രക്തസ്നാതനായ ബുദ്ധന്‍
(അഹിംസയുടെയും
സമാധാനത്തിന്റെയും മതമായി മനസ്സിലാക്കപ്പെട്ട ബുദ്ധ ദര്‍ശനം എങ്ങനെയാണ്
യുദ്ധോദ്യുക്തതയുടെ പ്രഭവമായിത്തീരുന്നത് എന്ന് നിരീക്ഷിക്കുന്ന പുസ്തകമാണ്
പീറ്റര്‍ ലെഹര്‍ എഴുതിയ ‘Militant
Buddhism: The Rise of Religious Violence in Sri Lanka, Myanmar and Thailand.’)
“പിറുപിറുക്കലുകള്‍
വിളക്കിന്റെ വെളിച്ചത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്ന പാറ്റകളെ എന്ന പോലെ
ചിറകടിക്കുന്നു, “കൊളംബോയില്‍
അവര്‍ തമിഴരെ കൊല്ലുകയാണ്.” കൂരിരുട്ടില്‍ നിന്ന് ഒരു മറുപടി, “ഇതൊരു ബുദ്ധമത രാജ്യമാണ്. അത്തരം കാര്യങ്ങള്‍ ഇവിടെ
സംഭവിക്കാന്‍ പാടില്ല.”
-(Island
of A Thousand Mirrors – Nayomi Munaweera – Page-27)
‘റോഡില്‍ വെച്ച് നീ ബുദ്ധനെ കണ്ടുമുട്ടിയാല്‍ അയാളെ കൊന്നുകളയുക’ എന്ന് ഉദ്ബോധിപ്പിച്ചത് ഒമ്പതാം നൂറ്റാണ്ടില്‍
ജീവിച്ചിരുന്ന വിഖ്യാത ചൈനീസ് ബുദ്ധമതാചാര്യന്‍ ലിന്‍ജി യിഹുവാന്‍ (Linji Yixuan) ആണെന്ന് കരുതപ്പെടുന്നു. പുറമേ നിന്ന് കണ്ടെത്തേണ്ട
‘ആചാര്യന്‍’ ആയല്ല ഉള്ളില്‍ തന്നെയുള്ള
ആത്മപ്രകൃതമായി സാക്ഷാത്കരിക്കേണ്ടതാണ് നിന്റെ ബുദ്ധനിയോഗം എന്നാണു ഗുരു
പറഞ്ഞുവെച്ചത്. ഈ ബോധിസത്വ സങ്കല്‍പ്പത്തില്‍ നിന്ന് ശ്രീലങ്കയിലെയും
മ്യാന്മാറിലെയും തായ് ലണ്ടിലെയും യുദ്ധോദ്യുക്തരായി ചെന്നിണം പുരണ്ട വാളുകളുമായി
പരേഡ് ചെയ്യുന്ന ബുദ്ധ സന്യാസിമാരിലെത്തുമ്പോള്‍ ബുദ്ധദര്‍ശനത്തെ കുറിച്ചു
കേട്ടുമടുത്ത ലൗകിക വിരക്തി, അഹിംസ, ശാന്തിഭാവം തുടങ്ങിയ മൂല്യങ്ങളും ഇവരും തമ്മിലെന്ത്
ചിന്തിച്ചു പോകും; രോഹിങ്ക്യന്‍
പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വിശേഷിച്ചും. എന്നാല്‍, അതത്ര അസ്വാഭാവിക വികാസമായി അങ്കലാപ്പുണ്ടാക്കേണ്ടതില്ല എന്നും ‘അബ്രഹാമൈറ്റ്’ മതങ്ങളിലും രാഷ്ട്രീയ ഹിന്ദുത്വയിലും എന്നപോലെ അത്തരം
യുദ്ധോദ്യുക്തതയുടെ അടിവേരുകള്‍ ബുദ്ധമതത്തിലും ആഴ്ന്നു കിടപ്പുണ്ടെന്നും
നിരീക്ഷിക്കുന്ന പുസ്തകമാണ് പീറ്റര്‍ ലെഹര്‍ എഴുതിയ ‘Militant Buddhism: The
Rise of Religious Violence in Sri Lanka, Myanmar and Thailand.’ അശോകന്റെ
ശിലാശാസനങ്ങളില്‍ തന്റെ അഹിംസാധിഷ്ടിത ബുദ്ധിസ്റ്റ് യുടോപിയയുടെ ആധാരശിലയായി
രേഖപ്പെടുത്തിയ ‘ഭേരീഘോഷ’ത്തില്‍ നിന്ന്
‘ധര്‍മ്മഘോഷ’ത്തിലേക്കുള്ള പരിണാമം,
കുരിശുയുദ്ധങ്ങള്‍ കൊണ്ടാടിയ ക്രിസ്ത്യന്‍ മൗലികവാദത്തിന്റെയും താലിബാന്‍- ഐസിസ്
മോഡല്‍ സലഫിസ്റ്റ്/ ജിഹാദിസ്റ്റ് ഇസ്ലാമിന്റെയും മിലിറ്റന്റ് സയണിസത്തിന്റെയും
തീവ്രവലതുപക്ഷ ഹിന്ദുത്വയുടെയും പൂര്‍വ്വസൂരിയാകാന്‍ കഴിയും വിധം ഏതാണ്ട് അതേ
കാലത്ത് തന്നെ രൂപം മാറിത്തുടങ്ങിയിരുന്നുവെന്ന വസ്തുത ബി.സി. 250 കാലത്ത്
പാടലീപുത്രത്തില്‍ നടന്ന മൂന്നാം ബുദ്ധമത സമ്മേളനത്തില്‍ ആരംഭിച്ച തെരവാദ (Theravada) ബുദ്ധിസത്തിന്റെ ഉത്പത്തിയില്‍ ഗ്രന്ഥകാരന്‍
കണ്ടെത്തുന്നു.
