Featured Post

Thursday, July 23, 2026

Revenge by Taha Muhammad Ali

പലസ്തീന്‍ കവിത:

 


പ്രതികാരം

(താഹ മുഹമ്മദ്‌ അലി (1931–2011))

 

ചിലപ്പോഴൊക്കെ … എനിക്ക് തോന്നാറുണ്ട്

ഒരു പോരാട്ടത്തിൽ കണ്ടുമുട്ടാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് —

എന്റെ പിതാവിനെ കൊന്നവനെ,

ഞങ്ങളുടെ വീട് നിലം പരിശാക്കിയവനെ,

കുടുസ്സായൊരു നാട്ടിലേക്ക്

എന്നെ

ആട്ടിപ്പായിച്ചവനെ.  

അയാളെന്നെ കൊല്ലുകയാണെങ്കിൽ,

ഒടുവിൽ എനിക്ക് വിശ്രമിക്കാം;

ഇനി ഞാൻ അതിന് സജ്ജനാണെങ്കിൽ —

എന്റെ പ്രതികാരം ഞാൻ വീട്ടുകയും ചെയ്യും!

 

*

 

പക്ഷേ, എന്റെ ശത്രു

എനിക്ക് മുന്നിലെത്തുമ്പോള്‍

വെളിച്ചത്തുവരുന്നത്

അയാളെയും കാത്തിരിക്കുന്ന

ഒരു മാതാവുണ്ടെന്നാണെങ്കില്‍,

അല്ലെങ്കിൽ

നിശ്ചയിച്ച കൂടിക്കാഴ്ചയ്ക്കെത്താന്‍

മകനൊരു കാൽമണിക്കൂർ വൈകിയാൽ പോലും

അവനെയോർത്ത്

നെഞ്ചിലെ ഹൃദയസ്ഥാനത്ത്

വലതുകൈ ചേർത്തുപിടിക്കുന്നൊരു

പിതാവ് അയാൾക്കുണ്ടെങ്കിൽ —

എങ്കില്‍, കഴിയുമെങ്കിൽ പോലും

ഞാനയാളെ കൊല്ലില്ല.

 

*

 

അതുപോലെ …

അയാളെ സ്നേഹിക്കുന്ന,

അയാളെ കാണാൻ നിരന്തരം കൊതിക്കുന്ന

സഹോദരങ്ങളോ സഹോദരിമാരോ

അയാൾക്കുണ്ടെന്ന് തെളിഞ്ഞാലും

ഞാനയാളെ കൊല്ലില്ല.

അല്ലെങ്കിൽ, അയാളെ സ്വീകരിക്കാൻ ഒരു ഭാര്യയും,

അയാളുടെ വേർപാട് താങ്ങാനാവാത്ത,

അയാൾ കൊണ്ടുവരുന്ന സമ്മാനങ്ങളിൽ ആഹ്ലാദിക്കുന്ന

കുട്ടികളും അയാൾക്കുണ്ടെങ്കിൽ.

അതുമല്ലെങ്കിൽ,

അയാളെക്കുറിച്ച് അന്വേഷിക്കുകയും

സ്നേഹം അറിയിക്കുകയും ചെയ്യുന്ന

കൂട്ടുകാരോ സഖാക്കളോ,

അയാൾക്കറിയാവുന്ന അയൽക്കാരോ,

തടവറയിലെ കൂട്ടുതടവുകാരോ,

ആശുപത്രി മുറിയിലെ സഹജീവികളോ,

പഠിച്ച സ്കൂളിലെ സഹപാഠികളോ

അയാൾക്കുണ്ടെങ്കിൽ…

 

*

 

ഇനിയിപ്പോൾ അയാൾ

തീർത്തും ഒറ്റപ്പെട്ടവനാണെന്ന് വരികിലോ -

മരത്തിൽ നിന്ന് മുറിഞ്ഞുപോയൊരു ചില്ലപോലെ —

അമ്മയോ അച്ഛനോ ഇല്ലാതെ,

സഹോദരനോ സഹോദരിയോ ഇല്ലാതെ,

ഭാര്യയോ മക്കളോ ഇല്ലാതെ,

ബന്ധുക്കളോ അയൽക്കാരോ സുഹൃത്തുക്കളോ

സഹപ്രവർത്തകരോ സഖാക്കളോ ഇല്ലാതെ,

എങ്കിൽ പോലും, ആ ഒറ്റപ്പെടലിന്റെ

വേദനകളിലേക്ക് ഞാൻ ഇനിയൊന്നും കൂട്ടിച്ചേർക്കില്ല —

മരണത്തിന്റെ പീഡനങ്ങളോ,

കടന്നുപോകലിന്റെ സങ്കടങ്ങളോ.

