‍ ഗദ്ദാഫി. വിശ്വാസം അചഞ്ചലമായിരിക്കാന്‍ അത് മതി’ .. എന്നൊക്കെയാണ് അയാള്‍ സ്വയം അവരോധിക്കുക. എന്നാല്‍ ഇപ്പോള്‍ജനറല്‍മാറില്‍ നിന്ന് അടുത്ത ചലനം എങ്ങനെഎങ്ങോട്ടായിരിക്കണം എന്ന വിവരമെത്താനായി കാത്തിരിക്കുന്ന ഘട്ടത്തിലെ ഓര്‍മ്മകള്‍ ചികയുന്ന ഇടവേളയില്‍ പതിവ് ഹെറോയിന്‍ കുത്തിവെപ്പിന്റെ മായികക്കാഴ്ച്ചകളായി ഏകാധിപതി യുടെ ഭരണകാലത്ത് അരങ്ങേറിയ കൂട്ടക്കുരുതികളും പ്രതികാര സന്ദര്‍ഭങ്ങളും ഇഴ കോര്‍ക്കുന്നു. ‘എന്റെ പൗരുഷം കൊണ്ട് ഞാന്‍ പ്രസാദിപ്പിച്ച സ്ത്രീകളും’ കീഴടക്കിയ ‘നിശ്ചേതനരായിപ്പോയ’ കന്യകമാരും പരാമര്‍ശിക്കപ്പെടുന്നുണ്ടെങ്കിലും ഗദ്ദാഫിയുടെ കുപ്രസിദ്ധമായ ഹാരെമുകളെ കുറിച്ചുള്ള വിവരണം അത് കുറിച്ചുള്ള മറ്റു ജനപ്രിയ ആഖ്യാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി വളരെ മിതത്വത്തോടെയാണ് നോവലിസ്റ്റ് നടത്തുന്നത്. ഭ്രമക്കാഴ്ചകളില്‍ നിര്‍ണ്ണായക ഘട്ടങ്ങളിലെല്ലാം കൂടെക്കൂടെ കടന്നു വരുന്ന വാന്‍ഗോഗ്ഒരു ഘട്ടത്തില്‍ പ്രത്യക്ഷനാകുന്ന സദ്ദാം ഹുസൈന്‍വെടിയുണ്ടയേറ്റ് ബോധം മറയുന്ന ഒരേയൊരു ഘട്ടത്തില്‍ എത്തുന്ന മാതാവ് എന്നിവരൊക്കെ തന്റെ അസ്തിത്വത്തിന്റെ അനിശ്ചിതത്വവുമായി അയാളെ മുഖാമുഖം നിര്‍ത്തുന്നുണ്ട്. ഹിഷാം മതാറിന്റെ ‘പുരുഷന്മാരുടെ നാട്ടില്‍ (In the Country of Men) പോലുള്ള കൃതികളില്‍ ആവിഷ്കരിക്കപ്പെട്ട ലിബിയന്‍ സാമൂഹിക പ്രതിസന്ധികള്‍ ഇവിടെ ഏകാധിപതിയുടെ തന്നെ അനുഭവ മണ്ഡലത്തില്‍ നിന്ന് നോക്കിക്കാണുകയാണ്.

 Also from Yasmina Khadra:

Swallows of Kabul by Yasmina Khadra

https://alittlesomethings.blogspot.com/2014/12/blog-post_26.html

Also read:

In the Country of Men by Hisham Matar

https://alittlesomethings.blogspot.com/2024/08/in-country-of-men-by-hisham-matar.html





(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ - 1: ലോഗോസ് ബുക്ക്സ് പേജ് 358-363)

To purchase, contact ph.no:  8086126024

Friday, April 25, 2025

Burnt Shadows by Kamila Shamsie

ഉരുകിയുറയുന്ന ദുരന്ത നിഴലുകള്‍.



വംശീയതയുടെ വിനാശകതയെ തുറന്നു കാട്ടുകയും മനുഷ്യ കുലത്തിന്റെ വൈവിധ്യത്തെ ആഘോഷിക്കുകയും ചെയ്യുന്ന കൃതികളെ ആദരിക്കുന്ന പുരസ്ക്കാരമാണ് അമേരിക്കന്‍ സാഹിത്യ സമ്മാനമായ അനിസ് ഫീല്‍ഡ്‌ - വുള്‍ഫ് ബുക്ക്‌ അവാര്‍ഡ്‌. മാര്‍ട്ടിന്‍ ലുതര്‍കിംഗ്‌ Jr, എഡ്വാഡ് സെയ്ദ്‌ , വോള്‍ സോയിങ്ക, ഡെറക് വാല്‍കോട്ട്, നദീന്‍ ഗോഡിമര്‍, ടോണി മോറിസന്‍, തുടങ്ങിയ സാഹിത്യ-സാംസ്കാരിക ലോകത്തെ കുലപതികള്‍ മുതല്‍ ചിമാന്‍ഡാ അദീചി, എസി എദുഗയാന്‍, ആന്റണി മര്‍റ തുടങ്ങിയ ഇളമുറക്കാരുടെ സാര്‍ഥകമായ കൃതികള്‍ വരെ ഈ വിഖ്യാത പുരസ്ക്കാര നേട്ടത്തിന്റെ പട്ടികയിലുണ്ട്. 2010-ല്‍ അനിസ് ഫീല്‍ഡ്‌ - വുള്‍ഫ് ബുക്ക്‌ അവാര്‍ഡ്‌ നേടിയ കൃതിയാണ് യുവപാകിസ്ഥാന്‍- ബ്രിട്ടീഷ്‌ നോവലിസ്റ്റ് കാമിലാ ഷംസിയുടെ The Burnt Shadows. 1944-ല്‍ നാഗസാക്കിയിലെ അണുബോംബ് ദുരന്തത്തിന്റെ ബാക്കി പത്രമായ ഹിരോകോ തനാക എന്ന അന്നത്തെ ഇരുപത്തിയൊന്നുകാരിയുടെ കൂടെ നമ്മള്‍ രണ്ടാം ലോക യുദ്ധാനന്തര ചരിത്രത്തിന്റെ മാഹാദുരന്തങ്ങളുടെ ചില ഘട്ടങ്ങളിലൂടെ കടന്നു പോവുന്നു. 1947-ലെ ഇന്ത്യാ പാക്‌ വിഭജനം, ശീത യുദ്ധം, 1979-ലെ അഫ്ഘാനിലെ സോവിയറ്റ് അധിനിവേശം, 9/11 ഘട്ടത്തിലെ ന്യൂയോര്‍ക്ക്‌, ഒടുവില്‍ പൊരുളറിയാതെ ഗ്വാണ്ടനാമോ ബേയിലേക്ക് അയക്കപ്പെടുന്നതിന്റെ മുന്നോടിയായി 'ഇതെങ്ങനെ ഇവിടെയെത്തി?' എന്ന ചോദ്യത്തിന് മുന്നില്‍ പകച്ചു നില്‍ക്കുന്ന ഭയന്ന് വിറയ്ക്കുന്ന നഗ്നനായ ഒരു മനുഷ്യന്റെ മുന്നില്‍ നമ്മളും ചൂളി നില്‍ക്കുന്നു. പഴയ കുടിപ്പകകള്‍ , യുദ്ധങ്ങള്‍ എന്തുകൊണ്ട് ഒരു ഒഴികഴിവും കൂടാതെ പുതിയ സംഘര്‍ഷങ്ങളായി ആവര്‍ത്തിക്കപ്പെടുന്നു എന്നും ചരിത്രത്തിന്റെ നിഴലുകള്‍ വ്യക്തി പരവും രാഷ്ട്രീയവുമായ തനിയാവര്‍ത്തനങ്ങളായി എന്തുകൊണ്ട് എരിഞ്ഞു നില്‍ക്കുന്നുവെന്നുമുള്ള വലിയ ചോദ്യത്തെയാണ് തുളഞ്ഞിറങ്ങുന്ന അനുഭവ ലോകം ആവിഷ്കരിക്കുന്ന നോവല്‍ ഉന്നയിക്കുന്നത്

