Featured Post

Friday, April 20, 2018

Miral (2010) by Rula Jebreal/ Julian Schnabel


പൊള്ളും ചരിത്രത്തിന്റെ തിരക്കാഴ്ച



ഇസ്രയേല്‍ - ഫലസ്തീന്‍ സംഘര്‍ഷം കുറെയേറെ ചിത്രങ്ങള്‍ക്ക് വിഷയമായിട്ടുണ്ട്. ഇവയില്‍ പലതില്‍നിന്നും വ്യത്യസ്തമായി ചരിത്ര ഘട്ടങ്ങളിലൂടെ തന്നെയുള്ള ഫലസ്തീനിയന്‍ അനുഭവം ഏറ്റവും തീവ്രമായിത്തന്നെ കടന്നു വരുന്ന ഒന്നാണ് പലസ്തീനിയന്‍ - ഇറ്റാലിയന്‍  നോവലിസ്റ്റ്  റൂലാ ജബ്രിയെലിന്റെ ആത്മകഥാപരമായ നോവലിനെ അടിസ്ഥാനമാക്കി അവരുടെ തന്നെ തിരക്കഥയില്‍ അമേരിക്കന്‍ ചിത്രകാരനും ചലചിത്രകാരനുമായ ജൂലിയന്‍ ഷനാബെല്‍ സംവിധാനം ചെയ്ത മിറാല്‍.

1948 – ഏപ്രില്‍ മാസം . ജറുസലേമിലെ കുലീന കുടുംബാംഗമായ ഹിന്ദ്‌ ഹുസൈനി തന്റെ ജോലി സ്ഥലത്തേക്ക് പോകവേഅമ്പത്തിയഞ്ചോളം നിരാലംബരായ കുട്ടികളെ വഴിയോരത്ത് കണ്ടെത്തുകയുണ്ടായിപുതുതായി സ്ഥാപിക്കപ്പെട്ട ഇസ്രയേല്‍ ദേശത്തിന്റെ പടപ്പുറപ്പാടിന്റെ ഭാഗമായ യുദ്ധവും ബോംബു വര്‍ഷവും ഭയന്ന് വേഗം വീടുകളിലേക്ക് തിരിച്ചു പോവാന്‍ അവര്‍ ആവശ്യപ്പെട്ടെങ്കിലും അല്‍പ്പ നേരം കഴിഞ്ഞു ആ വഴി വീണ്ടും കടന്നു വരുമ്പോള്‍ കുട്ടികള്‍ അവിടെ തന്നെയുണ്ടെന്ന് അവര്‍ മനസ്സിലാക്കിപിന്നെ കൂടുതല്‍ അറിഞ്ഞുഒരു ദേശം പിറക്കുമ്പോള്‍ മറ്റൊരു ജനത അനാഥമായതിന്റെയും 'ദൈര്‍ യാസിര്‍ കൂട്ടക്കൊല'യെന്നു പലസ്തീന്‍ സംഘര്‍ഷത്തിന്റെ ചരിത്രത്തില്‍ അറിയപ്പെട്ട പടയോട്ടത്തിന്റെയും ബാക്കിപത്രമായ ആ കുട്ടികള്‍ക്ക് എങ്ങും പോവാന്‍ ഇടമില്ലെന്ന്ചെറുപ്പം മുതലേ സാമൂഹ്യ പ്രസ്ഥാനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന ഹിന്ദ്‌ അല്‍ ഹുസ്സൈനിയെ സംബന്ധിച്ച് അത് ഒരു പുതിയ തുടക്കമായിരുന്നു. 1994 സെപ്റ്റെമ്പര്‍ 14 -നു എഴുപത്തിയൊമ്പതാം വയസ്സില്‍ മരിക്കുമ്പോള്‍ പാലസ്തീനിന്റെ ഏറ്റവും ദുരിത പൂര്‍ണ്ണമായ കാലഘട്ടങ്ങളില്‍ അനാഥരായ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസ – പരിപാലന കാര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു വന്ന സ്കൂളിന്റെയും തന്റെ മുത്തച്ഛന്റെ വീടിനെ പുതുക്കിപ്പണിത് സ്ഥാപിച്ച 'ദാര്‍ അല്‍ ത്വിഫില്‍ അല്‍ അറബി' (അറബ് കുഞ്ഞുങ്ങളുടെ ഭവനംഎന്ന സ്ഥാപനത്തിന്റെയും സ്ത്രീകളുടെ ഉന്നമനത്തിനായി സ്ഥാപിച്ച ഹിന്ദ്‌ അല്‍ ഹുസൈനി വനിതാ കോളേജിന്റെയും പ്രവര്‍ത്തനത്തിന്റെ പേരില്‍ ഏറെ അംഗീകാരങ്ങളും പുരസ്കാരങ്ങളും അവരെ തേടിയെത്തിക്കഴിഞ്ഞിരുന്നു. 

അഞ്ചാം വയസ്സില്‍ അമ്മ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് ജറുസലേമിലെ അല്‍ അഖ് സ പള്ളിയിലെ ശുചീകരണക്കരനായിരുന്ന പിതാവ് തന്റെ സഹോദരി റാനിയയോടൊപ്പം ദാര്‍ അല്‍ ത്വിഫില്‍ അനാഥാലയത്തില്‍ ഹിന്ദ്‌ ഹുസൈനിയുടെ പരിചരണത്തിലേല്‍പ്പിച്ച കുട്ടിയായിരുന്നു റൂലാ ജബ്രിയേല്‍പില്‍ക്കാലത്ത് ഇറ്റാലിയന്‍ ടെലിവിഷനിലെ ആദ്യ വിദേശ വനിതാ അവതാരികയും എഴുത്തുകാരിയുമായിത്തീര്‍ന്ന റൂലായുടെ ആദ്യ നോവലാണ്‌ 'മിറാല്‍'.  എഴുത്തുകാരിയുടെ തന്നെ ആത്മകഥാംശമുള്ള നോവല്‍ ഹിന്ദ്‌ ഹുസൈനിയുടെ ജീവിത കഥ കൂടിയാണ്ഈ കൃതിയെ ആസ്പദമാക്കി എഴുത്തുകാരി തന്നെ തിരക്കഥ രചിച്ച് ജൂലിയന്‍ ഷനാബല്‍ സംവിധാനം ചെയ്ത ചിത്രമാണ് 'മിറാല്‍' (2010). വിഖ്യാദ ഇസ്രായേലി അഭിനേത്രി ഹയാം അബ്ബാസ് ('ലെമണ്‍ ട്രീ', 'ദി സിറിയന്‍ ബ്രൈഡ് ' , 'ദി വിസിറ്റര്‍') ഹിന്ദ്‌ ഹുസൈനിയെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ രചയിതാവിന്റെ അപര സ്വത്വമായ മിറാലിനെ ഫ്രീഡാ പിന്റോ (സ്ലം ഡോഗ് മില്ല്യനെയര്‍അവതരിപ്പിക്കുന്നു.

