കൊക്കേഷ്യന്‍ രണഭൂവിലെ സ്നേഹമുദ്രകള്‍
കരിങ്കടലിനും കാസ്പ്പിയന്‍ സമുദ്രത്തിനുമിടയില്‍ കോക്കസസ് മലനിരകളിലായി
വ്യാപിച്ചു കിടന്ന അമ്പത്തിയഞ്ചോളം വംശീയതകളില്‍ വടക്കുകിഴക്കന്‍ കോക്കസസിലെ
‘വൈനാഖ്’ ("Vainakh") ഭാഷാ വിഭാഗമായിരുന്ന ചെചന്‍ ദേശക്കാര്‍ ഭാഷ, മതം,
സംസ്കാരം, ജനിതക പ്രകൃതം എന്നിവയിലൊക്കെ
റഷ്യന്‍ വംശജരില്‍ നിന്ന് വ്യത്യസ്തരായിരുന്നു. എന്നിരിക്കിലും പതിനാറാം
നൂറ്റാണ്ടുമുതല്‍ ഈ ദേശത്തെ തങ്ങളുടെ അധികാരപരിധിയില്‍ കൊണ്ടുവരാനും ഓട്ടോമന്‍
തുര്‍ക്കിക്കും പേര്‍ഷ്യക്കുമിടയില്‍ ഒരു ബഫര്‍ ഇടമാക്കി നിര്‍ത്താനും സാര്‍
ഭരണകൂടം ശ്രമിച്ചുവന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ പകുതി മുഴുവന്‍, ദാഗെസ്താന്‍ ചെറുത്തുനില്‍പ്പിന്റെ മഹാനായ നേതാവ് ഇമാം ശമീല്‍ 1859-ല്‍ എതിരാളിയുടെ പോലും ആദരംകിട്ടുംവിധം പൊരുതി കീഴടങ്ങുന്നത് വരെ, പോരാട്ടങ്ങളുടെ ചരിത്രമായിരുന്നു. 1922-ല്‍ സ്ഥാപിതമായ ചെചന്‍ സോവിയറ്റ് ഒടോണമസ് റിപ്പബ്ലിക് 1944-ല്‍
സ്റ്റാലിന്റെയും ലെവ്റെന്റി ബെറിയയുടെയും തീരുമാനപ്രകാരം ഇല്ലാതായി. 1934,
1944 കാലത്തെ ചെചന്‍
‘ശുദ്ധീകരണങ്ങ’ളിലും (purges) നാസി ചായ്‌വ് ആരോപിച്ചുള്ള നാടുകടത്തലിലും മറ്റുമായി
ദശലക്ഷക്കണക്കിന് ചെച്നിയക്കാര്‍ കൊല്ലപ്പെടുകയോ ദേശരഹിതര്‍ ആവുകയോ ചെയ്തു. 1957-ല്‍ ക്രൂഷ്ചേവ് ചെചന്‍-ഇന്‍ഗുഷ് എ.എസ്.എസ്.ആര്‍. പുനസ്ഥാപിച്ചു. സോവിയറ്റ്
യൂണിയന്റെ തകര്‍ച്ചയെ തുടര്‍ന്ന് 1991
-ല്‍ തെരഞ്ഞെടുപ്പിലൂടെ ദ്യോകാര്‍ ദുദായെവ്
അധികാരത്തിലെത്തിയെങ്കിലും റഷ്യ അതംഗീകരിച്ചില്ല. 1993-ല്‍
റഷ്യന്‍ സൈന്യം ചെച്നിയ വിട്ടുപോയെങ്കിലും 1994-നും 1996-നും ഇടയില്‍ ദേശത്തു വമ്പിച്ച നാശനഷ്ടങ്ങള്‍ക്കും ആള്‍നാശത്തിനും ഇടയാക്കിയ
ഒന്നാം റഷ്യന്‍-ചെച്നിയന്‍ യുദ്ധം സംഭവിച്ചു. 1996-ല്‍
ദുദായെവ് കൊല്ലപ്പെട്ട ശേഷം പ്രസിഡണ്ട് ആയ അസ്ലാന്‍ മഷ്കദോവ്, റഷ്യയിലെ യെല്‍സിന്‍ ഭരണകൂടവുമായി
ഒരിക്കലും പാലിക്കപ്പെടുകയുണ്ടായില്ലാത്ത കരാറില്‍ ഏര്‍പ്പെട്ടു. 1999 ആഗസ്റ്റില്‍ ജിഹാദിസ്റ്റ് ഗ്രൂപ്പുകള്‍ ദാഗെസ്താന്‍ പ്രദേശത്തു
നുഴഞ്ഞുകയറിയത് മറയായി ആരംഭിച്ച ‘വടക്കന്‍ കോക്കസസ് പ്രദേശത്തെ ഭീകരതാ വിരുദ്ധ
കാമ്പെയ്ന്‍’ വ്ലാദിമിര്‍
പുടിന് പതിനൊന്നു വര്‍ഷത്തോളം നീണ്ടുനിന്ന രണ്ടാം ചെചന്‍ യുദ്ധം തുടങ്ങാനുള്ള
മറയായിത്തീര്‍ന്നു.
കുടുംബ കഥ, ദേശ കഥ.
