Featured Post

Showing posts with label History. Show all posts
Showing posts with label History. Show all posts

Wednesday, April 15, 2026

Kurumulaku Manametturangunna Farovamar by Muzafer Ahammad

 ഉറങ്ങുന്ന ഫറോവമാരും ഉണരുന്ന ചരിത്രവും




യാത്രകൾ കേവലം ഭൂപടത്തിലൂടെയുള്ള സഞ്ചാരങ്ങളല്ല, മറിച്ച് അവ കാലത്തിനും സംസ്കാരങ്ങൾക്കും മുകളിലൂടെയുള്ള പര്യവേഷണങ്ങളാണ്. മുസഫർ അഹമ്മദിന്റെ കൃതികള്‍ അത്തരം പര്യവേഷണങ്ങളുടെ മികച്ച മാതൃകകളാണ്. 'കുരുമുളകു മണമേറ്റുറങ്ങുന്ന ഫറോവമാർ' എന്ന പുതിയ കൃതി, തലക്കെട്ട് സൂചിപ്പിക്കുന്നതുപോലെ, ഈജിപ്ഷ്യൻ ഫറോവമാരുടെ മമ്മികൾക്കുള്ളിൽ കണ്ടെത്തിയ കേരളത്തിന്റെ കുരുമുളകുതരികളെ ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഒരു ട്രാൻസ് നാഷണൽ ബന്ധത്തിന്റെ സുഗന്ധമുള്ള ഓർമ്മപ്പെടുത്തലായി കണ്ടെടുക്കുന്നു. കേവലം സ്മാരകങ്ങളെയും ചരിത്ര ശേഷിപ്പുകളെയും വർണിക്കുന്ന ഒരു ടൂറിസ്റ്റ് വിവരണത്തിനപ്പുറം, ഈ കൃതി ഒരു പ്രതി-ആഖ്യാനം (Counter-narrative) ആയി മാറുന്നുണ്ട്. ഔദ്യോഗിക ചരിത്രരേഖകൾ മറച്ചുപിടിക്കുന്ന സാധാരണക്കാരുടെ ജീവിതത്തെയും, ഭരണകൂടങ്ങൾ നിർമ്മിച്ചെടുക്കുന്ന പ്രതാപങ്ങൾക്കിടയിലെ പട്ടിണിയെയും പുസ്തകം സൂക്ഷ്മമായി നിരീക്ഷിക്കുന്നു. നാഗിബ് മെഹ്ഫൂസിനെപ്പോലെയുള്ള സാഹിത്യ പ്രതിഭകളിലൂടെയും, മുസിരിസ് പാപ്പിറസ്സിലൂടെയും, സമകാലിക രാഷ്ട്രീയ യാഥാർത്ഥ്യങ്ങളിലൂടെയും കടന്നുപോകുന്ന ഈ യാത്രാവിവരണം, കേരളത്തെയും ഈജിപ്തിനെയും ഒരു ട്രാൻസ് കൾച്ചറൽ സംവാദത്തിൽ വിളക്കിച്ചേർക്കുന്നു. ചരിത്രം, രാഷ്ട്രീയം, ലിംഗപദവി, സാഹിത്യം തുടങ്ങി ബഹുമുഖ മാനങ്ങളിലൂടെ ഈജിപ്തിനെ പുനർവായിക്കുന്ന ഒരു സാംസ്കാരിക ഭൂപടമായി പ്രസ്തുത കൃതിയെ പരിഗണിക്കുകയാണ് ഇവിടെ.

മുസഫറിന്റെ ഈജിപ്ഷ്യൻ യാത്ര ആരംഭിക്കുന്നത് പൂർത്തിയാകാത്ത ഒരു സാംസ്കാരിക നിയോഗത്തിന്റെ വേദനയിൽ നിന്നാണ്. വിഖ്യാത അറബ്-ഇംഗ്ലീഷ് വിവർത്തകൻ ഡെനിസ് ജോൺസൺ ഡേവിസ്, നാഗിബ് മെഹ്ഫൂസിനെ നേരിൽ കാണാൻ അവസരമൊരുക്കിയിട്ടും അത് സാധിക്കാതെ പോയതിന്റെ നഷ്ടബോധം കാൽ നൂറ്റാണ്ടിനിപ്പുറം ഈ സഞ്ചാരമായി പരിണമിക്കുന്നു. 2006 -ല്‍ മെഹ് ഫൂസിന്റെയും, 2017-ല്‍ ഡെനിസിന്റെയും വിയോഗങ്ങള്‍ അതൊരു തീരാനഷ്ടമായി അവശേഷിപ്പിച്ചു. എന്നാൽ വ്യക്തിപരമായ ഈ വേദനയ്ക്കൊപ്പം, ഡെനിസ് ജോൺസന്റെ രാഷ്ട്രീയമായ ദീർഘവീക്ഷണവും ഗ്രന്ഥകാരനെ സ്വാധീനിക്കുന്നു. അറബ് വസന്ത വേളയിൽ ലോകം ആവേശഭരിതമായിരുന്നപ്പോൾ, മുസ്‍ലിം ബ്രദർഹുഡിന്റെ ഇടപെടൽ ആ വിപ്ലവത്തെ എങ്ങനെ വഴിതെറ്റിക്കുമെന്നും അത് ഒടുവിൽ ഒരു പട്ടാള ഭരണകൂടത്തിൽ ചെന്നുനിൽക്കുമെന്നും ഡെനിസ് മുൻകൂട്ടി കണ്ടിരുന്നു. തഹ്‌രീർ സ്ക്വയറിൽ നിൽക്കുമ്പോൾ ഡെനിസിന്റെ ഈ വാക്കുകൾ യാഥാർത്ഥ്യമായത് ഗ്രന്ഥകാരൻ കാണുന്നു. ഈ സാംസ്കാരിക രാഷ്ട്രീയ ബോധ്യങ്ങളിൽ നിന്നുകൊണ്ടാണ് പുസ്തകത്തിന്റെ തലക്കെട്ട് സൂചിപ്പിക്കുന്നത് പോലെ, കുരുമുളകു മണക്കുന്ന ആ പുരാതനമായ കേരള-ഈജിപ്ത് ബന്ധങ്ങളിലേക്ക് ഗ്രന്ഥകാരൻ തന്റെ അന്വേഷണങ്ങൾ വ്യാപിപ്പിക്കുന്നത്.

മുസിരിസ് പാപ്പിറസ് മുതൽ നൈൽ ജലതർക്കങ്ങൾ വരെ

https://www.fazalrahman.com/essays/article/kurumulaku-manametturangunna-farovamar


Sunday, March 16, 2025

The Eye of the Serpent: An Introduction to Tamil Cinema by S. Theodore Baskaran.

സര്‍പ്പദൃഷ്ടി: തമിഴ് സിനിമയുടെ ചരിത്രപുസ്തകം



തമിഴ് ചലച്ചിത്ര ശാഖ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും പഴക്കമുള്ളതും ശക്തവുമായ ഒന്നാണ്. ബോംബെ, കല്‍ക്കത്ത എന്നിവിടങ്ങളില്‍ സിനിമാ നിര്‍മ്മാണം ആരംഭിച്ച ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ മദ്രാസ് കേന്ദ്രിതമായും സിനിമാ നിര്‍മ്മാണവും പ്രദര്‍ശനവും ആരംഭിച്ചു. എന്നാല്‍, ചലച്ചിത്ര പഠനം ഗൌരവ പൂര്‍ണ്ണമായ ഒരു അന്വേഷണമായിത്തീര്‍ന്നത്‌ ഏറെ വൈകിയാണ്. തിയഡോര്‍ ഭാസ്കര്‍ രചിച്ച The Eye of the Serpent: An introduction to Tamil Cinema എന്ന പുസ്തകം ഈ വിഷയത്തില്‍ പ്രഥമ പരിഗണന അര്‍ഹിക്കുന്ന ഒന്നാണ്. തമിഴ് സിനിമയുടെ ഉത്ഭവം, വികാസം, പരിണാമങ്ങള്‍, സ്വാധീനങ്ങള്‍, അതിന്റെ ശ്രദ്ധേയമായ ഘടകങ്ങള്‍, സാമൂഹിക രാഷ്ട്രീയ സാംസ്കാരിക മാനങ്ങള്‍ തുടങ്ങിയവയെ കുറിച്ച് പുസ്തകം സമഗ്രമായി അന്വേഷിക്കുന്നു.

തുടക്കം, നിശ്ശബ്ദ സിനിമ

ലൂമിയര്‍ സഹോദരന്മാര്‍ തങ്ങളുടെ ആദ്യചിത്രം പാരീസില്‍ അവതരിപ്പിച്ചു വെറും രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ വിക്റ്റോറിയ പബ്ലിക് ഹാളില്‍ എം എഡ്വാര്‍ഡ് എന്ന ഇംഗ്ലീഷുകാരന്‍ തന്റെ ‘കിനെമാസ്കൊപ്പ്’ യന്ത്രത്തിലൂടെ സിനിമയെന്ന പുത്തന്‍ അത്ഭുതം മദ്രാസിനു പരിചയപ്പെടുത്തി. അതൊരു സാംസ്കാരിക മഹാപ്രതിഭാസം (cultural colossus) ആയി വളരുമെന്നും അതിലൊരു വന്‍ സാമ്പത്തിക സാധ്യതയുണ്ട് എന്നും ദീര്‍ഘദര്‍ശനം ചെയ്ത വാര്‍ വിക്ക് മേജര്‍ എന്ന മറ്റൊരു ഇംഗ്ലീഷുകാരന്‍ മൌണ്ട് റോഡില്‍ ആരംഭിച്ച ‘ഇലക്ട്രിക്‌ തിയേറ്റര്‍’ ദക്ഷിണേന്ത്യയിലെ ആദ്യത്തെ സിനിമാ ശാലയായിത്തീര്‍ന്നു. ആര്‍. വെങ്കയ്യ മൌണ്ട് റോഡില്‍ തുടങ്ങിയ സ്റ്റുഡിയോ പ്രോജക്റ്ററില്‍ ബന്ധിക്കാവുന്ന ‘ക്രോണോമെഗാഫോണ്‍’ ഇറക്കുമതി ചെയ്തത്, തത്സമയ ശബ്ദമിശ്രണത്തിന്റെ ആദിരൂപമായി. അമേരിക്കന്‍, ബ്രിട്ടീഷ് ഷോര്‍ട്ട് ഫിലിമുകള്‍ മാത്രം ലഭ്യമായിരുന്ന കാലത്ത് ടി.എച്ച്. ഹഫ് ടണ്‍ എന്ന മറ്റൊരു ഇംഗ്ലീഷുകാരന്‍ സ്ഥാപിച്ച ‘പെനിന്‍സുലാര്‍ ഫിലിം സര്‍വീസസ്’ ആദ്യമായി പ്രാദേശിക പ്രേക്ഷകര്‍ക്കായുള്ള ചില ഷോര്‍ട്ട് ഫിലിമുകള്‍ നിര്‍മ്മിച്ചു. എന്നാല്‍, വൈകാതെത്തന്നെ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ‘ഡ്രാമ ഫിലിം’ ചിത്രങ്ങള്‍, മുഖ്യമായും അമേരിക്കയില്‍ നിന്ന് തന്നെ, വന്നു തുടങ്ങിയത് ജനപ്രിയ സിനിമയെന്ന മാധ്യമത്തെ അന്തിമമായി സ്ഥാപിക്കുന്നതിലൂടെ സിനിമാ ചരിത്രത്തിലെ നാഴികക്കല്ലായിത്തീര്‍ന്നു. 1912 മുതല്‍ ബോംബെയില്‍ നിന്നുള്ള ഫീച്ചര്‍ ചിത്രങ്ങളും എത്തിത്തുടങ്ങിയതോടെ ഷോര്‍ട്ട് ഫിലിം കാലം അവസാനിച്ചു.