1947 ലെ ക്രിസ്മസ് ദിനത്തില്‍ അമേരിക്കന്‍ കാര്യാലയത്തില്‍ വെച്ച് ആതിഥേയ ബെര്‍ത്താ സ്പാഫോള്‍ഡ്‌ (വനെസ്സ റെഡ്ഗ്രേവ്‌ ) ഒരുക്കുന്ന വിരുന്നോടെയാണ് ചിത്രം ആരംഭിക്കുന്നത്സംഘര്‍ഷങ്ങള്‍ പുകയുന്ന സമയമാണെങ്കിലും ഈയൊരു ദിവസത്തേക്ക് അതെല്ലാം മാറ്റിവെച്ചു സ്നേഹം പങ്കിടാമെന്ന് അവര്‍ ഉല്‍ബോധിപ്പിക്കുന്നുജൂതക്രിസ്തീയഅറബ് വംശജരെല്ലാം വിരുന്നിനുണ്ട്മുഖ്യ ആകര്‍ഷണം ഹിന്ദ്‌ ഹുസൈനിയുടെ ക്രിസ്മസ് മരം തന്നെയാണ്എല്ലാ വര്‍ഷവും അവരത് കടയോടെ പുഴക്കിക്കൊണ്ട് വരികയും ക്രിസ്മസ് കഴിഞ്ഞു കേടു കൂടാതെ തോട്ടത്തില്‍ നട്ടു പിടിപ്പിക്കുകയും പതിവാണ് . ഈ രംഗം പ്രധാനമായും കൂട്ടായ്മയുടെ അന്തരീക്ഷം സമൂഹ ജീവിതത്തില്‍ എത്രമാത്രം പ്രധാനമാണെന്ന് സ്ഥാപിക്കുന്നതോടൊപ്പം ഹിന്ദ്‌ ഹുസൈനിയുടെ സമാദരണീയമായ വ്യക്തിത്വം വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്ബെര്‍ത്തയുടെ ബന്ധുവായ എഡ്ഢിയുമായി (വില്ല്യം ഡാഫോ) അവര്‍ക്ക് ചിത്രത്തില്‍ വളരെ ന്യൂനോക്തിയില്‍ സൂചിപ്പിക്കപ്പെടുന്ന ഒരാത്മ ബന്ധവും ഉരുത്തിരിയുന്നുണ്ട്ഹിന്ദ്‌ ഒരിക്കലും വിവാഹം കഴിച്ചിട്ടില്ലെന്നും 'എങ്കിലും എനിക്ക് രണ്ടായിരം മക്കളുണ്ട്എന്നും അയാളോട് പറയുന്നുണ്ട്താങ്കളുടെ ജീവിതത്തിലെ തിരക്കുകള്‍ കൂടിവരികയെ ഉള്ളൂവെങ്കിലും മറന്നു കളയരുതെന്നും ഇടക്കൊക്കെ ബന്ധപ്പെടണമെന്നും യുഎന്‍സൈനിക വിഭാഗത്തിലെ അംഗമെന്ന നിലയില്‍ ദൗത്യം കഴിഞ്ഞു തിരിച്ചുപോവുന്ന ഘട്ടത്തില്‍ വിഷാദത്തോടെ എഡ്ഢി പറയുന്നുഹിന്ദ്‌ ജീവിക്കുന്ന ജീവിതത്തിലെ മുന്‍ഗണനകള്‍ എന്തിനൊക്കെയാണെന്നു ഇതോടെ തികച്ചും വ്യക്തമാവുന്നുതുടര്‍ന്ന്ചിത്രം ഫോക്കസ് ചെയ്യുന്നത് 'ദൈര്‍ യാസിര്‍ കൂട്ടക്കൊല'യെ തുടര്‍ന്ന് അനാഥരാവുന്ന കുഞ്ഞുങ്ങളെ ഹിന്ദ്‌ കണ്ടെടുക്കുന്നതിലേക്കാണ്. 1948 ഏപ്രിലില്‍ ഉണ്ടാവുന്ന ഈ സംഭവത്തെ തുടര്‍ന്ന് ഇസ്രയേല്‍ രാഷ്ട്രം സ്ഥാപിക്കപ്പെടുന്നതോടെ ഒരു ജനത അനാഥരാവുന്നു. 

അന്തസ്സോടെയും ആത്മാഭിമാനത്തോടെയും കഴിഞ്ഞു വന്ന ഒരു സമൂഹം പെട്ടെന്ന് സ്വന്തം നാട്ടില്‍ അന്യരാവുന്നതിന്റെയും അങ്ങ് ദൂരെ ലണ്ടനില്‍ ഇരുന്നു രാഷ്ട്രീയത്തമ്പുരാക്കള്‍ നടത്തിയ കരുനീക്കങ്ങളുടെ ഫലമായി എല്ലാം നഷ്ടപ്പെട്ടു കണ്മുന്നില്‍ സ്വന്തം പാര്‍പ്പിടങ്ങള്‍ പോലും ഇടിച്ചു നിരത്തപ്പെടുന്നതിനും കുടുംബങ്ങള്‍ ചിന്നഭിന്നമാവുന്നതിനും സാക്ഷ്യംവഹിക്കേണ്ടി വന്നതിന്റെയും അവമതിയാണ് പില്‍ക്കാല ഫലസ്തീന്‍ ചെറുത്തു നില്‍പ്പുകളുടെ സ്വഭാവം നിര്‍ണ്ണയിച്ച പ്രധാന ഘടകം. സ്വാഭാവികമായും രോഷത്തിന്റെയും ആത്മബലിയുള്‍പ്പടെ ഹിംസാത്മകതയുടെയും മാനങ്ങള്‍ ആ ചെറുത്തു നില്‍പ്പുകള്‍ക്ക് കൈവന്നുചിത്രത്തില്‍ ഈ മാനസികാവസ്ഥയുടെ ആദ്യ പ്രകടിത രൂപംബസ്സില്‍ ഇസ്രായേലി സ്ത്രീയുമായി കശപിശയുണ്ടായതിനെ തുടര്‍ന്ന് ഏഴുവര്‍ഷം തടവുശിക്ഷയുമായി ജയിലിലെത്തുന്ന മിറാലിന്റെ അമ്മ നാദിയയെ ജെയിലില്‍ വെച്ച് ശുശ്രൂഷിക്കുന്ന ഫാതിമയാണ്ഒരു മികച്ച നേഴ്സ് ആയിരുന്ന ഫാത്തിമ 'ആറു ദിനയുദ്ധ'ത്തെ തുടര്‍ന്ന് മാരകമായി മുറിവേറ്റ ഫലസ്തീന്‍ പോരാളികളെ രക്ഷപ്പെടാന്‍ സഹായിച്ചിരുന്നുഇസ്രായേലി സൈനികര്‍ സിനിമ കണ്ടു കൊണ്ടിരുന്ന തിയെറ്ററിനകത്ത് ബോംബു വെക്കാന്‍ നടത്തിയ ശ്രമത്തിനിടയില്‍ പിടിക്കപ്പെട്ടാണ് അവര്‍ ജയിലിലെത്തുന്നത്തുടര്‍ച്ചയായ രണ്ടു ജീവപര്യന്തം ശിക്ഷ മൂന്നായി വര്‍ദ്ധിച്ചത് ന്യായാധിപന്‍ ആവശ്യപ്പെട്ട പ്രകാരം ഇസ്രയേല്‍ കോടതിയെ എഴുന്നേറ്റു നിന്ന് വണങ്ങാന്‍ വിസമ്മതിച്ചതിന്റെ പേരിലായിരുന്നു. 'നിനക്ക് നേരിട്ട് ബന്ധമില്ലാത്തവരെ എങ്ങനെയാണ് ബോംബ്‌ വെച്ച് കൊല്ലുക?' എന്ന നാദിയയുടെ ചോദ്യത്തിന് സൈനിക പരിശീലനം അവരെ മൃഗങ്ങള്‍ ആക്കിയിട്ടുണ്ടെന്നും താനവരെ സൈനികരായി മാത്രമാണ് കാണുന്നതെന്നും ഫാത്തിമ മറുപടി പറയുന്നു.

