Featured Post

Showing posts with label Existentialism. Show all posts
Showing posts with label Existentialism. Show all posts

Saturday, December 6, 2025

Joji (2021)


ജോജിയും ബേബിയും പിന്നെ മാക്ബത്തും


    നിശ്ശബ്ദനായിരിക്കാന്‍ നിങ്ങള്‍ക്കെന്തവകാശം എന്ന് നിരന്തരം പ്രകോപിപ്പിച്ച രാഷ്ട്രീയ അന്തരീക്ഷത്തില്‍ കഴിഞ്ഞ കുറെയേറെ നാളുകളോട് കിട്ടിയ ഇടങ്ങളിലൂടെ പ്രതകരിച്ച മാസങ്ങളുടെ ഉഷ്ണദിനങ്ങള്‍ക്ക്‌ അവധി കൊടുക്കാന്‍ മലയാളിക്കു കിട്ടിയ ഒന്നാന്തരം വേറിട്ടുപോക്കായി ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യപ്പെട്ട ദിലീഷ് പോത്തന്‍- ശ്യാം പുഷ്കര്‍- ഫഹദ് ഫാസില്‍ ടീമിന്റെ ‘ജോജി’. വിചിത്ര വിമര്‍ശനങ്ങളും നിരീക്ഷണങ്ങളും ക്ഷണിച്ചു വരുത്തിയ ചിത്രം, ഏറെ തുലനം ചെയ്യപ്പെട്ടത് മലയാളത്തിലെ ലക്ഷണമൊത്ത  സോക്കോളജിക്കല്‍ ത്രില്ലര്‍ ക്ലാസ്സിക് ആയ കെ.ജി.ജോര്‍ജ്ജിന്റെ ‘ഇരകള്‍’ എന്ന ചിത്രവുമായാണ്. ഒന്നിനെ ഇകഴ്ത്തിയേ മറ്റൊന്നിനെ അംഗീകരിക്കാനാവൂ എന്ന പരിമിത വിഭവന്മാരുടെ മുട്ടാപ്പോക്കുകകള്‍ക്കപ്പുറം ഈ സമാനതകള്‍/ വൈചാത്യങ്ങള്‍ പഠനം അര്‍ഹിക്കുന്നുണ്ട്.

    ഇരകൾ മലയാളത്തിലെ എക്കാലത്തെയും ക്ലാസ്സിക് തന്നെ. അതിനു പ്രധാന കാരണം ആ ചിത്രത്തിന്റെ പ്രമേയം ഒരു കാലഘട്ടത്തിന്റെ റിബൽ ആന്റി ഹീറോ പ്രതീകത്തെ സത്യസന്ധമായും ചടുലമായും അന്നത്തെ ചലച്ചിത്ര പരമായ പരിമിതികൾ മറികടന്നു അവതരിപ്പിക്കാൻ കെ ജി ജോർജ്ജ് എന്ന അപൂർവ്വ പ്രതിഭയുടെ ക്രാഫ്റ്റിന് സാധിച്ചു എന്നതാണ്. ബേബി പ്രതിനിധാനം ചെയ്യുന്ന അസന്തുഷ്ടനും മെരുങ്ങാ പ്രകൃതിയുമായ ചെറുപ്പക്കാരൻ 'രോഷാകുലനായ ചെറുപ്പക്കാരന്‍’ (‘angry young man') കാലഘട്ടത്തിന്റെ ഋണാത്മക പതിപ്പാണ്. അഥവാ, അസ്തിത്വവാദ സമീപനത്തിന്റെ ദാര്‍ശനിക വശം ഉള്‍ക്കൊണ്ട മൂല്യബോധം അതിന്റെ പ്രതിബദ്ധമായ വഴിയിലല്ല ബേബിയെ സ്വാധീനിക്കുന്നത്, മറിച്ചു അയാളിലെ പ്രാകൃത ചോദനകളുമായി ചേര്‍ന്നാണ് അത് പ്രകാശിതമാകുന്നത് എന്നാണ് ഇവിടെ സൂചിപ്പിക്കുന്നത്. ആത്മഹത്യക്കും കൊലക്കും ഇടയിൽ അസ്തിത്വ പ്രതിസന്ധിക്ക് ഉത്തരം കണ്ടെത്താൻ ശ്രമിച്ച ഒരു തലമുറയുടെ ഇങ്ങേയറ്റത്തെ കണ്ണിയാണ് അയാള്‍. വിശദമാക്കാം: “നിനക്ക് നിന്റെ അപ്പനെയും അമ്മയെയും സ്നേഹമില്ലേ?” എന്ന ബന്ധുകൂടിയായ പാതിരിയുടെ ചോദ്യത്തിന് തികഞ്ഞ നിസ്സംഗതയോടെ, വികരശൂന്യനായി “ഇല്ല.!” എന്ന് ശങ്കിക്കാതെ പറയുന്ന, “നീ എവിടെ പോയതായിരുന്നു?” എന്ന ഏട്ടത്തിയമ്മയുടെ ചോദ്യത്തിന് ‘ഒരാളെ കൊല്ലാന്‍ പോയതാ..” എന്ന് നിസ്സാരമായി മറുപടി പറയുന്ന ബേബിയില്‍ പ്രതിഫലിക്കുന്ന കല്ലിച്ച ഭാവശൂന്യതക്ക് “അമ്മ ഇന്നലെ മരിച്ചു. അതോ, ഇന്നോ? എനിക്കുറപ്പില്ല.” എന്നു ആഖ്യാനം തുടങ്ങുന്ന, പ്രത്യേകിച്ചൊരു പ്രകോപനവും കൂടാതെ ഒരു പരിചയമോ ശത്രുതയോ ഒന്നുമില്ലാത്ത ഒരു കൊളോണിയല്‍ ദേശവാസിയെ നിസ്സംഗമായി കൊല്ലുന്ന മെഴ്സോളിനോളം (The Outsider – Albert Camus) പഴക്കമുണ്ട്. എന്നാല്‍, മെഴ്സോളിന്റെ ബോധപൂര്‍വ്വമായ ധൈഷണിക അന്വേഷങ്ങള്‍ തീര്‍ത്തും അന്യമായ ബേബിക്ക് സമൂഹത്തിലെ മൂല്യച്യുതി എന്നതൊന്നും വിഷയമല്ല. ദാര്‍ശനികമായ ശൂന്യത നേരിടുന്ന നിഹിലിസ്റ്റ് അല്ല ബേബി. പണക്കൊഴുപ്പും മദ്യവും ലൈംഗികാസക്തിയും കെട്ടുപിണയുന്ന ധാര്‍മ്മിക/ പാരമ്പര്യ മൂല്യങ്ങളുടെ കുഴമറിച്ചിലും അടയാളപ്പെടുത്തുന്ന കുടുംബ ചുറ്റുപാടുകളില്‍ ഒരു സൈക്കോപാത്ത് ആയിത്തീരുകയാണ് അയാള്‍. ഒരു കാര്യത്തിലും ഒരു ബദലും അയാളുടെ ഉത്കണ്ഠയേ ആകുന്നുമില്ല. അയാള്‍ കഞ്ചാവു വലിക്കുകയും വേശ്യാഗമനം നടത്തുകയും ചെയ്യുന്നുണ്ട് എന്നു മാത്രമല്ല, കളിക്കൂട്ടുകാരിയില്‍ ആസക്തി തീര്‍ക്കുന്നുമുണ്ട്. ....................

https://www.fazalrahman.com/movies/article/joji-2021

Friday, July 18, 2025

The Disappearance of Mr. Nobody by Ahmed Taibaoui/ Jonthan Wright

അന്യന്‍ ഇപ്പോഴും ഇവിടെയുണ്ട്.




(അല്‍ബേര്‍ കാമുവിന്‍റെ അസംബന്ധ ദര്‍ശനത്തിന്റെ ഫിക് ഷനല്‍ ആവിഷ്കാരമായി വിവരിക്കപ്പെട്ട The Stranger (The Outsider), ചരിത്ര നിരപേക്ഷവും ദാര്‍ശനികമാത്രവുമായി സമീപിച്ച പ്രമേയത്തെ, പോസ്റ്റ്‌കൊളോണിയല്‍ അല്‍ജീരിയയുടെ സമൂര്‍ത്ത സാമൂഹിക പശ്ചാത്തലത്തില്‍ വിചാരണ ചെയ്യുകയും പൊളിച്ചെഴുതുകയും പൂരിപ്പിക്കുകയും ചെയ്യുന്ന രണ്ടു സമകാലിക നോവലുകളുമായി ചേര്‍ത്തു വായിക്കുന്നു. മൂന്നു കൃതികളും ചേര്‍ന്ന് അപൂര്‍വ്വമായ ഒരു ‘അള്‍ജീരിയന്‍ ത്രയം’ രൂപപ്പെടുത്തുന്നു എന്നു നിരീക്ഷിക്കുന്നു.)

 

‘Mother died today. Or, may be, yesterday; I can’t be sure’

-       (Opening lines, The Stranger (1942), Albert Camus (Algeria), translated by Stuart Gilbert)

‘Mama’s still alive today’

-       (Opening lines, The Meursault Investigation (2013), Kamel Daoud (Algeria), translated by John Cullen)

‘I HAVE A KNIFE IN my kitchen. I’ve never been an aggressive person, but if this disgusting old man goes on jabbering away I’m seriously thinking of finding a new use for that knife.’

-       (Opening lines, The Disappearance of Mr. Nobody (2019), Ahmed Taibaoui (Algeria), translated by Jonthan Wright (2023)) 

 

എഴുത്തുകാരനെ/കാരിയെ ദേശത്തിന്റെ പുരാവൃത്തകരന്‍/കാരിയായി മനസ്സിലാക്കുന്നത് സാഹിത്യ സംവാദങ്ങളില്‍ സാധാരണമാണ്. എന്നാല്‍, ഭൗതികഭൂമിക എന്ന നിലയിലാണോ അതോ, ബന്ധപ്പെട്ട ദേശത്തിലെ ജനതയുടെ ജീവിതാനുഭവങ്ങളുടെ ആഖ്യാനം എന്ന നിലയിലാണോ അത് നിര്‍ണ്ണയിക്കപ്പെടെണ്ടത് എന്നതാണ് യഥാര്‍ത്ഥ ചോദ്യം. ആല്‍ബേര്‍ കാമുവെന്ന വലിയ എഴുത്തുകാരന്‍ ആധുനികതയില്‍ നിന്ന് ഉത്തരാധുനികതയിലേക്കുള്ള ലോകസാഹിത്യത്തിന്റെ പരിണാമത്തില്‍ അതിപ്രധാനമായ ഒരു കണ്ണിയായി നിലക്കൊള്ളുന്നു. എന്നാല്‍, ഫ്രഞ്ച് അള്‍ജീരിയന്‍ (pied-noir) കുടുംബാംഗം എന്ന നിലയില്‍ കൊളോണിയല്‍ പ്രിവിലെജുകള്‍ ഉണ്ടായിരുന്ന അദ്ദേഹത്തിന് ബൗദ്ധികതലത്തില്‍ അനീതികളോട് അമൂര്‍ത്തമായി പ്രതികരിക്കാനാവുമായിരുന്നു എന്നിരിക്കിലും, കൊളോണിയല്‍ നുകത്തില്‍ അടിഞ്ഞുപോയ നിസ്സാരരായ നാട്ടുകാര്‍ ആ വലിയ ദാര്‍ശനിക ദര്‍പ്പണങ്ങള്‍ക്കു വിഷയമായിരുന്നില്ല. അദ്ദേഹം പെരുമാറിയ ‘അസംബന്ധം, അസ്തിത്വവാദം, മനുഷ്യാന്തസ്സ് (the absurd, existentialism, and human dignity)’ തുടങ്ങിയ പരിപ്രേക്ഷ്യങ്ങള്‍, കൊളോണിയല്‍ അടിച്ചമര്‍ത്തലിന്റെ കടുത്ത യാഥാര്‍ത്ഥ്യങ്ങളുമായി നേരിട്ട് ഇടപെടുന്ന തരത്തിലള്ളതും ആയിരുന്നില്ല.

1.    അന്യന്റെ ഇടം:

തതുടര്‍ വായനയ്ക്ക് :

https://www.fazalrahman.com/essays/article/the-disappearance-of-mr-nobody-by-ahmed-taibaoui-jonthan-wright


Saturday, February 22, 2025

In Search of Walid Masoud by Jabra Ibrahim Jabra/ Roger Allen & Adnan Haydar

 ജബ്ര ഇബ്രാഹിം ജബ്ര: തേടലും കണ്ടെത്തലും



പലസ്തീനിലെ ബത് ലഹേമില്‍ ദരിദ്ര സിറിയന്‍ ഓര്‍ത്തോഡോക്സ് കുടുംബത്തില്‍ 1920ല്‍ ജനിച്ച ജബ്ര ഇബ്രാഹിം ജബ്ര, അറബ് ഭാഷയില്‍ എന്ന പോലെ ലോക സാഹിത്യത്തിലും സാംസ്കാരിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണ്. “ജറൂസലേം, കാംബ്രിഡ്ജ്, ഹാര്‍വാര്‍ഡ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം കഴിഞ്ഞ ജബ്ര, ധാരാളിയായ എഴുത്തുകാരന്‍, കഴിവുറ്റ ഓയില്‍ പെയിന്റര്‍, വിട്ടുവീഴ്ചയില്ലാത്ത കലാ-സാഹിത്യ നിരൂപകന്‍, ക്ലാസ്സിക് സംഗീതാഭിജ്ഞന്‍, പ്രൊഫഷനല്‍ വിവര്‍ത്തകന്‍, സര്ഗ്ഗപ്രതിഭയുള്ള കവി, മോഡേണിസ്റ്റ് നോവലിസ്റ്റ് എന്നിവക്കെല്ലാം പുറമേ അറിയപ്പെട്ട വിദ്യഭ്യാസ വിചക്ഷണനും യൂനിവേഴ്സിറ്റി പ്രൊഫസറും” ആയിരുന്നു (1) . ഒപ്പം കുലീനവും ആകര്‍ഷണീയവും വിനയ പ്രകൃതിയുമായ സഹൃദയന്‍, തന്നെക്കുറിച്ച് തന്നെ നിരീക്ഷിച്ചിട്ടുണ്ട്: “ഒരേസമയം ഞാന്‍ ഇതൊക്കെയും അല്ലായിരുന്നെങ്കില്‍ ഞാനിതൊന്നുംതന്നെ ആയേക്കില്ലായിരുന്നു” (2) . ഒട്ടേറെ കേറ്റിറക്കങ്ങള്‍ നേരിട്ട കുട്ടിക്കാലവും കൌമാരവും വിദ്യാഭ്യാസ കാലവും കടന്നു 1948ല്‍ നഖ്ബയെ തുടര്‍ന്നു പലായനം ചെയ്യാന്‍ നിര്‍ബന്ധിതനായി ബാഗ്ദാദിലെത്തുമ്പോള്‍ കലാപോന്മുഖമായ യുവതയുടെ കാലമായിരുന്നു അത്. പലസ്തീനിന്റെ ദുരന്തവും ഇസ്രായേലിന്റെ ഉദയവും സൃഷ്ടിച്ച പ്രതിഷേധത്തിന്റെയും ധാര്‍മ്മിക രോഷത്തിന്റെയും അന്തരീക്ഷം മാറ്റം കൊതിച്ച കലാകാരന്മാരെയും ബുദ്ധിജീവികളെയും ഒരുപോലെ പ്രചോദിപ്പിച്ചു. “ഒരിക്കലും ഒരു ഔപചാരിക രാഷ്ട്രീയ സ്വത്വത്തിലും ഉള്‍പ്പെട്ടില്ലെങ്കിലും അറബ് സമൂഹവും രാഷ്ട്രീയ മണ്ഡലവും മാറണമെങ്കില്‍ ആദ്യം അറബ് സംസ്കാരം തന്നെ മാറേണ്ടതുണ്ടെന്നു അദ്ദേഹം വിശ്വസിച്ചു”; “അദ്ദേഹത്തിന്റെ എഴുത്തു ജീവിതം ഈ ലക്‌ഷ്യം നേടുന്നതിനുള്ള മൌലികവും ആര്‍ജ്ജവമുള്ളതുമായ ശ്രമമായിരുന്നു” (3) . ആധുനികതാ പ്രവണതകള്‍ ഏറെ സ്വാധീനിച്ചിരുന്ന ജബ്ര, പാശ്ചാത്യ നോവലിലെ ആചാര്യന്മാരായ കാഫ്ക, ജോയ്സ്, ഫോക്നര്‍ എന്നിവര്‍ സമ്പൂര്‍ണ്ണമാക്കിയ സാമ്പ്രദായികേതര ആഖ്യാന സങ്കേതങ്ങള്‍, ബോധാധാരാ സമ്പ്രദായം തുടങ്ങിയവ സമര്‍ത്ഥമായി ഉപയോഗിച്ചു. ഫോക്നറുടെ ‘The Sound and Fury’ അറബിക്കിലേക്ക് വിവര്‍ത്തനം ചെയ്തതും അദ്ദേഹമായിരുന്നു. ആധുനിക പലസ്തീനിയന്‍ സാഹിത്യത്തിന്റെ സ്ഥാപകന്‍, അറബ് ലോകത്തെ നവോഥാനത്തിന്റെ നായകന്മാരില്‍ ഒരാള്‍ എന്നൊക്കെ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു.      

