Featured Post

Showing posts with label നിരൂപണം. Show all posts
Showing posts with label നിരൂപണം. Show all posts

Monday, May 22, 2017

Throwing Sparks by Khal Abdo

പറുദീസയില്‍ സാത്താന്‍ സുരക്ഷിതനാണ് 



         നിരൂപണസമീപനങ്ങള്‍ സ്ഥാപനവല്‍കൃത പദ്ധതിയാണെന്നും അത് ആസ്വാദനത്തിലും അപഗ്രഥനത്തിലും പരിമിതി സൃഷ്ടിക്കുന്ന മുന്‍ നിശ്ചിത ധാരണകളിലേക്ക് വായനക്കാരേ എത്തിക്കുന്നുവെന്നും അമേരിക്കന്‍ സാഹിത്യ സൈദ്ധാന്തികന്‍ സ്റ്റാന്‍ലി ഫിഷ്‌ നിരീക്ഷിക്കുന്നുഒരു കൃതിയുടെ പാഠം വായിച്ചെടുക്കുന്നതില്‍ അതിന്റെ സാമൂഹിക സാംസ്കാരിക സന്ദര്‍ഭങ്ങള്‍ക്ക് അപ്രമാദിത്തം കല്‍പ്പിക്കുമ്പോള്‍ , കൃതി പലപ്പോഴും യാഥാസ്ഥികതക്കെതിരെയുള്ള കലാപമായി വ്യാഖ്യാനിക്കപ്പെടാന്‍ ഇട വരികയും എഴുത്തുകാരന്‍എഴുത്തുകാരി വേട്ടയാടപ്പെടുകയും കൃതി നിരോധിക്കപ്പെടുകയും ചെയ്യുന്നുഫിഷ്‌ "വ്യാഖ്യാനോന്മുഖ സമൂഹങ്ങള്‍ " (“interpretive communities”) എന്ന് വിളിക്കുന്ന ഈ പ്രതിഭാസം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ സമകാലിക സൗദി നോവലിസ്റ്റുകളും കൃതികളും തങ്ങളുടെ സമൂഹവുമായുള്ള വിനിമയങ്ങളില്‍ സങ്കീര്‍ണ്ണതകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും അബ്ദുറഹ്മാന്‍ അല്‍ ഗൊസൈബിഅബ്ദുറഹിമാന്‍ മുനിഫ്അബ്ദു ഖാല്‍ , തുര്‍കി അല്‍ ഹമാദ്യൂസുഫ് അല്‍ മുഹൈമിദ്റജാ അല്‍ സനീഅലൈല അല്‍ ജുഹാനി തുടങ്ങിയ എഴുത്തുകാരുടെ കൃതികള്‍ , നിലവിലുള്ള മതാത്മക പുരുഷാധിപത്യ സാമൂഹിക ഘടനയെ ചോദ്യം ചെയ്യുന്നവയെന്ന നിലയില്‍ നിരോധിക്കപ്പെടുന്നതിലേക്ക് നയിച്ചിട്ടുണ്ട് എന്നും നൂറ അല്‍ ഗഹ്താനി ചൂണ്ടിക്കാണിക്കുന്നു. (The Impact of Socio-Cultural Contexts on the Reception of Contemporary Saudi Novels- Npura Algahtani, University of Leeds, UK.) മത മേലധ്യക്ഷന്മാരുടെ നിലപാടുകളില്‍ ഉണ്ടായിട്ടുള്ള കാലിക മാറ്റങ്ങള്‍ , എണ്ണയില്‍ നിന്നുള്ള സമ്പന്നതഗള്‍ഫ് യുദ്ധം, 9/11 സംഭവ വികാസങ്ങള്‍ എന്നിവയെല്ലാം സൗദി സമൂഹത്തിലെ പരിണാമങ്ങള്‍ മുമ്പില്ലാത്ത വിധം ത്വരിതപ്പെടുത്തിയ ഘടകങ്ങളാണ്സാംസ്കാരിക മണ്ഡലത്തിലാവട്ടെആധുനിക വിദ്യാഭ്യാസംമീഡിയയുടെ സ്വാധീനംസെന്‍സര്‍ഷിപ്പ്എന്നിവയും പ്രാധാനമായിരുന്നുപരമ്പരാഗത ജീവിത രീതികള്‍ ദേശാന്തര സമ്മിശ്രണം സാധ്യമാവുന്ന നഗര ജീവിത രീതികളിലേക്ക് മാറിത്തുടങ്ങിയതും മതാത്മക കാര്‍കശ്യങ്ങള്‍ താരതമ്യേന സഹിഷ്ണുതാ മനോഭാവത്തിലേക്ക് പരിവര്‍ത്തനപ്പെട്ടതും സമൂഹത്തിന്റെ ദ്രുത ഗതിയിലുള്ള ആധുനിക വല്‍ക്കരണത്തിനു വഴിതെളിയിച്ചുഇവയൊക്കെ ഉള്‍കൊള്ളാന്‍ കഴിയുന്ന സ്വാഭാവിക സാഹിത്യ രൂപമെന്ന നിലയിലാണ് നോവല്‍ മുമ്പില്ലാത്ത വിധം സൗദി സാഹിത്യത്തിന്റെ കേന്ദ്ര രൂപമായിത്തീര്‍ന്നത്‌സെന്‍സര്‍ഷിപ്പിന്റെ പ്രശ്നങ്ങള്‍ മറികടക്കാന്‍ കയ്റോയും ബെയ്റൂത്തും എഴുത്തുകാരെ സഹായിച്ചുഎണ്‍പതുകളിലും തൊണ്ണൂറുകളിലും ലഭ്യമല്ലായിരുന്ന സാധ്യതകള്‍ ഇന്റര്‍നെറ്റിന്റെയും സാറ്റലൈറ്റ് ടെലിവിഷന്റെയും ലോകം തുറന്നിട്ടു. “സൗദി നോവല്‍ ഒരു സാഹിത്യ വിഭാഗം എന്ന നിലയില്‍ പുതുതായി കൈവരിച്ച പക്വത സൗദി എഴുത്തുകാര്‍ , ആണും പെണ്ണുംഅറബ് ലോകത്തും പുപാശ്ചാത്യ ലോകത്തും ബെസ്റ്റ് സെല്ലര്‍ ലിസ്റ്റില്‍ ഇടം പിടിച്ചു തുടങ്ങിയിരിക്കുന്നു എന്നതില്‍ വ്യക്തമാണ്.”(Ibid)

 തുടര്‍ വായനക്ക്...


https://www.fazalrahman.com/essays/article/throwing-sparks-by-abdo-khal

 

Tuesday, April 11, 2017

Becoming Abigail by Chris Abani

കുരുതിപ്പൂക്കളുടെ ശാപം




കൊളോണിയല്‍ അനന്തര നൈജീരിയയുടെ ചരിത്രത്തിലെ ഏറ്റവും രക്ത രൂക്ഷിത ഘട്ടമായിരുന്നു ബയാഫ്രന്‍ ആഭ്യന്തര യുദ്ധത്തിന്റെ കാലത്ത് സംഘര്‍ഷത്തിന്റെ പ്രധാന ഇരകളായിരുന്ന ഇബോ വിഭാഗത്തില്‍ പെട്ട അച്ഛന്റെയും ഇംഗ്ലീഷ്‌ വംശജയായ അമ്മയുടെയും മകനായി ജനിച്ച ക്രിസ് അബാനി ബാല്യ കൗമാരങ്ങള്‍ പിന്നിട്ടത് ആ കഥകളൊക്കെ കേട്ടുകൊണ്ടും അതിന്റെ ഭീകരതയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമായ പ്രവാസത്തിലും ഒക്കെയാണ് . കൗമാരത്തിലേ എഴുത്തിന്റെ വഴി തെരഞ്ഞെടുത്ത അബാനി തന്റെ രചനകളിലൂടെ പട്ടാള ഭരണത്തിന്റെ അപ്രീതിക്ക് പാത്രമാവുകയും കൊടിയ പീഡന മുറകളുള്ള ജയിലറകളില്‍ എകാന്തത്തടവിനും മരണ ദണ്ഡനക്കും വിധിക്കപ്പെടുകയും ചെയ്തു. ഭരണ കൂടത്തിനെതിരെ അട്ടിമറി ശ്രമം ഉള്‍പ്പടെ കുറ്റം ചാര്‍ത്തപ്പെട്ടു പതിനെട്ടാം വയസ്സ് മുതല്‍ മൂന്നു തവണയായി ആറു വര്‍ഷക്കാലം കാരാഗൃഹത്തില്‍ കഴിഞ്ഞ, സുഹൃത്തുക്കള്‍ കൈക്കൂലിയായി ജയിലധികൃതര്‍ക്ക് നല്‍കിയ കൈമടക്കിന്റെ ബലത്തില്‍ ജീവന്‍ തിരിച്ചു കിട്ടിയ പുരാവൃത്തത്തിനു ഉടമയാണ് ഇപ്പോള്‍ അമേരിക്കയില്‍ പ്രവാസ ജീവിതം നയിക്കുന്ന അബാനി. ഇത്തരം അനുഭവങ്ങളുടെ തീക്ഷ്ണതയാണ് കൃത ഹസ്തനായ കവി കൂടിയായ അബാനി തന്റെ രചനകളില്‍ വികാര സാന്ദ്രമെങ്കിലും ഒരു ഘട്ടത്തിലും അതിവൈകാരികമല്ലാത്ത കവിതാത്മക ഭാഷയില്‍ സന്നിവേശിപ്പിക്കുന്നത്. തന്റെ പേരിന്റെ യഥാര്‍ത്ഥ ഉടമയായ വിഖ്യാത ഗായകനെ അനുകരിക്കുന്നതിലൂടെ ലാഗോസിലെ ചേരികളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന എല്‍വിസ് എന്ന കൗമാരക്കാരനെപ്പിന്തുടരുന്ന 'ഗ്രേസ്‌ ലാന്‍ഡ്‌' , ആഭ്യന്തര സംഘര്‍ഷങ്ങളില്‍ വെന്തുരുകുന്ന ആഫ്രിക്കന്‍ രാജ്യങ്ങളുടെ മുഖമുദ്രയായ ബാല യോദ്ധാക്കളുടെ (child soldiers) ജീവിതാവസ്ഥകള്‍ ഭ്രമാത്മകവും ഭീകരതയുടെ വിചിത്ര സൗന്ദര്യമിയന്ന കാവ്യാത്മകവുമായ ഭാഷയില്‍ ചിത്രീകരിക്കുന്ന 'സോംഗ് ഫോര്‍ നൈറ്റ്‌' , 9/11-ന്നു ശേഷമുള്ള സമാധാന ത്വരയുടെയും ഉത്കണ്ഠകളുടെയും പശ്ചാത്തലത്തില്‍ കിഴക്കന്‍ ലോസ് ഏഞ്ചലസിലെ കടുത്ത സാഹചര്യങ്ങളില്‍ അതിജീവിക്കുന്ന ബ്ലാക്ക്‌ എന്ന മ്യൂറല്‍ ആര്‍ടിസ്റ്റിന്റെ ജീവിതം പകര്‍ത്തുന്ന 'ദി വിര്‍ജിന്‍ ഓഫ് ഫ്ലെയിംസ്' തുടങ്ങിയ കൃതികളിലൊക്കെ സമൂഹത്തിന്റെ ഓരങ്ങളിലേക്ക് ഒതുക്കപ്പെട്ടവരുടെ കഥകളാണ് അബാനി വിഷയമാക്കുന്നത്.


