വിശുദ്ധ നരകങ്ങളിലെ ബലിദാനങ്ങള്‍
ഭൂതകാലം വര്‍ത്തമാനത്തിന്റെ
മേല്‍ അധീശത്തം സ്ഥാപിക്കുന്നതും വര്‍ത്തമാനം ഭൂതകാലവുമായി സമരസപ്പെടാന്‍
ശ്രമിക്കുന്നതുമാണ് പ്രസിദ്ധ ബംഗാളി- ഇംഗ്ലീഷ്
നോവലിസ്റ്റ് അനുരാധാ റോയിയുടെ പ്രമേയ പരിസരങ്ങളെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
ഒരേ സമയം വൈയക്തികാനുഭവങ്ങളുടെ വികാര സാന്ദ്രതയും അതെ സമയം സാമൂഹിക
യാഥാര്‍ത്ഥ്യങ്ങളുടെ സാര്‍വ്വ ജനീനതയും ആവിഷ്ക്കരിക്കുകയെന്ന വലിയ സാധ്യതയാണ്
ഏതൊരു മികച്ച നോവലിസ്റ്റിന്റെയും ആയുധം. 2014-ലെ മാന്‍
ബുക്കര്‍ പുരസ്ക്കാരത്തിന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട Sleeping
on Jupiter ഇതേ ഘടന പിന്തുടരുന്നതായി കാണാം.
തന്റെ എഴാം വയസ്സില്‍ , യുദ്ധസമാനമായ സംഘര്‍ഷങ്ങള്‍ അരങ്ങേറുന്ന നാളുകളിലൊരിക്കല്‍ ആയുധ ധാരികളായ
കൊലയാളികള്‍ അച്ഛനെ മൃഗീയമായി കൊലപ്പെടുത്തുന്നതിനും, സഹോദരന്
നഷ്ടപ്പെടുന്നതിനും, ദുരൂഹമായ രീതിയില്‍ കടപ്പുറത്ത്
വെച്ച് അമ്മ തന്നെ ഉപേക്ഷിച്ചു പോവുന്നതിനും സാക്ഷ്യം വഹിക്കേണ്ടി വന്ന നൊമിത ആ
അനുഭവങ്ങളൊക്കെയും സംഭവിച്ച രണ്ടേ രണ്ടു ദിവസങ്ങളെ ഓര്‍മ്മകളില്‍ പുന: സന്ദര്‍ശനം നടത്തുന്നതോടെയാണ് നോവല്‍ ആരംഭിക്കുന്നത്.
“മാംസത്തിനു
വേണ്ടി അറുക്കുന്ന പന്നികള്‍, എന്റെ പല്ലുകള്‍
കൊഴിഞ്ഞുപോകാന്‍ ഇടയാക്കുന്ന തരത്തില്‍ ഉച്ചത്തില്‍ അലറും. എന്റെ അമ്മ മാതളനാരങ്ങ
മുറിച്ചുകഴിഞ്ഞയുടന്‍ ഞാന്‍ കേട്ടതും അതേ ശബ്ദമായിരുന്നു, കുറെ ആണുങ്ങള്‍ കോടാലിയുമായി വന്നു.. അതിലൊരാള്‍ ഒരു കോടാലി ഉയര്‍ത്തി
അതെന്റെ അച്ഛന്റെ നെറ്റിയിലേക്ക് താഴ്ത്തി.”