ജബ്രയുടെ നോവലുകളില്‍ ഏറ്റവും ശ്രദ്ധേയവും പ്രാതിനിധ്യ സ്വഭാവമുള്ളതുമായി The Ship (1970), In Search of Walid Masoud (1978)എന്നിവയെ വിലയിരുത്താം. രണ്ടിലും പാലസ്തീനിനെ സംബന്ധിച്ച ഉത്കണ്ഠ ശക്തമാണ്, സുഘടിത ഇതിവൃത്തത്തില്‍ പ്രധാനവുമാണ്. The Ship (Al-Safina- 1970) മെഡിറ്ററേനിയന്‍ കടലിലൂടെ ബൈറൂത്തില്‍ നിന്ന് നേപ്പിള്‍സിലേക്ക് പോകുന്ന കപ്പലില്‍ ഭിന്ന ദേശക്കാരായ കഥാപാത്രങ്ങളെ ഒരുമിച്ചു ചേര്‍ക്കുന്നു. ഇറാഖി ആര്‍ക്കിട്ടെക്റ്റ് ഇസാം സല്‍മാന്‍ തന്റെ പഴയ ലണ്ടന്‍ പഠന കാലത്തെ കാമിനിയായിരുന്ന ലൂമയില്‍ നിന്നു പലായനം ചെയ്യുകയാണ്. ഒരു പഴയ ഗോത്ര കുടിപ്പകയില്‍ തന്റെ പിതാവ് അവളുടെ അമ്മാവനെ കൊല്ലാനിടയായതു മൂലം അയാള്‍ക്കവളെ വിവാഹം ചെയ്യാനായില്ല. ഇന്നവള്‍ തന്റെ ഇറാഖി സുഹൃത്ത് ഡോ. ഫാലിഹ് ഹസീബിന്റെ ഭാര്യയാണ്. ലൂമ തന്റെ ഭര്‍ത്താവിനെയും കൂട്ടി അതേ കപ്പലില്‍ കേറിപ്പറ്റുന്നത് ഇസാമുമായി ബന്ധം പുതുക്കാം എന്ന മോഹത്തോടെയാണെങ്കില്‍, ബൈറൂത്തില്‍ വെച്ച് പണ്ടു കണ്ടുമുട്ടിയ ഇറ്റാലിയന്‍ പ്രണയിനി എമിലിയ ഫാര്‍നെസിയുമായുള്ള പുനസമാഗമാമാണ് ഡോ. ഫാലിഹിന്റെ ലക്‌ഷ്യം. അയാളുടെ ക്ഷണം അവളെയും കപ്പലില്‍ എത്തിച്ചിട്ടുണ്ട്. 1948ലെ സയണിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ സുഹൃത്ത് ഫായിസിനെ നഷ്ടപ്പെട്ട വാദി അസ്സാഫ് എന്ന പലസ്തീന്‍കാരനാണ് മറ്റൊരു കഥാപാത്രം. സമ്പന്നനായ വ്യപാരിയായി ഇപ്പോള്‍ കുവൈറ്റില്‍ കഴിയുന്ന വാദി, തന്റെ ലബനീസ് കാമുകി മഹായെ ഒഴിവുകാലം ആസ്വദിക്കാന്‍ കൂട്ടു വിളിച്ചിരുന്നെങ്കിലും പ്രൊഫഷണല്‍ കോണ്‍ഫെറന്‍സ് ആവശ്യത്തിനു അവള്‍ റോമിലേക്കു പോയി. അതിവേഗം കൂട്ട് കണ്ടെത്തുന്നതില്‍ സമര്‍ത്ഥനായ വാദി, ഫ്രഞ്ചുകാരി ജാക്വിലിനുമായി അടുക്കുന്നു. അതേസമയം, പ്രണയത്തിന്റെ വിളി അപ്രധിരോധ്യമയതിനെ തുടര്‍ന്നു ഔദ്യോഗിക തിരക്കുകള്‍ അവഗണിക്കുന്ന മഹാ, നേപ്പിള്‍സില്‍ വെച്ചു അപ്രതീക്ഷിതമായി വാദിയോടു സന്ധിക്കുന്നു.

“സങ്കീര്‍ണ്ണ ബന്ധങ്ങളുള്ള ഈ യാത്രികര്‍ ഒരാഴ്ചക്കാലം കപ്പലില്‍ ചെലവഴിക്കുന്നത് പ്രണയം, പലായനം, ഒറ്റപ്പെടല്‍, അന്യവല്‍ക്കരണം എന്നിവയുടെ ദുരൂഹതകള്‍ നിറഞ്ഞ ഒരു നോവല്‍ വികസിപ്പിക്കുന്നതിനു ജബ്രക്ക് ഒരവസരമായിത്തീരുന്നു; ഒപ്പം പലസ്തീനിയന്‍ സ്മൃതികളും വീരോചിത പോരാട്ടങ്ങളും പ്രതീക്ഷകളും; അറബ് ബൌദ്ധിക സംവാദങ്ങളും കലാ ചര്‍ച്ചകളും; ആസക്തികളും, ആനന്ദവും, നൃത്തവും സംഗീതവും; ഒടുവില്‍, മ്ലാന പ്രകൃതിയായ ഡോ. ഹസീബിന്റെ ആത്മഹത്യ സൃഷ്ടിക്കുന്ന നിനച്ചിരിക്കാത്ത സങ്കീര്‍ണ്ണതകള്‍ ഉരുവപ്പെടുംവരെ പ്രകടമായും ഒരു ബൂര്‍ഷ്വാ ഒഴിവുകാലവും” (The Free Library) നോവലില്‍ ഇടം പിടിക്കുന്നു. ഇസാം സല്‍മാന്റെയും വാദി അസ്സാഫിന്റെയും മാറിമാറി വരുന്ന കാഴ്ച്ചപ്പാടുകളിലാണ് മുഖ്യമായും ആഖ്യാനം പുരോഗമിക്കുന്നത്; ഒപ്പം ഫ്ലാഷ് ബാക്കുകള്‍, എമിലിയ ഫാര്‍നെസിയുടെ ഒരു റിപ്പോര്‍ട്ട് എന്നിവയും ഇതിവൃത്ത ഘടനയില്‍ പ്രധാനമാണ്. മിക്ക സംഭവഗതികളും കപ്പലിലാണ് ഉണ്ടാകുന്നതെങ്കിലും, കഥാപാത്രങ്ങളുടെ വര്‍ത്തമാന കാല ജീവിതങ്ങളെ നിര്‍ണ്ണയിക്കുന്ന ഭൂതകാല സ്മൃതികള്‍ കരയിലെ ജീവിതങ്ങളിലാണ്‌ ഇടം പിടിക്കുന്നത്‌. ഓര്‍മ്മകളുടെ കലപിലയും കലുഷാവസ്ഥയും എല്ലാത്തിലും നിര്‍ണ്ണായകവുമാണ്. അത്തരം അനിശ്ചിതത്വങ്ങള്‍ ഇല്ലാത്തത് പലസ്തീനിലേക്ക് തിരികെ പോകുകയും മഹായോടൊപ്പം ജറൂസലേമില്‍ കഴിയുകയും ചെയ്യുകയെന്ന കൃത്യമായ ലക്ഷ്യമുള്ള വാദി അസ്സാഫിനു മാത്രമാണ്. മഹാ അതംഗീകരിക്കുകയും അത് യാഥാര്‍ത്ഥ്യമാകുന്നതിനെ ഉറ്റുനോക്കുകയും ചെയ്യുന്നു.

In Search of Walid Masoud എന്ന നോവലില്‍ കൂടുതല്‍ വലിയ നേട്ടങ്ങള്‍ക്കും വ്യക്തിത്വത്തിനും ഉടമയായ മറ്റൊരു പലസ്തീനിയന്‍ കഥാപാത്രത്തെയാണ് നോവലിസ്റ്റ് കേന്ദ്രസ്ഥാനത്തു നിര്‍ത്തുന്നത്. 1948ലെ നഖ്ബയെ തുടര്‍ന്നു ബാഗ്ദാദിലേക്ക് പലായനം ചെയ്ത പലസ്തീനിയന്‍ എഴുത്തുകാരനും ആക്റ്റിവിസ്റ്റുമായ വാലിദ് മസൂദ് എന്ന കഥാപാത്രത്തിന്റെ രണ്ടര പതിറ്റാണ്ടുകള്‍ പിന്നിട്ട, 1970-കളുടെ തുടക്കമെന്നു കരുതാവുന്ന ഘട്ടത്തില്‍ സംഭവിക്കുന്ന ദുരൂഹ തിരോധാനം സൃഷ്ടിക്കുന്ന ചോദ്യങ്ങള്‍ക്ക് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍, പ്രതിയോഗികള്‍, കാമിനിമാര്‍ തുടങ്ങിയവര്‍ നടത്തുന്ന ആഖ്യാനങ്ങളും നിരീക്ഷണങ്ങളും ഒപ്പം അദ്ദേഹത്തിന്റെ തന്നെ ആദിമധ്യാന്തപ്പൊരുത്തമില്ലാത്ത സുദീര്‍ഘ ടേപ്പ് രേഖകളും ഉപയോഗിച്ച് ഒരു ജിഗ്സോ പസിലിന്റെ ശിഥില ഖണ്ഡങ്ങളെ കൂട്ടിയിണക്കി സാകല്യമുള്ള ചിത്രം നിര്‍മ്മിക്കുന്ന സങ്കീര്‍ണ്ണതകളോടെ മറുപടി കണ്ടെത്താനുള്ള ശ്രമമാണ് ജബ്ര നോവലില്‍ നടത്തുന്നത്. എന്നാല്‍ തലക്കെട്ടില്‍ സൂചിതമായ ഈ ‘തേടല്‍’ പ്രമേയം അതിവേഗം പാത്ര നിരീക്ഷണങ്ങളിലേക്കും സങ്കീര്‍ണ്ണമായ വൈയക്തിക, സാംസ്കാരിക ബന്ധങ്ങള്‍ നിറഞ്ഞ ഓര്‍മ്മകളുടെ നാടകീയ പങ്കിനെ കുറിച്ചുള്ള ആവിഷ്കാരങ്ങളിലെക്കും വികസിക്കുന്നു. “പോസ്റ്റ്‌കൊളോണിയല്‍ കാലത്തെ മിഡില്‍ ഈസ്റ്റ് സംഘര്‍ഷങ്ങള്‍ക്കു നേരെയുള്ള അറബ് ബുദ്ധിജീവികളുടെ പ്രതികരണം” (4)  ആയി അത് മാറുന്നു. സിറിയന്‍ മരുഭൂമിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വാലിദിന്റെ കാര്‍ കണ്ടെത്തപ്പെടുന്നത് വ്യത്യസ്തവും പരസ്പരം യോജിക്കുന്നതോ, വിയോജിക്കുന്നതോ ആയ ഓര്‍മ്മകളുടെ ആവിഷ്കാരങ്ങളിലേക്കും തുടക്കം കുറിക്കുന്നു. വാലിദിനെ നന്നായി അറിയാമെന്നു കരുതിയ സുഹൃത്തുക്കളുടെയും അയാളുടെ പ്രണയിനിമാര്‍ എന്ന് സ്വയം ധരിച്ചവരുടെയും ഓര്‍മ്മകളും വിചാരങ്ങളും ചേര്‍ന്ന് പതിയെപ്പതിയെ ഉരുവാകുന്ന ചിത്രം “ആത്മസംഘര്‍ഷങ്ങളില്‍ പെട്ട ബുദ്ധിജീവിയായ ഒരു ആദര്‍ശവാദിയുടെതാണ് (a conflicted intellectual idealist)”(5)(kirkusreviews, Sept. 15, 2000). “ദുഷ്ടുകളുടെയും പാപങ്ങളുടെയും ലോകത്ത് അയാള്‍ക്കൊരു പുണ്യാളന്‍ ആകണമായിരുന്നു, രാഷ്ട്രീയപ്പാര്‍ട്ടികളുടെ ലോകത്ത് ഒരു സ്വതന്ത്ര സൈദ്ധാന്തികന്‍, കണിശ കാര്‍ക്കശ്യങ്ങളുടെ ലോകത്ത് വരട്ടുവാദിയല്ലാത്ത ഒരു താത്വികന്‍..” (In Search of Walid Masoud, 2000, P.64). ജബ്രയുടെ കഥാപാത്രങ്ങള്‍ സിമോങ് ദേ ബുവ്വെയുടെ കൃതികളിലെ പാരീസിയന്‍ ബുദ്ധിജീവികളെയും ’50-കളിലെ ന്യുയോര്‍ക്കിലെ അവരുടെ പതിപ്പുകളേയും ഓര്‍മ്മിപ്പിക്കുന്നുവെന്നും നിരീക്ഷിക്കപ്പെടുന്നു: അവര്‍ “സ്വന്തം ആത്മരതിയുടെ സമര്‍ത്ഥമായ യുക്തിവിചാരങ്ങളില്‍ അഭിരമിക്കുന്നു, അതേസമയം അവര്‍ ഭാവിക്കുന്ന മാനവികത രാഷ്ട്രീയ നിഷ്ക്രിയത്വത്തില്‍ തകരാതെയും വയ്യ” (publishersweekly).  