1916-ല്‍ ആര്‍. നടരാജ മുതലിയാരും എസ്. എം. ധര്‍മ്മലിംഗ മുതലിയാരും ചേര്‍ന്ന് സ്ഥാപിച്ച ഇന്ത്യ ഫിലിം കമ്പനി ദക്ഷിണേന്ത്യയിലെ ആദ്യ സ്റ്റുഡിയോ ആയിത്തീര്‍ന്നു. സുഗുണ വിലാസ് സഭയെന്ന നാടക ട്രൂപ്പില്‍ നിന്ന് രംഗവടിവേലുവെന്ന നടനെ നിയോഗിച്ച് അഭിനേതാക്കളെ പരിശീലിപ്പിച്ച കമ്പനി മുപ്പത്തിയഞ്ചു നാളുകള്‍ കൊണ്ട് ദക്ഷിണേന്ത്യയില്‍ നിര്‍മ്മിച്ച ആദ്യ ഫീച്ചര്‍ ഫിലിം ‘കീചക വധം’ റിലീസ് ചെയ്തു. ..............

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/the-eye-of-the-serpent-an-introduction-to-tamil-cinema-by-s-theodore-baskaran

 

Sunday, August 25, 2024

The Anatomy of Hate by Laul Revati

പൗരത്വംകൊണ്ടു മുറിവേറ്റവര്‍

(ഗുജറാത്ത് വംശഹത്യയിലെ കൊലയാളി സംഘങ്ങളില്‍ സജീവമായിരുന്ന വ്യക്തികളുടെ മാനസിക വ്യാപാരങ്ങളെ കുറിച്ചുള്ള അന്വേഷണമാണ് രേവതി ലോല്‍ എഴുതിയ The Ananatomy of Hate.)

വംശഹത്യാനന്തര സാഹിതീയ, സാമൂഹികാന്വേഷണങ്ങള്‍ ഒട്ടുമിക്കപ്പോഴും ഇരകളുടെയും ഫാസിസ്റ്റ് വിരുദ്ധ വിമര്‍ശകരുടെയും ആഖ്യാനങ്ങളായി ഭവിക്കുന്നത് നിസ്സഹായതയോട് രോഷപൂര്‍വ്വം ഐക്യപ്പെടാനുള്ള സ്വാഭാവിക മാനുഷിക ചോദനയുടെ നിദര്‍ശനമാകാം. എന്നാല്‍ ഒരു മുന്നറിയിപ്പു കഥയോ ഓര്‍മ്മപ്പെടുത്തലോ ആയി അത്തരം ആഖ്യാനങ്ങള്‍ക്ക് ചരിത്ര ദൌത്യം നിറവേറ്റാനാകുക ഒരു വേള, കൊലയാളികളുടെ മനസ്സുകള്‍ അനാവരണം ചെയ്യുമ്പോഴും അവരെങ്ങനെ അത്തരക്കാരായി എന്നു വിശദീകരിക്കാന്‍ കഴിയുമ്പോഴും ആയിരിക്കും. ഈ അര്‍ത്ഥത്തില്‍ ഏറെ പ്രസക്തമാണ് രേവതി ലോല്‍ എഴുതിയ ‘വെറുപ്പിന്റെ ഘടനാശാസ്ത്രം എന്ന പുതിയ പുസ്തകം. ഗുജറാത്ത് വംശഹത്യയില്‍ അതി നീചമായ മാനുഷിക വിരുദ്ധതകളില്‍ ആറാടിയ മൂന്നു വ്യക്തികളുടെ കഥകളിലൂടെ വെറുപ്പിന്റെ തത്വശാസ്ത്രം മനുഷ്യനെ എന്താക്കി മാറ്റുന്നു എന്ന അന്വേഷണമാണ് എഴുത്തുകാരി നടത്തുന്നത്.

ജാതിയും മതവും ലിംഗപദവിയും പരിഷ്കൃതസമൂഹത്തിനു ചേരാത്ത  പൈശാചങ്ങള്‍ തുടലഴിക്കപ്പെടുന്നതിനുള്ള വിവേചക ഘടകങ്ങളായി പ്രവര്‍ത്തിക്കുന്ന രീതി ഇന്ത്യന്‍ ചരിത്രത്തിന്റെ ചിരകാല പ്രകൃതമാണ്. ദളിതനും മുസ്ലിമും സ്ത്രീയും ആദിവാസിയും ഇരസ്ഥാനീയരായ ഈ കുറ്റകൃത്യങ്ങള്‍ അതില്‍ മുഴുകുന്നവരെ മുഖമില്ലാത്ത ആള്‍ക്കൂട്ടമാക്കി മാറ്റുമ്പോള്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ അതിനു ദാര്‍ശനിക കാര്‍മ്മികത്വം നല്‍കുന്നത് സഹസ്രാബ്ധങ്ങളുടെ പാരമ്പര്യ വിശേഷം പറയുന്ന സാംസ്കാരിക പൈതൃകമെന്നു പ്രച്ഛന്നപ്പെടുന്ന സവര്‍ണ്ണ രാഷ്ട്രീയമാണ് എന്നിടത്താണ് അതിന്റെ യഥാര്‍ത്ഥ ഭീകരത. നിസ്സഹായരായ ഇരകള്‍ക്കുമേല്‍ നൈമിഷികമായി സ്ഥാപിച്ചെടുക്കുന്ന വേട്ടക്കാരന്റെ ഔദ്ധത്തില്‍ പരമ്പരാഗതമായി തങ്ങളുടെ ജീനുകളില്‍ അലിഞ്ഞു ചേര്‍ന്ന സവര്‍ണ്ണ വിധേയത്വവും ജാതിയപകര്‍ഷവും ഒരു ഞൊടി മറികടക്കാനുള്ള അവസരമാണ് വെറും ചട്ടുകങ്ങള്‍ ആയി ഉപയോഗിക്കപ്പെടുന്ന ആള്‍ക്കൂട്ടത്തിന്റെ തുണ്ടുകള്‍ക്ക് ലഭിക്കുന്നത്. അതവരെ ലഹരിപിടിപ്പിക്കുന്ന അധികാരപ്രയോഗമായി മാറുന്നതാണ് ഗര്‍ഭിണിയുടെ വയര്‍ കുത്തിത്തുറക്കാനും ഭ്രൂണത്തെ ശൂലത്തില്‍ തറക്കാനും കഴിയും വിധം അവരെ അധമരാക്കുന്നത്; ഒപ്പം ‘യുദ്ധമുതല്‍ പങ്കുവെക്കാന്‍ കിട്ടുന്ന ഗോത്ര ലാഭവും. എന്നാല്‍, ഈ ആള്‍ക്കൂട്ട ഖണ്ഡങ്ങളെ ഒറ്റക്കൊറ്റക്കെടുത്താല്‍ അവരും മനുഷ്യരാണെന്നും സ്വജീവിതത്തില്‍ സ്വപ്നങ്ങളും മോഹഭംഗങ്ങളും പ്രണയങ്ങളും നൈരാശ്യങ്ങളും അടയാളപ്പെടുത്തുന്ന വ്യക്തികള്‍ തന്നെയാണെന്നും കണ്ടെത്താനാകും.

2002ലെ ഗുജറാത്ത് കലാപത്തിനു ശേഷം പതിനാലു വര്‍ഷമെടുത്തു നൂറോളം പുരുഷന്മാരെ (പുരുഷന്മാര്‍ എന്നത് സുപ്രധാനം തന്നെയാണ്) അഭിമുഖം നടത്തിയും പലരെയും ദീര്‍ഘകാലം പിന്തുടര്‍ന്നും തങ്ങളുടെ കഥയും പാപങ്ങളും ഏറ്റുപറയാന്‍ തയ്യാറുള്ളവരെ മുഖ്യമായും ആശ്രയിച്ചും തയ്യാറാക്കിയ പുസ്തകം, ഒടുവില്‍, മൂന്നു പേരുടെ കഥയിലാണ് ഫോക്കസ് ചെയ്യുന്നത്. കലാപ നാളുകളില്‍ കൂട്ടുകാരോടൊപ്പം ഹോസ്റ്റലില്‍ നിന്നിറങ്ങി മുസ്ലിം കടകള്‍ കൊള്ളയടിക്കുകയും വിലകൂടിയ ഷൂസ്, വസ്ത്രങ്ങള്‍ തുടങ്ങിയവ ശേഖരിക്കുകയും ചെയ്യുന്ന പ്രണവ് എന്ന കോളേജ് വിദ്യാര്‍ഥി, തന്റെ പ്രവൃത്തിയില്‍ യാതൊരു വിധ കുറ്റബോധമോ നൈതിക ചിന്തയോ കൂടാതെ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം അനുഭവിക്കുന്നത് വിചിത്രമായി തോന്നാം. ഉന്നത ജാതിയില്‍ പെട്ട പ്രണവിനു ദാരിദ്ര്യത്തിന്റെയോ ആവശ്യത്തിന്റെയോ പ്രശ്നമൊന്നുമില്ല. ഉള്ളത് തീര്‍ത്തും അപരവല്‍ക്കരിക്കപ്പെട്ട ഒരു വിഭാഗത്തെ വീട്ടുകാരോട് റിബല്‍ ചെയ്തു കഴിയുന്ന തന്റെ സാഹസങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനുള്ള അവസരം മാത്രം. വീട്ടുകാരോടുള്ള എതിര്‍പ്പിന്റെ ഭാഗമായിത്തന്നെ കലാപ ബാധിതരെ സഹായിക്കുന്ന ഒരു എന്‍.ജി.ഓ.  യുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുന്നതാണ് അയാളുടെ നിലപാടുകളില്‍ വഴിത്തിരിവാകുക. അന്താരാഷ്‌ട്ര സഹായങ്ങള്‍പോലും അധികാര കേന്ദ്രങ്ങളുടെ ഇടപെടലുകള്‍ക്ക് വിധേയമായിരുന്നു എന്നും ഇരകള്‍ക്കിടയില്‍ പോലും വിവേചന പൂര്‍വ്വമായാണ് അവ എത്തിയതെന്നും അയാള്‍ കണ്ടു. താന്‍ അതുവരെ മനസ്സിലാക്കി വെച്ചിരുന്ന ജാതി, വര്‍ഗ്ഗധാരണകളുടെ അബദ്ധങ്ങള്‍ കണ്‍മുന്നില്‍ തെളിഞ്ഞുവന്നത് അയാളുടെ മനോനിലയെ തന്നെ ഉലക്കുന്നുണ്ട്‌. എന്നാല്‍ ഇന്നയാള്‍ തീര്‍ത്തും പരിണമിച്ച ഒരു മനുഷ്യനാണ്. ജനിക്കുന്ന ജാതിയോ മതമോ ആരുടേയും തെരഞ്ഞെടുപ്പിനനുസരിച്ചല്ല എന്നിരിക്കെ, നമുക്ക് ലഭ്യമല്ലാത്ത തെരഞ്ഞെടുപ്പുകളെ അടിസ്ഥാനപ്പെടുത്തിയുള്ള സംഘര്‍ഷങ്ങള്‍ അസംബന്ധമാണെന്ന് അയാള്‍ എല്ലാവരോടും പറഞ്ഞുകൊണ്ടിരിക്കുന്നു.

