Featured Post

Saturday, August 17, 2024

Srilankan Conflict Novels - part 1

 

മരതക കാന്തിയില്‍ ഇരുള്‍ മൂടുമ്പോള്‍ ഭാഗം -1

(ശെഹാന്‍ കരുണതിലകയുടെ The Seven Moons of Maali Almeida എന്ന നോവല്‍ ബുക്കര്‍ പുരസ്‌കാരം നേടിയ പശ്ചാത്തലത്തില്‍ ശ്രീലങ്കന്‍ സംഘര്‍ഷങ്ങള്‍ പ്രമേയമായ ഏതാനും നോവലുകളുടെ വായന. സംഘര്‍ഷഭൂമിയുടെ നിരീക്ഷണത്തില്‍ പോകെപ്പോകെ ഇരുള്‍ച്ച കൂടിവരുന്നുണ്ട് എന്ന് ഈ കൃതികളുടെ വായന സാക്ഷ്യപ്പെടുത്തുന്നുണ്ടോ?)

ഫസല്‍ റഹ് മാന്‍

“തിരിച്ചു പോവുന്ന ഇംഗ്ലീഷുകാരന്റെ പിറകെ, പുതു ദേശത്തിന്റെ പതാകയില്‍ ശൈലീകരിച്ച ഒരു സിംഹം: അലങ്കരിച്ച പേശികളും നിറയെ നിമ്നോന്നതങ്ങളുമുള്ള വശങ്ങള്‍, അതിന്റെ മുന്നിലെ കാല്‍പ്പത്തികളില്‍ നീണ്ട ക്രൂരമായ ഒരു വാള്‍. നാടു കടത്തപ്പെട്ട ഒരു ഇന്ത്യന്‍ രാജകുമാരനും ഒരു വലിയ കാട്ടു പൂച്ചയും തമ്മിലുള്ള ഇണ ചേരലിന്റെ പിന്‍ഗാമികളാണ് താങ്കള്‍ എന്ന സിംഹളരുടെ പുരാതന വിശ്വാസത്തിന്റെ പ്രതീകമാണത്. ഒരു പച്ച വര ഏറെ ആട്ടിത്തെളിക്കപ്പെട്ട ആ ചെറിയ മുസ്ലിം ജനസംഖ്യയെ സൂചിപ്പിക്കുന്നു. ഓറഞ്ചു വര്‍ണ്ണ വര കുറേ കൂടി വലിയ തമിഴ് ന്യൂനപക്ഷത്തെയും.

“എന്നാല്‍ വരാനിരിക്കുന്ന ദശകങ്ങളില്‍ വര്‍ഗ്ഗീയ സംഘര്‍ഷങ്ങളും വിവേചനവും ഓറഞ്ചു വരയെ അപര്യാപ്തമാക്കും. അതിനു പകരം ഒരു പുതിയ പതാക വരും. അതിന്റെ മുഖത്ത് പല്ലിളിക്കുന്ന ഒരു പുലി തേറ്റകള്‍ മുഴുവന്‍ വെളിക്ക് കാട്ടി മീശ രോമങ്ങള്‍ വിറപ്പിച്ചു നില്‍ക്കും. തീവ്രതയുടെ ആശയം അത് കൊണ്ടും വേണ്ടത്ര വ്യക്തമാവില്ലെങ്കില്‍ കഠാരരൂപിയായ നഖങ്ങള്‍ പുറത്തേക്ക് തള്ളും, രണ്ടു ദിശകളിലേക്ക് തിരിച്ച തോക്കുകള്‍ പുലിയുടെ പുറകിലുണ്ടാവും.

“തോക്കേന്തിയ പുലി. വാളേന്തിയ സിംഹം. ഈ യുദ്ധം ബന്ധുക്കളായ രണ്ടു മൃഗങ്ങള്‍ക്കിടയില്‍ നടക്കാന്‍ പോവുന്നതാണ്.”

