Featured Post

Showing posts with label Classic. Show all posts
Showing posts with label Classic. Show all posts

Tuesday, July 28, 2026

Mawtini - My Homeland by Ibrahim Tuqan

 



പലസ്തീനിയന്‍ കവിത:

എന്റെ ജന്മനാട് (موطني)

-       ഇബ്രാഹിം തുഖാന്‍

എന്റെ ജന്മനാടേ, എന്റെ ജന്മനാടേ!

ഉണ്ട് നിന്‍ കുന്നുകളില്‍, ഉണ്ട് നിന്‍ കുന്നുകളില്‍

മഹിമ മനോഹാരിത, ഉന്നതി പ്രതാപവും!

ഉണ്ട് നിന്‍ കാറ്റില്‍, ഉണ്ട് നിന്‍ കാറ്റില്‍,

ജീവിതം മോചനം, ആനന്ദം പ്രതീക്ഷയും!

കാണുമോ നിന്നെ ഞാൻ? കാണുമോ നിന്നെ ഞാൻ?

സുരക്ഷിതയായ്, സ്വസ്ഥയായ്, മുറിപ്പെടാതെ, വന്ദിതയായ്!

കാണുമോ നിന്നെ ഞാൻ നിന്നുന്നതിയിൽ?

നക്ഷത്രങ്ങളെ തൊട്ട്, നക്ഷത്രങ്ങളെ തൊട്ട്!

എന്റെ ജന്മനാടേ, എന്റെ ജന്മനാടേ!

എന്റെ ജന്മനാടേ, എന്റെ ജന്മനാടേ!

തളരുകില്ലീ യുവത, നിന്‍ സ്വാതന്ത്ര്യം വരെ,

അല്ലെങ്കിൽ മരണം വരെ, അല്ലെങ്കിൽ മരണം വരെ!

കുടിക്കും നമ്മള്‍ മരണജല, മെങ്കിലും ശത്രുവിനു മുന്നിൽ അടിമകളെപ്പോലാവില്ല, അടിമകളെപ്പോലാവില്ല!

വേണ്ടാ നമുക്ക്, വേണ്ടാ നമുക്ക് നിത്യാപമാനം,

വേണ്ടാ നമുക്ക്, ദുരിതജീവിതം!

എങ്കിലും നമ്മള്‍ തിരിച്ചെടുക്കും— യശസ്സാര്‍ന്നൊരാ പ്രതാപകാലം, യശസ്സാര്‍ന്നൊരാ പ്രതാപകാലം!

എന്റെ ജന്മനാടേ, എന്റെ ജന്മനാടേ!

എന്റെ ജന്മനാടേ, എന്റെ ജന്മനാടേ!

വാളും പേനയുമല്ലോ — വാക്കും തർക്കവുമല്ല— നമ്മുടെ ചിഹ്നങ്ങൾ, നമ്മുടെ ചിഹ്നങ്ങൾ!

നമ്മുടെ പ്രതാപം നമ്മുടെ ഉടമ്പടി, വിശ്വസ്തതയെന്നൊരു ദൗത്യം നയിക്കുന്നു നമ്മെ, നയിക്കുന്നു നമ്മെ!

നമ്മുടെ പ്രതാപം, നമ്മുടെ പ്രതാപം —

അഭിമാന ദൌത്യം,  പാറിക്കളിക്കുന്നൊരു പതാക!

ആഹാ... നോക്കൂ, നിന്റെ ആ മഹാ ഔന്നത്യത്തിൽ

ശത്രുവേ വെന്ന്, ശത്രുവേ വെന്ന്!

എന്റെ ജന്മനാട്, എന്റെ ജന്മനാട്!

 

 

'മൗതിനീ' (Mawtini): അറബ് വീര്യത്തിന്റെയും അതിജീവനത്തിന്റെയും കാവ്യപ്രതീകം

1934-ൽ ബ്രിട്ടീഷ് അധിനിവേശത്തിനും സീയോണിസ്റ്റ് കുടിയേറ്റത്തിനുമെതിരെ പലസ്തീനിൽ ആഞ്ഞടിച്ച അറബ് പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ, പ്രശസ്ത പലസ്തീനിയൻ കവി ഇബ്രാഹിം തൂഖാൻ രചിച്ച കവിതയാണ് "മൗതിനീ" (എന്റെ മാതൃഭൂമി). ലെബനീസ് സംഗീതജ്ഞനായ മുഹമ്മദ് ഫ്ലൈഫിൽ ഈ കവിതയ്ക്ക് സംഗീതം നൽകി. സ്വാതന്ത്ര്യം, ആത്മാഭിമാനം, ഐക്യം എന്നിവയ്ക്കായുള്ള ജനങ്ങളുടെ ദാഹത്തെ തൊട്ടുണർത്തിയ ഈ ഗാനം അതിവേഗം അറബ് ദേശീയതയുടെയും പ്രതിരോധത്തിന്റെയും കാവ്യപ്രതീകമായി മാറി.

പ്രധാന ചരിത്രവഴികളും സവിശേഷതകളും:

