Featured Post

Friday, August 23, 2024

Drive Your Plow Over the Bones of the Dead by Olga Tokarczuk / Antonia Lloyd-Jones

കുരിശുയുദ്ധം ഭൂമിയുടെ അവകാശികള്‍ക്ക് 




“The time is out of joint—O cursèd spite, That ever I was born to set it right!” (Hamlet: Act I, scene 5)

    വമ്പിച്ച തോതില്‍ പ്രതിലോമപരവും പുരുഷാധിപത്യപരവുമായ ദേശത്ത്‌ ഒരു വെജിറ്റേറിയന്‍ ഫെമിനിസ്റ്റ്തന്റെ ഓരോ വാക്കുകള്‍ കൊണ്ടും  തലക്കെട്ടുകള്‍ക്കിടവരുത്തുന്ന വാവഹാരിക ബുദ്ധിജീവി”- സമകാലിക പോളിഷ് സാഹിത്യത്തിലെ ഏറ്റവും തലയെടുപ്പുള്ള എഴുത്തുകാരിയായ ഓള്‍ഗാ തൊകാര്‍ചുക്കിനെകുറിച്ചുള്ള ക്ലെയര്‍ അമിസ്റ്റാഡിന്റെ നിരീക്ഷണം (theguardian.com)  പരിപൂര്‍ണ്ണമായും സംഗതമാകുന്ന ഒന്നാണ് Drive Your Plow Over the Bones of the Dead എന്ന നോവല്‍. 2014-ല്‍ പുറത്തിറങ്ങിയ The Books of Jacob എന്ന ബ്രഹ്മാണ്ഡ നോവല്‍ വിവാദ ചരിത്ര പുരുഷനായ ജേക്കബ് ഫ്രാങ്കിന്റെ കഥ പറയുന്നതിലൂടെ ആധുനിക പോളിഷ് ദേശീയതയുടെ വലതുപക്ഷ വക്താക്കളുടെ വന്‍ പ്രതിഷേധത്തിനിടയാക്കുകയും  എഴുത്തുകാരിയുടെ ജീവന് നേരെ പോലും ഭീഷണിയുയരുകയും ചെയ്തു. ഹോളോകാസ്റ്റ് അതിജീവിച്ചവര്‍ എന്ന പ്രഖ്യാപിത പ്രതിച്ഛായക്കപ്പുറം പോളണ്ട് സ്വയം കൈക്കൊണ്ട കൊളോണിയല്‍ ഭീകരതകളെ തുറന്നു കാട്ടിയതാണ് അവരെ വിവാദച്ചുഴിയില്‍ എത്തിച്ചത്. ‘ദേശദ്രോഹിയെന്നു മുദ്രകുത്തപ്പെട്ട എഴുത്തുകാരിക്ക് അംഗസംരക്ഷകരെ ഏര്‍പ്പെടുത്താന്‍ പ്രസാധകര്‍ നിര്‍ബന്ധിതരായ ആ കാലത്തെ കുറിച്ച് “ഞാന്‍ വളരെ ശുദ്ധഗതിക്കരിയായിപ്പോയി. ഞാന്‍ കരുതിചരിത്രത്തിലെ ഇരുണ്ട ഇടങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നമുക്ക് കഴിയുമെന്ന്” എന്ന് പിന്നീട് അവര്‍ ഓര്‍ത്തെടുത്തിട്ടുണ്ട്. Drive Your Plow-യുടെ ചലച്ചിത്രാവിഷ്കാരം ബെര്‍ലിന്‍ മേളയില്‍ പ്രിമിയര്‍ ചെയ്യപ്പെട്ടപ്പോള്‍ “അങ്ങേയറ്റം കൃസ്തീയ വിരുദ്ധംപാരിസ്ഥിതിക ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നത്” എന്ന പേരില്‍ പോളിഷ് ന്യൂസ് ഏജന്‍സിയുടെ എതിര്‍പ്പിന് പാത്രമായതും ഇതോടു ചേര്‍ത്തു കാണാം.