'ലോക ഗുരു'വും ആള്‍ ദൈവവുമായ 'ഗുരുജി'യുടെ ആശ്രമത്തില്‍ ബാല്യം പിന്നിടുന്ന നൊമിത, അവളുടെയും
ഒപ്പമുണ്ടായിരുന്ന മറ്റു നിസ്സഹായ ബാലികമാരുടെയും പീഡാനുഭവങ്ങളുടെ ഓര്‍മ്മയിലാണ്
ഇനിയെന്നും ജീവിക്കുക. രതിവൈകൃതങ്ങളുടെയും അതീവ
ക്രൂരമായ ബാലികാ പീഡനത്തിന്റെയും ഇരുണ്ട മുഖം മറച്ചു വെച്ച് ആത്മീയ പ്രഭാഷകനായി
സമൂഹ മധ്യത്തില്‍ നിലയും വിലയും വിശ്വാസ്യതയും അളവറ്റ സമ്പത്തും നേടിയെടുക്കുന്ന
ഗുരുജി ഇന്ത്യന്‍ ആത്മീയ വ്യവസായത്തിന്റെ തികഞ്ഞപ്രതീകമാണ്. ഒരു കൊച്ചു പെണ്‍കുട്ടിയില്‍ ജുഗുപസയുണര്‍ത്തുന്ന താന്ത്രിക രതി ശില്പ്പങ്ങളുടെ
പശ്ചാത്തലത്തില്‍ ഗുരുജിയുടെ കയ്യില്‍ നിന്നേല്‍ക്കേണ്ടി വരുന്ന പ്രാണന്‍ പിടയുന്ന
കയ്യേറ്റവും പര പീഡന രതിയുടെ മുറിവുകളും ഒരു ദത്തുപുത്രിയായി ഓസ് ലോയില്‍
കഴിയുമ്പോഴും അവളെ വേട്ടയാടും. ആശ്രമത്തില്‍ നിന്ന്
പുറത്തുകടക്കാന്‍ അവളെ സഹായിക്കുകയും കൂടെ രക്ഷപ്പെടുകയും ചെയ്യുന്ന, ഗുരുജിയുടെ ലൈംഗിക കയ്യേറ്റത്തില്‍ ഗര്‍ഭിണിയാവുകയും പിന്നീടു ഗര്‍ഭച്ഛിദ്രത്തിനു
വിധേയയാവുകയും ചെയ്യുന്ന ചമ്പ, ശാരീരിക വളര്‍ച്ച കുറഞ്ഞ
പികു തുടങ്ങിയവരെയും വേദനയോടെ അവളോര്‍ക്കുന്നു. ഇപ്പോള്‍ ''സൂര്യന്‍ ചന്ദ്രനെ പോലെ'' പ്രകാശിക്കുന്ന നോര്‍വെയില്‍
നിന്ന് കാരുണ്യമേതുമില്ലാത്ത ഭൂമധ്യരേഖാ കാലാവസ്ഥയില്‍ ജര്മൂലിയെന്ന, ഇന്ത്യയിലെ ഏതൊരു ഇടത്തരം ക്ഷേത്ര നഗരത്തെയും പ്രതിനിധീകരിക്കാന്‍
കഴിയുന്ന സാങ്കല്‍പ്പിക പട്ടണത്തില്‍ ഒരു ഡോക്കുമെന്ററി
ചലചിത്രകാരിയെന്ന നിലയില്‍ തന്റെ സഹചാരിയും, പ്രായം
കൊണ്ട് ഏറെ മുതിര്‍ന്നവനുമായ സൂരജുമായി എത്തുമ്പോള്‍ ഇരുപത്തിയഞ്ചുകാരിയായ നൊമിതാ
ഫ്രെഡറിക്സണ്‍ ചിലതൊക്കെ ആഗ്രഹിക്കുന്നുണ്ട്: അമ്മയെ
കണ്ടെത്താനാവുമോ, പഴയ കണ്ണികളെ കണ്ടെത്താനാവുമോ
എന്നൊക്കെ.