പകരം, തെരുവിലൂടെ പോകുമ്പോൾ

അയാളെ കണ്ടില്ലെന്ന് നടിക്കുന്നതിൽ

ഞാൻ സംതൃപ്തനാകും —

അയാളെ തീർത്തും അവഗണിക്കുന്നത് തന്നെ

ഒരുതരം പ്രതികാരമാണെന്ന്

എന്നെത്തന്നെ വിശ്വസിപ്പിച്ചപോലെ.

(English Translation: Peter Cole)

താഹാ മുഹമ്മദ് അലി (1931–2011)

സമാദരണീയനായ  പലസ്തീനിയൻ കവിയും ചെറുകഥാകൃത്തുമായിരുന്നു താഹാ മുഹമ്മദ് അലി (1931–2011). വ്യക്തിഗത ഓർമ്മകൾ, രാഷ്ട്രീയ ദുരന്തങ്ങൾ, എന്നിവയോട് ആഴത്തിലുള്ള മാനവികതയും ഇടയ്ക്കിത്തിരി ഫലിത ബോധവും ലയിപ്പിക്കുന്ന കാവ്യശൈലിയുടെ ഉടമയാണ് അദ്ദേഹം. സംഘർഷങ്ങളും കുടിയൊഴിപ്പിക്കലുകളും തന്റെ ജീവിതത്തെ തകിടം മറിച്ചുവെങ്കിലും കയ്പ്പേറിയ പ്രതികാരചിന്തകളെ അദ്ദേഹം നിരാകരിച്ചു; പകരം വീട്, പ്രണയം, നഷ്ടങ്ങൾ, സാധാരണക്കാരുടെ അതിജീവനം എന്നിവയെക്കുറിച്ച് സാർവത്രികമായ കവിതകൾ എഴുതാനാണ് അദ്ദേഹം ശ്രമിച്ചത്.

ഗലീലിയിലെ (അന്നത്തെ മൻഡേറ്ററി പലസ്തീൻ) സഫൂരിയ ഗ്രാമത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. 1948-ൽ കുടിയൊഴിപ്പിക്കപ്പെടുമ്പോൾ, തന്റെ പതിനേഴാം വയസ്സിൽ കുടുംബത്തോടൊപ്പം അഭയാർത്ഥിയായി ലബനനിലേക്ക് പലായനം ചെയ്യേണ്ടിവന്നു. ഒരു വർഷത്തിനുശേഷം, അവർ രഹസ്യമായി അതിർത്തി കടന്ന് തിരികെ എത്തുകയും നസ്രത്തിൽ സ്ഥിരതാമസമാക്കുകയും ചെയ്തു. ജീവിതകാലം മുഴുവൻ അദ്ദേഹം അവിടെത്തന്നെയാണ് കഴിച്ചുകൂട്ടിയത്.

നാലാം ക്ലാസ്സോടെ അദ്ദേഹത്തിന്റെ സ്കൂൾ വിദ്യാഭ്യാസം അവസാനിച്ചു. എന്നാൽ ക്ലാസിക്കൽ അറബിക് സാഹിത്യവും ഷേക്സ്പിയറും അമേരിക്കൻ free verse കവിതകളും രാപ്പകലുകളിരുന്ന് വായിച്ചുതീർത്ത അദ്ദേഹം പൂർണ്ണമായും സ്വയംശിക്ഷിതനായിരുന്നു. പതിറ്റാണ്ടുകളോളം, നസ്രത്തിലെ 'ചർച്ച് ഓഫ് ദി അന്നുൻസിയേഷൻ' പള്ളിക്ക് സമീപം ഒരു ചെറിയ സുവനീര്‍ & ആന്റിക് ഷോപ്പ് നടത്തിയാണ് അദ്ദേഹം ഉപജീവനം കണ്ടെത്തിയത്. മക്കളോടൊപ്പം ഈ കട നടത്തുന്നതിനിടയിലാണ് നിശബ്ദമായി അദ്ദേഹം തന്റെ എഴുത്തുകൾ തുടർന്നത്.