                                                            (Island of a Thousand Mirrors: P: 10)

പോസ്റ്റ്‌കൊളോണിയാല്‍ ശ്രീലങ്കന്‍ സംഘര്‍ഷങ്ങളുടെ അന്തര്‍ധാരയായിത്തീര്‍ന്ന വൈരുധ്യങ്ങളെ ഏറ്റവും സംക്ഷിപ്തമായി ആവിഷ്കരിക്കുന്ന വാക്യങ്ങളാണ്  ശ്രീലങ്കന്‍ അമേരിക്കന്‍ എഴുത്തുകാരി നവോമി മുനവീരയുടെ കൊമന്‍വെല്‍ത്ത് പുസ്തക പുരസ്കാരം നേടിയ Island of a Thousand Mirrors എന്ന നോവലിന്റെ തുടക്കത്തില്‍ നിന്നുള്ള മുകളില്‍ കൊടുത്ത നിരീക്ഷണങ്ങള്‍. പുതിയ നൂറ്റാണ്ടിന്റെ ആദ്യ ദശകം തന്നെ സാക്ഷ്യം വഹിച്ച ഏറ്റവും വലിയ വംശീയോന്മൂലന പ്രക്രിയയിലേക്കു നയിച്ച ആ ശൈലീകരിച്ച ഒരു സിംഹവും ഓറഞ്ചു വര്‍ണ്ണ വരയും പച്ച വരയും അവയുടെ വിവിധ രാഷ്ട്രീയ, സൈനിക രൂപങ്ങളും ചേര്‍ന്നു നിര്‍ണ്ണയിക്കപ്പെട്ട ദേശത്തിന്റെ വിധി ഒട്ടേറെ നോവലുകളില്‍ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. ഏറ്റവും ഒടുവില്‍ അനുക് അരുദ്പ്രകാശവും ശെഹാന്‍ കരുണതിലകയും അന്താരാഷ്ട്ര പുസ്തക പുരസ്കാരങ്ങളുടെ തട്ടകങ്ങളില്‍ കോളിളക്കം സൃഷ്ടിച്ചത് ഈ സംഘര്‍ഷ ഭൂമികയുടെ കഥകള്‍ വിവിധ രൂപത്തില്‍ ആവിഷ്കരിച്ചതിലൂടെയാണ്. എന്നാല്‍, പിന്‍ നോട്ടത്തില്‍ ഈ എഴുത്തുകാരുടെ സമീപനങ്ങള്‍ കൂടുതല്‍ ഇരുണ്ടു പോകുന്നുവോ എന്നു തോന്നാം.