ഭീല്‍ ഗോത്രത്തില്‍ പെട്ട ആദിവാസിയായ ദുംഗാറിനെ വിശ്വഹിന്ദു പരിഷത്തില്‍ എത്തിക്കുന്നത് അതയാള്‍ക്ക് നല്‍കാനിടയുള്ള അധികാരവും അന്തസ്സുമെന്ന സങ്കല്‍പ്പമാണ്. ആദിവാസികള്‍ക്കിടയിലെ മദ്യവര്‍ജ്ജനം പോലുള്ള മുദ്രാവാക്യങ്ങള്‍ പരിഷത്തിന് നല്‍കിയ വിശ്വാസ്യതയും അയാളെ സ്വാധീനിച്ചു. രാമായണം സീരിയലിലൂടെ വര്‍ഗ്ഗീയതയില്‍ വയസ്സറിയിച്ച ദുംഗാര്‍, ‘നിങ്ങള്‍ക്ക് ഒരു ദിവസം മാത്രം. മുസ്ലിംകളെ ചുട്ടുകൊല്ലുക എന്ന ആഹ്വാനം അയല്‍വാസികളായ പതിമൂന്നു കൊടുംബങ്ങളുടെ വീടുകള്‍ തീവെച്ചും അവരെ ഗ്രാമത്തില്‍ നിന്ന് തുരത്തിയും കൃത്യതയോടെ അനുസരിച്ചു. ഒരര്‍ത്ഥത്തില്‍ തങ്ങളുടെ ജനതയെ തോല്‍പ്പിച്ച സമൂഹത്തെ അതിന്റെ തന്നെ ആയുധങ്ങളിലൂടെ നേരിടുകയെന്ന വര്‍ഗ്ഗയുക്തി കുയുക്തിയായിത്തീരുന്നതിന്റെ ഉദാഹരണമാണ് ദുംഗാര്‍. ദളിത്‌ റിക്രൂട്ടുകളെ കൊല്ലിനും കൊലക്കും ഉപകരണമാക്കുകയെന്ന ഹിന്ദുത്വ തന്ത്രത്തിനു അച്ചെട്ടായിരുന്നു അയാള്‍. തീവെപ്പില്‍ ശ്രദ്ധ കേന്ദ്രീകരിച്ച അയാളുടെ കണക്കില്‍ കൊലകള്‍ ഇല്ലെന്ന വസ്തുത പുസ്തകം എടുത്തുപറയുന്നുണ്ട്. കലാപാനന്തരം ഒരൊന്നാന്തരം രാഷ്ട്രീയ തന്ത്രശാലിയായിത്തീര്‍ന്ന ദുംഗാര്‍, താന്‍ തന്നെ നശിപ്പിച്ച വീടുകളുടെ പുനര്‍ നിര്‍മ്മാണം ഏറ്റെടുക്കുകയും കൂടുതല്‍ മികച്ച മേച്ചില്‍പ്പുറം കോണ്‍ഗ്രസ് ആണെന്ന തിരിച്ചറിവില്‍ പാര്‍ട്ടി മാറുകയും ചെയ്യുന്നുണ്ട്.

വംശഹത്യയിലെ ഏറ്റവും ഭീകര മുഖമായിരുന്ന അഹ്മദാബാദിലെ നരോദാപാട്യക്കടുത്തു ചാരാനഗറില്‍ നിന്നുള്ള സുരേഷ് ലാങ്ങ്ദോ, താന്‍ ബലാല്‍ക്കാരം ചെയ്തു ചതച്ചു കൊന്ന മുസ്ലിം സ്ത്രീകളെ കുറിച്ച് താന്‍പോരിമയോടെ വീമ്പിളക്കുമ്പോഴും ഫര്‍സാനയെന്ന തന്റെ മുസ്ലിം ഭാര്യയോടു പ്രണയത്തിലായിരുന്നു. അയാളാണ് ആ കുപ്രസിദ്ധമായ ഭ്രൂണഹത്യ അരങ്ങേറുക. തസ്കര ഗോത്ര പാരമ്പര്യത്തില്‍ ജനിച്ച ലാങ്ങ്ദോ തങ്ങളുടെ സമൂഹത്തെ ഭ്രഷ്ടരാക്കിയ വ്യവസ്ഥിതിയോട് കലഹിക്കുക കൂടിയായിരുന്നു. കുടുംബ കലഹം പതിവായ അന്തരീക്ഷത്തില്‍, തന്നെ ഒരിക്കലും അംഗീകരിച്ചിട്ടില്ലാത്ത പിതാവിന്റെ അവഗണന അനുഭവിച്ചു വളര്‍ന്ന യുവാവ് ഉള്ളിലെ കുറ്റവാളി ജീനുകളെ അതിവേഗം കണ്ടെടുക്കുകയായിരുന്നിരിക്കണം. ജുഗുപ്സാവഹമായ ക്രൂരതയോടെ ബലാല്‍ക്കാരവും കൊലയും നടത്തിയതിനു ശേഷം നാറുന്ന വസ്ത്രങ്ങളുമായി തിരികെയെത്തുകയും ഒന്നു കഴുകിക്കളയുക പോലും ചെയ്യാതെ ഫര്‍സാനയെ പ്രാപിക്കുകയും ചെയ്യുന്ന അയാള്‍ മനുഷ്യനെന്ന നിലയിലുള്ള പതനത്തിന്റെ ആഴമളക്കുകയാണ്. സഹോദരി മുസ്ലിം യുവാവിനെ വിവാഹം ചെയ്തതിനുള്ള പ്രതികാരമായാണ് പ്രായം തികഞ്ഞിട്ടില്ലാത്ത ഫര്‍സാനയെ അയാള്‍ വന്‍കോളിളക്കം സൃഷ്ടിച്ചു വിവാഹം ചെയ്തതും. എന്നാല്‍ പ്രണയത്തിന്റെ നിമിഷങ്ങള്‍ സ്വയം നിയന്ത്രിക്കാനാവാത്ത വിധം അയാളില്‍ ഇടയ്ക്കിടെ പ്രവര്‍ത്തിക്കുന്നത് മാനുഷികതയുടെ വൈചിത്ര്യമാണ്. അയാള്‍ നടത്തുന്ന ഏറ്റുപറച്ചിലാണ്, ഒടുവില്‍, മായ കോട്നാനി വരെ നീളുന്ന വെളിപ്പെടുത്തലിലെത്തുക; അതൊന്നും എങ്ങുമെത്തിയില്ലെന്നത് വേറെ വസ്തുതയാണെങ്കിലും.

മാതാവിന്റെ ഉടലിലേക്ക് അവരുടുത്ത പോളിയെസ്റ്റര്‍ സാരിയില്‍ ഉരുകിയുറഞ്ഞു പോയ അഫ്രീന്‍ ബാനുവിന്റെയും ഷഹീന്‍ ബാനുവിന്റെയും മൃതദേഹങ്ങള്‍ പോലെ, ശൂലത്തില്‍ തറക്കപ്പെട്ട ഭ്രൂണം പോലെ, ഉപേക്ഷിക്കപ്പെട്ട സൈക്കിള്‍ ചക്രത്തില്‍ കോര്‍ത്തുവെക്കപ്പെട്ട ഉടലില്ലാത്ത ശിരസ്സുപോലെ വംശഹത്യയുടെ സ്ഥൂലചിത്രങ്ങള്‍ നല്‍കുന്ന പാഠങ്ങള്‍ക്കപ്പുറം സൂക്ഷ്മമായ മാനവിതയുടെ അപചയ ചിത്രങ്ങളാണ് പ്രശസ്തയായ ടിവി, മാധ്യമ ജേണലിസ്റ്റായ എഴുത്തുകാരി ഒട്ടേറെ ഭീഷണികള്‍ക്ക് നടുവില്‍, പേരുകള്‍ സാങ്കല്‍പ്പികമെങ്കിലും, വസ്തുതകളില്‍ മായം ചേര്‍ക്കാതെ  ആഖ്യാനം ചെയ്തു വെക്കുന്നത്.

read more:

The Gypsy Goddess by Meena Kandasamy

https://alittlesomethings.blogspot.com/2024/08/the-gypsy-goddess-by-meena-kandasamy.html

A Burning by Megha Majumdar

https://alittlesomethings.blogspot.com/2024/08/a-burning-by-megha-majumdar.html

Traitor / Ghaddaar by Krishan Chander

https://alittlesomethings.blogspot.com/2024/07/traitor-ghaddaar-by-krishan-chander.html

Bitter Wormwood by Easterine Kire

https://alittlesomethings.blogspot.com/2024/08/bitter-wormwood-by-easterine-kire.html

Militant Buddhism: The Rise of Religious Violence in Sri Lanka, Myanmar and Thailand by Peter Lehr

https://alittlesomethings.blogspot.com/2024/08/militant-buddhism-rise-of-religious.html

Friday, August 23, 2024

Militant Buddhism: The Rise of Religious Violence in Sri Lanka, Myanmar and Thailand by Peter Lehr

 രക്തസ്നാതനായ ബുദ്ധന്‍

(അഹിംസയുടെയും സമാധാനത്തിന്റെയും മതമായി മനസ്സിലാക്കപ്പെട്ട ബുദ്ധ ദര്‍ശനം എങ്ങനെയാണ് യുദ്ധോദ്യുക്തതയുടെ പ്രഭവമായിത്തീരുന്നത് എന്ന് നിരീക്ഷിക്കുന്ന പുസ്തകമാണ് പീറ്റര്‍ ലെഹര്‍ എഴുതിയ ‘Militant Buddhism: The Rise of Religious Violence in Sri Lanka, Myanmar and Thailand.’)

പിറുപിറുക്കലുകള്‍ വിളക്കിന്റെ വെളിച്ചത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്ന പാറ്റകളെ എന്ന പോലെ ചിറകടിക്കുന്നു“കൊളംബോയില്‍ അവര്‍ തമിഴരെ കൊല്ലുകയാണ്.” കൂരിരുട്ടില്‍ നിന്ന് ഒരു മറുപടി“ഇതൊരു ബുദ്ധമത രാജ്യമാണ്. അത്തരം കാര്യങ്ങള്‍ ഇവിടെ സംഭവിക്കാന്‍ പാടില്ല.”

-(Island of A Thousand Mirrors – Nayomi Munaweera – Page-27)