ആന്റണി മര്‍റയെന്ന യുവ അമേരിക്കന്‍ നോവലിസ്റ്റിന്റെ പ്രഥമ നോവലായ A Constellation of Vital Phenomena, 2013-ലാണ്
പുറത്തിറങ്ങിയത്. പ്രഥമ ജോണ്‍ ലെനാഡ് അവാര്‍ഡ്, അനിസ്ഫീല്‍ഡ് ബുക്ക് അവാര്‍ഡ്, തുടങ്ങിയ
വിഖ്യാത പുരസ്കാരങ്ങള്‍ പുസ്തകം കരസ്ഥമാക്കുകയുമുണ്ടായി. സോവിയറ്റ് അനന്തര റഷ്യന്‍-
ചെചന്‍ ചരിത്രത്തിലും സംഘര്‍ഷങ്ങളിലുമുള്ള മര്‍റയുടെ താല്‍പര്യം അദ്ദേഹത്തിന്റെ 2009- ല്‍ പ്രസിദ്ധീകരിച്ച ‘ചെച്നിയ’എന്ന ചെറുകഥയും 2015-ല്‍ പുറത്തിറങ്ങിയ The Tsar of
Love and Techno: Stories എന്ന സമാഹാരവും വ്യക്തമാക്കുന്നുണ്ട്. സഹൃദയനായ കലാകാരന്‍ എന്ന നിലയില്‍, രണ്ടാം ചെചന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പറയപ്പെടുന്ന നോവലിന്റെ
ഇതിവൃത്തത്തില്‍ പക്ഷെ കേന്ദ്ര സ്ഥാനീയരായി നാം കണ്ടുമുട്ടുന്നത്
ഫെഡറലിസ്റ്റുകളെയോ റിബലുകളെയോ ഇസ്ലാമിക മൌലികവാദികളെയോ അല്ല. ഇപ്പറഞ്ഞവരൊക്കെ
സാന്ദര്‍ഭികമായി എത്തിനോക്കുന്നുണ്ടെങ്കിലും മുഖ്യ കഥാപാത്രങ്ങള്‍ വിശേഷിച്ചു
രാഷ്ട്രീയമോ മതചിന്തയോ ഉള്ളവര്‍ പോലുമല്ല. പകരം അവര്‍ ഉറ്റവര്‍ നഷ്ടപ്പെട്ട
കുഞ്ഞുങ്ങളും അമ്മമാരും അച്ഛന്മാരും ചരിത്രത്തിന്റെ ചതിക്കുഴികളില്‍ വീണുപോയ അയല്‍ക്കാരും
എല്ലാമാണ്. ഒരേസമയം ഭീകരതയും ഒപ്പം അയുക്തിക സ്വപ്നാത്മതയും ഉള്ള ആദ്യവാചകം
നോവലിന്റെ സ്വരം കൃത്യമായി നിര്‍ണ്ണയിക്കുന്നുണ്ട്:
“ഫെഡ്സ്
അവളുടെ വീടിനു തീവെക്കുകയും പിതാവിനെ കൊണ്ട് പോകുകയും ചെയ്തതിനു പിറ്റേ
പ്രഭാതത്തില്‍ ഹവാ അനിമോണുകളുടെ സ്വപ്നത്തില്‍ നിന്നുണര്‍ന്നു.”
എല്‍ദാര്‍ എന്ന
ചെറുഗ്രാമത്തില്‍ പത്തുവര്‍ഷക്കാലം നീണ്ടുനിന്ന സമാന ഭീകരതകളുടെ ഏതാണ്ട്
അന്ത്യത്തിലാണ് ഹവായുടെ പിതാവിന്റെ ദുരന്തം സംഭവിക്കുന്നത്. മകളെ ഏറെ ഓമനിച്ചു
വളര്‍ത്തിയ, വൃക്ഷപരിപാലകനായിരുന്ന
പിതാവ് ദോക്കക്ക് ഫെഡറല്‍ സൈന്യവുമായുള്ള മുന്‍ മുഖാമുഖത്തില്‍ കൈവിരലുകള്‍
നഷ്ടപ്പെട്ടിരുന്നു. തിരോധാനത്തിനു ശേഷം വനത്തില്‍ ഒളിച്ചിരിക്കുകയായിരുന്ന എട്ടു
വയസ്സുകാരിയെ അയല്‍വാസിയും പിതൃ തുല്യനുമായ അഖ്മദ് തനിക്കറിയാവുന്ന
ഒരഭയകേന്ദ്രത്തില്‍ എത്തിക്കാന്‍ ശ്രമിക്കുന്നു. ദോക്കയുടെ വീട്ടില്‍ അഭയം
തെടുമായിരുന്ന റിബലുകളില്‍ ഒരാളില്‍നിന്ന് കിട്ടിയ അറിവുവെച്ച് ഉപേക്ഷിക്കപ്പെട്ട
പഴയൊരു ആശുപത്രിയില്‍ ബാക്കിയായ ഏക ഡോക്റ്റര്‍ സോന്യ റബീനയെ അവളെ ഏല്‍പ്പിക്കാന്‍
അയാള്‍ ശ്രമിക്കുന്നത് ഫെഡറല്‍ സൈന്യത്തിന്റെ രീതി അറിയാവുന്നത് കൊണ്ടാണ്.
