Featured Post

Wednesday, July 22, 2026

Blood by Naomi Shihab Nye





രക്തം

നവോമി ശിഹാബ് നൈ (ജനനം: 1952)

ഒരു യഥാര്‍ത്ഥ അറബിക്ക് കൈപ്പത്തികൾക്കുള്ളിൽ ഈച്ചയെ പിടിക്കാനറിയാം,

ഉപ്പ പറയുമായിരുന്നു. അതദ്ദേഹം തെളിയിക്കുകയും ചെയ്യും-

ആതിഥേയന്‍ ഈച്ചയെക്കൊല്ലിയുമായി അത്ഭുതംകൂറിനില്‍ക്കേ

ഞൊടിയിടയില്‍ മൂളന്‍ഈച്ചയെ കൈക്കുമ്പിളില്‍ ഒതുക്കിക്കൊണ്ട്.

 

പാമ്പിനെപ്പോലെ വസന്തത്തില്‍ ഞങ്ങളുടെ കൈപ്പത്തികള്‍ തൊലിയുരിഞ്ഞു.

വത്തയ്ക്ക അമ്പതു വിധത്തില്‍ രോഗശമനകമാണെന്ന് യഥാര്‍ത്ഥ അറബികള്‍ വിശ്വസിച്ചു.

ഞാനിതു സന്ദര്‍ഭാനുസരണം മാറ്റി.

 

വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഒരു പെണ്‍കുട്ടി വാതിലില്‍ മുട്ടി,

അവള്‍ക്കാ അറബിയെ കാണണമായിരുന്നു.

അങ്ങനൊരാള്‍ അവിടെയില്ലെന്നു ഞാന്‍ പറഞ്ഞു.

അതിനു ശേഷം, ഉപ്പ എന്നോട് പറഞ്ഞു അദ്ദേഹം ആരായിരുന്നെന്ന്

“ശിഹാബ്” –“ കൊള്ളിമീന്‍” –

നല്ല പേര്, ആകാശത്തു നിന്ന് കടംകൊണ്ടത്‌.

ഒരിക്കല്‍ ഞാന്‍ ചോദിച്ചു, “മരിക്കുമ്പോള്‍ നാമത് തിരികെ നല്‍കുമോ?

അദ്ദേഹം പറഞ്ഞു, അങ്ങനെയാണ് ഒരു യാഥാര്‍ത്ഥ അറബി പറയുക.

 

ഇന്ന് വാര്‍ത്താതലക്കെട്ടുകള്‍ എന്റെ രക്തത്തില്‍ ഉറഞ്ഞുപോകുന്നു.

ഫ്രന്റ്‌ പേജില്‍ ഒരു പലസ്തീന്‍ കുഞ്ഞ് കളിപ്പാട്ട ട്രക്ക് തൂക്കിയാട്ടുന്നു.

വീട് നഷ്ടപ്പെട്ട അത്തിമരം, ഭീകര വേരുകളുള്ള ഈ ദുരന്തം

ഞങ്ങള്‍ക്ക് ദുസ്സഹമാണ്. ഞങ്ങളേത് കൊടിയാണ് വീശേണ്ടത്?

ഞാന്‍ കല്ലിന്റെയും വിത്തിന്റെയും കൊടി വീശുന്നു,

നീലത്തുന്നലുള്ള മേശവിരി.

 

ഞാനെന്റെ ഉപ്പയെ വിളിക്കുന്നു, ഞങ്ങള്‍ വാര്‍ത്തകേട്ടുകൊണ്ട് സംസാരിക്കുന്നു.

അതദ്ദേഹത്തിനു ദുസ്സഹമാണ്,

അദ്ദേഹത്തിന്‍റെ രണ്ടു ഭാഷകള്‍ക്കും അതിലെത്താനാകുന്നില്ല.

ഞാന്‍ നാട്ടുമ്പുറത്തേക്ക് വണ്ടിയോടിക്കുന്നു, പശുക്കളെ, ആടുകളെ തേടി

കാറ്റിനോട് അപേക്ഷിക്കാനായി:

ആരാണ് ആരെയും സംസ്കാരസമ്പന്നരെന്നു വിളിക്കുക?

കരയുന്ന ഹൃദയും എവിടെയാണ് മേയുക?

ഒരു യഥാര്‍ത്ഥ അറബി ഇപ്പോള്‍ എന്ത് ചെയ്യും?