മഹ്മൂദ് ദർവിഷ്, സമീഹ് അൽ-ഖാസിം തുടങ്ങിയ തന്റെ പ്രശസ്തരായ സഹകവികളിൽ നിന്ന് വ്യത്യസ്തമായി, കഠിനവും അലങ്കാരങ്ങൾ നിറഞ്ഞതുമായ ക്ലാസിക്കൽ അറബിക് ഭാഷയ്ക്ക് (fusha) പകരം, ക്ലാസിക്കൽ അറബിക്കിനെ ദൈനംദിന സംഭാഷണ ഭാഷയുമായി കൂട്ടിച്ചേർത്തുകൊണ്ട് അദ്ദേഹം കാവ്യരംഗത്ത് വിപ്ലവം സൃഷ്ടിച്ചു. രാഷ്ട്രീയ പ്രസംഗങ്ങൾക്കും വാർത്തകൾക്കും അവയുടേതായ ഭാഷയുണ്ടെന്നും, എന്നാൽ പേരുകളോ അതിർത്തികളോ ആയുധമാക്കാതെ കൂട്ടായ സങ്കടങ്ങളെയും ആഗ്രഹങ്ങളെയും ഭയങ്ങളെയും പരോക്ഷമായി പ്രകടിപ്പിക്കാൻ കവിതയ്ക്ക് കൂടുതൽ മൃദുവായ ഭാഷ ആവശ്യമാണെന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചു. വലിയ രാഷ്ട്രീയ വ്യക്തിത്വങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം, ചരിത്രത്തിന്റെ ഓരങ്ങളില്‍ പെട്ടുപോയ നിസ്വരും സത്യസന്ധവുമായ മനുഷ്യരുടെ ദാരുണവും എന്നാൽ തമാശ നിറഞ്ഞതുമായ ജീവിതത്തെക്കുറിച്ചാണ് അദ്ദേഹം പ്രധാനമായും എഴുതിയത്. അദ്ദേഹത്തിന്റെ കവിതകൾ വലിയ രാഷ്ട്രീയ സങ്കീർണ്ണതകളെയും നെഞ്ചകം തകരുന്ന അനുഭവങ്ങളെയും പകർത്തുമ്പോഴും, സ്നേഹവും ഉറച്ച മനഃസാക്ഷിയും ഉപയോഗിച്ച് മനുഷ്യഹൃദയത്തിന്റെ പവിത്രതയെ കാത്തുസൂക്ഷിക്കാൻ ബോധപൂർവ്വം ശ്രമിച്ചു.

ജീവിതത്തിന്റെ അവസാന കാലഘട്ടത്തിലാണ് (1970-കളിൽ) കവിതകൾ പ്രസിദ്ധീകരിച്ചു തുടങ്ങിയതെങ്കിലും, അദ്ദേഹത്തിന്റെ കൃതികൾക്ക് അന്താരാഷ്ട്രതലത്തിൽ വൻ സ്വീകാര്യത ലഭിച്ചു. അറബിയിൽ നാല് കവിതാസമാഹാരങ്ങളും ഒരു ചെറുകഥാ സമാഹാരവും അദ്ദേഹം രചിച്ചിട്ടുണ്ട്. ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ട അദ്ദേഹത്തിന്റെ പ്രധാന കൃതികൾ:

  • നെവർ മൈൻഡ്: ട്വന്റി പോയംസ് ആൻഡ് എ സ്റ്റോറി (Never Mind: Twenty Poems and a Story - 2000)
  • സോ വാട്ട്: ന്യൂ ആൻഡ് സെലക്ടഡ് പോയംസ്, 1971–2005 (So What: New and Selected Poems - 2006)പീറ്റർ കോൾ, യഹ്‌യ ഹിജാസി, ഗബ്രിയേൽ ലെവിൻ എന്നിവർ ചേർന്ന് വിവർത്തനം ചെയ്ത, ഏറെ പ്രശംസ പിടിച്ചുപറ്റിയ കാവ്യസമാഹാരം.

2011 ഒക്ടോബർ 2-ന് തന്റെ എൺപതാം വയസ്സിൽ നസ്രത്തിൽ വെച്ച് താഹാ മുഹമ്മദ് അലി അന്തരിച്ചു. അദ്ദേഹത്തിന്റെ പുസ്തകങ്ങൾക്ക് പുറമേ, 'താഹാ' (TAHA - ആമർ ഹ്ലെഹെൽ എഴുതി അവതരിപ്പിച്ചത്) എന്ന പേരിൽ അദ്ദേഹത്തിന്റെ അപൂർവ്വ ജീവിതകഥയെ ആസ്പദമാക്കി നിർമ്മിച്ച ഏകപാത്ര നാടകം ആഗോളതലത്തിൽ ഏറെ ശ്രദ്ധനേടുകയും, പലസ്തീന്റെ ഏറ്റവും പ്രിയപ്പെട്ട സാഹിത്യ ശബ്ദങ്ങളിൽ ഒന്നായി മാറിയ ആ വ്യാപാരിയുടെ ഓർമ്മകളെ നിലനിർത്തുകയും ചെയ്യുന്നു.

പ്രതികാരം എന്ന കവിത Hymns & Qualms: New and Selected Poems and Translations. Ed: Peter Cole എന്ന സമാഹാരത്തില്‍ നിന്ന്.

No comments:

Post a Comment