Featured Post

Showing posts with label Bosnian Literature. Show all posts
Showing posts with label Bosnian Literature. Show all posts

Saturday, August 24, 2024

The World and All That It Holds by Aleksandar Hemon

 മാനവികതക്കു കുറുകെ തീര്‍ത്ത കിടങ്ങുകള്‍




പത്തു മില്ല്യന്‍ സൈനികരടക്കം മുപ്പതു മില്ല്യനും നാല്‍പ്പതു മില്ല്യനും ഇടയ്ക്കു മനുഷ്യര്‍ കൊല്ലപ്പെട്ട ഒന്നാം ലോകയുദ്ധം യൂറോപ്യന്‍ ആയുധസാങ്കേതികതയെ മാത്രമല്ല കലാതത്വങ്ങളെ തന്നെയും അടിമുടി മാറ്റിക്കളഞ്ഞു. യന്ത്രവല്‍കൃത പൈശാചികതയുടെ മുമ്പില്‍ പഴയ യഥാതഥവാദം കാലഹരണപ്പെട്ടതിന്റെ ഫലമായി പുതിയ ആവിഷ്കാരരീതികള്‍ ആവശ്യമായിവന്നു. വ്യവസായവല്‍കൃത ക്ഷേമസിദ്ധാന്തത്തോടും പ്രചണ്ഡമായ ദേശീയവാദത്തോടുമുള്ള പ്രതികരണമായി ദാദായിസം, ഫ്യൂച്ചറിസം, ആധുനികതാ സിദ്ധാന്തങ്ങള്‍തുടങ്ങിയ ആവിഷ്കാരരീതികള്‍ അവതരിപ്പിക്കപ്പെട്ടു. വിര്‍ജീനിയ വുള്‍ഫ് മുതല്‍ ടി.എസ്. എലിയറ്റ് വരെ ഇംഗ്ലീഷ് ലോകത്തെ എഴുത്തുകാരെ ആഴത്തില്‍ സ്വാധീനിച്ച ഈ ആധുനികതാ സിദ്ധാന്തങ്ങള്‍ പക്ഷെ സാമൂഹിക, രാഷ്ട്രീയ, ധാര്‍മ്മിക പ്രതിസന്ധികളെ അമൂര്‍ത്തമായ ദാര്‍ശനിക പശ്ചാത്തലം ആക്കിനിര്‍ത്തി വ്യക്തി ശൈഥില്യത്തിന്റെ ആഖ്യാനങ്ങള്‍ ചമക്കാനാണ് ശ്രമിച്ചത്. ആധുനികതയെ ഉത്തുംഗ കലയുടെ (high art) നിദര്‍ശനമായി ഒരു വിഭാഗം കൊണ്ടാടിയപ്പോള്‍, വരേണ്യം, ദുരൂഹം,   പുരുഷാധിപത്യപരംസാമ്രാജ്യത്വ വിധേയത്വമുള്ളത്പ്രതിലോമപരം (elitist, inaccessible, patriarchal, imperialist, reactionary)  എന്നിങ്ങനെ അത് വിമര്‍ശിക്കപ്പെടുകയും ചെയ്തുചരിത്രവും സമൂഹവും രാഷ്ട്രീയവും പിന്‍നിരയിലേക്ക് ഒതുക്കപ്പെട്ട ആധുനികതക്ക് രണ്ടുലോക യുദ്ധങ്ങള്‍നരമേധങ്ങള്‍കൊളോണിയല്‍ ഭീകരതകള്‍ഹോളോകോസ്റ്റ് തുടങ്ങിയ മഹാദുരന്തങ്ങള്‍ കൈകാര്യം ചെയ്യാന്‍ വേണ്ട ആന്തരികശേഷിയില്ലെന്ന തിരിച്ചറിവിലാണ് സാഹിത്യമണ്ഡലത്തില്‍ പുതിയ ആവിഷ്കാര ശൈലികള്‍ ഇടം പിടിച്ചത്. പോസ്റ്റ്‌മോഡേണിസംപോസ്റ്റ്‌കൊളോണിയലിസം എന്നൊക്കെ വിളിക്കപ്പെട്ട പുതിയ പ്രതിഭാസങ്ങളില്‍ അത്തരം ‘വലിയ ചിത്രങ്ങള്‍’ (big pictures)  സജീവമായിരുന്നു. പുതുതായി ഉയര്‍ന്നുവന്ന ഈ സാഹിത്യപ്രവണതകള്‍, വൈകിയാണെങ്കിലും ഒന്നാം ലോകയുദ്ധത്തിന്റെ കിടങ്ങുകളില്‍ ഹോമിക്കപ്പെട്ട ദശലക്ഷങ്ങളുടെ കടംവീട്ടുക എന്ന സാഹിതീയദൗത്യം ഏറ്റെടുത്തതിന്റെ മാതൃകകള്‍ കുറെയേറെ കണ്ടെത്താനാകും. റബേക്ക വെസ്റ്റ് (The Return of the Soldier-2018)ഐസക് ബാബേല്‍ (Red Cavalry – 1926)ഹെമിംഗ് വെ (A Farewell to Arms-1929)എറിക് മരിയ റമാര്‍ക്ക് (All Quiet on the Western Front-1929)തുടങ്ങിയ അതികായര്‍ മുതല്‍ സെബാസ്റ്റ്യന്‍ ഫോക്സ് (Birdsong- 1993)പാറ്റ് ബാര്‍ക്കര്‍ (Regeneration Trilogy-1991-1994), ജെരോസ്ലാവ് ഹാസെക് (The Good Soldier Švejk- 2005) തുടങ്ങിയ സമകാലികരായ എഴുത്തുകാര്‍ വരെ ഫിക് ഷനില്‍ നിബന്ധിക്കുന്ന ഈ തീക്കാലത്തെ തികച്ചും വ്യത്യസ്തവും അപൂര്‍വ്വവുമായ വീക്ഷണ കോണുകളില്‍ ആവിഷ്കരിക്കുന്ന കൃതികളാണ് സെനഗലീസ് നോവലിസ്റ്റ് ഡേവിഡ് ഡിയോപിന്റെ At Night All Blood Is Black, ബോസ്നിയന്‍ അമേരിക്കന്‍ നോവലിസ്റ്റ് അലക്സാണ്ടര്‍ ഹേമന്റെ The World and All That It Holds  തുടങ്ങിയവ. ഡിയോപ്പിന്റെ നോവല്‍ പ്രസ്തുത കിടങ്ങുകളില്‍ ഹോമിക്കപ്പെട്ട ലക്ഷക്കണക്കിനു കറുത്ത വര്‍ഗ്ഗക്കാരുടെ ദുരന്തം ആവിഷ്കരിച്ചപ്പോള്‍അലക്സാണ്ടര്‍ ഹേമന്റെ കൃതിഇതേ വിധി അനുഭവിച്ച ബോസ്നിയന്‍ സൈനികരില്‍ പെട്ട കഥാപാത്രങ്ങളെയാണ് പിന്തുടരുന്നത്. ഡിയോപ്, യുദ്ധത്തിന്റെ വിനാശകതക്കെതിരെ ആത്മാവില്‍ കൂടെപ്പിറപ്പുകളായ രണ്ടു യുവാക്കളുടെ സ്നേഹപാരസ്പര്യത്തെ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ഹേമന്റെ കൃതിയില്‍ അതേ പ്രകാശസ്പര്‍ശം സ്വവര്‍ഗ്ഗാനുരാഗികളായ രണ്ടു സുഹൃത്തുക്കളുടെ മരണത്തിനുമപ്പുറം തളിര്‍ത്തുനില്‍ക്കുന്ന പ്രണയവുംതന്റെ രക്തത്തില്‍ പിറന്നതല്ലാതിരുന്നിട്ടും മകളായിത്തീരുന്ന ഒരു കുഞ്ഞിനോടുള്ള സ്നേഹവുമാണ്. ആദ്യത്തേത് ഇടത്തിന്റെ കാര്യത്തില്‍ കേന്ദ്രീകരണ സ്വഭാവം കാണിക്കുമ്പോള്‍രണ്ടാമത്തേതിന് ഒരു പിക്കാറസ്ക് നോവലിന്റെ സ്ഥലകാല സംഭവ ബാഹുല്യമുണ്ട്.

Nowhere Man, The LazarusProject തുടങ്ങിയ കൃതികളിലൂടെ പ്രശസ്തനായ അലക്സാണ്ടര്‍ ഹേമന്‍, ദേശനഷ്ടത്തിന്റെയും കുടിയേറ്റത്തിന്റെയും പ്രമേയങ്ങളില്‍ തല്‍പ്പരനായത്, അദ്ദേഹത്തിന്‍റെ ജീവിതപശ്ചാത്തലത്തിന്റെ സ്വാധീനം കൊണ്ടുതന്നെയാണ്. മുന്‍ യുഗോസ്ലാവിയന്‍ റിപ്പബ്ലിക്കില്‍ ബോസ്നിയ-ഹെര്‍സെഗോവിനയുടെ തലസ്ഥാനമായ സരയെവോയിലാണ് ഹേമന്‍ ജനിച്ചത്‌ (1964). ഒന്നാം ലോകയുദ്ധം പൊട്ടിപ്പുറപ്പെടുന്നതിനു തൊട്ടുമുമ്പ് യുക്രൈനില്‍ നിന്നും ബോസ്നിയയില്‍ എത്തിയതായിരുന്നു അദ്ദേഹത്തിന്‍റെ മുതുമുത്തച്ചന്‍ തിയഡോര്‍ ഹേമന്‍. അന്ന് ഇരുരാജ്യങ്ങളും ആസ്ട്രോ-ഹംഗേറിയന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. 1992 മുതല്‍ അമേരിക്കയില്‍ താമസമാക്കിയ ഹേമന്‍പ്രിന്‍സ്റ്റനില്‍ പ്രൊഫസറാണ്. ജന്മദേശത്തിന്റെ ചരിത്രാനുഭവങ്ങള്‍ അദ്ദേഹം തന്റെ കൃതികള്‍ക്ക് വിഷയമാക്കിയിട്ടുണ്ട്. ബോസ്നിയന്‍ യുദ്ധം (1992-1995) പൊട്ടിപ്പുറപ്പെട്ട ഘട്ടത്തില്‍ഒരു പര്യടനത്തിന്റെ ഭാഗമായി അവിടെയുണ്ടായിരുന്ന ഹേമന്‍സരയെവോ ഉപരോധഘട്ടത്തില്‍ അവിടെ കുടുങ്ങിപ്പോയിരുന്നു. ഒട്ടേറെ പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള ഹേമന്‍കോണ്‍റാഡ്, നബകൊവ് തുടങ്ങിയ അതികായരുമായി താരതമ്യം ചെയ്യപ്പെട്ടിട്ടുണ്ട്. അവരെപോലെ ഹേമനും മുതിര്‍ന്നതിനു ശേഷമാണു ഇംഗ്ലീഷ് പഠിക്കുകയും ആ ഭാഷയില്‍ നൈപുണ്യം നേടുകയും ചെയ്തത്. പോസ്റ്റ്‌മോഡേണിസം എന്ന സാഹിതീയ പ്രസ്ഥാനവുമായി അദ്ദേഹത്തിന്‍റെ കൃതികള്‍ എപ്പോഴും ചേര്‍ത്തുവെക്കപ്പെടുന്നു.

