Featured Post

Showing posts with label Noirish. Show all posts
Showing posts with label Noirish. Show all posts

Wednesday, September 25, 2024

Night Boat to Tangier by Kevin Barry

രാപ്പാതിയിലെ ആത്മയാനങ്ങള്‍




(ഐറിഷ് നോവലിസ്റ്റ് കെവിന്‍ ബാരിയുടെ ബുക്കര്‍ നോമിനേഷന്‍ നേടിയ The Night Boat to Tangiers’ ബെക്കറ്റിയന്‍ കാത്തിരിപ്പു സാഹചര്യത്തെ ഭൂതകാലത്തിന്റെ വിചാരണ നേരിടുന്ന കുറ്റവാളികളുടെ സങ്കീര്‍ണ്ണ മനോനില അനാവരണം ചെയ്യാനുള്ള രൂപകമാക്കുന്നു.)

അതിവിദൂരമല്ലാത്ത ഒരു ഭാവികാലത്തില്‍ അഥവാ നാലു പതിറ്റാണ്ടിനപ്പുറം നിലയുറപ്പിച്ച ബൊഹാനെ എന്ന സാങ്കല്‍പ്പിക ഐറിഷ് നഗരം പരസ്പരം കൊമ്പു കോര്‍ക്കുന്ന മാഫിയാ സംഘങ്ങളുടെയും ഗോത്രസംഘര്‍ഷങ്ങളുടെ പശ്ചാത്ഗമന ഭാവത്തില്‍  പെരുകുന്ന കുറ്റകൃത്യങ്ങളുടെയും പശ്ചാത്തലത്തില്‍ ശിഥിലമാകുന്ന കഥ പറയുന്ന City of Bohane (2011) എന്ന നോവലുമായാണ് കെവിന്‍ ബാരിയെന്ന ഐറിഷ് നോവലിസ്റ്റ് സാഹിത്യ ലോകത്തില്‍ തന്റെ വരവറിയിച്ചത്. പ്രഥമ നോവലിനുള്ള കോസ്റ്റാ ബുക്ക് അവാര്‍ഡ് കരസ്ഥമാക്കിയ പുസ്തകം ദാര്‍ശനികനും ഐറിഷ് കാവ്യ പാരമ്പര്യത്തിന്റെ ഈടുവെപ്പുകള്‍ സാന്ദ്രമായി ലയിപ്പിച്ച ശൈലിയുടെ ഉടമയുമായ ഒരെഴുത്തുകാരന്‍ എന്ന നിലയില്‍ അദ്ദേഹത്തെ വായനാ ലോകത്തിനു പ്രിയങ്കരനാക്കി. 2019ലെ ബുക്കര്‍ പുരസ്കാരത്തിന് പ്രഥമ പട്ടികയില്‍ ഇടം പിടിച്ച ‘The Night Boat to Tangiers’ കറുത്ത ഹാസ്യത്തിന്റെയും നോയര്‍ ഫിക് ഷന്‍ പാത്ര സ്വഭാവമുള്ള വെറ്ററന്‍ കുറ്റവാളികളുടെ വികാര രഹിതമായ (hardboiled) ഭാഷണ രീതിയുടെയും പ്രകൃതത്തെ ബാരിയുടെ സ്വത സിദ്ധമായ കാവ്യാത്മക സാന്ദ്രതയോട് ലയിപ്പിക്കുന്ന ശൈലിയില്‍ ഏതാണ്ടൊരു Waiting for Godot പരിസരം സൃഷ്ടിക്കുന്നു; ഒപ്പം ഒരു ക്വെന്റിന്‍ ടറന്റിനോ സൈക്കോ ത്രില്ലറിന്റെയും. ഡബ്ലിന്‍ ആബി തിയേറ്ററിനു വേണ്ടിയുള്ള ഒരു സ്ക്രീന്‍ പ്ലേ എന്ന നിലയിലാണ് കൃതിയുടെ പ്രോജക്റ്റ് ആരംഭിച്ചത് എന്നത് കൗതുകകരമായ ഒരു നുറുങ്ങായി കാണാം. City of Bohane യുടെ പിന്‍കുറിപ്പില്‍ തന്റെ മേലുള്ള സ്വാധീനങ്ങളായി ജെയിംസ് ജോയ്സ്ആന്തണി ബര്‍ജസ്കൊര്‍മാക് മക്കാര്‍ത്തി എന്നിവരോടൊപ്പം HBOയുടെ Deadwood (TV series) കൂടി ബാരി എടുത്തു പറഞ്ഞത് ജെയിംസ് ലസ്ദൂന്‍ ചൂണ്ടിക്കാണിക്കുന്നു *(1). 

അകാലത്തില്‍ പ്രായം കടന്ന മോറിസ് ഹേര്‍നിചാര്‍ലി റെഡ്മണ്ട് എന്നീ പഴയ മയക്കു മരുന്നു കടത്തുകാര്‍ രാത്രിബോട്ടുകള്‍ നങ്കൂരമിടുകയും യാത്ര തിരിക്കുകയും ചെയ്യുന്ന ദക്ഷിണ സ്പെയിനിലെ അല്‍ജസീറ തുറമുഖത്ത് ഏതാണ്ടൊരു ‘വ്ലാദിമിര്‍ - ഈസ്ട്രഗന്‍’ സാഹചര്യത്തിലാണ്. 2018 ഒക്റ്റോബറില്‍ ഒരു രാവ്. അവര്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി കണ്ടിട്ടേയില്ലാത്ത മോറിസിന്റെ  (ഉറപ്പില്ലഇരുപത്തിമൂന്നുകാരിയായ മകള്‍ ഡില്ലി (അതോഡില്‍ എന്നോ?) അടുത്ത ഇരുപത്തിനാലു മണിക്കൂറിനകം ടാന്‍ജിയറില്‍ നിന്നുള്ള ബോട്ടില്‍ വന്നേക്കാന്‍ സാധ്യതയുണ്ട്അല്ലെങ്കില്‍ അങ്ങോട്ട്‌ പോകുന്ന ഒരു ബോട്ടില്‍ കേറാനായാവും അവള്‍ വരികയെന്നുമുണ്ട്. “ഇപ്പോള്‍ അല്‍ജസീറാസ് പോര്‍ട്ടില്‍ മണിക്കൂറുകള്‍ ഓരോന്നും അടുത്തതിലേക്ക് സംക്രമിക്കുന്നു. പ്രതാപം ക്ഷയിച്ചു വരുന്ന രണ്ടു ഐറിഷ് ഗാങ്സ്റ്റര്‍മാര്‍ക്കും നീണ്ട കാത്തിരിപ്പ് തുടരുന്നു,” എന്ന് നോവലിസ്റ്റ് എഴുതുന്നു. പ്രതാപകാലം പിന്നിട്ട അത്തരം ഏതു കഥാപാത്രങ്ങള്‍ക്കുമെന്ന പോലെ ഇരുവര്‍ക്കും ജീവിതമെന്നത്‌ ഓര്‍മ്മകളുടെ അനുസ്യൂതിയാണ്. കാത്തിരിപ്പിന്റെ വിരസതയിലേക്ക്‌ ഇരുവരും ഓര്‍മ്മകളുടെ വിചിത്ര ഭാണ്ഡങ്ങള്‍ തുറന്നു തുടങ്ങുന്നു. ഓര്‍മ്മകളുടെ കലപില ഇടയ്ക്കു സന്തപ്ത വിലാപ സ്വരത്തിലേക്കും കോര്‍ക്ക്ബാര്‍സലോണമാലാഗലണ്ടന്‍കാഡിസ് തുടങ്ങിയ ദേശാന്തരങ്ങളിലേക്കും കടക്കുന്നു. സംഭാഷണങ്ങള്‍ ബെക്കറ്റിയന്‍ രീതിയെ ഓര്‍മ്മിപ്പിക്കുന്നത് കാത്തിരിപ്പിന്റെ ശൂന്യത നിറയ്ക്കുകയെന്ന അവയുടെ ധര്‍മ്മത്തില്‍ മാത്രമല്ലഇരുവര്‍ക്കും ഇരുവരുടെയും ഭൂതകാലത്തെ കുറിച്ച് കൃത്യമായും അറിയാമെന്നതും അതുകൊണ്ടുതന്നെ ഓര്‍മ്മ ഒരു ഉഭയ പ്രക്രിയയായിത്തീരുന്നു എന്നതും സൃഷ്ടിക്കുന്ന, ഇടയ്ക്കിടെ മൌനത്തിലേക്ക്‌ മുറിയുന്ന പ്രക്രിയയായി ഇതു മാറുന്നത് കൊണ്ടുകൂടിയാണ്. തുറന്നു പറയുന്നതിലേറെ ഇരുവര്‍ക്കും അറിയാംവാചികമായി പറയപ്പെടുകയെന്നതും കൂടുതല്‍ അസ്വാസ്ഥ്യകാരണമാകാം. എന്നാല്‍ നോവലിന്റെ പ്രഥമ പാരായണം നല്‍കാനിടയുള്ള പുരുഷലോക വീര്യത്തിന്റെ (the macho) നാട്യത്തിനപ്പുറം ദൈന്യവും ‘പെട്ടുപയ’ അവസ്ഥയും തഴക്കം ചെന്ന കുറ്റവാളികളുടെയും ജീവിത പുരോഭാങ്ങളില്‍ ഉണ്ടെന്നു പതിയെ വ്യക്തമാകും.