വേറിട്ടു ചിന്തിക്കുന്നതിന്റെ വൈചിത്ര്യങ്ങള്‍

    തൊകാര്‍ചുക്കിന്റെ മാന്‍ ബുക്കര്‍ പുരസ്കാരം നേടിയ ‘ഫ്ലൈറ്റ്സ്’ എന്ന നോവലിലേത് പോലെയുള്ള പശ്ചാത്തല/ കാല വൈവിധ്യമൊന്നുമില്ലാത്ത ഒരൊറ്റ ഭൂമികയിലാണ്‌ Drive Your Plow നിലയുറപ്പിക്കുന്നത്. പോളണ്ടിനും ചെക്ക് റിപ്പബ്ലിക്കിനും ഇടയിലെ അതിര്‍ത്തിയിലുള്ള സിലേസ്യയെന്ന മലയോരഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ അരങ്ങേറുന്ന സ്തോഭ ജനകമായ സംഭവവികാസങ്ങള്‍ക്ക് മധ്യത്തില്‍ ആഖ്യാതാവും ഇതിവൃത്തത്തില്‍ കര്‍തൃ സ്ഥാനീയയുമായി ‘ദുഷൈക’യെന്ന കുടുംബപ്പേരില്‍ മാത്രം തന്നെ വിളിക്കണമെന്നു നിഷ്കര്‍ഷിക്കുന്ന ജനിനാ ദുഷൈകയെന്ന “രാത്രിയില്‍ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകപ്പെടാന്‍ ഇടയാകുന്ന പക്ഷം അതിനു വേണ്ട വിധം കിടക്കാന്‍ പോകും മുമ്പ് കാലുകള്‍ നന്നായി കഴുകിയിരിക്കേണ്ട പ്രായത്തിലും അതിലുപരി അത്തരം അവസ്ഥയിലും” എത്തിയ ആള്‍ എന്ന് സ്വയം വിവരിക്കുന്ന പ്രായം ചെന്ന സ്ത്രീയാണ്. എന്നാല്‍ എന്താണ് തന്റെ രോഗമെന്ന് സഹതാപത്തില്‍ താല്‍പര്യമേയില്ലാത്ത ആഖ്യാതാവ് ഒരിക്കലും പറയുന്നില്ല. “ചിലപ്പോള്‍ എനിക്ക് തോന്നുന്നുരോഗികള്‍ മാത്രമാണ് ശരിക്കും ആരോഗ്യമുള്ളവര്‍” എന്നു രോഗാവസ്ഥയേയും സ്വാസ്ഥ്യത്തെയും പ്രശ്നവല്‍ക്കരിക്കുന്ന ദുഷൈക ഒരര്‍ത്ഥത്തില്‍ ഒരു ‘നമ്പാന്‍ കൊള്ളാത്ത ആഖ്യാതാവ്’ (unreliable narrator) ആണെന്നും പറയാം. സിറിയയിലും മറ്റും പാലം എഞ്ചിനീയര്‍ ആയി ജോലി നോക്കിവന്ന അവര്‍ റിട്ടയര്‍ ചെയ്ത ശേഷം പ്രദേശത്തു സ്കൂള്‍ അധ്യാപികയായി കഴിയുന്നു, ഒപ്പം പ്രകൃതി/ മൃഗ സ്നേഹിയും സ്വയം പ്രഖ്യാപിത ജ്യോതിഷിയുമായും. ബാഹ്യ ലോകത്തിലെ അനിശ്ചിതത്വങ്ങളെ കുറിച്ചും ഇതര ജീവി വര്‍ഗ്ഗങ്ങള്‍ക്കിടയില്‍ മനുഷ്യന്റെ സ്ഥാനത്തെ കുറിച്ചും ഏറെ ചിന്തിക്കുന്ന ദുഷൈക മറ്റുള്ളവരുടെ അസ്തിത്വ വ്യഥകളെ കുറിച്ചും ബോധവതിയാണ്. “ദുഃഖം ലോകത്തെ നിര്‍വ്വചിക്കുന്നതില്‍ ഒരു പ്രധാന പദമാണ്‌. അത് എല്ലാത്തിന്റെയും അടിത്തറയായി വര്‍ത്തിക്കുന്നുഅതാണ്‌ അഞ്ചാമത് മൂല പദാര്‍ത്ഥം (element), അന്തസാരം” എന്ന് ഏതാണ്ട് ഒരു ബുദ്ധിസ്റ്റ് വീക്ഷണത്തില്‍ അവര്‍ ചിന്തിക്കുന്നുണ്ട്. നിഷ്കൃഷ്ട യഥാതഥത്വവും വന്യമായ ഭാവനയും കൂട്ടിച്ചേര്‍ക്കുന്ന തൊകാര്‍ചുക്ക് ശൈലി അവരുടെ പ്രയോഗിക്കുന്നത് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പത്രം വായിക്കുന്ന ഗര്‍ഭിണിയെ കാണുമ്പോള്‍ അവര്‍ ഓര്‍ത്തുപോകുന്നുണ്ട്: “ഇതെല്ലാം അറിഞ്ഞുകൊണ്ട് എങ്ങനെയാണ് ഒരാള്‍ക്ക് ഗര്‍ഭം അലസാതിരിക്കുക?” വിചിത്രമെന്നു തോന്നാവുന്ന ഈ ചോദ്യം ഒരേ സമയം അര്‍ദ്ധദാര്‍ശനികവും അര്‍ദ്ധ കോമാളിത്തവും കലര്‍ന്നതാണെങ്കില്‍, നിത്യജീവിതത്തിലെ ശാരീരികാസ്വാസ്ഥ്യങ്ങളെയും   ചരിത്രത്തിന്റെ മുറിവുകളെയും ചേര്‍ത്തുവെക്കുന്ന നിരീക്ഷണം കൂടുതല്‍ മനനസ്വഭാവം പ്രകടിപ്പിക്കുന്നത് കാണാം: “അത് (ശാരീരിക വേദന) അവസാനിക്കുന്നില്ല.. അത് എന്നെ ക്രൂരമായി ഓര്‍മ്മിപ്പിക്കുന്നു ഞാന്‍ ഓരോ നിമിഷവും ഊര്‍ന്നു പോകുന്ന ശാരീരിക ഘടകങ്ങള്‍ കൂടി ചേര്‍ന്നതാണെന്ന്. ഒരു പക്ഷെ ഒരാള്‍ക്ക് അത് ശീലമായിക്കൊള്ളുംഅതിനോടൊപ്പം ജീവിക്കാന്‍ പഠിക്കുകഓഷ് വിറ്റ്സ് നഗരത്തിലും ഹിരോഷിമയിലും ആളുകള്‍ ജീവിക്കുന്ന പോലെകഴിഞ്ഞ കാലത്ത് അവിടെയെന്തു നടന്നു ഒരിക്കലും ചിന്തിക്കുക പോലും ചെയ്യാതെ. അവര്‍ ചുമ്മാ അവരുടെ ജീവിതം നയിക്കുന്നു.” കൗതുകവും സ്നേഹവും ജനിപ്പിക്കുന്ന ‘സദ്‌ വാര്‍ത്തയെന്നു താന്‍ പേരിടുന്ന പെണ്‍കുട്ടിയെ കുറിച്ച് ചിന്തിക്കുമ്പോള്‍ പരിണാമ സിദ്ധാന്തത്തെ തന്നെ പുനര്‍ വിചാരണ ചെയ്യുകയാണ് ദുഷൈക: “.. എന്തുകൊണ്ട് ചിലയാളുകളെ ആകര്‍ഷണീയരും മറ്റു ചിലരെ അല്ലാതെയും കാണുന്നു... സമ്പൂര്‍ണ്ണ ചേര്‍ച്ചയുള്ള ആകാരം എന്നൊന്നുണ്ട്അവയിലേക്കു നമ്മുടെ ഉടലുകള്‍ ജന്മനാ കുതിച്ചു കൊണ്ടിരിക്കും. ഈ ആദര്‍ശ പ്രകൃതങ്ങളോടു ചേര്‍ന്ന് പോകുന്ന ഭാവങ്ങള്‍ മറ്റുള്ളവരില്‍ നാം തെരഞ്ഞെടുക്കും. പരിണാമത്തിന്റെ ലക്‌ഷ്യം തികച്ചും സൗന്ദര്യശാസ്ത്രപരം മാത്രമാണ്. പരിണാമം സൌന്ദര്യത്തിന്റെ കാര്യം മാത്രമാണ്, ഏറ്റവും പരിപൂര്‍ണ്ണമായത് നേടിയെടുക്കുകയെന്നതിനെ കുറിച്ച്.”