Also read:

At Night All Blood is Black by David Diop

https://alittlesomethings.blogspot.com/2024/08/at-night-all-blood-is-black-by-david.html

ചരിത്രത്തെ പകുത്ത നിമിഷം

സരയേവോയില്‍ 1914ല്‍ ആരംഭിച്ച്  1947 ല്‍ ഷാങ്ഹായില്‍ അവസാനിക്കുന്ന ഇതിഹാസമാനമുള്ള ആഖ്യാനമാണ് The World and All That It Holds. പന്ത്രണ്ടു വര്‍ഷം നീണ്ട നോവലിന്റെ രചനാകാലത്തിനുള്ള വിശദീകരണം ഈ ഇതിഹാസവ്യാപ്തി തന്നെയാണ്. റഫായേല്‍ പിന്റോ എന്ന ബോസ്നിയന്‍ സെഫാര്‍ദിക് ജൂതവൈദ്യന്‍ വിയന്നയിലെ വൈദ്യപഠനം കഴിഞ്ഞു തിരിച്ചെത്തിയതാണ്. സ്വവര്‍ഗ്ഗാനുരാഗിയും കറുപ്പു തീറ്റക്കാരനുമായ പിന്റോപൈതൃകമായി കിട്ടിയ തന്റെ ഫാര്‍മസിയില്‍ ചേരുവകള്‍ തയ്യാറാക്കുന്നതിനിടയിലാണ് ലോകചരിത്രത്തിന്റെ നിര്‍ണ്ണായകമായ ഒരു സംഭവത്തിനു സാക്ഷിയകാനുള്ള നിയോഗം അയാള്‍ക്ക്‌ വന്നുചേരുന്നത്. വിയന്നയില്‍ കവിതയും ദിവാസ്വപ്നങ്ങളും സ്വതന്ത്ര ജീവിതവുമായി കഴിഞ്ഞ നാളുകളുടെ നഷ്ടബോധം, ഷെല്‍ഫില്‍ എപ്പോഴും ലഭ്യമായ കറുപ്പ് കുഴമ്പും തെരുവിലൂടെ നടന്നുപോകുന്നവരെ കുറിച്ചുള്ള ഫാന്റസികളുമായി മറികടക്കാന്‍ ശ്രമിക്കുന്ന അയാള്‍തലവേദനക്ക് മരുന്ന് തേടിയെത്തുന്ന യുവസൈനികന്റെ ചുണ്ടുകളില്‍ പൊടുന്നനെ ഉമ്മവെക്കുന്നു. അതിരുകടന്നതെന്നു പറയാവുന്ന അയാളുടെ ചെയ്തി പക്ഷെ ഭിന്നഭാഷകളും വിശ്വാസക്രമങ്ങളും സ്വതന്ത്ര മൂല്യങ്ങളുമുള്ള അക്കാലത്തെ സരയെവോയില്‍ ഒന്ന് ശ്രമിച്ചു നോക്കാവുന്നത് തന്നെയായിരുന്നു; ‘ലോകത്തെ വീണ്ടും വീണ്ടും സൃഷ്ടിക്കുകയും സംഹരിക്കുകയും’ ചെയ്യുന്ന ‘വിശുദ്ധന്‍ ഒരുവന്‍’ ആ ലോകക്രമത്തിനു അന്ത്യം കുറിക്കുകയും പിന്റൊയെയും അയാളെ പോലുള്ളവരെയും കാല്‍നടയായി യൂറേഷ്യന്‍ ഭൂതലത്തിലെങ്ങും ആട്ടിത്തെളിക്കുകയും ചെയ്യാന്‍ തുടക്കമിട്ട അതേ മുഹൂര്‍ത്തം വരെയും. അതോടെ അയാളുടെ വിധിയും നിര്‍ണ്ണയിക്കപ്പെട്ടു. തുടര്‍ന്ന് മൂന്നര പതിറ്റാണ്ടു കാലം, ഒടുവില്‍ ഷാങ്ഹായില്‍ എത്തിപ്പെടുംവരെഅയാള്‍ ആ ഓട്ടത്തിലായിരുന്നു. ‘എന്താണിതെ’ന്നു  ദുര്‍ബ്ബലമായി പ്രതിഷേധിക്കുന്ന സൈനികനെ തെരുവില്‍ പിന്തുടരുന്ന ഘട്ടത്തിലാണ് അത് സംഭവിക്കുന്നത്‌: ആര്‍ച്ഡ്യൂക്ക് ഫ്രാന്‍സ് ഫെര്‍ഡിനാന്‍‌ഡിന്റെ വധം. അതാണല്ലോ ലോകയുദ്ധം തുടങ്ങിവെച്ചത്.

റോണ്‍ ചാള്‍സ് നിരീക്ഷിക്കുന്നതുപോലെദൈവത്തിനൊഴികെ മറ്റാരിലും ഇത്തിരി അതിരുകടന്ന അവകാശവാദം എന്നുപറയാവുന്ന ഒന്നാണ് നോവലിന്റെ തലക്കെട്ട്‌ എന്നിരിക്കിലും ഹേമന്‍ അത് വിശ്വസനീയമായി മറിക്കടക്കുന്നുണ്ട് *(1). ഉത്പത്തിപുസ്തകത്തെ അനുസ്മരിപ്പിക്കും വിധംഅഥവാ ഹേമന്‍ സ്വന്തം നോവലില്‍ ഒരു ഉത്പത്തിപുസ്തകം രചിക്കും വിധമാണ് നോവലാരംഭം:

“പരിശുദ്ധനായവന്‍ ലോകങ്ങളെ സൃഷ്ടിക്കുകയും സംഹരിക്കുകയും ചെയ്തുകൊണ്ടേയിരുന്നു, എന്നിട്ട്പദ്ധതി ഉപേക്ഷിക്കുന്നതിന് തൊട്ടുമുമ്പ്അവന്‍ ഈയൊരെണ്ണം പണിതീര്‍ത്തു. കാര്യം ഇതിനേക്കാള്‍ എത്രയോ മോശമായേനെ.”

 എല്ലാമൊരു പുതുപുത്തന്‍ ലോകമാണ് എന്ന ശുഭാപ്തിയിലേക്ക് നീങ്ങാന്‍ പിന്റൊയ്ക്കും പ്രേരണ നല്‍കുംവിധമാണ് ആ ചുംബന നിമിഷത്തിന്റെയും പിറവി. പക്ഷെ അതേ നിമിഷത്തിലാണ് അശനിപാതം ഭവിക്കുന്നതും. അതുകൊണ്ടാണ് ആ വധം നോവലിസ്റ്റ് വിവരിക്കുന്നത്:

“കൃത്യമായ നിമിഷംഹൃദയ മിടിപ്പുകള്‍ക്കിടയില്‍ സംഭവിക്കുന്നതെന്തോ അതിലും ദൈര്‍ഘ്യമേറിയതായിരുന്നില്ലഅത് ലോകത്തെ രണ്ടായി പകുത്തുഅതിനുമുമ്പ്അതിനു ശേഷം.”

അങ്ങനെയാണ് അയാളെ പോലെ പതിനായിരക്കണക്കിനു ബോസ്നിയക്കാര്‍ലോകത്തെ മറ്റേതൊരു സ്ഥലങ്ങളിലെ എന്നപോലെത്തന്നെഒന്നാം ലോകയുദ്ധത്തിന്റെ കിടങ്ങുകളിലേക്ക് ആട്ടിത്തെളിക്കപ്പെട്ടത്‌. എന്നാല്‍എത്രയും സൂക്ഷ്മതയോടെ പ്രസ്തുത സംഭവത്തിന്റെ പരിണതി സൂചിപ്പിക്കുമ്പോഴുംസംഭവം സ്വയം നോവലില്‍ പിന്തുടരപ്പെടുന്നേയില്ല. അഥവാഅതൊരു തൊടുത്തുവിടല്‍ മാത്രമാണ്: യുദ്ധം ചരിത്രത്തെയും മനസ്സുകളെയും മനുഷ്യരെയും കീറിമുറിക്കുന്നതും പകുക്കുന്നതും എങ്ങനെയെന്ന അനാദിയായ അന്വേഷണത്തിന്റെ. 

പിക്കാറസ്ക് യാനങ്ങള്‍

ഇംഗിത പൂര്‍ത്തീകരണത്തിനു മുന്‍കൈ എടുക്കുന്ന പ്രകൃതം പിന്റോക്ക് ഉണ്ടെന്നതിന്റെ സൂചന തുടക്കത്തിലേ നോവലിസ്റ്റ് സ്ഥാപിക്കുന്നുണ്ടെങ്കിലും അയാള്‍ ആവശ്യപ്പെടുന്നതു തിരിച്ചുനല്‍കുക മാത്രമല്ല, ഒരു മുന്‍കൈ ഉദാരത എന്നപോലെ അയാളോട് അത്തരം ‘കടന്നുകയറ്റം’ നടത്തുകയും ചെയ്യുന്ന ഒസ്മാന്‍ കാരിസിക് എന്ന അനാഥനായ മുസ്ലിം യുവാവിനെ അയാള്‍ കണ്ടുമുട്ടുന്നത്രണ്ടുവര്‍ഷങ്ങക്കു ശേഷം, ആസ്ട്രോ-ഹംഗേറിയന്‍ സൈന്യത്തില്‍ വൈദ്യനായി സേവനം ചെയ്യുമ്പോഴാണ്. പിന്റോ മൂന്നു തരത്തില്‍ സമൂഹഭ്രഷ്ടന്‍/ അന്യന്‍ ആണ് എന്ന നിരീക്ഷണം *(2) ഇവിടെ ഏറ്റവും പ്രസക്തമാണ്‌. ജൂതന്‍സ്വവര്‍ഗ്ഗാനുരാഗി,   കറുപ്പുപയോഗിക്കുന്നവന്‍. സമൂഹത്തിന്റെ വരേണ്യതട്ടകങ്ങളില്‍ നിഷ്കാസിതനെന്ന നിലയില്‍ അയാള്‍ വര്‍ത്തമാനത്തില്‍ ജീവിക്കുന്നവനാണ്. തന്റെ നിലനില്‍പ്പിന്റെ അര്‍ത്ഥശൂന്യതയെ അടുത്ത ചുംബനത്തിലോ അടുത്ത കറുപ്പുഡോസിലോ ഇറക്കിവെക്കുന്നവന്‍. ഒസ്മാന്‍ അയാള്‍ക്ക് നല്‍കുന്നത് ഒട്ടും സ്ഥായിയാവാന്‍ ഇടയില്ലാത്തെങ്കിലും അത്തരമൊരു സാന്ത്വനമാണ്. ഇല്ലാതാവുമ്പോള്‍ പോലും ഒസ്മാന്‍ ഉള്‍സ്വരമായി സംസാരിക്കുന്നുണ്ട്. “മരിക്കാന്‍ ഭയമായതുകൊണ്ടു മാത്രം നാം ജീവിതം തുടരുന്നു. ഭീരുത്വംകൊണ്ട് നാം ജീവിച്ചിരിക്കുന്നു” എന്ന സ്വന്തം തത്വശാസ്ത്രം മറികടന്നും പിന്റോ, റഹേലിനുവേണ്ടി ജീവിതം തുടരുന്നതിന് പിന്നിലും സൂക്ഷ്മാര്‍ത്ഥത്തില്‍ ഒസ്മാന്‍ തന്നെ. പിന്റോ അയാളെ ആദ്യം കണ്ടുമുട്ടുമ്പോള്‍കിടങ്ങുയുദ്ധത്തിന്റെ ദുസ്സഹാവസ്ഥക്ക് ഒരുതരത്തിലും നിരക്കാത്ത ആഹ്ലാദകരമായ ഒരു ചൂളംകുത്തലോടെ തന്റെ കക്ഷം തണുത്ത വെള്ളംകൊണ്ട് കഴുകുകയാണ് അയാള്‍. അതയാളുടെ ജീവിതാശയുടെയും ആദിമചോദനകളുടെയും നിദര്‍ശനമാണ് എന്ന നിരീക്ഷണം ശ്രദ്ധേയമാണ് *(3). പ്രണയബദ്ധരാകുന്ന ഇരുവരും ഒരു പികാറസ്ക് സ്വഭാവമുള്ള പലായനത്തില്‍, കാര്‍പാതിയന്‍ മലനിരകളില്‍ കോളറയെന്ന പോലെ ലക്ഷങ്ങള്‍ മരിച്ചുവീണ ഗലീഷ്യയിലെ റഷ്യന്‍ ആക്രമണവും (Brusilov Offensive - 1916) അതിജീവിക്കുന്നുണ്ട്. ഒടുവില്‍ യുദ്ധത്തടവുകാര്‍ക്കായുള്ള താഷ്കെന്റിലെ റഷ്യന്‍ തടവറയില്‍ എത്തിച്ചേരുകയും ചെയ്യുന്നു. അവിടെനിന്നുള്ള മോചനഘട്ടത്തില്‍ സന്തോഷത്തിന്റെതായ ചെറിയൊരിടവേള കിട്ടുന്നുവെങ്കിലും ബോള്‍ഷെവിക് വിപ്ലവത്തിന്റെ തുടര്‍ന്നുണ്ടാവുന്ന സംഘര്‍ഷങ്ങളില്‍ തുര്‍കിസ്ഥാനിലെ മലനിരകളില്‍ വെച്ചു ഇരുവരും വേര്‍പിരിയാന്‍ ഇടവരുന്നു. എന്നാല്‍ശാരീരികാര്‍ത്ഥത്തില്‍ ഇല്ലാതാകുമ്പോഴും സ്വരസാന്നിധ്യമായും ആത്മസാന്നിധ്യമായും ആഖ്യാന മാധ്യമമായും പിന്റൊയുടെയും റഹേലയുടെയും കാവല്‍ മാലാഖയായും ഒസ്മാന്‍ നോവലിലെങ്ങും നിറഞ്ഞുനില്‍പ്പുണ്ട്.

