Featured Post

Saturday, August 24, 2024

The World and All That It Holds by Aleksandar Hemon

 മാനവികതക്കു കുറുകെ തീര്‍ത്ത കിടങ്ങുകള്‍




പത്തു മില്ല്യന്‍ സൈനികരടക്കം മുപ്പതു മില്ല്യനും നാല്‍പ്പതു മില്ല്യനും ഇടയ്ക്കു മനുഷ്യര്‍ കൊല്ലപ്പെട്ട ഒന്നാം ലോകയുദ്ധം യൂറോപ്യന്‍ ആയുധസാങ്കേതികതയെ മാത്രമല്ല കലാതത്വങ്ങളെ തന്നെയും അടിമുടി മാറ്റിക്കളഞ്ഞു. യന്ത്രവല്‍കൃത പൈശാചികതയുടെ മുമ്പില്‍ പഴയ യഥാതഥവാദം കാലഹരണപ്പെട്ടതിന്റെ ഫലമായി പുതിയ ആവിഷ്കാരരീതികള്‍ ആവശ്യമായിവന്നു. വ്യവസായവല്‍കൃത ക്ഷേമസിദ്ധാന്തത്തോടും പ്രചണ്ഡമായ ദേശീയവാദത്തോടുമുള്ള പ്രതികരണമായി ദാദായിസം, ഫ്യൂച്ചറിസം, ആധുനികതാ സിദ്ധാന്തങ്ങള്‍തുടങ്ങിയ ആവിഷ്കാരരീതികള്‍ അവതരിപ്പിക്കപ്പെട്ടു. വിര്‍ജീനിയ വുള്‍ഫ് മുതല്‍ ടി.എസ്. എലിയറ്റ് വരെ ഇംഗ്ലീഷ് ലോകത്തെ എഴുത്തുകാരെ ആഴത്തില്‍ സ്വാധീനിച്ച ഈ ആധുനികതാ സിദ്ധാന്തങ്ങള്‍ പക്ഷെ സാമൂഹിക, രാഷ്ട്രീയ, ധാര്‍മ്മിക പ്രതിസന്ധികളെ അമൂര്‍ത്തമായ ദാര്‍ശനിക പശ്ചാത്തലം ആക്കിനിര്‍ത്തി വ്യക്തി ശൈഥില്യത്തിന്റെ ആഖ്യാനങ്ങള്‍ ചമക്കാനാണ് ശ്രമിച്ചത്. ആധുനികതയെ ഉത്തുംഗ കലയുടെ (high art) നിദര്‍ശനമായി ഒരു വിഭാഗം കൊണ്ടാടിയപ്പോള്‍, വരേണ്യം, ദുരൂഹം,   പുരുഷാധിപത്യപരംസാമ്രാജ്യത്വ വിധേയത്വമുള്ളത്പ്രതിലോമപരം (elitist, inaccessible, patriarchal, imperialist, reactionary)  എന്നിങ്ങനെ അത് വിമര്‍ശിക്കപ്പെടുകയും ചെയ്തുചരിത്രവും സമൂഹവും രാഷ്ട്രീയവും പിന്‍നിരയിലേക്ക് ഒതുക്കപ്പെട്ട ആധുനികതക്ക് രണ്ടുലോക യുദ്ധങ്ങള്‍നരമേധങ്ങള്‍കൊളോണിയല്‍ ഭീകരതകള്‍ഹോളോകോസ്റ്റ് തുടങ്ങിയ മഹാദുരന്തങ്ങള്‍ കൈകാര്യം ചെയ്യാന്‍ വേണ്ട ആന്തരികശേഷിയില്ലെന്ന തിരിച്ചറിവിലാണ് സാഹിത്യമണ്ഡലത്തില്‍ പുതിയ ആവിഷ്കാര ശൈലികള്‍ ഇടം പിടിച്ചത്. പോസ്റ്റ്‌മോഡേണിസംപോസ്റ്റ്‌കൊളോണിയലിസം എന്നൊക്കെ വിളിക്കപ്പെട്ട പുതിയ പ്രതിഭാസങ്ങളില്‍ അത്തരം ‘വലിയ ചിത്രങ്ങള്‍’ (big pictures)  സജീവമായിരുന്നു. പുതുതായി ഉയര്‍ന്നുവന്ന ഈ സാഹിത്യപ്രവണതകള്‍, വൈകിയാണെങ്കിലും ഒന്നാം ലോകയുദ്ധത്തിന്റെ കിടങ്ങുകളില്‍ ഹോമിക്കപ്പെട്ട ദശലക്ഷങ്ങളുടെ കടംവീട്ടുക എന്ന സാഹിതീയദൗത്യം ഏറ്റെടുത്തതിന്റെ മാതൃകകള്‍ കുറെയേറെ കണ്ടെത്താനാകും. റബേക്ക വെസ്റ്റ് (The Return of the Soldier-2018)ഐസക് ബാബേല്‍ (Red Cavalry – 1926)ഹെമിംഗ് വെ (A Farewell to Arms-1929)എറിക് മരിയ റമാര്‍ക്ക് (All Quiet on the Western Front-1929)തുടങ്ങിയ അതികായര്‍ മുതല്‍ സെബാസ്റ്റ്യന്‍ ഫോക്സ് (Birdsong- 1993)പാറ്റ് ബാര്‍ക്കര്‍ (Regeneration Trilogy-1991-1994), ജെരോസ്ലാവ് ഹാസെക് (The Good Soldier Švejk- 2005) തുടങ്ങിയ സമകാലികരായ എഴുത്തുകാര്‍ വരെ ഫിക് ഷനില്‍ നിബന്ധിക്കുന്ന ഈ തീക്കാലത്തെ തികച്ചും വ്യത്യസ്തവും അപൂര്‍വ്വവുമായ വീക്ഷണ കോണുകളില്‍ ആവിഷ്കരിക്കുന്ന കൃതികളാണ് സെനഗലീസ് നോവലിസ്റ്റ് ഡേവിഡ് ഡിയോപിന്റെ At Night All Blood Is Black, ബോസ്നിയന്‍ അമേരിക്കന്‍ നോവലിസ്റ്റ് അലക്സാണ്ടര്‍ ഹേമന്റെ The World and All That It Holds  തുടങ്ങിയവ. ഡിയോപ്പിന്റെ നോവല്‍ പ്രസ്തുത കിടങ്ങുകളില്‍ ഹോമിക്കപ്പെട്ട ലക്ഷക്കണക്കിനു കറുത്ത വര്‍ഗ്ഗക്കാരുടെ ദുരന്തം ആവിഷ്കരിച്ചപ്പോള്‍അലക്സാണ്ടര്‍ ഹേമന്റെ കൃതിഇതേ വിധി അനുഭവിച്ച ബോസ്നിയന്‍ സൈനികരില്‍ പെട്ട കഥാപാത്രങ്ങളെയാണ് പിന്തുടരുന്നത്. ഡിയോപ്, യുദ്ധത്തിന്റെ വിനാശകതക്കെതിരെ ആത്മാവില്‍ കൂടെപ്പിറപ്പുകളായ രണ്ടു യുവാക്കളുടെ സ്നേഹപാരസ്പര്യത്തെ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ഹേമന്റെ കൃതിയില്‍ അതേ പ്രകാശസ്പര്‍ശം സ്വവര്‍ഗ്ഗാനുരാഗികളായ രണ്ടു സുഹൃത്തുക്കളുടെ മരണത്തിനുമപ്പുറം തളിര്‍ത്തുനില്‍ക്കുന്ന പ്രണയവുംതന്റെ രക്തത്തില്‍ പിറന്നതല്ലാതിരുന്നിട്ടും മകളായിത്തീരുന്ന ഒരു കുഞ്ഞിനോടുള്ള സ്നേഹവുമാണ്. ആദ്യത്തേത് ഇടത്തിന്റെ കാര്യത്തില്‍ കേന്ദ്രീകരണ സ്വഭാവം കാണിക്കുമ്പോള്‍രണ്ടാമത്തേതിന് ഒരു പിക്കാറസ്ക് നോവലിന്റെ സ്ഥലകാല സംഭവ ബാഹുല്യമുണ്ട്.