  • പലസ്തീന്റെ ഗാനം: 1936 മുതൽ 1996 വരെ (ഔദ്യോഗികമായി 'ഫിദായി' എന്ന ഗാനം സ്വീകരിക്കുന്നത് വരെ) പലസ്തീന്റെ അനൗദ്യോഗിക ദേശീയഗാനമായി 'മൗതിനീ' നിലകൊണ്ടു. ഔദ്യോഗിക മാറ്റങ്ങൾക്ക് ശേഷവും പലസ്തീൻ ജനതയുടെ പ്രതിരോധത്തിന്റെയും സ്വാതന്ത്ര്യവാഞ്ചയുടെയും പ്രതീകമായി ഈ ഗാനം ഇന്നും തുടരുന്നു.
  • ഇറാഖിന്റെ ദേശീയഗാനം: സദ്ദാം ഹുസൈന്റെ ഭരണവീഴ്ചയ്ക്ക് ശേഷം, 2004-ൽ ഇറാഖ് തങ്ങളുടെ ഔദ്യോഗിക ദേശീയഗാനമായി 'മൗതിനീ'യെ ദത്തെടുത്തു. രാജ്യത്ത് ഐക്യവും രാജ്യസ്നേഹവും വളർത്താൻ ഈ ഗാനത്തിലെ ദേശസ്നേഹ ആശയങ്ങൾക്ക് സാധിക്കുമെന്ന തിരിച്ചറിവിലായിരുന്നു ഇത്.
  • അറബ് ലോകത്തെ സ്വാധീനം: സിറിയ ഉൾപ്പെടെയുള്ള നിരവധി അറബ് രാജ്യങ്ങളിൽ പലസ്തീൻ ഐക്യദാർഢ്യത്തിന്റെ പ്രതീകമായി ഈ ഗാനം മാറുകയും ഏറെ ജനപ്രീതി നേടുകയും ചെയ്തു.

കേവലം ഒരു ദേശീയഗാനം എന്നതിലുപരി, അതിരുകൾക്കപ്പുറത്തേക്ക് അറബ് ജനതയെ ഒന്നിപ്പിക്കുന്ന സംസ്കാരത്തിന്റെയും പ്രതീക്ഷയുടെയും പോരാട്ടവീര്യത്തിന്റെയും ആഗോള ശബ്ദമായി 'മൗതിനീ' ഇന്നും നിലനിൽക്കുന്നു.

ഇബ്രാഹിം തൂഖാൻ (1905–1941)

ഇരുപതാം നൂറ്റാണ്ടിലെ പ്രശസ്തനായ പലസ്തീനിയൻ കവിയും അറബ് നവോത്ഥാന സാഹിത്യത്തിലെ അതികായനുമാണ് ഇബ്രാഹിം തൂഖാൻ (Ibrahim Tuqan). പലസ്തീനിലെ നാബ്ലുസിൽ (Nablus) ജനിച്ച അദ്ദേഹം, ബെയ്റൂട്ടിലെ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ നിന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സാഹിത്യ അധ്യാപകനായും ബെയ്റൂട്ട് റേഡിയോയിലെ അറബിക് വിഭാഗം തലവനായും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം, തന്റെ ഹൃസ്വമായ ജീവിതകാലത്തിനിടയിൽ തന്നെ പലസ്തീൻ കാവ്യലോകത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ചു. ബ്രിട്ടീഷ് അധിനിവേശത്തിനും സീയോണിസ്റ്റ് പ്രസ്ഥാനത്തിനുമെതിരെ പേനയെ ശക്തമായ ആയുധമാക്കിയ അദ്ദേഹം "നാഷണലിസ്റ്റ് പോയറ്റ്" (ദേശീയതയുടെ കവി) എന്നാണ് അറിയപ്പെടുന്നത്. നിഷ്കളങ്കമായ പ്രേമകവിതകളിൽ തുടങ്ങി രാഷ്ട്രീയ പ്രതിരോധത്തിന്റെ രൂക്ഷമായ ഈരടികൾ വരെ ഉൾക്കൊള്ളുന്നതായിരുന്നു അദ്ദേഹത്തിന്റെ കാവ്യശൈലി. പ്രശസ്ത പലസ്തീനിയൻ കവയിത്രി ഫദ്വ തൂഖാൻ (Fadwa Tuqan) അദ്ദേഹത്തിന്റെ സഹോദരിയാണ്. സാഹിത്യത്തിലൂടെയും ദേശസ്നേഹത്തിലൂടെയും അറബ് ലോകത്തെ ജ്വലിപ്പിച്ച ഈ മഹാനായ കവി, 36 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ നിതാന്ത പ്രശ്നമായിരുന്ന പെപ്റ്റിക് അള്‍സര്‍ മൂര്‍ച്ചിച്ചു അകാലത്തിൽ അന്തരിച്ചു.

നക്ബ പൂര്‍വ്വ പലസ്തീനിയന്‍ കവിതയിലെ ഏറ്റവും സമുന്നത പ്രതിഭയാണ് ഇബ്രാഹിം തുഖാന്‍.

 

 

 

 

Saturday, July 25, 2026

From the diary of an Almost-Four-Year-Old by Hanan Ashrawi

 



പലസ്തീനി കവിത:

ഹനാന്‍ അഷ്റാവി (Hanan Daoud Mikhael Ashrawi. b : 1946)

 

നാല് വയസ്സാകാറായ കുഞ്ഞിന്റെ ഡയറിയിൽ നിന്ന്

 


നാളെ, ബാന്റെജുകള്‍

അഴിച്ചുമാറ്റും. എനിക്കറിയില്ല,

ശേഷിക്കുന്ന ഈ ഒരു കണ്ണുകൊണ്ട്

അരമുറി ഓറഞ്ചും,

അരമുറി ആപ്പിളും,

ഉമ്മയുടെ പകുതി മുഖവുമാണോ

ഞാൻ കാണാൻ പോകുന്നത്?

 

ആ വെടിയുണ്ട ഞാൻ കണ്ടില്ലായിരുന്നു,

പക്ഷേ അതെന്റെ തലച്ചോറിൽ

പൊട്ടിത്തെറിച്ച വേദന ഞാനറിഞ്ഞു.

അയാളുടെ ആ ദൃശ്യം മാഞ്ഞുപോയിരുന്നേയില്ല —

ആ പടയാളിയുടെ രൂപം.

കയ്യിലെ വലിയ തോക്ക്, വിറയ്ക്കുന്ന കൈകള്‍,

എനിക്ക് മനസ്സിലാകാത്ത നോട്ടം.

 

എനിക്കയാളെ വ്യക്തമായി കാണാം

കണ്ണുകൾ അടയ്ക്കുമ്പോഴും;

നഷ്ടപ്പെടുന്ന കണ്ണുകൾ മാറ്റിവെക്കാൻ

നമ്മുടെയൊക്കെ തലയ്ക്കുള്ളിൽ

ഓരോ ജോടി കരുതൽ കണ്ണുകൾ  

ഉണ്ടെന്നും വരാം!