പിടിക്കപ്പെടുകയും കൊന്നുകളയുകയും ചെയ്യുന്ന ശത്രു പക്ഷക്കാരുടെ കുടുംബാംഗങ്ങളെയും
അതേ ശിക്ഷാവിധിക്ക് വിധേയരാക്കുകയും അതുവഴി ഒളിപ്പോരിനിറങ്ങുന്ന പ്രവണതയെ തകര്‍ക്കുകയും
ചെയ്യുക എന്നതാണ് അത്. ഏതുനിമിഷവും കൊച്ചു ശത്രുവിനെ ഉന്മൂലനം ചെയ്യാന്‍ സൈനികര്‍
തിരികെയെത്തുമെന്നു അയാള്‍ക്കറിയാം. മെഡിക്കല്‍ പഠനം ഒരു വൈദഗ്ദ്യവും ഇല്ലാതെ
ലിസ്റ്റില്‍ ഒടുവിലായി നടത്തിയ പുരോഭാഗമുള്ള അഖ്മദ്, സംഘര്‍ഷകാലത്ത്
ഒരു ഡോക്റ്റര്‍ നേരിടേണ്ടി വന്നേക്കാവുന്ന വെല്ലുവിളികള്‍ ഭയന്ന് ചിത്രംവരയിലേക്ക്
തിരിഞ്ഞയാളാണ്. എന്നാല്‍ സുഹൃത്തിന്റെ മകള്‍ക്ക് അഭയം നല്‍കാന്‍ സോന്യയെ
സമ്മതിപ്പിക്കുന്നതിനു വേണ്ടി അയാള്‍ ആശുപത്രിയിലെ ക്ലീനിംഗ് ജോലി
ഏറ്റെടുക്കുന്നു. അയല്‍വാസിയായ റംസാന്‍ ഫെഡറലുകള്‍ക്ക് വേണ്ടി ചാരപ്പണി നടത്തുന്ന
ആളാണെന്നും തന്നെയും ഹവായെയും കുറിച്ചും അയാള്‍ വിവരം നല്‍കുമെന്നും അറിയാവുന്നത്
കൊണ്ട് അയാളുടെ നീക്കങ്ങള്‍ എല്ലാം അതീവ ജാഗ്രതയോടെയാണ്. എന്നാല്‍ റംസാന്‍ എന്ന
കഥാപാത്രത്തെ വെറുക്കപ്പെട്ട ഒറ്റുകാരന്‍ എന്ന നിലക്കല്ല നോവലില്‍
അവതരിപ്പിക്കുന്നത്. യുദ്ധം മനുഷ്യരിലെ മനുഷ്യത്വത്തെ തന്നെ നിസ്സഹായമാക്കി
അസ്തമിപ്പിക്കുന്നതെങ്ങനെ എന്ന വലിയ ചോദ്യമാണ് അയാളിലൂടെ ഉന്നയിക്കപ്പെടുന്നത്.
റംസാന്‍ അത്തരം ഒരു ജോലി ചെയ്യുന്നതിനു പിറകില്‍ അയാള്‍ ഏല്‍ക്കേണ്ടിവന്ന മനുഷ്യ
സാധ്യമല്ലാത്ത പീഡന സഹനമുണ്ടെന്നത് ഒട്ടേറെ ഗ്രാഫിക് പീഡന ദൃശ്യങ്ങള്‍ ഉള്ള
നോവലില്‍ ഒരനിവാര്യതയും നാളെ ഒരു വേള, റംസാന്‍ തന്നെ
പറയുമ്പോലെ, അഖ്മദ് തന്നെയും നേരിടേണ്ടി വരുന്ന,
രക്ഷപ്പെടാനാകാത്ത വിധിയുമാണ്.
“അവര്‍
നിന്നോട് ചോദിക്കില്ല പെണ്‍കുട്ടി എവിടെയാണെന്ന്. അവര്‍ നിന്നെക്കൊണ്ട് അവളെ
അവരുടെയടുക്കല്‍ കൊണ്ടുവരുവിക്കും, അത് നീ ചെയ്യുന്നത്
നിനക്ക് തന്നെ കാണാം.. ഒരിക്കല്‍ ഞാന്‍ നിന്നെപോലെ ആയിരുന്നു, വൈകാതെ നീ എന്നെപ്പോലെയാവും.”
ഒരു നിരൂപകന്‍
നിരീക്ഷിക്കും പോലെ “ഇതാണ് എല്ലാത്തിലും വെച്ച് ഏറ്റവും ഭീകരമായ തിരോധാനം: പീഡനത്തിനു കീഴെ
സ്വത്വം നശിപ്പിക്കപ്പെടുന്നത്. ഈ നോവല്‍ മനുഷ്യ സാധ്യതയുടെ ഏറ്റവും മോശമായ അറ്റം
കണ്ടമാനം പ്രദര്‍ശിപ്പിക്കുന്നു. വോള്‍ചാന്‍സ്കിനും എല്‍ദാറിനും ഇടയില്‍ എവിടെയോ
ഉള്ള ഭേദ്യം ചെയ്യുന്ന ഏതോ പാതാളമുറിയില്‍ ബോള്‍ട്ട് കട്ടര്‍ ഉപയോഗിച്ച് മുറിച്ചു
മാറ്റപ്പെടുന്ന വിരലുകളും വൃഷണങ്ങളും ഒരു തുടക്കം മാത്രമാണ്.” (Madison
Smartt Bell, nytimes.com).
മകന്‍ ചെയ്യുന്നതെന്തെന്ന് അറിയാവുന്ന റംസാന്റെ പിതാവിന് അയാളെ
കൊന്നുകളയണമെന്നുണ്ട്, പക്ഷെ അവസരം ലഭിക്കുമ്പോഴും അതൊരു പിതാവിന് സാധ്യവുമല്ലല്ലോ. അതുകൊണ്ട്, മദ്യത്തില്‍ മുങ്ങി അവനൊന്നും പിന്നീട് ഓര്‍ക്കാന്‍ കഴിയില്ലെന്ന്
ഉറപ്പുള്ള സന്ദര്‍ഭങ്ങളില്‍ മാത്രമേ അയാള്‍ അവനോടു സംസാരിക്കൂ. ദോക്കയുടെ
തിരോധാനത്തിനു പിന്നിലും റംസാന്‍ ആണെന്ന് വെളിപ്പെടുന്നുണ്ട്. ഒരു ഘട്ടത്തില്‍ ഒരു
റഷ്യന്‍ ഓഫീസറുടെ കൊലപാതകത്തിന് ഉപയോഗിച്ചതായി കണ്ടെത്തിയ തോക്ക് അയാളുടെ
കയ്യിലുണ്ടായിരുന്നു എന്നതിന്റെ അന്വേഷണമാണ് ദോക്കയെ ഒറ്റുന്നതില്‍ എത്തിച്ചേരുക.