അതിജീവനവും അര്‍ഥം തേടലും

പിന്റൊയെ സംബന്ധിച്ച് തുടര്‍ന്നങ്ങോട്ടുള്ളത് സ്വയമൊരു ഇടം കണ്ടെത്താനുള്ള പോരാട്ടം മാത്രമല്ല താന്‍ ദത്തെടുത്ത കുഞ്ഞുമകള്‍ റഹേലയുടെ സംരക്ഷണദൗത്യം കൂടിയാണ്. മരുഭൂമിയിലെ കുറെയേറെ കൊല്ലങ്ങളുടെ അതിജീവനശ്രമങ്ങള്‍ക്കു ശേഷം ഷാങ്ഹായിലെത്തുന്ന ഇരുവര്‍ക്കും രണ്ടാം ചൈന-ജാപ്പനീസ് യുദ്ധത്തോടൊപ്പം പിന്റൊയുടെ കറുപ്പ് അടിമത്തത്തെയും നേരിടേണ്ടിവരുന്നു. ഈ ഘട്ടത്തിലെല്ലാം ഒസ്മാന്റെ ആത്മസാന്നിധ്യം ഇരുവരെയും പൊതിഞ്ഞു നില്‍പ്പുണ്ട്: ‘മഹാ അന്ധകാരം’  (“la gran eskuridad” (the great darkness) തന്നെ വിഴുങ്ങുന്നു എന്ന് തോന്നുന്ന ഏറ്റവും ഇരുണ്ട സന്ദര്‍ഭങ്ങള്‍ പോലും അതിജീവിക്കാന്‍ പിന്റോയെ സഹായിക്കുന്നത് അയാളുടെ സ്വരവും കഥപറച്ചില്‍ സിദ്ധിയുമാണ്. ദൈവത്തിന്റെ അസ്ഥിത്വംപോലും ചോദ്യം ചെയ്യാന്‍ പ്രേരിപ്പിക്കുംവിധം ഭീകരതകളുടെ നൈരന്തര്യമുള്ള ലോകത്തെയാണ് ഹേമന്‍ കഥാപാത്രങ്ങള്‍ നേരിടുന്നത്. “ഭൂതകാലം മാത്രമാണ് പ്രസക്തംകാരണം എല്ലാത്തിനെയും,   എല്ലാവരെയും അതിജീവിക്കുന്ന ഒരേയൊരു കാര്യം അതാണ്” എന്ന നിഹിലിസ്റ്റ് ചിന്തയിലൂടെ പോയകാലത്തെ നല്ല മുഹൂര്‍ത്തങ്ങള്‍ ഓര്‍ത്തെടുക്കുന്ന പിന്റോ നിരീക്ഷിക്കുന്നുണ്ട്.

യുദ്ധത്തിന്റെ അസംബന്ധം ആവാഹിക്കുന്ന ചിത്രങ്ങള്‍ ഏറെയുണ്ട് നോവലില്‍:

“കിടങ്ങ് നിറയെ ജടങ്ങളായിരുന്നുമരത്തിനു താഴെ വീണുകിടക്കുന്ന ആപ്പിളുകള്‍ പോലെചീഞ്ഞുതുടങ്ങിയത്അടിഞ്ഞുകൂടിയ മൂക്കിള പോലെ ദുര്‍ഗന്ധം കൂടിവന്നു.”

 എന്നാല്‍അത്തരം ഭീകരദൃശ്യങ്ങള്‍ക്കെതിരെ നോവലിസ്റ്റ് ഉയര്‍ത്തിപ്പിടിക്കുന്നത് ആദ്യം ആ പിന്റോ – ഒസ്മാന്‍ പ്രണയ കഥയുടെയും പിന്നീട് അച്ഛനും മകളും തമ്മിലുള്ള സ്നേഹത്തിന്റെയും ചിത്രങ്ങളാണ്‌. ഒസ്മാന്റെ മകളെന്നു വ്യക്തമായ റഹേലയാണ് അയാളുടെ ജീവിതത്തെ അര്‍ത്ഥവത്താക്കുന്നത്. “തന്റേതു പോലുമല്ലാത്ത ഒരു കുഞ്ഞിനോട് ശിരസ്സിനുള്ളില്‍ തുടിച്ച സ്നേഹം” എന്ന് നോവലിസ്റ്റ് അതെക്കുറിച്ച് വിവരിക്കുന്നു. പിന്റോ-റഹേല ബന്ധംചെച്നിയന്‍ സംഘര്‍ഷ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ആന്തണി മര്‍റയുടെ A Constellation of Vital Phenomena എന്ന നോവലിലെ അഖ്മത്- ഹവാ ബന്ധത്തെ ഓര്‍മ്മിപ്പിക്കുന്നു. ഒസ്മാന്റെ പാത്രസൃഷ്ടി ഐസക് ബാഷെവിസ് സിങ്ങറെയും ആന്തണി മര്‍റയെയും ഓര്‍മ്മിപ്പിക്കുന്നുവെന്നു റോണ്‍ ചാള്‍സ് നിരീക്ഷിക്കുന്നതും ഇതോടു ചേര്‍ത്തുപറയാം. അഭയാര്‍ഥി ജീവിതത്തിന്റെ മടുപ്പും ദുരിതങ്ങളും നൈരാശ്യങ്ങളുംആവശ്യമായ രേഖകള്‍ ഒന്നുമില്ലാതെ ഏതുനിമിഷവും പിടിക്കപ്പെടാവുന്നതിന്റെ അനിശ്ചിതത്വങ്ങളും അവഹേളനങ്ങളും ആവിഷ്കരിക്കുന്ന ഒട്ടേറെ സന്ദര്‍ഭങ്ങള്‍ നോവലിലുണ്ട്. പിന്റോയും റഹേലയും പരസ്പരം ആശ്രയിക്കാനും മറ്റുള്ളവരില്‍ നിന്ന് ഒരുസഹായവും പ്രതീക്ഷിക്കാതിരിക്കാനും പഠിക്കുന്നത് അനുഭവങ്ങളില്‍ നിന്നുതന്നെയാണ്. ഭിന്നഭാഷകള്‍ സംസാരിക്കുന്ന കഥാപാത്രങ്ങള്‍ ഏറെയുള്ളതിന്റെ പ്രതിഫലനമായി അത്തരം സങ്കരങ്ങള്‍ നോവലിലും കടന്നുവരുന്നു. ‘വൈകിവരുന്ന അല്ലെങ്കില്‍ ഇല്ലാത്ത സബ്‌ടൈറ്റിലോടെ ഒരു വിദേശ സിനിമ കാണുമ്പോലെ’ (Adam Mars-Jones) പലപ്പോഴും വിവര്‍ത്തനം ചെയ്യപ്പെടാതെയോ ഒരു പിന്‍നോട്ടത്തില്‍ വിവര്‍ത്തനം ചെയ്തോ അത്തരം പ്രയോഗങ്ങള്‍ ആവര്‍ത്തിക്കുന്നു. ബോസ്നിയന്‍,   ജര്‍മ്മന്‍ടര്‍ക്കിഷ് ഭാഷകളും യിദ്ദിഷിന്റെ സെഫാര്‍ദിക് വകഭേദമായ സ്പാന്യോള്‍/ ലദീനോയും ഒപ്പം പ്രാദേശിക മൊഴിഭേദങ്ങളും അറിയാവുന്ന പിന്റോ ശരിക്കും ബഹുഭാഷാ പ്രവീണനാണ്. കുഞ്ഞുറഹേലയാകട്ടെ അങ്ങിങ്ങായി സ്വരുക്കൂട്ടിയ താജിക്കിര്‍ഗിസ്വീഗര്‍ പദങ്ങള്‍ കൊണ്ടുള്ള സ്വകീയ സങ്കരം ഉപയോഗിക്കുന്നു; പിന്റൊക്ക് മാത്രമാണ് അത് മനസ്സിലാകുക.

യാഥാര്‍ത്ഥ്യവും അതിയാഥാര്‍ത്ഥ്യവും

ചരിത്രനോവല്‍ എന്നു പരിഗണിക്കുമ്പോള്‍ അത്ര സാധാരണമല്ലാത്ത സങ്കീര്‍ണ്ണതകളുള്ള ഒന്നാണ് The World and All That It Holds. യാഥാര്‍ത്ഥ്യവും കാല്‍പ്പനിക വൈചിത്ര്യങ്ങളും ഇവിടെ സംഗമിക്കുന്നുണ്ട്. ഉടല്‍മുക്തമായ ഒരു നിഴല്‍ സദാ സന്നിതമാണ്. വാചാലമായ ഹീബ്രുവില്‍ നരമേധങ്ങള്‍ പ്രവചിക്കുന്ന ഒരു കാര്‍പ്പ് മത്സ്യത്തെ നാം കാണുന്നു. പിന്റൊയുടെ ഓപിയം നിമിഷങ്ങള്‍ ആഖ്യാനത്തെ ഭ്രമാത്മകമാക്കുന്ന മറ്റൊരു ഘടകമാണ്. സെമറ്റിക് മതങ്ങളും മഹാത്ഭുതങ്ങളും സൂചനകളായി നോവലിലെങ്ങും സജീവമാണ്. പിന്റോ നിരന്തരം ഉദ്ധരിക്കുന്ന ബാബിലോണിയന്‍ താല്‍മൂദ് സൂക്തങ്ങള്‍ പോലെ എങ്ങും നിഴല്‍വിരിക്കുന്ന ‘വിശുദ്ധ ഒരുവന്‍’   ഭയത്തിന്റെയും നിഗൂഡതയുടെയും സ്ഥിരസാന്നിധ്യമായി തുടരുന്നു. സഹൃദയനും കവിമനസ്സുള്ളവനുമായ പിന്റോ ആണ് മുഖ്യ ആഖ്യാതാവ് എന്നതും ഈ ഘടകങ്ങളെ കൂടുതല്‍ സാന്ദ്രമാക്കുന്നു. 