 

അടുത്ത മാസം, എന്റെ ജന്മദിനത്തിൽ,

എനിക്കൊരു പുതിയ സ്ഫടികക്കണ്ണ് കിട്ടും;

ഒരുപക്ഷേ വസ്തുക്കളെല്ലാം വട്ടത്തിലും

നടുവിൽ തടിച്ചുമിരിക്കും കാണാൻ—

എന്റെ ഗോലികളിലൂടെയെല്ലാം ഞാൻ നോക്കിയിട്ടുണ്ട്,

അവയിലൂടെ ലോകമാകെ വിചിത്രമായി കാണപ്പെട്ടു.

 

ഒമ്പത് മാസം മാത്രം പ്രായമുള്ളൊരു കുഞ്ഞിനും

ഒരു കണ്ണ് നഷ്ടപ്പെട്ടുവത്രേ!

എന്റെ പടയാളി തന്നെയാണോ

അവളെയും വെടിവെച്ചത്? —

തന്റെ കണ്ണുകളിലേക്ക് നോക്കുന്ന

ചെറിയ പെൺകുട്ടികളെ

തിരഞ്ഞുനടക്കുന്നൊരു പടയാളി!

എനിക്ക് പ്രായമായി, നാല് വയസ്സാകാൻ പോകുന്നു,

ഞാൻ ജീവിതം അത്യാവശ്യം കണ്ടുകഴിഞ്ഞു,

പക്ഷേ അവളൊരു പൈതലല്ലേ,

അവൾക്ക് നല്ലതൊന്നും അറിയില്ലല്ലോ.

Courtesy: https://wordpress.com/post/teluguanuvaadaalu.com/17227

വിവരണം:

മിഖായേൽ അഷ്രാവി (ജനനം: 1946) ബ്രിട്ടീഷ് മാൻഡേറ്റ് പലസ്തീനിലെ നാബ്ലസിൽ, പി.എൽ.ഒ.യുടെ സ്ഥാപക അംഗങ്ങളിലൊരാളായ ഡോ. ദാവൂദ് മിഖായേലിന്റെ മകളായി ഒരു മധ്യവർഗ്ഗ പലസ്തീനിയൻ ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച അവർ വളർന്നത് പ്രധാനമായും റമല്ലയിലാണ്.

പലസ്തീനിയന്‍ കവിതയില്‍ നക്ബ- പൂര്‍വ്വ (1948) ഘട്ടത്തെയും അനന്തര ഘട്ടത്തെയും ബന്ധിപ്പിക്കുന്ന, പഴയ തലമുറയുടെയും പുതിയ തലമുറയുടെയും ഇടയിലുള്ള പരിവർത്തനത്തിലൂടെ കടന്നുപോയ എഴുത്തുകാർ, ഭാവനാത്മകമായ പ്രതിരോധത്തിൽ നിന്നും അപഗ്രഥനപരവും ആഖ്യാനപരവുമായ രേഖപ്പെടുത്തലുകളിലേക്ക് സാഹിത്യ ചർച്ചകളെ വഴിതിരിച്ചുവിട്ടു. ഇക്കൂട്ടത്തിലെ ഏറ്റവും പ്രായം കൂടിയ ഡോ. ഹനാൻ ദാവൂദ് അഷ്രാവി ഈ ബൗദ്ധിക പാലത്തിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ണിയാണ്. നയതന്ത്രരംഗത്തെ  സുപ്രധാനമായ ഔദ്യോഗിക ജീവിതത്തിന് മുമ്പേ എഴുത്തുകാരി എന്ന നിലയില്‍ ശ്രദ്ധേയയായിത്തീര്‍ന്ന അവരുടെ അക്കാദമിക് കൃതിയായ 'Contemporary Palestinian Literature Under Occupation' (1976), പ്രസ്തുത മാറ്റത്തെ സിദ്ധാന്തവൽക്കരിച്ച ഒന്നായിരുന്നു. മഹ്മൂദ് ദാർവിഷിന്റെ സമകാലികയും മികച്ച പണ്ഡിതയുമെന്ന നിലയിൽ പഴയ തലമുറയുടെ റൊമാന്റിക് ദേശീയതയെ അഷ്രാവി ആഴത്തിൽ മനസ്സിലാക്കിയിരുന്നു. എന്നാൽ ഒരു അന്താരാഷ്ട്ര നയതന്ത്രജ്ഞയും ചർച്ചാ പ്രതിനിധിയുമെന്ന നിലയിൽ, രാഷ്ട്രീയ ഉടമ്പടികളും ഉദ്യോഗസ്ഥ ഭരണത്തിന്റെ ഭാഷയും പലസ്തീനികളുടെ ജീവിതത്തെ ശിഥിലമാക്കാന്‍ എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് അവർ നേരിട്ട് കണ്ടു. അവരെ സംബന്ധിച്ച് കവിതയുടെ ആഴം ലളിതമായ മുദ്രാവാക്യങ്ങളിൽ ഒതുങ്ങുന്നതായിരുന്നില്ല; മറിച്ച് അത് തികച്ചും ബൗദ്ധികവും കൃത്യതയാർന്നതും ചോദ്യം ചെയ്യുന്നതുമായിരുന്നു. തന്റെ പൈതൃകത്തിൽ ഉറച്ചുനിൽക്കുമ്പോൾ തന്നെ, അന്താരാഷ്ട്ര ചർച്ചാ മേശകളിൽ നയതന്ത്രം നയിച്ച ഒരാളുടെ മൂർച്ചയോടെയാണ് ഭൗമരാഷ്ട്രീയ വഞ്ചനകൾ വ്യക്തികളുടെ നിയമപരവും മാനുഷികവുമായ സ്വത്വത്തെ എങ്ങനെ ഇല്ലാതാക്കുന്നു എന്ന് അവർ എഴുതിയത്.