    ആ ശൈത്യകാലത്ത് അരങ്ങേറുന്ന ഭീകരമായ കൊലപാതക ശൃംഖലകള്‍ ഒരു മര്‍ഡര്‍ മിസ്റ്ററിയുടെ തലത്തിലേക്ക് ഇതിവൃത്തത്തെ കൊണ്ടുപോകാന്‍ പര്യാപ്തമാണ്. എന്നാല്‍, “ആരാണ് കൊലപാതകി എന്നറിയാന്‍ മാത്രമായി ഒരു പുസ്തകമെഴുതുന്നത് സമയവും കടലാസും ധൂര്‍ത്തടിക്കലാണ്” എന്ന് നോവലിസ്റ്റ് നിരീക്ഷിച്ചിട്ടുണ്ട്. ആഖ്യാതാവിന്റെ മനോവിശകലന പരിശീലനവും വൈദഗ്ധ്യവും പ്രകടമാകുന്നതാണ് അവരുടെ കണ്ടെത്തലുകള്‍ എന്നിരിക്കിലും മിസ്സിസ് മാര്‍പ്പിളിന്റെ (അഗതാ ക്രിസ്റ്റി) തലത്തില്‍ നിന്ന് അവര്‍ ഉയര്‍ന്നു പോകുന്നത് നോവലിന്റെ ബഹുമുഖ പാഠന്തരങ്ങളില്‍ വ്യക്തമാണ്. അതുകൊണ്ട് സാറാ പെറി പ്രസ്താവിക്കുന്നത് പോലെ (theguardian.com ) പുസ്തകം പലതുമാണ് – സസ്യഭോജന സംസ്കൃതിയുടെ രാഷ്ട്രീയ നിരീക്ഷണംഒരു ഇരുണ്ട ഫെമിനിസ്റ്റ് കോമഡിഅസ്തിത്വ പ്രതിസന്ധികളുടെ ദൃഷ്ടാന്ത കഥഒപ്പം അനശ്വര കവി വില്ല്യം ബ്ലേക്കിനുള്ള ആദരവും.

കാലഹരണപ്പെട്ട മനുഷ്യ സങ്കല്‍പ്പം

    മലയോര ഗ്രാമത്തിന്റെ പ്രശാന്തവും സംഭവരഹിതവുമായ അന്തരീക്ഷത്തിനും  ദുഷൈകയുടെ ജീവിതത്തിനും മാറ്റമുണ്ടാകുന്നതിന്റെ തുടക്കം ഒരു സുപ്രഭാതത്തില്‍ അവരുടെ ‘പെണ്‍ മക്കള്‍’ തന്നെയായ രണ്ടു പട്ടികളെയും കാണാതാവുന്നതോടെയാണ്. Big Foot എന്ന് ദുഷൈക വിളിക്കുന്ന വേട്ടക്കാരന്റെ ദുരൂഹ മരണമാണ് ആദ്യം. അയാളുടെ ചങ്കില്‍ തറച്ചിരുന്ന എല്ലിന്‍ കഷണം, സംഭവം നാട്ടില്‍ നിരുപാധികം നടമാടുന്ന മൃഗവേട്ടയുമായി ബന്ധപ്പെട്ടതാണെന്ന നിഗമനത്തിലേക്ക് ദുഷൈകയെ എത്തിക്കുന്നു. കുറ്റകൃത്യത്തിന്റെ മഞ്ഞുപുതഞ്ഞ ചുറ്റുവട്ടത്ത് കാണപ്പെടുന്ന മൃഗങ്ങളുടെ പാദമുദ്രകള്‍ ദുഷൈക അവകാശപ്പെടുമ്പോലെ മൃഗങ്ങളുടെ പ്രതികാരമെന്ന ഒരു മാജിക്കല്‍ റിയലിസ്റ്റിക് സാധ്യത സൂചിപ്പിക്കുന്നതായി തോന്നാം. എന്നാല്‍‘നോയര്‍ ക്രൈം’ അന്തരീക്ഷം ഉടനീളം നിലനിര്‍ത്തുമ്പോഴും നോവലിന്റെ യഥാര്‍ത്ഥ ഉത്കണ്ഠകള്‍ കൂടുതല്‍ ആഴത്തിലുള്ള ദാര്‍ശനിക പ്രശ്നങ്ങളാണ്. ഭക്ഷണത്തിനും നേരമ്പോക്കിനും ഒരുദ്ദേശവുമില്ലാതെയും വേട്ടയാടി കൊന്നുകൂട്ടുന്ന മൃഗങ്ങളുടെ ജഡങ്ങള്‍ക്കരിക ഊതിപ്പെരുപ്പിച്ച പൌരുഷത്തിന്റെ (macho) ഔദ്ധത്യത്തോടെ പോസ് ചെയ്യുന്ന വേട്ടക്കാരുടെ ഫോട്ടോ ക്രോധത്തോടെ സൂക്ഷിക്കുന്നുണ്ട് ദുഷൈക. ചിത്രത്തില്‍ എല്ലാവരുമുണ്ട്‌: വേട്ടക്കാര്‍ക്കായുള്ള കലണ്ടറിലെ നിശ്ചിത നിയമാനുസൃത സമയക്രമം പാലിക്കാതെ നടത്തുന്ന മൃഗ വേട്ടക്കെതിരെ നടപടി സ്വീകരിക്കാന്‍ ഉത്തരവാദിത്തമുള്ളപ്പോഴും അതവഗണിക്കുന്ന അധികൃതര്‍അതിര്‍ത്തി കാവലിന്റെ ഉത്തരവാദിത്തമുള്ള കമാണ്ടന്റ്, ‘ഭൂമിയിലുള്ളതെല്ലാം ദൈവം മനുഷ്യര്‍ക്കായി സൃഷ്ടിച്ചുവെന്നും വേട്ടക്കാര്‍ പ്രകൃതിയുടെ സംതുലനം നിലനിര്‍ത്താന്‍ സഹായിക്കുന്നതിലൂടെ “സൃഷ്ടിയുടെ ജോലികളില്‍ ദൈവത്തിന്റെ അംബാസഡര്‍മാറും പങ്കാളികളും” ആണെന്നും സഭാ മണ്ഡപത്തില്‍ നിന്നു പ്രസംഗിക്കുന്ന പാതിരിചൂതാട്ടവും വട്ടിപ്പലിശയും പെണ്‍വാണിഭവും മൃഗക്കടത്തും ഉള്‍പ്പടെ ഇരുള്‍ വഴികളിലൂടെ നീങ്ങുന്ന, ഗുഡ് ന്യൂസ് എന്ന പെണ്‍കുട്ടിയെ ലൈംഗിക അടിമയായി പീഡിപ്പിക്കുന്ന മാഫിയ ഗുണ്ടയായ ഇനേര്‍ഡ് തുടങ്ങി പ്രദേശത്തെ പ്രകൃതിയെയും ജീവജാലങ്ങളെയും തങ്ങളുടെ ഉടമസ്ഥ വസ്തുക്കള്‍ മാത്രമായിക്കാണുന്നവരെല്ലാം. ഇവരില്‍ ഓരോരുത്തര്‍ക്കും അവരുടെ ഊഴമെത്താനുണ്ട് എന്നതാണ് നോവലിലെ ‘സീരിയല്‍ കില്ലര്‍’ പ്രമേയത്തെ രൂപപ്പെടുത്തുന്നതെങ്കില്‍അവര്‍ മാത്രമാണ് ഇരയാകുന്നത് എന്നതാണ് ആ കൊലപാതകങ്ങളെ ആദര്‍ശ പ്രചോദിതമായ ‘ശുദ്ധീകരണ’ ഭീകരതയുടെ തലത്തിലെത്തിക്കുകയും നോവലിനെ കാലഘട്ടം ആവശ്യപ്പെടുന്ന ഒരു പാരിസ്ഥിതിക, സ്ത്രീപക്ഷ നിലപാടുകളുള്ള (eco-feminist dystopia) കൃതിയാക്കി മാറ്റുകയും ചെയ്യുക. വേട്ടക്കാര്‍ക്കായുള്ള കലണ്ടര്‍ എന്ന കാഴ്ചപ്പാടിന്റെ തന്നെ അസംബന്ധം ആഖ്യാതാവ് ചൂണ്ടിക്കാട്ടുന്നുണ്ട്: ഫെബ്രുവരി ഇരുപത്തിയെട്ടു വരെ നിയമാന്സൃതമായ കാര്യം തൊട്ടടുത്ത ദിവസം നിയമ വിരുദ്ധമാകുക എന്നത് പരിഹാസ്യമാണെന്നു അവര്‍ പോലീസ് ഉദ്യോഗസ്ഥനോട് പറയുന്നു.