‘അനിലിന്റെ പ്രേതം – പരിത്യാഗത്തിന്റെ പരിമിത സാന്ത്വനം

1983 -ല്‍ ആരംഭിച്ച ശ്രീലങ്കന്‍ ആഭ്യന്തര അടിയന്തരാവസ്ഥയുടെ മറവില്‍ സര്‍ക്കാര്‍ സൈന്യം, ജെ. വി. പി. (ജനത വിമുക്തി പെരുമുന), ഈലം സൈന്യം എന്നിവ ഹിംസയുടെ പ്രയോഗത്തില്‍ പരസ്പരം മത്സരിക്കുന്ന ശ്രീലങ്കന്‍ സാഹചര്യത്തെ തന്റെ പതിവ് മിത്തിക് ശൈലിയില്‍ ആവിഷ്കരിച്ച മൈക്കല്‍ ഒണ്ടാറ്റ് യേയുടെ Anil’s Ghost  (2000) ഈ പരിഗണനയില്‍ ഒരാദ്യ കാല കൃതിയാണ്. പതിനഞ്ചു വര്‍ഷം മുമ്പ് തന്റെ പതിനേഴാം വയസ്സില്‍ ജന്മനാടായ ശ്രീലങ്ക വിട്ടു പോയ, ആഭ്യന്തര യുദ്ധത്തിന്റെ ഇരകളായി ദുരൂഹമായി കാണാതാവുന്നവരെ കുറിച്ച് അന്വേഷിച്ചക്കുന്ന യു. എന്‍. മനുഷ്യാവകാശ സംഘടനയുടെ ഫോറെന്സിക് വിദഗ്ദയായ അനില്‍ ടിസേരയെന്ന മുപ്പത്തിമൂന്നുകാരിയുടെ കാഴ്ചപ്പാടിലൂടെയാണ് നോവലിസ്റ്റ് ആഖ്യാനം നടത്തുന്നത്. ഔദ്യോഗിക ആവശ്യാര്‍ത്ഥം അനില്‍ സൗഹൃദം സ്ഥാപിക്കുന്ന അമ്പതോടടുത്ത ശരത് ദിയസേനയും അയാളുടെ സഹോദരന്‍ ഗാമിനിയും ശില്‍പ്പി ആനന്ദയുമെല്ലാം ദേശം കടന്നു പോകുന്ന കഠിന കാലങ്ങളുടെ മുറിവുകള്‍ ആത്മാവിലും മനസ്സിലും വേണ്ടുവോളം പേറി തളര്‍ന്നു പോയവരാണ്. പാലിപാനയെന്ന സംന്യാസി ഗുരു പ്രതിനിധാനം ചെയ്യുന്ന ആത്മീയ ശാന്തിയുടെ തലം ഏതാണ്ടൊരു പരിഹാര മാര്‍ഗ്ഗം പോലെ നോവലില്‍ സ്ഥാപിക്കപ്പെടുന്നുണ്ടെങ്കിലും സര്‍വ്വസംഗ പരിത്യാഗമെന്നത് സാമാന്യ സമൂഹത്തിന്റെ മാര്‍ഗ്ഗമാല്ലാത്തതു കൊണ്ടുതന്നെ അത് ഒരിക്കലും സാര്‍വ്വത്രികമാവുക വയ്യ. നോവലിന്റെ തലക്കെട്ട്‌ സൂചിപ്പിക്കുന്ന പ്രേതം വൈയക്തികമെന്നതിനപ്പുറം ദേശത്തിന്റെ വിധിയുടെ പ്രതിനിധാനം തന്നെയാണ്. അത് മുഖ്യകഥാപാത്രത്തിന്റെ ഉപേക്ഷിച്ചിട്ടും വിട്ടുപോകാത്ത ശ്രീലങ്കന്‍ ഭൂതകാലമാകാം;  അല്ലെങ്കില്‍, തികച്ചും വസ്തുനിഷ്ഠമായ ഒന്ന് എന്ന നിലയില്‍ അത് ‘നാവികന്‍’ ആകാം - കുരുതികളിലെ സര്‍ക്കാര്‍ പങ്കിനെ കുറിച്ചു തെളിവുനല്‍കും വിധം ദുരൂഹമായ അന്ത്യം സംഭവിച്ച നിരപരാധിയായ ഗ്രാമീണന്റെ അസ്ഥികൂടത്തിന് അനില്‍ നല്‍കുന്ന പേര്. എന്നാല്‍ കുറേക്കൂടി വിശാലമായ അര്‍ഥത്തില്‍ അത് രാഷ്ട്രീയ അജണ്ടകളുടെ കരുനീക്കങ്ങളില്‍ ഹോമിക്കപ്പെടുന്ന എണ്ണമറ്റ നിരപരാധരാകാം; അതുമല്ലെങ്കില്‍ ഹിംസ കൊണ്ട് പരസ്പരം മത്സരിക്കുന്ന ശക്തികള്‍ക്കിടയില്‍ മരിച്ചു ജീവിക്കുന്ന മനുഷ്യരാകാം. അതെന്തായാലും വരാനിരിക്കുന്ന മഹാദുരന്തങ്ങളുടെയും മാനുഷിക ദുര്‍വ്യയങ്ങളുടെയും വേട്ടയാടുന്ന ഇരുണ്ട സാന്നിന്ധ്യത്തെയാണ് നോവല്‍ ഭീതിയോടെ ഉറ്റുനോക്കുന്നത്.