അവരുടെ ഏറ്റവും പ്രശസ്തമായ കവിതയായ "മിന്‍ മുദക്കറാതി തിഫ്ലതിന്‍ ലം തതജാവിസ് അല്‍ റാബിഅ" (നാല് വയസ്സാകാറായ കുഞ്ഞിന്റെ ഡയറിയിൽ നിന്ന്), അധിനിവേശത്തിന്റെ ദാരുണമായ യാഥാർത്ഥ്യത്തെ വെടിയേറ്റ് ഒരു കണ്ണ് നഷ്ടപ്പെട്ട കൊച്ചു പെണ്‍കുട്ടിയുടെ സവിശേഷമായ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്നു. അവശേഷിക്കുന്ന ഒരു കണ്ണ് കൊണ്ട് തനിക്ക് ആപ്പിളോ അമ്മയുടെ മുഖമോ ഒക്കെ പകുതി മാത്രമാണോ കാണാൻ കഴിയുക എന്ന് കുട്ടി അത്ഭുതപ്പെടുന്നു. ഗോലി ഗ്ലാസിലൂടെ നോക്കുമ്പോൾ ലോകം വികലമായി കാണപ്പെടുന്നത് പോലെയാകും തന്റെ പുതിയ യാഥാർത്ഥ്യമെന്ന് ഭയന്നുകൊണ്ട് കുട്ടി ആ ട്രോമയെ ഉൾക്കൊള്ളാൻ ശ്രമിക്കുന്നു. കണ്ണ് അടച്ചുപിടിച്ചാലും തനിക്ക് നേരെ വെടിയുതിർത്ത സൈനികനെ വ്യക്തമായി കാണാൻ കഴിയുന്നു എന്ന് കുട്ടി ഓർക്കുന്നു. ട്രോമകള്‍ വേട്ടയാടുന്ന ഓർമ്മകളായി എങ്ങനെ ഉറച്ചുപോകുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഒരു കണ്ണ് നഷ്ടപ്പെട്ട മറ്റൊരു കുഞ്ഞിനു നേരെയും വെടിവെച്ചത് ഇതേ ആൾ തന്നെയാണോ എന്ന് അവൾ ചിന്തിക്കുന്നു. കവിതയിലെ കുട്ടിയുടെ അകാല, നിർബന്ധിത മുതിർച്ചയെയും ("എനിക്ക് പ്രായമായി, ഏകദേശം നാല് വയസ്സ്") അതിലും പ്രായം കുറഞ്ഞ ഇരകളുടെ തികഞ്ഞ നിസ്സഹായതയെയും കവിത ശക്തമായി വിളക്കിച്ചേര്‍ക്കുന്നു, ഇത് നിരപരാധികളായ കുട്ടികളിൽ സംഘർഷങ്ങൾ ഉണ്ടാക്കുന്ന വിനാശകരമായ ആഘാതത്തെ എടുത്തു കാണിക്കുന്നു.

അഷ്രാവിയുടെ കവിതകൾ ഒരു ശസ്ത്രക്രിയാ കത്തിയുടെ കൃത്യതയോടെയാണ് പ്രവർത്തിക്കുന്നത്. ഭൂമിയെ ഒരു സുന്ദരിയായ സ്ത്രീയോട് ഉപമിക്കുന്ന പഴയകാലത്തെ മൃദുവായതും ആശ്വാസം നൽകുന്നതുമായ രൂപകങ്ങളെയെല്ലാം അവർ പൂർണ്ണമായി നിരസിക്കുന്നു. പകരം, ഭൗമരാഷ്ട്രീയ മാറ്റങ്ങൾ മനുഷ്യരെ വെറും നിയമപരമായ വാദങ്ങളോ (legal arguments) ഭരണപരമായ പ്രശ്നങ്ങളോ (administrative issues) മാത്രമായി എങ്ങനെ ചുരുക്കുന്നു എന്ന് അന്വേഷിക്കുന്ന, ആഴത്തിൽ ചോദ്യം ചെയ്യുന്ന ഒന്നായി അവ മാറുന്നു. ഭാഷയോട് ചെയ്യുന്ന വഞ്ചനയിലാണ് അവരുടെ എഴുത്ത് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. "സമാധാനം", "സുരക്ഷ", "ചർച്ച" തുടങ്ങിയ വാക്കുകൾ വ്യവസ്ഥാപിത അക്രമങ്ങളെ മൂടിവെക്കാൻ ആഗോള ശക്തികൾ എങ്ങനെയാണ് ആയുധമാക്കുന്നത് എന്ന് അവർ പരിശോധിക്കുന്നു. ഒരു സൂക്ഷ്മ നിരീക്ഷകന്, അഷ്രാവിയുടെ വരികൾ തുറന്നുകാട്ടുന്നത്, കർക്കശവും സഹാനുഭൂതിയില്ലാത്തതുമായ അന്താരാഷ്ട്ര ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് സ്വന്തം നിലനിൽപ്പിനുള്ള അവകാശത്തിനായി നിരന്തരം വാദിക്കേണ്ടി വരുന്ന ജനതയുടെ കഠിനമായ മാനസിക അസ്വാസ്ഥ്യങ്ങളെയാണ്. അവരുടെ കാവ്യശൈലി അന്തസ്സുറ്റതും (dignified) ബൗദ്ധികവുമാണ്; ഒപ്പം ഭരണപരമായ ക്രൂരതകളിൽ നിന്ന് കണ്ണുമാറ്റാൻ വിസമ്മതിക്കുന്ന ശാന്തവും എന്നാൽ വിട്ടുവീഴ്ചയില്ലാത്തതുമായ ഒരു അമർഷത്താൽ അടയാളപ്പെടുത്തപ്പെട്ടതുമാണ്.