    മൃഗങ്ങള്‍ക്ക് ആത്മാവില്ലെന്നും അവക്ക് മോക്ഷം സാധ്യമല്ലെന്നും മനുഷ്യര്‍ക്കു വേണ്ടി സൃഷ്ട്ക്കപ്പെട്ടതായതു കൊണ്ട് അവക്കുവേണ്ടി പ്രാര്‍ഥിക്കുന്നത് ദൈവനിന്ദയാണെന്നും നിലപ്പടെടുക്കുന്നതിലൂടെ വേട്ടക്കാരുടെ പക്ഷം ചേരുന്നതാണ് ഫാദര്‍ റസിലിനെ മറ്റുള്ളവരുടെ വിധിയിലെത്തിക്കുന്നത്. “എന്നെ സംബന്ധിച്ച് അയാള്‍ ഒരു കൃതൃമ സൃഷ്ടിയായിരുന്നുഅകമേ ശൂന്യംവേഗം തീപിടിക്കുന്നതും” എന്ന് ദുഷൈക അയാളെ വിവരിക്കുന്നു. മതം എന്നതിനെ ഒരനാവശ്യ മിത്തായിക്കാണുന്ന സമീപനം ദുഷൈകയെ പോലെ വേറെയും കഥാപാത്രങ്ങളില്‍ വ്യക്തമാണ്കീടങ്ങളെ കുറിച്ച് ഗവേഷണം നടത്തുകയും ടാഫോനമിസ്റ്റ് (ജഡങ്ങള്‍ അഴുകുന്നതിന്റെ പ്രക്രിയയെ സംബന്ധിക്കുന്ന ശാസ്ത്രം) ആയി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ബറോസ് ഉദാഹരണം. പുനര്‍ജന്മാത്തെയോ മരണാന്തര ജീവിതത്തെയോ അംഗീകരിക്കാത്ത നിലപാടിലും ദുഷൈക  മതരാഹിത്യമാണ് ഉന്നയിക്കുന്നത്: “എന്റെ മനസ്സില്‍ മരണത്തെ തുടര്‍ന്ന് പദാര്‍ത്ഥത്തിന്റെ സമ്പൂര്‍ണ്ണ നശീകരണം സംഭവിക്കണം.” പത്തു കല്‍പ്പനകളിലെ ‘കൊല്ലരുത്’ എന്ന ആശയം മനുഷ്യര്‍ക്ക്‌ മാത്രം ബാധകമെന്ന പാതിരിയുടെ വിശദീകരണം, എല്ലാ ജീവികളും ദൈവ സൃഷ്ടമെങ്കില്‍  മനുഷ്യനാവുക എന്നാല്‍ എന്താണെന്നും മൃഗമായിരിക്കുകയെന്നാല്‍ എന്താണെന്നുമുള്ളമനുഷ്യ സ്വന്തമായ വിശേഷ ബുദ്ധിയും നിയതിയുമെന്ന അസ്തിത്വ പ്രശ്നമായി ദുഷൈക കണ്ടെത്തുന്നു. എന്തുകൊണ്ട് ഒരു മാനിനെ കൊല്ലുന്നത്‌ വെറും നേരമ്പോക്കും മനുഷ്യനെ കൊല്ലുന്നത് കൊലപാതകവും ആയിത്തീരുന്നുമൃഗങ്ങളുടെ അവകാശങ്ങള്‍ക്ക് മനുഷ്യാവകാശങ്ങളുടെ പദവി നല്‍കപ്പെട്ടാല്‍ മൃഗങ്ങള്‍ക്ക് മനുഷ്യരുടെ ക്രിമിനല്‍ നിയമങ്ങള്‍ ബാധകമാകുമോഈ ചിന്ത തിരിച്ചിടുമ്പോള്‍ അധികൃതരോട് ദുഷൈക ഉന്നയിക്കുന്ന സന്ദേഹങ്ങള്‍ക്ക് മറ്റൊരു തലം വന്നു ചേരുന്നു: മൃഗങ്ങളാണ് കൊലയാളികള്‍ എങ്കില്‍ അവരെയും വിസ്തരിക്കേണ്ടതല്ലേചരിത്രത്തില്‍ മൃഗങ്ങളെ കുറ്റവാളികള്‍ ആയിക്കണ്ടെത്തിയതിനും ശിക്ഷ വിധിച്ചതിനും നടപ്പിലാക്കിയത്തിനും ഉദാഹരണങ്ങള്‍ ഉണ്ടെന്നു മധ്യകാല പാഠങ്ങള്‍ ഉദ്ധരിച്ച് അവര്‍ വീറോടെ ചൂണ്ടിക്കാട്ടുന്നു.