എന്നാല്‍, പ്രസ്തുത തോക്കിന്റെയും റഷ്യന്‍ ഓഫീസറുടെ
വധത്തിന്റെയും രഹസ്യങ്ങള്‍ ഇതിവൃത്തത്തിലെ മറ്റൊരു ധാരയുമായാണ് കണ്ണിചേരുകയും
സ്വയം വ്യക്തമാകുകയും ചെയ്യുക. കൈവിരലുകള്‍ ഇല്ലാത്ത ദോക്കാക്ക് ഒരു തോക്ക്
ഉപയോഗിക്കാനാവുമായിരുന്നില്ല എന്ന് മാത്രമല്ല, അതുമായി
ഏതെങ്കിലും വിധത്തില്‍ ഹവായെ ബന്ധപ്പെടുത്താന്‍ ഇടയുള്ളത് കൊണ്ട് അയാള്‍ക്കത്
കയ്യില്‍ വെക്കാന്‍ പോലും താല്‍പര്യവുമുണ്ടായിരുന്നില്ല.
രക്തം രക്തത്തെ
തേടുന്നു
സോന്യയുടെ കഥയിലും നഷ്ടത്തിന്റെയും അന്വേഷണത്തിന്റെയും ഇഴകോര്‍ക്കലുണ്ട്.
റഷ്യന്‍ വംശജയായ അവളുടെ പുരാവൃത്തത്തില്‍, ചെച്നിയയിലെ സ്റ്റാലിനിസ്റ്റ് അധിനിവേശ കാലത്ത് അവിടെയെത്തിയ
മാതാപിതാക്കളുടെ ഓര്‍മ്മയുണ്ട്. വിദഗ്ദ സര്‍ജ്ജനായ സോന്യക്ക് ഡെന്റല്‍ ഫ്ലോസ്
ഉപയിഗിച്ചു കുഴിബോംബ് സ്ഫോടനത്തിന്റെയും ശസ്ത്രക്രിയയുടെയും മുറിവുകള്‍
തുന്നാനാവും. ചെചന്‍ വംശജനായ അഖ്മദ് ആവട്ടെ, ഒരു
കഴിവുമില്ലാത്ത, ആരുമായും ബന്ധമില്ലാതെ തന്റെ വരകളില്‍
മുഴുകി കഴിയുന്ന, റൊനാള്‍ഡ് റീഗനെ റൊണാള്‍ഡ് മക്ഡോനാള്‍ഡ് എന്ന് ഓര്‍ത്തെടുക്കുന്ന
ഒരാളാണ്. എല്‍ദാറിലെ സൈനിക നീക്കത്തില്‍ പരിക്കേറ്റു നിശ്ചേതനാവസ്ഥയില്‍ കഴിയുന്ന
ഭാര്യയെ പരിചരിച്ചു കഴിയുന്ന അയാളുടെ ഏക സുഹൃത്തായിരുന്നു ദോക്ക എന്നതാണ് അയാള്‍ക്ക്
ഹവായോടുള്ള ആത്മബന്ധം. സോന്യയാകട്ടെ, വോള്‍ചാന്‍സ്കില്‍
നിന്ന് രണ്ടാമതൊരു തവണ കൂടി അപ്രത്യക്ഷ്യയായ സഹോദരി നടാഷയെ തേടുകയാണ്.
കുട്ടിക്കാലത്ത് പഠിക്കാന്‍ മിടുക്കിയായിരുന്ന സോന്യ, ലണ്ടനില്‍ മെഡിസിന്‍
പഠനത്തിനു ചേരുകയും യുദ്ധം മാതാപിതാക്കളുടെ മരണത്തിനു കാരണമാകുകയും ചെയ്തപ്പോഴാണ്
സുന്ദരിയായ സഹോദരി ആദ്യം അപ്രത്യക്ഷയായത്. നടാഷക്ക് സംഭവിച്ചതും ഹവായുടെ ഓര്‍മ്മപ്പെട്ടിയിലെ
സ്മാരക വസ്തുക്കളും റംസാനെയും ദോക്കയെയും റഷ്യന്‍ സൈനിക പീഡന മുറികളിലെ
ഇരകളാക്കുന്ന തോക്കും സൈനിക മേധാവിയുടെ വധവും എല്ലാംചേര്‍ന്ന് ഉരുവാക്കുന്ന
രഹസ്യങ്ങളുടെ വലക്കണ്ണികള്‍ നോവല്‍ ഉടനീളം, കാലത്തില്‍
മുമ്പോട്ടും പിറകോട്ടും ചലിക്കുന്ന ആഖ്യാനത്തെ അതീവ സൂക്ഷ്മതയോടെ പിന്തുടര്‍ന്നാല്‍
മാത്രമാണ് അനുവാചകന് മുന്നില്‍ തെളിഞ്ഞു കിട്ടുക. അതില്‍, ചെചന്‍
യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന ഘട്ടത്തില്‍ ഒറ്റപ്പെട്ടുപോകുന്ന സുന്ദരിയായ
യുവതിയുടെ സഹോദരിയെ തേടിയുള്ള പുറപ്പാടുണ്ട്, മനുഷ്യക്കടത്തിന്റെ
ചതിക്കുഴികളും ബോധപൂര്‍വ്വം ഇരകളില്‍ ഉണ്ടാക്കിയെടുക്കുന്ന ഹെറോയിന്‍ അടിമത്തവും
ലൈംഗിക അടിമത്തവുമുണ്ട്, ലഹരി അടിമത്തത്തില്‍ നിന്ന്
മുക്തി തേടാനുള്ള ഉറച്ച ശ്രമങ്ങളുണ്ട്, വീണ്ടുമൊരു
പാലായനത്തിന്റെ അനിവാര്യതയില്‍, അഭയാര്‍ഥികള്‍ക്ക്
സ്നേഹപൂര്‍വ്വം ഇടത്താവളം നല്‍കുമായിരുന്ന, കൈവിരലുകള്‍
ഇല്ലാത്ത ഒരു മനുഷ്യന്‍ ഒരു സ്വയരക്ഷക്കായി നല്‍കിയ തോക്കുണ്ട്, ഒരു ബലാല്‍ക്കാര ശ്രമവും ഒരന്തിമ പ്രതികാരവും അങ്ങനെയൊരു സൈനിക മേധാവിയുടെ
വധവുമുണ്ട്. നടാഷ പക്ഷെ അന്തിമമായി ബലിയാട് തന്നെയാണ്: എണ്ണമറ്റ വെടിയുണ്ടകളില്‍
പൊലിഞ്ഞു പോകുന്നവള്‍. ഒരു തിരിച്ചറിയല്‍ ഉപാധിയായിത്തീരുക (anagnorisis) സോന്യ സഹോദരിക്ക് നല്‍കിയിരുന്ന കളിപ്പാട്ടമാണ്. തന്റെ കൈകളിലേക്ക്
പിറന്നു വീണ കുഞ്ഞിനു നടാഷ അത് കൈമാറിയിരുന്നു. ഹവായുടെ ഓര്‍മ്മപ്പെട്ടിയില്‍
അങ്ങനെയാണ് അത് എത്തിച്ചേരുക.