രാവു മുഴുവന്‍ തുറന്നിരിക്കുന്ന ‘ജൂഡാസ് ഇസ്കാരിയറ്റ് ക്ലബ്’ പോലുള്ള മദ്യശാലകളും രതിമേളകളും മനോവിഭ്രാന്തിയുടെ ചികിത്സാലയങ്ങളും അവരുടെ ജീവിത പുരോഭാഗത്തുണ്ട്. അയര്‍ലണ്ടിന്റെ ദരിദ്രവും ഹിംസാത്മകവുമായ ഭൂതകാലത്തിന്റെ മോചനമില്ലാത്ത വര്‍ത്തുളാഖ്യാനങ്ങള്‍ നിറഞ്ഞ നഗര ചിത്രങ്ങള്‍ ഫിസ്റ്റന്‍ എംവാന്‍സാ മുജീലയുടെ കോംഗോ ചിത്രത്തെ (Tram-’83) യെ ഓര്‍മ്മിപ്പിക്കുന്നു. വിമോചന സാധ്യതകള്‍ ഒന്നുമില്ലാത്ത ഒരു ദൂഷിത വലയം പോലെ അനുഭവപ്പെടുന്ന അന്തരീക്ഷം അയര്‍ലണ്ട് യാഥാര്‍ത്ഥ്യം തന്നെയാണ്. അവയില്‍ എല്ലാമുണ്ട് – രതിയും മദ്യവും മയക്കുമരുന്നും. കുറ്റകൃത്യങ്ങളും കുടിപ്പകകകളും. ഇരുള്‍ വഴികളിലെ നിധിവേട്ടകളും അധികാര പരിധികള്‍ക്കായുള്ള രക്താഭിഷേകങ്ങളും. പ്രണയവും പ്രണയ നഷ്ടങ്ങളും. പണം പെരുപ്പിക്കാനുള്ള ചൂതാട്ടങ്ങളും ഭാഗ്യദോഷങ്ങളുടെ പെരുമഴകളും. നിധികുംഭം തേടിയുള്ള തുരന്നുപോക്കില്‍ പ്രകോപിതരാകുന്ന ദുര്‍ദ്ദേവതമാരുടെ ഐറിഷ് പുരാണ സാന്നിധ്യങ്ങള്‍ പോലും ഇവിടെയുണ്ട്. അവര്‍ ഹിംസയില്‍ ആറാടിയിട്ടുണ്ട്മോറിസിന്റെ ഒരു കണ്ണും ചാര്‍ളിയുടെ ഒരു കാലും അത്തരം വയലന്‍സിന്റെ വിലയായി കൊടുത്തത് തന്നെയാണെന്ന് വ്യക്തമാണ്എല്ലാത്തിനും പുറമേഇനിയും ആവശ്യമെങ്കില്‍ അതിനൊന്നും മടിക്കുന്നവരുമല്ല ഇരുവരും. എന്നാലിപ്പോള്‍ “വര്‍ഷങ്ങള്‍ വേലിയേറ്റം പോലെ മറിഞ്ഞു പോകുന്നു. അവരുടെ മുഖങ്ങളില്‍, താടയിലെ വരകളില്‍അവരുടെ കലുഷമായ വായകളില്‍ പഴയ ദിനാന്തരീക്ഷമുണ്ട്. എന്നാല്‍ ഇപ്പോഴും ഒരു ഗുണ്ടാ ഭാവം നിലനിര്‍ത്തുന്നുണ്ട്- തികച്ചും കഷ്ടിച്ച്.” മോറിസിന് തന്റെ ജീവിതത്തിലെ ഏക യഥാര്‍ത്ഥ പ്രണയമായിരുന്നഡില്ലിയുടെ അമ്മ സിന്തിയെയും, മകളെ തന്നെയും നഷ്ടമായതെങ്ങനെ എന്ന ചോദ്യത്തെ ഇത്തരം സൂചകങ്ങളിലൂടെയാണ് നോവലിസ്റ്റ് നേരിടുന്നത്. സിന്തിയ, ചാര്‍ലിയുടെ ഭാര്യയായിരുന്നു എന്നത് ഇരുവരെയും ദുരൂഹമായ ഏതോ ഒരു രീതിയില്‍ ഒരുമിപ്പിക്കുന്നുമുണ്ട്. എലിയറ്റിന്റെ ‘തരിശു ഭൂമി’യിലെ അന്തേവാസികളെ ഇങ്ങിനി വരാത്ത വസന്തസ്മൃതികള്‍ പീഡിപ്പിക്കുന്നത് പോലെ ഇപ്പോള്‍ സിന്തിയയാണ്   ഓര്‍മ്മകളിലും  ദുസ്വപ്നങ്ങളിലും ഒരുപോലെ അയാളെ പീഡിപ്പിക്കുന്നത്. താനൊരിക്കലും അവള്‍ക്കു ചേര്‍ന്നവനായിരുന്നില്ലെന്നു തിരിച്ചറിയുമ്പോഴും പ്രണയം അയാളെ വിട്ടുപോയിരുന്നതേയില്ലല്ലോ. മകള്‍ പോലും അയാളെ ഉപേക്ഷിച്ചു പോകാനിടയായ സാഹചര്യങ്ങള്‍ മനസ്സിലായിത്തുടങ്ങുമ്പോള്‍ ഇരുവര്‍ക്കും നേരെയുള്ള വായനക്കാരുടെ നിലപാട് സങ്കീര്‍ണ്ണമാവുന്നുണ്ട്. ഇരുവരുടെയും വ്യക്തിത്വങ്ങളിലെ മൃദുല ഭാവങ്ങളിലേക്ക് കൂടി നോവല്‍ സൂചകങ്ങള്‍ നല്‍കിത്തുടങ്ങുമ്പോഴാണ്‌ ഹിംസയുടെ പ്രയോക്താക്കളെയും വിധികല്‍പ്പിക്കുക അത്ര എളുപ്പമല്ലെന്ന വലിയ ദര്‍ശനത്തിലേക്ക് നാം എത്തിത്തുടങ്ങുന്നത്: “അയാള്‍ തന്റെ കുറ്റകൃത്യങ്ങളും അത്യാചാരങ്ങളും കൊണ്ട് ഭൂതാവിഷ്ടനായിരുന്നു എന്ന് മാത്രമല്ല – അയാള്‍ അതിന്റെയൊക്കെ ഒരു ഭയങ്കര സംഘാതം കൂടിയായിരുന്നു” എന്ന നോവല്‍ നിരീക്ഷണം ഇരു കഥാപാത്രങ്ങള്‍ക്കും ഒരു പോലെ ബാധകമാണ്.   

ചാര്‍ലിയും മോറിസും കാത്തിരിക്കുന്ന തുറമുഖത്തിന് ശരിക്കുമൊരു ‘പരേതാത്മാക്കളുടെ ശുദ്ധീകരണ സ്ഥലിയുടെ (purgatory) സമാനതയുണ്ടെന്നും ഇരുവരും അതു ശരിക്കും അര്‍ഹിക്കുന്നുവെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് *(2). ആത്മാക്കളുടെ അധോലോകത്തിലേക്കുള്ള നദീയാനം (Hades) തുടങ്ങുന്ന ബിന്ദുവായി ഇവിടം മാറുന്നു. “ഒരു സമയം വരാനുണ്ട്നിങ്ങള്‍ക്ക് നിങ്ങളുടെ തന്നെ പ്രേതങ്ങള്‍ക്കിടയില്‍ കഴിയേണ്ടി വരുന്നതിന്റെ” എന്ന് നോവല്‍ നിരീക്ഷിക്കുന്നത് ഭൂതകാലത്തിന്റെ വിചാരണയും ദണ്ഡവിമോചനവും കാത്തിരിക്കുന്ന ആത്മാവിന്റെ കൂടി അവസ്ഥയെ സൂചിപ്പിക്കുന്നു. ആ അര്‍ഥത്തില്‍ വിചിത്രമായ പ്രേതകഥ കൂടിയായി മാറുന്നുമുണ്ട് നോവല്‍. ഇപ്പോള്‍ മകളുടെ പടം പതിച്ച പോസ്റ്ററുമായി കാത്തിരിക്കുന്ന രണ്ടുപേരും ദൈന്യവും അവശതയും പങ്കുവെക്കുന്നുണ്ടെങ്കിലും ഏറെയുണ്ട് ഇരുവര്‍ക്കും ശുദ്ധീകരിക്കപ്പെടാന്‍ എന്നതാണ് ഈ മിത്തിക്കല്‍ ആലിഗറിയുടെ സാംഗത്യം. അമ്മയുടെ മരണത്തെ തുടര്‍ന്ന് അയര്‍ലണ്ട് വിട്ടോടിപ്പോയ ഡില്ലി തന്നെപ്പോലുള്ള യുവ ലോകസഞ്ചാരികളോടൊപ്പം സ്പെയിനിനും വടക്കന്‍ ആഫ്രിക്കന്‍ പ്രദേശങ്ങള്‍ക്കും ഇടയില്‍ അപകടകരമായ യാത്രകളില്‍ ഏര്‍പ്പെട്ടു. ഡില്ലിയെ കുറിച്ചു വിവരങ്ങള്‍ ശേഖരിക്കുന്നതു പോലും തങ്ങളുടെ ഭീഷണ രീതികള്‍ കൊണ്ട് തന്നെയാണ് എന്നത്, പ്രകടമായ ദൈന്യങ്ങള്‍ക്കിടയിലും അവരോടു സഹതപിക്കുകന്നതിനെ പ്രശ്നവല്‍ക്കരിക്കുന്നുണ്ട്. കാലത്തില്‍ തടവിലായിപ്പോയ മോറിസിനെയും ചാര്‍ലിയെയും കണ്ണില്‍ നോക്കി കടന്നു പോകാന്‍ ഡില്ലിക്ക് കഴിയുന്നത്‌ അവരുടെ കയ്യിലെ ഫോട്ടോയില്‍ ഉള്ളതില്‍ നിന്ന് വ്യത്യസ്തമായി അവള്‍ വേഷം മാറിയത് കൊണ്ട് മാത്രമല്ലഅവര്‍ക്കു തിരിച്ചറിയാനാവാത്ത മറ്റൊരു കാലത്തെയാണ് അവള്‍ പ്രതിനിധാനം ചെയ്യുന്നത് എന്നത് കൊണ്ടു കൂടിയാണ്. ഒരു ഞൊടി പാരസ്പര്യത്തിനപ്പുറം അവര്‍ക്കിടയില്‍ ഒന്നുമില്ലഇടത്തിലും കാലത്തിലും. ഡില്ലിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് ആ അര്‍ത്ഥത്തില്‍ ഇരുവര്‍ക്കും ഭൂതകാലത്തിന്റെ മുഖാമുഖത്തിനും വിചാരണക്കും ഓര്‍മ്മിച്ചെടുക്കലിനുംഅതിന്റെ തുടര്‍ച്ചയെന്നോണംവിസ്മൃതിയെ ആവാഹിക്കുന്നതിനും ഉള്ള സന്ദര്‍ഭം മാത്രമാണ്. 