നോവലിന്റെ വര്‍ത്തമാനകാലത്ത്
മുതിര്‍ന്നവളായ നോമിയുടെ ബാല്യകാല സ്മരണകളോടൊപ്പം വേറെയും വ്യത്യസ്ത
കഥാപാത്രങ്ങളുടെ വീക്ഷണകോണുകളിലൂടെ, വിദഗ്ധമായി
സന്ധിക്കുന്ന കുറെയേറെ കഥാഗതികളിലൂടെ ഇന്ത്യന്‍ ജീവിതത്തിന്റെ പരിച്ഛേദം
അവതരിപ്പിക്കുന്നതില്‍ നോവലിസ്റ്റ് വിജയിക്കുന്നുണ്ട് *1. ഒരിക്കല്‍ തന്റെ സ്വന്തമായിരുന്ന ഇടത്തില്‍ ഇപ്പോള്‍ അവള്‍ക്ക് അന്യതാബോധം
അനുഭവപ്പെടുന്നു. അവളുടെ ശാരീരിക സാന്നിധ്യം പോലും ആ ഇടത്തില്‍ വേര്‍പെട്ടു നില്‍ക്കുന്നുവെന്ന്
സൂരജ് കരുതുന്നു:
“അവള്‍
കാഴ്ചയില്‍ ഇന്ത്യക്കാരിയയിരുന്നു, മുറി ഹിന്ദി
സംസാരിക്കുകയും ചെയ്തു, എന്നാല്‍ ഇടയ്ക്കു
അമേരിക്കക്കാരിയെ പോലെ തോന്നിച്ചു, തന്റെ പഴയൊരു ജര്‍മ്മന്‍
സുഹൃത്തിനെ പോലെയും.”
നൊമിതയുടെ യാത്രയുമായി സമാന്തരമായും ഇഴകോര്‍ത്തും
നോവലില്‍ കടന്നു വരുന്നത് അറുപതുകളില്‍ എത്തിയ മൂന്നു ഇന്ത്യന്‍ സ്ത്രീകളുടെ കൂടി ഭാഗധേയമാണ്. ജീവിതത്തിലാദ്യമായി, ഒരു പക്ഷെ അവസാനമായും, ഒരവധിക്കാലം തട്ടിക്കൂട്ടിയെടുത്ത് ഇന്ത്യന്‍ സാമൂഹികവിനിമയങ്ങളുടെ യഥാര്‍ത്ഥ
തല്‍ക്കാല വസതിയായ ട്രെയിനില്‍ യാത്ര തിരിക്കുന്ന ഗൌരി, ലതിക, വിദ്യ എന്നീ മധ്യ വര്‍ഗ്ഗ 'സീനിയര്‍ സിറ്റിസന്‍സ്' യാത്രാ മദ്ധ്യേ ഒരു
ഞൊടി അവള്‍ക്കു കൂട്ടാവുന്നുണ്ട്. പ്ലാറ്റ്ഫോമില്‍ ദൈന്യതയുടെ രൂപമായ ഭിക്ഷക്കാരിക്ക് ഭക്ഷണം കൊടുക്കാന്‍
ശ്രമിക്കുന്നതിനിടെ ലൈംഗിക ദാരിദ്ര്യത്തിന്റെ ഇന്ത്യന്‍ പുരുഷ കാമനക്ക് ഇരയായി
കയ്യേറ്റം ചെയ്യപ്പെടുകയും അപമാനം നിശ്ശബ്ദം സഹിക്കുന്ന പതിവ് ഇന്ത്യന്‍
സ്ത്രീത്വത്തിന്റെതില്‍ നിന്ന് വ്യത്യസ്തമായി കണക്കിന് പ്രതികരിക്കുന്നതിനിടെ ട്രെയിന്‍ വിട്ടുപോവുകയും ചെയ്യുന്നതിനാല്‍ നൊമിതയെ പിന്നീടവര്‍ കാണുന്നില്ല. ഇരുട്ടുപരന്ന പ്ലാറ്റ്ഫോമിന്റെ ഒടുവില്‍ അവള്‍ക്കെന്താവും
സംഭവിച്ചിരിക്കുക എന്ന് പൊട്ടിപ്പോയ അപായച്ചങ്ങലയില്‍ നോക്കി നെടുവീര്‍പ്പിടാനേ
അവര്‍ക്കാവുന്നുള്ളൂ. മറവിരോഗത്തിന്റെ പിടിയിലേക്ക്
അതിവേഗം കീഴ്പ്പെട്ടു കൊണ്ടിരിക്കുന്ന ഗൌരി, സൗമ്യഭാവക്കാരിയായ ലതികക്കും പ്രായോഗിക ബുദ്ധിയായ വിദ്യക്കും യാത്രയിലെങ്ങും തലവേദനയാവും.