ചരിത്രം
പിടിമുറുക്കമ്പോള്‍
ചരിത്രത്തിന്റെ വലക്കണ്ണികളില്‍ നിന്ന് ആരും മുക്തരല്ലെങ്കിലും അതിനപ്പുറം
കടക്കുന്ന ഭാവനാപൂര്‍ണ്ണമായ വര്‍ത്തമാന- ഭാവി സ്വരൂപങ്ങള്‍ നോവലിസ്റ്റ് പല
കഥാപാത്രങ്ങള്‍ക്കും പകര്‍ന്നു നല്‍കുന്നുണ്ട്. കുഴിബോംബില്‍ മരണപ്പെടുന്ന ഒരാളുടെ
ശേഷിപ്പായ വസ്തത്തിന്റെ അറ്റത്ത് തനിക്കു നല്‍കേണ്ട അടക്കത്തെ കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍
കാണുന്നത് ഗൌരവമായി എടുക്കുകയും അതിനെ പിന്തുടരാന്‍ ശ്രമിക്കുകയും ചെയ്യുന്ന
അഖ്മദിനോട് ആശുപത്രിയിലെ ഏറെ പ്രായമുള്ള ഏക നേഴ്സ് പറയുന്നു: അയാള്‍ നഗരത്തിലെ
ക്രിമാറ്റൊരിയത്തില്‍ നിന്ന് മേഘങ്ങളിലേക്ക് കടന്നു കഴിഞ്ഞു. നോവലിസ്റ്റ് അയാള്‍ക്കൊരു
കഥ മെനഞ്ഞു നല്‍കുന്നു:
“ആ മനുഷ്യന്
ഷാലിയില്‍ ഒരു സഹോദരിയുണ്ടായിരുന്നു, അവള്‍ അവളുടെ ട്രാവല്‍
ഏജന്‍സിക്കും... അവളുടെ ഭര്‍തൃ മാതാപിതാക്കള്‍ക്കും ഇപ്പോള്‍ ചവറ്റുകുട്ടയുടെ
അടിയില്‍ കിടക്കുന്ന ആ കുറിപ്പ് കയ്യില്‍ കിട്ടാന്‍ വേണ്ടി, ജീവിതത്തില്‍
താന്‍ ഒന്നും കൊടുത്തില്ലല്ലോ എന്ന് വിഷമിച്ച ആ സഹോദരന്റെ അന്ത്യാഭിലാഷം
കൈപ്പറ്റുന്നതിനു വേണ്ടി തന്റെ അനശ്വരമായ ആത്മാവിന്റെ പത്തില്‍ ഒമ്പതും നല്‍കിയേനേ.”