റോഡില്‍ വെച്ച് നീ ബുദ്ധനെ കണ്ടുമുട്ടിയാല്‍ അയാളെ കൊന്നുകളയുക’ എന്ന് ഉദ്ബോധിപ്പിച്ചത് ഒമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിഖ്യാത ചൈനീസ് ബുദ്ധമതാചാര്യന്‍ ലിന്‍ജി യിഹുവാന്‍ (Linji Yixuan) ആണെന്ന് കരുതപ്പെടുന്നു. പുറമേ നിന്ന് കണ്ടെത്തേണ്ട ‘ആചാര്യന്‍’ ആയല്ല ഉള്ളില്‍ തന്നെയുള്ള ആത്മപ്രകൃതമായി സാക്ഷാത്കരിക്കേണ്ടതാണ് നിന്റെ ബുദ്ധനിയോഗം എന്നാണു ഗുരു പറഞ്ഞുവെച്ചത്‌. ഈ ബോധിസത്വ സങ്കല്‍പ്പത്തില്‍ നിന്ന് ശ്രീലങ്കയിലെയും മ്യാന്മാറിലെയും തായ് ലണ്ടിലെയും യുദ്ധോദ്യുക്തരായി ചെന്നിണം പുരണ്ട വാളുകളുമായി പരേഡ് ചെയ്യുന്ന ബുദ്ധ സന്യാസിമാരിലെത്തുമ്പോള്‍ ബുദ്ധദര്‍ശനത്തെ കുറിച്ചു കേട്ടുമടുത്ത ലൗകിക വിരക്തി, അഹിംസ, ശാന്തിഭാവം തുടങ്ങിയ മൂല്യങ്ങളും ഇവരും തമ്മിലെന്ത് ചിന്തിച്ചു പോകും; രോഹിങ്ക്യന്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വിശേഷിച്ചും. എന്നാല്‍അതത്ര അസ്വാഭാവിക വികാസമായി അങ്കലാപ്പുണ്ടാക്കേണ്ടതില്ല എന്നും ‘അബ്രഹാമൈറ്റ് മതങ്ങളിലും രാഷ്ട്രീയ ഹിന്ദുത്വയിലും എന്നപോലെ അത്തരം യുദ്ധോദ്യുക്തതയുടെ അടിവേരുകള്‍ ബുദ്ധമതത്തിലും ആഴ്ന്നു കിടപ്പുണ്ടെന്നും നിരീക്ഷിക്കുന്ന പുസ്തകമാണ് പീറ്റര്‍ ലെഹര്‍ എഴുതിയ Militant Buddhism: The Rise of Religious Violence in Sri Lanka, Myanmar and Thailand.’  അശോകന്റെ ശിലാശാസനങ്ങളില്‍ തന്റെ അഹിംസാധിഷ്ടിത ബുദ്ധിസ്റ്റ് യുടോപിയയുടെ ആധാരശിലയായി രേഖപ്പെടുത്തിയ ‘ഭേരീഘോഷത്തില്‍ നിന്ന് ‘ധര്‍മ്മഘോഷത്തിലേക്കുള്ള പരിണാമം, കുരിശുയുദ്ധങ്ങള്‍ കൊണ്ടാടിയ ക്രിസ്ത്യന്‍ മൗലികവാദത്തിന്റെയും താലിബാന്‍- ഐസിസ് മോഡല്‍ സലഫിസ്റ്റ്/ ജിഹാദിസ്റ്റ് ഇസ്ലാമിന്റെയും മിലിറ്റന്റ് സയണിസത്തിന്റെയും തീവ്രവലതുപക്ഷ ഹിന്ദുത്വയുടെയും പൂര്‍വ്വസൂരിയാകാന്‍ കഴിയും വിധം ഏതാണ്ട് അതേ കാലത്ത് തന്നെ രൂപം മാറിത്തുടങ്ങിയിരുന്നുവെന്ന വസ്തുത ബി.സി. 250 കാലത്ത് പാടലീപുത്രത്തില്‍ നടന്ന മൂന്നാം ബുദ്ധമത സമ്മേളനത്തില്‍ ആരംഭിച്ച തെരവാദ (Theravada) ബുദ്ധിസത്തിന്റെ ഉത്പത്തിയില്‍ ഗ്രന്ഥകാരന്‍ കണ്ടെത്തുന്നു.

പോയ നൂറ്റാണ്ടിന്റെ രണ്ടാം പാതി നീഷിയന്‍ ദൈവമരണ പ്രഖ്യാപനത്തെ സാധൂകരിക്കുംവിധം മതാത്മകതയുടെ പ്രസക്തിയെ ഫലത്തില്‍ തിരസ്കരിച്ചപ്പോള്‍ അതിനു ‘ആള്‍ക്കൂട്ടത്തിന്റെ കറുപ്പ്’ ആകാനുള്ള കഴിവ് നഷ്ടപ്പെട്ടതായി കരുതപ്പെട്ടു. ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടാവുമ്പോഴേക്കും മതവിശ്വാസികളെ ഒരു ആഗോള മതേതര സംസ്കാരത്തെ പ്രതിരോധിക്കാനായി ഒത്തുകൂടിയ ചെറുകൂട്ടങ്ങള്‍ ആയി മാത്രമേ കാണപ്പെടാന്‍ ഇടയുള്ളൂ’ എന്നുപോലും പ്രവചിക്കപ്പെട്ടു (Peter Berger). എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ്. അങ്ങേയറ്റം രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട രൂപത്തില്‍ എല്ലാ പ്രധാനമതങ്ങളും നൂറ്റാണ്ടൊവില്‍തന്നെ ശക്തമായി തിരിച്ചെത്തി. പുതിയ നൂറ്റാണ്ട് ദൈവത്തിന്റെതായിരിക്കും (God’s Century) എന്ന് പ്രവചിക്കപ്പെട്ടു.   തെരവാദ ബുദ്ധിസ്റ്റ് പാരമ്പര്യം തുടര്‍ന്ന ദേശങ്ങളിലാകട്ടെമുമ്പുമുതലേ നിര്‍ണ്ണായക രാഷ്ട്രീയ ശക്തിയായി മതം ഇടപെട്ടതിന് ഒട്ടേറെ ഉദാഹരണങ്ങള്‍ പുസ്തകം ചൂണ്ടിക്കാണിക്കുന്നുണ്ട്. 1915 ലും അമ്പതുകള്‍ തൊട്ടു നിരന്തരമായും നടന്ന ശ്രീലങ്കന്‍- തമിഴ് സംഘഷളും ബര്‍മ്മയിലെ ബ്രിട്ടീഷ് വിരുദ്ധ കലാപങ്ങളും (1880) ഇന്‍ഡോ- ബര്‍മ്മീസ് കലാപങ്ങളും (1938) എഴുപതുകളില്‍ തായ് ലാന്‍ഡില്‍ അരങ്ങേറിയ കമ്മ്യൂണിസ്റ്റ് വിരുദ്ധ സംഘര്‍ഷങ്ങളും ഗ്രന്ഥകാരന്‍ ചൂണ്ടിക്കാട്ടുന്നു. ഈ ഹിംസാത്മകതയുടെ വേരുകള്‍ ‘കൊല്ലരുത്!’ എന്ന ശാസനയെ നിബന്ധനകളുടെ ഒഴികഴിവുകളിലേക്ക് കൂട്ടിച്ചേര്‍ത്തതിലാണ് കണ്ടെത്താനാവുക. യുദ്ധത്തെ രാജധര്‍മ്മമായിക്കണ്ട രാജാക്കന്മാരോട് അഹിംസ നിര്‍ദ്ദേശിക്കാതിരിക്കാനുള്ള യാഥാര്‍ത്ഥ്യബോധം ബുദ്ധമതം എന്നും കാണിച്ചിരുന്നുവെന്നും രാജ്യവിസ്തൃതിക്കായുള്ള യുദ്ധം വിലക്കിയപ്പോഴും പ്രതിരോധ ലക്ഷ്യത്തോടെ ആയുധമെടുക്കുന്നതിനെ തെരവാദ ബുദ്ധിസം അംഗീകരിച്ചിരുന്നുവെന്നും പുസ്തകം നിരീക്ഷിക്കുന്നു. ബുദ്ധിസം പുറമേ നിന്നുള്ള ഭീഷണി നേരിടുമ്പോള്‍ അനുവദനീയമായ ഈ ഹിംസാത്മകത, തീവ്രദേശീയതയുടെയും വംശീയമൗലികവാദ നിലപാടുകാരുടെയും മുദ്രാവാക്യങ്ങള്‍ക്ക് സാധൂകരണമായി. സൂക്ഷ്മ തലത്തില്‍ ‘ആക്രമകാരികളായ’ വ്യക്തികളും സ്ഥൂലാര്‍ത്ഥത്തില്‍ ‘അപര’ സമൂഹങ്ങളും ദേശങ്ങള്‍ തന്നെയും ഈ ‘ഭീഷണ’ സാന്നിധ്യങ്ങള്‍ ആയിത്തീരുന്നത് നിര്‍മ്മിത നരേറ്റീവുകള്‍ ധാരാളമായിരുന്നു.

ശ്രീലങ്കമ്യാന്മാര്‍തായ് ലാന്‍ഡ്‌ എന്നിവിടങ്ങളില്‍ മുസ്ലിം വിരുദ്ധ സംഘര്‍ഷങ്ങളുടെ കാരണങ്ങളും വര്‍ത്തമാന സാഹചര്യങ്ങലും പുസ്തകം വിശദമായി പരിഗണിക്കുന്നുണ്ട്. മൂന്നിടങ്ങളിലും ഉണ്ടായ സംഭവങ്ങളില്‍ ഒട്ടേറെ സമാനതകള്‍ നിരീക്ഷിക്കപ്പെടുന്നു. ദേശവും ജനതയും ബുദ്ധമതവും ആഴത്തില്‍ കൂടിച്ചേര്‍ന്നതാണ് സിംഹള സ്വത്വത്തില്‍ കാതല്‍. ശ്രീലങ്കന്‍ ജനസംഖ്യയുടെ 75 ശതമാനം വരുന്ന സിംഹള ജനതയുടെ വംശീയതയും ഭാഷയും ബുദ്ധിസവുമായിത്തന്നെ സമീകരിക്കപ്പെട്ടതോടെ അതല്ലാത്തവര്‍ ‘അപര’രായി. റോം ക്രിസ്ത്യാനിക്ക്ജറുസലേം ജൂതന്മക്ക മുസ്ലിമിന് എന്ന് പറയുന്നത് പോലെ കൊച്ചു മരതക ദ്വീപ് സിംഹള ബുദ്ധിസ്റ്റിന് എന്ന നരേറ്റീവ് സൃഷ്ടിക്കപ്പെട്ടു. ദക്ഷിണേന്ത്യന്‍ തീരത്തോടുള്ള ഭീഷണമായ അടുപ്പം പോലുള്ള ഭൂമിശാസ്ത്ര ഘടകങ്ങളെയും പാകിസ്താന്‍ പോലുള്ള മുസ്ലിം രാജ്യങ്ങളുമായി ന്യൂനപക്ഷങ്ങള്‍ക്ക് ഉണ്ടാവുമെന്നു പ്രചരിപ്പിക്കപ്പെട്ട സ്വാധീനം പോലുള്ള രാഷ്ട്രീയ ഘടകങ്ങളും മറ്റും ആധാരമാക്കി സൃഷ്ടിക്കപ്പെട്ട സാങ്കല്‍പ്പിക ന്യൂനപക്ഷ ബോധം (imaginative minority fear) ‘മുസ്ലിംകള്‍ വളര്‍ന്ന് സിംഹളര്‍ക്കൊപ്പമായാല്‍..!’ എന്ന നിര്‍മ്മിത ഭയപ്പാടായി ഈലം ഉന്മൂലാനന്തര കാലത്ത് തീവ്ര ദേശീയതയുടെ വക്താക്കളില്‍ വേരു പിടിച്ചു. ഗലഗോദ അത്തെ ജ്ഞാനസാര തെറോയുടെ (Galagoda Aththe Gnanasara Thero) ബോദു ബല സേന (Bodu Bala Sena) ഈ സ്വയം പ്രഖ്യാപിത ദേശീയതയുടെ വക്താക്കളായി. സമാനമായ ദേശീയതാ ബോധനിര്‍മ്മിതിയും മുസ്ലിം അപരവല്‍ക്കരണവും തന്നെയാണ് 88 ശതമാനവും തെരവാദ ബുദ്ധിസ്റ്റ് ഭൂരിപക്ഷമുള്ള ബര്‍മ്മയിലും പ്രയോഗിക്കപ്പെട്ടത്. ‘ബര്‍മ്മക്കാരനാവുകയെന്നാല്‍ ബുദ്ധമതാനുയായി ആവുകയെന്നാണ്’ എന്ന് കണക്കാക്കപ്പെട്ടപ്പോള്‍ നിശ്ശബ്ദ ഭൂരിപക്ഷത്തിന്റെ നിസ്സംഗതയും ന്യൂനപക്ഷ വേട്ടക്ക് സഹായകമായി. ‘നിങ്ങള്‍ക്ക് നിറയെ സ്നേഹവും കാരുണ്യവും ആവാംഎന്നാല്‍ നിങ്ങള്‍ക്കൊരു ഭ്രാന്തന്‍ നായുടെ അരികില്‍ കിടന്നുറങ്ങാനാവില്ല. നാം ദുര്‍ബ്ബലരായാല്‍ നമ്മുടെ നാട് മുസ്ലിം ദേശമാകും” എന്ന് ജനസംഖ്യയുടെ നാലര ശതമാനത്തില്‍ താഴെ മാത്രം വരുന്ന ഒരു വിഭാഗത്തെ മുന്‍നിര്‍ത്തി ആഷിന്‍ വിരാതു (Ashin Wirathu) ജല്‍പ്പനം നടത്തി. 95 ശതമാനം ബുദ്ധിസ്റ്റ് ജനസംഖ്യയായ തായ് ലാന്‍ഡില്‍ മുസ്ലിം ഭയമെന്നത്‌ തെക്കന്‍ ദേശങ്ങളില്‍ മാത്രം ഒതുങ്ങിനിന്നപ്പോഴും തീവ്രദേശീയ വാദികള്‍ യാഥാര്‍ത്ഥ്യങ്ങള്‍ ബോധപൂര്‍വ്വം തമസ്കരിക്കുന്ന ആഖ്യാനങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടേയിരിക്കുന്നു.