ആശ്രമങ്ങള്‍ എന്ന 'വിശുദ്ധ' നരകങ്ങളെ കുറിച്ചുള്ള യഥാര്‍ത്ഥ
ചിത്രങ്ങള്‍ ഇന്ന് ആര്‍ക്കും അറിയാത്തതല്ല. എങ്കിലും
പരമ്പരാഗതമായി ദൈവ ദാഹമുള്ള (god-hungry) ഇന്ത്യന്‍
സംസ്കൃതിയുടെ മുന്‍ ധാരണകള്‍ മറികടക്കാനോ അവിടങ്ങളില്‍ പെട്ട് പോകുന്ന ജീവിതങ്ങള്‍ക്ക്
രക്ഷാമാര്‍ഗ്ഗം തേടാനോ എളുപ്പമല്ല എന്ന സമകാലീന സത്യം നോവല്‍ അടിവരയിടുന്നുണ്ട്. ചാണകവണ്ടിയുടെ മറവില്‍ പുറത്തുകടക്കുന്ന ഘട്ടത്തില്‍ ചമ്പ, നൊമിതയെ ഓര്‍മ്മിപ്പിക്കുന്നത് അതാണ്: പീഡകനായ
അമ്മാവനെ ഭയന്ന് ഓടിപ്പോന്ന അനാഥകളാണ് എന്ന് പറയണം. ശരീരത്തില്‍
ധാരാളമായി കാണുന്ന സിഗരറ്റ് പൊള്ളിച്ച മുറിവുകള്‍ ഉള്‍പ്പടെ തെളിവായി കാണിക്കണം. ആശ്രമത്തിന്റെ കാര്യം മിണ്ടിപ്പോവരുത്. പണവും
പദവിയുമുള്ള ബാബുമാരെല്ലാം ഗുരുജിയുടെ ആരാധകരാണ്. അവര്‍
നമ്മളെ വിശ്വസിക്കുന്ന പ്രശ്നമില്ല. തിരിച്ചേല്പ്പിച്ചാല്
പിന്നെ നമ്മളെ ജീവനോടെ വെച്ചേക്കില്ല. വാര്‍ദ്ധക്യത്തിന്റെ
അവശതയിലും ശുദ്ധവായുവിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രലോഭനത്തില്‍ യാത്ര
തിരിക്കുന്ന മൂന്നു വയോധികമാരും ഇന്ത്യന്‍ കുടുംബ ജീവിതത്തിലെ സ്ത്രീയുടെ അവസ്ഥയും
ദൈന്യതയുമാണ് വ്യക്തമാക്കുന്നത്. മനുപ്രോക്തമായ 'അച്ഛന്, ഭര്‍ത്താവ്, മകന്, മേധാവിത്ത’ത്തിന്റെ
പ്രതിലോമപരത ഏറ്റവും തെളിഞ്ഞു നില്‍ക്കുന്നത് സൂരജ് തന്റെ അമ്മയോട് എടുക്കുന്ന
നിലപാടുകളിലാണ്. പുരോഗമന മനസ്ഥിതിക്കാരാനെന്ന് മേനി
നടിക്കുമ്പോഴും സ്ത്രീകളോടുള്ള വിനിമയങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ അന്തിമമായി
പരിഹരിക്കുക കായിക ശേഷിയിലൂടെ തന്നെയാണ് എന്ന നിലപാടില്‍ അയാള്‍ക്കും എതിരില്ല; അതെ നാണയം നൊമിതയോട് പ്രയോഗിക്കുമ്പോള്‍ അയാള്‍ക്ക് നല്ല വില കൊടുക്കേണ്ടി
വരുന്നുവെന്ന് മാത്രം.
