Featured Post

Showing posts with label Libyan Novel. Show all posts
Showing posts with label Libyan Novel. Show all posts

Friday, November 22, 2024

The Slave Pens by Najwa Bin Shatwan/ Nancy Roberts

 ചരിത്രമുറങ്ങുന്ന അടിമപ്പന്തികള്‍




ഇബ്രാഹിം അല്‍ കോനിഅഹ്മെദ്‌ ഫാഗിഹ്ഖാലിദ് മതവ്വഹിഷാം മതാര്‍, മുഹമെദ് മെസ്രതി തുടങ്ങിയ തലയെടുപ്പുള്ള എഴുത്തുകാരാല്‍ സമ്പന്നമായ ലിബിയന്‍ സാഹിത്യത്തില്‍ പക്ഷെവനിതാ എഴുത്തുകാരികളുടെ പേര് ഇപ്പോഴും അപൂര്‍വ്വതയാണ്. അടുത്ത കാലത്തായി മാറ്റം സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ സമവാക്യത്തില്‍ മുമ്പിലാണ്ലിബിയന്‍ സാഹിത്യത്തില്‍ നിന്നു അന്താരാഷ്‌ട്രശ്രദ്ധ നേടിയെടുത്ത എഴുത്തുകാരിയും അക്കാദമിക്കുമായ നജ് വാ ബിന്‍ഷത് വാന്‍.  ദേശത്തെ അടിമക്കച്ചവടത്തിന്റെ ഇരുണ്ട ചരിത്രമുറങ്ങുന്ന ബെന്‍ഗാസിയില്‍ നിന്നു നൂറ്റിയമ്പത് കി.മി മാത്രം അകലെ വടക്ക് കിഴക്കന്‍ മേഖലയിലുള്ള അജ്ദാബിയ പട്ടണത്തില്‍ ജനിച്ച അവര്‍ ആ പൊള്ളുന്ന വിഷയത്തിലേക്ക് ശ്രദ്ധ പതിപ്പിച്ചതും സ്വാഭാവികം. വനിതാഎഴുത്തുകാരികളുടെ രചനകള്‍ പ്രത്യേക സാമൂഹിക സെന്‍സര്‍ഷിപ്പിനു വിധേയമാകുന്ന നാട്ടില്‍ എഴുത്തുതന്നെ സ്വതേ ഒരു വിപ്ലവ പ്രവര്‍ത്തനമാണ് എന്ന് അവര്‍ പറഞ്ഞിട്ടുള്ളത്, അല്‍ജസീറക്കു വേണ്ടി തയ്യാറാക്കിയ ഒരു നീണ്ട ലേഖനത്തില്‍ നൈമ മോറെല്ലി ഉദ്ധരിക്കുന്നു (1). പരമ്പരാഗതമായി പുരുഷ എഴുത്തുകാരുടെ മേധാവിത്തമുള്ള ലിബിയന്‍ സാഹിത്യത്തില്‍ഗദ്ദാഫി അനന്തര കാലത്തു ജെന്റര്‍ അധിഷ്ടിത നിലപാടുള്ള (gendered point of view) വനിതാ എഴുത്തുകാരുടെ സാന്നിധ്യം വര്‍ദ്ധിച്ചു വരുന്നതായും സങ്കീര്‍ണ്ണ സ്ത്രീപാത്രസൃഷ്ടികളിലൂടെ ജെന്റര്‍ സമത്വത്തിന്റെ ആശയങ്ങള്‍ അവര്‍ മുന്നോട്ടു വെക്കുന്നതായും പ്രസ്തുത ലേഖനം ചൂണ്ടിക്കാണിക്കുന്നു. സ്ത്രീവീക്ഷണത്തില്‍പോയ നൂറ്റാണ്ടിന്റെ (1900കള്‍ മുതലുള്ള) ചരിത്രത്തെ പുനരാവിഷ്കരിക്കുന്നതിലും സ്ത്രീയെ സംബന്ധിക്കുന്ന കര്‍തൃത്വരഹിത വസ്തുക്കള്‍ (women as inactive objects) എന്ന പരമ്പരാഗത സമീപനത്തെ പൊളിച്ചെഴുതുന്നതിലും ഈ എഴുത്തുകാരികള്‍ മുമ്പില്ലാത്തവിധം ശ്രദ്ധാലുക്കളാണ് എന്നും ലേഖനം കൂട്ടിച്ചേര്‍ക്കുന്നു. അല്‍മാ അബാതെ (Alma Abate), മറിയം സലാമ (Maryem Salama), തുടങ്ങിയ എഴുത്തുകാരികള്‍ക്ക് ഇക്കാര്യത്തില്‍ മുന്‍ഗാമികള്‍ എന്ന പദവിയുണ്ട്. ഗദ്ദാഫി കാലഘട്ടത്തില്‍ സ്ത്രീകള്‍ക്കു സൈനിക പരിശീലന അനുമതി നല്‍കിയത്ഫലത്തില്‍ഇതര വിദ്യാഭ്യാസ മേഖലയില്‍നിന്നു അവരെ അകറ്റിനിര്‍ത്തുന്നത്തിലാണ് കലാശിച്ചത്. ചരിത്രത്തെ തന്റെ അജണ്ടകള്‍ക്കനുസരിച്ചു മാറ്റിയെഴുതുക/ മായ്ച്ചുകളയുകയെന്ന ഗദ്ദാഫിയുടെ നയംഒരു ശൂന്യതയാണ് സൃഷ്ടിച്ചത്. ഉദാഹരണത്തിന്അമാസിഗ് (Amazigh) ഭാഷയെയും സംസ്കാരത്തെയും ഇല്ലായ്മ ചെയ്യാനുള്ള ശ്രമം, സാംസ്കാരിക വൈവിധ്യത്തെ നിരപ്പാക്കാനുള്ള ശ്രമമായിത്തീര്‍ന്നു. മധ്യധാരന്യാഴി പ്രദേശത്തെ ചരിത്രത്തില്‍ ലിബിയക്കുള്ള പുരാതനസ്ഥാനവും ദേശത്തെ അധിനിവേശിക്കുകയോ അവിടെ താമസമാക്കുകയോ ചെയ്ത സമൂഹങ്ങളുടെ വൈവിധ്യവും കണക്കിലെടുക്കുമ്പോള്‍ സ്വാഭാവികമായ വിധംചരിത്ര ഫിക് ഷന്റെ വലിയൊരു പാരമ്പര്യം ദേശത്തിനുണ്ടായിരുന്നു. ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ഭാഗം എന്ന നിലയില്‍ 1911 വരെയുംതുടര്‍ന്ന്, 1911 മുതല്‍ 1943 വരെ, ഇറ്റാലിയന്‍ അധിനിവേശത്തിലും പിന്നീട് 1943 മുതല്‍ 1951 വരെ ബ്രിട്ടീഷ് – ഫ്രഞ്ച് അധീനതയിലും കഴിഞ്ഞ ശേഷം1951 ഡിസംബര്‍ 24നു രക്തരഹിതമായ പട്ടാള അട്ടിമറിയിലൂടെ കേണല്‍ മുഅമ്മര്‍ ഗദ്ദാഫിയുടെ കീഴില്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കപ്പെട്ടു എന്നതാണ് ലിബിയയുടെ രാഷ്ട്രീയ ചരിത്ര സംഗ്രഹം. ഇറ്റാലിയന്‍ അധിനിവേശത്തിന്റെ സാംസ്കാരിക ചരിത്രം മാനുവേല പിമോന്റെയെ പോലുള്ള (Manuela Piemonte) എഴുത്തുകാരികള്‍ ചിത്രീകരിച്ചപ്പോള്‍ഇംഗ്ലീഷ്ഫ്രഞ്ച്അമേരിക്കന്‍ജൂതക്രിസ്റ്റ്യന്‍മുസ്ലിം വിഭാഗങ്ങള്‍ സമാധാനപൂര്‍വ്വം കഴിഞ്ഞുവന്ന ട്രിപ്പോളി പോലുള്ള ബഹുവംശീയ/ സംസ്കാര കേന്ദ്രങ്ങളുടെ ആഖ്യാനങ്ങള്‍ അല്‍മാ അബാതെയും മരീസ ഡാനയും (Mariza D’Anna) ആവിഷ്കരിച്ചു. എന്നാല്‍ ഇപ്പറഞ്ഞവരുടെ കൃതികളൊന്നും അന്താരാഷ്‌ട്ര വായനാസമൂഹത്തിനു ലഭ്യമാകും വിധം വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടില്ല. പുതിയ കാലത്ത് ലിബിയന്‍ സാഹിത്യചരിത്രത്തിലെ വനിതാ ഇടത്തെ സംബന്ധിച്ച വിടവുകള്‍ നികത്താനുള്ള വനിതാ എഴുത്തുകാരികളുടെ ശ്രമങ്ങള്‍ ഊര്‍ജ്ജിതമാണ്‌ എന്നും അതിനായി നാടോടിക്കഥകളും ഗ്രീക്ക് പുരാണവും വിശുദ്ധ ഗ്രന്ഥങ്ങളും സ്ത്രീകഥാപാത്രങ്ങളുടെ വീക്ഷണത്തില്‍ പുനരാവിഷ്കരിക്കുന്ന ശൈലി എഴുത്തുകാരികള്‍ അവലംബിക്കുന്നു എന്നും നൈമ മോറെല്ലി നിരീക്ഷിക്കുന്നു.

വിഖ്യാത ജോര്‍ദാനിയന്‍-ബ്രിട്ടീഷ് നോവലിസ്റ്റ് ഫാദിയാ ഫഖിര്‍ തന്റെ ബ്ലോഗില്‍ കുറിച്ച വാക്കുകളാണ് നോവലിലേക്കുള്ള മികച്ച ആമുഖമായി തോന്നുന്നത്. ബിന്‍ഷത് വാനുമായി നടത്തിയ അഭിമുഖത്തെ അടിസ്ഥാനപ്പെടുത്തി നഹ് ലാ അല്‍ അഗേലി രേഖപ്പെടുത്തിയ നിരീക്ഷണങ്ങള്‍ ഫാദിയാ ഫഖിര്‍ ഉദ്ധരിക്കുന്നു (2). ലിബിയന്‍ ചരിത്രത്തില്‍ ഒരു നികൃഷ്ട നിഴല്‍ മൂടിക്കിടപ്പുണ്ടെന്നും അത് ലിബിയന്‍ സ്വാതന്ത്ര്യ പ്രഖ്യാപനത്തിനുംഇറ്റാലിയന്‍ അധിനിവേശത്തിനും ഏറെ മുമ്പേഓട്ടോമന്‍ ആധിപത്യത്തിന്റെ നൂറ്റാണ്ടുകളില്‍, രാജ്യം അടിമക്കച്ചവടത്തിന്റെ താവളമായിരുന്നു എന്നതാണെന്നും നിരീക്ഷിക്കപ്പെടുന്നു. തങ്ങളുടെ വീടുകളില്‍ വേലക്കുനിന്ന കറുത്ത വര്‍ഗ്ഗക്കാരികളെയോ തിരിച്ചറിയാവുന്നവിധം തങ്ങളുടേതുതന്നെയായ കുടുംബപ്പേരുകള്‍ വഹിക്കുന്ന വിദൂരസ്ഥ ആഫ്രിക്കന്‍ ദേശങ്ങളിലെ അകന്ന ബന്ധുക്കളെയോ കുറിച്ചു കുടുംബങ്ങളിലെ മുതിര്‍ന്നവര്‍ പറയുന്ന കഥകള്‍ ലിബിയയില്‍ ജനിച്ചുവളരുന്ന കുഞ്ഞുങ്ങള്‍ ഇപ്പോഴും കേള്‍ക്കാറുണ്ട്. എന്നാല്‍ മനുഷ്യരെ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതിന്റെ വ്യാപാര ഇടപാടുകളെ കുറിച്ചോ ‘ബാര്‍ട്ടര്‍’ സമ്പ്രദായത്തെ കുറിച്ചോ വിശദാംശങ്ങള്‍ ഒരിക്കലുമുണ്ടാവില്ല. അത്തരത്തില്‍ പിടിക്കപ്പെടുന്ന അടിമകളോടുള്ള ക്രൂരതകളില്‍ തങ്ങളുടെ പൂര്‍വ്വികരുടെ പങ്കിനെ കുറിച്ചും ഏതെങ്കിലും രീതിയിലുള്ള കുറ്റസമ്മതവും മിക്കാവാറും ഉണ്ടാവില്ല. ആ കാലഘട്ടത്തെ പുനര്‍സന്ദര്‍ശിക്കാനോ അതിന്റെ പ്രേതങ്ങളെയോ വംശീയനിലപാടുകളെയോ നേരിടാനോ, സാംസ്കാരികചരിത്രത്തില്‍ അവ പതിപ്പിച്ച മുദ്രകള്‍ വിശകലനം ചെയ്യാനോ ഉള്ള ധൈര്യം അധികമാരും പ്രകടിപ്പിക്കാറുമില്ല. ആ അര്‍ത്ഥത്തില്‍, അത്തരമൊരു അപ്രഖ്യാപിതവിലക്കുള്ള (taboo) വിഷയത്തെ ഹൃദയപൂര്‍വ്വം പിന്തുടരുകയും അടിമകള്‍ക്ക് ആഖ്യാനസ്വരം നല്‍കുകയും ചെയ്തു ശക്തവും മനോഹരവുമായ നോവല്‍ രചിച്ചതിലൂടെ നജ് വാ ബിന്‍ ഷത് വാന്‍ ഒരു മുന്‍ഗാമി (pioneer) സ്ഥാനം അര്‍ഹിക്കുന്നുണ്ട് എന്നുപറയാം. മുമ്പ് അനാവരണം ചെയ്തിട്ടില്ലാത്ത വിഷയത്തെ അവതരിപ്പിക്കാന്‍ അതിനൊരു പ്രണയകഥയുടെ ചട്ടക്കൂടു നല്‍കുന്നതിലൂടെമികച്ചൊരു ഫിക് ഷന്‍ അനുഭവം കൂടി നോവല്‍ പകര്‍ന്നു നല്‍കുന്നു. അറബ് സാഹിത്യത്തിനുള്ള അന്താരാഷ്ട്ര പുരസ്കാരമായ IPAF ലിസ്റ്റില്‍ ഇടം പിടിച്ച രണ്ടാമത്തെ ലിബിയന്‍ വനിതയാണ്‌ ബിന്‍ ഷത് വാന്‍ (2017) എങ്കിലും, 2011 ല്‍ പ്രസ്തുത പുരസ്കാരത്തിനു ലോംഗ് ലിസ്റ്റ് ചെയ്യപ്പെട്ട റസാന്‍ നയിം അല്‍ മഗ്രബിയുടെ പുസ്തകം (Women of Wind - Razan Naim al-Maghrabi) ഇനിയും ഇംഗ്ലീഷ് വിവര്‍ത്തനത്തില്‍ ലഭ്യമായിട്ടില്ല (ഫെബ്രുവരി 2023).