            ('Anil's Ghost' കൂടുതല്‍ ഇവിടെ വായിക്കാം: 

https://alittlesomethings.blogspot.com/2024/08/anils-ghost-by-michael-ondaatje.html


‘ആയിരം കണ്ണാടികളുടെ ദ്വീപ്‌’ – മരതക കാന്തിയിലെ ചോരപ്പടര്‍പ്പ്

1983-ലെ സംഭവങ്ങളെ കേന്ദ്രബിന്ദുവാക്കിയാണ് ‘അനിലിന്റെ പ്രേതം’ വികസിക്കുന്നതെങ്കില്‍ അതൊരു തുടക്കമായി സൂചിപ്പിച്ചു കൊണ്ടാണ് Island of a Thousand Mirrors  (2012) ആരംഭിക്കുന്നത്:

“ധമനികള്‍, അരുവികള്‍, പിന്നെ പുഴകള്‍: തമിഴ്‌ ജനതയുടെ. അവ നഗരത്തില്‍ നിന്ന് പുറത്തേക്കൊഴുകി. അവര്‍ക്ക് പിന്നില്‍ അവര്‍ വിട്ടേച്ചുപോവുന്നത്: കൊള്ളയടിക്കപ്പെട്ട, കരിപിടിച്ചു കറുത്തുപോയ വീടുകള്‍, പ്രിയപ്പെട്ടവരുടെ കത്തിത്തീര്‍ന്നിട്ടില്ലാത്തതോ മറവു ചെയ്യപ്പെട്ടിട്ടില്ലാത്തതോ ആയ ശരീരങ്ങള്‍, പാരമ്പര്യസ്വത്ത്, കാണാതായ കുഞ്ഞുങ്ങള്‍, നാടെന്ന ബോധം, ദേശീയത. അത് നാക്കില്‍ കയ്പ്പുണ്ടാക്കി നിലനില്‍ക്കുന്ന ഒരു പട്ടികയാണ്. പ്രതികാരത്തിന്റെ, വിഭജനത്തിന്റെ, വിട്ടുപോക്കിന്റെ സങ്കല്‍പ്പങ്ങള്‍ക്ക് അത് ജന്മം നല്‍കും. ദശകങ്ങള്‍ക്കു മുമ്പ് ഉപേക്ഷിച്ചു പോന്ന പൂര്‍വ്വികരുടെ ഗ്രാമങ്ങളിലേക്ക് അവര്‍ പലായനം ചെയ്യുന്നു, ഇവിടെ ഈ വടക്കന്‍ ദേശങ്ങളിലാണ് ആ ജൂലായിലെ(1983) സംഭവങ്ങള്‍ അവരെ ഏറ്റവും കടുത്ത പോരാളികളും ദൃഡ നിശ്ചയമുള്ള വിഘടനവാദികളും ആക്കുക.” (P: 89)

1948-ല്‍ ദ്വീപില്‍ നിന്നുള്ള കൊളോണിയല്‍ കൊള്ളമുതല്‍ നിറച്ച അവസാനത്തെ ഇംഗ്ലീഷ്‌ കപ്പല്‍ യാത്ര തിരിക്കുന്നത് തൊട്ട് വംശീയ കൂട്ടക്കൊലയുടെയും ആഭ്യന്തര സംഘര്‍ഷങ്ങളുടെയും ചോരയും ചലവും ഉണങ്ങിയിട്ടില്ലാത്ത വര്‍ത്തമാന കാലം വരെയുള്ള ആറു പതിറ്റാണ്ടുകളുടെ അനുഭവങ്ങളാണ് നോവലിന് വിഷയമാവുന്നത്.