നോവലിന്റെ ഇതിവൃത്തഘടനയില്‍
ഏറ്റവും പ്രസക്തരായ മറ്റു കഥാപാത്രങ്ങള്‍ എല്ലാ കഥാപാത്രങ്ങള്‍ക്കും ഇഴകോര്‍ക്കാന്‍
താനറിയാതെ ഇടം നല്‍കുന്ന ചായക്കടക്കാരന്‍ ജോണി ടോപ്പോ, യാത്രക്കരികളായ മൂവര്‍ സംഘത്തിനു വഴികാട്ടുന്ന ടൂറിസ്റ്റ് ഗൈഡ് ബാദല്‍, അയാളുടെ സ്വവര്‍ഗ്ഗപ്രേമ ഭാജനമായ തരുണന്‍ രഘു എന്നിവരാണ്. ഇവരില്‍ ജോണി ടോപ്പോയുടെ ഇരുണ്ടുപോയ ജീവിത വീക്ഷണങ്ങളിലൂടെയും കറുത്ത
ഹാസ്യത്തിലൂടെയുമാണ് സാധാരണ മനുഷ്യരുടെ നിസ്സാര ജീവിതങ്ങളുടെ നേര്‍ക്കാഴ്ച
ശക്തമായി ആവിഷ്കരിക്കപ്പെടുന്നത് :
“എന്നെ പോലുള്ളവര്‍, ഞങ്ങളുടെ സ്വപ്നങ്ങളൊക്കെ എന്നേ അടിച്ചുടക്കപ്പെട്ടു. എനിക്ക് മാനം നോക്കാന്‍ സമയമില്ല. കിടന്നുരങ്ങള്‍ ഒരു തുണ്ട് മണ്ണു മതിയെനിക്ക്, ഉടുക്കാന്‍ ഒരിത്തിരി തുണി, അടുത്ത നേരത്തെ ആഹാരവും.”
പഴയ ദുരനുഭവങ്ങള്‍ ബോധപൂര്‍വ്വം വിസ്മരിച്ചുകൊണ്ടേ അയാള്‍ക്ക് ജീവിക്കാനാകൂ.
“ഞാന്‍ അധികം ചിന്തിക്കാറില്ല, അധികം വികാരം കൊള്ളാറുമില്ല. കൂടുതല്‍ ചിന്തിച്ചാല്‍ വെറുതെ തലവേദന കൂടും, മുടി കൊഴിയുകയും ചെയ്യും. എനിക്കാണെങ്കില്‍ കൊഴിഞ്ഞു പോകാന്‍ മുടിയുമില്ല, ഉവ്വോ?”
ജര്‍മൂലിയെ ഏഷ്യയുടെ, ഒരു വേള
പ്രപഞ്ചത്തിന്റെ തന്നെ ചെറുപതിപ്പായി നോവലിസ്റ്റ് അവതരിപ്പിക്കുന്നുണ്ട്.
എന്തുകൊണ്ട് നോവലിന്റെ തലക്കെട്ട് എന്ന ചോദ്യത്തിനും ഒരു പക്ഷെ അതിലൊരു മറുപടി
കാണാം:
“ജര്‍മൂലി
ഏഷ്യയുടെ നേരെ പ്രസരിച്ചു, ലോകത്തിനു,
സൌരയൂഥത്തിനു, പ്രപഞ്ചത്തിനു നേരെ - അത് സ്കൂളില്‍ ഓരോ കുട്ടിയുടെയും മന്ത്രമായിരുന്നു, ഇപ്പോഴും, അമ്മാവന്റെയും അമ്മായിയുടെയും കയ്യെത്താത്തിടത്ത് എത്തിപ്പെടാന്‍
ശ്രമിച്ചപ്പോഴൊക്കെ ജൂപ്പിറ്ററില്‍ കിടന്നുറങ്ങാന്‍ അവന്‍ (ബാദല്‍) ആഗ്രഹിച്ചു.
അതിനു പതിനാറു ചന്ദ്രന്മാരുണ്ട് എന്ന് ടീച്ചര്‍ പറഞ്ഞു കേട്ടപ്പോള്‍ എല്ലാ
രാത്രികളിലും ജൂപിറ്റരില്‍ പൂര്‍ണ്ണ ചന്ദ്രികയുണ്ട് എന്നാണോ എന്ന് ചോദിക്കണം
എന്നുണ്ടായിരുന്നു അവന്. അതല്ലെങ്കില്‍ അവിടെ ആ അപര ആകാശത്തില്‍
ചാന്ദ്രപ്പിറവികളും അര്‍ദ്ധ ചന്ദ്രന്മാരും (‘crescent moons and half moons’) പൂര്‍ണ്ണ ചന്ദ്രന്മാരും ഒരേസമയം ഉണ്ടാവുമോ?”