പിന്റൊയുടെയും ഒസ്മാന്റെയും കാഴ്ചപ്പാടുകള്‍ കൂടാതെ ബ്രിട്ടീഷ് ചാരത്തലവനായ മേജര്‍ മോസര്‍ എതറിംഗ് എന്ന സ്പാര്‍ക്കിയുടെ ആഖ്യാനവും ഏറ്റവുമൊടുവില്‍ നോവലിസ്റ്റിന്റെ തന്നെ അപരസ്വരവും നോവലിലുണ്ട്. ജോണ്‍ ബുക്കാന്റെ സാന്റി ആര്‍ബത്നോട്ടിനെ അനുസ്മരിപ്പിക്കുന്ന *(4).  എതറിംഗ്, ഇടയ്ക്കിടെ അപ്രത്യക്ഷനാകുകയും ആയിരക്കണക്കിന് മൈലുകള്‍ക്കപ്പുറം നിനച്ചിരിക്കാത്ത ഘട്ടങ്ങളില്‍ തികച്ചും മറ്റൊരു അവതാരത്തില്‍ പ്രത്യക്ഷനാകുകയും ചെയ്യുന്നു. റഷ്യയും ഇംഗ്ലണ്ടും തമ്മില്‍ ദക്ഷിണേഷ്യയില്‍ കളിക്കുന്ന സാമ്രാജ്യത്വ താല്‍പര്യങ്ങളുടെ ‘വലിയ കളിയില്‍ (the Great Game) ഒരു വെറ്ററനായ അയാള്‍ബോള്‍ഷെവിക്കുകള്‍ കളിനിയമങ്ങള്‍ വളരെയേറെ തിരുത്തിക്കഴിഞ്ഞും ഏറെ സജീവമാണ്. മികച്ച വേട്ടക്കാരനായ എതറിംഗ്, കൊലകളിലും അതിനിപുണനാണ്. ഒരേസമയം കാല്പ്പനികന്‍ഒപ്പം ചപല വികാരങ്ങള്‍ ഏതുമില്ലാത്തവന്‍. മാര്‍ലോയുടെ ടാംബര്‍ലെയ്നിന്റെയും കൊളറിജിന്റെ കുബ്ലാഖാന്റെയും ഭാഷയില്‍ ഇരുപതാംനൂറ്റാണ്ടിന്റെ സംഘര്‍ഷങ്ങളെ കുറിച്ചു വിവരിക്കുന്നവന്‍. പിന്റൊയുടെ ആഖ്യാനഭാഗങ്ങളില്‍ ആര്‍ദ്രവും ഭാഷണ പ്രധാനവുമാകുന്ന ഹേമന്‍ ഭാഷ, എതറിംഗിലെത്തുമ്പോള്‍ ഭയജനകവും മുഴക്കമുള്ളതും പ്രക്ഷുബ്ധവും ആയിത്തീരുന്നു (Lucy Hughes-Hallett). താഷ്കെന്റില്‍ വെച്ചാണ്‌ പിന്റോ ആദ്യം സ്പാര്‍ക്കിയെ കണ്ടുമുട്ടുന്നത്. അയാളുടെ കാല്‍ മുറിച്ചുമാറ്റേണ്ട അവസ്ഥ ഒഴിവാക്കുന്നത് പിന്റൊയുടെ ഇടപെടലാണെങ്കില്‍, സ്പാര്‍ക്കി അയാളുടെ ജീവന്‍ രക്ഷിക്കുകയും ഷങ്ഹായ് കാലത്ത് റഹേലക്ക് അമേരിക്കന്‍ സ്കൂളില്‍ പ്രവേശനം ഉറപ്പാക്കുകയും ചെയ്യുന്നു.

മുഖ്യകഥാപാത്രങ്ങളുടെ ജീവിതങ്ങളിലേക്ക് വെളിച്ചം വീശുന്ന ചെറുഖണ്ഡങ്ങളിലൂടെ തുന്നിക്കൂട്ടിയെടുക്കുന്നതാണ് പുസ്തകത്തിന്റെ ഘടന. ചിലപ്പോള്‍ ചില ഖണ്ഡങ്ങള്‍ പൊടുന്നനെ അവസാനിക്കുകയും വര്‍ഷങ്ങള്‍ മുന്‍പോട്ടു കുതിക്കുകയും ചെയ്യുന്നു. മൂന്നാമത് ആഖ്യാതാവായി വരുന്ന നോവലിസ്റ്റിന്റെ തന്നെ അപരസ്വത്വം/ നോവലിസ്റ്റ് അപൂര്‍വ്വമായി മാത്രമേ കടന്നുവരുന്നുള്ളൂ. ഈ പ്രഥമവ്യക്തിക (first person) ആഖ്യനസ്വരമാണ് നോവലിനെ വര്‍ത്തമാനകാലവുമായി കൂട്ടിയിണക്കുന്നത്. കൊച്ചുറഹേലയെ പുറകിലേറ്റിമലനിരകള്‍ കടന്നു കൊസാക്കുകളുടെയും മണല്‍ക്കാറ്റിന്റെയും ആക്രമണങ്ങള്‍ അതിജീവിച്ച് ചൈന- ജാപ്പനീസ് യുദ്ധത്തിന്റെയും ചൈനീസ് കമ്യൂണിസ്റ്റുകളുടെയും കടന്നാക്രമണങ്ങള്‍ നേരിട്ട്, പിന്റൊയുടെ തന്നെ അന്ത്യവും കടന്ന് നോവല്‍ സമാപന അധ്യയത്തിലെത്തുന്നു: അവിടെ9/11 ഒരാഴ്ച മുമ്പ് ജറുസലേം പശ്ചാത്തലമാക്കുന്ന അന്തിമ അധ്യായത്തില്‍ (epilogue) ഒരു സാഹിത്യസമ്മേളനത്തിവെച്ചു നോവലിസ്റ്റ്, സരയേവോ ഉപരോധം അതിജീവിച്ച ചില വ്യക്തികളെ കണ്ടുമുട്ടുന്നു. അക്കൂട്ടത്തില്‍ ദുര്‍ബ്ബലയായ ഒരു വയോധികയെയും. റഹേല പിന്റോ എന്ന വയോധിക ഒരു ബോസ്നിയന്‍ പാട്ടുപാടുകയും അവരുടെ ഭൂതകാലത്തെ കുറിച്ച് ചില വെളിപ്പെടുത്തലുകള്‍ നടത്തുകയും ചെയ്യുന്നു. അത് രണ്ടു പിതാക്കന്മാരെ കുറിച്ചാണ്. അതില്‍നിന്ന് ഒരു നോവലിന്റെ ആശയം പിറക്കുന്നു. ഇത്തരം ഒരന്ത്യം ഇത്തിരി അടിച്ചേല്‍പ്പിച്ച ഓട്ടോഫിക് ഷന്‍ ഘടനയാണ് എന്ന് തോന്നിയേക്കാമെങ്കിലും നോവലിസ്റ്റ് സൃഷ്ടിക്കുന്ന ചരിത്ര ഫിക് ഷന്‍ ഭാവം അതിനെ മറികടക്കും വിധം ശക്തമാണ് (Lucy Hughes-Hallett).

 Referemces:

1.       Ron Charles. ‘‘The World and All That It Holds’ lives up to its sweeping title’, washingtonpost, 17.01.2023, https://www.washingtonpost.com/books/2023/01/17/aleksandar-hemon-novel-review/. Accessed 09.09.2023

2.       https://www.kirkusreviews.com/book-reviews/aleksandar-hemon/the-world-and-all-that-it-holds/

3.       Adam Mars-Jones. ‘Aleksandar Hemon Sets a Gay Love Story Amid the Great War’, nytimes, 21.01.2023 . Accessed 09.09.2023

4.       Lucy Hughes-Hallett. review – ‘an engrossing epic’, theguardian, 26.01.2023, https://www.theguardian.com/books/2023/jan/26/the-world-and-all-that-it-holds-by-aleksandar-hemon-review-an-engrossing-epic. Accessed 09.09.2023


 read more:

At Night All Blood is Black by David Diop

https://alittlesomethings.blogspot.com/2024/08/at-night-all-blood-is-black-by-david.html

A Constellation of Vital Phenomena by Anthony Marra

https://alittlesomethings.blogspot.com/2024/08/a-constellation-of-vital-phenomena-by.html


Saturday, August 3, 2024

Quiet Flows the UNA by Faruk Sehic

 

ഊനാ നദി ശാന്തമായൊഴുകുന്നു”:


മുന്‍ യുഗോസ്ലാവിയന്‍ റിപ്പബ്ലിക്കിന്റെ ഭാഗമായിരുന്ന ബോസ്നിയയിലെ വടക്കുപടിഞ്ഞാറന്‍ പട്ടണമായ ബോസാന്‍സ്കാ ക്രുപായില്‍ 1970ല്‍ ജനിച്ച ഫരൂക് സെഹിച്ച്, തന്റെ തലമുറയുടെ മൊത്തം ഭാഗധേയം പോലെയൗവ്വനകാലം സാക്ഷ്യം വഹിച്ചത് സ്വന്തം ജനത നേരിടേണ്ടിവന്ന കിരാതമായ യുദ്ധത്തിന്റെ അനുഭവങ്ങളായിരുന്നു. സാഗ്രെബില്‍ വെറ്റിനറി പഠനം നടത്തിവന്ന ഇരുപത്തിരണ്ടുകാരന്‍ സന്നദ്ധ സൈനികനായി 130 പേരടങ്ങുന്ന ഒരു യൂണിറ്റിന്റെ ലെഫ്ടനന്റ് ആയിത്തീര്‍ന്നത് യുദ്ധമുഖത്ത് അയാള്‍ക്ക് കര്‍തൃത്വപൂര്‍ണ്ണമായ പങ്കു നല്‍കി. കവിയും സഹൃദയനുമായ യുവാവില്‍ താന്‍ പങ്കാളിയായതും നേരില്‍ കണ്ടതുമായ ചെയ്തികള്‍ വരുത്തിയ പരിണാമങ്ങള്‍, യുദ്ധാനന്തരം സാഹിത്യപഠനം നടത്തിയ കാലത്തേക്കുള്ള ഈടുവെപ്പുകള്‍ ആയിത്തീരുമെന്നു അയാള്‍ അന്ന് കരുതിയിരിക്കാന്‍ ഇടയില്ല. അതെന്തായാലുംസാഹിത്യ നിരൂപകര്‍ ആ “തരിപ്പണമാക്കപ്പെട്ട തലമുറ”യില്‍ (“knocked-over generation”) നിന്നുള്ള ഏറ്റവും പ്രതിഭാശാലിയായ ഒരാള്‍ എന്നു സെഹിച്ചിനെ വിലയിരുത്തുന്നു. “അദ്ദേഹത്തിന്റെ യുദ്ധവിരുദ്ധ കഥകള്‍ ഒരു മുഴുവന്‍ തലമുറയുടെയും അനുഭവങ്ങളെ പ്രതിഫലിപ്പിക്കുന്നു എന്ന് അവകാശപ്പെടുന്നില്ല – അത് തന്നെയാണ് അദ്ദേഹത്തിന്റെ കൃതികളുടെ cult factor ആയിത്തീരാവുന്നത് എന്നിരിക്കിലും”. *(1). 

ബാള്‍ക്കന്‍ ചരിത്രത്തിലൂടെ..

