Featured Post

Saturday, August 17, 2024

Bitter Wormwood by Easterine Kire

 

സ്വാതന്ത്ര്യം കൊണ്ട് മുറിവേറ്റവര്‍

    നാഗാ ജനതയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന്റെ ചരിത്രം ഏറെയും മൂടിവെക്കപ്പെട്ട ഒന്നാണ്. 1832 -ല്‍ ബ്രിട്ടീഷ് അധീനതയിലായ നാഗാ പര്‍വ്വത നിരകളിലെ ജനത ഒരു ഘട്ടത്തിലും വരാനിരിക്കുന്ന ഇന്ത്യന്‍ യൂണിയന്റെ ഭാഗമായി തങ്ങളെ സ്വയം കാണുകയുണ്ടായിട്ടില്ല. 1929-ല്‍ തന്നെ സൈമണ്‍ കമ്മിഷനു മുമ്പാകെ ഹിന്ദുവോ മുസ്ലിമോ അല്ലാത്ത തങ്ങളെ വരാനിരിക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയ പരിഷ്കാരങ്ങളില്‍ വേറിട്ടു കാണണം എന്ന് അവര്‍ നിലപാടെടുത്തിരുന്നു. 1935-ല്‍ ഇന്ത്യ ഗവണ്മെന്‍റ് ആക്റ്റ് പാസായപ്പോള്‍ ഇത് അംഗീകരിക്കപ്പെടുകയും ആസാം നിയമ സഭയില്‍ നിന്ന് വേറിട്ട്‌ ഗവര്‍ണര്‍ ഭരണത്തില്‍ കീഴില്‍ അവര്‍ക്ക് പ്രത്യേക പദവി നല്‍കപ്പെടുകയും ചെയ്തു. 1944-ല്‍ ജപ്പാന്‍ അധിനിവേശക്കാലത്ത് നാഗാ തലവന്‍ സപൂഷിസോസുഭാഷ് ചന്ദ്ര ബോസിന്റെ സഹാകരിയായി. 1946 NNC (Naga National Council) രൂപീകൃതമാകുകയും നാഗാ ഗോത്രങ്ങളുടെ ഏകീകരണമെന്ന ലക്‌ഷ്യം മുന്നോട്ടു വെക്കുകയും ചെയ്തു. 1947-ല്‍ ഹൈദരി കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രകാരം നാഗാ പ്രദേശത്തിന് നിയമനിര്‍മ്മാണ, ജഡീഷ്യല്‍, നിര്‍വ്വാഹക അധികാരങ്ങളും പ്രദേശത്തിന്റെയും വിഭവങ്ങളുടെയും സുരക്ഷിതത്വവും ഉറപ്പു നല്കപ്പെട്ടു.  1947 ആഗസ്റ്റ്‌ 14-നു നാഗാലാണ്ട് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെങ്കിലും തൊട്ടടുത്ത ദിവസം ഗാന്ധിജിയുടെ പിന്തുണയും ഹൈദരി കമ്മിഷന്‍ ഉറപ്പുകളും കാറ്റില്‍ പറത്തി നാഗ പ്രദേശങ്ങള്‍ ഇന്ത്യയെന്ന പുതുദേശത്തിലെ ആസാം സംസ്ഥാനത്തില്‍ ഒരു ജില്ലയായി പ്രഖ്യാപിക്കപ്പെട്ടു.  99% ജനങ്ങളും സ്വാതന്ത്ര്യം ആവശ്യപ്പെട്ട 1951-ലെ ജനഹിത പരിശോധനകള്‍ തീര്‍ത്തും അവഗണിച്ചും ജനങ്ങള്‍ ഒന്നടങ്കം ബഹിഷകരിച്ച തെരഞ്ഞെടുപ്പുകളില്‍ പോലീസിനെയും പട്ടാളത്തെയും ഉപയോഗിച്ചു കൃതൃമ ജനഹിതം സൃഷ്ടിച്ചും ഇന്ത്യന്‍ സൈന്യം പില്‍ക്കാലം നാഗാ ദേശത്തു നടത്തിയ തേര്‍വാഴ്ച്ചകള്‍ ‘വടക്കന്‍ മേഖലയുടെ സഹജമായ അസ്വാസ്ഥ്യങ്ങള്‍ എന്നു പുറം ലോകം കണ്ണടച്ചു.  