‘ബുദ്ധിസം ആക്രമിക്കപ്പെടുന്നു’, ‘ഇങ്ങനെ പോയാല്‍ നാം ന്യൂന പക്ഷമാകും’ തുടങ്ങിയ   വെറുപ്പിന്റെ ജല്‍പ്പനങ്ങളും തദ്ഫലമായി ഉയര്‍ന്നുവരുന്ന തീവ്ര വലതുപക്ഷ ദേശീയതയും ഭൂരിപക്ഷത്തിന്റെ നിസ്സംഗതയോട് ചേരുമ്പോള്‍ സംജാതമാകുന്ന സാഹചര്യമാണ്, ലേഖനത്തിന്റെ തുടക്കത്തില്‍ ഉദ്ധരിച്ച നോവലിലെ വാക്യങ്ങള്‍ പോലെ, ഹിംസ പകല്‍ വെട്ടത്തിലും വിവേകത്തിന്റെ സ്വരം ഇരുട്ടില്‍ മറഞ്ഞു പിറുപിറുക്കുന്നതിലും എത്തിച്ചേരുന്ന അവസ്ഥക്ക് മഹത്തായൊരു ദര്‍ശനത്തിന്റെ പിന്‍മുറക്കാര്‍ എന്നു മേനി നടിക്കുന്ന ദേശങ്ങളില്‍ പോലും നിമിത്തമാകുന്നത്.  


Read more:

The Anarchy by William Dalrymple

https://alittlesomethings.blogspot.com/2024/08/the-anarchy-by-william-dalrymple.html

The Anatomy of Hate by Laul Revati

https://alittlesomethings.blogspot.com/2024/08/the-anatomy-of-hate-by-laul-revati.html

Friday, April 20, 2018

Miral (2010) by Rula Jebreal/ Julian Schnabel


പൊള്ളും ചരിത്രത്തിന്റെ തിരക്കാഴ്ച



ഇസ്രയേല്‍ - ഫലസ്തീന്‍ സംഘര്‍ഷം കുറെയേറെ ചിത്രങ്ങള്‍ക്ക് വിഷയമായിട്ടുണ്ട്. ഇവയില്‍ പലതില്‍നിന്നും വ്യത്യസ്തമായി ചരിത്ര ഘട്ടങ്ങളിലൂടെ തന്നെയുള്ള ഫലസ്തീനിയന്‍ അനുഭവം ഏറ്റവും തീവ്രമായിത്തന്നെ കടന്നു വരുന്ന ഒന്നാണ് പലസ്തീനിയന്‍ - ഇറ്റാലിയന്‍  നോവലിസ്റ്റ്  റൂലാ ജബ്രിയെലിന്റെ ആത്മകഥാപരമായ നോവലിനെ അടിസ്ഥാനമാക്കി അവരുടെ തന്നെ തിരക്കഥയില്‍ അമേരിക്കന്‍ ചിത്രകാരനും ചലചിത്രകാരനുമായ ജൂലിയന്‍ ഷനാബെല്‍ സംവിധാനം ചെയ്ത മിറാല്‍.

1948 – ഏപ്രില്‍ മാസം . ജറുസലേമിലെ കുലീന കുടുംബാംഗമായ ഹിന്ദ്‌ ഹുസൈനി തന്റെ ജോലി സ്ഥലത്തേക്ക് പോകവേഅമ്പത്തിയഞ്ചോളം നിരാലംബരായ കുട്ടികളെ വഴിയോരത്ത് കണ്ടെത്തുകയുണ്ടായിപുതുതായി സ്ഥാപിക്കപ്പെട്ട ഇസ്രയേല്‍ ദേശത്തിന്റെ പടപ്പുറപ്പാടിന്റെ ഭാഗമായ യുദ്ധവും ബോംബു വര്‍ഷവും ഭയന്ന് വേഗം വീടുകളിലേക്ക് തിരിച്ചു പോവാന്‍ അവര്‍ ആവശ്യപ്പെട്ടെങ്കിലും അല്‍പ്പ നേരം കഴിഞ്ഞു ആ വഴി വീണ്ടും കടന്നു വരുമ്പോള്‍ കുട്ടികള്‍ അവിടെ തന്നെയുണ്ടെന്ന് അവര്‍ മനസ്സിലാക്കിപിന്നെ കൂടുതല്‍ അറിഞ്ഞുഒരു ദേശം പിറക്കുമ്പോള്‍ മറ്റൊരു ജനത അനാഥമായതിന്റെയും 'ദൈര്‍ യാസിര്‍ കൂട്ടക്കൊല'യെന്നു പലസ്തീന്‍ സംഘര്‍ഷത്തിന്റെ ചരിത്രത്തില്‍ അറിയപ്പെട്ട പടയോട്ടത്തിന്റെയും ബാക്കിപത്രമായ ആ കുട്ടികള്‍ക്ക് എങ്ങും പോവാന്‍ ഇടമില്ലെന്ന്ചെറുപ്പം മുതലേ സാമൂഹ്യ പ്രസ്ഥാനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന ഹിന്ദ്‌ അല്‍ ഹുസ്സൈനിയെ സംബന്ധിച്ച് അത് ഒരു പുതിയ തുടക്കമായിരുന്നു. 1994 സെപ്റ്റെമ്പര്‍ 14 -നു എഴുപത്തിയൊമ്പതാം വയസ്സില്‍ മരിക്കുമ്പോള്‍ പാലസ്തീനിന്റെ ഏറ്റവും ദുരിത പൂര്‍ണ്ണമായ കാലഘട്ടങ്ങളില്‍ അനാഥരായ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസ – പരിപാലന കാര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു വന്ന സ്കൂളിന്റെയും തന്റെ മുത്തച്ഛന്റെ വീടിനെ പുതുക്കിപ്പണിത് സ്ഥാപിച്ച 'ദാര്‍ അല്‍ ത്വിഫില്‍ അല്‍ അറബി' (അറബ് കുഞ്ഞുങ്ങളുടെ ഭവനംഎന്ന സ്ഥാപനത്തിന്റെയും സ്ത്രീകളുടെ ഉന്നമനത്തിനായി സ്ഥാപിച്ച ഹിന്ദ്‌ അല്‍ ഹുസൈനി വനിതാ കോളേജിന്റെയും പ്രവര്‍ത്തനത്തിന്റെ പേരില്‍ ഏറെ അംഗീകാരങ്ങളും പുരസ്കാരങ്ങളും അവരെ തേടിയെത്തിക്കഴിഞ്ഞിരുന്നു. 

അഞ്ചാം വയസ്സില്‍ അമ്മ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് ജറുസലേമിലെ അല്‍ അഖ് സ പള്ളിയിലെ ശുചീകരണക്കരനായിരുന്ന പിതാവ് തന്റെ സഹോദരി റാനിയയോടൊപ്പം ദാര്‍ അല്‍ ത്വിഫില്‍ അനാഥാലയത്തില്‍ ഹിന്ദ്‌ ഹുസൈനിയുടെ പരിചരണത്തിലേല്‍പ്പിച്ച കുട്ടിയായിരുന്നു റൂലാ ജബ്രിയേല്‍പില്‍ക്കാലത്ത് ഇറ്റാലിയന്‍ ടെലിവിഷനിലെ ആദ്യ വിദേശ വനിതാ അവതാരികയും എഴുത്തുകാരിയുമായിത്തീര്‍ന്ന റൂലായുടെ ആദ്യ നോവലാണ്‌ 'മിറാല്‍'.  എഴുത്തുകാരിയുടെ തന്നെ ആത്മകഥാംശമുള്ള നോവല്‍ ഹിന്ദ്‌ ഹുസൈനിയുടെ ജീവിത കഥ കൂടിയാണ്ഈ കൃതിയെ ആസ്പദമാക്കി എഴുത്തുകാരി തന്നെ തിരക്കഥ രചിച്ച് ജൂലിയന്‍ ഷനാബല്‍ സംവിധാനം ചെയ്ത ചിത്രമാണ് 'മിറാല്‍' (2010). വിഖ്യാദ ഇസ്രായേലി അഭിനേത്രി ഹയാം അബ്ബാസ് ('ലെമണ്‍ ട്രീ', 'ദി സിറിയന്‍ ബ്രൈഡ് ' , 'ദി വിസിറ്റര്‍') ഹിന്ദ്‌ ഹുസൈനിയെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ രചയിതാവിന്റെ അപര സ്വത്വമായ മിറാലിനെ ഫ്രീഡാ പിന്റോ (സ്ലം ഡോഗ് മില്ല്യനെയര്‍അവതരിപ്പിക്കുന്നു.

1947 ലെ ക്രിസ്മസ് ദിനത്തില്‍ അമേരിക്കന്‍ കാര്യാലയത്തില്‍ വെച്ച് ആതിഥേയ ബെര്‍ത്താ സ്പാഫോള്‍ഡ്‌ (വനെസ്സ റെഡ്ഗ്രേവ്‌ ) ഒരുക്കുന്ന വിരുന്നോടെയാണ് ചിത്രം ആരംഭിക്കുന്നത്സംഘര്‍ഷങ്ങള്‍ പുകയുന്ന സമയമാണെങ്കിലും ഈയൊരു ദിവസത്തേക്ക് അതെല്ലാം മാറ്റിവെച്ചു സ്നേഹം പങ്കിടാമെന്ന് അവര്‍ ഉല്‍ബോധിപ്പിക്കുന്നുജൂതക്രിസ്തീയഅറബ് വംശജരെല്ലാം വിരുന്നിനുണ്ട്മുഖ്യ ആകര്‍ഷണം ഹിന്ദ്‌ ഹുസൈനിയുടെ ക്രിസ്മസ് മരം തന്നെയാണ്എല്ലാ വര്‍ഷവും അവരത് കടയോടെ പുഴക്കിക്കൊണ്ട് വരികയും ക്രിസ്മസ് കഴിഞ്ഞു കേടു കൂടാതെ തോട്ടത്തില്‍ നട്ടു പിടിപ്പിക്കുകയും പതിവാണ് . ഈ രംഗം പ്രധാനമായും കൂട്ടായ്മയുടെ അന്തരീക്ഷം സമൂഹ ജീവിതത്തില്‍ എത്രമാത്രം പ്രധാനമാണെന്ന് സ്ഥാപിക്കുന്നതോടൊപ്പം ഹിന്ദ്‌ ഹുസൈനിയുടെ സമാദരണീയമായ വ്യക്തിത്വം വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്ബെര്‍ത്തയുടെ ബന്ധുവായ എഡ്ഢിയുമായി (വില്ല്യം ഡാഫോ) അവര്‍ക്ക് ചിത്രത്തില്‍ വളരെ ന്യൂനോക്തിയില്‍ സൂചിപ്പിക്കപ്പെടുന്ന ഒരാത്മ ബന്ധവും ഉരുത്തിരിയുന്നുണ്ട്ഹിന്ദ്‌ ഒരിക്കലും വിവാഹം കഴിച്ചിട്ടില്ലെന്നും 'എങ്കിലും എനിക്ക് രണ്ടായിരം മക്കളുണ്ട്എന്നും അയാളോട് പറയുന്നുണ്ട്താങ്കളുടെ ജീവിതത്തിലെ തിരക്കുകള്‍ കൂടിവരികയെ ഉള്ളൂവെങ്കിലും മറന്നു കളയരുതെന്നും ഇടക്കൊക്കെ ബന്ധപ്പെടണമെന്നും യുഎന്‍സൈനിക വിഭാഗത്തിലെ അംഗമെന്ന നിലയില്‍ ദൗത്യം കഴിഞ്ഞു തിരിച്ചുപോവുന്ന ഘട്ടത്തില്‍ വിഷാദത്തോടെ എഡ്ഢി പറയുന്നുഹിന്ദ്‌ ജീവിക്കുന്ന ജീവിതത്തിലെ മുന്‍ഗണനകള്‍ എന്തിനൊക്കെയാണെന്നു ഇതോടെ തികച്ചും വ്യക്തമാവുന്നുതുടര്‍ന്ന്ചിത്രം ഫോക്കസ് ചെയ്യുന്നത് 'ദൈര്‍ യാസിര്‍ കൂട്ടക്കൊല'യെ തുടര്‍ന്ന് അനാഥരാവുന്ന കുഞ്ഞുങ്ങളെ ഹിന്ദ്‌ കണ്ടെടുക്കുന്നതിലേക്കാണ്. 1948 ഏപ്രിലില്‍ ഉണ്ടാവുന്ന ഈ സംഭവത്തെ തുടര്‍ന്ന് ഇസ്രയേല്‍ രാഷ്ട്രം സ്ഥാപിക്കപ്പെടുന്നതോടെ ഒരു ജനത അനാഥരാവുന്നു. 