പോയ
നൂറ്റാണ്ടിന്റെ രണ്ടാം പാതി നീഷിയന്‍ ദൈവമരണ പ്രഖ്യാപനത്തെ സാധൂകരിക്കുംവിധം
മതാത്മകതയുടെ പ്രസക്തിയെ ഫലത്തില്‍ തിരസ്കരിച്ചപ്പോള്‍ അതിനു ‘ആള്‍ക്കൂട്ടത്തിന്റെ
കറുപ്പ്’ ആകാനുള്ള കഴിവ് നഷ്ടപ്പെട്ടതായി കരുതപ്പെട്ടു. ‘ഇരുപത്തിയൊന്നാം
നൂറ്റാണ്ടാവുമ്പോഴേക്കും മതവിശ്വാസികളെ ഒരു ആഗോള മതേതര സംസ്കാരത്തെ
പ്രതിരോധിക്കാനായി ഒത്തുകൂടിയ ചെറുകൂട്ടങ്ങള്‍ ആയി മാത്രമേ കാണപ്പെടാന്‍ ഇടയുള്ളൂ’
എന്നുപോലും പ്രവചിക്കപ്പെട്ടു (Peter Berger). എന്നാല്‍ സംഭവിച്ചത്
മറ്റൊന്നാണ്. അങ്ങേയറ്റം രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട രൂപത്തില്‍ എല്ലാ പ്രധാനമതങ്ങളും
നൂറ്റാണ്ടൊവില്‍തന്നെ ശക്തമായി തിരിച്ചെത്തി. പുതിയ നൂറ്റാണ്ട് ദൈവത്തിന്റെതായിരിക്കും
(God’s Century) എന്ന് പ്രവചിക്കപ്പെട്ടു. തെരവാദ
ബുദ്ധിസ്റ്റ് പാരമ്പര്യം തുടര്‍ന്ന ദേശങ്ങളിലാകട്ടെ, മുമ്പുമുതലേ നിര്‍ണ്ണായക രാഷ്ട്രീയ ശക്തിയായി മതം ഇടപെട്ടതിന് ഒട്ടേറെ
ഉദാഹരണങ്ങള്‍ പുസ്തകം ചൂണ്ടിക്കാണിക്കുന്നുണ്ട്. 1915 ലും അമ്പതുകള്‍
തൊട്ടു നിരന്തരമായും നടന്ന ശ്രീലങ്കന്‍- തമിഴ് സംഘഷളും ബര്‍മ്മയിലെ ബ്രിട്ടീഷ്
വിരുദ്ധ കലാപങ്ങളും (1880) ഇന്‍ഡോ- ബര്‍മ്മീസ്
കലാപങ്ങളും (1938) എഴുപതുകളില്‍ തായ് ലാന്‍ഡില്‍ അരങ്ങേറിയ കമ്മ്യൂണിസ്റ്റ് വിരുദ്ധ സംഘര്‍ഷങ്ങളും
ഗ്രന്ഥകാരന്‍ ചൂണ്ടിക്കാട്ടുന്നു. ഈ ഹിംസാത്മകതയുടെ വേരുകള്‍ ‘കൊല്ലരുത്!’ എന്ന
ശാസനയെ നിബന്ധനകളുടെ ഒഴികഴിവുകളിലേക്ക് കൂട്ടിച്ചേര്‍ത്തതിലാണ് കണ്ടെത്താനാവുക.