Nowhere Man, The LazarusProject തുടങ്ങിയ കൃതികളിലൂടെ പ്രശസ്തനായ അലക്സാണ്ടര്‍ ഹേമന്‍, ദേശനഷ്ടത്തിന്റെയും കുടിയേറ്റത്തിന്റെയും പ്രമേയങ്ങളില്‍ തല്‍പ്പരനായത്, അദ്ദേഹത്തിന്‍റെ ജീവിതപശ്ചാത്തലത്തിന്റെ സ്വാധീനം കൊണ്ടുതന്നെയാണ്. മുന്‍ യുഗോസ്ലാവിയന്‍ റിപ്പബ്ലിക്കില്‍ ബോസ്നിയ-ഹെര്‍സെഗോവിനയുടെ തലസ്ഥാനമായ സരയെവോയിലാണ് ഹേമന്‍ ജനിച്ചത്‌ (1964). ഒന്നാം ലോകയുദ്ധം പൊട്ടിപ്പുറപ്പെടുന്നതിനു തൊട്ടുമുമ്പ് യുക്രൈനില്‍ നിന്നും ബോസ്നിയയില്‍ എത്തിയതായിരുന്നു അദ്ദേഹത്തിന്‍റെ മുതുമുത്തച്ചന്‍ തിയഡോര്‍ ഹേമന്‍. അന്ന് ഇരുരാജ്യങ്ങളും ആസ്ട്രോ-ഹംഗേറിയന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. 1992 മുതല്‍ അമേരിക്കയില്‍ താമസമാക്കിയ ഹേമന്‍പ്രിന്‍സ്റ്റനില്‍ പ്രൊഫസറാണ്. ജന്മദേശത്തിന്റെ ചരിത്രാനുഭവങ്ങള്‍ അദ്ദേഹം തന്റെ കൃതികള്‍ക്ക് വിഷയമാക്കിയിട്ടുണ്ട്. ബോസ്നിയന്‍ യുദ്ധം (1992-1995) പൊട്ടിപ്പുറപ്പെട്ട ഘട്ടത്തില്‍ഒരു പര്യടനത്തിന്റെ ഭാഗമായി അവിടെയുണ്ടായിരുന്ന ഹേമന്‍സരയെവോ ഉപരോധഘട്ടത്തില്‍ അവിടെ കുടുങ്ങിപ്പോയിരുന്നു. ഒട്ടേറെ പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള ഹേമന്‍കോണ്‍റാഡ്, നബകൊവ് തുടങ്ങിയ അതികായരുമായി താരതമ്യം ചെയ്യപ്പെട്ടിട്ടുണ്ട്. അവരെപോലെ ഹേമനും മുതിര്‍ന്നതിനു ശേഷമാണു ഇംഗ്ലീഷ് പഠിക്കുകയും ആ ഭാഷയില്‍ നൈപുണ്യം നേടുകയും ചെയ്തത്. പോസ്റ്റ്‌മോഡേണിസം എന്ന സാഹിതീയ പ്രസ്ഥാനവുമായി അദ്ദേഹത്തിന്‍റെ കൃതികള്‍ എപ്പോഴും ചേര്‍ത്തുവെക്കപ്പെടുന്നു.