രണ്ടാം ലോക യുദ്ധത്തിനും തുടര്‍ന്നുണ്ടായ രൂക്ഷമായ ആഭ്യന്തര യുദ്ധത്തിനും ശേഷം മാര്‍ഷല്‍ ടിറ്റോയുടെ (Josip Broz Tito) കീഴില്‍ സെര്‍ബിയക്രോയേഷ്യസ്ലോവീനിയബോസ്നിയ,   മോണ്ടിനെഗ്രോമാസിഡോണിയ എന്നിങ്ങനെ ആറു റിപ്പബ്ലിക്കുകകളെ കൂട്ടിച്ചേര്‍ത്തു   രൂപീകൃതമായ താരതമ്യേന അയഞ്ഞ സമീപനങ്ങള്‍ ഉണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് യുഗോസ്ലാവിയ, 1980ല്‍ അദ്ദേഹത്തിന്റെ മരണത്തോടെ ശിഥിലമായിത്തുടങ്ങി. പ്രസിഡന്റ് ടിറ്റോയുടെ കീഴില്‍ പ്രകടമാകാതെ കിടന്ന വംശീയ വൈരുധ്യങ്ങള്‍ പുതുതായി ശക്തിപ്പെട്ട ദേശീയതാ മുദ്രാവാക്യങ്ങളോട് ചേര്‍ന്നതോടെ രൂപപ്പെട്ട രാഷ്ട്രീയസാമ്പത്തിക സംഘര്‍ഷങ്ങളുടെ സാഹചര്യം, 1989ലെ ബെര്‍ലിന്‍ മതില്‍ തകര്‍ച്ചയോടെ പൊട്ടിത്തെറിയുടെ വക്കിലെത്തി. ഏകപാര്‍ട്ടി സമ്പ്രദായം അവസാനിച്ച ശേഷം 1990 ല്‍ നടന്ന വ്യത്യസ്ത പാര്‍ട്ടികള്‍ മത്സരിച്ച തെരഞ്ഞെടുപ്പില്‍ മിക്കയിടങ്ങളിലും ദേശീയവാദികള്‍ ജയിച്ചു കയറി. സാമ്പത്തികമായി മുന്നിട്ടുനിന്ന സ്ലോവീനിയയും ക്രൊയേഷ്യയും വികേന്ദ്രീകരണ മുദ്രാവാക്യം മുന്നോട്ടു വെച്ചു. എന്നാല്‍ ഏറ്റവും വലിയതും സൈനികമായി അതിശക്തവും ആയിരുന്ന സെര്‍ബിയ സ്ലോബോദാന്‍ മിലോസെവിച്ചിന്റെ കീഴില്‍ കേന്ദ്രീകരണം തുടരണം എന്ന നയത്തില്‍ ഉറച്ചുനിന്നു. “എല്ലാ സെര്‍ബുകളും ഒറ്റ സ്റ്റേറ്റില്‍” (“all Serbs in one state”) എന്ന മിലോസെവിച്ചിന്റെ മുദ്രാവാക്യംബോസ്നിയയിലെയും ക്രോയെഷ്യയിലെയും സെര്‍ബ് സാന്നിധ്യ പ്രദേശങ്ങളെ കൂട്ടിച്ചേര്‍ത്തു ഒരു വലിയ സെര്‍ബിയ ഉണ്ടാക്കാനുള്ള ശ്രമമായി സ്വാതന്ത്ര്യ വാദികളും അന്താരാഷ്‌ട്ര സമൂഹവും തിരിച്ചറിഞ്ഞു.

1991 ജൂണ്‍  25നു സ്ലോവീനിയന്‍ക്രോയേഷ്യന്‍ നിയമസഭകള്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോള്‍ ബെല്‍ഗ്രേഡ് നിയന്ത്രിത യുഗോസ്ലാവ് സൈന്യം (JNA), ബാധിക്കപ്പെട്ട അതിര്‍ത്തികളും എയര്‍പോര്‍ട്ടുകളും ലക്ഷ്യമാക്കി യുദ്ധസന്നാഹം തുടങ്ങി. പത്തു ദിവസം നീണ്ട പോരാട്ടത്തിനൊടുവില്‍ വംശീയഐക്യം ശക്തമായിരുന്ന സ്ലോവീനിയയില്‍ നിന്ന് പിന്മാറിയെങ്കിലുംക്രോയേഷ്യന്‍ സ്വാതന്ത്ര്യത്തെ ശക്തമായി എതിര്‍ത്ത എത്നിക് സെര്‍ബുകളുടെ പിന്തുണയോടെ നാലുവര്‍ഷം നീണ്ട സെര്‍ബ്-ക്രോയേഷ്യന്‍ യുദ്ധം ആരംഭിച്ചു. ഇതേസമയംയുഗോസ്ലാവിയന്‍ റിപ്പബ്ലിക്കില്‍ ഏറ്റവും കൂടുതല്‍ മത/ വംശീയ വൈവിധ്യവുംനാലു മില്ല്യന്‍ ജനസംഖ്യയും ഉണ്ടായിരുന്ന ബോസ്നിയയില്‍ മുസ്ലിം-ക്രോയാറ്റ് സഖ്യം റഫറണ്ടം നടത്തി. മുപ്പതു ശതമാനമുള്ള സെര്‍ബുകളുടെ ശക്തമായ എതിര്‍പ്പിനെ മറികടന്നു അറുപതു ശതമാനം പിന്തുണയോടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ച ബോസ്നിയക്ക് 1992 ഏപ്രില്‍  6-നു അന്താരാഷ്‌ട്ര അംഗീകാരം ലഭിച്ചു. ഇതംഗീകരിക്കാന്‍ കൂട്ടാക്കാത്ത റഡോവാന്‍ കരാഡിചിന്റെ സെര്‍ബിയപുതുദേശത്തിനെതിരെ വ്യാപകമായ സംഘര്‍ഷങ്ങള്‍ ആരംഭിക്കുകയും അവിടത്തെ സെര്‍ബ് മേഖലകള്‍ കൂട്ടിച്ചേര്‍ത്തു സ്പ്രാസ്ക റിപ്പബ്ലിക് (Republika Srpska) പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ വൈകാതെ ബോസ്നിയന്‍ ക്രോയാറ്റുകളും മുസ്ലിംകള്‍ക്ക് എതിരായിത്തിരിഞ്ഞതോടെ അതൊരു ത്രിമുഖ പോരാട്ടമായിത്തീരുകയും തുടര്‍ന്ന് മൂന്നര വര്‍ഷങ്ങളോളം പ്രദേശം യുദ്ധഭൂമിയായി മാറുകയും ചെയ്തു.

ബോസ്നിയയിലും ക്രോയെഷ്യയിലുമായി ഒരു ലക്ഷത്തി ഇരുപതിനായിരത്തിലേറെ മനുഷ്യര്‍ കൊല്ലപ്പെട്ട യുദ്ധത്തില്‍ ഏറ്റവും കൂടുതല്‍ വില നല്‍കേണ്ടി വന്നത് ബോസ്നിയന്‍ മുസ്ലിംകള്‍ ആയിരുന്നു. യു. എസ്റഷ്യചൈന എന്നിവക്കു പിറകെ ലോകത്തിലെ തന്നെ നാലാമത് സൈനികശക്തിയായിരുന്ന യുഗോസ്ലാവിയയുടെ ആയുധി മുഴുവന്‍ സ്വന്തമായ ബെല്‍ഗ്രേഡുമായി പിടിച്ചു നില്‍ക്കാന്‍ പുതുദേശത്തിന്റെ കയ്യില്‍ ഒന്നുമില്ലായിരുന്നു. വംശീയ ശുദ്ധീകരണ പ്രക്രിയയുടെയോ സുരക്ഷ തേടിയുള്ള പലായനത്തിന്റെയോ ഭാഗമായി ബോസ്നിയന്‍ ജനസംഖ്യയുടെ പാതിയിലേറെ ജനങ്ങള്‍ പറിച്ചെറിയപ്പെട്ടു. നാല്‍പ്പത്തിനാലു മാസം നീണ്ട സരയോവോ ഉപരോധം മൂന്നര ലക്ഷം മനുഷ്യരെ കൊല്ലാക്കൊല ചെയ്തപ്പോള്‍മലനിരകളില്‍ നിന്നുള്ള സെര്‍ബിയന്‍ സ്നൈപ്പര്‍ ആക്രമണത്തില്‍ പതിനായിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടു. കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ പട്ടിണിക്കിട്ടും കൊടിയ പീഡനങ്ങള്‍ക്കു വിധേയരാക്കിയും കൊട്ടക്കൊലകള്‍ അരങ്ങേറിബലാല്‍സംഗ ക്യാമ്പുകളില്‍ വ്യവസ്ഥാപിതമായി പീഡിപ്പിക്കപ്പെട്ട ബോസ്നിയന്‍ സ്ത്രീകളുടെ എണ്ണം പതിനായിരത്തിനും അമ്പതിനായിരത്തിനും ഇടയിലെന്നു ഔദ്യോഗിക സ്ഥിതിവിവരങ്ങള്‍ ഇരുട്ടില്‍ തപ്പുന്നു. എണ്ണായിരം ബോസ്നിയന്‍ മുസ്ലികള്‍ കൊല്ലപ്പെട്ട സെബ്രെനിസ കൂട്ടക്കൊലയെ ‘വംശഹത്യ’ എന്നുതന്നെ അന്താരാഷ്‌ട്ര കോടതികള്‍ വിലയിരുത്തി.

1995 ആഗസ്റ്റ്‌ 30നു ബോസ്നിയന്‍ സെര്‍ബ് സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ നാറ്റോ നടത്തിയ ബോംബാക്രമണത്തെ തുടര്‍ന്ന് പിന്‍വാങ്ങിയ സെര്‍ബ് ധാര്‍ഷ്ട്യംഡേയ്റ്റന്‍ കരാറിനെ തുടര്‍ന്നു വേറെ വഴിയില്ലാതെ അടങ്ങിയതാണ് യുദ്ധം താല്‍ക്കാലികമായെങ്കിലും അവസാനിക്കുന്നതിലേക്ക് നയിച്ചത്. ബോസ്നിയ വംശീയ അടിസ്ഥാനത്തില്‍ ഒരേ കേന്ദ്ര ഭരണത്തിന്റെ നിയന്ത്രണത്തിലുള്ള ബോസ്നിയന്‍-സെര്‍ബ് റിപ്പബ്ലിക്മുസ്ലിം-ക്രോയാറ്റ് ഫെഡറേഷന്‍ എന്നിങ്ങനെ രണ്ടു സ്വയം ഭരണ പ്രദേശങ്ങളായി വിഭജിക്കപ്പെട്ടെങ്കിലും വൈകാതെ രണ്ടു ദേശങ്ങളും പൂര്‍ണ്ണ സ്വാതന്ത്ര്യം നേടി. നേരത്തെ സ്വതന്ത്രമായ സ്ലോവീനിയമാസിഡോണിയ എന്നിവയെ കൂടാതെ 2006ല്‍ മോണ്ടിനെഗ്രോയും സ്വതന്ത്രമായതോടെ മുന്‍ യോഗോസ്ലാവിയന്‍ റിപ്പബ്ലിക്കുകളുടെ വേറിട്ടു പോക്ക് പൂര്‍ണ്ണമായി. എന്നാല്‍തെക്കന്‍ സെര്‍ബിയയില്‍ കൊസോവോയിലെ എത്നിക് അല്‍ബേനിയന്‍ വിമതരുമായി 1998 മുതല്‍ തുടങ്ങിയ കലാപം, 2008ല്‍ കൊസൊവോ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതില്‍ കലാശിച്ചെങ്കിലും ഇതുവരെയും സെര്‍ബിയ ആ ദേശത്തെ അംഗീകരിച്ചിട്ടില്ല. *(2), *(3).  