    ഇന്ത്യന്‍ സൈന്യം നാഗാ ജനതയുടെ നേരെ നടത്തിവന്ന വംശഹത്യയുടെ കഥ ആദ്യമായി പുറം ലോകം അറിഞ്ഞത് ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍ ഗാവിന്‍ യംഗ് (The Daily Telegraph) 1960-ല്‍ മേഖലയിലേക്ക് നടത്തിയ സാഹസികമായ രഹസ്യ അന്വേഷണങ്ങളിലൂടെയാണ്. ഗ്രാമങ്ങള്‍ ചുട്ടെരിച്ചും പുരുഷന്മാരെ കൊന്നൊടുക്കിയും സ്ത്രീകളെ കൂട്ട ബലാല്‍ക്കാരം ചെയ്തും ചോരയില്‍ മുക്കി ഇല്ലാതാക്കാന്‍ ശ്രമിച്ച കലാപത്തില്‍ ലക്ഷങ്ങളാണ് ആഹൂതി ചെയ്യപ്പെട്ടത്. IWGIA (International Work Group for Indigenous Affairs) റിപ്പോര്‍ട്ടുകള്‍ പ്രകാരം ആസാം പോലീസ് ബറ്റാലിയന്‍മറാത്താ കണ്ടിഞ്ചെന്റ് തുടങ്ങിയ സൈനിക വിഭാഗങ്ങള്‍ നടമാടി വന്ന അത്യാചാരങ്ങള്‍ ബഹുമുഖമായിരുന്നു. “i. പരസ്യമായ തൂക്കിക്കൊല, ii. കൂട്ട ബലാല്‍ക്കാരം, iii. ലൈംഗികാവയവങ്ങള്‍ വികൃതമാക്കല്‍, iv. ഉടലും ശരീരാവയവങ്ങളും അംഗഭംഗപ്പെടുത്തല്‍, v. ഷോക്കടിപ്പിക്കല്‍, vi. കണ്ണുകള്‍ കുത്തിപ്പൊട്ടിക്കല്‍, vii. തല കീഴായ്‌ കെട്ടിത്തൂക്കല്‍, viii. പുകനിറഞ്ഞ മുറിയില്‍ തടവിലിടല്‍, ix. ഗ്രാമങ്ങള്‍ ചുട്ടെരിക്കല്‍, x. കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകള്‍, xi. നിര്‍ബന്ധിത തൊഴിലെടുപ്പിക്കലും പട്ടിണിക്കിടലും” എന്നീ രീതികള്‍  IWGIA  അക്കമിട്ടു നിരത്തുന്നു. 1971 ജൂലായ്‌-11 നു യാങ്കേലി ചര്‍ച്ചില്‍ നാലു മൈനര്‍ പെണ്‍കുട്ടികളെ മാറാത്ത കണ്ടിഞ്ചെന്റ് സൈനികര്‍ ബലാല്‍ക്കാരം ചെയ്ത സംഭവത്തെ തുടര്‍ന്ന് ഗ്രാമീണര്‍ ചര്‍ച്ച് ഉപേക്ഷിക്കുകയുണ്ടായി.  1962-ല്‍ ഇന്ത്യന്‍ സൈനികര്‍ മതിക്രു ഗ്രാമത്തില്‍ നടത്തിയ തേര്‍വാഴ്ചയില്‍ സ്ത്രീകളെയും കുട്ടികളെയും ആട്ടിയോടിച്ച ശേഷം കൊന്നുകളഞ്ഞ 12 ഗ്രാമീണരുടെ ഓര്‍മ്മ നാള്‍ ഇന്നും ഗ്രാമം ആചരിക്കുന്നു. നാഗാ ജനതയുടെ സ്വതന്ത്രാരായി നില്‍ക്കാനുള്ള അവകാശത്തെ അംഗീകരിക്കാന്‍ തയ്യാറായ ഏക ഇന്ത്യന്‍ നേതാവ് ഗാന്ധിജിയായിരുന്നു. ഇന്ത്യന്‍ യൂനിയനിലേക്ക് ബലപ്രയോഗത്തിലൂടെ അവരെ ചേര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ തന്നെയായിരിക്കും നേരിടേണ്ടി വരികയെന്നുവരെ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഗാന്ധിജിയുടെ വധത്തിനു ശേഷം നാഗാ പോരാട്ടത്തിന്റെ ഗതിവിഗതികള്‍ ദുരന്തപൂര്‍ണ്ണമായിത്തീര്‍ന്നു. നെഹ്‌റു, സൈനിക ഇടപെടലിലൂടെ ഗാന്ധിജിയുടെ കാഴ്ചപ്പാടിന്റെ തകിടം മറിച്ചു. ഇതിന്റെ പാരമ്യത്തില്‍, 1956-ല്‍ നാഗാ ആര്‍മി സ്ഥാപിതമായി. എഴുപതുകളില്‍ ഈസ്റ്റ് പാക്കിസ്താനിലേക്കും ചൈനയിലേക്കും സൈനിക പരിശീലനത്തിനും ആയുധങ്ങള്‍ക്കും വേണ്ടി പോയ നാഗാ പോരാളി സംഘങ്ങള്‍ ചൈനീസ് മാര്‍ക്സിസ്റ്റ്‌ ആശയങ്ങളില്‍ ആകൃഷ്ടരായത് സ്വാഭാവികമായിരുന്നു. നാഗാ നാഷണല്‍ കൌണ്‍സിലില്‍ പൊട്ടിപ്പുറപ്പെട്ട വിമത ഗ്രൂപ്പുകള്‍ സൃഷ്ടിച്ച സാഹചര്യത്തില്‍ വിഭാഗീയ കൊലകള്‍ നാഗാ ജീവിതത്തിന്റെ മറ്റൊരു ദുരന്ത പര്‍വ്വം തുടങ്ങിവെച്ചു. 1980-ല്‍ രൂപം കൊണ്ട NSCN  (National Socialist Council of Nagaland) ‘നാഗാലാണ്ട് ക്രിസ്തുവിന്’ എന്ന മുദ്രാവാക്യം ഉയര്‍ത്തി. ഏതാനും വര്‍ഷങ്ങള്‍ക്കകം NSCN രണ്ടു ചേരികള്‍ ആയിത്തിരിയുകയും Isak Muviah  എന്നും Khaplang എന്നും പേരുള്ള ഈ വിഭാഗങ്ങള്‍ പരസ്പരം പോര്‍വിളി നടത്തുകയുംചെയ്തു.

    ഇരുവിഭാഗവും NSC നേതാക്കളെയും മയക്കു മരുന്നിന്റെ അടിമകളെയും കച്ചവടക്കാരെയും അപര വിഭാഗങ്ങളില്‍ പെട്ടവരെയും വന്‍തോതില്‍ കൊന്നൊടുക്കുകയെന്ന രീതി അവലംബിച്ചതോടെ സ്വാതന്ത്ര്യ സമരമെന്ന ലക്ഷ്യം തീര്‍ത്തും വിസ്മരിക്കപ്പെടുകയും വിമോചന ദ്രവ്യത്തിനും പിടിച്ചു പറിയായും സാമാന്യ ജീവിതം സൈനിക നടപടികളെക്കാള്‍ സമാധാന രഹിതമായ അവസ്ഥയില്‍ എത്തുകയും ചെയ്തു. നാഗാ പോരാളികളിലെ ഒരു ചെറിയ ഗ്രൂപ്പുമായി നടത്തിയ ഉടമ്പടിപ്രകാരം അരങ്ങേറിയ 1963-ലെ നാഗാ സംസ്ഥാന പ്രഖ്യാപനത്തിന് ശേഷം സൈനിക നീക്കങ്ങള്‍ക്ക്‌ ‘ഔദ്യോഗികസാധുത ലഭിച്ചപ്പോള്‍ ഭരണഘടനാ പരമായ പൌരാവകാശത്തിന്റെ പല ആനുകൂല്യങ്ങളും നാഗാ ജനതയ്ക്ക് നിഷേധിക്കപ്പെട്ടു. AFSPA (Armed Forces Special Powers Act), Disturbed Areas Act എന്നിവയിലൂടെ ഈ പൌരാവകാശ നിഷേധങ്ങള്‍ക്ക് സൈനിക ന്യായീകരണവും ലഭിച്ചു.  ഇന്ത്യന്‍ പൌരസമൂഹത്തിലാകട്ടെ,  ‘നോര്‍ത്ത് ഈസ്റ്റ്’ എന്ന സംജ്ഞയുടെ ഭേദചിന്ത നാഗാ പൗരന്മാര്‍ക്കും ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ വിദ്യാഭ്യാസത്തിനെത്തുന്ന നാഗാവിദ്യാര്‍ഥി സമൂഹത്തിനും എതിരായ വംശീയ സ്വഭാവമുള്ള ആക്രമണങ്ങളുടെ രൂപത്തില്‍ ഇന്നും തുടരുകയും ചെയ്യുന്നു. നാഗാ പെണ്‍കുട്ടികള്‍ ലൈംഗികാക്രമണങ്ങള്‍ക്ക് ‘സോഫ്റ്റ്‌ ടാര്‍ഗെറ്റ്’ ആയികണക്കാക്കപ്പെടുന്നു.  2007-ലെ കണക്കുപ്രകാരം ഉത്തരേന്ത്യയില്‍ എത്തുന്ന 87% വടക്ക് കിഴക്കന്‍ മേഖലക്കാരും ഏതെങ്കിലും തരത്തിലുള്ള വംശീയാക്രമണം നേരിടുന്നുണ്ട്. 1997-ല്‍ NSCN (IM) നടപ്പിലാക്കിയ വെടിനിര്‍ത്തലിന് ശേഷം സമാധാനശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ടെങ്കിലും ഹിംസാത്മകത ഇപ്പോഴും തുടര്‍ക്കഥ തന്നെയാണ്.