        Also read:   Gun Island by Amitav Ghosh

https://alittlesomethings.blogspot.com/2024/08/gun-island-by-amitav-ghosh.html

ആശയങ്ങളും പാത്ര സൃഷ്ടിയും 

     ‘ആശയങ്ങളുടെ നോവല്‍’ എന്ന നിലയില്‍ വിശദമായ പരിഗണന അര്‍ഹിക്കുമ്പോഴും പാത്രസൃഷ്ടിയുടെ മികവിലും മുന്നിട്ടു നില്‍ക്കുന്നുണ്ട് എന്നതാണ് പുസ്തകത്തെ ഒരു പ്രചാരക കൃതി (propaganda treatise) അല്ലാതാക്കുന്നത്. ഒരു നോവലിന് അതിന്റെ തനിമ നിലനിര്‍ത്തിക്കൊണ്ടു തന്നെ ദാര്‍ശനികവും രാഷ്ട്രീയവുമായ തലങ്ങളിലേക്ക് ഉയരാനാവുമെന്നും പൊതുബോധ മണ്ഡലത്തെ നിര്‍ണ്ണയിക്കാനാവുമെന്നും തൊകാര്‍ചുക്  തെളിയിക്കുന്നു. തനിക്കു ചുറ്റുമുള്ളവര്‍ക്ക് അവരുടെ പ്രകൃതത്തെ കുറിച്ച്അഥവാ തനിക്ക് അവരെ കുറിച്ചുള്ള ധാരണയെസൂചിപ്പിക്കുന്ന പേരിടുകയെന്ന ദുഷൈകയുടെ ശീലം നോവലിനെ ദൃഷ്ടാന്ത കഥകളുടെ പ്രവചനീയ പ്രതീകാത്മകതിയിലേക്ക് അപചയപ്പെടുത്തുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഇതിനു കാരണംദുഷൈകയുടെ പേരിടല്‍കര്‍മ്മം ഭാഗിക ധാരണയിലോ പ്രത്യക്ഷ ശാരീരിക ചിഹ്നങ്ങള്‍ ആശ്രയിച്ചോ ആദ്യ പ്രതികരണമായോ ആണ് സംഭവിക്കുന്നത്‌ എന്നതു മാത്രമല്ലകഥാപാത്രങ്ങളുടെ നിലപാടുകള്‍ തികച്ചും സ്വാഭാവികമായ രീതിയില്‍ അവരുടെ ജീവിത സാഹചര്യങ്ങളില്‍ നിന്ന് ഉരുവാകുന്നവയാണ് എന്നതും കൂടിയാണ്. അതുകൊണ്ട് ചുഴലി അസുഖം പ്രകടമാകുന്ന ഘട്ടത്തില്‍ പരിചയപ്പെടുന്ന ഐ.ടി. പ്രൊഫഷനല്‍ ചെറുപ്പക്കാരന്‍ ‘ഡിസ്സി (Dizzy)’ ആവുമ്പോള്‍ദുഷൈകയുടെ ഏകാന്തതയെ ഇഷ്ടപ്പെടുന്ന സുഹൃത്ത് ‘ഓഡ്ബാള്‍’ ആയിത്തീരുന്നു. സുന്ദരിയായ യുവതി ‘ഗുഡ് ന്യൂസ്’ ആയിത്തീരുന്നതിന് അവളെ ഇഷ്ടമായി എന്നല്ലാതെ വിശേഷാല്‍ കാരണമില്ല. ഓഡ്ബാളിന്റെ മകനും പോലീസ് മേധാവിയുമായ ചെറുപ്പക്കാരന്‍ ‘ബ്ലാക്ക് കോട്ട്’ എന്നു വിളിക്കുന്നുണ്ടെങ്കിലും പേര് സൂചിപ്പിക്കുമ്പോലെ മനുഷ്യപ്പറ്റില്ലാത്ത രഹസ്യാന്വേഷകന്‍ മാത്രമല്ല അയാള്‍ എന്ന് പതിയെ വ്യക്തമാകുന്നുണ്ട്. ഡിസ്സി- ഗുഡ് ന്യൂസ് ബന്ധത്തിലെ പ്രണയാര്‍ദ്രത ആഖ്യാതാവ് അലിവോടെ ആസ്വദിക്കുമ്പോഴും ബറോസ്- ദുഷൈക- ഓഡ്ബാള്‍ സൗഹൃദം നേരിയ റൊമാന്റിക് ചായയുള്ള ഒരു ത്രികോണ ബന്ധം ആയി വികസിക്കുന്നതിന്റെ സൂചനകള്‍ നോവലിസ്റ്റ് അത്രകണ്ട് പിന്തുടരുന്നില്ല. ലോകം കണ്ടപ്രകൃതിയെ പഠിച്ച ബറോസില്‍ നല്ലൊരു സഖാവിനെ തിരിച്ചറിയാന്‍ ദുഷൈക ഒട്ടും വൈകുന്നില്ല. ലാര്‍വ്വകളുടെ ആവാസ കേന്ദ്രമായ വൃക്ഷങ്ങള്‍ നശിപ്പിക്കപ്പെടുമ്പോള്‍ നടക്കുന്നത് ആരുമറിയാത്ത ഒരു ‘ജെനോസൈഡ്’ ആണെന്ന് നിരീക്ഷിക്കുന്ന ബറോസ്ഗുഡ് ന്യൂസിനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ കൊലക്കുറ്റം സ്വയം ഏറ്റുപറയാന്‍ തയ്യാറാകുന്ന ദുഷൈകയെ എടുത്തുചാടരുതെന്നു