’30-കളുടെ ഒടുവിലും ’40-കളിലുമായി ഇറ്റലിയില്‍ സെമിനാരി പഠനം നടത്തിയ വാലിദ് ആ മാര്‍ഗ്ഗം ഉപേക്ഷിച്ചാണ് നാല്‍പ്പതുകളുടെ മധ്യത്തില്‍ പലസ്തീനില്‍ തിരികെയത്തിയത്. 1948ലെ ഇസ്രയേല്‍ സ്ഥാപനത്തെയും പലസ്തീന്‍ ദുരന്തത്തെയും തുടര്‍ന്നു, നോവലിസ്റ്റിനെ പോലെത്തന്നെ പലായനം ചെയ്യാന്‍ നിര്‍ബന്ധിതതനാവുന്നതോടെ, ബാഗ്ദാദില്‍ എത്തിയ വാലിദ് പലസ്തീന്‍ പോരാട്ടത്തിലെ രാഷ്ട്രീയ ബോധ്യങ്ങളുള്ള എഴുത്തുകാരന്‍ എന്ന അപര വ്യക്തിത്വത്തിലും ശ്രദ്ധേയനായിത്തീര്‍ന്നു. സ്വയം സമ്പത്തിലും ഭൌതിക നേട്ടങ്ങളിലും തല്‍പ്പരനല്ലെങ്കിലും അയാള്‍ സമ്പന്നനാണ്, പെണ്‍ സുഹൃത്തുക്കളോടു കുലീനവും പ്രണയ ബന്ധങ്ങളില്‍ തുല്യതയുടെ ഇടം നല്‍കുന്നവനും മികച്ചൊരു കമിതാവുമായ അയാള്‍ക്ക് അമ്പതിലെത്തിയിട്ടും ഒട്ടേറെ കാമിനിമാരുണ്ട്. വലിയ ബൌദ്ധിക ചര്‍ച്ചകള്‍ക്കു തിരികൊളുത്തിയ പുസ്തകങ്ങളുടെ രചയിതാവ് എന്ന നിലയിലെല്ലാം അയാള്‍ സുസമ്മതനാണ്. 1967ലെ ആറു ദിന യുദ്ധത്തെ തുടര്‍ന്നു ഇസ്രായേലി സെക്യുരിറ്റി സര്‍വ്വീസിന്റെ പിടിയിലാവുകയും ക്രൂരമായ ഭേദ്യമുറകള്‍ക്ക് വിധേയനായി നാടുകടത്തപ്പെദുകയും ചെയ്യുന്നതോടെ പലസ്തീന്‍ ഫിദായീന്‍ ഗറില്ലകളുമായുള്ള വാലിദിന്റെ ബന്ധം കൂടുതല്‍ ശക്തമായി. ഫിദായീനുമായി ചേര്‍ന്നു പോരാടി തുടങ്ങിയ മകന്‍ മര്‍വാന്‍ വടക്കന്‍ പലസ്തീനിലെ ഉമ്മുല്‍ ഐന്‍ ഗ്രാമത്തില്‍ വെച്ച് ഇസ്രായേലി സേനയുമായുണ്ടാകുന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നത് വാലിദിന്റെ തീരാ വേദനയും അമ്പതിലെത്തിയ ഒരാള്‍ക്കു ചെയ്യാനാകുന്ന ‘സഹായക പദവി’ക്കപ്പുറം പ്രായം മറന്നും മുന്നണിപ്പോരാളിയായിത്തീരാനുള്ള ദൃഡനിശ്ചയം ഊട്ടിയുറപ്പിക്കുന്ന ഘടകവും ആയിത്തീരും. “നിന്നോടു പ്രണയ സംഗമം നടത്താനും നിനക്കുവേണ്ടി ലോകത്തോട്‌ മുഴുവന്‍ യുദ്ധം ചെയ്യാനും എനിക്കവകാശമുണ്ടെങ്കില്‍, അതും ഞാന്‍ അമ്പതോട് അടുക്കുമ്പോള്‍ത്തന്നെ, അപ്പോള്‍ എനിക്കെന്റെ രാജ്യത്തെയും സ്നേഹിക്കാന്‍ അവകാശമില്ലേ, അതിനു വേണ്ടി ബാക്കി ലോകത്തോട്‌ പോരാടാനും? ഞാന്‍ തൊണ്ണൂറില്‍ എത്തിയാലും?”(P. 217) എന്ന് അയാള്‍ വിസാല്‍ റഊഫിനോടു ചോദിക്കുന്നുണ്ട്. 

ആര്‍ക്കിടെക്റ്റ് അമര്‍ അബ്ദെല്‍ ഹമീദ് സംഘടിപ്പിക്കുന്ന ഗാര്‍ഡന്‍ പാര്‍ട്ടിയില്‍ വെച്ചാണ് സുഹൃത്തുക്കള്‍ വാലിദിന്റെ ടേപ്പ് കേള്‍ക്കുന്നത്. തികച്ചും യോജിച്ച നിലയില്‍ ‘ഡോ. ജവാദ് ഹുസ്നി ഒരു കനത്ത പാരമ്പര്യത്തിന് അനന്തരാവകാശിയാകുന്നു’ (Dr. ]awad Husni Inherits a Heavy Legacy) എന്ന് പേരിട്ട പ്രഥമ അധ്യായത്തില്‍ ആഖ്യാനം തുടങ്ങിവെക്കുന്ന ഡോ. ജവാദ്, ആറു മാസം മുമ്പ് കാണാതായ വാലിദിനെ കുറിച്ചു പറഞ്ഞു തുടങ്ങുക, ഒടുവിലത്തെ നാളുകളില്‍ വാലിദ് ആവര്‍ത്തിക്കുമായിരുന്ന വാക്കുകള്‍ ഉദ്ധരിച്ചു കൊണ്ടാണ്: “സംഭവങ്ങളെ അവ സംഭവിച്ച അതേ ക്രമത്തില്‍ ഒന്നൊന്നായി തിരികെ കൊണ്ടുവനും, എന്നിട്ടവയെ കടലാസിലേക്ക് കോരിച്ചൊരിയുന്ന വാക്കുകളാക്കി മാറ്റാനും കഴിയുന്ന വിധത്തില്‍ ഓര്‍മ്മക്ക് ഒരു അമൃത് ഉണ്ടായിരുന്നെങ്കില്‍ !” ഒപ്പം ഓര്‍മ്മകള്‍ എന്ന പ്രമേയത്തിന് നോവലിലും വാലിദിന്റെയും അയാള്‍ പ്രതിനിധാനം ചെയ്യുന്ന പലസ്തീനിയന്‍ അവസ്ഥയിലും വിശേഷിച്ചുമുള്ള പ്രസക്തി വ്യക്തമാക്കും വിധം അയാള്‍ കൂട്ടിച്ചേര്‍ക്കുന്നു: “നമ്മളെത്ര തന്നെ ചെറുത്തുനിന്നാലും നാം നമ്മുടെ ഓര്‍മ്മകളുടെ കളിപ്പാട്ടങ്ങള്‍ തന്നെയായി തുടരുന്നു. നമ്മള്‍ ഒരേ സമയം അതിന്റെ അന്തിമ ഉത്പന്നവും ഇരകളുമാണ്.”(P.1).  പുസ്തകത്തിന്റെ അറബ് തലക്കെട്ടിലെ ‘തേടല്‍ (in search)’ എന്നതിനെ സൂചിപ്പിക്കുന്ന മൂലപദത്തിന് (‘bahth’) ‘തേടല്‍’ എന്നതിനൊപ്പം സിദ്ധാന്തം അഥവാ പഠന പ്രബന്ധം (treatise /thesis) എന്ന് കൂടി അര്‍ത്ഥമുണ്ട് എന്ന നിരീക്ഷണം പ്രസക്തമാണ്‌ (6) . തുടര്‍ന്ന് വരുന്ന ഓരോ അധ്യായവും വാലിദ് മസൂദിന്റെ ദുരൂഹ വ്യക്തിത്വത്തിനു മേല്‍ വെളിച്ചം വീശാനുള്ള ശ്രമങ്ങളെ പിന്തുടരുന്നു. ഇസ്രയേല്‍ വിരുദ്ധ ചെറുത്തുനില്‍പ്പില്‍ സജീവമായിരുന്നു വാലിദ് എന്നതുകൊണ്ടുതന്നെ അദ്ദേഹം ഒളിവില്‍ പോയതാവാം എന്നും കൊല്ലപ്പെട്ടതാവാം എന്നുമൊക്കെ അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. പരസ്പര ബന്ധമില്ലാത്ത വാലിദിന്റെ ടേപ്പ് ചെയ്യപ്പെട്ട സുദീര്‍ഘ ശബ്ദമൊഴിയുടെ പരാവര്‍ത്തനവും ഇതര ആഖ്യാതാക്കളുടെ നിരീക്ഷണങ്ങളോടും പ്രഥമ വ്യക്തിക സ്വഗതഭാഷണങ്ങളോടുമൊപ്പം (first-person monologues ) വാലിദ് എന്ന കടംകഥയെ പൂരിപ്പിക്കാന്‍ നോവലിസ്റ്റ് ഉപയോഗിക്കുന്നുണ്ട്. ആദ്യ അധ്യായങ്ങളില്‍ത്തന്നെ മിക്ക കഥാപാത്രങ്ങളും ആഖ്യാതാക്കള്‍ കൂടിയായി ഒരുമിച്ചു ചേരുന്നു. ഡോ. ജവാദ് ഹുസ്നി, ഡോ. താരിഖ് റഊഫ്, അദ്ദേഹത്തിന്റെ ഭാര്യ സമീറ, സഹോദരി വിസാല്‍, പൊതുസുഹൃത്തുക്കള്‍ ആയ ഇബ്രാഹിം അല്‍ ഹാജ് നൌഫല്‍, കാസിം ഇസ്മയില്‍, മര്‍യം അല്‍ സഫര്‍, ജിനാന്‍ അല്‍ താമിര്‍, രിബാഹ് കമാല്‍, ഇഹ്സാന്‍ അല്‍ ബസരി, അദ്ദേഹത്തിന്റെ ഭാര്യ നിഹാദ് എന്നിവരെല്ലാം വാലിദുമായി അടുത്ത ബന്ധമുണ്ടായിരുന്നവര്‍ എന്ന നിലയില്‍ ശബ്ദരേഖ കേള്‍ക്കാന്‍ ഒരുമിച്ചു കൂടുന്നുണ്ട്. വിരാമ ചിഹ്നങ്ങളില്ലാത്ത, ബോധാധാരാ സ്വഭാവമുള്ള വാക്യങ്ങളില്‍ “കുട്ടിക്കാലത്തെ ഓര്‍മ്മകള്‍, ആത്മീയ ചിന്തകള്‍, പ്രണയ സാഹസങ്ങള്‍, ഷേക്ക്‌സ്പിയറിന്റെ ഹാംലെറ്റ്, കവിത, തുടങ്ങി മറ്റുപലതും” (El-Hussari) ഇടകലരുന്നുണ്ട്. ഇടയ്ക്കിടെ ‘ശഹദ്’ എന്ന ആര്‍ക്കും തിരിച്ചറിയാനാവാത്ത ഒരു സ്ത്രീയുടെ സാന്നിധ്യത്തെ കുറിച്ച് സൂചനകളുണ്ട്. ശബ്ദ രേഖ കേട്ടും അതിനോട് പ്രതികരിച്ചും അതിനപ്പുറം സ്വഗതാഖ്യാനങ്ങളും ഓര്‍മ്മകളുമായും ചുരുളഴിയുന്ന അന്വേഷണത്തില്‍, വിവരണങ്ങള്‍ പലപ്പോഴും വ്യക്തമാക്കലിന് പകരം മുമ്പറിയാത്ത കൂടുതല്‍ ദുരൂഹതകളുടെ സാന്നിധ്യത്തിലേക്കാണ് വായനയെ കൊണ്ടുപോകുന്നത്. ദരിദ്ര കുടുംബത്തിലെ ജനനം, ബാത് ലഹേമിലെ ക്രിസ്ത്യന്‍ അനാഥാലയത്തിലെ കുട്ടിക്കാലം, ഇറ്റലിയിലെ സെമിനാരി പഠനം, 1948ല്‍ പലസ്തീന്‍ വിടും വരെ തുടര്‍ന്ന സയണിസ്റ്റ് വിരുദ്ധ പോരാട്ടങ്ങള്‍, വിവാഹം, മകന്‍ മര്‍വാന്‍ , പത്തൊമ്പതാം വയസ്സിലുള്ള അവന്റെ രക്തസാക്ഷിത്തം തുടങ്ങിയ വാലിദിന്റെ ജീവിതത്തിലെ നിര്‍ണ്ണായക ഘട്ടങ്ങളൊക്കെ പലരുടെയും ആഖ്യാനങ്ങളിലൂടെയാണ് പതിയെ പതിയെ വെളിപ്പെടുന്നത്. ആര്‍ഭാടപൂര്‍വ്വമായ കുട്ടിക്കാലം ഉണ്ടായിരുന്നതിന്റെ കുഴപ്പം വാലിദിന്റെ കൃതിയില്‍ കാണുന്നതായി കാസിം ഇസ്മയില്‍ ഒരിക്കല്‍ വിമര്‍ശിക്കുന്നത് ദീര്‍ഘ കാല സൌഹൃദത്തിന് ശേഷവും തന്നെ കുറിച്ച് യഥാര്‍ഥത്തില്‍ ഒന്നും അറിയാത്തത് കൊണ്ടാണ് എന്നു വാലിദ് വിശദീകരിക്കും. മഴയും തണുപ്പുമൊക്കെ ശരിക്കും എന്തെന്നറിയാത്തത് തനിക്കല്ല പ്രതിഷേധത്തോടെ അയാള്‍ കാസിമിനെ കാറില്‍ നിന്ന് പെരുമഴയത്തു ഇരുട്ടില്‍ ഇറക്കി വിടുന്നത് അത്തരം രോഷത്തിന്റെ വിസ്ഫോടനത്തിലാണ്; നിമിഷങ്ങള്‍ക്കകം കുറ്റബോധം അയാളെ തിരികെയെത്തിക്കുമെങ്കിലും. ശഹദ് (‘തേന്‍’) എന്നു വാലിദ് വിളിക്കുന്ന ഒരു സ്ത്രീയുമായി അയാള്‍ക്കുണ്ടായിരുന്ന പ്രണയത്തെ കുറിച്ച് ടേപ്പ് ശബ്ദത്തില്‍ നിന്നാണ് സുഹൃത്തുക്കള്‍ അറിയുക. അതാരാണെന്നു ഒരു വ്യക്തതയും ഇല്ലെങ്കിലും അത് കോളേജ് അധ്യാപികയും ഇറാഖി പെണ്‍സൌന്ദര്യത്തിന്റെ മൂര്‍ത്തരൂപവുമായ മറിയാം അല്‍ സഫര്‍ ആയിരിക്കാമെന്നു ജവാദ് സംശയിക്കുന്നു. പ്രണയ ലഹരിയുടെ സുദീര്‍ഘ വിവരണങ്ങള്‍ പോലും നിറഞ്ഞ മറിയാമിന്റെ ആഖ്യാനങ്ങളില്‍ പക്ഷെ അതിനൊരു തീര്‍ച്ചയില്ല. മര്‍വാന്‍ കൊല്ലപ്പെടുന്നതിനു മുമ്പ് ലബനോനില്‍ വെച്ച് അയാളെ കണ്ടിരുന്നു എന്നു വിസാല്‍ വെളിപ്പെടുത്തുന്നുണ്ട്. “എന്നെ കൂടെ കൊണ്ട് പോകൂ, വെടിയുതിര്‍ക്കാന്‍ പഠിപ്പിക്കൂ” എന്നാവശ്യപ്പെടുന്ന വിസാലിനോട് “എപ്പോള്‍ നീ തയ്യാറാണോ, അപ്പോള്‍”, എന്നു ഉറപ്പുകൊടുക്കുന്ന മര്‍വാന്‍ മറ്റൊരു അഭ്യര്‍ത്ഥന മുന്നോട്ടു വെക്കുന്നു. പ്രായം മറന്നു മുന്നണിയിലേക്കു പോകാന്‍ വാശിപിടിക്കുന്ന പിതാവിന്റെ ആത്മഹത്യാപരമായ ആ ശ്രമത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സഹായിക്കണം. അദ്ദേഹത്തിനു ശ്രമിക്കാവുന്നത് പോരാട്ടാത്തിനു വേണ്ട ധന സമാഹരണത്തിലും സംഘാടനത്തിലും ആണെന്നു മര്‍വാന്‍ കരുതുന്നു. ടേപ്പില്‍ സൂചനയുള്ള ‘ശഹദ്’ അവളായിരുന്നോ എന്ന് ഈ ഘട്ടത്തില്‍ ജവാദ് ചോദിക്കുന്നുണ്ട്; അവളും പക്ഷെ മറുപടി പറയുന്നില്ല. ലബനോനില്‍ വാലിദിനെ കണ്ടെത്തിയതായി അഭ്യൂഹങ്ങള്‍ ഉണ്ടെങ്കിലും അയാള്‍ ഫിദായീനില്‍ ചേര്‍ന്നതയും ചിലര്‍ കരുതുന്നുണ്ട്. നോവലിന്റെ തുടക്കത്തില്‍ വാലിദിനെ കുറിച്ച് ഒരു നോവല്‍ രചിക്കുകയെന്ന ഉദ്ദേശം വെളിപ്പെടുത്തുന്ന ഡോ. ജവാദ് ഹുസ്നി, നോവലന്ത്യത്തിലെത്തുമ്പോള്‍ താനതിനു മാത്രം അയാളെ കുറിച്ചു തെളിച്ചമുള്ളവന്‍ ആണോ എന്ന് സംശയിച്ചു തുടങ്ങുന്നത്, വാലിദിനെ വിവരിക്കാന്‍ തുടങ്ങി ഓരോരുത്തരും കൂടുതലും തങ്ങളെത്തന്നെയാണ് വ്യക്തമാക്കിയത് എന്നത് കൊണ്ടും ആര്‍ക്കും ആരെയും മുഴുവനായും മനസ്സിലാക്കുക സാധ്യമല്ല എന്ന അസ്തിത്വപരമായ തിരിച്ചറിവിലും പെട്ടാണ്. ഈ നിരീക്ഷണം ബാധകമല്ലാത്ത, വൈയക്തിക അജണ്ടകള്‍ ഒന്നുമില്ലാത്ത ഏക കഥാപാത്രമായ മര്‍വാന്‍ The Ship എന്ന നോവലിലെ വാദി അസ്സാഫിനെ ഓര്‍മ്മിപ്പിക്കുന്നു. അയാള്‍ക്ക് ദേശത്തിന്റെ വിളിയെ കുറിച്ചോ, തന്റെ വിധിയെ കുറിച്ചോ മിഥ്യാസങ്കല്പങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല; അയാളുടെ രക്തസാക്ഷിത്തം തന്നെയാണ് നോവലിലെ ഏറ്റവും സുവ്യക്തമായ സന്ദേശവും (El-Hussari). ബാഗ്ദാദി സമൂഹത്തിലെ ബൂര്‍ഷ്വാ ഉപരിവര്‍ഗ്ഗ ബുദ്ധിജീവികള്‍ക്കിടയില്‍ തങ്ങളുടെ സാമൂഹിക പദവിയും രാഷ്ട്രീയ ബോധ്യങ്ങളും തീര്‍ക്കുന്ന രണ്ടു വിരുദ്ധ പക്ഷപാതിത്തങ്ങളുടെ അതിസൂക്ഷ്മമായ ആഖ്യാനം, ഫ്രഞ്ച് ചെറുത്തുനില്‍പ്പു പ്രസ്ഥാനത്തിലെ ബുദ്ധിജീവി ആക്റ്റിവിസ്റ്റുകളായ സിമോങ് ദേ ബുവ്വെയുടെ The Mandarins എന്ന നോവലിലെ മുഖ്യ കഥാപാത്രങ്ങളെ ശക്തമായി ഓര്‍മ്മിപ്പിക്കുന്നുണ്ട്.    