“ഈ പുസ്തകം ഒരു ചരിത്ര കൃതിയായല്ല വായിക്കപ്പെടെണ്ടത്” എന്ന മുന്നറിയിപ്പോടെ അവസാനിപ്പിക്കുന്ന ‘Bitter Wormwood’ എന്ന തന്റെ നോവലിന്റെ അവതാരികയിലും അനുബന്ധ കുറിപ്പുകളിലുമായിവടക്ക് കിഴക്കന്‍ മേഖലയുടെ ഏറ്റവും ശക്തരായ എഴുത്തുകാരില്‍ ഒരാളായ ഈസ്റ്ററിന്‍ കീറെ നല്‍കുന്ന വിവരണങ്ങളുടെ സംക്ഷിപ്തമാണ് മുകളില്‍ കൊടുത്തത്. അഞ്ചു തലമുറകളിലൂടെ നാഗാ ചരിത്രത്തിന്റെ നാള്‍വഴികളെ പിന്തുടരുന്ന നോവല്‍ ‘ഇന്ത്യയുടെ ഏറ്റവും മനോഹരവും ഏറ്റവും തെട്ടിദ്ധരിക്കപ്പെട്ടതുമായ പ്രദേശങ്ങളില്‍ ഒരിടത്തുനിന്ന്രാഷ്ട്രീയ തലക്കെട്ടുകള്‍ക്ക് പിറകിലുള്ള മാനുഷിക വിലയൊടുക്കലിനെ കുറിച്ച് തീക്ഷ്ണമായ ഉള്‍ക്കാഴ്ച്ച’ നല്‍കുന്നുവെന്ന് പുസ്തകത്തിന്റെ പുറം ചട്ട കൃത്യമായി വിലയിരുത്തുന്നു.

    കൊഹിമയാണ് നോവലിന്റെ പശ്ചാത്തലം. സൈമണ്‍ കമ്മിഷന്‍ ധാരണ പ്രകാരം നാഗാ ദേശത്തിന് പ്രത്യേക പദവി അനുവദിക്കപ്പെട്ടു രണ്ടു കൊല്ലം കഴിഞ്ഞ്, 1937 -ല്‍ ജനിക്കുകയും നാഗലാണ്ടിന്റെ തീക്ഷ്ണ കലാപ നാളുകളുടെ നിമ്നോന്നതങ്ങളിലൂടെ അതില്‍ പങ്കാളിയും കുറഞ്ഞൊരു കാലം ‘നാഗ അണ്ടര്‍ഗ്രൌണ്ടി’ന്റെ മുന്‍നിര പോരാളിയും പിന്നീട് പ്രസ്ഥാനം ലക്ഷ്യബോധം നഷ്ടപ്പെട്ട വിഭാഗീയ ഹിംസാത്മകതയിലേക്ക് കൂപ്പു കുത്തുന്നതോടെ മൂകസാക്ഷിയുമായി മാറുകയും 2007- ല്‍ അത്തരം അത്യാചാരങ്ങള്‍ പതിവായ സാഹചര്യത്തില്‍ ഒന്നിനും വേണ്ടിയല്ലാതെ, സംഘര്‍ഷകാലം മറയാക്കി അഴിഞ്ഞാടുന്ന ഗുണ്ടാസംഘങ്ങളില്‍ ആരുടെയോ കയ്യാല്‍ കൊല്ലപ്പെടുകയും ചെയ്യുന്ന മോസേലി എന്ന മോസെയുടെ കഥയാണ്‌, അതിലൂടെ ഒരു ദേശത്തിന്റെയും ജനതയുടെയും കഥയാണ്‌ നോവല്‍ പിന്തുടരുന്നത്. മോസേയുടെ അമ്മ വിലാവു ഒരു റേഡിയോ വാങ്ങിക്കുന്നത് ഗ്രാമത്തിന്റെ അതിരുകള്‍ക്കപ്പുറത്തു തങ്ങളുടെ വിധിയെ ബാധിക്കുംവിധം സംഭവിച്ചു കൊണ്ടിരിക്കുന്ന വികാസങ്ങളെ അവരിലേക്കെത്തിക്കുന്ന ആധുനികതയുടെ ഉപാധിയായിത്തീരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യത്തെ കുറിച്ചും വിഭജനത്തെ കുറിച്ചും ഗാന്ധിവധത്തെ കുറിച്ചുമെല്ലാം അവരറിയുന്നത് അതിലൂടെയാണ്. മുത്തശ്ശി ഖരീനുവോയെ വയലില്‍ വെച്ച് കാര്യമേതുമില്ലാതെ വെടിവെച്ചു കൊല്ലുന്നതു പോലുള്ള നാഗാ സമൂഹത്തെ പിടിച്ചുലക്കുന്ന സൈനിക നടപടികള്‍ നേരില്‍ കാണേണ്ടി വരുന്നതും സമാനമായ അനുഭവങ്ങളുമാണ് പഠിക്കാന്‍ മിടുക്കനായിരുന്ന മോസേയെ പോലും പോരാട്ട വഴികളില്‍ എത്തിക്കുന്നത്. പിറവിയിലേ ‘പോരാളി ലക്ഷണങ്ങള്‍ പ്രവചിക്കപ്പെട്ട ബാലന്‍ യുവത്വത്തിലേക്ക് കടക്കുന്നത്‌ നാഗാ കലാപം കൊടുമ്പിരിക്കൊള്ളുന്ന അമ്പതുകളിലാണ്. കുറഞ്ഞൊരു കാലമേ ഉള്ളൂവെങ്കിലും മോസേയുടെ പ്രസ്ഥാനത്തിലെ സാന്നിധ്യം ഏറ്റവും തീവ്രമായ രീതിയില്‍ തന്നെയാണ് എന്നതിന്റെ ഉദാഹരണം ആഗസ്റ്റ്‌ പതിനഞ്ചിന് കൊഹിമ സ്റ്റേഡിയത്തില്‍ നീല നിറത്തില്‍ കുറുകെ മഴവില്ല് വിടര്‍ന്നു നില്‍ക്കുന്നമുകളില്‍ വെള്ള നക്ഷത്രം തിളങ്ങുന്ന നാഗാ പതാക നാട്ടുന്ന ഉത്തരവാദിത്തം അവന്‍ ഏറ്റെടുക്കുന്നതും ഇന്ത്യന്‍ സൈനിക സന്നാഹങ്ങളുടെ കണ്ണു വെട്ടിച്ചു അത് സാധിക്കുന്നതുമായ സംഭവമാണ്. പോരാട്ടത്തിന്റെ പശ്ചാത്തലമുള്ളവര്‍ പില്‍ക്കാലം സമാധാന പൂര്‍ണ്ണമായ ജീവിതം കാംക്ഷിച്ചു തുടങ്ങുമ്പോള്‍ തങ്ങളുടെ തന്നെ ഭൂതകാലം അവരെ വേട്ടയാടുന്നതിന്റെ സാക്ഷ്യപത്രമാണ്‌ ഒരിക്കല്‍ മോസേ തന്റെ ജീവനോപാധിയായ കടയില്‍ വെച്ച് നേരിടുന്ന കയ്യേറ്റം.