ജനിച്ചപ്പോഴേ അമ്മയുടെ മരണത്തിനു കാരണമായിത്തീര്‍ന്നവള്‍ എന്ന ശാപം പേറുകയും വിരഹാര്‍ത്തനായഉത്തരവാദിത്ത ബോധമില്ലാത്തവനും കുടിയനുമായ പിതാവിന് എപ്പോഴും അമ്മയെ ഓര്‍മ്മിപ്പിക്കും വിധം അവരോടു കടുത്ത രൂപ സാദൃശ്യത്തോടെ വളര്‍ന്നു വരികയും ചെയ്യുന്നഅമ്മയുടെ അതേ പേരുള്ള അബിഗേയ്ല്‍ എന്ന പെണ്‍കുട്ടിയുടെ ഹ്രസ്വവും നരക തുല്യവുമായ ജീവിതത്തിന്റെയും കീഴടങ്ങാന്‍ തയ്യാറില്ലാത്ത ദുരന്ത വീര്യത്തിന്റെയും അവരില്‍ നിന്നുംഒരു വേള അവരിലേക്കു തന്നെയുമുള്ള ആത്മ വികാസ / നിരാസത്തിന്റെയും വൈരുധ്യ പൂര്‍ണ്ണമായ ആത്മ സത്താന്വേഷണവും (becoming) സ്വയമെരിഞ്ഞമരലുമാണ് 120 പുറങ്ങള്‍ മാത്രമുള്ള അബാനിയുടെ സ്വതസിദ്ധമായ ഭാഷയില്‍ രചിക്കപ്പെട്ട BECOMING ABIGAIL എന്ന നോവെല്ല പറയുന്നത് . അവളുടെ ജീവിതത്തെ തന്നെ ഒരു നിഴല്‍ രൂപമാക്കിയ (ghostly presence) തുടക്കം ഓര്‍മ്മകളുടെ ആദ്യ സ്ഫുരണങ്ങളോടൊപ്പം പില്‍ക്കാലം തുന്നിക്കൂട്ടിയെടുക്കുന്ന അയഥാര്‍ത്ഥമായ ഒരനുഭവമായാണ് അവള്‍ തിരിച്ചറിയുകനോവെല്ലയുടെ ആരംഭത്തില്‍ നിന്ന്:

"അപ്പോള്‍ ഇതും.............

തുടര്‍ന്ന് വായിക്കാന്‍:

https://www.fazalrahman.com/essays/article/becoming-abigail-by-chris-abani

(അകം മാസിക, ഏപ്രില്‍ 2017)
(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 159-164)

More by Chris Abani:

    GraceLand by Chris Abani

    https://alittlesomethings.blogspot.com/2016/08/blog-post_18.html

    Song for Night by Chris Abani

    https://alittlesomethings.blogspot.com/2016/02/blog-post.html

More on woman/ child abuse theme:

The Book of Memory by Petina Gappah 

https://alittlesomethings.blogspot.com/2018/03/blog-post_14.html

    God Help the Child by Toni Morrison

    https://alittlesomethings.blogspot.com/2015/09/blog-post.html

    Woman at Point Zero by Nawal El Saadawi

 https://alittlesomethings.blogspot.com/2024/08/woman-at-point-zero-by- nawal-el-saadawi.html

    Eve out of Her Ruins by Ananda Devi

https://alittlesomethings.blogspot.com/2024/08/eve-out-of-her-ruins-by-ananda-devi.html

    അസൂറ : കെ.ആര്‍.വിശ്വനാഥന്‍ 

https://alittlesomethings.blogspot.com/2024/08/azoora-by-k-r-viswanathan-malayalam.html

    Your Name Shall Be Tanga by Calixthe Beyala

https://alittlesomethings.blogspot.com/2024/08/your-name-shall-be-tanga-by-calixthe.html



Wednesday, March 22, 2017

Russian Christu by Venu V. Desom (Malayalam Novel)

ആത്മാവിന്റ ആഴങ്ങളും ദുരന്തങ്ങളിലെ മോക്ഷവും




പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യ ദശകങ്ങളില്‍ അലക്സാണ്ടര്‍പുഷ്കിനില്‍ ശക്തി പ്രാപിച്ചു ലെര്‍മണ്ടോവ്ഗോഗോള്‍ തുടങ്ങി കുറെയേറെ മികച്ച എഴുത്തുകാരിലൂടെ വളര്‍ന്നു പന്തലിച്ച റഷ്യന്‍ ദേശീയ ഭാഷാ സാഹിതി ടര്‍ജിനെവ്ടോള്‍സ്റ്റോയ്ദസ്തയവ്സ്കി എന്നീ ത്രിമൂര്‍ത്തികളിലൂടെ ലോക സാഹിത്യത്തിന്റെ നെറുകയിലെത്തിയതിലൂടെയാണ് റഷ്യന്‍ ഗദ്യസാഹിത്യത്തിന്റെ അപ്രമാദിത്തം സ്ഥാപിതമായത്1856 -നും 1880 -നും ഇടക്കുള്ള കാല്‍നൂറ്റാണ്ടിനിടെ ലോക സാഹിത്യത്തിലെ ഏറ്റവും മികച്ച ഒരു ഡസനോളം നോവലുകളാണ് ഈ മൂന്നു മഹാരഥന്മാരുടെതായി പുറത്തുവന്നത്കോണ്‍സ്റ്റന്‍സ് ഗാര്‍നെറ്റ് എന്ന മഹാനായ പരിഭാഷകനിലൂടെ ഇംഗ്ലീഷ് ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടതോടെ അവ ലോകഭാഷകളിലേക്കും എത്തിച്ചേര്‍ന്നു. 'ബ്രദേഴ്സ് കരമസോവ്' ആ ധാരയില്‍ ഒടുവിലത്തേതും ഒരുപക്ഷെ ഏറ്റവും മഹത്തരവുമായതായിരുന്നു എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്മനുഷ്യ കുലത്തോടുള്ള അഗാധ സ്നേഹവും ദുരിതമനുഭവിക്കുന്നവരോടുള്ള സഹജ ഭാവവും മൂവരിലും പ്രകടമായ അന്തര്‍ദ്ധാരകളായിരിക്കുമ്പോഴും മൂവരിലും ശക്തമായ വ്യത്യാസങ്ങളും പ്രമേയപരമായ ഉത്കണ്ഠകളും പ്രകടമാണ്ടോള്‍സ്റ്റോയിയുടെയോ ദസ്തയവ്സ്കിയുടെയോ വിശ്വാസ വഴികളില്‍ ഒരിക്കലും താല്‍പര്യം കാണിച്ചിട്ടില്ലാത്ത ടര്‍ജിനെവ് പരിഷ്കരണ വാദത്തിന്റെ നിഹിലിസ്റ്റിക് ധാരകളെയാണ് പിന്തുടര്‍ന്നത്‌ടോള്‍സ്റ്റോയ് ഹോമറിന്റെ പാതയില്‍ കുടുംബകഥകളും സാമൂഹികകഥകളും ചരിത്രപരതയോടെ ബ്രഹദാഖ്യാനം ചെയ്യുകയും ഗിരിപ്രഭാഷണത്തിന്റെ ഉത്ബോധനങ്ങളില്‍ തന്റെ വിശ്വാസപരവും റാഡിക്കല്‍ സോഷ്യലിസ്റ്റ് പാസിഫിസ്റ്റ് ആദര്‍ശ ബദ്ധവുമായ നിലപാടുറപ്പിക്കുകയും ചെയ്യുമ്പോള്‍ ദസ്തയവ്സ്കി വിശാലതയെക്കാളെറെ ആഴങ്ങള്‍ തേടുന്ന സോഫോക്ലിയന്‍ - ഷേക്സ്പിയറിയന്‍ ദുരന്ത പീഡനാത്മക വഴികളിലാണ് തന്റെ സര്‍ഗ്ഗസപര്യ നകൂരമിടുന്നത് എന്ന് സാമാന്യമായി പറയാംഎക്കാലത്തെയും ഏറ്റവും മികച്ച നോവലിസ്റ്റുകളില്‍ ഒരാള്‍ എന്നു മാത്രമല്ലമനുഷ്യന്റെ മാനസിക വ്യവഹാര സങ്കീര്‍ണ്ണതളെ ഏറ്റവും തീവ്രമായും വിട്ടുവീഴ്ച്ചയില്ലാതെയും അനാവരണം നടത്തിയ പ്രതിഭ എന്ന നിലയിലും ഒരു പ്രവാചകത്വപദവിയുണ്ട് ദസ്തയവിസ്കിക്ക്ശരാശരി മാനുഷിക വിനിമയങ്ങളിളല്ലമറിച്ച് രോഗാതുരവും പീഡാനുഭവ ബദ്ധവുമായ അതി-സാധാരണത്വത്തിലാണ് (abnormality) അദ്ദേഹം താല്പര്യമെടുക്കുന്നത്. ചാള്‍സ് ഡിക്കന്‍സ്  അവസാനിപ്പിക്കുന്നിടത്താണ് ദസ്തയവ്സ്കി തുടങ്ങുന്നത് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്അനാഥത്വത്തിന്റെയും ക്രൂരരായ മേല്‍നോട്ടക്കാരുടെ ദണ്ഡമുറകളുടെയും ശൈശവങ്ങളെ വേണ്ടുവോളം അടയാളപ്പെടുത്തുന്ന ഡിക്കന്‍സ്ഒടുവില്‍ എല്ലാം കലങ്ങിത്തെളിയുന്ന ഒരു  'ശേഷകാലം സുഖമായി'യില്‍ കഥയവസാനിപ്പിച്ചു നിര്‍വൃതികൊള്ളുന്നുവെങ്കില്‍ ദസ്തയവ്സ്കിക്ക് അത്തരം കനം കുറഞ്ഞ ശുഭാന്ത്യങ്ങളില്‍ താല്‍പര്യമേയില്ല.

 

ശ്രീ വേണു വിദേശം രചിച്ച 'റഷ്യന്‍ ക്രിസ്തുഎന്ന നോവല്‍ ദസ്തയവ്സ്കിയുടെ ജീവിതത്തെയാണ് പ്രമേയമാക്കുന്നത്മനുഷ്യ മനസ്സിന്റെ നിഗൂഡമായ ആഴങ്ങള്‍ ഗഹനമായും പ്രൌഡമായും അപഗ്രഥിക്കുന്ന ദസ്തയവ്കിയന്‍ രീതി മുഗ്ദരാക്കിയ എഴുത്തുകാരുടെയും ചിന്തകരുടെയും ദാര്‍ശനികരുടെയും നിര എണ്ണമറ്റതാണ്. മനോവിജ്ഞാനീയത്തിന്റെ പിതാവെന്നു കണക്കാക്കുന്ന ഫ്രോയ്ഡ് താന്‍ ദസ്തയവ്സ്കിയില്‍ നിന്ന് ഏറെ പഠിച്ചിട്ടുണ്ട് എന്ന് തുറന്നു പറഞ്ഞിട്ടുണ്ടല്ലോ. ദസ്തയവ്സ്കിയുടെ രചനകളിലെ കഥാഭാഗങ്ങള്‍ താരതമ്യേന ലളിതമായി ചുരുക്കിപ്പറയാനാവുന്നവ തന്നെയാണ്സങ്കീര്‍ണ്ണതകള്‍ മുഴുവനും ആ അപഗ്രഥനങ്ങളിലാണ് കുടികൊള്ളുന്നത്അത്രയും ആഴത്തിലുള്ള സങ്കീര്‍ണ്ണതകള്‍ പേറാന്‍ കഴിവുള്ളവരാണോ സമൂഹത്തില്‍ നിന്ദിതരും പീഡിതരുമായി കഴിയുന്ന നിസ്വരായ ആ കഥാപാത്രങ്ങളില്‍ പലരും എന്നൊരു വിമര്‍ശനക്കണ്ണ് അസ്ഥാനത്തല്ലഅതുകൊണ്ട് കൂടിയാവാം ദസ്തയവ്സ്കി വായനക്കാരുടെത് എന്നത് പോലെത്തന്നെയോ ഒരു പക്ഷെ അതില്‍ക്കൂടുതലോ ഒരു  'എഴുത്തുകാരുടെ എഴുത്തുകാരന്‍ആയി പരിഗണിക്കപ്പെടുന്നതുംപൊള്ളിക്കുന്ന സ്വാനുഭവങ്ങള്‍ വേണ്ടുവോളം ഉണ്ടായിരുന്ന ദസ്തയവ്സ്കിഅവയ്ക്കൊപ്പം ഒരൊന്നാം തരം നിരീക്ഷകനും ആയിരുന്നു എന്ന് ജയിലിലും മറ്റും കൂടെയുണ്ടായിരുന്നവര്‍ 'റഷ്യന്‍ ക്രിസ്തു'വില്‍ സാക്ഷ്യപ്പെടുത്തുന്നുണ്ടല്ലോഒരേ സമയം പങ്കാളിയും സാക്ഷിയുമാവുക എന്നത് എന്നും ശൈശവ തുല്യമായ നിഷ്കളങ്കതയും ഒപ്പം മനുഷ്യാസ്തിത്വത്തിന്റെ സമസ്യകളിലേക്ക് നീണ്ടു ചൊല്ലുന്ന അശാന്തമായ അന്വേഷണ ബുദ്ധിയും സ്വന്തമായുള്ള എഴുത്തുകാരന്റെ ഇരട്ട വ്യക്തിത്വവും ആവാംദസ്തയവ്സ്കിയുടെ ജീവിതം പ്രമേയമാക്കി എഴുതപ്പെട്ട ഈ പുസ്തകത്തിലും ഏതാണ്ട് അത്തരമൊരു ദ്വന്ദ്വം ആരോപിക്കാവുന്നതാണ്ഇതും നേരിട്ടൊരു ദസ്തയവ്സ്കി ജീവിതാഖ്യാനമല്ലതന്നെയല്ലഒരു വേള ഇത് ദസ്തയവ്സ്കി വായനയില്‍ ഒരു തുടക്കക്കാരനുള്ള പുസ്തകമേയല്ലഒന്നാമതായിനോവലിസ്റ്റ് തന്റെ കഥാനായകന്റെ ജീവിതം ഏതെങ്കിലും ഒരു നിയത രീതിയില്‍ ആവിഷ്കരിക്കുന്നേയില്ല. ദസ്തയവ്സ്കിയുടെ ജീവിതവുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടവരോആ തൂലികയില്‍ പിറവിയെടുത്തവരോ ആയ നൂറ്റിയിരുപതോളം ആളുകളുടെ ഹ്രസ്വ സ്മൃതികളിലൂടെയാണ് പുസ്തകം ആഖ്യാനം ചെയ്യുന്നത് എന്ന് മാത്രമല്ല ഇവിടെ സൂചിപ്പിക്കുന്നത്കഥാനായകന്റെ ജീവിതത്തിലെ ഒരനുഭവവും കഥാഖ്യാന രീതിയില്‍ ആവിഷ്കരിക്കുന്നേയില്ല എന്നതാണ്മറിച്ച്അതുമായി ബന്ധപ്പെട്ട ഏതെങ്കിലും കഥാപാത്രം നല്‍കുന്ന ഏറ്റവും ഹ്രസ്വമായ സൂചനകളില്‍ ഏറ്റവും പ്രധാനപ്പെട്ട ജീവിതസന്ദര്‍ഭങ്ങള്‍ പോലും ഒതുങ്ങുന്നുമറ്റു വാക്കുകളില്‍ദസ്തയവ്സ്കിയുടെ ജീവിത കഥയും അദ്ദേഹത്തിന്റെ രചനകളും നേരത്തെ പരിചിതമായവര്‍ക്ക് വേണ്ടിയുള്ളതാണ് ഈ പുസ്തകംഅതുകൊണ്ട് ഇതൊരു വായനക്കാരന് എന്നതിലേറെ ഒരു ദസ്തയവ്സ്കി പഠിതാവിനുള്ള പുസ്തകമാണ്.