നോവലിന്റെ പ്രാരംഭ സാഹചര്യം വ്യക്തമായും സൂചിപ്പിക്കുന്ന ബെക്കറ്റിയന്‍ (സാമുവേല്‍ ബെക്കറ്റ്) നാടകങ്ങളിലെ പാത്രദ്വയങ്ങളെ പോലെ തുറിച്ചു നോക്കുന്ന പ്രതീക്ഷാരാഹിത്യത്തിലും കൂട്ടുവിടാത്ത സൗഹൃദം ഇരുവര്‍ക്കും തുണയാകുന്നുണ്ട്. എന്നാല്‍മുഖ്യ കഥാപാത്രങ്ങളുടെ സുവ്യക്തമായ ക്രിമിനല്‍ പശ്ചാത്തലം സൃഷ്ടിക്കുന്ന ക്രൈം നോവല്‍ അന്തരീക്ഷം മറ്റൊരു കാലത്തിന്റെതാണ്. വമ്പന്‍ കുറ്റകൃത്യങ്ങളുടെ സ്പഷ്ടമായ വിവരണവും അതിന്റെ ഫലമായുണ്ടാകുന്ന നാശവും കൊടും ഭീഷണിയും ഭ്രാന്തന്‍ പ്രതികരണങ്ങളും നോവലില്‍ ഇടം പിടിക്കുന്നു. അതെല്ലായിപ്പോഴും മനുഷ്യന്റെ ആത്മസത്തയെ ബാധിക്കുന്നു എന്നിടത്താണ് മുന്‍സൂചിതമായ ‘ശുദ്ധീകരണ പ്രക്രിയ’ അനിവാര്യമാകുന്നത്. എന്നാല്‍ ഒരു ദൈന്യവും ഒരു തരം മോക്ഷത്തിന്റെയും സാധ്യത അവരുടെ മുന്നില്‍ തുറന്നുവെക്കാനിടയില്ലെന്നു തോന്നിക്കുന്ന വെളിപ്പെടുത്തലുകള്‍ നോവല്‍ കാത്തുവെക്കുന്നുണ്ട്; ആരെപ്പേടിച്ചാണ് ഒരു യുവതി നിരന്തര പാലായനം നടത്തുന്നത്; എന്തുകൊണ്ടാണ് ചാര്‍ലിക്കും ആ പുന:സമാഗമം തുല്യ പ്രധാനമാകുന്നത് എന്നതുള്‍പ്പടെ. നോവലിന്റെ വായനയില്‍ മനശാസ്ത്രപരമോധാര്‍മ്മികത സംബന്ധിച്ചതോ ആയ ദസ്തയവ്സ്കിയന്‍ വിശകലനങ്ങള്‍ പ്രതീക്ഷിക്കുന്നവര്‍ നിരാശരായെക്കും എന്ന മുന്നറിയിപ്പും ഇവിടെ സംഗതമാണ് (James Lasdun).

കെവിന്‍ ബാരിയുടെ പ്രതിഭ ഏറ്റവും തിളങ്ങിനില്‍ക്കുന്നത് കാലാവസ്ഥ, നാട്ടുമ്പുറക്കാഴ്ചകളുടെ വര്‍ണ്ണന എന്നിവയില്‍ അദ്ദേഹം പ്രയോഗിക്കുന്ന ഭാവഗരിമയിലാണ്. നോവലില്‍ ഉടനീളം ഈ ഭാവഗീതാത്മക തീവ്രത (lyrical intensity) കാണാനാകും:

“ഒക്റ്റൊബര്‍. പാളിനോക്കുന്ന ലാവണ്യത്തിന്റെ മാസം. സമുദ്ര ശകലങ്ങളില്‍ നിന്ന് തെറിച്ചു വരുന്ന വിഷാദത്തിന്റെ കഠാരകള്‍. പര്‍വ്വതങ്ങള്‍ ആസന്നമായ മഞ്ഞുകാലം സ്വപ്നം കാണുന്നു. തീരത്തെ ഗുഹകളില്‍ നിന്ന് പ്രഭാതം  പരുഷമായി ഒച്ചവെക്കുന്നു. പക്ഷികള്‍ വീണ്ടും മതിഭ്രമത്തിലായിരിക്കുന്നു”

എന്ന് ദിനാന്തരീക്ഷത്തെ ഭാവാര്‍ദ്രമാക്കുന്ന നോവലിസ്റ്റ് പ്രകൃതിചിത്രം വരക്കുന്നതും അതെ കയ്യടക്കത്തോടെയാണ്‌:

“ഉപദ്വീപിന്റെ ഓരങ്ങള്‍ തീരദേശ റോഡിന്റെ ചാരെ കടന്നു പോയി. മലകള്‍ സാന്ധ്യപ്രകാശത്തെ വലിച്ചെടുത്ത് മ്ലാനമായി തിളങ്ങി. പാതയോരത്തെ ഒരു ഗഹ്വരം നീലക്കന്യകയെ പ്രദര്‍ശിപ്പിച്ചു. വാഹന മരണങ്ങളില്‍ പെട്ടവരുടെ ആത്മാക്കള്‍ക്കു വേണ്ടി. പത്തായപ്പോഴേക്കും ചന്ദ്രന്‍ കാണായിഅവളെ വിചിത്രമായി വരച്ചുവെച്ചു. സുവ്യക്തമായ ഒരു വേനലന്ത്യ ചന്ദ്രിക. ചാന്ദ്രനാമം ഒരു മഞ്ഞ ധാതുവായിരുന്നു. അവള്‍ കാറു നിറുത്തികടലിന്റെ നിശ്വാസം കേള്‍ക്കാനായി വിന്‍ഡോയില്‍ കാതോര്‍ത്തു; എവിടെയോ വൈകിയും പ്രവര്‍ത്തിപ്പിക്കുന്ന പുല്ലുവെട്ടിയുടെ സ്വരംഎങ്ങോ കുറുനരികള്‍ ഓരിയിടുന്നു. കടലിന്റെ വാരികളില്‍ സാന്ധ്യസൂര്യന്റെ അന്ത്യകിരണങ്ങള്‍ അസ്തിധവളമായ അടയാളങ്ങള്‍ പതിച്ചു. പര്‍വ്വതങ്ങള്‍ തങ്ങളുടെ ദൌത്യമെന്നോണം രാജകീയമായി പ്രകമ്പനം കൊണ്ടു. രാവോടടുത്തിരുന്നുഎന്നിട്ട്ഓ – അത്രക്കും – എല്ലാം വീണ്ടും പ്രശാന്തമായിരുന്നു.”

വായനക്കാരെ വല്ലാതെ മോഹിപ്പിക്കുന്ന ഇത്തരം വിവരണങ്ങള്‍ ഗാങ്സ്റ്റര്‍ ഫിക് ഷന്റെ വരണ്ട ഭാവശൂന്യതയുമായി നേരിട്ടു വൈരുധ്യത്തിലാണെന്നത് വ്യക്തമാണ്. ഹെമിംഗ് വേ നോവലുകളിലെ ബൊഹീമിയന്‍ രാവുകളുടെയും അമാദു (Jorge Amado)വിന്റെയും ഫ്യുവെന്തസിന്റെയും (Carlos Fuentes) പരുക്കന്‍ വയലന്സിന്റെയും പരാഗങ്ങളോട് സെര്‍ജ്ജി ലിയോനിയുടെ വെസ്റ്റേണ്‍ അന്തരീക്ഷം കൂടിക്കലരുന്ന ഒരു സങ്കരമായും നോവലിന്റെ വിചിത്ര സൌന്ദര്യം അനുഭവപ്പെടാം. “പ്രണയവും കറുപ്പും – മനുഷ്യാനുഭവമണ്ഡലത്തില്‍ ഇതിലും മെച്ചമായത്‌ സാധ്യമല്ല” എന്ന് മോറിസ് വിവരിക്കുക സിന്തിയയോടൊപ്പം മായോയില്‍ കഴിഞ്ഞ ഏതാനും നാളുകളെ കുറിച്ചാണ്. ബോധപൂര്‍വ്വം സ്വയം വഴങ്ങിക്കൊടുത്ത ഹെറോയിന്‍ അഡിക് ഷനും കൂടി ച്ചേര്‍ന്നു “കുറച്ചു കാലത്തേക്ക് അവര്‍ സ്ഥലത്തിന്റെ പ്രശാന്തതയില്‍ വീണുപോയി. എന്നുംവര്‍ഷങ്ങള്‍ കടന്നു പോകവേഅതിനെ അവരുടെ ജീവിതത്തിലെ ഏറ്റവും നല്ലകാലം എന്ന് അവര്‍ വിളിക്കും. നമുക്ക് പര്‍വ്വതം ഉണ്ടായിരുന്നപ്പോള്‍നമുക്ക് ജലം ഉണ്ടായിരുന്നപ്പോള്‍.”  

ഇരുണ്ടതും വിധിവിളയാട്ടത്തിന്റെ വിഷാദ/ നിരാശാഭാവമുള്ളതുമായ മൂകമായ അന്തരീക്ഷം; പാത്രസൃഷ്ടികളില്‍ നിഗൂഡതയും ധാര്‍മിക അങ്കലാപ്പുകളും നഷ്ടങ്ങളും ദുരൂഹ കുറ്റബോധവും നിറഞ്ഞതുമായ ഭൂതകാലം; കുറ്റവാളികളുടെ, കടുത്ത, വികാരശൂന്യമായ പ്രകൃതവുമുള്ള കഥാപാത്രങ്ങള്‍; തകര്‍ന്നുപോയ ബന്ധങ്ങള്‍; കുറ്റകൃത്യങ്ങളുടെ നഗര/ അധോലോകം, തുടങ്ങിയ ഘടകങ്ങള്‍ ‘നോയര്‍ (Noir)’  ഴോനറിനോട് നോവലിനെ അടുപ്പിക്കുന്നുണ്ടെങ്കിലും, 'നോയര്‍' എന്ന് നോവലിനെ വിളിക്കാനുമാകില്ല. അത്തരം കൃതികളുടെ വരണ്ട വികാരശൂന്യതയ്ക്ക് പകരം ഭാവഗീത ഗരിമയും സംഗീതാത്മകതയും നിറഞ്ഞ കാവ്യസൌന്ദര്യമിയന്ന ഭാഷയാണ് കെവിന്‍ ബാരിയുടെത്. നോയര്‍ ശൈലിയിലെ വാള്‍ത്തല മൂര്‍ച്ചയുള്ള സംക്ഷിപ്ത ഭാഷയ്ക്ക്‌ പകരം, ശബള വര്‍ണ്ണനകളും ദീര്‍ഘവും ചമത്കാര സുന്ദരവുമായ ഭാഷണങ്ങളും ആത്മഭാഷണങ്ങളുമാണ് നോവലിന്റെ മുഖ്യ ആകര്‍ഷണം. കുറ്റവാളികളുടെ കര്‍മ്മങ്ങളിലേക്കല്ല കുറ്റകരമായ ജീവിതം നയിച്ചതിന്റെ വൈകാരിക പരിണതികളിലേക്കാണ് നോവല്‍ ശ്രദ്ധയൂന്നുന്നത്. ഈ ആന്തരികോന്മുഖത, ചടുലവും ഇതിവൃത്തപ്രധാനവുമായ നോയര്‍ ഘടനയോടു ചേര്‍ന്നുപോകുന്നതല്ല.