ചരിത്രകാരനായ സുഹൃത്തിന്റെ പുസ്തകത്തില്‍ കാണാനിടയായ ബെന്‍ഗാസി അടിമപ്പന്തിയുടെ ചിത്രത്തെ കുറിച്ചുള്ള അന്വേഷണത്തില്‍ നിന്നാണ് പുസ്തകത്തിന്റെ ആശയത്തില്‍ എത്തിപ്പെട്ടതെന്നു നോവലിസ്റ്റ് അബുദാബി അവാര്‍ഡ് ചടങ്ങില്‍ വെച്ചു വെളിപ്പെടുത്തി (3). കൂടുതല്‍ അറിയാനുള്ള അന്വേഷണത്തില്‍ ആരും അക്കാലത്തെ കുറിച്ചോ ആ കെട്ട വിനിമയത്തില്‍ തങ്ങളുടെ പൂര്‍വ്വികര്‍ക്കുണ്ടായിരുന്ന/ ഉണ്ടായിരുന്നേക്കാവുന്ന പങ്കിനെ കുറിച്ചോ സംസാരിക്കാന്‍ തയ്യാറല്ല എന്നാണ് അവര്‍ കണ്ടെത്തിയത്. വിഷയത്തിന്റെ ഈ അതിസംവേദനത്വം തന്നെയാണ്അറിയാതെയെങ്ങാന്‍ ആരെയെങ്കിലും പ്രകോപിപ്പിക്കുന്നതിനെതിരെയുള്ള മുന്‍ കരുതലായിപിന്നീടു നോവലെഴുതുമ്പോള്‍ തന്റെ കുടുംബപ്പേരു തന്നെ മുഖ്യകഥാപാത്രത്തിനു നല്‍കാനുള്ള തീരുമാനത്തില്‍ നോവലിസ്റ്റിനെ എത്തിച്ചതും. മുഖ്യ ആഖ്യാതാവിനു ആതിഖ എന്ന പേര് നല്‍കിയതിനെ കുറിച്ചും അവര്‍ വ്യക്തമാക്കുന്നു: സ്വതന്ത്രയാക്കപ്പെട്ട അടിമ എന്നര്‍ത്ഥമുള്ള ആ പേര്ഇപ്പോള്‍ സ്വതന്ത്രയെങ്കിലും ഭൂതകാലത്തെ എപ്പോഴും പേറുന്ന, താനൊരു രണ്ടാംകിട പൌരയാണ് എന്ന് എപ്പോഴും ഓര്‍മ്മിപ്പിക്കുന്ന ഒന്നാണ്.

ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ കീഴിലായിരുന്ന പത്തൊമ്പതാം നൂറ്റാണ്ടിലെ ലിബിയയില്‍ ബെന്‍ഗാസിയില്‍ നിലനിന്ന അടിമപ്പന്തികളുടെ പശ്ചാത്തലത്തില്‍ തവീദ എന്ന അടിമ യുവതിയുടെയും മകള്‍ ആതിഖയുടെയും കഥയായാണ് സ്തോഭജനകമായ ഇതിവൃത്തം വികസിക്കുന്നത്. രണ്ടു ആഖ്യാതാക്കളിലൂടെ നടത്തപ്പെടുന്ന ആഖ്യാനത്തില്‍ അതിഖയിലൂടെയാണ് ആദ്യപകുതിയിലേക്ക് നാം കടക്കുന്നത്‌. നോവല്‍ ആരംഭത്തില്‍ആതിഖ മുതിര്‍ന്ന സ്ത്രീയാണ്, വിദ്യാസമ്പന്നരണ്ടു കുട്ടികളുടെ ഉമ്മ, നേഴ്സ് ആയി ജോലി നോക്കുന്നു. ഫാര്‍മസിസ്റ്റ് ആയ ഭര്‍ത്താവ് അവളെക്കാള്‍ ഏറെ പ്രായമുള്ളവനെങ്കിലും സ്നേഹധനനാണ്. അതിഖയുടെ സന്തുഷ്ടമായ ഈ ജീവിതാവസ്ഥതികച്ചും സ്തോഭാജനകവും ദുരന്തപൂര്‍ണ്ണവുമായ അവളുടെ കുട്ടിക്കാലത്തിന്റെയും മാതാവ്‌ നേരിട്ട ദുരിതങ്ങളുടെയും വരാനിരിക്കുന്ന വിവരണങ്ങളിലേക്കു കടക്കുംമുമ്പ് ശരിക്കുമൊരു ശ്വസനസ്ഥലി ആയിത്തീരുന്നു എന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (4). കടന്നുപോന്ന ജീവിതത്തിലെ പ്രായസങ്ങളെയെല്ലാം മറികടന്നു സ്വസ്ഥജീവിതം നയിക്കുന്ന ആതിഖയെ തേടി മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത അകന്ന ബന്ധുവായ അലി ബിന്‍ ഷത് വാന്‍ എത്തുന്നു. അയാള്‍ അവളുടെ ജനന സര്‍ട്ടിഫിക്കേറ്റ് കൊണ്ടുവന്നിട്ടുണ്ട്പിതൃ വഴിയില്‍ അവളുടെ പാരമ്പര്യത്തെ കുറിച്ച് അയാള്‍ക്കറിയാമെന്നും വലിയൊരു സ്വത്തിനു അവള്‍ക്കു അവകാശമുണ്ട്‌ എന്നും അയാള്‍ പറയുന്നു. അവിടന്നങ്ങോട്ട് പുസ്തകത്തിന്റെ ആഖ്യാനഘടന മൂന്നു ചരിത്ര ഘട്ടങ്ങളെ കടന്നുപോകുകയാണ്. അവയോരോന്നും കൂടുതല്‍ കൂടുതല്‍ പിറകോട്ടു പോകുകയും ചെയ്യുന്നു. ഒരു കുഞ്ഞായിരിക്കെആതിഖ വളര്‍ന്നുവന്നത് ബെന്‍ഗാസിയിലെ അടിമപ്പന്തിയിലാണ്. അവളുടെ അമ്മ ‘സബിരിയ്യ അമ്മായി’ എന്ന് വിളിപ്പിച്ചാണ് അവളെ വളര്‍ത്തിയത്. ആതിഖയുടെ സങ്കരവര്‍ഗ്ഗ വ്യക്തിത്വത്തിന്റെ നിഗൂഡതയുമായി ചേര്‍ത്തു കാണേണ്ടത് തന്നെയാണ് എന്തിനായിരുന്നു ആ ആള്‍മാറാട്ടം എന്നതും. രണ്ടും പിന്നീടാണ് വ്യക്തമാകുക. ആതിഖയുടെ സുഹൃത്ത്‌ബന്ധങ്ങള്‍ പന്തിയിലെ അടിമകളും അവരുടെ കുട്ടികളുമാണ്. നിത്യ ദുരിതത്തിലും പരദൂഷണങ്ങളിലും ബന്ധങ്ങള്‍ ഏതു നിമിഷവും തകരുന്ന അവസ്ഥയുണ്ട്. ആതിഖക്ക് പ്രായപൂര്‍ത്തിയാകുന്നതോടെ നടത്താനുള്ള ഒരു ചടങ്ങിന്റെ (‘locking ceremony’) ഘട്ടത്തിലാണ് അവളുടെ ജനനം സംബന്ധിച്ച ഒരു രഹസ്യം സബിരിയ്യ അമ്മായിക്ക് വ്യക്തമാക്കേണ്ടി വരിക: അവള്‍ അടിമകളായ മാതാപിതാക്കളില്‍ ജനിക്കുന്ന അടിമക്കുട്ടി (‘shushana’) അല്ല. അവളുടെ പിതാവ് ഒരു ‘സ്വതന്ത്രനാണ്. മുഹമ്മദ്‌ ബിന്‍ഷത് വാന്‍ എന്ന വെളുത്ത നിറക്കാരനായ ലിബിയക്കാരന്‍, അതിഖയുടെ ഉമ്മയുടെ യജമാനനായ ഇമുഹമ്മദ് ബിന്‍ ഷത് വാന്‍ എന്നയാളുടെ മകന്‍. അടിമപ്പന്തിക്കു തീപിടിക്കുമ്പോള്‍ ആളിപ്പടരുന്ന തീയില്‍നിന്നു അതിഖയുടെ ഐഡന്റിറ്റി രേഖകള്‍ രക്ഷിക്കാനുള്ള ശ്രമത്തില്‍ തവീദ കൊല്ലപ്പെടുന്നത് ഒരു സമര്‍പ്പണം കൂടിയയിത്തീരുന്നു. നോവലിലെ ഏറ്റവും ഹൃദയ ഭേദകമായ ഒരു രംഗമാണ് തവീദയുടെ അന്ത്യം. പ്ലേഗ് വ്യാപന ഭയത്തില്‍ അടിമപ്പന്തിക്കു തീകൊടുക്കുന്ന അധികൃതരുടെ നൃശംസതയുടെ ഇരയാവുകയാണ് തവീദയും വേറെ കുറെ പേരും. ആ നിമിഷത്തിലാണ് ഐദ അമ്മായി അതിഖയെ അവളുടെ യഥാര്‍ത്ഥ അസ്ഥിത്വവും ‘സബിരിയ്യ’ അമ്മായി അവള്‍ക്ക് ശരിക്കും ആരാണെന്നും അറിയിക്കുക. ഉമ്മയെ ലഭിക്കുന്ന അതേ നിമിഷത്തിലാണ് അവള്‍ അനാഥയകുക എന്നതാണ് അതിന്റെ ഐറണി. “കറുപ്പില്‍ നിന്നാണ് അവര്‍ ഉയിരെടുത്തത്അതിലേക്കു തന്നെ അവര്‍ മടങ്ങിപ്പോയി” എന്നും “പന്തികള്‍ ഇല്ലാതായിഎന്നാല്‍ ഞങ്ങളുടെ ഉള്ളില്‍ അവ നിലനിന്നു” എന്നും ആ ദഹന ദുരന്തത്തെ അതിഖ ഓര്‍ക്കുന്നു. ഇറ്റാലിയന്‍ അധിനിവേശ കാലത്ത് അടിമപ്പന്തികള്‍ നിര്‍ത്തലാക്കിയതിന്റെയും അവയ്ക്കു പകരം അതെ പ്രാന്തങ്ങളില്‍ ക്യാമ്പുകള്‍ തുറന്നതിന്റെയും ചരിത്ര സന്ദര്‍ഭവും ഇവിടെ പ്രധാനമാണ്. 

രണ്ടാം പകുതിയില്‍ അലിയാണ് ആഖ്യാതാവ്. ആഖ്യാനം കൂടുതല്‍ പിറകോട്ടു പോകുകയും അതിഖയുടെ ഉമ്മ തവീദയും പിതാവ് മുഹമ്മദും തമ്മിലുള്ള ബന്ധത്തിന്റെ ആവിഷ്കാരത്തിലേക്ക് കടക്കുകയും ചെയ്യുന്നു. ആദ്യത്തെ കണ്ടുമുട്ടലും പ്രണയാങ്കുരണവും തൊട്ടു അവരുടെ വേദനാകരമായ വേര്‍പ്പാടും മാത്രമല്ല, പിന്നീടുള്ള ശ്രമകവും ജ്വരബാധിതവുമായ കൂടിച്ചേരലുകളും ഇവിടെ വിവരിക്കപ്പെടുന്നു. യജമാനനും അടിമയും തമ്മിലുള്ള, വിധിയും വ്യവസ്ഥയും സാമൂഹിക ശ്രേണിയും ഒരുമിച്ചു എതിരുനില്‍ക്കുന്ന ദുസ്സാധ്യമായ പ്രണയ ബന്ധത്തിന്റെ ദുരന്തചിത്രമായി ഇതിഹാസമാനമുള്ള പ്രണയകഥ എന്ന മട്ടില്‍ നോവലിനെ തീര്‍ച്ചയായും കണക്കാക്കാം. എന്നാല്‍ അതിനപ്പുറം പ്രസ്തുത ബന്ധത്തില്‍ ലീനമായ അടിച്ചമര്‍ത്തലിന്റെയും ചൂഷണത്തിന്റെയും തലങ്ങളാണ് നോവലിസ്റ്റിനെ കൂടുതല്‍ ജാഗ്രതപ്പെടുത്തുന്നത് എന്ന നിരീക്ഷണം സുപ്രധാനമാണ്‌ (5). മുഹമ്മദിനെ സംബന്ധിച്ച് തവീദ പ്രഥമമായും ഒരടിമസ്ത്രീയാണ്: തനിക്കു ഉടമസ്തപ്പെടാവുന്നവള്‍അവളുടെ വംശീയ ‘അപരത്വ’വും വിധേയത്തവും അവളുടെ ലൈംഗിക ആകര്‍ഷണം വര്‍ദ്ധിപ്പിക്കുന്ന ഘടകവും. എന്നാല്‍ആ പ്രണയം ഒരുഘട്ടത്തിലും അയാള്‍ക്കു കൈമോശം വരുന്നുമില്ല. അതേസമയംമുഹമ്മദുമായുള്ള ബന്ധം തവീദയെ തന്റെ ജീവിതത്തെ മറ്റൊരു വെളിച്ചത്തില്‍ കാണാന്‍ അനുവദിക്കുകയും ചെയ്യുന്നു: “അദ്ദേഹം എന്റെ യജമാനനല്ലഎന്റെ പ്രണയസര്‍വസ്വമാണ്” എന്ന വാക്കുകളില്‍ അവള്‍ മറ്റൊരു തരത്തിലും തനിക്കു ലഭിക്കാന്‍ സാധ്യതയില്ലാത്ത തെരഞ്ഞെടുപ്പിന്റെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും ഒരു ലോകം തനിക്കായി വിഭാവനം ചെയ്യുന്നുണ്ട്. എന്നാല്‍അത് സാധ്യമാവുകയില്ല എന്നതാണ് അവളുടെ ദുരന്ത വിധി. തന്നെയല്ലമുഹമ്മദുമായുള്ള ബന്ധം അവള്‍ക്കു കൂടുതല്‍ ദുര്‍വ്വിധിയാണ് കൊണ്ടുവരിക. ആ ബന്ധം തകര്‍ക്കാന്‍ ഏതറ്റം വരെയും പോകും മുഹമ്മദിന്റെ കുടുംബമെന്നത് തികച്ചും സ്വാഭാവികമാണ്. കറുത്ത അടിമകളില്‍ വെപ്പാട്ടികള്‍ യഥേഷ്ടം ആവാം, പ്രണയമോ കെട്ടുപാടുകളോ ഒരിക്കലും അരുത്. മുഹമ്മദിനെ അടിമയുവതിയില്‍ നിന്ന് വേര്‍പിരിക്കാന്‍ ഉമ്മ ലല്ല ഉവൈഷിനയും പിതാവ് ഇമുഹമ്മാദും കണ്ടെത്തുന്ന വഴിഅയാളെ ഒരു കച്ചവട കാരവനില്‍ ദൂരെക്കയക്കുകയും അയാളുടെ അഭാവത്തില്‍ യുവതിയെ ഗര്‍ഭചിദ്രത്തിനു വിധേയയാക്കുകയും മറ്റൊരു അടിമക്കു വിവാഹം ചെയ്തു കൊടുക്കുകയുമാണ്. പ്രസ്തുത ‘വിവാഹത്തിനു ശേഷവും മുഹമ്മദ്‌ ബന്ധം തുടരുന്നതും സുന്ദരിയും അയാളുടെ രണ്ടു പെണ്മക്കളുടെ ഉമ്മയുമായ റുഖിയയെ തീര്‍ത്തും അവഗണിക്കുന്നതും കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്ന ഘട്ടത്തിലാണ്‘സിഹിര്‍ ചെയ്തു മകനെ മയക്കിയ’ കറുത്ത അടിമപ്പെണ്ണിനെ ഒഴിവാക്കാന്‍ കുടുംബ സുഹൃത്തുകൂടിയായ അല്‍ ഫിഗ്ഗിയുമായിച്ചേര്‍ന്നു പദ്ധതിയിടുന്നതും അയാളിലൂടെ തവീദ വേശ്യാലയത്തില്‍ എത്തിച്ചേരുന്നതും. ആരാധനാലയത്തിനു മുന്നില്‍ ഉപേക്ഷിക്കാന്‍ ഭരമെല്‍പ്പിക്കപ്പെടുന്ന കുഞ്ഞിനേയും കൊണ്ടു പുറത്തുകടക്കാന്‍ കിട്ടുന്ന അവസരം ഉപയോഗിച്ചുള്ള രക്ഷപ്പെടല്‍ ശ്രമത്തിനിടെ ഐദയുടെ സമീപത്തു എത്തിച്ചേരുന്ന തവീദഅടിമപ്പന്തിയില്‍ മറ്റൊരു പേരും കഥയുമായി അഭയം കണ്ടെത്തുന്നു. ഒപ്പം കൂടെക്കൂട്ടിയ ചോരപ്പൈതലിനെ മകനായി ഏറ്റെടുക്കുകയും ചെയ്യുന്നതാണ്‌അലിയുടെ വിവരണത്തില്‍ തെളിയുന്ന തവീദയുടെ പുരാവൃത്തം. മിഫ്താഹ് എന്നു പേരിടുന്ന കുഞ്ഞ്അതിഖക്ക് മുതിര്‍ന്ന കൂടെപ്പിറപ്പാകുക അങ്ങനെയാണ്. ഏകനും ദുഃഖാമാഗ്നനുമായ മുഹമ്മദ്‌ജബെല്ലയിലൂടെ വീണ്ടും തവീദയെ സന്ധിക്കുമ്പോള്‍ ആ ബന്ധം ഒട്ടും ഏകപക്ഷീയ പ്രണയത്തിന്റെതല്ല. അതിഖയുടെ ജന്മത്തെ കുറിച്ചു നോവല്‍ നടത്തുന്ന നിരീക്ഷണം ആ ബന്ധത്തിന്റെ സങ്കീര്‍ണ്ണ ഭാവങ്ങള്‍ ആവാഹിക്കുന്നുണ്ട്:

“ഇത്തരം യുദ്ധത്തില്‍ നിന്നാണ് നീ ഉത്ഭവിച്ചത്‌. നീ ജനിച്ചത്‌ ഒരു സന്ധി ഘട്ടത്തിലാണ്. തവീദ കുപിതയാകുകയും തണുക്കുകയും ചെയ്യും. മുഹമ്മദ്‌ അവളോട്‌ പൊരുതുംപിന്നീട് പൊരുത്തപ്പെടും. അയാള്‍ അവളെ ഉപേക്ഷിക്കുംപിന്നീട് തിരികെയെത്തും. അവളെ വെറുക്കുംപിന്നെ സ്നേഹിക്കും. അവളെ മറക്കുംപിന്നീട് ഓര്‍മ്മിക്കും. അവള്‍ക്കു തണുത്ത ചുമല്‍ നല്‍കുംപിന്നെ അവള്‍ക്കു വേണ്ടി ദാഹിക്കും. അവളെ വിട്ടു മാള്‍ട്ടയിലേക്കു പോകുംപിന്നീട് അവളോട്‌ ചേരാന്‍ ബെന്‍ഗാസിയിലേക്ക് തിരികെയെത്തും.

തവീദ ആ വേശ്യാലയ വര്‍ഷത്തില്‍ നിന്ന് ഒരിക്കലും മുക്തയായില്ല. വേദന മറക്കാന്‍ കണ്ടമാനം വാറ്റുചാരായം കഴിച്ചു അവള്‍. ചിലപ്പോള്‍ദുസ്സഹ കോപത്തില്‍അവള്‍ മുഹമ്മദിന്റെ മേല്‍ തുപ്പുകയും അയാളെ വായില്‍ വരുന്ന തെറി മുഴുവന്‍ പറയുകയും ചെയ്തു. ചിലപ്പോള്‍ അവളെ കൂട്ടിക്കൊണ്ടു ചെല്ലാന്‍ അയക്കുന്ന വേലക്കാരന്റെ കൂടെപ്പോകാന്‍ അവള്‍ വിസമ്മതിച്ചുഅല്‍ ഫിഗ്ഗിയെ കുറിച്ചു പറഞ്ഞുകൊണ്ട് അവളെ ചൊടിപ്പിക്കുന്നത് ഇനിയും നിര്‍ത്തിയില്ലെങ്കില്‍ തനിക്കിഷ്ടമുള്ളവരോടൊപ്പം കിടക്കുമെന്ന് അയാളെ ഭീഷണിപ്പെടുത്തി.”

തവീദ, സബിരിയ്യ അമ്മായിയിലേക്ക് പരകായം നടത്തുന്നത് ഒളിച്ചുകഴിയാന്‍ വേണ്ടി മാത്രമല്ല, അതിഖക്ക് വേണ്ടി കൂടിയാണ്. തന്റെ ഐഡന്റിറ്റി മകളില്‍നിന്നു മറച്ചുവെക്കേണ്ടത്, ബിന്‍ ഷത് വാന്‍ കുടുംബം തന്നെ കണ്ടെത്തി അതിഖയെ കൊന്നു കളയാനുള്ള സാധ്യത ഒഴിവാക്കാന്‍ ആവശ്യമായിരുന്നു. മുഹമ്മദിനും അതിഖയെ മകളായി സ്വീകരിക്കുക വയ്യകാരണം അവളുടെ മാതാവ് അടിമസ്ത്രീയാണ്‌. അയാള്‍ക്ക് കുടുംബത്തെ ഭയമുണ്ട്.

നോവലില്‍ രണ്ടു ആഖ്യാനസ്വരങ്ങള്‍ നിരീക്ഷിക്കാമെങ്കിലും ഒട്ടുമുക്കാലും തൃതീയ സ്വരത്തിന്റെ (Third Person) ഭാവമാണ് കാണാനാകുക. അപൂര്‍വ്വ ഘട്ടങ്ങളില്‍ ആഖ്യാനം പ്രഥമ വ്യക്തിക (First Person) സ്വരത്തിലേക്കു മാറുമ്പോഴാണ് നാം അതിഖയുടെയോ അലിയുടെയോ സ്വരം തിരിച്ചറിയുക. വൈയക്തിക അനുഭവത്തിനപ്പുറം അടിമ സമ്പ്രദായവും വംശീയ അധീശത്തവും പോലുള്ള വിഷയങ്ങള്‍ നോവലിന്റെ ശ്രദ്ധാകേന്ദ്രമാകുന്നതിന്റെ ഫലമായിരിക്കാം ഈ ചാഞ്ചല്യം. അറബ് അടിമ സമ്പ്രദായത്തിനു (Trans-Indian Ocean/ Trans-Saharan Slave Trade) ഇതര യൂറോപ്പ്യന്‍ അടിമവ്യാപാര സമ്പ്രദായത്തില്‍ നിന്നു (Trans-Atlantic Slave Trade) ഗുണപരമയിത്തന്നെ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. ഏതായിരുന്നു കൂടുതല്‍ വിനാശകരവും ക്രൂരവും എന്ന ചോദ്യത്തിനു പലപ്പോഴും ആത്മനിഷ്ട മറുപടികളാണ് നല്‍കപ്പെട്ടു കാണുക. ഏതായാലുംഎണ്ണത്തിലും കാലപ്പഴക്കത്തിലും മുന്നിലായിരിക്കുമ്പോഴുംമതപരമായി അടിമകളോടുള്ള നീതിപൂര്‍വ്വമായ പെരുമാറ്റം നിഷ്കര്‍ഷിക്കുന്നതുംതങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ത്രീകളില്‍ മാത്രം ലൈംഗികബന്ധം അനുവദിക്കപ്പെട്ടിട്ടുള്ളതും അറബ് അടിമത്ത സമ്പ്രദായത്തെഫലത്തില്‍സാമാന്യേന സഹനീയമാക്കിയ ഘടകങ്ങളാണ്. അടിമകളെ മോചിപ്പിക്കുന്നത് മഹത്തരമായ കര്‍മ്മമായും പാപവിമോചക പ്രവര്‍ത്തിയായും ഖുര്‍ ആന്‍ വീക്ഷിക്കുന്നത്അതിനെ അനുവദനീയമെങ്കിലും ഒഴിവാക്കപ്പെടേണ്ട ഒരു വിനിമയമാക്കി മാറ്റി എന്നും പറയാം. ഹാമിന്റെ സന്തതികള്‍ എന്നും മനുഷ്യരില്‍ താഴെയുള്ളവര്‍ എന്നും എക്കാലവും ശപിക്കപ്പെട്ടവര്‍ എന്നുമുള്ള ബിബ്ലിക്കല്‍ വിവേചനം മറയാക്കി ഒരുതരത്തിലുള്ള നൈതിക അതിര്‍ വരമ്പുകളും ഇല്ലാതെ നടമാടപ്പെട്ട ഇതര രൂപം ആ അര്‍ഥത്തില്‍ കൂടുതല്‍ ക്രൂരമായിരുന്നു എന്നതിന്റെ തെളിവ് കരീബിയന്‍ മേഖലകളിലെത്തിപ്പെട്ട ആഫ്രിക്കന്‍ അടിമകളുടെയും ആഫ്രിക്കന്‍ അമേരിക്കന്‍ വര്‍ഗ്ഗക്കരുടെയും അനുഭവങ്ങളില്‍ വ്യക്തമാണ്‌. (ഇക്കൂട്ടത്തില്‍ ആദ്യ വിഭാഗത്തില്‍ ഇരുപത്തിമൂന്നു വയസ്സായിരുന്നു ശരാശരി ആയുര്‍ദൈര്‍ഘ്യം എന്ന വസ്തുതയില്‍ അതെത്രമാത്രം ദുസ്സഹമായിരുന്നു എന്ന സൂചന കാണാം). എന്നാല്‍ അതങ്ങനെയായിരിക്കെത്തന്നെഅഭിമാന സംരക്ഷണംകുലപതിയോടുള്ള സമ്പൂര്‍ണ്ണ വിധേയത്വം തുടങ്ങിയ പരമ്പരാഗത മൂല്യങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ മജ്ജ മരവിപ്പിക്കുന്ന ക്രൂരതകള്‍ അരങ്ങേറുന്നതിലോജീവച്ഛവമാക്കും വിധം ശിക്ഷിക്കുന്നതിലോ ഒരു തരം തടസ്സവും അറബ് അടിമത്ത വ്യവസ്ഥയില്‍ ഉണ്ടായിരുന്നില്ല എന്നതു വ്യക്തമാക്കുന്ന സന്ദര്‍ഭങ്ങള്‍ നോവലിലുണ്ട്. പിറ്റേന്നത്തെ ആഘോഷത്തില്‍ വിളമ്പാനുള്ള ആട്ടിറച്ചി സംരക്ഷിക്കുന്നതില്‍ പരാജയപ്പെടുന്നതിനു ഒരു വിശദീകരണം പോലും ചോദിക്കാതെ തവീദക്കു നേരെ ഇമുഹമ്മാദ് അരങ്ങേറുന്ന നൃശംസതയാണ് അതിലേറ്റവും ഭീകരം. അത് തവീദയുടെ കുഞ്ഞിന്റെ മരണത്തിലും സലീമിനെ എന്നെന്നേക്കും മുടന്തനാക്കുന്ന കൊടിയ പീഡനത്തിലും, എല്ലാത്തിലുമുപരിഉഗ്രപ്രതാപിയായ കുലപതിയുടെ തല എന്നെന്നേക്കും താഴ്ന്നു പോകുന്ന രഹസ്യത്തിന്റെ അനാവരണത്തിലേക്കും ശിശുഹത്യയുടെ പാപബോധത്തോടൊപ്പം സ്വന്തം ചോരയെയാണ് ഒടുക്കിയതെന്നഅതും ലഭിക്കാമായിരുന്ന ഏകആണ്‍ തരിയുടെവിട്ടുപോകാത്ത കുറ്റബോധത്തിന്റെ ഏകാന്തതയിലേക്കും നയിക്കും. “അന്നേദിവസം ഒരു ആടിന്റെ വില തൊട്ടിലാക്കിയ ഒരു പെട്ടിയില്‍ കിടന്ന ഒരു കുഞ്ഞായിരുന്നു” എന്നു നോവലിസ്റ്റ് എഴുതുമ്പോള്‍ അതില്‍ ശിശുബലിയുടെ മുഴക്കമുണ്ട്; ഒപ്പം മനുഷ്യശിശുവിനു പകരം ആടിനെ നല്‍കിയ ദൈവകാരുണ്യത്തിനു മനുഷ്യന്‍തന്നെ ചമക്കുന്ന ക്രൂരമായ പാരഡിയും. ഇബ്രാഹിം നബിയുടെ ബലിയില്‍, കുഞ്ഞിനെ ബലിയിടാന്‍ തുടങ്ങുന്ന പിതാവിന് രക്ഷകനാകുന്നത് പിതാമഹന്റെ സ്ഥാനത്തുള്ള ദൈവമാണെങ്കില്‍ ഇവിടെ പിതാമഹന്‍ നേരിട്ടു ബലി നടപ്പിലാക്കുകയുമാണ്. 