     അവസാന അധ്യായങ്ങളില്‍, നോവലിന്റെ മൂന്നാം ഭാഗത്ത്, വിദ്യാഭ്യാസത്തിനു ഡല്‍ഹിയില്‍ എത്തുന്ന മോസേയുടെ പേരമകന്‍ നീബുവിന്റെ നേര്‍ക്കാഴ്ച്ചയിലും അനുഭവങ്ങളിലുമായി പുതുകാല ഇന്ത്യന്‍ മെട്രോകള്‍ ‘നോര്‍ത്ത് ഈസ്റ്റ്’ മനുഷ്യര്‍ക്കായി കരുതി വെക്കുന്ന വിവേചനത്തിന്റെ ചിത്രങ്ങള്‍ നോവലില്‍ കടന്നു വരുന്നു. വന്നത് തെറ്റായിപ്പോയോ എന്ന് സന്ദേഹിച്ചു തുടങ്ങുന്ന സാഹചര്യങ്ങളില്‍ പരിചയപ്പെടാനിടയാകുന്ന രാകേഷ് എന്ന സഹപാഠിഅറുപതുകളില്‍ നാഗാ ദേശങ്ങളില്‍ സൈനിക സേവനം നടത്തിയ മുത്തച്ഛനിലൂടെ ഇന്ത്യന്‍ സൈന്യം പ്രദേശത്തു നടമാടിയ അത്യാചാരങ്ങളെ കുറിച്ചും നാഗാ ജനതയുടെ അടിസ്ഥാന പരമായ നന്മകളെ കുറിച്ചും ബോധവാനാണ് എന്നത് അവരെ വളരെ വേഗം സുഹൃത്തുക്കളാക്കുന്നു. ‘ഒരിന്ത്യന്‍ സൈനികനോ പോലീസുകാരനോ നാഗാലാന്‍ഡില്‍ പോസ്റ്റിംഗ് ലഭിക്കുന്നത് ഇഷ്ടപ്പെട്ടിരിക്കും എന്ന് അവനു ചിന്തിക്കാനേ കഴിയില്ലായിരുന്നു.’ ഈ രണ്ടു ചെറുപ്പക്കാരുടെ അടുപ്പം ഒരുപക്ഷെ കലുഷമായ നാഗാ ജനതയ്ക്ക് മുന്നില്‍ നോവലിസ്റ്റിനു മുന്നോട്ടു വെക്കാനുള്ള ഒരു പരിഹാര സൂചകമാകാം.  

    കഥയുടെ വര്‍ത്തമാന കാലത്തില്‍, 2007-ലെ ഒരു ദിനംമോസേയുടെ കടയില്‍ വെച്ച് സംഭവിക്കുന്ന ഒരു യുവാവിന്റെ കൊലയോടു കൂടിയാണ് നോവല്‍ ആരംഭിക്കുന്നത്. അതില്‍ പുതുതായി ഒന്നുമില്ലെന്നും എല്ലാം പതിവ് രീതിയില്‍ തന്നെയാണെന്നും നോവല്‍ അടിവരയിടുന്നത്കര്‍ഫ്യു ഇല്ലാഞ്ഞിട്ടും മരണ മുനമ്പിലെ അസുഖകരമായ ശാന്തത ശീലമായ ജനജീവിതത്തെ കൃത്യമായി ആവിഷ്കരിക്കുന്നു

“തെരുവുകള്‍ ഇപ്പോള്‍ വിജനമായിരുന്നു. വീട്ടുടമസ്ഥര്‍ ധൃതിവെച്ചു വാതിലുകള്‍ പൂട്ടിയിരുന്നുമുഖങ്ങള്‍ ജനല്‍ കര്‍ട്ടനുകള്‍ക്ക് പിന്നില്‍ നിന്ന് എത്തിനോക്കി. മറ്റൊരു ദിനത്തിന്റെ കൂടി മരണസമാനമായ നിശ്ചലതക്ക് പട്ടണത്തിനു മുകളില്‍ തൂങ്ങിനിന്ന പൊടുന്നനെ ഉണ്ടായ ഒരു കൊലപാതകം വിരാമമിട്ടു. നാളെ ജീവിതം സാവധാനം വീണ്ടും തുടങ്ങുംപ്രത്യേകിച്ചൊന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ഇന്ന് രാത്രി ഇനിയെന്തായാലുംവിഡ്ഢികള്‍ പോലും വീട്ടിനകത്തിരിക്കുംപതിഞ്ഞ ശബ്ദത്തില്‍ കൊലപാതകത്തെ കുറിച്ചു പറഞ്ഞുകൊണ്ട്.”

മോസേ ചിന്തിക്കുന്നു:

‘ദിനേനയെന്നോണമുള്ള ഈ കൊലപാതകങ്ങള്‍,  വെറുപ്പു കൊണ്ടും കണ്ടവരുടെ നേരെ ഒച്ചയിട്ടുകൊണ്ടും തഴമ്പിച്ചു പോയ ചെറുപ്പക്കാര്‍, സാംസ്കാരിക ജീവിതത്തിന്റെ സമ്പൂര്‍ണ്ണ തകര്‍ച്ച – അതിവിടെയെത്തുമെന്നു വിശ്വസിക്കാനേ കഴിയില്ലായിരുന്നു.”