സ്നേഹധനനായ പിതാവിനുവേണ്ടി അവയവദാനം ചെയ്യാനൊരുങ്ങുമ്പോഴാണ് അദ്ദേഹം തന്റെ യഥാര്‍ത്ഥ അച്ഛനല്ലെന്നു മിറാല്‍ മനസ്സിലാക്കുന്നത്അമ്മക്ക് മുമ്പുണ്ടായിരുന്ന ബന്ധത്തില്‍ പിറന്നവളാണ് താനെന്നുംമദ്യത്തിന്റെ അടിമയായിരുന്ന അമ്മയെ ജയിലില്‍നിന്ന് പുറത്തുവന്നതിനുശേഷം അദ്ദേഹം ഏറ്റെടുക്കുകയായിരുന്നെന്നും അവള്‍ മനസ്സിലാക്കുന്നുഎന്ത് കൊണ്ട് തന്നോട് മുമ്പേ പറഞ്ഞില്ല എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറയുന്നത് ഇങ്ങനെയാണ്അത് പ്രധാനമായിരുന്നില്ലനീയെന്റെ മകളാണ്ആ പിതാവിന്റെ മരണത്തിന്റെ വേദന കടിച്ചിറക്കുന്ന അതേ സമയം പ്രണയം പങ്കിടുന്ന ഹാനിയുടെ കൊലയെ കുറിച്ചും അവള്‍ കേള്‍ക്കേണ്ടി വരുന്നു. പി.എല്‍.നേതൃ നിരക്കാരനായിരുന്ന ആയിരുന്ന ഹാനിഒന്നാം ഇന്‍തിഫാദയെ തുടര്‍ന്നുള്ള സാഹചര്യത്തില്‍ തെറ്റിദ്ധരിക്കപ്പെട്ടു സ്വന്തം സഹയാത്രികരായ പോരാളികളാല്‍ കൊല്ലപ്പെടുകയാണ്പിതാവും മാതൃ തുല്യയായ ഹിന്ദ്‌ ഹുസ്സൈനിയും എപ്പോഴും എന്തുകൊണ്ട് ഹിംസാത്മക മാര്‍ഗ്ഗങ്ങളെ എതിര്‍ത്തുവന്നുവെന്നു ഇത്തിരി വൈകിയാണെങ്കിലും മിറാല്‍ മനസ്സിലാക്കിത്തുടങ്ങുകയാണ്അതിനവള്‍ക്ക് ഒരൊറ്റ ദിവസത്തേക്കായിരുന്നെങ്കിലും പ്രാണന്‍ പിടയുന്ന ചമ്മട്ടിയടിയുല്‍പ്പടെ ജയില്‍ വാസം പോലും സഹിക്കേണ്ടി വരികയുംഏറ്റവും അടുത്ത കൂട്ടുകാരി ഹാദിലിന്റെ ജീവന്‍ ബലികൊടുക്കേണ്ടി വരികയും ചെയ്യുന്നുണ്ടെങ്കിലും. 

ചിത്രാന്ത്യത്തില്‍ വാര്‍ധക്യത്തിന്റെ അവശതകള്‍ ഉള്ള ഹിന്ദ്‌ തന്റെ പിന്‍ഗാമിയായി മിറാലിനെ കാണുന്നതിന്റെ സൂചനകളുണ്ട്അപ്പോഴേക്കും ഇസ്രയേല്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ശേഷിക്കുന്ന പലസ്തീന്‍ മേഖലകളില്‍ നിന്നും കുട്ടികളെ കണ്ടെത്താന്‍ പോലും കഴിയാത്ത അവസ്ഥയില്‍ പെട്ടുപോയിരിക്കുന്ന 'ദാര്‍ അല്‍ ത്വിഫില്‍ഏറെക്കുറെ ശൂന്യമായിരിക്കുന്നുഒറ്റപ്പെട്ട അവസ്ഥയില്‍ കഴിയുന്ന ഹിന്ദിനോട് വെക്കേഷന്‍ കഴിഞ്ഞു എല്ലാവരും തിരിച്ചെത്തുമെന്ന് മിറാല്‍ സമാശ്വസിപ്പിക്കുന്നുണ്ട്ഹിന്ദ്‌മിറാലിനായി ഇറ്റലിയില്‍ തുടര്‍പടനത്തിന് ഒരു സ്കോളര്‍ഷിപ്പ് ശരിയാക്കിയിട്ടുണ്ട്മിറാല്‍ യാത്ര തിരിക്കുന്നതും നമ്മള്‍ ഒടുവില്‍ കാണുന്നുണ്ട്വൈകാതെ ഹിന്ദിന്റെ മരണവും.

ഇസ്രയേല്‍ - ഫലസ്തീന്‍ സംഘര്‍ഷം കുറെയേറെ ചിത്രങ്ങള്‍ക്ക് വിഷയമായിട്ടുണ്ട്ഇവയില്‍ നിന്ന് വ്യത്യസ്തമായി ചരിത്ര ഘട്ടങ്ങളിലൂടെ തന്നെയുള്ള ഫലസ്തീനിയന്‍ അനുഭവം ഏറ്റവും തീവ്രമായിത്തന്നെ ഈ ചിത്രത്തില്‍ കടന്നു വരുന്നുസഹജീവനം സാധ്യമാവേണ്ടതിന്റെ ആവശ്യകതയും ഹിംസാത്മകതയുടെ അസംബന്ധവും ചിത്രം ഊന്നിപ്പറയുന്നുടൈറ്റില്‍ റോളില്‍ അഭിനയിക്കുന്ന ഫ്രീഡ പിന്റൊയുള്‍പ്പടെ അഭിനേതാക്കളുടെ മികച്ച പ്രകടനവും ഫലസ്തീന്‍ എന്തായിരുന്നുവെന്നും ഇപ്പോള്‍ എന്താണെന്നും ഗൃഹാതുരതയോടെ വ്യക്തമാക്കുന്ന എറിക് ഗോതിയറുടെ ഛായാഗ്രഹണവും സംവിധായകന്റെ ഉള്ളറിഞ്ഞിട്ടുണ്ട്ഓസ്കാര്‍ വേദിയില്‍ പോലും ഫലസ്തീനിനു വേണ്ടി ശബ്ദമുയര്‍ത്തിയിട്ടുള്ള വനെസ്സ റെഡ്ഗ്രേവിനെ പോലുള്ള ഒരു ഹോളിവുഡ് ഇതിഹാസതാരം ചിത്രത്തില്‍ അഭിനയിച്ചത് കേവലം പ്രൊഫഷന്‍ എന്നതിലേറെ ഒരു പ്രതിബദ്ധ പ്രവര്‍ത്തനം തന്നെയായിരുന്നുചിത്രത്തില്‍ ഷെയ്ഖ് സബാഹ് ആയി വേഷമിട്ട ജൂലിയാനൊ മീര്‍ ഖൈംസ് എന്ന യുദ്ധവിരുദ്ധ സാമൂഹ്യ പ്രവര്‍ത്തകന്‍ ചിത്രം പുറത്തിറങ്ങി ദിവസങ്ങള്‍ക്കകം ഫലസ്തീന്‍ അഭയാര്‍ഥി ക്യാമ്പില്‍ അദ്ദേഹം നിര്‍മ്മിച്ച തിയേറ്ററിനു പുറത്തു വെച്ച് വെടിയേറ്റ് കൊല്ലപ്പെട്ട ദുരന്ത ചരിത്രവുമുണ്ട്‌എല്ലാറ്റിനുമപ്പുറം ഫലസ്തീന്‍ ചരിത്രത്തിലൂടെ ജീവിച്ചു മരിക്കുന്ന ഹിന്ദ്‌ ഹുസൈനിയായി ഹയാം അബ്ബാസ് എന്ന ഇതിഹാസ താരത്തിന്റെ പ്രകടനം തന്നെയാണ് ചിത്രത്തിന്‍റെ ഏറ്റവും വലിയ ആകര്‍ഷണം.