നാലു തലമുറകളിലൂടെ, മൂന്നു കുടുംബങ്ങളിലൂടെ, കൊളംബോയുടെ ഉപ്പുകാറ്റടിക്കുന്ന മനോഹരമായ തീരദേശ  വീഥികളിലൂടെ, വടക്കന്‍ ദേശത്തിന്റെ വംശീയ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ ചോരപ്പുഴകളിലൂടെ, ലോസ് ഏഞ്ചല്‍സിന്റെ മനുഷ്യപ്പറ്റില്ലാത്ത യാന്ത്രിക ക്രമബദ്ധതയിലൂടെ, വിട്ടു പോകുമ്പോഴും ഹൃദയത്തിലും ഉയിരിലും നിത്യ സാന്നിധ്യമായ മരതക ദ്വീപിന്റെ കൊളോണിയല്‍ അനന്തര ജീവിതാവസ്ഥ നഷ്ടങ്ങളുടെയും ഹൃദയത്തിലും ഉടലിലുമേല്‍ക്കുന്ന ഉണങ്ങാത്ത മുറിവുകളുടെയും കാമനകളുടേയും പ്രണയ ഭംഗങ്ങളുടേയും കടന്നു കയറ്റങ്ങളുടേയും സമര്‍പ്പണങ്ങളുടേയും ബലിദാനങ്ങളുടേയും പാലായനങ്ങളുടേയും കുരുതികളുടേയും പശ്ചാത്തലത്തില്‍ പരിശോധിക്കപ്പെടുന്നു. അതവസാനിക്കുന്നത് 2009ലെ ആ ‘അന്തിമാപരിഹാരത്തെ തുടര്‍ന്നു തമിഴ് ഈലം പോരാട്ടം ചോരയില്‍ മുക്ക് കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ്. സാന്‍ഫ്രാന്‍സിസ്‌ക്കൊയിലെ വീട്ടിലിരുന്നു,  എന്നെങ്കിലുമൊരിക്കല്‍, സംഘര്‍ഷങ്ങള്‍ അവസാനിക്കുന്ന ഒരു നാള്‍,  നോവലിലെ നാലാം തലമുറയുടെ പ്രതിനിധിയായ തന്റെ കുഞ്ഞുമകള്‍ സമുദ്രയെ ദ്വീപ്‌ കാണിച്ചു കൊടുക്കാന്‍ കൊണ്ടുപോകുന്നതിനെ കുറിച്ചു ആഖ്യാതാവ് യശോധര സമ്മിശ്രമായ ശുഭാപ്തിയിലാണ്:

"എണ്‍പതിനായിരം പേര്‍: മനസ്സില്‍ ഉള്‍കൊള്ളാനാവാത്ത ഒരു എണ്ണമാണത്. ഞാന്‍ അവര്‍ക്ക് വേണ്ടി വിലപിക്കണം. കരയുകയും നടുങ്ങി വിറക്കുകയും വേണം. പിന്നീട്, എന്റെ കണ്ണീരൊക്കെയും തോരുമ്പോള്‍, ഇനിയും ദുഃഖിക്കാനില്ലാതാവുമ്പോള്‍ ഞാന്‍ സമാധാനം ആഘോഷിക്കും. യുദ്ധത്തിന്റെതായ ഈ നീണ്ട പതിറ്റാണ്ടുകളില്‍ നിന്നുണര്‍ന്ന് എനിക്ക് കാണണം സമാധാനകാലത്ത് നമുക്കെന്തു ചെയ്യാനാവും എന്ന്, സിംഹത്തിന്റെയും പുലിയുടെയും മുഖം മൂടികള്‍ അടര്‍ന്നു വീണു കഴിഞ്ഞാല്‍ നമ്മള്‍ എന്തുതരം ജീവികള്‍ ആയിരിക്കും എന്ന്. ആ ദിനം വരുന്നുണ്ടെന്നു ഞാന്‍ കരുതുന്നു, അവളുടെ പേരിന്റെ ഉറവിടമായ കടല്‍ ഞാന്‍ എന്റെമകള്‍ക്ക് കാണിച്ചുകൊടുക്കുന്ന ദിനം. അന്ന് ഞാനവളെ ദ്വീപ്‌ കാണിച്ചുകൊടുക്കും.”