1945 ആഗസ്റ്റ്‌ 9- നാഗസാക്കി. അഭിശപ്തമായ ആ ദിനം മാനവ ചരിത്രത്തില്‍ അടയാളപ്പെടുക തികച്ചും വിവേചന രഹിതമായ ഒരു മനുഷ്യ സൃഷ്ട മഹാ ദുരന്തത്തിന്റെ പേരിലായിരുന്നു. മറ്റൊരു ലക്ഷ്യത്തിലേക്ക് പുറപ്പെട്ട ബോംബറിലെ വൈമാനികന്‍ കാലാവസ്ഥ പ്രതികൂലമായത്‌ കൊണ്ട് അവിടെ വര്‍ഷിക്കാനാവാത്ത അണുബോംബ് 'എങ്കില്‍ പിന്നെ അതിവിടെ കിടക്കട്ടെ!' എന്ന് നാഗസാക്കിയിലെ നിസ്സഹായരായ ജൈവ, മനുഷ്യ പ്രകൃതിക്ക് മേല്‍ ഭാരമൊഴിച്ച ദിനം. ഇരുപത്തിയൊന്നുകാരിയായ സ്കൂള്‍ അധ്യാപിക ഹിരോകോ തനാകക്ക് മുന്നില്‍ ലോകം ഒരു നിമിഷത്തേക്ക് വെള്ളെഴുത്താവുന്നു. കണ്ണ് തെളിയുമ്പോള്‍ കോണ്‍റാഡ് വെയ്സ് എന്ന പ്രണയവും ജീവിതവും പങ്കു വെക്കാന്‍ അവള്‍ കണ്ടെത്തിയ ആദര്‍ശ ശാലിയായ യുവ ജര്‍മ്മന്‍ കൂട്ടുകാരന്‍ ഒരു പാറപ്പുറത്ത് പടര്‍ന്നു പോയ നിഴലായിക്കഴിഞ്ഞിരുന്നു.
അതാ, കണ്ടോ? അവിടെ.”അത് അദ്ദേഹം തന്നെയാണെന്ന് നിനക്കെന്താണിത്ര ഉറപ്പ്?” "നാഗസാക്കിയിലുള്ള ആര്‍ക്കും അത്രയും നീണ്ട ഒരു നിഴല്‍ വീഴ്ത്തുക സാധ്യമല്ല"അന്ന്, ഹിരോകോ ധരിച്ചിരുന്ന കിമോണോയുടെ പുറകിലുണ്ടായിരുന്നു മൂന്നു കറുത്ത പക്ഷികള്‍ ഇനിയെന്നും അവളുടെ മുതുകില്‍, ഉരുകിയുറഞ്ഞു, മരവിച്ചു കിടക്കും - ഒരു യുദ്ധം ഇരകളെ സംബന്ധിച്ച് ഒരിക്കലും അവസാനിക്കുകയില്ലെന്ന പാഠവുമായി. കാമികാസെ മോഡല്‍ സൈനിക ദേശീയതയുടെയും മസ്തിഷ്ക പ്രക്ഷാളനം ചെയ്യപ്പെട്ട രാജഭക്തിയുടെയും വിമര്‍ശകന്‍ എന്ന നിലയില്‍ ഹിരോകൊയുടെ അച്ഛന്‍ 'രാജ്യദ്രോഹി'എന്ന് ആക്ഷേപിക്കപ്പെട്ടിരുന്നെങ്കില്‍ , 'ജര്‍മ്മന്‍ ബന്ധങ്ങളെ' കുറിച്ചുള്ള പൊതുബോധം കാരണമാണ് കോണ്‍റാഡിന്റെ സഹോദരി ഇല്‍സേ ഡല്‍ഹിയിലുള്ള വീട്ടില്‍നിന്ന് അയാളെ അകറ്റി നിര്‍ത്തിയതും അയാള്‍ ജപ്പാനില്‍ എത്തിയതും. ഒരു തരം പ്രവാസം.

.........
തുടര്‍ വായനയ്ക്ക്:

(കഥകൊണ്ട് നേരിട്ട യുദ്ധങ്ങള്‍, Logos Books, പേജ് 108-116)

To purchase, contact ph.no:  8086126024


Sunday, October 20, 2024

The Tiger's Wife by Téa Obreht

 ദേശപ്പിറവിയുടെ ബാല്‍ക്കന്‍ പോര്‍മുഖങ്ങള്‍



1990-കളില്‍ മുന്‍യുഗോസ്ലാവിയന്‍ റിപ്പബ്ലിക്കിന്റെ ശിഥിലീകരണത്തോടെ ബാള്‍ക്കന്‍ ദേശങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷങ്ങള്‍ ബ്രച്ച്കോയിലെയും സെബ്രെനിസയിലെയും കൂട്ടക്കുരുതികളും സരയേവോ ഉപരോധവും സെര്‍ബ്-ബോസ്നിയന്‍ വംശീയ ശുദ്ധീകരണ പ്രക്രിയയും പോലുള്ള യുദ്ധക്കുറ്റങ്ങളും നാനൂറു വര്‍ഷം പഴക്കമുണ്ടായിരുന്ന മോസ്റ്റാര്‍ പാലം തകര്‍ക്കല്‍ പോലുള്ള നിരുത്തരവാദ നശീകരണങ്ങളും അരങ്ങേറുന്നതിനു കാരണമായി. വംശീയ/ ദേശീയ/ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ‘മിഡില്‍-ഈസ്റ്റ്’, ‘ഏഷ്യന്‍’, ‘ആഫ്രിക്കന്‍’ തുടര്‍ക്കഥകളെ ഏറെ ഔദ്ധത്യത്തോടെ നോക്കിക്കണ്ടുവന്ന യൂറോപ്പിന്, നൂറ്റാണ്ടന്ത്യം നല്‍കിയ ‘ഷോക്ക് ട്രീറ്റ്മെന്റ്’ കൂടിയായിത്തീര്‍ന്നു ബാള്‍ക്കന്‍ സംഘര്‍ഷങ്ങള്‍. എമിര്‍ കുസ്തൂറിക്കയുടെ ‘അണ്ടര്‍ഗ്രൗണ്ട്’ (1995), ഡാനിസ് ടാനോവിച്ചിന്റെ ‘നോ മാന്‍സ് ലാന്‍ഡ്’ (2001), ആര്‍സെന്‍ ആന്‍റന്‍ ഓസ്റ്റോജിക്കിന്റെ ‘ഹലീമാസ് പാത്ത്’ (2012) തുടങ്ങിയ ചലച്ചിത്രങ്ങളിലും ‘എലിജി ഫോര്‍ കൊസൊവോ’ (ഇസ്മയില്‍ കദാരെ), ‘ലോഗാവിന സ്ട്രീറ്റ്’ (ബാര്‍ബറ ഡെമിക്ക്), ഗേള്‍ അറ്റ്‌ വാര്‍ (സാറ നോവിച്ച്), ‘നോ ഗണ്‍സ് ഫോര്‍ അസ്മിര്‍ (ക്രിസ്റ്റബെല്‍ മാറ്റിംഗ് ലി), ദി സെല്ലിസ്റ്റ് ഓഫ് സരയെവോ (സ്റ്റീവന്‍ ഗാലോവേ) തുടങ്ങിയ ഫിക്ഷന്‍നോണ്‍-ഫിക്ഷന്‍ രചനകളിലും പ്രസ്തുത സംഘര്‍ഷങ്ങള്‍ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. സെര്‍ബിയയില്‍ ജനിച്ചു തന്റെ പന്ത്രണ്ടാം വയസ്സില്‍, 1997-ല്‍അമേരിക്കയിലെത്തിയ ടിയ ഒബ്രെയ്റ്റ് ഇരുപത്തിയഞ്ചാം വയസ്സില്‍ പ്രസിദ്ധീകരിച്ച പ്രഥമ നോവലായ ദി ടൈഗേഴ്സ് വൈഫ് എന്ന പുസ്തകത്തിലൂടെ ഈ പാരമ്പര്യത്തോട് കണ്ണി ചേരുന്നു. വനിതാ നോവലിസ്റ്റുകള്‍ക്കുള്ള വിഖ്യാത പുരസ്കാരമായ ഓറഞ്ച് പ്രൈസ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരിയും ആയിത്തീര്‍ന്നു ഇതിലൂടെ ടിയ ഒബ്രെയ്റ്റ്.