‘പുരുഷ മനോനിലയുടെ ജ്ഞാന ദൃഷ്ടിയുള്ള ആഖ്യാതാവ്,’ ‘കാവ്യാത്മകതയുള്ള ക്രാന്ത ദര്‍ശി’ എന്നൊക്കെ കെവിന്‍ ബാരി വിവരിക്കപ്പെട്ടിട്ടുണ്ട്. ഒരു തലോടല്‍ പോലെയുള്ള ഗദ്യത്തിലൂടെ വായനയെ പുനരാവര്‍ത്തനം പ്രചോദിപ്പിക്കുന്ന ഒന്നാക്കി മാറ്റാന്‍ അദ്ദേഹത്തിനു കഴിയുന്നു. ഭീഷണമായ അതീന്ദ്രിയ സാന്നിധ്യങ്ങളെയും നിരാനന്ദകരമായ ചോരപ്പാടുകളെയും ആഖ്യാന കേന്ദ്രത്തില്‍ നിര്‍ത്തുന്ന ഒരു രചനയില്‍ അതത്ര എളുപ്പമല്ല. ഏറ്റവും ഹൃദയ ഭേദകമായ അനുഭവങ്ങളെ അവയുടെ മുഴുവന്‍ തീവ്രതയിലും അവതരിപ്പിക്കുമ്പോഴും സര്‍റിയല്‍ഭാവഗീതാത്മക സൗന്ദര്യം അവയ്ക്ക് പകര്‍ന്നു നല്‍കുന്നതിലൂടെ മാനുഷിക ദുരന്തങ്ങളെ മിത്തുവല്‍ക്കരിക്കുന്നതില്‍ നൈജീരിയന്‍ നോവലിസ്റ്റ് ക്രിസ് അബാനിയെയും മൊസാംബിക്കന്‍ നോവലിസ്റ്റ് മിയാ കൂട്ടോയെയും കെവിന്‍ ബാരി ഓര്‍മ്മിപ്പിക്കുന്നുണ്ട്. “ഇത്രക്കും ഇരുണ്ട പ്രമേയങ്ങള്‍ കൈകാര്യം ചെയ്യുന്ന നോവലുകള്‍ ശ്വാസം മുട്ടിക്കുന്ന തരത്തിലുള്ളതാകുക എന്ന, അല്ലെങ്കില്‍ ആ ഇരുള്‍ച്ചയുടെ ഭാരത്തില്‍ പൊളിഞ്ഞു തകര്‍ന്നു പോകുകയെന്ന അപകട സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നു. എന്നാല്‍ ബാരിതന്റെ കഥാപാത്രങ്ങളെ ഒന്നൊഴിയാതെ തികച്ചും മാനുഷികമായി ചിത്രീകരിക്കുന്നതിലൂടെ ഈ ചതിക്കുഴിയില്‍ നിന്ന് രക്ഷപ്പെടുന്നു... ബാരി തന്റെ കഥാപാത്രങ്ങളോട് സഹതപിക്കാന്‍ ഒരിക്കലും വായനക്കാരോട് ആവശ്യപ്പെടുന്നില്ല: മറിച്ച്അവരോടു അനുതപിക്കാതിരിക്കുക മിക്കവാറും ദുസ്സാധ്യമാക്കുകയാണ് അദ്ദേഹത്തിന്‍റെ രീതിഅതൊരു വിസ്മയകമായ തന്ത്രമാണ്” എന്ന മൈക്കല്‍ ഷോബിന്റെ നിരീക്ഷണവും ഇതോടു ചേര്‍ത്തു വെക്കാം *(3). 

  

References:

1. James Lasdun, ‘One Part Gangster, One Part Philosophical Clown’, Review of NIGHT BOAT TO TANGIER’, The New York Times, Sept. 19, 2019

2.  Alan Warner, ‘darkly comic voyage into the abyss’, Night Boat to Tangier by Kevin Barry review, The Guardian, 22 June, 2019

     3. Michael Schaub, ‘Take A Dark Ride On The 'Night Boat To             Tangier', n p r book review, Sept 20, 2019 

 

(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 278-284)

To purchase, contact ph.no:  8086126024

read more:

Sleepwalking Land by Mia Couto

https://alittlesomethings.blogspot.com/2016/09/blog-post_26.html

The Book of Chameleons by José Eduardo Agualusa

https://alittlesomethings.blogspot.com/2016/11/blog-post_6.html

 Song for Night by Chris Abani

    https://alittlesomethings.blogspot.com/2016/02/blog-post.html

Tram 83 by Fiston Mwanza Mujila

https://alittlesomethings.blogspot.com/2017/04/blog-post_19.html

These Are the Names by Tommy Wieringa:

https://alittlesomethings.blogspot.com/2024/10/these-are-names-by-tommy-wieringa.html

Wednesday, April 19, 2017

Tram 83 by Fiston Mwanza Mujila

നിധിവേട്ടയുടെ ഭ്രാന്ത ലോകങ്ങള്‍ 

ആദിയില്‍ കല്ലുണ്ടായിരുന്നുകല്ല്‌ പിന്നീട് ഉടമസ്ഥതയെ ഉദ്ധീപിപ്പിച്ചുഉടമസ്ഥത ഒരു പരക്കം പാച്ചിലിനെ(rush), പരക്കം പാച്ചില്‍ വ്യത്യസ്ത ഭാവങ്ങളുള്ള ആളുകളുടെ വരവിനെ - അവര്‍ പാറകളിലൂടെ റെയില്‍ പാളങ്ങള്‍ ഉണ്ടാക്കിപനങ്കള്ളില്‍ ജീവിതം പടുത്തുയര്‍ത്തിഒരു വ്യവസ്ഥ ഉരുത്തിരിയിച്ചുഖനനത്തിന്റെയും കച്ചവടത്തിന്റെയും മിശ്രിതം.”

(ട്രാം - 83 - ആരംഭം )

 

പ്രതിഭാധനരായ പുതുതലമുറ ആഫ്രിക്കന്‍ എഴുത്തുകാരിലെ ശ്രദ്ധേയമായ താരോദയമാണ്  "ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഏറ്റവും ജനസംഖ്യയുള്ളവയില്‍ ഒന്നായ ഡിആര്‍ . സി. (ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ ) ഏറെക്കാലമായി കാത്തിരിക്കയായിരുന്ന ആ മഹാനായ നോവലിസ്റ്റ്എന്ന് അലെയ്ന്‍ മ്ബാങ്കു വിശേഷിപ്പിച്ച യുവ നോവലിസ്റ്റ് ഫിസ്റ്റന്‍ നാസര്‍ മ്വാന്‍സാ മുജീലമികച്ച കവിതകളിലൂടെ തന്റെ ഇടം കണ്ടെത്തിയ മുജീലയുടെ പ്രഥമ നോവലായ  'ട്രാം- '83', ഡിആര്‍ .സി - യുടെ തെക്കു കിഴക്കന്‍ നഗരമായ ലുബുംബാഷിയുടെ പശ്ചാത്തലത്തില്‍ സബ് സഹാറന്‍ ആഫ്രിക്കന്‍ സാഹിത്യത്തില്‍ അത്രയൊന്നും പരിചിതമല്ലാത്ത 'ടൂറിസ്റ്റുകള്‍ക്ക് വേണ്ടി ഇറക്കുന്ന പോസ്റ്റ്‌ കാര്‍ഡുകളില്‍ കാണാത്തതരം കുത്തഴിഞ്ഞതും അരാചകത്വം നിറഞ്ഞതുമായ ജീവിതാവസ്ഥകളെ ചിത്രീകരിക്കുന്നുകോംഗോയില്‍ മാത്രമല്ലആഫ്രിക്കയിലെങ്ങും നടമാടിക്കൊണ്ടിരിക്കുന്ന ചൂഷണത്തിന്റെയും നിയോ കൊളോണിയലിസത്തിന്റെയും രൂപങ്ങളെ ആവിഷ്കരിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്നു നോവലിസ്റ്റ് ഏറ്റു പറഞ്ഞിട്ടുണ്ട്.