നൃശംസതയുടെ മറ്റൊരു പ്രകടനം വേശ്യാലയത്തില്‍ വെച്ചു തവീദ നിരന്തരം നേരിടേണ്ടി വരുന്ന മെരുക്കല്‍ പ്രക്രിയയുടെതാണ്. ആവര്‍ത്തിച്ചുള്ള ഗര്‍ഭഛചിദ്രം പോലെ പെണ്ണുടലിനു നേരെയുള്ള കടന്നുകയറ്റം ലോകമെങ്ങും അടിമത്തത്തിന്റെ മുദ്ര തന്നെയായിരുന്നു. അടിമസ്ത്രീഉടമയുടെ കുഞ്ഞിനെ പ്രസവിക്കുന്നതോടെ ‘ഉമ്മുല്‍ വലദ്’ എന്ന പദവിയിലേക്കുയര്‍ത്തപ്പെടുകയും സ്വതന്ത്രയാകുകയും ചെയ്യും എന്ന ഇസ്ലാമിക ആശയവും വെറും കടലാസുപുലിയാണെന്നു ഐദ, ശരിയായിത്തന്നെനിരീക്ഷിക്കുന്നതും നോവലില്‍ തവീദയുടെ ജീവിതത്തില്‍ത്തന്നെ പ്രകടമാണ്. സലീമിന്റെ പാത്രസൃഷ്ടിയില്‍ നോവലിസ്റ്റ് പ്രകടിപ്പിക്കുന്ന കയ്യടക്കവും എടുത്തു പറയേണ്ടതുണ്ട്. തവീദയെ ‘വിവാഹം’ കഴിക്കാന്‍ ഉടമകള്‍ ആവശ്യപ്പെടുമ്പോള്‍ അതു ചെയ്യുന്ന സലിംഅവളുമായി ഒരു ബന്ധവും അരുതെന്ന മുഹമ്മദിന്റെ വിലക്കും ശിരസ്സാ വഹിക്കുന്നു. എന്നാല്‍ അതിനു പിന്നില്‍ മറ്റൊരുതരാം ലൈംഗിക ചോദനയുടെ സാന്നിധ്യം കൂടിയുണ്ടെന്നു കണ്ടെത്തുന്ന മുഹമ്മദ്‌ഒട്ടും കാരുണ്യപൂര്‍വ്വമല്ല അയാളോടു പെരുമാറുക. അല്‍ ഫിഗ്ഗിയുടെ മകന്‍ ഹുസൈനുമായുള്ള അയാളുടെ ബന്ധം കണ്ടുപിടിക്കുന്ന മുഹമ്മദ്‌, കൌമാരക്കാരനു നല്‍കാന്‍ തുടങ്ങുന്ന പീഡനം സ്വയം ഏറ്റുവാങ്ങിയുംകുറ്റം സ്വയം ഏറ്റെടുത്തും സലിം പ്രകടിപ്പിക്കുന്ന ആത്മധൈര്യംഅയാളുടെ വ്യക്തിത്വത്തിന്റെ ഭാഗം തന്നെയാണ്. അതാണ്ഇമുഹമ്മദിന്റെ കോപാവേശം അവഗണിച്ചും, ഭവിഷ്യത്ത് കൃത്യമായും അറിഞ്ഞുകൊണ്ടുതന്നെതവീദയെയും കുഞ്ഞിനേയും രക്ഷിക്കാനുള്ള പാഴ്ശ്രമം നടത്താന്‍ അയാളെ പ്രാപ്തനാക്കുന്നതും. ഉടമയെ സംബന്ധിച്ചു കേട്ടുകേള്‍വിയില്ലാത്ത വിധത്തില്‍ മുഹമ്മദ്‌താനും കുടുംബവും അയാളോടു ചെയ്തുപോയതിനെല്ലാം സലിമിനോടു മാപ്പു ചോദിക്കുകയും അയാളെ സ്വതന്ത്രനാക്കുകയും ചെയ്യുമ്പോഴും അയാള്‍ക്ക് എന്തുകൊണ്ട് ആവേശമില്ലെന്നു നോവലിസ്റ്റ് എഴുതുന്നു: “ചോരയുടെയും വേദനയുടെയും ഒരു ആണ്‍കുഞ്ഞിന്റെ മരണത്തിന്റെയും വിലയില്‍ കിട്ടിയ സ്വാതന്ത്ര്യത്തിന്റെ പേരില്‍ അയാള്‍ക്ക് തന്റെ യജമാനനു നന്ദി പറയാനാകില്ലായിരുന്നു.” രോഗബാധിതനായി മരണശയ്യയിലുള്ള ഹുസൈനെയും ചുമലിലേറ്റി കടലാഴങ്ങളിലേക്കു മറയുന്ന സലിംശരിക്കുമൊരു നോമ്പരക്കാഴ്ചയാണ്. ഹ്രസ്വവും ദീപ്തവുമായ വാക്യങ്ങളില്‍ അത്തരം അനുഭവകാണ്ഡങ്ങള്‍ ഒതുക്കുന്നതിനുള്ള നോവലിസ്റ്റിന്റെ കയ്യടക്കം എടുത്തു പറയേണ്ടതുണ്ട്. “കുനിഞ്ഞ് ഒരുവാക്കും പറയാതെസലിം, ഹുസയ്നെ തന്റെ പുറകിലേറ്റി കടലിനു നേരെ നടന്നു. ജലത്തിന്റെ വക്കിലെത്തിയപ്പോള്‍ആഴത്തിലേക്ക്, കൂടുതല്‍ ആഴത്തിലേക്ക് അയാള്‍ ആയാസത്തോടെ മുന്നോട്ടു നീങ്ങിജലം അവരെ മൂടിഅവര്‍ തിരകളിലേക്ക് മറഞ്ഞു.” മുഹമ്മദിന്റെ പ്രതികാരകഥകളോടൊപ്പം ഇതിവൃത്തത്തിലെ വിട്ടഭാഗങ്ങള്‍ പൂരിപ്പിക്കുകയും ഭാവിയിലേക്ക് ഉറ്റുനോക്കുകയും ചെയ്യുന്ന അവസാന അധ്യായങ്ങളുടെ ചടുലതയും ഇതോടു ചേര്‍ത്തു പറയാം.

നോവലിലെ ഒട്ടേറെ അപ്രധാന കഥാപാത്രങ്ങളുടെ സാന്നിധ്യവും ആചാരങ്ങള്‍ഭക്ഷണ രീതികള്‍, വസ്ത്ര ധാരണ രീതികള്‍ തുടങ്ങിയവയെ കുറിച്ചുള്ള സൂചനകളും കാലഘട്ടത്തിന്റെ സാമൂഹിക രാഷ്ട്രീയ അന്തരീക്ഷം വരച്ചുവെക്കാനും സ്ഥലരാശി പുനര്സൃഷ്ടിക്കാനുമാണ് നോവലിസ്റ്റ് ഉപയോഗിക്കുന്നത് (Ltifi, A.). കറുത്ത മനുഷ്യരുടെവിശേഷിച്ചും അവരിലെ സ്ത്രീകളുടെഉടലുകളെ കുറിച്ചുള്ള തെറിപ്രയോഗങ്ങള്‍നോവലില്‍ പലപ്പോഴും കാണാവുന്ന ശാരീരിരിക പീഡകളുടെ അനുപൂരകമാണ്. അറബ് സാഹിത്യത്തിലെ ഒട്ടേറെ മികച്ച കൃതികള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുള്ള നാന്‍സി റോബര്‍ട്ട്‌സിന്റെ വിവര്‍ത്തനം, മൂലകൃതിയുടെ സാമൂഹിക സാംസ്കാരിക ധ്വനികളോട് തികച്ചും നീതിപുലര്‍ത്തിയിട്ടുണ്ട് എന്നു നിരൂപകര്‍ കരുതുന്നു. ട്രാന്‍സ്-അറ്റ്ലാന്റിക് അടിമ വ്യാപാരത്തിന്റെ കഥകള്‍ ആവിഷ്കരിക്കപ്പെട്ടിട്ടുള്ള slave narrative പാരമ്പര്യം ട്രാന്‍സ്-സഹാറന്‍ അടിമത്ത വ്യവസ്ഥയെ സംബന്ധിച്ചു ലഭ്യമല്ല എന്നിരിക്കെമൌനത്തില്‍ മറവുചെയ്യപ്പെട്ട ആ ചരിത്ര സന്ദര്‍ഭത്തിനു ഒരു ആഖ്യാനം നല്‍കുക തുലോം പ്രയാസകരവും അതുകൊണ്ടുതന്നെ കൂടുതല്‍ പ്രസക്തവുമാണ് എന്ന അഫിഫ ലിത്ഫിയുടെ നിരീക്ഷണം കൂടി ഇതോടു ചേര്‍ത്തുവെക്കാം. ‘വടക്കന്‍ ആഫ്രിക്കന്‍ അടിമത്ത സമ്പ്രദായത്തിന്റെ ദുരന്ത നായിക’ എന്നു നോവലിലെ കറുത്ത വര്‍ഗ്ഗക്കാരിയായ അടിമസ്ത്രീ വിളിക്കപ്പെട്ട കാര്യവും അവര്‍ ഓര്‍മ്മിപ്പിക്കുന്നു. 

   

References:

1). Naima Morelli. ‘The writers retelling Libya’s history through a feminist lens, How Libya’s women novelists are reframing the country’s stories in a post-Gaddafi era’, 01.09.2021, https://www.aljazeera.com/features/2022/9/1/writers-retelling-libya-history-feminist-lens

2). Fadia Faqir. ‘INTRODUCING LIBYAN AUTHOR NAJWA BINSHATWAN’, ‘ALMEISAN’ Author Fadia Faqir’s Blog, https://almeisan.fadiafaqir.com/2018/02/24/introducing-libyan-author-najwa-binshatwan/

3). ‘Confronting a dark chapter’, ‘Libyan author Najwa Binshatwan on "The Slave Pens", https://en.qantara.de/content/libyan-author-najwa-binshatwan-on-the-slave-pens-confronting-a-dark-chapter

4). Khulud Khamis. Goodreads review, September 24, 2021, https://www.goodreads.com/en/book/show/49350265

5). Ltifi, A. (2020). Review of The Slave Pens by Najwa Bin Shatwan. Lamma: A Journal of Libyan Studies, 1. Retrieved from https://escholarship.org/uc/item/5nv1j9z0

Read more:


Friday, August 16, 2024

In the Country of Men by Hisham Matar

 ആണ്‍കോയ്മയുടെ ശൂന്യസ്ഥലികള്‍



1970-ല്‍ ന്യു യോര്‍ക്കില്‍ ജനിച്ച ഹിഷാം മതാര്‍ ലിബിയന്‍ മാതാപിതാക്കളോടൊപ്പം മൂന്നാം വയസ്സില്‍ ട്രിപ്പോളിയില്‍ എത്തിയതോടെ സൗഭാഗ്യകരമായ ബാല്യത്തിന്റെ ജീവിത പരിസരങ്ങളില്‍ നിന്ന് കലുഷമായ ഒരു നാടിന്റെ അന്തരീക്ഷത്തിലേക്കാണ് പറിച്ചു നടപ്പെട്ടത്ഒമ്പതാം വയസ്സില്‍ലിബിയന്‍ ഏകാധിപതി മുഅമ്മാര്‍ ഗദ്ദാഫിയുടെ അധികാരാവരോഹണത്തെ തുടര്‍ന്ന് കുടുംബ സമേതം ഇജിപ്തിലേക്ക് പലായനം ചെയ്യാന്‍ നിര്‍ബന്ധിതമായതോടെ ഹിഷാമിന്റെയും സഹോദരന്റെയും സ്കൂള്‍ വിദ്യാഭ്യാസം കൈറോയിലായിതുടര്‍ന്ന് 1986-ല്‍ ലണ്ടന്‍ യൂനിവേഴ്സിറ്റിയില്‍ എത്തിയ ഹിഷാം അവിടെ നിന്ന് ആര്‍ക്കിടെക്ച്ചര്‍ ബിരുദം നേടി. 1990-ല്‍ വിമതന്‍ എന്ന പേരില്‍ ഇജിപ്ത്യന്‍ രഹസ്യപ്പോലീസ് കൈറോയില്‍ നിന്ന് തട്ടിക്കൊണ്ടുപോയി ലിബിയന്‍ ഭരണകൂടത്തിനു കൈമാറിയ പിതാവ് ജബല്ല മതാറിനെ കുറിച്ച് പിന്നീട് ദുരൂഹതകള്‍ മാത്രമാണ് അവശേഷിച്ചത്അപ്രത്യക്ഷനായതിനു ശേഷം ആറു വര്‍ഷം കഴിഞ്ഞ് 1996-ല്‍ പിതാവിന്റെ സ്വന്തം കൈപ്പടയില്‍ വീട്ടിലെത്തിയ കത്തില്‍ നിന്നാണ് അദ്ദേഹത്തിനു എന്ത് സംഭവിച്ചു എന്നതിന്റെ ആദ്യ സൂചനകള്‍ കുടുംബത്തിനു ലഭിക്കുന്നത്. 2002-ല്‍ പിതാവ് ജീവിച്ചിരിപ്പുണ്ട് എന്ന സൂചനകള്‍ ലഭിച്ചതില്‍ നിന്ന് ട്രിപ്പോളിയിലെ കുപ്രസിദ്ധമായ അബുസലീം ജയിലിലാക്കപ്പെട്ടിരുന്നവരില്‍ 1996-ലെ കൂട്ടക്കൊലക്ക് വിധേയരായ 1200 പേരില്‍ അദ്ദേഹം ഉള്‍പ്പെട്ടിരുന്നില്ല എന്ന് അനുമാനിക്കാനായിഇന്നും ദുരൂഹത മാത്രം ശേഷിക്കുന്ന ആ കാണാതാവലിന്റെ പിന്നാമ്പുറമായും പിതാവിനെ തേടിയുള്ള അന്വേഷണങ്ങളായുമാണ് ഹിഷാമിന്റെ നോവലുകള്‍ In the Country of Men, Anatomy of a Disappearance എന്നിവയും The Return എന്ന നോണ്‍ ഫിക്ഷന്‍ കൃതിയും രചിക്കപ്പെട്ടത്ഒരു ഒമ്പതു വയസ്സുകാരന്റെ കണ്ണിലൂടെ ഗദ്ദാഫിയുടെ അധികാരാവരോഹണ ഘട്ടത്തിലെ ലിബിയന്‍ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ അപകടകരമായ സാഹചര്യങ്ങളിലെ അതിജീവത്തിന്റെയും ദുരന്തങ്ങളുടെയും കുടുംബ കഥ ആവിഷ്കരിക്കുന്ന In the Country of Men (2006) എന്ന പ്രഥമ നോവല്‍ ഗാര്‍ഡിയന്‍ ഫസ്റ്റ് ബുക്ക് അവാര്‍ഡ്മാന്‍ ബുക്കര്‍ പ്രൈസ് എന്നിവയ്ക്ക് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുകയും കോമണ്‍വെല്‍ത്ത് റൈറ്റെഴ്സ് പ്രൈസ്അറബ് അമേരിക്കന്‍ ബുക്ക് അവാര്‍ഡ് തുടങ്ങിയ പുരസ്കാരങ്ങള്‍ നേടുകയും ചെയ്തു.