 

നോവലില്‍, ബഹുസ്വര ആഖ്യാനത്തിന്റെ ഘടനയില്‍ ഇടം പിടിക്കുന്ന ഓരോ ആഖ്യാതാക്കളും ദുരൂഹതകളുടെ അനാവരണവും സങ്കീര്‍ണ്ണവല്‍ക്കരണവും ഒരുമിച്ചാണ് നടത്തുന്നത് എന്നു പറയാം. വാലിദിന്റെ ബത് ലഹേം കുട്ടിക്കാലം കണ്ട, അതേ പട്ടണത്തില്‍നിന്നുള്ള ഇസാ നാസര്‍ എന്ന പ്രായമായ ആശാരിയിലൂടെ അയാളുടെ ഇറ്റാലിയന്‍ സെമിനാരി പഠന യാത്രയും അതുപേക്ഷിച്ചു തിരികെയെത്തി കാംബ്രിഡ്ജ് പഠനവും വിവരിക്കപ്പെടുന്നു. ഡോ. താരിഖ് റഊഫിന്റെ നിരീക്ഷണത്തില്‍ വാലിദിന്റെ ധാരാളമായ സ്ത്രീ ബന്ധങ്ങളില്‍ ഒരു ഈഡിപ്പല്‍ മാതൃബിംബ സ്വാധീനം പ്രകടമാണ്. ഏറെ പ്രണയങ്ങള്‍ ഉണ്ടെങ്കിലും അയാള്‍ക്കൊരിക്കലും ഒരു സ്ത്രീയെയും അവരുടെ ഇംഗിതത്തിനെതിരായി ചൂഷണം ചെയ്യാനാവില്ല. ആര്‍ക്കിടെക്റ്റ് അമര്‍ അബ്ദെല്‍ ഹമീദിന്റെ ഓര്‍മ്മകളില്‍ ഉന്നത ആശയങ്ങളും മികച്ച ആവിഷ്കാര രീതിയുമുള്ള കൃതഹസ്ഥനായ ഒരു കവിയുടെ ചിത്രമാണ്‌ തെളിഞ്ഞു വരിക. സ്ത്രീകഥാപാത്രങ്ങള്‍ക്ക് വാലിദിനെ കുറിച്ച് ഏറെ പറയാനുണ്ട്‌. ചരിത്രാധ്യാപികയായ മറിയം അല്‍ സഫര്‍, യുവ ജേണലിസ്റ്റും റിസേര്‍ച്ച് സ്കോളറുമായ വിസാല്‍ റഊഫ്, എന്നിവരുടെ ഓര്‍മ്മകളില്‍ അയാള്‍ അവരുടെ ഹൃദയം കവര്‍ന്ന കാമുകനാണ്. ഈ കഥാപാത്രങ്ങളുടെയെല്ലാം ഓര്‍മ്മകളിലൂടെ ഉരുത്തിരിയുന്നത് തനതായ വ്യക്തിത്വമുള്ള വിപ്ലവകാരിയും തന്റെ സ്വപ്നങ്ങളുടെ സാക്ഷാത്കാരത്തിനായി പൊരുതാന്‍ തയ്യാറുള്ളവനുമായ വാലിദിന്റെ ചിത്രമാണ്‌; അതിനയാള്‍ പ്രണയം, ചെറുത്തുനില്‍പ്പ്‌, രാഷ്ട്രീയം എന്നിവ ആയുധമാക്കുന്നു. ഓര്‍മ്മകള്‍ക്കപ്പുറം ഊഹങ്ങളിലേക്കു കൂടി കടന്നാണ് വാലിദിനു എന്ത് സംഭവിച്ചിരിക്കാം എന്ന് നിരീക്ഷിക്കപ്പെടുന്നത്. ഇബ്രാഹിം നൌഫലിന്റെ അഭിപ്രായത്തില്‍ അയാളെ സയണിസ്റ്റ് സൈന്യം തട്ടിക്കൊണ്ടുപോയി വധിച്ചിരിക്കാം. വാലിദ് മരിച്ചിട്ടില്ലെന്നും മര്‍വാന്റെ മരണത്തിനുള്ള പ്രതികാരവും പലസ്തീനിനോടുള്ള കടം വീട്ടലുമായി അയാള്‍ ഫിദായീന്‍ പോരാളികളോട് ചേര്‍ന്ന് ലബനോനില്‍ പോരാട്ടത്തിലാണ് എന്നും തീര്‍ച്ചയുള്ളത് വിസാലിനാണ്. ഇത്തരം ഊഹങ്ങള്‍ നിഷ്കളങ്കമല്ലെന്നും ഓരോ കഥാപാത്രത്തിന്റെയും മനശാസ്ത്രപരമായ ആവശ്യങ്ങളുടെ കൂടി പ്രകടനമാണ് എന്നും നിരീക്ഷിക്കപ്പെടുന്നു (El-Hussari).

 

നോവലിസ്റ്റിന്റെ വീക്ഷണത്തെ ഇതര കഥാപാത്രങ്ങളുടെ പരസ്പര സ്വതന്ത്രമായ ഭിന്ന വീക്ഷണങ്ങളില്‍ ഒന്നുമാത്രമാക്കി നിര്‍ത്തുകയും ഈ ‘സ്വതന്ത്രമായ ഭിന്നസ്വരങ്ങളിലൂടെ’ നെയ്തെടുക്കുന്ന വിധിപറയാത്ത വിധത്തിലുള്ള ആവിഷ്കാരം നടത്തുകയും ചെയ്യുന്നതിലൂടെ അറുപതുകളിലും എഴുപതുകളിലും അറബ് നോവലില്‍ നിലനിന്ന സര്‍വ്വജ്ഞ എഴുത്തുകാര്‍/ ആഖ്യാതാവ് (omniscient author/ narrator) രീതിയെ മറികടക്കുന്ന ‘ബഹുസ്വര ആഖ്യാനം’ (polyphonic narration) എന്ന പുത്തന്‍ സമ്പ്രദായമാണ് ജബ്ര തുടങ്ങിവെക്കുന്നത് എന്നും ‘സംവാദങ്ങളുടെ ബഹുമുഖ ഇടപെടലിലൂടെ മനുഷ്യനെ വസ്തുവല്‍ക്കരിക്കുന്നതിനെ (objectification) നിരാകരിക്കുന്ന’ ബഖ്തീനിയന്‍ (Mikhail Bakhtin) സാഹിത്യ ദര്‍ശനത്തോട് ജബ്രയുടെ ഈ സമീപനം ചേര്‍ന്ന് പോകുന്നു എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു (El-Hussari). “In Search of Walid Masoud വലിയ മാനങ്ങളില്‍ വിഭാവനം ചെയ്യപ്പെട്ട ആശയങ്ങളുടെ നോവലാണ്, ഒപ്പം ഏറെ ഭാവഗീതാത്മകവും വൈകാരിക തീക്ഷ്ണതയുമുള്ള ഭാഗങ്ങള്‍ നിറഞ്ഞ, ആസക്തി, വഞ്ചന എന്നിവയുടെ ശക്തമായ നിരീക്ഷണവും. റോജര്‍ അലന്‍, അദ്നാന്‍ ഹൈദര്‍ എന്നിവര്‍ ചേര്‍ന്നു നടത്തിയ മികവുറ്റ വിവര്‍ത്തനം ജബ്രയുടെ ഗദ്യത്തിന്റെ ഭാവഗീത ഭാവവും, ആഖ്യാനത്തിന്റെ രാജകീയ ഒഴുക്കും നിലനിര്‍ത്തുന്നു” (7.). 

References:

                1. Ibrahim A. El-Hussari, ‘Jabra Ibrahim Jabraʼs In Search of Walid Masoud, A Polyphony of (Un)Orchestrated Opus’, Athens Journal of Humanities & Arts - Volume 6, Issue 2 – Pages 133-146.

                2. Jabra I. Jabra in conversation with Najman Yassin, ‘al-Jamiaʼa’, April 1978, Vol. 8, Issue: 4:7-12,qtd by El-Hussari

                3. ("Living with the Tigress and the Muses: An essay on Jabra Ibrahim Jabra. (Cover Story).." The Free Library. 2001 University of Oklahoma 21 Jan. 2021 https://www.thefreelibrary.com/Living+with+the+Tigress+and+the+Muses%3a+An+essay+on+Jabra+Ibrahim...-a080500167

                4. publishersweekly, https://www.publishersweekly.com/978-0-8156-0646-8, Accessed 21.01.21

                5. Review: In Search of Walid Masoud,  kirkusreviews, Sept. 15, 2000, https://www.kirkusreviews.com/book-reviews/jabra-ibrahim-jabra/in-search-of-walid-masoud/, .Accessed 22.01.2021

                6. Tasnim Qutait, the search for walid masoud, ARAB HYPHEN, February 28, 2013, https://arabhyphen.wordpress.com/2013/02/28/the-search-for-walid-masoud/, Accessed 21.01.2021

                7. Samah Selim, Jabra: In Search of Walid Masoud, Journal of Palestine Studies, Vol.31, 2001/02, No.2, P.89. http://palestine-studies.org/jps/fulltext/old/4510 (Cached, retrieved 22.01.2021).