മുത്തച്ചനെ പോലെ തന്റെ സിംഹള സ്വത്വത്തെയോ സംഘര്‍ഷത്തില്‍ തന്റെ ജനത ആറാടിയ ഹിംസാത്മകതയെയോ ന്യായീകരിക്കുന്നില്ലാത്ത യശോധരയുടെ നിലപാട്, പ്രവാസം സൃഷ്ടിക്കുന്ന അകലത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ വസ്തുനിഷ്ടതയോടെ കാണാന്‍ കഴിയുന്ന എഴുത്തുകാരിയുടെ തെളിച്ചം ആയിരിക്കാം. ‘കൂടുതല്‍ ഇരുണ്ടവ’രും ‘വേറെ ഗന്ധമുള്ളവരുമായ, കളിക്കൂട്ടുകാരന്‍ ശിവയെ പോലുള്ള തമിഴ് വംശജരെ അകറ്റി നിര്‍ത്തണമെന്ന മുത്തശ്ശി സില്‍വിയ സുനേത്രയുടെ ഉപദേശത്തില്‍ അടങ്ങിയ വംശീയ മുന്‍ വിധിയുടെ മറ്റൊരു പതിപ്പ് ലോസ് ഏഞ്ചല്‍സില്‍ തങ്ങളെയും കാത്തിരുന്നത് യശോധരക്കും നേരിടേണ്ടി വരുന്നുണ്ടല്ലോ.

(Island of a Thousand Mirrors  കൂടുതല്‍ ഇവിടെ വായിക്കാം:  

https://alittlesomethings.blogspot.com/2015/05/blog-post_22.html

‘ഉമ്മത്ത്‌ – പച്ചവരയുടെ ദുരന്തങ്ങള്‍

മുനവീരയുടെ നോവലില്‍ നിരീക്ഷിക്കുന്ന ‘ഏറെ ആട്ടിത്തെളിക്കപ്പെട്ട ആ ചെറിയ മുസ്ലിം ജനസംഖ്യയെ സൂചിപ്പിക്കു’ന്നതായി വിവരിക്കുന്ന ‘പച്ച വര’യുടെ ദുരന്താനുഭവങ്ങള്‍ ഏറെയൊന്നും ഫിക് ഷന് വിഷയമായിട്ടില്ല. സിംഹള - തമിഴ് സംഘര്‍ഷമായി പൊതുവെ മനസ്സിലാക്കപ്പെട്ട ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധമുഖം അത്യന്തം ഹീനമായ മറ്റൊരു നരമേധത്തിന്റെയും വംശവെറിയുടെയും കൂടി കഥ ഉള്‍കൊള്ളുന്നുണ്ട്. സംഘര്‍ഷത്തിന്റെ ആദ്യ നാളുകളില്‍ വിശ്വസിച്ചു കൂടെ നിന്ന മുസ്ലിം ജനസാമാന്യത്തിനു നേരെ ഈലം സൈന്യം അരങ്ങേറിയ വംശഹത്യയില്‍ കുറഞ്ഞ ഒന്നുമല്ലാത്ത ആ അത്യാചാരങ്ങളുടെ പരിണിതിയോടൊപ്പം മുസ്ലിം മൌലികതയുടെ സ്ത്രീവിരുദ്ധത എങ്ങനെയാണ് സമുദായത്തിലെ ഉണരുന്ന സ്ത്രീത്വത്തെ ജീവനോടെ അടക്കിയത്‌ എന്നതു കൂടി ഫിക് ഷന്റെ കേന്ദ്ര വിഷയമാക്കുന്ന നോവല്‍ എന്ന നിലയില്‍ ഏറെ പ്രസക്തമാണ് ശ്രീലങ്കന്‍ തമിഴ് നോവലിസ്റ്റ് ശര്‍മ്മിള സയ്യിദിന്റെ ‘Ummath: A Novel of Community and Conflict (2018)’ എന്ന നോവല്‍ (ഇംഗ്ലീഷ് വിവര്‍ത്തനം ഗീതാ സുബ്രഹ്മണ്യന്‍).