അന്തസ്സോടെയും ആത്മാഭിമാനത്തോടെയും കഴിഞ്ഞു വന്ന ഒരു സമൂഹം പെട്ടെന്ന് സ്വന്തം നാട്ടില്‍ അന്യരാവുന്നതിന്റെയും അങ്ങ് ദൂരെ ലണ്ടനില്‍ ഇരുന്നു രാഷ്ട്രീയത്തമ്പുരാക്കള്‍ നടത്തിയ കരുനീക്കങ്ങളുടെ ഫലമായി എല്ലാം നഷ്ടപ്പെട്ടു കണ്മുന്നില്‍ സ്വന്തം പാര്‍പ്പിടങ്ങള്‍ പോലും ഇടിച്ചു നിരത്തപ്പെടുന്നതിനും കുടുംബങ്ങള്‍ ചിന്നഭിന്നമാവുന്നതിനും സാക്ഷ്യംവഹിക്കേണ്ടി വന്നതിന്റെയും അവമതിയാണ് പില്‍ക്കാല ഫലസ്തീന്‍ ചെറുത്തു നില്‍പ്പുകളുടെ സ്വഭാവം നിര്‍ണ്ണയിച്ച പ്രധാന ഘടകം. സ്വാഭാവികമായും രോഷത്തിന്റെയും ആത്മബലിയുള്‍പ്പടെ ഹിംസാത്മകതയുടെയും മാനങ്ങള്‍ ആ ചെറുത്തു നില്‍പ്പുകള്‍ക്ക് കൈവന്നുചിത്രത്തില്‍ ഈ മാനസികാവസ്ഥയുടെ ആദ്യ പ്രകടിത രൂപംബസ്സില്‍ ഇസ്രായേലി സ്ത്രീയുമായി കശപിശയുണ്ടായതിനെ തുടര്‍ന്ന് ഏഴുവര്‍ഷം തടവുശിക്ഷയുമായി ജയിലിലെത്തുന്ന മിറാലിന്റെ അമ്മ നാദിയയെ ജെയിലില്‍ വെച്ച് ശുശ്രൂഷിക്കുന്ന ഫാതിമയാണ്ഒരു മികച്ച നേഴ്സ് ആയിരുന്ന ഫാത്തിമ 'ആറു ദിനയുദ്ധ'ത്തെ തുടര്‍ന്ന് മാരകമായി മുറിവേറ്റ ഫലസ്തീന്‍ പോരാളികളെ രക്ഷപ്പെടാന്‍ സഹായിച്ചിരുന്നുഇസ്രായേലി സൈനികര്‍ സിനിമ കണ്ടു കൊണ്ടിരുന്ന തിയെറ്ററിനകത്ത് ബോംബു വെക്കാന്‍ നടത്തിയ ശ്രമത്തിനിടയില്‍ പിടിക്കപ്പെട്ടാണ് അവര്‍ ജയിലിലെത്തുന്നത്തുടര്‍ച്ചയായ രണ്ടു ജീവപര്യന്തം ശിക്ഷ മൂന്നായി വര്‍ദ്ധിച്ചത് ന്യായാധിപന്‍ ആവശ്യപ്പെട്ട പ്രകാരം ഇസ്രയേല്‍ കോടതിയെ എഴുന്നേറ്റു നിന്ന് വണങ്ങാന്‍ വിസമ്മതിച്ചതിന്റെ പേരിലായിരുന്നു. 'നിനക്ക് നേരിട്ട് ബന്ധമില്ലാത്തവരെ എങ്ങനെയാണ് ബോംബ്‌ വെച്ച് കൊല്ലുക?' എന്ന നാദിയയുടെ ചോദ്യത്തിന് സൈനിക പരിശീലനം അവരെ മൃഗങ്ങള്‍ ആക്കിയിട്ടുണ്ടെന്നും താനവരെ സൈനികരായി മാത്രമാണ് കാണുന്നതെന്നും ഫാത്തിമ മറുപടി പറയുന്നു.

സ്നേഹധനനായ പിതാവിനുവേണ്ടി അവയവദാനം ചെയ്യാനൊരുങ്ങുമ്പോഴാണ് അദ്ദേഹം തന്റെ യഥാര്‍ത്ഥ അച്ഛനല്ലെന്നു മിറാല്‍ മനസ്സിലാക്കുന്നത്അമ്മക്ക് മുമ്പുണ്ടായിരുന്ന ബന്ധത്തില്‍ പിറന്നവളാണ് താനെന്നുംമദ്യത്തിന്റെ അടിമയായിരുന്ന അമ്മയെ ജയിലില്‍നിന്ന് പുറത്തുവന്നതിനുശേഷം അദ്ദേഹം ഏറ്റെടുക്കുകയായിരുന്നെന്നും അവള്‍ മനസ്സിലാക്കുന്നുഎന്ത് കൊണ്ട് തന്നോട് മുമ്പേ പറഞ്ഞില്ല എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറയുന്നത് ഇങ്ങനെയാണ്അത് പ്രധാനമായിരുന്നില്ലനീയെന്റെ മകളാണ്ആ പിതാവിന്റെ മരണത്തിന്റെ വേദന കടിച്ചിറക്കുന്ന അതേ സമയം പ്രണയം പങ്കിടുന്ന ഹാനിയുടെ കൊലയെ കുറിച്ചും അവള്‍ കേള്‍ക്കേണ്ടി വരുന്നു. പി.എല്‍.നേതൃ നിരക്കാരനായിരുന്ന ആയിരുന്ന ഹാനിഒന്നാം ഇന്‍തിഫാദയെ തുടര്‍ന്നുള്ള സാഹചര്യത്തില്‍ തെറ്റിദ്ധരിക്കപ്പെട്ടു സ്വന്തം സഹയാത്രികരായ പോരാളികളാല്‍ കൊല്ലപ്പെടുകയാണ്പിതാവും മാതൃ തുല്യയായ ഹിന്ദ്‌ ഹുസ്സൈനിയും എപ്പോഴും എന്തുകൊണ്ട് ഹിംസാത്മക മാര്‍ഗ്ഗങ്ങളെ എതിര്‍ത്തുവന്നുവെന്നു ഇത്തിരി വൈകിയാണെങ്കിലും മിറാല്‍ മനസ്സിലാക്കിത്തുടങ്ങുകയാണ്അതിനവള്‍ക്ക് ഒരൊറ്റ ദിവസത്തേക്കായിരുന്നെങ്കിലും പ്രാണന്‍ പിടയുന്ന ചമ്മട്ടിയടിയുല്‍പ്പടെ ജയില്‍ വാസം പോലും സഹിക്കേണ്ടി വരികയുംഏറ്റവും അടുത്ത കൂട്ടുകാരി ഹാദിലിന്റെ ജീവന്‍ ബലികൊടുക്കേണ്ടി വരികയും ചെയ്യുന്നുണ്ടെങ്കിലും. 

ചിത്രാന്ത്യത്തില്‍ വാര്‍ധക്യത്തിന്റെ അവശതകള്‍ ഉള്ള ഹിന്ദ്‌ തന്റെ പിന്‍ഗാമിയായി മിറാലിനെ കാണുന്നതിന്റെ സൂചനകളുണ്ട്അപ്പോഴേക്കും ഇസ്രയേല്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ശേഷിക്കുന്ന പലസ്തീന്‍ മേഖലകളില്‍ നിന്നും കുട്ടികളെ കണ്ടെത്താന്‍ പോലും കഴിയാത്ത അവസ്ഥയില്‍ പെട്ടുപോയിരിക്കുന്ന 'ദാര്‍ അല്‍ ത്വിഫില്‍ഏറെക്കുറെ ശൂന്യമായിരിക്കുന്നുഒറ്റപ്പെട്ട അവസ്ഥയില്‍ കഴിയുന്ന ഹിന്ദിനോട് വെക്കേഷന്‍ കഴിഞ്ഞു എല്ലാവരും തിരിച്ചെത്തുമെന്ന് മിറാല്‍ സമാശ്വസിപ്പിക്കുന്നുണ്ട്ഹിന്ദ്‌മിറാലിനായി ഇറ്റലിയില്‍ തുടര്‍പടനത്തിന് ഒരു സ്കോളര്‍ഷിപ്പ് ശരിയാക്കിയിട്ടുണ്ട്മിറാല്‍ യാത്ര തിരിക്കുന്നതും നമ്മള്‍ ഒടുവില്‍ കാണുന്നുണ്ട്വൈകാതെ ഹിന്ദിന്റെ മരണവും.