യുദ്ധോദ്യുക്തതയുടെ ആലിഗറി

വസ്തുനിഷ്ഠ ചിത്രീകരണങ്ങളും നാടോടി- പുരാണ രീതികളും ഭ്രമാത്മകമാജിക്കല്‍ റിയലിസ്റ്റിക്ക് ആഖ്യാനവും ഇടകലരുന്ന ആവിഷ്കാരത്തിലൂടെ പ്രഥമ കൃതിയില്‍ തന്നെ ബുള്‍ഗാക്കൊവ്, മാര്‍ക്കേസ്, മിലോരാദ് പാവിച്ച് തുടങ്ങിയ മഹാരഥന്മാരുടെ നിരയിലേക്കാണ് ഒബ്രെയ്റ്റ് മുതിര്‍ന്നത് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. 1992-ല്‍ അമ്മയോടും മുത്തച്ഛനോടും മുത്തശ്ശിയോടുമൊപ്പം യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന ബെല്‍ഗ്രേഡ് വിട്ടു പോയി സൈപ്രസ്, കൈറോ എന്നിവിടങ്ങളിലായി അഞ്ചു വര്‍ഷം പിന്നിട്ട ശേഷമാണ് ഒബ്രെയ്റ്റിന്റെ കുടുംബം യു. എസ്സില്‍ എത്തുന്നത്. അതുകൊണ്ടു തന്നെ, നേരിട്ടനുഭവിച്ച പ്രവാസി ഓര്‍മ്മകളായോ ആത്മകഥാംശങ്ങളുള്ള ആഖ്യാനമായോ അല്ല നോവല്‍ ആവിഷ്കരിക്കപ്പെടുന്നത്. എന്നാല്‍യുഗോസ്ലാവിയന്‍ സംഘര്‍ഷങ്ങളുടെ നേരനുഭവങ്ങള്‍ നോവലില്‍ കടന്നു വരുന്നില്ലെങ്കിലുംഏഴു സ്വതന്ത്ര രാജ്യങ്ങളുടെ ഉല്‍പത്തികളിലേക്ക് നയിച്ച കലുഷമായ ആ ചരിത്ര ഘട്ടവും മാനുഷികാവസ്ഥയും തികച്ചും അനുഭവ വേദ്യവുമാണ്. റോണ്‍ ചാള്‍സ് നിരീക്ഷിക്കുന്നത് പോലെ (washingtonpost.com ) ഇവിടെ ക്രിസ്ത്യന്‍-മുസ്ലിം സംഘര്‍ഷങ്ങളുണ്ട്ഓട്ടോമന്‍ സാമ്രാജ്യവും തുര്‍ക്കികളും തമ്മിലുള്ള സംഘര്‍ഷങ്ങളുണ്ട്ശാസ്ത്രവും അന്ധവിശ്വാസങ്ങളും കൊമ്പുകോര്‍ക്കുന്നുണ്ട്. ദൃഷ്ടാന്ത കഥാന്തരീക്ഷവും സന്ദേഹങ്ങളും അന്ധവിശ്വാസങ്ങളും ഹിംസയും നിറഞ്ഞ കാലിക മുദ്രകളുംവാര്‍ത്താ തലക്കെട്ടുകളില്‍ കണ്ടെടുത്ത ചരിത്ര സൂചകങ്ങളുമെല്ലാം ബാള്‍ക്കന്‍ സംഘര്‍ഷങ്ങളുടെ സങ്കീര്‍ണ്ണതകള്‍ ആവിഷ്കരിക്കാന്‍ നോവലിസ്റ്റ് ഉപയോഗിക്കുന്നു. രണ്ടാം ലോക യുദ്ധത്തിലേക്കും അതിനും മുമ്പ് നടന്ന യുദ്ധങ്ങളിലേക്കും വീണ്ടും പുതിയ കാലത്തിന്റെ സംഘര്‍ഷങ്ങളിലേക്കും മുന്നോട്ടും പിറകോട്ടും ചലിക്കുന്ന ആഖ്യാനത്തിലൂടെ യുദ്ധോന്മുഖമായ മനുഷ്യ സംസ്കൃതിയുടെ ഒരു ആലിഗറി തന്നെയായിത്തീരുന്നുണ്ട് യുവ നോവലിസ്റ്റിന്റെ കൃതി.

