Featured Post

Sunday, September 29, 2024

The Backstreets by Perhat Tursun / Darren Byler

 മൂകഹത്യകളുടെ ഇടനാഴികള്‍



(വിമത വീഗര്‍ എഴുത്തുകാരന്‍ പെര്‍ഹാത് ടുര്‍സുന്‍ രചിച്ച The Backstreets, സിന്‍ജിയാങ് പ്രവിശ്യയിലെ വീഗര്‍ മുസ്ലിം ജനത നേരിടുന്ന വംശീയഭീകരതകളുടെ പൊരുള്‍ ആവിഷ്കരിക്കുന്നു. ഡാരന്‍ ബൈലര്‍ ഒരു വീഗര്‍ സുഹൃത്തിനോടൊപ്പം ചേര്‍ന്ന് വിവര്‍ത്തനം ചെയ്ത കൃതി ഇംഗ്ലീഷ് ഭാഷയിലെത്തുന്ന ആദ്യവീഗര്‍ നോവലാണ്‌.)

 

പുറംലോകം അധികമൊന്നും അറിയാതെവടക്കുപടിഞ്ഞാറന്‍ ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന ഒരു വംശീയശുദ്ധീകരണ പ്രക്രിയയില്‍ പന്ത്രണ്ടു മില്യനോളം വരുന്ന പ്രദേശത്തെ വീഗര്‍ (Uyghurs) മുസ്ലിം ജനത അനുഭവിച്ചുകൊണ്ടിരിക്കുന്ന അവമതികള്‍ ‘മനുഷ്യ സമൂഹത്തിനെതിരായ കുറ്റം’ (Crime against humanity) എന്നുതന്നെ വിവരിക്കപ്പെടുന്നു. 2017 മുതല്‍ ത്വരിതപ്പെടുത്തപ്പെട്ട പ്രക്രിയയില്‍ഒരംഗമെങ്കിലും കോണ്‍സെന്ട്രേഷന്‍ ക്യാമ്പുകളില്‍ എത്തിയിട്ടില്ലാത്തവരായി ഒരൊറ്റ വീഗര്‍ കുടുംബവുമില്ല. അപ്രകാരം കൊണ്ടുപോകപ്പെട്ടവര്‍ ഒരു മില്ല്യനു മുകളിലാണ്. പകരം ഓരോ വീട്ടിലും ഭരണകൂടം നിയോഗിച്ച ഓരോ ചാരന്മാര്‍ രാപ്പകല്‍ ഭേദമെന്യേകിടപ്പറകളില്‍ പോലും മേയുന്ന സ്വാതന്ത്ര്യവുമായി സ്ഥിരവാസമുറപ്പിച്ചിരിക്കുന്നു. പതിനെട്ടിനും അമ്പത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള ഒട്ടേറെപ്പേര്‍ ‘തീവ്രവാദികള്‍’ എന്നു മുദ്രകുത്തപ്പെട്ടു ക്യാമ്പുകളിലേക്ക് കൊണ്ടുപോകപ്പെടുന്നത് നിത്യ സംഭവമായതിനാല്‍കുട്ടികള്‍ മാത്രമുള്ള ഒരു സമൂഹമായി അത് മാറുന്നു. ഇവരെയാകട്ടെവീഗര്‍ ഭാഷയും സംസ്കാരവും നിരോധിക്കപ്പെട്ട റസിഡെന്‍ഷ്യല്‍ സ്കൂളുകളിലേക്ക് അയക്കപ്പെടുകയും ചെയ്യുന്നു. നിര്‍ബന്ധിത വന്ധ്യംകരണം പോലുള്ള പ്രാകൃതനടപടികള്‍ക്കുവരെ വീഗര്‍ ജനത ഇരയാക്കപ്പെടുന്നതിന്റെ വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. ‘തീവ്രവാദ/ ഭീകരവാദ’ ഇനങ്ങളായി കണക്കാക്കപ്പെടുന്ന പ്രവര്‍ത്തികള്‍ വിചിത്രമാണ്: താടി വളര്‍ത്തല്‍മൊബൈലില്‍ ഖുറാന്‍ സൂക്ഷിക്കല്‍ഇസ്ലാമിക പാഠങ്ങള്‍ പുറത്തുനിന്നോ സ്വന്തം മുത്തശ്ശിമാരില്‍ നിന്നുപോലുമോ ശ്രവിക്കല്‍അറബിഭാഷ പഠിക്കല്‍വീഗര്‍ ഭാഷകള്‍ സംസാരിക്കല്‍,  തുടങ്ങിയതൊക്കെ അക്കൂട്ടത്തില്‍ പെടും. സാമ്പ്രദായിക മുസ്ലിം പേരുകളിലേക്കു പോലും വിലക്കുകള്‍ നീളുന്നുണ്ട്. ഉദിച്ചുയരുന്ന പുതുസാമ്പത്തികശക്തിയായ ചൈനയുമായി ഉടമ്പടി അനിവാര്യമായ മുസ്ലിം/ അറബ് രാഷ്ട്രങ്ങളാകട്ടെഅന്താരാഷ്‌ട്ര സമൂഹത്തോടൊപ്പംബധിരകര്‍ണ്ണം കൊണ്ട് വീഗര്‍ ദുരിതങ്ങളോടു പ്രതികരിക്കുന്നുഒപ്പംസുന്നി വിഭാഗമായ വീഗറുകള്‍ ഇസ്ലാമിന്റെ മൊത്തക്കച്ചവടക്കാരായിരിക്കുമ്പോഴും ഷിയാ ഇറാനു പോലും അലോസരവുമല്ല.  

‘വീഗര്‍/ സിന്‍ജിയാങ്’ ചരിത്രം: (1)

‘സിന്‍ജിയാങ് പ്രശ്നം’ എന്ന് ഔദ്യോഗിക ചൈനീസ് ഭാഷ്യം വിവരിക്കുന്ന വീഗര്‍ പ്രതിഷേധങ്ങളുടെ യഥാര്‍ത്ഥചരിത്രം ആരംഭിക്കുന്നത് 1990കളില്‍ചൈനയിലെ ഭൂരിപക്ഷ സമൂഹമായ ഹാന്‍ജനത വന്‍തോതില്‍ മേഖലയിലേക്ക് കുടിയേറ്റം ആരംഭിച്ചതോടെയാണ്. വീഗര്‍ മരുഭൂ പ്രദേശങ്ങളില്‍ കണ്ടെത്തപ്പെട്ട സമൃദ്ധമായ എണ്ണ-പ്രകൃതി വാതക വിഭവങ്ങള്‍ ചൈനയുടെ അതിവേഗം വികസിക്കുന്ന കയറ്റുമതി മേഖലക്കുവേണ്ടി ചൂഷണം ചെയ്യുക, അതിനാവശ്യമായ അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ്  ഈ ഒഴുക്ക് ആരംഭിച്ചത്. അടുത്ത മൂന്നു പതിറ്റാണ്ടുകാലം കൊണ്ട് കുടിയേറ്റക്കാര്‍, ബാങ്കുകള്‍സ്കൂളുകള്‍പ്രാദേശിക ഭരണ സ്ഥാപനങ്ങള്‍, തുടങ്ങിയ എല്ലാറ്റിന്റെയും നിയന്ത്രണം കൈയ്യിലാക്കി. ഇവിടങ്ങളില്‍ നിന്നെല്ലാം പുറത്തായി ജീവിതമാര്‍ഗ്ഗം തേടി പട്ടണങ്ങളില്‍ ചേക്കേറിയ വീഗര്‍ ജനതകടുത്ത വിവേചനങ്ങളാണ് നേരിട്ടത്. വല്ല വിധേനയും കിട്ടിയ ജോലികളില്‍പോലും ഏറ്റവും താഴ്ന്ന തസ്തികകളും പരിഗണനകളുമാണ് അവരെ കാത്തിരുന്നത്. ഹാന്‍ വംശജര്‍ക്ക് സര്‍ക്കാര്‍ സബ്സിഡി പോലുള്ള ആനുകൂല്യങ്ങളും കിട്ടിപ്പോന്നു. കുടിയിറക്കലും പോലീസ് മര്‍ദ്ദനവും മതപരമായ അടിച്ചമര്‍ത്തലും നേരിട്ട വീഗര്‍ ജനതയുടെ ചെറുത്തുനില്‍പ്പ് അപൂര്‍വ്വം സന്ദര്‍ഭങ്ങളിലേ അതിരുവിടുകയുണ്ടായുള്ളൂവെങ്കിലും എല്ലായിപ്പോഴും ഭീകരവാദമായി വ്യാഖ്യാനിക്കപ്പെടുകയും കൈകാര്യം ചെയ്യപ്പെടുകയും ചെയ്തു. വീഗറുകള്‍ മുസ്‌ലിംകളാണെന്നത് അമേരിക്കന്‍ നിര്‍മ്മിത ‘ആഗോള ഭീകരതാ വിരുദ്ധയുദ്ധ’ നരേറ്റിവുകള്‍ അതിലേക്ക് ചേര്‍ത്തുവെക്കല്‍ ചൈനീസ് ഭരണകൂടത്തിനു എളുപ്പമാക്കി. 2014 മുതല്‍ വീഗര്‍ ജനതക്കിടയില്‍ വര്‍ദ്ധിച്ചുവന്ന മതാത്മകതയില്‍ പരിഭ്രാന്തരായ അധികൃതര്‍മതനേതാക്കളെയും ‘വിശ്വസിക്കാന്‍ കൊള്ളാത്തവര്‍’ ആയിക്കണ്ടവരെയും ആണ്‍-പെണ്‍ ഭേദമെന്യേ വളഞ്ഞുപിടിച്ചു തടവറകളിലേക്കോ ‘പുനര്‍ വിദ്യാഭ്യാസ’,  (‘reeducation/ indoctrination’) ക്യാമ്പുകളിലേക്കോ അയക്കുന്ന പ്രക്രിയ ത്വരിതപ്പെടുത്തി.

വീഗര്‍ സമൂഹത്തിലെ ഏറ്റവും സമാരാധ്യരായ എഴുത്തുകാരില്‍ അഗ്രഗാമിയായ, പെര്‍ഹാത് ടുര്‍സുന്‍ ഇക്കൂട്ടത്തില്‍ ‘അപ്രത്യക്ഷന്‍’ ആക്കപ്പെടുമ്പോള്‍ അദ്ദേഹത്തിനു അമ്പതു തികഞ്ഞിട്ടുണ്ടായിരുന്നില്ല. തികച്ചും സെക്കുലര്‍ ആയവംശീയ ദേശീയതയില്‍ (ethno-nationalism) ഒരിക്കലും വിശ്വസിച്ചിട്ടില്ലാത്ത വ്യക്തിത്വമായിരുന്നു പെര്‍ഹാത് ടുര്‍സുന്‍. വിശ്വാസത്തിന്റെ പേരില്‍ അമുസ്ലിമുകള്‍ക്കെതിരെ നടത്തപ്പെടുന്ന ഹിംസയെ തുറന്നെതിര്‍ത്തിട്ടുള്ള പെര്‍ഹാത്എന്തുകൊണ്ട് അറസ്റ്റ് ചെയ്യപ്പെട്ടു എന്നോഅദ്ദേഹം എവിടെയാണെന്നോ ഒരിക്കലും വ്യക്തമാക്കപ്പെടുകയുണ്ടായില്ല. 2013ല്‍ വീഗര്‍ ഭാഷകളിലൊന്നില്‍ ഒരു ഓണ്‍ലൈന്‍ ഫോറത്തില്‍ ‘ബാക്ക്സ്ട്രീറ്റി’ന്റെ ആദ്യ ഭാഷ്യം പ്രസിദ്ധീകരിച്ചതാവാം ഒരുപക്ഷെ അധികൃതരെ പ്രകോപിപ്പിച്ചത് എന്ന് കരുതപ്പെടുന്നു. അദ്ദേഹം VPN  ഉപയോഗിച്ചുകൊണ്ട് സെന്‍സര്‍ ചെയ്യപ്പെടാത്ത വാര്‍ത്തകള്‍ ശ്രവിക്കുമായിരുന്നതും മറ്റൊരു കാരണമാകാം.

പെര്‍ഹാത് ടുര്‍സുന്‍

1969ല്‍ കിര്‍ഗിസ്തനിലെ ആര്‍തുഷ് (Atush (Artux)), കഷ്ഗര്‍ (Kashgar) പട്ടണങ്ങള്‍ക്കടുത്തു ഒരു മലയോരഗ്രാമത്തില്‍ ജനിച്ച ഫര്‍ഹാത്ഇടയന്മാരായ പരുത്തികൃഷിക്കാര്‍ക്കിടയിലാണ് വളര്‍ന്നത്‌. താഴ് വരയിലെ പോക്കുവെയിലിന്റെയും നാട്ടുപാട്ടുകളുടെയും പള്ളിയിലെ വാങ്കുവിളിയുടെയും താളങ്ങളും ദൃശ്യങ്ങളും അദ്ദേഹത്തിന്‍റെ കൃതികളില്‍ നിഴല്‍ വിരിക്കുന്നതായി ഡാരന്‍ ബൈലര്‍ ചൂണ്ടിക്കാണിക്കുന്നു. വീഗര്‍ ലോകത്ത് വളര്‍ന്നപ്പോഴും ഒരു സ്കൂള്‍ അധ്യാപകനും സാംസ്കാരിക വിപ്ലവകാലത്ത് പ്രതിവിപ്ലവകാരിയെന്നു മുദ്രകുത്തപ്പെട്ടു ജയിലില്‍ അടക്കപ്പെട്ടവനുമായ പിതാവിന്റെ മകനുമായിരുന്നു ടുര്‍സുന്‍. ഈ രാഷ്ട്രീയ ചരിത്രം തന്റെ ഗ്രാമത്തിനപ്പുറമുള്ള ലോകത്തെയും അദ്ദേഹത്തിന്‍റെ ചിന്തകളില്‍ സജീവമാക്കി. മാവോയുടെ മരണത്തിനു ശേഷം പുത്തന്‍ കമ്പോള സംസ്കാരത്തിനു വഴിതെളിഞ്ഞപ്പോള്‍ വീഗര്‍ ഭാഷാ പ്രസാധനം വികസിച്ചു. എണ്‍പതുകളുടെ തുടക്കത്തില്‍ത്തന്നെ ചൈനീസ് സാഹിത്യതത്വചിന്താ കൃതികള്‍ വീഗര്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. എന്നാല്‍ ബീജിങ്ങിലെ കോളേജ് പഠനകാലത്താണ് പാശ്ചാത്യ സാഹിത്യവും ഫ്രോയ്ഡ്നീഷേഡോസ്റ്റൊയെവ്സ്കിതുടങ്ങിയവരെയും ടുര്‍സുന്‍ വായിച്ചത്. തുര്‍ക്കി സാഹിത്യവും സൂഫി കാവ്യമീമാംസയും അദ്ദേഹത്തിന്‍റെ ഗവേഷണ വിഷയമായത് ഇതിന്റെ തുടര്ച്ചയിലാണ്. അദ്ദേഹത്തിന്‍റെ കവിതയിലും നോവലിലും ലേഖനങ്ങളിലും ആധുനികതയുടെ അതിരുകള്‍ ഭേദിക്കുന്ന സൂഫി പാരമ്പര്യവും വീഗര്‍ സാംസ്കാരിക പ്രതിനിധാനങ്ങളും മേളിക്കുന്നു എന്ന് ഡാരന്‍ കരുതുന്നു. ഹാന്‍ കവികളെയും കാഫ്കയെയും നബകോവിനെയുമെല്ലാം ധാരാളമായി വായിച്ച ടുര്‍സുന്‍ചിന്തയെ നിരന്തരം പിന്തുടരേണ്ട ഒരു ദാര്‍ശനിക പ്രയോഗമായി  കരുതി. പ്ലാറ്റോഹെഗല്‍ഷോപ്പനോവര്‍എന്നിങ്ങനെ തുടങ്ങി മാര്‍ക്സിസ്റ്റ്‌ ഫിലോസഫിയും വൈരുദ്ധ്യാത്മക ഭൌതിക വാദവും വരെ വ്യാപിച്ച വായനയില്‍ ഫോക്നര്‍ക്കും ഷോപ്പനോവര്‍ക്കും പ്രത്യേക സ്ഥാനമുണ്ടായിരുന്നു എന്ന് ടുര്‍സുന്‍ തന്നെ വ്യക്തമാക്കുന്നു. അന്തിമസത്യം എന്നൊന്ന് ഇല്ലെന്നുംനോര്‍മല്‍ എന്ന് കരുതുന്നവരല്ലമറിച്ചു സമ്പ്രദായികതയെ ഭേദിക്കുന്നവരാണ് യഥാര്‍ഥത്തില്‍ നോര്‍മല്‍ എന്നും അദ്ദേഹം കരുതി. ‘നോര്‍മാലിറ്റി എന്ന അസുഖത്തെ കണ്ടുപിടിക്കാന്‍ ഞാന്‍ മനശാസ്ത്രവും സാഹിത്യവും ഉപയോഗിക്കുന്നു’ എന്ന് ടുര്‍സുന്‍ പറയുന്നു. “മാനസിക അസുഖംആത്മഹത്യഅന്യതാബോധം എന്നിവയോടുള്ള അദ്ദേഹത്തിന്‍റെ ഫോക്കസ്- വീഗറുകളുടെ ഇടയിലെ അശ്ലീലംലൈംഗികത എന്നിവയെ കുറിച്ച് എഴുതാനുള്ള അദ്ദേഹത്തിന്‍റെ നിശ്ചയ ദാര്‍ഡ്യത്തോടൊപ്പം- പലപ്പോഴും അദ്ദേഹത്തെ കൂടുതല്‍ പൊതുസ്വീകാര്യതയുള്ള വീഗര്‍ എഴുത്തുകാരുടെ വിമര്‍ശന പാത്രമാക്കി” എന്ന് ഡാരന്‍ നിരീക്ഷിക്കുന്നു. മിലന്‍ കുന്ദേരയെ പോലെരാഷ്ട്രീയം എഴുതിയില്ലെങ്കിലും സാഹചര്യം മൂലം കൃതികളില്‍ രാഷ്ട്രീയം വായിക്കപ്പെടുക എന്ന അവസ്ഥ സത്യസന്ധരായ എഴുത്തുകാര്‍ക്ക് സംഭവിക്കുന്ന ഒന്നാണെന്ന് ടുര്‍സുന്‍ കരുതി. 9/11 കാലത്ത് ‘ഭീകരതാവിരുദ്ധ’ ടാര്‍ഗറ്റ് ആയി കണക്കാക്കപ്പെട്ട വീഗര്‍ ജനതയുടെ കഥ പറയുമ്പോള്‍ ദാരിദ്ര്യവും വംശീയ വര്‍ഗ്ഗീയതയും അന്യവല്‍ക്കരണത്തിന്റെ ഒരു തുടര്‍പ്രക്രിയ അനിവാര്യമായും സൃഷ്ടിക്കുന്നു. ‘വീഗര്‍ ഭീകരവാദി’, ‘തീവ്രവാദി’ എന്നീ പദങ്ങള്‍ഫലത്തില്‍കൊളോണിയല്‍ പദാവലികളിലെ ‘അപരിഷ്കൃതന്‍’, ‘പ്രാകൃതന്‍’ വിവക്ഷകള്‍ക്ക് പകരമായിത്തീരുന്നു.