തുടര്‍ന്ന് മൂന്നു ഭാഗങ്ങളിലായി ആ അപചയങ്ങളുടെ ചരിത്രത്തിലേക്കാണ് നോവല്‍ ശ്രദ്ധയൂന്നുന്നത്.

    ആഖ്യാനത്തില്‍ ഒരു തരത്തിലുള്ള പരീക്ഷണത്തിനും മുതിരാത്തനേര്‍ക്കുനേര്‍ പറഞ്ഞുപോകുന്ന കഥയായിട്ടും പിടിച്ചുലക്കും വിധം തീവ്രമായ വായനാനുഭവമായി നോവല്‍ മാറുന്നത് പറയപ്പെടുന്ന കഥയുടെ ചരിത്ര ഉള്ളടക്കം കൊണ്ട് തന്നെയാണ്. ഓരോ പേജിലും തൊട്ടറിയാവുന്ന തരം വാസ്തവികതയുണ്ടെന്നു മാത്രമല്ല; കഥാപാത്രങ്ങളോരോന്നും അതീവ ലളിതമായി വരക്കപ്പെട്ടവര്‍ ആയിരിക്കുമ്പോഴും നാഗാ അനുഭവത്തിന്റെ കലര്‍പ്പില്ലാത്ത ചിത്രീകരണങ്ങള്‍ തന്നെയായി നില്‍ക്കുന്നു. രാഷ്ട്രീയ കാലുഷ്യങ്ങളില്‍ നിന്നും ഒരു നിമിഷവും ശ്രദ്ധ പതറുന്നില്ലെങ്കിലും അവക്കിടയിലും വൈവിധ്യമാര്‍ന്ന നാഗാ സംസ്കൃതിയുടെയും ആചാര -വിശ്വാസ ബദ്ധമായ ജീവിത രീതികളുടെയും അപൂര്‍വ്വ ദൃശ്യങ്ങള്‍ മികവോടെ നോവലില്‍ ഉള്‍ച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്. നോവലിന്റെ തലക്കെട്ടുതന്നെയും നാഗാ വിശ്വാസപ്രകാരം ദുഷ്ട ശക്തികളില്‍ നിന്ന് പ്രതിരോധിക്കാന്‍ കഴിവുള്ള ഒരു യഥാര്‍ത്ഥ ചെടിയുടെ പേരാണ്. ഒരു കഥ വായിച്ചവസാനിപ്പിക്കുമ്പോള്‍ സാധാരണ സംഭവിക്കുന്നതില്‍ നിന്നു വ്യത്യസ്തമായി കഥാപാത്രങ്ങളുടെ പരിണാമങ്ങളെ കുറിച്ചല്ല ഒരു ജനതയുടെ തന്നെ ജീവിതം ഇപ്പോള്‍ എങ്ങനെഇനിയെന്താകും എന്ന് ചോദിക്കാന്‍ വായനക്കാരെ പ്രേരിപ്പിക്കുന്ന പുസ്തകമാണ് ബിറ്റര്‍ വേംവുഡ് എന്ന് രോഹിണി ഹാല്‍ദിയ നിരീക്ഷിക്കുന്നു. ‘അത് നിങ്ങളെ കൊട്ടിഘോഷിക്കപ്പെട്ട ജനാധിപത്യ ഇന്ത്യയുടെ പ്രകൃതത്തെ തന്നെ ചോദ്യം ചെയ്യാന്‍ പ്രേരിപ്പിക്കുന്നുനമ്മുടെ ജനസംഖ്യയുടെ ഭാഗമായ വ്യത്യസ്ത ജനവിഭാഗങ്ങള്‍ ‘സ്വാതന്ത്ര്യം’ എന്ന ആശയത്തെ എങ്ങനെ വിഭാവനം ചെയ്യുന്നു എന്നും. അത് മുഖ്യധാരയില്‍ പ്രശസ്തമായ കഥകളെ കുറിച്ചും നിശബ്ദമാക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്യുന്നവയെ കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്നു.’ *1.(https://www.womensweb.in/articles/bitter-wormwood-book-review/).

    നാഗാ ചരിത്രത്തിന്റെ തൊട്ടറിയാവുന്ന ഏടുകള്‍ നോവലിലെങ്ങും അനുഭവവേദ്യമാണ്. നാഗാലാണ്ട്അരുണാചല്‍ പ്രദേശ്‌, ആസാംമണിപ്പൂര്‍മ്യാന്മാര്‍ എന്നിവിടങ്ങളിലായി അമ്പതിലേറെ നാഗാ ഗോത്രങ്ങളുണ്ട്. ഇതില്‍ നാഗാലാണ്ടിലും മണിപ്പൂരിലുമായി അധിവസിക്കുന്ന ഇരുപതോളം ഗോത്രങ്ങളാണ് അര നൂറ്റാണ്ടിലേറെ കാലമായി തുടരുന്ന കലാപങ്ങളുടെ വിലയൊടുക്കേണ്ടി വന്നത്. മോസേയുടേത് പേരെടുത്തു പറയുന്നില്ലെങ്കിലും അന്‍ഗാമി ഗോത്രമാണെന്ന് നോവലിലെ സൂചനകളില്‍ നിന്ന് ഊഹിക്കാമെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. *2. (Rahul Karmakar, Hindustan Times: hindustantimes.com/). ലുവൂവിന്റെ മരണം വല്ലാതെ വേട്ടയാടുന്ന വിലാവുവിന് ഖിരീനുവോ മുത്തശ്ശി പകര്‍ന്നു നല്‍കുന്ന അതിജീവനത്തിന്റെ ഗോത്ര പാഠം ഇത് സൂചിപ്പിക്കുന്നു:

“ജീവിതം നിനക്ക് കഠിനമാണെങ്കില്‍ നീ സ്വയം കടുപ്പിക്കണംഅപ്പോള്‍ ദുഃഖങ്ങള്‍ സഹിക്കുക എളുപ്പമാകും.”

ഖിരിയെനുവോ മുത്തശ്ശിയും വിലാവുവും ഗോത്ര വിശ്വാസങ്ങളില്‍ കഴിയുന്നവരാണെങ്കില്‍ പുതു തലമുറ ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തിക്കപ്പെടുന്നതിന്റെ അടയാളമാണ് മോസേ, സ്കൂളില്‍ പഠിച്ച ക്രിസ്തീയ പ്രാര്‍ത്ഥനകള്‍ ചെല്ലുന്നത്.