Thursday, July 23, 2026

Revenge by Taha Muhammad Ali

പലസ്തീന്‍ കവിത:

 


പ്രതികാരം

(താഹ മുഹമ്മദ്‌ അലി (1931–2011))

 

ചിലപ്പോഴൊക്കെ … എനിക്ക് തോന്നാറുണ്ട്

ഒരു പോരാട്ടത്തിൽ കണ്ടുമുട്ടാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് —

എന്റെ പിതാവിനെ കൊന്നവനെ,

ഞങ്ങളുടെ വീട് നിലം പരിശാക്കിയവനെ,

കുടുസ്സായൊരു നാട്ടിലേക്ക്

എന്നെ

ആട്ടിപ്പായിച്ചവനെ.  

അയാളെന്നെ കൊല്ലുകയാണെങ്കിൽ,

ഒടുവിൽ എനിക്ക് വിശ്രമിക്കാം;

ഇനി ഞാൻ അതിന് സജ്ജനാണെങ്കിൽ —

എന്റെ പ്രതികാരം ഞാൻ വീട്ടുകയും ചെയ്യും!

 

*

 

പക്ഷേ, എന്റെ ശത്രു

എനിക്ക് മുന്നിലെത്തുമ്പോള്‍

വെളിച്ചത്തുവരുന്നത്

അയാളെയും കാത്തിരിക്കുന്ന

ഒരു മാതാവുണ്ടെന്നാണെങ്കില്‍,

അല്ലെങ്കിൽ

നിശ്ചയിച്ച കൂടിക്കാഴ്ചയ്ക്കെത്താന്‍

മകനൊരു കാൽമണിക്കൂർ വൈകിയാൽ പോലും

അവനെയോർത്ത്

നെഞ്ചിലെ ഹൃദയസ്ഥാനത്ത്

വലതുകൈ ചേർത്തുപിടിക്കുന്നൊരു

പിതാവ് അയാൾക്കുണ്ടെങ്കിൽ —

എങ്കില്‍, കഴിയുമെങ്കിൽ പോലും

ഞാനയാളെ കൊല്ലില്ല.

 

*

 

അതുപോലെ …

അയാളെ സ്നേഹിക്കുന്ന,

അയാളെ കാണാൻ നിരന്തരം കൊതിക്കുന്ന

സഹോദരങ്ങളോ സഹോദരിമാരോ

അയാൾക്കുണ്ടെന്ന് തെളിഞ്ഞാലും

ഞാനയാളെ കൊല്ലില്ല.

അല്ലെങ്കിൽ, അയാളെ സ്വീകരിക്കാൻ ഒരു ഭാര്യയും,

അയാളുടെ വേർപാട് താങ്ങാനാവാത്ത,

അയാൾ കൊണ്ടുവരുന്ന സമ്മാനങ്ങളിൽ ആഹ്ലാദിക്കുന്ന

കുട്ടികളും അയാൾക്കുണ്ടെങ്കിൽ.

അതുമല്ലെങ്കിൽ,

അയാളെക്കുറിച്ച് അന്വേഷിക്കുകയും

സ്നേഹം അറിയിക്കുകയും ചെയ്യുന്ന

കൂട്ടുകാരോ സഖാക്കളോ,

അയാൾക്കറിയാവുന്ന അയൽക്കാരോ,

തടവറയിലെ കൂട്ടുതടവുകാരോ,

ആശുപത്രി മുറിയിലെ സഹജീവികളോ,

പഠിച്ച സ്കൂളിലെ സഹപാഠികളോ

അയാൾക്കുണ്ടെങ്കിൽ…

 

*

 

ഇനിയിപ്പോൾ അയാൾ

തീർത്തും ഒറ്റപ്പെട്ടവനാണെന്ന് വരികിലോ -

മരത്തിൽ നിന്ന് മുറിഞ്ഞുപോയൊരു ചില്ലപോലെ —

അമ്മയോ അച്ഛനോ ഇല്ലാതെ,

സഹോദരനോ സഹോദരിയോ ഇല്ലാതെ,

ഭാര്യയോ മക്കളോ ഇല്ലാതെ,

ബന്ധുക്കളോ അയൽക്കാരോ സുഹൃത്തുക്കളോ

സഹപ്രവർത്തകരോ സഖാക്കളോ ഇല്ലാതെ,

എങ്കിൽ പോലും, ആ ഒറ്റപ്പെടലിന്റെ

വേദനകളിലേക്ക് ഞാൻ ഇനിയൊന്നും കൂട്ടിച്ചേർക്കില്ല —

മരണത്തിന്റെ പീഡനങ്ങളോ,

കടന്നുപോകലിന്റെ സങ്കടങ്ങളോ.

പകരം, തെരുവിലൂടെ പോകുമ്പോൾ

അയാളെ കണ്ടില്ലെന്ന് നടിക്കുന്നതിൽ

ഞാൻ സംതൃപ്തനാകും —

അയാളെ തീർത്തും അവഗണിക്കുന്നത് തന്നെ

ഒരുതരം പ്രതികാരമാണെന്ന്

എന്നെത്തന്നെ വിശ്വസിപ്പിച്ചപോലെ.

(English Translation: Peter Cole)

താഹാ മുഹമ്മദ് അലി (1931–2011)

സമാദരണീയനായ  പലസ്തീനിയൻ കവിയും ചെറുകഥാകൃത്തുമായിരുന്നു താഹാ മുഹമ്മദ് അലി (1931–2011). വ്യക്തിഗത ഓർമ്മകൾ, രാഷ്ട്രീയ ദുരന്തങ്ങൾ, എന്നിവയോട് ആഴത്തിലുള്ള മാനവികതയും ഇടയ്ക്കിത്തിരി ഫലിത ബോധവും ലയിപ്പിക്കുന്ന കാവ്യശൈലിയുടെ ഉടമയാണ് അദ്ദേഹം. സംഘർഷങ്ങളും കുടിയൊഴിപ്പിക്കലുകളും തന്റെ ജീവിതത്തെ തകിടം മറിച്ചുവെങ്കിലും കയ്പ്പേറിയ പ്രതികാരചിന്തകളെ അദ്ദേഹം നിരാകരിച്ചു; പകരം വീട്, പ്രണയം, നഷ്ടങ്ങൾ, സാധാരണക്കാരുടെ അതിജീവനം എന്നിവയെക്കുറിച്ച് സാർവത്രികമായ കവിതകൾ എഴുതാനാണ് അദ്ദേഹം ശ്രമിച്ചത്.