2018 ജനുവരി മുപ്പതിന് ‘തിരോധാനം ചെയ്യപ്പെട്ട’ (disappeared) പെര്‍ഹാതിനു പതിനാറു വര്‍ഷത്തെ ജയില്‍വാസം വിധിക്കപ്പെട്ടതായി 2020ല്‍ വിവരം ചോര്‍ന്നുകിട്ടിയ കാര്യം ഡാരന്‍ വ്യക്തമാക്കുന്നു. അഥവാഇനി അദ്ദേഹം പുറത്തുവരുമ്പോള്‍ അദ്ദേഹത്തിനു അറുപത്തിയേഴു വയസ്സുണ്ടാവും. തന്റെ പ്രതിഭയുടെ ഔന്നത്യത്തില്‍ നിന്ന അദ്ദേഹംഎഴുതിക്കൊണ്ടിരുന്ന അഞ്ചു അപൂര്‍ണ്ണ നോവലുകള്‍ ഇനിയൊരിക്കലും പുറത്തുവന്നേക്കില്ല എന്നതും പെര്‍ഹാതിന്റെതായി ആദ്യം ഇംഗ്ലീഷില്‍ എത്തിയ കൃതിയാണ് എന്നതും The Backstreets നു സാഹിത്യചരിത്രത്തില്‍ ഒരദ്വിതീയ സ്ഥാനം നല്‍കുന്നു. 1990കളില്‍ എഴുതപ്പെട്ടതെങ്കിലും 2013ല്‍ മാത്രമാണ് ഒരു വീഗര്‍ ഓണ്‍ലൈന്‍ ഫോറത്തിലൂടെ നോവല്‍ പരിമിതമായെങ്കിലും വായനക്കാരില്‍ എത്തിയത്. 2015ല്‍ പരിഭാഷ തയ്യാറായെങ്കിലും നോവലിസ്റ്റിന്റെയും സഹവിവര്‍ത്തകന്റെയും സുരക്ഷയെ മാനിച്ചു പിന്നെയും വൈകിയാണ് (2022) അമേരിക്കന്‍ പതിപ്പ് പ്രസിദ്ധീകരിക്കപ്പെട്ടത്.

വിവര്‍ത്തനം:

പേര് വെളിപ്പെടുത്താത്ത ഒരു വീഗര്‍ ചെറുപ്പക്കാരനോടൊപ്പം ചേര്‍ന്നു പുസ്തകം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത ഡാരന്‍ ബൈലര്‍, നോവലിന് എഴുതിയ ആമുഖത്തില്‍ എഴുത്തുകാരനെ നേരില്‍ കണ്ടതും മറ്റും വിവരിക്കുന്നുണ്ട്. കഷണ്ടി കയറിത്തുടങ്ങിയ ഒരു കുറിയ മനുഷ്യന്‍. ഉറുംചിയിലെ സമകാലിക വീഗര്‍ എഴുത്തുകാരില്‍ ഏറ്റവും സ്വാധീനമുള്ള ഒരാളാണ് ഇതെന്ന് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു എന്നു ഡാരന്‍ എഴുതുന്നു. വീഗര്‍ സാംസ്കാരിക പ്രമുഖര്‍ തമ്പടിച്ച ഒരു അപാര്‍ട്ട്മെന്റ് സമുച്ചയത്തിലെ ഇരുപത്തിയാറാം നിലയില്‍ അദ്ദേഹത്തെ കണ്ടുമുട്ടിയ ഘട്ടത്തില്‍, പരിചയപ്പെടാനിടയായ പലരും വൈകാതെ ക്യാമ്പുകളിലേക്ക് ‘അന്തര്‍ധാനം’ ചെയ്ത കാര്യവും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഗ്രാമങ്ങള്‍ വിട്ടു നഗരങ്ങളിലേക്ക് ചേക്കേറിയ വീഗറുകളെ കുറിച്ച് പഠിക്കാന്‍ തുടങ്ങുമ്പോള്‍‘ബാക്ക്സ്ട്രീറ്റ്’ വായിക്കാന്‍ സുഹൃത്തുക്കള്‍ ഉപദേശിച്ചതനുസരിച്ചാണ് ഡാരന്‍ അത് വായിച്ചത്. അക്കാര്യത്തില്‍ അദ്ദേഹത്തെ സഹായിച്ച ‘എ.എ.’ എന്ന് വിളിച്ച ചെറുപ്പക്കാരനാണ് പിന്നീട് അദ്ദേഹത്തിന്‍റെ സഹവിവര്‍ത്തകന്‍ ആയതും. “ഈ നോവല്‍ എനിക്കുവേണ്ടിയാണ് എഴുതപ്പെട്ടതെന്ന് എനിക്ക് തോന്നുന്നു” എന്ന് പറയാനും മാത്രം തന്മയീഭാവം എ.എ.ക്ക് അതിനോട് അനുഭവപ്പെട്ടിരുന്നു. ഡാരന്‍ കണ്ടുമുട്ടുന്ന ഓരോ വീഗര്‍ വ്യക്തിയും അതേ അനുഭവം പങ്കുവെച്ചു. ഈ അനുഭവങ്ങളാണ് ‘Terror Capitalism: Uyghur Dispossession and Masculinity in a Chinese City (2022)’ എന്ന പുസ്തകത്തിലേക്ക് നയിച്ചതെന്ന് ഡാരന്‍ കൂട്ടിച്ചേര്‍ക്കുന്നു. വിവര്‍ത്തന പദ്ധതിയില്‍ ആവേശ ഭരിതനായ പെര്‍ഹാതുമായുള്ള കൂടിക്കാഴ്ച്ചക്കിടെ നഗരത്തെ മൂടുന്ന മൂടല്‍മഞ്ഞ് ഒരു സര്‍വ്വവ്യാപിയായ കഥാപാത്രം തന്നെയായി മാറിയതെങ്ങനെ എന്നതിനെ കുറിച്ചു അദ്ദേഹം പറഞ്ഞത് ഡാരന്‍ ഓര്‍മ്മിക്കുന്നു. ഹാന്‍ വംശജര്‍, തുര്‍ക്കി മുസ്ലിം വംശജനായ മുഖ്യ കഥാപാത്രത്തെ പോലുള്ളവരെയും അവരുടെ ഭാഷയെയും സംസ്കാരത്തെയും മനുഷ്യരില്‍ താഴ്ന്നതായി കണ്ട, ഹിംസാത്മകത ഒളിപ്പിച്ചുവെച്ച ആ ശീതഭാവത്തെ അത് പ്രതീകവല്‍ക്കരിച്ചു.

നോവലിലേക്ക്:

ബീജിങ്ങില്‍ കോളേജ് പഠനത്തിനെത്തിയ ഒന്നാം തലമുറ വീഗര്‍ വിദ്യാര്‍ത്ഥികളില്‍ പെട്ടവന്‍ എന്ന നിലയിലും ഉറുംചിയില്‍ ഒരു ഓഫീസ് ജോലിക്കാരന്‍ എന്ന നിലയിലുമുള്ള അനുഭവങ്ങളാണ് പെര്‍ഹാതിനു നോവലിന്റെ ആധാരമായത്‌. കോളേജില്‍, പെര്‍ഹാതിനൊപ്പമുണ്ടായിരുന്ന അഞ്ചു വീഗര്‍ വിദ്യാര്‍ഥികള്‍ മാനസികമായി തകര്‍ന്നുപോയി. പെര്‍ഹാതിനു തന്നെ മാനസികവെല്ലുവിളികള്‍ നേരിടുന്ന ഘട്ടങ്ങളുണ്ടായി. കാമുവിന്‍റെ ‘പ്ലേഗ്’ ആവര്‍ത്തിച്ചു വായിച്ചതിനെ കുറിച്ചും ഓരോ വാക്കും അര്‍ത്ഥപൂര്‍ണ്ണമായി അനുഭവപ്പെട്ടതിനെ കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു.

The Backstreets ആരംഭിക്കുന്നത് “ശരിക്കും സൂര്യന്‍ ഒരിക്കലും ഉദിക്കാത്ത” ഉറുംചിയെ കുറിച്ചുള്ള ആഖ്യാതാവിന്റെ വിവരണത്തോടെയാണ്. കടുത്ത മ്ലാനതയുടെ അന്തരീക്ഷം വാച്യാര്‍ത്ഥത്തിലും ആലങ്കാരികമായും നോവലിലാകെ വ്യാപിച്ചു കിടപ്പുണ്ട്. നഗരത്തിനു മേലുള്ള സര്‍വ്വവ്യാപിയായ മൂടല്‍മഞ്ഞ് അതിന്റെ പ്രതീകമാണ്‌. “വീഗര്‍ പ്രദേശത്തിന്റെ തലസ്ഥാനമായ ഉറുംചിയെ ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളില്‍ ഒന്നാക്കിത്തീര്‍ക്കുന്ന വ്യാവസായിക മലിനീകരണത്തെ സൂചിപ്പിക്കുന്നതിന് “മൂടല്‍മഞ്ഞ്” എന്ന പദത്തെ ടുര്‍സുന്‍ ഉപയോഗിക്കുന്നു” എന്ന് വിവര്‍ത്തകന്‍ നിരീക്ഷിക്കുന്നു. “മൂടല്‍മഞ്ഞില്‍ മൂടിയ നഗരത്തിന്റെ ഇരുണ്ട അവസ്ഥഎന്റെ തലച്ചോറിന്റെ ഇരുണ്ട അവസ്ഥസിന്‍ജിയാങ് വീഗര്‍ സ്വയംഭരണപ്രദേശത്തെ (Xinjiang Uyghur Autonomous Region) എന്റെ ഐഡന്റിറ്റിയുടെ അവ്യക്താവസ്ഥ എന്നിവയെല്ലാം മുഴുവനായും ഒരേ പദാര്‍ത്ഥത്തിന്റെതായി കാണപ്പെട്ടുചിലസമയങ്ങളില്‍ അവ പരസ്പരം പ്രതിഫലിപ്പിക്കുന്നുചിലപ്പോള്‍ അവ പരസ്പരം ലയിക്കുന്നു” എന്ന് ആഖ്യാതാവ് നിരീക്ഷിക്കുന്നു.

പെര്‍ഹാതിന്റെ നോവലിലൂടെ സിന്‍ജിയാങ് അതിന്റെ സ്വന്തം ജെയിംസ് ജോയ്സിനെ സൃഷ്ടിക്കുന്നു എന്ന് വിവരിക്കപ്പെടുന്നു (2). ജോയ്സിന്റെ മോഡേണിസ്റ്റ് മാസ്റ്റര്‍പീസ് ‘യൂലിസസ്’ (James Joyce’s Ulysses) പോലെഒരൊറ്റ ദിവസത്തിന്റെ കാലയളവിലാണ് നോവല്‍ വികസിക്കുന്നത്. ലക്ഷണമൊത്ത ആന്റിഹീറോ ആഖ്യാതാവ് പാണ്ഡിത്യഭാവമുള്ളഅസ്ഥിരപ്രകൃതനായ വ്യക്തിത്വമാണ്. ഒരേസമയം അല്‍പ്പത്തം കാണിക്കുന്നവനും മഹാമാനസ്കനുംലൈംഗികദാരിദ്ര്യം അനുഭവിക്കുന്നവനും തൃഷ്ണയെ സ്വയം അടിച്ചമര്‍ത്തുന്നവനും. വിദ്യാസമ്പന്നനും അന്ധവിശ്വാസിയും. അക്കങ്ങളെ മിസ്റ്റിക് കോഡുകള്‍ ആയി കരുതുന്നവന്‍. ഒറ്റദിവസത്തെ കേന്ദ്രത്തില്‍ നിര്‍ത്തുമ്പോഴും, പേരുപറയുന്നില്ലാത്ത ആഖ്യാതാവിന്റെ സിന്‍ജിയാങ് കുട്ടിക്കാലവും ബീജിംഗ് കോളേജ് പഠനകാലവും കടന്നുവരുന്ന സമീപ/ വിദൂര ഭൂതകാലങ്ങളെ ആഖ്യാനം ഉള്‍കൊള്ളുന്നുമുണ്ട്. ഉറുംചിയിലെ ഒരു ഓഫീസില്‍ ജോലിയുള്ള അയാള്‍തികച്ചും വേരറ്റ അവസ്ഥയിലാണ്. ജോലി കരാറനുസരിച്ച് പ്രതീക്ഷിച്ച താമസസ്ഥലം ലഭിച്ചില്ല എന്നുമാത്രമല്ലഅയാളുടേത് പ്രൊബേഷന്‍ നിയമനവുമാണ്. പ്രൊബേഷന്‍ കാലഘട്ടത്തിന്റെ ഒടുവില്‍ ജീവിതം തന്നെയും തീര്‍ന്നുപോയേക്കാം എന്നാണ് അയാളുടെ ചിന്ത. ഓഫീസിന്റെ താക്കോല്‍ കൈവശമില്ലാത്തതുകൊണ്ട്‌ എല്ലാ പ്രഭാതങ്ങളിലും മറ്റാരെങ്കിലുമെത്തി അത് തുറക്കുംവരെ അയാള്‍ക്കു കാത്തുനിന്നേ ഒക്കൂ. അയാളുടെ സഹപ്രവര്‍ത്തകരെല്ലാം ഹാന്‍ വംശജരാണെന്ന് വ്യക്തമാണ്. അവരുടെ മൂകമായ ഭീഷണ ഭാവങ്ങളില്‍ അധ:കൃതനോടും അയാളുടെ മുറിചൈനീസിനോടുമുള്ള പുച്ഛവും വിവേചനവും പ്രകടമാണ്. എങ്കിലുംതന്റെ സ്ഥാവര-ജംഗമങ്ങളെല്ലാം ഓഫീസിലെ ഒരു മേശ വലിപ്പിലാണുള്ളത് എന്നതുകൊണ്ട്‌ ഒരു അദൃശ്യ ചരടിലെന്നോണം അതെപ്പോഴും അയാളെ തിരികെ കൊണ്ടുവരുന്നു. ആഖ്യാതാവിന്റെ നങ്കൂരമില്ലായ്മയെ ഊന്നിപ്പറയും വിധത്തില്‍ അയാളെപ്പോഴും അലച്ചിലിലാണ്.