മൂന്നു യുവതികളുടെ ഇഴകോര്‍ക്കുന്ന ജീവിതങ്ങളിലൂടെ ശ്രീലങ്കന്‍ സിംഹള - തമിഴ് -മുസ്ലിം സംഘര്‍ഷങ്ങളുടെ അവസാന ദശകങ്ങളും ആ അന്തിമ ഉന്മൂലനത്തിന്റെ തുടര്‍ന്നുള്ള നാളുകളും വരെ നീളുന്ന നോവല്‍, ശ്രീലങ്കന്‍ ചരിത്രത്തില്‍ ആദ്യമായി ‘വംശീയ ശുദ്ധീകരണം എന്ന ആശയം നടപ്പിലാക്കപ്പെട്ടത്‌ മുസ്ലിം ജനതക്കെതിരെ എല്‍ ടി ടി ഇ യുടെ മേധാവിത്തത്തില്‍ ആയിരുന്നു എന്ന് നിരീക്ഷിക്കുന്നുണ്ട്.

“ഈലം അധികൃതരുടെ പൂര്‍ണ്ണ സമ്മതത്തോടെ അവരോടു അതിക്രമങ്ങള്‍ നടത്തപ്പെട്ടു. പിഴുതെറിയപ്പെട്ട മുസ്ലിം ജനതക്ക് പലായനം ചെയ്യാന്‍ ഇടമുണ്ടായിരുന്നില്ല, അവര്‍ക്ക് വേണ്ടി ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചില്ല. .... വടക്ക് നിന്ന് അനുരാധപുരത്തേക്കും പുട്ടലത്തെക്കും ഉള്ള റോഡുകള്‍ ആയിരക്കണക്കിന് മുസ്ലിം അഭയാര്‍ഥികളെ കൊണ്ട് നിറഞ്ഞു. ഇത് ശ്രീലങ്കന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും നിരാശാജനകവും മറക്കാനാവാത്തതുമായ ഒരു സന്ദര്‍ഭം ആയിരുന്നു.”

മുസ്ലിം ജനതക്കിടയിലെ സ്ത്രീകളാവട്ടെ ഈ നിലയില്ലാക്കയത്തിനൊപ്പം അടിമുടി പുരുഷ കേന്ദ്രിതമായ മത സമൂഹത്തില്‍ യാഥാസ്ഥിതിക- മൌലികവാദ കാര്‍ക്കശ്യങ്ങളുടെ അധിക ഭാരം കൂടി ചുമക്കേണ്ടിയും വന്നു. എന്നാല്‍, നോവലിന്റെ നൈതിക ബോധത്തിന്റെ കണ്ണാടിയായ തവക്കുല്‍ എന്ന യുവതി ഉയര്‍ത്തിപ്പിടിക്കുന്ന യാഥാര്‍ത്ഥ്യബോധം തന്നെയാണ് സംഘര്‍ഷാനന്തര ദേശത്തെ, ജീവിതാര്‍ഹാമാക്കുക. ഇരവാദത്തിനും വംശീയതക്കുമപ്പുറം കടക്കുന്ന തവക്കുലിന്റെ നിരീക്ഷണം നോവലില്‍ ഇങ്ങനെ വായിക്കാം:

“നമുക്ക് യാഥാര്‍ത്ഥ്യ ബോധമുണ്ടായേ പറ്റൂ. ഈലം പ്രസ്ഥാനത്തിന്റെ തുടക്കത്തില്‍ മുസ്ലിം യുവത അതില്‍ ചേര്‍ന്നു പോരാളികളായി എന്നത് നമുക്ക് നിഷേധിക്കാനാവില്ല. പ്രസ്ഥാനം നടത്തിയ അക്രമങ്ങള്‍ അത് മാനസികമായി രോഗബാധിതമായിരുന്നപ്പോള്‍ സംഭവിച്ചതായി നാം കണക്കാക്കണം. അത്തരം തെറ്റായ പ്രവര്‍ത്തികളുടെ പേരില്‍ ഒരു സമൂഹം മറ്റൊന്നിനെ വെറുക്കാന്‍ തുടങ്ങുകയും പ്രതികാരം ആഗ്രഹിക്കുകയും ചെയ്യുമ്പോള്‍ അത് സമൂഹത്തിന്റെ പുരോഗമനേച്ഛയുടെ അസ്ഥിവാരത്തെ തന്നെ നശിപ്പിക്കും.”