 

ദസ്തയവ്സ്കിയുടെ കൊടുങ്കാറ്റു സമാനമായ ജീവിതാനുഭവങ്ങളെയും മന്ദമാരുതന്റെ കുളിര്‍ സ്പര്‍ശമുള്ള ആത്മതേജസ്സിനെയും കലങ്ങിമറിഞ്ഞ റഷ്യന്‍ കാലഘട്ടത്തിന്റെ പശ്ചാത്തലത്തില്‍ ആറ്റിക്കുറുക്കിയ സൂചനകളിലൂടെ വരച്ചിടാന്‍ ശ്രീവേണു നടത്തുന്ന ആഖ്യാതാക്കളുടെ തെരഞ്ഞെടുപ്പിന്റെ സമഗ്രതയാണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ മികവ്ആ ജീവിതത്തെയും രചനകളെയും ഏറ്റവും ആഴത്തില്‍ അറിഞ്ഞ ഒരാള്‍ക്ക് മാത്രം സാധ്യമാവുന്നതാണ് ഇത്. 1849-ല്‍ പെട്രോഷേവ്സ്കി ഗ്രൂപ്പില്‍ ആകൃഷ്ടനായി സാര്‍ വിരുദ്ധ നാസ്തിക വിപ്ലവ സംഘാംഗം എന്ന നിലയില്‍ അറസ്റ്റ് ചെയ്യപ്പെടുകയും ആ കുപ്രസിദ്ധമായ വധശിക്ഷാ നാടകത്തിനും തുടര്‍ന്ന് സൈബീരിയയിലേക്ക്‌ നാടുകടത്തപ്പെട്ട അനുഭവങ്ങള്‍ക്കും ഇരയാവുകയും ചെയ്തതാണ് ദസ്തയവ്സ്കിയെ മാറ്റിമറിക്കുന്നത്‌പീനല്‍ കോളനിയിലെ ശിക്ഷക്കുശേഷവും ചങ്ങലയില്‍ ബന്ധിതനായി കഴിയേണ്ടി വന്ന അഞ്ചുവര്‍ഷവും പുതിയ നിയമം എന്ന ഒരേയൊരു പുസ്തകവുമായി കഴിഞ്ഞു കൂടിയ നാളുകള്‍ ദസ്തയവ്സ്കിയുടെ ആത്മീയ ഭൂമിക തീര്‍ത്തും പുതുക്കിപ്പണിയുകയായിരുന്നുജീവിതത്തിലെ ആ സൈബീരിയന്‍ കാണ്ഡത്തിനു മുമ്പ് നാസ്തികവും സാമൂഹ്യവിപ്ളവ പ്രചോദിതവുമായിരുന്ന ആ മനസ്സ് ഇപ്പോള്‍ തടവറയില്‍ കണ്ട മനുഷ്യരിലും റഷ്യന്‍ തൊഴിലാളികളിലും ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെ തന്നെ പതിപ്പുകളാണ് കണ്ടത്എല്ലാം കഴിയുമ്പോള്‍ കുറ്റവാളികള്‍ക്കും മനോ വിഭ്രാന്തിയില്‍ അകപ്പെട്ടവര്‍ക്കും രോഗഗ്രസ്തര്‍ക്കും അംഗഭംഗം സംഭവിച്ചവര്‍ക്കും ഇടയില്‍ വേണ്ടുവോളം പെരുമാറിക്കഴിഞ്ഞിട്ടുണ്ടായിരുന്നു അദ്ദേഹംഇനിയൊരായുസ്സു മുഴുവന്‍ എഴുതിയാലും തീരാത്തത്ര ആ അനുഭവങ്ങള്‍ അദ്ദേഹത്തിന്റെ മനസ്സിന്റെ ആഴങ്ങളില്‍ തിടം വെച്ചിരുന്നു. 'മരിച്ച വീട്', 'അധോതലക്കുറിപ്പുകള്‍ ' എന്നിവയില്‍ നേരിട്ടും മറ്റെല്ലാ കൃതികളിലും ഊര്‍ജ്ജമായും ഈ അനുഭവങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്ഒരര്‍ഥത്തില്‍ ഭൗതിക തലത്തില്‍ ആഖ്യാതാവിന്റെ ചേക്കയിടമായ ഇരുണ്ട ബേസ്മെന്റ് ഫ്ലാറ്റിനെയും അതേസമയം ഫ്രോയ്ഡിന്റെ 'ഇദ്സങ്കല്പ്പനത്തിലെന്നോണം അയാളുടെ ആദി ചോദനകളുടെ ഇരണ്ട വശങ്ങളെയും സൂചിപ്പിക്കുന്നുണ്ട് 'അധോതലക്കുറിപ്പുകളി'ലെ അധോതലംനോവലിന്റെ ആദ്യപകുതി നല്‍കുന്ന കഥാംശ ശൂന്യതയുടെ പ്രതീതി ദസ്തയവ്സ്കിയുടെ പില്‍ക്കാല രചനകളിലും പണിക്കുറ തീര്‍ന്നു കാണാവുന്ന ആഴത്തിലുള്ള മാനസികാവലോകന -introspection-ത്തിനു വഴിമാറുന്നുവെങ്കിലും രണ്ടാം പകുതി ഈ അവലോകനങ്ങള്‍ക്ക് നിദാനമായ മൂന്നു നാലു സംഭവങ്ങള്‍ ആവിഷ്കരിക്കുന്നുഅങ്ങനെ ഒരേസമയം രസച്ചരട് മുറിയാത്ത കഥഅസാധാരണമായ മനശാസ്ത്ര വിശകലനം, പിടിച്ചിരുത്തുന്ന ദാര്‍ശനികകൃതി എന്നീ മൂന്നുനിലകളിലും നോവല്‍ ശ്രദ്ധയാകര്‍ഷിക്കുന്നുപില്‍ക്കാലം അദ്ദേഹം തന്റെ ഏറ്റവും മികച്ച കൃതികളില്‍ ആഴത്തില്‍ പരിശോധിക്കുന്ന പ്രമേയങ്ങളെല്ലാം ഇവിടെ ബീജരൂപം കൈവരിക്കുന്നുണ്ട്‌ എന്നുപറയാംകുറ്റവും ശിക്ഷയുംശുദ്ധാത്മാവ്‌ഭൂതാവിഷ്ടര്‍കരമസോവ് സഹോദരന്മാര്‍ തുടങ്ങിയ മാസ്റ്റര്‍പീസുകളില്‍ ദസ്തയവ്സ്കി പ്രതിഭ എന്തുകൊണ്ടാണ് മനുഷ്യമനസ്സിന്റെ ഇരുണ്ടതും ഭ്രാന്തവുമായ നിഗൂഡ രഥ്യകളില്‍ തന്റെ അന്വേഷണങ്ങളെ എന്നും ചേര്‍ത്തുവെച്ചത് എന്ന ചോദ്യത്തിന് നരകങ്ങള്‍ ജീവിച്ചു തീര്‍ത്ത ആ ആയുസ്സിന്റെ പുസ്തകത്തില്‍ തന്നെയാണ് മറുപടികള്‍ കണ്ടെത്താനാവുകഅന്നയുടെ സ്നേഹഭരിതവും ഊര്‍ജ്ജസ്വലവുമായ യുവത്വമുള്ള കൈകളില്‍ കൂട്ടും അഭയവും രക്ഷാകര്‍തൃത്വവും കണ്ടെത്തുന്നതുവരെ ജീവിതത്തിലെങ്ങും ദുരന്തങ്ങള്‍ വിടാതെ പിന്തുടര്‍ന്നപ്പോഴും കുരിശേറിയ ദൈവപുത്രനെ പോലെ ആരെയും വെറുക്കാന്‍ ശ്രമിക്കാതെഒരുവേള മിഷ്കിന്റെ നിഷ്കളങ്കതയോടെയും അല്യോഷയുടെ അചഞ്ചല വിശ്വാസത്തോടെയും അതേ സമയം കരമസോവ് രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന 'അഡിക് ഷന്‍ ' പ്രവണതയോടെ ചൂതാട്ടത്തിന്റെ സ്വയം നശീകരണ മാനസികാവസ്ഥയോടെയും പരാജയത്തില്‍ നിന്ന് പരാജയത്തിലേക്കും കടക്കെണിയില്‍ നിന്ന് കടക്കെണിയിലേക്കും കൂപ്പു കുത്തിക്കൊണ്ടിരുന്നതാണ് ദസ്തയവ്സ്കിയുടെ ജീവിതംതലനാരിഴക്ക്‌ മാറിപ്പോയ വധശിക്ഷ നല്‍കിയ മരവിപ്പോളം എത്തിയ ഞെട്ടല്‍ കുട്ടിക്കാലത്ത് ഇടക്കെപ്പോഴെങ്കിലും ഉണ്ടാവുമായിരുന്ന അപസ്മാരത്തെ പതിവിനു വിപരീതമായി പില്‍ക്കാലം വര്‍ദ്ധിപ്പിച്ചുകഴുകന്‍ കണ്ണുമായി വട്ടമിട്ട പ്രസാധകരും ആരെയും നിഷേധിക്കാനാവാത് മസൃണ മനസ്സിന്റെ ദൗര്‍ബല്യത്തെ മുതലെടുത്ത ബന്ധുക്കളും ചാര്‍ച്ചക്കാരും പരാജയപ്പെട്ട വിവാഹങ്ങളിലെ/ബന്ധങ്ങളിലെ പങ്കാളികളും കലങ്ങിമറിഞ്ഞു കൊണ്ടിരുന്ന ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളും ഒന്നും തന്നെ നല്ലതൊന്നുമല്ല അദ്ദേഹത്തിന്റെ ജീവിതത്തില്‍ വിട്ടുംവെച്ചത്.  സ്വന്തം ആത്മീയാന്വേഷണത്തിന്റെ അശാന്തയാനങ്ങളും കുഞ്ഞു മകളുടെ വിയോഗം പോലെ നേരില്‍ കാണേണ്ടി വന്ന ദുരന്തങ്ങളുടെ ദുരൂഹതകളും മനുഷ്യ ജീവിതം എന്ന മഹാസമസ്യയില്‍ അനായാസ വിശദീകരണങ്ങളില്ലെന്നു ഇയ്യോബിന്റെ പുസ്തകത്തിലേതു പോലെ അദ്ദേഹത്തെ ബോധ്യപ്പെടുത്തിഒരര്‍ഥത്തില്‍ 'ഭൂമിയിലെ ജീവിതത്തിന്റെ ദുരന്താത്മകതയാണ് ക്രിസ്തുമതത്തിന്റെ സന്ദേശം' (റഷ്യന്‍ ക്രിസ്തു - പേജ് 51 ) എന്ന കണ്ടെത്തലിലാണ് ദസ്തയവ്സ്കിയുടെ വിശ്വാസ വഴികള്‍ നകൂരമിടുന്നത് എന്നു പറയാം.