ഇരുപതാം നൂറ്റാണ്ടിന്റെ മധ്യ ദശകങ്ങള്‍ മുതല്‍ പുതിയ നൂറ്റാണ്ടാദ്യം വരെ കഥാകാലമായി വരുന്ന നോവലില്‍മൂന്നു സമയ രേഖകള്‍ സന്ധിക്കുന്നുണ്ട്: ഒന്ന്നതാലിയയുടെ മുത്തച്ഛന്റെ കുട്ടിക്കാലം കഴിഞ്ഞ രണ്ടാം ലോകയുദ്ധ ഘട്ടംമറ്റൊന്ന് നതാലിയയുടെ കുട്ടിക്കാലവും മുന്‍യുഗോസ്ലാവ്യന്‍ റിപ്പബ്ലിക്കിലെ ദേശങ്ങള്‍ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് ശ്രമിച്ചതിനെ തുടര്‍ന്നു ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യദശകം കണ്ട ബാള്‍ക്കന്‍ സംഘര്‍ഷങ്ങളുടെ തുടക്കകാലംമറ്റൊന്ന് പുതിയ നൂറ്റാണ്ടിന്റ ആദ്യ ദശകം അടയാളപ്പെടുത്തുന്ന വര്‍ത്തമാന കാലവും. ബാള്‍ക്കന്‍ ദേശത്തുള്ള പേര് പറയുന്നില്ലാത്ത ഒരു പട്ടണത്തില്‍ മാനുഷിക പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ബ്രിജെവിനയിലുള്ള ആശ്രമത്തിലെ “നമ്മുടെ സ്വന്തം സൈനികര്‍ സൃഷ്ടിച്ച” അനാഥക്കുട്ടികള്‍ക്ക് കുത്തിവെപ്പു നടത്താന്‍ ആത്മസുഹൃത്ത് സോറയോടൊപ്പം എത്തിയ നതാലിയ സ്റ്റെഫാനോവിച്ച് എന്ന മുപ്പതോടടുത്ത വനിതാ ഡോക്റ്ററാണ് വര്‍ത്തമാന കാലത്തില്‍ ആഖ്യാനം തുടങ്ങിവെക്കുന്നത്. “പന്ത്രണ്ടു കൊല്ലം മുമ്പ്യുദ്ധത്തിനു മുമ്പ്ബ്രിജെവിനയിലെ ആളുകള്‍ നമ്മുടെ സ്വന്തം ആളുകള്‍ ആയിരുന്നു.” അന്ന് അതിര്‍ത്തിയെന്നത് വെറും ഔപചാരികതയായിരുന്നുവെങ്കില്‍ ഇന്ന് അത് ഏറെ അധികൃത കടമ്പകള്‍ കടക്കേണ്ട പ്രക്രിയയാണ്. എങ്കിലും ആതിഥേയര്‍ ആയ ബാര്‍ബ ഇവാന്‍നാദ ദമ്പതികള്‍ ഏറെ ഉദാരമായി മതരാഷ്ട്രീയ ഭിന്നതകള്‍ മറന്നാണ് അവരെ സ്വീകരിക്കുക. രാത്രിമുഴുവന്‍ അവരുടെ പുരയിടത്തില്‍ കിളച്ചു മറിക്കുന്ന ക്ഷീണിതരായ ഒരു കൂട്ടം ആളുകള്‍ അവര്‍ക്ക് ദുരൂഹതയായി അനുഭവപ്പെടും. തന്റെ പ്രിയപ്പെട്ട മുത്തച്ഛന്‍ അദ്ദേഹത്തെ ഒട്ടും പ്രതീക്ഷിക്കേണ്ടതില്ലാത്ത ഒരു പട്ടണത്തില്‍ വെച്ച് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടു എന്ന വാര്‍ത്തയെത്തുന്നത് ദുഃഖകരമെങ്കിലും അവള്‍ക്ക് തീര്‍ത്തും അപ്രതീക്ഷിതമല്ല. അദ്ദേഹം കാന്‍സര്‍ ബാധിതനായിരുന്നു എന്ന അറിവ് രണ്ടുപേര്‍ക്കുമിടയിലെ രഹസ്യമായിരുന്നുവല്ലോ. നതാലിയ, വാക്സിന്‍ നല്‍കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കെ, കീറിപ്പറിഞ്ഞ ഉടുപ്പുകളിട്ട കുറെ ജിപ്സികള്‍ തോട്ടത്തില്‍ വിചിത്ര വേലയിലാണ്. യുദ്ധാരംഭത്തില്‍പന്തീരാണ്ട് മുമ്പ് ഉപേക്ഷിക്കപ്പെട്ട സഹോദരനെ തിരികെയെടുത്ത്‌ ആചാരബദ്ധം സംസ്കരിക്കാനുള്ള പുറപ്പാടിലാണ് അവര്‍. ‘അയാള്‍ക്ക് ഇവിടം ഇഷ്ടമാകുന്നില്ല’ എന്നതിന്റെ നിദര്‍ശനമായി ഗ്രാമത്തിലെങ്ങും പടര്‍ന്നു പിടിക്കുന്ന രോഗപീഡകളെ അവര്‍ കാണുന്നു. കുട്ടികളെ ചികിത്സിക്കാന്‍ ആധുനിക വൈദ്യം ആവശ്യമില്ലെന്ന ഗോത്രമുഖ്യന്‍ ദുറെയുടെ നിലപാടുമായി നതാലിയക്ക് ഏറ്റുമുട്ടേണ്ടി വരുന്നു. എന്നാല്‍മരിച്ചയാള്‍ക്ക്‌ വിശുദ്ധമായ അടക്കം നല്‍കേണ്ടതിന്റെ കാര്യത്തില്‍ അവള്‍ക്ക് വിയോജിപ്പില്ലെന്നു മാത്രമല്ലനിര്‍ണ്ണായക ഘട്ടത്തില്‍ അക്കാര്യത്തില്‍ സഹാകാരിയാകുന്നുമുണ്ട് അവള്‍- ഒരൊറ്റ നിബന്ധനയില്‍: അതുകഴിഞ്ഞ് കുട്ടികളെ ചികിത്സിക്കാന്‍ അനുവദിക്കണം.