 (പ്രതിബിംബങ്ങള്‍ പറഞ്ഞുവെക്കുന്നത്  - ലോഗോസ് ബുക്സ്‌ - പേജ് 108-111)

To purchase, contact ph.no:  8086126024

സിനിബുക്ക് ഷെല്‍ഫ് - 06




"ഗുരു ദത്തിനോടൊപ്പം ഒരു ദശകം- അബ്രാര്‍ അലവിയുടെ യാത്ര"
(Ten Yers with Guru Dutt- Abrar Alvi's Joueny എന്ന പുസ്തകത്തെ കുറിച്ച്)
ഫസല്‍ റഹ് മാന്‍

ബോക്സ് ഓഫീസ് മാനദണ്ഡങ്ങള്‍ ബോധപൂര്‍വ്വം പാലിക്കുമ്പോഴും തനിക്ക് തൃപ്തിതരുന്ന കലാപരതയുള്ള ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ വിട്ടുവീഴ്ചയില്ലാത്ത നിഷ്കര്‍ഷ പുലര്‍ത്തിന്നതില്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച പ്രതിഭ നിസ്സംശയമായും ഗുരു ദത്ത് ആയിരുന്നു എന്നത് അവിതര്‍ക്കിതമാണ്. ഇരു മേഖലയിലും മികച്ചു നിന്ന ഗുരു ദത്ത് ഫിലിംസ് ചിത്രങ്ങളുടെ സൃഷ്ടിക്ക് പിറകില്‍ സജ്ജീവ സാന്നിധ്യങ്ങളായിരുന്ന പ്രതിഭാ ധനന്മാരില്‍ ക്യാമറാ മാന്‍ വി. കെ. മൂര്‍ത്തി, സംഗീതകാരന്‍ എസ്. ഡി. ബര്‍മ്മന്‍ തുടങ്ങിയവരോടോപ്പമോ ഒരു പടി കൂടി മുകളിലോ സ്ഥാനം നേടിയെടുത്ത എഴുത്തുകാരനായി കമ്പനിയുടെ ഭാഗമായിത്തീര്‍ന്ന അബ്രാര്‍ അലവി, ഗുരു ദത്തുമായുള്ള സവിശേഷ സൌഹൃദത്തിന്റെയും സര്‍ഗ്ഗ ജീവിതത്തിലെ ഏറ്റവും പുഷ്കലമായിരുന്ന ആ ഒത്തുചേരലില്‍ കഴിഞ്ഞ പത്തു വര്‍ഷക്കാലത്തിന്റെയും ഓര്‍മ്മകള്‍ പങ്കു വെക്കുന്ന പുസ്തകമാണ് "ഗുരു ദത്തിനോടൊപ്പം പത്തു വര്‍ഷങ്ങള്‍: അബ്രാര്‍ അലവിയുടെ യാത്ര.” ഹിന്ദി സിനിമയുടെ സുവര്‍ണ്ണ കാലത്ത് ചലച്ചിത്ര മേഖലയില്‍ ഏറ്റവും തിരക്കേറിയ രീതിയില്‍ പ്രവര്‍ത്തിച്ച ഒരാളുടെ ആത്മ/ ജീവിത കഥ അല്ലെങ്കില്‍ ഓര്‍മ്മക്കുറിപ്പ്‌ എന്നതിലേറെ, ഇന്ത്യന്‍ സിനിമയില്‍ ഇതിഹാസ തുല്യമായ സംഭാവനകള്‍ അര്‍പ്പിച്ചുവെങ്കിലും ചെയ്തതിലേറെ ചെയ്യാന്‍ ബാക്കിവെച്ച് അകാലത്തില്‍ ദുരൂഹമായ രീതിയില്‍ സ്വയം അവസാനിപ്പിച്ച ഒരു ജീനിയസ്സിന്റെ ഹൃദയ വ്യാപാരങ്ങളിലേക്ക് ഒരു ഒളിനോട്ടക്കാരന്റെ അധമ കൌതുകം കൂടാതെത്തന്നെ, കുലീനവും എന്നാല്‍ തുളഞ്ഞിറങ്ങുന്നതുമായ രീതിയില്‍, വെളിച്ചം വീശുന്ന പുസ്തകം എന്ന നിലയില്‍ കൂടിയാണ് അബ്രാര്‍ അലവിയുടെ ഓര്‍മ്മയാത്ര പ്രസക്തമാകുന്നത്. അത് തന്നെ കുറിച്ച് എന്ന പോലെത്തന്നെ പുസ്തകപ്പുഴുവും സര്‍ഗ്ഗധനനായ ലജ്ജാലുവുമായ യൂണിവേഴ്സിറ്റി ഉത്പന്നത്തില്‍ നിന്ന് തന്നെ താനാക്കിയ ബഹുമുഖ പ്രതിഭയെ കുറിച്ചുമാണ്; ഒപ്പം ആ കൂട്ടുകെട്ടില്‍ പിറന്ന ചരിത്രം സൃഷ്ടിച്ച ഒരു പിടി ചിത്രങ്ങളെ കുറിച്ചും. അടിസ്ഥാനപരമായി സ്വകാര്യത ഇഷ്ടപ്പെട്ടവര്‍ എന്ന നിലയില്‍ എതാള്‍ക്കൂട്ടത്തിലും തങ്ങളിലേക്കും തങ്ങളുടെ പ്രിയതരമായ എകാന്തതകളിലേക്കും പിന്‍വാങ്ങാന്‍ ഇഷ്ടപ്പെട്ടവരായിരുന്നു ഗുരു ദത്തും അബ്രാര്‍ അലവിയും എന്നത് അവരുടെ പാരസ്പര്യത്തെ ഒരേ സമയം ആഴത്തിലുള്ളതും അപ്പോള്‍ത്തന്നെ സംഘര്‍ഷ പൂരിതവുമാക്കിയിരുന്നു എന്ന് പുസ്തകത്തിന്റെ വായന സാക്ഷ്യപ്പെടുത്തും. അബ്രാര്‍ അലവി ഏത് ബൊഹീമിയന്‍ സന്ദര്‍ഭത്തിലും തന്റെ മേല്‍ തന്നെയുള്ള പിടി വിട്ടുപോകാതിരിക്കാന്‍ ശ്രദ്ധാലുവായ, സ്വയം നിയന്ത്രിത വൃത്തങ്ങളില്‍ സംതൃപ്തനായിരുന്നപ്പോള്‍ ഗുരു ദത്ത് കൊടുങ്കാറ്റു പിടിച്ചവാനായിരുന്നു - പ്രതിഭാ ധാരാളിത്തത്തിലും വികാര വിക്ഷോഭങ്ങളിലും.