“എനിക്ക് പെട്ടെന്ന് മനസ്സിലായിഞാനെത്രതന്നെ ശ്രമിച്ചാലുംഎന്റെയിടം എവിടെയായിരുന്നെന്ന്ഞാനെവിടെയായിരുന്നെന്ന്ഞാന്‍ അലയുന്നത് ഏതു തെരുവിലായിരുന്നെന്ന് എനിക്ക് കണ്ടെത്താനാവില്ല. ഇതുമാത്രമല്ലഞാനേതു നഗരത്തിലായിരുന്നു എന്നും ശരിക്കും എനിക്കറിയില്ലായിരുന്നു. എന്റെ ചിന്തകളുടെ വ്യക്തത മങ്ങിപ്പോയിഎനിക്ക് ഇടത്തെ സംബന്ധിച്ച ധാരണ നഷ്ടപ്പെട്ടു. ഏതു രാജ്യത്തിലായിരുന്നു ഞാന്‍പതിയെ എനിക്ക് മനസ്സിലായിത്തുടങ്ങിഞാനേതു ഗൃഹത്തിലായിരുന്നു എന്ന് എനിക്കറിയില്ലായിരുന്നെന്ന്. ഞാന്‍ അനന്തമായ പ്രപഞ്ചത്തില്‍ നഷ്ടപ്പെട്ടു.”  

ആഖ്യാതാവ് കണ്ടെത്തുന്ന മറ്റൊരു നങ്കൂരം അക്കങ്ങളാണ്‌. ഗണിതത്തില്‍ ബിരുദം നേടിയ അയാള്‍ക്ക് അതൊരു ബാധ പോലെയാണ്. “അക്കങ്ങള്‍ പ്രപഞ്ചത്തിനു മാത്രമല്ല അടിസ്ഥാനപരമാം വിധം പ്രസക്തമായിരുന്നത്എനിക്കും അവ അടിസ്ഥാനപരമായ പ്രസക്തിയുള്ളതായിരുന്നു.” പാറിനടക്കുന്ന തുണ്ടുകടലാസുകളില്‍ മുതല്‍ വീടുകളിലും മുറികളിലുമെല്ലാം അയാള്‍ അവ തിരയുന്നുഅത് അയാള്‍ക്ക് പ്രത്യേകിച്ചൊരു അസ്തിത്വ അര്‍ത്ഥവും നല്കുന്നില്ലെങ്കിലും. അത്തരമൊരു അക്കം തനിക്കൊരു ചേക്കയിടം വാഗ്ദാനം ചെയ്യുന്നു എന്ന അടിസ്ഥാനരഹിതമായ സൂചന പിന്തുടരുന്ന ആഖ്യാതാവിന്റെ ശ്രമം നിരാശയില്‍ ഒടുങ്ങാതെ വയ്യ. അയാളുടെ ഭവനരാഹിത്യം ഒരേസമയം യഥാര്‍ത്ഥവും പ്രതീകാത്മകവുമാണ് എന്നതും വ്യക്തമാണ്‌. തെരുവുകളില്‍ അയാള്‍ക്ക് വഴികണ്ടെത്താനാകാത്തത് പ്രദേശത്തു സംഭവിച്ച അതിദ്രുത പരിണാമത്തിന്റെ സൂചകവുമാണ് (Ed Park). തൊണ്ണൂറുകളില്‍ ഒന്നര മില്ല്യന്‍ ജനസഖ്യയുണ്ടായിരുന്ന ഉറുംചിയില്‍ ഇന്ന് നാല് മില്ല്യനിലേറെ ജനസംഖ്യയുണ്ട്.    

ഭൂതകാലത്തിലെ നിര്‍ണ്ണായക ഘട്ടങ്ങളും അയാള്‍ക്ക് ആവശ്യമായ ചുവടുറപ്പിക്കാനുള്ള ഇടം നല്‍കിയിട്ടില്ല. കുട്ടിക്കാലം ഒട്ടും സന്തുഷ്ടമയിരുന്നില്ലകുടുംബം ഒരു സ്ഥിരതയും നല്‍കിയില്ല. അഞ്ചുവര്‍ഷത്തെ ബീജിംഗ് പഠനകാലവും അയാളുടെ എകാന്തതക്ക്‌ പരിഹാരമായില്ല. തന്നെപ്പോലെ പീഡിതരും ചഞ്ചല മനസ്കരുമായ വീഗര്‍ സഹപാഠികളോടല്ലാതെ അയാള്‍ക്ക് മനസ്സു തുറക്കാനുമായില്ല. “ആ വലിയ നഗരത്തില്‍ആ പന്ത്രണ്ടു സഹപാഠികള്‍ മാത്രമാണ് എന്റെ ജീവിതത്തില്‍ നിലനിന്നത്. അവരെ മാറ്റിനിര്‍ത്തിയാല്‍നഗരത്തിലെ പത്തു മില്ല്യന്‍ മനുഷ്യര്‍ എന്നെ സംബന്ധിച്ചു നിലനില്‍ക്കുന്നില്ല എന്നപോലെയായിരുന്നു. ആ പന്ത്രണ്ടു വിദ്യാര്‍ഥികളോടൊപ്പമുള്ള എന്റെ ജീവിതം സത്യത്തില്‍ എന്റെ ചെറിയ ഗ്രാമത്തിലെ ജീവിതത്തെക്കാള്‍ ചെറുതായിരുന്നു.”

ഉറുംചിയില്‍ അയാള്‍ കൂടുതല്‍ ഒറ്റപ്പെടുന്നു. അര ഡസനിലേറെ തവണ ആവര്‍ത്തിക്കപ്പെടുന്ന ഈ അനുഭവ വിവരണം ഒരേസമയം ഓര്‍മ്മപ്പെടുത്തലും ഒഴികഴിവും വിശദീകരണവും ആയിത്തീരുന്നു എന്ന് നിരീക്ഷിക്കപ്പെടുന്നു *(3).  “ഈ അപരിചിത നഗരത്തില്‍ എനിക്കാരെയും അറിയില്ല, അതുകൊണ്ട് എനിക്കാരുടെയെങ്കിലും ശത്രുവോ മിത്രമോ ആകുക അസാധ്യമാണ്.” എന്നാല്‍ ആരും ശത്രുക്കളില്ല എന്ന തോന്നല്‍ അത്ര ഭദ്രമല്ല അയാള്‍ക്ക്. കണ്ടുമുട്ടുന്നവരിലെല്ലാം മനം മടുപ്പിക്കുന്ന അവഗണനയുടെപലപ്പോഴും ഹിംസാത്മകമായേക്കാവുന്ന വെറുപ്പിന്റെ മുഖഭാവങ്ങള്‍ അയാളുടെ ഐഡന്റിറ്റിയെ ലക്ഷ്യമാക്കി പ്രകടമാകുന്നുണ്ട്. അയാളെ തീര്‍ത്തും അവഗണിക്കുന്നവരാണ് ഏറ്റവും ദയലുക്കളായ അപരിചിതര്‍ എന്നയാള്‍ക്ക് അനുഭവപ്പെടുന്നു. വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് സംഭാവന ചെയ്യാന്‍ വിസമ്മതിക്കുന്നതിനു അയാളെ വിമര്‍ശിക്കുന്ന സഹപ്രവര്‍ത്തകയോട് അയാള്‍ വ്യക്തമാക്കുന്നു: “..എന്റെ അവസ്ഥ വെള്ളപ്പൊക്കം കൊണ്ട് വീടുകള്‍ നശിപ്പിക്കപ്പെട്ടവരുടെതിനേക്കാള്‍ മോശമായിരുന്നു. കാരണം അശനിപാതത്തില്‍ നശിക്കാന്‍ എനിക്കൊരു വീടേ ഉണ്ടായിരുന്നില്ല. അത് കേട്ടപ്പോള്‍ അവര്‍ക്കെന്റെ മനുഷ്യത്വമില്ലായ്മയില്‍ കൂടുതല്‍ കോപം തോന്നി... എന്നെ ന്യായീകരിക്കാന്‍ ഞാനുപയോഗിച്ച ഓരോ വാക്കും എന്നെ കൂടുതല്‍ കുറ്റക്കാരനാക്കി.”

അടിച്ചമര്‍ത്തപ്പെട്ടവരുടെ ഭൂതകാല ട്രോമകള്‍ക്കും വര്‍ത്തമാന കാല അവമതികള്‍ക്കും വേഗതയാര്‍ന്ന ബോധധാരാ രീതിയില്‍, അധ്യായ വിഭജനങ്ങളില്ലാതെ ആവിഷ്കാരം നല്‍കുകയാണ് നോവല്‍ ചെയ്യുന്നത്. ഉടനീളം വിവരിക്കപ്പെടുന്ന മൂടല്‍മഞ്ഞ് നഗരത്തിലെ വാഹനങ്ങളുടെ ശബ്ദഘോഷങ്ങളും വെളിച്ച പ്രസരണങ്ങളും ചേര്‍ന്നു ശ്വാസംമുട്ടിക്കുന്ന (claustrophobic) അവസ്ഥ സൃഷ്ടിക്കുന്നുണ്ടെങ്കിലും ടുര്‍സുന്റെ വിവരണത്തില്‍ ത്രസിപ്പിക്കുന്ന ഗദ്യമായി പരിണമിക്കുന്നു. ഒരു ഘട്ടത്തില്‍ ഒരപരിചിതന്‍ ചുണ്ടില്‍ വീഗര്‍ നാടന്‍ ശീലുകളുമായി “ഒരു ചത്ത മത്സ്യം ജലോപരിതലത്തിലെത്തും പോലെ” മൂടല്‍മഞ്ഞില്‍ നിന്നു പുറത്തുവരുന്നതായി നോവലിസ്റ്റ് വിവരിക്കുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ അതൊരു സാമ്പ്രദായിക നോവല്‍ എന്നതിലേറെ ഒരു വിലാപകാവ്യമായി (threnody) അനുഭവപ്പെടുന്നു (Ed Park). “ഈ അപരിചിത നഗരത്തില്‍ എനിക്കാരെയും അറിയില്ലഅതുകൊണ്ട് എനിക്കാരുടെയെങ്കിലും ശത്രുവോ മിത്രമോ ആകുക അസാധ്യമാണ്” എന്ന വാക്യം വായ്ത്താരി (refrain) പോലെ അതില്‍ ആവര്‍ത്തിക്കുന്നു. 

അസ്വസ്ഥമായ പുസ്തകം’ (a restless book ) എന്ന് വിവരിക്കപ്പെട്ടിട്ടുള്ള നോവലില്‍ വ്യത്യസ്ത ജോനറുകളുടെ പ്രകൃതങ്ങള്‍ ഇടകലരുന്നു. “ചില പേജുകളില്‍ ജോലിസ്ഥലത്തെ ഇരുണ്ട കോമഡി നിറഞ്ഞുനില്‍ക്കുന്നുമറ്റു ചിലഭാഗങ്ങളില്‍ കസുവോ ഇഷിഗുരോയുടെ The Unconsoled, സ്റ്റാന്‍ലി കുബ്രിക് ചിത്രം Eyes Wide Shut എന്നിവയെ ഓര്‍മ്മിപ്പിക്കുന്ന  സ്മൃതിനാശത്തിന്റെയോ ഉന്മാദത്തിന്റെയോ സ്വനാത്മക രചനപോലെ” അനുഭവപ്പെടുന്ന നോവലില്‍ നബകൊവ്ഫോക്നര്‍റാല്‍ഫ് എല്ലിസന്‍ തുടങ്ങിയവരുടെ സ്വാധീനവും കാണാനാകും (Ed Park).    

 

References:

1.       Darren Byler. ‘Introduction’, The Backstreets by Perhat Tursun translated by Darren Tursun and Anonymous, 2022, Columbia University Press.

2.       Ed Park, ‘Xinjiang Has Produced Its James Joyce’, The Atlantic, 21.09.2022. https://www.theatlantic.com/books/archive/2022/09/the-backstreets-book-perhat-tursun-uyghur-writer/671494/. Accessed 25.04.2023

3.       M.A.Orthofer. 14 August 2022, The complete review's Review, https://www.complete-review.com/reviews/china/tursunp.htm. Accessed 25.04.2023

reread more:

Memed, My Hawk by Yaşar Kemal

https://alittlesomethings.blogspot.com/2024/08/memed-my-hawk-by-yasar-kemal.html

Zin by Haritha Savithri (English)

https://alittlesomethings.blogspot.com/2024/04/zin-what-kurd-tragedy-tells-us.html

Zin by Haritha Savithri (Malayalam)

https://alittlesomethings.blogspot.com/2024/06/zin-by-haritha-savithri-malayalam.html

Daughters of Smoke and Fire by Ava Homa

https://alittlesomethings.blogspot.com/2024/08/daughters-of-smoke-and-fire-by-ava-homa.html

Ummath: A Novel of Community and Conflict by Sharmila Seyyid /Gita Subramanian

https://alittlesomethings.blogspot.com/2024/08/ummath-novel-of-community-and-conflict.html


Wednesday, September 25, 2024

Night Boat to Tangier by Kevin Barry

രാപ്പാതിയിലെ ആത്മയാനങ്ങള്‍




(ഐറിഷ് നോവലിസ്റ്റ് കെവിന്‍ ബാരിയുടെ ബുക്കര്‍ നോമിനേഷന്‍ നേടിയ The Night Boat to Tangiers’ ബെക്കറ്റിയന്‍ കാത്തിരിപ്പു സാഹചര്യത്തെ ഭൂതകാലത്തിന്റെ വിചാരണ നേരിടുന്ന കുറ്റവാളികളുടെ സങ്കീര്‍ണ്ണ മനോനില അനാവരണം ചെയ്യാനുള്ള രൂപകമാക്കുന്നു.)