‘Sleeping on Jupiter’ എന്നത്
വിചിത്രമായ ഒരു തലക്കെട്ട് തന്നെയാണ് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. “എന്നാല്‍ നിങ്ങളുടെ ജീവിതം ചുറ്റുമുള്ളവരെ കൊണ്ട് അത്രയും കടുത്തരീതിയില്‍
ബാധിക്കപ്പെട്ടാല്‍, നിത്യജീവിതമെന്നത് ദുരിതവും വേദനയും
ആയിത്തീര്ന്നാല്, അപ്പോള്‍ ജൂപിറ്റര്‍
തന്നെയായിരിക്കും ഒരു ആശ്വാസം തേടി നിങ്ങള്‍ പോകാന്‍ ആഗ്രഹിക്കുന്ന ഇടം.” *2.
ഇന്ത്യന്‍ സമൂഹത്തില്‍ നില
നില്‍ക്കുന്ന ലൈംഗിക കാപട്യങ്ങളുടെയും, ആത്മീയതയുടെ പേരില്‍
അരങ്ങേറുന്ന ഇരട്ടത്താപ്പുകളെയും കുടുംബ- സാമൂഹ്യ
ബന്ധങ്ങളിലെ നഗ്നമായ പുരുഷമേധാവിത്ത സമീപനങ്ങളെയും പുരഗമനേച്ഛുക്കള്‍ എന്ന് മേനി
നടിക്കുന്നവര്‍ തന്നെ ഉള്ളില്‍ പേറുന്ന പരമ്പരാഗത വഴക്കങ്ങളെയും പ്രശ്ന വല്‍ക്കരിക്കാന്‍
ഈ കഥാപാത്രങ്ങളിലൂടെയും അവരുടെ പരസ്പര വിനിമയങ്ങളിലൂടെയും നോവലിസ്റ്റിനു
കഴിയുന്നുണ്ട്. ഇതിനെല്ലാറ്റിനുമുപരി, പരമ്പരാഗത മാഫിയാ ലോകങ്ങളെ പോലും വെല്ലുന്ന തരത്തില്‍ നിയമത്തെയും പോലീസ്
സംവിധാനങ്ങളെയും മുഴുവന്‍ നോക്കുകുത്തിയാക്കുന്ന, അന്ധവിശ്വാസ
ജഡിലമായ പോതുബോധത്തിന്റെ മറവില്‍ നിര്‍ബാധം വിഹരിക്കുന്ന ആത്മീയ അധോലോകങ്ങളുടെ
അധികമാരും കൈ വെക്കാത്ത നീചവൃത്തികളെയും നോവല്‍ തുറന്നു കാട്ടുന്നുണ്ട്. രചനാ പരമായ സൗന്ദര്യത്തിലാവട്ടെ, ‘ചിന്തേരിട്ട ഗദ്യം’ എന്ന് വിവരിക്കപ്പെട്ട *3 ഭാഷാപ്രയോഗത്തിലെ കാവ്യാത്മക ധ്വനിസാന്ദ്രതയും
മിതത്വവും കൂടിച്ചേര്‍ന്ന് വെറും അഞ്ചു ദിവസങ്ങള്‍ നീളുന്ന യാത്രയുടെ രൂപത്തില്‍
അനുഭവ സാകല്യത്തിന്റെതായ ഒരു ലോകം തന്നെയാണ് നോവല്‍ തുറന്നു വെക്കുന്നത്.