വിലക്കുന്നുമുണ്ട്. ദുഷൈകയുടെ നിഗൂഡ ദൗത്യത്തിന് ബറോസ് നല്‍കുന്ന പ്രകൃതി പാഠങ്ങള്‍ ഉപകാരപ്പെടുകയും ചെയ്യും. മറ്റാരോടും ഒരിക്കലും വെളിപ്പെടുത്തിയിട്ടില്ലാത്ത കുടുംബ രഹസ്യങ്ങള്‍ ദുഷൈകയോട് വെളിപ്പെടുത്തുന്ന ഓഡ്ബാള്‍ വിവരിക്കുന്ന പോളണ്ടിന്റെ ഭീകര ചരിത്രവുമായി കെട്ടുപിണഞ്ഞ കുട്ടിക്കാലത്തിന്റെ സ്വകാര്യ ദുരന്തങ്ങള്‍ നോവലിലെ മറ്റൊരു പ്രമേയത്തെ കൂടി ചെന്ന് തൊടുന്നുണ്ട്: ഗാര്‍ഹിക പീഡനത്തിന്റെയും പ്രണയ ഭംഗത്തിന്റെയും ഇരയായി ആത്മഹത്യ ചെയ്ത അമ്മയെ കുറിച്ചുള്ള അയാളുടെ ഓര്‍മ്മകള്‍ നോവലില്‍ തീവ്രമെങ്കിലും ന്യൂനോക്തിയില്‍ മാത്രം സൂചിതമാകുന്ന സ്ത്രീപക്ഷ നിലപാടുകളുടെ മാതൃകയാണ്. മൃഗങ്ങളെ മനുഷ്യര്‍ക്കുള്ള അവകാശങ്ങളും സിദ്ധികളും ഉള്ളവരായി കാണണം എന്ന തന്റെ ആശയം വെറും കിറുക്കാണെന്ന അധികൃതരുടെ നിലപാടില്‍ താനൊരു പ്രായമായ സ്ത്രീയാണെന്ന അവഗണയും മുഴച്ചു നില്‍ക്കുന്നുണ്ടെന്ന് ദുഷൈകയും ചിന്തിക്കുന്നുണ്ട്. ‘ആകാശം നോക്കി നടക്കുന്ന ഒരു വനിതാ സെന്റ്‌ ഫ്രാന്‍സിസ്’ എന്ന് അവര്‍ അവഗണിക്കപ്പെടുകയാണെന്ന് മൈക്കല്‍ ക്രോനിന്‍ നിരീക്ഷിക്കുന്നു (irishtimes.com). ഗുഡ് ന്യൂസ് അനാഥാലയത്തില്‍ കഴിയുന്ന അനുജന്റെ സംരക്ഷണ ചുമതല ലഭിക്കുന്നതിനു വേണ്ടി നിരന്തരം ഓഫീസുകള്‍ കേറിയിറങ്ങേണ്ടി വരുന്നതും ഇനേര്‍ഡിന്റെ ലൈംഗിക അടിമത്തത്തിന് വിധേയയാകേണ്ടി വരുന്നതും നോവലിലെ ഉള്ളുലക്കുന്ന അനുഭവങ്ങളാണ്. ചെറു സൂചകങ്ങളിലൂടെ അനുവാചക മനസ്സില്‍ തങ്ങിനില്‍ക്കുന്ന പാത്രസൃഷ്ടി സാധ്യമാകുന്നതിന്റെ വേറെ ഉദാഹരണങ്ങളാണ് ഡിസ്സിയും ബ്ലാക്ക് കോട്ടും. നോവലിന്റെ തലക്കെട്ട്‌ എന്ന പോലെത്തന്നെകേന്ദ്ര പ്രമേയമായ പ്രപഞ്ച വീക്ഷണത്തിന്റെയും ഉറവിടമായ വില്ല്യം ബ്ലേക്കിന്റെ കവിതകള്‍ വിവര്‍ത്തനം ചെയ്യുന്ന ഡിസ്സി അക്കാര്യത്തില്‍ ദുഷൈകയുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും സഹൃദയത്വവും ഉപയോഗപ്പെടുത്തുന്നുണ്ട്. ഒപ്പം അയാളുടെ ജീവിത രീതിയിലെ യോഗീതുല്യമായ ലാളിത്യം ബ്ലേക്കിന്റെ മെറ്റാഫിസിക്കല്‍ ലളിത ജീവിത സങ്കല്‍പ്പവുമായും ചേര്‍ന്നു പോകുന്നത്ആ കവിതകള്‍ അയാള്‍ക്ക് കേവലം സാഹിത്യ കൌതുകം മാത്രമല്ല എന്ന് സൂചിപ്പിക്കുന്നു. ബ്ലാക്ക് കോട്ട് തന്റെ പിതാവിനെ ഒരിക്കലും സഹായിച്ചില്ലെന്ന ദുഷൈകയുടെ വിമര്‍ശനത്തിനു മറുപടിയായിഒരു ഘട്ടത്തില്‍ ഭീകരപ്രവര്‍ത്തനത്തിന്റെ പേരില്‍ ജയിലില്‍ അടക്കപ്പെട്ട പിതാവിനെ താനെങ്ങനെയാണ് പുറത്തെത്തിച്ചതെന്ന് അയാള്‍ പറയുന്നുണ്ട്: അതെളുപ്പമായിരുന്നില്ലമമ്മയുടെ മരണത്തിനുത്തരവാദികള്‍ ആനുകൂല്യം നിഷേധിച്ച ഇന്‍ഷുറന്‍സ് കമ്പനിയായിരുന്നെന്ന ധാരണയില്‍ മനോനില തെറ്റിയ അവസ്ഥലായിരുന്നു പിതാവെന്നു കോടതിയെ ബോധ്യപ്പെടുത്തുക.