ഗലീലിയിലെ (അന്നത്തെ മൻഡേറ്ററി പലസ്തീൻ) സഫൂരിയ ഗ്രാമത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. 1948-ൽ കുടിയൊഴിപ്പിക്കപ്പെടുമ്പോൾ, തന്റെ പതിനേഴാം വയസ്സിൽ കുടുംബത്തോടൊപ്പം അഭയാർത്ഥിയായി ലബനനിലേക്ക് പലായനം ചെയ്യേണ്ടിവന്നു. ഒരു വർഷത്തിനുശേഷം, അവർ രഹസ്യമായി അതിർത്തി കടന്ന് തിരികെ എത്തുകയും നസ്രത്തിൽ സ്ഥിരതാമസമാക്കുകയും ചെയ്തു. ജീവിതകാലം മുഴുവൻ അദ്ദേഹം അവിടെത്തന്നെയാണ് കഴിച്ചുകൂട്ടിയത്.

നാലാം ക്ലാസ്സോടെ അദ്ദേഹത്തിന്റെ സ്കൂൾ വിദ്യാഭ്യാസം അവസാനിച്ചു. എന്നാൽ ക്ലാസിക്കൽ അറബിക് സാഹിത്യവും ഷേക്സ്പിയറും അമേരിക്കൻ free verse കവിതകളും രാപ്പകലുകളിരുന്ന് വായിച്ചുതീർത്ത അദ്ദേഹം പൂർണ്ണമായും സ്വയംശിക്ഷിതനായിരുന്നു. പതിറ്റാണ്ടുകളോളം, നസ്രത്തിലെ 'ചർച്ച് ഓഫ് ദി അന്നുൻസിയേഷൻ' പള്ളിക്ക് സമീപം ഒരു ചെറിയ സുവനീര്‍ & ആന്റിക് ഷോപ്പ് നടത്തിയാണ് അദ്ദേഹം ഉപജീവനം കണ്ടെത്തിയത്. മക്കളോടൊപ്പം ഈ കട നടത്തുന്നതിനിടയിലാണ് നിശബ്ദമായി അദ്ദേഹം തന്റെ എഴുത്തുകൾ തുടർന്നത്.

മഹ്മൂദ് ദർവിഷ്, സമീഹ് അൽ-ഖാസിം തുടങ്ങിയ തന്റെ പ്രശസ്തരായ സഹകവികളിൽ നിന്ന് വ്യത്യസ്തമായി, കഠിനവും അലങ്കാരങ്ങൾ നിറഞ്ഞതുമായ ക്ലാസിക്കൽ അറബിക് ഭാഷയ്ക്ക് (fusha) പകരം, ക്ലാസിക്കൽ അറബിക്കിനെ ദൈനംദിന സംഭാഷണ ഭാഷയുമായി കൂട്ടിച്ചേർത്തുകൊണ്ട് അദ്ദേഹം കാവ്യരംഗത്ത് വിപ്ലവം സൃഷ്ടിച്ചു. രാഷ്ട്രീയ പ്രസംഗങ്ങൾക്കും വാർത്തകൾക്കും അവയുടേതായ ഭാഷയുണ്ടെന്നും, എന്നാൽ പേരുകളോ അതിർത്തികളോ ആയുധമാക്കാതെ കൂട്ടായ സങ്കടങ്ങളെയും ആഗ്രഹങ്ങളെയും ഭയങ്ങളെയും പരോക്ഷമായി പ്രകടിപ്പിക്കാൻ കവിതയ്ക്ക് കൂടുതൽ മൃദുവായ ഭാഷ ആവശ്യമാണെന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചു. വലിയ രാഷ്ട്രീയ വ്യക്തിത്വങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം, ചരിത്രത്തിന്റെ ഓരങ്ങളില്‍ പെട്ടുപോയ നിസ്വരും സത്യസന്ധവുമായ മനുഷ്യരുടെ ദാരുണവും എന്നാൽ തമാശ നിറഞ്ഞതുമായ ജീവിതത്തെക്കുറിച്ചാണ് അദ്ദേഹം പ്രധാനമായും എഴുതിയത്. അദ്ദേഹത്തിന്റെ കവിതകൾ വലിയ രാഷ്ട്രീയ സങ്കീർണ്ണതകളെയും നെഞ്ചകം തകരുന്ന അനുഭവങ്ങളെയും പകർത്തുമ്പോഴും, സ്നേഹവും ഉറച്ച മനഃസാക്ഷിയും ഉപയോഗിച്ച് മനുഷ്യഹൃദയത്തിന്റെ പവിത്രതയെ കാത്തുസൂക്ഷിക്കാൻ ബോധപൂർവ്വം ശ്രമിച്ചു.

ജീവിതത്തിന്റെ അവസാന കാലഘട്ടത്തിലാണ് (1970-കളിൽ) കവിതകൾ പ്രസിദ്ധീകരിച്ചു തുടങ്ങിയതെങ്കിലും, അദ്ദേഹത്തിന്റെ കൃതികൾക്ക് അന്താരാഷ്ട്രതലത്തിൽ വൻ സ്വീകാര്യത ലഭിച്ചു. അറബിയിൽ നാല് കവിതാസമാഹാരങ്ങളും ഒരു ചെറുകഥാ സമാഹാരവും അദ്ദേഹം രചിച്ചിട്ടുണ്ട്. ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ട അദ്ദേഹത്തിന്റെ പ്രധാന കൃതികൾ:

  • നെവർ മൈൻഡ്: ട്വന്റി പോയംസ് ആൻഡ് എ സ്റ്റോറി (Never Mind: Twenty Poems and a Story - 2000)
  • സോ വാട്ട്: ന്യൂ ആൻഡ് സെലക്ടഡ് പോയംസ്, 1971–2005 (So What: New and Selected Poems - 2006)പീറ്റർ കോൾ, യഹ്‌യ ഹിജാസി, ഗബ്രിയേൽ ലെവിൻ എന്നിവർ ചേർന്ന് വിവർത്തനം ചെയ്ത, ഏറെ പ്രശംസ പിടിച്ചുപറ്റിയ കാവ്യസമാഹാരം.