Also read:

At Night All Blood is Black by David Diop

https://alittlesomethings.blogspot.com/2024/08/at-night-all-blood-is-black-by-david.html

ചരിത്രത്തെ പകുത്ത നിമിഷം

സരയേവോയില്‍ 1914ല്‍ ആരംഭിച്ച്  1947 ല്‍ ഷാങ്ഹായില്‍ അവസാനിക്കുന്ന ഇതിഹാസമാനമുള്ള ആഖ്യാനമാണ് The World and All That It Holds. പന്ത്രണ്ടു വര്‍ഷം നീണ്ട നോവലിന്റെ രചനാകാലത്തിനുള്ള വിശദീകരണം ഈ ഇതിഹാസവ്യാപ്തി തന്നെയാണ്. റഫായേല്‍ പിന്റോ എന്ന ബോസ്നിയന്‍ സെഫാര്‍ദിക് ജൂതവൈദ്യന്‍ വിയന്നയിലെ വൈദ്യപഠനം കഴിഞ്ഞു തിരിച്ചെത്തിയതാണ്. സ്വവര്‍ഗ്ഗാനുരാഗിയും കറുപ്പു തീറ്റക്കാരനുമായ പിന്റോപൈതൃകമായി കിട്ടിയ തന്റെ ഫാര്‍മസിയില്‍ ചേരുവകള്‍ തയ്യാറാക്കുന്നതിനിടയിലാണ് ലോകചരിത്രത്തിന്റെ നിര്‍ണ്ണായകമായ ഒരു സംഭവത്തിനു സാക്ഷിയകാനുള്ള നിയോഗം അയാള്‍ക്ക്‌ വന്നുചേരുന്നത്. വിയന്നയില്‍ കവിതയും ദിവാസ്വപ്നങ്ങളും സ്വതന്ത്ര ജീവിതവുമായി കഴിഞ്ഞ നാളുകളുടെ നഷ്ടബോധം, ഷെല്‍ഫില്‍ എപ്പോഴും ലഭ്യമായ കറുപ്പ് കുഴമ്പും തെരുവിലൂടെ നടന്നുപോകുന്നവരെ കുറിച്ചുള്ള ഫാന്റസികളുമായി മറികടക്കാന്‍ ശ്രമിക്കുന്ന അയാള്‍തലവേദനക്ക് മരുന്ന് തേടിയെത്തുന്ന യുവസൈനികന്റെ ചുണ്ടുകളില്‍ പൊടുന്നനെ ഉമ്മവെക്കുന്നു. അതിരുകടന്നതെന്നു പറയാവുന്ന അയാളുടെ ചെയ്തി പക്ഷെ ഭിന്നഭാഷകളും വിശ്വാസക്രമങ്ങളും സ്വതന്ത്ര മൂല്യങ്ങളുമുള്ള അക്കാലത്തെ സരയെവോയില്‍ ഒന്ന് ശ്രമിച്ചു നോക്കാവുന്നത് തന്നെയായിരുന്നു; ‘ലോകത്തെ വീണ്ടും വീണ്ടും സൃഷ്ടിക്കുകയും സംഹരിക്കുകയും’ ചെയ്യുന്ന ‘വിശുദ്ധന്‍ ഒരുവന്‍’ ആ ലോകക്രമത്തിനു അന്ത്യം കുറിക്കുകയും പിന്റൊയെയും അയാളെ പോലുള്ളവരെയും കാല്‍നടയായി യൂറേഷ്യന്‍ ഭൂതലത്തിലെങ്ങും ആട്ടിത്തെളിക്കുകയും ചെയ്യാന്‍ തുടക്കമിട്ട അതേ മുഹൂര്‍ത്തം വരെയും. അതോടെ അയാളുടെ വിധിയും നിര്‍ണ്ണയിക്കപ്പെട്ടു. തുടര്‍ന്ന് മൂന്നര പതിറ്റാണ്ടു കാലം, ഒടുവില്‍ ഷാങ്ഹായില്‍ എത്തിപ്പെടുംവരെഅയാള്‍ ആ ഓട്ടത്തിലായിരുന്നു. ‘എന്താണിതെ’ന്നു  ദുര്‍ബ്ബലമായി പ്രതിഷേധിക്കുന്ന സൈനികനെ തെരുവില്‍ പിന്തുടരുന്ന ഘട്ടത്തിലാണ് അത് സംഭവിക്കുന്നത്‌: ആര്‍ച്ഡ്യൂക്ക് ഫ്രാന്‍സ് ഫെര്‍ഡിനാന്‍‌ഡിന്റെ വധം. അതാണല്ലോ ലോകയുദ്ധം തുടങ്ങിവെച്ചത്.