(Also read:

The Bridge on the Drina Novel by Ivo Andrić

https://alittlesomethings.blogspot.com/2024/07/the-bridge-on-drina-novel-by-ivo-andric.html )

യുഗോസ്ലാവിയന്‍ സാഹിത്യം

യുഗോസ്ലാവിയന്‍ സാഹിത്യത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ത്തന്നെ ആദ്യം പരാമര്‍ശിക്കപ്പെടുക തങ്ങളുടെ ഏറ്റവും വലിയ എഴുത്തുകാരനായി എല്ലാ (മുന്‍) യോഗോസ്ലാവിയന്‍ ദേശങ്ങളും കരുതുന്ന, 1961ലെ സാഹിത്യ നെബേല്‍ ജേതാവായ കവിയും നോവലിസ്റ്റുമായ ഈവോ ആന്ദ്രിച്ചിന്റെ മാസ്റ്റര്‍പീസ്‌ The Bridge on the Drina എന്ന നോവലാണ്‌. പുതുകാല സംഘര്‍ഷങ്ങള്‍ നേരിട്ടു പരാമര്‍ശിക്കുന്നില്ലാത്ത ഒരു മുന്‍ ചരിത്ര ഘട്ടത്തെയാണ് ഡ്രിനാ നദിക്കു കുറുകെ ഇരുകരകളില്‍ ‘കിഴക്കും പടിഞ്ഞാറും’ (‘East and West’) എന്ന ദ്വന്ദ്വത്തില്‍ രണ്ടു ലോകങ്ങളായി നിന്ന സെര്‍ബിയന്‍ ദേശങ്ങളെയും ബോസ്നിയന്‍ തീരത്തെയും ബന്ധിപ്പിക്കുന്ന കൂറ്റന്‍ പാലത്തെ കേന്ദ്ര ബിംബവും കഥാപാത്രവുമാക്കി അവതരിപ്പിക്കുന്ന നോവല്‍ ചെയ്യുന്നത്. പതിനാറാം നൂറ്റാണ്ടില്‍ ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ പ്രഭാവകാലം മുതല്‍ ആരംഭിച്ചു ഒന്നാംലോക യുദ്ധാനന്തര കാലത്ത് ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ശൈഥില്യവും ആസ്ട്രിയന്‍-ഹംഗേറിയന്‍ അധീനതയിലായ ബോസ്നിയയും സെര്‍ബിയയും തമ്മിലുണ്ടായ സംഘര്‍ഷങ്ങളും അഞ്ചു നൂറ്റാണ്ടുകാലം എല്ലാവിധ അധിനിവേശ/ ആക്രമണങ്ങളിലും ഉലയാതെ ചെറുത്തുനിന്ന പാലത്തിന്റെ ഭാഗികമായ നശീകരണവും വരെയുള്ള ഇതിഹാസമാണ്‌ നോവല്‍ വരച്ചുവച്ചത്. ദേശീയ ബിംബമായി കൊണ്ടാടുമ്പോഴുംആന്ദ്രിച്ചിന്റെ രചനകളുടെ യഥാര്‍ത്ഥ സത്ത മനസ്സിലാക്കാനാകാതെ ഓരോ വിഭാഗവും തങ്ങളുടെ സവിശേഷ ആശയത്തെ പ്രകാശിപ്പിക്കുന്നില്ല എന്നതിന്റെ പേരില്‍ അദ്ദേഹത്തെ വിമര്‍ശിക്കുകയും ചെയ്യുന്നു എന്നത് വഴിപിരിഞ്ഞ ഭിന്ന സ്വത്വങ്ങള്‍ അടയാളപ്പെടുത്തുന്ന രാഷ്ട്രീയ സാമൂഹികാവസ്ഥയില്‍ സ്വാഭാവികം തന്നെ. ബോസ്നിയന്‍ നോവലിസ്റ്റ് മേസാ സെലിമോവിച്ചിന്റെ Death and the Dervish, ആന്ദ്രിച്ചിന്റെ ക്ലാസിക്കിനു തൊട്ടുപിറകെ യുഗോസ്ലാവിയന്‍ സാഹിത്യത്തില്‍ സ്ഥാനം പിടിക്കുന്നു. പതിനെട്ടാം നൂറ്റാണ്ടില്‍ ഓട്ടോമന്‍ തുര്‍ക്കി അധീനതയിലുള്ള സരയെവോയിലെ ഒരു ദര്‍ഗ്ഗയില്‍ ഷെയ്ഖ് ആയ ധാര്‍മ്മിക ഭീരുത്വം/ ക്ഷീണം (“malodušnost”)  അനുഭവിക്കുന്ന അഹ്മദ് നൂറുദ്ദീന്‍ എന്ന ദര്‍വീഷിന്റെ പ്രഥമ വ്യക്തിക ആഖ്യാനത്തിലൂടെ ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ അധികാര ശ്രേണികളെ നിരീക്ഷിക്കുകയും സാമൂഹികാവസ്ഥയെ അനാവരണം ചെയ്യുകയും ചെയ്യുന്ന നോവല്‍ യഥാര്‍ഥത്തില്‍ കമ്മ്യൂണിസ്റ്റ് യുഗോസ്ലാവിയയുടെ വിമര്‍ശനമാണ് നടത്തുന്നത് എന്ന് നിരൂപകര്‍ കരുതുന്നു. സഹോദരന്‍ ഹാരൂണ്‍ ദുരൂഹമായി അറസ്റ്റ് ചെയ്യപ്പെടുന്നതോടെ സംഭവത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് അന്വേഷച്ചിറങ്ങുന്ന നൂറുദ്ദീന്‍ഓട്ടോമന്‍ അധികാര ഇടനാഴികളുടെ ‘കാഫ്കയസ്ക്’ അധോലോകങ്ങളാണ് നേരിടുന്നത്. വിശദമായ ഒരാത്മഹത്യാ കുറിപ്പിന്റെ കുമ്പസാര സ്വരത്തില്‍ ആഖ്യാനം ചെയ്യുന്ന നോവലിലെ ഹാറൂനില്‍ കമ്യൂണിസ്റ്റ് ഭരണത്തിന്റെ ഇരയായി വധശിക്ഷ നല്‍കപ്പെട്ട സഹോദരന്‍ സെഫ്കിയയുടെ പ്രതിരൂപമാണ് സെലിമോവിച്ച് വരച്ചുവെച്ചത്. *(4). 

തന്റെ ഔപചാരിക വിദ്യാഭ്യാസംരാഷ്ട്രീയ ആക്റ്റിവിസംനയതന്ത്ര ഉദ്യോഗസ്ഥന്‍ എന്ന നിലയിലുള്ള അനുഭവങ്ങള്‍ബോസ്നിയസെര്‍ബിയക്രോയേഷ്യ എന്നിവിടങ്ങളില്‍ കഴിച്ചു കൂട്ടിയ സുദീര്‍ഘ നാളുകള്‍എന്നിവയുടെ ബലത്തില്‍ ആ ദേശങ്ങളെ കൂട്ടിയിണക്കിയ മാനുഷിക ഘടകങ്ങളെ കുറിച്ച് എഴുതുന്നതിലൂടെ സംഘര്‍ഷങ്ങള്‍ ഒരനിവാര്യതയല്ല എന്ന് സമര്‍ഥിക്കുകയാണ് The Bridge on the Drina എന്ന കൃതിയിലൂടെ ഇവോ ആന്ദ്രിച്ച് ചെയ്തത്. ആ നിലക്ക് യുഗോസ്ലാവിയന്‍ റിപ്പബ്ലിക്കിന്റെ സംസ്ഥാപത്തിലേക്ക് നയിച്ച സാഹചര്യങ്ങളാണ് ഇവിടെ വിഷയമാകുന്നതെങ്കില്‍ സെലിമോവിച്ചിന്റെ കൃതികമ്മ്യൂണിസ്റ്റ് ഉടോപിയയുടെ തന്നെ മറുപുറം തേടുകയായിരുന്നു എന്ന് പറയാം. അതേസമയംവംശീയ/ ദേശീയ/ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ‘മിഡില്‍-ഈസ്റ്റ്’, ‘ഏഷ്യന്‍’, ‘ആഫ്രിക്കന്‍’ തുടര്‍ക്കഥകളെ ഏറെ ഔദ്ധത്യത്തോടെ നോക്കിക്കണ്ടുവന്ന യൂറോപ്പിന് നൂറ്റാണ്ടന്ത്യം നല്‍കിയ ‘ഷോക്ക് ട്രീറ്റ്മെന്റ്’ കൂടിയായിത്തീര്‍ന്നു ബാള്‍ക്കന്‍ സംഘര്‍ഷങ്ങള്‍. എമിര്‍ കുസ്തൂറിക്കയുടെ ‘Underground’ (1995)ഡാനിസ് ടാനോവിച്ചിന്റെ ‘No Man’s Land (2001)ആര്‍സെന്‍ ആന്‍റന്‍ ഓസ്റ്റോജിക്കിന്റെ ‘Halima’s Path (2012)ജുവാനിറ്റ വിത്സന്റെ ‘As If I Am Not There (2010) തുടങ്ങിയ ചലച്ചിത്രങ്ങളിലും ‘Elegy for Kosovo’ (ഇസ്മയില്‍ കദാരെ), ‘Logovina Street’ (ബാര്‍ബറ ഡെമിക്ക്), Girl at War (സാറ നോവിച്ച്), ‘No Guns for Asmir (ക്രിസ്റ്റബെല്‍ മാറ്റിംഗ് ലി), The Cellist of Sarajevo (സ്റ്റീവന്‍ ഗാലോവേ), Sarajevo Marlboro (മിലെങ്കോ ജെറോവിച്ച്) തുടങ്ങിയ ഫിക്ഷന്‍നോണ്‍-ഫിക്ഷന്‍ രചനകളിലും പ്രസ്തുത സംഘര്‍ഷങ്ങള്‍ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. ഈ ഗണത്തില്‍ തികച്ചും വ്യത്യസ്തവും ശക്തവുമായ ഒരു രചനയാണ് ബോസ്നിയന്‍ കവിയും ചെറുകഥാകൃത്തും നോവലിസ്റ്റുമായ ഫറൂക് സെഹിച്ചിന്റെ Quiet Flows the Una എന്ന നോവല്‍. മുന്‍ യോഗോസ്ലാവിയന്‍ ദേശങ്ങളില്‍ നിന്നുള്ള കൃതികള്‍ക്കുള്ള പുരസ്കാരമായ മേസാ സെലിമോവിച്ച് അവാര്‍ഡ്‌യോറോപ്യന്‍ യൂണിയന്‍ സാഹിത്യ പുരസ്‌കാരം എന്നിവ നേടി, ഒട്ടേറെ വിദേശ ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട ഈ നോവല്‍ ഇംഗ്ലീഷിലും ലഭ്യമാണ് (വിവ: Will Firth).