നോവലില്‍ ആവര്‍ത്തിച്ചു
കടന്നു വരുന്ന മനുഷ്യാഭിലാഷങ്ങളുടെ പവിത്രതയെന്ന പ്രമേയം ഏറ്റവും ദീപ്തമായി
കാണാവുന്ന ഒരു മുഹൂര്‍ത്തവും ആണിത്. വായനക്കാര്‍ ഒരിക്കലും കാണുന്നില്ലാത്ത ഈ
കഥയിലെ അജ്ഞാത മനുഷ്യനെ അടയാളപ്പെടുത്തുന്ന തിരിച്ചറിയല്‍ രേഖപോലെ അനേകം രേഖകള്‍
അടങ്ങിയ ആശുപത്രിയിലെ പെട്ടി പോലെ, ഹവായുടെ കയ്യിലെ പെട്ടിയിലും അവളുടെ വീട്ടില്‍ രാപ്പാര്‍ത്തിരുന്ന അനേകം
അഭയാര്‍ഥികളുടെ ഓര്‍മ്മച്ചീന്തുകള്‍ ആണുള്ളത്; അതില്‍
നടാഷയുടെ ഓര്‍മ്മയായ കളിപ്പാട്ടമൊഴിച്ചു ഒന്നിനും ഇപ്പോള്‍ ആരും
ഉടമസ്ഥരല്ലെങ്കിലും. അഖ്മദിന്റെ അയല്‍വാസി തയ്യാറാക്കുന്ന 3300 പേജുകള്‍ വരുന്ന ചെച്നിയയുടെ ചരിത്രവും പ്രസാധകരുടെ വിവേചനപൂര്‍ണ്ണമായ
തിരസ്കാരവും അയാളെ പരാജിതന്റെ നിലപാടില്‍ എത്തിക്കുന്നു: “ചരിത്രം സ്വയം
രചിച്ചോളും, അതിനു
എന്റെ ആവശ്യമില്ല.” അയാളുടെ സ്വന്തം ചരിത്രത്തില്‍ കസഖ്സ്താനിലേക്ക് കുടിയേറിയിരുന്ന ചെചന്‍ വംശജരെ തിരിച്ചയച്ച 1956-ലെ പാലായന ഘട്ടത്തില്‍, താന്‍ കൊണ്ടു വന്ന പെട്ടിയില്‍ മാതാപിതാക്കളുടെ അസ്ഥിശകലങ്ങള്‍
ഉണ്ടായിരുന്നതിന്റെ ഓര്‍മ്മകളുണ്ട്. അതിലും വലിയ നൊമ്പരമായി മകന്‍ റഷ്യന്‍
ഒറ്റുകാരന്‍ ആയിക്കഴിയുന്നതിന്റെ വേദനയും. ഹവായുടെ ജീവിതത്തെയും സുദീര്‍ഘമായ ഒരു
ഭാവികാലത്തിന്റെ സ്വസ്ഥതയിലേക്ക് ദീര്‍ഘ ദര്‍ശിത്തം ചെയ്യുന്നതിലൂടെ അവളെയും
ചരിത്രത്തിന്റെ നിര്‍ണ്ണായകത്വത്തിനപ്പുറം സ്വതന്ത്രയാക്കുകയാണ് നോവലിസ്റ്റ്. നൂറു
പിന്നിട്ട്, അവള്‍ ജനിച്ച അതേ ആശുപത്രിക്കിടക്കയില്‍
കിടന്നാണ് അവള്‍ മരിക്കുകയെന്നു നോവലിസ്റ്റ് പറഞ്ഞുവെക്കുന്നുണ്ട്. കുറച്ചു പേരുടെ
അതിജീവനത്തിലും പുനരുഥാന സാധ്യതയിലും സനാതനമായ പ്രതീക്ഷയുടെ ഭാവി നോവലിസ്റ്റ്
കണ്ടെടുക്കുയാവാം. വീറില്ലാത്ത ദുരന്തങ്ങളില്‍ കുരുങ്ങിപ്പോവുന്ന കഥാപാത്രങ്ങളില്‍
നിന്ന് ഒരു സാധ്യതയുമില്ലാത്ത ഇത്തരം അതീത ശാന്തഭാവം പകര്‍ന്നെടുക്കുന്ന രീതി,
ചെചന്‍ പശ്ചാത്തലത്തില്‍ ഉള്ള കൃതി തന്നെയായ ‘ഹാജി മുറാദ്’ എന്ന
നോവലിന്റെ കൂടി കര്‍ത്താവായ സാക്ഷാല്‍ ടോള്‍സ്റ്റോയിയില്‍ നിന്നാണ് മര്‍റ
പഠിച്ചെടുക്കുന്നത് എന്ന് മാഡിസന്‍ ബെല്‍ നിരീക്ഷിക്കുന്നുണ്ട്: “‘കോണ്‍സ്റ്റലേഷന്‍’ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ‘യുദ്ധവും സമാധാനവും’ ആണ്, ചാരന്‍ (റംസാന്‍) മുന്നറിയിപ്പ് നല്‍കും പോലെ, യഥാര്‍ത്ഥ
സമാധാനം ഇവിടെയില്ല എന്നേയുള്ളൂ: “അവര്‍ ഹവായെ കൊല്ലും, എന്നിട്ടതിനെ സമാധാനം എന്ന് വിളിക്കും.” എന്നാല്‍, ഹവായുടെ ജീവിതം അയാളുടെ ശൂന്യവാദത്തിനപ്പുറം പോകുന്നതിലൂടെ പുസ്തകത്തിന്റെ
ദുര്‍ജ്ഞേയമായ തലക്കെട്ടിന്റെ സാംഗത്യം ഒരു വിധത്തില്‍, ഏറെ വ്യാഖ്യാനപരമായെങ്കിലും, വെളിവാകുന്നു:
നോവലിന്റെ പാഠത്തില്‍ ഒന്നിലേറെ തവണ ആവര്‍ത്തിക്കപ്പെടുന്ന മെഡിക്കല്‍ ടെക്സ്റ്റ്
ഉദ്ധരണി ഇങ്ങനെ വായിക്കാം: “ജീവിതം: ജീവത് പ്രതിഭാസങ്ങളുടെ ഒരു നക്ഷത്ര ജാലിക:
വ്യവസ്ഥപ്പെടുത്തല്‍, ക്ഷിപ്രകോപം, സ്ഥാനചലനം, വളര്‍ച്ച, പുനരുല്‍പ്പാദനം, ചേര്‍ന്നുപോവല്‍.”