വിവരണം:

പലസ്തീനിയന്‍ അമേരിക്കന്‍ കവി നവോമി ശിഹാബ് നൈയുടെ ആത്മകഥാപരമായ  "രക്തം" (Blood) എന്ന കവിത, പലസ്തീനിയൻ-അമേരിക്കൻ സ്വത്വത്തിന്റെ സങ്കീർണ്ണതകളെ അന്വേഷിക്കുന്നു. പ്രിയപ്പെട്ട സാംസ്കാരിക പാരമ്പര്യങ്ങളും ഭൗമരാഷ്ട്രീയ അക്രമങ്ങളുടെ ഭീതികളും കവിതയില്‍ മുഖാമുഖം നില്‍ക്കുന്നു. കവി തന്റെ വിരുദ്ധ സ്വത്വങ്ങളെ എങ്ങനെ കോർത്തിണക്കുന്നുവെന്നതും, ഒടുവിൽ 'രക്തം' എന്ന വാക്കിന് നൽകപ്പെടുന്ന വിനാശകരമായ അർത്ഥങ്ങളേക്കാൾ ശക്തമാണ് മനുഷ്യബന്ധങ്ങളും അനുകമ്പയുമെന്ന തിരിച്ചറിവിലേക്ക് എങ്ങനെ എത്തിച്ചേരുന്നു എന്നതുമാണ്‌ കവിതയുടെ മുഖ്യ കൗതുകങ്ങള്‍.

അഭയാർത്ഥിയായ പലസ്തീനിയൻ പിതാവിന്റെ ഓർമ്മകളോടെയാണ് കവിത ആരംഭിക്കുന്നത്. വെറുംകൈകൊണ്ട് ഈച്ചയെ പിടിച്ചും, തണ്ണിമത്തന് രോഗശമനശേഷിയുണ്ടെന്ന് അവകാശപ്പെട്ടും ഒരു "യഥാർത്ഥ അറബി" ആരാണെന്ന് തമാശ രൂപേണ മകള്‍ക്ക് വെളിപ്പെടുത്തുന്ന ആളായിരുന്നു അദ്ദേഹം. ഒപ്പം, ആകാശത്തുനിന്നും ഒരു മനോഹരമായ പേര് കടം കൊല്ലുന്നതിലൂടെ പ്രപഞ്ച ഐക്യമെന്ന സൂക്ഷ്മ സന്ദേശം പകര്‍ന്നവനും. എന്നാൽ ഈ കുട്ടിത്തം നിറഞ്ഞ കാൽപ്പനിക ഓർമ്മകളെ അധിനിവേശത്തിന്റെ ദാരുണമായ യാഥാർത്ഥ്യങ്ങൾ തച്ചുടയ്ക്കുന്നു. 'രക്തം' എന്ന വാക്ക് പാരമ്പര്യത്തെയും സാംസ്കാരിക പൈതൃകത്തെയും ജീവന്റെ ഒഴുക്കിനെയും പ്രതീകവൽക്കരിക്കുന്നതിൽ നിന്ന് മാറി, വാർത്താതലക്കെട്ടുകളിലെ രക്തച്ചൊരിച്ചിലിന്റെയും ആഘാതങ്ങളുടെയും പ്രതീകമായി മാറുന്നു.

എങ്കിലും, രാഷ്ട്രീയ ദുരന്തങ്ങൾക്ക് അപ്പുറത്തേക്ക് ഉയരാൻ കവിതയ്ക്ക് സാധിക്കുന്നുണ്ട്. ഒരു "യഥാർത്ഥ അറബിയും" — യഥാർത്ഥ മനുഷ്യനും — ലോകത്തിലെ ഈ അരാജകത്വങ്ങൾക്കിടയിലും സമാധാനത്തിലേക്കും അതിജീവനത്തിലേക്കും അനുകമ്പയിലേക്കും തിരികെ നടക്കേണ്ടതുണ്ടെന്ന് കവിത നിർദ്ദേശിക്കുന്നു. ‘അറബിയെ കാണാനെത്തുന്ന പെണ്‍കുട്ടി എന്ന ശാലീനം എന്ന് തോന്നിക്കാവുന്ന കല്‍പ്പന, ‘ഓറിയന്റലിസ്റ്റ് കാഴ്ച്ചയെ അതിസൂക്ഷ്മമായി തുറന്നുകാട്ടുന്നു. വേരറ്റ അത്തിമരം എന്ന പലസ്തീനിയം ബിംബകല്പ്പന, പ്രവാസത്തിന്റെ വേദനയിലേക്ക് സംക്രമിക്കുന്നു. തൂങ്ങിയാടുന്ന കളിപ്പാട്ടം സര്‍വ്വ നാശങ്ങള്‍ക്കിടയിലും നിലനില്‍ക്കുന്ന ശൈശവത്തെ സൂചിപ്പിക്കുന്നതോടൊപ്പം, അതിന്റെ അസ്ഥിരതയെയും അതിവേഗം പ്രായമാകുന്ന പലസ്തീനിയന്‍ ശൈശവത്തിന്റെ ദുരന്തത്തെയും സൂചിപ്പിക്കുന്നു.

സംസ്കാരങ്ങൾക്കിടയിൽ പാലമിടുക, ലോകത്തെ മനസ്സിലാക്കുക, പങ്കുവെക്കപ്പെട്ട മാനവികതയാണ് ഏറ്റവും വലിയ ശക്തിയെന്ന് വീണ്ടും ഉറപ്പിച്ചുപറയുക തുടങ്ങിയ നവോമി ശിഹാബ് നൈയുടെ സാഹിത്യ ദൗത്യത്തിന്റെ തെളിവായി ഈ കവിത നിലകൊള്ളുന്നു. 

No comments:

Post a Comment