ഉഹ്ദ് യുദ്ധത്തില്‍ പ്രവാചകന്റെ ഇളയച്ഛനായ ഹംസയുടെ കരള്‍ ചവച്ചരച്ച ഹിന്ദിന് പ്രവാചകന്‍ മാപ്പുകൊടുത്ത കാര്യം അവള്‍ ഓര്‍മ്മിക്കുന്നു. തവക്കുലിന്റെ ദര്‍ശനം വംശീയതയുടെ അതിരുകള്‍ മാത്രമല്ല ഭേദിക്കുന്നത്. സമാന സംഘര്‍ഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ലോകത്തിന്റെ ഇതര ഭാഗങ്ങളില്‍ നിന്നുള്ള നോവലുകളിലും ഇതേ തരം തിരിച്ചറിവുകള്‍ ഉള്ള കഥാപാത്രങ്ങളെ കണ്ടെത്താനാവും. റുവാണ്ടന്‍ വംശഹത്യയുടെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ഏറ്റവും ശ്രദ്ധേയമായ നോവലായ സെനഗലീസ് എഴുത്തുകാരന്‍ ബുബാക്കര്‍ ബോറിസ് ഡിയോപ്പിന്റെ ‘Murmbi: the Book of Bonesതുടങ്ങിയ കൃതികളില്‍ സമാന നിരീക്ഷണങ്ങള്‍ കാണാം: ‘മുറംബിയില്‍ സെമിയോന്‍ ഹബിനെസയെന്ന വയോധികന്‍, പ്രതികാരത്തിനു വേണ്ടി മുറവിളി കൂട്ടുന്ന ടുട്സി യുവാക്കളോട് പറയുന്നു:

“നിങ്ങള്‍ പീഡിപ്പിക്കപ്പെട്ടു, എന്നാല്‍  അത് നിങ്ങളെ ദുരിതപ്പെടുത്തിയവരെക്കാള്‍ നിങ്ങളെ ഒട്ടും ഉത്തമരാക്കുന്നില്ല. അവരും നിങ്ങളെയും എന്നെയും പോലുള്ള ആളുകളാണ്.... ഒരു ദേശത്തിന് രക്തച്ചൊരിച്ചില്‍ മതിയാക്കാനുള്ള ഒരു സമയം വരാനുണ്ട്. ആ നിമിഷം എത്തിക്കഴിഞ്ഞു എന്ന് നിങ്ങളില്‍ ഓരോരുത്തരും മനസ്സിലാക്കിയേ തീരൂ. നിങ്ങള്‍ ആരെങ്കിലും അതിനു വേണ്ടത്ര ശക്തരല്ലെങ്കില്‍ അയാള്‍ ഒരു മൃഗത്തേക്കാള്‍ കൊള്ളാവുന്നവനല്ല.” (Murmbi: the Book of Bones’).

(Ummath  കൂടുതല്‍ ഇവിടെ വായിക്കാം: 

https://alittlesomethings.blogspot.com/2024/08/ummath-novel-of-community-and-conflict.html


ലേഖനം തുടരുന്നു:മരതക കാന്തിയില്‍ ഇരുള്‍ മൂടുമ്പോള്‍ ഭാഗം -2

https://alittlesomethings.blogspot.com/2024/08/srilankan-conflict-novels-part-2.html

ആദ്യഭാഗം:

https://alittlesomethings.blogspot.com/2024/08/srilankan-conflict-novels-part-1.html


No comments:

Post a Comment