റോണ്‍ ചാള്‍സ് നിരീക്ഷിക്കുന്നതുപോലെദൈവത്തിനൊഴികെ മറ്റാരിലും ഇത്തിരി അതിരുകടന്ന അവകാശവാദം എന്നുപറയാവുന്ന ഒന്നാണ് നോവലിന്റെ തലക്കെട്ട്‌ എന്നിരിക്കിലും ഹേമന്‍ അത് വിശ്വസനീയമായി മറിക്കടക്കുന്നുണ്ട് *(1). ഉത്പത്തിപുസ്തകത്തെ അനുസ്മരിപ്പിക്കും വിധംഅഥവാ ഹേമന്‍ സ്വന്തം നോവലില്‍ ഒരു ഉത്പത്തിപുസ്തകം രചിക്കും വിധമാണ് നോവലാരംഭം:

“പരിശുദ്ധനായവന്‍ ലോകങ്ങളെ സൃഷ്ടിക്കുകയും സംഹരിക്കുകയും ചെയ്തുകൊണ്ടേയിരുന്നു, എന്നിട്ട്പദ്ധതി ഉപേക്ഷിക്കുന്നതിന് തൊട്ടുമുമ്പ്അവന്‍ ഈയൊരെണ്ണം പണിതീര്‍ത്തു. കാര്യം ഇതിനേക്കാള്‍ എത്രയോ മോശമായേനെ.”

 എല്ലാമൊരു പുതുപുത്തന്‍ ലോകമാണ് എന്ന ശുഭാപ്തിയിലേക്ക് നീങ്ങാന്‍ പിന്റൊയ്ക്കും പ്രേരണ നല്‍കുംവിധമാണ് ആ ചുംബന നിമിഷത്തിന്റെയും പിറവി. പക്ഷെ അതേ നിമിഷത്തിലാണ് അശനിപാതം ഭവിക്കുന്നതും. അതുകൊണ്ടാണ് ആ വധം നോവലിസ്റ്റ് വിവരിക്കുന്നത്:

“കൃത്യമായ നിമിഷംഹൃദയ മിടിപ്പുകള്‍ക്കിടയില്‍ സംഭവിക്കുന്നതെന്തോ അതിലും ദൈര്‍ഘ്യമേറിയതായിരുന്നില്ലഅത് ലോകത്തെ രണ്ടായി പകുത്തുഅതിനുമുമ്പ്അതിനു ശേഷം.”

അങ്ങനെയാണ് അയാളെ പോലെ പതിനായിരക്കണക്കിനു ബോസ്നിയക്കാര്‍ലോകത്തെ മറ്റേതൊരു സ്ഥലങ്ങളിലെ എന്നപോലെത്തന്നെഒന്നാം ലോകയുദ്ധത്തിന്റെ കിടങ്ങുകളിലേക്ക് ആട്ടിത്തെളിക്കപ്പെട്ടത്‌. എന്നാല്‍എത്രയും സൂക്ഷ്മതയോടെ പ്രസ്തുത സംഭവത്തിന്റെ പരിണതി സൂചിപ്പിക്കുമ്പോഴുംസംഭവം സ്വയം നോവലില്‍ പിന്തുടരപ്പെടുന്നേയില്ല. അഥവാഅതൊരു തൊടുത്തുവിടല്‍ മാത്രമാണ്: യുദ്ധം ചരിത്രത്തെയും മനസ്സുകളെയും മനുഷ്യരെയും കീറിമുറിക്കുന്നതും പകുക്കുന്നതും എങ്ങനെയെന്ന അനാദിയായ അന്വേഷണത്തിന്റെ. 