സ്നേഹപാശങ്ങളുടെ
അതിജീവനം
നായക ഗുണങ്ങള്‍ ഒന്നുമില്ലാത്ത അഖ്മദ് കര്‍ഷകന്‍ എന്ന് അവകാശപ്പെടുമ്പോള്‍
അതല്ല, ഡോക്റ്റര്‍ എന്ന്
നടിക്കുമ്പോള്‍ അതും. ഒരര്‍ത്ഥത്തില്‍ ഒളിച്ചിരിക്കുന്നിടത്തു നിന്ന് അഖ്മദ് ഹവായെ
കണ്ടെത്തുന്നതു മുതല്‍ അഞ്ചു ദിവസങ്ങളാണ് നോവലിന്റെ സക്രിയകാലം. എന്നാല്‍ ഈ
കഥാപാത്രങ്ങള്‍ കാലത്തിന്റെ രേഖീയ ചലനത്തിന് വെളിയില്‍ തള്ളപ്പെട്ടവരാണ്. അവരുടെ
അനുഭവങ്ങള്‍ തീക്ഷ്ണമായ നടുക്കങ്ങളുടെയും അനുഭൂതികളുടെയും ഫ്ലാഷ് ബാക്കുകളിലൂടെ
നമ്മിലെത്തുന്നു. ടൈംലൈനില്‍ നിരന്തരം സംഭവിക്കുന്ന മുന്നോട്ടും പിന്നോട്ടുമുള്ള
ചലനങ്ങള്‍ ഒരോ അധ്യായത്തിന്റെ ആരംഭത്തില്‍ തന്നെ കൃത്യമായും
രേഖപ്പെടുത്തിയിട്ടുള്ളത് ചരിത്ര ഘട്ടങ്ങളെ എപ്പോഴും സജീവമാക്കി നിര്‍ത്തുന്നു.
പുസ്തകത്തിന്റെ ഒടുവില്‍ നല്‍കിയിട്ടുള്ള കുറിപ്പില്‍ ചെച്നിയന്‍ ചരിത്രവും
ജീവിതവും സംഘര്‍ഷ കാലവും പഠിച്ചെടുക്കാന്‍ ഉപയോഗപ്പെട്ട പുസ്തകങ്ങളും ഇതര
ഉറവിടങ്ങളും രേഖപ്പെടുത്തിയിട്ടുള്ളത് ഫിക് ഷന്റെ അതിരുകള്‍ക്കപ്പുറം പോകുന്ന
നോവലിന്റെ തലങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. കഥാപാത്രങ്ങള്‍, ആ ക്ലീഷേയുടെ പ്രയോഗത്തിലെന്ന പോലെ, സാങ്കല്‍പ്പികമായിരിക്കാം, പക്ഷെ കഥകള്‍ തീര്‍ച്ചയായും അതല്ലെന്നതാണ് ഈ നോവലിന്റെ പ്രത്യേകത. ‘ദി
ഏഞ്ചല്‍ ഓഫ് ഗ്രോസ്നി’ അസ്നെ സിയെര്‍സ്റ്റാദ്) പോലുള്ള ജേണലിസ്റ്റിക് മാസ്റ്റര്‍പീസുകള്‍, അന്നാപോളിറ്റ്കോവ്സ്കായയെ പോലുള്ള അപകടകരമായി അന്വേഷണാത്മക പത്രപ്രവര്‍ത്തനം
നടത്തുകയും സ്വജീവന്‍ അതിനു വിലയായി കൊടുക്കുകയും ചെയ്ത ജേണലിസ്റ്റുകള്‍ തുടങ്ങി
നോവലിന്റെ റിസര്‍ച്ച് വേളയില്‍ മര്‍റയെ സ്വാധീനിച്ച പുസ്തകങ്ങളും വ്യക്തികളും
ഏറെയുണ്ട്. ഒരിക്കല്‍ സോവിയറ്റ് ഇടപെടലില്‍ വിജനമാക്കപ്പെടുകയും പിന്നീട്
ഔദ്യോഗികമായി ജനങ്ങളെ പുനര്‍ വിന്യസിക്കുകയും ചെയ്ത ചരിത്രമുള്ള ദേശം ഇപ്പോള്‍
ഭീകരവാദ പ്രവര്‍ത്തികളുടെയും അതിനെതിരെയുള്ള ‘ഭീകരതാവിരുദ്ധ അത്യാചാരങ്ങളുടെയും
പിടിയിലാണെന്ന് സമകാലിക വസ്തുത. നോവലില്‍ എമ്പാടും കാണാവുന്ന, വായനയെപ്പോലും നടുക്കിക്കളയുന്ന പീഡന മുറകള്‍ ഈ പൊള്ളുന്ന ചരിത്രത്തിന്റെ
സാക്ഷ്യം തന്നെയാണ്. ഹവായെ ഒളിപ്പിക്കാന്‍ അഖ്മദ് കണ്ടെത്തുന്ന ആശുപത്രി എന്നു
പേരുമാത്രമുള്ള വിജനവും നിരാലംബവുമായ ഇടം, കൂടെക്കൂടെ
അവിടെ ആര്‍ത്തലച്ചെത്തുന്ന അംഗഭംഗങ്ങളുടെയും ജീവച്ഛവങ്ങളുടെയും മൃതിയുടെയും
തിരയിളക്കങ്ങളില്‍ ഒരു അതീത, സര്‍ റിയലിസ്റ്റ്
ഭ്രാന്തലോകം പോലെ അനുഭവപ്പെടും. അവിടെ മൃതിയുടെ കാവല്‍ക്കാരിയായി നഷ്ടബോധങ്ങളിലും
കെടാത്ത നൈതികതയുമായി യുവത്വം വിട്ടുമാറിയിട്ടില്ലാത്ത ഒരു ഡോക്റ്റര്‍, പന്ത്രണ്ട് പ്രണയപരാജയങ്ങള്‍ക്കുമിപ്പുറം ആണുങ്ങളെ കാണുന്നത് വരെ മാത്രം
പുരുഷവിദ്വേഷവും അതിനപ്പുറം ശൃംഗാരവുമായി അടുത്തുകൂടുന്ന വൃദ്ധനേഴ്സ്, ഒരിടത്തും സ്വയം തെളിയിക്കാനാവാത്ത ചകിതനും ഒട്ടൊരു വിഡ്ഢിയുമെങ്കിലും ഒരു
കൊച്ചു പെണ്‍കുട്ടിയുടെ ജീവിതം തളിര്‍ത്തുകാണാന്‍ വേണ്ടി ഏതറ്റം വരെയും പോകാന്‍
തയാറുള്ള ഒരു യുവ മുറിവൈദ്യന്‍- ഇത്തിരി കോമാളിത്തത്തോടൊപ്പം അപാരമായ സര്‍വ്വനാശത്തിന്റെ
ശൂന്യത വിളിച്ചോതുന്ന ഒരു ഭൂമികയാണ് നോവലിന്റെത്. എന്നാല്‍, ഇതിനിടയിലും ഏതിരുട്ടിലും ജീവിതം മുന്നോട്ടു തന്നെയെന്നു
സാക്ഷ്യപ്പെടുത്തുന്ന ഒരു പെണ്‍കുട്ടിയുണ്ടെന്നതാണ് നോവല്‍ ഉറ്റുനോക്കുന്നത്.