അമ്പത്തിരണ്ടിലെ തെരഞ്ഞെടുപ്പു ബഹിഷ്കരനത്തെ കുറിച്ച് ഖിരിനുവോ മുത്തശ്ശിയും മോസേയും സംസാരിക്കുന്നത് ഇങ്ങനെയാണ്:

‘ഇന്ത്യക്കാര്‍ അവരുടെ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതില്‍ തങ്ങള്‍ക്ക് കാര്യമില്ല.

ജപ്പാന്‍ അധിനിവേശ കാലത്തുപോലും ഇത്രയും പട്ടാളക്കാര്‍ വന്നിരുന്നില്ലെന്ന് സ്വതന്ത്ര ഇന്ത്യന്‍ സൈന്യത്തിന്റെ വിളയാട്ടം കണ്ട് നിതുവോയുടെ അച്ഛന്‍ പറയുന്നു. മോസേക്ക് ഡെപ്യൂട്ടി കമ്മിഷനറുടെ ഓഫീസില്‍ ക്ലാര്‍ക്ക് ആയി ജോലി കിട്ടുമായിരുന്നെങ്കിലും ഇന്ത്യന്‍ സര്‍ക്കാരിന്റെ ജോലി സ്വീകരിക്കാന്‍ താല്പര്യമില്ലാത്തത് കൊണ്ടാണ് സാമ്പത്തിക സുരക്ഷിതത്വം ഇല്ലെന്നറിഞ്ഞു കൊണ്ടുതന്നെ പലചരക്കു കടയുമായി അയാള്‍ ജീവിതം കരുപ്പിടിപ്പിക്കാന്‍ തുടങ്ങുന്നത്. മുത്തച്ഛന്റെ പഴയ കടലാസുകെട്ടുകളില്‍ നിന്ന് കിട്ടുന്ന രേഖകളില്‍ 1929-ല്‍ സൈമണ്‍ കമ്മിഷന് നല്‍കിയ നിവേദനത്തിന്റെ പകര്‍പ്പ് കണ്ടെത്തുന്നത് അക്കാലത്ത് തന്നെ നാഗാ സ്വാതന്ത്ര്യത്തിനു വേണ്ടി മുന്‍ഗാമികള്‍ ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിച്ചിരുന്നു എന്ന് ആഹ്ലാദത്തോടെ മനസ്സിലാക്കാന്‍ മോസേയെ സഹായിക്കുന്നു. ബംഗ്ലാദേശ് വിമോചനത്തിനു സഹായിച്ച ഇന്ത്യന്‍ നിലപാടിനെ മറയാക്കി നാഗാ കലാപത്തെ അടിച്ചമര്‍ത്തുന്നതിനെ ന്യായീകരിക്കുന്ന ജനറല്‍ കെ വി കൃഷ്ണ റാവുവിന്റെ നിലപാടിനെ മോസേ ചോദ്യം ചെയ്യുന്നു. ആ താരതമ്യം തെറ്റാണ്.

‘ഇന്ത്യന്‍ സൈന്യം ബംഗ്ലാദേശിനെ മോചിപ്പിച്ചിരിക്കാംഎന്നാല്‍ നാഗാ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താന്‍ അതവര്‍ക്ക് അവകാശം നല്‍കുന്നില്ല.’

നാഗാ പോരാളികള്‍ ആദ്യകാലങ്ങളില്‍ പുലര്‍ത്തിയിരുന്ന അച്ചടക്കവും സമചിത്തതയും വ്യക്തമാക്കുന്ന പരാമര്‍ശങ്ങള്‍ നോവലിലുണ്ട്. പരിശീലന ഘട്ടത്തില്‍ യുവ പോരാളികളെ ഓര്‍മ്മിപ്പിക്കുമായിരുന്നു:

“ഓര്‍ക്കുകനിങ്ങളുടെ കയ്യില്‍ തോക്കെത്തുമ്പോള്‍ആദ്യം വെടിയുതിര്‍ക്കാന്‍ നിങ്ങള്‍ക്ക് അധികാരമില്ല.”

അത് അസ്വസ്ഥരാക്കുന്ന പുതിയ പോരാളികളെ ഓഫീസര്‍ ഓര്‍മ്മിപ്പിക്കുന്നു:

“ഇത് സാധാരണ യുദ്ധമല്ല. ഇത് ആര്‍ക്കാണ് കൂടുതല്‍ ദൃഡമായ ഹൃദയമുള്ളത് എന്ന പരീക്ഷണമാണ്. ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ ആള്‍ബലവും തോക്കുകളും ഉണ്ടാവാം, പക്ഷെ ഇത് നാം ബന്ധിതരായിരിക്കുന്ന നമ്മുടെ പൂര്‍വ്വികരുടെ മണ്ണാണ്. ഇന്ത്യന്‍ സൈനികന് ഈ മണ്ണിനെ കുറിച്ച് നമുക്കുള്ള വികാരമില്ല. ഇന്നല്ലെങ്കില്‍ നാളെ നാം അവരെ പരാജയപ്പെടുത്തും. ഒരിക്കല്‍ അവര്‍ക്ക് ഇവിടം വിട്ടു പോവേണ്ടി വരും, നമ്മള്‍ ശരിയായിരുന്നു എന്ന് സമ്മതിക്കേണ്ടിയും വരും.”

രാകേഷിന്റെ മുത്തച്ഛന്റെ വാക്കുകളില്‍ ഏതു വിധമാണ് ഇന്ത്യന്‍ സൈനികര്‍ തന്നെയും കലാപകാരികള്‍ക്കെതിരില്‍ തീവ്ര നിലപാടുകളിലേക്ക് നയിക്കപ്പെട്ടത് എന്ന സൂചനയുണ്ട്. അവര്‍ ‘വിഘടന വാദിക’ളില്‍ നിന്ന് ‘രാജ്യത്തെ രക്ഷിക്കാന്‍ വേണ്ട ദൌത്യവുമായി’ പോവുകയായിരുന്നു.

‘ഞങ്ങള്‍ക്ക് സ്വയം അന്യരായിത്തോന്നികാരണം നാഗന്മാര്‍ ഇന്ത്യന്‍ സഹജീവികള്‍ ആണെന്ന ധാരണയോടെയാണ് ഞങ്ങള്‍ ചെന്നത്. പക്ഷെ സത്യമെന്തെന്നാല്‍ നാഗന്മാര്‍ തീര്‍ത്തും വ്യത്യസ്തരായി കാണപ്പെട്ടുവ്യക്തമായും ഞങ്ങളുടെ സാന്നിധ്യത്തെ അവര്‍ വെറുക്കുകയും ചെയ്തു.”