 

1979-ലെ വേനല്‍ക്കാലംകേണല്‍ ഗദ്ദാഫി ദാക്ഷീണ്യമില്ലാത്ത രീതിയില്‍ വിമതരെയും എതിരാളികളെയും കൊന്നൊടുക്കിയും പീഡിപ്പിച്ചും തന്റെ ഭരണം അരക്കിട്ടുരപ്പിക്കുന്ന ഘട്ടംതന്റെനാട്ടിലും വീട്ടിലും സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളെ കുറിച്ച് തുടക്കം മുതലേ അങ്കലാപ്പിലാണ് ഒമ്പതുകാരന്‍ സുലൈമാന്‍ ദവാനിഗദ്ദാഫി ഭരണം നാടെങ്ങും അരങ്ങേറുന്ന കൊടിയ അടിച്ചമര്‍ത്തലിന്റെയും ഭീകരതയുടെയും അനുഭവങ്ങള്‍ അവനു കാണനാവും വിധം സംഭവിക്കുക അവന്റെ ഏറ്റവും നല്ല സുഹൃത്തിന്റെ പിതാവും കോളേജ് അധ്യാപകനുമായ ഉസ്താദ് റഷീദിന്റെ കാര്യത്തിലാണ് - ടെലിവിഷനില്‍ ആവര്‍ത്തിച്ചു കാണിക്കുന്ന 'കുറ്റസമ്മതം',   ബാസ്കറ്റ്ബാള്‍ സ്റ്റേഡിയത്തിലെ പരസ്യമായ തൂക്കിലേറ്റല്‍ എന്നിവസ്വന്തം കുടുംബത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന ശൈഥില്യത്തിനും അവന്‍ ദൃക്സാക്ഷിയാണ്ജനാധിപത്യവാദിയെന്ന നിലയില്‍ വേട്ടയാടപ്പെടുന്ന പിതാവും രോഷവും നൈരാശ്യവും ഉള്ളിലൊതുക്കി 'നിഗൂഡ'മായ അസുഖത്തിനു മരുന്നെന്ന വ്യാജേന രഹസ്യമായി വാങ്ങുന്ന മദ്യത്തില്‍ മുങ്ങിത്താഴുന്ന യുവ മാതാവുമാണ് അവനുള്ളത്. നാടിനെ മൂടുന്ന രഹസ്യാത്മകത കുടുംബത്തെയും ഗ്രസിച്ചിരിക്കുന്നു.   ബിസിനസ് ആവശ്യാര്‍ത്ഥം എന്ന് ഇടയ്ക്കിടെ 'നാടുവിടുന്നപിതാവ് ഫറാജിനെ അതെ സമയം പട്ടണത്തില്‍ കാണാനാവുന്നുണ്ട്രഹസ്യമായി ചെറുത്തുനില്‍പ്പു പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഫറാജ് ഒമ്പത് വയസ്സുകാരന് പിടികിട്ടാത്ത വസ്തുതയാണ്മാതാവ് നജ്വയോടൊപ്പം വീട്ടില്‍ തനിച്ചാവുന്ന സുലൈമാന് മദ്യാസക്തിയിലും വൈകാരിക സംഘര്‍ഷങ്ങളിലും പെട്ടുപോകുന്ന അവരോടു ഉത്തരവാദിത്തവും ഒപ്പം നിസ്സഹായതയും അനുഭവപ്പെടുന്നുണ്ട്.

 

"മമ്മയും ഞാനും മിക്ക സമയവും ഒരുമിച്ചായിരുന്നുഅവര്‍ തനിച്ച്എനിക്ക് അവരെ വിട്ടുപോകാനാവാതെഒരൊറ്റ നിമിഷത്തേക്കു പോലുംനോട്ടത്തിന്റെ കാഠിന്യം കുറയ്ക്കാനായിഞാന്‍ മറ്റെങ്ങോട്ടെങ്കിലും കണ്ണു പായിച്ചാല്‍ ലോകം എങ്ങനെ മാറിപ്പോകും എന്ന് ഞാന്‍ ഭയന്നുഎന്‍റെ ശ്രദ്ധ പൂര്‍ണ്ണമായും അര്‍പ്പിച്ചാല്‍ അപകടം അകറ്റി നിര്‍ത്താനാവും എന്നും അവര്‍ സുഖം പ്രാപിച്ചും ചീത്തയാവാതെയും ഇനിയും സ്വയം നഷ്ടപ്പെട്ട് മറുതീരത്ത് തനിയെ കാത്തു നില്‍ക്കേണ്ടി വരാതെയും തിരിച്ചെത്തുമെന്നും   എനിക്കുറപ്പായിരുന്നുഎന്നാല്‍അവരുടെ പ്രവചനാതീതതയും അടിയന്തിര സ്വഭാവമുള്ള കഥകളും എന്നെ പീഡിപ്പിച്ചെങ്കിലുംന്റെ ജാഗ്രതയും അന്ന് എനിക്ക് അവരുടെ രോഗം എന്ന് മാത്രം വിശദീകരിക്കാനാവുമായിരുന്ന കാര്യവും ഞങ്ങളെപില്‍ക്കാലം എന്‍റെ ഏറ്റവും ഉള്ളിലുള്ള സ്നേഹത്തിന്‍റെ ഓര്‍മ്മയായി ഞാന്‍ അറിഞ്ഞ ഒരു അടുപ്പത്തില്‍ ബന്ധിച്ചുസ്നേഹം എവിടെയെങ്കിലും തുടങ്ങുന്നുവെങ്കില്‍, അത് ഒരു കണ്ണാടി പോലെ ഒരു വ്യക്തി കാരണം പുറമേക്ക് വരുന്ന ഒരു ഗോപ്യ ശക്തിയാണെങ്കില്‍എന്നെ സംബന്ധിച്ച് അവരായിരുന്നു ആ വ്യക്തി. ചിലപ്പോള്‍ ദേഷ്യമുണ്ടായിരുന്നുസഹതാപമുണ്ടായിരുന്നുവെറുപ്പിന്റെ കറുത്ത ഇളംചൂടുള്ള ആലിംഗനം പോലുമുണ്ടായിരുന്നുപക്ഷെ എപ്പോഴും സ്നേഹംസ്നേഹത്തിന്റെ പ്രാരംഭം കുറിക്കുന്ന സന്തോഷം."

 

ഭര്‍ത്താവിന്റെ പുസ്തകങ്ങള്‍ കത്തിച്ചു കളയാനും ചുവരില്‍ ഗദ്ദാഫിയുടെ പടം തൂക്കാനും നിര്‍ബന്ധിതയാവുന്നുണ്ട് നജ്വരഹസ്യപ്പോലീസിന്റെ ടാപ്പിംഗ് കാരണം ഇങ്ങോട്ട് വരുന്ന ഭീഷണികള്‍ എന്നല്ലാതെ സ്വതന്ത്രമായി ഫോണ്‍ ഉപയോഗിക്കാന്‍ പോലുമാവില്ലഈ ശ്വാസം മുട്ടിക്കുന്ന അന്തരീക്ഷത്തില്‍ മമ്മയോടുള്ള തന്റെ ഉത്തരവാദിത്തം കൂടുന്നതായി സുലൈമാന് അനുഭവപ്പെടുന്നു,

"ബാബ അകലെയായിരുന്ന ആ ശൂന്യ ദിനങ്ങളില്‍ പലപ്പോഴും അവര്‍ അലക്ഷ്യമായി വീട്ടില്‍ ചുറ്റിനടന്നുകുളിക്കുമ്പോഴോ കണ്ണാടിക്കു മുന്നില്‍ നിന്ന് കണ്ണെഴുതുമ്പോഴോ അല്ലെങ്കില്‍ തോട്ടത്തിലിരുന്നു വരക്കുമ്പോഴോ പതിവുണ്ടായിരുന്ന മട്ടില്‍ ആ പതിഞ്ഞ അലസമായ ഈണത്തില്‍ ഇപ്പോള്‍ അവര്‍ പാടുന്നേയില്ലായിരുന്നു. സ്കൂളില്‍ നിന്ന് വീട്ടിലേക്കു മടങ്ങുകയും വിരലുകള്‍ ചുവരില്‍ ഉരസുകയും ചെയ്യുമായിരുന്ന ഒരു പെണ്‍കുട്ടിയെ താനറിയാതെ തന്നില്‍ നിന്ന് ആവാഹിക്കുമായിരുന്ന ആ പാട്ട്ഇറ്റാലിയന്‍ കോഫി ഹൗസിന് മുമ്പില്‍ ഒരു നിമിഷംനിഷ്കളങ്കതയുടെ തെളിമയില്‍ സുരക്ഷിതമായിരുന്ന ഒരു നിമിഷം, "വേണ്ട," എന്നൊന്ന് പറയാന്‍ പോലുമുള്ള അവസരം നല്‍കും മുമ്പ്തര്‍ക്കിക്കുന്നതിനു മുമ്പ്അവളെ സ്ത്രീത്വത്തിലേക്കും പിന്നീട് തിരിച്ചൊരു വഴിയില്ലാത്ത വിധം മാതൃത്വത്തിലേക്കും അതിരു കടത്തുകയും ചെയ്ത ആ ശീഘ്ര ശക്തിക്ക് മുമ്പ്."

 

മമ്മ പറയുന്ന കഥകളില്‍ഒരു ഇറ്റാലിയന്‍ റസ്റ്ററെന്‍റില്‍ ആണ്‍കുട്ടികള്‍ കൂടിയുള്ള കൂട്ടുകാരോടൊപ്പം കാപ്പി കഴിച്ചതിന്റെ പേരില്‍ അഭിമാന സംരക്ഷണാര്‍ത്ഥം എത്രയും വേഗം നടത്തേണ്ടതെന്ന കുടുംബത്തിലെ പുരുഷന്മാരുടെ തീരുമാനത്തിന് വിധേയമായി പതിനാലാം വയസ്സില്‍ വിവാഹിതയാവാനും പതിനഞ്ചാം വയസ്സില്‍ അവന്റെ മാതാവാകാനും നിര്‍ബന്ധിതയായ ഒരു പെണ്‍കുട്ടിയുടെ നിസ്സഹായതയായാണ് നോവലിന്റെ തലക്കെട്ടില്‍ സൂചിതമാകുന്ന പുരുഷ മേധാവിത്ത സമൂഹത്തിലെ പെണ്ണനുഭവം എന്ന പ്രമേയം കടന്നു വരുന്നത്അന്ന് തനിക്കു വേണ്ടാതെ ഉരുവായത് മൂലം നശിപ്പിച്ചുകളയാന്‍ അവള്‍ ആഗ്രഹിച്ച കുഞ്ഞായിരുന്നു സുലൈമാന്‍ എന്ന് വേദനയോടെ അവള്‍ ഓര്‍ക്കുന്നുണ്ട്കുടുംബത്തിലെ പുരുഷന്മാരുടെ സംഘം എന്നത് നോവലിലെ ദേശാനുഭവത്തില്‍ ഗദ്ദാഫിയുടെ 'ഹൈ കൗണ്‍സി'ലിന്റെ ഒരു ചെറുപതിപ്പ് തന്നെയാണ്പുരുഷ ലോകവുമായുള്ള തന്റെ അനുഭവം വെച്ച് അവരെയെല്ലാം അപകടകാരികളായ വിഡ്ഢികളായി തന്നെയാണ് നജ്വ മനസ്സിലാക്കുകസ്വയം ഒരമേരിക്കന്‍ യുവതിയെ വിവാഹം ചെയ്തവനായിരുന്നു എന്നതൊന്നും സഹോദരിയുടെ കാര്യത്തില്‍ പരമ്പരാഗത കടും പിടുത്തം അടിച്ചേല്‍പ്പിക്കുന്നതില്‍ നിന്ന് നജ്വയുടെ സഹോദരനെ പിന്തിരിപ്പിക്കുന്നില്ലസമൂഹം ആവശ്യപ്പെടുന്ന വിധേയത്വത്തിലേക്ക് കീഴ്പ്പെട്ട് ഭര്‍ത്താവും കുഞ്ഞും എന്ന 'ലോകംഅംഗീകരിച്ചു കഴിഞ്ഞു നജ്വനോവലിന്റെ ഹൃദയത്തില്‍ സുലൈമാന് ഉമ്മയോടുള്ള സ്നേഹം തന്നെയാണെങ്കിലും ഫറാജ് വീട്ടിലില്ലാത്ത സന്ദര്‍ഭത്തിലെല്ലാം മദ്യത്തില്‍ മുങ്ങിത്താഴുന്ന ഉമ്മയുടെ കണ്ണുവെട്ടിച്ച് ഇടക്കൊക്കെ അവന്‍ തന്റെ പ്രിയ സുഹൃത്ത് കരീം റഷീദിനെയും അവന്റെ പിതാവിന്റെ സുഹൃത്ത് മൂസയേയും അഭയം പ്രാപിക്കുന്നു.

 