സെഹിച്ച്/ ആഖ്യാതാവ്

1992 മുതല്‍ 1995 വേറെ തുടര്‍ന്ന ബോസ്നിയ- ഹെര്‍സെഗോവിനയിലെ യുദ്ധത്തില്‍ പങ്കളിയായതിന്റെ ട്രോമ, പ്രിയങ്കരമായ ഊനാ നദിയോരത്തു ചെലവഴിച്ച കുട്ടിക്കാലത്തെ കുറിച്ചുള്ള ഒരു കവിയുടേതുപോലെ കാല്‍പ്പനിക ചാരുതയിയന്ന ഓര്‍മ്മകളും പ്രകൃത്യുപാസനയും മാജിക്കും കൊണ്ടു മറികടക്കാന്‍ ശ്രമിക്കുന്ന കഥാപാത്രത്തെയാണ് Quiet Flows the Una എന്ന ആത്മകഥാപരമായ നോവലില്‍ ഫരൂക് സെഹിച്ച് അവതരിപ്പിക്കുന്നത്‌: “മുത്തശ്ശി എമിന ഇപ്പോഴും പറയുമായിരുന്നു: വെള്ളിയാഴ്ച്ചത്തലേന്ന് രാത്രി മഴ പെയ്താല്‍, മഴ ഏഴു ദിവസം തുടരും..” “വെള്ളം ഞങ്ങളെ എല്ലാ ഭാഗത്തുനിന്നും വലയം ചെയ്തതായി ഞാന്‍ സ്വപ്നം കണ്ടുമുത്തശ്ശിയുടെ വീട് അതിന്റെ ആദ്യ യാത്ര പുറപ്പെടുന്നു. ഞങ്ങള്‍ ഉനാ നദിയിലെ യാത്രികര്‍ ആവുംമുമ്പ് ഒരു വന്‍കുലുക്കമുണ്ടായിവീട് അതിന്റെ ഭൌമവേരുകളില്‍ നിന്ന് സ്വതന്ത്രമാക്കപ്പെട്ടു. അങ്ങനെ ബോംബുമൂടികളുടെയും, രണ്ടാം ലോക യുദ്ധത്തിലെ സ്റ്റബിലൈസറുകളുടെയും അവശിഷ്ടങ്ങള്‍ നിറഞ്ഞ അടിത്തറയില്‍ നിന്ന് വേര്‍പ്പെട്ട്, സഖ്യശക്തികള്‍ പട്ടണത്തില്‍  ബോംബിട്ടപ്പോള്‍ എരിഞ്ഞമര്‍ന്ന പഴയ വീടിന്റെ കല്ലുകളില്‍ നിന്ന് വേര്‍പ്പെട്ട്,..” വീട് സ്വയം “അജ്ഞാതമായതിലെക്കുള്ള യാത്ര” ആരംഭിച്ചു എന്ന് നോവലിസ്റ്റ് എഴുതുന്നു. മുത്തശ്ശിയായിരുന്നു കപ്പിത്താനെങ്കില്‍ഇടയ്ക്കിടെ പൊങ്ങിവരുന്ന വന്‍ മത്സ്യങ്ങളെ ചാട്ടുളിയെറിഞ്ഞു പിടികൂടുക അമ്മാവനായിരുന്നു. മറ്റൊരു മുത്തശ്ശിയായ ഡെല്‍വയെ “വൃത്തിയുള്ള മൃദുവായ തൂവലുകളുള്ള” ഒരു ചുവന്ന പക്ഷിയായി അയാള്‍ സങ്കല്‍പ്പിക്കുന്നു. ഡെല്‍വ മരിച്ചു പോയെന്നു അയാള്‍ക്കറിയാംഎന്നാല്‍ “അതെന്നെ വിഷമിപ്പിക്കുന്നേയില്ലകാരണം ഉറക്കത്തിന്റെ ജലരാശിയിലൂടെ ഉലാത്തുമ്പോള്‍ ഞങ്ങള്‍ സംസാരിക്കുന്നുണ്ടല്ലോ എന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. ഞാനൊരു കുട്ടിയായിരുന്നപ്പോള്‍ സംസാരിക്കാതെ പോയ എല്ലാ വാക്കുകള്‍ക്കും പരിഹാരം ചെയ്യണം ഞങ്ങള്‍ക്ക് എന്ന്പോലെയയിരുന്നു അത്.” സ്വപ്നങ്ങളും സര്‍റിയല്‍ പ്രത്യക്ഷങ്ങളും ചേര്‍ന്ന് സൃഷ്ടിക്കുന്ന ഇത്തരം അതീത തലമാണ് നോവലിന്റെ പാരായണ ക്ഷമത വര്‍ദ്ധിപ്പിക്കുന്നത്. ഭിന്ന വ്യക്തിത്വ സംത്രാസമാണോ കവിമനസ്സാണോ ആഖ്യാതാവില്‍ കൂടുതല്‍ പ്രകടം എന്നത് അപ്രധാനമാണ്. ഒരുവേളയുദ്ധമെന്ന ഇരുണ്ട യാഥാര്‍ത്ഥ്യത്തെ കാഴ്ചയില്‍/ ചിന്തയില്‍/ ഓര്‍മ്മകളില്‍ നിന്ന് ആവുന്നത്ര പുറകോട്ടു തള്ളാനുള്ള ആഖ്യാതാവിന്റെ വ്യഗ്രതയാണ് മുന്നിട്ടു നില്‍ക്കുന്നത് *(5). 

ആഖ്യാതാവ് ഒരു ഇന്ത്യന്‍ ഫകീറിന്റെ ഹിപ്നോട്ടിസത്തിനു വിധേയനാകുന്നതാണ് മോഹനിദ്രാ പ്രചോദിതമായ ഒരു പ്രയാണത്തിലെന്നോണം മൂന്നു കാലഘട്ടങ്ങളിലൂടെ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നത്: യുദ്ധത്തിനു മുമ്പുള്ള അയാളുടെ കുട്ടിക്കാലംയുദ്ധകാലത്തിലെ പോര്‍മുഖങ്ങള്‍യുദ്ധാനന്തര സമൂഹത്തില്‍ സാധാരണ ജീവിതത്തിലേക്കു തിരികെ വരാന്‍ ശ്രമിക്കുന്ന ഘട്ടം എന്നിങ്ങനെയാണ് അവ. കാവ്യാത്മകവും ധ്യനാത്മകവുമായ ഗദ്യത്തില്‍ ബൈപോളാര്‍ വ്യക്തിത്വമുള്ള ജീവിതാവസ്ഥയാണ് നോവലിസ്റ്റ് ആവിഷ്കരിക്കുന്നത്. അയാള്‍ ഒരേസമയം വിമുക്ത ഭടനും കവിയുമാണ്. തന്റെ ജീവിത കഥയുടെ ഇഴകള്‍ ചിലപ്പോഴൊക്കെ അയാള്‍ക്ക് ചേര്‍ത്തുവക്കാന്‍ കഴിയുന്നുണ്ടെങ്കിലും ഇടയ്ക്കിടെ അയാളതില്‍ തോറ്റു പോകുന്നു. ഓര്‍മ്മകളുടെ സഹായത്തോടെ താന്‍ പെട്ടുപോയിരിക്കുന്ന ദുര്‍ഘടാവസ്ഥ മറികടക്കാന്‍ അയാള്‍ എല്ലാ ശ്രമവും നടത്തുന്നുണ്ട്. ഈ ശ്രമത്തിനിടയില്‍ അയാള്‍ തന്റെ ഭൂതകാലത്തിന്റെ സ്മാരക സൂക്ഷിപ്പുകാരനും ഒപ്പം പുരാവൃത്തകാരനും ആയിത്തീരുന്നു (both archivist and chronicler of the past) എന്നും ഈ നിയോഗം എല്ലാത്തിനെയും ഒരു തവണ കൂടി പുനസൃഷ്ടിക്കാന്‍ അയാളെ സഹായിക്കുന്നു എന്നും നിരീക്ഷിക്കപ്പെടുന്നു. ഈ കഥക്കു സമാന്തരമായിനദിയോട് ചേര്‍ന്ന് കിടക്കുന്ന നഗരത്തെ കുറിച്ചുള്ള ഖണ്ഡികകള്‍ പുരാണങ്ങളുടെയും സ്വപ്നാത്മകതയുടെയും ഭാവം സ്വീകരിക്കുന്നു. അങ്ങനെ നോവല്‍ പ്രക്രിത്യുപാസനയുടെ, ഋതുഭേദങ്ങളുടെജന്തു-സസ്യ ജാലങ്ങളുടെ കാവ്യാത്മക വിവരണങ്ങളും ഭാവനാ യാനങ്ങളും കൊണ്ട് നിറയുന്നു. (BACK COVER PAGE). 

യുദ്ധത്തിന്റെ ഭീകരത നേരിട്ട് വിവരിക്കുന്ന രീതി നോവലിസ്റ്റ് അവലംബിക്കുന്നില്ല. മറിച്ച്“അദ്ദേഹം പ്രധമമായും താല്‍പര്യമെടുക്കുന്നത് സംഘര്‍ഷത്തിന്റെ മനശാസ്ത്രപരമായ നീക്കിവെപ്പിലും അതുണ്ടാക്കിയ വിനാശതയിലുമാണ്. കൂടുതല്‍ വിശാലമായ തലത്തില്‍യുദ്ധം അദ്ദേഹത്തിന്റെ ജന്മനാടിനെ “മഹാവിനാശകതാനന്തര ജീവിതത്തെ കുറിച്ചുള്ള ഒരു സിനിമയില്‍ നിന്നുള്ള തകര്‍ന്നു പോയ സെറ്റിനെ” പോലെ ആക്കിത്തീര്‍ത്തു” (Eileen Battersby). എന്നാല്‍ ആഖ്യാനത്തിന്റെ ശാന്തഭാവത്തെ കീറിമുറിക്കുന്ന ചില ഞൊടിയിടക്കാഴ്ച്ചകള്‍ അത്തരം രംഗങ്ങളെ ആവിഷ്കരിക്കുന്നുമുണ്ട്. ആപ്പിള്‍ കവിളുകളുള്ള സിവിലിയനായ സെര്‍ബിയന്‍ സ്ത്രീ സെഹിച്ചിന്റെ യൂണിറ്റിന്റെ വെടിയേറ്റു വീഴുന്ന രംഗംസെര്‍ബിയന്‍ അര്‍ദ്ധ സൈനികര്‍ വരിയുടക്കുന്ന ബോസ്നിയന്‍ സഖാവ്ആഖ്യാതാവ് കുട്ടിക്കാലം ചെലവഴിച്ച വീട് തീയിട്ടു നശിപ്പിക്കപ്പെടുന്ന രംഗംപട്ടണം “നാശാവിഷിഷ്ടങ്ങളുടെ ഉത്സവം” ആയിത്തീരുന്നത് തുടങ്ങി യുദ്ധം അവസാനിച്ചത്‌ ആസ്വദിക്കാന്‍ വേണ്ടി കൂട്ടുകാര്‍ ഒത്തുചേരാന്‍ തെരഞ്ഞെടുക്കുന്ന പഴയ ഭൂഗര്‍ഭ പീഡന മുറിയില്‍ കുടിച്ചു ബോധം കെടുന്ന സൈനികര്‍ ചിതറിയ ചില്ലുകള്‍ കൊണ്ട് മാരകമായി മുറിയുന്ന രംഗം  എന്നിവയെല്ലാം അക്കൂട്ടത്തില്‍ പെടുന്നു.