 

ട്രാം 83 - ജാസിന്‍റെ താളം , അരാജകത്വം 

സ്റ്റാന്‍ലിയുടെ (ഹെന്‍ റി മോര്‍ട്ടന്‍ സ്റ്റാന്‍ലി - 1841-1904)കാലത്ത് നിര്‍മ്മിക്കപ്പെട്ടതെന്നു തോന്നിക്കുന്ന തകര്‍ന്നു പോയ റെയില്‍പ്പാതയുള്ള നോര്‍ത്തേണ്‍ സ്റ്റേഷനില്‍ ഒരു വെള്ളിയാഴ്ച വൈകീട്ട് 'എഴിനോ ഒമ്പതിനോ അടുത്ത്ലൂഷിയന്‍ വന്നിറങ്ങുന്നതോടെയാണ് നോവല്‍ ആരംഭിക്കുന്നത്. “രാത്രി ഈ സമയത്ത് എത്തിച്ചേരുന്ന ഈ ട്രെയ്നുകളുടെ ശാപം അത് വിദ്യാര്‍ഥികളോ ഖനിത്തൊഴിലാളികളോ ആവട്ടെസ്വന്തം നിലക്ക് പട്ടണത്തില്‍ തിരിച്ചെത്താന്‍ കഴിയാത്ത തെണ്ടികളാണ് അതില്‍ വന്നിറങ്ങിയത് എന്നതാണ്.” ഒന്നിനും ഒരു ചിട്ടയും വ്യവസ്ഥയുമില്ലാത്ത ഒരിടം - "തൂങ്ങിച്ചാവാനും വിസര്‍ജ്ജിക്കാനും ദൈവദൂഷണം നടത്താനും ആസക്തനാവാനും ആരു കാണുന്നതും കൂസാതെ മോഷ്ടിക്കാനും എല്ലാം സാധിക്കുന്ന ഭൂമിയിലെ ഒരേയൊരിടം" - സിറ്റി സ്റ്റേറ്റ് എന്ന് ഏതാണ്ടൊരു ദുസ്വപ്നാത്മകമായ ഡിസ്റ്റോപ്പിയന്‍ കല്‍പ്പനപോലുള്ള ഇടത്തിലാണ് ട്രാം - '83 എന്ന അധോലോകം തന്നെയായ വൈരുദ്ധ്യങ്ങളുടെ സംഗമസ്ഥലിഎഴുത്തുകാര്‍ , കുടിയന്മാര്‍ , മയക്കുമരുന്ന് കച്ചവടക്കാര്‍, സ്വപ്നാടകര്‍, എല്ലാം നഷ്ടപ്പെട്ടവര്‍ , നോവലില്‍ ഉടനീളം ഒരു വായ്ത്താരി പോലെ 'നിങ്ങള്‍ക്ക് സമയമുണ്ടോ?' എന്ന ചോദ്യവുമായി ചുറ്റിക്കറങ്ങുന്ന ബാല വേശ്യകള്‍ (baby chicks), അവിവാഹിത അമ്മമാര്‍ (single mammas), നാല്പ്പതു കടക്കുന്നതോടെ പിന്നീട് പ്രായമാവാതെ മുന്നേറുന്ന മുതിര്‍ന്ന വേശ്യകള്‍,   സഹായികളും സ്വവര്‍ഗ്ഗാനുരാഗികളുടെ കൂട്ടുകാരും കൂട്ടിക്കൊടുപ്പുകാരുമായി 'സ്ലിം ജിംസ്എന്നു വിളിക്കുന്ന ബാലന്മാര്‍പെന്റക്കോസ്ത് പ്രഭാഷകര്‍വര്‍ഷങ്ങളായി കലാപങ്ങളില്‍ അടഞ്ഞു കിടക്കുന്നഒരു കാരണവുമില്ലാതെ റെയില്‍പ്പാത രണ്ടായി പകുത്തുകളഞ്ഞ ഏക യൂണിവേഴ്സിറ്റിയുടെ പേര് പറയുന്ന മെക്കാനിക്കുകളെ പോലുള്ള വിദ്യാര്‍ഥികള്‍ , സ്വന്തം ലെക്ചര്‍ നോട്ടുകള്‍ വില്‍ക്കാന്‍ നടക്കുന്ന പ്രൊഫസര്‍മാര്‍ഒരു 'കാരണവുമില്ലാതെ സാല്‍സഫ്ലെമെന്‍ഗോമെരെംഗെ പ്രകടനങ്ങളുമായി നടക്കുന്ന ക്യൂബന്‍ സംഗീതജ്ഞര്‍നിശാ ക്ലബ്ബുകളില്‍ രോഗ നിര്‍ണ്ണയം നടത്തുന്ന ഡോക്റ്റര്‍മാര്‍അടുത്തൂണ്‍ പറ്റിയ ജേര്‍ണലിസ്റ്റുകളും ഉഭയ ലിംഗക്കാരും സ്വവര്‍ഗ്ഗാനുരാഗികളുംപോണ്‍ ഫിലിം പ്രണയികള്‍പിടിച്ചുപറിക്കാര്‍രാഷ്ട്രീയാഭയം തേടുന്നവര്‍കുറ്റവാളി സംഘാംഗങ്ങള്‍മണ്മറഞ്ഞ സംസ്കൃതികള്‍ തേടുന്ന പുരാവസ്തു ഗവേഷകര്‍പുതിയ നിധി വേട്ടക്കാര്‍അവയവ മാഫിയക്കാര്‍കുടിവെള്ളവില്‍പ്പനക്കാര്‍ഷൂ പോളിഷ് ചെയ്യുന്ന കുട്ടികള്‍ലൈംഗിക ദാഹം മൂത്ത വിധവകള്‍വിമത സൈനികര്‍ഉത്തേജക - മയക്കു മരുന്ന് വില്‍പ്പനക്കാര്‍കള്ള പാസ്പോര്‍ട്ടും രേഖകളും നിര്‍മ്മിക്കുന്നവര്‍കൂടോത്ര മാന്ത്രികര്‍അനിയന്ത്രിതമായ ബലാല്‍ക്കാരാസക്തിയില്‍ വീര്‍പ്പു മുട്ടുന്ന സൈനികരും വാടക കൊലയാളികളുംമുഴുക്കുടിയന്മാര്‍ബാല യോദ്ധാക്കളും സമാധാന സേനാ ആക്റ്റിവിസ്റ്റുകളും -അരാജകത്വത്തിത്തിന്റെ മൂര്‍ത്ത രൂപമായ ഒരു 'അസംഘടിത ബനാനാ റിപ്പബ്ലിക്തന്നെയായ  'സിറ്റി സ്റ്റേറ്റി'ന്റെ കേന്ദ്രമാണ് ട്രാം 83 എന്ന ഇടംസമൂഹത്തിലെ ഈ അടിത്തട്ടു ജീവികളെ മുഴുവന്‍ പ്രദേശത്തേക്ക് ആര്‍ത്തലക്കാന്‍ ഇടയാക്കുന്നതാവട്ടെആഭ്യന്തര സംഘര്‍ഷങ്ങളില്‍ തകര്‍ന്നു പോയ സാമൂഹിക - സമ്പദ് ഘടനയും 'വിമത ജനറല്‍ ' എന്ന് മാത്രം വിളിക്കപ്പെടുന്ന ഒരു യുദ്ധപ്രഭുവിനപ്പുറം ഒന്നുമല്ലാത്തമലീമസ രതിയുടെയും അവസാനമില്ലാത്ത പ്രഭാഷണങ്ങളുടെ വലിയ വായുമായ അധികാര കേന്ദ്ര പ്രതീകത്തിന്റെ നൈമിഷിക വിഭ്രാന്തികല്‍ക്കനുസരിച്ചു തുറക്കുകയോ പൂട്ടിയിടുകയോ ചെയ്യുന്ന വൈരക്കല്‍ ഖനികളും അതിനെ ഉപജീവിച്ചും ചുറ്റിപ്പറ്റിയും തഴക്കുന്ന സ്വദേശി - വിദേശി ഗുണ്ടാ - കുത്തക കൂട്ടുകട്ടുകളും അനുബന്ധ ലൈംഗിക ആരാചകത്വങ്ങളുടെയും ചുറ്റുപാടുകളാണ്.

 