സുലൈമാന്റെ ആഖ്യാനത്തിലൂടെ ട്രിപ്പോളിയുടെ ചരിത്ര ഘട്ടത്തെയും സാധാരണ മനുഷ്യര്‍ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കുന്ന രീതിയും അവതരിപ്പിക്കുക എന്നത് നോവലിസ്റ്റിനെ സംബന്ധിച്ചേടത്തോളം വലിയൊരു സര്‍ഗ്ഗാത്മക വെല്ലുവിളിയാണ്ദേശം നേരിടുന്ന രാഷ്ട്രീയബൗദ്ധിക ശൂന്യത വ്യക്തമാകുന്ന രംഗങ്ങള്‍ നോവലിലുണ്ട്ഗദ്ദാഫിയുടെ റവലൂഷനറി ഗാര്‍ഡിലെ അംഗങ്ങള്‍ ടൈപ്റൈറ്റര്‍ കയ്യിലുള്ള ഒരാളെ വേട്ടയാടുന്ന ഒരു രംഗം ഉദാഹരണംന്റെ അപക്വമായ ദര്‍ശനങ്ങള്‍ പാഠപുസ്തകങ്ങളിലൂടെ പോലും പ്രചരിപ്പിക്കുമായിരുന്ന ഏകാധിപതി ബുദ്ധിജീവികളെ ഭയപ്പെട്ടിരുന്നതിന്റെ ചിത്രമാണത്ഇവിടെയൊക്കെ ആഖ്യാതാവിനു പൂര്‍ണ്ണമായും മനസ്സിലാകാത്ത കാര്യങ്ങളാണ് ആവിഷ്കരിക്കപ്പെടുന്നത്ഉസ്താദ് റഷീദിന്റെ അറസ്റ്റും തൂക്കിലേറ്റപ്പെടലും പോലെ പിതാവിന്റെ പ്രവര്‍ത്തനങ്ങള്‍ രഹസ്യ പോലീസിന്റെ ശ്രദ്ധ ക്ഷണിച്ചു വരുത്തുന്നതും ഫോണ്‍ ടാപ്പ് ചെയ്യപ്പെടുന്നതും റവലൂഷനറി കമ്മിറ്റി ഒടുവില്‍ പിതാവിനെ അറസ്റ്റ് ചെയ്യുന്നതും എന്തിനെന്നു സുലൈമാന് പൂര്‍ണ്ണമായും അറിയില്ല. കൊടിയ ജയില്‍ പീഡനങ്ങള്‍ക്കൊടുവില്‍ ശാരീരികവും മാനസികവുമായി തകര്‍ന്ന മനുഷ്യനായാണ് ഫറാജ് ഏറെ നാളുകള്‍ക്ക് ശേഷം തിരിച്ചെത്തുകഏകാധിപത്യം തന്നെപോലുള്ള കുട്ടികളുടെയും ഉമ്മയെ പോലുള്ള സ്ത്രീകളുടെയും മാത്രമല്ല മുതിര്‍ന്ന മനുഷ്യരുടെയും ജീവിതങ്ങള്‍ ഉഴുതുമറിക്കുന്നതെങ്ങനെ എന്ന് ഇളംപ്രായത്തില്‍ തന്നെ സുലൈമാന്‍ മുഖാമുഖം കാണുകയാണ്തകര്‍ന്നു പോയ ഫറാജിനെ ശുശ്രൂഷിക്കാന്‍ ആവതു ശ്രമിക്കുമ്പോഴും അയാളുടെ ജീവിതത്തില്‍ ഒരു സ്വാധീനവും ചെലുത്താന്‍ നജ്വക്ക് കഴിയുന്നില്ലവീട്ടിനു പുറത്തു അവര്‍ക്കൊരു ജീവിതവുമില്ലപുരുഷന്മാരാണ് വീട് ഭരിക്കുന്നത്പക്ഷെ അതും വലിയ ശക്തികള്‍ പിടിമുറുക്കും വരെ മാത്രം. ഇതിനനുസൃതമായി ചിട്ടപ്പെടുത്തപ്പെട്ട ശ്വാസം മുട്ടിക്കുന്ന ഒതുങ്ങിയ ജീവിത രീതിയാണ് സുലൈമാനും ഉള്ളത്വീടിനും തോട്ടത്തിനും അപ്പുറം കാര്യമായൊന്നും പുറത്തു പോകാത്ത സുലൈമാന്‍ വല്ലപ്പോഴും തെരുവില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കാനിറങ്ങുമെങ്കിലും അപ്പോഴും സമ്മര്‍ദ്ദങ്ങള്‍ക്ക് നടുവിലാണ്കാരണം ആ കുട്ടികള്‍ ഒന്നുകില്‍ പുതുതായി ഉദയം കൊണ്ട സര്‍ക്കാര്‍ ജീവനക്കാരുടെ സമൂഹത്തില്‍ നിന്നോ അല്ലെങ്കില്‍ ജനാധിപത്യ വാദികളായ ആക്റ്റിവിസ്റ്റുകളുടെ മക്കളോ ആണ്പുറം ലോകം വല്ലപ്പോഴും വീടുമായി ബന്ധപ്പെടുമ്പോള്‍ അത് ഭീഷണികളോ റവലൂഷനറി കമ്മിറ്റിയുടെ ഭീകരതകള്‍ ഒളിപ്പിച്ചു വെച്ച ടെലിവിഷന്‍ വിചാരണകളോ അറിയിപ്പുകളോ ആണ്ന്റെ അങ്കലാപ്പും അജ്ഞതയും കാരണം സുലൈമാന്‍ തന്നെ കരീമിനെയും സ്വന്തം പിതാവിനെ തന്നെയും ഒറ്റിക്കൊടുക്കുന്നതില്‍ പങ്കാളിയാവുന്നുണ്ട്കരീമിന്റെ രഹസ്യങ്ങള്‍ മറ്റു കുട്ടികള്‍ക്ക് അവന്‍ പറഞ്ഞുകൊടുക്കാന്‍ ഇടയാവുമ്പോള്‍സുരക്ഷാ വകുപ്പിനോട് സഹകരിക്കുന്നത് ഒടുവില്‍ പിതാവിനെ രക്ഷിക്കും എന്ന മിഥ്യാ ധാരണയാണ് അവനെ വഴിതെറ്റിക്കുകസര്‍വ്വാധിപത്യം വിഷയമായി വരുന്ന കൃതികളില്‍ പലപ്പോഴും കാണാവുന്ന ഒന്നാണ് ഇരകള്‍ തന്നെ പരസ്പരം നടത്തുന്ന ഇത്തരം ഒറ്റിക്കൊടുക്കല്‍അതിന്റെ ദൂഷിത വലയത്തില്‍ നിന്ന് ആരും മുക്തരല്ലതന്നെ. വാസ്തവത്തില്‍ഗദ്ദാഫി വിരുദ്ധരായിരുന്ന ചെറുത്തുനില്‍പ്പുകാരും നൈതികമായോ ധൈഷണികമായോ കുറ്റമറ്റവരോ ഉന്നതരോ അല്ല എന്ന സൂചനകള്‍ നോവലില്‍ എങ്ങുമുണ്ട്സുലൈമാന്‍ തന്റെ പക്വതയില്ലായ്മയിലാണ് ഫലത്തില്‍ ഒരു ഒറ്റുകാരന്‍ ആവുന്നതെങ്കില്‍പീഠനം ദുസ്സഹമാവുന്ന ഘട്ടത്തില്‍ ഫറാജ് തന്നെയും തന്റെ കൂട്ടാളികളെ ഒറ്റിക്കൊടുക്കുന്നുണ്ട്ഒരു പക്ഷെ അത് കുടുംബത്തിന്റെ രക്തത്തില്‍ തന്നെയുള്ള ദൗര്‍ബല്യമാവാം.   എന്നാല്‍ പിടിക്കപ്പെടുന്ന മറ്റു വിപ്ലവകാരികളിലും ഈ ദൗര്‍ബല്യങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 'രക്തസാക്ഷികളുടെ ചത്വര'ത്തിലെ രഹസ്യ ഫ്ലാറ്റില്‍ ഒരുമിച്ചു കൂടി വിദ്യാര്‍ഥികളെയും മറ്റു യുവ ജനതയെയും കലാപത്തിനു പ്രേരിപ്പിക്കുന്ന ലഘു ലേഖകള്‍ തയ്യാറാക്കി വിതരണം ചെയ്യുന്നവര്‍ ആത്മരക്ഷയുടെ പ്രലോഭനങ്ങള്‍ മറികടക്കുന്നതില്‍ എപ്പോഴും വിജയിക്കുന്നവര്‍ ഒന്നുമല്ലഅത്തരം ഒറ്റിനു വിസമ്മതിക്കുന്ന ഉസ്താദ് റഷീദിനെ പോലുള്ള ധീരരായ പോരാളികളാവട്ടെ തൂക്കുകയര്‍ അതിജീവിക്കുന്നുമില്ല.

 

കൗമാരക്കാരന്റെ അനുഭവത്തിന്റെ കണ്ണാടിയിലൂടെ അവതരിപ്പിക്കപ്പെടുന്നു എന്നത് കൊണ്ടാവാംനോവല്‍ പ്രകടമായ രാഷ്ട്രീയ സംവാദഭാവം കൈക്കൊള്ളുന്നില്ലഗദ്ദാഫി വിരുദ്ധ മുന്നേറ്റങ്ങളുടെ വ്യാപ്തിയും വിശദാംശങ്ങളും നേരിട്ട് നോവലിന്റെ വിഷയവുമല്ല. ഹാഷിം മതാറിന്റെ പ്രഥമ പരിഗണന സുലൈമാന്റെ അനുഭാവാവിഷ്കാരത്തോടുള്ള സത്യസന്ധതയിലാണ്.   കുടുംബാന്തരീക്ഷത്തിന്റെ പരിമിതികളില്‍ കഴിയുന്ന കൗമാരക്കാരന് പുറം ലോകത്തെ കുറിച്ച് പരിമിതമായേ കാഴ്ചകളും സ്വരങ്ങളും അനുഭവവേദ്യമാകുന്നുള്ളൂഎന്നാല്‍ഇരുപത്തിനാലു വയസ്സിലെത്തിയ സുലൈമാന്‍ തന്റെ പിന്നിട്ട കാലം ഓര്‍ത്തെടുക്കുന്ന രീതിയിലാണ് ആഖ്യാനം നടത്തുന്നത് എന്നത് അന്ന് ചേരാതെ പോയ കണ്ണികളെ മനസ്സിലാക്കാന്‍ അവനെ സഹായിച്ചിരിക്കാം. ട്രിപ്പോളിയില്‍ അവന്റെ സുരക്ഷിതത്വത്തെ കുറിച്ച് ഭയപ്പാടുണ്ടായിരുന്ന മാതാപിതാക്കള്‍ അവനെ കൈറോയിലേക്ക് അയക്കുകയായിരുന്നുഅത് പക്ഷെ അവന്‍ കരുതിയതിലും നീണ്ട പ്രവാസമായിത്തീര്‍ന്നുപിതാവിന്റെ മരണ സമയത്ത് ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോലും അവനു ലിബിയയിലേക്ക് തിരികെ പോകാനാവുന്നില്ലആ അര്‍ഥത്തില്‍ അവന്റെ മാതാപിതാക്കളും അവനോട് ഒരു ചതി പ്രയോഗിക്കുകയായിരുന്നു എന്ന് പറയാം. കുട്ടിക്കാലത്തിന്റെ ചിതറിയ ശേഷിപ്പുകളില്‍ നിന്ന് അവനു തന്റെ ജീവിതം സ്വയം കൂട്ടിത്തുന്നിയെടുക്കണം.

References:

1. Hawley, J. C. (2017). Mourning and Melancholy in Hisham Matar’s In the Country of Men and Anatomy of a Disappearance. In R.Erguig, A. Boudlal, A. Sabil, & M. Yeou (Eds.), Cultures and Languages in Contact IV (pp. 203–218). Reserves a la Faculte des Lettres et des Sciences Humaines - El Jadida.


(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 222-228)

To purchase, contact ph.no:  8086126024

Also read:

The Dictator's Last Night by Yasmina Khadra

https://alittlesomethings.blogspot.com/2017/12/04.html

Sunday, January 7, 2018

In the Country of Men by Hisham Matar

ആണ്‍കോയ്മയുടെ ശൂന്യസ്ഥലികള്‍


1970-ല്‍ ന്യു യോര്‍ക്കില്‍ ജനിച്ച ഹിഷാം മതാര്‍ ലിബിയന്‍ മാതാപിതാക്കളോടൊപ്പം മൂന്നാം വയസ്സില്‍ ട്രിപ്പോളിയില്‍ എത്തിയതോടെ സൌഭാഗ്യകരമായ ബാല്യത്തിന്റെ ജീവിത പരിസരങ്ങളില്‍ നിന്ന് കലുഷമായ ഒരു നാടിന്റെ അന്തരീക്ഷത്തിലേക്കാണ് പറിച്ചു നടപ്പെട്ടത്. ഒമ്പതാം വയസ്സില്‍, ലിബിയന്‍ ഏകാധിപതി മുഅമ്മാര്‍ ഗദ്ദാഫിയുടെ അധികാരാവരോഹണത്തെ തുടര്‍ന്ന് കുടുംബ സമേതം ഇജിപ്തിലേക്ക് പലായനം ചെയ്യാന്‍ നിര്‍ബന്ധിതമായത്തോടെ ഹിഷാമിന്റെയും സഹോദരന്റെയും സ്കൂള്‍ വിദ്യാഭ്യാസം കൈറോയിലായി. തുടര്‍ന്ന് 1986-ല്‍ ലണ്ടന്‍ യൂനിവേഴ്സിറ്റിയില്‍ എത്തിയ ഹിഷാം അവിടെ നിന്ന് ആര്‍ക്കിടെക്ച്ചര്‍ ബിരുദം നേടി. 1990-ല്‍ വിമതന്‍ എന്ന പേരില്‍ ഇജിപ്ത്യന്‍ രഹസ്യപ്പോലീസ് കൈറോയില്‍ നിന്ന് തട്ടിക്കൊണ്ടുപോയി ലിബിയന്‍ ഭരണകൂടത്തിനു കൈമാറിയ പിതാവ് ജബല്ല മതാറിനെ കുറിച്ച് പിന്നീട് ദുരൂഹതകള്‍ മാത്രമാണ് അവശേഷിച്ചത്. അപ്രത്യക്ഷനായതിനു ശേഷം ആറു വര്‍ഷം കഴിഞ്ഞ് 1996-ല്‍ പിതാവിന്റെ സ്വന്തം കൈപ്പടയില്‍ വീട്ടിലെത്തിയ കത്തില്‍ നിന്നാണ് അദ്ദേഹത്തിനു എന്ത് സംഭവിച്ചു എന്നതിന്റെ ആദ്യ സൂചനകള്‍ കുടുംബത്തിനു ലഭിക്കുന്നത്. 2002-ല്‍ പിതാവ് ജീവിച്ചിരിപ്പുണ്ട് എന്ന സൂചനകള്‍ ലഭിച്ചതില്‍ നിന്ന് ട്രിപ്പോളിയിലെ കുപ്രസിദ്ധമായ അബുസലീം ജയിലിലാക്കപ്പെട്ടിരുന്നവരില്‍ 1996-ലെ കൂട്ടക്കൊലക്ക് വിധേയരായ 1200 പേരില്‍ അദ്ദേഹം ഉള്‍പ്പെട്ടിരുന്നില്ല എന്ന് അനുമാനിക്കാനായി. ഇന്നും ദുരൂഹത മാത്രം ശേഷിക്കുന്ന ആ കാണാതാവലിന്റെ പിന്നാമ്പുറമായും പിതാവിനെ തേടിയുള്ള അന്വേഷണങ്ങളായുമാണ് ഹിഷാമിന്റെ നോവലുകള്‍ In the Country of Men, Anatomy of a Disappearance എന്നിവയും The Return എന്ന നോണ്‍ ഫിക് ഷന്‍ കൃതിയും രചിക്കപ്പെട്ടത്‌. ഒരു ഒമ്പതു വയസ്സുകാരന്റെ കണ്ണിലൂടെ ഗദ്ദാഫിയുടെ അധികാരാവരോഹണ ഘട്ടത്തിലെ ലിബിയന്‍ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ അപകടകരമായ സാഹചര്യങ്ങളിലെ അതിജീവത്തിന്റെയും ദുരന്തങ്ങളുടെയും കുടുംബ കഥ ആവിഷ്കരിക്കുന്ന ‘പുരുഷന്മാരുടെ നാട്ടില്‍’ (2006) എന്ന പ്രഥമ നോവല്‍ ഗാര്‍ഡിയന്‍ ഫസ്റ്റ് ബുക്ക് അവാര്‍ഡ്, മാന്‍ ബുക്കര്‍ പ്രൈസ് എന്നിവയ്ക്ക് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുകയും കോമണ്‍വെല്‍ത്ത് റൈറ്റെഴ്സ് പ്രൈസ്, അറബ് അമേരിക്കന്‍ ബുക്ക് അവാര്‍ഡ് തുടങ്ങിയ പുരസ്കാരങ്ങള്‍ നേടുകയും ചെയ്തു.