അധിനിവേശ സൈന്യം എന്ന നിലക്കല്ല വിഘടനം തടഞ്ഞു ഇന്ത്യന്‍ യൂണിയന്റെ ഐക്യം സംരക്ഷിക്കുന്ന യോദ്ധാക്കളായാണ് സൈനികര്‍ സ്വയം കണ്ടത്. എന്നാല്‍ ‘അണ്ടര്‍ഗ്രൌണ്ട്’ അംഗങ്ങളും സൈനികരും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ ഭീകരമായിരുന്നുവെന്നും കൂട്ടത്തില്‍ ധാരാളം നിരപരാധികളായ സിവിലിയന്മാര്‍ കൊല്ലപ്പെട്ടു എന്നും ഹിമ്മത് മുത്തച്ചന്‍ ഏറ്റുപറയുന്നു.

‘സൈനികര്‍ സിവിലിയന്‍ പൌരന്മാരുടെ കൊടിയ പീഡനങ്ങള്‍ കാണുകയും ചിലപ്പോള്‍ അതില്‍ പങ്കാളികള്‍ ആവുകയും ചെയ്തു. അത് അത്ര നേരിയ വിഭജനരേഖയാണ്. ചിലര്‍ക്ക് മനോനില തെറ്റിഅങ്ങനെ സംഭാവിക്കാത്തവര്‍ഹിംസയിലേക്ക് തിരിഞ്ഞു. അവര്‍ അവരുടെ മനുഷ്യത്വത്തെ അങ്ങനെയങ്ങ് കയ്യൊഴിഞ്ഞു.”

ഒരിക്കല്‍ തന്റെ എതിര്‍ ചേരിയില്‍ ആയിരുന്നെങ്കിലും മോസേയെ കാണാന്‍ താല്‍പര്യമുണ്ടെന്നും ഒട്ടും വിദ്വേഷമില്ലെന്നും അദ്ദേഹം വെളിപ്പെടുത്തുന്നുമുണ്ട്. എന്നാല്‍ അതിനവസരമുണ്ടായില്ലഅതിനു മുമ്പ് മോസേ ആ നിരര്‍ത്ഥക മരണത്തിനു കീഴടങ്ങിയിരുന്നു. നിര്‍മ്മല മുത്തശ്ശി പ്രതിനിധാനം ചെയ്യുന്ന തെളിഞ്ഞ മാനുഷിക ബോധ്യം രാഷ്ട്രീയക്കാര്‍ക്ക് മനസ്സിലാകില്ലല്ലോ എന്ന് ഹിമ്മത് മുത്തച്ഛന്‍ സങ്കടപ്പെടുന്നുണ്ട്. ‘ഒരു യുദ്ധം ചെയ്തു കൊണ്ടിരിക്കുന്നതിനേക്കാള്‍ പ്രധാനമായ കാര്യങ്ങളുണ്ട്’ എന്നും സര്‍ക്കാര്‍ ആളുകള്‍ക്ക് വേണ്ടതെന്തോ അതങ്ങ് കൊടുത്താല്‍ കാര്യം കുറേക്കൂടി എളുപ്പമാകില്ലേ?” എന്നുമാണ് നിര്‍മ്മല മുത്തശ്ശിയുടെ നിലപാട്. ജീവഭയം കൊണ്ടു കൂടിയാണ് സൈനികര്‍ ഭീകരതകള്‍ അരങ്ങേറിയത് എന്ന് –‘നീ സ്വന്തം ജീവനെ കുറിച്ച് ഭയപ്പെടുമ്പോള്‍ ആദ്യം വെടിയുതിര്‍ത്തുപോകുംപിന്നെയെ ചോദ്യങ്ങള്‍ വരൂ.’ – ഒഴികഴിവ് കണ്ടെത്തുമ്പോഴും ഹിമ്മത് മുത്തച്ഛനു സന്ദേഹമില്ല:

“ആ വര്‍ഷങ്ങളില്‍ നാഗന്മാരോട് ചെയ്തതിനൊന്നും ഒരു സര്‍ക്കാരിനും ന്യായീകരിക്കാനാവില്ല.”

രാകേഷും നീബുവും വളര്‍ത്തിയെടുക്കുന്ന സൗഹൃദത്തിലും നടത്തുന്ന പരസ്പരം മനസ്സിലാക്കലിലുമാണ് നോവലിന്റെ സക്രിയമായ ഭാവിപ്രതീക്ഷയുടെ സാധ്യതകള്‍. വടക്കുകിഴക്കന്‍ മേഖലകളില്‍ നിന്ന വരുന്ന വിദ്യാര്‍ഥികളും ഇതര മനുഷ്യരും തലസ്ഥാനത്ത് നേരിടേണ്ടി വരുന്ന വംശീയ മുന്‍ വിധികളെ കുറിച്ച് സുഹൃത്തുക്കള്‍ സംസാരിക്കുന്നുണ്ട് . നീബു നിരീക്ഷിക്കുന്നു:

“അത് ആഴത്തില്‍ വേരോടിയ വംശീയതയാണ്. അത് വളരെ വഷളുമാണ്. പേരു വിളിക്കല്‍നമ്മുടെ പെണ്‍കുട്ടികളെ ഒരേ അച്ചില്‍പെടുത്തല്‍ഇരയെ സംരക്ഷിക്കാന്‍ പോലീസ് വിസമ്മതിക്കുന്ന രീതിയും.”

രാകേഷ് പ്രതിവചിക്കുന്നു:

“വംശീയത തിന്മയാണെന്നു മനസ്സിലാക്കാന്‍ നമുക്ക് മറ്റുള്ളവരെ സഹായിക്കേണ്ടതുണ്ട്. നമ്മള്‍ ഒരു ശ്രമം നടത്തിയില്ലെങ്കില്‍ അതിന്റെ പരിണിതി എതിര്‍ദിശാ വംശീയത ആയിരിക്കും, ഇന്ത്യക്കാരെ വെറുക്കുന്ന നാഗാ കേന്ദ്രങ്ങളെ കുറിച്ച് നീ പറഞ്ഞ പോലെ.”  

