മറ്റൊരിടത്തെ ജീവിതം- അതൊരു വര്‍ണ്ണ സ്വപ്നമല്ല
പതിനഞ്ചാം
വയസ്സില്‍ പ്രസിദ്ധീകരിച്ച
ഒരു ത്രില്ലര്‍ ഭരണകൂട വിരുദ്ധ
കലാപത്തിനു തിരികൊളുത്തിയെന്നു
വ്യാഖ്യാനിക്കപ്പെടുക,
പതിനെട്ടു
വയസ്സുമുതല്‍ കിരാതമായ
പട്ടാളഭരണത്തിന്റെ തടവില്‍,
രാജ്യത്തെ
ഏറ്റവും ഭയാനകമായ എകാന്തത്തടവറയില്‍
ഉള്‍പ്പടെ ആറു വര്‍ഷങ്ങളോളം
കഴിയേണ്ടി വരിക,
തൂക്കുകയറിന്റെ
നിഴലില്‍ നിന്ന് കൈക്കൂലിയായി
സുഹൃത്തുക്കള്‍ കൈമടക്കിയ
പണവും ആയുസ്സിന്റെ ബലവും
കൊണ്ട് കഷ്ടിച്ച് രക്ഷപ്പെട്ടു
അന്യ ദേശത്തു പ്രവാസജീവിതം
നയിക്കുക, തുടര്‍ന്ന്
ലോകമറിയുന്ന കവിയും നോവലിസ്റ്റുമായി
സ്വയം അടയാളപ്പെടുത്തുക.
നൈജീരിയന്‍
- അമേരിക്കന്‍
എഴുത്തുകാരന്‍ ക്രിസ് അബാനിയുടെ
ജീവചരിത്രം ഇതൊക്കെയുമാണ്.
എല്ലാറ്റിനും
മുമ്പേ, പോസ്റ്റ്
കൊളോണിയല്‍ നൈജീരിയയുടെ
ചരിത്രത്തിലെ ഏറ്റവും
രക്തരൂക്ഷിത ഘട്ടമായിരുന്ന
ബിയാഫ്രന്‍ സംഘര്‍ഷത്തില്‍
പ്രധാന ഇരകളായിരുന്ന ഇബോ
വിഭാഗത്തില്‍ പെട്ട അച്ഛന്റെയും
ഇംഗ്ലീഷ് വംശജയായ അമ്മയുടെയും
മകനായി ജനിച്ച ക്രിസ് അബാനി
ബാല്യ കൗമാരങ്ങള്‍ പിന്നിട്ടത്
ആ കഥകളൊക്കെ കേട്ടുകൊണ്ടും
അതിന്റെ ഭീകരതയില്‍ നിന്ന്
രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ
ഭാഗമായ ഇംഗ്ലണ്ടിലേക്കുള്ള
പ്രവാസത്തിലും ഒക്കെയാണ്.
കുട്ടിക്കാലത്ത്
കണ്ടും കേട്ടും അനുഭവിച്ചും
അറിഞ്ഞ ജീവിതങ്ങളുടെ പാരുഷ്യം
അബാനിയുടെ നോവലുകളില്‍
തീവ്രവും കാവ്യാത്മകവും,
എന്നാല്‍
ഒരു ഘട്ടത്തിലും അതിവൈകാരികത
പുരലാത്തതുമായ ഭാഷയില്‍
ആവിഷ്കരിക്കപ്പെടുന്നുണ്ട്.
സ്വാഭാവികമായും
കൌമാര- യൌവ്വനാരംഭ
ഘട്ടത്തിലുള്ള കഥാപാത്രങ്ങളാണ്
അദ്ദേഹത്തിന്റെ പല പ്രധാന
കൃതികളിലും കടന്നു വരുന്നത്.
പതിനാലു
വയസ്സിനിടെ ഗാര്‍ഹിക
പീഡനത്തിന്റെയും ആവര്‍ത്തിച്ചുള്ള
ലൈംഗികകയ്യേറ്റങ്ങളുടെയും
ലൈംഗിക മനുഷ്യക്കടത്തിന്റെയും
നിയമത്തിന്റെതന്നെ വെട്ടയാടലിന്റെയും
ദുരിതങ്ങളിലൂടെ കടന്നുപോവുകയും
പോംവഴികളൊന്നുമില്ലാതെ
അടഞ്ഞുപോയ ജീവിത സാഹചര്യങ്ങളില്‍നിന്നു
മോചനം തേടി തെംസ് നദിയുടെ
ആഴങ്ങളില്‍ മറയുകയും ചെയ്യുന്ന
അബിഗേയ്ല്‍ എന്ന പെണ്‍കുട്ടിയുടെ
കഥ പറയുന്ന 'ബികമിംഗ്
അബിഗേയ്ല്‍', സന്തുഷ്ടമായ
കുടുംബ സാഹചര്യങ്ങളിലേക്ക്
ആഭ്യന്തരയുദ്ധം അധിനിവേശം
നടത്തുന്നതോടെ പ്രിയപ്പെട്ടവരേ
നഷ്ടമാവുകയും ആഫ്രിക്കന്‍
രാജ്യങ്ങളുടെ മുഖമുദ്രയായ
ബാല യോദ്ധാക്ക (child soldiers)
ളില്‍
ഒരാളായി, റിബല്‍
സൈന്യത്തിന് വേണ്ടി മൈന്‍
നിര്‍വ്വീര്യമാക്കുന്ന
ജോലിയില്‍ ഏര്‍പ്പെടാന്‍
നിയുക്തനാവുകയും ചെയ്യുന്ന
മൈ ലക്ക് എന്ന കൗമാരക്കാരന്റെ
ജീവിതത്തിനും മരണത്തിനുമിടയിലെ
നിമിഷങ്ങള്‍ ഭ്രമാത്മകവും
ഭീകരതയുടെ വിചിത്രസൗന്ദര്യമിയന്ന
സാന്ദ്രവുമായ ഭാഷയില്‍
ചിത്രീകരിക്കുന്ന സോംഗ്
ഫോര്‍ നൈറ്റ് എന്നിവയെ പോലെ
മറ്റൊരു കൗമാരക്കാരന്റെ
അതിജീവന സാഹസങ്ങളിലേക്ക്
തന്നെയാണ് അവയെപ്പോലെതന്നെ
'മുതിര്‍ന്നുവരവിന്റെ
കഥ'യായ
ഗ്രേസ് ലാന്‍ഡ് എന്ന നോവലും
നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്.
ഓര്‍മ്മകളുടെ
ചതുപ്പുകള്‍ - അതിജീവനത്തിന്റെയും............
തുടര്‍ന്ന് വായിക്കാന്‍:
(ആഖ്യാനങ്ങളുടെ
ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 86-86)