 

വ്യക്തി ജീവിതത്തില്‍ സ്നേഹമായും പീഡനമായും വന്നുപോയ ഒട്ടേറെ പേര്‍ ആ വ്യക്തിത്വത്തിന്റെ മഴവില്‍ ദീപ്തിയിലേക്കും ആ മനസ്സില്‍ തിളച്ചുമറിഞ്ഞു കൊണ്ടിരുന്ന ആത്മ പീഡകളിലേക്കും നിരീക്ഷണങ്ങളുടെ മിന്നായം തെളിക്കുന്നുണ്ട്ദസതയവ്സ്കിയുടെ ആത്മസംഘര്‍ഷങ്ങളുടെ തുടക്കമായ പിതാവിനോടുള്ള രാഗ-ദ്വേഷ ബന്ധത്തിലേക്ക് വെളിച്ചം വീശുന്ന പിതാവ് മിഖയേല്‍ ആന്ദ്രയെവിച്ചില്‍ തുടങ്ങുന്ന ആഖ്യാനത്തില്‍ മകനില്‍ റഷ്യന്‍ മൂല്യബോധം നിറച്ച അമ്മ മരിയ ഫയദറോവ്നസഹോദരന്‍ എന്നതിലേറെ ആത്മസുഹൃത്തു കൂടിയായിരുന്ന ജ്യേഷ്ടന്‍ മിഖായേല്‍ജ്യേഷ്ഠപത്നി എമിലി തുടങ്ങിയ കുടുംബാംഗങ്ങള്‍സൈബീരിയന്‍ പീനല്‍ കോളനി തടവില്‍ കഴിഞ്ഞ കാലത്ത് പുതിയ നിയമത്തിന്റെ കോപ്പി നല്‍കി പെട്രോഷേവ്സ്കി സംഘംഗത്തിന്റെ ആത്മീയ ഗതിമാറ്റത്തിനു തുടക്കം കുറിച്ച നതാലിയ ദിമിത്രിയെവ്നശുദ്ധാത്മാവായിരുന്ന ദസ്തയവ്സ്കിയെ ചതിവില്‍ പെടുത്തി പുസ്തകങ്ങളുടെ മുഴുവന്‍ അവകാശവും തട്ടിയെടുക്കാന്‍ ശ്രമിച്ച് അന്നയുടെ സന്ദര്‍ഭോചിതമായ ഇടപെടല്‍ ഒന്നുകൊണ്ടു മാത്രം അത് സാധിക്കാന്‍ കഴിയാതെ പോയ സ്റ്റെല്ലോവ്സ്കിഗവര്‍ണറെ വെടിവെച്ചു വീഴ്ത്താന്‍ ശ്രമിച്ച വിപ്ലവാകാരിയായിട്ടും തന്റെ ധാര്‍മ്മികതയെ അംഗീകരിച്ചതിന് സ്നേഹാദരങ്ങളോടെ അദ്ദേഹത്തെ ഓര്‍ക്കുന്ന വേര ഇവാനോവ്നസൈബീരിയന്‍ കാലം മുതല്‍ പലപ്പോഴായി പലരൂപത്തില്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ കടന്നുവന്ന സ്ത്രീസാന്നിധ്യങ്ങളും നസ്താഷയെ പോലുള്ള മാനസപുത്രിമാരും തുടങ്ങി ഒട്ടേറെ ആഖ്യാതാക്കള്‍ ആ വ്യക്തി ജീവിതത്തിലേക്ക് വെളിച്ചം വീശുന്നുഎഴുത്തുകാരന്‍ എന്ന നിലയില്‍ അദ്ദേഹത്തെ വിലയിരുത്തുന്ന സാഹിത്യ ചരിത്രത്തിലെ ഒട്ടേറെ പ്രതിഭകള്‍ നോവലിലുണ്ട്ദുരന്ത പര്യവസായികളായ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതില്‍ തന്റെ പാതയിലാണ് ദസ്തയവ്സ്കിയെന്നു കണ്ടെത്തുന്ന ഷേക്സ്പിയര്‍, 'ദൈവത്തെ ചോദ്യം ചെയ്യുമ്പോള്‍ തന്നെ ദൈവത്തെ നാം കണ്ടെത്തേണ്ടിയിരിക്കുന്നുഎന്ന് ദസ്തയവ്സ്കിക്ക് വഴികാട്ടിയ വോള്‍ട്ടയര്‍, “ഞാന്‍ സാമൂഹിക വിമര്‍ശന പരമായും നീതിന്യായ പരിഷ്കരണത്തിന് വേണ്ടിയും വാദിച്ചപ്പോള്‍ അയാള്‍ മന:ശാസ്ത്രത്തിലൂന്നി വ്യക്തിവിവേകത്തെ ചിഹ്നഭിന്നമാക്കുന്നതും സൃഷ്ട്യുന്‍മുഖമാക്കുന്നതുമായ പ്രശ്നങ്ങളില്‍ സഞ്ചരിച്ചുഎന്ന് നിരീക്ഷിക്കുന്ന വിക്റ്റര്‍ ഹ്യൂഗോ, 'എന്നില്‍ നിന്നാണ് പിറവിയെടുത്തത് ' എന്നഭിമാനിക്കുമ്പോഴും ദസ്തയവ്സ്കിയുടെ കഥാപാത്രങ്ങള്‍ക്കുള്ള ആന്തര ലോകം എന്റെ കഥാപാത്രങ്ങല്‍ക്കില്ലേയില്ലഎന്ന് സമ്മതിക്കുന്ന ഗൊഗോള്‍, ആദ്യനോവല്‍ 'പാവപ്പെട്ടവര്‍ ' ഒറ്റ രാത്രികൊണ്ട്‌ വായിച്ചു അതിനെ ഏറെ പുകഴ്ത്തുകയും അങ്ങനെ അതിദ്രുതം എഴുത്തുകാരനെ പ്രശസ്തിയിലേക്ക് ഉയര്‍ത്തുകയും ചെയ്ത അക്കാലത്തെ സാഹിത്യ കുലപതി ബെലിന്‍സ്കി, 'തിന്മയുടെ പ്രശ്നത്തിന് ഒരു റഷ്യന്‍ പ്രതിവിധി നിര്‍ദ്ദേശിച്ചതേയുള്ളൂ ഞാനും ഫയദോറുംഎന്ന് അഭ്യസൂയ കൂടാതെ അംഗീകരിക്കുന്ന സാക്ഷാല്‍ ടോള്‍സ്റ്റോയ്, 'അയാളുടെ ശവസംസ്കാരത്തെ ചൊല്ലിപ്പോലും ഞാന്‍ അസൂയപ്പെട്ടുഎന്ന് കുമ്പസാരിക്കുന്ന ടര്‍ജിനെവ്, 'ആധുനിക മനശാസ്ത്രത്തിനു തറക്കല്ലിട്ടത് താനല്ലെന്നും ദസ്തയവ്സ്കി ആണെന്നും നിരീക്ഷിക്കുന്ന ഫ്രോയ്ഡ്ഇഡിയറ്റ് എന്ന നോവലിന് നല്‍കിയ ചലച്ചിത്ര ഭാഷ്യത്തെ കുറിച്ച് അത് മഹത്തരമായെന്നു ആരാധകര്‍ പറയുമെങ്കിലും നോവലിന്റെ സൗന്ദര്യം അല്‍പ്പമെങ്കിലും പകര്‍ത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഏറ്റുപറയുന്ന കുറൊസാവ , 'റഷ്യക്കാരന്റെ പകയും ദുരയും ആസക്തിയും സ്നേഹ-ദ്വേഷങ്ങളും ദേശീയ ബോധവും പരപീഡനരതിയും സ്വപ്നവും സംഘര്‍ഷവും ചാലിച്ച് അവനെഴുതിയ രചനകള്‍ അവനെ വിശ്വ മഹാകവിയാക്കിഎന്നു നിരീക്ഷിക്കുന്ന പുഷ്കിന്‍ഉള്ളുകൊണ്ട് ഇഷ്ടപ്പെട്ടപ്പോഴും 'വിശക്കുന്ന ജനകോടികളെ ഒരുതരം രാഷ്ട്രീയ സ്വാതന്ത്ര്യത്തിനും തൃപ്തിപ്പെടുത്താന്‍ കഴിയില്ലഎന്ന ദസ്തയവ്സ്കിയുടെ പ്രഖ്യാപനത്തില്‍ ചകിതനായിപ്പോയ ലെനിന്‍കമ്മ്യൂണിസത്തെ വെറുത്ത രാജപക്ഷവാദി നേരത്തെ മരിച്ചു പോയതുകൊണ്ട് ഫയറിംഗ് സ്ക്വാഡിന് മുന്നില്‍ നിര്‍ത്തേണ്ടി വന്നില്ലല്ലോ എന്നാശ്വസിക്കുമ്പോഴും കരമസോവ് സഹോദരന്മാര്‍ പലവട്ടം വായിച്ച സ്റ്റാലിന്‍ എന്നിങ്ങനെ ഒട്ടേറെ ചരിത്ര പുരുഷന്മാര്‍ .

 

നുറുങ്ങു സ്മൃതികളുടെ രൂപത്തിലാണ് നോവലിന്റെ ഉടനീള ആഖ്യാനം എന്നത് കൊണ്ട് രൂപപരമായ അന്വേഷണങ്ങങ്ങള്‍ക്കോ ആവിഷ്കാര തന്ത്രങ്ങളെ കുറിച്ചുള്ള പഠനത്തിനോ അധികം ഇടം നോവല്‍ വിട്ടുവെക്കുന്നില്ലആഖ്യാതാക്കളുടെ കാലഗണനയിലെ തിരിമറികള്‍ (anachronism),   കഥാപുരുഷന്റെ സ്വഭാവത്തില്‍ നോവലിസ്റ്റ് വെളിച്ചം പകരാന്‍ ഉദ്ദേശിക്കുന്ന വശത്തിലേക്ക് മാത്രമുള്ള മിന്നായങ്ങള്‍ പകരുന്ന തരത്തില്‍ ബോധപൂര്‍വ്വം ചിട്ടപ്പെടുത്തിയതായതുകൊണ്ട് അനിച്ഛാപൂര്‍വ്വമെന്നു (spontaneous) പറയാനാവാത്ത അവരുടെ സ്വഗതാഖ്യാനങ്ങള്‍ എന്നതൊക്കെ ഒരു തരം നാടകീയതയുടെയും ഫാന്റസിയുടെയും തലങ്ങള്‍ നോവലിന് നല്‍കുകയും യഥാതഥത്വം ആവിഷ്ക്കാരത്തിന്റെ പരിധിക്കു പുറത്താണെന്ന് ഉറപ്പിക്കുകയും ചെയ്യുന്നുദസ്തയവ്സ്കി പ്രതിഭയുടെ കറകളഞ്ഞ ആരാധകനും അദ്ദേഹത്തിന്റെ മഹത്തായ കൃതികളില്‍ പലതും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തയാളുമായ ശ്രീവേണു വിദേശംആ മഹാപ്രതിഭയുടെ ജീവിതത്തെ കുറിച്ച് ഒരു നോവല്‍ രചിക്കുമ്പോള്‍ അത് സ്വാഭാവികമായും ഒരു സ്നേഹാര്‍ച്ചന ആവാതെ വയ്യ. 'റഷ്യന്‍ ക്രിസ്തുഎന്ന തലക്കെട്ട്‌ ദസ്തയവ്സ്കിയുടെ ജീവിതസത്തയും,   സാഹിത്യത്തില്‍ അദ്ദേഹം ആവിഷ്കരിച്ച ദാര്‍ശനിക ലോകത്തെയും പ്രകാശിപ്പിക്കുന്നുണ്ട്.   ആത്മപീഡനത്തിലൂടെ മോക്ഷം എന്ന ആശയത്തില്‍ വിശ്വസിച്ചമിഷ്കിനെയും അല്യോഷയെയും ഫാദര്‍ സോസിമയെയും സൃഷ്ടിച്ച എഴുത്തുകാരന് ചേര്‍ന്ന പേര് തീര്‍ച്ചയായും അത് തന്നെ.