‘കടുവയുടെ ഭാര്യ

എന്നാല്‍വര്‍ത്തമാന കാലത്ത് സംഭവിക്കുന്ന കാര്യങ്ങള്‍നോവലിന്റെ ബാഹ്യഭാഗം മാത്രമാണ്. നോവലിന്റെ മിത്തോളജിക്കല്‍ ഭാവം നിര്‍ണ്ണയിക്കുന്നതില്‍ പ്രധാനമായിരിക്കുന്നത് മുത്തച്ഛനുമായി ബന്ധപ്പെട്ട രണ്ടു ഇതിവൃത്ത ഖണ്ഡങ്ങളാണ്. “എന്റെ ഏറ്റവും പഴയ ഓര്‍മ്മയില്‍എന്റെ മുത്തച്ഛന്‍ ഒരു ശിലപോലെ കഷണ്ടിയായിരുന്നു, അദ്ദേഹം എന്നെ കടുവകളെ കാണാന്‍ കൊണ്ടുപോകുന്നു” എന്ന ആദ്യവാചകം തന്നെ പരിചയപ്പെടുത്തുന്ന കടുവയും നോവലിന്റെ തലക്കെട്ട്‌ സൂചിപ്പിക്കുന്ന സ്ത്രീയും കടന്നുവരുന്ന ആദ്യഖണ്ഡം, രണ്ടാം ലോക യുദ്ധത്തിലെ ജര്‍മ്മന്‍ ബോംബു വര്‍ഷം നേരിടുന്ന ഗലീനയെന്ന നഗരത്തിലേക്കാണ് ആഖ്യാനത്തെ കൊണ്ടുപോകുന്നത്. മുത്തച്ഛനു ഏറെ ഗൃഹാതുര സ്മരണകള്‍ ഉണ്ട് ഗലീനയില്‍. അച്ഛനമ്മമാരുടെ മരണശേഷം മുത്തശ്ശി വേര അവിടെയാണ് അദ്ദേഹത്തെ വളര്‍ത്തിയത്. അവിടെയാണ് അദ്ദേഹം തന്റെ മധുവിധുക്കാലം ചെലവഴിച്ചത്‌. ജര്‍മ്മന്‍ ഉപരോധത്തില്‍ വീര്‍പ്പുമുട്ടിയ നഗരത്തിലെ കാഴ്ച്ചബംഗ്ലാവില്‍ നരഭോജികളായി മാറിയിരിക്കുന്ന മൃഗങ്ങള്‍ക്കിടയില്‍ നിന്ന് ഒരു കടുവ പുറത്തുകടക്കുന്നത് ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പടര്‍ത്തുന്നു. സംഗീതത്തെ പ്രണയിക്കുന്ന സഹൃദയനും സ്വവര്‍ഗ്ഗാനുരാഗ പ്രവണതകള്‍ ഉള്ളവനുമായ ലൂക്കയെന്ന കശാപ്പുകാരന്‍ യുദ്ധകാലാനുഭവങ്ങളിലൂടെ അയാളില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ കാരണം ക്രൂരനായ ഗാര്‍ഹിക പീഡകനായിത്തീര്‍ന്നത് അയാളുടെ മുസ്ലിം ആയ ഭാര്യ ‘മൂക ബധിര സ്ത്രീ’യില്‍ ദുരൂഹമായ പ്രതികാര ബോധം നിറക്കുന്നുണ്ട്. ലൂക്കാ, ഗലീന വിട്ടുപോകുന്നതാണോ, അയാളുടെ ഭാര്യ അയാളെ കൊന്നുകളഞ്ഞതാണോ എന്ന് വ്യക്തമല്ല. എന്നാല്‍ലൂക്കയും ഇതര പ്രദേശവാസികളും കൂട്ടായി ശ്രമിച്ചിട്ടും വകവരുത്താന്‍ കഴിയാതെ പോയ കടുവയും ‘മൂക ബധിര സ്ത്രീ’യും തമ്മിലുണ്ടാവുന്നതായി നിരീക്ഷിക്കപ്പെടുന്ന ബന്ധം ഒട്ടേറെ അഭ്യൂഹങ്ങള്‍ക്ക് കാരണമാകുന്നു. ഭര്‍ത്താവിന്റെ തിരോധാനത്തിനുശേഷം സംശയാസ്പദമായി ഗര്‍ഭിണിയാകുന്ന സ്ത്രീകടുവയില്‍ നിന്നാണ് അത് സാധിക്കുന്നതെന്നു കരുതപ്പെട്ടു. കടുവയാകട്ടെ സാത്താന്റെ പ്രതീകമായി കണക്കാക്കപ്പെടുകയും ചെയ്യുന്നത് അവരുടെ സാമൂഹികനില കൂടുതല്‍ പരുങ്ങലിലാക്കുന്നു. സ്വതേ അപകര്‍ഷ ബോധത്തിനടിമയായ ‘മൂകബധിരസ്ത്രീയുടെ നിസ്സഹായമായ ഏകാന്തതയില്‍ നതാലിയയുടെ മുത്തച്ഛനും അദ്ദേഹത്തിന്റെ മുത്തശ്ശി വേരയും മാത്രമാണ് അവരോടു അലിവോടെ പെരുമാറുന്നത് എന്നത് മറ്റൊരു കുരുക്കിലാണ് അവരെ എത്തിക്കുക. അത് താനറിയാതെയെങ്കിലും മൂക ബധിര സ്ത്രീക്ക് വിഷം നല്‍കുകയെന്ന ഗലീനയിലെ വൈദ്യന്‍ ഏല്‍പ്പിക്കുന്ന ദൌത്യത്തിലേക്ക് മുത്തച്ഛനെ എത്തിക്കുന്നു. സ്ത്രീയെ കൊലപ്പെടുത്തുന്നതോടെ നാട്ടുകാര്‍ക്കിടയില്‍ വീരപരിവേഷം ലഭിക്കുന്നുവെങ്കിലും യുദ്ധകാലത്ത് ദുരൂഹമായ സാഹചര്യങ്ങളില്‍ കൊല്ലപ്പെടുന്ന വൈദ്യന്‍ തന്റെ ചതിക്ക് വിലയൊടുക്കുകയായിരുന്നുവോ എന്ന് വ്യക്തമല്ല. നോവലിലെങ്ങും കാണപ്പെടുന്ന മൃത്യുവിന്റെ നാനാര്‍ഥങ്ങള്‍ എന്ന പ്രമേയത്തില്‍ ഒട്ടേറെ കഥാപാത്രങ്ങള്‍ ബന്ധിതരാവുന്നുണ്ട്: ലുക്കാഗലീനയിലെ വൈദ്യന്‍പ്രവചന സിദ്ധിയില്‍ തെറ്റിപ്പോയതിനു കൊല്ലപ്പെടുന്ന അന്ധന്‍ ഓര്‍ലോനാട്ടുകാരുടെ ക്ഷണപ്രകാരം കടുവാ വേട്ടക്കെത്തി പ്രസ്തുത ശ്രമത്തില്‍ കൊല്ലപ്പെടുന്ന കരടിയെന്നു വിളിക്കപ്പെട്ട പ്രസിദ്ധനായ വേട്ടക്കാരന്‍ ദരീസ, ജിപ്സികള്‍ തേടുന്ന മണ്‍മറഞ്ഞ സഹോദരന്‍, ‘മൂക ബധിര സ്ത്രീ’യുടെ സഹോദരിയും ലൂക്കായുടെ ആത്മാവിന്റെ കൂട്ടുകാരിയുമായിരുന്നയഥാര്‍ത്ഥത്തില്‍ അയാള്‍ വിവാഹം ചെയ്യേണ്ടിയിരുന്ന, സംഗീതപ്രിയയായിരുന്ന അമാന തുടങ്ങി ഒട്ടേറെ പേര്‍ അക്കൂട്ടത്തിലുണ്ട്. യുദ്ധം അതിരുകളില്ലാത്ത ഹിംസയിലൂടെ  സംസ്കാരത്തിന്റെ നീക്കിവെപ്പുകള്‍ തിരോഭവിപ്പിക്കുന്നതിലേക്കും ജീവി വര്‍ഗ്ഗങ്ങള്‍ക്കിടയിലെ സനാതനമായ ഉടമ്പടിയുടെ തകര്‍ച്ചയിലൂടെ നരഭോജികളുടെ ഉദയത്തിലേക്കും നയിക്കുന്നതിന് സാഹിത്യത്തില്‍ വേറെയും ഉദാഹരണങ്ങളുണ്ട്: മോസാംബിക്കാന്‍ നോവലിസ്റ്റ് മിയാ കൂട്ടോയുടെ ‘കണ്‍ഫഷന്‍സ് ഓഫ് ദി ലയണസ്’ ‘ബിഗ്‌ കാറ്റ്’ കുലത്തില്‍ നിന്ന് തന്നെ അത്തരം ഒരു കേന്ദ്ര ബിംബത്തെ കണ്ടെടുക്കുന്നതിലൂടെ, ടിയ ഒബ്രെയ്റ്റിന്റെ നോവലിന് നല്ലൊരു മുന്‍ മാതൃകയാകുന്നുണ്ട്. ഇന്തോനേഷ്യന്‍ നോവലിസ്റ്റ്‌ ഏകാ കുര്‍നിയാവാന്‍ തന്റെ ‘മാന്‍ ടൈഗര്‍’ എന്ന നോവലില്‍ ദരിദ്ര- സമ്പന്ന ഉച്ചനീചത്വങ്ങളുടെ ദുസ്സഹനീയതയില്‍ തുടല്‍ പൊട്ടിക്കുന്ന ക്രോധം പകര്‍ത്താനുള്ള രൂപകമായി കണ്ടെടുക്കുന്നതും സമാനമായ ഒരു ബിംബത്തെയാണ്.

‘മരണമില്ലാത്ത മനുഷ്യന്‍

നതാലിയയുടെ മുത്തച്ഛനുമായി ബന്ധപ്പെട്ട മറ്റൊരു ഇതിവൃത്ത ഖണ്ഡം ‘മരണമില്ലാത്ത മനുഷ്യ’ന്റെ കഥയാണ്‌. വര്‍ത്തമാന കാലത്തില്‍മുത്തച്ഛന്റെ മരണവാര്‍ത്തക്ക് ശേഷംഅദ്ദേഹത്തിന്റേതായ ചില വസ്തുക്കള്‍ ഏറ്റുവാങ്ങാനായി സ്ദ്രെവ്കൊവിലേക്ക് പോകുന്ന സന്ദര്‍ഭത്തിലാണ് മരണമില്ലാത്ത മനുഷ്യന്റെ കഥ നതാലിയ ഓര്‍ത്തെടുക്കുന്നത്. ഗാവ്റാന്‍ ഗെയ്ല്‍ എന്ന ഗാവോ എന്ന മനുഷ്യനുമായി വിവിധ സന്ദര്‍ഭങ്ങളില്‍ കണ്ടുമുട്ടിയ കഥകള്‍ മുത്തച്ഛന്‍ നതാലിയയോട്‌ പറഞ്ഞിരുന്നു. പകര്‍ച്ചവ്യാധി വ്യാപിക്കുന്ന പട്ടണത്തില്‍ വെച്ചാണ് അതാദ്യം സംഭവിക്കുന്നത്‌. അയാളെ കുറിച്ച് സംശയാലുവായ അദ്ദേഹം നിരീക്ഷിക്കുന്നു:

“അയാള്‍ എനിക്ക് ഉറങ്ങിപ്പോവാനും മാത്രം സുരക്ഷിതത്വ ബോധവും സന്തോഷവും നല്‍കാന്‍ പോവുകയാണ്പിന്നീട് ഞാന്‍ സ്വയം ഞെട്ടിയുണരുകയും അപ്പോള്‍ അയാള്‍ എനിക്ക് മേല്‍ഒരു മൃഗത്തെ പോലെ മുരണ്ടുകൊണ്ട്‌, ഒരു പേനായയെ പോലെ കണ്ണുകള്‍ തുറിപ്പിച്ച്‌ കാണപ്പെടാന്‍ പോകുന്നു.”