Saturday, November 2, 2024

The Penguin's Song by Hassan Daoud / Marilyn Booth

 അടഞ്ഞ ലോകങ്ങളിലെ ശൂന്യകല്‍പ്പനകള്‍



ദക്ഷിണ ലബനാനിലെ നുമൈറിയ ഗ്രാമത്തില്‍ 1950-ല്‍ ജനിച്ച ഹസ്സന്‍ ദാവൂദ് ആഭ്യന്തര കലാപങ്ങള്‍ കലുഷമായ നാളുകളില്‍ ബൈറൂത്തിലേക്ക് താമസം മാറിയ കുടുംബത്തിലെ അംഗമായിരുന്നു. സമാനമായ രീതിയില്‍ വിട്ടുപോയ മിക്ക ലബനീസ് കുടുംബങ്ങളെയും പോലെ ദാവൂദ് കുടുംബവും ഗ്രാമവുമായുള്ള ബന്ധം നിലനിര്‍ത്തുകയും എല്ലാ വേനലവധിക്കാലത്തും അവിടം സന്ദര്‍ശിക്കുകയും ചെയ്തു വന്നു. ആഭ്യന്തര സംഘര്‍ഷ കാലത്ത് റിപ്പോര്‍ട്ടര്‍ ആയി പ്രവര്‍ത്തിച്ച ദാവൂദ് ഒരു സാംസ്കാരിക മാഗസിന്റെ എഡിറ്റര്‍ ആയും പ്രവര്‍ത്തിച്ചിരുന്നു. ചെറുകഥാകൃത്തും നോവലിസ്റ്റുമെന്ന നിലയില്‍ ശ്രദ്ധേയനായ അദ്ദേഹത്തിന്റെ നോവലുകളില്‍ 1998-ല്‍ അറബ് ഭാഷയില്‍ പ്രസിദ്ധീകരിക്കപ്പെട്ട കൃതിയുടെ ഇംഗ്ലിഷ് പരിഭാഷയാണ് 'പെന്‍ഗ്വിനിന്റെ പാട്ട്'. ലബനീസ് ആഭ്യന്തര യുദ്ധത്തിന്റെ ചിത്രമായും, യുദ്ധം ശാരീരികമായി മുറിവേല്‍പ്പിച്ചില്ലെങ്കിലും അതിന്റെ കെടുതികള്‍ ഏറ്റു വാങ്ങേണ്ടി വരുന്നവരുടെ ആത്മീയ മുറിവുകളുടെയും ഒരിക്കലും വരാത്ത സമാധാന നാളുകളെയും അഭയാര്‍ഥിത്വം അവസാനിപ്പിച്ച് സ്വന്തം ഇടങ്ങളിലേക്ക് തിരിച്ചു പോവാന്‍ കഴിയുന്ന ഭാവിയേയും സ്വപ്നം കണ്ടു കഴിയുന്നതിന്റെ കാത്തിരിപ്പും മടുപ്പും അടയാളപ്പെടുത്തുന്ന അസ്തിത്വ പ്രതിസന്ധിയുടെയും ആവിഷ്കാരമായും നോവലിനെ വായിക്കാം. ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് പറിച്ചെറിയപ്പെടുന്ന ഒരു കുടുംബത്തിന്റെ കഥയിലൂടെ സ്വന്തമായി ഇടം ഇല്ലാതാവുന്നതിന്റെ സംത്രാസവും വീര്‍പ്പു മുട്ടലുമാണ് നോവലിസ്റ്റ് അവതരിപ്പിക്കുന്നത്‌.


സംഘര്‍ഷത്തെ തുടര്‍ന്ന് പുരാതന ബൈറൂത്ത് നഗരത്തിലുള്ള ഭവനം വിട്ട് ഏറ്റുമുട്ടലുകള്‍ നേരിട്ട് ബാധിക്കാനിടയില്ലാത്ത ഒരു വിദൂരസ്ഥ പ്രദേശത്തേക്ക്, പട്ടണത്തെ കാണാവുന്ന ഒരു അപ്പാര്‍ട്ട്മെന്റിലെക്ക് താമസം മാറേണ്ടി വരുന്ന കുടുംബത്തിലെ അംഗമായ മുഖ്യ കഥാപാത്രം ഒരര്‍ത്ഥത്തില്‍ തന്നില്‍ തന്നെയും തടവിലാണ്. ജന്മനാ ഉള്ള ശാരീരിക പ്രശ്നങ്ങള്‍ മൂലം ചെറിയ കൈകളും മറ്റനേകം വൈകല്യങ്ങളുമായി കഴിയുന്ന 'പെന്‍ഗ്വിന്‍' തന്റെ കുറവുകളെ കുറിച്ച് ബോധവാനുമാണ്: “എന്റെ ശരീരത്തെ കുറിച്ച് എന്റെ മനസ്സില്‍ ഉണ്ടായിരുന്ന ചിത്രം ഒരിക്കലും ആരുടേയും ദൃഷ്ടി പതിഞ്ഞിട്ടില്ലാത്ത രോഗഗ്രസ്തമായ ഒരു വെളുത്ത പിണ്ഡം എന്നതായിരുന്നു.” കുടുംബം ആഭ്യന്തര സംഘര്‍ഷങ്ങളെ അതിജീവിച്ചിരുന്നെങ്കിലും ബൈറൂത്തിന്റെ സംഘര്‍ഷാനന്തര പുതുക്കിപ്പണിയലിന്റെ അനിശ്ചിതത്വങ്ങള്‍ തങ്ങളുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന രീതിയിലേക്ക് പോകുന്നത് നിസ്സഹായരായി നോക്കി നില്‍ക്കാനേ അവര്‍ക്ക് കഴിയുന്നുള്ളൂ. നഗര മധ്യത്തില്‍ വ്യാപാരിയായിരുന്ന പിതാവിന്റെ കടയും ഉടമസ്ഥ സ്ഥലങ്ങളും സര്‍ക്കാര്‍ ഒഴിപ്പിച്ചെടുത്തിരുന്നു. പോകാന്‍ ഒരു തൊഴിലിടമില്ലാതെ, അര്‍ത്ഥപൂര്‍ണ്ണമായ നിലനില്‍പ്പു തന്നെയില്ലാതെ, മാനസികാരോഗ്യം നിലനിര്‍ത്തുന്നതിനാവശ്യമായ സൌഹൃദങ്ങളോ ബന്ധങ്ങളോ ഇല്ലാതെ വീട്ടില്‍ ചുരുണ്ടു കൂടുന്ന പിതാവ് അതിവേഗം വയസ്സനാകുന്നു. കുടിയിറക്കപ്പെട്ട സമാനാനുഭവമുള്ള പലരും തങ്ങളുടെ പുതിയ ഇടത്തില്‍ നിലനില്‍പ്പിന്റെ തുരുത്തുകള്‍ കണ്ടെത്തിയിട്ടുണ്ട്; പഴയ പട്ടണത്തിലെ ഒരു കോണിച്ചുവട്ടില്‍ ഒരു ചെറിയ കച്ചവടമോ, റെസ്റ്റോറെന്റോ പാതയോരത്ത് ഒരു പെട്ടിക്കടയോ ഒക്കെയായി. എന്നാല്‍ ദാവൂദിന്റെ കുടുംബം മരുഭൂമിയുടെ പ്രാന്തത്തിലുള്ള അപ്പാര്‍ട്ട്മെന്റില്‍ തുരുമ്പു തിന്നുന്നതിനു പിതാവിന്റെയും മകന്റെയും പ്രത്യേക ശാരീരികാവസ്ഥകളും കാരണമാണ്. പിതാവിന്റെ കാഴ്ചാശക്തി ദുര്‍ബ്ബലമാകുകയും അതിവേഗം അന്ധത ബാധിക്കുകയും ചെയ്യുന്നു. സ്വതേ പ്രശ്നങ്ങളുള്ള മകന് തന്റെ പുസ്തകങ്ങളോടൊപ്പം പിതാവിന് കൂട്ടിരിക്കുക എന്ന ദൌത്യവും വന്നു ചേരുന്നു. വ്യാപാരകാലത്ത് സ്വരുക്കൂട്ടിയിരുന്ന സമ്പാദ്യം എത്ര അരിഷ്ടിച്ചിട്ടും തീര്‍ന്നു പോകുന്നതും ഇനിയെന്ത് എന്ന ചോദ്യം ഉത്തരമില്ലാത്ത പ്രഹേളികയാവുന്നതും ദുര്‍ബ്ബലനായ മകനില്‍ ഒരു രക്ഷകനെ കാണാനാവാത്തതും അയാളെ മഥിക്കുന്നുണ്ട്. വിഷാദ രോഗത്തിനടിപ്പെടുന്ന അയാള്‍, വിക്ഷുബ്ധ പ്രകൃതമുള്ള ഭാര്യയുമായി എപ്പോഴും വഴക്കിടുന്നു. ഉമ്മയുടെ ചൂടന്‍ പ്രകൃതം പിതാവിന്റെ തകര്‍ച്ചയെ കൂടുതല്‍ വഷളാക്കിയെന്നു പെന്‍ഗ്വിന്‍ നിരീക്ഷിക്കുന്നുണ്ട്. ഉമ്മയാവട്ടെ, കുടുംബത്തിനു ഭക്ഷണമൊരുക്കിയും ബാക്കിവരുന്നതെന്തും ശ്രദ്ധാപൂര്‍വ്വം അടുത്ത സമയത്തേക്കായി കാത്തുവെച്ചും ഇടക്കൊന്നു പുറത്തിറങ്ങുകയും തൊട്ടടുത്ത അപ്പാര്‍ട്ട്മെന്റുകളിലെ അയല്‍ക്കാരെ സന്ദര്‍ശിക്കുകയും ചെയ്യുന്നതിലൂടെ ജീവിച്ചിരിക്കുന്നു എന്ന സങ്കല്‍പ്പത്തിന്റെ ഒരു ദുര്‍ബ്ബലമായ പ്രതീതി സൃഷ്ടിച്ചും മടുപ്പിന്റെയും ശൂന്യതയുടെയും ഭ്രാന്തമായ പിടി മുറുക്കത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഇടയ്ക്കിടെ പുറത്തു പോകുന്ന അവര്‍ ഇനി തിരികെ വരില്ലേ എന്ന ആശങ്ക പലപ്പോഴും മകനെയും ഭര്‍ത്താവിനെയും പിടികൂടുന്നു. എന്നാല്‍ പിതാവിന്റെയും മാതാവിന്റെയും ഏറ്റവും വലിയ ഉത്കണ്ഠ പക്ഷെ മറ്റൊന്നാണ്: ശാരീരിക പരിമിതികളുള്ള മകന്‍.


കഥാപാത്രങ്ങള്‍ക്കൊന്നും നോവലില്‍ പേര് പറയുന്നില്ല എന്നത് അവര്‍ തള്ളിനീക്കുന്ന അവസ്ഥയുടെ പ്രാതിനിധ്യ സ്വഭാവം കൂടുതല്‍ വ്യക്തമാക്കുന്നുണ്ട് എന്ന് പറയാം. ആഖ്യാതാവായ പെന്‍ഗ്വിന്‍, യുദ്ധത്തിന്റെ പരിണതിയും തന്റെ ശാരീരിക പരിമിതിയും സൃഷ്ടിക്കുന്ന ഇരട്ട ഏകാന്തത കാരണം അപ്പാര്‍ട്ട്മെന്റ് ജീവിതത്തിലെ ഏറ്റവും ചെറിയ ചലനങ്ങളോട് പോലും അതീവ സംവേദന ക്ഷമത വളര്‍ത്തിയെടുത്തിരിക്കുന്നു. ഭ്രാന്തമായ ആ സംവേദന ക്ഷമതയോടെ അതെല്ലാം രേഖപ്പെടുത്തുന്ന അയാള്‍ കിട്ടുന്നതെന്തും വായിച്ചു കൊണ്ടുമിരിക്കുന്നു. തൊട്ടു താഴെ അപ്പാര്‍ട്ട്മെന്റിലുള്ള കൌമാരക്കാരിയോട് അതിതീക്ഷ്ണമായ ഒരാസക്തിയും അയാളിലുണ്ട്. അവളുടെ മുറിയില്‍ അവള്‍ നടക്കുന്നതിന്റെ പദ സ്വനങ്ങളും കണ്ണാടിക്കു മുന്നില്‍ അവള്‍ തന്നെത്തന്നെ കാണുന്നതിന്റെയും വിവസ്ത്രയാകുന്നതിന്റെയും സങ്കല്പ്പനങ്ങളും അവന്റെ ഭ്രമ ചിന്തകളെ ചൂട് പിടിപ്പിക്കുന്നുണ്ടെങ്കിലും സ്വതേയുള്ള അപകര്‍ഷ ബോധവും വീട്ടിലെ ചുറ്റുപാടുകളും കാരണം എല്ലാം ഉള്ളില്‍ ഒതുക്കാന്‍ മാത്രമേ അവനു കഴിയൂ. അവളുടെ ഉമ്മയും തന്റെ ഉമ്മയുടെ സുഹൃത്തുമായ സ്ത്രീയുടെ ഉടല്‍ നിറവുകളും അവന്റെ രതിസ്വപ്നങ്ങള്‍ക്ക് നിറം പകരുന്നുണ്ട്. അത്തരം സങ്കല്‍പ്പങ്ങളും ഭാവനയില്‍ കാണുന്ന സംഗമങ്ങളും ഇടകലരുന്ന അയാളുടെ മനോ വ്യാപാരങ്ങളിലൂടെയാണ് കൌമാര- യൌവ്വനാരംഭ സങ്കീര്‍ണ്ണതകളെ നോവലിസ്റ്റ് ആവിഷ്കരിക്കുന്നത്.