‘സംസ്കാരത്തിന്റെ അതിരിടം’, വിജിലാന്റിസം

    മലയോര അതിര്‍ത്തി/ വനാതിര്‍ത്തി ഗ്രാമമെന്ന സങ്കല്‍പ്പനത്തിനു സാഹിത്യത്തില്‍വിശേഷിച്ചും പുതിയ കാലത്ത്ഏറെ പ്രസക്തിയുണ്ട്. നോവലിന്റെ അന്തരീക്ഷത്തിന് അനിവാര്യമായ നിഗൂഡതയുടെ ഘടകം പ്രദാനം ചെയ്യുന്നു എന്നത് മാത്രമല്ലമുഖ്യ കഥാപാത്രത്തിന്റെ പ്രകൃതത്തിലെ വിചിത്ര താല്‍പ്പര്യങ്ങള്‍ അരങ്ങേറുന്നതിനും ഈ ഭൂമിക സഹായകരമാകുന്നുണ്ട്: അതിര്‍ത്തി മുറിച്ചു കടന്നു അങ്ങോട്ടുമിങ്ങോട്ടും പോകുന്നതിനെ കുറിച്ച് “അതെനിക്ക് സന്തോഷം പകരുന്നുകാരണം അത് സാധ്യമാല്ലാതിരുന്ന കാലം എനിക്കോര്‍ക്കാന്‍ കഴിയും. അതിത്തി മുറിച്ചു കടക്കുന്നത്‌ ഞാന്‍ ആസ്വദിക്കുന്നു,” എന്ന് ദുഷൈക നിരീക്ഷിക്കുന്നുണ്ട്. യാഥാസ്ഥിതികതയും മതാത്മകകഥയും വര്‍ദ്ധിച്ചുവരുന്ന  തന്റെ നാടിനെ അപേക്ഷിച്ച് ഏറെ കാല്‍പ്പനിക വല്‍ക്കരിച്ച കാഴ്ച്ചപ്പാടാണ് അപ്പുറത്തെ ദേശത്തെ കുറിച്ച് അവര്‍ക്കുള്ളത്. “വീനസ് ചെക്ക് റിപ്പബ്ലിക്കിലേക്കു പോകുന്നു” എന്ന സ്തുതിഗീതം മാത്രമല്ലഅത്മറിച്ച് രാഷ്ട്രീയ മാനങ്ങളുള്ള ഒന്നുകൂടിയാണ്. “ഇത് ഞരമ്പുരോഗികള്‍ ആയ അഹംഭാവികളുടെ (neurotic egotists) ദേശമാണ്‌.. ചെക്ക് റിപ്പബ്ലിക്കില്‍.. ആളുകള്‍ കാര്യങ്ങള്‍ ശാന്തമായി ചര്‍ച്ച ചെയ്യാന്‍ കഴിയുന്നവരാണ്.. അവരുടെ ഭാഷ വഴക്കുണ്ടാക്കാന്‍ പറ്റിയതല്ല..” എന്നു നിരീക്ഷിക്കുന്ന ദുഷൈകയില്‍ നോവലിസ്റ്റിന്റെ സ്വന്തം അനുഭവങ്ങളുടെ നിഴല്‍ വീണു കിടപ്പുണ്ടെന്ന് നിരീക്ഷിക്കാനാകും. സംസ്കാരത്തിന്റെ അന്ത്യം സൂചിപ്പിക്കുന്ന അതിര്‍ത്തിയായി വന്യപ്രകൃതിയെ കാണുകയെന്ന പരമ്പരാഗത സങ്കല്‍പ്പത്തെ ബോധപൂര്‍വ്വം നിഷേധിക്കുന്ന മുഖ്യ കഥാപാത്രം, സാംസ്കാരിക ഔന്നത്യത്തെയും മനുഷ്യ കേന്ദ്രിത നാഗരികതയേയും സംബന്ധിച്ച ‘ഫാഷനബിള്‍’ മിത്തുകള്‍ പൊളിച്ചെഴുതുകയാണ്. നോവലില്‍ ഉടനീളം സംജ്ഞാ നാമങ്ങള്‍ (proper nouns) ഉപയോഗിക്കുന്ന രീതിയില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ -നോവലിന്റെ ഭൂമികയില്‍ മുഖ്യമായും മൃഗങ്ങളെ – കേന്ദ്രത്തിലേക്ക് കൊണ്ടുവരുന്നതിന് അവലംബിക്കുന്ന രീതി തുടക്കത്തില്‍ വലിയ അക്ഷരങ്ങള്‍ (Capital letters) ഉപയോഗിക്കുകയെന്നതാണ്. Animals, Deer, Young Gilrs എന്നൊക്കെയാണ് അവര്‍ വിവരിക്കപ്പെടുക. നോവലിസ്റ്റിന് സാഹിതീയ പ്രഭവം (Source) എന്നതിനൊപ്പം ഒരു ആത്മീയ പ്രചോദനമായിക്കൂടി വര്‍ത്തിക്കുന്ന കവി വില്ല്യം ബ്ലേക്കിന്റെ സ്വാധീനം ഇക്കാര്യത്തിലും സുവ്യക്തമാണ്. യുക്തിയെ കുറിച്ചുള്ള സന്ദേഹ ഭാവത്തിലും ഈ സ്വാധീനം തന്നെയാണ് പ്രകടമാകുന്നത്. എന്നാല്‍ജ്യോതിഷത്തെ കുറിച്ചുള്ള ദുഷൈകയുടെ അവകാശവാദങ്ങള്‍ ബോധപൂര്‍വ്വമായ ഒരു വ്യാജമാണെന്ന് സൂക്ഷ്മ വായനയില്‍ ബോധ്യമാകും. ജ്യോതിഷത്തിലൂടെ താന്‍ മനസ്സിലാക്കി എന്ന് അവകാശപ്പെടുന്ന കാര്യങ്ങളെല്ലാം – ഓഡ്ബാളിന്റെ പൂര്‍വ്വ കഥ പോലെ- യഥാര്‍ത്ഥത്തില്‍ അവര്‍ മറ്റു വഴികളിലൂടെ അറിഞ്ഞത് തന്നെയാണ്.