(മാധ്യമം വാരിക, മാര്‍ച്ച് 27, 2017 പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പൂര്‍ണ്ണ രൂപം)






Friday, April 8, 2016

Judgment at Nuremberg and Labyrinth of Lies (Cinema)

ചരിത്രത്തിന്റെ വിചാരണ - മൗനത്തിന്റെയും


ശ്രദ്ധേയമായ ചലച്ചിത്ര സംരംഭംങ്ങള്‍ക്ക് പലതരത്തിലുള്ള തുടര്‍ച്ചകള്‍ ഉണ്ടാകാറുണ്ട്: കഥയുടെ നേര്‍തുടര്‍ച്ച എന്ന നിലയില്‍ ഒരേ അണിയറപ്രവര്‍ത്തകരുടെ തന്നെ സൃഷികള്‍ എന്ന നിലയിലോ, അതല്ലെങ്കില്‍ ഭാഗികമായോ പൂര്‍ണ്ണമായോ മറ്റു ചലച്ചിത്രകാരന്മാരുടെ മുന്‍ കയ്യിലോ ഉണ്ടാവുന്ന അത്തരം തുടര്‍ച്ചകള്‍ മുഖ്യ കഥാപാത്രങ്ങളുടെ ജീവിതങ്ങളിലെ കഥാ സന്ദര്‍ഭങ്ങളെയാണ് പലപ്പോഴും ആവിഷ്ക്കരിക്കുക. ഇതില്‍ നിന്ന് വ്യത്യസ്തമായി ഏതെങ്കിലും ഒന്നോ അതില്‍ക്കൂടുതലോ കഥാപാത്രങ്ങളെ മാത്രം ആദ്യ ചിത്രത്തില്‍ നിന്ന് അടര്‍ത്തിയെടുത്തു സ്വതന്ത്രമായി ആഖ്യാനിക്കുന്ന എപ്പിസോഡിക് സ്വഭാവമുള്ള ചിത്രങ്ങളും ധാരാളമുണ്ട്. കുറ്റാന്വേഷകനായോ, സാഹസികനായോ ഒരേ കഥാപാത്രത്തെ സങ്കല്‍പ്പിച്ചുള്ള ചിത്രങ്ങളില്‍ മുന്‍ ചിത്രങ്ങളിലേക്കുള്ള സൂചകങ്ങള്‍ വെറും കൌതുക ചിഹ്നങ്ങള്‍ എന്നതിലപ്പുറം ആസ്വാദനത്തിനു ആവശ്യമാകും വിധം പ്രസക്തമാവാറില്ല. എന്നാല്‍, ഗൌരവമേറിയ ചിത്രങ്ങളില്‍ അന്തര്‍ദ്ധാരയായി വര്‍ത്തിക്കുന്ന പ്രമേയ പരിസരങ്ങളുടെ പരസ്പര ബന്ധം മൂലം ഒരു തരം തുടര്‍ച്ചയുടെ സാംഗത്യം അറിഞ്ഞോ അറിയാതെയോ സംഭവിക്കാം- ഒരു സവിശേഷ ചരിത്ര ഘട്ടത്തെയോ പ്രമേയത്തെയോ മുന്‍ നിര്‍ത്തി ഒരേ രചയിതാവ് തന്നെയോ ഒരു കൂട്ടം രചയിതാക്കാളോ ഒന്നിച്ചു ചേര്‍ന്ന് ചെയ്യുന്ന ഇത്തരം ചിത്രങ്ങള്‍ ചിലപ്പോള്‍ ഒരു ചലച്ചിത്ര സഞ്ചയം -anothology film- ആയിത്തീര്‍ന്നേക്കാം. ഏറെ വിദൂരസ്ഥമായ രണ്ടുകാലങ്ങളില്‍ , രണ്ടു സ്ഥലങ്ങളില്‍ പിറവിയെടുത്ത രണ്ടു ചിത്രങ്ങള്‍ അങ്ങനെ ബോധപൂര്‍വ്വം തീരുമാനിക്കപ്പെടാതെ തന്നെ പ്രമേയ പരമായ ഉത്കണ്ഠകളുടെ ഇഴയടുപ്പം കൊണ്ട് ഏതാണ്ടൊരു തുടര്‍ ചിത്ര സംരംഭം (sequel) ആയിത്തീരുന്നത് തീര്‍ച്ചയായും ഒരപൂര്‍വ്വതയാണ്. 1961-ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് മാസ്റ്റര്‍പീസ്‌ Judgment at Nuremberg, ഇങ്ങ് 2015-ല്‍ ജര്‍മ്മന്‍ ചിത്രം Labyrinth of Lies എന്നിവ ഈ നിലയില്‍ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു.

ന്യൂറമ്പര്‍ഗ് വിചാരണ -
നിയമം 'ദേശസ്നേഹ'ത്തിനു വഴിമാറുമ്പോള്‍
ന്യൂറമ്പര്‍ഗ് വിചാരണകളില്‍ മൂന്നാമാത്തേതായിരുന്ന 'ജഡ്ജുമാരുടെ വിചാരണ' (മാര്‍ച്ച് അഞ്ച്- ഡിസംബര്‍ നാല് , 1947) അടിസ്ഥാനമാക്കി അബി മന്‍ രചിച്ച് സ്റ്റാന്‍ലി ക്രേമര്‍ സംവിധാനം ചെയ്ത്1961-ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമാണ് എക്കാലത്തെയും മികച്ച 'കോര്‍ട്ട് ഡ്രാമാ' ചിത്രങ്ങളില്‍ ഒന്നായ Judgment at Nuremberg. ഇതിഹാസ താരം സ്പെന്‍സര്‍ ട്രേസി, ജഡ്ജ് ഹേയ് വുഡ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ ഇതര കഥാപാത്രങ്ങളെ അവതരിപ്പിച്ചതും വിഖ്യാത അഭിനേതാക്കളാണ്. രണ്ടാം ലോക യുദ്ധം കഴിഞ്ഞു മൂന്നു വര്‍ഷങ്ങള്‍ പിന്നിട്ടു നടന്ന ന്യൂറമ്പര്‍ഗ് വിചാരണകളില്‍ തേര്‍ഡ് റേയ്ക്കിലെ 'യുദ്ധക്കുറ്റങ്ങളും മാനവികതക്കു നേരെയുള്ള കുറ്റങ്ങളും (war-crimes and crimes against humanity) പന്ത്രണ്ടോളം അമേരിക്കന്‍ സ്ഥാപിത യുദ്ധക്കുറ്റവിചാരണാ ട്രൈബ്യൂണലുകള്‍ മുഖാന്തരം വിചാരണ ചെയ്യപ്പെട്ടു. ഇക്കൂട്ടത്തില്‍ സവിശേഷ സ്ഥാനമുണ്ട് 'ജഡ്ജുമാരുടെ വിചാരണ'ക്ക്.
..................
തുടര്‍ വായനയ്ക്ക്:

(ദേശാഭിമാനി വാരിക: 10 ഏപ്രില്‍


 2016)

Wednesday, December 9, 2015

David Gulpilil A Tribute (Cinema)

ഡേവിഡ് ഗുല്‍പിലില്‍: വംശീയ ചരിത്രം താര ശരീരത്തിലൂടെ




ആധുനിക സംസ്കൃതികളില്‍ ആദിമ നിവാസികളുടെ രക്തക്കറ ഏറ്റവും കൂടുതല്‍ പുരണ്ടിട്ടുള്ള ഒന്ന് ആസ്ട്രേലിയന്‍ സംസ്കൃതിയാണെന്നത് തര്‍ക്കവിഷയമല്ല. 1770-ല്‍ വന്‍കരയിലെത്തിയ ക്യാപ്റ്റന്‍ കുക്ക് അതൊരു ജനവാസ പ്രദേശമാണെന്ന് പോലും അംഗീകരിക്കാതെയാണ് അന്ന് നാനൂറോളം ഗോത്ര സമൂഹങ്ങള്‍ അധിവസിച്ചു വന്ന വന്‍കരയില്‍ ജോര്‍ജ്ജ് മൂന്നാമന്‍ രാജാവിന്‍റെ അധികാര പ്രദേശമായി കൊടി നാട്ടിയത്. 1788-ല്‍ ക്യാപ്റ്റന്‍ ആര്‍തര്‍ ഫിലിപ്പിന്റെ നേതൃത്വത്തില്‍ എത്തിച്ചേര്‍ന്ന ഒന്നാം കപ്പല്‍പ്പട, ക്യാപ്റ്റന്‍ കുക്കിനോടൊപ്പം ചേര്‍ന്ന് ദേശവാസികള്‍ക്കെതിരെ നടത്തിയ ആദ്യ പടയോട്ടം മുതല്‍ ആസ്ട്രേലിയന്‍ ആദിമ നിവാസിയുടെ പതനത്തിന്റെ കഥ ആരംഭിക്കുന്നു. വെടിയുണ്ടയും ആയുധങ്ങളും മാത്രമല്ല, ബോധപൂര്‍വ്വം പടര്‍ത്തിയ വസൂരി പോലുള്ള മാരക രോഗങ്ങളും വേട്ടനായ്ക്കള്‍ക്കുള്ള ഭക്ഷണമായി കണ്ടെത്തിയ ആദിവാസികുരുന്നുകളുടെ മാംസവും വരെ ഈ നശീകരണത്തിന്റെ നാള്‍വഴി ചരിത്രമാണ്. അധിനിവേശത്തിനു മുമ്പ് വന്‍കര മുഴുവന്‍ വ്യാപിച്ചു കിടന്ന ആദിവാസി ജനസംഖ്യ 1986 ആവുമ്പോഴേക്കും മൊത്തം ജനസംഖ്യയുടെ ഒന്നര ശതമാനമായി കുറഞ്ഞത് വെളുത്തവര്‍ഗ്ഗക്കാരുടെ കുടിയേറ്റത്തേക്കാളേറെ സമാനതകളില്ലാത്ത ഈ വംശീയോന്മൂലനത്തിന്റെ ഫലമായിട്ടായിരുന്നു. അറുപതുകള്‍ക്ക് ശേഷം ഉണ്ടായിട്ടുള്ള പുതിയ തിരിച്ചറിവുകളും മനുഷ്യാവകാശ അവബോധവും ചെറിയതോതില്‍ മാറ്റങ്ങള്‍ ഉണ്ടാക്കിത്തുടങ്ങിയിട്ടുണ്ടെങ്കിലും ആദിവാസിജീവിതം പുതിയ കാലത്തിന്റെ വെല്ലുവിളികളോട് തോറ്റുപോവുക തന്നെയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആദിവാസി ജീവിതത്തിന്റെ പ്രതിസന്ധികളെ അടയാളപ്പെടുത്തുന്ന ആസ്ട്രേലിയന്‍ ചലച്ചിത്രാനുഭവങ്ങളില്‍ ഏറെ തീക്ഷ്ണമാണ് 2002-ല്‍ പുറത്തിറങ്ങിയ 'Rabbit Proof Fence', 'The Tracker' എന്നിവയും 2012-ല്‍ റിലീസ് ചെയ്യപ്പെട്ട 'Charlie's Country' എന്ന ചിത്രവും.