1979-ലെ വേനല്‍ക്കാലം. കേണല്‍ ഗദ്ദാഫി ദാക്ഷീണ്യമില്ലാത്ത രീതിയില്‍ വിമതരെയും എതിരാളികളെയും കൊന്നൊടുക്കിയും പീഡിപ്പിച്ചും തന്റെ ഭരണം അരക്കിട്ടുരപ്പിക്കുന്ന ഘട്ടം. തന്റെ നാട്ടിലും വീട്ടിലും സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളെ കുറിച്ച് തുടക്കം മുതലേ അങ്കലാപ്പിലാണ് ഒമ്പതുകാരന്‍ സുലൈമാന്‍ ദവാനി. ഗദ്ദാഫി ഭരണം നാടെങ്ങും അരങ്ങേറുന്ന കൊടിയ അടിച്ചമര്‍ത്തലിന്റെയും ഭീകരതയുടെയും അനുഭവങ്ങള്‍ അവനു കാണനാവും വിധം സംഭവിക്കുക അവന്റെ ഏറ്റവും നല്ല സുഹൃത്തിന്റെ പിതാവും കോളേജ് അധ്യാപകനുമായ ഉസ്താദ് റഷീദിന്റെ കാര്യത്തിലാണ് – ടെലിവിഷനില്‍ ആവര്‍ത്തിച്ചു കാണിക്കുന്ന ‘കുറ്റസമ്മതം’, ബാസ്കറ്റ്ബാള്‍ സ്റ്റേഡിയത്തിലെ പരസ്യമായ തൂക്കിലേറ്റല്‍ എന്നിവ. സ്വന്തം കുടുംബത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന ശൈഥില്യത്തിനും അവന്‍ ദൃക്സാക്ഷിയാണ്. ജനാധിപത്യവാദിയെന്ന നിലയില്‍ വേട്ടയാടപ്പെടുന്ന പിതാവും രോഷവും നൈരാശ്യവും ഉള്ളിലൊതുക്കി ‘നിഗൂഡ’മായ അസുഖത്തിനു മരുന്നെന്ന വ്യാജേന രഹസ്യമായി വാങ്ങുന്ന മദ്യത്തില്‍ മുങ്ങിത്താഴുന്ന യുവ മാതാവുമാണ് അവനുള്ളത്. നാടിനെ മൂടുന്ന രഹസ്യാത്മകത കുടുംബത്തെയും ഗ്രസിച്ചിരിക്കുന്നു. ബിസിനസ് ആവശ്യാര്‍ത്ഥം എന്ന് ഇടയ്ക്കിടെ ‘നാടുവിടുന്ന’ പിതാവ് ഫറാജിനെ അതെ സമയം പട്ടണത്തില്‍ കാണാനാവുന്നുണ്ട്. രഹസ്യമായി ചെറുത്തുനില്‍പ്പു പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഫറാജ് ഒമ്പത് വയസ്സുകാരന് പിടികിട്ടാത്ത വസ്തുതയാണ്. മാതാവ് നജ് വയോടൊപ്പം വീട്ടില്‍ തനിച്ചാവുന്ന സുലൈമാന് മദ്യാസക്തിയിലും വൈകാരിക സംഘര്‍ഷങ്ങളിലും പെട്ടുപോകുന്ന അവരോടു ഉത്തരവാദിത്തവും ഒപ്പം നിസ്സഹായതയും അനുഭവപ്പെടുന്നുണ്ട്. “മമ്മയും ഞാനും മിക്ക സമയവും ഒരുമിച്ചായിരുന്നു- അവര്‍ തനിച്ച്, എനിക്ക് അവരെ വിട്ടുപോകാനാവാതെ. ഒരൊറ്റ നിമിഷത്തേക്കു പോലും, നോട്ടത്തിന്റെ കാഠിന്യം കുറയ്ക്കാനായി, ഞാന്‍ മറ്റെങ്ങോട്ടെങ്കിലും കണ്ണു പായിച്ചാല്‍ ലോകം എങ്ങനെ മാറിപ്പോകും എന്ന് ഞാന്‍ ഭയന്നു. എന്റെ ശ്രദ്ധ പൂര്‍ണ്ണമായും അര്‍പ്പിച്ചാല്‍ അപകടം അകറ്റി നിര്‍ത്താനാവും എന്നും അവര്‍ സുഖം പ്രാപിച്ചും ചീത്തയാവാതെയും ഇനിയും സ്വയം നഷ്ടപ്പെട്ട്  മറുതീരത്ത് തനിയെ കാത്തു നില്‍ക്കേണ്ടി വരാതെയും തിരിച്ചെത്തുമെന്നും എനിക്കുറപ്പായിരുന്നു. എന്നാല്‍, അവരുടെ പ്രവചനാതീതതയും അടിയന്തിര സ്വഭാവമുള്ള കഥകളും എന്ന്റെ പീഡിപ്പിച്ചെങ്കിലും, എന്റെ ജാഗ്രതയും അന്ന് എനിക്ക് അവരുടെ രോഗം എന്ന് മാത്രം വിശദീകരിക്കാനാവുമായിരുന്ന കാര്യവും ഞങ്ങളെ, പില്‍ക്കാലം എന്‍റെ ഏറ്റവും ഉള്ളിലുള്ള സ്നേഹത്തിന്റെ ഓര്‍മ്മയായി ഞാന്‍ അറിഞ്ഞ ഒരു അടുപ്പത്തില്‍ ബന്ധിച്ചു. സ്നേഹം എവിടെയെങ്കിലും തുടങ്ങുന്നുവെങ്കില്‍, അത് ഒരു കണ്ണാടി പോലെ വ്യക്തി കാരണം പുറമേക്ക് വരുന്ന ഒരു ഗോപ്യ ശക്തിയാണെങ്കില്‍, എന്നെ സംബന്ധിച്ച് അവരായിരുന്നു ആ വ്യക്തി. ചിലപ്പോള്‍ ദേഷ്യമുണ്ടായിരുന്നു; സഹതാപമുണ്ടായിരുന്നു, വെറുപ്പിന്റെ കറുത്ത ഇളം ചൂടുള്ള ആലിംഗനം പോലുമുണ്ടായിരുന്നു, പക്ഷെ എപ്പോഴും സ്നേഹം, സ്നേഹത്തിന്റെ പ്രാരംഭം കുറിക്കുന്ന സന്തോഷം.” ഭര്‍ത്താവിന്റെ പുസ്തകങ്ങള്‍ കത്തിച്ചു കളയാനും ചുവരില്‍ ഗദ്ദാഫിയുടെ പദം തൂക്കാനും നിര്‍ബന്ധിതയാവുന്നുണ്ട്. രഹസ്യപ്പോലീസിന്റെ ടാപ്പിംഗ് കാരണം ഇങ്ങോട്ട് വരുന്ന ഭീഷണികള്‍ എന്നല്ലാതെ സ്വതന്ത്രമായി ഫോണ്‍ ഉപയോഗിക്കാന്‍ പോലുമാവില്ല. ഈ ശ്വാസം മുട്ടിക്കുന്ന അന്തരീക്ഷത്തില്‍ മമ്മയോടുള്ള തന്റെ ഉത്തരവാദിത്തം കൂടുന്നതായി സുലൈമാന് അനുഭവപ്പെടുന്നു, “ബാബ അകലെയായിരുന്ന ആ ശൂന്യ ദിനങ്ങളില്‍ പലപ്പോഴും അവര്‍ അലക്ഷ്യമായി വീട്ടില്‍ ചുറ്റിനടന്നു. കുളിക്കുമ്പോഴോ കണ്ണാടിക്കു മുന്നില്‍ നിന്ന് കണ്ണെഴുതുമ്പോഴോ അല്ലെങ്കില്‍ തോട്ടത്തിലിരുന്നു വരക്കുംപോഴോ പതിവുണ്ടായിരുന്ന മട്ടില്‍ ആ പതിഞ്ഞ അലസമായ ഈണത്തില്‍ ഇപ്പോള്‍ അവര്‍ പാടുന്നേയില്ലായിരുന്നു. സ്കൂളില്‍ നിന്ന് വീട്ടിലേക്കു മടങ്ങുകയും വിരലുകള്‍ ചുവരില്‍ ഉരസുകയും ചെയ്യുമായിരുന്ന ഒരു പെണ്‍കുട്ടിയെ താനറിയാതെ തന്നില്‍ നിന്ന് ആവാഹിക്കുമായിരുന്ന ആ പാട്ട്: ഇറ്റാലിയന്‍ കോഫി ഹൗസിന് മുമ്പില്‍ ഒരു നിമിഷം, നിഷ്കളങ്കതയുടെ തെളിമയില്‍ സുരക്ഷിതമായിരുന്ന ഒരു നിമിഷം, “വേണ്ട,” എന്നൊന്ന് പറയാന്‍ പോലുമുള്ള അവസരം നല്‍കും മുമ്പ്, തര്‍ക്കിക്കുന്നതിനു മുമ്പ്, അവളെ സ്ത്രീത്വത്തിലേക്കും പിന്നീട് തിരിച്ചൊരു വഴിയില്ലാത്ത വിധം മാതൃത്വത്തിലേക്കും അതിരു കടത്തുകയും ചെയ്ത ആ ശീഘ്ര ശക്തിക്ക് മുമ്പ്.”

മമ്മ പറയുന്ന കഥകളില്‍, ഒരു ഇറ്റാലിയന്‍ റസ്റ്ററെന്റില്‍ ആണ്‍കുട്ടികള്‍ കൂടിയുള്ള കൂട്ടുകാരോടൊപ്പം കാപ്പി കഴിച്ചതിന്റെ പേരില്‍ അഭിമാന സംരക്ഷണാര്‍ത്ഥം എത്രയും വേഗം നടത്തേണ്ടതെന്ന കുടുംബത്തിലെ പുരുഷന്മാരുടെ തീരുമാനത്തിന് വിധേയമായി പതിനാലാം വയസ്സില്‍ വിവാഹിതയാവാനും പതിനഞ്ചാം വയസ്സില്‍ അവന്റെ മാതാവാകാനും നിര്‍ബന്ധിതയായ ഒരു പെണ്‍കുട്ടിയുടെ നിസ്സഹായതയായാണ് നോവലിന്റെ തലക്കെട്ടില്‍ സൂചിതമാകുന്ന പുരുഷ മേധാവിത്ത സമൂഹത്തിലെ പെണ്ണനുഭവം എന്ന പ്രമേയം കടന്നു വരുന്നത്. അന്ന് തനിക്കു വേണ്ടാതെ ഉരുവായത് മൂലം നശിപ്പിച്ചുകളയാന്‍ അവള്‍ ആഗ്രഹിച്ച കുഞ്ഞായിരുന്നു സുലൈമാന്‍ എന്ന് അവള്‍ ഓര്‍ക്കുന്നുണ്ട്. കുടുംബത്തിലെ പുരുഷന്മാരുടെ സംഘം എന്നത് നോവലിലെ ദേശാനുഭാവത്തില്‍ ഗദ്ദാഫിയുടെ ‘ഹൈ കൌണ്‍സി’ലിന്റെ ഒരു ചെറുപതിപ്പ് തന്നെയാണ്. പുരുഷ ലോകവുമായുള്ള തന്റെ അനുഭവം വെച്ച് അവരെയെല്ലാം അപകടകാരികളായ വിഡ്ഢികളായി തന്നെയാണ് നജ് വ മനസ്സിലാക്കുക. സ്വയം ഒരമേരിക്കന്‍ യുവതിയെ വിവാഹം ചെയ്തവനായിരുന്നു എന്നതൊന്നും സഹോദരിയുടെ കാര്യത്തില്‍ പരമ്പരാഗത കടും പിടുത്തം അടിച്ചേല്‍പ്പിക്കുന്നതില്‍ നിന്ന് നജ് വയുടെ സഹോദരനെ പിന്തിരിപ്പിക്കുന്നില്ല. സമൂഹം ആവശ്യപ്പെടുന്ന വിധേയത്വത്തിലേക്ക് കീഴ്പ്പെട്ട്‌ ഭര്‍ത്താവും കുഞ്ഞും എന്ന ‘ലോകം’ അംഗീകരിച്ചു കഴിഞ്ഞു നജ് വ. നോവലിന്റെ ഹൃദയത്തില്‍ സുലൈമാന് ഉമ്മയോടുള്ള സ്നേഹം തന്നെയാണെങ്കിലും ഫറാജ് വീട്ടിലില്ലാത്ത സന്ദര്‍ഭത്തിലെല്ലാം മദ്യത്തില്‍ മുങ്ങിത്താഴുന്ന ഉമ്മയുടെ കണ്ണുവെട്ടിച്ച് ഇടക്കൊക്കെ അവന്‍ തന്റെ പ്രിയ സുഹൃത്ത് കരീം റഷീദിനെയും അവന്റെ പിതാവിന്റെ സുഹൃത്ത് മൂസയേയും അഭയം പ്രാപിക്കുന്നു.