അതിവിദൂരമല്ലാത്ത ഒരു ഭാവികാലത്തില്‍ അഥവാ നാലു പതിറ്റാണ്ടിനപ്പുറം നിലയുറപ്പിച്ച ബൊഹാനെ എന്ന സാങ്കല്‍പ്പിക ഐറിഷ് നഗരം പരസ്പരം കൊമ്പു കോര്‍ക്കുന്ന മാഫിയാ സംഘങ്ങളുടെയും ഗോത്രസംഘര്‍ഷങ്ങളുടെ പശ്ചാത്ഗമന ഭാവത്തില്‍  പെരുകുന്ന കുറ്റകൃത്യങ്ങളുടെയും പശ്ചാത്തലത്തില്‍ ശിഥിലമാകുന്ന കഥ പറയുന്ന City of Bohane (2011) എന്ന നോവലുമായാണ് കെവിന്‍ ബാരിയെന്ന ഐറിഷ് നോവലിസ്റ്റ് സാഹിത്യ ലോകത്തില്‍ തന്റെ വരവറിയിച്ചത്. പ്രഥമ നോവലിനുള്ള കോസ്റ്റാ ബുക്ക് അവാര്‍ഡ് കരസ്ഥമാക്കിയ പുസ്തകം ദാര്‍ശനികനും ഐറിഷ് കാവ്യ പാരമ്പര്യത്തിന്റെ ഈടുവെപ്പുകള്‍ സാന്ദ്രമായി ലയിപ്പിച്ച ശൈലിയുടെ ഉടമയുമായ ഒരെഴുത്തുകാരന്‍ എന്ന നിലയില്‍ അദ്ദേഹത്തെ വായനാ ലോകത്തിനു പ്രിയങ്കരനാക്കി. 2019ലെ ബുക്കര്‍ പുരസ്കാരത്തിന് പ്രഥമ പട്ടികയില്‍ ഇടം പിടിച്ച ‘The Night Boat to Tangiers’ കറുത്ത ഹാസ്യത്തിന്റെയും നോയര്‍ ഫിക് ഷന്‍ പാത്ര സ്വഭാവമുള്ള വെറ്ററന്‍ കുറ്റവാളികളുടെ വികാര രഹിതമായ (hardboiled) ഭാഷണ രീതിയുടെയും പ്രകൃതത്തെ ബാരിയുടെ സ്വത സിദ്ധമായ കാവ്യാത്മക സാന്ദ്രതയോട് ലയിപ്പിക്കുന്ന ശൈലിയില്‍ ഏതാണ്ടൊരു Waiting for Godot പരിസരം സൃഷ്ടിക്കുന്നു; ഒപ്പം ഒരു ക്വെന്റിന്‍ ടറന്റിനോ സൈക്കോ ത്രില്ലറിന്റെയും. ഡബ്ലിന്‍ ആബി തിയേറ്ററിനു വേണ്ടിയുള്ള ഒരു സ്ക്രീന്‍ പ്ലേ എന്ന നിലയിലാണ് കൃതിയുടെ പ്രോജക്റ്റ് ആരംഭിച്ചത് എന്നത് കൗതുകകരമായ ഒരു നുറുങ്ങായി കാണാം. City of Bohane യുടെ പിന്‍കുറിപ്പില്‍ തന്റെ മേലുള്ള സ്വാധീനങ്ങളായി ജെയിംസ് ജോയ്സ്ആന്തണി ബര്‍ജസ്കൊര്‍മാക് മക്കാര്‍ത്തി എന്നിവരോടൊപ്പം HBOയുടെ Deadwood (TV series) കൂടി ബാരി എടുത്തു പറഞ്ഞത് ജെയിംസ് ലസ്ദൂന്‍ ചൂണ്ടിക്കാണിക്കുന്നു *(1). 

അകാലത്തില്‍ പ്രായം കടന്ന മോറിസ് ഹേര്‍നിചാര്‍ലി റെഡ്മണ്ട് എന്നീ പഴയ മയക്കു മരുന്നു കടത്തുകാര്‍ രാത്രിബോട്ടുകള്‍ നങ്കൂരമിടുകയും യാത്ര തിരിക്കുകയും ചെയ്യുന്ന ദക്ഷിണ സ്പെയിനിലെ അല്‍ജസീറ തുറമുഖത്ത് ഏതാണ്ടൊരു ‘വ്ലാദിമിര്‍ - ഈസ്ട്രഗന്‍’ സാഹചര്യത്തിലാണ്. 2018 ഒക്റ്റോബറില്‍ ഒരു രാവ്. അവര്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി കണ്ടിട്ടേയില്ലാത്ത മോറിസിന്റെ  (ഉറപ്പില്ലഇരുപത്തിമൂന്നുകാരിയായ മകള്‍ ഡില്ലി (അതോഡില്‍ എന്നോ?) അടുത്ത ഇരുപത്തിനാലു മണിക്കൂറിനകം ടാന്‍ജിയറില്‍ നിന്നുള്ള ബോട്ടില്‍ വന്നേക്കാന്‍ സാധ്യതയുണ്ട്അല്ലെങ്കില്‍ അങ്ങോട്ട്‌ പോകുന്ന ഒരു ബോട്ടില്‍ കേറാനായാവും അവള്‍ വരികയെന്നുമുണ്ട്. “ഇപ്പോള്‍ അല്‍ജസീറാസ് പോര്‍ട്ടില്‍ മണിക്കൂറുകള്‍ ഓരോന്നും അടുത്തതിലേക്ക് സംക്രമിക്കുന്നു. പ്രതാപം ക്ഷയിച്ചു വരുന്ന രണ്ടു ഐറിഷ് ഗാങ്സ്റ്റര്‍മാര്‍ക്കും നീണ്ട കാത്തിരിപ്പ് തുടരുന്നു,” എന്ന് നോവലിസ്റ്റ് എഴുതുന്നു. പ്രതാപകാലം പിന്നിട്ട അത്തരം ഏതു കഥാപാത്രങ്ങള്‍ക്കുമെന്ന പോലെ ഇരുവര്‍ക്കും ജീവിതമെന്നത്‌ ഓര്‍മ്മകളുടെ അനുസ്യൂതിയാണ്. കാത്തിരിപ്പിന്റെ വിരസതയിലേക്ക്‌ ഇരുവരും ഓര്‍മ്മകളുടെ വിചിത്ര ഭാണ്ഡങ്ങള്‍ തുറന്നു തുടങ്ങുന്നു. ഓര്‍മ്മകളുടെ കലപില ഇടയ്ക്കു സന്തപ്ത വിലാപ സ്വരത്തിലേക്കും കോര്‍ക്ക്ബാര്‍സലോണമാലാഗലണ്ടന്‍കാഡിസ് തുടങ്ങിയ ദേശാന്തരങ്ങളിലേക്കും കടക്കുന്നു. സംഭാഷണങ്ങള്‍ ബെക്കറ്റിയന്‍ രീതിയെ ഓര്‍മ്മിപ്പിക്കുന്നത് കാത്തിരിപ്പിന്റെ ശൂന്യത നിറയ്ക്കുകയെന്ന അവയുടെ ധര്‍മ്മത്തില്‍ മാത്രമല്ലഇരുവര്‍ക്കും ഇരുവരുടെയും ഭൂതകാലത്തെ കുറിച്ച് കൃത്യമായും അറിയാമെന്നതും അതുകൊണ്ടുതന്നെ ഓര്‍മ്മ ഒരു ഉഭയ പ്രക്രിയയായിത്തീരുന്നു എന്നതും സൃഷ്ടിക്കുന്ന, ഇടയ്ക്കിടെ മൌനത്തിലേക്ക്‌ മുറിയുന്ന പ്രക്രിയയായി ഇതു മാറുന്നത് കൊണ്ടുകൂടിയാണ്. തുറന്നു പറയുന്നതിലേറെ ഇരുവര്‍ക്കും അറിയാംവാചികമായി പറയപ്പെടുകയെന്നതും കൂടുതല്‍ അസ്വാസ്ഥ്യകാരണമാകാം. എന്നാല്‍ നോവലിന്റെ പ്രഥമ പാരായണം നല്‍കാനിടയുള്ള പുരുഷലോക വീര്യത്തിന്റെ (the macho) നാട്യത്തിനപ്പുറം ദൈന്യവും ‘പെട്ടുപയ’ അവസ്ഥയും തഴക്കം ചെന്ന കുറ്റവാളികളുടെയും ജീവിത പുരോഭാങ്ങളില്‍ ഉണ്ടെന്നു പതിയെ വ്യക്തമാകും.

രാവു മുഴുവന്‍ തുറന്നിരിക്കുന്ന ‘ജൂഡാസ് ഇസ്കാരിയറ്റ് ക്ലബ്’ പോലുള്ള മദ്യശാലകളും രതിമേളകളും മനോവിഭ്രാന്തിയുടെ ചികിത്സാലയങ്ങളും അവരുടെ ജീവിത പുരോഭാഗത്തുണ്ട്. അയര്‍ലണ്ടിന്റെ ദരിദ്രവും ഹിംസാത്മകവുമായ ഭൂതകാലത്തിന്റെ മോചനമില്ലാത്ത വര്‍ത്തുളാഖ്യാനങ്ങള്‍ നിറഞ്ഞ നഗര ചിത്രങ്ങള്‍ ഫിസ്റ്റന്‍ എംവാന്‍സാ മുജീലയുടെ കോംഗോ ചിത്രത്തെ (Tram-’83) യെ ഓര്‍മ്മിപ്പിക്കുന്നു. വിമോചന സാധ്യതകള്‍ ഒന്നുമില്ലാത്ത ഒരു ദൂഷിത വലയം പോലെ അനുഭവപ്പെടുന്ന അന്തരീക്ഷം അയര്‍ലണ്ട് യാഥാര്‍ത്ഥ്യം തന്നെയാണ്. അവയില്‍ എല്ലാമുണ്ട് – രതിയും മദ്യവും മയക്കുമരുന്നും. കുറ്റകൃത്യങ്ങളും കുടിപ്പകകകളും. ഇരുള്‍ വഴികളിലെ നിധിവേട്ടകളും അധികാര പരിധികള്‍ക്കായുള്ള രക്താഭിഷേകങ്ങളും. പ്രണയവും പ്രണയ നഷ്ടങ്ങളും. പണം പെരുപ്പിക്കാനുള്ള ചൂതാട്ടങ്ങളും ഭാഗ്യദോഷങ്ങളുടെ പെരുമഴകളും. നിധികുംഭം തേടിയുള്ള തുരന്നുപോക്കില്‍ പ്രകോപിതരാകുന്ന ദുര്‍ദ്ദേവതമാരുടെ ഐറിഷ് പുരാണ സാന്നിധ്യങ്ങള്‍ പോലും ഇവിടെയുണ്ട്. അവര്‍ ഹിംസയില്‍ ആറാടിയിട്ടുണ്ട്മോറിസിന്റെ ഒരു കണ്ണും ചാര്‍ളിയുടെ ഒരു കാലും അത്തരം വയലന്‍സിന്റെ വിലയായി കൊടുത്തത് തന്നെയാണെന്ന് വ്യക്തമാണ്എല്ലാത്തിനും പുറമേഇനിയും ആവശ്യമെങ്കില്‍ അതിനൊന്നും മടിക്കുന്നവരുമല്ല ഇരുവരും. എന്നാലിപ്പോള്‍ “വര്‍ഷങ്ങള്‍ വേലിയേറ്റം പോലെ മറിഞ്ഞു പോകുന്നു. അവരുടെ മുഖങ്ങളില്‍, താടയിലെ വരകളില്‍അവരുടെ കലുഷമായ വായകളില്‍ പഴയ ദിനാന്തരീക്ഷമുണ്ട്. എന്നാല്‍ ഇപ്പോഴും ഒരു ഗുണ്ടാ ഭാവം നിലനിര്‍ത്തുന്നുണ്ട്- തികച്ചും കഷ്ടിച്ച്.” മോറിസിന് തന്റെ ജീവിതത്തിലെ ഏക യഥാര്‍ത്ഥ പ്രണയമായിരുന്നഡില്ലിയുടെ അമ്മ സിന്തിയെയും, മകളെ തന്നെയും നഷ്ടമായതെങ്ങനെ എന്ന ചോദ്യത്തെ ഇത്തരം സൂചകങ്ങളിലൂടെയാണ് നോവലിസ്റ്റ് നേരിടുന്നത്. സിന്തിയ, ചാര്‍ലിയുടെ ഭാര്യയായിരുന്നു എന്നത് ഇരുവരെയും ദുരൂഹമായ ഏതോ ഒരു രീതിയില്‍ ഒരുമിപ്പിക്കുന്നുമുണ്ട്. എലിയറ്റിന്റെ ‘തരിശു ഭൂമി’യിലെ അന്തേവാസികളെ ഇങ്ങിനി വരാത്ത വസന്തസ്മൃതികള്‍ പീഡിപ്പിക്കുന്നത് പോലെ ഇപ്പോള്‍ സിന്തിയയാണ്   ഓര്‍മ്മകളിലും  ദുസ്വപ്നങ്ങളിലും ഒരുപോലെ അയാളെ പീഡിപ്പിക്കുന്നത്. താനൊരിക്കലും അവള്‍ക്കു ചേര്‍ന്നവനായിരുന്നില്ലെന്നു തിരിച്ചറിയുമ്പോഴും പ്രണയം അയാളെ വിട്ടുപോയിരുന്നതേയില്ലല്ലോ. മകള്‍ പോലും അയാളെ ഉപേക്ഷിച്ചു പോകാനിടയായ സാഹചര്യങ്ങള്‍ മനസ്സിലായിത്തുടങ്ങുമ്പോള്‍ ഇരുവര്‍ക്കും നേരെയുള്ള വായനക്കാരുടെ നിലപാട് സങ്കീര്‍ണ്ണമാവുന്നുണ്ട്. ഇരുവരുടെയും വ്യക്തിത്വങ്ങളിലെ മൃദുല ഭാവങ്ങളിലേക്ക് കൂടി നോവല്‍ സൂചകങ്ങള്‍ നല്‍കിത്തുടങ്ങുമ്പോഴാണ്‌ ഹിംസയുടെ പ്രയോക്താക്കളെയും വിധികല്‍പ്പിക്കുക അത്ര എളുപ്പമല്ലെന്ന വലിയ ദര്‍ശനത്തിലേക്ക് നാം എത്തിത്തുടങ്ങുന്നത്: “അയാള്‍ തന്റെ കുറ്റകൃത്യങ്ങളും അത്യാചാരങ്ങളും കൊണ്ട് ഭൂതാവിഷ്ടനായിരുന്നു എന്ന് മാത്രമല്ല – അയാള്‍ അതിന്റെയൊക്കെ ഒരു ഭയങ്കര സംഘാതം കൂടിയായിരുന്നു” എന്ന നോവല്‍ നിരീക്ഷണം ഇരു കഥാപാത്രങ്ങള്‍ക്കും ഒരു പോലെ ബാധകമാണ്.   