ഗാവോയെ പോലെ അപ്രവചനീയ പ്രകൃതമുള്ള ഒരാളില്‍ ഒരു കടുത്ത പൈശാചത്തിന്റെ വശം കൂടിയുണ്ടാവാം എന്ന് അദ്ദേഹം ചിന്തിക്കുന്നു. നോവലില്‍ ഉടനീളം ഉപയോഗിക്കപ്പെടുന്ന മൃഗബിംബ കല്‍പ്പനയുടെ ശക്തമായ ഒരു ഉദാഹരണവുമാണിത്. തനിക്കു മരണമില്ലെന്ന അയാളുടെ അവകാശവാദം വിശ്വസിക്കാന്‍ കൂട്ടാക്കാത്ത നതാലിയയുടെ മുത്തച്ഛനെ വിശ്വസിപ്പിക്കാന്‍ അയാളൊരു പന്തയത്തില്‍ ഏര്‍പ്പെടുന്നു. ഏറെ നേരം വെള്ളത്തിനടിയില്‍ ബന്ധിതനായിക്കിടന്ന ശേഷം കരക്കെത്തി വിജയിക്കുന്ന ഗാവോ പക്ഷെപന്തയ വസ്തുവായിരുന്ന ‘ജങ്കിള്‍ ബുക്ക്’ പുസ്തകം കൈപ്പറ്റുന്നില്ല. മറ്റു സന്ദര്‍ഭങ്ങളില്‍ഒരു തീര്‍ഥാടന കേന്ദ്രത്തില്‍ വെച്ചും പിന്നീട് ഉപരോധത്തില്‍ പെട്ട സരോബോര്‍ പട്ടണത്തില്‍ വെച്ചുംഅയാള്‍ തന്നെ കുറിച്ച് കൂടുതല്‍ വ്യക്തമാക്കുന്നു. അയാളുടെ അമ്മാവന്‍ ‘മൃത്യു’ ആയിരുന്നു. അദ്ദേഹത്തിന്റെ ശാപമാണ് അയാളുടെ മരണമില്ലായ്മ. എന്നാല്‍അത്തരം ഒരു മിത്തിക്കല്‍ കഥാപാത്രത്തിനുപോലും വ്യക്തമായ പാത്രവളര്‍ച്ച നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നത് യുവനോവലിസ്റ്റിന്റെ പ്രതിഭയായി കാണണം. ഒടുവിലത്തെ കണ്ടുമുട്ടലില്‍ ഹോട്ടല്‍ വെയ്റ്ററുടെ ആസന്ന മരണം പ്രവചിക്കുമ്പോഴും അതയാളെ അറിയിക്കേണ്ടതില്ല എന്ന് അയാള്‍ തീരുമാനിക്കുന്നത് ഒരു തിരിച്ചറിവിലാണ്: ആളുകളെ അവരുടെ മരണത്തെ കുറിച്ച് അറിയിച്ച് പരിഭ്രാന്തരാക്കാതിരിക്കുന്നതാണ് നല്ലത്.

പ്രതീകങ്ങള്‍കഥാപാത്രങ്ങള്‍    

     കിപ്ലിങ്ങിന്റെ ‘ജങ്കിള്‍ ബുക്ക്’ ഒരു പ്രതീകാത്മക സാന്നിധ്യമായി നിറഞ്ഞു നില്‍ക്കുന്നത് നോവലിലെ മൃഗബിംബകല്‍പ്പനകളില്‍ (animal imagery) പ്രധാനമാണ്. നതാലിയയുടെ മുത്തച്ഛന് കുട്ടിക്കാലത്ത് ഗലീനയിലെ വൈദ്യനില്‍നിന്ന് കിട്ടിയ പുസ്തകത്തിലെ കഥകളും നോവലിലെ മുഖ്യ സംഭവങ്ങളും തമ്മിലുള്ള സാജാത്യങ്ങള്‍ പ്രകടമാണ്. ഗലീനയില്‍ പ്രത്യക്ഷപ്പെട്ടതായി കരുതപ്പെടുന്ന നിഗൂഡ ജീവിയെ കടുവയായി മനസ്സിലാക്കപ്പെടുന്നത്‌ കിപ്ലിങ്ങിന്റെ ഷേര്‍ ഖാനോട് ചേര്‍ത്തുവെച്ചാണ്. മൌഗ്ലിയെ പോലെ കുട്ടിയായ നതാലിയയുടെ മുത്തച്ഛനും നേരിടേണ്ടി വരുന്നത് തന്നെക്കാള്‍ ഏറെ വലിയവരും എകാകികളുമായ ഗലീന നിവാസികളെയാണ്. ശക്തരായ എതിരാളികളായ, ജങ്കിള്‍ ബുക്കിലെ ഇതര മൃഗങ്ങള്‍ക്ക് സമാനരാണ് ലൂക്കാകരടിയെന്നു വിളിക്കുന്ന ദരീസ, ഗലീനയിലെ വൈദ്യന്‍ തുടങ്ങിയവര്‍. നോവലന്ത്യത്തില്‍ ജങ്കിള്‍ ബുക്ക്’ പുസ്തകം നതാലിയക്ക്‌ നഷ്ടമാകുന്നത് പുതിയ സമവാക്യങ്ങളിലേക്ക് വളര്‍ന്നു തുടങ്ങുന്നതിന്റെ സൂചകമാവം.   