“ഊനാ ശാന്തമായൊഴുകുന്നു”

ക്രോയെഷ്യയില്‍ ഉത്ഭവിച്ച് ബോസ്നിയ-ഹെര്‍സെഗോവിനയില്‍ കടന്നു വീണ്ടും ക്രോയെഷ്യയിലേക്ക് തിരികെയത്തുന്ന ഊനാ നദി തെക്കുകിഴക്കന്‍ യൂറോപ്പിനു പ്രകൃതിയുടെ വരദാനമാണ്. മത്സ്യ സമ്പത്തിന്റെയും തീരങ്ങളിലെ സസ്യജന്തുജാലങ്ങളുടെയും സങ്കീര്‍ണ്ണ ആവാസകേന്ദ്രമായ നദിപുരാണങ്ങളിലും നാടോടിക്കഥകളിലും തലമുറകളുടെ അത്ഭുത കഥകളുടെ കൂടി വിളനിലമാണ്. യുവാവായ നാളുകള്‍ മുതല്‍ യുദ്ധത്തിന്റെയും നിരര്‍ത്ഥകമായ സൈനിക വൃത്തിയുടെയും “വൃത്തികെട്ട വഷളന്‍” ഓര്‍മ്മകള്‍ മാത്രമുള്ള (“My memories are ugly and dirty”) ‘ഒന്നിലേറെ തവണ കൊന്നിട്ടുള്ള’, അതേസമയം അടിസ്ഥാനപരമായി കവി കൂടിയായ ഒരാള്‍ക്ക് നദിയോരത്തെ കന്മഷമില്ലാത്ത കുട്ടിക്കാലം ഒരഭയമാണ്ഒപ്പം നദി അയാള്‍ക്ക് ജീവിതത്തിന്റെയും മരണത്തിന്റെയും രൂപകവും ആയിത്തീരുന്നു. മൂന്നര വര്‍ഷക്കാലം സന്നദ്ധ സൈനികനായി ബോസ്നിയന്‍ സൈന്യത്തില്‍ പ്രവര്‍ത്തിച്ച സെഹിച്ച്ഇരുവശത്തും നടമാടിയ അത്യാചാരങ്ങള്‍ കണ്ടിട്ടുണ്ട്; അത് ഏറ്റവും സൂക്ഷ്മമായി അദ്ദേഹം നോവലില്‍ കോറിയിടുന്നുമുണ്ട്. ഇന്ത്യന്‍ ഫകീര്‍ നല്‍കുന്ന മോഹനിദ്രയിലൂടെ ഒരു ‘സമയാടകന്‍ (“time traveller”) ആയിത്തീരുന്നതാണ് അയാളെ ഭൂതകാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത്‌. തികച്ചും മറ്റൊരു ദേശമായ ഈ ഭൂതകാലത്തില്‍ ഏറെക്കാലം മുമ്പ് മരിച്ചു പോയ മുത്തച്ചനെയും മുത്തശ്ശിയെയും സന്ദര്‍ശിക്കുക മാത്രമല്ലവരും വരായ്കകള്‍ സുവ്യക്തമായ ആ കാലത്തിലിരുന്നു ഭാവി തനിക്കും തന്റെ ദേശത്തിനും കരുതിവെച്ചതെന്ത് എന്ന് അയാള്‍ അറിയുകയും ചെയ്യുന്നു. പ്രമേയസൂചന നല്‍കുന്ന തലക്കെട്ടുകള്‍ നല്‍കപ്പെട്ട അധിദൈര്‍ഘ്യമില്ലാത്ത അധ്യായങ്ങളിലൂടെ ആഖ്യാതാവിന്റെ തെന്നിപ്പോകുന്ന മനോനില നോവലിസ്റ്റ് പിടിച്ചെടുക്കുന്നു. മാധ്യമങ്ങള്‍ തെറ്റായി സൃഷ്ടിച്ച സങ്കല്‍പ്പത്തിനു വിരുദ്ധമായി ദേശം നേരിട്ടത് ഒരു മത-വംശീയ സംഘര്‍ഷം ആയിരുന്നില്ല എന്നും അത് ശരിക്കും ഭൂപ്രദേശ അതിര്‍ത്തി സംബന്ധിച്ച യുദ്ധമായിരുന്നു എന്നും അയാള്‍ക്കറിയാം. യുദ്ധത്തിന്റെ ഭ്രാന്തുപിടിപ്പിക്കുന്ന നീക്കിവെപ്പിനെ കുറിച്ച് അയാള്‍ ഭംഗിവാക്കുകള്‍ പറയുന്നേയില്ല: “മറ്റുള്ളവരെ പ്രതി ലജ്ജതോന്നാന്‍ വേണ്ട കരുത്തുണ്ടെനിക്ക്” എന്നു ഏറ്റുപറയുമ്പോള്‍ തന്നെ“വെറുക്കാന്‍ പഠിക്കുക പ്രയസകരമല്ലനീ നിന്റെ ഉടലിനെ പിന്തുടരുകയെ വേണ്ടൂഅതിജീവിക്കാന്‍ ആവശ്യമയതെന്തോ അതിന്റെ പിന്തുടരുക എന്നതാണ് അതിന്റെ ഉള്‍പ്രേരണ” എന്ന് കുമ്പസാരിക്കുന്നുമുണ്ട് അയാള്‍.

സംഘര്‍ഷങ്ങള്‍ അടിസ്ഥാനപരമായി അതിരുകള്‍ സംബന്ധിച്ച രാഷ്ട്രീയത്തിന്റെത് ആയിരുന്നു എന്നിരിക്കിലും വംശീയ വിവേചനത്തിന്റെ അന്തര്‍ധാരക്കെതിരെ  നോവലിസ്റ്റ് കണ്ണടക്കുന്നില്ല. തൊണ്ണൂറുകളിലെ ബോസ്നിയാക് വിമുക്തഭടന്‍ എന്ന് സ്വയം വിളിക്കുമ്പോഴും അയാള്‍ കൂട്ടിച്ചേര്‍ക്കുന്നു: “സെര്‍ബുകളും ക്രോയാറ്റുകളും ‘ബോസ്നിയന്‍ മുസ്ലിം’ എന്നെഴുതാന്‍ എന്നെ പ്രേരിപ്പിച്ചുകൊണ്ടിരുന്നുകാരണംഅവര്‍ പറഞ്ഞുയുഗോസ്ലാവിയ ശരിക്കും ഉണ്ടായിട്ടേയില്ല.” അങ്ങനെയാണ് താന്‍ ശരിക്കും രണ്ടാളാണ് എന്ന് അയാള്‍ കണ്ടെത്തുന്നത്: അതിലൊന്ന് ഊനാ നദിയോരത്തെ ആ കുട്ടിയാണ്മറ്റൊന്ന് “നാളെ വീടുകള്‍ തീവെക്കുകയും ഞങ്ങളുടെ അതെ പേരുകളുള്ള ആളുകളെ കൊല്ലുകയും ചെയ്യുന്ന” മറ്റൊരാളും. ബോസ്നിയന്‍ മുസ്ലിം ജനവിഭാഗം നേരിടേണ്ടി വന്ന വംശഹത്യയുടെ ഭീകരത രണ്ടാം ലോക യുദ്ധ കാലത്തെ ജൂതാനുഭാവത്തില്‍ ഒട്ടും കുറഞ്ഞതായിരുന്നില്ല എന്നും അതാണ് തന്നെ പശ്ചാത്തപിക്കേണ്ട തരത്തിലുള്ള കാര്യങ്ങളിലേക്ക് എത്തിച്ചത് ആഖ്യാതാവ് കണ്ടെത്തുന്നുണ്ട്: “ഞാനൊരു കത്തോലിക്കന്‍ ആയിരുന്നെങ്കില്‍ഒരു സാധാരണ ജീവിതത്തിനുള്ള ആഗ്രഹത്തിനും രക്ത ദാഹത്തിനും ഇടയില്‍ വലിഞ്ഞുമുറുകുകയെന്നാല്‍ അത് യോഗീതുല്യമെന്നതില്‍ ഒട്ടും കുറവല്ല എന്ന് ഞാന്‍ പ്രഖ്യാപിച്ചേനെ. എന്നാല്‍ ഞാനൊരു കത്തോലിക്കനല്ല – ഞാന്‍ തേര്‍ഡ് റെയ്ക്കിലെ ജൂതനെ ഇതു വിധിക്കാണോ അടയാളപ്പെടുത്തി വെച്ചിരുന്നത് അതിനു തന്നെ വിധിക്കപ്പെട്ട 1990കളുടെ ബോസ്നിയയില്‍ പെട്ടുപോയ ഒരു ജനതയിലെ അംഗമായിരുന്നു.” തന്റെ ജനതയുടെ അനുഭവത്തിനു കണക്കു തീര്‍ക്കുന്ന യുദ്ധാനന്തര ബോസ്നിയന്‍ സാഹിത്യ പ്രവണതയല്ല ഉനാ നദിയുടെ പ്രവാഹം അടയാളപ്പെടുത്തുന്ന ഗതകാലത്തിലേക്ക് പേര്‍ത്തും പേര്‍ത്തും തിരിച്ചുപോകുന്ന സെഹിച്ചിന്റെ ആഖ്യാനം പിന്തുടരുന്നത് (Eileen Battersby).  “ഞങ്ങളുടെ പട്ടണം നദിയുമായുള്ള ജനങ്ങളുടെ ബന്ധത്തില്‍ നിന്നാണ് വളര്‍ന്നത്‌. ഊനാ നദിയാണ് ഞങ്ങളെ ഒരുമിപ്പിച്ചു നിര്‍ത്തുന്ന ശക്തി, അല്ലായിരുന്നെങ്കില്‍ നദിയും അതിന്റെ ജനതയും എന്നേ തുടച്ചു നീക്കപ്പെട്ടിരുന്നേനെ.. ഈ പട്ടണത്തെ വിവാഹം ചെയ്യുന്നവര്‍ ആരായാലും അവര്‍ ലിപിക്കിലെ സെമിത്തെരിയിലോ,   അല്ലെങ്കില്‍ അവിടെയുള്ള ഏ ഒട്ടേറെ കുടുംബ കല്ലറകളില്‍ ഒന്നിലോ അവസാനിക്കുന്നു.” താനും അവിടെയാണ് അന്ത്യവിശ്രമം കൊള്ളാന്‍ പോകുന്നത് എന്ന സാന്ത്വനമാണ് ആഖ്യാതാവിനെ കാത്തിരിക്കുന്നതും.

ഷോളാഖോവിന്റെ മാസ്റ്റര്‍പീസിനെ (And Quiet Flows the Don ) അനുസ്മരിക്കുന്നതാണ് നോവലിന്റെ തലക്കെട്ടെങ്കിലും പ്രസ്തുത കൃതിയെയോ ഇവോ ആന്ദ്രിച്ചിന്റെ ക്ലാസിക്കിനെയോ (The Bridge Over the Drina) എന്നതിലേറെ ടിം ഓബ്രിയന്റെ വിയത്നാം യുദ്ധ ക്ലാസിക് The Things They Carried എന്ന നോവലിനെയാണ് സെഹിച്ചിന്റെ ചുരുക്കെഴുത്തു രീതിയും മോഹനിദ്രാ സാന്ദ്രതയും ഓര്‍മ്മിപ്പിക്കുന്നത് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു *(6). വില്‍ ഫിര്‍ത്തിന്റെ മനോഹരമായ വിവര്‍ത്തനത്തിലൂടെ ഇംഗ്ലീഷിലെത്തുന്ന നോവല്‍ ‘യുദ്ധ സാഹിത്യത്തിലേക്ക് ഒരു വലിയ സംഭാവന’യാണ് എന്നും നിരൂപക കൂട്ടിച്ചേര്‍ക്കുന്നു. 

  

  References:

1. European Union Prize for literature citation, https://www.euprizeliterature.eu/authors/faruk-šehić

2. ‘Balkans war: a brief guide’, BBC News, 18 March 2016, https://www.bbc.com/news/world-europe-17632399. 

3. KEY POINTS ABOUT 1990S BALKAN WARS. JUSTICEINFO.NET, https://www.justiceinfo.net/en/26457-key-points-about-1990s-balkan-wars.html

4. Henry R. Cooper, Jr., Introduction to English Translation, ‘Death and the Dervish’, by Bogdan Rakic and Stephen M Dickey, North Western University Press, Evenston, Illinois, 1966

5. Eileen Battersby, “Quiet Flows the Una review: A river runs through him”, THE IRISH TIMES, JUL 27, 2021, https://www.irishtimes.com/culture/books/quiet-flows-the-una-review-a-river-runs-through-him-1.2586923

6. Kapka Kassabova, Quiet Flows the Una by Faruk Šehić review – ‘a major contribution to war literature’, the guardian, 16 Apr 2016, https://www.theguardian.com/books/2016/apr/16/quiet-flows-the-una-faruk-sehic-review-novel

  (മലയാളം വാരിക, 2021 നവമ്പര്‍ 01)

More to read:

Death and the Dervish by Meša Selimović

https://alittlesomethings.blogspot.com/2024/08/death-and-dervish-by-mesa-selimovic.html

The Bridge on the Drina Novel by Ivo Andrić

https://alittlesomethings.blogspot.com/2024/07/the-bridge-on-drina-novel-by-ivo-andric.html