ചാര്‍ലിയും മോറിസും കാത്തിരിക്കുന്ന തുറമുഖത്തിന് ശരിക്കുമൊരു ‘പരേതാത്മാക്കളുടെ ശുദ്ധീകരണ സ്ഥലിയുടെ (purgatory) സമാനതയുണ്ടെന്നും ഇരുവരും അതു ശരിക്കും അര്‍ഹിക്കുന്നുവെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് *(2). ആത്മാക്കളുടെ അധോലോകത്തിലേക്കുള്ള നദീയാനം (Hades) തുടങ്ങുന്ന ബിന്ദുവായി ഇവിടം മാറുന്നു. “ഒരു സമയം വരാനുണ്ട്നിങ്ങള്‍ക്ക് നിങ്ങളുടെ തന്നെ പ്രേതങ്ങള്‍ക്കിടയില്‍ കഴിയേണ്ടി വരുന്നതിന്റെ” എന്ന് നോവല്‍ നിരീക്ഷിക്കുന്നത് ഭൂതകാലത്തിന്റെ വിചാരണയും ദണ്ഡവിമോചനവും കാത്തിരിക്കുന്ന ആത്മാവിന്റെ കൂടി അവസ്ഥയെ സൂചിപ്പിക്കുന്നു. ആ അര്‍ഥത്തില്‍ വിചിത്രമായ പ്രേതകഥ കൂടിയായി മാറുന്നുമുണ്ട് നോവല്‍. ഇപ്പോള്‍ മകളുടെ പടം പതിച്ച പോസ്റ്ററുമായി കാത്തിരിക്കുന്ന രണ്ടുപേരും ദൈന്യവും അവശതയും പങ്കുവെക്കുന്നുണ്ടെങ്കിലും ഏറെയുണ്ട് ഇരുവര്‍ക്കും ശുദ്ധീകരിക്കപ്പെടാന്‍ എന്നതാണ് ഈ മിത്തിക്കല്‍ ആലിഗറിയുടെ സാംഗത്യം. അമ്മയുടെ മരണത്തെ തുടര്‍ന്ന് അയര്‍ലണ്ട് വിട്ടോടിപ്പോയ ഡില്ലി തന്നെപ്പോലുള്ള യുവ ലോകസഞ്ചാരികളോടൊപ്പം സ്പെയിനിനും വടക്കന്‍ ആഫ്രിക്കന്‍ പ്രദേശങ്ങള്‍ക്കും ഇടയില്‍ അപകടകരമായ യാത്രകളില്‍ ഏര്‍പ്പെട്ടു. ഡില്ലിയെ കുറിച്ചു വിവരങ്ങള്‍ ശേഖരിക്കുന്നതു പോലും തങ്ങളുടെ ഭീഷണ രീതികള്‍ കൊണ്ട് തന്നെയാണ് എന്നത്, പ്രകടമായ ദൈന്യങ്ങള്‍ക്കിടയിലും അവരോടു സഹതപിക്കുകന്നതിനെ പ്രശ്നവല്‍ക്കരിക്കുന്നുണ്ട്. കാലത്തില്‍ തടവിലായിപ്പോയ മോറിസിനെയും ചാര്‍ലിയെയും കണ്ണില്‍ നോക്കി കടന്നു പോകാന്‍ ഡില്ലിക്ക് കഴിയുന്നത്‌ അവരുടെ കയ്യിലെ ഫോട്ടോയില്‍ ഉള്ളതില്‍ നിന്ന് വ്യത്യസ്തമായി അവള്‍ വേഷം മാറിയത് കൊണ്ട് മാത്രമല്ലഅവര്‍ക്കു തിരിച്ചറിയാനാവാത്ത മറ്റൊരു കാലത്തെയാണ് അവള്‍ പ്രതിനിധാനം ചെയ്യുന്നത് എന്നത് കൊണ്ടു കൂടിയാണ്. ഒരു ഞൊടി പാരസ്പര്യത്തിനപ്പുറം അവര്‍ക്കിടയില്‍ ഒന്നുമില്ലഇടത്തിലും കാലത്തിലും. ഡില്ലിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് ആ അര്‍ത്ഥത്തില്‍ ഇരുവര്‍ക്കും ഭൂതകാലത്തിന്റെ മുഖാമുഖത്തിനും വിചാരണക്കും ഓര്‍മ്മിച്ചെടുക്കലിനുംഅതിന്റെ തുടര്‍ച്ചയെന്നോണംവിസ്മൃതിയെ ആവാഹിക്കുന്നതിനും ഉള്ള സന്ദര്‍ഭം മാത്രമാണ്. 

നോവലിന്റെ പ്രാരംഭ സാഹചര്യം വ്യക്തമായും സൂചിപ്പിക്കുന്ന ബെക്കറ്റിയന്‍ (സാമുവേല്‍ ബെക്കറ്റ്) നാടകങ്ങളിലെ പാത്രദ്വയങ്ങളെ പോലെ തുറിച്ചു നോക്കുന്ന പ്രതീക്ഷാരാഹിത്യത്തിലും കൂട്ടുവിടാത്ത സൗഹൃദം ഇരുവര്‍ക്കും തുണയാകുന്നുണ്ട്. എന്നാല്‍മുഖ്യ കഥാപാത്രങ്ങളുടെ സുവ്യക്തമായ ക്രിമിനല്‍ പശ്ചാത്തലം സൃഷ്ടിക്കുന്ന ക്രൈം നോവല്‍ അന്തരീക്ഷം മറ്റൊരു കാലത്തിന്റെതാണ്. വമ്പന്‍ കുറ്റകൃത്യങ്ങളുടെ സ്പഷ്ടമായ വിവരണവും അതിന്റെ ഫലമായുണ്ടാകുന്ന നാശവും കൊടും ഭീഷണിയും ഭ്രാന്തന്‍ പ്രതികരണങ്ങളും നോവലില്‍ ഇടം പിടിക്കുന്നു. അതെല്ലായിപ്പോഴും മനുഷ്യന്റെ ആത്മസത്തയെ ബാധിക്കുന്നു എന്നിടത്താണ് മുന്‍സൂചിതമായ ‘ശുദ്ധീകരണ പ്രക്രിയ’ അനിവാര്യമാകുന്നത്. എന്നാല്‍ ഒരു ദൈന്യവും ഒരു തരം മോക്ഷത്തിന്റെയും സാധ്യത അവരുടെ മുന്നില്‍ തുറന്നുവെക്കാനിടയില്ലെന്നു തോന്നിക്കുന്ന വെളിപ്പെടുത്തലുകള്‍ നോവല്‍ കാത്തുവെക്കുന്നുണ്ട്; ആരെപ്പേടിച്ചാണ് ഒരു യുവതി നിരന്തര പാലായനം നടത്തുന്നത്; എന്തുകൊണ്ടാണ് ചാര്‍ലിക്കും ആ പുന:സമാഗമം തുല്യ പ്രധാനമാകുന്നത് എന്നതുള്‍പ്പടെ. നോവലിന്റെ വായനയില്‍ മനശാസ്ത്രപരമോധാര്‍മ്മികത സംബന്ധിച്ചതോ ആയ ദസ്തയവ്സ്കിയന്‍ വിശകലനങ്ങള്‍ പ്രതീക്ഷിക്കുന്നവര്‍ നിരാശരായെക്കും എന്ന മുന്നറിയിപ്പും ഇവിടെ സംഗതമാണ് (James Lasdun).

കെവിന്‍ ബാരിയുടെ പ്രതിഭ ഏറ്റവും തിളങ്ങിനില്‍ക്കുന്നത് കാലാവസ്ഥ, നാട്ടുമ്പുറക്കാഴ്ചകളുടെ വര്‍ണ്ണന എന്നിവയില്‍ അദ്ദേഹം പ്രയോഗിക്കുന്ന ഭാവഗരിമയിലാണ്. നോവലില്‍ ഉടനീളം ഈ ഭാവഗീതാത്മക തീവ്രത (lyrical intensity) കാണാനാകും:

“ഒക്റ്റൊബര്‍. പാളിനോക്കുന്ന ലാവണ്യത്തിന്റെ മാസം. സമുദ്ര ശകലങ്ങളില്‍ നിന്ന് തെറിച്ചു വരുന്ന വിഷാദത്തിന്റെ കഠാരകള്‍. പര്‍വ്വതങ്ങള്‍ ആസന്നമായ മഞ്ഞുകാലം സ്വപ്നം കാണുന്നു. തീരത്തെ ഗുഹകളില്‍ നിന്ന് പ്രഭാതം  പരുഷമായി ഒച്ചവെക്കുന്നു. പക്ഷികള്‍ വീണ്ടും മതിഭ്രമത്തിലായിരിക്കുന്നു”

എന്ന് ദിനാന്തരീക്ഷത്തെ ഭാവാര്‍ദ്രമാക്കുന്ന നോവലിസ്റ്റ് പ്രകൃതിചിത്രം വരക്കുന്നതും അതെ കയ്യടക്കത്തോടെയാണ്‌:

“ഉപദ്വീപിന്റെ ഓരങ്ങള്‍ തീരദേശ റോഡിന്റെ ചാരെ കടന്നു പോയി. മലകള്‍ സാന്ധ്യപ്രകാശത്തെ വലിച്ചെടുത്ത് മ്ലാനമായി തിളങ്ങി. പാതയോരത്തെ ഒരു ഗഹ്വരം നീലക്കന്യകയെ പ്രദര്‍ശിപ്പിച്ചു. വാഹന മരണങ്ങളില്‍ പെട്ടവരുടെ ആത്മാക്കള്‍ക്കു വേണ്ടി. പത്തായപ്പോഴേക്കും ചന്ദ്രന്‍ കാണായിഅവളെ വിചിത്രമായി വരച്ചുവെച്ചു. സുവ്യക്തമായ ഒരു വേനലന്ത്യ ചന്ദ്രിക. ചാന്ദ്രനാമം ഒരു മഞ്ഞ ധാതുവായിരുന്നു. അവള്‍ കാറു നിറുത്തികടലിന്റെ നിശ്വാസം കേള്‍ക്കാനായി വിന്‍ഡോയില്‍ കാതോര്‍ത്തു; എവിടെയോ വൈകിയും പ്രവര്‍ത്തിപ്പിക്കുന്ന പുല്ലുവെട്ടിയുടെ സ്വരംഎങ്ങോ കുറുനരികള്‍ ഓരിയിടുന്നു. കടലിന്റെ വാരികളില്‍ സാന്ധ്യസൂര്യന്റെ അന്ത്യകിരണങ്ങള്‍ അസ്തിധവളമായ അടയാളങ്ങള്‍ പതിച്ചു. പര്‍വ്വതങ്ങള്‍ തങ്ങളുടെ ദൌത്യമെന്നോണം രാജകീയമായി പ്രകമ്പനം കൊണ്ടു. രാവോടടുത്തിരുന്നുഎന്നിട്ട്ഓ – അത്രക്കും – എല്ലാം വീണ്ടും പ്രശാന്തമായിരുന്നു.”

വായനക്കാരെ വല്ലാതെ മോഹിപ്പിക്കുന്ന ഇത്തരം വിവരണങ്ങള്‍ ഗാങ്സ്റ്റര്‍ ഫിക് ഷന്റെ വരണ്ട ഭാവശൂന്യതയുമായി നേരിട്ടു വൈരുധ്യത്തിലാണെന്നത് വ്യക്തമാണ്. ഹെമിംഗ് വേ നോവലുകളിലെ ബൊഹീമിയന്‍ രാവുകളുടെയും അമാദു (Jorge Amado)വിന്റെയും ഫ്യുവെന്തസിന്റെയും (Carlos Fuentes) പരുക്കന്‍ വയലന്സിന്റെയും പരാഗങ്ങളോട് സെര്‍ജ്ജി ലിയോനിയുടെ വെസ്റ്റേണ്‍ അന്തരീക്ഷം കൂടിക്കലരുന്ന ഒരു സങ്കരമായും നോവലിന്റെ വിചിത്ര സൌന്ദര്യം അനുഭവപ്പെടാം. “പ്രണയവും കറുപ്പും – മനുഷ്യാനുഭവമണ്ഡലത്തില്‍ ഇതിലും മെച്ചമായത്‌ സാധ്യമല്ല” എന്ന് മോറിസ് വിവരിക്കുക സിന്തിയയോടൊപ്പം മായോയില്‍ കഴിഞ്ഞ ഏതാനും നാളുകളെ കുറിച്ചാണ്. ബോധപൂര്‍വ്വം സ്വയം വഴങ്ങിക്കൊടുത്ത ഹെറോയിന്‍ അഡിക് ഷനും കൂടി ച്ചേര്‍ന്നു “കുറച്ചു കാലത്തേക്ക് അവര്‍ സ്ഥലത്തിന്റെ പ്രശാന്തതയില്‍ വീണുപോയി. എന്നുംവര്‍ഷങ്ങള്‍ കടന്നു പോകവേഅതിനെ അവരുടെ ജീവിതത്തിലെ ഏറ്റവും നല്ലകാലം എന്ന് അവര്‍ വിളിക്കും. നമുക്ക് പര്‍വ്വതം ഉണ്ടായിരുന്നപ്പോള്‍നമുക്ക് ജലം ഉണ്ടായിരുന്നപ്പോള്‍.”  

ഇരുണ്ടതും വിധിവിളയാട്ടത്തിന്റെ വിഷാദ/ നിരാശാഭാവമുള്ളതുമായ മൂകമായ അന്തരീക്ഷം; പാത്രസൃഷ്ടികളില്‍ നിഗൂഡതയും ധാര്‍മിക അങ്കലാപ്പുകളും നഷ്ടങ്ങളും ദുരൂഹ കുറ്റബോധവും നിറഞ്ഞതുമായ ഭൂതകാലം; കുറ്റവാളികളുടെ, കടുത്ത, വികാരശൂന്യമായ പ്രകൃതവുമുള്ള കഥാപാത്രങ്ങള്‍; തകര്‍ന്നുപോയ ബന്ധങ്ങള്‍; കുറ്റകൃത്യങ്ങളുടെ നഗര/ അധോലോകം, തുടങ്ങിയ ഘടകങ്ങള്‍ ‘നോയര്‍ (Noir)’  ഴോനറിനോട് നോവലിനെ അടുപ്പിക്കുന്നുണ്ടെങ്കിലും, 'നോയര്‍' എന്ന് നോവലിനെ വിളിക്കാനുമാകില്ല. അത്തരം കൃതികളുടെ വരണ്ട വികാരശൂന്യതയ്ക്ക് പകരം ഭാവഗീത ഗരിമയും സംഗീതാത്മകതയും നിറഞ്ഞ കാവ്യസൌന്ദര്യമിയന്ന ഭാഷയാണ് കെവിന്‍ ബാരിയുടെത്. നോയര്‍ ശൈലിയിലെ വാള്‍ത്തല മൂര്‍ച്ചയുള്ള സംക്ഷിപ്ത ഭാഷയ്ക്ക്‌ പകരം, ശബള വര്‍ണ്ണനകളും ദീര്‍ഘവും ചമത്കാര സുന്ദരവുമായ ഭാഷണങ്ങളും ആത്മഭാഷണങ്ങളുമാണ് നോവലിന്റെ മുഖ്യ ആകര്‍ഷണം. കുറ്റവാളികളുടെ കര്‍മ്മങ്ങളിലേക്കല്ല കുറ്റകരമായ ജീവിതം നയിച്ചതിന്റെ വൈകാരിക പരിണതികളിലേക്കാണ് നോവല്‍ ശ്രദ്ധയൂന്നുന്നത്. ഈ ആന്തരികോന്മുഖത, ചടുലവും ഇതിവൃത്തപ്രധാനവുമായ നോയര്‍ ഘടനയോടു ചേര്‍ന്നുപോകുന്നതല്ല.

‘പുരുഷ മനോനിലയുടെ ജ്ഞാന ദൃഷ്ടിയുള്ള ആഖ്യാതാവ്,’ ‘കാവ്യാത്മകതയുള്ള ക്രാന്ത ദര്‍ശി’ എന്നൊക്കെ കെവിന്‍ ബാരി വിവരിക്കപ്പെട്ടിട്ടുണ്ട്. ഒരു തലോടല്‍ പോലെയുള്ള ഗദ്യത്തിലൂടെ വായനയെ പുനരാവര്‍ത്തനം പ്രചോദിപ്പിക്കുന്ന ഒന്നാക്കി മാറ്റാന്‍ അദ്ദേഹത്തിനു കഴിയുന്നു. ഭീഷണമായ അതീന്ദ്രിയ സാന്നിധ്യങ്ങളെയും നിരാനന്ദകരമായ ചോരപ്പാടുകളെയും ആഖ്യാന കേന്ദ്രത്തില്‍ നിര്‍ത്തുന്ന ഒരു രചനയില്‍ അതത്ര എളുപ്പമല്ല. ഏറ്റവും ഹൃദയ ഭേദകമായ അനുഭവങ്ങളെ അവയുടെ മുഴുവന്‍ തീവ്രതയിലും അവതരിപ്പിക്കുമ്പോഴും സര്‍റിയല്‍ഭാവഗീതാത്മക സൗന്ദര്യം അവയ്ക്ക് പകര്‍ന്നു നല്‍കുന്നതിലൂടെ മാനുഷിക ദുരന്തങ്ങളെ മിത്തുവല്‍ക്കരിക്കുന്നതില്‍ നൈജീരിയന്‍ നോവലിസ്റ്റ് ക്രിസ് അബാനിയെയും മൊസാംബിക്കന്‍ നോവലിസ്റ്റ് മിയാ കൂട്ടോയെയും കെവിന്‍ ബാരി ഓര്‍മ്മിപ്പിക്കുന്നുണ്ട്. “ഇത്രക്കും ഇരുണ്ട പ്രമേയങ്ങള്‍ കൈകാര്യം ചെയ്യുന്ന നോവലുകള്‍ ശ്വാസം മുട്ടിക്കുന്ന തരത്തിലുള്ളതാകുക എന്ന, അല്ലെങ്കില്‍ ആ ഇരുള്‍ച്ചയുടെ ഭാരത്തില്‍ പൊളിഞ്ഞു തകര്‍ന്നു പോകുകയെന്ന അപകട സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നു. എന്നാല്‍ ബാരിതന്റെ കഥാപാത്രങ്ങളെ ഒന്നൊഴിയാതെ തികച്ചും മാനുഷികമായി ചിത്രീകരിക്കുന്നതിലൂടെ ഈ ചതിക്കുഴിയില്‍ നിന്ന് രക്ഷപ്പെടുന്നു... ബാരി തന്റെ കഥാപാത്രങ്ങളോട് സഹതപിക്കാന്‍ ഒരിക്കലും വായനക്കാരോട് ആവശ്യപ്പെടുന്നില്ല: മറിച്ച്അവരോടു അനുതപിക്കാതിരിക്കുക മിക്കവാറും ദുസ്സാധ്യമാക്കുകയാണ് അദ്ദേഹത്തിന്‍റെ രീതിഅതൊരു വിസ്മയകമായ തന്ത്രമാണ്” എന്ന മൈക്കല്‍ ഷോബിന്റെ നിരീക്ഷണവും ഇതോടു ചേര്‍ത്തു വെക്കാം *(3). 