പിക്കാറസ്ക് യാനങ്ങള്‍

ഇംഗിത പൂര്‍ത്തീകരണത്തിനു മുന്‍കൈ എടുക്കുന്ന പ്രകൃതം പിന്റോക്ക് ഉണ്ടെന്നതിന്റെ സൂചന തുടക്കത്തിലേ നോവലിസ്റ്റ് സ്ഥാപിക്കുന്നുണ്ടെങ്കിലും അയാള്‍ ആവശ്യപ്പെടുന്നതു തിരിച്ചുനല്‍കുക മാത്രമല്ല, ഒരു മുന്‍കൈ ഉദാരത എന്നപോലെ അയാളോട് അത്തരം ‘കടന്നുകയറ്റം’ നടത്തുകയും ചെയ്യുന്ന ഒസ്മാന്‍ കാരിസിക് എന്ന അനാഥനായ മുസ്ലിം യുവാവിനെ അയാള്‍ കണ്ടുമുട്ടുന്നത്രണ്ടുവര്‍ഷങ്ങക്കു ശേഷം, ആസ്ട്രോ-ഹംഗേറിയന്‍ സൈന്യത്തില്‍ വൈദ്യനായി സേവനം ചെയ്യുമ്പോഴാണ്. പിന്റോ മൂന്നു തരത്തില്‍ സമൂഹഭ്രഷ്ടന്‍/ അന്യന്‍ ആണ് എന്ന നിരീക്ഷണം *(2) ഇവിടെ ഏറ്റവും പ്രസക്തമാണ്‌. ജൂതന്‍സ്വവര്‍ഗ്ഗാനുരാഗി,   കറുപ്പുപയോഗിക്കുന്നവന്‍. സമൂഹത്തിന്റെ വരേണ്യതട്ടകങ്ങളില്‍ നിഷ്കാസിതനെന്ന നിലയില്‍ അയാള്‍ വര്‍ത്തമാനത്തില്‍ ജീവിക്കുന്നവനാണ്. തന്റെ നിലനില്‍പ്പിന്റെ അര്‍ത്ഥശൂന്യതയെ അടുത്ത ചുംബനത്തിലോ അടുത്ത കറുപ്പുഡോസിലോ ഇറക്കിവെക്കുന്നവന്‍. ഒസ്മാന്‍ അയാള്‍ക്ക് നല്‍കുന്നത് ഒട്ടും സ്ഥായിയാവാന്‍ ഇടയില്ലാത്തെങ്കിലും അത്തരമൊരു സാന്ത്വനമാണ്. ഇല്ലാതാവുമ്പോള്‍ പോലും ഒസ്മാന്‍ ഉള്‍സ്വരമായി സംസാരിക്കുന്നുണ്ട്. “മരിക്കാന്‍ ഭയമായതുകൊണ്ടു മാത്രം നാം ജീവിതം തുടരുന്നു. ഭീരുത്വംകൊണ്ട് നാം ജീവിച്ചിരിക്കുന്നു” എന്ന സ്വന്തം തത്വശാസ്ത്രം മറികടന്നും പിന്റോ, റഹേലിനുവേണ്ടി ജീവിതം തുടരുന്നതിന് പിന്നിലും സൂക്ഷ്മാര്‍ത്ഥത്തില്‍ ഒസ്മാന്‍ തന്നെ. പിന്റോ അയാളെ ആദ്യം കണ്ടുമുട്ടുമ്പോള്‍കിടങ്ങുയുദ്ധത്തിന്റെ ദുസ്സഹാവസ്ഥക്ക് ഒരുതരത്തിലും നിരക്കാത്ത ആഹ്ലാദകരമായ ഒരു ചൂളംകുത്തലോടെ തന്റെ കക്ഷം തണുത്ത വെള്ളംകൊണ്ട് കഴുകുകയാണ് അയാള്‍. അതയാളുടെ ജീവിതാശയുടെയും ആദിമചോദനകളുടെയും നിദര്‍ശനമാണ് എന്ന നിരീക്ഷണം ശ്രദ്ധേയമാണ് *(3). പ്രണയബദ്ധരാകുന്ന ഇരുവരും ഒരു പികാറസ്ക് സ്വഭാവമുള്ള പലായനത്തില്‍, കാര്‍പാതിയന്‍ മലനിരകളില്‍ കോളറയെന്ന പോലെ ലക്ഷങ്ങള്‍ മരിച്ചുവീണ ഗലീഷ്യയിലെ റഷ്യന്‍ ആക്രമണവും (Brusilov Offensive - 1916) അതിജീവിക്കുന്നുണ്ട്. ഒടുവില്‍ യുദ്ധത്തടവുകാര്‍ക്കായുള്ള താഷ്കെന്റിലെ റഷ്യന്‍ തടവറയില്‍ എത്തിച്ചേരുകയും ചെയ്യുന്നു. അവിടെനിന്നുള്ള മോചനഘട്ടത്തില്‍ സന്തോഷത്തിന്റെതായ ചെറിയൊരിടവേള കിട്ടുന്നുവെങ്കിലും ബോള്‍ഷെവിക് വിപ്ലവത്തിന്റെ തുടര്‍ന്നുണ്ടാവുന്ന സംഘര്‍ഷങ്ങളില്‍ തുര്‍കിസ്ഥാനിലെ മലനിരകളില്‍ വെച്ചു ഇരുവരും വേര്‍പിരിയാന്‍ ഇടവരുന്നു. എന്നാല്‍ശാരീരികാര്‍ത്ഥത്തില്‍ ഇല്ലാതാകുമ്പോഴും സ്വരസാന്നിധ്യമായും ആത്മസാന്നിധ്യമായും ആഖ്യാന മാധ്യമമായും പിന്റൊയുടെയും റഹേലയുടെയും കാവല്‍ മാലാഖയായും ഒസ്മാന്‍ നോവലിലെങ്ങും നിറഞ്ഞുനില്‍പ്പുണ്ട്.

അതിജീവനവും അര്‍ഥം തേടലും

പിന്റൊയെ സംബന്ധിച്ച് തുടര്‍ന്നങ്ങോട്ടുള്ളത് സ്വയമൊരു ഇടം കണ്ടെത്താനുള്ള പോരാട്ടം മാത്രമല്ല താന്‍ ദത്തെടുത്ത കുഞ്ഞുമകള്‍ റഹേലയുടെ സംരക്ഷണദൗത്യം കൂടിയാണ്. മരുഭൂമിയിലെ കുറെയേറെ കൊല്ലങ്ങളുടെ അതിജീവനശ്രമങ്ങള്‍ക്കു ശേഷം ഷാങ്ഹായിലെത്തുന്ന ഇരുവര്‍ക്കും രണ്ടാം ചൈന-ജാപ്പനീസ് യുദ്ധത്തോടൊപ്പം പിന്റൊയുടെ കറുപ്പ് അടിമത്തത്തെയും നേരിടേണ്ടിവരുന്നു. ഈ ഘട്ടത്തിലെല്ലാം ഒസ്മാന്റെ ആത്മസാന്നിധ്യം ഇരുവരെയും പൊതിഞ്ഞു നില്‍പ്പുണ്ട്: ‘മഹാ അന്ധകാരം’  (“la gran eskuridad” (the great darkness) തന്നെ വിഴുങ്ങുന്നു എന്ന് തോന്നുന്ന ഏറ്റവും ഇരുണ്ട സന്ദര്‍ഭങ്ങള്‍ പോലും അതിജീവിക്കാന്‍ പിന്റോയെ സഹായിക്കുന്നത് അയാളുടെ സ്വരവും കഥപറച്ചില്‍ സിദ്ധിയുമാണ്. ദൈവത്തിന്റെ അസ്ഥിത്വംപോലും ചോദ്യം ചെയ്യാന്‍ പ്രേരിപ്പിക്കുംവിധം ഭീകരതകളുടെ നൈരന്തര്യമുള്ള ലോകത്തെയാണ് ഹേമന്‍ കഥാപാത്രങ്ങള്‍ നേരിടുന്നത്. “ഭൂതകാലം മാത്രമാണ് പ്രസക്തംകാരണം എല്ലാത്തിനെയും,   എല്ലാവരെയും അതിജീവിക്കുന്ന ഒരേയൊരു കാര്യം അതാണ്” എന്ന നിഹിലിസ്റ്റ് ചിന്തയിലൂടെ പോയകാലത്തെ നല്ല മുഹൂര്‍ത്തങ്ങള്‍ ഓര്‍ത്തെടുക്കുന്ന പിന്റോ നിരീക്ഷിക്കുന്നുണ്ട്.

