പറുദീസയില്‍ സാത്താന്‍ സുരക്ഷിതനാണ്
നിരൂപണസമീപനങ്ങള്‍ സ്ഥാപനവല്‍കൃത പദ്ധതിയാണെന്നും അത് ആസ്വാദനത്തിലും അപഗ്രഥനത്തിലും പരിമിതി സൃഷ്ടിക്കുന്ന മുന്‍ നിശ്ചിത ധാരണകളിലേക്ക് വായനക്കാരേ എത്തിക്കുന്നുവെന്നും അമേരിക്കന്‍ സാഹിത്യ സൈദ്ധാന്തികന്‍ സ്റ്റാന്‍ലി ഫിഷ് നിരീക്ഷിക്കുന്നു. ഒരു കൃതിയുടെ പാഠം വായിച്ചെടുക്കുന്നതില്‍ അതിന്റെ സാമൂഹിക സാംസ്കാരിക സന്ദര്‍ഭങ്ങള്‍ക്ക് അപ്രമാദിത്തം കല്‍പ്പിക്കുമ്പോള്‍ , കൃതി പലപ്പോഴും യാഥാസ്ഥികതക്കെതിരെയുള്ള കലാപമായി വ്യാഖ്യാനിക്കപ്പെടാന്‍ ഇട വരികയും എഴുത്തുകാരന്‍/ എഴുത്തുകാരി വേട്ടയാടപ്പെടുകയും കൃതി നിരോധിക്കപ്പെടുകയും ചെയ്യുന്നു. ഫിഷ് "വ്യാഖ്യാനോന്മുഖ സമൂഹങ്ങള്‍ " (“interpretive communities”) എന്ന് വിളിക്കുന്ന ഈ പ്രതിഭാസം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ സമകാലിക സൗദി നോവലിസ്റ്റുകളും കൃതികളും തങ്ങളുടെ സമൂഹവുമായുള്ള വിനിമയങ്ങളില്‍ സങ്കീര്‍ണ്ണതകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും അബ്ദുറഹ്മാന്‍ അല്‍ ഗൊസൈബി, അബ്ദുറഹിമാന്‍ മുനിഫ്, അബ്ദു ഖാല്‍ , തുര്‍കി അല്‍ ഹമാദ്, യൂസുഫ് അല്‍ മുഹൈമിദ്, റജാ അല്‍ സനീഅ, ലൈല അല്‍ ജുഹാനി തുടങ്ങിയ എഴുത്തുകാരുടെ കൃതികള്‍ , നിലവിലുള്ള മതാത്മക പുരുഷാധിപത്യ സാമൂഹിക ഘടനയെ ചോദ്യം ചെയ്യുന്നവയെന്ന നിലയില്‍ നിരോധിക്കപ്പെടുന്നതിലേക്ക് നയിച്ചിട്ടുണ്ട് എന്നും നൂറ അല്‍ ഗഹ്താനി ചൂണ്ടിക്കാണിക്കുന്നു. (The Impact of Socio-Cultural Contexts on the Reception of Contemporary Saudi Novels- Npura Algahtani, University of Leeds, UK.) മത മേലധ്യക്ഷന്മാരുടെ നിലപാടുകളില്‍ ഉണ്ടായിട്ടുള്ള കാലിക മാറ്റങ്ങള്‍ , എണ്ണയില്‍ നിന്നുള്ള സമ്പന്നത, ഗള്‍ഫ് യുദ്ധം, 9/11 സംഭവ വികാസങ്ങള്‍ എന്നിവയെല്ലാം സൗദി സമൂഹത്തിലെ പരിണാമങ്ങള്‍ മുമ്പില്ലാത്ത വിധം ത്വരിതപ്പെടുത്തിയ ഘടകങ്ങളാണ്. സാംസ്കാരിക മണ്ഡലത്തിലാവട്ടെ, ആധുനിക വിദ്യാഭ്യാസം, മീഡിയയുടെ സ്വാധീനം, സെന്‍സര്‍ഷിപ്പ്, എന്നിവയും പ്രാധാനമായിരുന്നു. പരമ്പരാഗത ജീവിത രീതികള്‍ ദേശാന്തര സമ്മിശ്രണം സാധ്യമാവുന്ന നഗര ജീവിത രീതികളിലേക്ക് മാറിത്തുടങ്ങിയതും മതാത്മക കാര്‍കശ്യങ്ങള്‍ താരതമ്യേന സഹിഷ്ണുതാ മനോഭാവത്തിലേക്ക് പരിവര്‍ത്തനപ്പെട്ടതും സമൂഹത്തിന്റെ ദ്രുത ഗതിയിലുള്ള ആധുനിക വല്‍ക്കരണത്തിനു വഴിതെളിയിച്ചു. ഇവയൊക്കെ ഉള്‍കൊള്ളാന്‍ കഴിയുന്ന സ്വാഭാവിക സാഹിത്യ രൂപമെന്ന നിലയിലാണ് നോവല്‍ മുമ്പില്ലാത്ത വിധം സൗദി സാഹിത്യത്തിന്റെ കേന്ദ്ര രൂപമായിത്തീര്‍ന്നത്. സെന്‍സര്‍ഷിപ്പിന്റെ പ്രശ്നങ്ങള്‍ മറികടക്കാന്‍ കയ്റോയും ബെയ്റൂത്തും എഴുത്തുകാരെ സഹായിച്ചു. എണ്‍പതുകളിലും തൊണ്ണൂറുകളിലും ലഭ്യമല്ലായിരുന്ന സാധ്യതകള്‍ ഇന്റര്‍നെറ്റിന്റെയും സാറ്റലൈറ്റ് ടെലിവിഷന്റെയും ലോകം തുറന്നിട്ടു. “സൗദി നോവല്‍ ഒരു സാഹിത്യ വിഭാഗം എന്ന നിലയില്‍ പുതുതായി കൈവരിച്ച പക്വത സൗദി എഴുത്തുകാര്‍ , ആണും പെണ്ണും, അറബ് ലോകത്തും പുപാശ്ചാത്യ ലോകത്തും ബെസ്റ്റ് സെല്ലര്‍ ലിസ്റ്റില്‍ ഇടം പിടിച്ചു തുടങ്ങിയിരിക്കുന്നു എന്നതില്‍ വ്യക്തമാണ്.”(Ibid)
തുടര്‍ വായനക്ക്...
https://www.fazalrahman.com/essays/article/throwing-sparks-by-abdo-khal
No comments:
Post a Comment