  

References:

1. James Lasdun, ‘One Part Gangster, One Part Philosophical Clown’, Review of NIGHT BOAT TO TANGIER’, The New York Times, Sept. 19, 2019

2.  Alan Warner, ‘darkly comic voyage into the abyss’, Night Boat to Tangier by Kevin Barry review, The Guardian, 22 June, 2019

     3. Michael Schaub, ‘Take A Dark Ride On The 'Night Boat To             Tangier', n p r book review, Sept 20, 2019 

 

(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 278-284)

To purchase, contact ph.no:  8086126024

read more:

Sleepwalking Land by Mia Couto

https://alittlesomethings.blogspot.com/2016/09/blog-post_26.html

The Book of Chameleons by José Eduardo Agualusa

https://alittlesomethings.blogspot.com/2016/11/blog-post_6.html

 Song for Night by Chris Abani

    https://alittlesomethings.blogspot.com/2016/02/blog-post.html

Tram 83 by Fiston Mwanza Mujila

https://alittlesomethings.blogspot.com/2017/04/blog-post_19.html

These Are the Names by Tommy Wieringa:

https://alittlesomethings.blogspot.com/2024/10/these-are-names-by-tommy-wieringa.html

Talking to Ourselves by Andrés Neuman/ Nick Caistor, Lorenza Garcia

 

അതിജീവനത്തിന്റെ ആത്മഭാഷണങ്ങള്‍


 

അര്‍ജന്റീനിയന്‍ സാഹിത്യത്തിലെ പുതു ശബ്ദങ്ങളില്‍ പ്രമുഖനാണ് ആന്ദ്രെ ന്യുമന്‍. അദ്ദേഹത്തിന്റെ നോവലുകളില്‍ ആദ്യമായി ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ‘നൂറ്റാണ്ടിന്റെ യാത്രികന്‍’ (Traveler of the Century) വിഖ്യാതമായ ആല്‍ഫഗുവേര പ്രൈസ്, നാഷണല്‍ ക്രിട്ടിക്സ് പ്രൈസ് തുടങ്ങിയവ നേടുകയും ന്യുമാനെ അന്താരാഷ്‌ട്ര പ്രശസ്തിയിലേക്ക് ഉയര്‍ത്തുകയും ചെയ്തു. ചരിത്രം, തത്വചിന്ത, സാഹിത്യം, പ്രണയം, വിവര്‍ത്തനം തുടങ്ങിയ വിഷയങ്ങളെ കുറിച്ച് ആഴത്തിലുള്ള നിരീക്ഷണങ്ങള്‍ പങ്കുവെക്കുന്ന കൃതി എന്ന നിലയില്‍ അങ്ങേയറ്റം ധൈഷണിക സ്വഭാവമുള്ള ഈ ബൃഹദ് നോവലിന് ശേഷം പുറത്തുവന്ന Talking to Ourselves ഹ്രസ്വമെങ്കിലും ന്യുമാന്‍ പ്രതിഭയുടെ തനതു ധൈഷണികതയും സാഹിത്യ പരതയും പ്രകടമാക്കുന്നുണ്ട്. ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ സാഹിത്യം ന്യുമാന്റെതായിരിക്കും എന്ന റോബര്‍ട്ട് ബോലാനോയുടെ ആശീര്‍വ്വാദം ഇതോടു ചേര്‍ത്തു വെക്കാവുന്നതാണ്.

നഷ്ടം എന്ന വിഷയത്തെ എഴുത്തുകാര്‍ സമീപിക്കുന്ന രീതിയില്‍ അവരുടെ സര്‍ഗ്ഗസിദ്ധിയുടെ ആഴം അളക്കാനാവുമെന്നത് സുവിദിതമാണ്. ആന്‍ കാര്‍സനെ പോലെ, ലഭ്യമായ ഓര്‍മ്മകളുടെ ഖണ്ഡങ്ങള്‍ സ്വരുക്കൂട്ടിയും ചുഴിഞ്ഞുനോക്കിയും നഷ്ടപ്പെട്ട പ്രിയപ്പെട്ടവനെ/വളെ കുറിച്ച് അറിയുന്നതും അറിയാത്തതുമെല്ലാം കണ്ടെത്തുകയും നിലനിര്‍ത്തുകയുമാണ് അതിലൊരു വഴി, അത് തീര്‍ത്തും അസാധ്യമാണ് എന്ന തിരിച്ചരിവുള്ളപ്പോള്‍ തന്നെ നടത്തുന്ന ഈ ശ്രമം ദുരന്തമാനമുള്ളതാവുകയും ചെയ്യും. മറ്റൊന്ന്, ജോയ്സ് കരോള്‍ ഓട്സിനെ പോലെ വേദനയുടെയും നഷ്ടത്തിന്റെയും ആഴങ്ങളിലേക്ക് വിട്ടുവീഴ്ചയില്ലാതെ നോക്കുകയും ദുഃഖത്തെയും തിരിച്ചെടുപ്പിനുള്ള ശ്രമത്തെയും സമൂര്‍ത്തമായി ആവിഷ്കരിക്കുകയും ചെയ്യുക എന്നതാണ്. ഇനിയും വേറൊരു രീതിയില്‍, തന്റെ ഭര്‍ത്താവിന്റെ മരണത്തില്‍ കാരന്‍ ഗ്രീന്‍ ചെയ്ത പോലെ, ഒരാള്‍ക്ക് മഹാ നഷ്ടങ്ങള്‍ക്ക് ശേഷം, അപ്പോഴും സജീവവും പിടികിട്ടാത്തതും ചുരുക്കിപ്പറയാനാവാത്തതുമായ ലോകത്തെ നേരിടേണ്ടി വരുമ്പോള്‍ ഉണ്ടാവുന്ന മാനസികവും വൈകാരികവുമായ സംഘര്‍ഷങ്ങളുടെ അവസ്ഥയെ കുറിച്ച് കൂടുതല്‍ അമൂര്‍ത്തമായി എഴുതാം. എന്നാല്‍ ഈ മൂന്നു രീതികളും വലിയൊരളവു നോണ്‍ ഫിക് ഷനല്‍ ആണ് എന്നു പറയാം. ആന്ദ്രെ ന്യുമന്‍ ഒരു നോവലിസ്റ്റ് എന്ന നിലയില്‍ ഈ വിഷയത്തെ സമീപിക്കുമ്പോള്‍ അത് വ്യത്യസ്ത വീക്ഷണ കോണുകളിലൂടെയായത്‌ സ്വാഭാവികമായിരുന്നു. (https://www.wordswithoutborders.org/book-review/andres-neumans-talking-to-ourselves - Anne Posten)

മൂന്നു കഥാപാത്രങ്ങളിലൂടെ നഷ്ടം എന്ന വിഷയത്തെ സമീപിക്കുകയാണ് നോവലിസ്റ്റ്. മരണാസന്നനായ മാരിയോ, ഭാര്യ എലേന, പത്തുവയസ്സുകാരന്‍ മകന്‍ ലിറ്റോ എന്നീ മൂന്നു പേരും തികച്ചും വ്യത്യസ്ത ശൈലികളിലും വ്യത്യസ്ത മാധ്യമങ്ങളിലൂടെയും തങ്ങളുടെ മനോവ്യാപാരങ്ങള്‍ അവതരിപ്പിക്കുന്നു. മൂന്നു കഥാപാത്രങ്ങളുടെയും പേരുകളുള്ള അധ്യായങ്ങളില്‍ അവരവരുടെ ആവിഷ്കാരമാണ്. മൂന്നു പേര്‍ക്കും വര്‍ത്തമാന അവസ്ഥയെ വ്യത്യസ്ത രീതിയില്‍ നേരിടെണ്ടതുണ്ട്.

മാരിയോ തന്റെ മകനു കേള്‍ക്കാനുള്ള കത്തിന്റെ രൂപത്തില്‍ അതൊരു ടേപ്പ് റെക്കോര്‍ഡറില്‍ രേഖപ്പെടുത്തുന്നത് തനിക്കു ശേഷവും മകനോടൊപ്പം തന്റെ സാന്നിധ്യം ഉണ്ടാവണം എന്ന് കൂടി കണ്ടുകൊണ്ടാവണം. അവന്‍ പിതാവില്ലാതെ വളരാന്‍ വിധിക്കപ്പെട്ടവനാണ്‌ എന്നയാള്‍ക്കറിയാം. ഒടുവില്‍, സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്താണെന്ന് നേരിട്ടറിയിക്കാതെ അവന്‍ മുത്തച്ചന്റെയും മുത്തശ്ശിയുടെയും അടുത്തേക്ക്‌ താമസത്തിനായി അയക്കപ്പെടുകയും ചെയ്യും. കമ്പ്യൂട്ടര്‍ ഗെയിമുകളുടെ ‘മൃഗങ്ങളെ വെട്ടിക്കലും, അറബികളെ കൊല്ലലും എഞ്ചിന്‍ മാറ്റലും പാറയില്‍ ഇടിക്കാതെ എല്ലാരെയും മറികടക്കലും സാഹസികതയായി കാണുകയും മമ്മയുടെ സമ്പൂര്‍ണ്ണ വാചകങ്ങള്‍ ധൂര്‍ത്താണെന്നും മെസ്സേജുകളുടെ ചുരുക്കെഴുത്തുഭാഷയാണ് ഏറ്റവും ഫലപ്രദമെന്നു മമ്മയെ ഇടയ്ക്കിടെ അന്കലാപ്പിലാക്കൂകയും ചെയ്യുന്ന കൌമാരക്കാരന് സൂക്ഷ്മമായ ജീവിത സാരങ്ങളുടെ മറുഭാഗം പതിയെ പകര്‍ന്നു നല്‍കണം എന്നുണ്ട് അയാള്‍ക്ക്: “അതല്ല.. ഒരു അപകടം നേരിടുമ്പോള്‍ വേറെ എന്തൊക്കെയാണ് സംഭവിക്കുക? അതായത്, അവര്‍ക്ക് മുറിവേല്‍ക്കുമോ? ആളുകള്‍ നിന്നെ സഹായിക്കുമോ? കുറച്ചു മത്സരങ്ങളില്‍ നിന്ന് നീ പുറത്തിരിക്കുമോ?” പക്ഷെ ലിറ്റൊക്ക് അത്തരം കാടുകയറ്റം അത്രക്കങ്ങു പിടിക്കുന്നില്ല. “അദ്ദേഹം എപ്പോഴും യുദ്ധത്തിന്റെ ഇരകളെ കുറിച്ചും അതുപോലുള്ള കാര്യങ്ങളും എന്നോട് പറയുന്നു. ആ രീതിയില്‍ ഡാഡി ഇപ്പോള്‍ ശരിക്കും ബോറാണ്. മുമ്പ് മമ്മയായിരുന്നു എന്നോട് സമാധാനത്തെ കുറിച്ചുള്ള ലെക്ച്ചര്‍ നടത്തിയിരുന്നത്.” ലിറ്റൊയുടെ ചിന്തകള്‍ നാം നേരില്‍ അറിയുന്നു. അവന്റെ ആഖ്യാനം പത്തു വയസ്സുകാരന്റെ ഭാഷാ ശൈലിയും ചിന്താ രീതികളും ആണെന്ന് ഉറപ്പുവരുത്താന്‍ നോവലിസ്റ്റും വിവര്‍ത്തകരായ നിക്ക് കാസ്റ്റര്‍, ലോറെന്‍സൊ ഗാര്‍ഷ്യ എന്നിവരും ഏറെ ജാഗ്രത പുലര്‍ത്തിയിട്ടുണ്ട് എന്ന് വിമര്‍ശക മതം. എഴുത്തിന്റെ രൂപത്തില്‍ ആവിഷ്കാരം നടത്തുന്ന എലെനയുടെ ജേണല്‍ സാഹിത്യമാനം കൂടുതല്‍ തികഞ്ഞതാകുന്നതിനു അതിന്റെ ബൌദ്ധിക സ്വഭാവം പ്രധാന കാരണമാണ്. സാഹിത്യവും ഭാഷയും നഷ്ടത്തെ നേരിടാന്‍ എലേനക്ക് ഉപാധികളാവുമ്പോള്‍ ഭര്‍ത്താവിന്റെ ഡോക്റ്ററും സുഹൃത്തുമായ എസക്കിയേല്‍ എസ്കലാന്റെയുമായുണ്ടാവുന്ന വന്യമായ ശാരീരിക ബന്ധത്തിലൂടെ ഭാഷയ്ക്ക്‌ നേരെ എതിരറ്റമായ രതിയും അവള്‍ക്ക് വിചിത്രമായ രീതിയില്‍ അതേ ഉദ്ദേശത്തിനുള്ള മാര്‍ഗ്ഗമാവുന്നുണ്ട്. നഷ്ടം യാഥാര്‍ത്ഥ്യം ആയിക്കഴിയുമ്പോള്‍ അതുവരെ ‘എനിക്ക് എന്റെ ഉടലില്‍ സ്വന്തം പ്രതികാരം ചെയ്യണം’ എന്ന ആര്‍ത്തിയോടെ വാരിപ്പിടിച്ചിരുന്ന രതിയുടെ സാന്ത്വനം എലേനക്ക് വിചിത്രമാം വിധം അനാകര്‍ഷകമായി തീരുന്നത് അവളുടെ വ്യക്തിത്വത്തിലെ ആത്മ-പര പീഡന വൈരുദ്ധ്യങ്ങളുടെ നിദര്‍ശനമാണ്. ഇപ്പോള്‍ ലിറ്റൊയെ വളര്‍ത്താന്‍ അവള്‍ ഏല്‍പ്പിക്കുന്ന തന്റെ മാതാപിതാക്കള്‍ സഹിഷ്ണുത, ബഹുമാനം, ആശയവിനിമയം തുടങ്ങിയ മൂല്യങ്ങളില്‍ തന്നെ വളര്‍ത്തിയപ്പോള്‍ ‘മറ്റുവാക്കുകളില്‍ അവരെന്നെ എന്റെ വിഹ്വലതകളുമായി തനിയെ വിട്ടു എന്ന് അവള്‍ നിരീക്ഷിക്കുന്നുണ്ട്. മനസ്സിന്റെ ഒരു ഭാഗം കൊണ്ട് എടുക്കാന്‍ തോന്നുന്നതിനെ മറുപാതി കൊണ്ട് ഉപേക്ഷിക്കുന്ന വിചിത്ര പ്രകൃതമുണ്ട് അവള്‍ക്ക്. “എന്റെ സാധാരണ അവസ്ഥ വിശ്രമാമില്ലായ്കയും ഒപ്പം വിശ്രമിക്കാന്‍ കഴിയായ്കയും ചേര്‍ന്ന ഈ മിശ്രിതമാണ്. അതുകൊണ്ട് ഞാന്‍ എഴുതുന്നു” എന്ന് എലേന പറയുന്നുണ്ട്. ‘എത്ര നല്‍കിയാലും നിറയാത്ത ഒരു തമോഗര്‍ത്ത’മെന്ന് മാതൃത്വത്തെ നിര്‍വ്വചിക്കുമ്പോഴും ‘ചിലപ്പോഴൊക്കെ സ്വന്തം കുഞ്ഞിനെ തന്നെ ഇരയാക്കുന്ന വാമ്പയര്‍ എന്ന് തന്നെകുറിച്ചു തന്നെ അവള്‍ ചിന്തിക്കുന്നുമുണ്ട്. ഒരര്‍ത്ഥത്തില്‍ എലേനയുടെ വിനിമയങ്ങളെല്ലാം, എസ്കലാന്റെയോടുള്ള ഭ്രാന്തമായ രതി സംഗമങ്ങള്‍ പോലും, ആത്മഭാഷണം തന്നെയാണ്; അതുകൊണ്ടാണ് മാരിയോയുടെ മരണശേഷം ദുരൂഹമാം വിധം ബന്ധമാവസാനിപ്പിക്കുമ്പോള്‍ യാചനാപൂര്‍വ്വം മുന്നിലെത്തുന്ന എസ്കലാന്റെയെ അവള്‍ ക്രൂരമായി അവഗണിക്കുന്നത്. എന്നാല്‍, ഇത്തരം വൈരുധ്യങ്ങളില്‍ തന്റേതായ ചില സമവായങ്ങള്‍ എലേനാ കണ്ടെത്തുന്നുമുണ്ട്: “ഒരു കുഞ്ഞിനെ വളര്‍ത്തി വലുതാക്കലും ഒരു രോഗിയെ ശുശ്രൂഷിക്കലും രണ്ടിനും പൊതുവായുള്ള ഒന്ന് ഇതാണ്: രണ്ടിനും ശരിക്കും നിങ്ങളുടെതല്ലാത്ത ഒരു കരുത്ത് ആവശ്യമുണ്ട്.”