പാത്രസൃഷ്ടിയില്‍ ആദ്യനോവലില്‍ തന്നെ റിയ ഒബ്രെയ്റ്റ് കാഴ്ചവെക്കുന്ന ആഴവും കയ്യടക്കവും ഏറെ നിരൂപക ശ്രദ്ധ നേടിയിട്ടുണ്ട്. മിത്തുകളും മിത്തുവല്‍ക്കരിക്കപ്പെട്ട ചരിത്രവും തേടി നൂറ്റാണ്ടുകള്‍ പിറകോട്ടു പോകേണ്ടതില്ല എന്നിടത്താണ് മാജിക്കല്‍ റിയലിസം പോലുള്ള ആഖ്യാന രീതികള്‍ ചുവടുറപ്പിക്കുന്നത്. അത് സമകാലികതയുടെയും സഞ്ചിത സ്മൃതികളുടെയും കാവ്യാത്മക സങ്കരമായി എല്ലാകാലത്തും കണ്ടെടുക്കാനാവും. യുഗോസ്ലാവിയന്‍ ചരിത്രത്തെ മിത്തുവല്‍ക്കരിക്കാനുള്ള ടിയാ ഒബ്രെയ്റ്റിന്റെ ശ്രമം നോവലില്‍ ഏറെ ഫലപ്രദമായിത്തീരുന്നത് പാത്രസൃഷ്ടിയിലെ സൂക്ഷമതയും കഥകളുടെ വൈപുല്യവും ചേര്‍ന്നാണ്. നോവലില്‍ എമ്പാടുമുള്ള പുരാണങ്ങളിലും കഥകളിലും നിറഞ്ഞു നില്‍ക്കുന്ന എല്ലാ കഥാപാത്രങ്ങള്‍ക്കും വേറെ വേറെ നോവലുകള്‍ക്ക് വിഷയമാക്കാന്‍ കഴിയും വിധത്തില്‍ത്തന്നെ അവരവരുടെ പുരാവൃത്തങ്ങളുണ്ട്. നതാലിയക്കും സോറക്കും ബ്രിജെവിനയില്‍ ആതിഥ്യമരുളുന്ന ബാര്‍ബാ ഇവാന്‍, നാദ ദമ്പതികള്‍ നിലനിര്‍ത്തുന്ന നിഗൂഡത, സഹോദരന്റെ ആത്മാവിനെ ഉച്ഛാടനം ചെയ്യാന്‍ ശ്രമിക്കുന്ന ജിപ്സികളുടെ കഥാന്ത്യത്തില്‍ നതാലിയക്ക്‌ തുറന്നു കിട്ടുന്നുണ്ട്‌: ആത്മാക്കളെയും അടക്ക സമയത്ത് ആത്മാക്കള്‍ക്കു വേണ്ടി കാത്തുവെക്കുന്ന നേര്‍ച്ചദ്രവ്യങ്ങളെയും ആവാഹിച്ചു സംഭരിക്കുന്ന ‘മോറയായി വേഷം കെട്ടുന്നത് ബാര്‍ബയാണെന്നു കണ്ടെത്തുന്നുവെങ്കിലും അയാള്‍ക്ക്‌ വേണ്ടി അവളാ രഹസ്യം സൂക്ഷിക്കും. നതാലിയയുടെ ആത്മസുഹൃത്ത് സോറ, പുരുഷ കേന്ദ്രിത അധികാര വൃത്തങ്ങളുമായി ഇടഞ്ഞു കുഴപ്പത്തില്‍ ചാടിയ വ്യക്തിത്വമാണ്. എന്നാല്‍നോവലന്ത്യത്തില്‍സൂറിച്ചിലെ ന്യൂറോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മികച്ചൊരു ജോലി കണ്ടെത്താന്‍ പാകത്തില്‍ അവള്‍ സ്വയം നിയന്ത്രണത്തിന്റെ പാഠങ്ങള്‍ പഠിച്ചിട്ടുണ്ട്. രാഷ്ട്രീയസാമൂഹിക വിഷയങ്ങളില്‍ സുവ്യക്തമായ അഭിപ്രായങ്ങളുള്ളഅത് തുറന്നു പറയാന്‍ ധൈര്യം കാട്ടുന്ന പ്രകൃതമാണ് ബഹുമാന്യനായ ഡോക്റ്റര്‍ ആയ നതാലിയയുടെ മുത്തച്ഛന്റെത്. രാഷ്ട്രീയ അസ്ഥിരതകളുടെ കാലത്ത് അധികൃതരുടെ കര്‍ശന നിരീക്ഷണങ്ങള്‍ക്ക് അദ്ദേഹം ഇരയായിരുന്നു. യൂനിവേഴ്സിറ്റിയില്‍ നിന്ന് രാഷ്ട്രീയ കാരണങ്ങളാല്‍ പുറത്താക്കപ്പെട്ടപ്പോഴും തന്റെ രോഗികളോടുള്ള കടമ നിറവേറ്റാന്‍ വീടു സന്ദര്‍ശനങ്ങള്‍ പതിവാക്കിയ മുത്തച്ഛന്റെ കാലടിപ്പാടുകള്‍ തന്നെയാണ് മെഡിക്കല്‍ പ്രൊഫഷന്‍ തെരഞ്ഞെടുക്കാനും സാമൂഹ്യ ബോധമുള്ള ഡോക്റ്റര്‍ ആയി പ്രവര്‍ത്തിക്കാനും അനന്തിരവളെ പ്രാപ്തയാക്കിയതെന്നു വ്യക്തം. അന്ധവിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്തുമ്പോഴും ഹൃദ്യമായ ആതിഥ്യ മര്യാദകളും വേണ്ടിടത്ത് കര്‍ക്കശ ഭാവങ്ങളുമുള്ള മുത്തശ്ശിയും ശക്തയായ കഥാപാത്രമാണ്. ഒന്നാം ലോകയുദ്ധത്തിനു ശേഷം ഒരു പതിറ്റാണ്ട് കഴിഞ്ഞ് ഗലീന വിട്ടുപോവുകയും ബാള്‍ക്കന്‍ നാടോടി പാരമ്പര്യത്തിലെ ഒറ്റക്കമ്പി വാദ്യോപകരണമായ ഗുസ് ല പഠിക്കാനായി മുന്നൂറു മൈല്‍ ദൂരം നടന്ന് തുറമുഖ നഗരമായ സരോബോറില്‍ എത്തിച്ചേരുകയും ചെയ്യുന്ന ലൂക്കയുടെ കഥ നോവലിസ്റ്റിന്റെ ആഖ്യാന ഗരിമയുടെ ഉത്തമമാതൃകയായി റോണ്‍ ചാള്‍സ് ചൂണ്ടിക്കാട്ടുന്നു. അവിടെയെത്തുമ്പോഴാണ്‌ തട്ടുപൊളിപ്പന്‍ പുത്തന്‍ സംഗീതരീതികളില്‍ ഗുസ് ല ഏതാണ്ട് വിസ്മരിക്കപ്പെട്ടിരിക്കുന്നു എന്ന് ലൂക്കാ തിരിച്ചറിയുന്നത്‌. എന്നാല്‍ ഏറെ ശ്രമിച്ചു വയോധികനായ ഒരു ഗുരുവിനെ കണ്ടെത്തി അഭ്യസനം നടത്തുന്നു അയാള്‍. സംഗീതത്തില്‍ എന്നതിലേറെ ഗാനരചനയിലായിരുന്നു അയാള്‍ക്ക് വാസനയെങ്കിലും ‘ലൂക്കാ വായിക്കുന്നത് കേട്ടാല്‍ കണ്ണ് നിറഞ്ഞുപോകും’ എന്ന് ആളുകള്‍ പറഞ്ഞു. എന്തുകൊണ്ട് ഒറ്റക്കമ്പി വാദ്യമെന്ന ചോദ്യത്തിന് ‘അമ്പത് കമ്പികള്‍ ഒരു സംഗീതം ഉണ്ടാക്കുംഎന്നാല്‍ ഈ ഒരൊറ്റക്കമ്പിക്ക് ഒരായിരം കഥകള്‍ അറിയാം’ എന്ന് അയാള്‍ മറുപടി പറഞ്ഞു.  ലൂക്കായെ പോലെ ‘ബധിര മൂക സ്ത്രീ, അന്ധന്‍ ഓര്‍ ലോതുടങ്ങിയ ഒട്ടുമിക്ക കഥാ പാത്രങ്ങളും ത്രിമാന വ്യക്തിത്വ വികാസമുള്ളവര്‍ തന്നെയാണ്.

ഹിംസയുടെ കാലാതീത രഥ്യകള്‍  

എന്നാല്‍ആഖ്യാനത്തിന്റെ അച്ചുതണ്ടായി നില്‍ക്കുന്ന നതാലിയ മുഖ്യമായും മുത്തച്ഛനോടുള്ള അടുത്ത ബന്ധത്തിന്റെ കണ്ണിലൂടെ മാത്രമാണ് ആവിഷ്കരിക്കപ്പെടുന്നത്. പ്രഥമമായും ഒരു നിരീക്ഷകഇതര കഥാപാത്രങ്ങളുടെ വിനിമയങ്ങളെ പ്രകാശിപ്പിക്കുന്ന ഒരു കണ്ണാടി എന്ന നിലയിലാണ് നോവലില്‍ നതാലിയ അടയാളപ്പെടുന്നത്. കൗമാരക്കാരിയായിരുന്ന നതാലിയ മുത്തച്ഛനോടൊപ്പം നടത്തിയ സാഹസിക യാത്രകളിലൊന്നില്‍ നിലച്ചുപോയ ഒരു സര്‍ക്കസ് ക്യാമ്പില്‍ നിന്ന് പുറത്തുകടന്ന ഒരാന അഭയാര്‍ഥിയായി നഗരത്തിലെ തകര്‍ന്നു കൊണ്ടിരുന്ന കാഴ്ച്ചബംഗ്ലാവിലേക്ക് തെളിക്കപ്പെടുന്നത് കാണുന്നുണ്ട്. മുത്തച്ഛന്‍ അവളോട്‌ പറയുന്നു:

“ഈ യുദ്ധത്തിന്റെ കഥ – തിയ്യതികള്‍പേരുകള്‍അതാര് തുടങ്ങിഎന്തിന് - എല്ലാം എല്ലാവരുടെതുമാണ്. അതില്‍ ഉള്‍പെട്ട ആളുകളുടെത് മാത്രമല്ലവാര്‍ത്ത പത്രങ്ങളില്‍ എഴുതുന്നവര്‍ആയിരക്കണക്കിന് മൈലുകള്‍ക്ക് അപ്പുറമുള്ള രാഷ്ട്രീയക്കാര്‍ഒരിക്കലും ഇവിടെ വന്നിട്ടില്ലാത്തമുമ്പ് ഇവിടത്തെ കുറിച്ച് കേട്ടിട്ടില്ലാത്ത ആളുകള്‍. എന്നാല്‍ ഇതുപോലെ ചിലത്- ഇത് നിന്റെതാണ്. ഇത് നിനക്ക് മാത്രം അവകാശപ്പെട്ടത്. എനിക്കും.. അത് നീ എവിടെ പറയുന്നു എന്നതിനെ കുറിച്ച് നന്നായി ആലോചിക്കണംആരോട് എന്നതിനെ കുറിച്ചും. അത് കേള്‍ക്കാന്‍ ആര്‍ക്കാണ് യോഗ്യതയുള്ളത്?.”

ഇത്തരം കഥകള്‍ ഇനിയുമുണ്ടോ എന്ന നതാലിയയുടെ ചോദ്യം മുത്തച്ഛനില്‍നിന്ന് ജീവിത പാഠങ്ങള്‍ പഠിക്കാനുള്ള ഔത്സുക്യത്തിന്റെ നിദര്‍ശനമാണ്. ഇതും ഇതുപോലുള്ള മറ്റനേകം സന്ദര്‍ഭങ്ങളും അടയാളപ്പെടുത്തുന്ന മുത്തച്ഛന്റെ ഭൂതകാലത്തിലേക്കുള്ള വൈകാരിക യാത്രയിലൂടെ എങ്ങനെയാണ് മറ്റുള്ളവരുടെ വിശ്വാസങ്ങളെ, അവ പ്രകൃതിയുടെയും സാമാന്യ ബുദ്ധിയുടെയും നിയമങ്ങളെ നിഷേധിക്കുമ്പോള്‍ പോലും, മാനിക്കേണ്ടതെന്നും മരണം എന്ന പ്രതിഭാസത്തെ അംഗീകരിക്കേണ്ടത് എന്നും നതാലിയ മനസ്സിലാക്കിയിട്ടുണ്ട്. ജിപ്സികളുടെ സഹോദരന്റെ ആത്മമോക്ഷത്തിനുള്ള ചടങ്ങില്‍ അനിവാര്യമായ ‘അന്യ’ന്റെ വേഷം കെട്ടാന്‍ അവള്‍ തയ്യാറാകുന്നത് ഈ തിരിച്ചറിവ് കൊണ്ടുകൂടിയാണ്. ഉപസംഹാര അദ്ധ്യായം നതാലിയയുടെ മാനസികവികാസത്തിന്റെ ഈ തലം വ്യക്തമാക്കുന്നു. മരണമില്ലാത്ത മനുഷ്യനും കടുവയും കടുവയുടെ ഭാര്യയും ജീവിച്ചിരിപ്പില്ലായിരിക്കാം. എന്നാല്‍അവരൊക്കെയും ഇതിഹാസങ്ങളിലും പുരാണങ്ങളിലും ജീവിച്ചിരിക്കുന്നുണ്ട്അതുകൊണ്ട് അവര്‍ ജീവിച്ചിരിക്കുന്നു; അതും എന്നെന്നേക്കും. യഥാര്‍ത്ഥ പേരുകള്‍ സ്ഥലങ്ങള്‍ക്ക് മാത്രമല്ല വ്യക്തികള്‍ക്കും തീര്‍ത്തും ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കിലും ‘മാര്‍ഷല്‍’ എന്ന് കേള്‍ക്കുമ്പോള്‍ ടിറ്റോ എന്നും ‘നഗരം (the City)’ എന്ന് വായിക്കുമ്പോള്‍ ബെല്‍ഗ്രേഡ് എന്നും സെര്‍ബ് കൂലിപ്പട്ടാളം ബോംബു വര്‍ഷത്തിനു തെരഞ്ഞെടുക്കുന്ന മുസ്ലിം ഭൂരിപക്ഷമുള്ള സരോബോറിനെ ‘മോസ്റ്റാര്‍’ എന്നും വായിച്ചെടുക്കാനും പ്രയാസമില്ല. ‘കടുവയുടെ ഭാര്യയുടെ കാലത്തെ പോലെ നതാലിയയുടെ കാലത്തും യുദ്ധമുണ്ട്ബോംബു വര്‍ഷത്തിലും ഉപരോധത്തിലും തകര്‍ന്ന നഗരത്തിലെ കാഴ്ചബംഗ്ലാവില്‍ ചെന്നായ്ക്കളും കടുവകളും അവയുടെ സ്വന്തം കുഞ്ഞുങ്ങളെ തിന്നുന്നുണ്ട്. സ്ബോഗോം അഥവാ ഫെയര്‍വെല്‍ എന്ന് പേരായ കടുവ സ്വന്തം കാലുകള്‍ തിന്നുന്നുണ്ട്: യുഗോസ്ലാവിയയിലെ സ്വന്തം മക്കളോട് സെര്‍ബിയ ചെയ്ത പോലെ. പഴയ യുഗോസ്ലാവിയയോടു വിട പറഞ്ഞ് പോകുമ്പോള്‍തന്റെ ബോസ്നിയന്‍ ഭാര്യയെ ഓര്‍ത്തുകൊണ്ട്‌ മുത്തച്ചന്‍ ചിന്തിക്കുന്നു:

“എന്റെ പേര്നിന്റെ പേര്അവളുടെ പേര്. ഒടുവില്‍നിന്നെ മണ്ണിലേക്ക് ഇറക്കി വെക്കാന്‍ സമയമാകുമ്പോള്‍ നിനക്കാകെ വേണ്ടത് നിന്നെ ആഗ്രഹിക്കുന്ന ഒരാളെയാണ്.”   

 

മുത്തച്ഛന്‍ സ്റ്റെഫാന്‍ ഒബ്രെയ്റ്റ് മരണക്കിടക്കയില്‍ വെച്ച് ആവശ്യപ്പെട്ടതു പ്രകാരമാണ് ടിയാ ബയ്റാക് ടരേവിച്ച് എന്ന യഥാര്‍ത്ഥ പേര് ടിയ ഒബ്രെയ്റ്റ് എന്ന് എഴുത്തുകാരി മാറ്റിയത് എന്നതില്‍നോവലിലെ മുത്തച്ഛന്‍- അനന്തിരവള്‍ സ്നേഹ പാശത്തിന്റെ ഉറവിടം കണ്ടെത്താം. 

 

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 180-187) 

 

Read more:

Confession of the Lioness by Mia Couto

https://alittlesomethings.blogspot.com/2016/09/blog-post_76.html

Man Tiger by Eka Kurniawan

https://alittlesomethings.blogspot.com/2016/10/blog-post.html

Quiet Flows the UNA by Faruk Sehic

https://alittlesomethings.blogspot.com/2024/08/quiet-flows-una-by-faruk-sehic.html

Death and the Dervish by Meša Selimović

https://alittlesomethings.blogspot.com/2024/08/death-and-dervish-by-mesa-selimovic.html

The Bridge on the Drina Novel by Ivo Andrić

https://alittlesomethings.blogspot.com/2024/07/the-bridge-on-drina-novel-by-ivo-andric.html