യുദ്ധത്തിന്റെ അസംബന്ധം ആവാഹിക്കുന്ന ചിത്രങ്ങള്‍ ഏറെയുണ്ട് നോവലില്‍:

“കിടങ്ങ് നിറയെ ജടങ്ങളായിരുന്നുമരത്തിനു താഴെ വീണുകിടക്കുന്ന ആപ്പിളുകള്‍ പോലെചീഞ്ഞുതുടങ്ങിയത്അടിഞ്ഞുകൂടിയ മൂക്കിള പോലെ ദുര്‍ഗന്ധം കൂടിവന്നു.”

 എന്നാല്‍അത്തരം ഭീകരദൃശ്യങ്ങള്‍ക്കെതിരെ നോവലിസ്റ്റ് ഉയര്‍ത്തിപ്പിടിക്കുന്നത് ആദ്യം ആ പിന്റോ – ഒസ്മാന്‍ പ്രണയ കഥയുടെയും പിന്നീട് അച്ഛനും മകളും തമ്മിലുള്ള സ്നേഹത്തിന്റെയും ചിത്രങ്ങളാണ്‌. ഒസ്മാന്റെ മകളെന്നു വ്യക്തമായ റഹേലയാണ് അയാളുടെ ജീവിതത്തെ അര്‍ത്ഥവത്താക്കുന്നത്. “തന്റേതു പോലുമല്ലാത്ത ഒരു കുഞ്ഞിനോട് ശിരസ്സിനുള്ളില്‍ തുടിച്ച സ്നേഹം” എന്ന് നോവലിസ്റ്റ് അതെക്കുറിച്ച് വിവരിക്കുന്നു. പിന്റോ-റഹേല ബന്ധംചെച്നിയന്‍ സംഘര്‍ഷ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ആന്തണി മര്‍റയുടെ A Constellation of Vital Phenomena എന്ന നോവലിലെ അഖ്മത്- ഹവാ ബന്ധത്തെ ഓര്‍മ്മിപ്പിക്കുന്നു. ഒസ്മാന്റെ പാത്രസൃഷ്ടി ഐസക് ബാഷെവിസ് സിങ്ങറെയും ആന്തണി മര്‍റയെയും ഓര്‍മ്മിപ്പിക്കുന്നുവെന്നു റോണ്‍ ചാള്‍സ് നിരീക്ഷിക്കുന്നതും ഇതോടു ചേര്‍ത്തുപറയാം. അഭയാര്‍ഥി ജീവിതത്തിന്റെ മടുപ്പും ദുരിതങ്ങളും നൈരാശ്യങ്ങളുംആവശ്യമായ രേഖകള്‍ ഒന്നുമില്ലാതെ ഏതുനിമിഷവും പിടിക്കപ്പെടാവുന്നതിന്റെ അനിശ്ചിതത്വങ്ങളും അവഹേളനങ്ങളും ആവിഷ്കരിക്കുന്ന ഒട്ടേറെ സന്ദര്‍ഭങ്ങള്‍ നോവലിലുണ്ട്. പിന്റോയും റഹേലയും പരസ്പരം ആശ്രയിക്കാനും മറ്റുള്ളവരില്‍ നിന്ന് ഒരുസഹായവും പ്രതീക്ഷിക്കാതിരിക്കാനും പഠിക്കുന്നത് അനുഭവങ്ങളില്‍ നിന്നുതന്നെയാണ്. ഭിന്നഭാഷകള്‍ സംസാരിക്കുന്ന കഥാപാത്രങ്ങള്‍ ഏറെയുള്ളതിന്റെ പ്രതിഫലനമായി അത്തരം സങ്കരങ്ങള്‍ നോവലിലും കടന്നുവരുന്നു. ‘വൈകിവരുന്ന അല്ലെങ്കില്‍ ഇല്ലാത്ത സബ്‌ടൈറ്റിലോടെ ഒരു വിദേശ സിനിമ കാണുമ്പോലെ’ (Adam Mars-Jones) പലപ്പോഴും വിവര്‍ത്തനം ചെയ്യപ്പെടാതെയോ ഒരു പിന്‍നോട്ടത്തില്‍ വിവര്‍ത്തനം ചെയ്തോ അത്തരം പ്രയോഗങ്ങള്‍ ആവര്‍ത്തിക്കുന്നു. ബോസ്നിയന്‍,   ജര്‍മ്മന്‍ടര്‍ക്കിഷ് ഭാഷകളും യിദ്ദിഷിന്റെ സെഫാര്‍ദിക് വകഭേദമായ സ്പാന്യോള്‍/ ലദീനോയും ഒപ്പം പ്രാദേശിക മൊഴിഭേദങ്ങളും അറിയാവുന്ന പിന്റോ ശരിക്കും ബഹുഭാഷാ പ്രവീണനാണ്. കുഞ്ഞുറഹേലയാകട്ടെ അങ്ങിങ്ങായി സ്വരുക്കൂട്ടിയ താജിക്കിര്‍ഗിസ്വീഗര്‍ പദങ്ങള്‍ കൊണ്ടുള്ള സ്വകീയ സങ്കരം ഉപയോഗിക്കുന്നു; പിന്റൊക്ക് മാത്രമാണ് അത് മനസ്സിലാകുക.