സെസാര്‍ അയിറ, വിര്‍ജീനിയ വുള്‍ഫ്, മാര്‍ഗരെറ്റ് അറ്റ്‌ വുഡ്, ബോലാനോ, നെമിറോവ്സ്കി, ഹാവിയര്‍ മറെയ്സ് തുടങ്ങിയ ഒട്ടേറെ എഴുത്തുകാരിലൂടെയുള്ള പരന്ന വായന എലേനക്ക് മുന്നില്‍ തുറന്നു വെക്കുന്ന അനുഭവലോകവും അനുഭവങ്ങളെ/ നഷ്ടത്തെ നേരിടേണ്ടുന്നതിന്റെ മാതൃകകളും വിശദമായ ഗ്രന്ഥ സൂചിക നോവലന്ത്യത്തില്‍ ഉള്‍പ്പെടുത്തല്‍ ആവശ്യമാകും വിധം ഒരു ആന്തര പാഠസഞ്ചയം തന്നെ ആയിത്തീരുന്നുണ്ട്. ഹുവാന്‍ ഗാര്‍ഷ്യ അര്‍മാന്‍ഡറിസിന്റെ പുസ്തകത്തെ (Diary of the Pale Man) കുറിച്ച് എലേന നിരീക്ഷിക്കുന്നു: അതൊരു “വേദനസംഹാരി എന്നല്ല, ഒരു വാക്സിന്‍ ആയിരിക്കും: ഞാന്‍ മറികടക്കാന്‍ ശ്രമിക്കുന്ന അസ്വസ്ഥതക്കെതിരെ അതെനിക്കൊരു കുത്തിവെപ്പായിരിക്കും.” പുസ്തകങ്ങള്‍ ജീവിതത്തെ ചോദ്യം ചെയ്യാനുള്ള ഉപാധിയാണ് അവള്‍ക്ക്; അവ അവളുടെ ‘കൂട്ടും തത്വോപദേശിയും വഴികാട്ടിയും ചിലപ്പോഴൊക്കെ വക്താവും ആയി വര്‍ത്തിക്കുന്നു. ജീവിതത്തിന്റെ നശ്വരതക്കോ വേദനക്കോ അവ പ്രതിവിധിയല്ലെങ്കിലും മനുഷ്യാവസ്ഥക്കുള്ള മികച്ച പരിചരണമായി അവ വര്‍ത്തിക്കുന്നു. മാരിയോയുടെ മരണ വാര്‍ത്ത എഴുതിത്തയ്യാറാക്കുക എന്ന സന്ദര്‍ഭമെത്തുമ്പോള്‍ അത് വളരെ പ്രയാസകരമായി എലേനക്ക് അനുഭവപ്പെടുന്നു. ‘പ്രിയപ്പെട്ട ഒരാളുടെ മരണം തൃതീയപുര്‍ഷ രൂപത്തില്‍ വിളിച്ചറിയിക്കുക എന്നത് അദ്ദേഹം ‘ഇനിയൊരിക്കലും ഉത്തമപുരുഷ രൂപത്തില്‍ നിലനില്‍ക്കില്ല’ എന്നറിയല്‍ കൂടിയാണ്. “വ്യാകരണം പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്നില്ല. സാഹിത്യം വിശ്വസിക്കുന്നു.” തന്റെ പുസ്തക ഷെല്‍ഫിനു മുകളിലെ ‘വന’മോ ‘വീട്ടിനുള്ളിലെ മരുഭൂമിയോ താനെത്ര ശ്രമിച്ചാലും വിട്ടുപോകില്ലെന്നും അവയെല്ലാം മരണത്തെ കുറിച്ച് മാത്രം സംസാരിക്കുന്നുവെന്നും എലേനക്ക് തോന്നുന്നുണ്ട്. “ഒരു പുസ്തകം ഞാന്‍ പറയാന്‍ ശ്രമിക്കുന്ന ഒരു കാര്യം എന്നോട് പറയുമ്പോള്‍, ആ വാക്കുകള്‍ ഉപയോഗിക്കാന്‍ എനിക്കവകാശമുള്ളതായി എനിക്ക് തോന്നുന്നു, അവ ഒരിക്കല്‍ എന്റേതായിരുന്നു എന്നും ഞാനവ തിരിച്ചെടുക്കുകയാണ് എന്നുമുള്ള മട്ടില്‍” എന്ന എലേനയുടെ നിലപാട് എലെനയുടെ ആഖ്യാന അധ്യായങ്ങളിലെ സാഹിത്യ സൂച്ചനകളുടെയും ഉദ്ധരണികളുടെയും ആധിക്യത്തെ വിശദീകരിക്കുന്നുണ്ട്.  ഏകാന്തതയുടെയും ജീവിത സമസ്യകളുടെയും മറുമരുന്നായി പുസ്തകങ്ങളെയും കഥാ സന്ദര്‍ഭങ്ങളില്‍ നിന്ന് അടര്‍ത്തിയെടുത്ത ഉദ്ധരണികളെയും സമഗ്രമായി ഉപയോഗിക്കുന്ന രീതിയില്‍ ആന്ദ്രെ ന്യുമന്‍ ലബനീസ്-അമേരിക്കന്‍ നോവലിസ്റ്റ് റാബിഹ് അലാമെദ്ദീനെ (An Unnecessary Woman, The Angel of History) ഓര്‍മ്മിപ്പിക്കുന്നുണ്ട്.

അപരിചിതവും വിദൂരസ്തവുമായ പരുക്കന്‍ ഭൂമികകളിലൂടെ അച്ഛനും മകനും ഒരുമിച്ചു നടത്തുന്ന യാത്ര ആത്മാനുഭവവും ലോകാനുഭവവും ആയിത്തീരുക എന്നത് തലമുറകള്‍ക്കിടയിലെ കടം വീട്ടലിന്റെയും വെളിപാടിന്റെയും ആദിരൂപമാണ്. സ്ഥലകാലങ്ങളില്‍ തനിക്കിനി ഇടം അധികമില്ലെന്ന ബോധ്യത്തിലാണ് മാരിയോ കൌമാരക്കാരനെ കൂടെ കൂട്ടുന്നതെങ്കില്‍, അറിയാത്ത ലോകങ്ങളിലേക്കുള്ള കാല്‍വെപ്പിന്റെ ആകാംക്ഷയും ആഹ്ലാദവുമാണ് ലിറ്റൊയെ നയിക്കുന്നത്. അത് നിഷ്കളങ്കതയുടെ അന്ത്യവും അനുഭവത്തിന്റെ തുടക്കവുമെന്ന (from innocence to experience) മുതിര്‍ന്നു വരവിന്റെ ആരംഭവുമാണ്. ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യത്തിന്റെ സഹജമായ ഇത്തരം മിത്തിക്കല്‍, ആദിരൂപ സാന്ദ്രതകൊണ്ട് ഒട്ടും ഹ്രസ്വമല്ലാത്ത ഒന്നായി മാറുന്നുണ്ട് ആത്മഭാഷണങ്ങളുടെ പുസ്തകം എന്ന് വ്യക്തമാണ്. ഒരു ‘റോഡ്‌ സ്റ്റോറി’യുടെയും ഒപ്പം ഒരു ദുഃഖസ്മൃതി കഥയുടെയും ഘടകങ്ങള്‍ ഉണ്ടെങ്കിലും അതിനപ്പുറം മൃത്യുവിനെ കുറിച്ചുള്ള സങ്കീര്‍ണ്ണവും വിവിധ വീക്ഷണ കോണുകളില്‍ നടത്തപ്പെടുന്നതുമായ ധ്യാനാത്മക ആവിഷ്കാരമാണ് ‘ആത്മഭാഷണങ്ങള്‍ എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മൂന്നു ആഖ്യാതാക്കളുടെ കഥകളില്‍ രചയിതാവിന്റെ വകയായി എന്തെങ്കിലും സ്വരച്ചേര്‍ച്ച സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നില്ല എന്നത് നല്‍കുന്ന ശ്ലഥാവസ്ഥ തന്നെയാണ് നോവലിനെ വായനക്കാരില്‍ വ്യത്യസ്ത തലങ്ങളില്‍ ആവേശിക്കുന്ന ഒന്നാക്കി തീര്‍ക്കുന്നത്.


(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 255-260)

To purchase, contact ph.no:  8086126024


read more:

Monday, September 23, 2024

The Devils' Dance by Hamid Ismailov/ Donald Rayfield

 അധികാരപ്രയോഗമെന്ന അനന്ത താണ്ഡവം



“ഹമീദ് ഇസ്മയിലോവിന്റെ ‘The Devils’ Dance’, ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസിന്റെ നോവലുകള്‍ ലാറ്റിന്‍ അമേരിക്കയ്ക്കു വേണ്ടി ചെയ്തതുപോലെ, ഒരു മധ്യേഷ്യന്‍ സാഹിതി ആരംഭിക്കുമോ? സാധ്യതയില്ല – കാര്യങ്ങള്‍ മിക്കപ്പോഴും അങ്ങനെയല്ല ഉരുത്തിരിയുന്നത് – പക്ഷെ ഒരുവേള അദ്ദേഹം അതര്‍ഹിക്കുന്നു.” -  Peter Gordon. *1

ഉസ്ബെക് കവിയും പത്രപ്രവര്‍ത്തകനും നോവലിസ്റ്റുമായ ഹമീദ് ഇസ്മയിലോവ് (ജ: 1954), രാഷ്ട്രീയ അഭയം തേടി ബ്രിട്ടനിലേക്ക് കുടിയേറുകയും (1992) തുടര്‍ന്ന് ഇരുപത്തിയഞ്ചു വര്‍ഷക്കാലം ബി.ബി.സി.യില്‍ സേവനം അനുഷ്ടികയും ചെയ്തു. സ്വദേശത്തു നിരോധിതമായ അദ്ദേഹത്തിന്‍റെ കൃതികള്‍, മധ്യേഷ്യന്‍ സംസ്കാരം, ചരിത്രം, രാഷ്ട്രീയം എന്നിവയുടെ നിശിതമായ ആവിഷ്കാരത്തിലൂടെ അന്താരാഷ്ട്ര ശ്രദ്ധ നേടിയിട്ടുണ്ട്. ഉസ്ബെക്, റഷ്യന്‍, ഇംഗ്ലീഷ് ഭാഷകളില്‍ എഴുതുന്ന ഇസ്മയിലോവ്, പ്രവാസം, അടിച്ചമര്‍ത്തല്‍, പാശ്ചാത്യ-പൌരസ്ത്യ മുഖാമുഖം തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. The Railway, The Dead Lake, The Devils' Dance, തുടങ്ങിയ അദ്ദേഹത്തിന്‍റെ കൃതികളില്‍, മാജിക്കല്‍ റിയലിസം, ചരിത്രം, രാഷ്ട്രീയം തുടങ്ങിയവ സമന്വയിപ്പിക്കുന്നു.

ചരിത്രവും വൈയക്തികാനുഭവങ്ങളും, ഭാവനാത്മകതയും യാഥാര്‍ത്ഥ്യവും എന്ന രീതിയില്‍, രണ്ടു കഥാഗതികള്‍ ഇഴകോര്‍ക്കുന്ന ഒരു ചരിത്രനോവലാണ് ‘പിശാചിന്റെ നൃത്തം.രാഷ്ട്രീയം, അധികാരപ്രയോഗം, അടിച്ചമര്‍ത്തല്‍, അവക്കെതിരെ ആയുധമാക്കപ്പെടുന്ന കലയും സാഹിത്യവും എന്നീ ഘടകങ്ങളിലെല്ലാം ഇരു ആഖ്യാനധാരകളും പരസ്പരം പ്രതിഫലിപ്പിക്കുന്നു. ഇതില്‍ ആദ്യത്തേത്, 1930-കളില്‍ സോവിയറ്റ് പശ്ചാത്തലത്തില്‍ സ്റ്റാലിന്റെ ‘ശുദ്ധീകരണ (purge) കാലഘട്ടത്തിലാണ് അരങ്ങേറുന്നത്. പ്രസിദ്ധ ഉസ്ബെക് കവിയും നാടക കൃത്തും നോവലിസ്റ്റും വിവര്‍ത്തകനും ആയിരുന്ന അബ്ദുള്ള ഖദിരി (Abdulla Qodiriy) തടവിലാക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്ത ചരിത്രത്തെ ആസ്പദമാക്കി നോവലിനുള്ളിലെ നോവലിനുള്ളില്‍ ഒരു നോവല്‍ എന്ന മട്ടില്‍, ചരിത്രത്തിലെ ചില ഭ്രാന്തുകളുടെ ചാക്രികത നോവല്‍ അവതരിപ്പിക്കുന്നു.   ഹമീദ് ഇസ്മയിലോവ് എഴുതുന്ന നോവലില്‍ നായകനായ അബ്ദുള്ള ഖദിരി, അറസ്റ്റ് ചെയ്യപ്പെടുന്ന ഘട്ടത്തില്‍ എഴുതിക്കൊണ്ടിരുന്ന നോവല്‍ പുനര്‍ സൃഷ്ടിക്കുന്ന മട്ടിലാണ്‌ ആഖ്യാനം. സോവിയറ്റ് അടിച്ചമര്‍ത്തലിന്റെ ഭീകരതയിലാണ് ഖദിരിയുടെ കഥ നിലയുറപ്പിക്കുന്നത്. എല്ലാതരം യാതനകളുടെയും ഹിംസാത്മകതയുടെയും വൈകൃതങ്ങളുടെയും ഇടമായിരുന്ന തടവറ, അതേസമയം തന്റെ കഥാഖ്യാനം കേള്‍ക്കാനും സജീവമാക്കാനും പാകത്തിലുള്ള ചില ബൗദ്ധിക കൂട്ടുകെട്ടുകളും ഖദിരിക്ക് നല്‍കി. ഇന്തോനേഷ്യന്‍ സാഹിത്യാചാര്യന്‍ പ്രമോദയ അനന്ത തോര്‍ തന്റെ വിഖ്യാത നോവല്‍ പരമ്പര (Buru Quartet) എഴുതിയ പോലെ, ഭേദ്യമുറകളുടെ ഇടവേളകളില്‍ അദ്ദേഹം തന്റെ രചന മനസ്സില്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമം നടത്തുകയും ആ കൂട്ടാളികളോടു പങ്കുവെക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ ജയില്‍വാസം, സ്റ്റാലിന്‍ ഭരണം കലാകാരന്മാരോടും എഴുത്തുകാരോടും ബുദ്ധിജീവികളോടും എന്തുചെയ്തുവോ അതിന്റെ പ്രതീകമാണ്‌. എകാന്തത്തടവില്‍, എഴുത്തുപരണങ്ങള്‍ നിഷേധിക്കപ്പെട്ട ഖദിരി, ഓര്‍മ്മയിലും ഭാവനയിലുമായി തന്റെ നോവലിനെ പുനസൃഷ്ടിക്കുന്നു. എകാധിപതികള്‍ക്കെതിരെ ഓര്‍മ്മ കൊണ്ട് യുദ്ധം ചെയ്യുകയെന്ന വലിയ പ്രമേയവും കൂടിയാണ് ഇവിടെ ഉന്നയിക്കപ്പെടുന്നത്‌.