അന്ത്യത്തെ കുറിച്ചുള്ള തുടക്കം

ഇന്ത്യന്‍ എക്സ്പ്രസ്സിന് നല്‍കിയ ഒരഭിമുഖത്തില്‍, ഗുരുദത്തുമായുള്ള കൂട്ടുകെട്ടിനെ കുറിച്ച് സംസാരിക്കവേ, ഒരാള്‍ അതു കേള്‍ക്കാന്‍ തയ്യാറാകുന്ന പക്ഷം തനിക്കേറെ പറയാനുണ്ടെന്നുള്ള അബ്രാറിന്റെ വെളിപ്പെടുത്തലിനോട് ജേണലിസ്റ്റും വനിതാ മാഗസിന്‍ എഡിറ്ററുമായ സത്യാ സരന്‍ പ്രതികരിച്ചതാണ് പുസ്തകത്തിന്റെ രചനയിലേക്ക് നയിച്ചത്. തന്റെ ആഖ്യാനത്തോടൊപ്പം അബ്രാര്‍ അലവിയുടെ നേരിട്ടുള്ള ആഖ്യാനങ്ങളും ഇടകലരുന്ന രീതിയിലാണ് പുസ്തകം ആവിഷ്കരിക്കുന്നത്. ഗുരു ദത്ത് സിനിമകളില്‍ നിന്നുള്ള അനശ്വര ഗാനങ്ങളുടെ വരികളാണ് അധ്യായങ്ങളുടെ തലക്കെട്ടുകളായി ഉപയോഗിച്ചിരിക്കുന്നത്.

ഗുരുദത്തിന്റെ ആത്മഹത്യക്ക് തൊട്ടു തലേ രാത്രിയുടെ ഓര്‍മ്മകളോടെയാണ് പുസ്തകം ആരംഭിക്കുന്നത്. അതദ്ദേഹത്തിന്റെ മൂന്നാമത് ആത്മഹത്യാ ശ്രമമായിരുന്നു. അബ്രാര്‍ അന്നുരാത്രി എഴുതിപ്പൂര്‍ത്തിയാക്കിയത് ഗുരുദത്ത് ഫിലിംസ് അപ്പോള്‍ ചിത്രീകരണം നടത്തിക്കൊണ്ടിരുന്ന ബഹാരേം ഫിര്‍ ഭി ആയേഗി എന്ന ചിത്രത്തിന് വേണ്ടിയുള്ള രംഗമായിരുന്നു- എകാന്തയും ദുഃഖിതയുമായി മരിക്കുന്ന നായികയുടെ അന്ത്യരംഗം. ഗുരുദത്ത് അന്ന് പതിവിലും അസ്വസ്ഥനായിരുന്നു, പതിവിലേറെ കുടിച്ചിരുന്നു, സംസാരിക്കാന്‍ വിമുഖനും. അന്ന് പിണങ്ങിപ്പിരിഞ്ഞ ഗീതാ ദത്തുമായി മകളുടെ കാര്യത്തില്‍ വഴക്കിട്ടിരുന്നുവെന്നും കുഞ്ഞിനെ ഉടന്‍ തന്റെയടുത്തേക്കയച്ചില്ലെങ്കില്‍ ഇനി തന്നെ ജീവനോടെ കാണില്ലെന്നു ഭീഷണി മുഴക്കിയിരുന്നു എന്നും അബ്രാര്‍ ഓര്‍ക്കുന്നു. എന്നാല്‍ ആ വാക്കുകള്‍ നൂറു ശതമാനവും നടപ്പിലാക്കനുള്ളതാണെന്നു ആര്‍ക്കും പറയാനാവുമായിരുന്നില്ല, ഒരാള്‍ക്കൊഴിച്ച്- അതയാള്‍ ചെയ്യുകയും ചെയ്തു. 1964 ഒക്റ്റൊബര്‍ പത്തിന് പ്രഭാതത്തില്‍ തന്റെ കിടപ്പുമുറിയില്‍ ആത്മഹത്യ ചെയ്ത രീതിയില്‍ കാണപ്പെടുമ്പോള്‍ ഇന്ത്യന്‍ സിനിമ കണ്ട ഒറ്റയാന്‍ പ്രതിഭക്ക് 39 വയസ്സായിരുന്നു പ്രായം.

ഗുരുദത്തിന്റെ അന്ത്യ ദിനത്തെ കുറിച്ചുള്ള ഓര്‍മ്മകളില്‍ നിന്ന് പുസ്തകം 1953-ല്‍ അബ്രാര്‍ അലവി ആദ്യമായി ഗുരുദത്തിനെ കണ്ട സന്ദര്‍ഭത്തിലേക്ക് പോകുന്നു. ഗുരു ദത്തിന്റെ സഹായി രാജ് ഖോസ് ല, തിരുത്തിയെഴുതിക്കൊണ്ടിരുന്ന സ്ക്രിപ്റ്റില്‍ അബ്രാറിന്റെ അഭിപ്രായം ചോദിച്ചതിനു നല്‍കിയ പ്രതികരണം 'അധികം സംസാരിക്കാത്ത' സംവിധായക നടന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അബ്രാറിന്റെ കസിന്‍ യശ്വന്തിലൂടെ ഒരു കൂടിക്കാഴ്ച ആവശ്യപ്പെട്ട ഗുരു ദത്ത് ആദ്യ ദിനം തന്നെ ഗുരു ദത്ത് ഫിലിംസിന് വേണ്ടി എഴുതുക എന്ന ജോലി തന്നെക്കാള്‍ രണ്ടു വയസ്സിനു മാത്രം ഇളപ്പമായിരുന്ന യുവാവിനെ ഏല്‍പ്പിക്കുകയായിരുന്നു. അന്ന് തുടങ്ങിയ കൂട്ടുകെട്ടിലാണ് തുടര്‍ന്ന് ആര്‍ പാര്‍, മിസ്റ്റര്‍ & മിസ്സിസ് '55, പ്യാസ, കാഗസ് കെ ഫൂള്‍, ചൌദവീന്‍ ക ചാന്ദ്, സാഹിബ്‌ ബീബി ഔര്‍ ഗുലാം തുടങ്ങിയ ക്ലാസ്സിക്കുകള്‍ പിറന്നത്‌, ഇക്കൂട്ടത്തില്‍ ഒടുവിലത്തേതാകട്ടെ സംവിധാനവും അബ്രാര്‍ തന്നെയായിരുന്നു.

ഓര്‍മ്മകള്‍, ഓര്‍മ്മകള്‍
അബ്രാര്‍ യാദൃശ്ചികമായി പരിചയപ്പെടാനിടയായ ഗുലാബോ എന്ന ലൈംഗികത്തൊഴിലാളി സ്ത്രീയുമായുമായി പിന്നുട് വളര്‍ന്നുവന്ന വിവരണാതീതമായ ഒരു ബന്ധമാണ് പ്യാസയില്‍ വഹീദ റഹ്മാന്‍ അവതരിപ്പിച്ച ഗുലാബോ എന്ന നെടും തൂണ്‍ കഥാപാത്രമായത്‌. ദുരന്തത്തില്‍ അവസാനിച്ച ഗുലാബോയുടെ ജീവിതം അവര്‍ കാണിച്ച സ്നേഹവും പരിഗണനയും തിരിച്ചു കൊടുക്കാനാവാത്തതിന്റെ കുറ്റബോധമായി അദ്ദേഹത്തെ എന്നും വേട്ടയാടിയിരുന്നു. അബ്രാര്‍ കോളേജ് കാലത്ത് എഴുതിയ എ മോഡേന്‍ മാര്യേജ് എന്ന നാടകവും ഗുരു ദത്തിന്റെ നിര്‍ദ്ദേശപ്രകാരം കൂട്ടിച്ചേര്‍ത്ത ജെയിംസ് സ്റ്റുവര്‍ട്ട് - ഹെഡി ലാമാര്‍ കോമഡി 'കം ലിവ് വിത്ത്‌ മി'-യുടെ സ്വാധീനവും ചേര്‍ന്നാണ് മിസ്റ്റര്‍ & മിസ്സിസ് '55 രൂപം പ്രാപിച്ചത്. ആര്‍ പാറിന്റെ ക്ലൈമാക്സ് ഗുരു ദത്ത് ഇടപെട്ട് തിരുത്തിയതിനെ കുറിച്ച് അബ്രാറിനു വിയിജിപ്പുണ്ടായിരുന്നു. കാഗസ് കെ ഫൂല്‍ സിനിമാ സ്കോപ്പില്‍ ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ അതിനുള്ള പ്രദര്‍ശന സൗകര്യം അക്കാലത്ത് തുലോം വിരളമാണെന്ന തിരിച്ചറിവ് ഒരേ സമയം 35- എം. എം. പ്രിന്റും അനിവാര്യമാണെന്ന സ്ഥിതി വരുത്തി. തുടര്‍ന്ന് ഇരു ഫോര്‍മാറ്റിലും ചിത്രീകരിക്കാന്‍ ആവശ്യമായ ലെന്‍സ്‌ തേടി പാരീസിലേക്ക്‌ പോയതിനെ കുറിച്ചും അവിടെ ചെലവഴിച്ച ഉല്ലാസ വേളകളെ കുറിച്ചും അബ്രാര്‍ ഓര്‍ക്കുന്നുണ്ട്.