യുദ്ധത്തെ രാജധര്‍മ്മമായിക്കണ്ട രാജാക്കന്മാരോട് അഹിംസ നിര്‍ദ്ദേശിക്കാതിരിക്കാനുള്ള യാഥാര്‍ത്ഥ്യബോധം ബുദ്ധമതം എന്നും കാണിച്ചിരുന്നുവെന്നും
രാജ്യവിസ്തൃതിക്കായുള്ള യുദ്ധം വിലക്കിയപ്പോഴും പ്രതിരോധ ലക്ഷ്യത്തോടെ
ആയുധമെടുക്കുന്നതിനെ തെരവാദ ബുദ്ധിസം അംഗീകരിച്ചിരുന്നുവെന്നും പുസ്തകം
നിരീക്ഷിക്കുന്നു. ബുദ്ധിസം പുറമേ നിന്നുള്ള ഭീഷണി നേരിടുമ്പോള്‍ അനുവദനീയമായ ഈ
ഹിംസാത്മകത, തീവ്രദേശീയതയുടെയും വംശീയ, മൗലികവാദ നിലപാടുകാരുടെയും മുദ്രാവാക്യങ്ങള്‍ക്ക്
സാധൂകരണമായി. സൂക്ഷ്മ തലത്തില്‍ ‘ആക്രമകാരികളായ’ വ്യക്തികളും സ്ഥൂലാര്‍ത്ഥത്തില്‍ ‘അപര’ സമൂഹങ്ങളും ദേശങ്ങള്‍ തന്നെയും ഈ ‘ഭീഷണ’ സാന്നിധ്യങ്ങള്‍ ആയിത്തീരുന്നത് നിര്‍മ്മിത നരേറ്റീവുകള്‍ ധാരാളമായിരുന്നു.
ശ്രീലങ്ക, മ്യാന്മാര്‍, തായ് ലാന്‍ഡ് എന്നിവിടങ്ങളില്‍ മുസ്ലിം വിരുദ്ധ സംഘര്‍ഷങ്ങളുടെ കാരണങ്ങളും വര്‍ത്തമാന സാഹചര്യങ്ങലും പുസ്തകം വിശദമായി പരിഗണിക്കുന്നുണ്ട്. മൂന്നിടങ്ങളിലും ഉണ്ടായ സംഭവങ്ങളില്‍ ഒട്ടേറെ സമാനതകള്‍ നിരീക്ഷിക്കപ്പെടുന്നു. ദേശവും ജനതയും ബുദ്ധമതവും ആഴത്തില്‍ കൂടിച്ചേര്‍ന്നതാണ് സിംഹള സ്വത്വത്തില്‍ കാതല്‍. ശ്രീലങ്കന്‍ ജനസംഖ്യയുടെ 75 ശതമാനം വരുന്ന സിംഹള ജനതയുടെ വംശീയതയും ഭാഷയും ബുദ്ധിസവുമായിത്തന്നെ സമീകരിക്കപ്പെട്ടതോടെ അതല്ലാത്തവര്‍ ‘അപര’രായി. റോം ക്രിസ്ത്യാനിക്ക്, ജറുസലേം ജൂതന്, മക്ക മുസ്ലിമിന് എന്ന് പറയുന്നത് പോലെ കൊച്ചു മരതക ദ്വീപ് സിംഹള ബുദ്ധിസ്റ്റിന് എന്ന നരേറ്റീവ് സൃഷ്ടിക്കപ്പെട്ടു. ദക്ഷിണേന്ത്യന്‍ തീരത്തോടുള്ള ഭീഷണമായ അടുപ്പം പോലുള്ള ഭൂമിശാസ്ത്ര ഘടകങ്ങളെയും പാകിസ്താന്‍ പോലുള്ള മുസ്ലിം രാജ്യങ്ങളുമായി ന്യൂനപക്ഷങ്ങള്‍ക്ക് ഉണ്ടാവുമെന്നു പ്രചരിപ്പിക്കപ്പെട്ട സ്വാധീനം പോലുള്ള രാഷ്ട്രീയ ഘടകങ്ങളും മറ്റും ആധാരമാക്കി സൃഷ്ടിക്കപ്പെട്ട സാങ്കല്‍പ്പിക ന്യൂനപക്ഷ ബോധം (imaginative minority fear) ‘മുസ്ലിംകള്‍ വളര്‍ന്ന് സിംഹളര്‍ക്കൊപ്പമായാല്‍..!’ എന്ന നിര്‍മ്മിത ഭയപ്പാടായി ഈലം ഉന്മൂലാനന്തര കാലത്ത് തീവ്ര ദേശീയതയുടെ വക്താക്കളില്‍ വേരു പിടിച്ചു. ഗലഗോദ അത്തെ ജ്ഞാനസാര തെറോയുടെ (Galagoda Aththe Gnanasara Thero) ബോദു ബല സേന (Bodu Bala Sena) ഈ സ്വയം പ്രഖ്യാപിത ദേശീയതയുടെ വക്താക്കളായി. സമാനമായ ദേശീയതാ ബോധനിര്‍മ്മിതിയും മുസ്ലിം അപരവല്‍ക്കരണവും തന്നെയാണ് 88 ശതമാനവും തെരവാദ ബുദ്ധിസ്റ്റ് ഭൂരിപക്ഷമുള്ള ബര്‍മ്മയിലും പ്രയോഗിക്കപ്പെട്ടത്. ‘ബര്‍മ്മക്കാരനാവുകയെന്നാല്‍ ബുദ്ധമതാനുയായി ആവുകയെന്നാണ്’ എന്ന് കണക്കാക്കപ്പെട്ടപ്പോള്‍ നിശ്ശബ്ദ ഭൂരിപക്ഷത്തിന്റെ നിസ്സംഗതയും ന്യൂനപക്ഷ വേട്ടക്ക് സഹായകമായി. ‘നിങ്ങള്‍ക്ക് നിറയെ സ്നേഹവും കാരുണ്യവും ആവാം, എന്നാല്‍ നിങ്ങള്‍ക്കൊരു ഭ്രാന്തന്‍ നായുടെ അരികില്‍ കിടന്നുറങ്ങാനാവില്ല. നാം ദുര്‍ബ്ബലരായാല്‍ നമ്മുടെ നാട് മുസ്ലിം ദേശമാകും” എന്ന് ജനസംഖ്യയുടെ നാലര ശതമാനത്തില്‍ താഴെ മാത്രം വരുന്ന ഒരു വിഭാഗത്തെ മുന്‍നിര്‍ത്തി ആഷിന്‍ വിരാതു (Ashin Wirathu) ജല്‍പ്പനം നടത്തി. 95 ശതമാനം ബുദ്ധിസ്റ്റ് ജനസംഖ്യയായ തായ് ലാന്‍ഡില്‍ മുസ്ലിം ഭയമെന്നത് തെക്കന്‍ ദേശങ്ങളില്‍ മാത്രം ഒതുങ്ങിനിന്നപ്പോഴും തീവ്രദേശീയ വാദികള്‍ യാഥാര്‍ത്ഥ്യങ്ങള്‍ ബോധപൂര്‍വ്വം തമസ്കരിക്കുന്ന ആഖ്യാനങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടേയിരിക്കുന്നു.
‘ബുദ്ധിസം ആക്രമിക്കപ്പെടുന്നു’, ‘ഇങ്ങനെ പോയാല്‍ നാം ന്യൂന പക്ഷമാകും’ തുടങ്ങിയ വെറുപ്പിന്റെ ജല്‍പ്പനങ്ങളും തദ്ഫലമായി ഉയര്‍ന്നുവരുന്ന തീവ്ര വലതുപക്ഷ ദേശീയതയും ഭൂരിപക്ഷത്തിന്റെ നിസ്സംഗതയോട് ചേരുമ്പോള്‍ സംജാതമാകുന്ന സാഹചര്യമാണ്, ലേഖനത്തിന്റെ തുടക്കത്തില്‍ ഉദ്ധരിച്ച നോവലിലെ വാക്യങ്ങള്‍ പോലെ, ഹിംസ പകല്‍ വെട്ടത്തിലും വിവേകത്തിന്റെ സ്വരം ഇരുട്ടില്‍ മറഞ്ഞു പിറുപിറുക്കുന്നതിലും എത്തിച്ചേരുന്ന അവസ്ഥക്ക് മഹത്തായൊരു ദര്‍ശനത്തിന്റെ പിന്‍മുറക്കാര്‍ എന്നു മേനി നടിക്കുന്ന ദേശങ്ങളില്‍ പോലും നിമിത്തമാകുന്നത്.
Read more:
The Anarchy by William Dalrymple
https://alittlesomethings.blogspot.com/2024/08/the-anarchy-by-william-dalrymple.html
The Anatomy of
Hate by Laul Revati
https://alittlesomethings.blogspot.com/2024/08/the-anatomy-of-hate-by-laul-revati.html
Bitter Wormwood by Easterine Kire
https://alittlesomethings.blogspot.com/2024/08/bitter-wormwood-by-easterine-kire.html
No comments:
Post a Comment