ജാസ് സംഗീതം ഊടും പാവുമാണ് കറുത്തവന്റെ ജീവിതത്തിനു എന്നതിന്റെ പാരഡിയാണ് നോവലിലെങ്ങും സാന്നിധ്യമാകുന്ന വെറും അവലക്ഷണ അനുകരണമായ ജാസ് സംഗീതം. 'കരിമ്പു മണം അടിച്ചു വീശുന്നത് അറിയാന്‍ വേണ്ടിയോ നീഗ്രോ ബോധവുമായി ചേരാന്‍ വേണ്ടിയോ ആ മ്യൂസിക്കല്‍ നോട്ടുകളുടെ സൌന്ദര്യത്തിനു വേണ്ടിയോ അല്ല.. അത് ആഭിജാത്യ ലക്ഷണം ആയതു കൊണ്ട്ധനികരുടെയും പുതു പണക്കാരുടെയും സംഗീതം ആയതു കൊണ്ട് , തങ്ങളുടെ സുന്ദരമായ ശിഥില ലോകം പനിയുന്നവരുടെത് ആയതു കൊണ്ട്.” അരാചകത്വം അതിന്റെ പരകോടിയില്‍ അക്രമാസക്തവും സ്വയം വിനാഷകവുമായ അവസ്ഥ. "ഭൂമധ്യരേഖാ ആഫ്രിക്കയില്‍ ചെറുപ്പമായിരിക്കുന്നത് വ്യര്‍ത്ഥമാണ്മുപ്പതിന് ചുവടെയുള്ളവര്‍ മടുപ്പ് ബാധിച്ചവരുംപരജന വിദ്വേഷികളും തട്ടിപ്പുകാരും പിത്തലാട്ടക്കാരും ജാസ് ആവട്ടെഒരു സൌകര്യത്തിനുള്ള വിവാഹമാകട്ടെഎന്തു മാര്‍ഗ്ഗത്തിലും ദാരിദ്ര്യം എന്ന തടവ്‌ ചാടാന്‍ വെമ്പുന്നവരും ആണ്.” “വിശപ്പിനെ സൂക്ഷിക്കുകമുലകുടി മാറാത്ത മുട്ടുകുത്തുന്ന കുട്ടികള്‍ പോലും വിപണന വസ്തുക്കളും അങ്ങോട്ടുമിങ്ങോട്ടും ചലിക്കുന്നതും എല്ലാം ഉള്‍പ്പടെ ഒരു ട്രെയ്നിനെ മുഴുവന്‍ ബന്ദികലാക്കിയ ചരിത്രമുള്ളയിടത്ത്വിദൂര കാരണംരക്ഷപ്പെടാനുള്ള എല്ലാ സാധ്യതയും അടച്ചു കളയുന്ന വിശപ്പ്‌നേരിട്ടുള്ള ഫലംരക്തച്ചൊരിച്ചിലോടെയുള്ള സായുധക്കൊള്ള " ഇത്തരം അനിശ്ചിതത്വങ്ങളുടെ ലോകത്ത് ജീവിതത്തിനും മരണത്തിനും എന്ത് സംഭവിക്കുന്നു എന്നു നോവലില്‍ നിരീക്ഷിക്കുന്നുണ്ട് : “മരണമെന്നതിനു ഒരര്‍ത്ഥവുമില്ലകാരണം നിങ്ങളൊരിക്കലും ശരിക്കും ജീവിച്ചിട്ടില്ല.”   അമേരിക്കന്‍ , റഷ്യന്‍ പോണ്‍ സിനിമകള്‍ ഒഴിച്ച് മറ്റെന്തും കിട്ടുക പ്രയാസംസര്‍ക്കാര്‍ സൈന്യവും വിമത സൈന്യവും രാപ്പകലില്ലാതെ പരസ്പരം യുദ്ധം ചെയ്തുകാര്യങ്ങള്‍ വീണ്ടും വ്യവസ്ഥയില്‍ എത്തിക്കാന്‍ അന്താരാഷ്‌ട്ര സമൂഹം പത്തൊമ്പത് പരമാധികാര ദേശീയ സമ്മേളനങ്ങള്‍ വിളിച്ചു കൂട്ടിയെങ്കിലും ഒന്നും ഒരു പ്രയോജനവും ചെയ്തില്ലെന്ന് മാത്രം . ലോകത്തെ ഏറ്റവും ചെറിയ രാജ്യതലസ്ഥാനമായ ട്രാമില്‍ മൂന്നു ഗോത്രങ്ങള്‍ സംഗമിച്ചുഒന്ന്അന്നാന്നത്തെ ജീവിതം ജീവിച്ച , മാസങ്ങളായി ശമ്പളം മുടങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍,. രണ്ട്സ്വപ്നാടകര്‍വിദ്യാര്‍ഥികള്‍ഖനിത്തൊഴിലാളികള്‍ബേബി ചിക്സ്ലാഭം തേടുന്ന ടൂറിസ്റ്റുകള്‍വിമതരുടെ ഏറ്റവും അടുത്തയാളുകള്‍മൂന്ന്തഴക്കം വന്നവര്‍അവിവാഹിത അമ്മമാര്‍കലാഷ് നിക്കൊവുമായി നടക്കുന്ന ബാല സൈനികര്‍അവയവ കച്ചവടക്കാര്‍നിശാ ശാലകളിലെ പരിചാരികമാര്‍,   തുടങ്ങിയവര്‍അതിജീവനത്തിന്റെ ഈ വന്യതയില്‍ ഖനികളില്‍ എവിടെയെങ്കിലും ഒരിടത്ത് കല്ലിന്റെ ശേഖരം കണ്ടെത്തിയാല്‍ എല്ലാവരും കൂടി സുരക്ഷിതത്വത്തെ കുറിച്ചൊന്നും ചിന്തിക്കാതെ അങ്ങോട്ട്‌ കുതിക്കുന്നു - ബേബി ചിക്സ്സ്ലിം ജിംസ്ഖനിത്തൊഴിലാളികള്‍ എല്ലാവരും ഉള്‍പ്പടെഖനിയിടിച്ചിലില്‍ ഓടുങ്ങിപ്പോവുന്നവര്‍ എത്രയും വേഗം വിസ്മൃതരാവുന്നുചിലര്‍ അത്ഭുതകരമായി രക്ഷപ്പെട്ടും ചരിത്രം സൃഷ്ടിക്കുന്നുഎട്ടു തവനെ ഖനിയിടിച്ചില്‍ അതിജീവിച്ച ബൂബകാര്‍ എന്നയാള്‍ 'ലാസര്‍ ' എന്ന അറിയപ്പെടുന്നുവിമത ജനറല്‍ ആവട്ടെഖനിയിടിച്ചിലിനെ തനിക്കും കുടുംബത്തിനും താന്‍ അനുവദിക്കുന്നവര്‍ക്കും ഒഴികെ ഖനിയില്‍ അവകാശമില്ലെന്നതിന്റെ ദൈവിക അംഗീകാരമായി കൊണ്ടാടുന്നു.

 

മുഖാമുഖങ്ങള്‍ , പരിണാമങ്ങള്‍

 

വര്‍ഷങ്ങള്‍ക്ക് ശേഷം ലൂഷിയന്‍ , റിക്വേം എന്ന സുഹൃത്തുമായി സന്ധിക്കാന്‍ പോകുന്നുഇരു ധ്രുവങ്ങളില്‍ പ്രകൃതമുള്ള ഇരുവരുടെയും ജീവിതങ്ങളിലെ ഇഴപിരിഞ്ഞും കൂടിച്ചേര്‍ന്നുമുള്ള ഭൂതകാല മുറിവുകളും ഒറ്റുകളും പുതിയ വിനിമയങ്ങളിലേക്കും സംഘര്‍ഷങ്ങളിലേക്കും നയിക്കുന്നത് ഇതിവൃത്ത ഘടനയില്‍ ഏറെ പ്രധാനമാണെങ്കിലുംആത്യന്തികമായി 'ട്രാം 83' ഒരു സാഹചര്യത്തെ കുറിച്ചുള്ള  (atmospheric novel) ആണ്. 'ബാക്ക് കണ്ട്രി ' എന്ന് പേരുള്ള അവികസിത പ്രദേശത്ത്‌ നിന്നാണ് ലൂഷിയന്റെ വരവ്റിക്വേം കൊളോണിയല്‍ കാലം മുതല്‍ നില നിന്ന 'വാമ്പയര്‍ ടൌണ്‍ '  എന്നയിടത്തു നിന്നുംഎന്നാല്‍ 'ആണുങ്ങള്‍ കാറ്റു പോലെയാണ്രണ്ടിനും പാദങ്ങള്‍ ഭൂമിയില്‍ ഉറക്കില്ല.' എഴുത്തുകാരനും ഇടത്തിനിണങ്ങാത്ത വിധം സഹൃദയനുമാണ് ലൂഷിയന്‍ എങ്കില്‍ റിക്വേം അയാളില്‍ കഠിന വിദ്വേഷം ഉള്ളവനായതിനു പിന്നില്‍ ഒരിക്കല്‍ തന്റെ ഭാര്യയായിരുന്ന ജാക്വിലിനുമായി അയാള്‍ക്കുണ്ടായ ബന്ധത്തിന്റെ കഥയുണ്ട്ഇന്ന് ബ്ലാക്ക് മെയില്‍ പോലുള്ള ഗുണ്ടാ പ്രവര്‍ത്തനങ്ങളില്‍ നിര്‍ബ്ബാധം ഏര്‍പ്പെടുന്ന റിക്വേം 'യൗവ്വന കാലത്ത് തികച്ചും മറ്റൊരു ഈണത്തില്‍ ആയിരുന്നുശാന്തന്‍ , ആത്മാര്‍ഥത ഉള്ളവന്‍ , കൂറുള്ളവന്‍ . പിസ്റ്റള്‍ പുറത്തെടുക്കാന്‍ സമയം പാര്‍ത്തിരിക്കുന്നവരെ കാലം മൃഗങ്ങളാക്കും.” ലൂഷിയനുമായി എമിലിയാനുള്ള താല്പര്യം അറിഞ്ഞു കൊണ്ട് തന്നെ അവളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും പ്രസാധകന്‍ മാലിംഗോക്ക് തന്‍റെ തണലില്‍ വളര്‍ന്ന ലൂഷിയന്റെ നാടകം പ്രസിദ്ധീകരിക്കാന്‍ അനുവദം നല്‍കണമെങ്കില്‍ അയ്യായിരം ഡോളര്‍ നല്‍കണമെന്ന് ആവശ്യപ്പെടുന്നതും അയാള്‍ വഴങ്ങാതെ വരുമ്പോള്‍ ക്രിസ്റ്റെലയെ ഉപയോഗിച്ച് അയാളുടെ നഗ്ന ചിത്രങ്ങള്‍ എടുത്തു ഭീഷണിമുഴക്കി ആവശ്യം പതിനായിരം ഡോളര്‍ ആക്കി ഉയര്‍ത്തുന്നതും അയാളുടെ പില്‍ക്കാല പരിണാമങ്ങള്‍. എല്ലാ പ്രശ്നങ്ങള്‍ക്കും അയാള്‍ ലൂഷിയനെ ഉത്തരവാദിയായി കാണുന്നു: “സര്‍ക്കാര്‍ സൈന്യത്തിന്റെ വിനാശങ്ങള്‍ , തന്റെ അച്ഛന്റെ മരണംഅമ്മയുടെ പെട്ടെന്നുള്ള പുനര്‍വിവാഹംജാക്വലിനുമായുള്ള വിവാഹ മോചനം.” എഴുത്തുനിര്‍ത്തി കിട്ടുന്ന ജോലി സ്വീകരിക്കാന്‍ അയാള്‍ ലൂഷിയനെ ഉപദേശിക്കുന്നുണ്ട്. “പഠിക്കുന്നതൊക്കെ പൊങ്ങച്ചത്തെ ഉദ്ധീപിപ്പിക്കുകയെ ഉള്ളൂഅറിയാമോനിങ്ങള്‍ ബുദ്ധിജീവികളാണ് ഈ നാടിനെ കുട്ടിച്ചോറാക്കിയത് !” വെറും നല്പത്തിയൊന്നു വയസ്സ് ശരാശരി ആയുസ്സുള്ള സിറ്റി സ്റ്റേറ്റില്‍ മരണകാരണം പലര്‍ക്കും പലതാണ്ലൈംഗിക രോഗങ്ങള്‍ മാത്രം പൊതുവായുള്ളതുംവിമത ജനറല്‍ ലൂഷിയനെ തന്റെ അവസാനമില്ലാത്ത ഒരു പ്രഭാഷണത്തില്‍ പേര് പറഞ്ഞു പരാമര്‍ശിച്ചത് അയാള്‍ക്ക് നല്‍കിയ പ്രശസ്തിയും റിക്വേമിനെ അസ്വസ്ഥനാക്കുന്നുസുഡാന്‍അങ്കോളകൊറിയമുന്‍ സായിറെ, ഇസ്രയേല്‍റുവാണ്ട എന്നിവിടങ്ങളില്‍ സൈനികനായിരുന്ന അയാള്‍ക്ക് ദുരൂഹ ബന്ധങ്ങള്‍ ഉള്ളതും അയാളുടെ ആയുധ പാടവവും അയാളെ ഏതാണ്ട് അസ്‌പൃശ്യന്‍ ആക്കുന്നുണ്ട്‌ജീവിതത്തെ കുറിച്ചു പ്രതീക്ഷകള്‍ ഒന്നുമില്ലാത്തവന്റെ കൈവിട്ടകളിയാണ് അയാളുടെത് . “ലോകം മോക്ഷ രഹിതമാണ്... ദുരന്തം മുമ്പേ കുറിക്കപ്പെട്ടാണ്നമ്മളതിനു ആമുഖം എഴുതുന്നതെ ഉള്ളൂഅതുകൊണ്ട് നമുക്കാ ആമുഖം ചമക്കാം.”