വൈയക്തികമായ ഓര്‍മ്മകള്‍ വേറെയും ഒട്ടേറെയുണ്ട് പുസ്തകത്തില്‍. തന്റെ ആദ്യ കാമുകിക്ക് എഴുതിയ നൂറു കണക്കിന് പ്രേമ ലേഖനങ്ങള്‍ സുഹൃത്തുക്കള്‍ക്ക് യഥേഷ്ടം കോപ്പി ചെയ്യാനുള്ള പ്രഭവമായതും എഴുത്തിന്റെ ക്രാഫ്റ്റ് അവയിലൂടെ പഠിച്ചെടുത്തതും തന്റെ മുറിയില്‍ ഒളിവു ജീവിതം നയിച്ച എ. ബി. ബര്‍ദന്‍ തന്നില്‍ ഒരു മികച്ച എഴുത്ത്കാരനെ ദീര്‍ഘ ദര്‍ശനം ചെയ്തതും അവ പ്രസിദ്ധീകരിക്കാന്‍ ആവശ്യപ്പെട്ടതും അബ്രാര്‍ ഓര്‍ക്കുന്നുണ്ട്. കസിന്‍ യശ്വന്തിനോടൊപ്പം ഗുരു ദത്തിന്റെ സ്റ്റുഡിയോയിലെത്തിയതും രാജ് ഖോസ് ലയുമായി ആദ്യം ചങ്ങാത്തത്തിലും പിന്നീട് അഭിപ്രായ വ്യത്യാസത്തിലും ആയതും തുടര്‍ന്ന് ഗുരു ദത്ത് രാജിന് മേലെ തന്നെ തെരഞ്ഞെടുത്തതും തുടര്‍ന്ന് ഒരാഴ്ചക്കാലം ഗുരുദത്തിനെ താമസ്ഥലത്ത് എഴുത്തില്‍ പരീക്ഷണാര്‍ത്ഥം ഫലത്തില്‍ താനറിയാതെ ബന്ദിയായതും അബ്രാര്‍ വിവരിക്കുന്നു. ഗുരു ദത്ത് തന്നെയും രാജ് ഖോസ് ലയെയും ചിലപ്പോഴൊക്കെ 'ശത്രുക്കളായി ആരുമില്ലാത്ത' ജോണി വാക്കറെയും പരസ്പരം കൊമ്പു കോര്‍പ്പിക്കുമായിരുന്നതും മദ്യത്തില്‍ മുങ്ങി മരിച്ച പിതാവിന്റെ ഓര്‍മ്മയില്‍ ഒരിക്കലും മദ്യപിക്കില്ലെന്നു സ്വയം ശപഥം ചെയ്ത തനി ശുദ്ധന്‍ മഹമൂദിനെ നിര്‍ദ്ധോഷമായി കുരങ്ങു കളിപ്പിക്കുമായിരുന്നതും ബര്‍മ്മന്‍ ദാ (എസ്. ഡി. ബര്‍മ്മന്‍)യുടെ പിശുക്കിനെ കുറിച്ചും എന്തും വിശ്വസിക്കുന്ന ശുദ്ധഗതി ഉപയോഗിച്ച് അദ്ദേഹത്തെ ചുറ്റിക്കുമായിരുന്നതും നുറുങ്ങുകഥകളില്‍ ഉണ്ട്. ഇന്‍ഡോ ചീനാ യുദ്ധകാലത്ത് സ്വതേ വെളുത്തു ചുവന്നിരുന്ന ബര്‍മ്മന്‍ ദായോട് 'നിങ്ങളെ കണ്ടാല്‍ ചൈനാക്കാരെ പോലെയുണ്ട്, സൂക്ഷിക്കണം, ആളുകള്‍ ഉപദ്രവിച്ചേക്കും' എന്ന് ഭയപ്പെടുത്തിയതും അദ്ദേഹം ആകെ പേടിച്ചതും പോലുള്ള കഥകളുണ്ട്. സാഹിബ് ബീബി ഔര്‍ ഗുലാം ചിത്രീകരണത്തിന്റെ ചൂടില്‍ മറ്റെല്ലാം മറന്നു മുഴുകിയിരുന്ന അബ്രാര്‍, സെറ്റില്‍ മീനാ കുമാരിയെ കാണാനെത്തിയ രാജ് കപൂറിനെ അവഗണിച്ചതും അതൊരു വന്‍ തെറ്റിദ്ധാരണക്ക് ഇടയാക്കിയതും വിവരിക്കുന്നുണ്ട്. മാപ്പ് ചോദിച്ചെങ്കിലും, ചിത്രത്തിന്‍റെ പ്രിമിയറിനു വരാമെന്നേറ്റിട്ടും രാജ് വരാതിരുന്നത് ആ ഓര്‍മ്മയില്‍ തന്നെയാവണം. മിസ്റ്റര്‍ & മിസ്സിസ് '55-ന്റെ ചിത്രീകരണത്തിനിടെ കോമഡി രംഗങ്ങള്‍ ചെയ്യാനുള്ള മധുബാലയുടെ അനന്യസാധാരണമായ കഴിവും അപാരമായ ടൈമിങ്ങും കണ്ടെത്തിയതും അതൊരു സഹോദര തുല്യമായ സൌഹൃദമായി വളര്‍ന്നതും അബ്രാര്‍ ഓര്‍ക്കുന്നു. തന്റെ സൗന്ദര്യത്തിനു മറ്റുള്ളവര്‍ക്ക് മേലുള്ള സ്വാധീനവും താരമൂല്യവും നന്നായി മനസ്സിലാക്കിയിരുന്ന മധുബാല താന്‍ ഉള്‍പ്പെടുന്ന രംഗങ്ങളില്‍ മറ്റാരും തന്നോളം ശ്രദ്ധ നേടാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു എന്ന് അബ്രാര്‍ സൂചിപ്പിക്കുന്നുണ്ട്. സഹ അഭിനേത്രികളുടെ കാര്യത്തില്‍ അനുപമ സൌന്ദര്യമുള്ള ആ ചിരി ഒരു വജ്ജ്രായുധമായി അവര്‍ ഉപയോഗിക്കുമായിരുന്നു എന്ന് അദ്ദേഹം കരുതുന്നു. തനിക്കു സംവിധാനം ചെയ്യാനായി ഒരു സ്ക്രിപ്റ്റ് എഴുതണമെന്നു ആവശ്യപ്പെട്ട മധുബാല അതിനു തികച്ചും ആകര്‍ഷണീമായ ഒരു കഥയും പറഞ്ഞുകൊടുത്തു അബ്രാറിനെ വിസ്മയിപ്പിച്ചിരുന്നു. കാഗസ് കു ഫൂലിന്റെ സാമ്പാത്തിക തകര്‍ച്ചക്ക് ശേഷം പ്രതിസന്ധിയില്‍ ആയ ഗുരു ദത്ത് തന്നെയും മറ്റൊരു വരുമാന മാര്‍ഗ്ഗമായി പുറത്തൊരു കരാര്‍ ഏറ്റെടുക്കാന്‍ പ്രേരിപ്പിച്ച ഘട്ടത്തില്‍ അബ്രാര്‍ അത് തുടങ്ങിയെങ്കിലും മുന്നോട്ടു പോകാന്‍ കഴിയാത്ത വിധം മധുബാല അപ്പോഴേക്കും രോഗഗ്രസ്തയായിക്കഴിഞ്ഞിരുന്നു. പ്യാസയില്‍ നിന്ന് ദിലീപ് കുമാര്‍ പിന്‍ മാറിയതിനു പിന്നില്‍ മറ്റു കാരണങ്ങളോടൊപ്പം മധുബാലയെ കാസ്റ്റ് ചെയ്യാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹത്തിനും പങ്കുണ്ടായിരുന്നുവെന്നു അബ്രാര്‍ സൂചിപ്പിക്കുന്നുണ്ട്.