പറിച്ചെറിയപ്പെടുന്നതിന്റെ ഫലമായ മാനസികാവസ്ഥ, എന്ത് ചെയ്യേണ്ടുവെന്നറിയാത്ത വ്യര്‍ത്ഥ ബോധം, അനിശ്ചിതമായി നീണ്ടു പോകുമ്പോഴും ഉപേക്ഷിക്കാനാവാത്ത തിരിച്ചു പോക്കെന്ന സ്വപ്നത്തിന്റെ മോഹഭംഗം, തുടങ്ങിയവ കഥാപാത്രങ്ങള്‍ പെട്ടുപോകുന്ന 'ലിംബോ' അവസ്ഥയുടെ നാനാര്‍ത്ഥങ്ങളാണ്. താല്‍ക്കാലികം എന്ന് കരുതിയ കുടുസ്സു മുറികളിലെ ജീവിതം ഏതാണ്ട് ശാശ്വതമാണെന്ന ബോധ്യത്തിലേക്ക് ബോധമനസ്സ് നയിക്കുമ്പോഴും അതംഗീകരിക്കാന്‍ വിസമ്മതിക്കുന്നതിന്റെ ഇച്ഛാഭംഗമാണ് കുടുംബാന്തരീക്ഷം കലുഷിതമാക്കുന്നതും പെന്‍ഗ്വിന്‍ തന്റെ സ്വപ്ന- ഫാനറ്സി ലോകത്തേക്ക് കൂടുതല്‍ കൂടുതല്‍ മുഴുകാന്‍ ഇടയാക്കുന്നതും. മറ്റുള്ളവര്‍ തന്നെ കുറിച്ച് ഗോസിപ്പുകള്‍ പരത്തുന്നുണ്ടെന്നു അയാള്‍ ചിന്തിക്കുന്നത് തന്റെ മനോ വ്യാപാരങ്ങളില്‍ അയാള്‍ക്കനുഭവപ്പെടുന്ന ലജ്ജയുടെ മറുപുറമാണ്. പതിമൂന്നു വര്‍ഷം നീളുന്ന ഒരു അടഞ്ഞ ജീവിതത്തിന്റെ ബാക്കി പത്രത്തില്‍ ഏതാണ്ട് അനാഥനായി മരിക്കുന്ന പിതാവും ജീവിത സംതൃപ്തി എന്തെന്നറിഞ്ഞിട്ടില്ലാത്ത മാതാവും അവന്റെ തീരാ വേദനകളാണ്. ആവര്‍ത്തന സ്വഭാവമുള്ള ആഖ്യാനം ഒരു മാറ്റവുമില്ലാത്ത ജീവിതത്തിന്റെ രൂപകമായിത്തീരുന്നത്, ഫാന്റസികളുടെ സുദീര്‍ഘവും അതി സ്ഥൂലമെന്നു തോന്നിക്കാവുന്നതുമായ വിവരണങ്ങളില്‍ മാത്രമല്ല, സര്‍ക്കാര്‍ നടപടികളുടെ അനന്തമായ നീണ്ടു പോക്കിനെ കുറിച്ചുള്ള ആവര്‍ത്തനങ്ങളിലും കാണാവുന്നതാണ്. നോവലിന്റെ അവസാന ഭാഗങ്ങളില്‍ പല അധ്യായങ്ങളും തുടങ്ങുന്നത് തന്നെ വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്ന പാര്‍പ്പിടങ്ങളുടെ നിര്‍മ്മാണം തുടങ്ങുക പോലും ചെയ്തിട്ടില്ലെന്ന വസ്തുത ആവര്‍ത്തിച്ചു കൊണ്ടാണ്. ആവര്‍ത്തന സ്വഭാവമുള്ളതും സാന്ദ്രവുമായ ഭാഷയിലുള്ള വാചക ഘടനയും തികച്ചും അപൂര്‍ണ്ണനും പരിമിതനുമായ നായക കഥാപാത്രവും പോയ കാലത്തെ കുറിച്ചുള്ള നിരന്തരമായ പതംപറച്ചിലും പരിഗണിക്കുമ്പോള്‍ പ്രൌസ്റ്റിന്റെ റിമെംബെറന്‍സ് ഓഫ് തിംഗ്സ് പാസ്റ്റ്, ദസ്തയവ്സ്കിയുടെ നോട്സ് ഫ്രം ദി അണ്ടര്‍ഗ്രൌണ്ട് എന്നീ ക്ലാസ്സിക്കുകളുടെ സ്വാധീനം 'പെന്‍ഗ്വിനിന്റെ പാട്ടി'ല്‍ നിരീക്ഷിക്കപ്പെട്ടിട്ടുള്ളത് പ്രസക്തമാണ്. (Pauls Toutonghi, nytimes.com). ഇതിവൃത്തത്തില്‍ കാര്യമായി ഒന്നും സംഭവിക്കുന്നില്ല എന്നത് ചെറിയ കാര്യങ്ങളെ അതീവ വിശദമായി പ്രതിപാദിക്കുന്ന ആഖ്യാന ശൈലിയില്‍ കലാശിക്കുന്നു. പെന്‍ഗ്വിനിന്റെ ലൈംഗിക ഫാന്റസികളില്‍ പ്രകടമായിക്കാണുന്ന അതേ വൈശദ്യം മറ്റു ഭാഗങ്ങളിലും പ്രകടമാണ് എന്നത്, അധമ വികാരാവിഷ്കാരത്തിലല്ല നോവലിസ്റ്റിന്റെ ഊന്നല്‍ എന്ന് വ്യക്തമാക്കുന്നു. ഒരു പിതാവ് വാച്ച് നിര്‍മ്മാണത്തിന്റെ മഹത്വത്തെ കുറിച്ച് മകനോട്‌ വിശദമായി സംസാരിച്ചു കൊണ്ടേയിരിക്കുന്നു. ഒരപ്രധാന കഥാപാത്രം മുഖ്യ കഥാപാത്രത്തിന്റെ കണ്ണില്‍ എങ്ങനെ കാണപ്പെടുന്നു എന്നതിലേക്കും ഒരു കടലാസ് തുണ്ടില്‍ വരച്ചു വെച്ച ചിത്രങ്ങളുടെ വിശദാംശങ്ങളിലേക്കും ജനാലയില്‍ നിന്ന് നഗരക്കാഴ്ച കാണുന്നതിനെതിലേക്കും ഇതേ വിശദീകരണ രീതി വ്യാപിക്കുന്നത് ഒന്നും ചെയ്യാനില്ലാത്ത കര്‍തൃത്വ രാഹിത്യത്തിന്റെ ജീവിതാവസ്ഥക്ക് മികച്ച രൂപകം ആയിത്തീരുന്നു. എന്നാല്‍ ഒപ്പം അത് പുസ്തകത്തിന്റെ വായന അത്രതന്നെ എളുപ്പമല്ലാത്ത ഒന്നാക്കി തീര്‍ക്കുന്നുമുണ്ട്.


ഓര്‍മ്മകളുടെ രൂപത്തിലുള്ള പെന്‍ഗ്വിനിന്റെ ഏറ്റുപറച്ചിലില്‍ ചിലപ്പോള്‍ ശിഥിലമായും ചിലപ്പോള്‍ രേഖീയമായും മുന്നോട്ടു പോകുന്ന ആഖ്യാനത്തില്‍ എല്ലായിപ്പോഴും ഭാവി അനിശ്ചിതത്വത്തിലാണ്. ഒരൊറ്റ ഇടത്തില്‍ തറഞ്ഞിരിക്കുന്ന അവസ്ഥ അവരുടെ ജീവിതത്തിന്റെ ഭീകരമായ ഒറ്റപ്പെടലിനെ പ്രതിനിധാനം ചെയ്യുന്നു. ഈ മനുഷ്യര്‍ ചരിത്രം അനുഭവിച്ചവരാണ്; അതിന്റെ സാവധാനത്തിലുള്ള നീറ്റലായി, അനാഥത്വമായി, നിസ്സഹായതയും വീര്‍പ്പു മുട്ടലുമായി, ഇരകളും ബലിമൃഗങ്ങളുമായി. അതിന്റെ ദുസ്വപ്ന സമാനമായ സമ്മര്‍ദ്ധങ്ങള്‍ അവരെ വിഷണ്ണരും ഭാവനയുടെ മാദക സ്ഥലികളില്‍ അഭയം തേടുന്നവരും ആക്കുന്നുണ്ടാവാം, എന്നാല്‍ അവരെപ്പോഴും സ്വര്‍ഗ്ഗ നരകങ്ങള്‍ക്കുമിപ്പുറത്തെ ആ ശുദ്ധീകരണ സ്ഥലിയിലാണ്(purgatory): ജീവിതം കൈമോശം വന്നവര്‍, എന്നാല്‍ ഇനിയും മരിച്ചിട്ടില്ലാത്തവര്‍. ഭൂതകാലത്തിന്റെ പ്രേതങ്ങള്‍ ആവേശിക്കുന്ന ജീവിതങ്ങളും തകര്‍ന്ന കെട്ടിടങ്ങളും നിഴലിടുന്ന, തീരാത്ത മോഹങ്ങളും ഒടുങ്ങാത്ത ഏകാന്തതയും വേട്ടയാടുന്ന ഒരു കഥയാണ്‌ 'പെന്‍ഗ്വിനിന്റെ പാട്ട്'.

ഒരു ശിഥില നഗരത്തിന്റെ ഏകാന്തതയും മടുപ്പും രാഷ്ട്രീയ സംഭവങ്ങളുടെ നേരിട്ടുള്ള വിശദാംശങ്ങളോ ഏതെങ്കിലും നിര്‍ദ്ധിഷ്ട ചരിത്ര ഘട്ടത്തിന്റെ നിയാമകമായ സൂചനകളോ കൂടാതെത്തന്നെ ആവിഷ്കരിക്കാന്‍ കഴിയുന്നു എന്നതാണ് ദാവൂദിന്റെ നോവലിന് സാര്‍വ്വജനീനത നല്‍കുന്നത്.

(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 154-158)


Read more:

The Queue by Basma Abdel Aziz/ Elisabeth Jaquette

https://alittlesomethings.blogspot.com/2018/03/blog-post_18.html

The Patience Stone by Atiq Rahimi/ Polly McLean

https://alittlesomethings.blogspot.com/2018/04/11.html

Fractured Destinies by Rabai al-Madhoun

https://alittlesomethings.blogspot.com/2024/09/fractured-destinies-by-rabai-al-madhoun.html

Gate of the Sun by Elias Khoury

https://alittlesomethings.blogspot.com/2014/07/blog-post.html

Wednesday, September 25, 2024

Night Boat to Tangier by Kevin Barry

രാപ്പാതിയിലെ ആത്മയാനങ്ങള്‍




(ഐറിഷ് നോവലിസ്റ്റ് കെവിന്‍ ബാരിയുടെ ബുക്കര്‍ നോമിനേഷന്‍ നേടിയ The Night Boat to Tangiers’ ബെക്കറ്റിയന്‍ കാത്തിരിപ്പു സാഹചര്യത്തെ ഭൂതകാലത്തിന്റെ വിചാരണ നേരിടുന്ന കുറ്റവാളികളുടെ സങ്കീര്‍ണ്ണ മനോനില അനാവരണം ചെയ്യാനുള്ള രൂപകമാക്കുന്നു.)

അതിവിദൂരമല്ലാത്ത ഒരു ഭാവികാലത്തില്‍ അഥവാ നാലു പതിറ്റാണ്ടിനപ്പുറം നിലയുറപ്പിച്ച ബൊഹാനെ എന്ന സാങ്കല്‍പ്പിക ഐറിഷ് നഗരം പരസ്പരം കൊമ്പു കോര്‍ക്കുന്ന മാഫിയാ സംഘങ്ങളുടെയും ഗോത്രസംഘര്‍ഷങ്ങളുടെ പശ്ചാത്ഗമന ഭാവത്തില്‍  പെരുകുന്ന കുറ്റകൃത്യങ്ങളുടെയും പശ്ചാത്തലത്തില്‍ ശിഥിലമാകുന്ന കഥ പറയുന്ന City of Bohane (2011) എന്ന നോവലുമായാണ് കെവിന്‍ ബാരിയെന്ന ഐറിഷ് നോവലിസ്റ്റ് സാഹിത്യ ലോകത്തില്‍ തന്റെ വരവറിയിച്ചത്. പ്രഥമ നോവലിനുള്ള കോസ്റ്റാ ബുക്ക് അവാര്‍ഡ് കരസ്ഥമാക്കിയ പുസ്തകം ദാര്‍ശനികനും ഐറിഷ് കാവ്യ പാരമ്പര്യത്തിന്റെ ഈടുവെപ്പുകള്‍ സാന്ദ്രമായി ലയിപ്പിച്ച ശൈലിയുടെ ഉടമയുമായ ഒരെഴുത്തുകാരന്‍ എന്ന നിലയില്‍ അദ്ദേഹത്തെ വായനാ ലോകത്തിനു പ്രിയങ്കരനാക്കി. 2019ലെ ബുക്കര്‍ പുരസ്കാരത്തിന് പ്രഥമ പട്ടികയില്‍ ഇടം പിടിച്ച ‘The Night Boat to Tangiers’ കറുത്ത ഹാസ്യത്തിന്റെയും നോയര്‍ ഫിക് ഷന്‍ പാത്ര സ്വഭാവമുള്ള വെറ്ററന്‍ കുറ്റവാളികളുടെ വികാര രഹിതമായ (hardboiled) ഭാഷണ രീതിയുടെയും പ്രകൃതത്തെ ബാരിയുടെ സ്വത സിദ്ധമായ കാവ്യാത്മക സാന്ദ്രതയോട് ലയിപ്പിക്കുന്ന ശൈലിയില്‍ ഏതാണ്ടൊരു Waiting for Godot പരിസരം സൃഷ്ടിക്കുന്നു; ഒപ്പം ഒരു ക്വെന്റിന്‍ ടറന്റിനോ സൈക്കോ ത്രില്ലറിന്റെയും. ഡബ്ലിന്‍ ആബി തിയേറ്ററിനു വേണ്ടിയുള്ള ഒരു സ്ക്രീന്‍ പ്ലേ എന്ന നിലയിലാണ് കൃതിയുടെ പ്രോജക്റ്റ് ആരംഭിച്ചത് എന്നത് കൗതുകകരമായ ഒരു നുറുങ്ങായി കാണാം. City of Bohane യുടെ പിന്‍കുറിപ്പില്‍ തന്റെ മേലുള്ള സ്വാധീനങ്ങളായി ജെയിംസ് ജോയ്സ്, ആന്തണി ബര്‍ജസ്,  കൊര്‍മാക് മക്കാര്‍ത്തി എന്നിവരോടൊപ്പം HBOയുടെ Deadwood (TV series) കൂടി ബാരി എടുത്തു പറഞ്ഞത് ജെയിംസ് ലസ്ദൂന്‍ ചൂണ്ടിക്കാണിക്കുന്നു *(1). 