സ്നേഹ ബന്ധങ്ങളും സ്നേഹവേദനകളും അങ്ങേയറ്റം പരീക്ഷിക്കപ്പെടുന്ന യുദ്ധകാലമെന്ന
മെരുങ്ങാ സാഹചര്യവും, സഹജീവികളോടുള്ള അനുതാപമെന്ന
വികാരത്തെ ഏതു പ്രതിസന്ധികള്‍ക്കിടയിലും വിസ്മരിക്കാനാവാത്ത ഏതാനും മനുഷ്യരുടെ
അപൂര്‍വ്വ സുന്ദരമായ ഒത്തുചേരലും സൃഷ്ടിക്കുന്ന വെളിച്ചം നോവലിന്റെ ആത്യന്തിക
മൂല്യ ദര്‍ശനത്തെ പൊലിപ്പിക്കുന്നുണ്ട്. ദേശക്കൂറിന്റെ വെല്ലുവിളിക്കു മുന്നില്‍
സ്വന്തം മകനെ കൊന്നുകളയാനായിരുന്നെങ്കില്‍ എന്ന് ചിന്തിച്ചുപോകുന്ന പിതാവിന് അതിനു
കഴിയാത്തവിധം രക്തബന്ധം അയാളെ ദുര്‍ബ്ബലനാക്കുന്നത് നോവലില്‍ ഒരു പ്രധാന പ്രമേയമായ
പിതാക്കളും മക്കളുമെന്ന ജന്മാന്തര ബന്ധുതയുടെ നിദര്‍ശനമാണ്: ദോക്കയും ഹവായും
തമ്മിലും, പിന്നീട് അഖ്മദും ഹവായും തമ്മിലും, ഒരു വേള ഹവായും സോന്യയും തമ്മില്‍ തന്നെയും, ഇതേ
സ്നേഹപാശത്തിന്റെ ഇഴയടുപ്പം കാണാം. ദോക്കയെ പോലെ കുടുംബത്തിന്റെ ജീവിതം പോലും
അപകടപ്പെടുത്തിയും അഭയാര്‍ഥികള്‍ക്ക് ചേക്കയിടം നല്‍കുന്ന നിസ്വനായ മനുഷ്യരുടെ
ത്യാഗങ്ങളുടെ തുടര്‍ച്ച തന്നെയാണ് എല്ലാവരും ഉപേക്ഷിച്ചുപോയിട്ടും, ആശുപത്രിയെന്ന വിദൂരസ്മൃതിയും പേറി തന്നെത്തേടിയെത്തുന്ന മുറിവേറ്റവരെയും
മൃതപ്രായരെയും കാത്ത് അവിടെത്തന്നെ നില്‍ക്കാന്‍ റഷ്യക്കാരിയെന്ന സുരക്ഷിത വഴി
ലഭ്യമായിരിക്കെ തന്നെ സോന്യയെ പ്രേരിപ്പിക്കുന്നത്. വിരുദ്ധ ചേരികളുടെ വംശീയ മേല്‍വിലാസങ്ങള്‍
ഉള്ളവരാണ് തങ്ങള്‍ ഇരുവരും എന്നത് അഖ്മദിനോ സോന്യക്കോ ഇടയില്‍ ഒരിക്കലും ഒരു
വിഷയമാകുന്നില്ല. സംഘര്‍ഷ ഭൂമികളില്‍ കഴിയാന്‍ വിധിക്കപ്പെട്ട ലോകത്തെവിടെയുമുള്ള
മനുഷ്യരുടെ ചിഹ്നങ്ങള്‍ തന്നെയാണ് ഈ കഥാപാത്രങ്ങളിലും നമുക്ക് കണ്ടെടുക്കാനാവുക:
അവര്‍ക്ക് വേണ്ടത് പാരസ്പര്യമാണ്. പഴയ മുറിവുകളില്‍ എരിവു പുരട്ടി വീറും
വൈരാഗ്യവും പൊലിപ്പിച്ചു നിര്‍ത്താന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. അവര്‍ക്ക്
പൊറുക്കാനാവും, പക്ഷെ മറക്കാനാവില്ല.
(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 212-218)
read more:
The
World and All That It Holds by Aleksandar Hemon
https://alittlesomethings.blogspot.com/2024/08/the-world-and-all-that-it-holds-by.html
At
Night All Blood is Black by David Diop
https://alittlesomethings.blogspot.com/2024/08/at-night-all-blood-is-black-by-david.html
The
Kindness of Enemies by Leila Aboulela
Exit West by Mohsin Hamid
https://alittlesomethings.blogspot.com/2017/10/blog-post_24.html
No comments:
Post a Comment