അപഹരിക്കപ്പെട്ട തലമുറ

കൊളോണിയല്‍ ബ്രിട്ടീഷ് നിയമങ്ങളുടെ ചുവടു പിടിച്ചു ആസ്ട്രേലിയന്‍ പ്രവിശ്യകളില്‍ നിലവില്‍ വന്ന നിയമങ്ങളില്‍ ഏറ്റവും ആദിവാസി വിരുദ്ധമായ സംവിധാനമായിരുന്നു സങ്കര വര്‍ഗ്ഗ (half-caste) കുട്ടികളെ സ്റ്റേറ്റ് അധീനതയിലുള്ള ക്യാമ്പുകളിലേക്ക് പിടിച്ചു കൊണ്ട് പോയി 'സംസ്കരിച്ചു' വെളുത്തവന്‍ തീരുമാനിക്കുന്ന ആധുനിക സംസ്കാരത്തിലേക്ക് കണ്ണിചേര്‍ക്കാനുള്ള വിവിധ നിയമങ്ങള്‍ (Assimilationist/ Eugenics policy). മധ്യകാലാനന്തര ജനാധിപത്യ ബോധ്യങ്ങളുടെ കാലത്ത് നിയമങ്ങളുടെ ഒരു 'പുളിയില മറ' ഏതൊരു പ്രാകൃത അടിച്ചമര്‍ത്തലിനും ആവശ്യമുണ്ടെന്ന ഹിപ്പോക്രസിയില്‍ നിന്ന് ഉരുവായ, 'വിക്റ്റോറിയന്‍ അബോറിജിനല്‍ ആക്റ്റ്- 1989'- ല്‍ വേരുകളുള്ള, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകം മുതല്‍ പ്രാബല്യത്തില്‍ വന്ന ഈ നിയമം, ആദിവാസി വിഭാഗത്തെ ക്രിസ്തു മത വിശ്വാസികളും വെളുത്തവന്റെ വീട്ടുവേലക്കാരും അടിമകളുമാക്കി മാറ്റിയെടുക്കാനും അതേ സമയം ആ സമൂഹങ്ങളുടെ തനതു സംസ്കാരത്തെ നശിപ്പിക്കുന്നതിനുമുള്ള നിയമപ്രകാരമുള്ള ഒരു ഒഴികഴിവു മാത്രമായിരുന്നു- ക്യാപ്റ്റന്‍ കുക്ക് തുടങ്ങിവെച്ച വംശീയോന്മൂലനത്തിന്റെ ഒരു പുതുകാലപ്പതിപ്പ്. അറുപതുകളുടെ ഒടുവില്‍ വരെ ഫലത്തില്‍ നിലനിന്ന ഈ നിയമപ്രകാരം സ്വന്തം ജനതയില്‍ നിന്ന് പറിച്ചു മാറ്റപ്പെട്ട ആസ്ട്രേലിയന്‍ ആദിവാസി തലമുറകളെ ചരിത്രം 'അപഹരിക്കപ്പെട്ട തലമുറ (The Stolen Generation)' എന്നു വിളിച്ചു. ഈ ചരിത്ര ഖണ്ഡത്തെയാണ്‌, തന്റെ മാതാവ് മോളി ക്രെയ്ഗ്, അവരുടെ അനിയത്തി ഡെയ്സി, ബന്ധു ഗ്രെയ്സി എന്നിവരുടെ ജീവിതങ്ങള്‍ ആധാരമാക്കി പ്രസിദ്ധ ആസ്ട്രേലിയന്‍ ആദിവാസി എഴുത്തുകാരി ഡോറിസ് പില്‍കിംഗ്ടന്‍ 1996 -ല്‍ പ്രസിദ്ധീകരിച്ച തന്റെ Follow the Rabbit Proof Fence എന്ന പുസ്തകത്തില്‍ അവതരിപ്പിക്കുന്നത്‌. പുസ്തകത്തെ അവലംബിച്ചു ക്രിസ്റ്റിന്‍ ഓള്‍സെന്‍ തിരക്കഥ രചിച്ചു ഫില്പ്പ് നോയ്സ് സംവിധാനം ചെയ്ത ചിത്രമാണ് Rabbit Proof Fence (2002).

മുപ്പതുകളുടെ പശ്ചാത്തലത്തില്‍, ദക്ഷിണ ആസ്ട്രേലിയായിലാണു, പരിണമിക്കുന്ന ലോകമെന്ന ഡാര്‍വീനിയന്‍ കാഴ്ചപ്പാടിന്റെ വികലീകരിച്ച കൊളോണിയല്‍ നിര്‍മ്മിതിയിലും വെളുത്തവന്റെ ചരിത്രഭാരമായ സാംസ്ക്കാരിക വല്‍ക്കരണ പദ്ധതിയിലും മുച്ചൂടും വിശ്വസിക്കുന്ന 'പ്രധാന ആദിവാസി സംരക്ഷകന്‍ (Chief Protector of Aborigines)' . . നെവില്‍ (Kenneth Branagh) നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി ആ പറിച്ചുനടല്‍ അരങ്ങേറുന്നത്. പതിനാലുകാരിയായ മോളിയും എട്ടുവയസ്സുകാരി അനിയത്തി ഡെയ്സിയും ബന്ധുവായ പത്തുവയസ്സുകാരി ഗ്രെയ്സിയും മോളിയുടെ ചങ്കുറപ്പിന്റെ ബലത്തില്‍ തങ്ങളുടെ അടിമത്ത വിധി മറികടക്കാനുള്ള ഒരു സുദീര്‍ഘ യാനം തുടങ്ങുന്നു. നിയമാനുസൃതം സംസ്കരിച്ചു നന്നാക്കുന്നതിനായി ജിഗലോങ്ങിലുള്ള തങ്ങളുടെ കുടുംബത്തില്‍ നിന്ന് പറിച്ചെടുക്കപ്പെടുന്ന മൂവര്‍സംഘം, പെര്‍ത്തിലെ മൂര്‍ റിവര്‍ ആദിവാസി സംരക്ഷണ കേന്ദ്രത്തിലേക്ക് ആട്ടിത്തെളിക്കപ്പെടുന്നു. ആദിവാസി ഗോത്രഭാഷക്ക് വിലക്കുള്ള ക്യാമ്പില്‍ കടുത്ത ശിക്ഷാമുറകള്‍ക്ക് അവര്‍ സാക്ഷികളാവുന്നുണ്ട്. അവിടെ നിന്നും ഒളിച്ചു കടക്കുന്ന കൂട്ടുകാര്‍ ആയിരത്തി ഇരുനൂറു മൈല്‍ ദൈര്‍ഘ്യമുള്ള തിരിച്ചു പോക്കിന് വഴിയടയാളം കണ്ടെത്തുന്നത്, കുടിയേറ്റക്കാരുടെ പ്രദേശത്തെ വിള നശിപ്പിക്കുന്ന മുയലുകള്‍ക്കെതിരില്‍ സംരക്ഷണാര്‍ത്ഥം കെട്ടിയുയര്‍ത്തിയ ആയിരത്തി അഞ്ഞൂറ് മൈല്‍ നീളമുള്ള കമ്പിവേലി ആസ്പദമാക്കിയാണ്. ചിത്രത്തിന്‍റെ തലക്കെട്ട്‌ ആ വേലിയെ സൂചിപ്പിക്കുന്നു. തൊട്ടുപിറകെ അവരെ കണ്ടെത്തി തിരിച്ചു കൊണ്ടുപോകാനായി അധികൃതരുണ്ട്. ഒളിച്ചോടുന്ന കറുത്ത വര്‍ഗ്ഗക്കാരെയും കുറ്റവാളികളെയും കാലടിപ്പാത പിന്തുടര്‍ന്നു കണ്ടെത്തുന്നതില്‍ വിദഗ്ധരായ ആദിവാസി അടിമകള്‍ എപ്പോഴും അവര്‍ക്ക് കൂട്ടിനുണ്ടാവും. ഔദ്യോഗികമായി ട്രാക്കര്‍ എന്നറിയപ്പടുന്ന മൂഡൂ എന്ന ഈ കഥാപാത്രമായി എക്കാലത്തെയും ഏറ്റവും മികച്ച ആദിവാസി അഭിനേതാവ് ഡേവിഡ് ഗുല്‍പിലില്‍ അഭിനയിക്കുന്നു. ശരിയായ ഭക്ഷണവും വെള്ളവുമില്ലാതെ മാസങ്ങള്‍ നീളുന്ന ദുര്‍ഘടമായ യാത്രക്കിടെ ഏറെ ദുരന്തങ്ങളും ദുരിതങ്ങളും അവരെ കാത്തിരിപ്പുണ്ട്‌. അതിലേറ്റവും വേദനാജനകം, ഒറ്റുകാരന്റെ ചതിയില്‍ പെട്ട് തിരിയെ പോയി ഇനിയൊരിക്കലും തമ്മില്‍ കാണാതെ ഒടുങ്ങിപ്പോവുന്ന ഗ്രെയ്സിയാവും. ചിത്രാന്ത്യത്തില്‍, വയോധികരായ മോളിയുടെയും ഡെയ്സിയുടെയും യഥാര്‍ത്ഥ ഫൂട്ടേജ് നാം കാണുന്നുണ്ട് . അവരുടെ പ്രായം കണക്കിലെടുത്ത് തുടക്കത്തില്‍ ആ രംഗങ്ങള്‍ ചിത്രീകരിക്കുകയായിരുന്നു.

ക്രിസ്റ്റഫര്‍ ഡോയല്‍ ആസ്ട്രേലിയന്‍ ഭൂപ്രകൃതിയുടെ വന്യസൗന്ദര്യം ഒപ്പിയെടുക്കുമ്പോള്‍, പക്ഷികളുടെയും മൃഗങ്ങളുടെയും മഴയുടെയുമുള്‍പ്പടെ ജൈവ വൈവിധ്യത്തിന്റെ നിറവനുഭവിപ്പിച്ച് വിഖ്യാത ഗായകനും ഇംഗ്ലീഷ് സംഗീത പ്രതിഭയുമായ പീറ്റര്‍ ഗബ്രിയേല്‍ നല്‍കുന്ന വിട്ടുപോകാത്ത സംഗീതം കഥാപാത്രങ്ങളുടെ ദുര്‍ഘടാവസ്ഥയെ വിപരീതാര്‍ത്ഥത്തില്‍ തെളിയിക്കുകയും ഒരു മിസ്റ്റിക് അനുഭൂതി പകരുകയും ചെയ്യുന്നു. കഥാപാത്രങ്ങളുടെ മാസികാവസ്ഥയുടെ പാരഡി എന്നോണം, മോളിയെ അവതരിപ്പിച്ച ആദിവാസി ബാലിക (Everlyn Sampi) രണ്ടു തവണ സെറ്റില്‍ നിന്ന് ഒളിച്ചോടിയത്‌ സിനിമാക്കഥയിലെ നുറുങ്ങു ചരിത്രം (trivia).

കുറ്റവാളിയല്ലാത്ത കറുത്തവന്‍ മരിച്ചവന്‍ മാത്രം:

റാബിറ്റ് പ്രൂഫ്‌ ഫെന്‍സില്‍ നിശ്ശബ്ദനായ ട്രാക്കര്‍ ആയി തന്റെ ശരീര ഭാഷ കൊണ്ട് മാത്രം ആദിവാസി ജീവിതത്തിന്റെ ഇര- ഒറ്റുകാരന്‍ ദുര്‍ഘട വൈരുദ്ധ്യത്തിന്റെ നിസ്സഹായത അവതരിപ്പിക്കുന്ന ഡേവിഡ് ഗുല്‍പിലില്‍ എന്ന അസാമാന്യ പ്രതിഭ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് സുഹൃത്ത് കൂടിയായ റോള്‍ഫ് ഹിയര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ദി ട്രാക്കര്‍. റാബിറ്റ് പ്രൂഫ്‌ ഫെന്‍സിലേറെ ഇരുണ്ടതും നിശിത യഥാതഥത്വം (stark realism) പ്രകടിപ്പിക്കുന്നതുമായ രീതിയിലാണ് ആ ചിത്രത്തില്‍ നിന്നും പത്തുവര്‍ഷം പുറകില്‍ 1922-ല്‍ കഥാകാലമായ 'ദി ട്രാക്കര്‍' ആദിവാസി വിരുദ്ധതയുടെ ക്രൂരതയും ആഴവും അളക്കുന്നത്. 'ടു കില്‍ എ മോക്കിംഗ് ബേര്‍ഡ്' എന്ന പ്രഖ്യാതമായ ഹോളിവുഡ് ചിത്രത്തെ അനുസ്മരിപ്പിക്കും വിധം, വെളുത്ത വര്‍ഗ്ഗക്കരനോട് ചെയ്തുവെന്നാരോപിക്കപ്പെടുന്ന ഒരു കുറ്റകൃത്യം - ഇവിടെ അതൊരു കൊലക്കുറ്റമാണ്- കാരണം വേട്ടയാടപ്പെട്ട് ഒളിച്ചോടുന്ന ഒരു ആദിവാസിയും അയാളെ പിന്തുടരുന്ന മൂന്നു വെളുത്ത വര്‍ഗ്ഗക്കാരും ആദിവാസി ട്രാക്കറും നടത്തുന്ന മറ്റൊരു യാനമായിട്ടു തന്നെയാണ് ചിത്രത്തിന്‍റെ ഘടന. യാത്രക്കിടെ, മേലധികാരിയായ കടുത്ത വര്‍ണ്ണ വെറിക്കാരനും(Gary Sweet) പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ട, മനസ്സാക്ഷിയുടെ വിളി ഇപ്പോഴും കേള്‍ക്കുന്ന യുവ സൈനികനും (Damon Gamau), എല്ലാം കണ്ടുകഴിഞ്ഞ പതം വന്ന സൈനികനും (Grant Page) തമ്മില്‍ വര്‍ണ്ണവെറിയെ സംബന്ധിച്ച് തങ്ങളുടെ ഉള്ളിലുള്ള സംഘര്‍ഷങ്ങള്‍ കൂടുതല്‍ വലിയ പൈശാചമായി അവരെ വേട്ടയാടും. ട്രാക്കറും മേധാവിയും തമ്മിലുള്ളത് പരസ്പര വിശ്വാസമില്ലായ്മയും അധീശ- അടിയാള സ്വഭാവമുള്ളതുമായ പരസ്പരാശ്രിതത്തമാണ്. ഒരു ഘട്ടത്തില്‍ വര്‍ണ്ണ വെറിയുടെ സ്വാഭാവിക പ്രതികരണമായി തുടലില്‍ ബന്ധിച്ചു മൃഗസമാനനായി നടത്തിച്ചു തുടങ്ങുന്നുണ്ട് ട്രാക്കറെ. ദൗത്യം കഴിഞ്ഞാല്‍ അയാളെയും കുറ്റവാളിയോടൊപ്പം കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തുന്ന മേധാവിയോടു ട്രാക്കര്‍ കടുത്ത പരിഹാസത്തോടെ ചിരിക്കുന്നുണ്ട്: 'Poor blackfella...been born for that noose...eh?' പ്രകോപനമേതും കൂടാതെ മേധാവി കൊന്നു തള്ളുന്ന ഗോത്ര വര്‍ഗ്ഗക്കാരുടെ കാഴ്ച മനം പുരട്ടലുണ്ടാക്കുന്ന യുവ സൈനികനോട് ട്രാക്കര്‍ പറയുന്നുണ്ട്: 'The only innocent Black is a dead Black.' സഹാനുഭൂതി പ്രകടിപ്പിക്കുന്ന യുവ സൈനികനും വെളുത്തവന്റെ മുന്‍ വിധികളില്‍ നിന്ന് പുറത്തുകടന്നവനല്ല. ട്രാക്കര്‍ നല്‍കുന്ന ഭക്ഷണം വിഷം പുരട്ടിയതാവാമെന്ന മേധാവിയുടെ ഊഹം അവന്‍ വിശ്വസിക്കുന്നതും ട്രാക്കര്‍ മനപ്പൂര്‍വ്വം തങ്ങളെ വഴിതെറ്റിക്കുകയാവാം എന്ന് സന്ദേഹിക്കുന്നതും അത് കൊണ്ട് തന്നെ. എന്നാല്‍ സ്ത്രീകളെയും കുട്ടികളെയുമുള്‍പ്പടെ വിവേചനമേതുമില്ലാതെ കൊന്നൊടുക്കുകയും കോണ്‍റാഡിന്‍റെ കുര്‍ട്ട്സിനെ പോലെ എല്ലാ പ്രാകൃതരെയും കൊന്നൊടുക്കുന്നത് തനിക്കു മെഡല്‍ നേടിത്തരുമെന്നു ഉന്മാദം കൊള്ളുകയും ചെയ്യുന്ന മേധാവിയെ സഹിക്കാനാവതെയാണ് അയാള്‍ മേധാവിയെ നിരായുധനാക്കുന്നതും നേരത്തെ ട്രാക്കറെ ബന്ധിക്കാന്‍ ഉപയോഗിച്ച തുടലില്‍ അയാളെ ബന്ധിക്കുന്നതും. ആ രാവില്‍, അയാളെ ഭക്ഷണമുപയോഗിച്ചു മയക്കികിടത്തി ട്രാക്കര്‍ മേധാവിക്കുമേല്‍ നീതി നടപ്പിലാക്കുന്നു. 'നിങ്ങളുടെ മേല്‍ നിരപരാധികളെ കൊന്നൊടുക്കിയതിന്റെ കുറ്റം ചുമത്തിയിരിക്കുന്നു. എന്റെ ജനതയുടെയും മറ്റെല്ലാ ജനതയുടെയും പേരില്‍ ഞാന്‍ ന്യായാധിപനും ജൂറിയുമാകുന്നു. കുറ്റം തെളിയിക്കപ്പെട്ടതായി ഞാന്‍ കാണുന്നു. നിങ്ങളുടെ ചെയ്തികളിലൂടെ നിങ്ങളുടെ സഹ ജീവികള്‍ക്കിടയില്‍ ജീവിച്ചിരിക്കാനുള്ള അവകാശം നിങ്ങള്‍ നഷ്ടപ്പെടുത്തിയിരിക്കുന്നു. നിങ്ങളെ മരണം വരെ തൂക്കിലേറ്റാന്‍ ഞാന്‍ വിധിക്കുന്നു'. പിറ്റേന്ന് കാലത്തുണരുമ്പോള്‍ രാത്രി ആക്രമിച്ച ഗോത്രവര്‍ഗ്ഗക്കാരുമായി ഒരു സംഘട്ടനം നടന്നതായി തോന്നിക്കും വിധം സ്വയം പരിക്കേല്‍പ്പിച്ചു അയാളാ വധശിക്ഷ നടപ്പാക്കുന്നു. തുടര്‍ന്നുണ്ടാവുന്ന രംഗങ്ങളില്‍ എല്ലാം നിയന്ത്രിക്കുക അയാളാണ്. അയാള്‍ക്കറിയാം ആദിവാസിക്കെതിരില്‍ ഉന്നയിക്കപ്പെട്ട കുറ്റം പൊള്ളയാണെന്ന്. അതുകൊണ്ട് തന്നെ പലപ്പോഴും അയാള്‍ അയാള്‍ക്ക്‌ സുരക്ഷിതമായി രക്ഷപ്പെടാന്‍ പാകത്തില്‍ പിന്തുടരല്‍ അമാന്തിക്കുണ്ട്.

ആദിവാസി സമൂഹത്തോട് നടമാടിയ അത്യാചാരങ്ങളുടെ പ്രസിദ്ധമായ പെയിന്റിംഗുകള്‍ ആസ്ട്രേലിയന്‍ വന്യപ്രകൃതിയോടൊപ്പം ഉപയോഗിക്കുന്നത് ദൃശ്യപ്പൊലിമ മാത്രമല്ല വര്‍ദ്ധിപ്പിക്കുന്നത്. ചരിത്രത്തോട് പ്രമേയത്തിനുള്ള അഗാധ ബന്ധവും സൂചിപ്പിക്കാന്‍ ഇത് സഹായിക്കുന്നുണ്ട്. ഒപ്പം, ഹൃദയം മരവിപ്പിക്കുന്ന രംഗങ്ങളുടെ പച്ചയായ ആവിഷ്‌ക്കരണങ്ങള്‍ വലിയൊരളവു ഒഴിവാക്കാനും വേട്ടയാടുന്ന ഒരു തരം സര്‍ റിയലിസ്റ്റ് മൗന സാന്ദ്രത നല്‍കാനും ഇതുമൂലം കഴിയുന്നുണ്ട്. ആദിവാസി ഗായകന്‍ ആര്‍ച്ചി റോക്ക് പാടിയ വിലാപാര്‍ദ്രമായ ഗോത്രാനുഭവ ഗാനങ്ങള്‍ ചിത്രത്തിന് നല്‍കുന്ന ആഴവും സാന്ദ്രതയും ചെറുതല്ല. ഇടയ്ക്കിടെ തെല്ലകലെ മാത്രം മിന്നായം പോലെ നടന്നു മറയുന്ന, ട്രാക്കര്‍ മാത്രം കാണുന്ന മൂകനും പരാജിതനുമായ ശരീര ഭാഷ പ്രകടമാക്കുന്ന 'കുറ്റവാളി'യുടെ പ്രത്യക്ഷവും ഒരു മിസ്റ്റിക് അനുഭവം പോലെ തോന്നാം. മേധാവി കൊന്നു തള്ളുന്ന ആദിവാസികളുടെ ക്ലോസപ്പില്‍ വരുന്ന മുഖങ്ങളിലെ നിസ്സഹായനിര്‍വ്വികാരതയും ഈ മിസ്റ്റിക് തലത്തെ പ്രദീപ്തമാക്കുന്നുണ്ട്. അഭിനേതാക്കാളുടെ ഒന്നിനൊന്നു മികച്ച പ്രകടനവും ചിത്രത്തെ ഒരു ക്ലാസ്സിക് ആക്കുന്നുണ്ട്‌. എന്നാല്‍ എല്ലാറ്റിനുമുപരി 'ദി ട്രാക്കറി'ന്റെ ജീവാത്മാവ് ഡേവിഡ് ഗുല്‍പിലി എന്ന അതുല്യ നടന്‍ തന്നെ. ഗോത്രജീവിതത്തിന്റെയും ആദിവാസി അസ്ഥിത്വത്തിന്റെയും നിസ്സഹായത മുഴുവനും ആത്മാവ് തൊടുന്ന ആ പരിഹാസച്ചിരിയിലേക്ക് ഒതുക്കി തലയുയര്‍ത്തിപ്പിടിച്ചു നെടുങ്ങനെ നടന്നു നീങ്ങുന്ന ഡേവിഡ് ഗുല്‍പിലി ഒരു പാഠ പുസ്തകം ആവേണ്ടതാണ് - അഭിനയ വിദ്യാര്‍ത്ഥികള്‍ക്കും ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും.

ട്രാക്കറിന് ശേഷം 2006-ല്‍ Ten Canoes എന്ന ചിത്രത്തിന്‍റെ രചയിതാവ് എന്ന നിലയില്‍ വീണ്ടും റോള്‍ഫ് ഡി ഹിയറുമായി ഒന്നിച്ചു പ്രവര്‍ത്തിച്ചു ഡേവിഡ് ഗുല്‍പിലി. എന്നാല്‍ തുടര്‍ന്നുണ്ടായ അദ്ദേഹത്തിന്റെ ജീവിതത്തിലെ പാളിച്ചകള്‍ ആദിവാസി ജീവിതത്തിന്റെ പതിവ് ചാലുകളില്‍ തന്നെയാണ് അദ്ദേഹത്തെയും എത്തിച്ചത്. മദ്യാസക്തിയും മയക്കുമരുന്നുപയോഗവും ആരോഗ്യത്തിനു ഏല്‍പ്പിച്ച ക്ഷതവും ജയില്‍വാസവും. ജയിലില്‍ തന്നെ സന്ദര്‍ശിക്കാനെത്തിയ സുഹൃത്തിനോട് ഇനിയുമൊരിക്കല്‍ കൂടി ഒരു ചിത്രത്തിനായി ഒന്നിക്കാനുള്ള ആഗ്രഹം ഗുല്‍പിലി വ്യക്തമാക്കി. ആ ചിന്തയില്‍ നിന്നാണ് ഗുല്‍പിലിയെ സംബന്ധിച്ചിടത്തോളം ഇത്തിരി ആത്മകഥാപരം എന്ന് പറയാവുന്ന Charlie's Country എന്ന ചിത്രം പിറക്കുന്നത്‌. 2013-ല്‍ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ആസ്ട്രേലിയന്‍ ഓസ്കാര്‍ അവാര്‍ഡ്‌ എന്‍ട്രി ആയിരുന്നു ചിത്രം.