നാഗാ അനുഭവത്തെ കുറഞ്ഞ വാക്കുകളില്‍ നീബു വിവരിക്കുന്നുണ്ട്:

‘ഞങ്ങള്‍ക്ക് വേണ്ടത് സമാധാനം മാത്രമാണ്, അതെത്രമാത്രം അവിശ്വസനീയമായി തോന്നിയാലും. ഞങ്ങള്‍ക്കിവിടെ ഏറ്റവും അവിശ്വസനീയമായ ഒരു കഥയാണുള്ളത്, അതിതാണ്: ആദ്യം 1947 മുതല്‍ ഞങ്ങള്‍ ഇന്ത്യന്‍ അധിനിവേശത്തോട് പൊരുതുകയായിരുന്നു, 1975 -ല്‍ വിഭാഗീയത കടന്നു വരുന്നത് വരെ അത് നല്ല രീതിയില്‍ ചെയ്തു വരികയുമായിരുന്നു. പിന്നീട് ഞങ്ങള്‍ ആഭ്യന്തര യുദ്ധം മൂലം രോഗാതുരരായിഅത് ഞങ്ങള്‍ക്ക് ഭ്രാന്താണെന്ന് എല്ലാവരും ചിന്തിക്കാന്‍ ഇടയാക്കികാരണം വിഭാഗീയത നാഗന്മാരെ സഹനാഗന്മാരെ കൊല്ലിക്കുന്ന സ്ഥിതിയുണ്ടാക്കി. പിന്നീട് ഇന്ത്യാ ഗവണ്മെന്റ് പണത്തിന്റെ പ്രലോഭനത്തിലൂടെ ഞങ്ങളുടെ ആര്‍ജ്ജവം തകര്‍ക്കാനും ഇന്ത്യന്‍ പൌരത്വം ഞങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനും തുടങ്ങി. ഇപ്പോള്‍ ഞങ്ങള്‍ക്ക് എല്ലാ തരം സങ്കീര്‍ണ്ണതകളുമുണ്ട്. നാഗാ കുട്ടികള്‍ തങ്ങള്‍ ഇന്ത്യക്കാരാണെന്ന് പഠിപ്പിക്കപ്പെടുന്നു, എന്നാല്‍ അവര്‍ ഇന്ത്യന്‍ നഗരങ്ങളില്‍ പോകുമ്പോള്‍ ഇന്ത്യന്‍ ജനത അവരേ തീര്‍ത്തും അന്യവല്‍ക്കരിക്കുന്നു. മറ്റൊരു പ്രശ്നം ഇവിടെത്തന്നെയുള്ള ഭീകരതയാണ്. ഇന്ത്യന്‍ റിസര്‍വ് ബെറ്റാലിയന്റെ വളര്‍ച്ചയും അവരുടെ പേടിപ്പെടുത്തും വിധം ദുസ്സഹമായ പെരുമാറ്റവും ഞങ്ങള്‍ കണ്ടിട്ടുണ്ട്. എന്നിട്ടിപ്പോള്‍ ഞങ്ങള്‍ ഏതാണ്ടൊരു മുഴു വൃത്തം പൂര്‍ത്തിയാക്കിയിരിക്കുന്നു. കാരണം ആളുകളിപ്പോള്‍ സ്വന്തം ആളുകളുടെയത്രക്ക് ഇന്ത്യന്‍ സൈന്യത്തെ ഭയപ്പെടുന്നില്ല! ഇന്ത്യന്‍ സൈന്യത്തിന്റെ കാര്യമാണെങ്കിലോ അതും ഒട്ടും മെച്ചമല്ല. മുന്‍കാലത്തെ ചില ഇന്ത്യന്‍ സൈനികര്‍ നാഗാ മലനിരകളില്‍ അവരനുഭവിച്ച കാര്യങ്ങളുടെ ഫലമായി കടുത്ത സംത്രാസത്തിന്റെ ഇരകളാണെന്ന് കേള്‍ക്കുന്നുഅങ്ങനെ സംഭവിക്കുമെന്ന് ആരോര്‍ത്തു?”

നീബുവിനോടൊപ്പം പ്രദേശത്തെത്തുന്ന രാകേഷ് തന്റെ മനസ്സിലെ വാര്‍പ്പു സങ്കല്പങ്ങള്‍ തകരുന്നത് ആഹ്ലാദത്തോടെയാണ് കണ്ടെത്തുന്നത്:

“അപ്പോള്‍ ഇതാണ് നാഗന്മാര്‍അവന്‍ വിചാരിച്ചു. ഇന്ത്യന്‍ സൈന്യം ഭയക്കുകയും ‘ദുഷ്ടരായ ഭീകരര്‍’ എന്ന് വിളിക്കുകയും ചെയ്ത ജനത. ഈ പുഞ്ചിരിക്കുന്ന മുഖമുള്ള കര്‍ഷകരും പീടികക്കാരും. അവന്‍ പ്രതീക്ഷിച്ചിരുന്നതില്‍ നിന്ന് വളരെ വ്യത്യസ്തര്‍. എന്തുകൊണ്ടാണ് മുത്തച്ഛന്‍ ഹിമ്മത് ഇവിടെ സ്ഥിരതാമസമാക്കാന്‍ ആഗ്രഹിച്ചതെന്നു അവനു മനസ്സിലാക്കാനായി.”

മോസേയുടെ നിരര്‍ത്ഥക വധത്തില്‍ ആദ്യം പ്രതികാര വാഞ്ച ഉണരുന്നുവെങ്കിലും അതൊരു ആസൂത്രിത കൊലയൊന്നും ആയിരുന്നില്ല എന്ന് മനസ്സിലാക്കി സ്വയം നിയന്ത്രിക്കുന്ന നീബൂ നോവലിന്റെ നൈതിക ദര്‍ശനത്തിന്റെ കണ്ണാടിയാണ്. പ്രതികാരത്തിന്റെ ചാക്രികതയില്‍ നിന്ന് ഹിംസയല്ലാതെ മറ്റൊന്നും ഉണ്ടാവില്ലെന്ന തിരിച്ചറിവാണ് അത്. രാകേഷ് അവനെ അഭിനന്ദിക്കുന്നു:

“ഞാന്‍ നിന്നെയോര്‍ത്തു അഭിമാനിക്കുന്നുനീബൂ. പല സംസ്കൃതികളിലും പ്രതികാരം ചെയ്യുക എന്നത് പുരുഷലക്ഷണം ആയിരിക്കാം. എന്നാല്‍ നീ തെരഞ്ഞെടുത്തത് കൂടുതല്‍ ദുഷ്കരമായ കാര്യമാണ്.”

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 163-171)

 Read more:

Written in Tears by Arupa Patangia Kalita

https://alittlesomethings.blogspot.com/2016/08/blog-post.html

The Gypsy Goddess by Meena Kandasamy

https://alittlesomethings.blogspot.com/2024/08/the-gypsy-goddess-by-meena-kandasamy.html

Shoes of the Dead by Kota Neelima

https://alittlesomethings.blogspot.com/2015/09/blog-post_77.html


No comments:

Post a Comment