മതാത്മകവും
സ്ത്രീവിരുദ്ധവുമായ പൌരസ്ത്യദേശ ജീവിതങ്ങളില്‍ അത്തരം അവസ്ഥകളില്‍ നിന്ന് മോചനം
സാധ്യമാകുക പാശ്ചാത്യ ദേശങ്ങളിലേക്കുള്ള പറിച്ചു നടലില്‍ ആണ് എന്ന്
സൂചിപ്പിക്കുന്ന ഫിക് ഷനല്‍ കൃതികള്‍, ഖാലിദ്
ഹുസൈനിയുടെ ദി കൈറ്റ് റണ്ണര്‍ പോലെ, ഒട്ടേറെയുണ്ട്. അവയൊക്കെ മുന്നോട്ടുവെക്കുന്ന ലളിത പരിഹാരങ്ങള്‍ നട്ടാല്‍
മുളക്കാനിടയില്ലെന്നു പരിച്ചെറിയപ്പെടലും ആഗോള അഭയാര്‍ഥിത്തവും വിഷയമാകുന്ന
കൃതികള്‍ പറഞ്ഞുവെക്കുന്നുമുണ്ട്. അതെന്തായാലും, ലോകത്തിലെ
ഏറ്റവും വലിയ ജനാധിപത്യം എന്നും ബഹുസ്വരം എന്നുമൊക്കെ മേനി നടിക്കുമ്പോഴും ചില
മേഖലകളില്‍ ഇന്ത്യന്‍ പൗരജീവിതം മധ്യകാല ആന്ധ്യങ്ങളില്‍ കുരുങ്ങിക്കിടപ്പു
തന്നെയാണ്. ഗെയ്ല് ട്രെഡ് വെല്ലിന്റെ
കോളിളക്കമുണ്ടാക്കിയ 'വിശുദ്ധ നരകം' പുറത്തിറങ്ങുന്നതിന്റെ തൊട്ടു പിറകെയാണ്
അനുരാധാ റോയിയുടെ പുസ്തകം പുറത്തിറങ്ങിയത് എന്നത്, ഈ
വിഷയം ഇന്ത്യയില്‍ ഒട്ടും പുതുമയുള്ളതോ അപൂര്‍വ്വമോ അല്ല എന്ന് കാണിക്കുന്നു. എങ്കിലും തൊട്ടാല്‍ പൊള്ളുന്ന വിഷയങ്ങളോട് സൗകര്യപൂര്‍വ്വം അകല്‍ച്ച
പാലിക്കുകയും തഞ്ചവും തരവും നോക്കി പ്രതികരിച്ചു എന്ന് വരുത്തിത്തീര്‍ത്ത്
തങ്ങളുടെ ദന്തഗോപുരങ്ങളില്‍ സുരക്ഷിതരായിരിക്കുകയും ചെയ്യുന്ന ആത്മരക്ഷാവാദികളായ എഴുത്തുകാര്‍ക്കിടയില്‍
കലയുടെ ചാരുത ഒട്ടും ചോര്‍ന്നു പോകാതെ ഇത്തരം ഒരു രചന നടത്തിയ നോവലിസ്റ്റ് വലിയ
സര്‍ഗ്ഗ ധൈര്യത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്.
References:
1. Chelsea Leigh Horne, ‘A poignant, poetic story of one woman’s
resilience and her journey to overcome the trauma of war, Washington
Independent Review of Books, Sept. 1, 2016
2. Dolce Bellezza, ‘Sleeping on Jupiter by Anuradha Roy (Book 2
for the (Wo)Man Booker Prize)’, dolcebellezza.net, Aug 2, 2015
3. Meena Kandasamy, Sleeping on Jupiter by Anuradha Roy lays bare the treacherous hypocrisies of Indian society’, The Guardian, May 27, 2015
To purchase, contact
ph.no: 8086126024
The Gypsy Goddess by Meena Kandasamy
https://alittlesomethings.blogspot.com/2024/08/the-gypsy-goddess-by-meena-kandasamy.html
Written
in Tears by Arupa Patangia Kalita
https://alittlesomethings.blogspot.com/2016/08/blog-post.html
Shoes
of the Dead by Kota Neelima
https://alittlesomethings.blogspot.com/2015/09/blog-post_77.html
No comments:
Post a Comment