2011 ഒക്ടോബർ 2-ന് തന്റെ എൺപതാം വയസ്സിൽ നസ്രത്തിൽ വെച്ച് താഹാ മുഹമ്മദ് അലി അന്തരിച്ചു. അദ്ദേഹത്തിന്റെ പുസ്തകങ്ങൾക്ക് പുറമേ, 'താഹാ' (TAHA - ആമർ ഹ്ലെഹെൽ എഴുതി അവതരിപ്പിച്ചത്) എന്ന പേരിൽ അദ്ദേഹത്തിന്റെ അപൂർവ്വ ജീവിതകഥയെ ആസ്പദമാക്കി നിർമ്മിച്ച ഏകപാത്ര നാടകം ആഗോളതലത്തിൽ ഏറെ ശ്രദ്ധനേടുകയും, പലസ്തീന്റെ ഏറ്റവും പ്രിയപ്പെട്ട സാഹിത്യ ശബ്ദങ്ങളിൽ ഒന്നായി മാറിയ ആ വ്യാപാരിയുടെ ഓർമ്മകളെ നിലനിർത്തുകയും ചെയ്യുന്നു.

പ്രതികാരം എന്ന കവിത Hymns & Qualms: New and Selected Poems and Translations. Ed: Peter Cole എന്ന സമാഹാരത്തില്‍ നിന്ന്.

Wednesday, July 22, 2026

Blood by Naomi Shihab Nye





രക്തം

നവോമി ശിഹാബ് നൈ (ജനനം: 1952)

ഒരു യഥാര്‍ത്ഥ അറബിക്ക് കൈപ്പത്തികൾക്കുള്ളിൽ ഈച്ചയെ പിടിക്കാനറിയാം,

ഉപ്പ പറയുമായിരുന്നു. അതദ്ദേഹം തെളിയിക്കുകയും ചെയ്യും-

ആതിഥേയന്‍ ഈച്ചയെക്കൊല്ലിയുമായി അത്ഭുതംകൂറിനില്‍ക്കേ

ഞൊടിയിടയില്‍ മൂളന്‍ഈച്ചയെ കൈക്കുമ്പിളില്‍ ഒതുക്കിക്കൊണ്ട്.

 

പാമ്പിനെപ്പോലെ വസന്തത്തില്‍ ഞങ്ങളുടെ കൈപ്പത്തികള്‍ തൊലിയുരിഞ്ഞു.

വത്തയ്ക്ക അമ്പതു വിധത്തില്‍ രോഗശമനകമാണെന്ന് യഥാര്‍ത്ഥ അറബികള്‍ വിശ്വസിച്ചു.

ഞാനിതു സന്ദര്‍ഭാനുസരണം മാറ്റി.

 

വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഒരു പെണ്‍കുട്ടി വാതിലില്‍ മുട്ടി,

അവള്‍ക്കാ അറബിയെ കാണണമായിരുന്നു.

അങ്ങനൊരാള്‍ അവിടെയില്ലെന്നു ഞാന്‍ പറഞ്ഞു.

അതിനു ശേഷം, ഉപ്പ എന്നോട് പറഞ്ഞു അദ്ദേഹം ആരായിരുന്നെന്ന്

“ശിഹാബ്” –“ കൊള്ളിമീന്‍” –

നല്ല പേര്, ആകാശത്തു നിന്ന് കടംകൊണ്ടത്‌.

ഒരിക്കല്‍ ഞാന്‍ ചോദിച്ചു, “മരിക്കുമ്പോള്‍ നാമത് തിരികെ നല്‍കുമോ?

അദ്ദേഹം പറഞ്ഞു, അങ്ങനെയാണ് ഒരു യാഥാര്‍ത്ഥ അറബി പറയുക.

 

ഇന്ന് വാര്‍ത്താതലക്കെട്ടുകള്‍ എന്റെ രക്തത്തില്‍ ഉറഞ്ഞുപോകുന്നു.

ഫ്രന്റ്‌ പേജില്‍ ഒരു പലസ്തീന്‍ കുഞ്ഞ് കളിപ്പാട്ട ട്രക്ക് തൂക്കിയാട്ടുന്നു.

വീട് നഷ്ടപ്പെട്ട അത്തിമരം, ഭീകര വേരുകളുള്ള ഈ ദുരന്തം

ഞങ്ങള്‍ക്ക് ദുസ്സഹമാണ്. ഞങ്ങളേത് കൊടിയാണ് വീശേണ്ടത്?

ഞാന്‍ കല്ലിന്റെയും വിത്തിന്റെയും കൊടി വീശുന്നു,

നീലത്തുന്നലുള്ള മേശവിരി.

 

ഞാനെന്റെ ഉപ്പയെ വിളിക്കുന്നു, ഞങ്ങള്‍ വാര്‍ത്തകേട്ടുകൊണ്ട് സംസാരിക്കുന്നു.

അതദ്ദേഹത്തിനു ദുസ്സഹമാണ്,

അദ്ദേഹത്തിന്‍റെ രണ്ടു ഭാഷകള്‍ക്കും അതിലെത്താനാകുന്നില്ല.

ഞാന്‍ നാട്ടുമ്പുറത്തേക്ക് വണ്ടിയോടിക്കുന്നു, പശുക്കളെ, ആടുകളെ തേടി

കാറ്റിനോട് അപേക്ഷിക്കാനായി:

ആരാണ് ആരെയും സംസ്കാരസമ്പന്നരെന്നു വിളിക്കുക?