ഇസ്രയേല്‍ - ഫലസ്തീന്‍ സംഘര്‍ഷം കുറെയേറെ ചിത്രങ്ങള്‍ക്ക് വിഷയമായിട്ടുണ്ട്ഇവയില്‍ നിന്ന് വ്യത്യസ്തമായി ചരിത്ര ഘട്ടങ്ങളിലൂടെ തന്നെയുള്ള ഫലസ്തീനിയന്‍ അനുഭവം ഏറ്റവും തീവ്രമായിത്തന്നെ ഈ ചിത്രത്തില്‍ കടന്നു വരുന്നുസഹജീവനം സാധ്യമാവേണ്ടതിന്റെ ആവശ്യകതയും ഹിംസാത്മകതയുടെ അസംബന്ധവും ചിത്രം ഊന്നിപ്പറയുന്നുടൈറ്റില്‍ റോളില്‍ അഭിനയിക്കുന്ന ഫ്രീഡ പിന്റൊയുള്‍പ്പടെ അഭിനേതാക്കളുടെ മികച്ച പ്രകടനവും ഫലസ്തീന്‍ എന്തായിരുന്നുവെന്നും ഇപ്പോള്‍ എന്താണെന്നും ഗൃഹാതുരതയോടെ വ്യക്തമാക്കുന്ന എറിക് ഗോതിയറുടെ ഛായാഗ്രഹണവും സംവിധായകന്റെ ഉള്ളറിഞ്ഞിട്ടുണ്ട്ഓസ്കാര്‍ വേദിയില്‍ പോലും ഫലസ്തീനിനു വേണ്ടി ശബ്ദമുയര്‍ത്തിയിട്ടുള്ള വനെസ്സ റെഡ്ഗ്രേവിനെ പോലുള്ള ഒരു ഹോളിവുഡ് ഇതിഹാസതാരം ചിത്രത്തില്‍ അഭിനയിച്ചത് കേവലം പ്രൊഫഷന്‍ എന്നതിലേറെ ഒരു പ്രതിബദ്ധ പ്രവര്‍ത്തനം തന്നെയായിരുന്നുചിത്രത്തില്‍ ഷെയ്ഖ് സബാഹ് ആയി വേഷമിട്ട ജൂലിയാനൊ മീര്‍ ഖൈംസ് എന്ന യുദ്ധവിരുദ്ധ സാമൂഹ്യ പ്രവര്‍ത്തകന്‍ ചിത്രം പുറത്തിറങ്ങി ദിവസങ്ങള്‍ക്കകം ഫലസ്തീന്‍ അഭയാര്‍ഥി ക്യാമ്പില്‍ അദ്ദേഹം നിര്‍മ്മിച്ച തിയേറ്ററിനു പുറത്തു വെച്ച് വെടിയേറ്റ് കൊല്ലപ്പെട്ട ദുരന്ത ചരിത്രവുമുണ്ട്‌എല്ലാറ്റിനുമപ്പുറം ഫലസ്തീന്‍ ചരിത്രത്തിലൂടെ ജീവിച്ചു മരിക്കുന്ന ഹിന്ദ്‌ ഹുസൈനിയായി ഹയാം അബ്ബാസ് എന്ന ഇതിഹാസ താരത്തിന്റെ പ്രകടനം തന്നെയാണ് ചിത്രത്തിന്‍റെ ഏറ്റവും വലിയ ആകര്‍ഷണം.

 (പ്രതിബിംബങ്ങള്‍ പറഞ്ഞുവെക്കുന്നത്  - ലോഗോസ് ബുക്സ്‌ - പേജ് 108-111)

To purchase, contact ph.no:  8086126024

Wednesday, January 20, 2016

The Bite of the Mango by Mariatu Kamara

ഒരു കഷണം മാങ്ങയിലെ ജീവിതം



"ഞങ്ങളുടെ പാരമ്പര്യത്തില്‍ ഓരോ കഥയും പറയപ്പെടുന്നത്‌ ഒന്നുകില്‍ അറിവ് പകരാനോ, അല്ലെങ്കില്‍ തകര്‍ന്ന ബന്ധം പുനസ്ഥാപിക്കാനോ അതുമല്ലെങ്കില്‍ ശ്രോതാവിനെയോ കഥാകാരനെയോ മാറ്റിത്തീര്‍ക്കാനോ ആണ്. മരിയാത്തുവിന്റെ കഥ ഈ ഘടകങ്ങളൊക്കെയും പ്രതിനിധാനം ചെയ്യുന്നു. അത്തരം ഒരു കഥക്കായി ഞാന്‍ കാത്തിരിക്കയായിരുന്നു, മനുഷ്യ ചേതനയുടെ മുഴുവന്‍ ശക്തിയും ഉല്പതിഷ്ണുതയും ഓര്‍മ്മിപ്പിക്കുന്ന ഒന്നിന്.”
(-ഇഷ്മയില്‍ ബേയാഹ് എഴുതിയ ആമുഖത്തില്‍ നിന്ന്.)

1991 മുതല്‍ 2002 വരെ സിയറാ ലിയോണില്‍ കൊടുമ്പിരിക്കൊണ്ട കിരാതമായ ആഭ്യന്തര യുദ്ധം വിവരണാതീതമായ കെടുതികളാണ് സ്വതേ ദരിദ്രമായ ആ ആഫ്രിക്കന്‍ രാജ്യത്തിന് നല്‍കിയത്. RUF (Revolutionary United Front) സൈന്യത്തിന്റെ സായുധ കലാപകാരികള്‍ ഗ്രാമങ്ങള്‍ നശിപ്പിച്ചും കൊന്നും അംഗഭംഗം വരുത്തിയും ബലാല്‍ക്കാരം ചെയ്തും ആയിരങ്ങളെ ഒടുക്കി. ഇന്ന് ലോകത്തിലെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളില്‍ ഒന്നായ സിയറാ ലിയോണില്‍ ശരാശരി ആയുര്‍ ദൈര്‍ഘ്യം നാല്‍പ്പതു വയസ്സിലും താഴെയാണ്. ഗ്രാമപ്രദേശങ്ങളിലെ പ്രതിദിന വരുമാനം ഒരു ഡോളറിലും താഴെ. സ്കൂള്‍ വിദ്യാഭ്യാസമില്ലാത്ത കുട്ടികള്‍. സ്ത്രീകള്‍ക്ക് മാന്യമായ സ്ഥാനമുണ്ടായിരുന്ന പരമ്പരാഗത ജീവിത രീതി തകര്‍ന്നു പോയതിന്റെ വിലയൊടുക്കേണ്ടി വരുന്നത് എല്ലാതരം പീഡനങ്ങളും ഏറ്റുവാങ്ങേണ്ടി വരുന്ന സ്ത്രീസമൂഹമാണ് - ശാരീരികവും മാനസികവും ലൈംഗികവുമായി അവര്‍ നിരന്തര ചൂഷണത്തിന് വിധേയരാവുന്നു. പെണ്‍കുട്ടികള്‍ ജീവിത് നൈരാശ്യത്തിന്റെയും മാനസിക പിരിമുറുക്കങ്ങളുടെയും അടിമകളായ മുതിര്‍ന്നവരുടെ ബാലാല്‍ക്കാരങ്ങള്‍ക്കും ശൈശവ വിവാഹത്തിനും ഇരകളായിത്തീരുന്നു. ഈ പശ്ചാത്തലത്തില്‍ വായിക്കപ്പെടേണ്ട കൃതിയാണ് മരിയാത്തു കമാറയുടെ The Bite of the Mango എന്ന ആത്മകഥാ രചന.

യുദ്ധത്തിന്റെ ഇര എന്നതില്‍ നിന്ന് യൂനിസെഫിന്റെ പ്രത്യേക പ്രതിനിധി എന്നതിലേക്കുള്ള ഒരു ആഫ്രിക്കന്‍ ദരിദ്ര കൗമാരക്കാരിയുടെ യാത്രയാണ് The Bite of the Mango എന്ന ഹ്രസ്വ അനുഭവാഖ്യാന പുസ്തകം പറയുന്നത്. സിയറാ ലിയോണിലെ പ്രശാന്ത സുന്ദരമായ, നിരക്ഷരരെങ്കിലും സമാധാന പ്രിയരായ, ഇരുനൂറോളം അന്തേവാസികള്‍ മാത്രമുള്ള മാഗ്ബരോ ഗ്രാമത്തില്‍ ദരിദ്രമെങ്കിലും സ്നേഹപൂര്‍ണ്ണമായ ചുറ്റുപാടുകളില്‍ അച്ഛനമ്മമാരും കൂടപ്പിറപ്പുകളും കൂട്ടുകാരുമൊക്കെയായി സംപ്തൃപ്തമായ കൗമാരം പിന്നിടുന്ന പന്ത്രണ്ടുകാരിയുടെ ജീവിതത്തിലേക്ക് തൊണ്ണൂറുകളുടെ ഒടുവില്‍ ആഭ്യന്തര യുദ്ധത്തിന്റെ കെടുതികള്‍ കടന്നെത്തുന്നതോടെ അവള്‍ക്കെല്ലാം നഷ്ടമാകുന്നു. കലാപകാരികള്‍ നാടെങ്ങും നാശം വിതച്ചു മുന്നേറിക്കൊണ്ടിരിക്കുന്നതിന്റെ വാര്‍ത്തകള്‍ വിശ്വസിക്കാന്‍ കൂട്ടാക്കാത്ത ഗ്രാമീണര്‍ക്ക് അത് നേരില്‍ ബോധ്യമാകുക വിവരിക്കാനാവാത്ത അനുഭവങ്ങളിലൂടെയാണ്. ഒരു നാള്‍ അയല്‍ഗ്രാമത്തിലെ ബന്ധുവീട്ടിലേക്കു പോകുന്ന മരിയാത്തു അങ്ങോട്ട്‌ എത്തുന്നതേയില്ല. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടിപ്പട്ടാളക്കാരുള്ള (child soldiers) സിയറാ ലിയോണില്‍, തന്റെ പ്രായത്തിലുള്ള പടയാളികള്‍ അവളെ പിടിച്ചു കൊണ്ട് പോകുന്നു. തന്റെയും ഗോത്ര ഭാഷയായ തെംനെ സംസാരിക്കുന്ന കുട്ടിപ്പട്ടാളക്കാരോട് തന്നെ വെറുതെ വിടാന്‍ യാചിക്കുന്നത് വെറുതെയാവുന്നു. പിടിക്കപ്പെടുന്ന ഒട്ടുമുക്കാലും ഗ്രാമീണരോട് ചെയ്യുന്ന പോലെ അവര്‍ "നീ വോട്ടു ചെയ്യുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല!" എന്ന ആക്രോശത്തോടെ അവളുടെ ഇരു കൈപ്പത്തികളും വെട്ടിക്കളയുന്നു. കൊല്ലാതെ വിടുന്നത് പ്രസിഡന്റിനെ നേരില്‍ കാണ്ട് ഒരു പുതിയ കൈ വാങ്ങിക്കാനാണെന്ന് പരിഹസിക്കുന്നുമുണ്ട് അവര്‍. കഷ്ടിച്ചു ബാക്കി കിട്ടിയ ജീവനും കൊണ്ടുള്ള പാലായനത്തിനിടെ ചോരയൊലിക്കുന്ന കൈകളിലെ മുറിവുകളും കത്തിക്കാളുന്ന വിശപ്പുമായി വേച്ചു പോകുന്ന മരിയാത്തുവിന് ഒരപരിചിതന്‍ വെച്ച് നീട്ടുന്ന മാങ്ങാക്കഷണം അവളെ രണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തും: ഒന്ന് മഹാ ദുരന്തങ്ങളുടെ കുത്തൊഴുക്കുണ്ടെങ്കിലും ജീവിതം അവസാനിച്ചിട്ടില്ലെന്ന്. എന്തിന്റെയും ഗുണവശം കാണാന്‍ കഴിയണമെന്ന അമ്മ പഠിപ്പിച്ച പാഠം: ഒരു കഷണം മാങ്ങക്കും ജീവിതം തിരിച്ചു പിടിക്കാനാവും. മറ്റൊന്ന്, ചോരയിറ്റുന്ന അറ്റുപോയ കൈകള്‍ കൊണ്ട് ഭക്ഷണം കഴിക്കേണ്ടി വരുന്ന അവസ്ഥയില്‍ ഇനിയൊരിക്കലും തന്റെ ജീവിതം പഴയത് പോലെ ആവുകയില്ലെന്ന്. A Long Way Gone: Memoirs of a Boy Soldier എന്ന പ്രസിദ്ധകൃതിയുടെ രചയിതാവ് ഇഷ്മയില്‍ ബേയാഹ് 'മാങ്ങയുടെ ഒരു കഷണ'ത്തിന്റെ ആമുഖത്തില്‍ പറയുന്നത് പോലെ "അവ കൂടാതെ ജീവിക്കാന്‍ അവള്‍ പഠിക്കേണ്ടിയിരുന്നു. നിങ്ങളുടെ കടുത്ത സങ്കടത്തിന്റെ കണ്ണീര് ഒന്ന് തുടച്ചു കളയാന്‍ കഴിയാതാവുന്നത്, നിങ്ങളെ ഒന്നുയര്‍ന്നു പൊങ്ങാന്‍ സഹായിക്കും വിധം കൈകള്‍ ഇല്ലാതാവുന്നത് - അതെങ്ങനെയാവും അനുഭവപ്പെടുക?”