       കാലം പിഴച്ചതാണെന്നും അത് ശരിയാക്കിയെടുക്കാന്‍ നിയുക്തനാണ് താനെന്നുമുള്ള അറിവാണ് തന്റെ ശാപമായി ഹാംലെറ്റ് രാജകുമാരനെ വേട്ടയാടുന്നത്. നിസ്സഹായയായ ഗുഡ് ന്യൂസിനെ തുടര്‍ക്കൊലകളുടെ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുന്നത് പോലെഎല്ലാം പിഴച്ചു പോകുന്നനിയമവും അധികാരവും സമൂഹ നീതിയും സമ്പത്തുമെല്ലാം നിസ്സഹായരായ ഇരകള്‍ക്ക് നേരെ തെരഞ്ഞുപിടിച്ചു പ്രയോഗിക്കപ്പെടുന്ന അവസ്ഥയില്‍അവരുടെ വിലാപം ബധിരകര്‍ണ്ണങ്ങളില്‍ മാത്രമാണല്ലോ പതിക്കുന്നത് എന്ന് രോഷം കൊള്ളുന്ന, അനീതിയോട് ഒരിക്കലും സന്ധി ചെയ്യാനാവാത്ത ഒറ്റയാന്‍ മനസ്സിലാണ് തീവ്രവാദഭീകരവാദ സ്വഭാവമുള്ള ജാഗ്രതാ പ്രതിപ്രവര്‍ത്തന ത്വര (vigilantism) രൂപം കൊള്ളുക. നിയമത്തിനു വെളിയില്‍ നടത്തിപ്പു രീതി (mode of execution) കണ്ടെത്തുകയും അതിനു മറയിടുന്നതിനായി ഗൂഡ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുകയും ചെയ്യുന്ന രീതി താല്‍ക്കാലിക വിജയത്തിനപ്പുറം ശാശ്വതമാകുക വയ്യ. “എന്റെ മനസ്സില്‍ സംശയലേശമെന്യേ രോഷമെന്നതാണ് എല്ലാ അറിവിന്റെയും ഉറവിടംകാരണം രോഷമെന്നതിനു എല്ലാ പരിധിയും ലംഘിക്കാനുള്ള കഴിവുണ്ട് (To my mind, without any doubt, Anger is the source of all wisdom, for Anger has the power to exceed all limits) ” (Anger എന്ന പദം രണ്ടിടത്തും വലിയക്ഷരത്തില്‍ തുടങ്ങുന്നു)” എന്ന ദുഷൈകയുടെ നിരീക്ഷണം അതിന്റെ വിനാശകതയെയും സൂചിപ്പിക്കുന്നുണ്ട്. അവരുടെ ചെയ്തികളില്‍ ശരിതെറ്റുകളുടെ ന്യായവിചാരം, നോവലിന്റെ ചലച്ചിത്ര ഭാഷ്യത്തിന് നേരെ ഉയര്‍ന്ന വിമര്‍ശനം പോലെഅനന്തമായി നീണ്ടു പോയേക്കാം. എന്നാല്‍സൃഷ്ടിയുടെ/ പരിണാമത്തിന്റെ രഹസ്യങ്ങളില്‍ ബഹിഷ്കൃതര്‍ ആവുന്നവര്‍ക്ക് എവിടെയെങ്കിലുംആരിലെങ്കിലും നാവു കണ്ടെത്തിയേ പറ്റൂ എന്നത് അതിജീവനത്തിന്റെ തത്വവും ആകാം.  “അത് മൃഗങ്ങള്‍ മനുഷ്യര്‍ക്കു മേല്‍ പ്രതികാരം നിര്‍വ്വഹിക്കുകയായിരുന്നു എന്ന് തീര്‍ത്തു പറഞ്ഞപ്പോള്‍ ഞാന്‍ അസത്യം പറയുകയായിരുന്നില്ല. അതായിരുന്നു സത്യം. ഞാന്‍ അവരുടെ ഉപകരണമായിരുന്നു” എന്ന ദുഷൈകയുടെ പ്രസ്താവം ഒരു അസത്യമല്ലതന്നെ.

    നോവലിനെ ആസ്പദമാകി ആഗ്നിസ്ക്ക ഹോളണ്ട് സംവിധാനം ചെയ്ത Spoor (Pokot - Scent of an Animals) (2017) എന്ന ചിത്രം, ഘടനാപരമായ ശൈഥില്യമുള്ളത് എന്ന് വമര്‍ശിക്കപ്പെട്ടിട്ടുണ്ടെങ്കിലും, നോവല്‍ വായനയോട്‌ ചേര്‍ത്തു കാണുന്നത് ഏറെ ഹൃദ്യമായ ഒരു അനുഭവമായിരിക്കും.

(മലയാളം വാരിക ആഗസ്റ്റ്‌ 05, 2019) 

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 132-139)

 Also read:   Gun Island by Amitav Ghosh

https://alittlesomethings.blogspot.com/2024/08/gun-island-by-amitav-ghosh.html

No comments:

Post a Comment