 

നാടകം - ചരിത്രവും വക്രീകരണവും

 

ലൂഷിയന്‍ എഴുതിക്കൊണ്ടിരിക്കുന്ന നാടകം നാടിനെ ചരിത്ര പരിപ്രേക്ഷ്യത്തില്‍ നോക്കിക്കാണുന്നതായിരിക്കും എന്ന് അയാള്‍ തീരുമാനിച്ചിട്ടുണ്ട്. "സാധ്യതകളുടെ ആഫ്രിക്കലുമുംബഒരു മാലാഖയുടെ പതനംഅഥവാ ഇടിച്ചു പൊടിച്ച വര്‍ഷങ്ങള്‍ " എന്നാണു അയാള്‍ അത് നാമകരണം ചെയ്യുകകഥാപാത്രങ്ങള്‍ ചെ ഗുവേരസെകൂ ടോരെഗാന്ധിലിങ്കണ്‍ , ലുമുംബ , മാര്‍ട്ടിന്‍ ലൂതര്‍ കിംഗ്‌ചെഷസ്ക്യൂഎന്നിവര്‍ മാത്രമല്ലവിമത ജനറലും ഉണ്ടായിരിക്കും എന്ന് അയാള്‍ പറയുന്നുണ്ട്ഒരു ഘട്ടത്തില്‍ ലുമുംബയെ നേപ്പോളിയനോടും കൊളംബസിനോടും ഒപ്പം അവതരിപ്പിക്കുന്നത്‌ ചരിത്രത്തെ വളച്ചൊടിക്കല്‍ ആവില്ലേ എന്ന് അയാള്‍ ആശങ്കപ്പെടുന്നുണ്ട്നെപ്പോളിയന്‍മാവോ സെ തൂങ്ങിനൊപ്പം സെന്റ്‌ഹെലിന ദ്വീപിലേക്ക് പോകുന്ന ഘട്ടത്തില്‍ ലെനിന്‍ നടത്തേണ്ട സ്വകീയ ഭാഷണവും ഇത്തിരി അമിത ഭാരമായി അയാള്‍ക്ക് തോന്നുന്നുഎല്ലായിപ്പോഴും ട്രാമിലെ ജീവിതം അയാള്‍ക്ക് ആശയങ്ങള്‍ നല്‍കുന്നുഏതു ഘട്ടത്തിലും അത്തരം കുറിപ്പുകള്‍ തയ്യാറാക്കുന്ന ലൂഷിയന്‍ സമ്മിശ്ര വികാരങ്ങളാണ് മറ്റുള്ളവരില്‍ ജനിപ്പിക്കുകഎന്നാല്‍ പ്രസാധകന്‍ മാലിംഗോക്ക് ഇവരെയൊക്കെ വിട്ട് അയാള്‍ റെയില്‍പ്പാതയെ കുറിച്ചും ഖനികളെ കുറിച്ചുമൊക്കെ എഴുതണം. “ആഫ്രിക്കന്‍ നോവലിലെ പ്രധാന കഥാപാത്രം എപ്പോഴും അവിവാഹിതനും ഞരമ്പു രോഗിയും വൈകൃതങ്ങള്‍ ഉള്ളവനും വിഷാദ രോഗിയും കുട്ടികളില്ലാത്തവനും വീടില്ലാത്തവനും കടങ്ങളില്‍ വീര്‍പ്പു മുട്ടുന്നവനുമാണ്നമ്മള്‍ ഇവിടെ ജീവിക്കുന്നുഭോഗിക്കുന്നുനമ്മള്‍ സന്തുഷ്ടരാണ്ആഫ്രിക്കന്‍ സാഹിത്യത്തിലും ഭോഗം വേണം!” ഒരു ഘട്ടത്തില്‍ കഥാപാത്രങ്ങളുടെ എണ്ണം ഇരുപതില്‍ നിന്ന് പത്തായി കുറക്കണം എന്നുംഇഷ്ടമില്ലാതെയും അത് ചെയ്തു കഴിയുമ്പോള്‍ പശ്ചാത്തലം ആഫ്രിക്കയില്‍ നിന്ന് കൊളംബിയിലേക്ക് മാറ്റണം എന്നും അയാള്‍ ആവശ്യപ്പെടുന്നു. “ആഫ്രിക്കയില്‍ മിക്ക ബുദ്ധിജീവികള്‍ക്കും കൌതുകമില്ലഅതായത്കഴിഞ്ഞ നാനൂറു വര്‍ഷങ്ങളിലെ പോലെ ഇപ്പോള്‍ അത് ആകര്‍ഷണീയമല്ല.” നോവലന്ത്യത്തില്‍, റിക്വെമിന്റെ ഭീഷണി അവഗണിച്ചു നോവല്‍ പുറത്തിറക്കിയത് മാലിംഗോ ആഘോഷിക്കുമ്പോഴും അപ്പോഴേക്കും വേറെ ജോലി കിട്ടിക്കഴിഞ്ഞ പഴയ ലിറ്റററി എജന്റ് അതേ ആശയം ആവര്‍ത്തിക്കുന്നു , “ആഫ്രിക്കന്‍ സാഹിത്യം ഇനിയും ആകര്‍ഷണീയമേയല്ലപ്ലീസ്ലൂഷിയന്‍ , ഇനി ഫോണില്‍ വിളിക്കുമ്പോള്‍ , നമുക്ക് മറ്റു കാര്യങ്ങള്‍ സംസാരിക്കാം., കാമ സൂത്രസംഗീതംബിയര്‍ , പക്ഷെ എന്തായാലും സാഹിത്യം വേണ്ടനമ്മള്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ്നീയിനിയും ഒരു എഴുത്തുകാരന്‍ ആയി ജീവിക്കാന്‍ ആഗ്രഹിക്കുന്നു!” 

കറുത്ത ഹാസ്യം

 രാഷ്ട്രീയ കാലാവസ്ഥ മനസ്സിലാക്കി എഴുതാന്‍ തയാറുള്ളവര്‍ക്ക് സിറ്റി സ്റ്റേറ്റില്‍ ഒരു പാട് സാധ്യതകള്‍ ഉണ്ട് എന്ന് ലൂഷിയന്‍ ഒട്ടൊരു തമാശയോടെ നിരീക്ഷിക്കുന്നുണ്ട്. “ഓരോ രാഷ്ട്രീയ ഭരണത്തിനും , ചേര്‍ന്ന സാഹിത്യം ഉണ്ടാക്കപ്പെടുന്നുപ്രസിഡണ്ടിന്റെ ഭാര്യയുടെ ഹെയര്‍ സ്റ്റൈലിനെ കുറിച്ച് ഒരു മഹാകാവ്യം രചിക്കൂനിങ്ങള്‍ക്കൊരു വീട് തരും; പ്രവചനവകുപ്പ് മന്ത്രി (Minister of Divination, Clairvoyance, and Prophesies) യുടെ സ്വപ്നങ്ങളെ പുനസൃഷ്ടിക്കുന്ന സ്വഗതാഖ്യാനത്തിനു വെനീസിലേക്ക് ഒരു ട്രിപ്പ്‌, പ്രസിഡണ്ടിന്റെ കുട്ടിക്കാലത്തെ കുറിച്ച് ഒരു നോവലിന് അവര്‍ നിങ്ങളെ കൃഷിവകുപ്പിന്റെയും കാലിമേക്കലിന്റെയും മന്ത്രിയായി നിയമനം.” ഏറ്റവും അപഹാസ്യമായ ഈ സാഹചര്യത്തെ രൂക്ഷമായി തിരസ്കരിക്കുന്ന പ്രയോഗങ്ങള്‍ ഒരധ്യായത്തിന്റെ (19) തുടക്കത്തില്‍ വായിക്കാം : “.. നിങ്ങള്‍ ഭോഗിക്കുന്നില്ലഞങ്ങള്‍ നിങ്ങളെ ഭോഗിക്കുംനിങ്ങള്‍ തിന്നുന്നില്ലഞങ്ങള്‍ നിങ്ങളെ തിന്നുംനിങ്ങള്‍ തുലക്കുന്നില്ലഞങ്ങള്‍ നിങ്ങളെ തുലക്കുംഇതാ ഇവിടെ പുതു ലോകമാണ്ഇത് ഓരോരുത്തരും അവനവന്എല്ലാവര്‍ക്കും അമേദ്യം എന്നതാണ്ഇത് കാടാണ്.” തന്റെ ഉദ്ധാരണ ശേഷി നഷ്ടപ്പെടുമ്പോഴൊക്കെ ഖനികള്‍ അടച്ചിടുകയും സ്വതേ നിലനില്‍പ്പില്ലാത്ത ദേശത്തിന്റെ ആകെയുള്ള അതിജീവന മാര്‍ഗ്ഗം അടച്ചു കളയുകയും ചെയ്യുന്ന വിമത ജനറല്‍ പതിവ് ബനാനാ റിപ്പബ്ലിക് ഭരണാധികാരി തന്നെഭരണം എന്നതൊന്നും ഒരുതരത്തിലും ഇവിടെ നിലവിലില്ല എങ്കിലും.