യാഥാര്‍ത്ഥ്യവും അതിയാഥാര്‍ത്ഥ്യവും

ചരിത്രനോവല്‍ എന്നു പരിഗണിക്കുമ്പോള്‍ അത്ര സാധാരണമല്ലാത്ത സങ്കീര്‍ണ്ണതകളുള്ള ഒന്നാണ് The World and All That It Holds. യാഥാര്‍ത്ഥ്യവും കാല്‍പ്പനിക വൈചിത്ര്യങ്ങളും ഇവിടെ സംഗമിക്കുന്നുണ്ട്. ഉടല്‍മുക്തമായ ഒരു നിഴല്‍ സദാ സന്നിതമാണ്. വാചാലമായ ഹീബ്രുവില്‍ നരമേധങ്ങള്‍ പ്രവചിക്കുന്ന ഒരു കാര്‍പ്പ് മത്സ്യത്തെ നാം കാണുന്നു. പിന്റൊയുടെ ഓപിയം നിമിഷങ്ങള്‍ ആഖ്യാനത്തെ ഭ്രമാത്മകമാക്കുന്ന മറ്റൊരു ഘടകമാണ്. സെമറ്റിക് മതങ്ങളും മഹാത്ഭുതങ്ങളും സൂചനകളായി നോവലിലെങ്ങും സജീവമാണ്. പിന്റോ നിരന്തരം ഉദ്ധരിക്കുന്ന ബാബിലോണിയന്‍ താല്‍മൂദ് സൂക്തങ്ങള്‍ പോലെ എങ്ങും നിഴല്‍വിരിക്കുന്ന ‘വിശുദ്ധ ഒരുവന്‍’   ഭയത്തിന്റെയും നിഗൂഡതയുടെയും സ്ഥിരസാന്നിധ്യമായി തുടരുന്നു. സഹൃദയനും കവിമനസ്സുള്ളവനുമായ പിന്റോ ആണ് മുഖ്യ ആഖ്യാതാവ് എന്നതും ഈ ഘടകങ്ങളെ കൂടുതല്‍ സാന്ദ്രമാക്കുന്നു. 

പിന്റൊയുടെയും ഒസ്മാന്റെയും കാഴ്ചപ്പാടുകള്‍ കൂടാതെ ബ്രിട്ടീഷ് ചാരത്തലവനായ മേജര്‍ മോസര്‍ എതറിംഗ് എന്ന സ്പാര്‍ക്കിയുടെ ആഖ്യാനവും ഏറ്റവുമൊടുവില്‍ നോവലിസ്റ്റിന്റെ തന്നെ അപരസ്വരവും നോവലിലുണ്ട്. ജോണ്‍ ബുക്കാന്റെ സാന്റി ആര്‍ബത്നോട്ടിനെ അനുസ്മരിപ്പിക്കുന്ന *(4).  എതറിംഗ്, ഇടയ്ക്കിടെ അപ്രത്യക്ഷനാകുകയും ആയിരക്കണക്കിന് മൈലുകള്‍ക്കപ്പുറം നിനച്ചിരിക്കാത്ത ഘട്ടങ്ങളില്‍ തികച്ചും മറ്റൊരു അവതാരത്തില്‍ പ്രത്യക്ഷനാകുകയും ചെയ്യുന്നു. റഷ്യയും ഇംഗ്ലണ്ടും തമ്മില്‍ ദക്ഷിണേഷ്യയില്‍ കളിക്കുന്ന സാമ്രാജ്യത്വ താല്‍പര്യങ്ങളുടെ ‘വലിയ കളിയില്‍ (the Great Game) ഒരു വെറ്ററനായ അയാള്‍ബോള്‍ഷെവിക്കുകള്‍ കളിനിയമങ്ങള്‍ വളരെയേറെ തിരുത്തിക്കഴിഞ്ഞും ഏറെ സജീവമാണ്. മികച്ച വേട്ടക്കാരനായ എതറിംഗ്, കൊലകളിലും അതിനിപുണനാണ്. ഒരേസമയം കാല്പ്പനികന്‍ഒപ്പം ചപല വികാരങ്ങള്‍ ഏതുമില്ലാത്തവന്‍. മാര്‍ലോയുടെ ടാംബര്‍ലെയ്നിന്റെയും കൊളറിജിന്റെ കുബ്ലാഖാന്റെയും ഭാഷയില്‍ ഇരുപതാംനൂറ്റാണ്ടിന്റെ സംഘര്‍ഷങ്ങളെ കുറിച്ചു വിവരിക്കുന്നവന്‍. പിന്റൊയുടെ ആഖ്യാനഭാഗങ്ങളില്‍ ആര്‍ദ്രവും ഭാഷണ പ്രധാനവുമാകുന്ന ഹേമന്‍ ഭാഷ, എതറിംഗിലെത്തുമ്പോള്‍ ഭയജനകവും മുഴക്കമുള്ളതും പ്രക്ഷുബ്ധവും ആയിത്തീരുന്നു (Lucy Hughes-Hallett). താഷ്കെന്റില്‍ വെച്ചാണ്‌ പിന്റോ ആദ്യം സ്പാര്‍ക്കിയെ കണ്ടുമുട്ടുന്നത്. അയാളുടെ കാല്‍ മുറിച്ചുമാറ്റേണ്ട അവസ്ഥ ഒഴിവാക്കുന്നത് പിന്റൊയുടെ ഇടപെടലാണെങ്കില്‍, സ്പാര്‍ക്കി അയാളുടെ ജീവന്‍ രക്ഷിക്കുകയും ഷങ്ഹായ് കാലത്ത് റഹേലക്ക് അമേരിക്കന്‍ സ്കൂളില്‍ പ്രവേശനം ഉറപ്പാക്കുകയും ചെയ്യുന്നു.