ഗുരുദത്ത്- വഹീദ ബന്ധം

ഗുരു ദത്തും വഹീദ റഹ്മാനുമായുള്ള ബന്ധത്തിന്റെ ഗതിവിഗതികള്‍ ഒരു ഘട്ടത്തിലും ഒളിഞ്ഞു നോട്ടത്തിന്റെ അധമസ്വഭാവമില്ലാതെ തന്നെ അബ്രാര്‍ വിവരിക്കുന്നുണ്ട്. വിചിത്രമായ ഒരാകസ്മികതയില്‍ ഒരു കാര്‍ യാത്രക്കിടെ ഒരു പോത്തുമായി കൂട്ടിയിടിക്കുകയും കാര്‍ കേടാവുകയും ചെയ്തതിനെ തുടര്‍ന്ന് ഹൈദരാബാദ് നഗരത്തില്‍ ഏതാനും ദിവസം കുരുങ്ങിപ്പോയ ഘട്ടത്തില്‍ നേരം പോക്കിനായി കണ്ട തെലുങ്കു സിനിമയില്‍ നര്‍ത്തകിയായി അരങ്ങേറിയ കൊച്ചു സുന്ദരി ആദ്യം ഗുരു ദത്തിനെ അത്രയൊന്നും ആകര്‍ഷിക്കുകയുണ്ടായില്ല. എന്നാല്‍, ഗീതാ ദത്തുമായുള്ള ബന്ധം വഷളായിത്തുടങ്ങിയ ഘട്ടത്തില്‍, രാത്രി സൌഹൃദങ്ങളില്‍ ഇണകളെ വെച്ചുമാറുക പോലും ചെയ്തുവന്ന, തനിക്കൊരിക്കലും അംഗീകരിക്കാനാവാത്ത കുത്തഴിഞ്ഞ എലീറ്റ് സൊസൈറ്റി രീതികള്‍ക്ക് കടക വിരുദ്ധമായ ഒതുങ്ങിയ ശാലീന സ്വഭാവ വിശേഷങ്ങളുള്ള കൊലുന്നു സുന്ദരിയില്‍ തനിക്കു നഷ്ടമായതെന്തോ അത് അങ്ങേയറ്റം തരള ഹൃദയനും കൂടിയായ ഗുരു ദത്ത് കണ്ടെത്തുകയായിരുന്നു. വഹീദയെ ഏതാണ്ട് പൂര്‍ണ്ണമായും തന്റെ ചിറകിനടിയില്‍ സംരക്ഷിക്കുകയെന്ന ഒരു തരം സ്വന്തമാക്കല്‍- സംരക്ഷണ മനോഭാവം ഗുരു ദത്തില്‍ ശക്തമായത് ചിലപ്പോഴെങ്കിലും ദോഷം ചെയ്തുവെന്ന് അബ്രാര്‍ കരുതുന്നു. സാഹിബ് ബീബിയിലെ ജബാമയിയുടെ വേഷത്തില്‍ അവര്‍ മിസ്‌ കാസ്റ്റ് ആയിരുന്നെന്നും മധുബാലയെ പോലെ 'സ്പൊണ്ടേനിയസ്' ആയ ഒരു അഭിനേത്രിയാണ് ആ വേഷത്തിന് വേണ്ടിയിരുന്നതെന്നും അബ്രാര്‍ വിശ്വസിക്കുന്നു. ഗുരു ദത്ത് ആവട്ടെ, തന്റെ ചിത്രങ്ങളിലെല്ലാം വഹീദയുടെ ഭാഗങ്ങള്‍ നന്നായി പൊലിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. പ്യാസയിലെ ഗുലാബോ തന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നായി വഹീദ കരുതുന്നു.

ഗീതയുമായുള്ള ഗുരു ദത്തിന്റെ ബന്ധം ഒരിക്കലും യോജിക്കാനാവാത്ത രണ്ടു വ്യക്തിത്വങ്ങള്‍ക്കിടയില്‍ സ്വാഭാവികത്തകര്‍ച്ചക്ക് വിധേയമാകേണ്ട ഒന്നായിരുന്നെങ്കില്‍ ഗുരു ദത്ത്- വഹീദ ബന്ധം നൈസര്‍ഗ്ഗിക യോജിപ്പുള്ളതാണെന്ന് സുഹൃത്തുക്കള്‍ കരുതി. അതില്‍ കന്‍മഷമുള്ള ഒന്നുമില്ലായിരുന്നെന്നു മാത്രമല്ല; ഒരു പക്ഷെ തികച്ചും പ്ലേറ്റൊനിക് ആയിരുന്നു എന്ന് പോലും അബ്രാര്‍ കരുതുന്നു. അതേ കുറിച്ച് നിറം പിടിപ്പിച്ച കഥകള്‍ കേള്‍ക്കാനിടയായ ഗീതാ ദത്ത് നടത്തിയ ചില നീക്കങ്ങളാണ് അന്തിമമായി, ഏറ്റവും ദുരന്ത പൂര്‍ണ്ണവും ആയ രീതിയില്‍, ഗുരുദത്ത്- വഹീദ ബന്ധം അവസാനിപ്പിച്ചതും ഒരു പക്ഷെ ഗുരു ദത്തിന്റെ സ്വയം വരിച്ച അന്ത്യത്തിന് കാരണമായതും. ഒരു പക്ഷെ കുഞ്ഞിനെയോര്‍ത്ത് അദ്ദേഹം ഒരവസാന ശ്രമം നടത്തുകയായിരുന്നു എല്ലാം കൈവിട്ടു പോകാതിരിക്കാന്‍. എന്നാല്‍ അത് വഹീദയെ ഒരു നിലയില്ലാക്കയത്തില്‍ എറിഞ്ഞത് പോലെയായി. അവര്‍ക്ക് വേറെ വഴിയില്ലായിരുന്നു. ഒരഭിനേത്രിയെന്ന രീതിയില്‍ മറ്റു ബാനറുകളില്‍ ഇടം കണ്ടെത്താന്‍ ശ്രമിച്ച വഹീദ ഗുരു ദത്തിന്റെ നഷ്ട ബോധത്തെ ഒന്ന് കൂടി രൂക്ഷമാക്കിയിരിക്കണം.