അകാലത്തില്‍ പ്രായം കടന്ന മോറിസ് ഹേര്‍നി, ചാര്‍ലി റെഡ്മണ്ട് എന്നീ പഴയ മയക്കു മരുന്നു കടത്തുകാര്‍ രാത്രിബോട്ടുകള്‍ നങ്കൂരമിടുകയും യാത്ര തിരിക്കുകയും ചെയ്യുന്ന ദക്ഷിണ സ്പെയിനിലെ അല്‍ജസീറ തുറമുഖത്ത് ഏതാണ്ടൊരു ‘വ്ലാദിമിര്‍ - ഈസ്ട്രഗന്‍’ സാഹചര്യത്തിലാണ്. 2018 ഒക്റ്റോബറില്‍ ഒരു രാവ്. അവര്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി കണ്ടിട്ടേയില്ലാത്ത മോറിസിന്റെ  (ഉറപ്പില്ല) ഇരുപത്തിമൂന്നുകാരിയായ മകള്‍ ഡില്ലി (അതോ, ഡില്‍ എന്നോ?) അടുത്ത ഇരുപത്തിനാലു മണിക്കൂറിനകം ടാന്‍ജിയറില്‍ നിന്നുള്ള ബോട്ടില്‍ വന്നേക്കാന്‍ സാധ്യതയുണ്ട്,  അല്ലെങ്കില്‍ അങ്ങോട്ട്‌ പോകുന്ന ഒരു ബോട്ടില്‍ കേറാനായാവും അവള്‍ വരികയെന്നുമുണ്ട്. “ഇപ്പോള്‍ അല്‍ജസീറാസ് പോര്‍ട്ടില്‍ മണിക്കൂറുകള്‍ ഓരോന്നും അടുത്തതിലേക്ക് സംക്രമിക്കുന്നു. പ്രതാപം ക്ഷയിച്ചു വരുന്ന രണ്ടു ഐറിഷ് ഗാങ്സ്റ്റര്‍മാര്‍ക്കും നീണ്ട കാത്തിരിപ്പ് തുടരുന്നു,” എന്ന് നോവലിസ്റ്റ് എഴുതുന്നു. പ്രതാപകാലം പിന്നിട്ട അത്തരം ഏതു കഥാപാത്രങ്ങള്‍ക്കുമെന്ന പോലെ ഇരുവര്‍ക്കും ജീവിതമെന്നത്‌ ഓര്‍മ്മകളുടെ അനുസ്യൂതിയാണ്. കാത്തിരിപ്പിന്റെ വിരസതയിലേക്ക്‌ ഇരുവരും ഓര്‍മ്മകളുടെ വിചിത്ര ഭാണ്ഡങ്ങള്‍ തുറന്നു തുടങ്ങുന്നു. ഓര്‍മ്മകളുടെ കലപില ഇടയ്ക്കു സന്തപ്ത വിലാപ സ്വരത്തിലേക്കും കോര്‍ക്ക്, ബാര്‍സലോണ,  മാലാഗ, ലണ്ടന്‍, കാഡിസ് തുടങ്ങിയ ദേശാന്തരങ്ങളിലേക്കും കടക്കുന്നു. സംഭാഷണങ്ങള്‍ ബെക്കറ്റിയന്‍ രീതിയെ ഓര്‍മ്മിപ്പിക്കുന്നത് കാത്തിരിപ്പിന്റെ ശൂന്യത നിറയ്ക്കുകയെന്ന അവയുടെ ധര്‍മ്മത്തില്‍ മാത്രമല്ല; ഇരുവര്‍ക്കും ഇരുവരുടെയും ഭൂതകാലത്തെ കുറിച്ച് കൃത്യമായും അറിയാമെന്നതും അതുകൊണ്ടുതന്നെ ഓര്‍മ്മ ഒരു ഉഭയ പ്രക്രിയയായിത്തീരുന്നു എന്നതും സൃഷ്ടിക്കുന്ന, ഇടയ്ക്കിടെ മൌനത്തിലേക്ക്‌ മുറിയുന്ന പ്രക്രിയയായി ഇതു മാറുന്നത് കൊണ്ടുകൂടിയാണ്. തുറന്നു പറയുന്നതിലേറെ ഇരുവര്‍ക്കും അറിയാം;  വാചികമായി പറയപ്പെടുകയെന്നതും കൂടുതല്‍ അസ്വാസ്ഥ്യകാരണമാകാം. എന്നാല്‍ നോവലിന്റെ പ്രഥമ പാരായണം നല്‍കാനിടയുള്ള പുരുഷലോക വീര്യത്തിന്റെ (the macho) നാട്യത്തിനപ്പുറം ദൈന്യവും ‘പെട്ടുപയ’ അവസ്ഥയും തഴക്കം ചെന്ന കുറ്റവാളികളുടെയും ജീവിത പുരോഭാങ്ങളില്‍ ഉണ്ടെന്നു പതിയെ വ്യക്തമാകും.

രാവു മുഴുവന്‍ തുറന്നിരിക്കുന്ന ‘ജൂഡാസ് ഇസ്കാരിയറ്റ് ക്ലബ്’ പോലുള്ള മദ്യശാലകളും രതിമേളകളും മനോവിഭ്രാന്തിയുടെ ചികിത്സാലയങ്ങളും അവരുടെ ജീവിത പുരോഭാഗത്തുണ്ട്. അയര്‍ലണ്ടിന്റെ ദരിദ്രവും ഹിംസാത്മകവുമായ ഭൂതകാലത്തിന്റെ മോചനമില്ലാത്ത വര്‍ത്തുളാഖ്യാനങ്ങള്‍ നിറഞ്ഞ നഗര ചിത്രങ്ങള്‍ ഫിസ്റ്റന്‍ എംവാന്‍സാ മുജീലയുടെ കോംഗോ ചിത്രത്തെ (Tram-’83) യെ ഓര്‍മ്മിപ്പിക്കുന്നു. വിമോചന സാധ്യതകള്‍ ഒന്നുമില്ലാത്ത ഒരു ദൂഷിത വലയം പോലെ അനുഭവപ്പെടുന്ന അന്തരീക്ഷം അയര്‍ലണ്ട് യാഥാര്‍ത്ഥ്യം തന്നെയാണ്. അവയില്‍ എല്ലാമുണ്ട് – രതിയും മദ്യവും മയക്കുമരുന്നും. കുറ്റകൃത്യങ്ങളും കുടിപ്പകകകളും. ഇരുള്‍ വഴികളിലെ നിധിവേട്ടകളും അധികാര പരിധികള്‍ക്കായുള്ള രക്താഭിഷേകങ്ങളും. പ്രണയവും പ്രണയ നഷ്ടങ്ങളും. പണം പെരുപ്പിക്കാനുള്ള ചൂതാട്ടങ്ങളും ഭാഗ്യദോഷങ്ങളുടെ പെരുമഴകളും. നിധികുംഭം തേടിയുള്ള തുരന്നുപോക്കില്‍ പ്രകോപിതരാകുന്ന ദുര്‍ദ്ദേവതമാരുടെ ഐറിഷ് പുരാണ സാന്നിധ്യങ്ങള്‍ പോലും ഇവിടെയുണ്ട്. അവര്‍ ഹിംസയില്‍ ആറാടിയിട്ടുണ്ട്; മോറിസിന്റെ ഒരു കണ്ണും ചാര്‍ളിയുടെ ഒരു കാലും അത്തരം വയലന്‍സിന്റെ വിലയായി കൊടുത്തത് തന്നെയാണെന്ന് വ്യക്തമാണ്; എല്ലാത്തിനും പുറമേ, ഇനിയും ആവശ്യമെങ്കില്‍ അതിനൊന്നും മടിക്കുന്നവരുമല്ല ഇരുവരും. എന്നാലിപ്പോള്‍ “വര്‍ഷങ്ങള്‍ വേലിയേറ്റം പോലെ മറിഞ്ഞു പോകുന്നു. അവരുടെ മുഖങ്ങളില്‍, താടയിലെ വരകളില്‍, അവരുടെ കലുഷമായ വായകളില്‍ പഴയ ദിനാന്തരീക്ഷമുണ്ട്. എന്നാല്‍ ഇപ്പോഴും ഒരു ഗുണ്ടാ ഭാവം നിലനിര്‍ത്തുന്നുണ്ട്- തികച്ചും കഷ്ടിച്ച്.” മോറിസിന് തന്റെ ജീവിതത്തിലെ ഏക യഥാര്‍ത്ഥ പ്രണയമായിരുന്ന, ഡില്ലിയുടെ അമ്മ സിന്തിയെയും, മകളെ തന്നെയും നഷ്ടമായതെങ്ങനെ എന്ന ചോദ്യത്തെ ഇത്തരം സൂചകങ്ങളിലൂടെയാണ് നോവലിസ്റ്റ് നേരിടുന്നത്. സിന്തിയ, ചാര്‍ലിയുടെ ഭാര്യയായിരുന്നു എന്നത് ഇരുവരെയും ദുരൂഹമായ ഏതോ ഒരു രീതിയില്‍ ഒരുമിപ്പിക്കുന്നുമുണ്ട്. എലിയറ്റിന്റെ ‘തരിശു ഭൂമി’യിലെ അന്തേവാസികളെ ഇങ്ങിനി വരാത്ത വസന്തസ്മൃതികള്‍ പീഡിപ്പിക്കുന്നത് പോലെ ഇപ്പോള്‍ സിന്തിയയാണ്   ഓര്‍മ്മകളിലും  ദുസ്വപ്നങ്ങളിലും ഒരുപോലെ അയാളെ പീഡിപ്പിക്കുന്നത്. താനൊരിക്കലും അവള്‍ക്കു ചേര്‍ന്നവനായിരുന്നില്ലെന്നു തിരിച്ചറിയുമ്പോഴും പ്രണയം അയാളെ വിട്ടുപോയിരുന്നതേയില്ലല്ലോ. മകള്‍ പോലും അയാളെ ഉപേക്ഷിച്ചു പോകാനിടയായ സാഹചര്യങ്ങള്‍ മനസ്സിലായിത്തുടങ്ങുമ്പോള്‍ ഇരുവര്‍ക്കും നേരെയുള്ള വായനക്കാരുടെ നിലപാട് സങ്കീര്‍ണ്ണമാവുന്നുണ്ട്. ഇരുവരുടെയും വ്യക്തിത്വങ്ങളിലെ മൃദുല ഭാവങ്ങളിലേക്ക് കൂടി നോവല്‍ സൂചകങ്ങള്‍ നല്‍കിത്തുടങ്ങുമ്പോഴാണ്‌ ഹിംസയുടെ പ്രയോക്താക്കളെയും വിധികല്‍പ്പിക്കുക അത്ര എളുപ്പമല്ലെന്ന വലിയ ദര്‍ശനത്തിലേക്ക് നാം എത്തിത്തുടങ്ങുന്നത്: “അയാള്‍ തന്റെ കുറ്റകൃത്യങ്ങളും അത്യാചാരങ്ങളും കൊണ്ട് ഭൂതാവിഷ്ടനായിരുന്നു എന്ന് മാത്രമല്ല – അയാള്‍ അതിന്റെയൊക്കെ ഒരു ഭയങ്കര സംഘാതം കൂടിയായിരുന്നു” എന്ന നോവല്‍ നിരീക്ഷണം ഇരു കഥാപാത്രങ്ങള്‍ക്കും ഒരു പോലെ ബാധകമാണ്.   

ചാര്‍ലിയും മോറിസും കാത്തിരിക്കുന്ന തുറമുഖത്തിന് ശരിക്കുമൊരു ‘പരേതാത്മാക്കളുടെ ശുദ്ധീകരണ സ്ഥലി’യുടെ (purgatory) സമാനതയുണ്ടെന്നും ഇരുവരും അതു ശരിക്കും അര്‍ഹിക്കുന്നുവെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് *(2). ആത്മാക്കളുടെ അധോലോകത്തിലേക്കുള്ള നദീയാനം (Hades) തുടങ്ങുന്ന ബിന്ദുവായി ഇവിടം മാറുന്നു. “ഒരു സമയം വരാനുണ്ട്, നിങ്ങള്‍ക്ക് നിങ്ങളുടെ തന്നെ പ്രേതങ്ങള്‍ക്കിടയില്‍ കഴിയേണ്ടി വരുന്നതിന്റെ” എന്ന് നോവല്‍ നിരീക്ഷിക്കുന്നത് ഭൂതകാലത്തിന്റെ വിചാരണയും ദണ്ഡവിമോചനവും കാത്തിരിക്കുന്ന ആത്മാവിന്റെ കൂടി അവസ്ഥയെ സൂചിപ്പിക്കുന്നു. ആ അര്‍ഥത്തില്‍ വിചിത്രമായ പ്രേതകഥ കൂടിയായി മാറുന്നുമുണ്ട് നോവല്‍. ഇപ്പോള്‍ മകളുടെ പടം പതിച്ച പോസ്റ്ററുമായി കാത്തിരിക്കുന്ന രണ്ടുപേരും ദൈന്യവും അവശതയും പങ്കുവെക്കുന്നുണ്ടെങ്കിലും ഏറെയുണ്ട് ഇരുവര്‍ക്കും ശുദ്ധീകരിക്കപ്പെടാന്‍ എന്നതാണ് ഈ മിത്തിക്കല്‍ ആലിഗറിയുടെ സാംഗത്യം. അമ്മയുടെ മരണത്തെ തുടര്‍ന്ന് അയര്‍ലണ്ട് വിട്ടോടിപ്പോയ ഡില്ലി തന്നെപ്പോലുള്ള യുവ ലോകസഞ്ചാരികളോടൊപ്പം സ്പെയിനിനും വടക്കന്‍ ആഫ്രിക്കന്‍ പ്രദേശങ്ങള്‍ക്കും ഇടയില്‍ അപകടകരമായ യാത്രകളില്‍ ഏര്‍പ്പെട്ടു. ഡില്ലിയെ കുറിച്ചു വിവരങ്ങള്‍ ശേഖരിക്കുന്നതു പോലും തങ്ങളുടെ ഭീഷണ രീതികള്‍ കൊണ്ട് തന്നെയാണ് എന്നത്, പ്രകടമായ ദൈന്യങ്ങള്‍ക്കിടയിലും അവരോടു സഹതപിക്കുകന്നതിനെ പ്രശ്നവല്‍ക്കരിക്കുന്നുണ്ട്. കാലത്തില്‍ തടവിലായിപ്പോയ മോറിസിനെയും ചാര്‍ലിയെയും കണ്ണില്‍ നോക്കി കടന്നു പോകാന്‍ ഡില്ലിക്ക് കഴിയുന്നത്‌ അവരുടെ കയ്യിലെ ഫോട്ടോയില്‍ ഉള്ളതില്‍ നിന്ന് വ്യത്യസ്തമായി അവള്‍ വേഷം മാറിയത് കൊണ്ട് മാത്രമല്ല; അവര്‍ക്കു തിരിച്ചറിയാനാവാത്ത മറ്റൊരു കാലത്തെയാണ് അവള്‍ പ്രതിനിധാനം ചെയ്യുന്നത് എന്നത് കൊണ്ടു കൂടിയാണ്. ഒരു ഞൊടി പാരസ്പര്യത്തിനപ്പുറം അവര്‍ക്കിടയില്‍ ഒന്നുമില്ല; ഇടത്തിലും കാലത്തിലും. ഡില്ലിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് ആ അര്‍ത്ഥത്തില്‍ ഇരുവര്‍ക്കും ഭൂതകാലത്തിന്റെ മുഖാമുഖത്തിനും വിചാരണക്കും ഓര്‍മ്മിച്ചെടുക്കലിനും, അതിന്റെ തുടര്‍ച്ചയെന്നോണം, വിസ്മൃതിയെ ആവാഹിക്കുന്നതിനും ഉള്ള സന്ദര്‍ഭം മാത്രമാണ്. 