മുഖ്യകഥാപാത്രങ്ങളുടെ ജീവിതങ്ങളിലേക്ക് വെളിച്ചം വീശുന്ന ചെറുഖണ്ഡങ്ങളിലൂടെ തുന്നിക്കൂട്ടിയെടുക്കുന്നതാണ് പുസ്തകത്തിന്റെ ഘടന. ചിലപ്പോള്‍ ചില ഖണ്ഡങ്ങള്‍ പൊടുന്നനെ അവസാനിക്കുകയും വര്‍ഷങ്ങള്‍ മുന്‍പോട്ടു കുതിക്കുകയും ചെയ്യുന്നു. മൂന്നാമത് ആഖ്യാതാവായി വരുന്ന നോവലിസ്റ്റിന്റെ തന്നെ അപരസ്വത്വം/ നോവലിസ്റ്റ് അപൂര്‍വ്വമായി മാത്രമേ കടന്നുവരുന്നുള്ളൂ. ഈ പ്രഥമവ്യക്തിക (first person) ആഖ്യനസ്വരമാണ് നോവലിനെ വര്‍ത്തമാനകാലവുമായി കൂട്ടിയിണക്കുന്നത്. കൊച്ചുറഹേലയെ പുറകിലേറ്റിമലനിരകള്‍ കടന്നു കൊസാക്കുകളുടെയും മണല്‍ക്കാറ്റിന്റെയും ആക്രമണങ്ങള്‍ അതിജീവിച്ച് ചൈന- ജാപ്പനീസ് യുദ്ധത്തിന്റെയും ചൈനീസ് കമ്യൂണിസ്റ്റുകളുടെയും കടന്നാക്രമണങ്ങള്‍ നേരിട്ട്, പിന്റൊയുടെ തന്നെ അന്ത്യവും കടന്ന് നോവല്‍ സമാപന അധ്യയത്തിലെത്തുന്നു: അവിടെ9/11 ഒരാഴ്ച മുമ്പ് ജറുസലേം പശ്ചാത്തലമാക്കുന്ന അന്തിമ അധ്യായത്തില്‍ (epilogue) ഒരു സാഹിത്യസമ്മേളനത്തിവെച്ചു നോവലിസ്റ്റ്, സരയേവോ ഉപരോധം അതിജീവിച്ച ചില വ്യക്തികളെ കണ്ടുമുട്ടുന്നു. അക്കൂട്ടത്തില്‍ ദുര്‍ബ്ബലയായ ഒരു വയോധികയെയും. റഹേല പിന്റോ എന്ന വയോധിക ഒരു ബോസ്നിയന്‍ പാട്ടുപാടുകയും അവരുടെ ഭൂതകാലത്തെ കുറിച്ച് ചില വെളിപ്പെടുത്തലുകള്‍ നടത്തുകയും ചെയ്യുന്നു. അത് രണ്ടു പിതാക്കന്മാരെ കുറിച്ചാണ്. അതില്‍നിന്ന് ഒരു നോവലിന്റെ ആശയം പിറക്കുന്നു. ഇത്തരം ഒരന്ത്യം ഇത്തിരി അടിച്ചേല്‍പ്പിച്ച ഓട്ടോഫിക് ഷന്‍ ഘടനയാണ് എന്ന് തോന്നിയേക്കാമെങ്കിലും നോവലിസ്റ്റ് സൃഷ്ടിക്കുന്ന ചരിത്ര ഫിക് ഷന്‍ ഭാവം അതിനെ മറികടക്കും വിധം ശക്തമാണ് (Lucy Hughes-Hallett).

 Referemces:

1.       Ron Charles. ‘‘The World and All That It Holds’ lives up to its sweeping title’, washingtonpost, 17.01.2023, https://www.washingtonpost.com/books/2023/01/17/aleksandar-hemon-novel-review/. Accessed 09.09.2023

2.       https://www.kirkusreviews.com/book-reviews/aleksandar-hemon/the-world-and-all-that-it-holds/

3.       Adam Mars-Jones. ‘Aleksandar Hemon Sets a Gay Love Story Amid the Great War’, nytimes, 21.01.2023 . Accessed 09.09.2023

4.       Lucy Hughes-Hallett. review – ‘an engrossing epic’, theguardian, 26.01.2023, https://www.theguardian.com/books/2023/jan/26/the-world-and-all-that-it-holds-by-aleksandar-hemon-review-an-engrossing-epic. Accessed 09.09.2023


 read more:

At Night All Blood is Black by David Diop

https://alittlesomethings.blogspot.com/2024/08/at-night-all-blood-is-black-by-david.html

A Constellation of Vital Phenomena by Anthony Marra

https://alittlesomethings.blogspot.com/2024/08/a-constellation-of-vital-phenomena-by.html


No comments:

Post a Comment