ECOMOG (The Economis Community of West African States Monitering Group)-ന്റെ സഹായത്തോടെ ഉറ്റവരോ ഉടയവരോ ഇല്ലാതെ മൃതപ്രായയായി അബെര്‍ദീനിലെ അഭയാര്‍ഥി ക്യാംപിലെത്തുന്ന മരിയാത്തു നീണ്ട ചികിത്സക്ക് ശേഷമാണ് സുഖം പ്രാപിക്കുന്നത്. തന്റെ ഗ്രാമം കലാപകാരികള്‍ തകര്‍ത്ത് കളഞ്ഞുവെന്നു ക്യാമ്പില്‍ വെച്ചാണ് അവള്‍ മനസ്സിലാക്കുക. ആദംസെ, ഇബ്രാഹീം, മുഹമ്മദ്‌, ഫാത് മാത്താ, അബിബാത്തു, മബിന്റി തുടങ്ങി കുടുംബാംഗങ്ങളില്‍ ചിലര്‍ അവിടെയുണ്ട്, പലര്‍ക്കും അവളെ പോലെ മുന്‍ കൈ നഷ്ടമായിട്ടുമുണ്ട്. അവരുടെ കൂടി പരിചരണത്തില്‍ സാവധാനം ജീവിതത്തിലേക്ക് തിരിച്ചു വരുന്ന കൗമാരക്കാരിയെക്കാത്ത് മറ്റൊരു പ്രഹരം കൂടിയെത്തുന്നു: അവള്‍ ഗര്‍ഭിണിയാണെന്ന തിരിച്ചറിവ്. അവള്‍ ഓര്‍ത്തെടുക്കുന്നു; കുടുംബത്തിലെ ഒരു കാരണവര്‍ അവളെ വിവാഹം ആലോചിച്ചതും കയ്യേറ്റം ചെയ്തതും. ഒരു ആണ്‍കുഞ്ഞു പിറക്കാനെന്ന അയാളുടെ ആവശ്യം അവള്‍ തള്ളിക്കളഞ്ഞതായിരുന്നു. ഈ സംഭവത്തെ 'പട്ടാളക്കാരുടെ ബാലാല്‍ക്കാരഫലം' എന്ന് കൊണ്ടാടിയ മാധ്യമ രീതി, അത്തരം മാധ്യ സംസ്കാരത്തോട് തന്നെയുള്ള പ്രതിഷേധമായി മരിയാത്തുവിന്റെ മനസ്സില്‍ അനുഭവപ്പെടും. ക്യാമ്പിലെ കുട്ടികള്‍ പകലന്തിയോളം തെരുവില്‍ ഭിക്ഷയെടുക്കുന്നതില്‍ മരിയാത്തുവും കൂടുന്നുണ്ട്. പള്ളിയില്‍ നിന്ന് വരുന്ന ആളുകളുടെ ഔദാര്യ ധാരാളിത്തം കണ്ടു പിടിച്ചു അവള്‍ കൊള്ളാവുന്ന വരുമാനം കണ്ടെത്തുന്നു. വേണ്ടാതെ കിട്ടിയ കുഞ്ഞായത് കൊണ്ട് അബ്ദുലിനെ അവള്‍ക്കു സ്നേഹിക്കാന്‍ കഴിയാതാവുമ്പോള്‍ ക്യാമ്പിലെ മറ്റു സ്ത്രീകള്‍ ആ ചുമതല ഏറ്റെടുക്കുന്നു. എന്നാല്‍ കുഞ്ഞിനെയുമെടുത്ത് ഭിക്ഷാടനം നടത്തുന്നത് കൂടുതല്‍ ലാഭകരമാണെന്ന് അവള്‍ കണ്ടെത്തുന്നു. അസുഖം ബാധിച്ചു കുഞ്ഞു മരിക്കുന്നതോടെ തന്റെ സ്നേഹ രാഹിത്യമാണ് അവനെ കൊന്നു കളഞ്ഞതെന്നു അവളില്‍ കുറ്റബോധം നിറയുന്നു.

ഫ്രീടൌണിലെ തെരുവുകളില്‍ ഭിക്ഷ യാചിക്കുന്ന കൌമാരക്കാരിയായ അമ്മയുടെയും കുഞ്ഞിന്റെയും കഥ വാര്‍ത്തകളില്‍ നിറയുന്നതോടെ അവളെ തേടി സഹായഹസ്തങ്ങള്‍ എത്തുന്നു. രേഖകളുടെ ആവശ്യത്തിനും മറ്റുമായി ജനത്തീയതിയും മറ്റു വ്യക്തിപരമായ 'വിവര'ങ്ങളും ഓര്‍മ്മയിലുള്ള നുറുങ്ങുകള്‍ കൂട്ടിച്ചേര്‍ത്ത് ഗണിച്ചുണ്ടാക്കേണ്ടി വരുന്ന അവസ്ഥ ആഫ്രിക്കന്‍ യാഥാര്‍ത്ഥ്യത്തിന്റെ പരിച്ചേതം തന്നെയാണ്.അങ്ങനെയാണ് അവള്‍ ആദ്യം ഇംഗ്ലണ്ടിലേക്കും പിന്നീട് കാനഡയിലേക്കും ചേക്കേറുക. ടൊറെന്റോയില്‍ അവള്‍ ഇംഗ്ലീഷ്‌ ഭാഷാ പഠനത്തോടൊപ്പം കോളേജ്‌ വിദ്യാഭ്യാസവും നേടുന്നു. അവിടെ വെച്ചാണ് അവള്‍ യൂണിസെഫ്‌ പ്രതിനിധിയായിത്തീരുക.

ലളിതമായ ഭാഷയില്‍ രചിക്കപ്പെട്ട പുസ്തകം, മുതിര്‍ന്ന കൌമാരക്കാര്‍ക്ക് പ്രത്യേകം ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുണ്ട്. ഗ്രാമ ജീവിതത്തിന്റെയും സൗഹൃദങ്ങളുടെയും ഭാഗങ്ങള്‍ ഏറെ ചാരുതയോടെ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. 'ബോണ്ടോ സീക്രട്ട് സൊസൈറ്റി' എന്ന്‍ പേരിട്ട പെണ്‍ ചേലാകര്‍മ്മം പോലുള്ള ഗോത്രാചാരങ്ങളും ചോരയിറ്റുന്ന കൈകളുമായി കാട്ടിലൂടെ പാലായനം ചെയ്യവേ, പൂര്‍വ്വികരുടെ ആത്മാക്കളായ സര്‍പ്പങ്ങളുമായി മുഖാമുഖം നടത്തുന്നതും ബാലാല്‍ക്കാരത്തിലൂടെ തന്നെ ഗര്‍ഭിണിയാക്കിയ, പിന്നീട് മരിച്ചു പോയ അമ്മാവന്റെ സ്വപ്ന പ്രത്യക്ഷവും പോലെ യാഥാര്‍ത്ഥ്യവും ഫാന്റസിയും ഇടകലരുന്ന ഭാഗങ്ങള്‍ ഫിക് ഷന്റെ ആകര്‍ഷണീയത ഉള്ളവയാണ്. എന്നാല്‍ ആഭ്യന്തര യുദ്ധത്തിന്റെ ഭീകര രംഗങ്ങള്‍ ബോധപൂര്‍വ്വം ഒഴിവാക്കപ്പെട്ടിട്ടുള്ളത് ശ്രദ്ധേയമാണ്. കൈകളില്ലാത്ത ജീവിതവുമായി പൊരുത്തപ്പെടുന്നതിന്റെ വര്‍ണ്ണനകളുടെ കാര്യത്തിലും ഇതേ മിതത്വം, ഒരു പക്ഷെ ഇത്തിരി പിശുക്ക്, നമുക്ക് കാണാനാവും. പ്രോസ്തെറ്റിക്‌ കൈകള്‍ ഉപയോഗിക്കുന്നതിന്റെ കാര്യത്തില്‍ ആദ്യമേ എതിര്‍പ്പ് കാണിച്ചിരുന്ന മരിയാത്തു ഒടുവില്‍ അതുമായി പൊരുത്തപ്പെട്ടുവോ എന്നതും വ്യക്തമല്ല. വ്യക്തിപരമായ കാര്യങ്ങള്‍ കൂടുതല്‍ പറയേണ്ടതില്ല എന്ന തീരുമാനവും ഒരുപക്ഷെ അവരുടെ ജീവിതത്തോടുള്ള പോസിറ്റീവ് സമീപനത്തിന്റെ ഭാഗമാകാം. പരാമൃഷ്ട കാലത്തെ സിയറാ ലിയോണിലെ ആഭ്യന്തര യുദ്ധത്തിന്റെ (1991- 2002) വസ്തുതാന്വേഷണങ്ങളും കാര്യമായി ഒന്നുമില്ല പുസ്തകത്തില്‍. അന്ന് തീരെ കുഞ്ഞായിരുന്നു മരിയാത്തു എന്നിരിക്കിലും, പുസ്തകം എഴുതപ്പെടുന്ന കാലത്ത് അവര്‍ വിദ്യാസമ്പന്നയായ യുവതിയായിരുന്നല്ലോ. ഒരു പ്രചോദക കൃതി എന്ന നിലയില്‍, ഐക്യരാഷ്ട്ര സഭയുടെ സായുധ സംഘര്‍ഷങ്ങള്‍ക്കിടയില്‍ പെട്ട കുട്ടികള്‍ക്കായുള്ള പ്രത്യേക പ്രതിനിധി (UNICEF Special Representative for Children in Armed Conflicts) ലക്‌ഷ്യം വെക്കുന്നത് ചരിത്രാഖ്യാനമല്ല, മറിച്ച് സിയറാ ലിയോണിലെ ദുരന്ത ബാധിതരിലേക്ക് ലോക ശ്രദ്ധ ക്ഷണിക്കുകയും അവര്‍ക്ക് ആവുന്നത്ര സഹായം എത്തിക്കുകയും അത് വഴി സമാനമായ ദുരിതങ്ങളിലൂടെ കടന്നു പോവുന്ന ലോകമെമ്പാടുമുള്ള കുട്ടികളോടും മറ്റിരകളോടും ഐക്യപ്പെടാനും അവര്‍ക്ക് പ്രത്യാശയുടെ പാഠങ്ങള്‍ പകര്‍ന്നു നല്‍കാനുമാണ് എന്ന് വ്യക്തം.


മരിയാത്തു കമാറയും ജേര്‍ണലിസ്റ്റ്‌ സൂസന്‍ മാക്‌ ലാന്റും തമ്മിലുള്ള അടുത്ത സഹകരണത്തിലാണ് 'മാങ്ങയുടെ ഒരു കഷണം' പിറന്നതെന്നു പുസ്തകത്തിന്റെ ആരംഭത്തില്‍ പറയുന്നുണ്ട്. മരിയാത്തു തന്റെ ഭീകരാനുഭവങ്ങളും ജീവിത വിജയത്തിന്റെ മുഹൂര്‍ത്തങ്ങളും പങ്കു വെച്ച അനേകം അഭിമുഖങ്ങള്‍ അടിസ്ഥാനമാക്കിയാണ് സൂസന്‍ കഥ പറഞ്ഞത്.

read more: