Featured Post

Sunday, August 25, 2024

The Anatomy of Hate by Laul Revati

പൗരത്വംകൊണ്ടു മുറിവേറ്റവര്‍

(ഗുജറാത്ത് വംശഹത്യയിലെ കൊലയാളി സംഘങ്ങളില്‍ സജീവമായിരുന്ന വ്യക്തികളുടെ മാനസിക വ്യാപാരങ്ങളെ കുറിച്ചുള്ള അന്വേഷണമാണ് രേവതി ലോല്‍ എഴുതിയ The Ananatomy of Hate.)

വംശഹത്യാനന്തര സാഹിതീയ, സാമൂഹികാന്വേഷണങ്ങള്‍ ഒട്ടുമിക്കപ്പോഴും ഇരകളുടെയും ഫാസിസ്റ്റ് വിരുദ്ധ വിമര്‍ശകരുടെയും ആഖ്യാനങ്ങളായി ഭവിക്കുന്നത് നിസ്സഹായതയോട് രോഷപൂര്‍വ്വം ഐക്യപ്പെടാനുള്ള സ്വാഭാവിക മാനുഷിക ചോദനയുടെ നിദര്‍ശനമാകാം. എന്നാല്‍ ഒരു മുന്നറിയിപ്പു കഥയോ ഓര്‍മ്മപ്പെടുത്തലോ ആയി അത്തരം ആഖ്യാനങ്ങള്‍ക്ക് ചരിത്ര ദൌത്യം നിറവേറ്റാനാകുക ഒരു വേള, കൊലയാളികളുടെ മനസ്സുകള്‍ അനാവരണം ചെയ്യുമ്പോഴും അവരെങ്ങനെ അത്തരക്കാരായി എന്നു വിശദീകരിക്കാന്‍ കഴിയുമ്പോഴും ആയിരിക്കും. ഈ അര്‍ത്ഥത്തില്‍ ഏറെ പ്രസക്തമാണ് രേവതി ലോല്‍ എഴുതിയ ‘വെറുപ്പിന്റെ ഘടനാശാസ്ത്രം എന്ന പുതിയ പുസ്തകം. ഗുജറാത്ത് വംശഹത്യയില്‍ അതി നീചമായ മാനുഷിക വിരുദ്ധതകളില്‍ ആറാടിയ മൂന്നു വ്യക്തികളുടെ കഥകളിലൂടെ വെറുപ്പിന്റെ തത്വശാസ്ത്രം മനുഷ്യനെ എന്താക്കി മാറ്റുന്നു എന്ന അന്വേഷണമാണ് എഴുത്തുകാരി നടത്തുന്നത്.

ജാതിയും മതവും ലിംഗപദവിയും പരിഷ്കൃതസമൂഹത്തിനു ചേരാത്ത  പൈശാചങ്ങള്‍ തുടലഴിക്കപ്പെടുന്നതിനുള്ള വിവേചക ഘടകങ്ങളായി പ്രവര്‍ത്തിക്കുന്ന രീതി ഇന്ത്യന്‍ ചരിത്രത്തിന്റെ ചിരകാല പ്രകൃതമാണ്. ദളിതനും മുസ്ലിമും സ്ത്രീയും ആദിവാസിയും ഇരസ്ഥാനീയരായ ഈ കുറ്റകൃത്യങ്ങള്‍ അതില്‍ മുഴുകുന്നവരെ മുഖമില്ലാത്ത ആള്‍ക്കൂട്ടമാക്കി മാറ്റുമ്പോള്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ അതിനു ദാര്‍ശനിക കാര്‍മ്മികത്വം നല്‍കുന്നത് സഹസ്രാബ്ധങ്ങളുടെ പാരമ്പര്യ വിശേഷം പറയുന്ന സാംസ്കാരിക പൈതൃകമെന്നു പ്രച്ഛന്നപ്പെടുന്ന സവര്‍ണ്ണ രാഷ്ട്രീയമാണ് എന്നിടത്താണ് അതിന്റെ യഥാര്‍ത്ഥ ഭീകരത. നിസ്സഹായരായ ഇരകള്‍ക്കുമേല്‍ നൈമിഷികമായി സ്ഥാപിച്ചെടുക്കുന്ന വേട്ടക്കാരന്റെ ഔദ്ധത്തില്‍ പരമ്പരാഗതമായി തങ്ങളുടെ ജീനുകളില്‍ അലിഞ്ഞു ചേര്‍ന്ന സവര്‍ണ്ണ വിധേയത്വവും ജാതിയപകര്‍ഷവും ഒരു ഞൊടി മറികടക്കാനുള്ള അവസരമാണ് വെറും ചട്ടുകങ്ങള്‍ ആയി ഉപയോഗിക്കപ്പെടുന്ന ആള്‍ക്കൂട്ടത്തിന്റെ തുണ്ടുകള്‍ക്ക് ലഭിക്കുന്നത്. അതവരെ ലഹരിപിടിപ്പിക്കുന്ന അധികാരപ്രയോഗമായി മാറുന്നതാണ് ഗര്‍ഭിണിയുടെ വയര്‍ കുത്തിത്തുറക്കാനും ഭ്രൂണത്തെ ശൂലത്തില്‍ തറക്കാനും കഴിയും വിധം അവരെ അധമരാക്കുന്നത്; ഒപ്പം ‘യുദ്ധമുതല്‍ പങ്കുവെക്കാന്‍ കിട്ടുന്ന ഗോത്ര ലാഭവും. എന്നാല്‍, ഈ ആള്‍ക്കൂട്ട ഖണ്ഡങ്ങളെ ഒറ്റക്കൊറ്റക്കെടുത്താല്‍ അവരും മനുഷ്യരാണെന്നും സ്വജീവിതത്തില്‍ സ്വപ്നങ്ങളും മോഹഭംഗങ്ങളും പ്രണയങ്ങളും നൈരാശ്യങ്ങളും അടയാളപ്പെടുത്തുന്ന വ്യക്തികള്‍ തന്നെയാണെന്നും കണ്ടെത്താനാകും.

2002ലെ ഗുജറാത്ത് കലാപത്തിനു ശേഷം പതിനാലു വര്‍ഷമെടുത്തു നൂറോളം പുരുഷന്മാരെ (പുരുഷന്മാര്‍ എന്നത് സുപ്രധാനം തന്നെയാണ്) അഭിമുഖം നടത്തിയും പലരെയും ദീര്‍ഘകാലം പിന്തുടര്‍ന്നും തങ്ങളുടെ കഥയും പാപങ്ങളും ഏറ്റുപറയാന്‍ തയ്യാറുള്ളവരെ മുഖ്യമായും ആശ്രയിച്ചും തയ്യാറാക്കിയ പുസ്തകം, ഒടുവില്‍, മൂന്നു പേരുടെ കഥയിലാണ് ഫോക്കസ് ചെയ്യുന്നത്. കലാപ നാളുകളില്‍ കൂട്ടുകാരോടൊപ്പം ഹോസ്റ്റലില്‍ നിന്നിറങ്ങി മുസ്ലിം കടകള്‍ കൊള്ളയടിക്കുകയും വിലകൂടിയ ഷൂസ്, വസ്ത്രങ്ങള്‍ തുടങ്ങിയവ ശേഖരിക്കുകയും ചെയ്യുന്ന പ്രണവ് എന്ന കോളേജ് വിദ്യാര്‍ഥി, തന്റെ പ്രവൃത്തിയില്‍ യാതൊരു വിധ കുറ്റബോധമോ നൈതിക ചിന്തയോ കൂടാതെ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം അനുഭവിക്കുന്നത് വിചിത്രമായി തോന്നാം. ഉന്നത ജാതിയില്‍ പെട്ട പ്രണവിനു ദാരിദ്ര്യത്തിന്റെയോ ആവശ്യത്തിന്റെയോ പ്രശ്നമൊന്നുമില്ല. ഉള്ളത് തീര്‍ത്തും അപരവല്‍ക്കരിക്കപ്പെട്ട ഒരു വിഭാഗത്തെ വീട്ടുകാരോട് റിബല്‍ ചെയ്തു കഴിയുന്ന തന്റെ സാഹസങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനുള്ള അവസരം മാത്രം. വീട്ടുകാരോടുള്ള എതിര്‍പ്പിന്റെ ഭാഗമായിത്തന്നെ കലാപ ബാധിതരെ സഹായിക്കുന്ന ഒരു എന്‍.ജി.ഓ.  യുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുന്നതാണ് അയാളുടെ നിലപാടുകളില്‍ വഴിത്തിരിവാകുക. അന്താരാഷ്‌ട്ര സഹായങ്ങള്‍പോലും അധികാര കേന്ദ്രങ്ങളുടെ ഇടപെടലുകള്‍ക്ക് വിധേയമായിരുന്നു എന്നും ഇരകള്‍ക്കിടയില്‍ പോലും വിവേചന പൂര്‍വ്വമായാണ് അവ എത്തിയതെന്നും അയാള്‍ കണ്ടു. താന്‍ അതുവരെ മനസ്സിലാക്കി വെച്ചിരുന്ന ജാതി, വര്‍ഗ്ഗധാരണകളുടെ അബദ്ധങ്ങള്‍ കണ്‍മുന്നില്‍ തെളിഞ്ഞുവന്നത് അയാളുടെ മനോനിലയെ തന്നെ ഉലക്കുന്നുണ്ട്‌. എന്നാല്‍ ഇന്നയാള്‍ തീര്‍ത്തും പരിണമിച്ച ഒരു മനുഷ്യനാണ്. ജനിക്കുന്ന ജാതിയോ മതമോ ആരുടേയും തെരഞ്ഞെടുപ്പിനനുസരിച്ചല്ല എന്നിരിക്കെ, നമുക്ക് ലഭ്യമല്ലാത്ത തെരഞ്ഞെടുപ്പുകളെ അടിസ്ഥാനപ്പെടുത്തിയുള്ള സംഘര്‍ഷങ്ങള്‍ അസംബന്ധമാണെന്ന് അയാള്‍ എല്ലാവരോടും പറഞ്ഞുകൊണ്ടിരിക്കുന്നു.

ഭീല്‍ ഗോത്രത്തില്‍ പെട്ട ആദിവാസിയായ ദുംഗാറിനെ വിശ്വഹിന്ദു പരിഷത്തില്‍ എത്തിക്കുന്നത് അതയാള്‍ക്ക് നല്‍കാനിടയുള്ള അധികാരവും അന്തസ്സുമെന്ന സങ്കല്‍പ്പമാണ്. ആദിവാസികള്‍ക്കിടയിലെ മദ്യവര്‍ജ്ജനം പോലുള്ള മുദ്രാവാക്യങ്ങള്‍ പരിഷത്തിന് നല്‍കിയ വിശ്വാസ്യതയും അയാളെ സ്വാധീനിച്ചു. രാമായണം സീരിയലിലൂടെ വര്‍ഗ്ഗീയതയില്‍ വയസ്സറിയിച്ച ദുംഗാര്‍, ‘നിങ്ങള്‍ക്ക് ഒരു ദിവസം മാത്രം. മുസ്ലിംകളെ ചുട്ടുകൊല്ലുക എന്ന ആഹ്വാനം അയല്‍വാസികളായ പതിമൂന്നു കൊടുംബങ്ങളുടെ വീടുകള്‍ തീവെച്ചും അവരെ ഗ്രാമത്തില്‍ നിന്ന് തുരത്തിയും കൃത്യതയോടെ അനുസരിച്ചു. ഒരര്‍ത്ഥത്തില്‍ തങ്ങളുടെ ജനതയെ തോല്‍പ്പിച്ച സമൂഹത്തെ അതിന്റെ തന്നെ ആയുധങ്ങളിലൂടെ നേരിടുകയെന്ന വര്‍ഗ്ഗയുക്തി കുയുക്തിയായിത്തീരുന്നതിന്റെ ഉദാഹരണമാണ് ദുംഗാര്‍. ദളിത്‌ റിക്രൂട്ടുകളെ കൊല്ലിനും കൊലക്കും ഉപകരണമാക്കുകയെന്ന ഹിന്ദുത്വ തന്ത്രത്തിനു അച്ചെട്ടായിരുന്നു അയാള്‍. തീവെപ്പില്‍ ശ്രദ്ധ കേന്ദ്രീകരിച്ച അയാളുടെ കണക്കില്‍ കൊലകള്‍ ഇല്ലെന്ന വസ്തുത പുസ്തകം എടുത്തുപറയുന്നുണ്ട്. കലാപാനന്തരം ഒരൊന്നാന്തരം രാഷ്ട്രീയ തന്ത്രശാലിയായിത്തീര്‍ന്ന ദുംഗാര്‍, താന്‍ തന്നെ നശിപ്പിച്ച വീടുകളുടെ പുനര്‍ നിര്‍മ്മാണം ഏറ്റെടുക്കുകയും കൂടുതല്‍ മികച്ച മേച്ചില്‍പ്പുറം കോണ്‍ഗ്രസ് ആണെന്ന തിരിച്ചറിവില്‍ പാര്‍ട്ടി മാറുകയും ചെയ്യുന്നുണ്ട്.

വംശഹത്യയിലെ ഏറ്റവും ഭീകര മുഖമായിരുന്ന അഹ്മദാബാദിലെ നരോദാപാട്യക്കടുത്തു ചാരാനഗറില്‍ നിന്നുള്ള സുരേഷ് ലാങ്ങ്ദോ, താന്‍ ബലാല്‍ക്കാരം ചെയ്തു ചതച്ചു കൊന്ന മുസ്ലിം സ്ത്രീകളെ കുറിച്ച് താന്‍പോരിമയോടെ വീമ്പിളക്കുമ്പോഴും ഫര്‍സാനയെന്ന തന്റെ മുസ്ലിം ഭാര്യയോടു പ്രണയത്തിലായിരുന്നു. അയാളാണ് ആ കുപ്രസിദ്ധമായ ഭ്രൂണഹത്യ അരങ്ങേറുക. തസ്കര ഗോത്ര പാരമ്പര്യത്തില്‍ ജനിച്ച ലാങ്ങ്ദോ തങ്ങളുടെ സമൂഹത്തെ ഭ്രഷ്ടരാക്കിയ വ്യവസ്ഥിതിയോട് കലഹിക്കുക കൂടിയായിരുന്നു. കുടുംബ കലഹം പതിവായ അന്തരീക്ഷത്തില്‍, തന്നെ ഒരിക്കലും അംഗീകരിച്ചിട്ടില്ലാത്ത പിതാവിന്റെ അവഗണന അനുഭവിച്ചു വളര്‍ന്ന യുവാവ് ഉള്ളിലെ കുറ്റവാളി ജീനുകളെ അതിവേഗം കണ്ടെടുക്കുകയായിരുന്നിരിക്കണം. ജുഗുപ്സാവഹമായ ക്രൂരതയോടെ ബലാല്‍ക്കാരവും കൊലയും നടത്തിയതിനു ശേഷം നാറുന്ന വസ്ത്രങ്ങളുമായി തിരികെയെത്തുകയും ഒന്നു കഴുകിക്കളയുക പോലും ചെയ്യാതെ ഫര്‍സാനയെ പ്രാപിക്കുകയും ചെയ്യുന്ന അയാള്‍ മനുഷ്യനെന്ന നിലയിലുള്ള പതനത്തിന്റെ ആഴമളക്കുകയാണ്. സഹോദരി മുസ്ലിം യുവാവിനെ വിവാഹം ചെയ്തതിനുള്ള പ്രതികാരമായാണ് പ്രായം തികഞ്ഞിട്ടില്ലാത്ത ഫര്‍സാനയെ അയാള്‍ വന്‍കോളിളക്കം സൃഷ്ടിച്ചു വിവാഹം ചെയ്തതും. എന്നാല്‍ പ്രണയത്തിന്റെ നിമിഷങ്ങള്‍ സ്വയം നിയന്ത്രിക്കാനാവാത്ത വിധം അയാളില്‍ ഇടയ്ക്കിടെ പ്രവര്‍ത്തിക്കുന്നത് മാനുഷികതയുടെ വൈചിത്ര്യമാണ്. അയാള്‍ നടത്തുന്ന ഏറ്റുപറച്ചിലാണ്, ഒടുവില്‍, മായ കോട്നാനി വരെ നീളുന്ന വെളിപ്പെടുത്തലിലെത്തുക; അതൊന്നും എങ്ങുമെത്തിയില്ലെന്നത് വേറെ വസ്തുതയാണെങ്കിലും.

മാതാവിന്റെ ഉടലിലേക്ക് അവരുടുത്ത പോളിയെസ്റ്റര്‍ സാരിയില്‍ ഉരുകിയുറഞ്ഞു പോയ അഫ്രീന്‍ ബാനുവിന്റെയും ഷഹീന്‍ ബാനുവിന്റെയും മൃതദേഹങ്ങള്‍ പോലെ, ശൂലത്തില്‍ തറക്കപ്പെട്ട ഭ്രൂണം പോലെ, ഉപേക്ഷിക്കപ്പെട്ട സൈക്കിള്‍ ചക്രത്തില്‍ കോര്‍ത്തുവെക്കപ്പെട്ട ഉടലില്ലാത്ത ശിരസ്സുപോലെ വംശഹത്യയുടെ സ്ഥൂലചിത്രങ്ങള്‍ നല്‍കുന്ന പാഠങ്ങള്‍ക്കപ്പുറം സൂക്ഷ്മമായ മാനവിതയുടെ അപചയ ചിത്രങ്ങളാണ് പ്രശസ്തയായ ടിവി, മാധ്യമ ജേണലിസ്റ്റായ എഴുത്തുകാരി ഒട്ടേറെ ഭീഷണികള്‍ക്ക് നടുവില്‍, പേരുകള്‍ സാങ്കല്‍പ്പികമെങ്കിലും, വസ്തുതകളില്‍ മായം ചേര്‍ക്കാതെ  ആഖ്യാനം ചെയ്തു വെക്കുന്നത്.

read more:

The Gypsy Goddess by Meena Kandasamy

https://alittlesomethings.blogspot.com/2024/08/the-gypsy-goddess-by-meena-kandasamy.html

A Burning by Megha Majumdar

https://alittlesomethings.blogspot.com/2024/08/a-burning-by-megha-majumdar.html

Traitor / Ghaddaar by Krishan Chander

https://alittlesomethings.blogspot.com/2024/07/traitor-ghaddaar-by-krishan-chander.html

Bitter Wormwood by Easterine Kire

https://alittlesomethings.blogspot.com/2024/08/bitter-wormwood-by-easterine-kire.html

Militant Buddhism: The Rise of Religious Violence in Sri Lanka, Myanmar and Thailand by Peter Lehr

https://alittlesomethings.blogspot.com/2024/08/militant-buddhism-rise-of-religious.html

No comments:

Post a Comment