ലൂഷിയന്റെ പാത്ര സൃഷ്ടി മറ്റൊരു തരം സമസ്യയാണ് ഉയര്‍ത്തുന്നത്സിറ്റി സ്റ്റേറ്റ് പോലൊരു നരകത്തില്‍ ഒരിക്കലും പുലരാനിടയില്ലാത്ത ഏതൊക്കെയോ ആദര്‍ശാത്മകത പലപ്പോഴും അയാളെ ഒരു കോമാളിയാക്കുന്നുണ്ട് : “സാധാരണ നശ്വരന്മാരെ പോലെ ലൂഷിയന്‍ ഖനികളില്‍ കുഴിക്കാന്‍ പോയില്ലഅയാള്‍ പേന കൊണ്ട് ജീവിക്കാനോ, അല്ലെങ്കില്‍ വലിയൊരു ഓഫീസില്‍ ജോലി ചെയ്യാനോ ആഗ്രഹിച്ചുപക്ഷെ അത് സിറ്റി സ്റ്റേറ്റ് പോലൊരു വനത്തില്‍ അസാധ്യമായിരുന്നു.”  അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ ചെറിയ കൈമടക്കു കൊടുത്ത് രക്ഷപ്പെടുന്നതിനു പകരം ജയിലിലേക്ക് പോകുന്ന ലൂഷിയന്‍, എമിലിയന്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ പീഡനം കലയും ശാസ്ത്രവുമായി വികസിപ്പിക്കുന്ന ജയിലറയില്‍ ഓടുങ്ങേണ്ടതായിരുന്നു. 'ബേബി ചിക്സി'ന്‍റെ തൊഴില്‍ 'മറ്റിടങ്ങളില്‍ നിങ്ങളെ ജയിലലയച്ചേനേ,' എന്ന് വിമര്‍ശിക്കുന്ന ലൂഷിയന്‍അവളെ എതിര്‍ത്ത് മനസ്സാക്ഷി പറഞ്ഞു അവളുടെ സ്നേഹം നിഷേധിച്ചു വിട്ടു പോവുന്നു. 'എമിലിയന്റെ ലഹരിപിടിപ്പിക്കുന്ന ഉടലിലേറെ കൂറകള്‍ നിറഞ്ഞപായയെ ഇഷ്ടപ്പെട്ട ലൂഷിയനെ കുറിച്ച് റിക്വേം നിരീക്ഷിച്ചത് ശരിയാണെന്ന് നോവലിസ്റ്റ് കൂട്ടിച്ചേര്‍ക്കുന്നു : “ചിലയാളുകള്‍ പതിമൂന്നാം നൂറ്റാണ്ടില്‍ നിന്നുള്ള തലച്ചോറുമായാണ് കഴിയുന്നത്‌.” അയാള്‍ പോകുന്നത് തടയാന്‍ വേണ്ടി മുന്നില്‍ മുട്ട് കുത്തുന്ന എമിലിയനെ നിഷേധിച്ചുകൊണ്ടുള്ള ആ ഹീറോ ചമയല്‍ , ഒടുവില്‍ , 'കണ്ണ് തുറക്കാന്‍ തയ്യാറില്ലാത്ത ഒരു എഴുത്തുകാരന്റെ മനസ്സാക്ഷി'യെന്ന ദുരൂഹത മാത്രമാണെന്നും നോവലില്‍ അപ്പോര്‍വ്വം ഘട്ടങ്ങളില്‍ കേള്‍ക്കുന്ന ആഖ്യാന ശബ്ദം നിരീക്ഷിക്കുന്നു.

 

വിദേശ ടൂറിസ്റ്റുകളെ 'പ്രായപൂര്‍ത്തി'യാവാത്ത കുട്ടികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്ന ആരോപണത്തിലൂടെ ബ്ലാക്ക് മെയില്‍ ചെയ്യാറുണ്ട് റിക്വേം . കറുത്ത ഹാസ്യത്തിന്റെ മികച്ച മാതൃകയാണ് ഇത്തരം ഭാഗങ്ങള്‍ : "നോഹയുടെഎസക്കിയേല്‍ പ്രവാചകന്റെ , സഹോദരി അഭിഗേലിന്റെ കാലം മുതല്‍ തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്ത പൌരന്മാരുടെ നാട്ടില്‍ പ്രായമെന്നത് എങ്ങനെയും മാറ്റാവുന്ന ഒന്നാണ്സംഭവം നടക്കുമ്പോള്‍ യുവതിക്ക് പ്രായപൂര്‍ത്തിയായിട്ടുണ്ടായിരുന്നുപക്ഷെ പണമായിരുന്നു പ്രധാനംആര്‍ക്കാണ് പണം ഇഷ്ടമല്ലാത്തത്അങ്ങേയറ്റം അഴിമതിയില്‍ മുങ്ങിയിരുന്ന കോടതി ഒരു പണപ്പശുവിനെ കണ്ടെത്തിയിരുന്നു.” റിക്വേമിന്റെ ഏറ്റവും വലിയ സ്വപ്നം വിമത ജനറലിനെ തന്നെ ഇരയാക്കുക എന്നതായിരുന്നുഅതയാള്‍ സാധിക്കുന്നതാണ് ഇതിവൃത്തത്തിന്റെ ക്ലൈമാക്സ് തീര്‍ക്കുകയും , തുടക്കം മുതലേ ഒവിവിജയന്‍റെ 'പ്രജാപതി'യെ ഓര്‍മ്മിപ്പിക്കുന്ന വിമത ജനറലിന്റെ ഉന്മാദത്തെ മൂര്‍ദ്ധന്യത്തില്‍ എത്തിക്കുകയും ചെയ്യുകഅനേകം 'ബേബി ചിക്സ്ഉള്‍പ്പെട്ട ഹാരമില്‍ ലൈംഗിക ക്ഷീണവും വലിപ്പമില്ലായ്മയും അലട്ടലാവുന്ന ജനറല്‍ , തന്റെ കഴിവുകേട് പുറം ലോകത്തെത്തുന്നതിനെതിരെ ഭ്രാന്തമായി പ്രതികരിക്കുകയും ഖനികള്‍ അടച്ചിടുകയും ചെയ്യുന്നുട്രാം 83 അടച്ചിടാനുള്ള നീക്കം ആവര്‍ത്തിച്ചു പരാജയപ്പെടുന്നുവെങ്കിലും ലൂഷിയന്‍ ,  റിക്വേംപ്രസാധകന്‍ മാലിംഗോ എന്നിങ്ങനെ മൂന്നു പേരെയും ജീവനോടെയോ അല്ലാതെയോ പിടിച്ചു കൊടുക്കുന്നവര്‍ക്ക് വന്‍ തുക ഇനാം പ്രഖ്യാപിക്കുകയും ചെയ്യുന്നത് മൂവരെയും ഒരു ഒളിച്ചോട്ടത്തിലേക്ക് നയിക്കുന്നുസിറ്റി സ്റ്റേറ്റിലെ ചൈനീസ് കേന്ദ്രത്തില്‍ അഭയം കണ്ടെത്തുന്ന മൂവരും വീണ്ടും പലായനം ചെയ്യേണ്ടി വരുന്നത് വര്‍ദ്ധിപ്പിച്ച ഇനാം അവിടത്തെ അന്തേവാസികളെ പ്രലോഭിപ്പിച്ചു തുടങ്ങുമ്പോഴാണ്.

മുജീലയുടെ പ്രതിഭ തിളങ്ങി നില്‍ക്കുന്നത് ഇതിവൃത്ത പരിചരണം എന്നതിലേറെവിചിത്ര വിശേഷങ്ങളുള്ളഫിക് ഷന്റെ നേരിയ ആവരണത്തിനപ്പുറം ആഫ്രിക്കന്‍ സാഹിത്യത്തില്‍ തന്നെ അത്രയൊന്നും അടയാളപ്പെടുത്തപ്പെട്ടിട്ടില്ലാത്തവര്‍ത്തമാന കാല കോംഗോ ജീവിതത്തിന്റെ യഥാതഥവും ഒപ്പം ദുസ്വപ്നാത്മകവുമായ അന്തരീക്ഷത്തെ ഒപ്പിയെടുക്കുന്നതിലും , നോവലിനെ ഒരു ശ്രാവ്യാനുഭവം കൂടിയാക്കുന്നതിലുമാണ്. ഭിന്നസ്വരങ്ങളുടെയും താളങ്ങളുടെയും മേളനമാണ് നോവലിലെങ്ങുംറുംബ, സാല്‍സ, ജാസ്റോക്ക്ഫ്യൂഷന്‍ സംഗീത ധാരകള്‍ മാത്രമല്ല യൂറോപ്യന്‍ ക്ലാസിക്കല്‍ സംഗീതവും ഇഴകോര്‍ക്കുന്നുണ്ട് നോവലില്‍ എങ്ങുംസംഭാഷണങ്ങളും സംഭാഷണ ശകലങ്ങളും പലപ്പോഴും അവയുടെ താളങ്ങളെയും ഈണങ്ങളെയും പ്രതിഫലിപ്പിക്കുന്നത് കൊണ്ട് നോവലില്‍ കണ്ണും കാതും പരസ്പരം വെച്ച് മാറുന്നുവെന്ന് ലിങ്ക്സ് കേലി നിരീക്ഷിക്കുന്നു. (M Lynx Qualey - The National Arts & Life, March 28, 2016). മുജീലയുടെ ഭാഷയുടെ സംഗീതത്തെ ഇംഗ്ലീഷിലേക്ക് മനോഹരമായി പരാവര്‍ത്തനം ചെയ്ത റോലാന്‍ഡ് ഗ്ലേസറുടെഫ്രഞ്ച് ഭാഷയില്‍ നിന്നുള്ള മൊഴിമാറ്റത്തെ 'ഒരു വന്‍ വിജയംഎന്ന് അദ്ദേഹം വിശേഷിപ്പിക്കുന്നു.

 


(കാക്കത്രൈമാസിക ഏപ്രില്‍ -ജൂണ്‍ 2017)

(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 186-193)

To purchase, contact ph.no:  8086126024

read more:

Sleepwalking Land by Mia Couto

https://alittlesomethings.blogspot.com/2016/09/blog-post_26.html

The Book of Chameleons by José Eduardo Agualusa

https://alittlesomethings.blogspot.com/2016/11/blog-post_6.html

 Song for Night by Chris Abani

    https://alittlesomethings.blogspot.com/2016/02/blog-post.html

Night Boat to Tangier by Kevin Barry

https://alittlesomethings.blogspot.com/2024/09/night-boat-to-tangier-by-kevin-barry.html