സുലൈമാന്റെ ആഖ്യാനത്തിലൂടെ ട്രിപ്പോളിയുടെ ചരിത്ര ഘട്ടത്തെയും സാധാരണ മനുഷ്യര്‍ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കുന്ന രീതിയും അവതരിപ്പിക്കുക എന്നത് നോവലിസ്റ്റിനെ സംബന്ധിച്ചേടത്തോളം വലിയൊരു സര്‍ഗ്ഗാത്മക വെല്ലുവിളിയാണ്. ദേശം നേരിടുന്ന രാഷ്ട്രീയ, ബൌദ്ധിക ശൂന്യത വ്യക്തമാകുന്ന രംഗങ്ങള്‍ നോവലിലുണ്ട്: ഗദ്ദാഫിയുടെ റവലൂഷനറി ഗാര്‍ഡിലെ അംഗങ്ങള്‍ ടൈപ്റൈറ്റര്‍ കയ്യിലുള്ള ഒരാളെ വേട്ടയാടുന്ന ഒരു രംഗം ഉദാഹരണം. തന്റെ അപക്വമായ ദര്‍ശനങ്ങള്‍ പാഠപുസ്തകങ്ങളിലൂടെ പോലും പ്രച്ചരിപ്പിക്കുമായിരുന്ന ഏകാധിപതി ബുദ്ധിജീവികളെ ഭയപ്പെട്ടിരുന്നതിന്റെ ചിത്രമാണത്. ഇവിടെയൊക്കെ ആഖ്യാതാവിനു പൂര്‍ണ്ണമായും മനസ്സിലാകാത്ത കാര്യങ്ങളാണ് ആവിഷ്കരിക്കപ്പെടുന്നത്. ഉസ്താദ് റഷീദിന്റെ അറസ്റ്റും തൂക്കിലെറ്റപ്പെടലും പോലെ പിതാവിന്റെ പ്രവര്‍ത്തനങ്ങള്‍ രഹസ്യ പോലീസിന്റെ ശ്രദ്ധ ക്ഷണിച്ചു വരുത്തുന്നതും ഫോണ്‍ ടാപ്പ് ചെയ്യപ്പെടുന്നതും റവലൂഷനറി കമ്മിറ്റി ഒടുവില്‍ പിതാവിനെ അറസ്റ്റ് ചെയ്യുന്നതും എന്തിനെന്നു സുലൈമാന് പൂര്‍ണ്ണമായും അറിയില്ല. കൊടിയ ജയില്‍ പീഡനങ്ങള്‍ക്കൊടുവില്‍ ശാരീരികവും മാനസികവുമായി തകര്‍ന്ന മനുഷ്യനായാണ് ഫറാജ് ഏറെ നാളുകള്‍ക്ക് ശേഷം തിരിച്ചെത്തുക. ഏകാധിപത്യം തന്നെപോലുള്ള കുട്ടികളുടെയും തന്റെ ഉമ്മയെ പോലുള്ള സ്ത്രീകളുടെയും മാത്രമല്ല മുതിര്‍ന്ന മനുഷ്യരുടെയും ജീവിതങ്ങള്‍ ഉഴുതുമറിക്കുന്നതെങ്ങനെ എന്ന് ഇളം പ്രായത്തില്‍ തന്നെ സുലൈമാന്‍ മുഖാമുഖം കാണുകയാണ്. തകര്‍ന്നു പോയ ഫറാജിനെ ശുശ്രൂഷിക്കാന്‍ ആവതു ശ്രമിക്കുമ്പോഴും അയാളുടെ ജീവിതത്തില്‍ ഒരു സ്വാധീനവും ചെലുത്താന്‍ നജ് വക്ക് കഴിയുന്നില്ല; വീട്ടിനു പുറത്തു അവര്‍ക്കൊരു ജീവിതവുമില്ല. പുരുഷന്മാരാണ് വീട് ഭരിക്കുന്നത്‌. പക്ഷെ അതും വലിയ ശക്തികള്‍ പിടിമുറുക്കും വരെ മാത്രം. ഇതിനനുസൃതമായി ചിട്ടപ്പെടുത്തപ്പെട്ട ശ്വാസം മുട്ടിക്കുന്ന ഒതുങ്ങിയ ജീവിതരീതിയാണ് സുലൈമാനും ഉള്ളത്. വീടിനും തോട്ടത്തിനും അപ്പുറം കാര്യമായൊന്നും പുറത്തു പോകാത്ത സുലൈമാന്‍ വല്ലപ്പോഴും തെരുവില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കാനിറങ്ങുമെങ്കിലും അപ്പോഴും സമ്മര്‍ദ്ദങ്ങള്‍ക്ക് നടുവിലാണ്. കാരണം ആ കുട്ടികള്‍ ഒന്നുകില്‍ പുതുതായി ഉദയം കൊണ്ട സര്‍ക്കാര്‍ ജീവനക്കാരുടെ സമൂഹത്തില്‍ നിന്നോ അല്ലെങ്കില്‍ ജനാധിപത്യ വാദികളായ ആക്റ്റിവിസ്റ്റുകളുടെ മക്കളോ ആണ്. പുറം ലോകം വല്ലപ്പോഴും വീടുമായി ബന്ധപ്പെടുമ്പോള്‍ അത് ഭീഷണികളോ റവലൂഷനറി കമ്മിറ്റിയുടെ ഭീകരതകള്‍ ഒളിപ്പിച്ചു വെച്ച ടെലിവിഷന്‍ വിചാരണകളോ അറിയിപ്പുകാളോ ആണ്. തന്റെ അങ്കലാപ്പും അജ്ഞതയും കാരണം സുലൈമാന്‍ തന്നെ കരീമിനെയും സ്വന്തം പിതാവിനെ തന്നെയും ഒറ്റിക്കൊടുക്കുന്നതില്‍ പങ്കാളിയാവുന്നുണ്ട്. കരീമിന്‍റെ രഹസ്യങ്ങള്‍ മറ്റു കുട്ടികള്‍ക്ക് അവന്‍ പറഞ്ഞുകൊടുക്കാന്‍ ഇടയാവുമ്പോള്‍, സുരക്ഷാ വകുപ്പിനോട് സഹകരിക്കുന്നത് ഒടുവില്‍ പിതാവിനെ രക്ഷിക്കും എന്ന മിഥ്യാ ധാരണയാണ് അവനെ വഴിതെറ്റിക്കുക. സര്‍വ്വാധിപത്യം വിഷയമായി വരുന്ന കൃതികളില്‍ പലപ്പോഴും കാണാവുന്ന ഒന്നാണ് ഇരകള്‍ തന്നെ പരസ്പരം നടത്തുന്ന ഇത്തരം ഒറ്റിക്കൊടുക്കല്‍. അതിന്റെ ദൂഷിത വലയത്തില്‍ നിന്ന് ആരും മുക്തരല്ലതന്നെ. വാസ്തവത്തില്‍, ഗദ്ദാഫി വിരുദ്ധരായിരുന്ന ചെറുത്തുനില്‍പ്പുകാരും നൈതികമായോ ധൈഷണികമായോ കുറ്റമറ്റവരോ ഉന്നതരോ അല്ല എന്ന സൂചനകള്‍ നോവലില്‍ എങ്ങുമുണ്ട്. സുലൈമാന്‍ തന്റെപക്വതയില്ലായ്മയിലാണ് ഫലത്തില്‍ ഒരു ഒറ്റുകാരന്‍ ആവുന്നതെങ്കില്‍, പീഠനം ദുസ്സഹമാവുന്ന ഘട്ടത്തില്‍ ഫറാജ് തന്നെയും തന്റെ കൂട്ടാളികലേ ഒറ്റിക്കൊടുക്കുന്നുണ്ട്. ഒരു പക്ഷെ അത് കുടുംബത്തിന്റെ രക്തത്തില്‍ തന്നെയുള്ള ദൌര്‍ബല്യമാവാം. എന്നാല്‍ പിടിക്കപ്പെടുന്ന മറ്റു വിപ്ലവകാരികളിലും ഈ ദൌര്‍ബല്യങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ‘രക്തസാക്ഷികളുടെ ചത്വര’ത്തിലേ രഹസ്യ ഫ്ലാറ്റില്‍ ഒരുമിച്ചു കൂടി വിദ്യാര്‍ഥികളെയും മറ്റു യുവ ജനതയെയും കലാപത്തിനു പ്രേരിപ്പിക്കുന്ന ലഘു ലേഖകള്‍ തയ്യാറാക്കി വിതരണം ചെയ്യുന്നവര്‍ ആത്മരക്ഷയുടെ പ്രലോഭനങ്ങള്‍ മറികടക്കുന്നതില്‍ എപ്പോഴും വിജയിക്കുന്നവര്‍ ഒന്നുമല്ല. അത്തരം ഒറ്റിനു വിസമ്മതിക്കുന്ന ഉസ്താദ് റഷീദിനെ പോലുള്ള ധീരരായ പോരാളികളാവട്ടെ തൂക്കുകയര്‍ അതിജീവിക്കുന്നുമില്ല.

 

കൗമാരക്കാരന്റെ അനുഭവത്തിന്റെ കണ്ണാടിയിലൂടെ അവതരിപ്പിക്കപ്പെടുന്നു എന്നത് കൊണ്ടാവാം, നോവല്‍ പ്രകടമായ രാഷ്ട്രീയ സംവാദ ഭാവം കൈക്കൊള്ളുന്നില്ല. ഗദ്ദാഫി വിരുദ്ധ മുന്നേറ്റങ്ങളുടെ വ്യാപ്തിയും വിശദാംശങ്ങളും നേരിട്ട് നോവലിന്റെ വിഷയവുമല്ല. ഹാഷിം മതാറിന്റെ പ്രഥമ പരിഗണന സുലൈമാന്റെ അനുഭാവാവിഷ്കാരത്തോടുള്ള സത്യസന്ധതയിലാണ്. കുടുംബാന്തരീക്ഷത്തിന്റെ പരിമിതികളില്‍ കഴിയുന്ന കൌമാരക്കാരന് പുറം ലോകത്തെ കുറിച്ച് പരിമിതമായെ കാഴ്ചകളും സ്വരങ്ങളും അനുഭവവേദ്യമാകുന്നുള്ളൂ. എന്നാല്‍, ഇരുപത്തിനാലു വയസ്സിലെത്തിയ സുലൈമാന്‍ തന്റെ പിന്നിട്ട കാലം ഓര്‍ത്തെടുക്കുന്ന രീതിയിലാണ് ആഖ്യാനം നടത്തുന്നത് എന്നത് അന്ന് ചേരാതെ പോയ കണ്ണികളെ മനസ്സിലാക്കാന്‍ അവനെ സഹായിച്ചിരിക്കാം. ട്രിപ്പോളിയില്‍ അവന്റെ സുരക്ഷിതത്വത്തെ കുറിച്ച് ഭയപ്പാടുണ്ടായിരുന്ന അവടെ മാതാപിതാക്കള്‍ അവനെ കൈറോയിലേക്ക്  അയക്കുകയായിരുന്നു. അത് പക്ഷെ അവന്‍ കരുതിയതിലും നീണ്ട പ്രവാസമായിത്തീര്‍ന്നു. പിതാവിന്റെ മരണ സമയത്ത് ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോലും അവനു ലിബിയയിലെക്ക് തിരികെ പോകാനാവുന്നില്ല. ആ അര്‍ഥത്തില്‍ അവന്‍റെ മാതാപിതാക്കളും അവനോട് ഒരു ചതി പ്രയോഗിക്കുകയായിരുന്നു എന്ന് പറയാം. കുട്ടിക്കാലത്തിന്റെ ചിതറിയ ശേഷിപ്പുകളില്‍ നിന്ന് അവനു തന്റെ ജീവിതം സ്വയം കൂട്ടിത്തുന്നിയെടുക്കണം.


 

Saturday, August 6, 2016

The Bleeding of the Stone by Ibrahim al-Koni / Christopher Tingley & May Jayyusi

ജൈവ ബോധം കുരിശേറുമ്പോള്‍



അറേബ്യന്‍ സാഹിത്യത്തില്‍ ഇന്ന് ഏറ്റവും അറിയപ്പെടുന്ന എഴുത്തുകാരില്‍ ഒരാളാണ് ഇബ്രാഹിം അല്‍ കോനി എന്ന ലിബിയന്‍ നോവലിസ്റ്റ്. എഴുത്തില്‍ ധാരാളിയായ അല്‍ കോനിയുടെ രചനാലോകം മിത്തുകളുടെയും അസ്തിത്വപരമായ ഉത്കണ്ഠകളുടെയും ലോകമാണ് തുറന്നു വെക്കുന്നത്. സഹാറാ മരുഭൂമിയില്‍ ലിബിയ മുതല്‍ മൊറോക്കോ വരെ ആഫ്രിക്കയിലെങ്ങും സഞ്ചരിക്കുന്ന, എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്ന, ഒരിടത്ത് തറഞ്ഞുനില്‍ക്കുകയെന്നാല്‍ അടിമത്തമാണെന്നു വിശ്വസിക്കുന്ന 'മൂടുപടമിട്ടവര്‍ ', 'നീല മനുഷ്യര്‍ ' എന്നൊക്കെ അറിയപ്പെടുന്ന ടോരെഗ്- നാടോടി വിഭാഗക്കാര്‍ മരുഭൂമിയെ സ്വാതന്ത്ര്യത്തിന്റെയും പ്രകൃതിയുമായുള്ള സമന്വയത്തിന്റെയും കേന്ദ്രമായിക്കാണുന്നു. ടോരെഗ് വിഭാഗക്കാരനായ അല്‍ കോനിയുടെ കൃതികളില്‍ സൂഫിസത്തിന്റെയും പൗരസ്ത്യ ആത്മീയപാരമ്പര്യങ്ങളുടെയും കനത്ത സ്വാധീനവും മാജിക്കല്‍ റിയലിസത്തിന്റെയും ദൃഷ്ടാന്തകഥാ രീതികളുടെയും സ്വഭാവങ്ങളും വ്യക്തമാണ്. അല്‍ കോനിയുടെ രചനകളില്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ആദ്യകൃതിയാണ് 'ദി ബ്ലീഡിംഗ് ഓഫ് ദി സ്റ്റോണ്‍ '. നോബല്‍ പുരസ്ക്കാരജേതാവ് ലേ ക്ലെസിയോയുടെ 'മരുഭൂമി' എന്ന നോവലിലും 'നീല മനുഷ്യര്‍ ' പ്രധാന പ്രദിപാദ്യ വിഷയമാണ്.

ഒറ്റനോട്ടത്തില്‍ ദൃഷ്ടാന്ത കഥയുടെ ലാളിത്യമുള്ള ഈ ചെറു നോവലിന് പക്ഷെ കൃത്യമായ രാഷ്ട്രീയ- പാരിസ്ഥിതിക മാനങ്ങളുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലെ കൊളോനിയളിസ്റ്റ് തേര്‍ വാഴ്ചകള്‍ ലോകത്തെങ്ങും മനുഷ്യനും പ്രകൃതിക്കും ഭീഷണമായ ആഘാതങ്ങള്‍ ഏല്‍പ്പിച്ചുവന്ന കാലത്തിന്റെ പശ്ചാത്തലത്തിലാണ് കഥാഗതിയെങ്കിലും കാലാതീതമായ തിരിച്ചറിവുകളുടെ പാഠങ്ങളാണ് നോവലിനെ അനശ്വരമാക്കുന്നത്. ദക്ഷിണ ലിബിയന്‍ മരുഭൂമിയിലെ മലയോരങ്ങളില്‍ കാലിമേച്ചു കഴിയുന്ന അസൂഫ് എന്ന ബദവി, മനുഷ്യനും വന്യപ്രകൃതിയും തമ്മിലുള്ള പാരസ്പര്യങ്ങളെ കുറിച്ചുള്ള ആദിമ ജ്ഞാനങ്ങളുടെ സൂക്ഷിപ്പുകാരന്‍ കൂടിയാണ്. പുരാവസ്തു പര്യവേഷകര്‍ കണ്ടെത്തിയെ കുറെയേറെ പുരാതന ഗുഹകളുടെയും ചുമര്‍ ചിത്രങ്ങളുടെയും കാവലാളായി പാശ്ചാത്യ വിനോദ സഞ്ചാരികള്‍ക്ക് വഴികാണിക്കുന്ന ജോലിയും അയാള്‍ക്കുണ്ട്. ആ നിലയില്‍ ആധുനിക ലോകം, വന്യ സൗന്ദര്യമിയന്നതെങ്കിലും സ്വതേ ദുര്‍ബ്ബലമായ പ്രകൃതിയില്‍ നടത്തുന്ന കടന്നുകയറ്റങ്ങളുടെ ദുരന്ത ഫലം അയാള്‍ മുന്‍ കൂട്ടിക്കാണുന്നുണ്ട്.

മരുഭൂമിയുടെ രഹസ്യങ്ങളറിയാവുന്ന ബദവിയില്‍ , തങ്ങളുടെ ദുര തീര്‍ക്കാന്‍ വേണ്ട അറിവുകളുണ്ട് എന്ന് ഒരു നാള്‍ അതിഥി വേഷങ്ങളിലെത്തുന്ന കായേന്‍, മസൂദ് എന്നീ രണ്ടു വേട്ടക്കാര്‍ തിരിച്ചറിയുന്നതോടെ സാത്വികനായ ആ മനുഷ്യന്റെ ജീവിതം കലങ്ങിമറിയുകയും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സനാതനമായ ഉടമ്പടിയുടെ വിശുദ്ധി കളങ്കപ്പെടുകയും ചെയ്യുന്നു. ...............

തുടര്‍ വായനയ്ക്ക്:

(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 217-221)

To purchase, contact ph.no:  8086126024