നോവലിന്റെ പ്രാരംഭ സാഹചര്യം വ്യക്തമായും സൂചിപ്പിക്കുന്ന ബെക്കറ്റിയന്‍ (സാമുവേല്‍ ബെക്കറ്റ്) നാടകങ്ങളിലെ പാത്രദ്വയങ്ങളെ പോലെ തുറിച്ചു നോക്കുന്ന പ്രതീക്ഷാരാഹിത്യത്തിലും കൂട്ടുവിടാത്ത സൗഹൃദം ഇരുവര്‍ക്കും തുണയാകുന്നുണ്ട്. എന്നാല്‍, മുഖ്യ കഥാപാത്രങ്ങളുടെ സുവ്യക്തമായ ക്രിമിനല്‍ പശ്ചാത്തലം സൃഷ്ടിക്കുന്ന ക്രൈം നോവല്‍ അന്തരീക്ഷം മറ്റൊരു കാലത്തിന്റെതാണ്. വമ്പന്‍ കുറ്റകൃത്യങ്ങളുടെ സ്പഷ്ടമായ വിവരണവും അതിന്റെ ഫലമായുണ്ടാകുന്ന നാശവും കൊടും ഭീഷണിയും ഭ്രാന്തന്‍ പ്രതികരണങ്ങളും നോവലില്‍ ഇടം പിടിക്കുന്നു. അതെല്ലായിപ്പോഴും മനുഷ്യന്റെ ആത്മസത്തയെ ബാധിക്കുന്നു എന്നിടത്താണ് മുന്‍സൂചിതമായ ‘ശുദ്ധീകരണ പ്രക്രിയ’ അനിവാര്യമാകുന്നത്. എന്നാല്‍ ഒരു ദൈന്യവും ഒരു തരം മോക്ഷത്തിന്റെയും സാധ്യത അവരുടെ മുന്നില്‍ തുറന്നുവെക്കാനിടയില്ലെന്നു തോന്നിക്കുന്ന വെളിപ്പെടുത്തലുകള്‍ നോവല്‍ കാത്തുവെക്കുന്നുണ്ട്; ആരെപ്പേടിച്ചാണ് ഒരു യുവതി നിരന്തര പാലായനം നടത്തുന്നത്; എന്തുകൊണ്ടാണ് ചാര്‍ലിക്കും ആ പുന:സമാഗമം തുല്യ പ്രധാനമാകുന്നത് എന്നതുള്‍പ്പടെ. നോവലിന്റെ വായനയില്‍ മനശാസ്ത്രപരമോ, ധാര്‍മ്മികത സംബന്ധിച്ചതോ ആയ ദസ്തയവ്സ്കിയന്‍ വിശകലനങ്ങള്‍ പ്രതീക്ഷിക്കുന്നവര്‍ നിരാശരായെക്കും എന്ന മുന്നറിയിപ്പും ഇവിടെ സംഗതമാണ് (James Lasdun).

കെവിന്‍ ബാരിയുടെ പ്രതിഭ ഏറ്റവും തിളങ്ങിനില്‍ക്കുന്നത് കാലാവസ്ഥ, നാട്ടുമ്പുറക്കാഴ്ചകളുടെ വര്‍ണ്ണന എന്നിവയില്‍ അദ്ദേഹം പ്രയോഗിക്കുന്ന ഭാവഗരിമയിലാണ്. നോവലില്‍ ഉടനീളം ഈ ഭാവഗീതാത്മക തീവ്രത (lyrical intensity) കാണാനാകും:

“ഒക്റ്റൊബര്‍. പാളിനോക്കുന്ന ലാവണ്യത്തിന്റെ മാസം. സമുദ്ര ശകലങ്ങളില്‍ നിന്ന് തെറിച്ചു വരുന്ന വിഷാദത്തിന്റെ കഠാരകള്‍. പര്‍വ്വതങ്ങള്‍ ആസന്നമായ മഞ്ഞുകാലം സ്വപ്നം കാണുന്നു. തീരത്തെ ഗുഹകളില്‍ നിന്ന് പ്രഭാതം  പരുഷമായി ഒച്ചവെക്കുന്നു. പക്ഷികള്‍ വീണ്ടും മതിഭ്രമത്തിലായിരിക്കുന്നു”

എന്ന് ദിനാന്തരീക്ഷത്തെ ഭാവാര്‍ദ്രമാക്കുന്ന നോവലിസ്റ്റ് പ്രകൃതിചിത്രം വരക്കുന്നതും അതെ കയ്യടക്കത്തോടെയാണ്‌:

“ഉപദ്വീപിന്റെ ഓരങ്ങള്‍ തീരദേശ റോഡിന്റെ ചാരെ കടന്നു പോയി. മലകള്‍ സാന്ധ്യപ്രകാശത്തെ വലിച്ചെടുത്ത് മ്ലാനമായി തിളങ്ങി. പാതയോരത്തെ ഒരു ഗഹ്വരം നീലക്കന്യകയെ പ്രദര്‍ശിപ്പിച്ചു. വാഹന മരണങ്ങളില്‍ പെട്ടവരുടെ ആത്മാക്കള്‍ക്കു വേണ്ടി. പത്തായപ്പോഴേക്കും ചന്ദ്രന്‍ കാണായി, അവളെ വിചിത്രമായി വരച്ചുവെച്ചു. സുവ്യക്തമായ ഒരു വേനലന്ത്യ ചന്ദ്രിക. ചാന്ദ്രനാമം ഒരു മഞ്ഞ ധാതുവായിരുന്നു. അവള്‍ കാറു നിറുത്തി, കടലിന്റെ നിശ്വാസം കേള്‍ക്കാനായി വിന്‍ഡോയില്‍ കാതോര്‍ത്തു; എവിടെയോ വൈകിയും പ്രവര്‍ത്തിപ്പിക്കുന്ന പുല്ലുവെട്ടിയുടെ സ്വരം, എങ്ങോ കുറുനരികള്‍ ഓരിയിടുന്നു. കടലിന്റെ വാരികളില്‍ സാന്ധ്യസൂര്യന്റെ അന്ത്യകിരണങ്ങള്‍ അസ്തിധവളമായ അടയാളങ്ങള്‍ പതിച്ചു. പര്‍വ്വതങ്ങള്‍ തങ്ങളുടെ ദൌത്യമെന്നോണം രാജകീയമായി പ്രകമ്പനം കൊണ്ടു. രാവോടടുത്തിരുന്നു, എന്നിട്ട്, ഓ – അത്രക്കും – എല്ലാം വീണ്ടും പ്രശാന്തമായിരുന്നു.”

വായനക്കാരെ വല്ലാതെ മോഹിപ്പിക്കുന്ന ഇത്തരം വിവരണങ്ങള്‍ ഗാങ്സ്റ്റര്‍ ഫിക് ഷന്റെ വരണ്ട ഭാവശൂന്യതയുമായി നേരിട്ടു വൈരുധ്യത്തിലാണെന്നത് വ്യക്തമാണ്. ഹെമിംഗ് വേ നോവലുകളിലെ ബൊഹീമിയന്‍ രാവുകളുടെയും അമാദു (Jorge Amado)വിന്റെയും ഫ്യുവെന്തസിന്റെയും (Carlos Fuentes) പരുക്കന്‍ വയലന്സിന്റെയും പരാഗങ്ങളോട് സെര്‍ജ്ജി ലിയോനിയുടെ വെസ്റ്റേണ്‍ അന്തരീക്ഷം കൂടിക്കലരുന്ന ഒരു സങ്കരമായും നോവലിന്റെ വിചിത്ര സൌന്ദര്യം അനുഭവപ്പെടാം. “പ്രണയവും കറുപ്പും – മനുഷ്യാനുഭവമണ്ഡലത്തില്‍ ഇതിലും മെച്ചമായത്‌ സാധ്യമല്ല” എന്ന് മോറിസ് വിവരിക്കുക സിന്തിയയോടൊപ്പം മായോയില്‍ കഴിഞ്ഞ ഏതാനും നാളുകളെ കുറിച്ചാണ്. ബോധപൂര്‍വ്വം സ്വയം വഴങ്ങിക്കൊടുത്ത ഹെറോയിന്‍ അഡിക് ഷനും കൂടി ച്ചേര്‍ന്നു “കുറച്ചു കാലത്തേക്ക് അവര്‍ സ്ഥലത്തിന്റെ പ്രശാന്തതയില്‍ വീണുപോയി. എന്നും, വര്‍ഷങ്ങള്‍ കടന്നു പോകവേ, അതിനെ അവരുടെ ജീവിതത്തിലെ ഏറ്റവും നല്ലകാലം എന്ന് അവര്‍ വിളിക്കും. നമുക്ക് പര്‍വ്വതം ഉണ്ടായിരുന്നപ്പോള്‍, നമുക്ക് ജലം ഉണ്ടായിരുന്നപ്പോള്‍.”  

ഇരുണ്ടതും വിധിവിളയാട്ടത്തിന്റെ വിഷാദ/ നിരാശാഭാവമുള്ളതുമായ മൂകമായ അന്തരീക്ഷം; പാത്രസൃഷ്ടികളില്‍ നിഗൂഡതയും ധാര്‍മിക അങ്കലാപ്പുകളും നഷ്ടങ്ങളും ദുരൂഹ കുറ്റബോധവും നിറഞ്ഞതുമായ ഭൂതകാലം; കുറ്റവാളികളുടെ, കടുത്ത, വികാരശൂന്യമായ പ്രകൃതവുമുള്ള കഥാപാത്രങ്ങള്‍; തകര്‍ന്നുപോയ ബന്ധങ്ങള്‍; കുറ്റകൃത്യങ്ങളുടെ നഗര/ അധോലോകം, തുടങ്ങിയ ഘടകങ്ങള്‍ ‘നോയര്‍ (Noir)’  ഴോനറിനോട് നോവലിനെ അടുപ്പിക്കുന്നുണ്ടെങ്കിലും, 'നോയര്‍' എന്ന് നോവലിനെ വിളിക്കാനുമാകില്ല. അത്തരം കൃതികളുടെ വരണ്ട വികാരശൂന്യതയ്ക്ക് പകരം ഭാവഗീത ഗരിമയും സംഗീതാത്മകതയും നിറഞ്ഞ കാവ്യസൌന്ദര്യമിയന്ന ഭാഷയാണ് കെവിന്‍ ബാരിയുടെത്. നോയര്‍ ശൈലിയിലെ വാള്‍ത്തല മൂര്‍ച്ചയുള്ള സംക്ഷിപ്ത ഭാഷയ്ക്ക്‌ പകരം, ശബള വര്‍ണ്ണനകളും ദീര്‍ഘവും ചമത്കാര സുന്ദരവുമായ ഭാഷണങ്ങളും ആത്മഭാഷണങ്ങളുമാണ് നോവലിന്റെ മുഖ്യ ആകര്‍ഷണം. കുറ്റവാളികളുടെ കര്‍മ്മങ്ങളിലേക്കല്ല കുറ്റകരമായ ജീവിതം നയിച്ചതിന്റെ വൈകാരിക പരിണതികളിലേക്കാണ് നോവല്‍ ശ്രദ്ധയൂന്നുന്നത്. ഈ ആന്തരികോന്മുഖത, ചടുലവും ഇതിവൃത്തപ്രധാനവുമായ നോയര്‍ ഘടനയോടു ചേര്‍ന്നുപോകുന്നതല്ല.

‘പുരുഷ മനോനിലയുടെ ജ്ഞാന ദൃഷ്ടിയുള്ള ആഖ്യാതാവ്,’ ‘കാവ്യാത്മകതയുള്ള ക്രാന്ത ദര്‍ശി’ എന്നൊക്കെ കെവിന്‍ ബാരി വിവരിക്കപ്പെട്ടിട്ടുണ്ട്. ഒരു തലോടല്‍ പോലെയുള്ള ഗദ്യത്തിലൂടെ വായനയെ പുനരാവര്‍ത്തനം പ്രചോദിപ്പിക്കുന്ന ഒന്നാക്കി മാറ്റാന്‍ അദ്ദേഹത്തിനു കഴിയുന്നു. ഭീഷണമായ അതീന്ദ്രിയ സാന്നിധ്യങ്ങളെയും നിരാനന്ദകരമായ ചോരപ്പാടുകളെയും ആഖ്യാന കേന്ദ്രത്തില്‍ നിര്‍ത്തുന്ന ഒരു രചനയില്‍ അതത്ര എളുപ്പമല്ല. ഏറ്റവും ഹൃദയ ഭേദകമായ അനുഭവങ്ങളെ അവയുടെ മുഴുവന്‍ തീവ്രതയിലും അവതരിപ്പിക്കുമ്പോഴും സര്‍റിയല്‍, ഭാവഗീതാത്മക സൗന്ദര്യം അവയ്ക്ക് പകര്‍ന്നു നല്‍കുന്നതിലൂടെ മാനുഷിക ദുരന്തങ്ങളെ മിത്തുവല്‍ക്കരിക്കുന്നതില്‍ നൈജീരിയന്‍ നോവലിസ്റ്റ് ക്രിസ് അബാനിയെയും മൊസാംബിക്കന്‍ നോവലിസ്റ്റ് മിയാ കൂട്ടോയെയും കെവിന്‍ ബാരി ഓര്‍മ്മിപ്പിക്കുന്നുണ്ട്. “ഇത്രക്കും ഇരുണ്ട പ്രമേയങ്ങള്‍ കൈകാര്യം ചെയ്യുന്ന നോവലുകള്‍ ശ്വാസം മുട്ടിക്കുന്ന തരത്തിലുള്ളതാകുക എന്ന, അല്ലെങ്കില്‍ ആ ഇരുള്‍ച്ചയുടെ ഭാരത്തില്‍ പൊളിഞ്ഞു തകര്‍ന്നു പോകുകയെന്ന അപകട സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നു. എന്നാല്‍ ബാരി, തന്റെ കഥാപാത്രങ്ങളെ ഒന്നൊഴിയാതെ തികച്ചും മാനുഷികമായി ചിത്രീകരിക്കുന്നതിലൂടെ ഈ ചതിക്കുഴിയില്‍ നിന്ന് രക്ഷപ്പെടുന്നു... ബാരി തന്റെ കഥാപാത്രങ്ങളോട് സഹതപിക്കാന്‍ ഒരിക്കലും വായനക്കാരോട് ആവശ്യപ്പെടുന്നില്ല: മറിച്ച്, അവരോടു അനുതപിക്കാതിരിക്കുക മിക്കവാറും ദുസ്സാധ്യമാക്കുകയാണ് അദ്ദേഹത്തിന്‍റെ രീതി, അതൊരു വിസ്മയകമായ തന്ത്രമാണ്” എന്ന മൈക്കല്‍ ഷോബിന്റെ നിരീക്ഷണവും ഇതോടു ചേര്‍ത്തു വെക്കാം *(3). 

  

References:

1. James Lasdun, ‘One Part Gangster, One Part Philosophical Clown’, Review of NIGHT BOAT TO TANGIER’, The New York Times, Sept. 19, 2019

2.  Alan Warner, ‘darkly comic voyage into the abyss’, Night Boat to Tangier by Kevin Barry review, The Guardian, 22 June, 2019

     3. Michael Schaub, ‘Take A Dark Ride On The 'Night Boat To             Tangier', n p r book review, Sept 20, 2019 

 

(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 278-284)

To purchase, contact ph.no:  8086126024

read more:

Sleepwalking Land by Mia Couto

https://alittlesomethings.blogspot.com/2016/09/blog-post_26.html

The Book of Chameleons by José Eduardo Agualusa

https://alittlesomethings.blogspot.com/2016/11/blog-post_6.html

 Song for Night by Chris Abani

    https://alittlesomethings.blogspot.com/2016/02/blog-post.html

Tram 83 by Fiston Mwanza Mujila

https://alittlesomethings.blogspot.com/2017/04/blog-post_19.html

These Are the Names by Tommy Wieringa:

https://alittlesomethings.blogspot.com/2024/10/these-are-names-by-tommy-wieringa.html