രണ്ടാമത് ആഖ്യനധാരയില്‍, ഖദിരി പുനസൃഷ്ടിക്കുന്ന ചരിത്രനോവലിലെ കഥാപാത്രങ്ങളെയാണ് ആഖ്യാനം പിന്തുടരുന്നത്. അദ്ദേഹത്തിന്‍റെ മസ്തിഷ്കത്തില്‍ മാത്രമുണ്ടായിരുന്ന പ്രസ്തുത നോവല്‍, എമീറുമാരും ഹാരമുകളും കവിതയും ബ്രിട്ടീഷ് ചാരന്മാരും ആരാച്ചാരന്മാരും നിറഞ്ഞതായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ മധ്യേഷ്യന്‍ ദേശമായ കോക്കണ്ട് ഖനാതെയില്‍, ഭരണാധികാരി ഖുദയാര്‍ ഖാനിന്റെ ഭാര്യയായിരുന്ന ഒയ്ഹോനിനെ കേന്ദ്രകഥാപാത്രമാക്കി മധ്യേഷ്യന്‍ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ കഥ ആവിഷ്കരിക്കപ്പെടുന്നു. “അസന്തുഷ്ടയായ ഒരു ഭാര്യ, മൂന്നു രാജാക്കന്മാര്‍ക്ക് ഭാര്യയായിരുന്നവള്‍” എന്ന് ഹെലന്‍ ഓഫ് ട്രോയിയോടു തുലനം ചെയ്യപ്പെട്ട ഒയ്ഹോനിനെ നോവല്‍ വിവരിക്കുന്നു. ഒരേസമയം, പുറത്തുനിന്നു അതിശക്തമായിരുന്ന റഷ്യന്‍ സാമ്രാജ്യത്തെയും  ആഭ്യന്തരമായി അധികാര വടംവലികളെയും നേരിടേണ്ടിവന്ന ഘട്ടമായിരുന്നു ദേശത്തിന്.

നോവല്‍, നിയതമായ വര്‍ഗ്ഗീകരണം അസാധ്യമാക്കുന്നുവെന്നു നിരീക്ഷിക്കപ്പെടുന്നു (ഗോര്‍ഡെന്‍). ഒരു തലത്തില്‍, സോള്‍ഷനിത് സിന്നിന്റെ കൃതികളെ പോലെ, അത് തടവറസാഹിത്യം (prison literature) എന്ന് വിളിക്കാവുന്നതാണ്. എന്നാല്‍, സോള്‍ഷനിത് സിന്നിനെപ്പോലെ നേരിട്ട് വര്‍ത്തമാനകാലത്തിലല്ല, ഒരു പോയകാലത്തിന്റെ കഥപറയുന്ന ഇസ്മയിലോവിന്റെ നോവല്‍ നിലയുറപ്പിക്കുന്നത്. അറബിക്കഥയിലെ പോലെ പ്രച്ഛഹ്നവും ഒപ്പം വൈചിത്ര്യപൂര്‍ണ്ണവുമാണ് ആഖ്യാനം.  ഒരേസമയം സുന്ദരവും പണ്ഡിതോചിതവും, ഒപ്പം ഭീകരവും കാപട്യപൂര്‍ണ്ണവും എന്നു പറയാവുന്ന ഒരു ലോകമാണ് അത്.  അബ്ദുള്ളയുടെ നോവലിലെ കഥാപാത്രങ്ങളും ഇതിവൃത്ത സന്ദര്‍ഭങ്ങളും തടവറ ജീവിത സാഹചര്യങ്ങളെയും തിരിച്ചും പ്രതിഫലിക്കുന്നതോടെ അത് നിത്യജീവിതവുമായി കൂടിക്കലരുകയാണ്. ഒരു നൂറ്റാണ്ടുമുമ്പത്തെ ബുഖാറ തെരുവുകളിലൂടെ നടന്ന ജഡ്ജിമാരായും കശാപ്പുകാരും വീട്ടുവേലക്കാരികളും പോക്കറ്റടിക്കാരുമെല്ലാമായി തന്നെയും ചുറ്റുമുള്ളവരെയും അബ്ദുള്ള സങ്കല്‍പ്പിക്കുന്നു. ഇതേ ഭാവനയുടെ ഒരു തിരികെ അവതാര/ പ്രയോഗമായി, ചിലപ്പോഴൊക്കെ ആ ഭൂതകാല കഥാപാത്രങ്ങള്‍ തടവറയിലേക്കും കടന്നുവരുന്നു. ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍, അബ്ദുള്ളയുടെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത നോവലില്‍നിന്നു മാത്രം കടന്നുവരാന്‍ ഇടയുള്ള വിശദാംശങ്ങള്‍ എഴുതാന്‍ തുടങ്ങുമ്പോള്‍, അബ്ദുള്ളയും നാം വായനക്കാരും ഒരുപോലെ, യാഥാര്‍ത്ഥ്യത്തിനും സ്വപ്നത്തിനുമിടയില്‍, ആരാണ് കഥാപാത്രം, ആരാണ് എഴുത്തുകാരന്‍ എന്ന മട്ടില്‍ ഇടറിപ്പോകുന്നു.

നോവലിന്റെ ആഖ്യാന വര്‍ത്തമാനകാലവും ഭാവനാത്മക ഭൂതകാലവും തമ്മില്‍, പീറ്റര്‍ ഗോര്‍ഡെന്‍ നിരീക്ഷിക്കുന്നപോലെ, പ്രതീകാത്മകമായും ബന്ധിതമാണ്. അബ്ദുള്ള എഴുതിക്കൊണ്ടിരിക്കുന്നത്‌ ഒരു ചരിത്രനോവല്‍ ആയതുകൊണ്ട് കഥാപാത്രങ്ങള്‍ ഒട്ടുമിക്കവാറും ചരിത്ര വ്യക്തികള്‍ തന്നെയാണ്. ബുഖാറയിലെ എമീര്‍ നസറുള്ള, കവിയായ എമീര്‍ ഉമര്‍, അദ്ദേഹത്തിന്‍റെ മകനും കോക്കണ്ടിലെ ഭരണാധികാരിയുമായ മദാലി, ഉമറിന്റെ രാജ്ഞിയും പ്രശസ്ത കവിയുമായ നദീറ ബേഗ്, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഉദ്യോഗസ്ഥന്‍  കേണല്‍ ചാള്‍സ് സ്റ്റോദാര്‍ത്, ആറാം ബംഗാള്‍ കാലാള്‍പ്പടയിലെ ക്യാപ്റ്റന്‍ ആര്‍തര്‍ കൊണോലി എന്നീ രണ്ടു ബ്രിട്ടീഷ് ചാരന്മാര്‍ എന്നിവരെല്ലാം ചരിത്രവ്യക്തികള്‍ തന്നെ. ഒയ്ഹോനിനെ നേരിട്ടു ആരുമായും ബന്ധപ്പെടുത്താനാവില്ലെങ്കിലും, ആദ്യം ഉമറിനെയും പിന്നീട് പില്‍ക്കാല ഭരണാധികാരി ആയിത്തീര്‍ന്ന അയാളുടെ അനന്തിരവനെയും നിര്‍ബന്ധപൂര്‍വ്വം വിവാഹം കഴിക്കേണ്ടിവന്ന ഒരു യുവതി ഉണ്ടായിരുന്നുവെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

രാഷ്ട്രീയകാരണങ്ങളാല്‍ ബ്രിട്ടനില്‍ പ്രവാസത്തില്‍ കഴിയുന്ന എഴുത്തുകാരന്‍, പോയ നൂറ്റാണ്ടിലെ, സമാനകാരണങ്ങളാല്‍ തടവറയില്‍ ആക്കപ്പെട്ട ഒരു എഴുത്തുകാരനെ കുറിച്ച് നോവലെഴുതുക, നോവലിനുള്ളില്‍, അതിനും ഒരു നൂറ്റാണ്ടുമുമ്പേ സമാനമായി പീഡിതരായിരുന്ന ആളുകളെ കുറിച്ചുള്ള ആഖ്യാനങ്ങള്‍ നിറയുക, കയ്യെഴുത്തു പ്രതികളുടെ നഷ്ടം, കണ്ടുകെട്ടല്‍, ചുട്ടെരിക്കല്‍, തുടങ്ങിയവ ആവര്‍ത്തിക്കപ്പെടുക, എന്നതെല്ലാം രാഷ്ട്രീയം കലയിലേക്കും സാംസ്കാരിക പ്രവര്‍ത്തനങ്ങളിലേക്കും അധിനിവേശിക്കുന്നതിന്റെ നിരന്തരം ആവര്‍ത്തിക്കുന്ന ദുരന്തങ്ങളെ സൂചിപ്പിക്കുന്നു. അതോടൊപ്പം, എഴുതപ്പെട്ടത് ആവര്‍ത്തിക്കുക, അഥവാ ആവര്‍ത്തിക്കപ്പെടുന്നത് എഴുതപ്പെടുക എന്ന കല ജീവിതത്തെ അനുകരിക്കുന്നതിന്റെ ചിത്രം കൂടിയാണ് അത്. ഇത്തരം അധിനിവേശങ്ങള്‍ക്ക് ദേശകാല ഭേദങ്ങളില്ല എന്നതും ഇവിടെ വ്യക്തമാണ്‌.

പത്തൊമ്പതാം നൂറ്റാണ്ടിലെ ഉസ്ബെക് അമീറുമാരെ കുറിച്ച് പാശ്ചാത്യ ആഖ്യാനങ്ങളില്‍ ഒട്ടും സൗഹാര്‍ദ്ദപൂര്‍ണ്ണമായ ചിത്രങ്ങളല്ല കാണാനാകുക എന്നത്, സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ക്ക്‌ അനുരോധമായ ‘പാശ്ചാത്യ – പൗരസ്ത്യ മുഖാമുഖ പ്രമേയ’ത്തിന്റെ  (‘east-west confrontation narratives) ഭാഗമായിരിക്കാം.  എന്നാല്‍, ഉസ്ബെക്ക് ജനതയും ഇന്ന് അത്രയൊന്നും മാതൃകാപുരുഷന്മാരായി ആ മുന്‍ഗാമികളെ കാണുന്നില്ല. അതേസമയം നോവലിലെ സ്ത്രീകഥാപാത്രങ്ങള്‍, മാനുഷിക ഭാവങ്ങളില്‍ സമ്പന്നരാണ് എന്ന് നിരീക്ഷിക്കപ്പെടുന്നു. കഴിവും സഹാനുഭൂതിയുമുള്ളവരാണ് അവര്‍, ഒപ്പം മാനുഷികദൌര്‍ബല്യങ്ങളും. നദീറ അസൂയാലുവാണെങ്കിലും മികച്ച കവിയാണ്‌; കവിത്വ സിദ്ധിയിലെ ഉസ്ബെക് പാരമ്പര്യത്തിന്റെ ഉടമ. ശക്തയും മനോബലം കൊണ്ട് അതിജീവിക്കുന്നവളുമായ ഒയ്ഹോന്‍, ഭാവനയുടെ പ്രയോഗത്തോടെ തടവറ ദുരിതങ്ങളെ അതിജീവിക്കുന്ന ഖദിരിയുടെ മുന്‍പതിപ്പാണ്‌. ഒയ്ഹോന്‍ സ്ത്രീയാണ് എന്നത് അവരുടെ കര്‍തൃത്വ ഗുണങ്ങളില്‍ ഒരു കുറവും വരുത്തുന്നില്ല എന്നത് നോവലിസ്റ്റിന്റെ സ്ത്രീപക്ഷ സമീപനത്തില്‍ പ്രധാനമാണ്.

പ്രതീകാത്മകത തൊട്ടറിയാവുന്ന ‘പിശാചിന്റെ നൃത്തം’ എന്നൊരു തലക്കെട്ട്‌, രാഷ്ട്രീയ ഉപജാപങ്ങളുടെയും പീഡന കാണ്ഡങ്ങളുടെയും സഹന പര്‍വ്വങ്ങളുടെയും അവലക്ഷണം പിടിച്ച വിനാശകനൃത്തത്തെയാകാം സൂചിപ്പിക്കുന്നത്.  ദേശ കാല ഭേദങ്ങളില്ലാത്ത ആവര്‍ത്തിക്കുന്ന അത്തരം വൈയക്തികവും സാമൂഹികവുമായ അനുഭവങ്ങളുടെ ചാക്രികതയെ കൂടിയാണല്ലോ  ചരിത്രം രേഖപ്പെടുത്തുന്നത്. ‘നൃത്തംഎന്ന പദത്തിലെ  വഴക്കമെന്ന സൂചന, പ്രതികൂല സാഹചര്യങ്ങളിലും കലയുടെ/ കലയിലൂടെയുള്ള അതിജീവനമെന്ന ആശയത്തെയും ദ്യോതിപ്പിച്ചേക്കാം. അതിജീവിക്കുന്നവരുടെ ഉള്ളില്‍ അവര്‍ക്കുതന്നെ നേരിടേണ്ട ഭയത്തിന്റെയും സന്ദേഹത്തിന്റെയും മനോവിക്ഷോഭങ്ങളുടെയും ചെകുത്താനെയും തലക്കെട്ട്‌ പരിഗണിക്കുന്നുണ്ട് എന്നുവരാം. തലക്കെട്ട്‌ യഥാര്‍ഥത്തില്‍ അബ്ദുള്ള ഖദിരിയുടെ ഒരു ചെറുകഥയുടെ പേരായിരുന്നു എന്നും സ്റ്റാലിന്റെ ‘ശുദ്ധീകരണം’, ഉസ്ബെക് ഖനാതെ ഭരണം എന്നിവയെ സൂചിപ്പിക്കാന്‍ താന്‍ അത് ഉപയോഗിക്കുകയായിരുന്നു എന്നും ഒരഭിമുഖത്തില്‍ നോവലിസ്റ്റ് വ്യക്തമാക്കുന്നു*2.

അവലംബങ്ങള്‍:

1.    (Peter Gordon. “The Devils’ Dance” by Hamid Ismailov’, Asian Review of Books, 11 April 2018, https://asianreviewofbooks.com/content/the-devils-dance-by-hamid-ismailov/

2.    (Hamid Ismailov On “The Devils’ Dance” and Other Works, APRIL 18, 2018, VoicesOnCentralAsia.org, https://voicesoncentralasia.org/hamid-ismailov-the-devils-dance-and-other-works/)   

reread more:

The World and All That It Holds by Aleksandar Hemon

https://alittlesomethings.blogspot.com/2024/08/the-world-and-all-that-it-holds-by.html

A Constellation of Vital Phenomena by Anthony Marra

https://alittlesomethings.blogspot.com/2024/08/a-constellation-of-vital-phenomena-by.html

The Kindness of Enemies by Leila Aboulela

https://alittlesomethings.blogspot.com/2018/08/blog-post_6.html