സാഹിബ് ബീബി ഔര്‍ ഗുലാമും ഗുരു ദത്തിന്റെ നിഴലും
ബംഗാള്‍ പശ്ചാത്തലത്തോടുള്ള ഗുരു ദത്തിന്റെ ഇഷ്ടം സാഹിബ് ബിബിയുടെ ചലച്ചിത്ര രൂപാവിഷ്കാരത്തിനുള്ള പ്രേരണയില്‍ നിര്‍ണ്ണായകമായിരുന്നു. എന്നാല്‍, പുസ്തകത്തില്‍ തീര്‍ത്തും വ്യക്തമാക്കിയിട്ടില്ലാത്ത കാരണങ്ങളാല്‍ - അത് കാഗസ് കെ ഫൂല്‍ പോലൊരു സ്വപ്ന ചിത്രത്തിന്‍റെ പരാജയവുമായി ബന്ധപ്പെട്ടതാണെന്ന് പൊതു ധാരണയുണ്ട്- സംവിധാന രംഗത്ത് നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിച്ച ഗുരു ദത്ത് തന്നെയാണ് അബ്രാറിനെ നിര്‍ബന്ധപൂര്‍വ്വം ആ ചുമതല ഏല്‍പ്പിച്ചത്. ചിത്രീകരണ ഘട്ടത്തില്‍ ട്രാജിക്ക് കഥാപാത്രങ്ങള്‍ക്ക് മീനാ കുമാരി പകര്‍ന്നു നല്‍കിയ ആഴം അവരുടെ കഴിവിനെ മറ്റാരും ഉപയോഗിച്ചിട്ടില്ലാത്ത രീതിയില്‍ ചൂഷണം ചെയ്യന്നതിനു അബ്രാറിനെ പ്രേരിപ്പിച്ചു. മറ്റു ചിത്രങ്ങളില്‍ നൂതനും മാലാ സിന്‍ഹയുമെല്ലാം അബ്രാര്‍ ആവശ്യപ്പെട്ട വിട്ടുവീഴ്ചയില്ലാത്ത പ്രകടനങ്ങള്‍ നല്‍കുന്നതില്‍ വിയര്‍ത്തു പോയെങ്കില്‍ മീനാ കുമാരി തന്റെ സിദ്ധികള്‍ കടഞ്ഞെടുക്കാന്‍ കഴിയുന്ന മികച്ച സംവിധായകനെയാണ് അബ്രാറില്‍ കണ്ടത്. മീനാ കുമാരിക്ക് ജീവിതം ദുസ്സഹമായിരുന്നത് അബ്രാര്‍ വിവരിക്കുന്നുണ്ട്. സംശയാലുവായിരുന്ന ഭര്‍ത്താവ് കമാല്‍ അംറോഹി മാത്രമല്ല, നിഴല്‍ പോലെ കൂടെ നില്‍ക്കാന്‍ നിയുക്തനായ മാനേജര്‍ പോലും അവരെ കണ്ണില്‍ ചോരയില്ലാതെ പ്രഹരിക്കുമായിരുന്നതും കൂടെ നില്‍ക്കെണ്ടവരെല്ലാം ചൂഷണം ചെയ്തു ഒന്നുമില്ലാത്തവളും ദാരിദ്രയും ആയി ഭക്ഷണത്തിനു വേണ്ടിപോലും തന്റെ ഭാര്യയെ അഭയം തേടുമായിരുന്നതും നിസ്വയും അനാഥയുമായി മരിക്കേണ്ടി വന്നതും അബ്രാര്‍ ഓര്‍ക്കുന്നു. അറം പറ്റിയ ഒരു പരകായപ്രവേശ മായി ചോട്ടി ബഹുവിനെ പോലെ മദ്യത്തില്‍ മുങ്ങി മരിക്കുകയായിരുന്നു ഇന്ത്യയുടെ 'ട്രാജഡി ക്വീന്‍'.
സാഹിബ് ബീബി ഔര്‍ ഗുലാമുമാമായി ബന്ധപ്പെട്ടു പൊതു ബോധത്തിലുള്ള ധാരണ അബ്രാറിനെ ഏറെ വേദനിപ്പിച്ചിട്ടുണ്ട്. ചിത്രത്തിന് വേണ്ട അനുകല്പ്പനയും രചനയും നടത്തിയതും ഒരോ രംഗവും ഏറെ ചിട്ടയോടെ രൂപപ്പെടുത്തിയതും അക്ഷരാര്‍ഥത്തില്‍ സംവിധാന ചുമതല നിര്‍വ്വഹിച്ചതും അബ്രാര്‍ ആയിരുന്നു എന്നിരിക്കെ, ഗാന രംഗങ്ങള്‍ മാത്രം ചിത്രീകരിച്ച ഗുരു ദത്തിന്റെ ഒരു ഡമ്മി മാത്രമായിരുന്നു താന്‍ എന്ന പ്രചാരണം അരനൂട്ടാണ്ടിനിപ്പുറവും നില നില്‍ക്കുന്നതില്‍ അദ്ദേഹം ഏറെ ഖിന്നനായിരുന്നു. സത്യത്തില്‍ വര്‍ഷങ്ങളോളം ഗുരു ദത്തുമായി സഹകരിച്ചയാള്‍ എന്ന നിലയില്‍ ആ മാസ്റ്റര്‍ ടച്ച് തന്നെ സ്വാധീനിച്ചിരിക്കാം എന്നതിനപ്പുറം അബ്രാറിന്റെ കഠിനാധ്വാനം തന്നെയാണ് ഒരു ക്ലാസ്സിക് ആയി പരിണമിച്ചത്‌. ഗുരു ദത്തിന്റെ സ്വന്തം വാക്കുകള്‍ മാത്രമല്ല, വഹീദ റഹ്മാനെ പോലെ നേരിട്ട് ഭാഗഭാക്കുകളായവര്‍ തന്നെയും സാക്ഷ്യപ്പെടുത്തിയിട്ടും തുടരുന്ന തെറ്റിദ്ധാരണയില്‍ അദ്ദേഹത്തിന്റെ വിഷമം സ്വാഭാവികവുമാണ്. അബ്രാറിന്റെ ഓര്‍മ്മകളില്‍ നീറ്റലുണ്ടാക്കുന്ന വിഷയങ്ങളില്‍ തന്റെ സുഹൃത്തും വഴികാട്ടിയുമായിരുന്ന ചലച്ചിത്രകാരന്റെ വ്യര്‍ത്ഥ ദുരന്തത്തോളം തന്നെ പ്രധാനമായിട്ടുള്ളത് എന്നും ആ മഹാ സാന്നിധ്യത്തിന്റെ നിഴലില്‍ പെട്ടുപോയത് കാരണം തന്റെ ഏറ്റവും മികച്ച സൃഷ്ടിയുടെ പോലും കര്‍തൃത്വം സാമൂഹിക ബോധ്യങ്ങളില്‍ വകവെച്ചു കിട്ടാതെ പോയതിന്റെ നൈരാശ്യമാണ്. പുസ്തകം പുറത്തുവരുന്നത്‌ കാലം തന്നോട് കാണിച്ച നെറികേടിന് ചെറിയ തോതിലെങ്കിലും പരിഹാരമാവും എന്ന് അബ്രാര്‍ വിശ്വസിച്ചിരുന്നു. അതെന്തായാലും, അത്തരമൊരു തിരിച്ചുപിടിക്കലിനു കാത്തിരിക്കയായിരുന്നു എന്ന വിധം, പുസ്തകം പുറത്തിറങ്ങിയ അടുത്ത വര്‍ഷം, 2009 നവമ്പര്‍ ഒമ്പതിന് അദ്ദേഹം അന്തരിച്ചു എന്നത് ചരിത്രം.
(ദൃശ്യതാളം, ഏപ്രില്‍ 2018)