പുതിയ കാലം, പഴയ ദുഃഖം:

റാബിറ്റ് പ്രൂഫ്‌ ഫെന്‍സില്‍ നിന്നും ട്രാക്കറില്‍ നിന്നും വ്യത്യസ്തമായി ആദിവാസി ജീവിതത്തിന്റെ വര്‍ത്തമാന കാല പരിതോവസ്ഥയാണ് ചാര്‍ളിയുടെ ലോകം വരച്ചുകാട്ടുന്നത്. ഇപ്പോള്‍ സ്ഥൂലമായ ഉന്‍മൂലനങ്ങളല്ല, ആദിവാസിജീവിതത്തെ സമൂലം മൂക്കുകയറിടുന്ന വെള്ളക്കാരന്റെ നിയമങ്ങളാണ് ഗോത്രവര്‍ഗ്ഗ ജീവിതം ദുസ്സഹമാക്കുന്നത്. അവരാദ്യം കറുപ്പും ലഹരിയും നല്‍കി ആദിവാസിയെ അവക്കടിമകളാക്കി. ഇപ്പോള്‍ നിയമം മൂലം നിരോധിച്ചു അവരെ നിയമ നിഷേധികളാക്കി. പരമ്പരാഗത രീതിയില്‍ വേട്ടയാടാനുള്ള പഴുതുകള്‍ അടച്ചു കളഞ്ഞു അവര്‍ ഒന്നിനും കൊള്ളാത്ത ഭക്ഷണം പായ്ക്കറ്റുകളിലാക്കി സൂപ്പര്‍ മാര്‍ക്കറ്റു വഴി വിപണനം ചെയ്തു. വേട്ടയാടാനുള്ള തോക്ക് കണ്ടുകെട്ടി, മീന്‍ പിടിക്കാനുള്ള വാരിക്കുന്തങ്ങള്‍ ആയുധ നിയമം കൊണ്ട് നിരോധിച്ചു. വെള്ളക്കാരായ മയക്കുമരുന്ന് വ്യാപാരികള്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഉപഭോക്താക്കളായും ഒളിച്ചു കടത്താനുള്ള ഏജന്റുമാര്‍ ആയും ആദിവാസിയെ ഉപയോഗിച്ചു. പിടിക്കപ്പെടുമ്പോള്‍ ആദിവാസി മാത്രം കുറ്റവാളിയായി. ജനസംഖ്യയുടെ മൂന്നു ശതമാനത്തില്‍ താഴെ മാത്രം വരുന്ന ആദിവാസി ജയില്‍വാസികളില്‍ നാല്‍പ്പതു ശതമാനമായി. ഈ വര്‍ത്തമാന വസ്തുതകളാണ് ഗുല്‍പിലിയുടെ ആധികാരിക ശരീര ഭാഷയിലൂടെ ചിത്രം അവതരിപ്പിക്കുന്നത്‌. ഒരര്‍ഥത്തില്‍ നേരത്തെ ചര്‍ച്ച ചെയ്ത ചിത്രങ്ങളില്‍ നിന്ന് ചാര്‍ളിയുടെ ലോകത്തിലെത്തുമ്പോള്‍ ഗുല്‍പിലിയുടെ ശാരീരികാവസ്ഥയില്‍ സംഭവിച്ചിരിക്കുന്ന പ്രകടമായ മാറ്റങ്ങള്‍ തന്നെയാണ് ചിത്രത്തിന്‍റെ പ്രമേയത്തെയും നിര്‍ണ്ണയിക്കുന്നതെന്ന് പറയാം. ഇടയ്ക്കിടെ ചാര്‍ളി ഗൃഹാതുരതയോടെ നോക്കിയിരിക്കുന്ന ഒരു ഫോട്ടോയുണ്ട് - സിഡ്നി ഒളിമ്പിക്സിന്‍റെ ഉദ്ഘാടന വേളയില്‍ ഒരു കൂട്ടം ആദിവാസി കലാകാരന്മാരെ നയിച്ച്‌ കൊണ്ട് താന്‍ നടത്തിയ നൃത്തം. ബ്രിട്ടീഷ് രാജ്ഞിയുടെ മുന്നില്‍ നൃത്തം ചെയ്തതിനെ കുറിച്ച് അയാള്‍ ഇളം മുറക്കാരോട് ഊറ്റം കൊള്ളും. എന്നാല്‍, വെളുത്തവന്‍ നിര്‍ണ്ണയിക്കുന്ന നിയമങ്ങള്‍ അനുസരിച്ച് അവന്‍ തീരുമാനിക്കുന ഭക്ഷണം കഴിച്ചു കഴിയാന്‍ കഴിയില്ലെന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു പൂര്‍വ്വികരുടെ വഴിയിലൂടെ വന്യ പ്രകൃതിയിലേക്ക് വേട്ടക്കാരനായി ഇറങ്ങുന്ന ചാര്‍ളിക്ക് വിശപ്പും രോഗവും മൂര്‍ച്ചിച്ചു പെരുമഴയത്ത് തളര്‍ന്നു കിടക്കുമ്പോള്‍ അയാളുടെ ദൃഡ നിശ്ചയമൊക്കെ ചോര്‍ന്നു പോകുന്നുണ്ട്. നിങ്ങള്‍ക്ക് ജോലിയുണ്ട്, വീടുണ്ട് എന്റെ നാട്ടില്‍. എന്റെ ജോലിയെവിടെ, വീടെവിടെയെന്ന് ആ തുളഞ്ഞിറങ്ങുന്ന പരിഹാസച്ചിരിയോടെ ചാര്‍ളി വെളുത്തവരായ പരിചയക്കാരോട് ലോഹ്യം കൂടുന്നുണ്ട്. ആശുപത്രിയില്‍ നിന്ന് ഇറങ്ങിപ്പോവുന്ന ചാര്‍ളി മയക്കുമരുന്ന് ഉപയോഗിച്ചതിന്‍റെ പേരില്‍ പിടിക്കപ്പെടുന്നു. ജയിലെത്തുന്ന അയാള്‍ അവിടത്തെ ജീവിതം ആദിവാസിയുടെ നിത്യ ജീവിതത്തെക്കാള്‍ മെച്ചമാണ് എന്ന് കണ്ടെത്തുന്നു. ചിത്രാന്ത്യത്തില്‍ തന്റെ സമൂഹവുമായി വീണ്ടും കണ്ണി ചേരുന്നതിന്റെയും പുതു തലമുറയെ ഗോത്ര നൃത്തം പഠിപ്പിക്കുന്ന ഉത്തരവാദിത്തം ഏല്‍ക്കുന്നതിന്റെയും സൂചനകളുണ്ട്.

ഗോത്ര ഭാഷയും ഇംഗ്ലീഷും ഇടകലര്‍ന്നു ഉപയോഗിക്കപ്പെട്ടിട്ടുള്ളത് നിലവിലുള്ള സാഹചര്യത്തിന്റെ യാഥാര്‍ത്ഥ്യം തന്നെയാണ്. പരിമിതമായ സംഭാഷണവും ഇടയ്ക്കിടെ കടന്നു വരുന്ന നിശ്ചല പ്രതീതി തോന്നിക്കുന്ന ഷോട്ടുകളും പതിഞ്ഞ സ്വരത്തിലുള്ള പശ്ചാത്തല സംഗീതവും - വിശേഷിച്ചും ഗ്രഹാം ടാര്‍ഡിഫ് ഒരുക്കിയ പിയാനോ സംഗീതം- ചേര്‍ന്ന് ആദിവാസി ജീവിതത്തിന്റെ ഏറ്റിറക്കങ്ങളില്ലാത്ത ജീവിതത്തിന്റെ മ്ലാനമായ അവധാനതയെ ധ്വനിപ്പിക്കുന്നു. എന്നാല്‍ പ്രമേയത്തില്‍ കേന്ദ്രസ്ഥാനീയമായ ഈ അവധാനത ചിത്ര ഘടനയില്‍ മുഷിപ്പായി ഒരു ഘട്ടത്തിലും മാറാതിരിക്കുന്നത് ഒട്ടും അതിവൈകാരികതയില്ലാത്ത രീതിയില്‍ ദുരിത പര്‍വ്വങ്ങളെ ആവിഷ്കരിക്കുന്നതില്‍ സംവിധായകന്‍ പുലര്‍ത്തുന്ന കയ്യടക്കവും ഒപ്പം ചാര്‍ളിയായി ഡേവിഡ് ഗുല്‍പിലി കാഴ്ച്ചവെക്കുന്ന അഭിനയത്തികവും മൂലമാണ്. രോഗവും വറുതിയും കൊണ്ട് അറംപറ്റിയ ഗോത്ര ജീവിതം ലോകമെമ്പാടുമുള്ള ആദിവാസി സംസ്കൃതികളുടെ നിദര്‍ശനം തന്നെ എന്ന് വരുമ്പോള്‍, ലോകത്തെങ്ങുമുള്ള പരിഷ്കൃത സമൂഹങ്ങളോടുള്ള നിശിതമായ ഒരു വിമര്‍ശനമായിത്തന്നെ ചാര്‍ളിയുടെ ലോകം മാറുകയും ചെയ്യുന്നു.

പരാമര്‍ശിക്കപ്പെട്ട മൂന്നു ചിത്രങ്ങളിലും ആദിവാസി ജീവിതത്തിന്റെ വിധിക്ക് എതിരറ്റത്ത് തങ്ങള്‍ മഹത്തായതെന്തോ ചെയ്തു കൊണ്ടിരിക്കയാണെന്നു തന്നെ സത്യസന്ധമായും കരുതുന്ന വെളുത്ത വര്‍ഗ്ഗക്കാരുണ്ട്. റാബിറ്റ് പ്രൂഫിലെ ഏ. . നിവെല്‍ ആദിവാസിയെ അവനില്‍ നിന്ന് തന്നെ രക്ഷിച്ചെടുത്ത് മുഖ്യ ധാരയില്‍ എത്തിക്കേണ്ട മഹത്തായ ബാധ്യതയെ കുറിച്ച് ഇടയ്ക്കിടെ വാചാലനാവുന്നുണ്ട്. ട്രാക്കറിലാവട്ടെ, അപ്രതീക്ഷിതമായ ഹൃദയ താരല്യത്തിന്റെ നിമിഷത്തില്‍ തന്റെ സഹജമായ ക്രൂരതയും ആദിവാസിവിരുദ്ധതയും മാറ്റി വെച്ച് പ്രാകൃതരെ മെരുക്കിയെടുത്ത് സമൂഹ ജീവികള്‍ ആക്കിയെടുക്കുന്നതിന് ഉരുക്ക് മുഷ്ടി ഉപയോഗിക്കാന്‍ നിര്‍ബന്ധിതനാവുന്നതിനെ കുറിച്ച്, മറ്റു മാര്‍ഗ്ഗമില്ലായ്മയെ കുറിച്ച് മേധാവി ഏറ്റു പറയുന്നുണ്ട്, അതേറെ വൈകിപ്പോയെങ്കിലും. ചാര്‍ളിയുടെ നാട്ടിലെത്തുമ്പോള്‍ ഒട്ടുമിക്ക കഥാപാത്രങ്ങളും അയാളോട് ചങ്ങാത്തത്തിലാണ്- പ്രകോപനമൊന്നുമുണ്ടാവാത്ത കാലത്തോളം. നിയമം, അതങ്ങനെയായത് കൊണ്ട് മാത്രം എന്ന നിലപാടുകാര്‍ ഏറെയാണ്‌ ഈ ചിത്രത്തില്‍. മൂന്നു ചിത്രങ്ങളിലും ഡേവിഡ് ഗുല്‍പിലില്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ 'ട്രാക്കര്‍' എന്ന് വിളിക്കാവുന്നവര്‍ തന്നെയാണ്- മൂന്നാമത്തേതില്‍ ഒരു വെറ്ററന്‍ ആണെന്ന് മാത്രം. ഒരു നിലക്ക് ഇത് ആദിവാസി സ്വത്വത്തില്‍ പലരും അഭിമുഖീകരിക്കുന്ന ഗതികേട് കൂടിയാണ് - സ്വന്തം ജനതയെ ഒറ്റുകൊടുക്കുക, ഇല്ലങ്കില്‍ സ്വയമൊടുങ്ങുക. സ്വന്തം വംശത്തോട്‌ അധിനിവേശം നടത്തിയ അന്യര്‍ ചെയ്തു കൂട്ടുന്ന കൊടും ക്രൂരതകള്‍ക്കും അവമതികള്‍ക്കും രോഷം ഉള്ളിലൊതുക്കി കൂട്ട് നില്‍ക്കേണ്ടി വരികയും എന്നിട്ടും തങ്ങളുടെ മനുഷ്യസ്വത്വം സ്ഥാപിച്ചെടുക്കാനാവാതെ നിന്ദിതനും അപമാനിതനുമായി ജീവിക്കേണ്ടി വരികയും ചെയ്യുക. അത്തരം നിസ്സഹായതയുടെ കുതറിത്തെറിക്കലാണ് ബുദ്ധിയും തന്ത്രവും ആയുധമാക്കി ദി ട്രാക്കര്‍ അടയാളപ്പെടുത്തുന്നതെങ്കില്‍, കുറേക്കൂടി സ്വയം പാകപ്പെട്ട ഒരു അതിജീവനത്തിന്റെ സാധ്യതയിലേക്കാണ് വിദൂരമായെങ്കിലും ചാര്‍ളിയുടെ ലോകം എത്തിനോക്കുന്നത്.
(ദേശാഭിമാനി IFFK 2015 സ്പെഷ്യല്‍ പതിപ്പ്)

(പ്രതിബിംബങ്ങള്‍ പറഞ്ഞുവെക്കുന്നത്: ലോഗോസ് ബുക്സ് - പേജ് 15-22)