കരയുന്ന ഹൃദയും എവിടെയാണ് മേയുക?

ഒരു യഥാര്‍ത്ഥ അറബി ഇപ്പോള്‍ എന്ത് ചെയ്യും?

വിവരണം:

പലസ്തീനിയന്‍ അമേരിക്കന്‍ കവി നവോമി ശിഹാബ് നൈയുടെ ആത്മകഥാപരമായ  "രക്തം" (Blood) എന്ന കവിത, പലസ്തീനിയൻ-അമേരിക്കൻ സ്വത്വത്തിന്റെ സങ്കീർണ്ണതകളെ അന്വേഷിക്കുന്നു. പ്രിയപ്പെട്ട സാംസ്കാരിക പാരമ്പര്യങ്ങളും ഭൗമരാഷ്ട്രീയ അക്രമങ്ങളുടെ ഭീതികളും കവിതയില്‍ മുഖാമുഖം നില്‍ക്കുന്നു. കവി തന്റെ വിരുദ്ധ സ്വത്വങ്ങളെ എങ്ങനെ കോർത്തിണക്കുന്നുവെന്നതും, ഒടുവിൽ 'രക്തം' എന്ന വാക്കിന് നൽകപ്പെടുന്ന വിനാശകരമായ അർത്ഥങ്ങളേക്കാൾ ശക്തമാണ് മനുഷ്യബന്ധങ്ങളും അനുകമ്പയുമെന്ന തിരിച്ചറിവിലേക്ക് എങ്ങനെ എത്തിച്ചേരുന്നു എന്നതുമാണ്‌ കവിതയുടെ മുഖ്യ കൗതുകങ്ങള്‍.

അഭയാർത്ഥിയായ പലസ്തീനിയൻ പിതാവിന്റെ ഓർമ്മകളോടെയാണ് കവിത ആരംഭിക്കുന്നത്. വെറുംകൈകൊണ്ട് ഈച്ചയെ പിടിച്ചും, തണ്ണിമത്തന് രോഗശമനശേഷിയുണ്ടെന്ന് അവകാശപ്പെട്ടും ഒരു "യഥാർത്ഥ അറബി" ആരാണെന്ന് തമാശ രൂപേണ മകള്‍ക്ക് വെളിപ്പെടുത്തുന്ന ആളായിരുന്നു അദ്ദേഹം. ഒപ്പം, ആകാശത്തുനിന്നും ഒരു മനോഹരമായ പേര് കടം കൊല്ലുന്നതിലൂടെ പ്രപഞ്ച ഐക്യമെന്ന സൂക്ഷ്മ സന്ദേശം പകര്‍ന്നവനും. എന്നാൽ ഈ കുട്ടിത്തം നിറഞ്ഞ കാൽപ്പനിക ഓർമ്മകളെ അധിനിവേശത്തിന്റെ ദാരുണമായ യാഥാർത്ഥ്യങ്ങൾ തച്ചുടയ്ക്കുന്നു. 'രക്തം' എന്ന വാക്ക് പാരമ്പര്യത്തെയും സാംസ്കാരിക പൈതൃകത്തെയും ജീവന്റെ ഒഴുക്കിനെയും പ്രതീകവൽക്കരിക്കുന്നതിൽ നിന്ന് മാറി, വാർത്താതലക്കെട്ടുകളിലെ രക്തച്ചൊരിച്ചിലിന്റെയും ആഘാതങ്ങളുടെയും പ്രതീകമായി മാറുന്നു.

എങ്കിലും, രാഷ്ട്രീയ ദുരന്തങ്ങൾക്ക് അപ്പുറത്തേക്ക് ഉയരാൻ കവിതയ്ക്ക് സാധിക്കുന്നുണ്ട്. ഒരു "യഥാർത്ഥ അറബിയും" — യഥാർത്ഥ മനുഷ്യനും — ലോകത്തിലെ ഈ അരാജകത്വങ്ങൾക്കിടയിലും സമാധാനത്തിലേക്കും അതിജീവനത്തിലേക്കും അനുകമ്പയിലേക്കും തിരികെ നടക്കേണ്ടതുണ്ടെന്ന് കവിത നിർദ്ദേശിക്കുന്നു. ‘അറബിയെ കാണാനെത്തുന്ന പെണ്‍കുട്ടി എന്ന ശാലീനം എന്ന് തോന്നിക്കാവുന്ന കല്‍പ്പന, ‘ഓറിയന്റലിസ്റ്റ് കാഴ്ച്ചയെ അതിസൂക്ഷ്മമായി തുറന്നുകാട്ടുന്നു. വേരറ്റ അത്തിമരം എന്ന പലസ്തീനിയം ബിംബകല്പ്പന, പ്രവാസത്തിന്റെ വേദനയിലേക്ക് സംക്രമിക്കുന്നു. തൂങ്ങിയാടുന്ന കളിപ്പാട്ടം സര്‍വ്വ നാശങ്ങള്‍ക്കിടയിലും നിലനില്‍ക്കുന്ന ശൈശവത്തെ സൂചിപ്പിക്കുന്നതോടൊപ്പം, അതിന്റെ അസ്ഥിരതയെയും അതിവേഗം പ്രായമാകുന്ന പലസ്തീനിയന്‍ ശൈശവത്തിന്റെ ദുരന്തത്തെയും സൂചിപ്പിക്കുന്നു.

സംസ്കാരങ്ങൾക്കിടയിൽ പാലമിടുക, ലോകത്തെ മനസ്സിലാക്കുക, പങ്കുവെക്കപ്പെട്ട മാനവികതയാണ് ഏറ്റവും വലിയ ശക്തിയെന്ന് വീണ്ടും ഉറപ്പിച്ചുപറയുക തുടങ്ങിയ നവോമി ശിഹാബ് നൈയുടെ സാഹിത്യ ദൗത്യത്തിന്റെ തെളിവായി ഈ കവിത നിലകൊള്ളുന്നു.